തെങ്ങില്‍ കെട്ടിവച്ചിരിക്കുന്ന
കോളാമ്പിയില്‍നിന്നും ചുറ്റുപാടും ഭഗവത് ഗീതയിലെ വരികള്‍പ്രസരിച്ചു.
പരിത്രാണായ
സാധൂനാം
വിനാശായ ച ദുഷ്കൃതാം
ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ
സംഭവാമി യുഗേ യുഗേ..
മനസ്സതിന്‍റെ അര്‍ത്ഥം
പറഞ്ഞു.
സജ്ജനങ്ങളുടെ
സംരക്ഷണത്തിനും ദുഷ്ടന്‍മാരുടെ സംഹാരത്തിനും ധര്‍മം നിലനിര്‍ത്തുന്നതിനും വേണ്ടി
യുഗം തോറും ഞാന്‍ അവതരിക്കുന്നു.
ഭാഗവത സത്രം
നടക്കുന്ന പന്തലില്‍ നിന്നും യജ്ഞാചാര്യന്‍ ഇടയ്ക്കിടയ്ക്ക് തര്‍ജ്ജിമ
ചെയ്യുമ്പോള്‍ ഭഗവത് ഗീതയിലെ ഉദ്ധരണികളും കൊള്ളിക്കും.
എത്രയോ നാളു
കൊണ്ടേ കേള്‍ക്കുന്നവരികള്‍...വീണ്ടും ആചാര്യന്‍ വിശദീകരിക്കുന്നു.
ഭൂമിയില്‍ പാപം കൂടുമ്പോള്‍ഞാനവതരിക്കും .സംഭവിക്കുന്നതെല്ലാം
നല്ലതിനെന്നു കരുതുക.
മുഗ്ഗോപി തൊട്ട്, മുടി
നീട്ടി വളര്‍ത്തി തന്‍റെ തൊട്ടു മുമ്പേയാണ് അയാള്‍ പോകുന്നത്.കറുത്ത ഉടുവസ്ത്രം. കറുത്ത വസ്ത്രം ഒരെണ്ണം
പുതച്ചിരിക്കുന്നു. നഗ്നപാദന്‍.
തോളത്ത് പൊക്കണം. എവിടെ
നിന്നോ തിടുക്കത്തില്‍വരുന്നതുപോലെയുള്ള നടത്തം. ഭാഗവത സത്രം
തുടങ്ങിയതില്‍പിന്നെ പല അപരിചിതരും ആ വഴിയില്‍ കൂടി സത്ര ശാലയിലേക്ക്
പോകുന്നതുകാണാം. എന്നും പതിവായി ഭഗവാനെ കാണാന്‍ പോകുന്ന
തന്നെപ്പോലെ വളരെ കുറച്ചാളുകളുടെ നടവഴി.
സപ്താഹം തുടങ്ങിക്കഴിഞ്ഞാല്‍ പിന്നീട് എപ്പോഴും ആള്‍ക്കാരുടെ വരത്തു പോക്കാണ്.
അങ്ങനെ
കുചേലഗതിയുടെ ദിവസത്തിന്‍റെന്നു രാവിലെയാണ്
അയാളെ കാണുന്നത്. ഒറ്റ നോട്ടത്തിലൊരു അവധൂതന്‍റെ ലക്ഷണം. മനസ്സു
പറഞ്ഞു. ആരോ വരുകോ
പോകുകയോ ചെയ്യട്ടെ. അതിനിത്ര പ്രാധാന്യം കൊടുക്കുന്നതെന്തിന്.നടന്നടുത്ത അയാള്‍പന്തലിലൊരിടത്ത് ഒഴിഞ്ഞ കസേരയില്‍ഇരിപ്പുറപ്പിച്ചു.അയാള്‍പുതച്ചിരുന്ന കറുത്ത കയിലി മടക്കി പൊക്കണത്തില്‍ താഴ്ത്തി.
ഭാഗവതാചാര്യന്‍ പാരായണം നടത്തുമ്പോളെല്ലാം തന്‍റ
ഒരു കണ്ണ് അയാളിലായിരുന്നു. ആചാര്യന്‍ സംസ്ക്കൃത ശ്ലോകം ചൊല്ലുമ്പോളെല്ലാം അയാള്‍ തിരക്കിട്ട്
ഡയറിയില്‍ കുത്തിക്കുറിയ്ക്കുന്നതു കാണാം. അര്‍ത്ഥം
എഴുതിയെടുക്കുകയാവാം. താനും ഇങ്ങനെയാണ്. എവിടെയെങ്കിലും നല്ല പ്രസംഗമോ സാഹിത്യ സദസ്സോ ഉണ്ടെങ്കില്‍ അവിടെ കേള്‍ക്കുന്ന
ഇഷ്ടപ്പെട്ട വരികളോ കാര്യങ്ങളോ കുത്തിക്കുറിയ്ക്കുക പതിവാണ്. അതുപോലെ ഭഗവാന്‍റെ ലീലാവിലാസങ്ങള്‍ ആചാര്യന്‍ തന്മയത്ത്വത്തോടെ
വിവരിയ്ക്കുന്ന ഭാഗങ്ങള്‍ അയാളെ ആകൃഷ്ടനാക്കിയിട്ടുണ്ടാവാം. അതായിരിക്കാം
കുത്തിക്കുറിച്ചെടുക്കുന്നത്. പാരാവാരം പോലെയുള്ള ഭഗവല്‍വിലാസങ്ങളാര്‍ക്കാണ്
വെറും പേനയിലൊതുക്കി എഴുതുവാന്‍സാധിയ്ക്കുന്നത്.
