Saturday, December 28, 2013

ഒരു പ്രതിഷേധ കുറിപ്പ് (മാതൃഭൂമിയുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളിലേയ്ക്കും അയച്ചത്)2013 ഡിസംബര്‍  27ല്‍ മാതൃഭൂമി ദിന പത്രത്തില്‍വന്ന ഒരു വാര്‍ത്തയാണ്എന്നെ ഈ കത്തെഴുതുവാന്‍ പ്രേരിപ്പിച്ചത്.  വാര്‍ത്ത ഇങ്ങനെ.    ക്രിസ്മസ് ദിനത്തില്‍ മദ്യപിച്ച് ലക്കുകെട്ടു കിടന്നമകനെ അമ്മ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി. അപ്പോള്‍ തന്നെ ഇവര്‍ പോലീസിലെത്തി കീഴടങ്ങുകയും ചെയ്തു.
നൊന്തു പ്രസവിച്ച പെറ്റമ്മ  സ്വന്തം മകനെ കഴുത്തു ഞെരിച്ചു കൊല്ലാനുണ്ടായ സാഹചര്യം വാര്‍ത്തയില്‍ വിശദമായി പറയുന്നുണ്ട്. അതായത്  ദിവസ പണിക്കാരനായ മകന്‍  എന്നുംപതിവായി മദ്യപിച്ച് വന്ന് ബഹളമുണ്ടാക്കുമത്രെ. ക്രിസ്തുമസ് തലേന്ന് സന്ധ്യക്കും മദ്യപിച്ചു  ലക്കുകെട്ട് പടക്കം കത്തിച്ച്  അയാളുടെ തന്നെ നാലുവയസ്സായ മകന്‍റെ ദേഹത്തെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നല്ലൊരു ദിവസമായിട്ടുപോലും സ്വസ്ഥത കെടുത്തിയ മകനെയാണ്   ആഅമ്മ കൊന്നത്.  ഇത് ന്യായീകരിക്കുകയല്ല.
ഒരു പെറ്റമ്മ അറ്റകൈയ്ക്കു നടത്തിയ കൊടും ക്രൂരത. എല്ലാവരും ക്രിസ്തുമസ്സ് വിളക്കും പടക്കവും ഒക്കെ പൊട്ടിച്ച് ആഘോഷിയ്ക്കുമ്പോള്‍ ആ നാലു വയസ്സുകാരന്‍റെ വീട്ടിലെ ക്രിസ്തുമസ്സ് എങ്ങിനെയായി തീര്‍ന്നു. ആ കുഞ്ഞ് വളര്‍ന്നു വരുമ്പോള്‍ ആരായി തീരും. അച്ഛന്‍റ സ്നേഹം കിട്ടാതെ  അച്ഛനെ കൊന്ന  കൊലയാളിയായ അമ്മുമ്മയുടെ കൊച്ചുമകനായിട്ട്സമുഹം ചാര്‍ത്തി  കൊടുക്കുന്ന മുദ്ര.
  അനാഥമായി തീര്‍ന്ന അമ്മയും രണ്ടു കുട്ടികളും.  .
ഇതൊരു ഒറ്റപ്പെട്ട സംഭവം അല്ല. മദ്യപാനം മൂലം എത്രയോ കുടുംബങ്ങളാണ് ഇങ്ങനെ നശിച്ചുകൊണ്ടിരിക്കുന്നത്. അധികാരികള്‍ ഇതൊന്നും കാണുന്നില്ലേ? അറിയുന്നില്ലേ.?
ബിവറേജസ് കോര്‍പ്പറേഷന്‍    മുക്കിനു മുക്കിനു    മദ്യക്കട തുറന്ന് വീടും നാടും മുടിക്കുന്ന മദ്യം വിറ്റ്
സര്‍ക്കാര്‍ ഖജനാവു വീര്‍പ്പിക്കുന്നു. ഒന്നുകില്‍ ഒരാള്‍ വാങ്ങുന്ന കുപ്പിയ്ക്ക് ഒരു കണക്കു വെച്ചുകൂടെ ?  ഒരു റേഷന്‍ പോലെ മാസത്തില്‍ ഒരാള്‍ വാങ്ങുന്ന കുപ്പിക്ക് ഒരു നിയന്ത്രണം എങ്കിലും വെച്ചിരുന്നെങ്കില്‍ കിട്ടുന്ന പൈസയ്ക്കു മുഴുവനും
ഇങ്ങനെ കുടിച്ചു പെടുത്ത് വീട്ടില്‍ വന്നു ബഹളം വെച്ചുള്ള സ്വസ്ഥതക്കേടിന്  അല്‍പ്പം ആശ്വാസം കിട്ടിയേനെ.
  മറ്റൊരു കാര്യം മദ്യപിച്ചു വാഹനം ഓടിയ്ക്കുന്നവരെ പിടിയ്ക്കാന്‍ റോഡില്‍ ഊത്തുയന്ത്രം ഉള്ളതുകൊണ്ട് ഒട്ടുമുക്കാലും മദ്യപന്‍മാര്‍ ബാറില്‍ നിന്നും വീട്ടിലെത്താന്‍ ഇപ്പോള്‍ സര്‍ക്കാരു ബസ്സിനെയാണ്ആശ്രയിക്കുന്നത്. അതും വിനയായിരിക്കുകയാണ്. മദ്യത്തിന്‍റെ ഗന്ധവും പേറി അവരുടെ കേളികളും സഹിച്ച് സ്ത്രീകളുള്‍പ്പടെയുള്ള യാത്രക്കാര്‍ക്ക് ശല്യമായിരിക്കുകയാണ്.   വനിതകള്‍ മാത്രം , വിദ്യാര്‍ത്ഥികള്‍ മാത്രം എന്ന് ബോര്‍ഡു വെയ്ക്കുന്നതുപോലെ  മദ്യപാന്‍മാര്‍ക്കുമാത്രം  ബോര്‍ഡുവെച്ച് ബസ്സിടുക. സര്‍ക്കാര്‍ഖജനാവു വീര്‍പ്പിക്കുന്ന അവര്‍ക്കു വേണ്ടി സര്‍ക്കാര്‍ ഇങ്ങനെയുള്ള സൌജന്യം കൂടി ചെയ്തു കൊടുക്കുക.
ഇതൊന്നുമല്ലെങ്കില്‍ നമ്മുടെ മുന്‍ഗാമികള്‍ വിശ്രമത്തിനായി  പണിതിരുന്ന കളിത്തട്ടുപോലുള്ള വിശ്രമ സങ്കേതങ്ങള്‍ മദ്യശാലയ്ക്കടുത്തെല്ലാം പണിതു കൊടുക്കുക. അപ്പോള്‍ കുപ്പി വാങ്ങി മോന്തിയിട്ട് കളിത്തട്ടില്‍ കേറി കളിനടത്തുകയോ വിശ്രമിക്കുകയോ ഒക്കെ ചെയ്തിട്ട്  കെട്ടിറങ്ങികഴിയുമ്പോള്‍
വീട്ടില്‍ പൊയ്ക്കൊള്ളും. ബസ്സിലെ കളി യാത്രക്കാര്‍ക്ക് കാണാതെയും ഇരിയ്ക്കാം. ഏതാണേലും ഖജനാവു വീര്‍പ്പിക്കുന്ന അവരേയും സര്‍ക്കാര്‍ പരിഗണിയ്ക്കേണ്ടെ? എല്ലാത്തിനും ഒരു മറുവശം കൂടി വേണ്ടെ?

Friday, November 22, 2013

അവര്‍ക്കും ഈ ഭൂമിയില്‍ ജീവിയ്ക്കാനവകാശം ഇല്ലേ?


ഞാനിന്നുവരെ വായിച്ച വാര്‍ത്തകളിലേയ്ക്കും വെച്ച് ഏറ്റവും അധികം തമാശ തോന്നിയ ഒരു വാര്‍ത്ത നിങ്ങളുമായി പങ്കു വെയ്ക്കട്ടെ. അതായത് നവംമ്പര്‍22 2013ല്‍ മാതൃഭൂമി ദിനപ്പത്രത്തില്‍ വന്നതാണ്.
അറവുശാലകളില്‍ മൃഗങ്ങളെ തലയ്ക്കടിച്ചു കൊല്ലുന്നവര്‍ക്കെതിരെ നിയമ നടപടി.

  അറവുശാലകളില്‍ മൃഗങ്ങളെ തലയ്ക്കടിച്ചു കൊല്ലുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. അതു വായിച്ചപ്പോള്‍ വളരെ ആശ്വാസം തോന്നി.ഇനി ആ മിണ്ടാപ്രാണികളെ കൊല്ലുകയില്ലല്ലോ എന്നു വിചാരിച്ചു. പക്ഷെ  തുടര്‍ന്ന് വാര്‍ത്തയുടെ ബാക്കിഭാഗം  വായിച്ചപ്പോള്‍ വളരെ വിചിത്രമായിട്ടു തോന്നി.
  അതായത് കാറ്റില്‍ഗണ്‍ ഉപയോഗിച്ച് തലയില്‍ വെടിവെച്ചുവണം മൃഗങ്ങളെ കൊല്ലാനെന്നും അതില്ലാത്ത അറവുശാലകളി‍ല്‍  മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് കഴുത്തുമുറിച്ച് കൊല്ലുന്നരീതി മാത്രമേ തുടരാവൂവെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതിന് തൊട്ടടുത്തവരി ഇതാണ്.
മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കുന്നത് സംബന്ധിച്ച നിയമം കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായാണ് കര്‍ശന നടപടിക്ക് തദ്ദേശസ്ഥാപനങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ഇങ്ങനെയാണോ ക്രൂരത അവസാനിപ്പിക്കുന്നത്. ? മൂര്‍ച്ചയേറിയ കത്തിവെച്ച് കഴുത്തുമുറിച്ച് അല്ലെങ്കില്‍ കാറ്റില്‍ഗണ്‍ ഉപയോഗിച്ച് തലയ്ക്ക് വെടിവെച്ചു കൊന്നാണോ
ക്രൂരത അവസാനിപ്പിയ്ക്കുന്നത്.
 മിണ്ടാപ്രാണികള്‍ക്ക് ചോദിയ്ക്കാനും പറയാനും സംഘടന ഇല്ലല്ലൊ. ഗവണ്‍മെന്‍റ് നിര്‍ദ്ദേശിക്കുന്നതുപോലെ കൊന്ന്അവയോടുള്ള ക്രൂരത അവസാനിപ്പിക്കുന്നത്രേ. ഇതൊരു നല്ല തമാശയല്ലെങ്കില്‍ മറ്റെന്താണ്.?
നമ്മുടെ പ്രിയകഥാകാരന്‍ വൈയ്ക്കം മുഹമ്മദു ബഷീറിന്‍റ വാക്കുകള്‍ ഞാനൊന്നു കടം കൊള്ളട്ടെ.
---- പൂക്കള്‍ക്കും പുഴുക്കള്‍ക്കും പ്രാണികള്‍ക്കും നാല്‍ക്കാലികള്‍ക്കും എല്ലാവര്‍ക്കും കൂടി ദൈവം ഉണ്ടാക്കിയതാണ് ഈ ഭൂമി. അല്ലാതെ ഇരുകാലി മൃഗങ്ങള്‍ക്കു മാത്രമുള്ളതല്ല.

Saturday, September 14, 2013

ഒരു ഓണക്കാലത്തിന്‍റെ ഓര്‍മ്മകള്‍  നിങ്ങള്‍ക്കെല്ലാവര്‍ക്കും  എന്‍റെ മനസ്സു നിറഞ്ഞ ഓണാശംസകള്‍!!!

