Friday, November 11, 2011

ഒരു കാക്കപ്പുരാണം




 വാഹനങ്ങളുടെ ഹോണടിയില്ല. പക്ഷെ എല്ലാം നിര നിരയായി കിടക്കുന്നതുകാണാം. എന്തു ചിട്ടയോടെ. എന്താണേലും ഈ സ്ഥലം തിരഞ്ഞെടുത്തത് എന്തു കൊണ്ടും നല്ലതായി. ആണ്‍ കാക്ക പെണ്‍കാക്കയുടെ ബുദ്ധിയെ പ്രശംസിച്ചു. പെണ്‍ കാക്ക ആദ്യം പറഞ്ഞപ്പോള്‍ തനിക്ക് ഒട്ടും ഇഷ്ടപ്പെട്ടതല്ല ഈ സ്ഥലം. പക്ഷെ അതുകഴിഞ്ഞാണ് അതിന്‍റ പ്രായോഗിക വശത്തെപ്പറ്റി താന്‍ ചിന്തിച്ചത്. രാപകലില്ലാതെ പോലീസ് കാവലുണ്ട്. കള്ളനെ പേടിയ്ക്കേണ്ട. സിറ്റിയുടെ കണ്ണായ ഭാഗം. ഹോട്ടലുകളുടെ നടുക്കായതിനാല്‍  ആഹാരം ഇഷ്ടം പോലെ. മരങ്ങളുടെ ചില്ലയിലും അല്ലഅതുകൊണ്ടു മരം വെട്ടുമ്പോള്‍ കിടക്കേടം നഷ്ടപ്പെടുമെന്ന ഭീതിയും വേണ്ട.  മഴ വന്നാലൊട്ടു നനയത്തും ഇല്ല. കറന്‍റു പോകുമെന്ന പേടി വേണ്ട. സന്ധ്യയായാല്‍ നല്ല പകലുപോലെയുള്ള വെട്ടം. കുഞ്ഞുവാവകളുണ്ടായാല്‍   മറ്റുള്ള പക്ഷികളുടെ ഒരു ശല്യവുമില്ല.

എന്തെല്ലാം കാണാം. മനുഷ്യരുടെ വിവിധ മുഖങ്ങള്‍.

  നഷ്ട സ്വപ്നങ്ങളും പേറി ചിലരു പോകുന്നതു കാണുമ്പോള്‍  ചെന്നാ തലയിലിട്ടൊരു ഞോണ്ടു ഞോണ്ടാന്‍ തോന്നും. എന്തിനിത്ര ദുഃഖിച്ചിവര്‍ നടക്കുന്നു.ചില പിള്ളേര്‍ അടിച്ചു പൊളിച്ചു നടക്കുമ്പോള്‍ തോന്നും അവര്‍ മാത്രമേയുള്ളു ഈ ലോകത്തിലെന്ന്. ഏറ്റവും രസം മധ്യവയസ്സായ ഭാര്യയും ഭര്‍ത്താവും കൂടി പോകുന്നതു കാണുമ്പോളാണേ..ഭര്‍ത്താവ് ഒരു മൈല്‍ ദൂരെയും ഭാര്യ അതിനു  പുറകേയും. അപ്പോളായിരിക്കും അതിനു തൊട്ടു പുറകേ ഒരു യുവ മിഥുനങ്ങള്‍ പരിസരം പോലും നോക്കാതെ കെട്ടിപ്പിടിച്ചോണ്ടു പോകുന്നത്. അപ്പോള്‍ ഞാനെന്‍റ കോങ്കണ്ണു വെച്ചൊന്നു ചെരിച്ചു നോക്കും. എന്നിട്ടു വിചാരിക്കും ഇടയ്ക്കുവെച്ച് തമ്മിതല്ലിപ്പിരിഞ്ഞില്ലെങ്കില് പത്തിരുപത്തഞ്ചു വര്‍ഷം കഴിയുമ്പം ഇങ്ങനെ ഒരു മൈല്‍ ദൂരത്തേലും നടക്കുമല്ലോയെന്ന് അങ്ങിനെ യിരിക്കുമ്പോള്‍ ചില കഥാപാത്രങ്ങളെ കാണാം.നല്ല ഡീസന്‍റായി  കോട്ടും സൂട്ടും ഒക്കെയിട്ട്  ആ ഹോട്ടലിനകത്തേക്കു കേറുന്നതു കാണാം. തിരിച്ചുവരുമ്പം നാലുകാലേല് ആടിയാടി. ചിലത് ആ റോഡരികത്തെ ഓടേല് ചത്തതുപോലെ കെടക്കുന്ന കാണാം. ഒന്നു കെട്ടറിങ്ങിക്കഴിയുമ്പോള്‍ തപ്പിപിടിച്ചെണീറ്റു പോകുന്നതും കാണാം. ചില കഥാപാത്രങ്ങളീ വകുപ്പില്‍ തന്നെയുള്ളത് ആ കാണുന്ന മാടക്കടേക്കേറി ആരും കാണാതെ അതിന്‍റ പുറകുവശത്തിരിക്കുന്ന തള്ളേടെ കൈയ്യീന്ന് ഒരു പുഴുങ്ങിയ മുട്ടേം വാങ്ങി കടിച്ചു കടിച്ച് മാടക്കടേലെ ഗ്ലാസ്സു മൊത്തുന്നതു കാണാം. ആ കക്ഷികളു നല്ല പൂസായി നിക്കുമ്പം കൈയ്യിലെ മൊട്ടേടെ ബാക്കി റാഞ്ചിക്കൊണ്ടു ഞാനൊരു പോക്കു പോകും.