പിന്നീടെപ്പോഴോ നോക്കിയപ്പോള്‍ അയാളുടെ
സീറ്റൊഴിഞ്ഞു കിടക്കുന്നതു കണ്ടു. പ്രസാദം ഊട്ടിനുള്ള സമയമായില്ലല്ലോ.
പിന്നെ ഇയാളിതെവിടെപ്പോയി.
മനസ്സു പറഞ്ഞു. ...എവിടെപ്പോയാല്‍തനിയ്ക്കെന്താ... ഇവിടെ സപ്താഹം കേള്‍ക്കാന്‍വന്നതോ...അതോ... കണ്ട സന്യാസിമാരുടെ വായി നോക്കാന്‍വന്നതോ...?
ഞാനെന്നെത്തന്നെയൊന്നു ക്രോസ്സു വിസ്താരം നടത്തി,
കുചേലനോട് ഭാര്യ പറയുന്നഭാഗം കഴിഞ്ഞു. കല്ലും
നെല്ലും ഒക്കെയായി അവില്‍ പൊതി കെട്ടി കൊടുത്തു. കുചേലന്‍ അതും
കക്ഷത്തില്‍ വച്ച് നടപ്പു പിടിച്ചു. ഭഗവാന്‍റടുത്ത്
എത്താറായി. ആളുകളെല്ലാം ശ്വാസം അടക്കിപ്പിടിച്ചിരിക്കുകയാണ്.
ഭഗവാന്‍ ദ്വാരകയില്‍ രുക്‍മിണിയും സത്യഭാമയുമായി മഞ്ചലിലിരിക്കുന്ന
ഭാഗമാണടുത്തത്. പാരായണം ഉച്ച ഊണിനായി നിര്‍ത്തി വച്ചു.
ഇനിയെല്ലാവരും
പ്രസാദം ഊണു കഴിഞ്ഞു വരുവാന്‍ യജ്ഞാചാര്യന്‍ അനൌണ്‍സ് ചെയ്തു. ഇടവഴിയില്‍കൂടി
അയാള്‍ അതാ തിരക്കിട്ടു വരുന്നു. ഇയാളിതെവിടെ പ്പോയി വരുന്നു. മനസ്സിനു പിന്നെയും അറിയാനുള്ള
ത്വര . തിടുക്കത്തില്‍വന്ന് ഊണിനുള്ള വരിയിലൊരിടത്ത് നിന്നു.
അയാളുടെ തൊട്ടു പുറകിലാണ് തനിയ്ക്ക് സീറ്റു കിട്ടിയത്. കറുത്ത പൊക്കണവും അടുത്തു വെച്ച് അയാള്‍ ചോറുണ്ണുവാന്‍തുടങ്ങി. മുഖം സൌമ്യമെങ്കിലും അയാളുടെ തീക്ഷ്ണമായ നോട്ടം തന്നെ അക്ഷരാര്‍ത്ഥത്തില്‍
ദഹിപ്പിച്ചു എന്നു തന്നെ പറയാം. ഉണ്ടു തീരാറായപ്പോള്‍ വിശപ്പു മാറിയതിനാലാകാം അയാള്‍ തൊട്ടടുത്തിരുന്ന തന്‍റെ
മുഖത്തു നോക്കി ഒന്നു പുഞ്ചിരിച്ചു.
ഉണ്ടു തീര്‍ന്ന
ഉടനേ പൊക്കണവും തൂക്കി തിരക്കിട്ട് അയാള്‍എഴുന്നേറ്റുപോയി. താന്‍
വിചാരിച്ചു. അയാളുടെ എല്ലാ കാര്യത്തിനും ഒരു തിരക്കു തന്നെ.
