Wednesday, June 6, 2012

കുരുന്നു മനസ്സിലെ വലിയഭാവനബുധന്‍  ജനനസമയത്തു് ഉച്ചസ്ഥനായി സ്വക്ഷേത്രത്തില്‍ വന്നുനിന്നതിന്‍റെ കടുപ്പം ഇത്രയും ശക്തമാണെന്ന് സര്‍ക്കാരു ഗുമസ്തനായ സുരേഷിനു മനസ്സിലായത്.മോളുടെ ആ ഒറ്റ ചോദ്യത്തില്‍നിന്നാണ്. വിദ്യാകാരകനായ ബുധന്‍റെ ജനനസമയത്തുള്ള ഉച്ചസ്ഥിതിമൂലം പഠിത്തവും കാര്യങ്ങളറിയുവാനുള്ള ജിജ്ഞാസയും അന്വേഷണത്വരയും കൂടുമെന്ന് ജോത്സ്യന്‍പറഞ്ഞപ്പോളാണ് കുറഞ്ഞപക്ഷം മോളെ ഒരു എന്‍ജിനീയറോ ഡാക്ടറോ അതുമല്ലെങ്കിലൊരു ഐ എ എസ്സു കാരിയോ ആക്കണമെന്നുള്ള മോഹം മൊട്ടിട്ടത്.

 ജനനസമയത്ത് ബുധന്‍ നീചഗ്രഹത്തിലായിരുന്നെങ്കിലും തട്ടിമുട്ടി    എല്ലാക്ലാസ്സിലും ജയിച്ചുകേറി തലസ്ഥാന നഗരിയിലൊരു സര്‍ക്കാരു സ്ഥാപനത്തില്‍ഗുമസ്തനായി കിട്ടിയ സുരേഷ് സാമാന്യം തരക്കേടില്ലാത്ത ഒരു വാടകവീട്ടിലാണ് ഭാര്യ സുഷമയോടും മോള്‍ ബിന്ദുവിനോടും ഒപ്പം കഴിയുന്നത്. ഉള്ളത് ഉള്ളതുപോലെ പറഞ്ഞാല്‍ സുരേഷിനു ഗുമസ്തപ്പണിയ്ക്കു കിട്ടുന്ന ശമ്പളമല്ലാതെ അഞ്ചു പൈസപോലും കിംബളം കിട്ടാത്ത  പുരാവസ്തു വകുപ്പിലായിരുന്നു  ജോലി. കിംബളം കിട്ടാത്ത സര്‍ക്കാരു വകുപ്പിലെ,   തലസ്ഥാന നഗരിയില്‍ താമസിയ്ക്കുന്ന   മറ്റുദ്യോഗസ്ഥരെപ്പോലെതന്നെ അത്യാവശ്യത്തിനു ലോണും , യാത്ര ചെയ്യാനൊരു ബജാജു സ്ക്കൂട്ടറും, വാടക വീടിനെ മോടി പിടിപ്പിക്കുവാന്‍ ഇന്‍സ്റ്റാളുമെന്‍റില്‍ കുറച്ചു ഫര്‍ണീച്ചറും ഒക്കെയുള്ള സെറ്റപ്പില്‍ സുരേഷ് നഗരത്തിലെ പേരുകേട്ട കോണ്‍ വെന്‍റു സ്ക്കൂളാണ് മോളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുത്തത്.

അപ്പോഴെല്ലാം സുരേഷിന്‍റ മനസ്സിലൊന്നേ ഉണ്ടായിരുന്നുള്ളു. തനിയ്ക്കു പറ്റിയപോലെ ആകരുത്. തന്റെ കുട്ടിയ്ക്ക്. ശ്രദ്ധിയ്ക്കാതിരുന്നതു കൊണ്ടാണ്, താനിങ്ങനെ ആയത്. ഇല്ലെങ്കില്‍ നീച ഗ്രഹത്തിലുള്ള ബുധനായിരുന്നെങ്കിലും ഭാഗ്യകാരകനായ ഗുരുവിന്‍റെ നോട്ടം ഉണ്ടായിരുന്നതുകൊണ്ട് വേണമെങ്കില്‍ ഉന്നത വിദ്യാഭ്യാസത്തിനൊരു സാധ്യത തള്ളിക്കളയുവാനാകുമായിരുന്നില്ല. എന്നാണ് മോളുടെ ജാതകമെഴുതിയ ജോത്സ്യരു പറഞ്ഞത്.  പക്ഷെ നേരാം വണ്ണം ശ്രദ്ധിയ്ക്കാതെ, ഒമ്പതു മക്കളിലൊരുവനായതിനാല്‍ ഇങ്ങനെയൊക്കെയായി. തന്‍റെ കുട്ടിയ്ക്കൊരിയ്ക്കലും അതുണ്ടാകരുത്.