നിങ്ങളിലാരെങ്കിലും ഇങ്ങനെയൊരു ഓണം അനുഭവിച്ചിട്ടുണ്ടോ എന്ന് എനിയ്ക്കറിയില്ല. അതുകൊണ്ടു തന്നെയാണ് ഞാനിതൊന്ന് എഴുതാമെന്നു വിചാരിച്ചത്. കാരണംഓണം ....  കുട്ടിക്കാലത്തെ എന്‍റ ഓണം ....ആഘോഷിയ്ക്കുകയല്ലായിരുന്നു. അനുഭവിയ്ക്കുകയായിരുന്നു..
  മധ്യ തിരുവിതാം കൂറിലെ ആലപ്പുഴജില്ലയിലെ പുന്നപ്രഗ്രാമത്തില്‍ അന്നത്തെ ഓണം എന്നു പറയുന്നത് വേറെങ്ങും ഇല്ലാത്ത കുറച്ച് ആചാരങ്ങളോടു കൂടിയായിരുന്നു.
വീട്ടിലെ പ്രായമാകാത്ത പെണ്‍കുട്ടികളായിരുന്നു പൂവിടുന്നത്. ഇന്നത്തെപോലെ നിലം പറ്റിയുള്ള അത്തപ്പൂവിടലായിരുന്നില്ല അത്.
അത്തം മുതലാണ് തുടങ്ങുന്നത്. മുറ്റത്ത്, അറവാതുക്കല്‍ എന്നാണ്പറയുന്നത്. കാരണം പണ്ടത്തെ വീടുകളുടെ അറയാണല്ലൊ പൂമുഖത്തിനോട് മുന്‍വശത്തായി കാണുന്നത്.അതുകൊണ്ട് അറവാതുക്കല്‍
നേരെ മുറ്റത്ത് വട്ടത്തില്‍ ചാണകം മെഴുകിയഒരു തറയിലാണ്പൂവിടുന്നത്. ഈര്‍ക്കിലിയില്‍ കോളാംബി പൂവ് കോര്‍ത്ത് അറ്റത്ത് ഒരു ചെമ്പരത്തിപൂവും കോര്‍ത്ത്   ഒരുകുട എന്നാണ്അതിനെ പറയുന്നത്. ഇത് തലേ ദിവസം രാത്രിയില്‍അല്ലെങ്കില്‍ അത്തത്തിന്‍റന്ന് വെളുപ്പിനെ തന്നെ തയ്യാറാക്കി വെയ്ക്കുന്നു.
വീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടി വെളുപ്പിനെ കുളിച്ചു വന്ന് പറമ്പില്‍ നിന്നും തുമ്പചെടിയുടെ കുടവും പൂവും തുളസിപൂവും ഒക്കെ പറിച്ചെടുത്ത് തേച്ചു വെളുപ്പിച്ച കിണ്ടിയില്‍ നിറയെ വെള്ളത്തില്‍  അത് ഇടുന്നു. കിണ്ടിവാലില്‍ പൂവിടാനുള്ള കുടവും കുത്തിവെയ്ക്കുന്നു. വീട്ടിലെ അമ്മുമ്മ ഉള്‍പ്പടെ എല്ലാവരുംവെളുപ്പിനെ തന്നെ എണീറ്റ് പൂവിടാനുള്ള അറവാതുക്കലെ ചാണകത്തറയുടെ മുന്‍പില്‍ നില്‍ക്കും  തേച്ചു മിനുക്കിയ നിലവിളക്ക് കത്തിച്ചുവെച്ച് സൂര്യനുദിച്ചു വരുമ്പോളേയ്ക്ക് സൂര്യനെ നോക്കി  ചാണകം മെഴുകിയ തറയുടെ ഒത്ത നടുക്കായി മൂന്നു പ്രാവശ്യം തുളസിയും തുമ്പപ്പൂവും ഇട്ടു തൊഴുതു പ്രാര്‍ത്ഥിക്കുന്നു. അതിന്‍റെ നടുക്കായി വായ്ക്കുരവയുടെ അകമ്പടിയോടെ പൂക്കുട എടുത്ത് കുത്തുന്നു. തറയിലുറപ്പിക്കുവാന്‍ മുതിര്‍ന്നവരും കൂടി സഹായിക്കുന്നു.
പൂക്കുടയുടെചുറ്റിനും പലനിറത്തിലുള്ള നാട്ടു പൂവ് വെച്ച് അലങ്കരിക്കുന്നു. പൂക്കളം അലങ്കരിയ്ക്കാന്‍ തെച്ചിയും ചെമ്പരത്തിയും തുമ്പപ്പൂവും നന്ത്യാര്‍വട്ടവും ഒക്കെയാണ് ഉപയോഗിക്കുന്നത്.
 ഇന്നത്തെ പോലെ  അന്യസംസ്ഥാനത്തുനിന്നും വരുന്ന ഒരുപൂവും ഉപയോഗിച്ചല്ല അന്ന് ഞങ്ങള്‍ പൂവിട്ടു കൊണ്ടിരുന്നത്. മുറ്റത്തുതന്നെകൊങ്ങിണിപൂവും  വാടാമല്ലിപൂവും ഒക്കെ ഉണ്ടാകും.
 അമ്മയും കുഞ്ഞമ്മയും അമ്മുമ്മയും അടങ്ങിയ ഒരു കൂട്ടു കുടുംബത്തിലെ നാലു പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയും അടങ്ങിയ വീട്ടിലായിരുന്നു എന്‍റെ  ഓണം .  ഏറ്റവും ഇളയ പെണ്‍കുട്ടി ആയതിനാല്‍എനിയ്ക്ക് പൂവിടാന്‍ കുറെ വര്‍ഷങ്ങള്‍ കിട്ടി എന്നു സന്തോഷത്തോടുകൂടി  പറയട്ടെ.
അങ്ങനെ അത്തം തുടങ്ങി ഉത്രാടം വരെ പൂക്കുടയുടെ എണ്ണവും കൂടിവരും ചിത്തിര നാളില്‍ രണ്ട് ചോതി മൂന്ന് അങ്ങനെ ഉത്രാടം ആകുമ്പോള്‍  ഈര്‍ക്കിലിയില്‍ കോര്‍ത്ത പൂക്കുടയുടെ എണ്ണം ഒന്‍പതാകും . എന്നും വെളുപ്പിനെ ചാണകത്തറ പുതിയ ചാണകം ഇട്ട് ഒന്നു കൂടി മെഴുകി ചാണകവെള്ളത്തില്‍ തളിയ്ക്കും. എന്നിട്ട് ആദ്യത്തെ ദിവസത്തിലെ പരിപാടികള്‍ എല്ലാം ആവര്‍ത്തിക്കും. അതിനു മുന്‍പായിതന്നെ വെളുപ്പിനെ മുറ്റവും തൂത്തു് തളിച്ചു കഴിയും എന്നും പ്രത്യേകം പറയട്ടെ.
 
ഉത്രാടത്തിന്‍റന്ന് രാത്രിയാകുമ്പോള്‍ ചാണകം മെഴുകിയ തറയുടെ ഒത്ത നടുക്കായി പൂക്കുടെ എല്ലാം മാറ്റി  ഒരു വലിയ കുഴി കുഴിയ്ക്കുന്നു. ഒരു കുലച്ച വാഴയുടെ   കുല വെട്ടി മാറ്റിയിട്ട്  ഏകദേശം ഒരാള്‍ പൊക്കത്തില്‍ പിണ്ടി  വെട്ടിയെടുത്ത് ആദ്യത്തെ കുറെ  വാഴപോള മാറ്റി കളഞ്ഞ് വൃത്തിയാക്കി ഈ കുഴിയില്‍ കുഴിച്ചിടുന്നു. കുഴിച്ചിട്ട് മണ്ണിനോട് ഉറപ്പിക്കുവാന്‍ കമുങ്ങിന്‍റെ തടിയിലുള്ള ആപ്പ്  അടിച്ചു കേറ്റുന്നു. ഭൂമിയുമായി പിണ്ടി ഉറപ്പിക്കുവാനാണ് ഈ ആപ്പടിച്ചു കയറ്റുന്നത്.

അങ്ങനെ കുഴിച്ചിട്ട പിണ്ടിയുടെ ചുറ്റിനും   വാഴപ്പോള വെച്ചുതന്നെ ഒരു സമചതുരം ഉണ്ടാക്കുന്നു.അതിനകം മുക്കാലിടം മണ്ണിട്ടു നിറയ്ക്കുന്നു. പിണ്ടിയുടെ അവിടവിടെയായി മെഴുകുതിരി കത്തിച്ചു വെയ്ക്കുവാന്‍ വേണ്ടി വാരി കഷണം കുത്തി  വെയ്ക്കുന്നു.
പിണ്ടി മുഴുവനും പൂക്കുടകൊണ്ട് അലങ്കരിയ്ക്കലാണ് അടുത്തത്. അതിനുള്ള പൂവ് നേരത്തെ തന്നെ പറിച്ച് തുഞ്ചാണിയിലും ( ഓലയുടെ അറ്റം) ഈര്‍ക്കിലിയിലും എല്ലാവരും കൂടി കോര്‍ത്ത് തയ്യാറാക്കി വെയ്ക്കും.  
ഒന്നു കൂടി വിശദമായി പറഞ്ഞാല്‍ മൂലം ആകുമ്പോഴെ അന്നൊക്കെ ചെറിയ ക്ലാസ്സില്‍ ഓണപ്പരീക്ഷ കഴിയും പിന്നീടുള്ള രണ്ടു ദിവസം ഞങ്ങള്‍ കുട്ടികളുടെ ജോലി പൂ പറിയ്ക്കലാണ്. ഞാനും ചേട്ടനും കൂടി  വലിയ മുപ്പറ കുട്ടയും ഒരു തോട്ടിയും ആയി പൂ പറിയ്ക്കാന്‍ പോക്കാണ്.വീടിന്‍റെ ഏകദേശം നാലു കിലോമീറ്റര്‍ ചുറ്റളവില്‍ കോളാംമ്പി കാട്ടിലും പള്ളി സെമിത്തേരിയിലും ഒക്കെയുള്ള കാട്ടു പൂവും നാട്ടുപൂവും   മൊട്ടും ഒക്കെ പറിച്ച് വീട്ടിലെ ഒരു മുറിയില്‍ ശേഖരിയ്ക്കും വാടാതിരിയ്ക്കുവാന്‍ വാഴയിലയില്‍ വെള്ളം തളിച്ച് അതിനു മുകളില്‍ നിരത്തിയിടും. അങ്ങനെ രണ്ടു ദിവസം  മുഴുവനും  ഇതു തന്നെയാണ് ജോലി.
ആ പ്രദേശത്ത് പൂവിടുന്ന വീട്ടിലെ എല്ലാ കുട്ടികള്‍ക്കും ഇതു തന്നെയാണ് ഓണപ്പരീക്ഷ കഴിഞ്ഞാലുള്ള പണി.
 പിന്നീട് പൂമാറ്റുവാന്‍ വരുമ്പോഴേയ്ക്കും ഉള്ള ഒരുക്കങ്ങളാണ്. അതായത് ഉത്രാടത്തിന്‍റെന്ന് രാത്രികഴിഞ്ഞ് തിരുവോണം തുടങ്ങുന്ന വെളുപ്പിനെയാണ് പൂമാറ്റുവാന്‍ ആളു വരുന്നത്. കുഴിച്ചിട്ട പിണ്ടി പൂക്കുട കൊണ്ട് അലങ്കരിച്ച് ഇടയ്ക്ക് മെഴുകുതിരിയും കത്തിച്ചു വെയ്ക്കും. പിണ്ടി ചുവട്ടിലുള്ള ചതുരത്തിനകത്ത് ചുവടോടെ പറിച്ച തുമ്പ ച്ചെടിയും മിച്ചം വന്ന പൂവും എല്ലാം കൂടി നിറയ്ക്കും. ഏകദേശം ഒരു പൂമെത്ത തന്നെ ആയിരിയ്ക്കും. പൂവട യുണ്ടാക്കി ഈ പൂവിനിടയില്‍ (പിണ്ടിച്ചുവട്ടിലെ) ഒളിപ്പിച്ചു വെയ്ക്കും . പൂവട എന്നു പറഞ്ഞാല്‍ അരിപ്പൊടി കൊണ്ടുള്ള അട. അകത്ത് ശര്‍ക്കരയും തേങ്ങയും ഒക്കെ വെച്ച് സ്വാദിഷ്ടമായ അടയാണ്. അത് 9,11,13 ഇതിലേതെങ്കിലും നമ്പരിലുള്ളതായിരിയ്ക്കും.

