Friday, August 16, 2013

നഗരത്തിലെ വിരുന്നുകാര്‍





പറയാതെ എത്തുന്ന വിരുന്നുകാരോട്പണ്ടേ എനിയ്ക്ക് വിരോധമാണ്. എപ്പോഴും വിചാരിയ്ക്കും ഈ വിരുന്നുകാര്‍ക്ക് ഒരു സൂചനയെങ്കിലും തന്നാലെന്തെന്ന്. പണ്ടുതൊട്ടേ. എന്‍റെ വീട്ടില്‍ പറയാതെ എത്തുന്ന ഒരേ ഒരു അതിഥി എന്‍റെ അച്ഛനായിരുന്നു. നാട്ടില്‍നിന്നും  അവസാനത്തെ വണ്ടിയ്ക്ക് കയറി ഇങ്ങെത്തുമ്പോള്‍ ഏകദേശം  രാത്രി പത്തുമണിയെങ്കിലും ആകും. അച്ഛനായതിനാല്‍ വിരുന്നുകാരനായി കരുതുവാന്‍ പാടില്ലല്ലോ. വീട്ടുകാരനല്ലെ.
 അച്ഛന്‍ പണ്ടും അങ്ങനെതന്നെയായിരുന്നു. രാത്രികാലങ്ങളില്‍ പലപ്പോഴും നാലും അഞ്ചും കൂട്ടുകാരുമായിട്ടായിരിക്കും വീട്ടിലെത്തുക. പാഞ്ചാലിയുടെ അക്ഷയപാത്രം പോലെ മണിക്കൂറുകള്‍ക്കകം അവര്‍ക്കു വേണ്ടുന്ന ഭക്ഷണം  കരിയടുപ്പില്‍ വെച്ച് പാകംചെയ്ത് വിളമ്പുന്ന
ആ വിദ്യ അമ്മയ്ക്കു മാത്രം സ്വന്തം. അതിനെയാണ് പഴമക്കാര്‍ കൈപ്പുണ്യം എന്നൊക്കെ പറയുന്നത്.

 എത്രയൊക്കെ ശ്രമിച്ചിട്ടും  എല്ലാ ആധുനികസൌകര്യവും ഉള്ള  നഗരത്തിലെ എന്‍റെ
അടുക്കളയില്‍ നിന്നും അത്രയും സ്വാദുള്ള ഭക്ഷണം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചിട്ടില്ല...

കാലയവനികയ്ക്കുള്ളില്‍എല്ലാം ഓര്‍മ്മകളാക്കി അച്ഛന്‍ മണ്‍മറഞ്ഞു. വല്ലപ്പോഴുമൊക്കെ അതൊക്കെ അയവിറക്കി  സായംസന്ധ്യയോടടുത്ത ജീവിതത്തിന്‍റെ മണല്‍പ്പരപ്പില്‍ വന്നു വീഴുന്ന ഇരുട്ടിനെ വരവേല്‍ക്കാന്‍ ഒരുങ്ങി  തറവാട്ടിലെ വീട്ടില്‍ അമ്മയും.

   മഴമാറി വന്ന വെയിലിനെ നോക്കി ചെടിച്ചട്ടിയിലെ മുല്ലവള്ളിയില്‍  അലസമായി കണ്ണുകള്‍ പായിച്ചു. ഒരിയ്ക്കലും കേള്‍ക്കാത്ത ആ ശബ്ദത്തിന്‍റെ ഉടമയെ തേടുകയായിരുന്നു. നഗരത്തില്‍ വന്നിട്ട് ആദ്യമായിട്ടാണ്  ആ ശബ്ദം  കേള്‍ക്കുന്നത്.പണ്ട് ഗ്രാമത്തിലെ കിളിമരത്തില്‍ വര്‍ഷാവര്‍ഷം കേട്ടു കൊണ്ടിരുന്ന അതേ ശബ്ദം.. കാതില്‍ ഉറങ്ങിക്കിടന്ന ശബ്ദത്തിന്‍റെ ഉടമയെ കണ്ടപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി.

