കളിപ്രായത്തില്‍ പറമ്പില്‍ കിടക്കുന്നഅണ്ണാന്‍ പാതിയും കാക്കപാതിയും ഒന്നും മാവിന്‍റ ചുവട്ടില്‍ നിന്നും മാറ്റാന്‍ അമ്മ സമ്മതിയ്ക്കില്ല. അതവിടെ കിടന്നോട്ടെ. എപ്പോഴെങ്കിലും കിളിര്‍ത്താല്‍..നല്ല ചക്കരിച്ചി മാവായിവരും...
....തൂവികിടന്ന കുറെ വിത്തുകള്‍...നനവുതട്ടിയപ്പോള്‍.. ഓരോന്നോരോന്നായി കിളിര്‍ത്തു തുടങ്ങി..
അതവിടെ നിന്നു. പതുക്കെ പതുക്കെ ഇലകള്‍ വന്നു..ആരും ശ്രദ്ധ കൊടുത്തില്ല..എന്തിന്..
കാട്ടുചെടികളുടെ ഇടയില്‍.. ആരും കാണുന്നു പോലുമില്ല..നിറയെ കൊടിത്തൂവ ചെടികള്‍..ചുറ്റിപ്പിണഞ്ഞു കിടന്നു..ആരും നോക്കാന്‍ പോലും ധൈര്യപ്പെട്ടില്ല..അവിടേയ്ക്ക്..അങ്ങോട്ടടുത്താല്‍ പിന്നെ കൊടിത്തൂവയുടെ ഇലയില്‍ തട്ടും. പിന്നെയാചൊറിച്ചില്‍ ദിവസങ്ങളോളം നീണ്ടു നില്‍ക്കും... പതുക്കെ പതുക്കെ വളര്‍ന്നു തുടങ്ങി..ഒരു ശിശിരത്തില്‍ കാര്‍ത്തികമാസത്തില്‍ ഒരു ദിവസം പൂവിട്ടു..ദൂരെ നിന്നവര്‍ പോലും കണ്ടു..
അതാ ആ കാട്ടുചെടികള്‍ക്കിടയില്‍ ഒരു പുതിയ ചെടി പൂവിട്ടു നില്‍ക്കുന്നു.ഇതുവരെ ഇങ്ങനൊരെണ്ണം ആരും കണ്ടിട്ടില്ല, ഇതിനു മുമ്പ്.. മനോഹരമായ പൂക്കള്‍.എല്ലാവരും ദൂരെ നിന്നാസ്വദിച്ചു.
ഒരു തേനീച്ച എവിടെ നിന്നോ പറന്നു വന്നു.പൂവിന്‍റടുത്തിരുന്നു.പതുക്കെ തേന്‍നുകരാനാഞ്ഞു.
പെട്ടെന്നു തന്നെ തലയൊന്നു കുടഞ്ഞു. പറന്നകന്നു.അല്പം കഴിഞ്ഞു. അതാ ഒരുപറ്റം കൂട്ടുകാരുമായി വീണ്ടും വന്നു.
എല്ലാവരും പൂക്കുലയ്ക്കു ചുറ്റം വന്ന് നൃത്തം വെച്ചു.ആരും തേന്‍ കുടിയ്ക്കുവാന്‍ മുതിര്‍ന്നില്ല.അല്പം കഴിഞ്ഞു എല്ലാവരും പറന്നകന്നു.
ദിവസങ്ങള്‍ കടന്നുപോയി പൂവു കൊഴിഞ്ഞു.ചെറിയ കായ്കള്‍ പ്രത്യക്ഷപ്പെട്ടു.അവിടവിടെയായി ,
കാണാന്‍ നല്ല ചന്തമുള്ള കായ്കള്‍.മരത്തില്‍ തത്തിക്കളിച്ചു വരുകയായിരുന്നു അണ്ണാറക്കണ്ണന്‍.അവനപ്പോളാണ് അതുകണ്ടത്.അവനോര്‍ത്തു.ഇപ്പോഴെ ഇത്രചന്തം. പാകമാകുമ്പോള്‍ എന്തായിരിയ്ക്കും ഒരു ശേല്.തിന്നുമ്പോള്‍ അതിലുംരസമായിരിയ്ക്കും.അവന്‍ മനസ്സില്‍ കണക്കുകൂട്ടി.ഇങ്ങനെ ഇതുവരെഒരു ഫലം കണ്ടിട്ടേയില്ല. ഒരു ചെടിയിലും.
