Sunday, February 18, 2018

ഒരുപേരിലെന്തിരിക്കുന്നു........



ഒരുപേരിലെന്തിരിക്കുന്നു........
ശരിയാണ്.ഒരു പേരിലെന്തിരിക്കുന്നു.പ്രസക്തമായ ചോദ്യം. പക്ഷെ ഒരുപാടുകാര്യങ്ങള്‍ ഒരു പേരിലുണ്ടെന്ന് വിശ്വനാഥനു മനസ്സിലായത് ആ സംഭവത്തിനു ശേഷമാണ്.എന്താണേലും അയാള്‍ ഒരുകാര്യം തീര്ച്ച്പ്പെടുത്തി. പേരുമാറ്റുകതന്നെ. അത് അവളോടു ചോദിക്കാതെ എങ്ങനെ ചെയ്യും? അവളറിഞ്ഞാല്‍ സമ്മതിക്കുമെന്നു തോന്നുന്നില്ല.എന്നാലും പറയുകതന്നെ. ആദ്യം അവള്‍ എതിര്ത്തു പറഞ്ഞു.അവസാനം തന്റെ കൂടെ ഇനിയുള്ള കാലം ജീവിയ്ക്കണമെങ്കില്‍ പേരുമാറ്റിയേമതിയാകൂ എന്നു തറപ്പിച്ചു പറഞ്ഞു. അതിലവള്‍ വീണുപോയി.
അയാള്‍ സര്ക്കാരാഫീസുതോറും കയറിയിറങ്ങി. ഇത്രയും വയസ്സായ ആളിന്റ പേരു മാറ്റാന്‍ ചെല്ലുന്നതുകണ്ട് പരസ്പരം ആള്ക്കാ ര്‍ കുശുകുശുക്കുന്നതും തന്നെത്തന്നെ തറപ്പിച്ചു നോക്കുന്നതും കണ്ടപ്പോള്‍ വിശ്വനാഥന് ഒരു പന്തികേടുപോലെ തോന്നി.എന്നാലും അയാള്‍ പതറിയില്ല. അവനവന്റ ജീവനേക്കാള് വലുതല്ലല്ലൊ ഈ പേരുമാറ്റം.
അങ്ങനെ ചിന്തിച്ചു നിന്നപ്പോളാണ് ഒരു സര്ക്കാരു ഗുമസ്തന് അതിനിടയില്‍ നിന്നും രണ്ടും കല്പ്പിച്ച് അടുത്തു വന്നുചോദിച്ചത്. അമ്മാവാ...ഇത്രയും വയസ്സായതുകൊണ്ട് ചോദിച്ചുപോയതാ, ഇനി ഈ വയസ്സുകാലത്ത് ഭാര്യയുടെ പേരു മാറ്റണോ?”
വേണം...വേണം....ഈ പേര് എന്റജീവനുതന്നെ ഇനി അപകടമാണെന്നെനിയ്ക്കു തോന്നി.
അയാള്‍ ഷര്ട്ടുമാറ്റി തോളെല്ലിലെ മുറിവിന്റ ഉണങ്ങാത്ത വടുവ് കാട്ടിക്കൊണ്ടു പറഞ്ഞു.
വളരെ നാളുകൂടീട്ടാ ഇറച്ചി തിന്നാനുള്ള കൊതിമുത്ത് ഇറച്ചിക്കടേ ചെന്നത്.ഏതിറച്ചിവേണമെന്ന് കടക്കാരന്‍ ചോദിച്ചു.കൂടെ വന്ന ഭാര്യയുടെ പേരു നീട്ടിവിളിച്ചു...പുറകില്‍നിന്നും തോളിലേയ്ക്കുവന്ന കത്തിയുടെ വാള്ത്തല അല്പ്പം മാറി.പിന്നീട് എപ്പോഴോ ആശുപത്രിയില്‍ വെച്ച് ബോധം വന്നു.
വിശ്വനാഥന്റ മറുപടി കേട്ടപ്പോള്‍ ഒരുപേരിലൊരുപാടുകാര്യങ്ങളൊളിഞ്ഞിരുപ്പുണ്ടെന്ന് ആ സര്ക്കാരുഗുമസ്തനു മനസ്സിലായി.ഗസറ്റിലേയ്ക്ക് കൊടുക്കുന്നതിനു മുന്പാായി സെക്‍ഷന്‍ ക്ലര്ക്ക് ഒന്നുകൂടി പേരുനോക്കി.....ഗോ.....മതി......

