അകലെയുള്ള നിയന്ത്രണ മുറിയിലിരുന്ന് കൈകാര്യം ചെയ്യാവുന്ന സംവിധാനത്തോടുകൂടിയ മുറിയുടെ വാതിലുകള്‍ . പുറത്ത് മുറിയോടുചര്‍ന്നു് മൂന്ന് കമ്പിവലകളാല്‍
സുരക്ഷിതമാക്കപ്പെട്ടിരിക്കുന്ന വിസ്താരം കുറഞ്ഞ ചെറിയ മുറ്റം . നടുക്കുള്ള
കമ്പിവലയില്‍ കൂടി എപ്പോഴും വൈദ്യുതി പ്രവഹിച്ചു കൊണ്ടിരിക്കും.. മുറിയോടുചേര്‍ന്ന്
വായനയ്ക്കും പഠനത്തിനും ഉള്ള പുസ്തകങ്ങളുടെ ഒരു നിര. പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള
സംവിധാനവും മുറിയോടു ചേര്‍ന്നുണ്ട്.
സൂപ്പര്‍മാക്‍സ്
ഫെസിലിറ്റിയുള്ള കൊളറോഡയിലെ “ എ.ഡി .എക്‍സ്. ഫ്ലോറന്‍സ്” . ജയിലിലെ “ഹോട്ട് ബോക്സ്” എന്ന ഓമനപ്പേരിനാല്‍ അറിയപ്പെടുന്ന തടവുമുറി.
തടവുകാരില്‍ ഏറ്റവും അപകടകാരികളായവര്‍ക്ക് ഏര്‍പ്പെടുത്തുന്ന സംവിധാനമാണ് ‘സൂപ്പര്‍ മാക്സ് പ്രിസണ്‍ ഫെസിലിറ്റി’.
ഇരുപത്തിനാലു മണിക്കൂറില്‍ ഒന്നര മണിക്കൂര്‍ പുറത്തെ കമ്പിവേലിക്കുള്ളിലേക്ക് ഇറങ്ങാന്‍ അകലെ നിയന്ത്രണമുറിയിലിരുന്ന് കതകു
തുറന്നു കൊടുക്കും. കൂട്ടിനകത്തുള്ള ‘വന്യജീവിയെ’
നിരീക്ഷിച്ചുകൊണ്ട് എല്ലാ കോണുകളിലും തോക്കുധാരികളായ ജയില്‍ ഉദ്യോഗസ്ഥര്‍
കൂടാതെ നിയന്ത്രണമുറിയില്‍ കൂടി ക്യാമറ നിരീക്ഷണവും.
.ഹഡ്സണ്‍ നദിക്കരയിലുള്ള
സിംഗ്സിംഗ് ജയിലില്‍ നിന്നും ലവല്‍ അഞ്ചിലുള്ള ഈ ജയിലിലക്ക് മാറ്റിയത് കൂടുതല്‍ സുരക്ഷിതമാകാനാണ്. ‘ഡെത്ത് റോയി’ല്‍ കിടക്കുന്ന അതീവ അപകടകാരിയായ കുറ്റവാളി.
ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമെന്ന്
അവകാശപ്പെടുന്ന അമേരിക്കയിലെ ഒരുഏകാംഗതടവുകാരന്‍റെ മുറിയിലിരുന്ന് വികസ്വര
രാജ്യത്തിന്‍റെ ഇങ്ങേയറ്റത്തുള്ള ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ പറകൊട്ടി
പാട്ടുകാരനായിരുന്ന കുട്ടന്‍ വേലന്‍റെ മകന്‍ കൊച്ചു നാരായണന്‍ എന്ന ഡോക്ടര്‍ കെ.കെ
നാരായണ്‍ ഇന്നലെകളിലെ
വഴിത്താരയിലൂടെ ജീവിതത്തിനെ നോക്കി കാണുകയായിരുന്നു.
വീടു വീടാന്തരം
കയറിയിറങ്ങി നാവു ദോഷവും കണ്ണുദോഷവും ശത്രുദോഷവും പറകൊട്ടിയകറ്റിയ കുട്ടന്‍ വേലന്‍റെ
മകന്‍ കൊച്ചു നാരായണന് പൂര്‍വ്വികരുടെ ഒടി
വിദ്യ പഠിച്ചെടുക്കാഞ്ഞ ദുഃഖം ഇപ്പോഴാണ് അനുഭവപ്പെട്ടത്.