 ചില പാതിരാത്രിക്കാണു രസം ചില ആശാന്മാരു വീട്ടില് പെമ്പറന്നോത്തികളേം ഇട്ടേം വെച്ച് ചില നാറ്റക്കേസുകളേം കൊണ്ട് മുടുക്കിലോട്ടു കേറുന്നതുകാണാം. അപ്പോ ഞാന്‍ വിചാരിക്കും എവറ്റയൊക്കെ മനുഷനായിട്ടെന്തിനാ ജനിച്ചതെന്ന്. ഞങ്ങളു പക്ഷികളാണേലും ചില നിബന്ധനകളൊക്കെ ഞങ്ങക്കും ഉണ്ടേ.ഇങ്ങനെ തോന്നിവാസം നടക്കാന്‍ ഞങ്ങളു പോകത്തില്ല. ആ അതൊക്കെ പോട്ടെ. ഞാനെവിടാണെന്നിതുവരെ പറഞ്ഞില്ലാല്ലൊ നിങ്ങളോട്. ഞാന്‍ സിറ്റിയുടെ നടുക്ക്. എന്നു പറഞ്ഞാല്‍ കേരള സംസ്ഥാനത്തിന്‍റ തലസ്ഥാന നഗരിയിലെത്രയും പ്രധാനപ്പെട്ട ഒരു ട്രാഫിക്ക് സിഗ്നലിന്‍റ സോളാര്‍ പാനലിന്‍റ അടിയിലാണേ താമസം. ഇവിടെ നിര നിര ആയി കിടക്കുന്ന ഈ വണ്ടികളെല്ലാം കണ്ടിട്ട് എന്‍റ പ്രിയതമ എന്നോടു ചോദിക്കുവാണേ ചേട്ടാ മനുഷേര് എത്ര നന്നായിട്ട് ഈ ട്രാഫിക്ക് സിഗ്നലിന്‍റ നിയമങ്ങളനുസരിക്കുന്നെന്ന്. അപ്പോള്‍ ഞാനവളോടു പറഞ്ഞു. ഇല്ലെങ്കിപ്പെണ്ണേ അവരു വിവരമറിയും. കൂട്ടിമുട്ടി ചോരക്കളമാകുമെന്ന്. ജീവന്‍ പോണകേസായതുകൊണ്ട് എല്ലാം ഇങ്ങനെ അച്ചടക്കത്തോടെ കിടക്കുവാണെന്ന്. അപ്പോളവളെന്നോടൊരു മറു ചോദ്യം എല്ലാ നിയമങ്ങളും ഇതേപോലെ പാലിക്കാതിരുന്നാ ജീവനെടുക്കുന്നതാണേല് ഈ മനുഷേമ്മാര് അനുസരിക്കുമോയെന്ന്. എന്‍റ മാളോരെ എനിക്കതിനവള്‍ക്കു  കൊടുക്കാനുത്തരമില്ലാരെന്നേ.. നിങ്ങളുതന്നെ പറഞ്ഞ് കൊടുക്ക്.


45 comments:

  1. എന്തെല്ലാം കാണാം. മനുഷരുടെ വിവിധ മുഖങ്ങള്‍….

