Monday, January 23, 2012

വേട്ടമൃഗം(22-1-12 ലെ ജനയുഗം സണ്‍ഡേ സപ്ലിമെന്‍റില്‍ പ്രസിദ്ധീകരിച്ചത്)





വന്യത മൊത്തമായി ആവാഹിച്ചെടുത്ത   കാട്.ഇതു കാട്ടിത്തരാനല്ലേ  ഒരിയ്ക്കലിവിടെ കൂട്ടിക്കൊണ്ടു വന്നത്.എന്തെന്തു പ്രതീക്ഷകളായിരുന്നു. കലമാന്‍  കൊമ്പുപോലെ തലയെടുത്തു നില്‍ക്കുന്ന കുന്നിന്‍ ചെരിവുകള്‍...ഇടയില്‍ക്കൂടി വളഞ്ഞും പുളഞ്ഞും ഒഴുകുന്ന തെളിനീര്‍ ചോല.പച്ചപ്പരവതാനി വിരിച്ച പുല്‍ മേടുകള്‍
  ചിറകുകളൊതൊക്കി പതുങ്ങി കാണാമറയത്തിരിയ്ക്കുന്ന  കഴുകക്കണ്ണുകള്‍. പീലി വിരിച്ചു നൃത്തം ചെയ്ത്  മായികപ്രപഞ്ചം ഒരുക്കുന്ന മയിലുകള്‍. മഴയുടെ വരവും പ്രതീക്ഷിച്ച്  വര്‍ഷമേഘത്തിനെ  നോക്കി  മുകളിലേക്കു് ചുണ്ടും നീട്ടിയിരിയ്ക്കുന്ന  വേഴാമ്പലുകള്‍.
  എന്തെല്ലാം സ്വപ്നങ്ങള്‍  നെയ്തു കൂട്ടിയതാണ് ഇവിടെയെത്തിയപ്പോള്‍.
കാടിന്‍റെ വന്യസൌന്ദര്യം  ഒളിഞ്ഞും തെളിഞ്ഞും  ആസ്വദിച്ചു നടന്ന മാന്‍ പേട.എപ്പോഴും അവളുടെയുള്ളില്‍ ഭയമാണ്. ഏതുവശത്തുനിന്നും ആക്രമണം പ്രതീക്ഷിയ്ക്കാം. അവളോര്‍ത്തു..ഒരിയ്ക്കലെങ്കിലും ഇതിന്‍റ വന്യത നുകരാന്‍ സമാധാനത്തോടെ പറ്റിയിട്ടില്ല.ഉള്‍ക്കിടിലത്തോടെയാണ് എപ്പോഴും  നടന്നിരുന്നത്.ഭയത്തിന്‍റെ ഒരാവരണം പുറംചട്ടപോലെ എപ്പോഴും കൂടെ.

ആ പുല്‍ മേടുകള്‍ ദൂരെനിന്നു കാണാനെ യോഗമുള്ളു. ഒരിയ്ക്കല്‍ പോലും ഒന്നു നുണയാന്‍ പറ്റിയിട്ടില്ല. ഒരിയ്ക്കലവളൊന്നു കച്ചകെട്ടി നോക്കിയതാണ് ആ പുല്‍ മേടുകളെ ലക്ഷ്യമിട്ടു കൊണ്ട്. പക്ഷേ അന്ന് അവനില്‍ നിന്നും, കാട്ടിലെ ആ സര്‍വ്വാധികാരിയില്‍ നിന്നും ഓടി രക്ഷപ്പെട്ടത് ഇന്നും ഓര്‍ക്കുമ്പോള്‍ ...പിന്നീടു സമാധാനിച്ചു.ഇതായിരിയ്ക്കും വിധി എന്നു പറയാമോ?എന്നും പറയാം.