കുട്ടിയായിരിക്കുമ്പോള്‍ അത്ഭുതം കൂറിയ കണ്ണുകളുമായി മുറ്റത്തെ ഇലഞ്ഞിമരച്ചുവട്ടില്‍
അച്ഛമ്മ പറഞ്ഞ ഒടിയന്മാരുടെ കഥകള്‍ കേട്ടിരിക്കുമ്പോള്‍ ഇങ്ങനെയൊരു ദുരന്തം
ഭാവിയില്‍ തന്നെ തേടിയെത്തുമെന്ന് ഒരിയ്ക്കലും വിചാരിച്ചിരുന്നില്ല. കൂത്താടി
വേലന്‍റെ മകന്‍ കൂത്താടിയായി പറകൊട്ടി പാട്ടുകാരനായി നാട്ടാരുടെ
നാവു ദോഷവും ശത്രുദോഷവും മാറ്റി
നടക്കേണ്ടവനാകുമ്പോള്‍ ഒടിയനായി അപ്രത്യക്ഷനാകേണ്ട കാര്യമില്ലല്ലൊ.
വിധി മറിച്ചാണു നിശ്ചയിച്ചത്.
ശാസ്ത്രത്തിന്‍റെ ഏറ്റവും ആധുനികശാഖയായ ജെനറ്റിക്‍എഞ്ചിനീയറിംഗിലെ ഗവേഷണ പ്രമുഖനായിരുന്നിട്ടുംതാന്‍
രക്ഷപ്പെടാനുള്ള പഴുതിനുവേണ്ടി പൂര്‍വ്വികരുടെ മന്ത്രവിദ്യയിലും മായ വിദ്യയിലും
ഒരു നിമിഷം മുങ്ങിതാന്നു. വെള്ളം കുടിച്ചു ചാകാന്‍ കൈകാലിട്ടടിയ്ക്കുന്നവന്‍ കച്ചി
തുരുമ്പില്‍ പിടിക്കുന്നതുപോലെ....
ഇല്ല. തനിയ്ക്കിവിടുന്ന്
രക്ഷപ്പെടാനാകില്ല...മനസ്സ് മസ്തിഷ്ക്കത്തോട് ഉറപ്പിച്ചു പറഞ്ഞു.
താനത്രയ്ക്ക വലിയ
കുറ്റമാണോ ചെയ്തത്.? അല്ല ഒരിയ്ക്കലുമല്ല .താന്‍
ചെയ്തതാണ് ശരി..അതുമാത്രമാണ് ശരി.
ജെനിറ്റിക്‍ എഞ്ചിനീയറിംഗിലുള്ള അടങ്ങാത്ത
ആവേശമാണല്ലൊ തന്നെ ഇവിടെവരെയെത്തിച്ചത്.
ഉത്പത്തിയെ സംബന്ധിച്ച ആദ്യത്തെ സംശയം തന്നില്‍
നിന്നു തന്നെയാണ് തുടങ്ങിയത്.
കറുത്ത വേലന്‍റെയും
കറുത്തവേലത്തിയുടേയും മൂത്തമകന്‍ നാരായണന്‍ വെളുത്തതും ഇളയമകന്‍
കണ്ണന്‍
കറുത്തതും. അതില്‍ നിന്നായിരുന്നു തുടക്കം. എല്ലാം തിരിച്ചറിവായി തുടങ്ങിയ കാലത്ത്
വേലകിടാത്തന്‍റെ മനസ്സില്‍ പൊട്ടിമുളച്ച ആദ്യത്തെ സംശയം. അതിന്‍റെ ഉത്തരം തെരയുകയാണ്ആദ്യംചെയ്തത്. എല്ലാ
സംശയങ്ങളും ചോദിക്കുന്നതുപോലെ
അച്ഛമ്മയോടും അമ്മമ്മയോടും
അമ്മയോടുംഒക്കെയാണ് മനസ്സില്‍
കുരുത്ത സംശയത്തിന് ഉത്തരം തേടിയത്.. പറകൊട്ടുന്ന കോലിട്ട് അച്ഛന്‍ തന്ന അടിയും
അമ്മയുടെ പരുഷം പറച്ചിലും കൂടിയായപ്പോള്‍ സംശയങ്ങളെല്ലാം
ഇലഞ്ഞിമരച്ചുവട്ടില്‍ കുഴിച്ചിട്ട കുഴിപ്പാറപോലെ മനസ്സിലൊരിടത്ത് കുഴിച്ചിട്ടു.
സ്ലേറ്റും കല്ലു പെന്‍സിലുമായി സര്‍ക്കാരു സ്ക്കൂളിലെ
പടിയ്ക്കലെത്തുന്നതുവരെ വഴിയില്‍ കാണുന്നതെന്തും കൌതുകമായി തോന്നിയ നാരായണന്‍റെ
മനസ്സെപ്പോഴും പ്രകൃതിയിലലിഞ്ഞു
നടക്കുകയായിരുന്നു.
കണ്ണില്‍
പെടുന്നതെല്ലാം.... പൂവും പുല്‍ച്ചാടിയും
മരവും മരംചാടിയും... എല്ലാത്തിന്‍റെയും
ജനിതക രഹസ്യം അറിയാനുള്ള അടങ്ങാത്ത ആകാംക്ഷ അവനോടൊപ്പം വളര്‍ന്നു വന്നു.