ദിവസങ്ങള്‍ കടന്നു പോയി. പഴങ്ങള്‍ ഏകദേശം പാകമാകാറായി.അണ്ണാറക്കണ്ണന്‍റ ഒരു കണ്ണ്
എന്നും അതിലുണ്ട്.
ആ പച്ചപ്പനം തത്ത അറിയാതെ വന്നിരുന്നതാണ് അതിന്‍റ കൊമ്പില്‍.കാവലു പോലെ നിന്ന അണ്ണാറക്കണ്ണന്‍ ഓടി അവളുടെ അടുത്തു ചെന്നു.
ചോദിച്ചു..
“എന്ത് എന്താണിവിടെ കാര്യം?”
“നിനക്കോ”
“ഞാന്‍ എന്നു തൊട്ടേ കാവലാണ്. ഞാനാണാദ്യം കണ്ടത്.ഇതെന്‍റ സ്വന്തം.”
“ആദ്യം കണ്ടതുകൊണ്ട് സ്വന്തമാകുമോ...ങാഹാ നീയിതു മുഴുവനും ഭക്ഷിയ്ക്കുമോ?”
“ഇല്ല ഓരോ ദിവസവും ഓരോന്ന്.”
“ഞങ്ങള്‍ പറവകള്‍.ഞങ്ങളുടെ പാരമ്പര്യ സ്വത്ത് ഈ പഴങ്ങള്‍.ഇതുഞങ്ങള്‍ക്കും സ്വന്തം.”
വീണ്ടും ദിവസങ്ങള്‍ കടന്നുപോയി. അണ്ണാറക്കണ്ണനോര്‍ത്തു.ഇനി അധികം ദിവസം കാത്തിരിയ്ക്കേണ്ട.ഏറിയാല്‍ രണ്ടോ മൂന്നോ ദിവസം.പിന്നെ തിന്നു തുടങ്ങാം.
നല്ല നിലാവുള്ള ഒരു രാത്രി.അതാ, ഒരു ചിറകടിയൊച്ച.അണ്ണാന്‍ നാലുപാടും നോക്കി.അവന്‍ തന്നെ. ആ കടവാതില്‍.അണ്ണാന്‍ പിറുപിറുത്തു.ഇവനും ഇവിടെ...
“അതെ, ഞാനും ഇതിന്‍റ അവകാശിയാണ്.ഞങ്ങള്‍ക്കും പറഞ്ഞിരിയ്ക്കുന്നത് പ്രകൃതിയിലെ
പഴവര്‍ഗ്ഗങ്ങള്‍ തിന്നു ജീവിയ്ക്കാനാണ്.”
“പക്ഷേ, ഞാനാണാദ്യം കണ്ടത്.അതുകൊണ്ടിതെന്‍റെ സ്വന്തം.”അണ്ണാറക്കണ്ണന്‍ ബാലിശമായ
വാദഗതികള്‍ പറഞ്ഞ് അവകാശം സ്ഥാപിച്ചെടുക്കാന്‍ വീണ്ടും ഒരു ശ്രമം ...
“നീ വിഢിത്തം പറയരുത്.ആദ്യം കണ്ടതുകൊണ്ട് ഒന്നും ആരുടെയും സ്വന്ത മാകില്ല.”
ദിവസങ്ങള്‍ കഴിഞ്ഞു.
ഒരു കുല അതാ പഴുത്തു പാകമായി.അണ്ണാറക്കണ്ണന്‍ പതുക്കെ ആരും കാണാതെ തത്തി തത്തി
പഴത്തിന്‍റടുത്ത് ചെന്നിരുന്നു.ആരെങ്കിലും കാണുന്നുണ്ടോന്ന് ചുറ്റിനും നോക്കി. ഒന്നുകൂടി ഉറപ്പു വരുത്തി.ഇല്ല ആരും ഇല്ല.ധൈര്യമായി.
ഹാ, എത്ര സുന്ദരമായ പഴങ്ങള്‍.മനസ്സില്‍ പറഞ്ഞു,ചുവന്നുതുടുത്ത് രക്തവര്‍ണ്ണം.