നടക്കാറായ മാന്‍ പേടക്കുഞ്ഞിനോടവള്‍ പറഞ്ഞു.സൂക്ഷിച്ചുവേണം ഇനി ഓരോ കാലടികളും വെയ്ക്കാന്‍. വളരെ ശ്രദ്ധയോടെ പതുക്കെ പതുക്കെ ചുറ്റിനും നോക്കി നോക്കി ...
തുള്ളി തുള്ളി നടന്ന പേടമാന്‍കുഞ്ഞ്. കണ്ണുമിഴിച്ച് ചുറ്റിനും നോക്കി.
ഹാ..എത്ര സുന്ദരമായ കാട് .ഇവിടെ പിറക്കാന്‍ പറ്റിയതു തന്നെ ജന്മാന്തര സുകൃതം. കല്പാന്ത കാലത്തോളം ഇവിടെ കഴിയാന്‍ തോന്നുന്നു.
ശരിയാണ്..വളരെ സുന്ദരം ..മനോഹരം.എന്നാല്‍ ചുറ്റിനും ശത്രുക്കളാണ്.നമ്മെ തന്നെയാണ് അവരുടെ നോട്ടവും.എപ്പോഴും ചുറ്റിനും ഒരു കണ്ണു പായിയ്ക്കണം.

പേടമാന്‍കുഞ്ഞ് വീണ്ടും കൂത്താടി നടന്നു.

ഹാ..എത്ര നല്ല ചോല !എന്തു നല്ല  തെളിനീര്‍!”
അയ്യോ കുഞ്ഞേ ആ തെളിനീര്‍ ചോലയിലുമുണ്ട് നമ്മുടെ ശത്രുക്കള്‍....,അങ്ങോട്ടൊന്നും പോകരുത്.അമ്മയുടെ പിറകേ നടക്കണം.കാലടികള്‍ പിന്‍തുടര്‍ന്ന്.
മാന്‍ പേടക്കുഞ്ഞു പറഞ്ഞു:
മടുത്തു.അമ്മയുടെ പിറകേ നടന്നു നടന്ന്.ഒന്നു സ്വതന്ത്രമായി തുള്ളിച്ചാടി നടക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലേ?
എന്നാണീ കാടൊന്നു നന്നായി കാണുന്നത്,എന്നാണീയരുവിയിലെ തെളിനീര്‍
വയറു നിറയെ കുടിയ്ക്കാന്‍ പറ്റുന്നത്.ആ പച്ചപുല്‍ മേടുകളില്‍ പോയി  സ്വതന്ത്രമായി മേയുന്നതെന്ന്.
ആ സിംഹക്കുട്ടിയും പുലിക്കുട്ടിയും എത്ര സന്തോഷത്തോടെ സ്വതന്ത്രരായി തുള്ളിച്ചാടി നടക്കുന്നു.
തള്ളമാന്‍  പറഞ്ഞു:
നമ്മള്‍ക്കങ്ങിനെയൊന്നും പോയിക്കൂടാ...അതു പ്രകൃതി നിയമം.കുറച്ചു കൂടി വലുതാകട്ടെ അമ്മ നല്ലൊരു കലമാനിനെ കൂട്ടിനു തരും.എന്നിട്ട് ഈകാടായ കാടൊക്കെ,ചുറ്റി ഈമേടായ മേടൊക്കെ മേഞ്ഞു നടന്നോളൂ.തെളിനീരിലെ വെള്ളം
കുടിച്ച് കുളിച്ചു നടന്നോളൂ.

കാടിന്‍റെ വന്യത നുകര്‍ന്ന് കാട്ടാറുകളിലെ വെള്ളത്തില്‍ കളിച്ചു രസിച്ച്.സിംഹക്കുട്ടികളും പുലിക്കുട്ടികളും എല്ലാംദിവസങ്ങള്‍ ആഘോഷമായി കൊണ്ടാടിയപ്പോള്‍ മാന്‍പേടക്കുഞ്ഞു മാത്രം   അമ്മയുടെ നിഴലു പറ്റി
ആ ഇട്ടാവട്ടത്തിലൊതുങ്ങിക്കൂടി..
 ഒരുദിവസം തള്ളമാന്‍ പുള്ളികളുള്ള നല്ലൊരു കലമാനിനെ കൂട്ടിനായി പേടമാന്‍കുഞ്ഞിനു നല്‍കി.
ഹാവൂ സമാധാനമായി.പേടമാന്‍കുഞ്ഞു മൊഴിഞ്ഞു.
 “എന്തു സമാധാനം ?”     കലമാന്‍.
  
