വന്യത മൊത്തമായി ആവാഹിച്ചെടുത്ത കാട്.ഇതു കാട്ടിത്തരാനല്ലേ ഒരിയ്ക്കലിവിടെ കൂട്ടിക്കൊണ്ടു വന്നത്.എന്തെന്തു പ്രതീക്ഷകളായിരുന്നു. കലമാന്‍ കൊമ്പുപോലെ തലയെടുത്തു നില്‍ക്കുന്ന കുന്നിന്‍ ചെരിവുകള്‍...ഇടയില്‍ക്കൂടി വളഞ്ഞും പുളഞ്ഞും ഒഴുകുന്ന തെളിനീര്‍ ചോല.പച്ചപ്പരവതാനി വിരിച്ച പുല്‍ മേടുകള്‍
ചിറകുകളൊതൊക്കി പതുങ്ങി കാണാമറയത്തിരിയ്ക്കുന്ന കഴുകക്കണ്ണുകള്‍. പീലി വിരിച്ചു നൃത്തം ചെയ്ത് മായികപ്രപഞ്ചം ഒരുക്കുന്ന മയിലുകള്‍. മഴയുടെ വരവും പ്രതീക്ഷിച്ച് വര്‍ഷമേഘത്തിനെ നോക്കി മുകളിലേക്കു് ചുണ്ടും നീട്ടിയിരിയ്ക്കുന്ന വേഴാമ്പലുകള്‍.
എന്തെല്ലാം സ്വപ്നങ്ങള്‍ നെയ്തു കൂട്ടിയതാണ് ഇവിടെയെത്തിയപ്പോള്‍.
കാടിന്‍റെ വന്യസൌന്ദര്യം ഒളിഞ്ഞും തെളിഞ്ഞും ആസ്വദിച്ചു നടന്ന മാന്‍ പേട.എപ്പോഴും അവളുടെയുള്ളില്‍ ഭയമാണ്. ഏതുവശത്തുനിന്നും ആക്രമണം പ്രതീക്ഷിയ്ക്കാം. അവളോര്‍ത്തു..ഒരിയ്ക്കലെങ്കിലും ഇതിന്‍റ വന്യത നുകരാന്‍ സമാധാനത്തോടെ പറ്റിയിട്ടില്ല.ഉള്‍ക്കിടിലത്തോടെയാണ് എപ്പോഴും നടന്നിരുന്നത്.ഭയത്തിന്‍റെ ഒരാവരണം പുറംചട്ടപോലെ എപ്പോഴും കൂടെ.
ആ പുല്‍ മേടുകള്‍ ദൂരെനിന്നു കാണാനെ യോഗമുള്ളു. ഒരിയ്ക്കല്‍ പോലും ഒന്നു നുണയാന്‍ പറ്റിയിട്ടില്ല. ഒരിയ്ക്കലവളൊന്നു കച്ചകെട്ടി നോക്കിയതാണ് ആ പുല്‍ മേടുകളെ ലക്ഷ്യമിട്ടു കൊണ്ട്. പക്ഷേ അന്ന് അവനില്‍ നിന്നും, കാട്ടിലെ ആ സര്‍വ്വാധികാരിയില്‍ നിന്നും ഓടി രക്ഷപ്പെട്ടത് ഇന്നും ഓര്‍ക്കുമ്പോള്‍ ...പിന്നീടു സമാധാനിച്ചു.ഇതായിരിയ്ക്കും വിധി എന്നു പറയാമോ?എന്നും പറയാം.
നടക്കാറായ മാന്‍ പേടക്കുഞ്ഞിനോടവള്‍ പറഞ്ഞു.സൂക്ഷിച്ചുവേണം ഇനി ഓരോ കാലടികളും വെയ്ക്കാന്‍. വളരെ ശ്രദ്ധയോടെ പതുക്കെ പതുക്കെ ചുറ്റിനും നോക്കി നോക്കി ...
തുള്ളി തുള്ളി നടന്ന പേടമാന്‍കുഞ്ഞ്. കണ്ണുമിഴിച്ച് ചുറ്റിനും നോക്കി.
“ഹാ..എത്ര സുന്ദരമായ കാട് .ഇവിടെ പിറക്കാന്‍ പറ്റിയതു തന്നെ ജന്മാന്തര സുകൃതം. കല്പാന്ത കാലത്തോളം ഇവിടെ കഴിയാന്‍ തോന്നുന്നു.”
“ശരിയാണ്..വളരെ സുന്ദരം ..മനോഹരം.എന്നാല്‍ ചുറ്റിനും ശത്രുക്കളാണ്.നമ്മെ തന്നെയാണ് അവരുടെ നോട്ടവും.എപ്പോഴും ചുറ്റിനും ഒരു കണ്ണു പായിയ്ക്കണം.”
പേടമാന്‍കുഞ്ഞ് വീണ്ടും കൂത്താടി നടന്നു.