കറുത്ത വേലനും
കറുത്ത വേലത്തിക്കും ജനിച്ച വെളുത്ത കുഞ്ഞിന്‍റെ ജനിതക രഹസ്യം കണ്ടെടുക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നു.
ഭഗവാന്‍റെ തിരുസന്നിധിയില്‍
ഓത്തും മുറോത്തും പാടാന്‍ ചെന്ന കൂത്താടികള്‍. മുറോത്തു പാടിയ വേലത്തിയോട് ഏതോ
തമ്പ്രാനു തോന്നിയ കമ്പം. പാണതൂപ്പില്‍
ഓതിയാല്‍ തീരാത്ത ശത്രുദോഷമായി വേലത്തിയുടെ വയറ്റില്‍ കുരുത്ത കുഞ്ഞ് പാണപ്പഴം പോലെ ആരെയും മോഹിപ്പിച്ചു.
വേലനും വേലത്തിയും
നാട്ടാരുടെദോഷങ്ങളകറ്റി അരപ്പട്ടിണയും മുഴുപ്പട്ടിണിയുമായി മണ്‍മറഞ്ഞു.
കൂടെപ്പിറപ്പ്
അച്ഛന്‍റെ തൊഴിലേറ്റെടുത്തു.
എല്ലാ ക്ലാസ്സിലും
ഒന്നാമനായ വേലന്‍ കൊച്ചുനാരായണന്‍.
പഠിത്തത്തിലുള്ള കഴിവുകണ്ടാണ് ക്ഷേത്രദര്‍ശനത്തിനു വന്ന ഒരു വല്യമ്പ്രാന്‍
പഠിപ്പിക്കാനുള്ള ചുമതലയേറ്റെടുത്തത് അതോ മുറോത്തുശിലുകള്‍ മനസ്സില്‍ മായാതെ കിടന്നിട്ടോ....
മനസ്സിലെ അത്ഭുതം.... പ്രകൃതിയുടെ രഹസ്യം....
ജീവന്‍റെ രഹസ്യം, ചെടിയുടേയും മരങ്ങളുടേയും രഹസ്യം...,ജീനുകളുടെ രഹസ്യം അറിയാനാണ് ജനറ്റിക്‍
എഞ്ചിനീയറിംഗിലേയ്ക്ക് തിരിഞ്ഞത്.
പന്ത്രണ്ടാം ക്ലാസ്സിലും പ്രവേശന പരീക്ഷയിലും തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയ നാരായണന് ഐ.ഐ.റ്റി ഖരക്ക്പൂരില്‍
ഇഷ്ടവിഷയമായ ജനറ്റിക്‍ എന്‍ജിനീയറിംഗ് കിട്ടാന്‍ ഒരു പ്രയാസവും നേരിടേണ്ടി വന്നില്ല.
അങ്ങനെ പറകൊട്ടി പാടി നടക്കേണ്ടവേലച്ചെറുക്കന്‍ ജനിതക രഹസ്യം തേടിയുള്ള യാത്രയിലായത്
നാട്ടുകാരെയെല്ലാം അത്ഭുതപ്പെടുത്തി.
അവസാന വര്‍ഷ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍
വന്ന ബഹുരാഷ്ട്ര കമ്പനിയായ സിഗ്മാ
കോര്‍പ്പറേഷന്‍റെ
ഗവേഷണ വിഭാഗത്തിലേക്ക് തിരഞ്ഞെടുത്ത നാരായണന് പിന്നീടുള്ള ഓരോ ചുവടു വെയ്പും
നേട്ടത്തിന്‍റേതായിരന്നു. നാല്‍പ്പതു രാജ്യങ്ങളില്‍ ശാഖകളുള്ള കമ്പനിയുടെ
ഗവേഷണ ലാബില്‍
കോശങ്ങളുടെയും ജീനുകളുടേയും ലോകത്ത് ചെലവിട്ട രാവുകളും പകലുകളും.
ജീവന്‍റെ മാന്ത്രികകൊട്ടാരം കണ്ട് വിസ്മയപ്പെട്ട
പകലുകളും രാത്രികളും. ഒറ്റ കോശ ജീവി
തൊട്ട് ഏകദേശം മൂന്നൂറുകോടി കോശങ്ങളുടെ ഉടമയായ മനുഷ്യന്‍റെ വരെ കോശ രഹസ്യം.
അറിഞ്ഞ് അത്ഭുതം പൂണ്ട നിമിഷങ്ങള്‍! കോശത്തിന്‍റെ ഉത്തരവു കേന്ദ്രമായ
ന്യുക്ലിയസ്സിന്‍റെകത്ത് അതി സൂഷ്മതയോടെ
പൈതൃകം സൂക്ഷിച്ചു കുറിച്ചു വെച്ചിരിക്കുന്ന ക്രോമോ സോമുകള്‍ . എത്ര
സൂഷ്മതയോടെ അടുത്ത തലമുറകളിലേയ്ക്കു കൈമാറുവാനുള്ള രേഖകള്‍ പ്രകൃതി ഭദ്രമായി കരുതി വെച്ചിരിക്കുന്നു.....