പിണ്ടിയുടെ അല്‍പ്പം മാറി കിഴക്കോട്ടായി ഒന്‍പത് ചാണകം മെഴുകിയതറ വീണ്ടും ഉണ്ടാക്കുന്നു.
പൂവടയുണ്ടാക്കുന്നതും ഒരു ചടങ്ങുതന്നെയാണ്. അമ്മയോ കുഞ്ഞമ്മയോ ആരെങ്കിലും കുളിച്ചുവന്ന് ഉരലിലിട്ട് അരി ഇടിച്ചുപൊടിച്ച് വറുത്ത് അപ്പോഴുണ്ടാക്കുന്നതാണ്. എന്നു പറഞ്ഞാല്‍ ഉത്രാടത്തിന്‍റെന്ന് ഏകദേശം പന്ത്രണ്ടുമണി രാത്രി കഴിയുമ്പോളാണ് ഈ കലാ പരിപാടികളെല്ലാം എല്ലാ വീട്ടിലുംഅരങ്ങേറുന്നത്.
 പൂമാറ്റുവാന്‍വരുന്ന വരവാണ് ഏറെ രസകരം. അതിന് പ്രത്യേകം ആള്‍ക്കാരുണ്ട്. അവര്‍ ചെണ്ട ചേങ്കില മേളത്തില്‍ പൂവിട്ടിരിയ്ക്കുന്ന എല്ലാ വീട്ടിലും എത്തുന്നു.അവര്‍ വന്നു കഴിഞ്ഞാല്‍ആദ്യത്തെ ചടങ്ങ് അത്തം മുതല്‍ പൂവിട്ടതുപോലെ ആ ഒന്‍പതു ചാണകം മെഴുകിയതറയിലും പൂവിടലാണ്. അതായത് ഏറ്റവും കിഴക്കേ അറ്റത്ത് ഒരു പൂക്കുട പിന്നെ രണ്ട് അങ്ങനെ കണക്കില്‍ പിണ്ടി  പത്താമത്തേത്.
 അപ്പോഴൊക്കെയും സൂര്യ ഭഗവാനെ വിചാരിച്ച് കിഴക്കോട്ടു നോക്കി ചാണകമെഴുക്കില്‍ പൂവിട്ട് തൊഴുതിട്ടാണ് പൂക്കുട കുത്തുന്നത്. വായ്ക്കുരവയും ചെണ്ട ചേങ്കില മേളവും അകമ്പടിയായിട്ടുണ്ടാകും.
 ഇനിയാണ്പൂമാറ്റലിന്‍റെ അവസാനത്തെ ചടങ്ങ്. അതായത് വില്ലും അമ്പും ആയി പൂമാറ്റാനുള്ള ആള്‍ ഒരു തലേക്കെട്ടും ഒക്കെയായി വന്ന് പിണ്ടിചുവട്ടില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന പുവട അമ്പെയ്ത് എടുത്ത് എറിയും സാമര്‍ത്ഥ്യമുള്ളവര്‍ അത് പിടിച്ചെടുത്ത് തിന്നും. ചിലപ്പോള്‍ ഈ പൂവട എല്ലാം കിട്ടണമെന്നില്ല.അപ്പോള്‍ വീട്ടുകാരോട് എത്രയെണ്ണം വെച്ചിട്ടുണ്ടായിരുന്നു എന്നു ചോദിയ്ക്കും കൃത്യ എണ്ണവും കുത്തിയെടുത്തിട്ടെ അടുത്ത വീട്ടിലോട്ട് പോകുകയുള്ളു.
ഇതാണ് പൂമാറ്റല്‍ ചടങ്ങ്.അതുകഴിഞ്ഞ് പിണ്ടി പിഴുന്ന ചടങ്ങാണ്. നാലാം ഓണത്തിന്‍റെന്ന് ഏകദേശം രാത്രി പത്തുമണിയടുപ്പിച്ചാണ് വരുന്നത്. അതും ചെണ്ടമേളത്തോടെ തന്നെയാണ്. കൊട്ടുമാത്രം ദ്രുത താളത്തിലായിരിക്കും.
 അടയ്ക്കാമരത്തിന്‍റെ തടിയുടെ ആപ്പടിച്ചുകേറ്റി ഭൂമിയില്‍ കുഴിച്ചിട്ടിരിക്കുന്ന പിണ്ടി പിഴുതെടക്കുവാന്‍ ഒരുകൂട്ടം ആള്‍ക്കാര്‍ നല്ല വണ്ണംപണിപ്പെടും.പിണ്ടി പിഴുതു കഴിഞ്ഞാണ് പൂമാറ്റിയതിനും പിണ്ടി പിഴുതതിനും കൂടിയുള്ള ദക്ഷിണ കൊടുക്കുന്നത്.
 ഒന്നിനും കണക്കു പറഞ്ഞല്ല മേടിയ്ക്കുന്നത്.വീട്ടുകാര്‍ കൊടുക്കുന്നതെന്തും സന്തോഷത്തോടെ വാങ്ങി  വീണ്ടും അടുത്ത ഓണത്തിനായിഅവര്‍ യാത്ര പറയുമ്പോള്‍ മനസ്സില്‍ അത്തവണത്തെ ഓണം പൊയ് പോയതിലുള്ള നല്ല വിഷമവും ഉണ്ടായിരിക്കും.
ഇന്ന് ഈ ചടങ്ങുകളൊന്നുമില്ലാതെ പൂവിടല്‍  പോലും അന്യം നിന്ന് പോയ ഗ്രാമത്തിന്‍റെ നിര്‍ജ്ജീവമായ  മുഖമാണ് കാണാന്‍ കഴിയുന്നത്.
ഓരോ ഓണം വരുമ്പോളും നഷ്ടപ്പെട്ടു പോയആ നല്ല നാളുകള്‍ ഇങ്ങിനി വരാത്തവണ്ണം പോയി മറഞ്ഞല്ലോ എന്ന ദുഃഖം മനസ്സില്‍ വന്നു നിറയുന്നു.
പക്ഷെ ഇത്തവണത്തെ ഈ നഗര ഓണം എന്നെ സംബന്ധിച്ച് ഏറെ സന്തോഷം പകരുന്നു. എന്തെന്നാല്‍  ആ കാര്യങ്ങളെല്ലാം  പരസ്പരം പറഞ്ഞ് ആസ്വദിച്ച് ഓണം കൊണ്ടാടാന്‍എന്‍റെ 91 വയസ്സായ അമ്മ ഇവിടെ കൂടെ  ഉള്ളതുകൊണ്ട്  വീണ്ടും കുട്ടിക്കാലത്തിലേയ്ക്ക് ഞാനൊന്നുകൂടിപോയി വന്നു.    അന്നത്തെ ഓണത്തിന്‍റെ ഒരു പ്രതീതി എന്നിലുളവാക്കി.ഞങ്ങളു രണ്ടുപേരും കൂടി ഉപ്പേരിയും ശര്‍ക്കരവരട്ടിയും ഒക്കെ ഉണ്ടാക്കി ഓണത്തപ്പനെ വരവേല്‍ക്കാന്‍ ഇന്ന് പൂരാടത്തിന്‍ നാളിലേ ഒരുങ്ങി കഴിഞ്ഞു.
   ഒരിയ്ക്കല്‍കൂടി നിങ്ങള്‍ക്കെല്ലാവര്‍ക്കും  എന്‍റെ മനസ്സു നിറഞ്ഞ ഓണാശംസകള്‍!!!

Friday, August 16, 2013

നഗരത്തിലെ വിരുന്നുകാര്‍

പറയാതെ എത്തുന്ന വിരുന്നുകാരോട്പണ്ടേ എനിയ്ക്ക് വിരോധമാണ്. എപ്പോഴും വിചാരിയ്ക്കും ഈ വിരുന്നുകാര്‍ക്ക് ഒരു സൂചനയെങ്കിലും തന്നാലെന്തെന്ന്. പണ്ടുതൊട്ടേ. എന്‍റെ വീട്ടില്‍ പറയാതെ എത്തുന്ന ഒരേ ഒരു അതിഥി എന്‍റെ അച്ഛനായിരുന്നു. നാട്ടില്‍നിന്നും  അവസാനത്തെ വണ്ടിയ്ക്ക് കയറി ഇങ്ങെത്തുമ്പോള്‍ ഏകദേശം  രാത്രി പത്തുമണിയെങ്കിലും ആകും. അച്ഛനായതിനാല്‍ വിരുന്നുകാരനായി കരുതുവാന്‍ പാടില്ലല്ലോ. വീട്ടുകാരനല്ലെ.
 അച്ഛന്‍ പണ്ടും അങ്ങനെതന്നെയായിരുന്നു. രാത്രികാലങ്ങളില്‍ പലപ്പോഴും നാലും അഞ്ചും കൂട്ടുകാരുമായിട്ടായിരിക്കും വീട്ടിലെത്തുക. പാഞ്ചാലിയുടെ അക്ഷയപാത്രം പോലെ മണിക്കൂറുകള്‍ക്കകം അവര്‍ക്കു വേണ്ടുന്ന ഭക്ഷണം  കരിയടുപ്പില്‍ വെച്ച് പാകംചെയ്ത് വിളമ്പുന്ന
ആ വിദ്യ അമ്മയ്ക്കു മാത്രം സ്വന്തം. അതിനെയാണ് പഴമക്കാര്‍ കൈപ്പുണ്യം എന്നൊക്കെ പറയുന്നത്.

 എത്രയൊക്കെ ശ്രമിച്ചിട്ടും  എല്ലാ ആധുനികസൌകര്യവും ഉള്ള  നഗരത്തിലെ എന്‍റെ
അടുക്കളയില്‍ നിന്നും അത്രയും സ്വാദുള്ള ഭക്ഷണം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചിട്ടില്ല...

കാലയവനികയ്ക്കുള്ളില്‍എല്ലാം ഓര്‍മ്മകളാക്കി അച്ഛന്‍ മണ്‍മറഞ്ഞു. വല്ലപ്പോഴുമൊക്കെ അതൊക്കെ അയവിറക്കി  സായംസന്ധ്യയോടടുത്ത ജീവിതത്തിന്‍റെ മണല്‍പ്പരപ്പില്‍ വന്നു വീഴുന്ന ഇരുട്ടിനെ വരവേല്‍ക്കാന്‍ ഒരുങ്ങി  തറവാട്ടിലെ വീട്ടില്‍ അമ്മയും.

   മഴമാറി വന്ന വെയിലിനെ നോക്കി ചെടിച്ചട്ടിയിലെ മുല്ലവള്ളിയില്‍  അലസമായി കണ്ണുകള്‍ പായിച്ചു. ഒരിയ്ക്കലും കേള്‍ക്കാത്ത ആ ശബ്ദത്തിന്‍റെ ഉടമയെ തേടുകയായിരുന്നു. നഗരത്തില്‍ വന്നിട്ട് ആദ്യമായിട്ടാണ്  ആ ശബ്ദം  കേള്‍ക്കുന്നത്.പണ്ട് ഗ്രാമത്തിലെ കിളിമരത്തില്‍ വര്‍ഷാവര്‍ഷം കേട്ടു കൊണ്ടിരുന്ന അതേ ശബ്ദം.. കാതില്‍ ഉറങ്ങിക്കിടന്ന ശബ്ദത്തിന്‍റെ ഉടമയെ കണ്ടപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി.

കെട്ടുപിണഞ്ഞു ടെറസിലേക്കു പടര്‍ന്നു  കിടന്ന സാമാന്യം വലിയൊരു മുല്ലവള്ളിപ്പടര്‍പ്പിലായിരുന്നു അവള്‍. നിറയെ പച്ചിലകളും  അവിടവിടെയായി മൊട്ടുകളും പൂക്കളും. കാറ്റടിയ്ക്കുമ്പോള്‍ മാദകഗന്ധം തന്നിരുന്ന ആ മുല്ലവള്ളികളിലെ  മൊട്ടുകളെ  ഒരിയ്ക്കലും ഇറുത്തെടുത്തിട്ടില്ല. സന്ധ്യക്ക് വിരിഞ്ഞുവരുമ്പോള്‍ മുല്ലപ്പൂ പരത്തുന്ന ആ ഗന്ധം  കുട്ടിക്കാലത്തിലേയ്ക്ക് എന്നെ തിരികെ കൊണ്ടു പോകും. കണ്ണടച്ച് ഗന്ധം ആസ്വദിയ്ക്കുന്നതിനൊപ്പം കുറച്ച് മധുരിയ്ക്കുന്ന ഓര്‍മ്മകളും ആ മണത്തോടൊപ്പം മനസ്സിലേയ്ക്ക് ആവാഹിച്ചെടുക്കും. അതിനെ താലോലിച്ച് കുറെ സമയം അങ്ങനെ കണ്ണടച്ചിരിയ്ക്കും.

