എല്ലാവരും ആഹാരം കഴിച്ചു കഴിഞ്ഞു. അവസാനം താനും കഴിച്ചു. ഇന്നിനി ഈ അക്ഷയപാത്രത്തില്‍ നിന്നും ഒന്നും ലഭിക്കുകയില്ല. അല്‍പ്പം വിശ്രമിക്കാം എന്നത്തേയും പോലെ ആ വൃക്ഷത്തണലിലാകട്ടെ. കാമ്യകവനത്തിലെ വൃക്ഷരാജന്റെ തണലേറ്റിരുന്ന പാഞ്ചാലിയുടെ ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് തന്‍റ പദന്യാസം ഏറ്റു വാങ്ങിയ ദ്രുപദ രാജധാനിയുടെ തൊടികളിലും തന്‍റ പൊട്ടിച്ചിരികളുടെ അലയൊലികള്‍ അമ്മാനമാടിയ രാജകൊട്ടാരത്തിന്‍റ അന്തപ്പുരങ്ങളിലേക്കും ചിറകടിച്ചു പറന്നു.
പതിനാറു ദിവസത്തെ നീണ്ട സ്വയംവരാഘോഷം.ഒരു രാജകുമാരിക്കും കിട്ടാത്ത അസുലഭാവസരം. ഉത്സവമായിരുന്നു എല്ലായിടവും. രാജ്യം മൊത്തം ഉത്സവലഹരിയില്‍.എവിടെയും ആട്ടവും പാട്ടും മാത്രം.വിശിഷ്ട ഭോജ്യങ്ങള്‍... കൊട്ടാരത്തില്‍ തോഴിമാരുടെ കളിയാക്കലുകള്‍… എല്ലാദിവസവും സ്വയംവരത്തിനെന്നതുപോലെ അണിയിച്ചൊരുക്കും. അപ്പോഴെല്ലാം എന്തു സന്തോഷിച്ചിരുന്നു.എന്തു ഉത്സാഹമായിരുന്നു. ലോകത്തിലേയ്ക്കും വെച്ച് ഏറ്റവും ഭാഗ്യവതി ഈ കൃഷ്ണ ആണെന്ന ഒരു അഹം ഭാവവും ഉള്ളിലുണ്ടായിരുന്നതായി ഇപ്പോള്‍ തോന്നുന്നു. പതിനാറാമത്തെ ദിവസം സര്‍വ്വാഭരണ വിഭൂഷിതയായി ജേഷ്ഠന്‍ ധൃഷ്ടദ്യുമ്നന്‍റെ കൈ പിടിച്ച് തോഴിമാരുടെ അകമ്പടിയോടുകൂടി നൂറു നൂറു സ്വപ്നങ്ങളില്‍ നെയ്തുകൂട്ടിയ മോഹവും മനസ്സില്‍ പേറി,കൈയില്‍ വരണമാല്യവുമായി സ്വയംവരപ്പന്തലില്‍ വന്ന് നിന്നത് .. ..അതെല്ലാം വര്‍ഷ മേഘങ്ങളില്‍ നിന്നും പതിച്ച മുത്തു മണികള്‍ പോലെയാണല്ലോ വീണുടഞ്ഞത്…. മനസ്സില്‍ നിന്നും വന്ന നെടുവീര്‍പ്പില്‍ ദുഃഖം ഉള്ളിലൊതുക്കി വീണ്ടും മനസ്സു് പുറകോട്ടു തന്നെ പാഞ്ഞു...