    ReplyDelete
  2. ഞാന്‍ വിചാരിക്കും എവറ്റയൊക്കെ മനുഷനായിട്ടെന്തിനാ ജനിച്ചതെന്ന്

    ReplyDelete
  3. കാക്കപുരാണത്തില്‍ കൂടി കൊട്ടിയതൊക്കെ അത്യുഗ്രന്‍...എന്ത് ചെയ്യാം ..മനുഷ്യന്‍ ഇങ്ങനെ ഒക്കെ ആയിപ്പോയി..

    ReplyDelete
  4. കാക്കയുടെ കാഴ്ചപ്പാടിലൂടെ നഗരം മുഴുവൻ കണ്ടൂ... നന്നായി ഈ രചന... എല്ലാ ഭാവുകങ്ങളും..

    ReplyDelete
  5. ജീവൻ പോകുമെന്ന നില വന്നാൽ.......ആവോ, മനുഷ്യരായതുകൊണ്ടൊന്നും പറയാൻ വയ്യ.

    കാക്കക്കഥ കൊള്ളാം.

    ReplyDelete
  6. നന്നായി കുസുമം. മനുഷ്യരിങ്ങനെ..

    ReplyDelete
  7. പ്രിയപ്പെട്ട കുസുമം,
    കാക്കകളുടെ കണ്ണിലൂടെ മനുഷ്യരുടെ വിവിധ മുഖങ്ങള്‍ കാണിച്ചു തന്നത് നന്നായി!നിയമങ്ങള്‍ അനുസരിച്ച് ജീവിച്ചാല്‍ സമാധാനം നമുക്ക് സ്വന്തം!
    ഈ പോസ്റ്റ്‌ നന്നായി,കേട്ടോ!
    സസ്നേഹം,
    അനു

    ReplyDelete
  8. മരണം മനുഷ്യനെ ഭയപ്പെടുത്തുന്നില്ല അത്രേ. അതുകൊണ്ടല്ലേ ആരോഗ്യത്തിനു ഹാനികരം എന്നു വെണ്ടയ്ക്കാ വലുപ്പത്തില്‍ എഴുതിയിട്ടും പുകവലിയും മദ്യവും മനുഷ്യന്‍ ഉപേക്ഷിക്കാത്തത്. ഭോഗ സുഖങ്ങള്‍ക്ക് അടിപ്പെട്ട മനുഷ്യന്‍ ഇപ്പോഴത്തെ സുഖത്തെ മാത്രമേ കാണുന്നുള്ളൂ. നാളെ തൂക്കുകയര്‍ വീണാലും കുറ്റകൃത്യങ്ങള്‍ കുറയില്ല.

    ReplyDelete
  9. കാക്കപ്പുരാണം അസ്സലായി..നഗരത്തിന്റെ വിവിധമുഖങ്ങൾ വരച്ചു കാട്ടിയതും...മനുഷ്യന്റേയും..

    ReplyDelete
  10. അതെ പണ്ടുമുതലേ നമ്മൾ പറയുമല്ലോ കാക്ക കണ്ടറിയുമെന്ന്..!
    നല്ലൊരു നഗരപുരാണം..

    ReplyDelete
  11. Kalavallabhan
    SHANAVAS
    ചന്തു നായർ
    Echmukutty
    MINI.M.B
    anupama

    ഭാനു കളരിക്കല്‍
    സീത*
    മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM.

    കൂട്ടുകാരെ നിങ്ങളുടെ പ്രോത്സാഹനത്തിനു നന്ദി

    ReplyDelete
  12. ഇതുപോലൊരിടത്ത് ഒരു കാക്കയായി ജനിക്കാന്‍ കൊതി തോന്നി.
    പറവകള്‍ വിതയ്ക്കുന്നില്ല കൊയ്യുന്നില്ല എന്ന് പറഞ്ഞത്‌ പോലെ...
    അക്ഷരങ്ങള്‍ വളരെ ചെറുതായതിനാല്‍ വായിക്കാന്‍ അല്പം പ്രയാസം തോന്നി.

    ReplyDelete
  13. "എല്ലാ നിയമങ്ങളും ഇതേപോലെ പാലിക്കാതിരുന്നാ
    ജീവനെടുക്കുന്നതാണേല് ഈ മനുഷേമ്മാര് അനുസരിക്കുമോയെന്ന്."
    നല്ല ചോദ്യം... അതിനു ഭാനു മാഷ്‌ പറഞ്ഞതു തന്നെയാ എന്റെയും ഉത്തരം ...
    പോസ്റ്റ്‌ ഇഷ്ടായിട്ടോ.

