Monday, December 27, 2010

വെറുതെ വീണു കിളിര്‍ത്തവ(ഈ ആഴ്ചത്തെ ദേശാഭിമാനി വാരികയില്‍പ്രസിദ്ധീകരിച്ചത്)

എപ്പോഴൊക്കയോ വീണു തൂവികിടന്ന കുറെ വിത്തുകള്‍...
 കളിപ്രായത്തില്‍ പറമ്പില്‍ കിടക്കുന്നഅണ്ണാന്‍ പാതിയും കാക്കപാതിയും ഒന്നും മാവിന്‍റ ചുവട്ടില്‍ നിന്നും മാറ്റാന്‍ അമ്മ സമ്മതിയ്ക്കില്ല. അതവിടെ കിടന്നോട്ടെ. എപ്പോഴെങ്കിലും കിളിര്‍ത്താല്‍..നല്ല ചക്കരിച്ചി മാവായിവരും...

 ....തൂവികിടന്ന കുറെ വിത്തുകള്‍...നനവുതട്ടിയപ്പോള്‍.. ഓരോന്നോരോന്നായി കിളിര്‍ത്തു തുടങ്ങി..
 അതവിടെ നിന്നു. പതുക്കെ  പതുക്കെ ഇലകള്‍ വന്നു..ആരും ശ്രദ്ധ കൊടുത്തില്ല..എന്തിന്..
കാട്ടുചെടികളുടെ ഇടയില്‍.. ആരും കാണുന്നു പോലുമില്ല..നിറയെ കൊടിത്തൂവ ചെടികള്‍..ചുറ്റിപ്പിണഞ്ഞു കിടന്നു..ആരും നോക്കാന്‍ പോലും ധൈര്യപ്പെട്ടില്ല..അവിടേയ്ക്ക്..അങ്ങോട്ടടുത്താല്‍ പിന്നെ കൊടിത്തൂവയുടെ ഇലയില്‍ തട്ടും. പിന്നെയാചൊറിച്ചില്‍ ദിവസങ്ങളോളം നീണ്ടു നില്‍ക്കും... പതുക്കെ പതുക്കെ വളര്‍ന്നു തുടങ്ങി..ഒരു ശിശിരത്തില്‍  കാര്‍ത്തികമാസത്തില്‍ ഒരു      ദിവസം പൂവിട്ടു..ദൂരെ നിന്നവര്‍ പോലും കണ്ടു..