നാരായമുനയാല്‍
എഴുത്തോലയില്‍ പൂര്‍വ്വികര്‍ എഴുതിവെച്ചിരുന്ന പുരാരേഖകളേപ്പോലെ സുരക്ഷിതമായി !
പരീക്ഷണശാലയിലെ സൂക്ഷ്മദര്‍ശിനിയില്‍ കണ്ണുനട്ട്
പരീക്ഷണം നടത്തി കിട്ടുന്ന ഓരോ
കണ്ടെത്തലുകളില്‍ നിന്നും ഗവേഷണ വിദ്യാര്‍ത്ഥിയുടെ കഴിവുകള്‍ മനസ്സിലാക്കിയകമ്പനി
പ്രോത്സാഹനമായി കണക്കില്ലാതെ നല്‍കിക്കൊണ്ടിരുന്ന ഡോളറുകള്‍.
ഗവേഷണത്തിനുള്ള
പ്രബന്ധം അവതരിപ്പിച്ച് ഡോക്ടറേറ്റ്
നേടിയതിനൊപ്പം വാരിക്കൂട്ടിയ അവാര്‍ഡുകളും
അംഗീകാരങ്ങളും. അമേരിക്കന്‍ നാഷണല്‍ ഫൌണ്ടേഷനലില്‍ നിന്നും നാലു ലക്ഷം യു.എസ്സ്. ഡോളറിന്‍റെ
കരിയര്‍ അവാര്‍ഡു ലഭിച്ച ആദ്യത്തെ മലയാളി.
കിട്ടിയ അവാര്‍ഡു
തുകയെല്ലാം നാട്ടില്‍ പാവപ്പെട്ട നാട്ടിന്‍പുറത്തുകാരുടെ സാമൂഹിക വിദ്യാഭ്യാസ
ആവശ്യങ്ങള്‍ക്കായി ചെലവാക്കിയപ്പോള്‍ വേലക്കിടാത്തന്‍റെ വെന്തു നീറിയ മനസ്സില്‍ മകരക്കുളിരിലെ തണുത്ത കാറ്റിന്‍റെ തലോടലേറ്റുവാങ്ങുകയായിരുന്നു.
ആദ്യമാദ്യം കമ്പനിയുടെ
ആവശ്യം അനുസരിച്ച് ജീന്‍ തെറാപ്പി പ്രകാരം
മരുന്നുകള്‍ ഉണ്ടാക്കിയെടുക്കാനുള്ള സാങ്കേതിക വിദ്യ
വികസിപ്പിച്ചെടുക്കലായിരുന്നു .
പിന്നീട് ഗവേഷണത്തിന്‍റെഗതിമാറി.
അതിനു കൂട്ടു നില്‍ക്കുവാന്‍ വിസമ്മതം പറഞ്ഞപ്പോളാണ് രക്ഷപ്പെടാനാകാത്ത കെണിയിലാണ് അകപ്പെട്ടിരിക്കുന്നതെന്നു
മനസ്സിലായത്.
പറകൊട്ടി പാടി നടക്കുന്നവേലന് ശബ്ദം
നഷ്ടപ്പെടുമ്പോളുണ്ടാകുന്ന മാനസികാവസ്ഥ.
രോഗമില്ലാതെ മരുന്നുണ്ടാക്കി. മരുന്നു ചെലവാകാന്‍
രോഗം ഉണ്ടാകണമല്ലൊ.അങ്ങനെയാണു പിന്നെ രോഗം വിതയ്ക്കുവാന്‍ ജീന്‍ തെറാപ്പിയെ
അടിസ്ഥാനപ്പെടുത്തി പുതിയപുതിയ വൈറസിനെ സൃഷ്ടിച്ചെടുക്കുവാന്‍ നിര്‍ബന്ധിതനായത്.
കമ്പനിയുടെ ഏജന്‍സികള്‍ ഭരണസംവിധാനത്തിന്‍റെ
ഒത്താശയോടെ ലോകത്താകമാനമുള്ള വികസ്വര
രാജ്യങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള പുതിയ
ബിസിനസ്സ് തന്ത്രം.