    ReplyDelete
  14. നല്ലൊരു ചോദ്യമാണത്....??
    ഉത്തരം:- ചിലപ്പോ ബിരിയാണി കിട്ടിയാലോ എന്ന പോലെ.., നായുടെ വാലാണ്..എന്നാലും .....നന്നായാലോ...? ഭാവുകങ്ങള്‍...!!

    ReplyDelete
  15. ചുറ്റുവട്ടത്ത് നടക്കുന്ന കാര്യങ്ങള്‍ ഒരു കാക്കയുടെ കാഴ്ചപ്പാടില്‍ 
    അവതരിപ്പിച്ചത് നന്നായിട്ടുണ്ട്

    ReplyDelete
  16. ശിക്ഷയില്ലായ്മയാണല്ലൊ നമ്മുടെ നാടിന്റെ ഈ അവസ്ഥക്ക് കാരണം. കുറ്റം ചെയ്താൽ ശിക്ഷ കിട്ടുമെന്നുറപ്പാവുമ്പോൾ കുറ്റവാളികളും കുറയും.
    കക്കപുരാണം കൊള്ളാം...
    ആശംസകൾ...

    ReplyDelete
  17. ‘കാക്ക’യിലൂടെ കാണുന്നതൊക്കെ തുറന്നുപറയാമല്ലൊ, അല്ലേ? എന്നും സഞ്ചരിക്കുന്ന വഴിയിൽത്തന്നെയല്ലേ ഈ ട്രാഫിക് സിഗ്നൽ? 24 മണിക്കൂറും അതിന്റെ ചുവട്ടിൽനിന്ന് ഞാനും ഒന്നു സങ്കൽ‌പ്പിച്ചു നോക്കി. ശരിതന്നെ, ഈ പറഞ്ഞതൊക്കെ ഞാനും കണ്ടു. സോണാർപാനലിന്റെ അടിയിൽ ഒളിഞ്ഞിരുന്നാലുള്ള ‘ഗുണങ്ങൾ’വർണ്ണിച്ചത്, ഏറെ രസാവഹമായിട്ടുണ്ട്. അഭിനന്ദനങ്ങൾ....

    ReplyDelete
  18. പട്ടേപ്പാടം റാംജി
    Lipi Ranju
    ഭ്രാന്തനച്ചൂസ്
    keraladasanunni
    വീ കെ
    വി.എ || V.A
    കൂട്ടുകാരെ കാക്ക കണ്ണിലൂടെ പറഞ്ഞതാണ്. ഇവിടുത്തെ കുറച്ചു കാര്യങ്ങള്‍. എല്ലാവര്‍ക്കും അറിവുള്ളതു തന്നെ.
    നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി.