 അതാ ആ കാട്ടുചെടികള്‍ക്കിടയില്‍  ഒരു പുതിയ ചെടി പൂവിട്ടു നില്‍ക്കുന്നു.ഇതുവരെ ഇങ്ങനൊരെണ്ണം ആരും കണ്ടിട്ടില്ല, ഇതിനു മുമ്പ്.. മനോഹരമായ പൂക്കള്‍.എല്ലാവരും ദൂരെ നിന്നാസ്വദിച്ചു.
ഒരു തേനീച്ച  എവിടെ നിന്നോ പറന്നു വന്നു.പൂവിന്‍റടുത്തിരുന്നു.പതുക്കെ തേന്‍നുകരാനാഞ്ഞു.
പെട്ടെന്നു തന്നെ തലയൊന്നു കുടഞ്ഞു. പറന്നകന്നു.അല്പം കഴിഞ്ഞു. അതാ ഒരുപറ്റം കൂട്ടുകാരുമായി വീണ്ടും വന്നു.
 എല്ലാവരും പൂക്കുലയ്ക്കു ചുറ്റം വന്ന് നൃത്തം വെച്ചു.ആരും തേന്‍ കുടിയ്ക്കുവാന്‍ മുതിര്‍ന്നില്ല.അല്പം കഴിഞ്ഞു എല്ലാവരും പറന്നകന്നു.
 ദിവസങ്ങള്‍ കടന്നുപോയി പൂവു കൊഴിഞ്ഞു.ചെറിയ കായ്കള്‍ പ്രത്യക്ഷപ്പെട്ടു.അവിടവിടെയായി ,
 കാണാന്‍ നല്ല ചന്തമുള്ള കായ്കള്‍.മരത്തില്‍ തത്തിക്കളിച്ചു വരുകയായിരുന്നു അണ്ണാറക്കണ്ണന്‍.അവനപ്പോളാണ് അതുകണ്ടത്.അവനോര്‍ത്തു.ഇപ്പോഴെ ഇത്രചന്തം. പാകമാകുമ്പോള്‍ എന്തായിരിയ്ക്കും ഒരു ശേല്.തിന്നുമ്പോള്‍ അതിലുംരസമായിരിയ്ക്കും.അവന്‍ മനസ്സില്‍ കണക്കുകൂട്ടി.ഇങ്ങനെ ഇതുവരെഒരു ഫലം കണ്ടിട്ടേയില്ല. ഒരു ചെടിയിലും.
 ദിവസങ്ങള്‍ കടന്നു പോയി. പഴങ്ങള്‍ ഏകദേശം പാകമാകാറായി.അണ്ണാറക്കണ്ണന്‍റ ഒരു കണ്ണ്
എന്നും അതിലുണ്ട്.
ആ പച്ചപ്പനം തത്ത അറിയാതെ വന്നിരുന്നതാണ് അതിന്‍റ കൊമ്പില്‍.കാവലു പോലെ നിന്ന അണ്ണാറക്കണ്ണന്‍ ഓടി അവളുടെ അടുത്തു ചെന്നു.
ചോദിച്ചു..
എന്ത് എന്താണിവിടെ കാര്യം?”
 “നിനക്കോ
ഞാന്‍ എന്നു തൊട്ടേ കാവലാണ്. ഞാനാണാദ്യം കണ്ടത്.ഇതെന്‍റ  സ്വന്തം.
ആദ്യം കണ്ടതുകൊണ്ട് സ്വന്തമാകുമോ...ങാഹാ     നീയിതു മുഴുവനും ഭക്ഷിയ്ക്കുമോ?”
ഇല്ല ഓരോ ദിവസവും ഓരോന്ന്.”
ഞങ്ങള്‍ പറവകള്‍.ഞങ്ങളുടെ പാരമ്പര്യ സ്വത്ത് ഈ പഴങ്ങള്‍.ഇതുഞങ്ങള്‍ക്കും സ്വന്തം.
 വീണ്ടും ദിവസങ്ങള്‍ കടന്നുപോയി. അണ്ണാറക്കണ്ണനോര്‍ത്തു.ഇനി അധികം ദിവസം കാത്തിരിയ്ക്കേണ്ട.ഏറിയാല്‍ രണ്ടോ മൂന്നോ ദിവസം.പിന്നെ തിന്നു തുടങ്ങാം.