രാജാക്കന്മാരെ ഓരോരുത്തരെയായി ജേഷ്ഠന്‍ പരിചയപ്പെടുത്തുമ്പോളെല്ലാം ഇതിലാരാണ്--ദ്രുപദരാജാവിന്‍റെ പുത്രിയായ ഈ കൃഷ്ണയെ പാണീഗ്രഹണം ചെയ്യുന്നതെന്ന അഹം ഭാവമായിരുന്നോ അന്ന്. എല്ലാ പെണ്‍ കൊടിയെയും പോലെ തന്‍റെ സൌന്ദര്യത്തിലൂറ്റം കൊണ്ടിരുന്ന കൃഷ്ണ അങ്ങിനെ ചിന്തിച്ചാല്‍ തന്നെ അതിലല്‍ഭുതപ്പെടാനൊന്നും ഇല്ലായിരുന്നല്ലൊ.അങ്ങിനെയായിരുന്നല്ലോ ആ സ്വയംവരാഘോഷം. ജേഷ്ഠന്‍റെ വാക്കുകളിപ്പോഴും കാതില്‍ മുഴങ്ങുന്നതുപോലെ......." ജേഷ്ഠന്‍റെ പ്രിയമുള്ള അനുജത്തി ...കൃഷ്ണേ....ലോകപ്രശസ്തരായ ഈ ക്ഷത്രിയ രാജാക്കന്മാരെല്ലാം നിന്നെ കല്യാണം കഴിയ്ക്കാനാഗ്രഹിച്ചു വന്നവരാണ്. ഇതിലാരാണോ യന്ത്രക്കിളിയെ താഴെ വീഴ്ത്തുന്നത്,ആ രാജാവിനെ നീ വരിയ്ക്കണം."
പിന്നീടുള്ള ആ കാത്തു നില്‍പ്പ് അതായിരുന്നു ഏറെ ദുസ്സഹം.അച്ഛനായ ദ്രുപദരാജാവിന്‍റെ കടന്നകൈ ആയിട്ടേ അതിനെ കണക്കാക്കുവാന്‍ മനസ്സു സമ്മതിക്കുന്നുള്ളു.ഇപ്പോഴും. ആകാശത്തില്‍ നിന്നു കറങ്ങുന്ന ഒരു യന്ത്രവും അതിന്‍റെയുള്ളിലായുള്ള കൃത്രിമക്കിളിയും....എപ്പോഴും കറങ്ങുന്ന യന്ത്രത്തില്‍ അമ്പുകള്‍ കടന്നുപോകുന്ന ചെറിയ സുഷിരങ്ങള്‍.വില്ലില്‍ ഞാണ്‍ കെട്ടി മുറുക്കി അഞ്ചു ബാണങ്ങളൊരേ സമയത്ത് എയ്ത് കിളിയെ വീഴ്ത്തണം.
ചേട്ടനോടൊട്ടി നിന്ന് അന്ന് സദസ്സിലേയ്ക്കൊന്നു കണ്ണോടിച്ചപ്പോള്‍ കണ്ടത് ഇപ്പോഴും മനസ്സില്‍ തെളിഞ്ഞു തന്നെ നില്‍ക്കുന്നു. ഒരു ഭാഗത്ത് ദുര്യോധനാദികള്‍.കവചകുണ്ടലങ്ങളിട്ട കര്‍ണ്ണനുള്‍പ്പടെ
.. ഒരുഭാഗത്ത് വിപ്രന്‍മാര്‍. മറ്റൊരുഭാഗത്ത് ദൂരെ ദേശങ്ങളില്‍ നിന്നെത്തിയ രാജാക്കന്മാരും പിന്നെ സ്വയംവരം വീക്ഷിക്കുവാന്‍ വന്നവരും. അതില്‍ കൃഷ്ണനും ബലരാമനും. അര്‍ജ്ജുനനും കൂട്ടരേയും കാണാതിരുന്നത് .... അവരെവിടെയാണ്. അച്ഛന്‍ യന്ത്രക്കിളിയെ ഉണ്ടാക്കിയതു തന്നെ അര്‍ജ്ജുനനെ ഉദ്ദേശിച്ചാണല്ലോ.
എത്ര ദുഷ്ക്കരം. ആര്‍ക്കെങ്കിലും ജയിക്കാന്‍ പറ്റുമോ ഇത്ര പ്രയാസ്സമേറിയ ഈ മത്സരം. ലോക സഞ്ചാരിയായ ആ വിപ്രന്‍ പറഞ്ഞത് ഒന്നുകില്‍ അര്‍ജ്ജുനന്‍ അല്ലെങ്കില്‍ കര്‍ണ്ണന്‍ ഇവര്‍ക്കല്ലാതെ ആര്‍ക്കും ഇതു ജയിക്കാന്‍ കഴിയുകയില്ലെന്നല്ലേ..