വികസ്വര രാജ്യങ്ങളിലെ
ആദിവാസികളേയും ഗ്രാമീണരേയും കുട്ടികളേയും ഗിനിപ്പന്നികളാക്കി പരീക്ഷണം വിജയകരമാക്കുന്നതിന്‍റെ
പിന്നില്‍ ഫെഡറല്‍ സര്‍ക്കാരിന്‍റെ ഒത്താശയും മരുന്നു കമ്പനിയ്ക്ക്
ലഭിക്കുന്നുണ്ടെന്നുള്ള വിവരം കൂടെയുള്ള നീഗ്രോ സഹപ്രവര്‍ത്തകയാണ് ചോര്‍ത്തി
തന്നത്. എമെല്‍ഡാ. അവളായിരുന്നു ആകെ ആശ്വാസവും.
മനസ്സ് കുറ്റ
ബോധത്താല്‍ ആടി ഉലഞ്ഞു.. എപ്പോള്‍ വേണമെങ്കിലും പായ്മരം പൊട്ടിനടുക്കടലിലകപ്പെടുമെന്നുള്ള
പായ്ക്കപ്പലിന്‍റെ അവസ്ഥ. എങ്ങനേയും രക്ഷപ്പെടണമെന്നുള്ള
ചിന്ത മനസ്സില്‍ വേരുറച്ചു. ഇലഞ്ഞിമരച്ചുവട്ടില്‍
കുഴിച്ചിട്ട കുഴിപ്പാറ കിളിര്‍ത്തുവരാന്‍ കുട്ടിക്കാലത്ത് കാത്തിരുന്നതുപോലെ വൃഥാ
കാത്തിരുന്നു .
സൂക്ഷ്മദര്‍ശിനിയുടെ
കണ്ണുകളില്‍ കൂടി നോക്കി കണ്ടെത്തിയ കോശഘടനപോലെ....
എമെള്‍ഡായുടെ
മനസ്സില്‍ പ്രതിഷ്ഠിച്ച രൂപം തന്‍റേതാണെന്നു കണ്ടെത്തിയപ്പോള്‍
ഇടയ്ക്കു
കിട്ടുന്ന വിശ്രമവേളകള്‍ അവളോട് മനസ്സിന്‍റെ പിരിമുറുക്കം പങ്കുവെച്ചു. എമെള്‍ഡാ
തന്ന ധൈര്യത്തില്‍ പിടിച്ചു നിന്നു.
പരീക്ഷണശാലയില്‍
നിന്നും ലഭിയ്ക്കാത്ത പാഠം....എത്ര വലിയ ഗവേഷകനും മനസ്സു
പങ്കുവെയ്ക്കാനാളില്ലെങ്കില്‍ വേരറ്റമഹാവൃക്ഷം കടപുഴകിവീഴുംപോലെ വീഴുമെന്നുള്ള അവസാന പാഠവും പഠിച്ചു.
കണ്ടുപിടിത്തങ്ങളുടെ
രേഖകള്‍ അപ്പോഴപ്പോള്‍ തന്നെ തന്നില്‍ നിന്നും മാറ്റിക്കൊണ്ടിരുന്നു. ഓരോ കണ്ടു
പിടിത്തം കഴിയുമ്പോഴും തനിയ്ക്കു
തന്നിരുന്ന ലാബിലെ ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളായ യുസ്ബിയും മൊബൈലും വരെ
മാറ്റിക്കൊണ്ടിരുന്നു.
പുതിയ പ്രോജക്റ്റു
തരുമ്പോള്‍ അത്യന്താധുനിക സൌകര്യമുള്ള
ലാബില്‍ സ്വന്തം മസ്തിഷ്കത്തിന്‍റെ മെമ്മെറി വരെ അനലൈസ് ചെയ്ത് രഹസ്യങ്ങളില്ല
എന്ന് ഉറപ്പു വരുത്തി ! ലാബില്‍ നിന്നു വെളിയിലേയ്ക്കിറങ്ങുമ്പോഴും എല്ലാവിധമായ കര്‍ക്കശമായ പരിശോധനകളും.
അടുത്ത പ്രോജക്‍റ്റ്
കൈമാറുന്നതിനു മുന്‍പായി എമെള്‍ഡ ആ ഞെട്ടിപ്പിക്കുന്ന രഹസ്യംതന്നോടു പറഞ്ഞു. ഇന്‍ഡ്യയിലെ
ഗ്രാമീണരെ പ്രത്യേകിച്ചും കേരളീയരെ
ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് അതെന്ന്.
ജനിതക പ്രക്രിയയുടെ താളക്രമം തെറ്റിക്കാനായി
തന്നെക്കൊണ്ടുതന്നെപരീക്ഷണങ്ങള്‍ നടത്തി വികസിപ്പിച്ചെടുത്ത പുതിയ വൈറസ്.
ഏതു കാലാവസ്ഥയും
തരണം ചെയ്ത് ലോകത്തിന്‍റെ മുക്കിലും മൂലയിലും ദേശാടനപ്പക്ഷികളെപ്പോലെ
എത്തപ്പെടുന്ന കേരളീയന്‍റെ ജനിതക പ്രക്രിയയില്‍ വിസ്മയം പൂണ്ട് അതിനെ താളം
തെറ്റിക്കാനുള്ള പരീക്ഷണം.