Saturday, October 14, 2017

കരം തീരുവയില്ലാത്തവര്‍



ആദ്യമാദ്യം ചെറിയ ഒരു നനവു മാത്രമേ ഉണ്ടായിരുന്നുള്ളു. വേനലായതു കൊണ്ട് പൊടി പിടിച്ചുകിടന്ന വീടിന്‍റെ മുന്‍വശം  .അല്‍പ്പം പൊടി ഒതുങ്ങി. ഞങ്ങള്‍ രണ്ടുപേരും പരസ്പരം നോക്കി. നമുക്കു പണിയായല്ലൊ എന്ന്  പറയാതെ പറയുകയായിരുന്നു.
ദിവസങ്ങള്‍ കഴിയും തോറും നനവിന്‍റെ തോത് കൂടിക്കൂടി വന്നു. വിളിയ്ക്കാനുള്ള സമയമായോഎന്ന് ഞാനദ്ദേഹത്തിനോടു ചോദിച്ചു. ഇല്ല. പുറത്തേയ്ക്കു വരട്ടെഎന്നിട്ടാകാം. ഇപ്പോഴേ വിളിച്ചാലല്ലേ പുറത്ത് എത്തി കുറച്ച് നല്ല ഒഴുക്കാകുമ്പോള്‍ എത്തുകയുള്ളുയെന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.
കുറച്ചു ദിവസം കൂടി കഴിഞ്ഞു. ഭൂമിയുടെ അടിയില്‍ നിന്നും ഒരു തെളി നീരുറവ വരുന്നതുപോലെ ഒരു ദിവസം, നോക്കിനില്‍ക്കേ പുറത്തേക്ക് വെള്ളം പൊട്ടി ഒഴുകി ത്തുടങ്ങി.
കൂടെക്കൂടെ ഉണ്ടാകാറുള്ള  കുടിവെള്ളപൈപ്പു പൊട്ടല്‍. ഇനിയുള്ള ദിവസങ്ങള്‍ ഫോണ്‍ വിളിയുടേതാണ്. ഞങ്ങള്‍ രണ്ടുപേരും കേറിയും മാറിയും രാവിലേയും ഉച്ചയ്ക്കും വൈകിട്ടും നിരന്തരം വിളിയായിരിക്കും.ഇന്നു വിടാം നാളെ വിടാം ഇപ്പോള്‍ വിടാം എന്നുള്ള മറുപടികളുടെ ഒരു ഘോഷയാത്രയായിരിക്കും .ഒറ്റപ്പെട്ട , കുത്തനെ താഴോട്ടുള്ള  ഇടവഴിയിലെ ആദ്യതാമസക്കാരായതിനാല്‍ മഴവെള്ളമാണെങ്കിലും പൈപ്പുപൊട്ടലാണെങ്കിലും തിരക്കിട്ട് ആദ്യമേ എത്തുന്നത് ഞങ്ങള്‍ക്കാണ്. അതു കഴിഞ്ഞേ അടുത്ത വീടുകളിലേയ്ക്ക് യാത്രയുള്ളു. മഴപെയ്യുന്ന ദിവസങ്ങളില്‍ മഴവെള്ളം ഒരരുവിപോലെ  ഒഴുകിവരുന്ന ആ കാഴ്ച കണ്‍കുളിര്‍ക്കെ കാണാന്‍ പട്ടണം ആണെങ്കിലും ഭാഗ്യം കിട്ടിയതില്‍ ഞാന്‍ ഈശ്വരനു നന്ദി പറയാറുണ്ട്.  കുട്ടിക്കാലത്ത് ഒഴുക്കുവെള്ളത്തില്‍ കടലാസ്സുവഞ്ചി ഒഴുക്കിവിട്ട് രസിച്ചതുപോലെ ഒന്ന് ഒഴുക്കിവിട്ടിരുന്നെങ്കിലെന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുമുണ്ട്.