 “എനിക്കിനി ഈ കാടിന്‍റ  വന്യഭംഗി ആസ്വദിയ്ക്കാം,ഈ മേടായ മേട്ടിലെല്ലാം മേഞ്ഞു നടക്കാം  അരുവിയിലെ തെളിനീരിന്‍റെ കുളിരു നുകര്‍ന്ന് കുളിച്ചു രസിയ്ക്കാം."
ആരു പറഞ്ഞു  ഈവിഡ്ഢിത്തമൊക്കെ ?”.
 “അമ്മ പറഞ്ഞു
അയ്യോ അങ്ങിനൊന്നും പാടില്ല.എന്‍റ പുറകേ എന്നും നടന്നോണം.വേണ്ടതെല്ലാം ഞാന്‍ കാണിയ്ക്കും.വേണ്ടാത്തിടത്തൊന്നും കൊണ്ടു പോകില്ല.അനുസരണയോടു കൂടി നടന്നാല്‍ ശത്രുവില്‍ നിന്നും രക്ഷപ്പെടാം.

അവളുടെ മനസ്സിലെ മയില്‍പ്പീലിത്തുണ്ടുകളുടെ വര്‍ണ്ണങ്ങള്‍ മങ്ങി.
അപ്പോളിത്രയും നാളും സ്വപ്നം കണ്ടു നടന്നത് വെറുതെയോ? എന്തെല്ലാം മോഹങ്ങളായിരുന്നു? അമ്മ തരുന്ന കൂട്ടിനെ കൂട്ടി ഈകാനനഭംഗി ആസ്വദിയ്ക്കാമെന്ന് വ്യാമോഹിച്ചു.ആനീല താഴ്വരയില്‍ ഒരിയ്ക്കല്‍ പോലും എനിയ്ക്കു പോകാന്‍ പറ്റില്ലേ.എന്‍റെ സ്വപ്നങ്ങളെല്ലാം തകര്‍ന്നടിഞ്ഞോ.. അവള്‍ക്ക് ദുഃഖം സഹിയ്ക്കാനായില്ല...അവളുടെ ഹൃദയം തേങ്ങി.
അവള്‍ക്കതു മനസ്സിലായി...അമ്മയുടെ ഭാരം മറ്റൊരാളിലേയ്ക്ക് ഇറക്കിവെയ്ക്കാന്‍ അമ്മ കണ്ട ഉപായം.....
ഈ കാനനഭംഗി ആസ്വദിയ്ക്കാന്‍ പറ്റാത്ത ജീവിതം തനിയ്ക്കു വേണ്ട.
അവള്‍ അവിടെ നിന്നും ഒറ്റക്കുതിപ്പ്...
 അതാ ഒരു വേട്ടക്കാരന്‍ വില്ലും കുലച്ചു നില്‍ക്കുന്നു.അയാളുടെ മുമ്പിലേക്കു തന്നെ.അവള്‍ നിശ്ചയിച്ചു.
 പേടമാന്‍കുഞ്ഞ്   മെല്ലെ മെല്ലെ വേട്ടക്കാരന്‍റ ലക്ഷ്യത്തിനു മുമ്പില്‍ ചെന്നു നിന്നു.
കണ്ണടച്ചു.പ്രാര്‍ത്ഥിച്ചു.ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം.അവളീ ഭൂമിയില്‍ നിന്നും യാത്രയാകും.ഈശ്വരനോട് ഒന്നു കൂടി പ്രാര്‍ത്ഥിച്ചു.അടുത്ത ജന്മമുണ്ടെങ്കില്‍ അവളെയൊരു സിംഹക്കുട്ടിയായി ഭൂമിയില്‍ ജനിപ്പിയ്ക്കേണമേയെന്ന്.
ഈ കാനനഭംഗി   ആവോളം  നുകരാന്‍. ഈ തെളിനീരിന്‍റെ നൈര്‍മ്മല്യം    മനംകുളിരെ ആസ്വദിയ്ക്കാന്‍‍.

കണ്ണടച്ചു,നിമിഷങ്ങളെണ്ണിയെണ്ണി..