    ReplyDelete
  19. പത്തൊന്‍പതാം നൂറ്റാണ്ടിലെ ഐറിഷ് എഴുത്തുകാരനായ ഓസ്കാര്‍ വൈല്‍ഡ്എഴുതിയ വിശ്വ പ്രസിദ്ധമായ ഒരു കഥയുണ്ട്.
    'The Happy Prince'
    ദേശാന്തരങ്ങള്‍ കടന്നു പറന്നു വന്ന ഒരു തൂക്കണാം കുരുവി മരിച്ചു പോയ ഒരു രാജകുമാരന്റെ പ്രതിമയ്ക്ക് കീഴെ രാത്രികാല വിശ്രമത്തിനായി എത്തി ച്ചേരുന്നു .രാജകുമാരന്റെ ആത്മാവ് കുടിയിരിക്കുന്ന ഒരു പ്രതിമ കൂടി യാണ് അത് ! രത്നങ്ങളും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും പതിച്ച പ്രതിമ .ശരിക്കും രാജകുമാരനെ പോലെ !നഗര മദ്ധ്യത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആ പ്രതിമയ്ക്ക് രാവും പകലും ആ നഗരത്തില്‍ നടക്കുന്ന നല്ലതും ചീത്തയും ആയ എല്ലാം കാണാം .അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ ഒരിക്കലും കാണാതിരുന്ന ഞെട്ടിക്കുന്ന കാഴ്ചകള്‍ വരെ ! പക്ഷെ പ്രതിമ ആയതിനാല്‍ അദ്ദേഹത്തിനു ഒന്നും ചെയ്യാന്‍ കഴിയാതെദുഃഖം പേറി കണ്ണീര്‍ വാര്‍ത്തു നില്‍ക്കുന്ന അവസരത്തിലാണ് നമ്മുടെ തൂക്കണാം കുരുവി അവിടെ കോട മഞ്ഞു പെയ്യുന്ന ആ രാത്രിയില്‍ അഭയം തേടി എത്തുന്നത് ..
    തന്റെ നഗരത്തിലെ ഹീനമായ കാഴ്ചകള്‍ കുരുവിക്കു രാജകുമാരന്‍ കാണിച്ചു കൊടുക്കുന്നു.ജീവിച്ചിരുന്നപ്പോള്‍ ചെയ്തുകൊടുക്കാന്‍ കഴിയാതിരുന്ന നസഹായങ്ങള്‍ മരിച്ചു കഴിഞ്ഞപ്പോ ളെങ്കിലും തനിക്ക് വേണ്ടി അവര്‍ക്ക് നല്‍കണം എന്ന് അദ്ദേഹം കുരുവിയോടു അഭ്യര്‍ത്ഥിച്ചു. തന്റെ ശരീരത്തില്‍ പതിപ്പിച്ചിട്ടുള്ള വിലപിടിപ്പുള്ള രത്നങ്ങളും കല്ലുകളും ആഭരണങ്ങളും ദുരിതം പേറുന്ന പാവങ്ങള്‍ക്കായി കുരുവിയുടെ സഹായത്തോടെ അദ്ദേഹം വീതിച്ചു നല്‍കി .മരം പോലും കോച്ചുന്ന ആ കൊടും തണുപ്പില്‍ രാത്രി മുഴുവന്‍ അല്‍പ്പം പോലും വിശ്രമിക്കാതെ നിസ്സാരനായ തന്റെ ആരോഗ്യത്തെ മറന്ന് ആതുര ശുശ്രൂഷകളില്‍ മുഴുകിയ ആ പാവം കുരുവി തന്റെ ദൌത്യം പൂര്‍ത്തിയാക്കി തളര്‍ന്നു പുലര്‍ച്ചയോടെ ആ രാജകുമാരന്റെ പാദത്തിനരികില്‍ വന്നിരുന്നു.
    പിറ്റേന്ന് പ്രഭാതത്തില്‍ നഗരം ചുറ്റാന്‍ ഇറങ്ങിയ മേയറും മറ്റു പൌര പ്രമുഖരും ആ ഞെട്ടിക്കുന്ന കാഴ്ച്ച കണ്ടു . ഇന്നലെ വരെ നഗരത്തിന്റെ തിലകക്കുറിയായി പരിലസിച്ച ആ രാജ പ്രതിമ ഇന്നിതാ കണ്ണും കാതും കരളും ചൂഴ്ന്നെടുക്കപ്പെട്ടു വൃത്തിഹീനമായി ,നഗര പ്രൌഡിക്കപമാനപമാനമായി നിലകൊള്ളുന്നു .അവര്‍ ആ പ്രതിമ എത്രയും പെട്ടെന്ന് നീക്കം ചെയ്തു പുതിയതും മനോഹരവുമായ മറ്റൊരു പ്രതിമ (മേയറുടെ പ്രതിമ ആണെന്നാണ്‌ ഓര്‍മ)സ്ഥാപിക്കാന്‍ നടപടിയെടുത്തു . ഭംഗിയും വൃത്തിയും നഷ്ടപ്പെട്ട ,രാജകുമാരന്റെ ആത്മാവ് കുടികൊള്ളുന്ന ആ പ്രതിമ വടം കെട്ടി വലിച്ചു മറിച്ചിടുന്നതിനിടയില്‍ അവര്‍ അവിടെ നിന്ന് ഒന്ന് കൂടി കണ്ടെടുത്തു .. ആ പാവം കുരുവിയുടെ വിറങ്ങലിച്ച മൃതശരീരം ! കൊടും തണുപ്പേറ്റ് ഒരു വിറകുകൊള്ളിപോലെയായിത്തീര്‍ന്നിരുന്നു അത് !
    മനസിലെ ദ്രവീകരിക്കുന്ന ആ കഥ വായിക്കുമ്പോളൊക്കെ ഞാന്‍ കരഞ്ഞിട്ടുണ്ട് ..ലോകം മുഴുവനുമുള്ള ആസ്വാദകര്‍ കരഞ്ഞിട്ടുണ്ട് ...ജീവിച്ചിരിക്കുന്ന നമുക്കാര്‍ക്കും കാണാന്‍ കഴിയാത്ത അഥവാ കാണാന്‍ കൂട്ടാക്കാത്ത പലതും ആ പ്രതിമയുടെ കണ്ണിലൂടെ ഓസ്കാര്‍ വൈല്‍ഡ് എന്ന മഹാനായ എഴുത്തുകാരന്‍ ലോകത്തിനു കാണിച്ചു കൊടുക്കുന്നു . കൊലകൊമ്പന്മാര്‍ എന്ന് അഹങ്കരിക്കുന്ന മനുഷ്യര്‍ ഒരു കുഞ്ഞു കുരുവി ചെയ്യുന്ന നിസ്വാര്‍ഥമായ നന്മകള്‍ പോലും സമൂഹത്തിനു വേണ്ടി പ്രദാനം ചെയ്യാന്‍ കൂട്ടാക്കുന്നില്ല എന്ന് ഓസ്കാര്‍ വൈല്‍ഡ് നമ്മെ ലജ്ജിപ്പിക്കും വിധം നമ്മോട് വിളിച്ചു പറയുന്നു !
    കുസുമം ചേച്ചിയുടെ ഈ കഥ വായിക്കുമ്പോള്‍ നല്ലവനായ ആ രാജകുമാരനെയും അതിലേറെ നല്ലവനായ ആ പാവം കുരുവിയേയും ഓര്‍ത്ത്‌ പോയി ..അത്തരം ഒരു ഫീല്‍ തന്നത് കൊണ്ട് ഈ കഥ എന്റെ മനസിലും ചെറു തിരയിളക്കം സൃഷ്ടിച്ചു .നന്ദി ,,:)