നടപ്പിനും ഭക്ഷണം
കഴിയ്ക്കുന്നതിനും എല്ലാം. ഊണു കഴിച്ചിട്ട് വീണ്ടും സപ്താഹ
പന്തലിലെത്തിയ തന്‍റെ കണ്ണുകളറിയാതെ അയാളെ
തേടുകയായിരുന്നു. പറഞ്ഞു കേട്ടിട്ടുണ്ട് ഭഗവാന്‍ പല പല
വേഷത്തില്‍ സപ്താഹം നടക്കുന്നിടത്ത് വരുമെന്നും പരീക്ഷിക്കുമെന്നും അത്
ഭക്തന്മാരറിയാതെയാണെന്നും മറ്റും.
വീണ്ടും പാരായണം
തുടങ്ങി. ഭഗവാന്‍ കുചേലനെ സ്വീകരിച്ചു കൊണ്ടിരുത്തി. കാലുകഴിച്ചു.
സല്‍ക്കാരങ്ങള്‍. തുടങ്ങിക്കഴിഞ്ഞു.
അപ്പോഴാണ് കക്ഷത്തിലിരിക്കുന്ന അവല്‍ പ്പൊതി കാണുന്നത്. അവല്‍ പ്പൊതി പിടിച്ചു വാങ്ങിയ ഭഗവാന്‍ അതില്‍നിന്നം കല്ലും നെല്ലുമായ
അവല്‍ വാരിതിന്ന് പണ്ട് ഗുരുകുല വിദ്യാഭ്യാസത്തില്‍ സുദാമായുടെ
പക്കല്‍നിന്നും കിട്ടാത്ത അവലിന്റ കടം വീട്ടി. എല്ലാവരും രസിച്ചിരുന്ന് യജ്ഞാചാര്യന്റ തര്‍ജ്ജിമ
കേട്ടിരിക്കുകയാണ് .
താനോര്‍ത്തു.. എല്ലാം
ഒരു പകവീട്ടലായിരുന്നല്ലോ. ഭഗവാനും ചെയ്തത് അതു തന്നെ.പഴയ അവലിന്റ കടം വീട്ടാന്‍....ഗുരുപത്നി കാട്ടില്‍
വിറകുശേഖരിക്കാന്‍ പറഞ്ഞുവിട്ടപ്പോള്‍ വിശക്കുമ്പോള്‍ കഴിയ്ക്കാന്‍ കൃഷ്ണനും
കൂട്ടുകാരന്‍ സുദാമാവിനും കൂടി കൊടുത്തുവിട്ട അവല്‍ പ്പൊതി രണ്ടും ഒറ്റയ്ക്കു
ഭക്ഷിച്ച സുദാമാ... അന്നത്തെ കടംവീട്ടാന്‍ പാവം കുചേലനെ
ഇത്രയും കഷ്ടപ്പെടുത്തി. അതുകൊണ്ടു കൊടുക്കുന്നിടം വരെ.
കുചേലനെ ദാരിദ്ര്യദുഃഖത്തിലാറാടിച്ചു. ഗത്യന്തരമില്ലാതെ
ആത്മാഭിമാനിയായ കുചേലന്‍ ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഭഗവാന്റടുക്കല്‍ കൈ
നീട്ടാന്‍ പോയി. എന്നിട്ട് ഭഗവാന്‍തന്നെ പാര്‍ത്ഥനുപദേശം
കൊടുക്കുന്നതു പോലെ ലോകത്തോടു പറയുന്നു. സംഭവാമി യുഗേ....
യുഗേ....
ഇപ്പോഴും
പകവീട്ടല്‍ഒരു തുടര്‍ക്കഥപോലെ പൊയ്ക്കൊണ്ടിരിക്കുന്നു.
ഭഗവത് ഗീതയുടെ
പൊരുളായി ഭഗവാന്‍ പറഞ്ഞു
വെയ്ക്കുന്നത് സംഭവിക്കുന്നതെല്ലാം
നല്ലതിനാണെന്നാണ്. സംഭവിക്കുന്നതെല്ലാം
നല്ലതിനാണോ?.
തന്റ കണ്ണുകള്
വീണ്ടും അയാളെ തിരഞ്ഞുകൊണ്ടിരുന്നു. അതാ അയാള് ഝടുതിയില്‍ പൊക്കണവും തൂക്കി നടന്നു വരുന്നു.ഇപ്പോഴയാളുടെ മുഖം കണ്ടാലറിയാം അയാളാകെ അസ്വസ്ഥനാണെന്നുള്ളത്. താന്‍ചിന്തിച്ചു ഒരു യോഗിവര്യനെപ്പോലെ നഗ്ന പാദനായി എല്ലാം ഉപേക്ഷിച്ച്
സര്‍വ്വസംഗ പരിത്യാഗിയെപ്പോലെ നടക്കുന്ന ഇയാളെന്തിനാണിത്ര അസ്വസ്ഥത
കാണിയ്ക്കുന്നത്. പ്രസാദം ഊണിനിരുന്നപ്പോളത്തെ ചെറിയ ഒരു
പരിചയം വെച്ചുകൊണ്ട് തന്‍റെ അടുത്തുള്ള ഒഴിഞ്ഞ കസേരയിലേയ്ക്ക് അയാളെ ഇരിക്കുവാന്‍ ക്ഷണിച്ചു.