പുറകിലൊരലര്‍ച്ച.
അതാ മേഞ്ഞു നടന്ന ഒരു പേടമാന്‍ അവളുടെ  പുറകില്‍ അമ്പേറ്റു പിടയുന്നു.വേട്ടക്കാരന്‍  ഓടിവന്നു.അമ്പെയ്തിട്ടതിനെ കൈക്കലാക്കാന്‍.
അവളുടെ മനസ്സ് സങ്കടവും ദേഷ്യവും കൊണ്ട് കലുഷിതമായി.അവള്‍
വേട്ടക്കാരനോടു പുലമ്പി
നിങ്ങളെന്താണീചെയ്തത്?”
ഞാന്‍ നിങ്ങളുടെ മുമ്പില്‍ വന്ന് കണ്ണടച്ചു നിന്നിട്ട്  നിങ്ങളെന്നെ ലക്ഷ്യം വെച്ചില്ല.മറിച്ച് മേഞ്ഞു നടന്ന ആ പേടമാനിനെ എന്തിനമ്പെയ്തു?”
 അതോ, അത് നീ മരിയ്ക്കാന്‍ കച്ച കെട്ടി കണ്ണടച്ചു നിന്നു.മറ്റവള്‍ മേഞ്ഞു നടന്നു. മേഞ്ഞു നടക്കുന്നതിനെ, അതറിയാതെ അമ്പെയ്തു വീഴ്ത്തുന്ന ഒരു സംതൃപ്തി
മരിയ്ക്കാന്‍ കച്ചകെട്ടി നില്‍ക്കുന്നതിനെ ലക്ഷ്യമിട്ടാല്‍ ഒരിയ്ക്കലും ലഭിയ്ക്കില്ല.
 വേട്ടക്കാരന്‍റ വാക്‍ശരം ഹൃദയത്തിന്‍റ അടിത്തട്ടിലെവിടെയോ കൊണ്ടു.
അവിടെയുണ്ടായ മുറിവില്‍ നിന്നും രക്തം വാര്‍ന്നു...അതിന്‍റ ആഴം അളക്കാന്‍ അവള്‍ക്കായില്ല..... 

അവളുടെ   ഹൃദയത്തിന്‍റ  അടിത്തട്ടിലെ  ആശകളുടെ കൂമ്പാരത്തില്‍ നിന്നും
മറ്റൊരു പ്രാര്‍ത്ഥന  ഈശ്വരനോട് ...അടുത്ത ജന്മത്തില്‍ അവളെയൊരു വേട്ടക്കാരന്‍റ  ശരമായി   ജനിപ്പിയ്ക്കേണമേയെന്ന്.


Monday, January 2, 2012

കഥ ഇതുവരെ(2012 ജനുവരി 2 ന് കേരളകൌമുദി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കഥ)






