Thursday, July 5, 2012

തുടക്കം. ഡിസിപ്ലിനോടെ............





സൂചി താഴെ വീണാല്‍ കേള്‍ക്കുന്ന നിശ്ശബ്ദത. നൂലുകെട്ടിയതുപോലെ വരി വരിയായുള്ള നില്‍പ്പ്. ഉന്തും തള്ളും ഒന്നുമില്ല.. എന്തു നല്ല ഡിസിപ്ലിന്‍ .ആരു കണ്ടാലും അവിടേക്ക് ഒന്നു നോക്കിപ്പോവും ഒരുപക്ഷേ മറ്റൊരിടത്തും കാണാത്ത അച്ചടക്കം.   ജാതിമതചിന്തയൊന്നുമില്ലാതെ. പരസ്പര സാഹോദര്യത്തോടെ  . അന്നുവരെ  ഞാന്‍ കണ്ടതിലേക്കും വെച്ച് ഏറ്റവും മാന്യമായ ഒരു ക്യൂവായിരുന്നു അത്.

 
അതിനടുത്തുള്ള ഒരു തയ്യല്‍ക്കടയിലെ  കൂടെക്കൂടെയുള്ള സന്ദര്‍ശകയായ എന്നെ അത് അലോസരപ്പെടുത്താതിരുന്നില്ല. എനിക്ക് മിക്കപ്പോഴും  ആ തയ്യല്‍ക്കടയുടെ സേവനം ആവശ്യമായി വരും. ഒന്നുകിലൊരു ബ്ലൌസ് അല്ലെങ്കില്‍ സാരിയുടെ വിളുമ്പടിപ്പിക്കുവാന്‍ അതുമല്ലെങ്കില്‍ മോള്‍ക്ക് ഒരു ചൂരിദാറ് തയ്പ്പിക്കുവാന്‍ ഇല്ലെങ്കിലദ്ദേഹത്തിന്‍റ പാന്‍റു കീറിയത് തയ്പ്പിക്കുവാന്‍..എപ്പോഴും വിചാരിക്കും ഈ വിദ്യ ഒന്നു പഠിച്ചെടുക്കണമെന്ന്. പിന്നെ വിചാരിക്കും എന്നെപ്പോലെ എല്ലാവരും ഇതു പഠിച്ചെടുത്താലവരുടെ കഞ്ഞികുടി മുട്ടിപ്പോവില്ലേയെന്ന്.


കേരളത്തിലെ തലസ്ഥാനനഗരിയുടെ പ്രാന്തപ്രദേശത്തുള്ള ഒരു പഴയ തയ്യല്‍ക്കട.
തയ്യല്‍ മെഷീന്‍റെ കട..കടാ ശബ്ദത്തിനേപ്പോലെ രാധാ ടെയിലറിംഗ് ഷോപ്പിന്‍റെ ഉടമസ്ഥ രാധയുടെ ജീവിതത്തിന്‍റെ താളത്തില്‍ അലോസരമുണ്ടാക്കിക്കൊണ്ടാണ്  അതേ കെട്ടിടത്തിലെ ഒരു മുറിയിലേക്ക്  സര്‍ക്കാരിന്‍റെ വിദേശ മദ്യഷാപ്പ്  മറ്റൊരിടത്തു നിന്ന് പറിച്ചു നട്ടത്.
വര്‍ഷങ്ങളായി നടത്തിവരുന്ന കട. രാധയുടെ ഭര്‍ത്താവ്  തങ്കപ്പന്‍ രാധയേയും കുട്ടികളേയും  ജീവിതത്തിന്‍റെ പാതി വഴിയില്‍ ഇട്ടിട്ടു്  ട്യൂമറു ബാധിച്ച്   വിധിക്കു കീഴടങ്ങിയപ്പോള്‍  പിടിച്ചു നിന്നത് ഈ തയ്യല്‍ക്കടയുടെ  തണലിലാണ്.
മദ്യഷാപ്പ്  തുടങ്ങാന്‍ പോകുന്നു എന്നു കേട്ടപ്പോഴെ പഞ്ചായത്ത് മെമ്പറേയും പ്രസിഡന്‍റിനേയും ഒക്കെ പോയി  രാധ കണ്ടു. പക്ഷെ അവരു പറഞ്ഞ ന്യായവാദങ്ങളുടെ മുമ്പില്‍ രാധയുടെ പരിദേവനങ്ങളെല്ലാം കാറ്റത്തെ കരീല പോലെ ആയിപ്പോയി.  സ്ക്കൂള്‍ കുട്ടികളുടെ ഭാവി നോക്കുന്ന പൊതു പ്രവര്‍ത്തകര്‍ക്ക് എത്രയും പെട്ടെന്ന് സ്ക്കൂളിന്‍റെ നൂറു മീറ്ററിനുള്ളില്‍ നിന്നും മദ്യഷാപ്പ് രാധാ ടെയിലറിംഗിന്‍റെ അടുത്തുള്ള ഒഴിഞ്ഞ മുറിയിലേക്ക് കൊണ്ടുവരുവാനുള്ള ഔത്സുക്യത്തിനു പിന്നില്‍   മറ്റൊരു ലക്ഷ്യം കൂടി  ഉണ്ടായിരുന്നു. വല്ലപ്പോഴും മദ്യഷാപ്പിന്‍റെ സേവനം ലഭ്യമാകുവാനുള്ള ദൂര പരിധി അവരെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന കീറാ മുട്ടിയായിരുന്നു. ഇതാകുമ്പോള്‍ ഒരു പൈന്‍റടിക്കാന്‍  വരിയില്‍ മുന്നില്‍ നില്‍ക്കുന്ന പരിചയക്കാരിലാരെയെങ്കിലും ദൂരെ നിന്നൊന്ന് കൈയ്യും കടാക്ഷവും കാണിച്ചാല്‍ സാധനം  വീട്ടിലെത്തിക്കുകയും ചെയ്യും.
 .

