Friday, April 22, 2011

‘മുറിവുകളുടെ’ ഉടയോന്‍


ജീവിതത്തിലെ  ഏറ്റവും വലിയ ആഗ്രഹളിലൊന്നായിരുന്നു.അത്. സൂര്യകൃഷ്ണ മൂര്‍ത്തിയെന്ന വലിയ മനുഷനെ ഒന്നു കാണുകയും പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്യുകയെന്നത്.ഇനി ഒന്നു കൂടി ബാക്കിയുണ്ട്. എം.ടി സാറിനെ പരിചയപ്പെടുക. എന്നെങ്കിലും നടക്കും എന്ന പ്രതീക്ഷയുണ്ട്. പ്രതീക്ഷയാണല്ലോ നമ്മുടെ എല്ലാം.
രണ്ടാഴ്ചക്കു മുമ്പ് ഒരു ദിവസം സൂര്യകൃഷ്ണ മൂര്‍ത്തിസാറിന്റെ വീട്ടില്‍   പോകുവാനും പരിചയപ്പെടാനും  ഒരവസരം ലഭിച്ചു.
  മുറിവുകളില്‍ കൂടിയാണ് അത് സാധിച്ചെടുത്തത് എന്നു പറയാം. 
മുറിവുകളെപ്പറ്റി അല്‍പ്പം.
 ആ പുസ്തകം വായിക്കുന്നതു വരെ മനസ്സിലെന്തെല്ലാം    അനുമാനങ്ങളായിരുന്നു അദ്ദേഹത്തെക്കുറിച്ച് ... അതെല്ലാം തിരുത്തിക്കുറിച്ചത് ആ ഒറ്റ പുസ്തകമായിരുന്നു. ഞാനെപ്പോഴും ചിന്തിച്ചിട്ടുള്ള കാര്യമായിരുന്നു,സൂര്യ എന്ന മഹാപ്രസ്താനം ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നു. അതിലെ വരുമാനം മുഴുവന്‍ കൃഷ്ണമൂര്‍ത്തി സാറുള്‍ പ്പെടുന്ന അതിന്‍റെ സംഘാടകര്‍ സംമ്പാദിച്ചുകൂട്ടുകയായിരിക്കും എന്ന്.എന്‍റ തന്നെയല്ലാ ഞാന്‍ ധരിച്ചതുപോലെ തന്നെയാണ് പലരും ധരിച്ചിരിക്കുന്നതെന്നും എന്ന് എനിക്ക് മനസ്സിലാക്കാന്‍  കഴിഞ്ഞിട്ടുണ്ട്. സാറിന്‍റ മുറിവുകളിലെ തന്നെ വരികളെ കടം കൊള്ളുകയാണെങ്കില്‍ --ദൈവം കനിഞ്ഞു കൊടുത്ത സിദ്ധി കണക്കു പറഞ്ഞ് വില നിശ്ചയിക്കുന്ന ഈ കാലത്ത് --ഇങ്ങനെയുള്ള ഒരു കലാകാരനെ കേരളത്തിനു കിട്ടിയതില്‍ നമുക്കഭിമാനിയ്ക്കാം.
മുറിവുകള്‍ എന്ന പുസ്തകത്തെപ്പറ്റി എഴുതാന്‍ ഞാനൊരിക്കലും ആളല്ല. പക്ഷെ അത് എന്നിലേല്‍പ്പിച്ച മുറിവ് വാക്കുകള്‍ക്കതീതമായിരുന്നു. ശരിക്കും പറഞ്ഞാല്‍ എനിയ്ക്കു പരിചയമുള്ളവരോടെല്ലാം ആ ബുക്കു വായിക്കണം എന്നു ഞാന്‍ റെക്കമന്‍റു ചെയ്തു.കാരണം അതു വായിക്കുമ്പോള്‍, നമ്മള്‍ നമുക്കു വലുതെന്നു  കരുതിയിരിക്കുന്ന നമ്മുടെ  പ്രയാസങ്ങള്‍, നമ്മുടെ വേദനകള്‍  ഏറ്റവും നിസ്സാരമെന്നുള്ള തോന്നല്‍ നമ്മിലുളവാക്കുന്നു. അതുതന്നെയാണ് ആ പുസ്തകത്തിന്‍റെ ഏറ്റവും വലിയ മഹത്വം. പിന്നെ വേറെ ഒരു കാര്യം പറയാനുള്ളത്, ആ പുസ്തകത്തിന്റെ  വരുമാനം മുഴുവനും അഭയയിലെ  അഗതികള്‍ക്കുള്ളതാണ്  എന്നതാണ്. പുസ്തകത്തിന്റെ അടുത്ത പതിപ്പും ഈയിടെ പുറത്തിറങ്ങി.