 സോറി തിരികെ വാങ്ങുക.ഫോണെടുത്ത് ഒരേറു കൊടുക്കാനാണ് തോന്നിയത്.പ്രസിദ്ധീകരണ യോഗ്യമല്ലാത്തത്  തിരികെ ലഭിക്കാന്‍ മതിയായ സ്റ്റാമ്പൊട്ടിച്ച കവര്‍ കൂടിചേര്‍ക്കുക എന്ന പഴഞ്ചനേര്‍പ്പാട് മടുത്തതോടെയാണ് നേരിട്ടുള്ള ഇടപാടിന് മുതിര്‍ന്നത്.പത്രാധിപരും പ്രസാധകരും പ്രസിദ്ധീകരണ യോഗ്യമല്ലെന്ന്
മുഖത്തു നോക്കിപറയുന്നത് കേള്‍ക്കുമ്പോള്‍ എന്തോ ഒരു ഇത്. നേരെ മുറിയിലേയ്ക്കുപോയി എഴുത്തു മേശയില്‍ ഒരു നാണവുമില്ലാതെയിരിക്കുന്ന പേനയെടുത്ത് ഒന്ന് തറപ്പിച്ചു നോക്കി.അല്ലെങ്കില്‍ തന്നെ പേനയെ കുറ്റം പറഞ്ഞിട്ടെന്താ കാര്യം.എന്‍റ സാഹിത്യം പകര്‍ത്തുന്ന ഒരു ഉപകരണം മാത്രമാണല്ലോ പേന.എല്ലാം നിര്‍ത്തുക തന്നെ.ഇനി എഴുത്ത്-അയപ്പ്-മടക്കി വാങ്ങല്‍ എന്ന നാടകത്തിന് നിന്നു കൊടുക്കാനില്ലെന്ന് ഉറപ്പിച്ചാണ് കിടന്നത്.കടുത്ത തീരുമാനം എടുത്തതു കൊണ്ടാകാം ഉറക്കം വന്നില്ല.ഫോണെടുത്ത് ജോസിനെ വിളിച്ചു.
  ചേച്ചീ, ഇങ്ങനെ എഴുതി കൂട്ടിയിട്ട് ഒരു കാര്യവുമില്ല.സെല്‍ഫ് മാര്‍ക്കറ്റിംഗ് നടത്താതെ ഒരെണ്ണം അച്ചടി മഷി കാണില്ല.ജോസ് പറഞ്ഞതുപോലെ  സെല്‍ഫ് മാര്‍ക്കറ്റിംഗ് നടത്തിയിട്ടു തന്നെ കാര്യം.അങ്ങിനെയാണ് വെറും ജോസ് എന്‍റെ പബ്ലിക്‍ റിലേഷന്‍ ജോസായത്.അങ്ങിനെ ജോസിന്‍റെ വാക്കും വിശ്വസിച്ച്  സുഖമായി കിടന്നുറങ്ങി. രാവിലെ നേരെ വെച്ചുപിടിച്ചു പ്രസാധകന്‍റെ മുന്നിലേയ്ക്ക്. നിങ്ങളെഴുതുന്നതെല്ലാം ഭയവിഹ്വലതകളില്‍ തളര്‍ന്നു കിടക്കുന്ന സ്ത്രീകളെക്കുറിച്ചാണ്.നമുക്കു വേണ്ടത്  സ്ത്രീകളുടെ സങ്കീര്‍ണ്ണവും ജീവസ്സുറ്റതുമായ തുറന്ന ജീവിതങ്ങളാണ്.മാഡത്തിന് ഉദ്ദേശിച്ചത് എന്താണെന്നു മനസ്സിലായോ.പ്രസാധകന്‍ കസേരയില്‍ നിന്നും എഴുന്നേറ്റു വരുന്നതായും തന്നോട് എന്തോ രഹസ്യമായി സംസാരിക്കാന്‍  അടുത്തേയ്ക്കു  വരുന്നതായും തോന്നി.കവറും വാങ്ങി ഇറങ്ങി ഓടുകയായിരുന്നു.ഡോര്‍ വലിച്ചു തുറന്ന് പുറകിലേയ്ക്ക് നോക്കി.പ്രസാധകന്‍ പിന്നാലെ വരുന്നില്ലെന്ന് ഉറപ്പാക്കിയാണ് പുറത്തേയ്ക് കടന്നത്.
  പി.ആര്‍.ജോസെ നീയെവിടെയാണ്?
  ഞാന്‍ സ്റ്റാച്യുവില്‍.
അല്‍പ്പനേരം കാത്തു നില്‍ക്കൂ. ഞാന്‍ അവിടേയ്ക്ക് വരാം.
 ഓട്ടോ പിടിയ്ക്കേണ്ട.നടന്നുതന്നെ പോകാം.കുറേ  ദൂരം നടക്കുമ്പോള്‍ കുറേ ചിന്തകള്‍ മനസ്സിലേയ്ക്ക് വരും.നേരെ വളവു തിരിവുകള്‍ പിന്നിലേയ്ക്ക് പായിച്ച് മെല്ലെ നടക്കാന്‍ തുടങ്ങി.നടപ്പ് ഇടവഴികളിലുടെയാകുമ്പോള്‍ ചിന്തകള്‍ക്കും കടുപ്പമേറും.നേരെ ആദ്യം കണ്ട ഇടവഴിയിലേയ്ക്ക് കയറി.
  റേറ്റ് കൂടും. കാര്യം കഴിഞ്ഞ് ഞഞ്ഞാ കുഞ്ഞാന്നൊന്നും പറഞ്ഞേക്കരുത്.ഒരുത്തനും ഒരുത്തിയും അടുത്ത വ്യാപാരത്തിന്‍റെ കരാര്‍ ഉറപ്പിക്കുകയാണ്.ഏകദേശം ഉറപ്പിച്ച മട്ട്.
ഇടവഴിയില്‍ അവരൊന്ന് ഒതുങ്ങി നിന്നാലെ തനിയ്ക്ക് പോകാന്‍ കഴിയൂ.അവരെ കടന്നതും അയാളുടെ വൃത്തികെട്ട നോട്ടം തന്നെയൊന്ന് വട്ടമിട്ടു പറന്നതും ഒരു
ഉള്‍ക്കിടിലം ഉള്ളിലെവിടേക്കോ പാഞ്ഞുപോയി.ഇടവഴി നടത്തം അത്ര പന്തിയല്ല.നേരെ മെയിന്‍ റോഡിലേയ്ക്ക് കടക്കാം.