 നല്ല നിലാവുള്ള ഒരു രാത്രി.അതാ, ഒരു ചിറകടിയൊച്ച.അണ്ണാന്‍ നാലുപാടും നോക്കി.അവന്‍ തന്നെ. ആ കടവാതില്‍‍.അണ്ണാന്‍ പിറുപിറുത്തു.ഇവനും ഇവിടെ...
 “അതെ, ഞാനും ഇതിന്‍റ  അവകാശിയാണ്.ഞങ്ങള്‍ക്കും പറഞ്ഞിരിയ്ക്കുന്നത് പ്രകൃതിയിലെ
പഴവര്‍ഗ്ഗങ്ങള്‍ തിന്നു ജീവിയ്ക്കാനാണ്.
പക്ഷേ, ഞാനാണാദ്യം കണ്ടത്.അതുകൊണ്ടിതെന്‍റെ സ്വന്തം.അണ്ണാറക്കണ്ണന്‍ ബാലിശമായ
വാദഗതികള്‍ പറഞ്ഞ് അവകാശം സ്ഥാപിച്ചെടുക്കാന്‍ വീണ്ടും ഒരു  ശ്രമം ...
നീ വിഢിത്തം പറയരുത്.ആദ്യം കണ്ടതുകൊണ്ട് ഒന്നും ആരുടെയും സ്വന്ത മാകില്ല.
     ദിവസങ്ങള്‍ കഴിഞ്ഞു.
 ഒരു കുല അതാ പഴുത്തു പാകമായി.അണ്ണാറക്കണ്ണന്‍ പതുക്കെ ആരും കാണാതെ തത്തി തത്തി
പഴത്തിന്‍റടുത്ത് ചെന്നിരുന്നു.ആരെങ്കിലും കാണുന്നുണ്ടോന്ന്   ചുറ്റിനും നോക്കി.                ഒന്നുകൂടി ഉറപ്പു വരുത്തി.ഇല്ല ആരും ഇല്ല.ധൈര്യമായി.
 ഹാ, എത്ര സുന്ദരമായ പഴങ്ങള്‍.മനസ്സില്‍ പറഞ്ഞു,ചുവന്നുതുടുത്ത് രക്തവര്‍ണ്ണം.
 പതുക്കെ വളരെപതുക്കെ ഒന്നു കടിച്ചു.
   “…..ങേ……”
വന്നതുപോലെ പിന്നോട്ടു പോയി.
തത്തി തത്തി അടുത്ത മരക്കൊമ്പില്‍ പതുങ്ങി.തന്നെ ആരും കാണേണ്ട,മനസ്സില്‍ കരുതി.
അതാ , അവളെത്തി.പച്ചപ്പനംതത്ത.അവളും ഒളികണ്ണിട്ടു നോക്കി.
 ‘ആഹാ...പഴുത്തുതുടങ്ങി.അവളും ആത്മഗതം പറഞ്ഞു.
 ഇനി  ഉത്സവമാണ്.
ചുറ്റിനും പരതി.ആരെങ്കിലുമുണ്ടോ.
ഇല്ല. ആരുമില്ല.
ത ന്‍റെ ചുണ്ടു പോലെ ചുവന്നു തുടുത്ത പഴം.
പതുക്കെ ചുള്ളിക്കമ്പു പോലത്തെ കാലുകള്‍ നിരക്കി നിരക്കി അവള്‍ പഴത്തിന്‍റെടുത്തു ചെന്നു.
ചുറ്റും നോക്കി.ഒന്നുകൂടി ഉറപ്പു വരുത്തി.ഒന്നു കൊത്താം.ഒറ്റകൊത്തിനു പകുതിയകത്താക്കണം.ഉറച്ചു.
  ആഞ്ഞ് ഒറ്റകൊത്ത്.
ങേ,ഇങ്ങനെയോ,…..”
പറന്ന്      അടുത്ത മരത്തിലിരുന്ന്  പതുങ്ങി ഒളികണ്ണിട്ടു നോക്കിക്കൊണ്ടേയിരുന്നു.
സന്ധ്യ മയങ്ങി.ഇന്നിനി ഈ മരത്തില്‍ തങ്ങാം .അവള്‍ കണക്കു കൂട്ടി.
 അണ്ണാന്‍ രംഗനിരീക്ഷണം നടത്തിക്കൊണ്ടേയിരുന്നു.
 അതാ, ചിറകടിയൊച്ച.
അവനടുത്തു വന്നു.ചുറ്റിനും ഒന്നു പറന്നു.ആരുമില്ല.ഇല്ലെങ്കിലും ഇതെന്‍റെ യാമം.ആരിവിടെ വരാന്‍.അവനോര്‍ത്തു.
അതാ, പഴുത്തു ചുമന്നുകിടക്കുന്ന ഫലങ്ങള്‍.ഒറ്റ റാഞ്ച്, കാലുകളില്‍ ഒരെണ്ണം.അടുത്ത മക്കൊമ്പിലേയ്ക്ക്.ഒറ്റവായ്ക്കകത്താക്കണംവായിലോട്ട്
“  ങേ,..ഇങ്ങനെയോ…..?”
 ഞാനിവിടുണ്ടേ...
ഞാനും......
  പകലു രുചി    നോക്കിയവര്‍  രണ്ടുപേരും കടവാതിലിനടുത്തെത്തി.
മുഖത്തോടു മുഖം നോക്കി മൂവരും.ഒരുമിച്ചു പറഞ്ഞു.
എന്തായിത് , ഉപ്പുരസമുള്ള പഴമോ.ഇതാദ്യമായാണ് ഇങ്ങനെ...
 കൂട്ടത്തിലെ കാരണവര്‍      കടവാതില്‍
 ലോകം കണ്ടവന്‍ പ്രത്യയ ശാസ്ത്രമോതി.
“   അങ്ങിനെയും ഉണ്ട് കൂട്ടുകാരെ ചില ഫലങ്ങള്‍.വിത്തിനു നനവു കിട്ടിയത് കണ്ണുനീര്‍ തുള്ളിയില്‍
നിന്നായിരിയ്ക്കാം. അതില്‍ മുളച്ച ചെടിയായിരിയ്ക്കാം.ആ  ഫലങ്ങള്‍  ഉപ്പുള്ളതായിരിയ്ക്കും."
 അപ്പോഴാണ്ആതേനീച്ചയും   കൂടെ ചേര്‍ന്നത്.
അതെ പൂവിന്‍റെ തേനിനും ഉപ്പുരസമായിരുന്നു.