ഒന്നുമില്ലേലും..കാഷായ വസ്ത്ര്രമല്ലെങ്കിലും
അയാളൊരു കറുപ്പു വസ്ത്ര ധാരിയായ സന്യാസി വര്യനാണല്ലോ. ശബരിമലയ്ക്കു
പോകുന്ന അയ്യപ്പന്‍മാരുടെ വേഷം. അന്നു വൈകിട്ടത്തെ സായാഹ്ന
ഇടവേളയിലെ കാപ്പികുടിവരെ അയാള് തന്‍റടുക്കല്‍തന്നെയാണുണ്ടായിരുന്നത്. അതിനോടകം ഞങ്ങളൊന്നു കൂടി പരിചയക്കാരായി എന്നു പറയാം. ആ സപ്താഹ പന്തലിലുള്ള ആര്‍ക്കും അയാളൊരു പുഞ്ചിരി പോലും
സമ്മാനിക്കുന്നില്ലയെന്നുള്ളത് തന്നെ അത്ഭുതപ്പെടുത്തി.
താന്‍ ചോദിച്ച
ചോദ്യങ്ങള്‍ക്ക് ചുരുക്കമായി വള്ളുവനാടന്‍ഭാഷയിലുള്ള
ഉത്തരം കേട്ടപ്പോള്‍ തനിക്കു മനസ്സിലായി
അയാള്‍ അങ്ങകലെ എവിടെ നിന്നോ വന്ന സന്യാസി ആണെന്നുള്ളത്.
ഭാഗവത സത്രവും സപ്താഹവുമായി തള്ളി
നീക്കുന്ന ജീവിതങ്ങള്‍. ജനിസ്മൃതികളുടെ രഹസ്യംതേടി
നടക്കുന്നവര്‍. ഭൂമിയിലെ ബന്ധങ്ങളുടെ കെട്ടറുത്ത് ഈശ്വര സാക്ഷാത്കാരത്തിനായി ഇറങ്ങിത്തിരിച്ചവരുടെ
മുമ്പില്‍ ഗൃഹസ്ഥാശ്രമത്തിന്‍റെ വേലിക്കെട്ടില്‍നിന്നും അല്‍പ്പനേരത്തെ
ആശ്വാസത്തിനായി സപ്താഹപ്പന്തലിലിരിക്കുന്ന
പലരുടെയിടയിലെ ഒരുവളായി ഇരിക്കുന്ന തന്‍റെ കെട്ടുപാടുകള്‍ .
താനതു തമ്മിലൊന്നു തട്ടിച്ചു നോക്കി.
ഇയാളെന്തു ഭാഗ്യവാന്‍. ഒന്നും അറിയേണ്ട. ബന്ധങ്ങളും ബന്ധനങ്ങളുമില്ലാതെ .....തോളത്തെപ്പൊക്കണവുമായി
ദേശദേശാന്തര സഞ്ചാരം. അപ്പോഴാണ് മനസ്സിലടുത്തചോദ്യം
പൊന്തിയത്. എന്തിനായിരിക്കാം ഇയാളൊരു സന്യാസി ആയത്. ഇത്ര ചെറുപ്പത്തിലേ… എന്താണെങ്കിലും
ഈദിവസങ്ങളിലേതിലെങ്കിലും ഒരു സമയം അയാളോട്
ഇതൊന്നു ചോദിക്കണം. ഒന്നു കൂടി അടുക്കട്ടെ. എന്നിട്ടാകാം . അന്നു വൈകിട്ടു വീട്ടില്‍ ചെന്നപ്പോള്‍ മനസ്സു നിറയെ ആ
ചോദ്യമായിരുന്നു. എന്തായിരിക്കും കാരണം. ഒന്നുകിലൊരു പ്രേമനൈരാശ്യം. അല്ലെങ്കിലിത്ര
ചെറുപ്പത്തിലേ ഇങ്ങനിറങ്ങിത്തിരിച്ചത് ?
ഇല്ലെങ്കില്‍പ്രവ്രജ്യായോഗം….. ഗ്രഹനിലയിലെവിടെയെങ്കിലും ജനനസമയത്ത് ഉണ്ടായിരിന്നിരിയ്ക്കാം.
സന്യാസയോഗം
ജനനസമയത്തുണ്ടെങ്കില് തടുക്കുവാന്‍ പറ്റുകയില്ലയെന്നല്ലേ ആചാര്യ മതം.