    ReplyDelete
  20. പ്രിയ രമേശ് നല്ലൊരു കഥ പറഞ്ഞു തന്നതിന് നന്ദി പറയട്ടെ. പിന്നെ എന്‍റ കഥയിഷ്ടപ്പെട്ടതിനും.

    ReplyDelete
  21. കൊടുക്കാന്‍ ഉത്തരമില്ല എങ്കിലും ഞാന്‍ നീട്ടി കരഞ്ഞു 'കാ കാ "

    ReplyDelete
  22. കാക്കക്കാഴ്ച്ചകള്‍ ബഹുരസം..

    ReplyDelete
  23. കാക്കയുടെ മനുഷ്യ കണ്ണിനു പകരം കാക്കയു കണ്ണ് കൊണ്ടുള്ള കായ്ച്ച മനോഹരമായി

    ReplyDelete
  24. കുസുമം ചേച്ചി,
    കാക്കപുരാണം ഗംഭീരമായി.
    ആശംസകള്‍

    ReplyDelete
  25. നന്നായി.. ഭാനു കളരിക്കളിന്റെയും ലിപിയുടെയും അഭിപ്രായത്തിനോടെനിക്ക് യോജിപ്പില്ല.. മരണ ഭയം മനുഷ്യനെ തെറ്റില്‍ നിന്ന് തടുക്കും.. പക്ഷെ അതിനു മരണം ഉറപ്പാവണം. നാമൊക്കെ മരിക്കും.. പക്ഷെ ആ മരണത്തെ നാമൊക്കെ ഭയക്കുന്നുണ്ടോ? കാരണം മുന്നിലെത്തിയ മരണത്തെയെ നമ്മള്‍ ഭയക്കൂ..
    പോസ്റ്റ് നന്നായി കേടു. രമേശ്‌ അരൂര്‍ പറഞ്ഞ പോലെ മനസ്സിലൊരു തിരയിളകി

    ReplyDelete
  26. നല്ല പോസ്റ്റ്‌.
    രസകരമായ എഴുത്ത്.