അങ്ങനെ പഞ്ചായത്തു പ്രസിഡന്‍റും മെമ്പറും എല്ലാം രാധാ ടെയിലറിംഗിനെ കൈവിട്ടു.
 ഒരു ദിവസം വൈകുന്നേരം  താന്‍ അമ്മയുടെ മുണ്ടിന്‍റെ വക്കടിപ്പിക്കുവാന്‍ ആണ് അതുവഴി കയറിയത്.
മാനസികമായി  അവളുടെ ദുഃഖങ്ങള് പങ്കുവെയ്ക്കാനുള്ള ഒരു അത്താണിയായതിനാലാകാം
 തന്നെക്കണ്ടതും കെട്ടി നിര്‍ത്തിയിരുന്ന വെള്ളം പൊട്ടിയൊഴുകുംപോലെ എല്ലാ പരിദേവനങ്ങളും  തന്‍റ മുമ്പില്‍ നിരത്തിയ രാധയുടെ മനസ്സിലെ  ഉരുള്‍ പൊട്ടലിന്‍റെ പ്രകമ്പനം കേട്ട് അതിനു   സ്വാന്തനമേകാനാണ്  നാണിയമ്മ  വന്നത്.


----   അടുത്ത് വീഞ്ഞപ്പെട്ടിപ്പലകയുടെ മുകളില്‍  മദ്യഷാപ്പിലെ സന്ദര്‍ശകര്‍ക്കു വേണ്ട അത്യാവശ്യംചില ചില്ലറ സാധനങ്ങള്‍ വില്‍ക്കുന്ന  നാണിയമ്മ രാധയുടെ ഒരു രക്ഷാ കവചമായിരുന്നു.
 
 നാണിയമ്മ പറഞ്ഞു തുടങ്ങിടീച്ചറമ്മാ  യെവളോട് ഞാനെത്തറ പറഞ്ഞു നോക്കി. നീയെന്തിരിനെടീ  നീ  ഇത്ര പേടിക്കണതെന്ന്. യിത്ര ഡെസ്സിപ്പിയായി ഇപ്രദേശത്ത് ഒരു  സ്സാപനവും ഞാങ്കണ്ടിട്ടില്ലേയ്. ദാ കണ്ടാ  ഇത്തറേം ആണാപ്പെറന്നവമ്മാരു നിന്നിറ്റ്     ഒരുന്തില്ല..തള്ളില്ല.   ഒരു വെഹളിയില്ല. "
 മക്കളു് തമാശയായി വിളിക്കുന്ന വിളിപ്പേര് നാട്ടുകാരേറ്റെടുത്തതു കൊണ്ടാണ് . താനെല്ലാവരുടേയും ടീച്ചറമ്മയായത്.
 