പക്ഷെ അര്‍ജ്ജുനനെവിടെ . ചേട്ടന്‍ പരിചയപ്പെടുത്തിയില്ലല്ലോ...
വരണമാല്യവും പിടിച്ചു കൊണ്ട് അന്നെത്രനേരമാണ് താന്‍ നിന്നത്. ഓരോരുത്തരം വന്ന് ദയനീയമായി പരാജയപ്പെട്ടു പോകുന്ന കാഴ്ച...അല്‍പ്പം പരിഹാസത്തോടെയല്ലേ താനന്നത് വീക്ഷിച്ചത്.
പിന്നീടു കര്‍ണ്ണന്‍ വന്നത് .വില്ലു കുലച്ച് ജയിക്കുമെന്നുറപ്പുണ്ടായിരുന്നു.
അപ്പോള്‍ താന്‍ പറഞ്ഞ വാക്കുകള്‍ "സൂത പുത്രനെ വരിക്കുകയില്ല" അതുകേട്ടു തലയും കുമ്പിട്ടു പോയ കര്‍ണ്ണന്‍റെ ക്രുദ്ധമായ നോട്ടം.തന്നെ ദഹിപ്പിക്കുവാന്‍
പോകുമാറ് തീഷ്ണതയുള്ളതായിരുന്നു.
അതിന്‍റ പകരമായിട്ടല്ലേ..കൌരവ സദസ്സില്‍ പണയപണ്ടമായി നിന്ന തന്നെ അയാള്‍ പരുഷ വാക്കുകള്‍--‘ഒരു സ്ത്രീക്ക് ഒരു ഭര്‍ത്താവിനെയേ ദേവന്മാര്‍ വിധിച്ചിട്ടുള്ളു. ഇവളാകട്ടെ പലര്‍ ക്കുമുള്ളവളാകയാല്‍ കുലടതന്നെ.’-- പറഞ്ഞാക്ഷേപിച്ചത്..ചാരത്തില്‍ നിന്നും ജ്വലിക്കുന്ന തീക്കട്ടപോലെ അയാളുടെ വാക്കുകളുടെ തീഷ്ണത തന്റെ ഉള്ളില്‍ ഇപ്പോഴും നീറി പുകഞ്ഞു കൊണ്ടിരിക്കുന്നു.
അവസാനം എല്ലാവരും നിരാശരായി.രംഗം മിക്കവാറും ശാന്തമായപ്പോള്‍ തന്‍റയുള്ളില്‍ നിന്നൊരു തീയാണാളിയത്..ഇതും പിടിച്ചുകൊണ്ട് ഈ ജന്മം മുഴുവനും ഇങ്ങനെ തന്നെ നില്‍ ക്കേണ്ടി വന്നാലെന്തുചെയ്യും. അപ്പോഴാണല്ലോ വിപ്ര സമൂഹത്തിന്‍റെ മധ്യത്തിലിരുന്ന മുനി കുമാരന്‍ വന്നതും,ആ ദിവ്യതേജസ്വി നിമിഷാര്‍ധം കൊണ്ട് യന്ത്രക്കിളിയെ താഴെയിട്ടതും..ആ വില്ലാളി വീരനെ എന്താഗ്രഹത്തോടു കൂടിയാണ് വരണമാല്യം ചാര്‍ത്തിയത്.