ശരിക്കും പേടിച്ചു പേടിച്ചാണ് ഞാന്‍ ആ വീട്ടിന്‍റ പടിക്കലെത്തിയത്. ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു കലാകാരന്‍റ വീട്ടിലോട്ട് എന്നെപ്പോലെ ഉള്ള ഒരാള്‍ ... ആ വീടിന്‍റ പടിക്കല്‍ നിന്നുകൊണ്ടു തന്നെ ഞാന്‍ ആ വീട് ആകെ കൂടിഒരു വിഹഗ വീക്ഷണം നടത്തി.ഉള്ളതു പറയാമല്ലോ, ആരുകണ്ടാലും ചൈതന്യം തുളുമ്പി നില്‍ക്കുന്ന ചൈതന്യയുടെ പുറം ചുമരുകള്‍ പോലും ആ കലാകാരന്‍റെ നൈപുണ്യം വിളിച്ചോതുന്നതാണ്. പേടിച്ചകത്തോട്ടു കേറിയ എനിയ്ക്ക് അദ്ദേഹത്തെ കണ്ടപ്പോള്‍  അതെല്ലാം അസ്ഥാനത്തായി.തികച്ചും സാധാരണക്കാരില്‍  സാധാരണക്കാരനായി നിത്യ പരിചയം പോലെ എന്നോടു കുശലപ്രശ്നം ചെയ്തപ്പോള്‍ എത്രയോ  പുരസ്ക്കാരങ്ങള്‍ ലഭിച്ച ഒരു വലിയ മനുഷന്‍റ മുമ്പിലാണ് ഞാന്‍ ഇരിയ്ക്കുന്നതെന്ന ബോധംപോലും എനിയ്ക്കില്ലാതെയാണ്  ഞാന്‍ സംസാരിച്ചത്.എന്‍റ ചെറിയ കഴിവുകളെ ആകുവോളം പ്രോത്സാഹിപ്പിച്ച്  എനിയ്ക്കു വേണ്ടി  അദ്ദേഹത്തിന്‍റ വിലപ്പെട്ട സമയം ചിലവഴിക്കുകയും ചെയ്തപ്പോള്‍,ലോകം മുഴുവന്‍  പ്രഭവിതറി നില്‍ക്കുന്ന ആ സൂര്യ തേജസ്സിന്‍റ  നന്മയുടെ ഒരു ചെറിയ രശ്മി എന്നിലും ആവേശിച്ചതായി എനിയ്ക്കനുഭവപ്പെട്ടു.
മുറിവുകളില്‍ കൂടി വീട്ടിലെ അംഗങ്ങളെ എല്ലാം പരിചയമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ സഹധര്‍മ്മിണി    രാജിയുമായും അല്പ സമയം ചിലവിടാനും അവരുടെ സല്‍ക്കാരത്തിന് പാത്രീഭവിക്കാനും അവസരം ലഭിച്ചു എന്നുകൂടി എടുത്തു പറയട്ടെ. സ്ത്രീ പക്ഷത്തു നിന്നും നോക്കുമ്പോള്‍അദ്ദേഹത്തിന്റെ എല്ലാ വിജയത്തിനും പിന്നില്‍, ആ മഹതിയുടെയും കാണാക്കരങ്ങള്‍ ഉണ്ടെന്നുള്ള യാഥാര്‍ത്ഥ്യം അല്‍പ്പസമയമേ ചിലവഴിച്ചുള്ളു എങ്കിലും എനിയ്ക്കു മനസ്സിലായി
സൂര്യ തേജസ്സുപോലെ  വലിയ മനസ്സുള്ള ആ കലാകാരന് ആയുസ്സും ആരോഗ്യവും കൊടുക്കാന്‍ ഈശ്വരനോട്  പ്രാര്‍ത്ഥിച്ചു കൊണ്ട്....
                   മുറിവുകളിലെ കുറച്ചു വരികളെഴുതി ഞാനിതവസാനിപ്പിക്കട്ടെ.
ദൈവം ആഞ്ഞെറിയുന്ന മഹാ തീര്‍ത്ഥം ചിലരുടെമേല്‍ വീഴും. അവര്‍ ഭാഗ്യവാന്മാര്‍,അവര്‍ അനുഗൃഹീതര്‍,അവര്‍ കലാകാരന്മാര്‍,അവര്‍ ദൈവത്തോട് അടുത്തു നില്‍ക്കുന്നവര്‍ .ദൈവത്തിനുവേണ്ടി, ജനനന്മക്കു വേണ്ടി, പ്രവര്‍ത്തിക്കുവാന്‍ വിധിക്കപ്പെട്ടവര്‍ . ഒരു യഥാര്‍ത്ഥ കലാകാരന്‍ സമൂഹത്തിനു വേണ്ടി ജീവിക്കുന്നവനാകണം.  എല്ലാവരും എല്ലാവരെയും സ്നേഹിക്കുന്ന ഒരു നാളേയ്ക്കുവേണ്ടി, എല്ലാവരും എല്ലാവര്‍ക്കും വേണ്ടി ജീവിക്കുന്ന ഒരു നാളേയ്ക്കു വേണ്ടി സ്വപ്നം കാണുന്നവനാകണം. ഇക്കാര്യങ്ങള്‍ മുന്നില്‍ കണ്ട്, ദൈവം കനിഞ്ഞു നല്‍കിയ വൈഭവം, വേദനിക്കുന്നവര്‍ക്ക് സ്വാന്തനമായി മാറ്റണം. ആ വൈഭവം വിറ്റു കാശാക്കാന്‍ പാടില്ല. ഏതു നിമിഷവും ദൈവത്തിന് ആ വൈഭവം തിരികെയെടുക്കാനും കഴിയുമെന്നും കലാകാരന്മാര്‍ ഓര്‍ക്കേണ്ടതു നന്ന്."