പിറ്റെന്നു
കാലത്തു് വീട്ടിലെ ജോലിയെല്ലാം തീര്‍ത്ത് സപ്താഹപ്പന്തലിലേയ്ക്കുപോകുമ്പോള്‍ ഒരു
പ്രത്യേക ഉത്സാഹമായിരുന്നു. അവിടെയെത്തുന്നതിനുമുമ്പായി ഒഴിഞ്ഞു കിടന്ന ആള്‍താമസമില്ലാത്ത
ആ പഴയ വീടിന്‍റെ ഒരു മൂലയ്ക്കിരുന്ന് അയാള്‍ഡയറിലെന്തൊക്കെയോ കുറിക്കുന്നു.
ഒന്നു കൂടി സൂക്ഷിച്ചു നോക്കി. അതെ. അതയാള്
തന്നെ. അയാളുടെ ഇടതുകൈയ്യിലെ മൊബൈല്‍കണ്ടപ്പോളെനിയ്ക്കാകെ അത്ഭുതം തോന്നി. നഗ്നപാദനായി കാലില്‍ ചെരുപ്പുപോലുമില്ലാത്ത ഈ സന്യാസിവര്യനെന്തിനു മൊബൈല്‍? ഞാനൊന്നു
കൂടി സൂക്ഷിച്ചു നോക്കി. അതെ ഏറ്റവും പുതിയ മോഡലിലെ..എല്ലാ സെറ്റപ്പും ഉള്ള ഒരു മൊബൈല്‍. അയാളിടയ്ക്കിടയ്യ്
അതില്‍സംസാരിക്കുന്നും ഉണ്ട്.ചെയ്തു തീര്‍ക്കാനറിയാതെ ഒരു
വഴിക്കണക്ക് കിട്ടിയതുപോലെയായി. ഇയാള് തന്‍റെ കണക്കു
കൂട്ടലുകള്‍ക്കും അപ്പുറമുള്ള ഏതോ ഒന്നാണെന്ന് തോന്നി.
നമ്മളു കണക്കു കൂട്ടുന്നതും കരുതുന്നതും എല്ലാം വെറും തോന്നലുകള്‍മാത്രമാണെന്നു
തോന്നി. അതിനപ്പുറം ആണ് കാര്യങ്ങള്‍. അയാളുടെ
പൊക്കണം നിഗൂഢതകളുടെ ഒരു കൂമ്പാരം പോലെ തനിയ്ക്കു തോന്നി. തോന്നലായിരിക്കാം എന്ന് മനസ്സു പറഞ്ഞു.
അടുത്തുകൂടെ വന്ന
പരിചയക്കാരിയുടെ ഒപ്പം താന്‍ സപ്താഹപ്പന്തലിലേയ്ക്ക് പോയി. ഭാഗവതാചാര്യന്‍
അവതാര രഹസ്യങ്ങളും സപ്താഹ മാഹാത്മ്യവും എല്ലാം പറയുമ്പോള്‍ തന്റെ മനസ്സു മുഴുവനും
അവധൂതന്‍റ മൊബൈലിലായിരുന്നു.
കുറച്ചു സമയം
കഴിഞ്ഞപ്പോളയാള്‍ വന്ന് പന്തലിലൊരിടത്ത് ഇരിപ്പുറപ്പിച്ചു. അയാള്
തലേ ദിവസത്തിനേക്കാളും ഒന്നുകൂടി
അസ്വസ്ഥനായിരുന്നെന്ന് അയാളെ എന്നും നിരീക്ഷിച്ചിരുന്ന തനിയ്ക്കു
മനസ്സിലായി.
താനയാളുടെ അടുത്തുള്ള
ഒഴിഞ്ഞ സീറ്റിലേയ്ക്ക് മാറി ഇരുന്നു. തലേ ദിവസത്തെ പ്രസാദം ഊണു സമയത്തെ ഒരു
ചിരിയുടെ പരിചയത്തിലെന്നവണ്ണം ഒരു
പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അയാളോടു പേരു ചോദിച്ചു. പൊടുന്നനവെ
വെട്ടൊന്നു മുറി രണ്ടെന്നു പറഞ്ഞതുപോലെയുള്ള ഉത്തരം
" പൂര്‍വ്വാശ്രമത്തില്‍ഹിരണ്യന്‍.
ഇപ്പോള്‍ സ്വാമി
ശിവതീര്‍ത്ഥാനന്ദ"
തനിയ്ക്കു വീണ്ടും
എന്തൊക്കെയോ ചോദിയ്ക്കണമെന്നും പറയണമെന്നും ഉണ്ടായിരുന്നു.അയാളുടെ
തീക്ഷ്ണമായ ഉത്തരം പറച്ചിലില്‍ ചോദിയ്ക്കാനുള്ളതെല്ലാം തൊണ്ടയ്ക്കു കുരുങ്ങിനിന്നു. പിന്നെ വിചാരിച്ചു. പതുക്കെയാകാം. ഇനിയും ദിവസങ്ങളുണ്ടല്ലോ.