പതുക്കെ വളരെപതുക്കെ ഒന്നു കടിച്ചു.
“…..ങേ……”
വന്നതുപോലെ പിന്നോട്ടു പോയി.
തത്തി തത്തി അടുത്ത മരക്കൊമ്പില്‍ പതുങ്ങി.തന്നെ ആരും കാണേണ്ട,മനസ്സില്‍ കരുതി.
അതാ , അവളെത്തി.പച്ചപ്പനംതത്ത.അവളും ഒളികണ്ണിട്ടു നോക്കി.
‘ആഹാ...പഴുത്തുതുടങ്ങി.’അവളും ആത്മഗതം പറഞ്ഞു.
ഇനി ഉത്സവമാണ്.
ചുറ്റിനും പരതി.ആരെങ്കിലുമുണ്ടോ.
ഇല്ല. ആരുമില്ല.
”ത ന്‍റെ ചുണ്ടു പോലെ ചുവന്നു തുടുത്ത പഴം.”
പതുക്കെ ചുള്ളിക്കമ്പു പോലത്തെ കാലുകള്‍ നിരക്കി നിരക്കി അവള്‍ പഴത്തിന്‍റെടുത്തു ചെന്നു.
ചുറ്റും നോക്കി.ഒന്നുകൂടി ഉറപ്പു വരുത്തി.ഒന്നു കൊത്താം.ഒറ്റകൊത്തിനു പകുതിയകത്താക്കണം.ഉറച്ചു.
ആഞ്ഞ് ഒറ്റകൊത്ത്.
“ങേ,ഇങ്ങനെയോ,…..”
പറന്ന് അടുത്ത മരത്തിലിരുന്ന് പതുങ്ങി ഒളികണ്ണിട്ടു നോക്കിക്കൊണ്ടേയിരുന്നു.
സന്ധ്യ മയങ്ങി.ഇന്നിനി ഈ മരത്തില്‍ തങ്ങാം .അവള്‍ കണക്കു കൂട്ടി.
അണ്ണാന്‍ രംഗനിരീക്ഷണം നടത്തിക്കൊണ്ടേയിരുന്നു.
അതാ, ചിറകടിയൊച്ച.
അവനടുത്തു വന്നു.ചുറ്റിനും ഒന്നു പറന്നു.ആരുമില്ല.ഇല്ലെങ്കിലും ഇതെന്‍റെ യാമം.ആരിവിടെ വരാന്‍.അവനോര്‍ത്തു.
അതാ, പഴുത്തു ചുമന്നുകിടക്കുന്ന ഫലങ്ങള്‍.ഒറ്റ റാഞ്ച്, കാലുകളില്‍ ഒരെണ്ണം.അടുത്ത മക്കൊമ്പിലേയ്ക്ക്.ഒറ്റവായ്ക്കകത്താക്കണം—വായിലോട്ട്—
“ ങേ,..ഇങ്ങനെയോ…..?”
ഞാനിവിടുണ്ടേ...
ഞാനും......
പകലു രുചി നോക്കിയവര്‍ രണ്ടുപേരും കടവാതിലിനടുത്തെത്തി.
മുഖത്തോടു മുഖം നോക്കി മൂവരും.ഒരുമിച്ചു പറഞ്ഞു.
“ എന്തായിത് , ഉപ്പുരസമുള്ള പഴമോ.ഇതാദ്യമായാണ് ഇങ്ങനെ...”
കൂട്ടത്തിലെ കാരണവര്‍ കടവാതില്‍
ലോകം കണ്ടവന്‍ പ്രത്യയ ശാസ്ത്രമോതി.
“ അങ്ങിനെയും ഉണ്ട് കൂട്ടുകാരെ ചില ഫലങ്ങള്‍.വിത്തിനു നനവു കിട്ടിയത് കണ്ണുനീര്‍ തുള്ളിയില്‍
നിന്നായിരിയ്ക്കാം. അതില്‍ മുളച്ച ചെടിയായിരിയ്ക്കാം.ആ ഫലങ്ങള്‍ ഉപ്പുള്ളതായിരിയ്ക്കും."
അപ്പോഴാണ്ആതേനീച്ചയും കൂടെ ചേര്‍ന്നത്.
അതെ പൂവിന്‍റെ തേനിനും ഉപ്പുരസമായിരുന്നു.