Friday, July 5, 2013

വിഷകന്യകമാര്‍ വിരുന്നൂട്ടുന്നു.





പണ്ടൊക്കെ ഗ്രാമ പ്രദേശങ്ങളില്‍ പാതിരാപ്പടം എന്നു പറഞ്ഞാല്‍ സെക്കന്‍ ഷോ കാണാന്‍ നല്ല തിരക്കായിരിക്കും.കൂടുതലും പുരുഷന്മാരാണ്  പോകുന്നതും. നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ വീടും കുടിയുമായി താമസിയ്ക്കുന്നവര് പോകാറില്ല. കാരണം പടത്തിന്‍റ പകുതി ഷോകഴിയുമ്പോള്‍ പിന്നെ ബാക്കി പകുതിയില്‍  ഒരു നീലചിത്രത്തിന്‍റെ ഭാഗങ്ങളായിരിക്കും. അതും ഡോസു വളരെ കുറച്ചു മാത്രം.
 പക്ഷെ ഇപ്പോള്‍ നമ്മുടെ സ്വീകരണ മുറിയിലെപ്പോഴും നമ്മള്‍ കണ്ടും കേട്ടും ഇരിയ്ക്കുന്നതത്രയും ഈ നീലപ്പട വിശേഷങ്ങളാണ്. നമ്മുടെ സംസ്ക്കാരം ഇത്രയ്ക്കും അധഃപ്പതിച്ചു പോയതില്‍ ലജ്ജ തോന്നുന്നു.

കിടപ്പറ രഹസ്യങ്ങളുടെ ചിത്രങ്ങളും ന്യൂസുകളും കൊണ്ട് നമ്മുടെ ചാനലുകള്‍ സമ്പന്നമായിരിക്കുന്നു.കേരളം സംസ്ക്കാരസമ്പന്നമായ ദൈവത്തിന്‍റെ സ്വന്തം നാട്.
 നമ്മുടെ പിഞ്ചു കുട്ടികള്‍ വരെഇതു കണ്ടു കൊണ്ടിരിക്കുന്നതാണ്ഏറെ കഷ്ടം.
കഴിഞ്ഞ ദിവസംഎന്‍റെഅയല്‍ക്കാരി എന്നോടു പറഞ്ഞത്   ചേച്ചി ചാനലുകള്‍ കണ്ടും കേട്ടും എന്‍റെ കുട്ടികള്‍ അനാട്ടമി  തിയറി മുഴുവനും പഠിച്ചു കഴിഞ്ഞു. ഇനി മെഡിസിനു പോകുകയാണെങ്കില്‍ പ്രാക്ടിക്കലുമാത്രം ചെയ്താല്‍ മതിയെന്നാണ്.
പൂമ്പാറ്റ തേന്‍ കുടിയ്ക്കാന്‍ പൂവിനു ചുറ്റും പറക്കുന്നതു പോലെയാണ് കുട്ടികളിപ്പോള്‍ ചാനലുകള്‍ മാറ്റി മാറ്റി കിടപ്പറ രഹസ്യങ്ങള്‍ കണ്ടും കേട്ടും രസിയ്ക്കുന്നത്.
അതുപോലെ തന്നെ വെട്ടിപ്പിന്‍റെയും  തട്ടിപ്പിന്‍റെയും നൂതന വശങ്ങളും.
  പണ്ട്  രാജഭരണകാലത്ത് ശത്രുരാജാവിനെ യുദ്ധത്തില്‍ തോല്‍പ്പിയ്ക്കാന്‍ പറ്റാത്ത  അവസ്ഥ വരുമ്പോള്‍ വിഷകന്യകമാരെ അയച്ച് ദംശിപ്പിച്ച് കൊല്ലുന്ന ഒരു പതിവ് ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്.അതിന്  സൌന്ദര്യമുള്ള മദാലസകളെ തിരഞ്ഞെടുത്ത് വിഷകന്യകമാരാക്കി പരിശീലനം നല്‍കിയിരുന്നത്രേ.
കേരളത്തില്‍ ഇപ്പോള്‍ ആ ഒരു സ്ഥിതി വിശേഷമാണ് കാണുന്നത്.

സര്‍ക്കാര്‍ ജനങ്ങളോട് പ്രതിബദ്ധതയില്ലാതെ അവരുടെ പ്രശ്നങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കാതെ ഗ്രൂപ്പു വഴക്കും ഫോണ്‍ ചോര്‍ത്തലുമായി അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരി എറിയുന്നു.  അതിനകത്ത്
ജയം നേടുവാനായി വിഷ കന്യകമാരേയും ഉപയോഗിക്കുന്നു. വിഷ കന്യകമാര്‍ ഭരണം കയ്യാളിയ ദയനീയചിത്രം ആണല്ലൊ നമ്മള്‍ കണ്ടു കൊണ്ടിരിയ്ക്കുന്നത്.