കെട്ടുപിണഞ്ഞു ടെറസിലേക്കു പടര്‍ന്നു  കിടന്ന സാമാന്യം വലിയൊരു മുല്ലവള്ളിപ്പടര്‍പ്പിലായിരുന്നു അവള്‍. നിറയെ പച്ചിലകളും  അവിടവിടെയായി മൊട്ടുകളും പൂക്കളും. കാറ്റടിയ്ക്കുമ്പോള്‍ മാദകഗന്ധം തന്നിരുന്ന ആ മുല്ലവള്ളികളിലെ  മൊട്ടുകളെ  ഒരിയ്ക്കലും ഇറുത്തെടുത്തിട്ടില്ല. സന്ധ്യക്ക് വിരിഞ്ഞുവരുമ്പോള്‍ മുല്ലപ്പൂ പരത്തുന്ന ആ ഗന്ധം  കുട്ടിക്കാലത്തിലേയ്ക്ക് എന്നെ തിരികെ കൊണ്ടു പോകും. കണ്ണടച്ച് ഗന്ധം ആസ്വദിയ്ക്കുന്നതിനൊപ്പം കുറച്ച് മധുരിയ്ക്കുന്ന ഓര്‍മ്മകളും ആ മണത്തോടൊപ്പം മനസ്സിലേയ്ക്ക് ആവാഹിച്ചെടുക്കും. അതിനെ താലോലിച്ച് കുറെ സമയം അങ്ങനെ കണ്ണടച്ചിരിയ്ക്കും.

 മുല്ലവള്ളിപ്പടര്‍പ്പിലും  തൊട്ടുരുമ്മി നിന്ന മഞ്ഞ പൂച്ചെടിയിലും വിരുന്നുകാരന്‍ തത്തിക്കളിച്ചു. ഇടയ്ക്കിടയ്ക്ക് ക്വക്‍..ക്വക്‍.. കീയോ...എന്ന് മനോഹരമായ ശബ്ദവും പുറപ്പെടുവിച്ചു. ഇത്രയും ചെറിയ ഒരു ശരീരത്തില്‍ നിന്നും വരുന്ന ഊര്‍ജ്ജസ്വലതയാര്‍ന്ന ആശബ്ദം  ശ്രവിച്ചപ്പോള്‍എന്നിലും അതിന്‍റെ തരംഗങ്ങള്‍ അലയടിച്ചതുപോലെ തോന്നി.

 വയറിനടിയിലെ വെള്ളനിറവും, ചാരക്കളറിലെ ചിറകുകളും, ശബ്ദത്തിനൊപ്പം ചെറുതായി ചലിപ്പിക്കുന്ന ചെറിയ കുഞ്ഞുവാലുമായി ആ അടയ്ക്കാക്കുരുവി മുല്ലവള്ളിപ്പടര്‍പ്പിലും പൂച്ചെടിയിലും മാറി മാറി തത്തിക്കളിച്ചുകൊണ്ടിരുന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ പ്രിയതമയെ കാണാതെ പ്രണയ പരവശനായി അന്വേഷിച്ചു നടക്കുന്ന കാമുകനെപ്പോലെ അതിന്‍റെ ഇണക്കുരുവിയും ക്വക്‍..ക്വക്‍... കീയോ ശബ്ദവും പുറപ്പെടുവിച്ച് മുല്ലവള്ളിയിലേക്ക് പറന്നുവന്നു  തത്തിക്കളിക്കാന്‍ തുടങ്ങി.. ചുള്ളിക്കമ്പു പോലുള്ള അവരുടെ കാലുകളുടെ ബലവും മുരിയ്ക്കിന്‍മുള്ളുപോലെ ഒട്ടിച്ചു വെച്ച കൊക്കുകളും ഒക്കെ നിരീക്ഷിച്ചുകൊണ്ട് ഒരു പക്ഷിനിരീക്ഷകനെപോലെ അവയെ തന്നെ കണ്ണുകള്‍ പിന്‍തുടര്‍ന്നു. അവരുടെ ആ വരവില്‍ ഒരു നിഗൂഢത ഒളിഞ്ഞിരിക്കുന്നതായി എനിയ്ക്കു തോന്നി.
സന്ധ്യ മയങ്ങിയതിനാല്‍ അന്നത്തെ നിരീക്ഷണം അവസാനിപ്പിച്ചു. അപ്പോഴും ആഇണക്കുരുവികള്‍
അവിടൊക്കെ പരതി പറന്നുകൊണ്ടിരുന്നു. പുതിയ വിരുന്നുകാര്‍ രാത്രി എവിടെ
തങ്ങും ?വന്നിടത്തേയ്ക്കുതന്നെ തിരികെ പോകുമോ... നാളെ വീണ്ടും എത്തുമോ.. എന്നു തുടങ്ങി പലപല ചിന്തകള്‍  എന്നെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ഒരിയ്ക്കലും തിരികെ കിട്ടുകയില്ലയെന്നു കരുതിയ സാധനം തിരികെക്കിട്ടിയ  പോലുള്ള  ഒരു സന്തോഷം മനസ്സിനെ കീഴടക്കിക്കഴിഞ്ഞിരുന്നു.