സ്വന്തം   കച്ചവടസ്ഥാപനത്തിന്‍റെ വിറ്റു വരവിലുള്ള ലാഭം മുന്‍നിര്‍ത്തിയാണ് നാണിയമ്മ മദ്യഷാപ്പിന് അനുകൂല നിലപാടെടുത്തതെന്ന് തനിക്കു തോന്നി.  
നല്ല ഡിസ്സിപ്ലിനോടുകൂടിയുള്ള നില്‍പ്പ്. ആരു കണ്ടാലും ഒന്നു നോക്കി നിന്നു പോകും.
 തന്റെ മൌനത്തിന്റെ ധൈര്യത്തിലാണ് നാണിയമ്മ ബാക്കി കൂടി പറഞ്ഞു തുടങ്ങിയത്.


"   ഞാമ്പറഞ്ഞ്  ടീച്ചറമ്മാ... യെടി രാതേ നീയ്യ് ഓണച്ചന്തേയ്  പേയി നോക്കീം....ഒന്നും വേണ്ട വേലാന്‍പിള്ളേരെ  റേഷങ്കടയില് ഒരുരൂപയ്ക്കരി വാങ്ങിക്കാന്‍ ഒന്ന് ചെന്നു നോക്കീം..... ഇവത്തുങ്ങളെ ഇടികൊണ്ടേയ  പിന്നെ പിറ്റെ തിവസം കുറുക്കു വേതന കൊണ്ട് കെടക്കപ്പായീന്ന് നടു നൊവരേയില്ല. ഇതങ്ങിനെയൊന്നുമില്ലാതെ  നല്ല വരി വരിയായി ഒര്  ഒച്ചേം  അനക്കോം ഒന്നുമില്ലാതെ ....അവുത്തങ്ങള് മായിച്ച് കുടിക്കെട്ടും.  "
ഒരു ഫുള്‍ .... ക്വാര്‍ട്ടര്‍ ..പൈന്‍റ്...വോഡ്ക്ക..റം ..വിസ്ക്കി...

മദ്യഷാപ്പിലെ  വിലവിവരവും കൊടുക്കലുവാങ്ങലിന്‍റെയും ഒച്ച ഒരു ചെവിയിലും  നാണിയമ്മയുടെ ന്യായം പറച്ചിലു മറു ചെവിയിലുമായി   തയ്യല്‍ക്കടയിലെ സ്റ്റൂളിലിരുന്ന എന്‍റെ സാമീപ്യം രാധക്ക് പുതിയൊരു ധൈര്യം കൊടുത്തതുപോലെ ...അവളുടെ തയ്യല്‍ മെഷീന്‍റെ കട കട ശബ്ദത്തില്‍ അതു നിഴലിച്ചു.
 നാണിയമ്മ പറഞ്ഞു തുടങ്ങി.
  
" അല്ലെങ്കിത്തന്നെ ടീച്ചറമ്മോ   നുമ്മളു വിജാരിച്ചാലിവിടെ യെന്തെരെങ്കിലും നടക്കുവോ. ഈ രാതേം ടീച്ചറമ്മേം ഞാനും ഒന്നും വിജാരിച്ചാ ഇവിടെ  കമന്നു കെടക്കണ പ്ലാവില എടുത്ത് നൂത്തു വയ്ക്കാന്‍ പറ്റ്വോ...   എന്‍റ മണിക്കുട്ടനു പറ്റിയത് ടീച്ചറമ്മ ഒന്നോര്‍ത്തു നോക്കിം....വെഷച്ചാരായോം കുടിച്ചൊണ്ടു മരപ്പണിക്കു പോയത്..."
  കുറച്ചു നേരത്തേക്ക് നാണിയമ്മയ്ക്ക് തൊണ്ടയില്‍ കുരുങ്ങിയ വാക്കുകള്‍ പുറത്തോട്ടു വന്നില്ല. കണ്ണുകളില്‍ കൂടി അത് അലിഞ്ഞ് പുറത്തോട്ടു വന്നപ്പോള്‍ തനിയ്ക്കതെങ്ങനെ തടഞ്ഞു നിര്‍ത്താന്‍ പറ്റും എന്നറിയാതെ തരിച്ചിരുന്നുപോയി.
അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ കരച്ചിലില്‍ നിന്നും കിട്ടിയ ഊര്‍ജ്ജസ്രോതസ്സ്  എടുത്ത് നാവിനു കൊടുത്ത നാണിയമ്മ ബാക്കി കൂടി പറഞ്ഞു തീര്‍ത്തു. ഒറ്റ ശ്വാസത്തിന്.
"   പകവാന്‍ ശ്രീപപ്പനാവനാണെ യെവമ്മാരക്ക് ഇതിനൊക്കെ പലിശീം മൊതലും കിട്ടീറ്റേ കൊരവളേലെ സ്വാസം നേരാം വണ്ണം പൊവ്വൊള്ളു."
" വെഷച്ചാരായം വിറ്റവന്‍  കോടീശ്വറന്‍ . രാവിലെ  പഷ്ടിലെ  നൂരെ ചെന്ന് കുടിച്ചത് എന്‍റെ മണിക്കുട്ടന്‍.  മരത്തി ക്കേറണതിനു മുന്നേ അവന്‍ ചത്തു മലച്ചു.  അതറിഞ്ഞോണ്ട് ബാക്കിയെടുത്ത് ഓടേലോട്ടു  വീത്തി.   പോസ്സുമാര്‍ട്ടത്തില് മരത്തീന്നു വീഴുന്നതാക്കി. നുമ്മക്ക് പെറകേ പൂവ്വാനാളില്ലല്ല്. അവന്‍റെ കൊച്ചുങ്ങളെ  വളത്തി ഒരു കര പറ്റിക്കണ്ടേ.. അതിനാണീ വീഞ്ഞപ്പെട്ടീ കച്ചോടം കൊണ്ട് ഈ കള്ളുഷാപ്പിന്‍റെ വാതിയ്ക്കലിരിക്കണത്.  വേറെ ഒരു നെവര്‍ത്തീം ഇല്ല. ദേഹത്തിന് സുകോമില്ല. കുറുക്കു വേദന. കാലു തരിപ്പും മണ്ട പൊളപ്പും എല്ലാ അസുകോം ഒണ്ട്."
   