  ഞാന്‍ അതു നോക്കി  കുറച്ചുനേരം നിന്നു. പുറത്തുവന്ന വെള്ളം, കുത്തിയൊലിച്ചു വരാതിരിയ്ക്കാന്‍ കെട്ടിയിരിക്കുന്ന സിമന്‍റു തിട്ടയുടെ ഓരം ചേര്‍ന്ന് ഒഴുകി നിറഞ്ഞ് വീണ്ടും ഒരു കുഞ്ഞരുവിയായി താഴേയ്ക്ക്  ഒഴുകി പുതിയ ഒഴുക്കു ചാലുണ്ടാക്കി അടുത്ത പറമ്പിലേയ്ക്ക് ഒഴുകിപ്പരക്കുന്നു. എല്ലാം തന്നിലേയ്ക്ക് ഏറ്റുവാങ്ങിയ ഭൂമി  ഒഴുകിയിറങ്ങിയ വെള്ളം അവിടെ നിന്ന പുല്ലിനും പൂച്ചെടിക്കും ഒരേപോലെ തുല്യ അളവില്‍ പകുത്തുനല്‍കി. അപ്രതീക്ഷിതമായി കൊടിയ വേനലില്‍ കിട്ടിയ ദാഹജലം കുടിച്ച് പുല്ലിനും പൂച്ചെടിയ്ക്കും കുറുന്തോട്ടിയ്ക്കും മുക്കുറ്റിക്കും എല്ലാത്തിനും  ഒരുണര്‍വായി. വീണ്ടും ഞാന്‍ അദ്ദേഹത്തിന്‍റെ മുഖത്ത് നോക്കി .നന്നാക്കാന്‍ വിളിയ്ക്കാന്‍ സമയമായോ എന്നറിയുവാന്‍.
നാളെ രാവിലെ ആകട്ടെ. ഇനി എത്ര ദിവസം വിളിയ്ക്കണം. നാളെ തൊട്ട് വിളി തുടങ്ങാം. അടുത്തമാസത്തിലേ ബില്ലിലെ ചാര്‍ജ്ജ് വരുകയുള്ളു.
അതു ശരിയാ അങ്ങനെയാകട്ടെ. ഞാനും കൂടെ ചേര്‍ന്നു. എന്തിനും നമുക്കാണല്ലൊ പ്രശ്നമുള്ളത്. അതുകൊണ്ട് നമ്മള്‍ തന്നെ വേണ്ടേ  എപ്പോഴും വിളിയ്ക്കാന്‍.
നമ്മുടെ വീടിന്‍റെ മുന്‍പിലല്ലേ അതുകൊണ്ട് മറ്റുള്ളവര്‍ക്കെന്തു നഷ്ടം
പക്ഷേ വെള്ളം എല്ലാവര്‍ക്കും കൂടി ഉള്ളതല്ലേ.ഞാന്‍ ന്യായവാദം നിരത്തി ഒന്നു മുന്നേറുവാന്‍ നോക്കി.
പക്ഷേ അദ്ദേഹത്തിന്‍റെ മറുപടിയില്‍ ഞാന്‍ പരാജയപ്പെട്ടു കീഴടങ്ങി
നമ്മുടെനാട്ടിലെ പോലെയല്ല. ഇതു പട്ടണമാ. അവനവന് അവനവന്‍റെ കാര്യം..ഇല്ലെങ്കില്‍ താനൊന്നു പരീക്ഷിച്ചു നോക്കിയെ. ഒന്നു ചെന്നു പറഞ്ഞേ. ഏതവനെങ്കിലും വരുമോന്ന് നോക്കട്ടെ.
 തോറ്റു തുന്നം പാടേണ്ടെന്നു കരുതി ഞാന്‍ ഒന്നും മിണ്ടാതെ അടുക്കളയിലേയ്ക്കു പോയി.
 പിറ്റേന്നുകാലത്തെണീറ്റ് ആദ്യംനോക്കിയത് വെള്ളം എന്തുമാത്രം ഒഴുകി വരുന്നുണ്ടെന്നാണ്. വീടിനു മുന്നിലെ സിമന്‍റു തിട്ടയ്ക്ക് ഒരു ചരിവ് ഉള്ളതുകൊണ്ട് വെള്ളം ചെറിയ ഒരു തടാകമായിട്ട് അതു നിറഞ്ഞുകഴിഞ്ഞ് നല്ലൊരു അരുവിയായി ഒഴുക്കു തുടരുന്നുണ്ടായിരുന്നു.രാവിലെ ഈ കാഴ്ചകണ്ട് തിരിഞ്ഞപ്പോള്‍ എന്നോടു പറഞ്ഞു.   ആ ഇന്നു തൊട്ട് വിളി തുടങ്ങാം. രാവിലെ ഞാന്‍. ഉച്ചയ്ക്ക് താന്‍.
ഞാന്‍ മനസ്സില്‍ പറഞ്ഞു . അതിനുപോലും എനിയ്ക്കു മുന്‍ഗണന ഇല്ല.
അങ്ങനെ അദ്ദേഹം പത്തുമണിയായപ്പോള്‍ ആദ്യത്തെ വിളി തുടങ്ങി.
വാട്ടര്‍ അതോറിറ്റിയല്ലേ. ഇവിടെ പൈപ്പുപൊട്ടിയതു പറയാന്‍ വിളിച്ചതാ. ചാലക്കുഴി ലൈനില്‍.
 തിരിച്ചുള്ള മറുപടിയുടെ ആഘാതംകൊണ്ടായിരിക്കും അദ്ദേഹത്തിന്‍റെ മുഖം ഒരുമാതിരി കിരിയാത്തു കഷായംകുടിച്ചതുപോലെയായത്.
.
പന്തിയല്ലെന്നു കണ്ട ഞാന്‍ അങ്ങോട്ടു നോക്കാനേ പോയില്ല. ഉച്ചവരെ ആളു നന്നാക്കാന്‍ വന്നില്ലെങ്കില്‍ എന്‍റെ ഊഴമാകുമല്ലൊ. അപ്പോള്‍ പറയുന്നതു കേള്‍ക്കാം എന്നു കരുതി.