അന്നും പതിവുപോലെ
തര്‍ജ്ജമ ചെയ്ത കൂട്ടത്തിലാചാര്യന്‍ ഭഗവത് ഗീതയിലെ പതിനാറാം അധ്യായത്തിലെ ശ്ലോകങ്ങള്‍ ഉരുവിട്ടുകൊണ്ടാണ് പ്രഭാഷണം
തുടങ്ങിയത്.
"
പ്രവൃത്തിം ച നിവൃത്തിം ച
ജനാ ന വിദുരാസുരാഃ
ന ശൌചം നാപി
ചാചാരോ
നസത്യം തേഷു
വിദ്യതേ."
"ആസുരജനങ്ങള്‍ കര്‍മവും അകര്‍മവും അറിയുന്നില്ല.അവരുടെ ഇടയില്‍ ശുചിത്വം
അറിയപ്പെടുന്നില്ല. സദാചാരവുമില്ല. സത്യവുമില്ല."
വീണ്ടും തുടര്‍ന്നു.
"ഏതാം ദൃഷ്ടിമവഷ്ടഭ്യ
നഷ്ടാത്മാനോ
ല്പബുദ്ധയഃ
പ്രഭവന്ത്യുഗ്രകര്‍മ്മാണഃ
ക്ഷയായ ജഗതോ ഹിതാഃ"
"ഈ ദൃഷ്ടിയില്‍ ഉറച്ചു നിന്ന് സ്വയം നശിക്കുന്ന അല്‍പ്പ ബുദ്ധികള്‍ ഘോര കര്‍മ്മങ്ങള്‍
ചെയ്ത് ലോകത്തിന് അഹിതകാരികളായി ലോക നാശകാരികളായി ഭവിക്കുന്നു."
ആള്‍ക്കാരുടെ
മനസ്സിനെ ആ വരികള്‍ മഥിക്കത്തക്കവണ്ണം.ആചാര്യന്റെ സ്വതസിദ്ധമായ പ്രഭാഷണ ചാതുരിയില്‍
വീണ്ടും അതിനെ വിശദീകരിച്ചു.
ആചാര്യന്‍ വീണ്ടും
വീണ്ടും പറയുന്നു….
“ഘോര കര്‍മ്മങ്ങള്‍
ചെയ്ത് ലോകത്തിന് അഹിതകാരികളായി ലോക നാശകാരികളായി ഭവിക്കാതെ... അല്‍പ്പമായ ഈ ജീവിതത്തെ ലോകത്തിന്
തന്നാലായ സത്കര്‍മ്മങ്ങള്‍ ചെയ്ത് ലോകോപകാരികളായി തീരാന്‍ അവനവനെ കൊണ്ടാകുന്നത്
ചെയ്യുക."
താന്‍ വിചാരിച്ചു. കപടമായ
അന്ധ വിശ്വാസത്തിലുള്ള ഈശ്വര വിശ്വാസം അല്ല വേണ്ടത്. ഇതില്‍
നിന്നും ഉള്‍ ക്കൊള്ളേണ്ടതു മാത്രം ഉള്‍ ക്കൊള്ളുക.
ഏതു
ജാതിയുടേതാണെങ്കിലും പ്രഭാഷണം നടത്തുന്നവന്റെ കഴിവാണ് പ്രധാനം.
ഏതിനെ ആധാരമാക്കിയാണെങ്കിലും....ഖുറാനോ, ബൈബിളോ..ഭാഗവതമോ എന്തു തന്നെ
ആയിക്കോട്ടെ. അത്രയും സമയം കൊണ്ട് ആള്‍ക്കാരുടെ
മനസ്സില്‍ നിന്നും ദുഷ്ടത മാറ്റി അല്‍പ്പമെങ്കിലും നല്ല ചിന്ത വരുത്തുവാന്‍
സാധിക്കുമെങ്കില്‍ അതുകൊണ്ട് പ്രയോജനമുണ്ട്.
സ്വാമി ശിവതീര്‍ത്ഥാനന്ദ
എന്തോ ആലോചിച്ചിരിക്കുന്നതു കണ്ടു. അന്നു വരെ കാണാത്ത അയാളുടെ മുഖത്തെ ഭാവമാറ്റം.
എന്തോ തീരുമാനിച്ചുറച്ചതുപോലെ. കുറച്ചുനേരം കൂടി അയാളവിടെ ഇരുന്നിട്ട് എഴുന്നേറ്റു
പോകുന്നതു കണ്ടു.
അങ്ങിനെ അഞ്ചു
ദിവസവും പിന്നിട്ടു.