അവസാനം വിപ്രനു പുത്രിയെ നല്‍കിയെന്നും പറഞ്ഞ് സ്വയംവരപ്പന്തലില്‍ നടന്ന യുദ്ധം.അച്ഛനെ ആക്രമിക്കാന്‍ തുനിഞ്ഞത്. യന്ത്രക്കിളിയെ വീഴ്ത്തിയപോലെ ആ മുനികുമാരന്‍ എല്ലാവരേയും തോല്‍പ്പിച്ചോടിച്ച് തന്‍റ കൈയ്യും പിടിച്ച് സഹോദരന്മാരോടൊപ്പം അമ്മയുടെ അടുത്തെത്തിയപ്പോള്‍ പറഞ്ഞ വാക്കുകള്‍..തന്‍റ കാതുകളിലതിപ്പോഴും മുഴങ്ങുന്നു...യുധിഷ്ഠിരന്‍ പറഞ്ഞ വാക്കുകള്‍.... ."അമ്മേ ഭിക്ഷ കൊണ്ടു വന്നിട്ടുണ്ട്..." മനസ്സിലിപ്പോഴും നീറ്റലുണ്ടാക്കുന്ന വാചകം...അല്‍പ്പം മുമ്പുവരെ അച്ഛന്‍റെയും അമ്മയുടെയും പ്രിയപുത്രിയായ രാജകുമാരി...ലാളിച്ചോമനിച്ചു വളര്‍ത്തിയവള്‍..ജേഷ്ഠന്‍റ കുഞ്ഞനുജത്തിയായി ഇരുന്നവള്‍,മത്സരം നടത്തി ജയിച്ച ആളിനെ സ്വയംവരം ചെയ്തവള്‍ ..എങ്ങിനെ ഭിക്ഷ കിട്ടിയതാകും.
പഞ്ച പാണ്ഡവരുടെ അമ്മ അപ്പോള്‍....ഒന്നും നോക്കാതെ മുറിക്കുള്ളിലിരുന്ന പറഞ്ഞ ആ ഒറ്റ വാചകത്തിന്‍റെ കച്ചിതുരുമ്പില്‍ പെട്ട് തന്‍റ ജീവിതം മാറിപ്പോയത്.അതും മനസ്സിലിരുന്ന് ഇപ്പോഴും നീറിപ്പുകയുന്നു. --പകുത്തഞ്ചുപേരും കൂടി എടുത്തോളാന്‍-- തന്‍റെ മനസ്സിലെ വികാരം മനസ്സിലാക്കാതെ...ഒരു സ്ത്രീയുടെ മനോവ്യാപാരത്തിനടിമപ്പെട്ട് പറഞ്ഞ പൊളിവാക്കിനെ ആധാരപ്പെടുത്തി, അഞ്ചു പേര്‍ക്കും കൂടി പാണീഗ്രഹണം നടത്തി പുത്രിയെ പ്പറഞ്ഞുവിടാന്‍ അച്ഛനെ നിര്‍ബന്ധിച്ചപ്പോള്‍ നിസ്സാഹയനായ തന്‍റ പിതാവ് പുത്രിയെ രക്ഷിക്കാന്‍ പറഞ്ഞ ന്യായങ്ങള്‍--‘ഒരുത്തിക്ക് പല ഭര്‍ത്താക്കന്മാരാകാമെന്ന് ഒരിടത്തും വിധിച്ചിട്ടില്ലെന്ന്’ പറഞ്ഞു നോക്കി. ‘വിദ്വജ്ജനങ്ങള്‍ ഒരിക്കലും അധര്‍മ്മം ചെയ്യരുതെന്ന്’ കെഞ്ചിപ്പറഞ്ഞപ്പോള്‍,വ്യാസമുനി കൃഷ്ണയുടെ മുജ്ജന്മ കഥകള്‍--മൌദ്ഗല്യ മുനിയുടെ പത്നിയായ നളായണിയുടെ കഥ-- പറഞ്ഞ് വീണ്ടും അവരുടെ വാദത്തില്‍ തന്നെ ഉറച്ചു നിന്നു.
നിസ്സാഹായനായ തന്റെ ജേഷ്ഠന്‍ ധൃഷ്ടദ്യുമ്നന്‍ പറഞ്ഞു കെഞ്ചിയത് ‘ അനുജന്‍ ജേഷ്ഠന്റെ
പത്നിയെ അമ്മയെപ്പോലെ കാണമമെന്നല്ലേ വിധി ?അപ്പോള്‍ അഞ്ചു സഹോദരന്‍മാര്‍ക്ക്
ഒരുവള്‍ എങ്ങിനെ പത്നിയാകും?’
അതിനും മറുപടിയുണ്ടായിരുന്നു.