ഉച്ചയ്ക്കുള്ള എന്‍റെ ഊഴമായി,
 അങ്ങേത്തലയ്ക്കല്‍ നിന്നുള്ള പ്രതികരണം നേരിടാന്‍ തയ്യാറായി വിളിച്ചു. വളരെ ഭയഭക്തി ബഹുമാനത്തോടെ....
വാട്ടര്‍ അതോറിറ്റിയല്ലേ.
അതെ . എന്തുവേണം.
ഒന്നും വേണ്ടാ... ചാലക്കുഴി ലൈനില്‍ പൈപ്പു പൊട്ടിയ കാര്യം പറയാന്‍ വിളിച്ചതാ.
ഈ നംമ്പരില്‍ നിന്നല്ലെ രാവിലെയും വിളിച്ചത്.
അതെ പക്ഷെ ഇതുവരെ നന്നാക്കാന്‍ വന്നില്ല. അതുകൊണ്ടാ വീണ്ടും വിളിച്ചത്.
അവിടെ ഇതു തന്നെയാണല്ലൊ പണി. ഇതിപ്പോളെത്രാം പ്രാവശ്യമാ  അവിടെയീ പൈപ്പുപൊട്ടല്‍.
എപ്പോള്‍ വരുമെന്നൊന്നും പറഞ്ഞില്ല. അയാള്‍ ഫോണ്‍ കട്ടുചെയ്തു.