പിറ്റെന്നു കാലത്ത് എണീറ്റുകഴിഞ്ഞ് നേരെ വാതുക്കലേയ്ക്കാണു പോയത്.മുല്ലവള്ളി നിറയെ വെളുത്ത പൂക്കള്‍ . കറുത്ത ആകാശത്ത് നിശയുടെ ഇരുളില്‍ ഉദിച്ചുനില്കന്ന നക്ഷത്രങ്ങളേപ്പോലെ  പച്ച ഇലയുടെ ഇടയ്ക്കിടയ്ക്ക് ആ വെളുത്ത പൂക്കള്‍  ശോഭിച്ചുനിന്നു.
ഒരു കവിഹൃദയം തനിയ്ക്കുണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ ഒരു കവിത പൊട്ടി വിടരുമായിരുന്നെന്നു തോന്നി..
 പൂവിന്‍റെ ഭംഗി ആസ്വദിച്ചുനില്‍ക്കുമ്പോള്‍ത്തന്നെ തലേന്നത്തെ വിരുന്നുകാരുടെ ശബ്ദം മുല്ലപ്പടര്‍പ്പിനിടയില്‍നിന്നും കേള്‍ക്കായി.വള്ളിക്കുടിലില്‍ യഥേഷ്ടം വിഹരിക്കുന്ന പ്രണയജോടികളെ കണ്ടപ്പോള്‍ മനസ്സിലല്‍പ്പം അസൂയ തോന്നാതിരുന്നില്ല. കണ്വാശ്രമത്തിലെ വള്ളിക്കുടിലില്‍ പ്രണയ പരവശരായി നിന്ന ശാകുന്തളത്തിലെ ദുഷ്ഷന്തനും ശകുന്തളയും  മനോമുകുരത്തില്‍ മിന്നിമറഞ്ഞു.

ക്വക്‍..ക്വക്‍.ശബ്ദവും പുറപ്പെടുവിച്ച് വള്ളിക്കുടിലില്‍ നിന്നും പുറത്തുവന്ന്  എവിടേയ്ക്കോ രണ്ടും കൂടി തിരക്കിട്ടു പറന്നുപോയി. തലേന്നു രാത്രി അവിടെയായിരിക്കും അന്തിയുറങ്ങിയതെന്നെനിയ്ക്കുതോന്നി.
 എന്നോ നട്ടു നനച്ചു വളര്‍ത്തിയ  ആ ചെടിയ്ക്ക്  സാഫല്യം കിട്ടിയതു പോലെ . അത് ഒന്നു കൂടി തലയെടുപ്പോടെ നിന്നു.
അവ പറന്ന് പോയ്ക്കളഞ്ഞതായിരിക്കുമോ..തിരികെ വരുമോ എന്നൊക്കെയുള്ള ഒരു സന്ദേഹം എന്‍റെ മനസ്സിനെ അലട്ടാതിരുന്നില്ല. അകത്ത്  ജോലിയിലായിരിക്കുമ്പോഴും എന്‍റെ ശ്രദ്ധ  മുറ്റത്തെ മുല്ലവള്ളിയിലായിരുന്നു. കുറെ സമയം കഴിഞ്ഞപ്പോള്‍ വീണ്ടും  കുരുവിയുടെ ക്വക്‍..കീയോ ശബ്ദം കേട്ടു തുടങ്ങി.
തിരികെ വന്നതറിഞ്ഞപ്പോള്‍  കുളിര്‍തെന്നല്‍ തഴുകി തലോടിയ    ആശ്വാസം ! ഇണകളായ ആ അടയ്ക്കാകുരുവികളോട് പ്രത്യേകമായ ഒരടുപ്പം. മനസ്സിലെവിടെയോ അവ കൂടുകൂട്ടിയതുപോലെ....