    ReplyDelete
  27. mydreams dear
    mayflowers
    കൊമ്പന്‍
    SREEJITH MOOTHEDATH
    ആസാദ്‌
    Manoj vengola
    വന്ന് നല്ല അഭിപ്രായം ഇട്ടതിന് നന്ദി

    ReplyDelete
  28. നഷ്ട സ്വപ്നങ്ങളും പേറി ചിലരു പോകുന്നതു കാണുമ്പോള്‍ ചെന്നാ തലയിലിട്ടൊരു ഞോണ്ടു ഞോണ്ടാന്‍ തോന്നും. എന്തിനിത്ര ദുഃഖിച്ചിവര്‍ നടക്കുന്നു.ചില പിള്ളേര്‍ അടിച്ചു പൊളിച്ചു നടക്കുമ്പോള്‍ തോന്നും അവര്‍ മാത്രമേയുള്ളു ഈ ലോകത്തിലെന്ന്

    നല്ല ഒരു പോസ്റ്റ്‌

    ReplyDelete
  29. അവസാന ഖണ്ഡികയിൽ കാക്കമ്മ ചോദിച്ച ചോദ്യത്തിന് എന്റ്റെ ഉത്തരം ഇല്ല എന്ന് തന്നെയാണ്... അനുസരിക്കുമായിരുന്നെങ്കിൽ സൌദി അറേബ്യയിൽ കുറ്റകൃത്യങ്ങളേ ഉണ്ടാകുമായിരുന്നില്ലല്ലോ...

    ReplyDelete
  30. കഥയില്‍ പുതുമ ഒന്നും ഇല്ല. എല്ലാം നമ്മുടെ പരിസരം തന്നെ. എന്നാല്‍ കാക്കയുടെ കാഴ്ചപ്പാടിലൂടെ പറഞ്ഞപ്പോള്‍ കഥ പുതുമയുള്ള അനുഭവമായി. ഇവിടെ കഥ പറയാന്‍ കഥാകാരി കാണിച്ച തന്ത്രത്തെ അഭിനന്ദിക്കാതെ വയ്യ.

    ReplyDelete
  31. Pradeep paima

    വിനുവേട്ടന്‍
    Akbar
    പ്രിയപ്പെട്ട കൂട്ടുകാരെ എല്ലാവരുടെയും വ്യത്യസ്ഥമായ അഭിപ്രായത്തെ മാനിക്കുന്നു.

    ReplyDelete
  32. കഥയില്‍ പുതുമ ഒന്നും ഇല്ലെന്നു തന്നെ പറയാം... സാദാരണ കണ്ടും കേട്ടും അറിഞ്ഞ കാര്യങ്ങള്‍ പറഞ്ഞു...

    ഇനിയും എഴുതുക...ആശംസകള്‍..

    രമേശ്‌ അരൂര്‍ ... നല്ല ഒരു കഥ പറഞ്ഞു തന്നതിനു ...നന്ദി...

    ReplyDelete
  33. ചേച്ചി കഥയിഷ്ടമായി...കാക്കയുടെ കണ്ണിലൂടെ ലോകത്തെ നോക്കിക്കണ്ട ഈ വിത്യസ്ഥ കഥാഖ്യാന ശൈലി നന്നായിട്ടുണ്ട്...

    ReplyDelete
  34. ഞാൻ ഇവിടെ വന്നിരുന്നൂ...വായിച്ചിരുന്നൂ...ഇരിപ്പിടത്തിലെ ശനിദോഷത്തിന്റെ പണിപ്പുരയിലും...പിന്നെ പനിയും ,ചുമയും ശല്ല്യക്കാരനായതും കൊണ്ടാകാം...അഭിപ്രായം ഇട്ടിരുന്നൂ,,,എന്ന് ധരിച്ചു...ഈ നല്ല കഥക്ക് ഇരിപ്പിടത്തിൽ രമേശിനോടൊപ്പം കമന്റുപറഞ്ഞിട്ടുണ്ട്.... ഈ നല്ല വായന തന്നതിനു എല്ലാ ഭാവുകങ്ങളും

    ReplyDelete
  35. കുസുമം, ഇരിപ്പിടത്തില്‍ നിന്നാണ് ഇവിടെ വന്നത്. എനിക്ക് ലിങ്ക് കിട്ടിയിരുന്നില്ല.

    എത്ര ശരിയാണ്. മരക്കൊമ്പിലെ കാക്കയ്ക്കും രാത്രി യാത്രക്കാരായ പട്ടിയ്ക്കും പൂച്ച്യ്ക്കുമൊക്കെ സംസാരിക്കാനാവുമായിരുന്നെന്കില്‍ മനുഷ്യന്റെ എത്ര പൊയ്മുഖങ്ങള്‍ അഴിഞ്ഞു വീഴുമായിരുന്നില്ല...!!