Sunday, December 19, 2010

നവവര്‍ഷപ്പുലരി


      
ഒരു നവ പുലരിക്കായ് കാത്തിരിയ്ക്കുന്നു
ഒരു നൂറു കൂട്ടലും കിഴിയ്ക്കലും പേറി .
ഒരു കൂട്ടം ചതിയുടെ ഛന്ദസ്സുകളോ?
ഒരു സുന്ദര സ്വച്ഛന്ദ നാളുകളോ?
ഇനിയുള്ള നാളുകളില്‍ കാത്തിരിപ്പൂ.
നമുക്കായ്
ഇനിയുള്ള നാളുകളില്‍ കാത്തിരുപ്പൂ.

ഇന്നലെ നീ തന്ന ദുഃഖങ്ങളേ വിട
ഇന്നലെക്കണ്ട പേസ്വപ്നങ്ങളേ വിട
ഇന്നലെ നീ തന്ന വഞ്ചനകള്‍ക്കും വിട
ഇന്നലെയെന്‍ മിഴിയില്‍പ്പെട്ട
നീല നിഴലുകള്‍ക്കും.. വിട

നാളത്തെപ്പുലരിയില്‍
നാംകാണും സ്വപ്നങ്ങള്‍
നാടാടെയുള്ളവ ആയിടട്ടെ.!
നാം കാണും കാഴ്ചകള്‍
നന്മ നിറഞ്ഞവയായിടട്ടെ
നാം കേള്‍ക്കും വാര്‍ത്തകള്‍
ഇമ്പം നിറഞ്ഞവയായിടട്ടെ!
  നമ്മുടെ ചിന്തകള്‍
  നാടിന്‍റെ നന്മയ്ക്കായ് ആയിടട്ടെ.
  നമ്മുടെ കര്‍മ്മങ്ങള്‍
   നാലാള്‍ക്കുനേട്ടം വരുത്തുമാറാ..കട്ടെ.
   നല്ലൊരു ഉദയത്തിനായ്, കാത്തിരിയ്ക്കാം. 
   നവ വര്‍ഷപ്പുലരിക്കായ് കാത്തിരിയ്ക്കാം.

Monday, December 6, 2010

ആവര്‍ത്തനത്തിന്‍റ മുഖങ്ങള്‍


                                                                          

       ഒബ്സര്‍ വേഷന്‍ ഹോമിന്റെ ഓഫീസ് മുറി.സിദ്ധാര്‍ത്ഥ് ആകെ ഒരു വിഹഗവീക്ഷണം നടത്തി.ഗേറ്റും പരിസരവും എല്ലാം പഴയതുപോലെ.ഒരുമാറ്റവുമില്ല. ആ വലിയകോട്ടുകോണം മാവ് തന്നെ നോക്കി ഒന്ന് പല്ലിളിച്ചോ?..ഒരു നിമിഷം...ഇവിടം തനിക്ക് ഒരു കറുത്ത അദ്ധ്യായം..
ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത..കുഴിച്ചു മൂടപ്പെട്ട ഭൂതകാലം..പല്ലിളിച്ചുകൊണ്ട്..തന്‍റ
ചുറ്റും വേതാളനൃത്തം ചവിട്ടുന്നു.

  നീണ്ട മുപ്പതുവര്‍ഷങ്ങള്‍‍‍..ഇവിടെ വീണ്ടും ഇങ്ങനെ വരുമെന്ന് ഒരിയ്കലും വിചാരിച്ചിരുന്നതല്ല. ആഗ്രഹിച്ചില്ല എന്നു പറയുന്നതാവും കൂടുതല്‍ ശരി. അഛനില്ലാത്ത തന്നെ  എത്ര സ്നേഹത്തോടെയാണ്   അമ്മ വളര്‍ത്തിയത്. ഒരു കുറവുമില്ലായിരുന്നു.   എന്നിട്ടും താനെങ്ങനയോ ആ വലയിലകപ്പെട്ടു.  എട്ടാം ക്ലാസ്സില്‍ പഠിയ്ക്കുമ്പോളാണ്. അന്ന് തനിയ്ക്ക് കഷ്ടിച്ചു 12 വയസ്സ്.അമ്മ പറയാറുണ്ടായിരുന്നു.ഒരുവയസ്സ് കൂട്ടിയാണു ചേര്‍ത്തതെന്ന്.പഠിയ്ക്കാന്‍ മിടുക്കനായിരുന്നുയെന്നും.