ആറു വയസ്സുകാരി ബിന്ദുമോളുടെ ഒന്നാം ക്ലാസ്സിലെ ഹോം വര്‍ക്കുകളും പാഠങ്ങളും ഒക്കെ കൈകാര്യം ചെയ്യാന്‍തക്കവണ്ണം  അക്ഷരജ്ഞാനമുള്ള ഭാര്യ സുഷമ ജോലിയില്ലാത്തതിനാല്‍  വായ്ക്കു രുചിയാം വണ്ണം വച്ചു വിളമ്പികൊടുക്കുന്ന ഒരു ഉത്തമ കുടുംബിനി കൂടി ആയിരുന്നു. ജോലിയുള്ള ഭാര്യമാരെപ്പോലെ,ഭര്‍ത്താക്കന്മാരെ വകവെയ്ക്കാതെയുള്ള  താന്‍പോരിമയൊന്നും കാണിയ്ക്കാത്തതിനാല്‍ സ്വസ്ഥതയാര്‍ന്ന ഒരു കുടുംബ ജീവിതം നയിച്ചു വരുകയായിരുന്നു  പുരാവസ്തു വകുപ്പിലെ ലോവര്‍ഡിവിഷന്‍ക്ളാര്‍ക്കായ സുരേഷ്.
 ലോകപരിചയം വലുതായില്ലാത്തവളാണ് സുഷമയെങ്കിലും ഭര്‍ത്താവ് തലയില്‍ പൊങ്ങാത്ത ഡൊണേഷനും കൊടുത്ത് കൊച്ചിനെ കോണ്‍വെന്‍റു സ്കൂളിലാക്കാന്‍തുനിഞ്ഞപ്പോഴെ പറഞ്ഞതാണ് കൊക്കില്‍ കൊള്ളുന്നതെ കൊത്താവുള്ളു, അണ്ണാനാനയോളം വാപൊളിയ്ക്കരുത് എന്നൊക്കെ. അപ്പോഴെല്ലാം സുരേഷ് സുഷമയോടു പറയുന്ന ഒരേയൊരു കാര്യം " നീ ജനിച്ച ആ ഓണം കേറാ മൂലയിലല്ല മോളു വളരാന്‍ പോകുന്നത്. കേരളത്തിന്റെ തലസ്ഥാന നഗരിയാണ്. നീവളര്‍ന്നതു പോലെയുമല്ല അവളെ ഞാന്‍വളര്‍ത്താനും ഉദ്ദേശിയ്ക്കുന്ന"തെന്നാണ്.
 വീടിനു പുറത്ത് അധികം സഹവാസമില്ലാത്ത ഭാര്യയെപ്പറ്റി സുരേഷിന് വലുതായൊന്നും പറയാനില്ലായിരുന്നുവെങ്കിലും ഒന്നാംക്ലാസ്സില്‍ പഠിയ്ക്കുന്ന മോളെപ്പറ്റി നാവിലേറെ പറയാനുണ്ട്.എന്തിനു പറയുന്നു, ഓരോദിവസവും സ്ക്കൂളില്‍ നിന്നും വന്നുകഴിഞ്ഞാല്‍ പിന്നെ റോഡില്‍ കണ്ട  വണ്ടിയുടെ കാര്യവും കാറിന്‍റെ മോഡലുകളും എന്നുവേണ്ട ഓരോ കുട്ടിയുടേയും വീട്ടിലുള്ള ടീവിയുടെ വലുപ്പവും അവരുടെ വീട്ടിലെ ഫ്രിഡ്ജിന്‍റെ ബ്രാന്‍ഡ് നയിമും ഒക്കെയാണ്  മോള്‍ചര്‍ച്ച ചെയ്യുന്നത്.
.   അപ്പോഴൊക്കെ സുരേഷിന് മോളെപ്പറ്റി എന്തെന്നില്ലാത്ത അഭിമാനമാണ്.എന്തെങ്കിലും ഭാര്യ ഇടയ്ക്കു കയറിപ്പറഞ്ഞാലുടനെ  സുരേഷ്  വീണ്ടും പറയും,"നീ വളര്‍ന്നതുപോലൊന്നുമല്ല സുഷമേ ഇപ്പോഴുള്ള  കുട്ടികള്‍ വളരുന്നത്. നീ വളര്‍ന്ന കാലവുമല്ല.അവളെല്ലാം കണ്ടും കേട്ടും വളര്‍ന്നു വരട്ടെ.എന്നെങ്കിലേ ഇക്കാലത്തു ജീവിക്കാന്‍ പറ്റുകയുള്ളു.
   സുഷമ വിചാരിയ്ക്കും. ശരിയാണ്. തനിയ്ക്കാ കുഗ്രാമത്തില്‍ വളര്‍ന്നതിന്‍റെ എല്ലാ പോരായ്മയും ഉണ്ട്. ആകപ്പാടെ ആ ഇട്ടാവട്ടം സ്ഥല പരിചയമേ ഉണ്ടായിരുന്നുള്ളു.ആള്‍ക്കാരോടു വര്‍ത്തമാനം പറയാന്‍ തന്നെ ഭയമായിരുന്നു. വീട്ടിലങ്ങനെ അടക്കി ഒതുക്കി വളര്‍ത്തിയതിന്‍റെ ഗുണമാണെന്നാണ് മുത്തശ്ശിപറയാറ്. ആണുങ്ങള്‍ ഏഴയല്‍വക്കത്തു കൂടെ പോയാലുടനെ മുത്തശ്ശി  അവയവം പോലെ കൂടെ കൊണ്ടു നടക്കുന്ന വടിയുമായി എത്തും. പെണ്‍പിള്ളേരെയെല്ലാം അകത്തു കയറ്റും. രണ്ടമ്മമാര്‍ക്കും കൂടി അഞ്ചു പെണ്ണായിരുന്നു ആ വീട്ടില് . മുത്തശ്ശിയുടെ ഭാഷയില്‍ പറഞ്ഞാല്‍ പേരുദോഷം കേള്‍പ്പിക്കാതെ ഓരോരുത്തരെയായി ഓരോരുത്തരുടെ കൈയ്യിലേല്‍പ്പിച്ചു.കല്യാണം കഴിച്ചു കഴിഞ്ഞാണ് നല്ലവണ്ണം ഒരുങ്ങുന്നതു തന്നെ.പഠിയ്ക്കുന്ന കാലത്ത് ദോശക്കല്ലിന്‍റെ അടിയിലിരിക്കുന്ന കരിതൊട്ട് ഒന്നു കണ്ണെഴുതുകയോ പൊട്ടുതൊടുകയോ മറ്റോ ചെയ്താല്‍ പിന്നെ പൊടിപൂരമായി. നീയേതവനെ കാണിയ്ക്കാനാടീ പൊട്ടും തൊട്ടിറങ്ങിയിരിക്കുന്നതെന്നും ചോദിച്ചോണ്ടുള്ള മുത്തശ്ശിയുടെ അടിയെ പേടിച്ചാരും ആ സാഹസത്തിനു മുതിരില്ലായിരുന്നു.