പിറ്റേന്നും അതിന്‍റെ പിറ്റെന്നും ഇതു തന്നെ ആവര്‍ത്തിച്ചു.
അടുത്ത ദിവസം അല്‍പ്പം കൂടി കടുപ്പിച്ച ഭാഷയിലാണ് ഞാന്‍ പറഞ്ഞത്.
കുടിവെള്ളമാണെന്നും ആളുകള്‍ വെള്ളം കുടിയ്ക്കാനില്ലാതെ വിഷമിയ്ക്കുമ്പോള്‍ ഇങ്ങനെ വെള്ളം ഒഴുക്കി കളയുന്നത് നല്ലതല്ല എന്നും മറ്റും പറഞ്ഞ് അവരെ ഒന്ന് ഉത് ബോധിപ്പിയ്ക്കാനൊരു ശ്രമം നടത്തി. അന്ന് ഉച്ചയ്ക്ക് എവിടെയോ പോയിവന്ന ഞങ്ങള്‍ കണ്ടത് വെള്ളം ഒലിപ്പു നിന്നിരിയ്ക്കുന്ന കാഴ്ചയാണ്. പക്ഷേ പണിചെയ്ത ഒരു ലക്ഷണവുംഅവിടെങ്ങും കണ്ടില്ല. അകത്തുകയറി ഒന്നു നോക്കാമെന്നു കരുതിപൈപ്പു തിരിച്ചു. വെള്ളമില്ല. അദ്ദേഹം അവിടെ നിന്നുപറയുന്നതുകേട്ടുലൈന്‍ തുടങ്ങുന്നിടം വെച്ച് വാല്‍വ് പൂട്ടിക്കാണുമെന്നു്.. അന്നു മുഴുവനും പിറ്റേന്നും അതു തന്നെയായിരുന്നു സ്ഥിതി. മറ്റുള്ള ഉപഭോക്താക്കളാരും അതറിഞ്ഞ ഭാവമില്ലാതെ ഉള്ളവെള്ളം കൊണ്ട്  ഉള്ളതുപോലെ കഴിച്ചുകൂട്ടി. അങ്ങനെയിരുന്നപ്പോള്‍ മൂന്നാംപക്കം രാവിലെ വെള്ളം വന്നു. ഒഴുക്കും ശക്തിയായിത്തുടങ്ങി.ഞാനദ്ദേഹത്തിനെ വീണ്ടും നോക്കി.
അദ്ദേഹം പറഞ്ഞു ഇനി മൂന്നാലു ദിവസം കഴിയട്ടെ. വിളിച്ചു തുടങ്ങാം. ഞാന്‍ മിണ്ടാതെ അകത്തേയ്ക്കു പോന്നു. ഞാന്‍ വിചാരിച്ചു ശരിയാണ്. ഇനിയും വിളിച്ചുപറഞ്ഞ് വാല്‍വ് അടപ്പിയ്ക്കണ്ട എന്നു് .
 ടെറസ്സിനു മുകളില്‍ വക്കുപൊട്ടിയ ഒരു മണ്‍കലത്തില്‍ പക്ഷികള്‍ക്ക് കുടിയ്ക്കാന്‍ വെയ്ക്കുന്നവെള്ളം അതേപോലെ ഇരിക്കുന്നു.പതിവായി ഒരു കാക്കയും ഒരു മൈനയുമാണ് വെള്ളം കുടിയ്ക്കാറ്. അന്ന്അടുക്കളപ്പണി കഴിഞ്ഞ് സിറ്റൌട്ടില്‍ വന്നിരുന്നപ്പോഴാണ് ആ കാഴ്ച കണ്ടത്. സ്ഥിരമായി വരുന്ന കാവതിക്കാക്ക വെള്ളം കുടി കഴിഞ്ഞ് സുഖമായി ആ സിമന്‍റുതിട്ടയിലെ ചെറിയ തടാകത്തില്‍ ചിറകൊക്കെ വിടര്‍ത്തി കുളിയ്ക്കുന്നു.തൊട്ട് കരയില്‍ തന്‍റെ ഊഴം കാത്ത് മൈനഇണകളും ഇരിപ്പുണ്ട്. ഞാന്‍ ആ കാഴ്ച കൌതുകത്തോടെ നോക്കിയിരുന്നു. മനുഷ്യനില്ലാത്ത ക്ഷമ ആ പക്ഷികളില്‍ കണ്ടത്. കുളികഴിഞ്ഞ് കാക്ക തൊട്ടടുത്ത മരത്തിലിരുന്ന് ചിറകെല്ലാം ചുണ്ടുവെച്ച് കോതി മിനുക്കുന്നു. ഇടയ്ക്ക്   ആ കോങ്കണ്ണുവെച്ച് ഗര്‍വ്വോടെ എന്നെ ഒന്ന്  നോക്കിയതിലൊരര്‍ഥം ധ്വനിപ്പിക്കുന്നുണ്ടായിരുന്നു. ഇനി ആ  പൊട്ടക്കലത്തിലെ വെള്ളമൊന്നും എനിയ്ക്കാവശ്യമില്ല.പ്രകൃതിതന്നെ നല്ല സ്ഫടികസമാനമായ വെള്ളം ഞങ്ങള്‍ക്കുവേണ്ടി ഒഴുക്കിവിടുന്നു. നിങ്ങളൊക്കെ അതിനെ കുഴലിലും ടാങ്കിലും ഒക്കെ സംഭരിച്ച് അവകാശം സ്ഥാപിക്കുകയല്ലേയെന്ന്. അടുത്ത ഊഴം ഇണകളായ മൈനകളുടെതായിരുന്നു. അവരും വേണ്ടുവോളം രണ്ടുപേരും കൂടിആസ്വദിച്ചു കുളിച്ചു. പറന്നുപോയി.