വൈറസിനെ
പ്രതിരോധിക്കാനുള്ള മരുന്നും ഗവേഷണം നടത്തി കണ്ടുപിടിച്ചു കഴിഞ്ഞു.
തന്‍റെ തന്നെ
പേരിനെ ലോഭിപ്പിച്ച് പേരുകൊടുത്തു. “നയേന്‍” . നയേന്‍ വൈറസിനെ വിതയ്ക്കാനായി
കണ്ടു പിടിച്ച പ്രദേശം. താന്‍ പൂത്തുമ്പിയേയും പുല്‍ച്ചാടിയേയും ഓലേഞ്ഞാലി
പക്ഷിയേയും ഓമനിച്ചു നടന്ന തന്‍റെ കൊച്ചു ഗ്രാമം തന്നെ. തന്‍റെ അമ്മമ്മയും
അച്ഛമ്മയും ജീവിച്ചു മരിച്ച മണ്ണ്. നാവു
ദോഷവും കണ്ണുദോഷവും ശത്രു ദോഷവും പറകൊട്ടിയകറ്റിയ തന്‍റെ അച്ഛന്‍റെ ശബ്ദ വീചികള്‍ അന്തരീക്ഷത്തില്‍ അലയടിച്ച നാട്. എല്ലാത്തിനും
ഉപരിയായി പന്ത്രണ്ടു കളഭവവും പള്ളിപ്പാനയും
ഏറ്റ് നാടിനെ കാത്തു രക്ഷിക്കുന്ന ഭഗവാന്‍ പള്ളികൊള്ളുന്ന നാട്.
ദൌത്യംനിറവേറ്റാനായി
തന്നെ തന്നെയാണ് നിയോഗിച്ചത്. പ്രതിഫലമോ കോടിക്കണക്കിനു ഡോളറും. അമേരിക്കന്‍
പൌരത്വം എടുത്ത ഡോ.കെ.കെ. നാരായണന്
പ്രത്യേകിച്ച് ഇന്‍ഡ്യന്‍
ഗ്രാമത്തിനോട് പ്രതിപത്തി തോന്നേണ്ട ഒരു കാര്യവും ഉണ്ടെന്ന് സിഗ്മാ കോര്‍പ്പറേഷനെന്ന
ബഹുരാഷ്ട്ര കമ്പനി സംശയിച്ചില്ല. പൈസയ്ക്കു വേണ്ടി എന്തും ചെയ്യുമെന്നു ധരിച്ചിരിക്കുന്ന ദരിദ്ര നാരായണന്‍മാരുടെ
നാട്ടില്‍ നിന്നു വന്ന കീഴാളന് കോടികളുടെ
ഡോളര്‍ പ്രതിഫലമായി കിട്ടുമ്പോള്‍ പെറ്റ നാടിനെ ഒറ്റിക്കൊടുക്കുന്ന യൂദാസ്സായി
മാറുമെന്നു വിചാരിച്ച കമ്പനി മേലധികാരികള്‍.
ഓരോ തിരമാലയുടെ പിന്നിലുംസമുദ്രത്തിന്‍റെ
സമ്പൂര്‍ണ സാന്നിധ്യമുണ്ടെന്നു പറഞ്ഞ സ്വാമി വിവേകാനന്ദന്‍റെ വാക്കുകള്‍ കാതില്‍ മുഴങ്ങി.
ജന്മ സിദ്ധമായ ഒരു
സംസ്കൃതിയുടെ ഉടമയായ താന്‍...മഹത്തായ വംശ പരമ്പരകളുടെ ഒരു കണ്ണിയാണെന്ന് ഉറക്കെ വിളിച്ചു പറയാന്‍ തോന്നി..
നാടിന് ദോഷം ചെയ്ത മകന്‍റെ മയ്യത്തു കാണാന്‍ പോലും കൂട്ടാക്കാത്ത പെറ്റമ്മമാരുടെ ദേശസ്നേഹത്തിന്‍റെ
കഥകളറിയാത്ത സായിപ്പിന്‍റെ കണക്കു കൂട്ടലുകളില്‍ പാരമ്പര്യത്തിനും
പൌരാണികത്വത്തിനും
സ്ഥാനം ആകാശത്തെ അമ്പിളിക്കല പോലെ അങ്ങകലെ എവിടെയോ ആയിരുന്നു.
സംയമനം
പാലിച്ച് കരാറില്‍ ഒപ്പു വെയ്ക്കുമ്പോള്‍
കൈ വിറയ്ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
ചോദിയ്ക്കാതെ തന്നെ
സ്വിസ്ബാങ്കിലേക്ക് വന്‍ തുക നിക്ഷേപം.