നടപ്പിനും എടുപ്പിനും എല്ലാം നിബന്ധനകളുണ്ടായിരുന്നു . പെണ്‍ കുട്ടികള്‍ കാലു കവച്ചു വെച്ചു നടന്നുകൂടാ..അടുപ്പിച്ചുവെച്ചേ നടക്കാവൂ..ദേഹം ഒതുക്കിയേ നടക്കാവൂ. നെഞ്ചു തള്ളി പെമ്പിള്ളേരു നടന്നുകൂടാ.. അതുകൊണ്ട് വീട്ടിലെ പെമ്പിള്ളേര്‍ ക്കെല്ലാവര്‍ക്കും വീട്ടിനകത്തു നടക്കുമ്പോളൊരു കൂനും കാണുമായിരുന്നു. പുറത്തോട്ടിറങ്ങുമ്പോളാണ് ആ കൂന് നിവരുന്നത്.

പരിമിതമായ ആവശ്യങ്ങളുടെ പട്ടിക മാത്രമേ സുരേഷിന്‍റെ മുമ്പിലും  കല്യാണശേഷം സുഷമയ്ക്കു നിരത്തുവാനും ഉണ്ടായിരുന്നുള്ളു.ഒന്നുകിലൊരു പേന്‍ ചീപ്പോ...ഒരു കണ്‍ മഷിക്കൂടോ അല്ലെങ്കിലൊരു പൈങ്കിളി വാരികയോ..അങ്ങനെ സുരേഷിന്‍റെ മാസ ബഡ്ജറ്റില്‍ വളരെ കുറച്ചു മാത്രമേ ആ ഇനത്തില്‍ വകകൊള്ളിയ്ക്കുവാനുണ്ടായിരുന്നുള്ളു. സുരേഷിനും അതാശ്വാസമായിരുന്നു.ഭര്‍ത്താവിന്‍റെ എല്ലാകാര്യവും നോക്കുന്ന..വലിയ ആവശ്യങ്ങളൊന്നും ഇല്ലാത്ത ചെലവുചുരുക്കുന്ന ഭാര്യമാരെ എല്ലാഭര്‍ത്താക്കന്മാരും ഇഷ്ടപ്പെടുന്നതുപോലെ സുഷമയെയും  സുരേഷിന് ഏറെ ഇഷ്ടമായിരുന്നു.പക്ഷേ  മുത്തശ്ശിയുടെ ഭാഷയില്‍ പറഞ്ഞാല്‍     ബിന്ദുമോളുടെയടുത്ത് സുരേഷിന്‍റെ ഒരു പയറ്റും നടക്കത്തില്ലായിരുന്നുയെന്നുള്ളതൊരു പച്ചപ്പരമാര്‍ഥം. ചെറിയ കുട്ടിയാണെങ്കിലും അവളുടെ ആശ്യങ്ങളായിരുന്നു സുരേഷിന്‍റെ പേഴ്സിനെ   പൊലിയൊഴിഞ്ഞ കളം പോലെയാക്കി തീര്‍ക്കുന്നതും മാസവസാനമാകുമ്പോള്‍ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥനായ സുഹൃത്ത്, സേവ്യറുടെയടുക്കല്‍ നിന്നും കടം വാങ്ങേണ്ടി വരുന്നതും.അപ്പോഴെല്ലാം സുഷമയ്ക്കു പറയാനൊന്നേ ഉണ്ടായിരുന്നുള്ളു. കുട്ടികളെ വരവറിഞ്ഞുവേണം വളര്‍ത്താനെന്ന്. സുരേഷ് തിരിച്ചു പറയുന്നത് പണ്ടത്തെ കാലമല്ല. നീവളര്‍ന്ന സാഹചര്യമല്ല………..