ഈ ഇടവഴിയില്‍കൂടി കേറിയാല്‍  പുളിമൂട്ടിലെളുപ്പം എത്താം. അതാ ചെറുപ്പക്കാരായ രണ്ടു പേര്‍.ഇരുപതിരുപത്തിരണ്ടു വയസ്സ് കഷ്ടിച്ച്പ്രായം. ഈ മുടുക്കില്‍നിന്ന് എന്തു സ്വകാര്യം? ഒരുത്തന്‍മറ്റെവനോടു പറയുന്നു.എടാ ,അവനെ ഒന്നൊതുക്കി കൊടുത്താല്‍ഈ വരുന്ന ഇലക്‍ഷന് നമ്മടച്ചായന്  സീറ്റുറപ്പാ. ഇന്നലെ ഞാനുമായി സംസാരിച്ചു. അന്‍പതു തൊട്ട് ഒന്നുവരെ തരാമെന്നാണു പറഞ്ഞിരിയ്ക്കുന്നത്. ഞാന്‍രണ്ടാണു ചോദിച്ചത്. തടയുമെന്നു തോന്നുന്നു. അങ്ങിനെയെങ്കില്‍താനൂടെ ചേരണം . പകുതി തനിയ്ക്കു തരാം.
മുന്നോട്ടു നടന്നു. സെക്രട്ടറേറ്റിന്‍റെ വടക്കേ ഗേറ്റു വരെ പോകണം. അവിടെയാണ് അവന്‍നില്‍ക്കുന്നത്. ഇനിയുമുണ്ട് ദൂരം.. ഇവിടെ നിന്നും മുകളിലോട്ടു കയറിയാല്‍  വൈ.എം .സി.എ യുടെ അടുത്തെത്താം . അണയ്ക്കുന്നു. ആ ജൂസു കടയില്‍കയറി ഒരു ജൂസു കുടിയ്ക്കാം.അതാ അതിന്‍റെ സൈഡിലായി ഒരുസ്ത്രീയും പുരുഷനും. പിടിവലി നടത്തുകയാണ്.അവള്‍പുലമ്പുന്നതു കേള്‍ക്കാം; അതിരാവിലെ ചാരായം കുടിച്ചുംവെച്ച് വന്നു തുടങ്ങാനാ അല്ലേ.രണ്ടു ദിവസമായി പിള്ളേരു പട്ടിണിയാ. ലോഡു വന്നതറിഞ്ഞോണ്ടാ ഞാനോടി വന്നതു തന്നെ. ചുറ്റിനും നോക്കി. എല്ലാരും ജൂസു കുടിക്കുന്നു. അപ്പോഴാ മനസ്സിലായത്. ജൂസില്‍ മിക്‍സുചെയ്താണു കൊടുക്കുന്നതെന്ന്. എളുപ്പം തന്നെ അവിടെ നിന്നും സ്ഥലം വിട്ടു.
മുകളിലോട്ടു കയറി. പ്രസ്സ്ക്ലബു വഴിപോകാന്‍തിരിഞ്ഞു. അതാ ഒരു പ്രമുഖ സാഹിത്യകാരന്‍. അടുത്തു നില്‍ക്കുന്നത് എഴുതി തെളിഞ്ഞു വരുന്ന ഒരു  കൊച്ചു പെണ്ണ്. നിഷ്ക്കളങ്കമായ അവളുടെ വര്‍ത്തമാനം. സാറെ  സാറല്ലെ കോ-ഓഡിനേറ്റര്‍. അപ്പോളെന്‍റെ ഒരെണ്ണം കൂടി അതില്‍പബ്ലിഷ് ചെയ്തൂടെ. ' പബ്ലിഷ് ' അതുകേട്ടതുകൊണ്ടാണ് ഒന്നു ശ്രദ്ധിച്ചത്അതിനിങ്ങനെ പറഞ്ഞാല്‍ പോരാ, കാണേണ്ടതുപോലെ കാണണം.
എന്നുപറഞ്ഞാല്‍…”
വൈകിട്ടു മുറീല്‍വരാമോ..ഞാനൊറ്റയ്ക്കാ..
നടത്തത്തിനു സ്പീഡുകൂട്ടി. പ്രസ്സ്ക്ലബ്ബിന്‍റ നടയിലൂടെ നടന്നു.