“ ഹാ..എത്ര നല്ല ചോല !എന്തു നല്ല തെളിനീര്‍!”
“അയ്യോ കുഞ്ഞേ ആ തെളിനീര്‍ ചോലയിലുമുണ്ട് നമ്മുടെ ശത്രുക്കള്‍....,അങ്ങോട്ടൊന്നും പോകരുത്.അമ്മയുടെ പിറകേ നടക്കണം.കാലടികള്‍ പിന്‍തുടര്‍ന്ന്.”
മാന്‍ പേടക്കുഞ്ഞു പറഞ്ഞു:
“മടുത്തു.അമ്മയുടെ പിറകേ നടന്നു നടന്ന്.ഒന്നു സ്വതന്ത്രമായി തുള്ളിച്ചാടി നടക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലേ?
എന്നാണീ കാടൊന്നു നന്നായി കാണുന്നത്,എന്നാണീയരുവിയിലെ തെളിനീര്‍
വയറു നിറയെ കുടിയ്ക്കാന്‍ പറ്റുന്നത്.ആ പച്ചപുല്‍ മേടുകളില്‍ പോയി സ്വതന്ത്രമായി മേയുന്നതെന്ന്.
ആ സിംഹക്കുട്ടിയും പുലിക്കുട്ടിയും എത്ര സന്തോഷത്തോടെ സ്വതന്ത്രരായി തുള്ളിച്ചാടി നടക്കുന്നു.”
തള്ളമാന്‍ പറഞ്ഞു:
“നമ്മള്‍ക്കങ്ങിനെയൊന്നും പോയിക്കൂടാ...അതു പ്രകൃതി നിയമം.കുറച്ചു കൂടി വലുതാകട്ടെ അമ്മ നല്ലൊരു കലമാനിനെ കൂട്ടിനു തരും.എന്നിട്ട് ഈകാടായ കാടൊക്കെ,ചുറ്റി ഈമേടായ മേടൊക്കെ മേഞ്ഞു നടന്നോളൂ.തെളിനീരിലെ വെള്ളം
കുടിച്ച് കുളിച്ചു നടന്നോളൂ.”
കാടിന്‍റെ വന്യത നുകര്‍ന്ന് കാട്ടാറുകളിലെ വെള്ളത്തില്‍ കളിച്ചു രസിച്ച്.സിംഹക്കുട്ടികളും പുലിക്കുട്ടികളും എല്ലാംദിവസങ്ങള്‍ ആഘോഷമായി കൊണ്ടാടിയപ്പോള്‍ മാന്‍പേടക്കുഞ്ഞു മാത്രം അമ്മയുടെ നിഴലു പറ്റി
ആ ഇട്ടാവട്ടത്തിലൊതുങ്ങിക്കൂടി..
ഒരുദിവസം തള്ളമാന്‍ പുള്ളികളുള്ള നല്ലൊരു കലമാനിനെ കൂട്ടിനായി പേടമാന്‍കുഞ്ഞിനു നല്‍കി.
“ഹാവൂ സമാധാനമായി.” പേടമാന്‍കുഞ്ഞു മൊഴിഞ്ഞു.
“എന്തു സമാധാനം ?” കലമാന്‍.
“എനിക്കിനി ഈ കാടിന്‍റ വന്യഭംഗി ആസ്വദിയ്ക്കാം,ഈ മേടായ മേട്ടിലെല്ലാം മേഞ്ഞു നടക്കാം അരുവിയിലെ തെളിനീരിന്‍റെ കുളിരു നുകര്‍ന്ന് കുളിച്ചു രസിയ്ക്കാം."
“ആരു പറഞ്ഞു ഈവിഡ്ഢിത്തമൊക്കെ ?”.
“അമ്മ പറഞ്ഞു”
“അയ്യോ അങ്ങിനൊന്നും പാടില്ല.എന്‍റ പുറകേ എന്നും നടന്നോണം.വേണ്ടതെല്ലാം ഞാന്‍ കാണിയ്ക്കും.വേണ്ടാത്തിടത്തൊന്നും കൊണ്ടു പോകില്ല.അനുസരണയോടു കൂടി നടന്നാല്‍ ശത്രുവില്‍ നിന്നും രക്ഷപ്പെടാം.”
അവളുടെ മനസ്സിലെ മയില്‍പ്പീലിത്തുണ്ടുകളുടെ വര്‍ണ്ണങ്ങള്‍ മങ്ങി.
അപ്പോളിത്രയും നാളും സ്വപ്നം കണ്ടു നടന്നത് വെറുതെയോ? എന്തെല്ലാം മോഹങ്ങളായിരുന്നു? അമ്മ തരുന്ന കൂട്ടിനെ കൂട്ടി ഈകാനനഭംഗി ആസ്വദിയ്ക്കാമെന്ന് വ്യാമോഹിച്ചു.ആനീല താഴ്വരയില്‍ ഒരിയ്ക്കല്‍ പോലും എനിയ്ക്കു പോകാന്‍ പറ്റില്ലേ.എന്‍റെ സ്വപ്നങ്ങളെല്ലാം തകര്‍ന്നടിഞ്ഞോ.. അവള്‍ക്ക് ദുഃഖം സഹിയ്ക്കാനായില്ല...അവളുടെ ഹൃദയം തേങ്ങി.