സ്ക്കൂളില്‍ പോയി കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ മുതല്‍ ബിന്ദുമോള്‍ സുഷമ കേട്ടിട്ടുപോലുമില്ലാത്ത        ഹാം ബര്‍ഗ്ഗറും,ചിക്കന്‍ സിക്സ്റ്റിഫൈവും , പിസ്റ്റായും ഒക്കെ ഉണ്ടാക്കി കൊടുക്കാനാവശ്യപ്പെട്ടു തുടങ്ങി. നാട്ടുമ്പുറത്തെ ഇഡ്ഡലിയും ദോശയും ഇലയപ്പവും കൊഴുക്കട്ടയും ഒക്കെ തിന്നും കേട്ടും പരിചയമുണ്ടായിരുന്ന സുഷമയ്ക്ക് അതൊരു പുതിയ അറിവായിരുന്നു. ഇങ്ങനെ പേരുള്ള പലഹാരമുണ്ടെന്നുള്ളത്. കൂടെയുള്ള കൂട്ടുകാരൊക്കെ കഴിയ്ക്കാനതൊക്കെയാണ് കൊണ്ടുചെല്ലുന്നതെന്നായിരുന്നു മോളുടെ പരാതി. സുരേഷ്  നഗരത്തിലെ  കടകളില്‍ നിന്നും വല്ലപ്പോഴും ബിന്ദുമോള്‍ക്ക് നഗരത്തിലെ പുതിയ പുതിയ ആഹാരസാധനങ്ങല്‍ ടിഫിന്‍ ബോക്സിലാക്കി കൊടുത്തുവിടും.    അപ്പോഴൊക്കെ പണ്ട്  കൊതിമൂത്ത് പെന്‍സില്‍ വാങ്ങാന്‍ കൊടുത്ത പൈസകൊണ്ട് വാസുവിന്‍റെ ചായക്കടയില്‍നിന്നും  ഉണ്ണിയപ്പം വാങ്ങി തിന്നതിന്     കടപ്പലാരം മേടിച്ചു തിന്നെന്നും പറഞ്ഞ്. മുത്തശ്ശിയുടെ കൈയ്യില്‍ നിന്നും കിട്ടിയ അടിയുടെ  വേദന  എവിടെയൊക്കെയോ തരിക്കുന്നതായി സുഷമയ്ക്കനുഭവപ്പെട്ടു.
മറ്റുള്ള കുട്ടികളുടെ മുമ്പില്‍ തന്‍റെ മോള്‍ ഒട്ടും പിന്നിലായിക്കൂടെന്ന് സുരേഷിനു നിര്‍ബന്ധമായിരുന്നു ഒന്നാംക്ലാസ്സില്‍ കൂടെയുള്ള കുട്ടികളെല്ലാം ബെന്‍സുകാറിലും കോണ്ടസ്സായിലും സ്ക്കോഡായിലും ഒക്കെയാണ് ചെല്ലുന്നതെന്നു  മോളു വന്നു പറയുമ്പോള്‍ സുരേഷ് മോളെ സമാധാനിപ്പിയ്ക്കും. നമുക്കും പൈസയുണ്ടാകുമ്പോള്‍   കാറൊക്കെ വാങ്ങാം.അതുവരെ നമുക്കീ സ്കൂട്ടറു മതി.അവര്ക്ക് മൂന്നുപേര്‍ക്കും യാത്രചെയ്യാനതൊരു നല്ല വാഹനമാണെന്നും സിറ്റിയില്‍ യാത്രചെയ്യുവാന്‍ വളരെ സൌകര്യമാണെന്നും ഒക്കെ പറയും.പക്ഷെ അപ്പോളടുത്ത ആവശ്യം പരുവപ്പെടുത്തി പുറത്തോട്ടെടുത്തിടുന്ന മകളുടെ മുമ്പില്‍ അതിനു മറുപടി തപ്പി പിടിയ്ക്കാനുള്ള ശ്രമത്തിലായിരിക്കും സുരേഷ്.അങ്ങിനെയാണ് ടൂവിലറാണെങ്കില്‍ ജോണിയുടെ പപ്പ വാങ്ങിയതുപോലെ ഒരു പള്‍സറെങ്കിലും വാങ്ങിക്കൂടെ അച്ഛനെന്ന് മകള്‍ വളരെ ലാഘവത്തോട ചോദിച്ചത്. പോരാത്തതിന്  സുരേഷിന്‍റെ സ്ക്കൂട്ടറിന്‍റെ മോഡലും പഴയതാണെന്നു പറഞ്ഞ് മോള്‍ അവളുടെ വിജ്ഞാനം വെളിപ്പെടുത്തി സുരേഷിനെ ഒന്നുകൂടി വിലയിരുത്തി.