ഇനി രണ്ടു ദിവസം മാത്രമേ സപ്താഹം തീരുവാനുള്ളു. വീണ്ടും
അടുത്ത സപ്താഹം അടുത്ത മേട മാസത്തിലെ ഉള്ളു.. ഏഴു ദിവസത്തെ
പാരായണം കഴിഞ്ഞ് അവഭൃത സ്നാന ദിവസം മനസ്സിലൊരു സങ്കടമാണ്.. പിറ്റെന്നു
തൊട്ട് സപ്താഹപ്പന്തല് ആളും അനക്കവുമില്ലാതെ ഒഴിഞ്ഞു കിടക്കുന്നതു കാണുമ്പോള്
മനസ്സിന് എന്തെന്നില്ലാത്ത പ്രയാസമാണ്.
ഇത്തവണ വേറെ ഒന്നു
കൂടി . സപ്താഹം തീര്‍ന്നു കഴിഞ്ഞാല്‍ അവധൂതനെ കാണുകയുമില്ലല്ലോ. അതും
മനസ്സിനെ അലട്ടുന്നുണ്ട്.
.
ഏഴാം ദിവസം വൈകുന്നേരമാണ്. അവഭൃത
സ്നാനം. അല്‍പ്പം അകലെയുള്ള ക്ഷേത്ര കുളത്തിലാണ്.
അയാളെ കുറച്ചു
നേരം കൊണ്ട് അവിടെയെങ്ങും കാണാനില്ല. തന്റ കണ്ണുകളവിടെയെല്ലാം പരതി.
യജ്ഞാചാര്യന്‍വായിച്ചു നിര്‍ത്തുന്നതിനു തൊട്ടു
മുമ്പാണ് ഒരു ചെവിയില്‍ നിന്നും
മറുചെവിയിലേക്ക് ആ വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നത്
. ഭാഗവതസത്രത്തില്‍പങ്കെടുത്തു കൊണ്ടിരുന്ന ഒരു ഹിന്ദു സന്യാസിയെ പോലീസ് തീവ്രവാദി
എന്നു സംശയിച്ച് അറസ്റ്റു ചെയ്തിരിക്കുന്നു.
സപ്താഹപ്പന്തലൊന്ന് ഇളകി മറിഞ്ഞു. ഹിന്ദുക്കളോടു
കാട്ടുന്ന കടുത്ത ക്രൂരതയാണിത്. എല്ലാവരും അഭിപ്രായം പറഞ്ഞു. പെട്ടെന്നു തന്നെ ചെറുപ്പക്കാരായ ഭക്തര്‍ ഒത്തു കൂടി. ഇതിനു പകരം ചോദിയ്ക്കണം. ഇത് ഇന്നും ഇന്നലെയും
തുടങ്ങിയതല്ല. ഹിന്ദുക്കളോടുള്ള കടുത്ത അവഗണന. ആകെ ഒരു അലോസരപ്പെടുത്തുന്ന അ ന്തരീഷം.
പെട്ടെന്നു തന്നെ
യജ്ഞാചാര്യന്‍ ഭാഗവതത്തിലെ വരികളിലേയ്ക്ക് ശ്രദ്ധ ക്ഷണിച്ചു. ആചാര്യന്റെ
വാക്കുകളിലെ വശീകരണശക്തി....മന്ത്രധ്വനിപോലെ
അവിടമാകെ അലയടിച്ചു. അശാന്തമായ മനസ്സുകളിലേക്ക് ആഞ്ഞടിച്ച
ഇളംകാറ്റു പോലെ.. ആളുകളൊന്നടങ്ങി.
പിറ്റെന്ന് രാവിലെ
പത്രത്തില്‍ തലക്കെട്ടോടുകൂടിയാണ് ആ വാര്‍ത്ത വന്നത്.
ചക്രവ്യൂഹം ഭേദിക്കാനിനി രണ്ടു മണിക്കൂര്‍മാത്രമെന്ന
രഹസ്യ കോഡു വാക്കില്‍നിന്നാണ് ,സ്പെഷ്യല്‍
ഡി കോഡിംഗ് വിഭാഗം നംമ്പരും ടവറും ടാര്‍ജറ്റു ചെയ്ത് .
അന്താരാഷ്ട്ര
തീവ്രവാദി സംഘടനയുമായി ബന്ധമുള്ള റാംമോഹനനെ കണ്ടു പിടിക്കുവാനായത്. ആള്‍പാര്‍പ്പില്ലാത്ത
വീടിന്‍റെ പരിസരത്തു നിന്നും തീവ്ര വാദ സംഘത്തിന്‍റെ മെസ്സേജു് മൊബൈലില്‍കൂടി
സ്വീകരിക്കുമ്പോളാണ് , സൈബര്‍ സെല്ലിന്റ ചുമതലയുള്ള ഡി.വൈ.എസ്പിയും സംഘവും അയാളെ അറസ്റ്റു ചെയ്യുന്നത്.