ഇന്ന് കലയ്ക്കു കണക്കു പറഞ്ഞ്  വാങ്ങി  സമ്പാദിച്ച് മതിവരാത്ത കലാകാരന്മാര്‍ ഇതൊന്നു വായിച്ചിരുന്നെങ്കില്‍ എന്നു ഞാനാശിച്ചു പോയി.

Saturday, April 16, 2011

വിഷുപ്പക്ഷിയുടെ രോദനം

വീണ്ടുമൊരു വിഷുപ്പുലരി കടന്നുപോയി
കണിക്കൊന്നപ്പൂവിന്നിതള്‍വീണുറങ്ങിയ
ഓര്‍മ്മകള്‍ നുള്ളിപ്പെറുക്കി ഞാനോമനിച്ചു.

ആകാശസീമകള്‍ക്കപ്പുറം നിന്നതാ
അലയാഴിതിരമാലകള്‍ നീന്തിതുടിച്ച്
ഓര്‍മ്മയാം തണ്ടിലൊരായിരം സ്നേഹദലങ്ങളും
 പറത്തിയെത്തിടുന്നാ, ആശംസകള്‍!
കാതോര്‍ത്തിരുന്ന കാതിലേക്കോതുന്നു
കണ്ണുപൊത്തിവിഷുക്കണി കാണിച്ചതും
കുഞ്ഞിളം കൈയ്യാലവര്‍
കൈനീട്ടം വാങ്ങിയൊരക്കഥകളും,
ഇക്കരെയതുകേട്ടാ കണ്ണുകളില്‍ നിന്നടര്‍ന്ന
കണ്ണുനീര്‍ തുള്ളികള്‍ ചിതറിത്തെറിച്ച്
 കത്തിയമരുന്ന ഹൃത്തിന്‍റയുള്ളിലെ
വിഷുക്കണി വിളക്കിന്‍റ നാളം കെടുന്നത്..
അകലെ നിന്നോതുന്ന മക്കളതറിയില്ല
           അവര്‍ക്കായി
വീണ്ടുമൊരു വിഷുക്കണിയൊരുക്കുവാന്‍,
വീണ്ടുമൊരു കൈനീട്ടം നല്‍കുവാന്‍,
വെമ്പുന്ന വിഷുപ്പക്ഷിതന്‍ രോദനം...


Related Posts Plugin for WordPress, Blogger...