നാണിയമ്മ ആരോ തൊട്ടു കൂട്ടാനച്ചാറിനു വന്നപ്പോള്‍  അങ്ങോട്ടു പോയി.
താന്‍ വെറുതെ ഒരു രംഗനിരീക്ഷണം നടത്തി.
  നാണിയമ്മയെ കൂടാതെ ആ പരിസരത്തായി വേറെയും രണ്ടു മൂന്ന് വെച്ചു വാണിഭക്കാരും കൂടിയുണ്ട്. ഒരുത്തന്‍റെ കൈവശം ചുട്ടു തല്ലിയ കുറച്ച് അണ്ടിപ്പരിപ്പ്. കുറച്ചു സിഗരറ്റും.  നാണിയമ്മയെപ്പോലെ തന്നെ ഒരു  വയസ്സായ സ്ത്രീയുടെ കൈയ്യില്‍ ഉപ്പിലിട്ട മുളകും കുറച്ചു മുളകു ബജിയും . ഒരു പെട്ടിക്കടക്കാരന്‍റെടുക്കല്‍ കുറച്ചു സോഡായും പ്ലാസ്റ്റിക്‍ ഗ്ലാസ്സും.
ഇതിനു മുമ്പ്  ഇവരെയൊന്നും അവിടെ കണ്ടിട്ടില്ല. ഈ വിദേശ മദ്യഷാപ്പു വന്നപ്പോള്‍ മുളച്ചു വന്ന പെട്ടിക്കച്ചവടക്കാരാണിതെല്ലാം.
  കൈയ്യിലൊരു കുപ്പിയുമായി രണ്ടുമൂന്നു  ചെറുപ്പക്കാര്‍ സോഡാക്കാരന്‍റെടുക്കല്‍ നിന്നും സോഡായും ഗ്ലാസ്സും  നാണിയമ്മയുടെ പുഴുങ്ങിയ മുട്ടയും നാരങ്ങാ അച്ചാറും അങ്ങിനെ ഒന്നു മിനുങ്ങാന്‍   വേണ്ട അനുസാരികളെല്ലാം വാങ്ങി തൊട്ടടുത്ത ആളില്ലാത്ത വീട്ടു വളപ്പിലേക്കു കയറുന്നു.
 നാണിയമ്മ  മനസ്സിലിട്ടു വെച്ചിരുന്ന  ബാക്കി കാര്യങ്ങള്‍  രാധ കേള്‍ക്കാതെ തന്നോടു മാത്രം പറഞ്ഞു.
എന്റെ ടീച്ചറമ്മാ  കടേം പൂട്ടിക്കെട്ടി ലവള് --രാതയേ --പോകാതിരിക്കാനെക്കൊണ്ട് ഞാനെടുത്ത പുത്തിയാണത്.  ഈ യെന്തരിവനൊക്കെ കുടിച്ചു പൂസായാ പിന്നെ സ്വപോതം ഇല്ലാതെ...പോരാത്തതിന്. അവളൊരു ചെറുപ്പക്കാറി. തുണി മുറിക്കണ കത്തിരി എപ്പഴും മൂര്‍ച്ചകൂട്ടി വെച്ചിരക്കണമെന്നു   ഉപതേശിച്ചിറ്റൊണ്ട്.  കട പൂട്ടിക്കെട്ടിപോയാലെക്കൊണ്ട്  അവളെ അടുപ്പി തീ പൊയൂല്ല.  അതിനായി കൊടുത്ത തൈര്യം
 മനസ്സാലെ നാണിയമ്മയെ നമിച്ചു.
 നാണിയമ്മേടെ വീഞ്ഞപ്പെട്ടിയുടെ മുകളില്‍ കണ്ണും മിഴിച്ചിരിക്കുന്ന അച്ചാറേല്‍ കുറച്ചു വാങ്ങി വൈകിട്ടത്തെ കഞ്ഞിക്ക് മേമ്പൊടിയാക്കാമെന്നു കരുതിയാണ് അതില് ഒരു പൊതി തരുവാന്‍ പറഞ്ഞത്. പക്ഷെ നിരാശയായിരുന്നു ഫലം.
 "  എന്‍റെ ടീച്ചറമ്മാ   ആറ്റുകാലമ്മച്ചിയാണെ ഇതു ഞാന്‍ ടീച്ചറമ്മയ്ക്കു തരൂല്ല. എന്‍റൂടി മുഷിപ്പൊന്നും തോന്നല്ലും.. ഇതാ സിറ്റീലെ ബോഞ്ചിക്കടേന്ന് റോഡി ചവറിക്കൊണ്ടു കളഞ്ഞ നാരങ്ങാത്തോടെടുത്ത് കുറച്ച് മിന്നാകിരീം മൊളു പൊടീം ചേര്‍ത്ത്  ഈ കുടിയമ്മാര്‍ക്കു വേണ്ടി മാത്രം അഴകൊഴേന്ന് ഒണ്ടാക്കി കൊണ്ടുവന്നതല്ലീ...."