പക്ഷേ പോലീസു
പിടിക്കുന്നതിനു മുന്‍പുതന്നെ ഭാഗവത സത്രത്തിലെ പ്രഭാഷണത്തില്‍ മനംമാറ്റം വന്ന
തീവ്രവാദി കീഴടങ്ങുകയായിരുന്നത്രേ. പോലീസു പിടിച്ചെന്ന് വാര്‍ത്ത മാധ്യമങ്ങള്‍
തെറ്റായി വളച്ചൊടിച്ചതാണത്രേ.
വാര്‍ത്തയുടെ
ഏറ്റവും പ്രധാനപ്പെട്ട ഭാഗം….. റാം മോഹന്‍ തീവ്രവാദി സംഘടനയ്ക്കു തിരിച്ചു നല്കിയ മെസ്സേജിന്‍റ അവസാനഭാഗം
"വില്ലും അമ്പും വെച്ച് അര്‍ജ്ജുനന്‍
കീഴടങ്ങുന്നു... വീണ്ടുമൊരു കുരുക്ഷേത്രയുദ്ധം നടക്കരുത്......"
......
മാധ്യമങ്ങളുടെ വാര്‍ത്തയിലതില്ലായിരുന്നു
.
ഭഗവാന്റെ
വാക്കുകളിലേക്ക് മനസ്സു പറന്നു. ഞാന്‍ പലവേഷത്തില്‍ പലരൂപത്തില്‍
ഭൂമിയിലവതരിക്കും.
അങ്ങകലെ എവിടെയോ നിന്ന് ഭഗവത് ഗീതയിലെ ശ്ലോകവും
അതിന്‍റെ അര്‍ത്ഥവും പേറിക്കൊണ്ട് ഒരു ഇളം കാറ്റ് അവിടമാകെ തഴുകി തലോടി
കടന്നുപോയി.
"ത്രിവിധം നരകസ്യേദം
ദ്വാരം
നാശനമാത്മനഃ
കാമഃ ക്രോധഃസ്തഥാ
ലോഭ-
സ്തസ്മാദേതത്
ത്രയം ത്യജേത്."
"ആത്മനാശകാരണമായ നരകത്തിന്‍റെ വാതില്‍ ഇവ മൂന്നുമാണ് കാമവും ക്രോധവും
ലോഭവും. അതു കൊണ്ട് ഈ മൂന്നും ത്യജിക്കുക."
കഥ വായിച്ചു...ഒന്നും കൂടി ഒതുക്കാമെന്നൊരു അഭിപ്രായം ഉണ്ട്.. അഭിനന്ദനങ്ങള്‍
ReplyDeleteനല്ല കഥ..നല്ല ആഖ്യാനം...ആശംസകൾ
ReplyDeleteചേച്ചിയുടെ പതിവ് നിലവാരത്തിലേക്ക് കഥ ഉയർന്നിട്ടില്ല എന്നു എന്റെ വായനയിൽ തോന്നി. ശ്ളോകങ്ങളുടെ ധാരാളിത്തവും, ഭാഗവതസന്ദേശങ്ങളും കഥയിൽ കാര്യമായ സംഭാവനകളൊന്നും നൽകുന്നില്ല.
ReplyDeleteതുടക്കത്തിലെ വർണ്ണനയിൽത്തന്നെ ആള് തീവ്രവാദി ആയിരിക്കുമെന്ന് മനസ്സ് പറഞ്ഞിരുന്നു. അതുകൊണ്ട് അവസാനം ഒരു സുഖമില്ലാതെ പോയി. ഗീതാ വചനങ്ങൾ കേട്ട് ഒരു തിവ്രവാദി മനസ്സ് മാറ്റുമെന്ന് തോന്നുന്നില്ല. അത്തരം ലോല മനസ്സുകൾക്ക് തീവ്രവാദം കൊണ്ടു നടക്കാനാവുമെന്ന് തോന്നുന്നില്ല.
ReplyDeleteആശംസകൾ...
കുറേ നാളുകൾ കൂടിയാണ് ഒരു ബ്ലോഗ് വായിക്കുന്നത്. ചേച്ചിയുടെ ക്ഷണത്തിനു നന്ദി.
ReplyDeleteചേച്ചിയുടെ എല്ലാ കഥകളിലും ഒരു സന്ദേശം ഉണ്ടാകും. ഈ കഥയും ആ സന്ദേശം ഭംഗിയായി വായനക്കാരനിൽ എത്തിച്ചു .
കഥ കൊള്ളാം ,ഇത്തിരി കൂടി ഒതുക്കി പറഞ്ഞാൽ കുറച്ചു കൂടി നന്നാവും എന്ന് തോനുന്നു
ReplyDeleteപിന്നെ കഥയുടെ പേരുകൾ തിരഞ്ഞെടുക്കാൻ കുറച്ചു കൂടി ശ്രദ്ധിച്ചാൽ നന്നായിരിക്കും