 സെക്രട്ടേറിയേറ്റിലെ  ഉദ്യോഗസ്ഥരാണ് രണ്ടുപേരും.ഒരുമിച്ച് നടന്നു പോകുന്നതിന്‍റ പുറകേയാണു ഞാന്‍. മധ്യ വയസ്സാണ് രണ്ടു പേര്‍ക്കും. സ്ത്രീ പുരുഷനോടു പറയുന്നു. തന്നോടു പറയുമ്പോളൊരാശ്വസം. അതുകൊണ്ടാ. ഇന്നലെയും ബാറില്‍നിന്നും വന്നപ്പോള്‍ഒരുമണി. നാട്ടുകാരറിയുമല്ലോന്നോര്‍ത്തു മിണ്ടിയില്ല. പെണ്ണുങ്ങളോടു പറഞ്ഞാല്‍ഇവിടം മുഴുവന്‍പാട്ടാകും. മറുപടിയും ശ്രദ്ധിച്ചു. എങ്കിലെന്‍റ കൂടെ പോരെ..ഞാനെത്ര പ്രാവശ്യമായിപ്പറയുന്നു.

 അപ്പോളെന്‍റ കുഞ്ഞുങ്ങള്‍.
തന്‍റെ കുഞ്ഞുങ്ങള്‍. തനിയ്ക്കു മാത്രമേയുള്ളോ   കുഞ്ഞുങ്ങള്‍
ഞാനെന്‍റെ   വിഷമങ്ങള്‍ഇറക്കിവെയ്ക്കാനുള്ള ഒരു ഇടമായിട്ടേ തന്നേ കാണുന്നുള്ളു. അതിനപ്പുറത്തെ മേഖലകളിലേയ്ക്ക് താന്‍സഞ്ചരിയ്ക്കേണ്ട.അപ്പോളിതായിരുന്നു മനസ്സില്‍.അല്ലേ?.
നടത്തത്തിനു സ്പീഡു കൂട്ടി.
കുറച്ചു കൂടി  മുന്നോട്ടു നടന്നു.ഇനി ഈ വളവു തിരിഞ്ഞാല്‍  സെക്രട്ടേറിയറ്റിന്‍റെ വടക്കേ ഗേറ്റിലെത്താം.അതാ ഒരു ആള്‍ക്കൂട്ടം.ഒന്നെത്തി നോക്കി. പത്തുപന്ത്രണ്ടു വയസ്സുള്ള  ഒരു പെണ്‍കുട്ടി വണ്ടിയില്‍.എന്താണെന്നറിയാന്‍ആഗ്രഹം തോന്നി.അടുത്തു നിന്ന ഒരു കക്ഷിയോടു ചോദിച്ചു.
ഇപ്പഴത്തെ പിള്ളേരുടെ കാര്യമേ..
നല്ലവണ്ണം വിശദീകരിയ്ക്കാനുള്ള ഭാവമാണെന്നു കണ്ടപ്പോള്‍  പോകാനുള്ള തിരക്കു കൊണ്ട് ചെറുകി.വേറൊരാളിനോടു ചോദിച്ചപ്പോള്‍മനസ്സിലായി എന്നും സ്ക്കൂളില്‍  കൊണ്ടു വിടുന്ന ഓട്ടോക്കാരന്‍വളച്ചു കൊണ്ടുപോയി മാര്‍ക്കറ്റു  പിടിയ്ക്കാനുള്ള ശ്രമമായിരുന്നുയെന്നും പോലീസുകാരുടെ  സന്ദര്‍ ഭോചിതമായ ഇടപെടല്‍മൂലം ഒരു  വിടാരാന്‍പോകുന്ന മൊട്ടിനെ പുഴുക്കുത്തില്‍നിന്നും രക്ഷിയ്ക്കാനായിയെന്നും.
ഈശ്വരനു സ്തുതി പറഞ്ഞ് അവിടെ നിന്നും തിരിച്ചു.