തനിക്ക് അതു കേട്ടപ്പോള്‍ അത്ര ശരിയായി ദഹിച്ചില്ല . അതുകൊണ്ടാണ്  നാണിയമ്മ ഈ കാണിക്കുന്നത് ശരിയാണോ എന്നു ചോദിച്ചത്.
 അപ്പോള്‍ നാണിയമ്മ നിരത്തിയ വാദ ഗതികളില്‍ എനിക്ക് തിരിച്ചൊന്നും പറയാനില്ലായിരുന്നു.
"  അതെന്തരു  പറച്ചില് ടീച്ചറമ്മാ. ഇവിടെ യ്യേതു ശരി യെന്തിരു തെറ്റ്. നുമ്മളുതന്നെ ശരിയും തെറ്റും ഉണ്ടാക്കണത്. ലവമ്മാരു ഒരു ഫുള്ളും ഇവിടുന്നു മേംപൊടീം കൊണ്ടുപോയതേ...ഒന്നു പാളി നോക്കീം. യെന്തിരു പരുവമെന്ന്."
 ശരിയാണ് ഒച്ചയും ബഹളവും  കേട്ടു തുടങ്ങി. അങ്ങോട്ടുമിങ്ങോട്ടും വാക്കേറ്റം കഴിഞ്ഞ് കയ്യാങ്കളി വരെയായി. അല്‍പ്പം മുമ്പ് ഏകോദര സഹോദര ഭാവത്തോടെ വരിവരിയായി നിന്നവര്‍.. ശരിയാണ്  നാണിയമ്മ പറഞ്ഞത്. ശരിയും തെറ്റും നമ്മളുണ്ടാക്കുന്നു. തലക്കു  ലഹരി പിടിച്ചവര്‍ ശരിയും തെറ്റും അറിയാതെ തല്ലുണ്ടാക്കുന്ന കാഴ്ച.
 അപ്പോഴാണ് തൊട്ടടുത്ത് വന്നു നിന്ന് ഒരുത്തനൊറ്റക്ക്  ഒരു കുപ്പിയിലെ മൊത്തം അണ്ണാക്കിലോട്ടൊഴിക്കുന്നതു കണ്ടത്. അയാള്‍ നാണിയമ്മേടെ പുഴുങ്ങിയ മുട്ടയിലൊരെണ്ണം ആവശ്യപ്പെട്ടുകൊണ്ട് നില്‍ക്കുന്നു. താനല്‍പ്പം ഒതുങ്ങിനിന്നു. നേരത്തെ കണ്ട ഡിസിപ്ലിന്‍ മദ്യം ചെന്ന ലഹരിയില്‍  നഷ്ടപ്പെട്ടതു പോലെ .ആ നോട്ടത്തിലതു നിഴലിച്ചു. നാണിയമ്മ വീഞ്ഞപ്പെട്ടിയുടെ അടിയില്‍ കൈയ്യിട്ട് ഒരു കടലാസ്സില്‍ ഒരു മുട്ടയെടുത്ത് കുറച്ചു മുളകുപൊടിയും മുകളില്‍ വിതറി കൊടുക്കുന്നു. അയാളതു കടിച്ചു തിന്നുകൊണ്ട് അല്‍പ്പം മാറി നില്‍ക്കുന്നു.
നാണിയമ്മയുടെ  ആ കച്ചവടത്തിലെ കളളക്കളിയില്‍ കണ്ണു നട്ടിരുന്ന എന്നോട്  ചോദിക്കാതെ തന്നെ വിശദീകരിച്ചു.
അതു ടീച്ചറമ്മാ ...ഇത്തിപ്പോരം കെട്ടതും ഒക്കെ ഒണ്ടേ. തലക്കു പിടിച്ചു വരുന്നവന് ചീക്കയായലെന്തരു്.. നല്ലതായാലെന്തരു്. എല്ലാം ഒരേപോലെ തോന്നും. ഇത്തിപ്പോരം മൊളകുപൊടി മോളി തൂവുമ്പം നല്ല നെറോം കിട്ടും.  കെട്ട  നെറോം പൂവും. അല്ലെങ്കിത്തന്നെ അവന്‍ ... താ ഇപ്പം  വന്ന് കുപ്പിയോടെ അണ്ണാക്കി കമത്തിയോന്‍റെ പെറകേ ഒന്നു പോയി നോക്കീം. നൂരെപേയി കെട്ടിയോളെ  നേരെ പള്ളും  പറഞ്ഞ് ചെന്നു കേറണത്    കാണേണ്ട  കായ്ച തന്നെ.  കുപ്പി വാങ്ങാനെക്കൊണ്ട് കണ്ട ഡിസ്സിപ്പി ഒന്നും അവിടെയില്ലേ എന്‍റ ശ്രീ പപ്പനാവാ ... അവളാ അപ്പികളെ വളത്താന്‍ പെടണ പാട്. വല്ല വീട്ടിലും പേയി പാത്രോം തേച്ചുമെഴക്കി  വീട്ടുവേലേം ചെയ്ത്..."