വൈകുന്നേരം,  ഉണങ്ങാനിട്ട തുണി പെറുക്കാന്‍ പോയഞാന്‍ ആ പൊട്ടക്കലം എടുത്ത് ദൂരെ എറിഞ്ഞു.
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വാട്ടര്‍ അതോറിറ്റിയില്‍ ഇടയ്ക്കിടയ്ക്ക് ഒന്നു വിളി തുടങ്ങിയ്ക്കോളാന്‍ അദ്ദേഹം പറഞ്ഞു.
തുടര്‍ച്ചയായി മണ്ണിനടിയില്‍നിന്നും വരുന്നവെള്ളം സിമന്‍റു തിട്ടയില്‍ ചെങ്കല്ലരിച്ചിട്ട്   ഒഴുകിയതുകൊണ്ടാകാം ചെങ്കല്ല് ഒരു പാടയായി ചുവപ്പു പരവതാനിപോലെ തെളിഞ്ഞ വെള്ളത്തിനടിയില്‍ കാണപ്പെട്ടു. അന്ന് ഉച്ചയ്ക്ക് ഒരു തെരുവുപട്ടി ആരോ പറഞ്ഞു വിട്ടതുപോലെ ഓടിവന്ന് വെള്ളം കുടിച്ചിട്ട്
ഉള്ള വെള്ളത്തിലൊരു കുളിനടത്താനുള്ള ശ്രമം ദയനീയമായി പരാജയപ്പെട്ടു. ആ ചെങ്കല്ലുപാടമുഴുവനും അതിന്‍റെ പൃഷ്ഠഭാഗത്ത് പറ്റിച്ചുകൊണ്ട് ചാപ്പ കുത്തിയതുപോലെ ഒരു പോക്കുപോയി.അതോടൊപ്പം തന്നെ സിമന്‍റു തിട്ടയിലെ കുഞ്ഞുതടാകം ആനകുളിച്ച വെള്ളംപോലെ കലങ്ങിമറിഞ്ഞുകിടന്നു. വൈകുന്നേരം വരുന്ന കുളിക്കാര്‍ക്കുവേണ്ടി ഞാന്‍ ചൂലെടുത്ത് അഴുക്കെല്ലാം കലക്കിവിട്ട് ആ കുഞ്ഞുതടാകം വൃത്തിയാക്കിയിട്ടു.
അന്നു വൈകുന്നേരം കാക്കയും മൈനയും കൂടാതെ വേറെ പുതിയ   നീരാട്ടുകാരും കൂടി അവിടെ വന്നുചേര്‍ന്നു. .അതിലൊരാള് ഒരു തുത്തു കുലുക്കി പക്ഷിയും ഒന്ന് ഒരു തിത്തിരപ്പക്ഷിയും ആയിരുന്നു.
സ്ത്രീകളുടെ കുളക്കടവില്‍ പൊന്തക്കാട്ടിലൊളിച്ചിരുന്ന് കുളി കണ്ടു രസിക്കുന്ന ഒരു വിരുതനെപ്പോലെ ഞാന്‍ സിറ്റൌട്ടിലെ തൂണിന്‍റെ മറവിലിരുന്ന് വീട്ടുവാതുക്കലെ പുതിയ തടാകത്തിലെ കുളിക്കാരുടെ കുളി കണ്ടു രസിക്കുന്നത് പതിവാക്കി. ഒരു ശല്യവുമില്ലാതെ വീട്ടുപടിയ്ക്കലൂടെ ഒഴുകി അടുത്തപറമ്പില്‍ ചെന്നവസാനിയ്ക്കുന്നആകുഞ്ഞരുവി നിര്‍ബ്ബാധം ഒഴുകിയ്ക്കോട്ടെ എന്നുകരുതി ഞാനും കുളിക്കാരുമായി ഒരു പരസ്പരധാരണയുണ്ടാക്കി. അദ്ദേഹം ചോദിയ്ക്കുമ്പോളെല്ലാം ആപക്ഷിക്കൂട്ടങ്ങള്‍ക്കുവേണ്ടി ഞാന്‍ കള്ളവും പറഞ്ഞു തുടങ്ങി. വെള്ളംകുടി കഴിഞ്ഞ് അവരുടെ കണ്ണുകളില്‍ നോക്കുമ്പോള്‍ അതിന്‍റെ നന്ദി ആ കണ്ണുകളില്‍ സ്ഫുരിക്കുന്നതുപോലെ തോന്നി.