രണ്ടു ദിവസം  പുതിയ അതിഥികളെ ശ്രദ്ധിയ്ക്കാന്‍ ഒട്ടും സമയം കിട്ടിയില്ല. അടുത്ത ദിവസം
ജോലിയെല്ലാം കഴിഞ്ഞ് വിശ്രമത്തിനായി വരാന്തയില്‍ ഇരിയ്ക്കുമ്പോളാണ് അത്യപൂര്‍വ്വമായ ആ കാഴ്ചകണ്ടത്.. മുല്ല വള്ളികളുടെ  ഇടയില്‍ എന്തോ ഒന്ന് സ്ഥാനം പിടിച്ചിരിക്കുന്നു.. സൂക്ഷിച്ചു നോക്കി. കണ്ണുകളെ വിശ്വസിയ്ക്കാനായില്ല..
വര്‍ഷങ്ങള്‍ക്കു മുന്‍പ്  നാട്ടിലെ കിളിമരത്തില്‍ കണ്ട അതേ കാഴ്ച. ഇണക്കുരുവികള്‍ ചെറിയ ഒരു കൂട് കൂട്ടുന്നതിനുള്ള പ്രാരംഭപണികള്‍ തുടങ്ങിയിരിക്കുന്നു. ഏകദേശം പകുതി ആയിക്കഴിഞ്ഞിരിക്കുന്നു. ചുണ്ടില്‍ കൊത്തിയെടുത്ത ചകിരിനാരും പഞ്ഞിത്തുണ്ടും ഒക്കെയായി രണ്ടുപേരും മാറി മാറി വന്ന് കൂടു കൂട്ടുന്ന അത്യപൂര്‍വ്വമായ കാഴ്ച കാണാന്‍ അവര്‍ കാണാതെ വരാന്തയിലൊരു കള്ളനെ പോലെ ഞാന്‍ പതുങ്ങി ഇരുന്നു.
 ഞാന്‍ വീണ്ടും ബാല്യത്തിലേയ്ക്ക് തിരിച്ചുപോയതുപോലെ തോന്നി.
രണ്ടു മൂന്നു ദിവസം കൂടി കഴിഞ്ഞപ്പോള്‍ കൂട് പണി തീര്‍ന്നു. ഇണക്കുരുവികള്‍ സ്വന്തം അദ്ധ്വാനത്തില്‍ പടുത്തുയര്‍ത്തിയ ആ കുഞ്ഞിക്കൂടിനെ ചുറ്റിപ്പറന്ന് ബാക്കി അറ്റ കുറ്റപ്പണികളും തീര്‍ത്തു്  പാലു കാച്ചലും ആര്‍ഭാടവും ഇല്ലാതെ അതിനകത്ത് പ്രവേശിച്ച് അവ അന്തിയുറങ്ങിയ അത്യപൂര്‍വ്വമായ കാഴ്ചയും ഞാനന്ന് സന്ധ്യക്കു കണ്ടു.
രണ്ട് ഇണകളുടെ സ്വകാര്യജീവിതത്തിലേയ്ക്കുള്ള ഒരു ഒളിനോട്ടം ആയിരുന്നതിനാല്‍ തെല്ലൊരു കുറ്റ ബോധവും എനിയ്ക്കുണ്ടായി.
 കൂടു കൂട്ടി യതെന്തിനാണെന്ന് എനിക്കൂഹിക്കാമായിരുന്നതിനാല്‍ ഞാന്‍ വീണ്ടും അവയെ  ശ്രദ്ധിച്ചു കൊണ്ടിരുന്നു. ഇപ്പോളെനിയ്ക്ക് ആ കൂടിനു മേല്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടിയും വന്നു. എന്‍റെ വീട്ടില്‍ വന്ന് താമസമാക്കിയ അവരുടെ സുരക്ഷിതത്വം മുഴുവനും ഇപ്പോള്‍  എന്‍റെ ഉത്തരവാദിത്തമാണല്ലൊ. അതു വഴിയെങ്ങാനും ഒരു പട്ടിയോ  പൂച്ചയോ കാക്കയോ കടന്നുവരുകയാണെങ്കില്‍ ഒരു മുന്‍കരുതല്‍ പോലെ ഞാനവയെ ആട്ടി ഓടിയ്ക്കും.
അധികം താമസിയാതെ ഇണക്കുരുവികളില്‍ ഒരെണ്ണം അതിനകത്തു തന്നെ ഇരിപ്പായി.  ഇടയ്ക്ക് എപ്പോഴെങ്കിലും ഒന്ന് പറന്നു പുറത്തുപോകും, അധികം വൈകാതെ തിരിച്ചെത്തും.