സര്‍ക്കാര്‍ മറക്കുന്നതുപോലെ തന്നെ  മാധ്യമങ്ങളും അവരുടെ ധര്‍മ്മം പാടേ മറക്കുന്നു.


മാധ്യമങ്ങള്‍ റേറ്റിംഗ് കൂട്ടുവാന്‍ പൊടിപ്പും തൊങ്ങലും വെച്ച് തട്ടിപ്പും വെട്ടിപ്പും പീഡനവും കിടപ്പറ രംഗങ്ങളും ഒക്കെ പ്രധാന വാര്‍ത്തയാക്കുമ്പോള്‍ ഭരണ യന്ത്രം ജനങ്ങളോടുള്ള കടമ നിറവേറ്റാതെ നിശ്ചലാവസ്ഥയില്‍ . ജീവിയ്ക്കുവാനുള്ള തത്രപ്പാടില്‍ നെട്ടോട്ടം ഓടുന്ന ഇവിടുത്തെ സാധാരണക്കാരനാണ് വലയുന്നത് എന്ന് ഈ രണ്ടു കൂട്ടരും മറന്നു പോകുന്നു.
  മഴവെള്ളക്കെടുതിയില്‍ ജനം പൊറുതിമുട്ടുന്നു. മഴ വന്നതോടുകൂടി റോഡുകളെല്ലാം കുണ്ടും കുഴിയുമായി ജീവഹാനി വരെ സംഭവിയ്ക്കുന്നു. കടലോരത്ത് കടല്‍ ക്ഷോഭം,  കുട്ടനാട്ടില്‍ മലവെള്ളവും  ദുരിതം വിതച്ചിരിക്കുന്നു. മലമ്പ്രദേശത്ത് പ്രകൃതിക്ഷോഭത്തിന്‍റെയും  ഉരുള്‍ പൊട്ടലിന്‍റെയും തീരാക്കെടുതി.  ഇതൊന്നും ഇപ്പോള്‍ നമ്മുടെ ചാനലുകാര്‍ക്കും പത്രക്കാര്‍ക്കും വാര്‍ത്തയേ അല്ല.

 ഒരു കിലോചെറിയ ഉള്ളി 95 രൂപാ.(ഒട്ടും അതിശയോക്തി അല്ല.) സവാള38 രൂപ.ഒരു കിലോ ഗോതമ്പു പൊടി 49 രൂപാ 25 പൈസ  അരി 45നും 50നും ഇടയ്ക്ക്. പച്ചക്കറിയ്ക്ക് തീ വില.
ഇതൊന്നും വാര്‍ത്തയേ അല്ല.

സപ്ലെക്കോയില്‍ സാധനങ്ങള്‍ കിട്ടാനില്ല.
.  പൂര്‍ണ്ണമായും മൂലധന ശക്തികളുടെ പിടിയിലായ ആരോഗ്യ മേഖല. ജീവന്‍ രക്ഷാ മരുന്നുകള്‍ പോലും സാധാരണക്കാരന്    സ്വപ്നം കാണാനെ തരമുള്ളു.
അട്ടപ്പാടിയിലും  വയനാട്ടിലും പട്ടിണി മരണങ്ങളും പോഷകാഹാരക്കുറവും മൂലമുള്ള ശിശുമരണങ്ങളും വ്യാപകമായിരിക്കുമ്പോള്‍ അതിനൊന്നും പ്രാധാന്യം നല്‍കാതെ ഭരണവും പത്ര മാധ്യമങ്ങളും വിഷകന്യകമാരുടെ ദംശനങ്ങളേറ്റുവാങ്ങിയ  നേതാക്കന്മാരുടെ കണക്കെടുപ്പ് ഉത്സവം പൊടിപൊടിയ്ക്കുന്നു.

കേരളം ഇനി എങ്ങോട്ട്. ഇതു കണ്ടും കേട്ടും പഠിയ്ക്കുന്ന നമ്മുടെ അടുത്ത തലമുറ എന്തു ചെയ്യുന്നതിനും ഒരു ഉളുപ്പും ഇല്ലാത്തവരായി   വളര്‍ന്നു വരും എന്ന് നിസ്സംശയം പറയാം.

 നാണംകെട്ടും പണം നേടിക്കൊണ്ടാല്‍ നാണക്കേടാപ്പണം തീര്‍ത്തു കൊള്ളും.

Related Posts Plugin for WordPress, Blogger...