 മുല്ലവള്ളിപ്പടര്‍പ്പിലും  തൊട്ടുരുമ്മി നിന്ന മഞ്ഞ പൂച്ചെടിയിലും വിരുന്നുകാരന്‍ തത്തിക്കളിച്ചു. ഇടയ്ക്കിടയ്ക്ക് ക്വക്‍..ക്വക്‍.. കീയോ...എന്ന് മനോഹരമായ ശബ്ദവും പുറപ്പെടുവിച്ചു. ഇത്രയും ചെറിയ ഒരു ശരീരത്തില്‍ നിന്നും വരുന്ന ഊര്‍ജ്ജസ്വലതയാര്‍ന്ന ആശബ്ദം  ശ്രവിച്ചപ്പോള്‍എന്നിലും അതിന്‍റെ തരംഗങ്ങള്‍ അലയടിച്ചതുപോലെ തോന്നി.

 വയറിനടിയിലെ വെള്ളനിറവും, ചാരക്കളറിലെ ചിറകുകളും, ശബ്ദത്തിനൊപ്പം ചെറുതായി ചലിപ്പിക്കുന്ന ചെറിയ കുഞ്ഞുവാലുമായി ആ അടയ്ക്കാക്കുരുവി മുല്ലവള്ളിപ്പടര്‍പ്പിലും പൂച്ചെടിയിലും മാറി മാറി തത്തിക്കളിച്ചുകൊണ്ടിരുന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ പ്രിയതമയെ കാണാതെ പ്രണയ പരവശനായി അന്വേഷിച്ചു നടക്കുന്ന കാമുകനെപ്പോലെ അതിന്‍റെ ഇണക്കുരുവിയും ക്വക്‍..ക്വക്‍... കീയോ ശബ്ദവും പുറപ്പെടുവിച്ച് മുല്ലവള്ളിയിലേക്ക് പറന്നുവന്നു  തത്തിക്കളിക്കാന്‍ തുടങ്ങി.. ചുള്ളിക്കമ്പു പോലുള്ള അവരുടെ കാലുകളുടെ ബലവും മുരിയ്ക്കിന്‍മുള്ളുപോലെ ഒട്ടിച്ചു വെച്ച കൊക്കുകളും ഒക്കെ നിരീക്ഷിച്ചുകൊണ്ട് ഒരു പക്ഷിനിരീക്ഷകനെപോലെ അവയെ തന്നെ കണ്ണുകള്‍ പിന്‍തുടര്‍ന്നു. അവരുടെ ആ വരവില്‍ ഒരു നിഗൂഢത ഒളിഞ്ഞിരിക്കുന്നതായി എനിയ്ക്കു തോന്നി.
സന്ധ്യ മയങ്ങിയതിനാല്‍ അന്നത്തെ നിരീക്ഷണം അവസാനിപ്പിച്ചു. അപ്പോഴും ആഇണക്കുരുവികള്‍
അവിടൊക്കെ പരതി പറന്നുകൊണ്ടിരുന്നു. പുതിയ വിരുന്നുകാര്‍ രാത്രി എവിടെ
തങ്ങും ?വന്നിടത്തേയ്ക്കുതന്നെ തിരികെ പോകുമോ... നാളെ വീണ്ടും എത്തുമോ.. എന്നു തുടങ്ങി പലപല ചിന്തകള്‍  എന്നെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ഒരിയ്ക്കലും തിരികെ കിട്ടുകയില്ലയെന്നു കരുതിയ സാധനം തിരികെക്കിട്ടിയ  പോലുള്ള  ഒരു സന്തോഷം മനസ്സിനെ കീഴടക്കിക്കഴിഞ്ഞിരുന്നു.

പിറ്റെന്നു കാലത്ത് എണീറ്റുകഴിഞ്ഞ് നേരെ വാതുക്കലേയ്ക്കാണു പോയത്.മുല്ലവള്ളി നിറയെ വെളുത്ത പൂക്കള്‍ . കറുത്ത ആകാശത്ത് നിശയുടെ ഇരുളില്‍ ഉദിച്ചുനില്കന്ന നക്ഷത്രങ്ങളേപ്പോലെ  പച്ച ഇലയുടെ ഇടയ്ക്കിടയ്ക്ക് ആ വെളുത്ത പൂക്കള്‍  ശോഭിച്ചുനിന്നു.
ഒരു കവിഹൃദയം തനിയ്ക്കുണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ ഒരു കവിത പൊട്ടി വിടരുമായിരുന്നെന്നു തോന്നി..
 പൂവിന്‍റെ ഭംഗി ആസ്വദിച്ചുനില്‍ക്കുമ്പോള്‍ത്തന്നെ തലേന്നത്തെ വിരുന്നുകാരുടെ ശബ്ദം മുല്ലപ്പടര്‍പ്പിനിടയില്‍നിന്നും കേള്‍ക്കായി.വള്ളിക്കുടിലില്‍ യഥേഷ്ടം വിഹരിക്കുന്ന പ്രണയജോടികളെ കണ്ടപ്പോള്‍ മനസ്സിലല്‍പ്പം അസൂയ തോന്നാതിരുന്നില്ല. കണ്വാശ്രമത്തിലെ വള്ളിക്കുടിലില്‍ പ്രണയ പരവശരായി നിന്ന ശാകുന്തളത്തിലെ ദുഷ്ഷന്തനും ശകുന്തളയും  മനോമുകുരത്തില്‍ മിന്നിമറഞ്ഞു.

ക്വക്‍..ക്വക്‍.ശബ്ദവും പുറപ്പെടുവിച്ച് വള്ളിക്കുടിലില്‍ നിന്നും പുറത്തുവന്ന്  എവിടേയ്ക്കോ രണ്ടും കൂടി തിരക്കിട്ടു പറന്നുപോയി. തലേന്നു രാത്രി അവിടെയായിരിക്കും അന്തിയുറങ്ങിയതെന്നെനിയ്ക്കുതോന്നി.
 എന്നോ നട്ടു നനച്ചു വളര്‍ത്തിയ  ആ ചെടിയ്ക്ക്  സാഫല്യം കിട്ടിയതു പോലെ . അത് ഒന്നു കൂടി തലയെടുപ്പോടെ നിന്നു.
അവ പറന്ന് പോയ്ക്കളഞ്ഞതായിരിക്കുമോ..തിരികെ വരുമോ എന്നൊക്കെയുള്ള ഒരു സന്ദേഹം എന്‍റെ മനസ്സിനെ അലട്ടാതിരുന്നില്ല. അകത്ത്  ജോലിയിലായിരിക്കുമ്പോഴും എന്‍റെ ശ്രദ്ധ  മുറ്റത്തെ മുല്ലവള്ളിയിലായിരുന്നു. കുറെ സമയം കഴിഞ്ഞപ്പോള്‍ വീണ്ടും  കുരുവിയുടെ ക്വക്‍..കീയോ ശബ്ദം കേട്ടു തുടങ്ങി.
തിരികെ വന്നതറിഞ്ഞപ്പോള്‍  കുളിര്‍തെന്നല്‍ തഴുകി തലോടിയ    ആശ്വാസം ! ഇണകളായ ആ അടയ്ക്കാകുരുവികളോട് പ്രത്യേകമായ ഒരടുപ്പം. മനസ്സിലെവിടെയോ അവ കൂടുകൂട്ടിയതുപോലെ....

രണ്ടു ദിവസം  പുതിയ അതിഥികളെ ശ്രദ്ധിയ്ക്കാന്‍ ഒട്ടും സമയം കിട്ടിയില്ല. അടുത്ത ദിവസം
ജോലിയെല്ലാം കഴിഞ്ഞ് വിശ്രമത്തിനായി വരാന്തയില്‍ ഇരിയ്ക്കുമ്പോളാണ് അത്യപൂര്‍വ്വമായ ആ കാഴ്ചകണ്ടത്.. മുല്ല വള്ളികളുടെ  ഇടയില്‍ എന്തോ ഒന്ന് സ്ഥാനം പിടിച്ചിരിക്കുന്നു.. സൂക്ഷിച്ചു നോക്കി. കണ്ണുകളെ വിശ്വസിയ്ക്കാനായില്ല..
വര്‍ഷങ്ങള്‍ക്കു മുന്‍പ്  നാട്ടിലെ കിളിമരത്തില്‍ കണ്ട അതേ കാഴ്ച. ഇണക്കുരുവികള്‍ ചെറിയ ഒരു കൂട് കൂട്ടുന്നതിനുള്ള പ്രാരംഭപണികള്‍ തുടങ്ങിയിരിക്കുന്നു. ഏകദേശം പകുതി ആയിക്കഴിഞ്ഞിരിക്കുന്നു. ചുണ്ടില്‍ കൊത്തിയെടുത്ത ചകിരിനാരും പഞ്ഞിത്തുണ്ടും ഒക്കെയായി രണ്ടുപേരും മാറി മാറി വന്ന് കൂടു കൂട്ടുന്ന അത്യപൂര്‍വ്വമായ കാഴ്ച കാണാന്‍ അവര്‍ കാണാതെ വരാന്തയിലൊരു കള്ളനെ പോലെ ഞാന്‍ പതുങ്ങി ഇരുന്നു.
 ഞാന്‍ വീണ്ടും ബാല്യത്തിലേയ്ക്ക് തിരിച്ചുപോയതുപോലെ തോന്നി.
രണ്ടു മൂന്നു ദിവസം കൂടി കഴിഞ്ഞപ്പോള്‍ കൂട് പണി തീര്‍ന്നു. ഇണക്കുരുവികള്‍ സ്വന്തം അദ്ധ്വാനത്തില്‍ പടുത്തുയര്‍ത്തിയ ആ കുഞ്ഞിക്കൂടിനെ ചുറ്റിപ്പറന്ന് ബാക്കി അറ്റ കുറ്റപ്പണികളും തീര്‍ത്തു്  പാലു കാച്ചലും ആര്‍ഭാടവും ഇല്ലാതെ അതിനകത്ത് പ്രവേശിച്ച് അവ അന്തിയുറങ്ങിയ അത്യപൂര്‍വ്വമായ കാഴ്ചയും ഞാനന്ന് സന്ധ്യക്കു കണ്ടു.
രണ്ട് ഇണകളുടെ സ്വകാര്യജീവിതത്തിലേയ്ക്കുള്ള ഒരു ഒളിനോട്ടം ആയിരുന്നതിനാല്‍ തെല്ലൊരു കുറ്റ ബോധവും എനിയ്ക്കുണ്ടായി.
 കൂടു കൂട്ടി യതെന്തിനാണെന്ന് എനിക്കൂഹിക്കാമായിരുന്നതിനാല്‍ ഞാന്‍ വീണ്ടും അവയെ  ശ്രദ്ധിച്ചു കൊണ്ടിരുന്നു. ഇപ്പോളെനിയ്ക്ക് ആ കൂടിനു മേല്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടിയും വന്നു. എന്‍റെ വീട്ടില്‍ വന്ന് താമസമാക്കിയ അവരുടെ സുരക്ഷിതത്വം മുഴുവനും ഇപ്പോള്‍  എന്‍റെ ഉത്തരവാദിത്തമാണല്ലൊ. അതു വഴിയെങ്ങാനും ഒരു പട്ടിയോ  പൂച്ചയോ കാക്കയോ കടന്നുവരുകയാണെങ്കില്‍ ഒരു മുന്‍കരുതല്‍ പോലെ ഞാനവയെ ആട്ടി ഓടിയ്ക്കും.
അധികം താമസിയാതെ ഇണക്കുരുവികളില്‍ ഒരെണ്ണം അതിനകത്തു തന്നെ ഇരിപ്പായി.  ഇടയ്ക്ക് എപ്പോഴെങ്കിലും ഒന്ന് പറന്നു പുറത്തുപോകും, അധികം വൈകാതെ തിരിച്ചെത്തും.