 അതു മുഴുമിപ്പിക്കുന്നതിനു മുമ്പ് അടുത്ത കസ്റ്റമറു വന്നു. അയാള് കുപ്പി പൊതിഞ്ഞ് സഞ്ചിയിലാക്കി മാന്യതയോടെ കുടിക്കാനുള്ള തയ്യാറെടുപ്പാണ്. നാലു മുട്ടയും കുറച്ച് അച്ചാറും വാങ്ങി സഞ്ചീലിട്ടുകൊണ്ട് നടന്നു പോകുന്ന  അയാളുടെ നടത്തത്തിനു പുറമേ നാണിയമ്മേടെ പറച്ചിലും അനുഗമിച്ചു.

" വോ...കാല്‍സ്രായും ഇട്ട് പോണ പോക്കു കണ്ടാ  യെന്തിരു മാന്യന്‍ ....     യെന്തിരു മാന്യന്‍ ....         പോകുന്ന പോക്കി മച്ചമ്പീരടുത്ത് കേറി കുപ്പീം തീര്‍ത്ത് പാതിരാവരെ പിന്നെ ഓടേരെ സൈഡീ കാണും. കള്ളു്  വയറ്റിച്ചെന്നാപ്പിന്നെ  യെന്തിരു ജോഗ്യത. ഉപ്പില്ലാത്തത് ചപ്പെന്നു പറയുമ്പോലെ സ്വപോതമില്ലാത്തോനെ യെന്തിരിനു കൊള്ളാം.  പെംമ്പറന്നോത്തി അത്താഴം ഒരുക്കി വെച്ച് വീട്ടിലും. ഭൂ.....യെവന്‍റെയൊക്കെ കള്ളു വാങ് ക്കാനൊള്ള ഡിസ്സിപ്പി ."