     ആ കൂട്ടുകെട്ടാണ് എല്ലാം കുഴപ്പത്തിലാക്കിയത്. തനിയ്ക്ക് അതൊരു തമാശപോലെയെ തോന്നിയിരുന്നുള്ളു.സണ്ണിയും സന്തോഷും എത്ര സ്നേഹത്തോടെയാണ് തന്നെ സമീപിച്ചത്.

  സ്ക്കൂളിനു വെളിയിലുള്ള  സ്റ്റേഷനറി കടയില്‍ നിന്നാണ്  ഹരി ശ്രീ കുറിച്ചത്.തന്നെ എത്ര നിര്‍ബന്ധിച്ചാണ്  കൂട്ടിക്കൊണ്ടു പോയത്. കടയില്‍ നിന്നും  കപ്പലണ്ടി വാങ്ങാമെന്നുപറഞ്ഞു. കടയില്‍ വില ചോദിക്കലായിരുന്നു തന്റെ ദൌത്യം. ആ സമയം കൊണ്ട്  പെന്‍സിലും പേനയും അടിച്ചുമാറ്റലായിരുന്നു കൂട്ടുകാര്‍.നല്ല തന്ത്രപൂര്‍വ്വം. പകുത്തു  വരുമ്പോള്‍ തനിയ്ക്കൊരു പേന അല്ലെങ്കില്‍ ഒരു പെന്‍സില്‍.ജോലിയ്ക്കനുസരിച്ചുള്ള കൂലി. സോഷ്യലിസം ആദ്യമായനുഭവിച്ച നാളുകള്‍‍.
      വീട്ടിലെത്തുമ്പോള്‍ അമ്മ അന്വേഷിയ്ക്കും.ഇതെവിടെ നിന്ന്.ഒരു ചെറിയ കള്ളത്തിലൊതുക്കും.
സണ്ണിയുടച്ഛന്‍  വന്നിട്ടുണ്ട്. അവനു കൊണ്ടു വന്നപ്പോളൊരെണ്ണം എനിയ്ക്കും തന്നു.  പാവം അമ്മ അതങ്ങു വിശ്വസിയ്ക്കും.     ഇനി വാങ്ങരുത്. കൂടെയൊരുപദേശവും... അര്‍ഹതപ്പെടാത്തതു വാങ്ങിയാല്‍ ആപത്താണ്. മോനു വേണ്ടതെല്ലാം അമ്മ വാങ്ങിത്തരും.

        വീണ്ടും അവരുടെ പരിപാടികള്‍ ആവര്‍ത്തിച്ചു.അല്പം കൂടി സ്റ്റാന്‍ഡേര്‍ഡ് കൂട്ടി.ചെല്ലാതിരുന്നാല്‍ ഭീഷണിപ്പെടുത്തും.വാദിപ്രതിയാകുമെന്നോര്‍ത്ത് കൂടെ ചെല്ലും. ഇപ്പോഴും സാങ്കേതിക വിദ്യ പഴയതു തന്നെ.തന്റെ  ജോലിയുള്‍പ്പടെ. ഇപ്പോള്‍ നോട്ടുബുക്കും കളിപ്പാട്ടങ്ങള്‍വരെ അടിച്ചുമാറ്റും. കടകള്‍ മാറി കളംമാറ്റിച്ചവിട്ടി. ചെറിയപങ്കു തനിയ്ക്കും.വേണ്ടയെന്നുപറയാന്‍ പറ്റില്ല. കഴിയുന്നതും അമ്മകാണാതെ ഒളിച്ചുവെയ്ക്കും.

              ആ നശിച്ചദിവസം ഇപ്പോഴും സിദ്ധാര്‍ത്ഥിന് ഓര്‍ക്കുമ്പോള്‍  മനസ്സില്‍ ഒരു വിങ്ങലാണ്.