ഒരു ഒന്നാം ക്ലാസ്സുകാരി ഈ വണ്ടിയുടെ പേരുകളും മോഡലുമെല്ലാം എങ്ങിനെ മനസ്സിലാക്കിയെന്നായിരുന്നു സുരേഷപ്പോള്‍ തലപുകഞ്ഞാലോചിച്ചതു്.
എന്നും മോളു വന്ന് പേപ്പറെടുത്ത് ആകാംക്ഷയോടെ വായിക്കുമ്പോള്‍ അവളുടെ  ആകാംക്ഷയെ പ്രോത്സാഹിപ്പിക്കുന്ന സുരേഷ് , മോളോട് വണ്ടിയുടെ പേരും മോഡലുമൊക്കെ എവിടെനിന്നറിഞ്ഞെന്നു ചോദിയ്ക്കുമ്പോള്‍ അവളെടുത്ത വായിലേ പറഞ്ഞത്..  ഈ അച്ഛനെന്തിരു തിരുമണ്ടനാ..പേപ്പറിലുള്ള പരസ്യമൊന്നും അച്ഛന്‍ കാണാറില്ലേ...എന്ന ചോദ്യമായിരുന്നു. മകളുടെ വിജ്ഞാനദാഹം കണ്ടോയെന്ന് സുഷമ ചോദിച്ചപ്പോള്‍ സുരേഷിന് അതിനും ഉത്തരം നല്‍കാനുണ്ടായിരുന്നു. നീയെന്താണേലും അതു പോലും നോക്കുന്നില്ലല്ലോ; ഭാവിയിലവളൊരു വലിയ മാര്‍ക്കറ്റിംഗ് മാനേജരായി തീരില്ലായെന്ന് ആരു കണ്ടു.?
സ്കൂളില്‍ പോയി ഒന്നാം വര്‍ഷം തീരാറായപ്പോഴാണ് കോളിളക്കമുണ്ടായ ആ വാര്‍ത്ത വെണ്ടയ്ക്കായക്ഷരത്തില്‍ പേപ്പറില്‍ മുന്‍ പേജില്‍തന്നെ  വന്നത്.അത്തരത്തിലുള്ള  ആദ്യത്തെ വാര്‍ത്ത എല്ലാവരും വായിച്ചാഘോഷിച്ചു. അതെല്ലാവരുടെ മനസ്സിലും തങ്ങി നില്‍ക്കത്തക്കവണ്ണമാണ്, വാര്‍ത്താ മാധ്യമങ്ങളെല്ലാം അവതരിപ്പിച്ചത്. കുറച്ചു നാളത്തേയ്ക്ക് ചാനലുകാര്‍ക്കും ഒരു വിരുന്നായിരുന്നു.പിന്നെ പിന്നെ അതൊരു സ്ഥിരം വാര്‍ത്തയായി. അതുകൊണ്ട് എക്സ്ക്ലൂസീവിലിടം പിടിയ്ക്കാതെ ചരമ പേജിന്‍റെ മുക്കിലും മൂലയിലുമൊക്കെ ഇടം പിടിച്ചു.

രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ബിന്ദുമോളച്ഛനോടു ചോദിച്ചു. ഏറ്റവും വിലകുറഞ്ഞ കാറിനെത്ര രൂപയാകുമെന്ന്. മോളുടെ അന്വേഷണ ത്വര വളര്‍ന്നു വരട്ടെയെന്നു കരുതി ഏറ്റവും വലിയ കാറിന്‍റെ തുടങ്ങി ഏറ്റവും ചെറിയ കാറായ നാനോ കാറിന്‍റെ വരെ പേരും വിലയും അതുണ്ടാക്കുന്ന കമ്പനിയുടെ പേരും അതിന്റ എം.ഡി മാരുടെ പേരു വിവരം വരെ സുരേഷ്  ബിന്ദുമോള്‍ക്ക് പറഞ്ഞു കൊടുത്തു. എല്ലാ അസ്സസറീസും കൂട്ടി ഒരു ലക്ഷത്തി അന്‍പതിനായിരം രൂപയുണ്ടെങ്കില്‍ നമുക്കൊരു നാനോകാറു സ്വന്തമാക്കാമെന്നും സുരേഷ് ബിന്ദുമോളോടു പറഞ്ഞു.അപ്പോള്‍ വെറും ആറു വയസ്സുകാരി മകള്‍ വീണ്ടും അച്ഛന്‍റെ അജ്ഞതയെ ചൂണ്ടിക്കാട്ടി." അയ്യേ...ഈ അച്ഛന് ഒന്നും അറിയില്ല.ഇന്നാളല്ലേ ടീവിയില്‍ അതിന്‍റെ വില വീണ്ടും കൂട്ടിഒരു ലക്ഷത്തി അറുപത്തയ്യായിരം രുപയാക്കീന്നു പറഞ്ഞത്?  ഇത്തവണയും സുരേഷ് മോളുടെ ടീവീ വാര്‍ത്തയിലുള്ള  അവഗാഹം കണ്ട് അത്ഭുതപ്പെട്ടു.
അന്ന് അത്യധികം ഉത്സാഹത്തോടെയാണ് ബിന്ദുമോളച്ഛന്‍റെടുക്കലെത്തിയത്.അവള് ഉത്സാഹത്തോടെ  പറഞ്ഞുതുടങ്ങി." അച്ഛാ.. അപ്പോള്‍ രണ്ടു ലക്ഷം കിട്ടിയാല്‍ ഒരു ലക്ഷത്തി അറുപത്തയ്യായിരം രുപയ്ക്ക്  നമുക്കൊരു  നാനോകാറും ബാക്കി മുപ്പത്തയ്യായിരം രൂപയില്‍ ഇരുപത്തയ്യായിരം രൂപയ്ക്ക് ഒരു ലാപ്ടോപ്പും മോള്‍ക്കു മേടിച്ചു കഴിഞ്ഞ് ബാക്കി പതിനായിരം രൂപയ്ക്ക് അമ്മയ്ക്കൊരു ഫ്രിഡ്ജും വാങ്ങി കൊടുക്കാം." മോളുടെ കണക്കിലുള്ള കിറു കൃത്യത കണ്ട് സുരേഷ് അമ്പരുന്നു.അപ്പോള്‍  സുരേഷിന്‍റെ മനസ്സില്‍ വീണ്ടും ഒരു സന്ദേഹം ... ഇനി മോളു വല്ല ഗണിതശാസ്ത്രജ്ഞയെങ്ങാനു മായിതീരുമോ? തന്‍റെ എന്‍ജിനീയര്‍,ഡാക്ടര്‍, ഐ.എ.എസ്സ് സ്വപ്നം തകര്‍ന്നടിയുമോ.. ?