 അങ്ങനെ പുറത്തു പോയ ഒരവസരത്തില്‍ ഞാനാ കൂട്ടിലേയ്ക്കൊന്ന് പാളി നോക്കിയപ്പോള്‍എന്‍റെ സംശയം അസ്ഥാനത്തായില്ല. .അതിനകത്ത് പവിഴമുത്തുപോലെ മനോഹരമായ രണ്ടു കുഞ്ഞു മുട്ടകള്‍.
 പെട്ടെന്നു തന്നെ എവിടെയോ ഇരുന്ന ഇണക്കുരുവികളിലൊന്ന്  വളരെ ഉച്ചത്തില്‍ ശബ്ദം വെച്ച് കരഞ്ഞുകൊണ്ട് മുല്ല വള്ളിപ്പടര്‍പ്പിനു ചുറ്റിനും  ചിറകടിച്ച് അപായസൂചനയെന്നവണ്ണം പറന്ന് ഇണയെ വരുത്തി. ഇണക്കുരുവിയുടെ കരുതലില്‍   ഞാനല്പം നാണിച്ചു പോയി എന്നുതന്നെ പറയാം.
ഞാനെളുപ്പം വീടിനകത്തേയ്ക്ക് പോന്നു.  കുരുവികള്‍ സ്വസ്ഥമായി ഇരുന്നോട്ടെയെന്നു കരുതി പിന്നെ ഞാനതിനടുത്തേയ്ക്ക് പോയതേ ഇല്ല. ഏതാനും ദിവസങ്ങളും കൂടി കഴിഞ്ഞ് ഒരു ഉച്ച നേരത്താണ്  ഞാനാ കാഴ്ച കണ്ടത്. രണ്ടു കുരുവികളും മാറി മാറി  ചുണ്ടില്‍ തീറ്റയുമായി മുല്ലവള്ളിക്കുടിലിനകത്തേയ്ക്ക് പോകുന്നു. രണ്ടു കുഞ്ഞിപ്പക്ഷികളുടെ  നേര്‍ത്ത കരച്ചില്‍ കൂട്ടിനുള്ളില്‍ നിന്നും കേട്ടു. ഒഴിഞ്ഞചുണ്ടുമായി ആ ഇണക്കുരുവികള്‍ പറന്നകന്ന്  വീണ്ടും തീറ്റ കൊണ്ടുവന്ന് കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്ന അത്യപൂര്‍വ്വമായകാഴ്ച  ഞാന്‍ വളരെ ആസ്വദിച്ചു.

 ഒന്നും കരുതിവെയ്ക്കാതെ അപ്പോഴപ്പോള്‍ കിട്ടുന്ന തീറ്റയിലൊരംശം തിന്ന് ബാക്കി  സ്വന്തം കുഞ്ഞുങ്ങള്‍ക്കും കൂടി കൊടുത്ത് അവയെ  വളര്‍ത്തിയെടുക്കുന്ന പ്രകൃതിയുടെ നിയതമായ സത്യത്തിലേയ്ക്ക് വിരല്‍ ചൂണ്ടുന്ന  അത്യത്ഭുതകരമായ  കാഴ്ച. ഒരു നിമിഷം  ചിന്തയിലാണ്ട എന്‍റെ ഉള്ളില്‍ പഴയ പാട്ടിന്‍റെ ഈരടികള്‍ പൊന്തി വന്നു.....ആകാശത്തിലെ പറവകള്‍ വിതയ്ക്കുന്നില്ല...കൊയ്യുന്നില്ലാ...കളപ്പുരകള്‍ കെട്ടുന്നില്ലാ...
ശരിയാണ്. നാളേയ്ക്കു കരുതിവെയ്ക്കാതെ.അവ എത്ര സന്തോഷത്തോടെ ജീവിയ്ക്കുന്നു !

പൂച്ചയേയും കാക്കയേയും ഒക്കെ ഓടിച്ചുവിട്ടപ്പോളാണ് കുരുവിക്കൂടിനടുത്തുകൂടെ അടുത്ത ഒരു  ശത്രു മന്ദം മന്ദം അടിവെച്ചടിവെച്ചു നടക്കുന്ന കാഴ്ച കണ്ടത്.
തീക്കനല്‍ പോലെ തിളങ്ങുന്ന കണ്ണുകളും കാവി പുതച്ച ശരീരവുമായി നടന്നുനീങ്ങുന്ന ഉപ്പന്‍. ഏന്തിയും വലിഞ്ഞും മുല്ലവള്ളിയിലോട്ട്   നോട്ടമിട്ടപ്പോഴേയ്ക്കും സുരക്ഷിതവലയം തീര്‍ക്കുന്ന സുരക്ഷാഭടന്‍റെ വൈദഗ്ദ്ധ്യത്തോടെ ഞാന്‍  ഉപ്പനെ ആട്ടിയകറ്റി.
. പക്ഷികളില്‍ കണികാണാന്‍ ശ്രേഷ്ഠനായ തന്നെ ഇവള്‍ ആട്ടിയകറ്റുന്നുവോ എന്ന ചോദ്യ ഭാവത്തോടെ എന്നിലേയ്ക്ക് ആ തീക്കണ്ണു കൊണ്ടൊരു നോട്ടമിട്ടിട്ട്
ദേഷ്യഭാവത്തില്‍ പറന്നു പോകുന്ന പോക്കില്‍ മുറ്റത്ത് കാഷ്ടമിട്ട് പ്രതിഷേധം രേഖപ്പെടുത്തി .ഉപ്പന്‍ പോയതിനു പിന്നാലെ  അതുവരെ എവിടെയോ പതുങ്ങിയിരുന്ന ഇണക്കുരുവി ക്വക്‍..കീയോ ശബ്ദവും പുറപ്പെടുവിച്ച് കടന്നുവന്നു. ശത്രു പ്രബലനായതിനാല്‍ എതിര്‍ക്കാന്‍    പോകാതിരിക്കുന്നതാണ് ബുദ്ധി എന്ന തത്ത്വം കുരുവി മനസ്സിലാക്കിയിരിക്കുന്നു.
 പിന്നീടുള്ള എന്‍റെ വിശ്രമസമയമത്രയും മുല്ലവള്ളിപ്പടര്‍പ്പിലെ കൂടിനും   കുരുവിക്കുഞ്ഞുങ്ങള്‍ക്കും മാത്രമുള്ളതായി. സൃഷ്ടിയും പരിപാലനവും വളര്‍ത്തലും എല്ലാം എന്‍റെ ജീവിതചക്രത്തില്‍ ഒരിയ്ക്കല്‍ കൂടി വന്നുപെട്ട ഒരനുഭൂതിയില്‍ ലയിച്ച് ഞാനവയുടെ കൂടെ വേറെ ഏതോ ഒരു ലോകത്തു തന്നെയായിരുന്നു. ഇണക്കുരുവികള്‍ കാണാതെ അവയുടെ കൂട്ടിലേയ്ക്ക് വല്ലപ്പോഴും ഞാനൊന്ന് എത്തിനോക്കുമായിരുന്നു. കുന്നിക്കുരുവിന്‍റെ കറുത്ത കണ്ണുപോലെയുള്ള  കണ്ണുകളും കുഞ്ഞിച്ചുണ്ടുകളും  ഉള്ള അവയുടെ തല വെളിയിലേയ്ക്ക് കുറച്ചു കൂടി വ്യക്തമായി  കാണാന്‍  സാധിച്ചു.
 കുളിപ്പിയ്ക്കാന്‍  പതിച്ചിയില്ലാതെ...ബേബി സോപ്പും ഓയിലും പൌഡറും ഇട്ടുള്ള പരിലാളനയില്ലാതെ താരാട്ടു പാട്ടില്ലാതെ.. പ്രകൃതിയുടെ മടിത്തട്ടിലേക്ക്  പിറന്നുവീണ രണ്ടു കുഞ്ഞുങ്ങള്‍ .അവയുടെ നിഷ്ക്കളങ്കമായ നോട്ടം..
ഒരു ദിവസം രാവിലെ പതിവുകാഴ്ച കാണാനെത്തിയഎനിക്ക്  മുല്ലവള്ളിപ്പടര്‍പ്പിലെ കൂട് ഒഴിഞ്ഞു കിടക്കുന്നതാണു കാണാന്‍കഴിഞ്ഞത്.
അങ്ങകലെ എവിടെയോ ക്വക്‍..കീയോ ശബ്ദംകേട്ട ഞാന്‍ എത്തിവലിഞ്ഞ് അടുത്ത പറമ്പിലെ മുള്‍ ചെടിപ്പടര്‍പ്പിലേയ്ക്ക് കണ്ണുകള്‍  പായിച്ചു. കുഞ്ഞിച്ചിറകുകളുമായുള്ള രണ്ടു കുരുന്നുകളെ പറക്കലിന്‍റെ പ്രാഥമിക പാഠങ്ങള്‍ പഠിപ്പിച്ചുകൊണ്ട് ആ ഇണക്കുരുവികള്‍.   മുള്‍ച്ചെടിപ്പടര്‍പ്പില്‍ത്തന്നെ ആദ്യ പാഠങ്ങള്‍ പഠിപ്പിക്കുന്ന ആ രക്ഷിതാക്കളുടെ  കരുതല്‍.സ്വന്തം സന്താനങ്ങളുടെ ഭാവിജീവിതത്തിന്‍റെ അടിത്തറ ഭദ്രമാക്കിയ അഭിമാനം അവയുടെ ക്വക്‍ ക്വക്‍..കീയോ ശബ്ദത്തില്‍ നിഴലിച്ചിരുന്നു.

പരിശീലനപ്പറക്കലിനുശേഷം കുഞ്ഞുങ്ങളേയും കൊണ്ട് അങ്ങകലേയ്ക്കു പറന്നു പോയ ഇണക്കുരുവികള്‍ പോയ വഴിയേ നോക്കിനില്‍ക്കുമ്പോള്‍ മനസ്സിലെ നൊമ്പരക്കൂട്ടിനുള്ളില്‍  അകലേയ്ക്കു പറന്നകന്ന മക്കളുടെ ചിത്രങ്ങള്‍ തെളിഞ്ഞു വന്നു.ഒപ്പം, തടവറയ്ക്കുള്ളിലെന്നപോലെയുള്ള  തന്‍റെ ദിനരാത്രങ്ങളും.

Friday, July 5, 2013

വിഷകന്യകമാര്‍ വിരുന്നൂട്ടുന്നു.

പണ്ടൊക്കെ ഗ്രാമ പ്രദേശങ്ങളില്‍ പാതിരാപ്പടം എന്നു പറഞ്ഞാല്‍ സെക്കന്‍ ഷോ കാണാന്‍ നല്ല തിരക്കായിരിക്കും.കൂടുതലും പുരുഷന്മാരാണ്  പോകുന്നതും. നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ വീടും കുടിയുമായി താമസിയ്ക്കുന്നവര് പോകാറില്ല. കാരണം പടത്തിന്‍റ പകുതി ഷോകഴിയുമ്പോള്‍ പിന്നെ ബാക്കി പകുതിയില്‍  ഒരു നീലചിത്രത്തിന്‍റെ ഭാഗങ്ങളായിരിക്കും. അതും ഡോസു വളരെ കുറച്ചു മാത്രം.
 പക്ഷെ ഇപ്പോള്‍ നമ്മുടെ സ്വീകരണ മുറിയിലെപ്പോഴും നമ്മള്‍ കണ്ടും കേട്ടും ഇരിയ്ക്കുന്നതത്രയും ഈ നീലപ്പട വിശേഷങ്ങളാണ്. നമ്മുടെ സംസ്ക്കാരം ഇത്രയ്ക്കും അധഃപ്പതിച്ചു പോയതില്‍ ലജ്ജ തോന്നുന്നു.

കിടപ്പറ രഹസ്യങ്ങളുടെ ചിത്രങ്ങളും ന്യൂസുകളും കൊണ്ട് നമ്മുടെ ചാനലുകള്‍ സമ്പന്നമായിരിക്കുന്നു.കേരളം സംസ്ക്കാരസമ്പന്നമായ ദൈവത്തിന്‍റെ സ്വന്തം നാട്.
 നമ്മുടെ പിഞ്ചു കുട്ടികള്‍ വരെഇതു കണ്ടു കൊണ്ടിരിക്കുന്നതാണ്ഏറെ കഷ്ടം.
കഴിഞ്ഞ ദിവസംഎന്‍റെഅയല്‍ക്കാരി എന്നോടു പറഞ്ഞത്   ചേച്ചി ചാനലുകള്‍ കണ്ടും കേട്ടും എന്‍റെ കുട്ടികള്‍ അനാട്ടമി  തിയറി മുഴുവനും പഠിച്ചു കഴിഞ്ഞു. ഇനി മെഡിസിനു പോകുകയാണെങ്കില്‍ പ്രാക്ടിക്കലുമാത്രം ചെയ്താല്‍ മതിയെന്നാണ്.
പൂമ്പാറ്റ തേന്‍ കുടിയ്ക്കാന്‍ പൂവിനു ചുറ്റും പറക്കുന്നതു പോലെയാണ് കുട്ടികളിപ്പോള്‍ ചാനലുകള്‍ മാറ്റി മാറ്റി കിടപ്പറ രഹസ്യങ്ങള്‍ കണ്ടും കേട്ടും രസിയ്ക്കുന്നത്.
അതുപോലെ തന്നെ വെട്ടിപ്പിന്‍റെയും  തട്ടിപ്പിന്‍റെയും നൂതന വശങ്ങളും.
  പണ്ട്  രാജഭരണകാലത്ത് ശത്രുരാജാവിനെ യുദ്ധത്തില്‍ തോല്‍പ്പിയ്ക്കാന്‍ പറ്റാത്ത  അവസ്ഥ വരുമ്പോള്‍ വിഷകന്യകമാരെ അയച്ച് ദംശിപ്പിച്ച് കൊല്ലുന്ന ഒരു പതിവ് ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്.അതിന്  സൌന്ദര്യമുള്ള മദാലസകളെ തിരഞ്ഞെടുത്ത് വിഷകന്യകമാരാക്കി പരിശീലനം നല്‍കിയിരുന്നത്രേ.
കേരളത്തില്‍ ഇപ്പോള്‍ ആ ഒരു സ്ഥിതി വിശേഷമാണ് കാണുന്നത്.