 അങ്ങനെ പുറത്തു പോയ ഒരവസരത്തില്‍ ഞാനാ കൂട്ടിലേയ്ക്കൊന്ന് പാളി നോക്കിയപ്പോള്‍എന്‍റെ സംശയം അസ്ഥാനത്തായില്ല. .അതിനകത്ത് പവിഴമുത്തുപോലെ മനോഹരമായ രണ്ടു കുഞ്ഞു മുട്ടകള്‍.
 പെട്ടെന്നു തന്നെ എവിടെയോ ഇരുന്ന ഇണക്കുരുവികളിലൊന്ന്  വളരെ ഉച്ചത്തില്‍ ശബ്ദം വെച്ച് കരഞ്ഞുകൊണ്ട് മുല്ല വള്ളിപ്പടര്‍പ്പിനു ചുറ്റിനും  ചിറകടിച്ച് അപായസൂചനയെന്നവണ്ണം പറന്ന് ഇണയെ വരുത്തി. ഇണക്കുരുവിയുടെ കരുതലില്‍   ഞാനല്പം നാണിച്ചു പോയി എന്നുതന്നെ പറയാം.
ഞാനെളുപ്പം വീടിനകത്തേയ്ക്ക് പോന്നു.  കുരുവികള്‍ സ്വസ്ഥമായി ഇരുന്നോട്ടെയെന്നു കരുതി പിന്നെ ഞാനതിനടുത്തേയ്ക്ക് പോയതേ ഇല്ല. ഏതാനും ദിവസങ്ങളും കൂടി കഴിഞ്ഞ് ഒരു ഉച്ച നേരത്താണ്  ഞാനാ കാഴ്ച കണ്ടത്. രണ്ടു കുരുവികളും മാറി മാറി  ചുണ്ടില്‍ തീറ്റയുമായി മുല്ലവള്ളിക്കുടിലിനകത്തേയ്ക്ക് പോകുന്നു. രണ്ടു കുഞ്ഞിപ്പക്ഷികളുടെ  നേര്‍ത്ത കരച്ചില്‍ കൂട്ടിനുള്ളില്‍ നിന്നും കേട്ടു. ഒഴിഞ്ഞചുണ്ടുമായി ആ ഇണക്കുരുവികള്‍ പറന്നകന്ന്  വീണ്ടും തീറ്റ കൊണ്ടുവന്ന് കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്ന അത്യപൂര്‍വ്വമായകാഴ്ച  ഞാന്‍ വളരെ ആസ്വദിച്ചു.