മനസ്സില്‍ അളവുകോലെടുത്ത് അളന്നു. കൂട്ടലും കിഴിക്കലും  ഹരിക്കലും നടത്തി.ഹരണ ഫലം എപ്പോഴും കിട്ടുന്നത് ഒന്നു തന്നെ.എല്ലായിടത്തും.
മനസ്സില്‍സംശയത്തിന്‍റെ കരിനിഴല്‍പടരുന്നുവോ..
എന്തിനാണ് അവന്‍തന്നെ കാത്തു നില്‍ക്കുന്നത്? ഇത് മറ്റെ പ്രസിദ്ധീകരണക്കാരന്‍റടുക്കല്‍ കൊടുക്കുന്നതെന്തിന്? അവനിതില്‍നിന്നും എന്തു തടയും? നടന്നു നടന്ന് എത്തിയതറിഞ്ഞില്ല.
അവനതാ എന്നെ പ്രതീക്ഷിച്ചു കൊണ്ട് നില്‍പ്പാണ്. എനിയ്ക്കവനെ ഇപ്പോള്‍കാണാം.
എത്രയോ പ്രാവശ്യം അവനിതേപോലെ ഓരോ കാര്യത്തിനായി എന്നെ കാത്തു നില്‍ക്കും.
അപ്പോഴെല്ലാം എന്‍റ മനസ്സില്‍ പൊന്തി വന്ന ചോദ്യം. ഇപ്പോഴും മനസ്സിന്‍റെ ഉള്ളറകളില്‍നിന്നെവിടെ നിന്നോ  ഉയിര്‍ ത്തെഴുന്നേറ്റു.ഇത്തവണ സട കുടഞ്ഞെഴുന്നേറ്റ ഭൂതം പോലെ എന്നില്‍   നിന്നും അതു ചാടാനുള്ള പുറപ്പാടാണോ. ചിലപ്പോഴിങ്ങനെയാണ് മനസ്സ്.നിയന്ത്രണത്തിനും അപ്പുറത്തേയ്ക്ക് കുതിച്ചു ചാടും. അവന്‍റടുത്തെത്തിക്കഴിഞ്ഞു.
ചേച്ചി..ഇതെത്ര നേരമായി..ഞാനിങ്ങനെ കാത്തു നില്‍ക്കുന്നു.ഇത്രയും താമസിച്ചത്.
ഒന്നും മിണ്ടിയില്ല.
മനസ്സില്‍സംശയത്തിന്‍റെ  ലാവ തിളച്ചു പൊന്തുന്നു. അതെന്‍റെ കണ്ണില്‍ക്കൂടി ബഹിര്‍സ്പുരണം നടത്തുന്നു.ഇവനെന്തിനാണ്  തന്നെ സ്നേഹിയ്ക്കുന്നത്. അവന്‍റെ കണ്ണുകളിലേയ്ക്ക് തീക്ഷ്ണമായി നോക്കി.
ചേച്ചീടെ മുഖം എന്താണു വല്ലാതെ.
അതിങ്ങു തരൂ ചേച്ചീ..അവന്‍തന്‍റെ കൈയ്യിലെ കഥകളടങ്ങുന്ന പ്ലാസ്റ്റിക്‍കിറ്റിനു വേണ്ടി
കൈനീട്ടി.
വേണ്ടാ.
ആ വേണ്ടായുടെ ധ്വനിയില്‍  തമ്പാനൂര്‍മുതല്‍  സ്റ്റാച്യൂവരെ  കണ്ട കാഴ്ചകളുടെ വേദന പ്രതിഫലിക്കുന്നുണ്ടായിരുന്നു.
"ചേച്ചിക്കിന്നെന്തു പറ്റി"
"ഒന്നും പറ്റിയില്ല."
എളുപ്പം തന്നെ  അതുവഴിവന്ന ഓട്ടോ  കൈകാണിച്ചു. വീട്ടിലോട്ടു പോരുമ്പോളൊന്നു കൂടി തിരിഞ്ഞു നോക്കി. ….
Related Posts Plugin for WordPress, Blogger...