സര്‍ക്കാര്‍ ജനങ്ങളോട് പ്രതിബദ്ധതയില്ലാതെ അവരുടെ പ്രശ്നങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കാതെ ഗ്രൂപ്പു വഴക്കും ഫോണ്‍ ചോര്‍ത്തലുമായി അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരി എറിയുന്നു.  അതിനകത്ത്
ജയം നേടുവാനായി വിഷ കന്യകമാരേയും ഉപയോഗിക്കുന്നു. വിഷ കന്യകമാര്‍ ഭരണം കയ്യാളിയ ദയനീയചിത്രം ആണല്ലൊ നമ്മള്‍ കണ്ടു കൊണ്ടിരിയ്ക്കുന്നത്.

സര്‍ക്കാര്‍ മറക്കുന്നതുപോലെ തന്നെ  മാധ്യമങ്ങളും അവരുടെ ധര്‍മ്മം പാടേ മറക്കുന്നു.


മാധ്യമങ്ങള്‍ റേറ്റിംഗ് കൂട്ടുവാന്‍ പൊടിപ്പും തൊങ്ങലും വെച്ച് തട്ടിപ്പും വെട്ടിപ്പും പീഡനവും കിടപ്പറ രംഗങ്ങളും ഒക്കെ പ്രധാന വാര്‍ത്തയാക്കുമ്പോള്‍ ഭരണ യന്ത്രം ജനങ്ങളോടുള്ള കടമ നിറവേറ്റാതെ നിശ്ചലാവസ്ഥയില്‍ . ജീവിയ്ക്കുവാനുള്ള തത്രപ്പാടില്‍ നെട്ടോട്ടം ഓടുന്ന ഇവിടുത്തെ സാധാരണക്കാരനാണ് വലയുന്നത് എന്ന് ഈ രണ്ടു കൂട്ടരും മറന്നു പോകുന്നു.
  മഴവെള്ളക്കെടുതിയില്‍ ജനം പൊറുതിമുട്ടുന്നു. മഴ വന്നതോടുകൂടി റോഡുകളെല്ലാം കുണ്ടും കുഴിയുമായി ജീവഹാനി വരെ സംഭവിയ്ക്കുന്നു. കടലോരത്ത് കടല്‍ ക്ഷോഭം,  കുട്ടനാട്ടില്‍ മലവെള്ളവും  ദുരിതം വിതച്ചിരിക്കുന്നു. മലമ്പ്രദേശത്ത് പ്രകൃതിക്ഷോഭത്തിന്‍റെയും  ഉരുള്‍ പൊട്ടലിന്‍റെയും തീരാക്കെടുതി.  ഇതൊന്നും ഇപ്പോള്‍ നമ്മുടെ ചാനലുകാര്‍ക്കും പത്രക്കാര്‍ക്കും വാര്‍ത്തയേ അല്ല.

 ഒരു കിലോചെറിയ ഉള്ളി 95 രൂപാ.(ഒട്ടും അതിശയോക്തി അല്ല.) സവാള38 രൂപ.ഒരു കിലോ ഗോതമ്പു പൊടി 49 രൂപാ 25 പൈസ  അരി 45നും 50നും ഇടയ്ക്ക്. പച്ചക്കറിയ്ക്ക് തീ വില.
ഇതൊന്നും വാര്‍ത്തയേ അല്ല.

സപ്ലെക്കോയില്‍ സാധനങ്ങള്‍ കിട്ടാനില്ല.
.  പൂര്‍ണ്ണമായും മൂലധന ശക്തികളുടെ പിടിയിലായ ആരോഗ്യ മേഖല. ജീവന്‍ രക്ഷാ മരുന്നുകള്‍ പോലും സാധാരണക്കാരന്    സ്വപ്നം കാണാനെ തരമുള്ളു.
അട്ടപ്പാടിയിലും  വയനാട്ടിലും പട്ടിണി മരണങ്ങളും പോഷകാഹാരക്കുറവും മൂലമുള്ള ശിശുമരണങ്ങളും വ്യാപകമായിരിക്കുമ്പോള്‍ അതിനൊന്നും പ്രാധാന്യം നല്‍കാതെ ഭരണവും പത്ര മാധ്യമങ്ങളും വിഷകന്യകമാരുടെ ദംശനങ്ങളേറ്റുവാങ്ങിയ  നേതാക്കന്മാരുടെ കണക്കെടുപ്പ് ഉത്സവം പൊടിപൊടിയ്ക്കുന്നു.

കേരളം ഇനി എങ്ങോട്ട്. ഇതു കണ്ടും കേട്ടും പഠിയ്ക്കുന്ന നമ്മുടെ അടുത്ത തലമുറ എന്തു ചെയ്യുന്നതിനും ഒരു ഉളുപ്പും ഇല്ലാത്തവരായി   വളര്‍ന്നു വരും എന്ന് നിസ്സംശയം പറയാം.

 നാണംകെട്ടും പണം നേടിക്കൊണ്ടാല്‍ നാണക്കേടാപ്പണം തീര്‍ത്തു കൊള്ളും.

Saturday, May 18, 2013

ബോണ്‍സായ് (യുദ്ധപ്പദം)
         


തൊടിയില്‍നട്ടു വളര്‍ത്തുന്ന പയറും വെണ്ടയും പച്ചമുളകും ഒക്കെ അവന്‍റെ കാല്‍ പ്പെരുമാറ്റം വരുമ്പോള്‍ഇലപൊഴിച്ച് വിറുങ്ങലിച്ചു നില്‍ക്കും. അശ്വിന്‍റെ കൈയ്യിലെപ്പോഴും ഒരു വടിയുണ്ടായിരിക്കും.ഒന്നുകിലൊരു പെരുമരത്തിന്‍റെ തണ്ട്.അല്ലെങ്കിലൊരു വളച്ചെടിപ്പത്തല്.ആ വടിവെച്ചടിച്ച്  എല്ലാ ചെടിയുടെ തലയും അവന്‍താഴെയിടും.അവനതൊരു ഹരമായിരുന്നുഎത്ര അടികൊണ്ടാലുംഅവനത് ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു.പല പ്രാവശ്യം നാരയണന്‍നായര്‍ മകന്‍റെ കൈയ്യില്‍നിന്നും വടി വാങ്ങി കുത്തിയൊടിച്ചു കളഞ്ഞിട്ടുണ്ട്.എന്നാലും പിറ്റെദിവസം എവിടുന്നെങ്കിലും അടുത്ത വടിയൊപ്പിക്കും. ശരത്കാലവും വസന്തകാലവും വര്‍ഷകാലവും മാറിയും കേറിയും വന്നും പോയുമിരുന്നു. തലപോയത് വീണ്ടും അശ്വിന്‍റെ കണ്ണു വെട്ടിച്ച് കിളിര്‍ത്തു മരമായി.ചിലതെല്ലാം കരിഞ്ഞു. കരിഞ്ഞവയെല്ലാം പറിച്ചു കളഞ്ഞ് നാരായണന്‍നായര്‍  വേറെ നട്ടു പിടിപ്പിച്ചു.
അശ്വിന്‍ എന്ന അശ്വിന്‍ കുമാര്‍വളര്‍ന്നതോടു കൂടി തൊടിയിലെ ചെടികള്‍ ക്കൊരാശ്വാസമായി. അത് തഴച്ചു വളര്‍ന്നു. പൂവിട്ടു പരിലസിച്ചു നിന്നു.കായ് വന്നു കരുത്തോടെ നിന്നു.
      ചെറുപ്പത്തിലെ മോഹം മനസ്സിന്‍റെ അടിത്തട്ടില്‍നിന്നും മുളച്ചുപൊന്തി.അതു വേറൊരു രൂപത്തിലായി.     അശ്വിന്‍ വളര്‍ന്നു, അശ്വിന്‍കുമാര്‍..എസ്സ് ആയി.അതോടൊപ്പം ഒരു ബഹുമതികൂടി...ഏറ്റവും      നല്ല ബോണ്‍സായ് തോട്ടം ഉടമ.എല്ലാവരും അത്ഭുതപ്പെട്ടു.  തിരക്കുണ്ടായിട്ടും ഇത്രയും നല്ല ഒരു ബോണ്‍സായ് തോട്ടത്തിന്‍റെ ഉടമയായിരിക്കുന്നുവല്ലോ അശ്വിന്‍കുമാര്‍..എസ്സ് . അയാളുടെ തോട്ടത്തിലില്ലാത്തതായി ഒന്നുമില്ല. ആല്,മാവ്,പ്ലാവ്,ഓറഞ്ച്  എന്തിനു തെങ്ങുവരെ ബോണ്‍സായ് ആക്കാനുള്ള പരീക്ഷണത്തിലാണ് അശ്വിന്‍കുമാര്‍  ബോണ്‍സായ്  എക്‍സിബിഷന് എപ്പോഴും അശ്വിന്‍കുമാര്‍ തന്നെ ഒന്നാമന്‍.ബോണ്‍സായ് ടെക്‍നിക്‍ അയാളെപ്പോലെ അറിഞ്ഞവരാരും ആ നാട്ടിലില്ലായിരുന്നു. ചെടിച്ചട്ടിയുടെ വലിപ്പം തൊട്ട് ചെടിമുട്ടുകളുടെ ഇടയില്‍ കെട്ടാനുള്ള കമ്പിയുടെ ഡയമീറ്റര്‍വരെ അളവില്‍കിറുകൃത്യതയായിരുന്നു, അശ്വിന്‍കുമാറിന്.
   കല്യാണം കഴിക്കാനുള്ള പ്രായം ആയിട്ടും അച്ഛനുമമ്മയും കൊണ്ടുവരുന്ന ആലോചനകളൊന്നും ശ്രദ്ധിക്കാന്‍ ജോലിതിരക്കിനിടയില്‍  അശ്വിന്‍കുമാറിന് സമയം കിട്ടിയില്ല.പോരാത്തതിന് ബോണ്‍സായ് കൃഷിയും.