 ഒന്നും കരുതിവെയ്ക്കാതെ അപ്പോഴപ്പോള്‍ കിട്ടുന്ന തീറ്റയിലൊരംശം തിന്ന് ബാക്കി  സ്വന്തം കുഞ്ഞുങ്ങള്‍ക്കും കൂടി കൊടുത്ത് അവയെ  വളര്‍ത്തിയെടുക്കുന്ന പ്രകൃതിയുടെ നിയതമായ സത്യത്തിലേയ്ക്ക് വിരല്‍ ചൂണ്ടുന്ന  അത്യത്ഭുതകരമായ  കാഴ്ച. ഒരു നിമിഷം  ചിന്തയിലാണ്ട എന്‍റെ ഉള്ളില്‍ പഴയ പാട്ടിന്‍റെ ഈരടികള്‍ പൊന്തി വന്നു.....ആകാശത്തിലെ പറവകള്‍ വിതയ്ക്കുന്നില്ല...കൊയ്യുന്നില്ലാ...കളപ്പുരകള്‍ കെട്ടുന്നില്ലാ...
ശരിയാണ്. നാളേയ്ക്കു കരുതിവെയ്ക്കാതെ.അവ എത്ര സന്തോഷത്തോടെ ജീവിയ്ക്കുന്നു !