അടുത്തടുത്ത കടകളില്‍ നിന്നുള്ള മോഷണം കടക്കാര്‍ ചര്‍ച്ച ചെയ്തു തുടങ്ങി. അവര്‍ തക്കം പാര്‍ത്തിരുന്നു.ഇതൊന്നുമറിയാതെ  മൂവര്‍ സംഘം വീണ്ടും അടുത്ത കടയിലേയ്ക്ക്...ഇത്തവണ സണ്ണിയും സന്തോഷും ലക്ഷ്യമിട്ടത് പണപ്പെട്ടിയായിരുന്നു.തന്‍റ ജോലി കടക്കാരനെ പണപ്പെട്ടിയുടെ അടുത്തു നിന്നും തെല്ലകലെ തൂക്കിയിരുന്ന  സ്ക്കൂള്‍ ബാഗിലേയ്ക്ക് അയാളുടെ ശ്രദ്ധ
തിരിയ്ക്കുകയായിരുന്നു. അതില്‍ താന്‍ നൂറുശതമാനവും വിജയിച്ചെന്ന്  ആ, പത്തിന്‍റ കെട്ട് സുഹൃത്തുകളുടെ  കയ്യില്‍ ആയപ്പോള്‍ മനസ്സിലായി.

   അതുപോക്കറ്റിലിട്ടുകൊണ്ട് മൂവര്‍ സംഘം അടുത്തകുറ്റിക്കാട്ടിലേയ്ക്ക് നീങ്ങി. ഇത്തവണ പൈസ ആയതിനാല്‍  ഭയം ഏറെ ഉണ്ടായിരുന്നു. എങ്ങിനെ ചിലവാക്കും. ആകുന്നത് രക്ഷപ്പെടാന്‍ നോക്കി. നടന്നില്ല.പഴയഭീഷണി. എണ്ണുന്നതിനിടയിലാണ്  പോലീസ് പൊക്കിയത്.
പിന്നെ ജുവൈനല്‍ കോര്‍ട്ട്,ഒബ്സര്‍ വേഷന്‍ ഹോം.

ജുവൈനല്‍ കോര്‍ട്ടിന്റെ വെളിയില്‍ നിന്ന അമ്മ ,ഒബ്സര്‍ വേഷന്‍ ഹോമിലേയ്ക്കു  യാത്ര യാക്കിയത്, ആ കണ്ണില്‍ നിന്നും അടര്‍ന്നുവീണ കണ്ണുനീര്‍തുള്ളിയില്‍ നിന്നും വമിച്ച ചൂട് ഇന്നും ഹൃദയത്തെ  ചുട്ടു പൊള്ളിച്ചുകൊണ്ടിരിയ്ക്കുന്നു.

നിസ്സഹായയായി ഒബ്സര്‍വേഷന്‍ ഹോമിലെ വിസിറ്റേഷ്സ് ഹാളില്‍ ഒന്നും മിണ്ടാതെ നില്‍ക്കുന്ന അമ്മ. കുറ്റബോധത്താല്‍ തലയും കുമ്പിട്ടു നില്‍ക്കുന്ന പന്ത്രണ്ടു കാരന് ആ മൌനത്തിന്‍റ അര്‍ത്ഥം  മനസ്സിലാക്കി യെടുക്കാന്‍ ഒരുപാടുമില്ലായിരുന്നു.

നീണ്ട പതിനൊന്നു മാസങ്ങള്‍‍.എന്തെല്ലാം അനുഭവങ്ങള്‍‍.തന്നെപ്പോലെ എത്ര നിരപരാധിക‍ള്‍.വെറുതെ കൌതുകത്തിനു ചെയ്യുന്ന സമ്പന്നരുടെ മക്കള്‍  തൊട്ട്.
വഴിയോരത്തെ അനാഥ കുട്ടികള്‍ വരെ.മോഷണം പിടിച്ചുപറി തൊട്ട് കത്തിക്കുത്തുവരെ.
എത്ര പേരെ പരിചയപ്പെട്ടു.

സണ്ണിയ്ക്കും സന്തോഷിനും ഒരു കൂസലുമില്ല.താന്‍ എന്നും ഒറ്റപ്പെട്ടു നടക്കാന്‍ ആഗ്രഹിച്ചു.
ഇടയ്ക്കിടയ്ക്ക് വാര്‍ഡന്‍ വലിയ ചൂരലുമായി കടന്നു വരും. രണ്ടു പെട പെടച്ചിട്ടു ചോദിയ്ക്കും മോഷണത്തിലെത്ര ഡിഗ്രിയെടുത്തെന്ന്.തന്റെ നിരപരാധിത്വം ആരറിയാന്‍ .താന്‍ നിരപരാധിയായിരുന്നോ.താന്‍ പെട്ടുപോയതാണെന്ന് ഒരുദിവസം അമ്മയോടു തുറന്നു പറഞ്ഞു.
              ഒരു കുമ്പസാരത്തിനേക്കാള്‍ പവിത്രത അതിലനുഭവപ്പെട്ടു.