വീട്ടുവാതുക്കലെ കുളിക്കാരുടെ എണ്ണം ദവസം പ്രതി കൂടി. അവരു തമ്മിലൊരു പരസ്പരധാരണയിലും ആയി.സമയം പകുത്ത്. രാവിലെയും ഉച്ചയ്ക്കും. വൈകിട്ടും ഞാന്‍ എല്ലാവരുടേയും കുളി കഴിയുമ്പോള്‍ ചൂലടിച്ച് വെള്ളവും അഴുക്കും എല്ലാം ഒന്ന് കഴുകി.വിട്ടു. വാട്ടര്‍ അതോറിറ്റിക്കാരെ അദ്ദേഹം എന്നും പള്ളു വിളിച്ചു തുടങ്ങി.  എനിയ്ക്ക് എന്തോ കള്ളം ചെയ്തതുപോലെ മനസ്സിലൊരു കുറ്റ ബോധം. അതു പുറത്തുവരുത്താതെ ഞാനതിനൊരു സമാധാനം കണ്ടെത്തി. ഈ ഭൂമിയിലെ വെള്ളം ആ കുഞ്ഞു പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ഒക്കെ  കൂടി  ഉള്ളതാണ്. അവര്‍ക്കു കുടിയ്ക്കാനുള്ള തണ്ണീര്‍തടാകങ്ങളും കുളങ്ങളും പാടവുംഎല്ലാം നികത്തി. ഭൂമിയിലുള്ള വെള്ളം സംഭരിച്ച് കുഴലിലാക്കി വിട്ട് സ്വാര്‍ത്ഥനായ മനുഷ്യന്‍ തന്‍റെ ആവശ്യത്തിനുമാത്രം ഉപയോഗിക്കുന്നത് ഒരിയ്ക്കലും ന്യായീകരിയ്ക്കാനാവില്ല.. അതുകൊണ്ട് ഞാന്‍ ചെയ്തതാണ് ശരി. ഞാനെന്‍റെ വാദഗതിയിലുറച്ചുതന്നെ നിന്നു.
 ഒരു ദിവസം അടുത്തവീട്ടിലെ ഒരു ഉപഭോക്താവ് എന്തോ കാര്യത്തിനായി വീട്ടില്‍ വന്നു.  പുറത്ത് പൈപ്പു പൊട്ടി ഒലിയ്ക്കുന്ന കാഴ്ചകണ്ട് അയാള്‍ ചോദിച്ചു. ഇതെത്ര ദിവസമായി. കൃത്യമായി കണക്കെടുത്തില്ലെന്ന് അദ്ദേഹം മറുപടി പറഞ്ഞു.
ഞാന്‍ തിടുക്കത്തിലോടിവന്നു പറഞ്ഞു. :എന്നും വിളിയ്ക്കുന്നുണ്ട്. രണ്ടു ദിവസത്തിനകം വരുമെന്നാ പറഞ്ഞെ.
ഞാനൊന്നു നോക്കട്ടെ. എന്‍റെ ഒരു പരിചയക്കാരന്‍ ആ ഡിപ്പാര്‍ട്ടുമെന്‍റിലുണ്ട്.അയാള്‍ വിടുന്ന ലക്ഷണമില്ല.
 പിറ്റന്നു കാലത്ത് നാട്ടിലൊരു ബന്ധുവി‍ന്‍റെ കല്യാണത്തിനു പോകാനായി വീട്ടില്‍ നിന്നും ഇറങ്ങി. അപ്പോളാദ്യത്തെ കുളിക്കാരുടെ ഊഴമായിരുന്നു.
എന്നും വരാറുള്ള കാവതിക്കാക്കകള്‍. കാക്ക കുളിയ്ക്കുന്നതു കണ്ടു കൊണ്ട് യാത്ര പോകരുതെന്ന് പഴമക്കാര്‍ പറയുന്നത് കേട്ടിട്ടുണ്ട്.
വിവാഹസ്ഥലത്തും തിരികെ വീട്ടിലോട്ടുള്ള യാത്രയിലും ഒക്കെ ഒരേ ഒരു ചിന്തയായിരുന്നു.അയല്‍പക്കത്തെ ഉപഭോക്താവ് വാട്ടര്‍ അതോറിറ്റിയില്‍ പൈപ്പു പൊട്ടിയത് വിളിച്ചു പറഞ്ഞു കാണുമോ? ആ കുഞ്ഞുതടാകത്തിലെ കുളിക്കാരുടെ കുളിമുട്ടിക്കാണുമോ? ഭൂമിയിലെ ഓരോതുള്ളിവെള്ളത്തിനും എല്ലാ ജീവജാലങ്ങള്‍ക്കും ഒരേപോലെ അവകാശമില്ലേ..?.