പൂച്ചയേയും കാക്കയേയും ഒക്കെ ഓടിച്ചുവിട്ടപ്പോളാണ് കുരുവിക്കൂടിനടുത്തുകൂടെ അടുത്ത ഒരു  ശത്രു മന്ദം മന്ദം അടിവെച്ചടിവെച്ചു നടക്കുന്ന കാഴ്ച കണ്ടത്.
തീക്കനല്‍ പോലെ തിളങ്ങുന്ന കണ്ണുകളും കാവി പുതച്ച ശരീരവുമായി നടന്നുനീങ്ങുന്ന ഉപ്പന്‍. ഏന്തിയും വലിഞ്ഞും മുല്ലവള്ളിയിലോട്ട്   നോട്ടമിട്ടപ്പോഴേയ്ക്കും സുരക്ഷിതവലയം തീര്‍ക്കുന്ന സുരക്ഷാഭടന്‍റെ വൈദഗ്ദ്ധ്യത്തോടെ ഞാന്‍  ഉപ്പനെ ആട്ടിയകറ്റി.
. പക്ഷികളില്‍ കണികാണാന്‍ ശ്രേഷ്ഠനായ തന്നെ ഇവള്‍ ആട്ടിയകറ്റുന്നുവോ എന്ന ചോദ്യ ഭാവത്തോടെ എന്നിലേയ്ക്ക് ആ തീക്കണ്ണു കൊണ്ടൊരു നോട്ടമിട്ടിട്ട്
ദേഷ്യഭാവത്തില്‍ പറന്നു പോകുന്ന പോക്കില്‍ മുറ്റത്ത് കാഷ്ടമിട്ട് പ്രതിഷേധം രേഖപ്പെടുത്തി .ഉപ്പന്‍ പോയതിനു പിന്നാലെ  അതുവരെ എവിടെയോ പതുങ്ങിയിരുന്ന ഇണക്കുരുവി ക്വക്‍..കീയോ ശബ്ദവും പുറപ്പെടുവിച്ച് കടന്നുവന്നു. ശത്രു പ്രബലനായതിനാല്‍ എതിര്‍ക്കാന്‍    പോകാതിരിക്കുന്നതാണ് ബുദ്ധി എന്ന തത്ത്വം കുരുവി മനസ്സിലാക്കിയിരിക്കുന്നു.
 പിന്നീടുള്ള എന്‍റെ വിശ്രമസമയമത്രയും മുല്ലവള്ളിപ്പടര്‍പ്പിലെ കൂടിനും   കുരുവിക്കുഞ്ഞുങ്ങള്‍ക്കും മാത്രമുള്ളതായി. സൃഷ്ടിയും പരിപാലനവും വളര്‍ത്തലും എല്ലാം എന്‍റെ ജീവിതചക്രത്തില്‍ ഒരിയ്ക്കല്‍ കൂടി വന്നുപെട്ട ഒരനുഭൂതിയില്‍ ലയിച്ച് ഞാനവയുടെ കൂടെ വേറെ ഏതോ ഒരു ലോകത്തു തന്നെയായിരുന്നു. ഇണക്കുരുവികള്‍ കാണാതെ അവയുടെ കൂട്ടിലേയ്ക്ക് വല്ലപ്പോഴും ഞാനൊന്ന് എത്തിനോക്കുമായിരുന്നു. കുന്നിക്കുരുവിന്‍റെ കറുത്ത കണ്ണുപോലെയുള്ള  കണ്ണുകളും കുഞ്ഞിച്ചുണ്ടുകളും  ഉള്ള അവയുടെ തല വെളിയിലേയ്ക്ക് കുറച്ചു കൂടി വ്യക്തമായി  കാണാന്‍  സാധിച്ചു.
 കുളിപ്പിയ്ക്കാന്‍  പതിച്ചിയില്ലാതെ...ബേബി സോപ്പും ഓയിലും പൌഡറും ഇട്ടുള്ള പരിലാളനയില്ലാതെ താരാട്ടു പാട്ടില്ലാതെ.. പ്രകൃതിയുടെ മടിത്തട്ടിലേക്ക്  പിറന്നുവീണ രണ്ടു കുഞ്ഞുങ്ങള്‍ .അവയുടെ നിഷ്ക്കളങ്കമായ നോട്ടം..
ഒരു ദിവസം രാവിലെ പതിവുകാഴ്ച കാണാനെത്തിയഎനിക്ക്  മുല്ലവള്ളിപ്പടര്‍പ്പിലെ കൂട് ഒഴിഞ്ഞു കിടക്കുന്നതാണു കാണാന്‍കഴിഞ്ഞത്.
അങ്ങകലെ എവിടെയോ ക്വക്‍..കീയോ ശബ്ദംകേട്ട ഞാന്‍ എത്തിവലിഞ്ഞ് അടുത്ത പറമ്പിലെ മുള്‍ ചെടിപ്പടര്‍പ്പിലേയ്ക്ക് കണ്ണുകള്‍  പായിച്ചു. കുഞ്ഞിച്ചിറകുകളുമായുള്ള രണ്ടു കുരുന്നുകളെ പറക്കലിന്‍റെ പ്രാഥമിക പാഠങ്ങള്‍ പഠിപ്പിച്ചുകൊണ്ട് ആ ഇണക്കുരുവികള്‍.   മുള്‍ച്ചെടിപ്പടര്‍പ്പില്‍ത്തന്നെ ആദ്യ പാഠങ്ങള്‍ പഠിപ്പിക്കുന്ന ആ രക്ഷിതാക്കളുടെ  കരുതല്‍.സ്വന്തം സന്താനങ്ങളുടെ ഭാവിജീവിതത്തിന്‍റെ അടിത്തറ ഭദ്രമാക്കിയ അഭിമാനം അവയുടെ ക്വക്‍ ക്വക്‍..കീയോ ശബ്ദത്തില്‍ നിഴലിച്ചിരുന്നു.

പരിശീലനപ്പറക്കലിനുശേഷം കുഞ്ഞുങ്ങളേയും കൊണ്ട് അങ്ങകലേയ്ക്കു പറന്നു പോയ ഇണക്കുരുവികള്‍ പോയ വഴിയേ നോക്കിനില്‍ക്കുമ്പോള്‍ മനസ്സിലെ നൊമ്പരക്കൂട്ടിനുള്ളില്‍  അകലേയ്ക്കു പറന്നകന്ന മക്കളുടെ ചിത്രങ്ങള്‍ തെളിഞ്ഞു വന്നു.ഒപ്പം, തടവറയ്ക്കുള്ളിലെന്നപോലെയുള്ള  തന്‍റെ ദിനരാത്രങ്ങളും.
Related Posts Plugin for WordPress, Blogger...