പുരാണത്തിലെ ഏഴു മുനിമുഖ്യന്മാരുടെ പത്നി ജടിലയുടെ കഥപറഞ്ഞ് ധര്‍മ്മ പുത്രരാകട്ടെ അത് ന്യായീകരിക്കുകയാണ് ചെയ്തത്.ഈ കൃഷ്ണയുടെ മാനസികനില മനസ്സിലാക്കുവാന്‍ ആരു മില്ലായിരുന്നു. ഇല്ലെങ്കില്‍ തന്നെ അബലകളായ സ്ത്രീക്ക് വരുത്തി തീര്‍ക്കുന്നതെല്ലാം വന്നു ഭവിക്കുന്നതായിട്ടും ബാക്കിയെല്ലാം വിധിയെയും പഴിചാരാം. അതുമല്ലെങ്കില്‍ മുജ്ജന്മത്തിന്‍റ കച്ചിത്തുരുമ്പില്‍ പിടിച്ചും നടപ്പിലാക്കി തീര്‍ക്കുകയല്ലേ ചെയ്തിരിക്കുന്നത്....
അങ്ങിനെ മനസ്സില്ലാ മനസ്സോടെ തന്റെ പിതാവായ ദ്രുപദരാജാവിനെക്കൊണ്ട് അഞ്ചുപേര്‍ക്കും പാണീഗ്രഹണം നടത്തിച്ചു.
ഭിക്ഷകിട്ടിയതെന്താണെന്നു നോക്കാന്‍ വരാതെ പകുത്തഞ്ചുപേരും കൂടി എടുത്തു കൊള്ളാന്‍ പറഞ്ഞപ്പോള്‍ ഉദ്ദേശിച്ചത് എന്തായിരുന്നു.
ഭര്‍ത്താവിന്റെ വംശ സന്തതിക്കുവേണ്ടി ഉല്പ്പാദിപ്പിക്കപ്പെട്ട പാണ്ഡവര്‍..
യമധര്‍മ്മന്റെ പുത്രനായ ധര്‍മ്മപുത്രര്‍, വായു പുത്രനായ ഭീമസേനന്‍, ഇന്ദ്രന്റെ പുത്രനായ അര്‍ജ്ജുനന്‍..അങ്ങിനെയുള്ള പാണ്ഡു പുത്രരഞ്ചുപേരും. തന്നെയെന്തുകൊണ്ട് ആ അഞ്ചുപേരുടേയും ഭാര്യയാക്കി ? അതൊരു ചോദ്യചിഹ്നമായി മനസ്സിലന്നുതൊട്ട് കിടക്കുകയാണ്. എന്നിട്ടോ...ആപല്‍ ഘട്ടങ്ങളിലെല്ലാം കേശവനായിരുന്നു തുണ. അഞ്ചു വില്ലാളി വീരന്മാരുടെ മുമ്പില്‍ നിര്‍ത്തി കൌരവ സദസ്സില്‍ വെച്ച് ഉടുതുണി അഴിച്ചു മാറ്റിയപ്പോഴും ... വേറെയാരും ഈ പഞ്ചാലിയുടെ കണ്ണു നീരു കണ്ടില്ല.ആ ആപല്‍ബാന്ധവനല്ലാതെ.
ഒരേ പത്നിയില്‍ രമിക്കുന്നവര്‍ തമ്മില്‍ പിണങ്ങുകയില്ലയെന്ന മനശ്ശാസ്ത്രം ആയിരുന്നുവോ ആ അമ്മയുടെ മനസ്സില്‍ ഉണ്ടായിരുന്ന കണക്കു കൂട്ടല്‍. മക്കളിലുള്ള അമിത വാത്സല്യം എന്നേ അതിനെ നിര്‍വ്വചിക്കുവാന്‍ ഈ പാഞ്ചാലിക്കു കഴിയുന്നുള്ളു.
അതോ...
അഗ്രഹാരത്തിലെ ഇടനാഴിക്കുള്ളില്‍ തലമുണ്ഡനും ചെയ്തിരിക്കുന്ന വിധവയുടെ മനോ നിലയോ... ‘എന്‍ കളുത്തുപോലെ വാ നിന്‍ കളുത്ത്’ എന്നപോലെ...