അവള്‍ക്കതു മനസ്സിലായി...അമ്മയുടെ ഭാരം മറ്റൊരാളിലേയ്ക്ക് ഇറക്കിവെയ്ക്കാന്‍ അമ്മ കണ്ട ഉപായം.....
ഈ കാനനഭംഗി ആസ്വദിയ്ക്കാന്‍ പറ്റാത്ത ജീവിതം തനിയ്ക്കു വേണ്ട.
അവള്‍ അവിടെ നിന്നും ഒറ്റക്കുതിപ്പ്...
അതാ ഒരു വേട്ടക്കാരന്‍ വില്ലും കുലച്ചു നില്‍ക്കുന്നു.അയാളുടെ മുമ്പിലേക്കു തന്നെ.അവള്‍ നിശ്ചയിച്ചു.
പേടമാന്‍കുഞ്ഞ് മെല്ലെ മെല്ലെ വേട്ടക്കാരന്‍റ ലക്ഷ്യത്തിനു മുമ്പില്‍ ചെന്നു നിന്നു.
കണ്ണടച്ചു.പ്രാര്‍ത്ഥിച്ചു.ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം.അവളീ ഭൂമിയില്‍ നിന്നും യാത്രയാകും.ഈശ്വരനോട് ഒന്നു കൂടി പ്രാര്‍ത്ഥിച്ചു.അടുത്ത ജന്മമുണ്ടെങ്കില്‍ അവളെയൊരു സിംഹക്കുട്ടിയായി ഭൂമിയില്‍ ജനിപ്പിയ്ക്കേണമേയെന്ന്.
ഈ കാനനഭംഗി ആവോളം നുകരാന്‍. ഈ തെളിനീരിന്‍റെ നൈര്‍മ്മല്യം മനംകുളിരെ ആസ്വദിയ്ക്കാന്‍.
കണ്ണടച്ചു,നിമിഷങ്ങളെണ്ണിയെണ്ണി..
പുറകിലൊരലര്‍ച്ച.
അതാ മേഞ്ഞു നടന്ന ഒരു പേടമാന്‍ അവളുടെ പുറകില്‍ അമ്പേറ്റു പിടയുന്നു.വേട്ടക്കാരന്‍ ഓടിവന്നു.അമ്പെയ്തിട്ടതിനെ കൈക്കലാക്കാന്‍.
അവളുടെ മനസ്സ് സങ്കടവും ദേഷ്യവും കൊണ്ട് കലുഷിതമായി.അവള്‍
വേട്ടക്കാരനോടു പുലമ്പി
“നിങ്ങളെന്താണീചെയ്തത്?”
“ഞാന്‍ നിങ്ങളുടെ മുമ്പില്‍ വന്ന് കണ്ണടച്ചു നിന്നിട്ട് നിങ്ങളെന്നെ ലക്ഷ്യം വെച്ചില്ല.മറിച്ച് മേഞ്ഞു നടന്ന ആ പേടമാനിനെ എന്തിനമ്പെയ്തു?”
അതോ, അത് നീ മരിയ്ക്കാന്‍ കച്ച കെട്ടി കണ്ണടച്ചു നിന്നു.മറ്റവള്‍ മേഞ്ഞു നടന്നു. മേഞ്ഞു നടക്കുന്നതിനെ, അതറിയാതെ അമ്പെയ്തു വീഴ്ത്തുന്ന ഒരു സംതൃപ്തി
മരിയ്ക്കാന്‍ കച്ചകെട്ടി നില്‍ക്കുന്നതിനെ ലക്ഷ്യമിട്ടാല്‍ ഒരിയ്ക്കലും ലഭിയ്ക്കില്ല.”
വേട്ടക്കാരന്‍റ വാക്‍ശരം ഹൃദയത്തിന്‍റ അടിത്തട്ടിലെവിടെയോ കൊണ്ടു.
അവിടെയുണ്ടായ മുറിവില്‍ നിന്നും രക്തം വാര്‍ന്നു...അതിന്‍റ ആഴം അളക്കാന്‍ അവള്‍ക്കായില്ല.....
അവളുടെ ഹൃദയത്തിന്‍റ അടിത്തട്ടിലെ ആശകളുടെ കൂമ്പാരത്തില്‍ നിന്നും
മറ്റൊരു പ്രാര്‍ത്ഥന ഈശ്വരനോട് ...അടുത്ത ജന്മത്തില്‍ അവളെയൊരു വേട്ടക്കാരന്‍റ ശരമായി ജനിപ്പിയ്ക്കേണമേയെന്ന്.