നാട്ടിലേക്ക് വിമാന ടിക്കെറ്റുടുത്ത് എല്ലാം ഭദ്രമാക്കി തന്ന
കമ്പനി മേലധികാരികള്‍ .കൂടെ സഹായിയായി
കമ്പനിയില്‍ നിന്നും മറ്റു രണ്ടുപേരും. വൈറസടങ്ങിയ ബാഗ് അതീവ സുരക്ഷിതമായി
പെട്ടിയിലിട്ടു സീലു ചെയ്തു. കുടിവെള്ളത്തില്‍ കൂടിയും വായുവില്‍ കൂടിയും മനുഷ്യ
ശരീരത്തിലെത്തപ്പെടുന്ന വൈറസ്.
മൈക്രോ ഗുളികകളായി
അവിടവിടെയായി ചിതറിയാല്‍ മതി. അതിനുള്ള ആള്‍ക്കാരെ നേരത്തെ തന്നെ ഡോളറെറിഞ്ഞ് സിഗ്മാ കോര്‍പ്പറേഷന്‍റെ കേരളത്തിലെ ചാരന്മാര്‍ സജ്ജമാക്കി നിര്‍ത്തിയിരുന്നു.
കഥയറിയാതെ ആട്ടം കാണുന്ന കുറെ മരപ്പാവകളെ.
കൂടാതെ
എല്ലാത്തിനും ഉപരിയായി നാടിന്‍റെ അഭിമാനമായി തിരിച്ചെത്തുന്ന കൂത്താടി കുട്ടന്‍ വേലന്‍റെ മകന്‍ ...അമേരിക്കന്‍ നാഷണല്‍ ഫൌണ്ടേഷനലില്‍
നിന്നും കരിയര്‍ അവാര്‍ഡു വാങ്ങിയ ആദ്യത്തെ മലയാളി. കൊച്ചു നാരായണന്‍ എന്ന ഡോക്ടര്‍.
കെ.കെ. നാരായണിന് നാടിന്‍റെ വക ഗംഭീര സ്വികരണവും. അനിയന്‍ കണ്ണന്‍ എല്ലാം അപ്പോഴപ്പോള്‍ അറിയിച്ചു കൊണ്ടിരുന്നു. നാടിനെ
ഒറ്റു കൊടുക്കുന്നതിന് മരുന്നു കമ്പനി തന്നെ സ്വീകരണവും ഒരുക്കിയിരിക്കുന്നു.
ഒന്നും അറിയാത്ത അനിയന്‍റെ ആഹ്ളാദം ഫോണിന്‍റെ അങ്ങേ തലയ്ക്കല്‍
പ്രതിധ്വനിച്ചപ്പോള്‍
മറ്റൊരുഗവേഷണ
പ്രബന്ധത്തിന്‍റെ അവസാന പേജുകളെഴുതി തീര്‍ത്ത്
പ്രബന്ധം അവതരിപ്പിക്കുവാന്‍ മനസ്സു തയ്യാറെടുക്കുകയായിരുന്നു.
അറിയാതെ മനസ്സില്‍
നിന്നും പണ്ട് അച്ഛമ്മ പാടിതന്ന വായ്താരി പുറത്തേയ്ക്കു
വന്നു.
‘ഏനിന്നലെ ....ചൊപ്പനം കണ്ടേ
കൂനനുറുമ്പണി ചേര്‍ ന്നൊരാനയെ കൊന്നെന്ന്
ഏരേരീ ഏരേരി രക
രേരീരേരോ....’
കമ്പനിയുടെ ഉയര്‍ന്ന
ഉദ്യോഗസ്ഥര്‍ എയര്‍ പോര്‍ട്ടില്‍ വന്ന് മംഗളം നേര്‍ന്ന് യാത്രയയ്ക്കുമ്പോള്‍
മനസ്സ്ജനിച്ച
നാടിനെയും പിറന്നു വീണ ഓലക്കുടിലിനേയും വലം വെച്ച് ന്യൂയോര്‍ക്കിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരികെയെത്തി.
വിമാനം പൊങ്ങുവാന്‍
നിമിഷങ്ങള്‍ മാത്രമെയുള്ളു. മനസ്സ് ഒന്നു കൂടി തയ്യാറെടുത്തു. സീലു ചെയ്ത പെട്ടി
കൂടെ അയച്ചസഹയാത്രികന്‍റെ കൈയ്യില്‍ ഭദ്രമാണ്.
എമെള്‍ഡയാണ്
വിദഗ്ധമായി പൊതി തന്‍റെ പെട്ടിയിലേക്കു മാറ്റുവാന്‍ സഹായിച്ചത്. അമേരിക്കന്‍ ചാര
സംഘടനയായ സി.ഐ.എയുടെ കൂടെ ജോലി ചെയ്ത പരിചയത്തില്‍ നിന്നു കിട്ടിയ
പ്രായോഗിക ബുദ്ധി. വിമാനം വിടാന്‍ നിമിഷങ്ങള്‍ മാത്രം.അവസാനത്തെ യാത്രക്കാരനു വേണ്ടി
തുടര്‍ച്ചയായ അനൌണ്‍സ്മന്‍റ്.