    അമ്മയുടെ സാന്ത്വന വചനങ്ങള്‍ക്ക് ഒരു കുമ്പസാരക്കൂട്ടിനേക്കാള്‍ സുരക്ഷിതത്വം അനുഭവപ്പെട്ടു.

ഇടയ്ക്കുവെച്ച്  സണ്ണിയും സന്തോഷും   ഒബ്സര്‍ വേഷന്‍ ഹോമിന്‍റ  മതിലു ചാടി രക്ഷപ്പടുവാന്‍ നോക്കി. വീണ്ടും പിടിച്ചുകൊണ്ടു വന്ന അവര്‍ക്കു കൊടുത്ത ശിക്ഷ   മറ്റുള്ളവര്‍ക്കു കൂടി പാഠമാകത്തക്കതായിരുന്നു.

ജുവൈനല്‍ കോടതിയുടെ തീരുമാനപ്രകാരമാണ് ഒരുമാസം മുമ്പേ ,തന്നെ മോചിതനാക്കിയത്.
തന്നെ കൂട്ടികൊണ്ടുപോകാന്‍ നേരത്തെ തന്നെ ഒബ്സര്‍ വേഷന്‍ ഹോമിലെത്തിയ അമ്മ.
  വെളിയിലിറങ്ങി അവസാനമായി അകത്തേ   അന്തേവാസികളെ     ഒന്നുകൂടി നോക്കി. സണ്ണിയും സന്തോഷും വെളിയില്‍ വരുമ്പോള്‍ കാണാമെന്നു പറഞ്ഞാണ് യാത്രയാക്കിയത്.

 അമ്മയുടെ  കയ്യിലിരുന്ന   പെട്ടി ശ്രദ്ധയില്‍  പ്പെട്ടു.ഒന്നും ചോദിച്ചില്ല.കുറ്റബോധം തന്നെ തളര്‍ത്തിക്കളഞ്ഞു.നേരെ റെയില്‍ വേ  സ്റ്റേഷനിലേയ്ക്ക്...

ഒന്നും മിണ്ടിയില്ല....അമ്മ ഒന്നും പറഞ്ഞുമില്ല..ട്രെയിന്‍ കയറി.പിറ്റെ ദിവസമാണ് ആസ്ഥലത്തെത്തിയത്.

ഒരു ഓലപ്പുര.അവിടെ നിന്നും രണ്ടു ഫര്‍ലോങ്ങുമാറി ഒരു സര്‍ക്കാരു സ്ക്കൂള്.പഴയ സ്ക്കൂളിലില്‍  നിന്നും ടി.സി. വാങ്ങി അമ്മ എല്ലാം റെഡിയാക്കിയിരുന്നു..വീണ്ടും എട്ടാം ക്ലാസ്സില്‍ തന്നെ.
അടുത്തുള്ള ആശുപത്രിയില്‍ ഒരു ചെറിയ ജോലി അമ്മയ്ക്ക്.
എല്ലാം ശരിയാക്കി കൊടുത്തത് അമ്മയുടെ അകന്ന ബന്ധത്തിലുള്ള ഒരു  കസിന്‍ ആയിരുന്നു.
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അമ്മയെല്ലാം വിശദീകരിച്ചു. വീണ്ടും തന്നെയൊരു കുറ്റവാളി ആക്കാതിരിയ്ക്കാന്‍മനശ്ശാസ്ത്രത്തില്‍ ബിരുദം ഒന്നും എടുക്കാത്ത തന്‍റ പ്രിയപ്പെട്ട അമ്മ  അന്ന് എടുത്ത മുന്‍കരുതലുക‍ള്‍ .. നാട്ടിലുണ്ടായിരുന്ന ഒരു തെങ്ങിന്‍ പുരയിടവും ചെറിയ വീടും കിട്ടിയ
വിലയ്ക്കു വിറ്റു.അവിടെ നിന്നും ഒക്കെ അകന്ന്, തന്റെ ഭൂതകാലം ചികഞ്ഞെടുക്കാതിരിയ്ക്കാന്‍
ഇത്രയും ദൂരെ വന്ന് ശിഷ്ട ജീവിതം കഴിച്ചുകൂട്ടി.