നേരം അന്തി മയങ്ങി. ഞാന്‍രാധയുടെ കടയിലേക്കെത്തി നോക്കി. അവളും കൂടി കട പൂട്ടിയിട്ട് വരാമെന്നു പറഞ്ഞതു കൊണ്ടാണ് കുറച്ചു നേരം കൂടി നിന്നത്. മദ്യഷാപ്പിലെ ക്യൂവിന്‍റെ നീളം കൂടി. ജോലി സമയം കഴിഞ്ഞെത്തിയവരാണ് കൂടുതലും. അത്രയും പേരുണ്ടായിട്ടും ഒരൊച്ചയോ ബഹളമോ ഒന്നും ഇല്ല

നാണിയമ്മയുടെ മുട്ടയും അച്ചാറുമെല്ലാം പാത്രത്തിനോടു വിട പറഞ്ഞ് മദ്യപന്‍മാരുടെ വയറ്റിലും സഞ്ചിയിലും ഒക്കെയായി. അന്നത്തെ  വിറ്റു വരവും നുള്ളി പെറുക്കി നാണിയമ്മയും ഞങ്ങളോടൊപ്പം വീട്ടിലേക്കു തിരിച്ചു.
  ഡിസ്സിപ്ലിനോട് തുടങ്ങിയവരെ  വഴിനീളെ റോഡളന്നും ,  ഓടയുടെ സ്ലാബിലും  ഒഴിഞ്ഞ കടത്തിണ്ണയിലും  ഒക്കെ  കണ്ടിട്ട് മനസ്സു പറഞ്ഞു.............. നാളെ വൈകുന്നേരം എല്ലാവരും  വീണ്ടും  മദ്യഷാപ്പിന്‍റെ മുമ്പില്‍ ഡിസ്സിപ്ലിനോടെ തുടങ്ങും

20 comments:

  1. വിവരണത്തിലെ ആശയം നന്ന്... പ്ക്ഷേ പ്ര്ട്ടെന്നെഴുതി പോസ്റ്റ് ചെയ്തതുപോലെ വാചക ഘടന ശരിയായില്ലാന്ന് തോന്നാൽ...ഒന്ന് ശ്രദ്ധിക്കുക.........ആശംസകൾ

    ReplyDelete
    Replies
    1. സന്തോഷം. തെറ്റു ചൂണ്ടിക്കാട്ടിയതിന്. തിരുത്തിയിട്ടുണ്ട്.

      Delete
  2. ചേച്ചീ, ചന്തുവേട്ടന്‍ പറഞ്ഞത് സ്നേഹം കൊണ്ടാ.
    ഇത്രേം നീണ്ട പോസ്റ്റ്‌ വായിച്ചപ്പോ ചേച്ചി എന്തിനാ ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ പോയെ എന്നാ തോന്നിയെ.
    നന്നായിട്ടുണ്ട് കേട്ടോ.

    ReplyDelete
  3. കുടിക്കാനാശയുള്ളപ്പോള്‍ ഡിസിപ്ലിന്‍......കുടിച്ചു കഴിഞ്ഞാല്‍.....
    തിരോന്തരം ഭാഷ കസറുകയാണല്ലോ..... അഭിനന്ദനങ്ങള്‍ കേട്ടൊ.

    ReplyDelete
  4. ഒത്തിരി ഇഷ്ടപ്പെട്ടു ..നല്ല ഭാഷ എന്റെ പ്രിയ കൂട്ടുകാരിക്ക് അഭിനന്ദനങ്ങള്‍

    ReplyDelete
  5. പുന്നപ്ര പോയി തോരോന്തോരം ആയല്ലോ??? ഒരു സാമൂഹ്യ പ്രശനം അസ്സലായി കൈകാര്യം ചെയ്തിരിക്കുന്നു.. ആശംസകള്‍..

    ReplyDelete
  6. പൊലീസും വേണ്ട നിയന്ത്രിക്കാന്‍ ആളും വേണ്ട...എന്തൊരു ഡിസിപ്ലിന്‍.
    എല്ലായിടത്തും ഇങ്ങിനെ ആയിരുന്നെങ്കില്‍ എത്ര നന്നായേനെ.