വിമാനത്താവളത്തിലെ
ക്യാമറക്കണ്ണുകളില്‍ നിഴല്‍ പതിയാതിരിക്കുവാന്‍ കഴിവതും ശ്രമിച്ചു.
ടോയിലറ്റിലേക്കു
പോയ നാരാണന്‍റെ ബാഗില്‍ നിന്നും പുറത്തേക്കുള്ള ജനല്‍വഴി വലിച്ചെറിഞ്ഞു പറത്തിയ
വൈറസ്. അന്തക വൈറസ് ജനിച്ച നാട്ടിലെ
വായുവില്‍ തന്നെ പറന്നകന്നു.
എല്ലാം നിമിഷങ്ങള്‍
കൊണ്ട് തീര്‍ത്തു. ദ്രുത വേഗത്തിലുള്ള
കൈയ്യുടെ ചലനം. ചുണ്ടിലെ വന്ദേമാതരത്തിന്‍റെ ഈരടികള്‍ മനസ്സിനു കരുത്തു പകര്‍ന്നു
ചാരക്കണ്ണുകള്‍
പിന്‍തുടരുമെന്ന് എമെള്‍ഡാ സൂചിപ്പിച്ചിരുന്നു.പിടിച്ചു കഴിഞ്ഞാല്‍ കിട്ടാവുന്ന
ശിക്ഷയുടെ ഏകദേശരൂപം മനസ്സില്‍ കണക്കു കൂട്ടിയിരുന്നു.
വിമാനത്തില്‍ നിന്നും കൈയ്യാമം വെച്ച്..
വെളിയില്‍ വരുമ്പോഴേക്കും സി. എന്‍ എന്നില്‍ നിന്നും ന്യൂസ് പുറപ്പെട്ട് എല്ലായിടവും വൈറസ് പോലെ
പറന്നു........
‘ ലോക പ്രശസ്ത മരുന്നു കമ്പനിയായ സിഗ്മ കോര്‍പ്പറേഷനിലെ ഗവേഷണവിഭാഗത്തിന്‍റെ തലവനായ ഡോ.കെകെ. നാരായണിനെ ഗവേ,ണ രഹസ്യങ്ങള്‍ വന്‍തുകയ്ക്ക്
വില്‍ക്കുന്നതിനുവേണ്ടി ഇന്‍ഡ്യയിലേക്ക് കടക്കുവാന്‍ ശ്രമിക്കവേ ന്യൂയോര്‍ക്ക് എയര്‍പോര്‍ട്ടില്‍ വെച്ച്
അറസ്റ്റു ചെയ്തു.........’.
വധശിക്ഷ തന്നെ
ലഭിയ്ക്കത്തക്കവണ്ണം ചെയ്യാത്ത കുറ്റങ്ങള്‍ കുറേക്കൂടി തന്നിലേയ്ക്കാരോപിച്ചു.
പുറത്തെ കൂട്ടില്‍
നിന്നും ജയിലഴിക്കുള്ളിലേക്ക് കയറാനുള്ള അലാറം കേട്ടാണ് ചിന്തയില്‍ നിന്നും ഉണര്‍ന്നത്.
ഗവേഷണ ലാബിലെ മറക്കാനാവാത്ത ഓര്‍മ്മയായി
എമെള്‍ഡാ...... അവതരിപ്പിക്കാനാകാത്ത പ്രബന്ധതാളുകളായി മനസ്സില്‍ പറന്നു
നടന്നു.......
നയതന്ത്ര
പരിരക്ഷലഭിയ്ക്കാത്ത ഗവേഷകന്‍. പാരമ്പര്യത്തിന്‍റെ രഹസ്യം തേടിപ്പോയ
വേലക്കിടാത്തന്‍. രോഗം മുളയ്ക്കാന്‍
വിത്തു വിതയ്ക്കുന്ന അദൃശ്യ കരങ്ങളെ തുറന്നു കാട്ടാനാകാതെ....
ഒരപസര്‍പ്പക
കഥയിലെ നീരാളിയെപോലെ കാണാമറയത്ത് കരുക്കള്‍ നീക്കുന്ന കരങ്ങളുടെ കപടത വിളിച്ചു പറയാനാകാതെ..... കുളിച്ചീറനായി പാനപ്പന്തലിനു
മുമ്പില്‍പുറക്കളം കുരുതിക്കു കാത്തുകിടക്കുന്നപുറനാടിയെപ്പോലെ ജയിലറയ്ക്കുള്ളില്‍ വിങ്ങുന്ന ഹൃദയത്തോടെ കാത്തു
കിടന്നു.