എന്തായാലും സുരേഷ് തിരിച്ചു ചോദിച്ചു. "അപ്പോള്‍ മോളെ  എവിടെയാ രണ്ടു ലക്ഷം രൂപാ?"

വര്‍ത്തമാന പത്രത്തിലെ അക്ഷരങ്ങളുടെ നിഴലിലെ അര്‍ത്ഥമറിയാതെ...പൊരുളറിയാതെ...കാതലറിയാതെ പൈസയുടെ മായക്കാഴ്ചയിലൊഴുകിയ
കുഞ്ഞു മനസ്സില്‍നിന്നും സന്തോഷത്തോടെ വന്ന വാക്കുകള്‍


" അത് അച്ഛാ, എന്നെ പീഡനത്തിനിരയാക്കാനാരേയെങ്കിലും......."
സുരേഷിന്‍റെ ഉള്ളില്‍ കൂടി ഒരു വെള്ളിടി വെട്ടി. മഴയില്ലാത്ത വെള്ളിടി.
അതു കേട്ടുകൊണ്ടാണ് സുഷമ അടുക്കളയില്‍ നിന്നും ഓടിവന്നത്. "എന്താടീ.... എന്താ നീയിപ്പറഞ്ഞത്?"
കൊച്ചുന്നാളിലേ പുളിവാറു കൊണ്ടടിമേടിച്ചു ശീലിച്ച സുഷമയ്ക്ക് മോള്  പറഞ്ഞത് സഹിയ്ക്കാന്‍ പറ്റിയില്ല. തിരിച്ചും മറിച്ചും ഇട്ടു തല്ലിയ കുട്ടിയുടെ കൈയ്യില്‍ നിന്നും തെറിച്ചുവീണ പേപ്പര്‍ തുണ്ടിലേക്ക് സുഷമയുടെ കണ്ണുകള്‍ പാഞ്ഞു; അതിലെഴുതിയവരികളിലേയ്ക്കും.   പീഡനത്തിനിരയായ കുട്ടിക്ക് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും രണ്ടു ലക്ഷം രൂപ അനുവദിച്ചിരിയ്ക്കുന്നു.

അടികൊണ്ടന്തം വിട്ടു നിന്ന കുട്ടിയെ  സമാധാനിപ്പിക്കാനുള്ള വാക്കുകള്‍ തേടുകയായിരുന്നു സുരേഷിന്റെ മനസ്സപ്പോള്‍……….

Related Posts Plugin for WordPress, Blogger...