അങ്ങിനെയിരിക്കെയാണ് ആ സംഭവമുണ്ടായത്.ടൌണിലെ വിമന്‍സ് കോളേജിന്‍റെ ആര്‍ട്ട്സ് ക്ലബ് ഉത്ഘാടനം. . സാധാരണ കലാപരമായ ഒരു പരിപാടിക്കും പോകാത്ത അശ്വിന്‍കുമാറിന് ഇതൊരു നിയോഗമായിരുന്നിരിയ്ക്കാം.രേണുകാ മേനോനെന്ന കലാതിലകത്തെ അശ്വിന്‍കുമാറിന്‍റെ ജീവിതപങ്കാളിയാക്കാനായി  വിധിച്ച കണ്ടുമുട്ടല്‍. മോഹിനിയാട്ടം ,ഭരതനാട്യം,കുച്ചിപ്പുടി എന്നുവേണ്ട കഥകളിയില്‍ പോലും വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ച വെച്ച രേണുകാ മേനോന് കല ഉപാസന ആയിരുന്നു.ഹരി മേനോന്‍റെയും നിര്‍മ്മലയുടെയും ഏകപുത്രി.മകള്‍ക്കു വേണ്ട എല്ലാ ഒത്താശകളും ചെയ്തു കൊടുക്കുന്ന മാതാ പിതാക്കള്‍. രേണുകയുടെ ഏറ്റവും പ്രിയപ്പെട്ടതും പ്രസിദ്ധവുമായ നളചരിതം ആട്ടക്കഥയാണ് അന്ന്  അവതരിപ്പിച്ചത്.
    പുറപ്പാടു കഴിഞ്ഞുള്ള മേളപ്പദം.ആട്ട വിളക്കിനു പിന്നിലായി വന്ന നളചരിതത്തിലെ ദമയന്തിയെ അവതരിപ്പിച്ചത്..അസ്സല്‍'ഭീമസുത' തന്നെയാണോയെന്ന് സംശയിപ്പിക്കും വിധം രേണുകാ മേനോന്‍ആടി തിമര്‍ത്തു. രേണുകയുടെ ലാസ്യത്തില്‍  അശ്വിന്‍കുമാറിന്‍റ  ഹൃദയത്തില്‍ഒരു ശൃംഗാരപ്പദം പൊട്ടിമുളച്ചു..
നളചരിതം രണ്ടാം ദിവസം --  ആട്ടക്കഥ മുഴുവനും കളിച്ചു തീര്‍ന്നപ്പോള്‍,കാണികളുടെ കൂട്ടത്തിലിരുന്ന നളന് ദമയന്തിയുടെ നോക്കിക്കാണല്‍പൂര്‍ണ്ണമായിക്കഴിഞ്ഞിരുന്നു.
                     തികച്ചും ഒറ്റയാനായി കഴിഞ്ഞിരുന്ന അശ്വിന്‍കുമാര്‍ ഐ.എ.എസ്സിന്‍റെ ഹൃദയതാളം തെറ്റിക്കാന്‍    രേണുകാ മേനോനു കഴിഞ്ഞു.
അയാളുടെ ആലോചന രേണുകയുടെ അച്ഛനുമമ്മയും വളരെ സന്തോഷത്തിലാണു സ്വീകരിച്ചത്. അവള്‍ക്കും
സന്തോഷമായിരുന്നു.എല്ലാം കൊണ്ടും യോജിച്ച ആലോചനയെന്ന് എല്ലാവരും പറഞ്ഞു.
ബന്ധുക്കളും സുഹൃത്തുക്കളുമടക്കം വലിയൊരു ജനാവലി വിവാഹത്തിന് സാക്ഷ്യം വഹിച്ചു. പ്രത്യേകിച്ചും രേണുകയുടെ നൃത്ത പഠന ക്ലാസ്സിലെ കുട്ടികള്‍, അല്ലാത്ത ഫാന്‍സ് .. അശ്വിന്‍കുമാര്‍ രേണുകാ വിവാഹം ഒരു വാര്‍ത്ത ആയിരുന്നു.
വിവാഹത്തിനു തൊട്ടു മുമ്പുള്ള ഉത്തരേന്‍ഡ്യന്‍  ടൂറിലാണ് അശ്വിന്‍കുമാര്‍    പുതിയ കദംബ ചെടി ബോണ്‍സായ് ആക്കാ‍ന്‍  വാങ്ങിക്കൊണ്ടുവന്നത്. അതൊരു പരീക്ഷണം തന്നെയായിരുന്നു, കല്യാണം കഴിഞ്ഞ് പിറ്റെന്നാള്‍കാലത്തു തന്നെ രേണുകയേം കൂട്ടി ബോണ്‍സായ് തോട്ടത്തിലേയ്ക്ക് പോയി, അശ്വിന്‍കുമാര്‍.
പുതിയ കദംബചെടിയുടെ അടുത്തോട്ടാണ് ആദ്യമേ തന്നെ  പോയത്.  അതു കണ്ടപ്പോള്‍  യമുനാതീരത്തെ കദംബവൃക്ഷച്ചുവട്ടില്‍  രാസലീലയാടുന്ന കൃഷ്ണനാണ് രേണുകയുടെ മനസ്സിലോടിയെത്തിയത്.  അവളാരാഞ്ഞു: 'ഇതിവിടെ നമ്മുടെ കാലാവസ്ഥയില്‍വളരുമോ?' അശ്വിന്‍കുമാറിന് അതിലൊട്ടുമേ സംശയമില്ലായിരുന്നു.തീര്‍ച്ചയായും. അല്‍പ്പം കൂടി വലിയ ചട്ടിവേണമെന്നു മാത്രം. അതിനോര്‍ഡര്‍  കൊടുത്തു കഴിഞ്ഞു. ഈ ചട്ടി അതിലോട്ടിറക്കിവെച്ച് പതുക്കെ പൊട്ടിച്ചു മാറ്റണം.അത്രമാത്രം.
രേണുക അവളുടെ സംശയം വീണ്ടുമെടുത്തിട്ടു.ബോണ്‍സായ് വളര്‍ത്തുന്നത് ദോഷമാണെന്നാണ്  ഞാനറിഞ്ഞത്.സ്വതവേ പടര്‍ന്നു പന്തലിച്ച് നില്‍ ക്കേണ്ട വൃക്ഷങ്ങളെ നമ്മുടെ ആഗ്രഹത്തിനനുസരിച്ച് വെട്ടി ഒതുക്കുകയല്ലെ ചെയ്യുന്നത്.അതിലൊട്ടും തെറ്റുകാണാത്ത അശ്വിന്‍കുമാര്‍ പറഞ്ഞു.ഏതിനെയും നമ്മുടെ സൌകര്യാര്‍ത്ഥം വളര്‍ത്തുന്നതിനൊരുതെറ്റും ഞാന്‍കാണുന്നില്ല.  ചെറുതായിട്ടാണേലും വളരുന്നുണ്ടല്ലോ.വെള്ളം കൊടുക്കുന്നുണ്ട്, പൂക്കാനനുവദിയ്ക്കുന്നുണ്ട്. പിന്നെ തഴച്ചു വളരാനുള്ള വളം നല്‍കുന്നില്ലയെന്നല്ലേയുള്ളു.അതിലൊരു കാര്യവുമില്ല.
 രേണുകയ്ക്ക് അവയുടെ നില്‍പ്പു കണ്ടു മനസ്സലിഞ്ഞു.  കഷ്ടം എങ്ങിനെ പടര്‍ന്നു പന്തലിച്ചു നില്‍ ക്കേണ്ട  വൃക്ഷങ്ങള്‍.കുള്ളന്മാരെപ്പോലെ..എല്ലാം വെട്ടിയൊതുക്കി..വിരിയാന്‍  വെമ്പി നില്‍ക്കുന്ന ഇലകള്‍.ശ്വാസം മുട്ടി നില്‍ക്കുന്നപോലെ. എല്ലാത്തിന്‍റയും മര്‍മ്മ ഭാഗങ്ങളില്‍കമ്പികെട്ടി മുറുക്കിയിട്ടിരിയ്ക്കുന്നു.തടിയ്ക്ക് വണ്ണം വെയ്ക്കാതിരിക്കുവാന്‍.അവളെ കണ്ട് അവയെല്ലാം നിശബ്ദമായി കേഴുന്നതുപോലെ അവള്‍ക്കു തോന്നി. വീട്ടിലാരോ വന്നതുകൊണ്ട്  അധികനേരം ചെലവഴിയ്ക്കാതെ രണ്ടുപേരും വീട്ടിന്നുള്ളിലേയ്ക്ക് തിരിച്ചു.
വിരുന്നിനു ചെന്നപ്പോള്‍ അവളുടെ ചിലങ്ക ഉള്‍പ്പെടെയുള്ള  നൃത്തത്തിന്‍റ അലങ്കാര സാമഗ്രികള്‍എല്ലാം അടുക്കിവെച്ചു. അയാള് അതുകണ്ടപ്പോള്‍പറഞ്ഞു, അടുക്കിവെച്ചോളു കൊണ്ടു പോകുന്നത് പിന്നീടൊരു ദിവസമാകാം.
മധുവിധു കാലമെല്ലാം  അശ്വിന്‍കുമാര്‍  ജോലിത്തിരക്കുകാരണം ചുരുക്കി .
കദംബ വൃക്ഷത്തിനുള്ള   മൂന്നടി വ്യാസമുള്ള സിമന്‍റു ചട്ടിഅധികം താമസിയാതെ തന്നെ കൊണ്ടുവന്നു.പഴയ ചട്ടിയില്‍നിന്നും പുതിയതിലേയ്ക്ക് അതീവശ്രദ്ധയോടെ മാറ്റിവെച്ചു.ബോണ്‍സായ് തോട്ടത്തിന്‍റ മൂലയ്ക്ക് അതിന് സ്ഥിരം ഇരിപ്പടം ഒരുക്കി  അശ്വിന്‍കുമാര്‍ സന്തോഷവാനായി. അതിവിടെ അയാളുടെ തോട്ടത്തില്‍പിടിച്ചാല്‍വന്‍വിജയമായിരിക്കുമെന്ന് മനസ്സില്‍കണക്കു കൂട്ടി.
 വസന്തകാലത്തിന്‍റ മധു നുകരാന്‍വര്‍ണ്ണ ശലഭങ്ങളും, കരിവണ്ടും തേന്‍കുരുവികളും എല്ലാം ബോണ്‍സായ് തോട്ടത്തില്‍വന്ന് നിരാശരായി തിരിച്ചുപോയി.ബോണ്‍സായ് ചെടികളുടെ നെടുവീര്‍പ്പിന്‍റ നിശ്വാസങ്ങളേറ്റുവാങ്ങി ഇളംകാറ്റ്  അടുത്തതോട്ടത്തിലേക്കിട്ടു കൊടുത്തു.
വീട്ടിലോട്ടൊന്നുപോയി നൃത്തത്തിന്‍റെയും കഥകളിയുടെയും ചമയ സാമഗ്രികള്‍  കൊണ്ടുവരാന്‍ രേണുക ഒരുദിവസം അശ്വിന്‍കുമാറിനോട്  ആഗ്രഹമുണര്‍ത്തിച്ചു.അതവിടെ സുരക്ഷിതമായിട്ടിരുന്നോട്ടെയെന്നായിരുന്നു അയാളുടെ  പ്രതികരണം. രേണുകയ്ക്ക് സംശയമായി. അപ്പോളതിനിനി ഉപയോഗമില്ലേ?” “ഇവിടെയെന്തുപയോഗം.?” അയാളുടെ സംശയമില്ലാത്ത മറുപടി കേട്ടപ്പോള്‍അവളുടെ ഉള്ളൊന്നു കാളി.