    ReplyDelete
  36. കാകദൃഷ്ടി .... എല്ലായിടത്തും ഏന്തി വലിഞ്ഞ് നോക്കി കാണുന്നതിന് പരക്കെ പറയുന്ന പ്രയോഗം...
    കാകദൃഷ്ടിയിലൂടെയുള്ള ഈ കഥ പറച്ചിലും എല്ലായിടവും കണ്ട് പറഞ്ഞിട്ടുണ്ട്....
    അറിവില്ലായ്മയല്ല മനുഷ്യന്റെ ദോഷം..അറിവിനെ അവഗണിക്കുന്ന മനോനിലയാണ് പ്രശ്നം...
    മരണഭയം അലട്ടുന്നവർ തുലോം വിരളമെന്നും പറയാം..
    എന്തായാലും മരിക്കും..എന്നാൽപിന്നെ എന്തും ചെയ്ത് കളയാം എന്ന രീതിയാണ് പൊതുവെ...

    എഴുത്ത് നന്നായി... ആശംസകൾ
    നല്ല എഴുത്തിന് എല്ലാവിധ ഭാവുകങ്ങളും....

    ReplyDelete
  37. khaadu..
    ഒരു ദുബായിക്കാരന്‍
    ചന്തു നായർ๋
    ●๋•തൂലിക•●๋
    jayarajmurukkumpuzha
    നിങ്ങളുടെ വരവിനും നല്ല അഭിപ്രായത്തിനും ന്നദി

    ReplyDelete
  38. ഇരിപ്പിടത്തിലൂടെ ഇവിടെയെത്തി,
    കേട്ടു മടുത്ത സംഭവങ്ങള്‍ എങ്കിലും
    കാകനെക്കൊണ്ടത് പറയിച്ചതില്‍
    ഒരു പുതുമ അനുഭവപ്പെട്ടു.
    കാകന്റെ പ്രിയതമയുടെ ചോദ്യം
    "എല്ലാ നിയമങ്ങളും ഇതേപോലെ പാലിക്കാതിരുന്നാ
    ജീവനെടുക്കുന്നതാണേല് ഈ മനുഷേമ്മാര് അനുസരിക്കുമോയെന്ന"
    ഉത്തരം കിട്ടാത്ത ചോദ്യത്തില്‍ കഥ നിര്‍ത്തിയത് വളരെ നന്നായി,
    എഴുതുക, വായിക്കാന്‍ വീണ്ടും വരാം
    പി വി ഏരിയല്‍

    ReplyDelete
  39. കാക്കകാഴ്ചകള്‍ കെങ്കേമം.. ഇരിപ്പിടമാണ്‍ വഴികാട്ടി..

    ReplyDelete
  40. P V Ariel

    ഇലഞ്ഞിപൂക്കള്‍
    ഈ വരവിനെ സ്വാഗതം ചെയ്യുന്നു.

    ReplyDelete
  41. എഴുത്തച്ചന്‍ തത്തയെകൊണ്ട് പരയിപ്പിച്ചപ്പോള്‍ താങ്കള്‍ കാക്കയെകൊണ്ട് ....ഏതായാലും നന്നായി ട്ടോ ...ചില സത്യങ്ങള്‍ പറഞ്ഞു ..വീണ്ടും എഴുതുക ..ആശംസകള്‍

    ReplyDelete
  42. അഭിഷേക് നന്ദി അഭിഷേക്.
    soumi28 makale..niyum kadha vayikkan vannu alle

    ReplyDelete
  43. ഓസ്കാര്‍ വൈല്‍ഡിന്റെ ഹാപ്പി പ്രിന്‍സ് ഞാനും വായിച്ചിട്ടുണ്ട് ... ഇതു വായിച്ചു വന്നപ്പോള്‍ ഞാനും ആ കഥ ഓര്‍ത്തു....

    ഒരു പക്ഷിയുടെയും അതിന്റെ ഇണയിലൂടെയും നഗരക്കാഴ്ചയും ജിവിത തത്വവും അവതരിപ്പിച്ച ഈ രീതി എനിക്കിഷ്ടപ്പെട്ടു... മധ്യതിരുവിതാംകൂറിലെ ഭാഷയും കൂടിച്ചേര്‍ന്നപ്പോള്‍ ഈ കഥയുടെ തിളക്കം ഒന്നുകൂടി വര്‍ദ്ധിക്കുന്നു...

    നിലവാരമുള്ള മികച്ച ഒരു രചന വായിച്ചതില്‍ സന്തോഷം...

    ReplyDelete

Related Posts Plugin for WordPress, Blogger...