    ReplyDelete
  7. ഒരായിരം സംസ്കാരങ്ങള്‍ ഒരേ ഒരു വികാരം എന്ന ലോഗോ ശരിക്കും ഇണങ്ങുന്നത് ബാരിനും കള്ള് ഷാപ്പിനും തന്നെ
    കഥ വളരെ ആസ്വദിച്ചു

    ReplyDelete
  8. ഈ കഥ കൊള്ളാം എന്ന് എങ്ങനെ തിരോത്നരം

    ഭാഷയില്‍ പറയാം ......

    ReplyDelete
  9. ഇഷ്ടായി കഥ .ഒന്ന് കൂടി കുറുക്കാമായിരുന്നു എങ്കിലും വളരെ ഹൃദ്യം ...ആശംസകള്‍..

    ReplyDelete
  10. എന്തര്‌, പണ്ട്‌ ഞാൻ ഇതൂടെ പോയ പോക്കാ വായിച്ചോ ? ഇപ്പോ ദേ ആണിമ്മേ തൂങ്ങി കിടക്കുവാ...

    ReplyDelete
    Replies
    1. എല്ലാ പാപങ്ങളുടെയും മാതാവായി,
      എല്ലാ വേണ്ടാതീനങ്ങളുടെയും ഗുരുവായി,
      എല്ലാ ദുരിതങ്ങളുടെയും തുടക്കക്കാരനായി മദ്യമിവിടെ വിലസുകയാണ്.നാണിയമ്മ പറഞ്ഞപോലെ മറ്റവന്‍ ഉള്ളിലുള്ളപ്പോള്‍ അഴുക്ക് അകത്താക്കാന്‍ പോലും മടിയില്ല ഇക്കൂട്ടര്‍ക്ക്.
      നന്നായി എഴുതി കുസുമം.

      Delete
  11. ഒന്നുകൂടി ഒതുക്കി പറയാമായിരുന്നു എന്നൊരു തോന്നല്‍.

    ReplyDelete
  12. തിരോന്തരം ഫാഷയില്‍ ചേച്ചിയുടെ എഴുത്ത് നന്നാവുന്നുണ്ട്ട്ടോ..
    പഴയ നിലവറപുരാണവും ഇതും എല്ലാം...
    ഹ..ഹ..ഹ..
    ആശംസകള്..

    ReplyDelete
  13. നമ്മൾ എവിടെച്ചെന്നാലും ചാരായക്കടയുടെ മുന്നിലെ ക്യൂ പാപിക്കാൻ മിടുമിടുക്കർ...!
    ഇവിടേയും അങ്ങനെ തന്നെ...!!
    ഇത്രേം മലയാളികളെ ഒരുമിച്ച് കാണണത് ഇവിടെയാ...
    നന്നായി വരച്ചു കാണിച്ചിരിക്കുന്നു.
    ആശംസകൾ....

    ReplyDelete
  14. ഇതു വന്ന വായിച്ച് അഭിപ്രായമിട്ട എന്‍റ എല്ലാ നല്ല കൂട്ടുകാര്‍ക്കും സന്തോഷം അറിയിക്കട്ടെ.

    ReplyDelete
  15. അച്ചടക്കത്തോടെ ഉള്ള ആ ക്യൂ കാണാൻ നല്ല രസമാണ്. ഒരു കാര്യം ഉറപ്പാണ് ,ജീവിക്കാൻ വേണ്ടി ടൈലർ ജോലി ചെയ്യുന്ന രാധ ഒന്നുകൊണ്ടും ഭയപ്പെടേണ്ടതില്ല. സ്വബോധമുള്ള പല മാന്യന്മാരേക്കാളും ഭേദമായിരിക്കും ,മധ്യവർഗക്കാരും പാവങ്ങളുമായ ആ സാധാരണക്കാർ.

    നാണിയമ്മയിലൂടെ , പാശ്ചത്തലത്തിൽ രാധയുടെ ടൈലറിങ്ങ് മെഷീന്റെ ശബ്ദത്തിലൂടെ കഥ പറയുന്നത് വായിച്ചുകൊണ്ട് കേൾക്കാൻ നല്ല രസമുണ്ട്......

    ReplyDelete
  16. സന്തോഷം പ്രതീപ്. ഈ വരവിനും അഭിപ്രായത്തിനും.

    ReplyDelete
  17. ജീവിതത്തിലേയ്ക്കുന്ന തുറക്കുന്ന
    ഒരു ചെറു ജാലകമായി ഈ കഥ...
    മനോഹരമായ ഭാഷാപ്രയോഗം.
    ആശംസകളോടെ..

    ReplyDelete

Related Posts Plugin for WordPress, Blogger...