      പിന്നീടു വാശിയായിരുന്നു.   എന്നും ക്ലാസ്സില്‍ ഒന്നാമ ന്‍ ‍. അമ്മയുടെ നീറുന്ന ഹൃദയം പതുക്കെ പതുക്കെ  തണുത്തു. ഐ.എ.സ്സ് എഴുതാന്‍ അമ്മ തന്നെയാണ് പ്രേരിപ്പിച്ചത്.കിട്ടിയത് ഐ.പി.എസ്സ്. അങ്ങിനെ  ഇന്നീ നിലയില്‍.വീണ്ടും തന്റെ
 ജന്മ നാട്ടിലേയ്കു വരണമെന്ന് വിചാരിച്ചതല്ല. നീണ്ട മുപ്പതു വര്‍ഷങ്ങള്‍ ‍.

മിനിസ്ടറുടെ പ്രത്യേക നിര്‍ ദ്ദേശം.ഒബ്സര്‍ വേഷന്‍ ഹോമിലെ പുതിയ അന്തേ വാസിയുടെ കേസന്വേഷണം  സ്റ്റടി ചെയ്യാനും വേണ്ട ഭരണ പരിഷ്ക്കാരങ്ങള്‍ വരുത്താനും.

  സാര്‍ വന്നിട്ടുണ്ട്.

ഓ, താനിവിടെ യെത്തിയിട്ട് കുറച്ചുനേരമായല്ലൊ.
 കൊണ്ടു വരൂ..

ഏകദേശം അതേ പ്രായം പന്ത്രണ്ടു വയസ്സ്.
മോന്റെ പേര്
ജോണ്‍
എന്താണു മോന്‍ ചെയ്ത കുറ്റം.
ഞാന്‍ അയാളെ വെടിവെച്ചു കൊന്നു.എന്‍റ അഛനെ!”
ഒറ്റ ശ്വാസത്തിന്  അവന്‍ ബാക്കികൂടി പറഞ്ഞു..
ന്റെ അമ്മയെ അയാള്‍ എന്നും തല്ലും,മദ്യപിക്കും,വേറെ പെണ്ണുങ്ങളെ അയാള്‍ വീട്ടില്‍ കൊണ്ടുവരും.ഒരുദിവസം..ഞാന്‍ അയാളുടെ തോക്കെടുത്ത് പതുങ്ങി നിന്നു..വാതിലിന്‍റ പുറകില്‍ .
വന്നപാടെ  ഒറ്റ വെടി.അതയാളുടെ തലയില്‍ തന്നെ കൊണ്ടു.അയാള്‍ മരിച്ചു.

അടുത്തു നിന്ന കോണ്‍സ്റ്റബിള്‍ പറഞ്ഞു.
സര്‍ ഇവന്റെ  അഛനും ഇവിടുത്തെ അന്തേ വാസിയായിരുന്നു. ഇവന്റെ  അതേപ്രായത്തില്‍
    അവന്‍ അഛന്റെ മോന്‍ തന്നെയാണ്.
 മോന്റെന്റെ പേര്
സണ്ണി”.
ന്റെ  മനസ്സില്‍ കൂടി ഒരു കൊള്ളിയാന്‍ മിന്നി. അതിന്‍റ വെളിച്ചം പുറത്തേയ്ക്കു പടരാതിരിയ്ക്കാന്‍
കര്‍ചീഫുവെച്ച് മുഖമൊന്നാഞ്ഞു തുടച്ചു.
അങ്ങകലെ ഏറ്റവും മുന്തിയ സ്ക്കൂളില്‍ പഠിയ്ക്കുന്ന തന്റെ മകനെ ആവര്‍ത്തനത്തി ന്റെ
മുഖത്തില്‍ നിന്നും രക്ഷിച്ച ,   മണ്‍മറഞ്ഞു പോയ  അവന്റെ മുത്തശ്ശിയിലെ മനശ്ശാസ്ത്ര ജ്ഞയെ  ഒന്നുകൂടി മനസ്സില്‍ അഭിനന്ദിച്ചു.!
Related Posts Plugin for WordPress, Blogger...