 കമ്പി കെട്ടിയ ബോണ്‍സായ് ചെടികളുടെ കിളിര്‍പ്പു  വന്നതലപ്പ് നറുക്കി.ദിവസങ്ങള്‍കടന്നുപോയി.വളമില്ലെങ്കിലും എല്ലാത്തിനും അശ്വിന്‍കുമാര്‍ വെള്ളം നല്ലവണ്ണം ഒഴിച്ചു കൊടുത്തുകൊണ്ടിരുന്നു.അയാള്‍ തന്നെയാണ് അതെല്ലാം കൈകാര്യം ചെയ്യുന്നത്.പുതിയ കദംബയ്ക്ക് വേരു പിടിച്ച ലക്ഷണമെല്ലാം കണ്ടു.അയാള്‍ക്കു സന്തോഷമായി. ഒരു ദിവസം വൈകിട്ടു വന്നപ്പോള്‍പതിവില്ലാതെ കുറച്ചു കുട്ടികളുമായി വരാന്തയില്‍ചുവടുവെയ്ക്കുന്ന രേണുകാ മേനോനെയാണ്    കണ്ടത്.വന്നപാടെ ചോദിച്ചു ഏതാണിവര്‍?”  അവളുടെ പഴയസ്ററുഡന്‍സ് അവളെ കാണാന്‍വന്നതാണെന്നു പറഞ്ഞു രേണുക തടിതപ്പി.ഇനിയും വരേണ്ടയെന്ന് കുട്ടികള്‍ കേള്‍ ക്കെ തന്നെ രേണുകയോടു പറഞ്ഞു വിലക്കി.അവളുടെ മുഖത്തുരുണ്ടുകൂടിയ കാര്‍മേഘചീളുകളെപ്പോള്‍ വേണേലും പെയ്യാവുന്നഅവസ്ഥയിലായിരുന്നു.അതുകണ്ടില്ലെന്ന ഭാവത്തില്‍  അയാള്‍ നേരെ ബോണ്‍സായ് തോട്ടത്തിലേയ്ക്കുപോയി..പ്രത്യേകിച്ചും ആ കദംബചെടിയുടെ അടുത്തേയ്ക്ക്.അതില്‍മുകുളങ്ങള്‍വരാനുള്ള തയ്യാറെടുപ്പ് .അത്  അശ്വിന്‍കുമാറിനെ കൂടുതല്‍  ഉത്സാഹഭരിതനാക്കി.തിരികെ വരുമ്പോള്‍  രേണുക ചായയുമായി അയാളെ കാത്തു നിന്നിരുന്നു.അന്ന് ടൌണിലുള്ള ബോണ്‍സായ് എക്‍സിബിഷന്‍കാണാന്‍ രേണുകയോട് റെഡിയായിക്കൊള്ളാന്‍ അയാള്‍പറഞ്ഞു. മനസ്സിലാഗ്രഹമില്ലെങ്കിലും വൈകിട്ട്  അയാളോടൊത്ത് അവള്‍തിരിച്ചു.
ഓണവും വിഷുവും കാര്‍ത്തികയും ആരോരും കാണാതെ ബോണ്‍സായ് തോട്ടത്തിലെത്തി നോക്കി കടന്നുപോയി.രേണുകാ മേനോന്‍ ഒരുദിവസം വീട്ടില്‍  ചെന്നപ്പോള്‍ പഴയ കഥകളിഡ്രസ്സിലെല്ലാം ഇരട്ടവാലനും വെണ്‍ചിതലും അരിയ്ക്കുന്നതു കണ്ടു. അവളതെല്ലാം വെയിലിലിട്ടു് ഉണക്കി പൊടിതട്ടി വീണ്ടും അലമാരയിലടുക്കി വെച്ചു.അതുകണ്ട്  അശ്വിന്‍കുമാര്‍ പറഞ്ഞു. എന്തിനിതൊക്കെ സൂക്ഷിച്ചു വെയ്ക്കണം.വല്ല കഥകളി സ്ക്കൂളിനു കൊടുത്താലവരത് ഉപയോഗിച്ചോളും.അപ്പോഴാണ് രേണുകയുടെ അച്ഛന്‍ ആ വിവരം അയാളോടു പറഞ്ഞത്,അവള്‍പഠിച്ച സ്ക്കൂളില്‍പുതിയ കഥകളി ക്ലാസ്സ് തുടങ്ങാന്‍  പോകുന്നുവെന്നും ,രേണുകയെ അതിന്‍റ ടീച്ചറായി ആവശ്യപ്പെട്ടുകൊണ്ട് സ്ക്കൂളുകാര്‍സമീപിച്ചിരുന്നുയെന്നും.
                          പിന്നീടാലോചിയ്ക്കാം എന്ന ഒറ്റവാക്കില്‍ അശ്വിന്‍കുമാര്‍ മറുപടി നല്‍കി.
അയാള്‍ക്ക്  സെന്‍ട്രല്‍  സെക്രട്ടേറിയേറ്റിലേയ്ക്ക് സ്ഥലം മാറ്റം വന്നു.അധികം താമസമില്ലാതെ ജോയിന്‍ ചെയ്യണം. രേണുകയെ വിട്ടു പോകുന്നതിലും പ്രയാസം പ്രിയപ്പെട്ട ബോണ്‍സായ് തോട്ടത്തിനെ പിരിയുന്നതിലായിരുന്നു.. തല്‍ക്കാലം രേണുകയെ കൂടെ കൂട്ടേണ്ട  എന്ന ഒരു തീരുമാനവും എടുത്തു. പോകുന്നതിനൊരാഴ്ച മുമ്പുതന്നെ  എല്ലാ  ട്രെയിനിംഗും അയാള്‍ പ്രിയതമയ്ക്കു  കൊടുത്തു കഴിഞ്ഞു.തല കട്ടുചെയ്യുന്നത്,ശിഖരങ്ങള്‍ക്കിടയിലുള്ള  മുട്ടിന്മേല്‍  കമ്പികെട്ടി വരിയുന്നത്. വെള്ളം മാത്രം കൊടുത്ത് ജീവന്‍നില നിര്‍ത്തുന്നതിനെപ്പറ്റി.ചെടിച്ചട്ടിയിലെ കളകള്‍പറിച്ചു മാറ്റുന്നത് അങ്ങിനെയെല്ലാം.            ഏറ്റവും അവസാനം കദംബ വൃക്ഷത്തിനെ പ്രത്യേകം പരിചരിക്കുന്നതും എടുത്തു പറഞ്ഞു. അങ്ങിനെ അശ്വിന്‍കുമാര്‍ ഐ.എ.എസ്സ് ഡല്‍ഹിയിലേയ്ക്ക് യാത്രയായി.           
പതിവു തെറ്റാതെ രേണുക ഭര്‍ത്താവു പറഞ്ഞതുപോലെയെല്ലാം ചെയ്തു തുടങ്ങി. ആ ചെടികള്‍ക്കെല്ലാം ഒരു പ്രത്യേക ഉത്സാഹം വന്നതുപോലെ.ആ കദംബ വൃക്ഷത്തിന് അവള്‍പ്രത്യേക ഒരു സ്ഥാനം കൊടുത്തു.തോട്ടത്തിന്‍റ ഒരരികിലായി വലിയ ഒരാഞ്ഞിലി മരത്തിന്‍റ മറവില്‍.അതിലെ ആദ്യത്തെ ശിഖരം പൊട്ടി മുളക്കാനുള്ള തയ്യാറെടുപ്പാണ്.ആ കുഞ്ഞിലകളില്‍അവളൊന്നു തൊട്ടു നോക്കി.ഒരു കുരുന്നു കുഞ്ഞിന്‍റ ഇളം  വിരലുകളുടെ മൃദുലത..അവളിലെ മാതൃത്വത്തെ ഉയിര്‍ത്തെഴുന്നേല്പിച്ച നനുത്ത സ്പര്‍ശം.  അത് അവളോട് രക്ഷിയ്ക്കാന്‍ കേഴുന്നതുപോലെ....                                             

            അശ്വിന്‍കുമാര്‍ ഐ.എ.എസ്സ് എല്ലാമാസവും വന്നും പോയുമിരുന്നു.അയാള്‍എത്ര തിരക്കാണെങ്കിലും ബോണ്‍സായ് തോട്ടത്തിന്‍റ പടിവാതുക്കലെത്തി ഒരു നോട്ടമെറിയും.കൂടെ രേണുകയും കാണും. അയാള്‍ക്കു സന്തോഷമായി. ഭാര്യ തോട്ടത്തിനെ നല്ലവണ്ണം സംരക്ഷിക്കുന്നുണ്ട്.വേനലും മഴയും മഞ്ഞും കടന്നുപോയ്ക്കൊണ്ടിരുന്നു.കുള്ളന്മാരെപ്പോലെയാണെങ്കിലും അവയ്ക്കിപ്പോളൊരുപ്രത്യേക ചൈതന്യമുണ്ട്. അവയ്ക്കിടയില്‍പുഷ്പിച്ചവയും ഫലമുള്ളവയും എല്ലാം  പരിമിത സൌകര്യത്തില്‍സന്തോഷത്തോടെ  വിരാജിക്കുന്നു. ആ പേരാലിന്‍ ചെടിയുടെ തലനാരിഴകള്‍മണ്ണിലേയ്ക്കെത്താന്‍ഏന്തി വലിയുന്നതും നോക്കി അവള്‍കുറേ നേരം നിന്നു. അതിനെ കട്ടു ചെയ്തു വിടേണ്ട സമയമായി. അവളതു മുറിയ്ക്കാതെ കത്രികയുമായി തിരികെപ്പോയി.

അടുത്ത കേഡറിലെ ജൂനിയേഴ്സിന്‍റെ സെലക്‍ക്ഷനായപ്പോള്‍   അശ്വിന്‍കുമാര്‍  വീണ്ടും നാട്ടിലേയ്ക്കായി. അങ്ങിനെ  അയാള്‍തിരികെ  വീട്ടിലോട്ടു വന്നു. ദില്ലിയില്‍ നിന്നും മൂര്‍ച്ചയുള്ള രണ്ടു കത്രികകള് വാങ്ങാന്‍ മറന്നില്ല. വന്നപാടെ ബോണ്‍സായ് തോട്ടത്തിലേക്കാണു പോയത്.അയാളുടെ കാല്‍ പ്പെരുമാറ്റം അനുഭവിച്ചപ്പോള്‍ആ ചെടികള്‍ ക്കെല്ലാം എന്തോ മാറ്റം വന്നതുപോലെ..എല്ലാം ഇലകള്‍കൂമ്പി വിറുങ്ങലിച്ചു. അയാള്‍എല്ലാത്തിന്‍റെയും ഇടയില്‍കൂടി  ആ കദംബയെ തിരഞ്ഞു.അവിടെയെങ്ങും കാണുന്നില്ല.അയാളതിരുകള്‍തോറും തിരഞ്ഞു.  അവസാനം  അയാളതു കണ്ടു..ആ വലിയ വൃക്ഷത്തിന്‍റെ മറവില്‍ഏതോ ഒരെണ്ണം പൂവിട്ടു നില്‍ക്കുന്നു..  സ്നോ  ബാള് പോലെയുള്ള പൂവ് ...ചുറ്റിനും സുഗന്ധം പരത്തിക്കൊണ്ട്  ....അയാള്‍ക്കു ദേഷ്യവും സങ്കടവും ഒരേപോലെ വന്നു. വീണ്ടും അടുത്തേയ്ക്കു ചെന്നു.അതെ അതുതന്നെ അയാളാശിച്ചു മോഹിച്ചു വെച്ച കദംബ.--ബോണ്‍സായ് ആക്കാന്‍..അയാള്‍  ദേഷ്യത്തിലടുത്തു. അതിനെ പൊക്കി മാറ്റുവാന്‍.നിരാശനായി.ഇല്ല പറ്റുന്നില്ല.അതാ വലിയ വേരുകള്‍. മണ്ണില്‍പടര്‍ന്നു കഴിഞ്ഞു.ചെടിച്ചട്ടിയില്‍വിള്ളലുകളുണ്ടാക്കി അത് മണ്ണിന്‍റ ആഴം തേടി പൊയ്ക്കഴിഞ്ഞു.തണ്ടുകള്‍ആകാശത്തിനെ ലക്ഷ്യം വെച്ചും.മനോഹരമായ പൂക്കള്‍ആര്‍ത്തുല്ലസിച്ച് നില്‍ക്കുന്നു. സ്നോ  ബാള് പോലെ.. ചുറ്റിനും സുഗന്ധം പരത്തിക്കൊണ്ട്  ...
അയാള്‍ക്കു കോപം അടക്കാനായില്ല.വീട്ടിനുള്ളിലേയ്ക്കു പാഞ്ഞു."രേണുകേ" അയാളുടെ ശബ്ദത്തിലൊരലര്‍ച്ചയുടെ ഭീകരത്വം.ആരേയും കാണുന്നില്ല.അടുക്കളയുടെ ഒരുകോണിലുണ്ടായിരുന്ന വല്യമ്മ അയാളുടെ
വളര്‍ച്ചയുടെ എല്ലാഘട്ടവും കണ്ടു പഴകിയ നാണിയമ്മുമ്മ. പതുക്കെപ്പറഞ്ഞു.കുഞ്ഞു വീട്ടിപ്പോയി.
" ങ്ങേ..എന്നോടൊന്നും പറഞ്ഞില്ലല്ലോ.."
വേഗം തന്നെ വണ്ടിയുമെടുത്തുകൊണ്ട്  അശ്വിന്‍കുമാര്‍  രേണുകയടെ വീട്ടിലേക്കു  പാഞ്ഞു. അപ്പോള്‍മനസ്സു നിറയെ കദംബയെ വീണ്ടും ബോണ്‍സായ് ആക്കുന്ന ചിന്തയായിരുന്നു.

ഗേറ്റിലെത്തിയപ്പോഴെ നരകാസുര വധത്തിലെ യുദ്ധപ്പദം  അകത്തെ മുറിയില്‍  രേണുകാമേനോന്‍, ആടിതിമര്‍ക്കുന്നത്    അയാള്‍ക്കു കേക്കാമായിരുന്നു
അതാ മുറ്റത്ത് നിറയെ കുട്ടികള്‍.അവര്‍കല്യാണ സൌഗന്ധികത്തിലെ അഷ്ട കലാശം അഭ്യസിക്കുന്നു.
ദ്രുത താളത്തിലുള്ള പദത്തിന്‍റ ഗതിയ്ക്കനുസരിച്ച് നരകാസുര വധത്തിലെ യുദ്ധപ്പദം അവതരിപ്പിക്കുന്നതു നോക്കി ഒരു താടി വേഷക്കാരന്‍  പുറപ്പാടിനായി വെളിയില്‍കാത്തുനിന്നിരുന്നു..Related Posts Plugin for WordPress, Blogger...