Wednesday, March 16, 2016

വ്യവസായത്തിലെ വിപണനതന്ത്രം


 
ഒരു വ്യവസായം തുടങ്ങുമ്പോള്‍ പലതും അറിഞ്ഞിരിക്കണം പലരുമായും ആലോചിക്കണം .മുടക്കുമുതല്‍ വേണം. സ്ഥലം വേണം.ലോണ്‍തരാന്‍ ധനകാര്യസ്ഥാപനങ്ങള്‍ വേണം. കണ്‍സള്‍ട്ടന്‍സിക്ക് സാങ്കേതിക വിദഗ്ദ്ധര്‍ വേണം. ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ നല്ല ബിസിനസ്സ് സ്ക്കൂളില്‍ നിന്നും പഠിച്ചിറങ്ങി പയറ്റി തെളിഞ്ഞ മാര്‍ക്കറ്റിംഗ് വിദഗ്ദ്ധരും വേണം.

ഇതിനെല്ലാത്തിനും ഉപരിയായി തുടങ്ങാന്‍ പോകുന്ന വ്യവസായത്തിനെ കുറിച്ച് ഉടമസ്ഥന് നല്ല പരിജ്ഞാനവും വേണം.

 പക്ഷെ  നെട്ടൂര്‍ കെ.റ്റി . എന്ന അപരനാമധേയത്തില്‍ അറിയപ്പെട്ടിരുന്ന കേശവന് അധികമൊന്നും മുതല്‍ മുടക്കില്ലാതെ വലിയ കണ്‍സള്‍ട്ടന്‍റിന്‍റ

ആവശ്യം ഒന്നുമില്ലാതെ സ്വന്തം ബുദ്ധിവൈഭവം മാത്രം കൈമുതലാക്കികൊണ്ടാണ്പുതിയ വ്യവസായത്തിന് തുടക്കമിട്ടത്. ഉള്ളരണ്ടുമുറി വീടിന്‍റെ ഒരുകോണില്‍ ചായിപ്പിനോട് ചേര്‍ന്ന് പഴയ ഉരപ്പുരയില്‍ ഉപയോഗിക്കാതെ ഇട്ടിരുന്ന ഉരല്‍ ഇരിപ്പടമാക്കി  കാലൊടിഞ്ഞമേശയെഇഷ്ടികയില്‍ താങ്ങി നിര്‍ത്തി വെച്ചെഴുത്ത് ഉപകരണമാക്കി അതു തുടങ്ങിയത്.

  കെ.റ്റിയെന്ന് അച്ചടി മാധ്യമങ്ങളില്‍ വന്നിരുന്ന പേരിന്‍റെ പൂര്‍ണ്ണരൂപം എടുക്കുകയാണെങ്കില്‍ നിഘണ്ടുവിലെങ്ങും ഉള്‍പ്പെടാത്ത കുളംതപ്പിയെന്ന ഇരട്ടപേരായിരിക്കും കിട്ടുക. ആ പേരിലെ നെട്ടൂരില്‍ ചെന്നാല്‍ കേശവനെ അറിയപ്പെടുകുള്ളു. ഭഗവാന്‍രെ നാമധേയത്തില്‍ അച്ഛനും അമ്മയും ഇട്ടപേരിനെ നാട്ടുകാര്‍ വിസ്മരിച്ചു കള്ഞു. അറിഞ്ഞോ അറിയാതെയോ ഭഗവാന്‍രെ ചില്ലറ ദുശ്ശീലങ്ങള്‍ കേശവനെ ബാധിച്ചു. ഭഗവാന്‍ വെണ്ണ കട്ട് പേരുദോഷം വരുത്തിയത് കേശവന്‍ കുളംതപ്പി അണ്ട്യല്ലി ചെമ്പല്ലി എന്നൊക്കെ അറിയപ്പെട്ടിരുന്ന കുളമീനിനെ രാത്രികാലങ്ങളില്‍ കുംഭ മീന മാസങ്ങളില്‍ വെള്ളം വറ്റിയ കുളത്തീന്ന് കട്ടു പിടിച്ച് നേടിയ ഓമനപേരായിരുന്നു കുളം തപ്പിയെന്നുള്ളത്. എന്തായാലും വീടും കുടിയുംഒക്കെയായി വരുമാനശ്രോതസ്സില്ലാതെയിരുന്നപ്പോളാണ് പുതിയ വ്യവസായത്തിന് തുടക്കമിട്ടത്.

  അതിനും ഒരു കാരണമുണ്ടായിരുന്നു.  പൈങ്കിളി മാസികനടത്തി ഉപജീവനം നടത്തിവന്നിരുന്ന ആര്‍.പി. യെ പരിചയപ്പെട്ടതായിരുന്നു ജെ.പിയുടെ ജീവിതത്തിന്‍റെ വഴിത്തിരിവായത്. അങ്ങനെ.യാണ്കുളം തപ്പി കെ.റ്റി. യുടെ മനസ്സില്‍ നോവല്‍വ്യവസായത്തിന്‍റെ ബീജാവാപം നടന്നത്.

പതുക്കെ പതുക്കെ അതു മുളച്ചു വന്നു. സ്ഥലം ഒരുക്കി കഴിഞ്ഞ് നല്ലൊരു ദിവസം നോക്കി കെ.റ്റി  പൈങ്കിളി വാരികക്കാരന്‍റെ ബിസ്സിനസ്സ് തന്ത്രം പ്രയോഗിച്ചു. പത്രത്തില്‍ പരസ്യം കൊടുത്തു. മരിച്ചുപോയ അപ്പുപ്പന്‍റെ പേരിലൊരു നോവല്‍ മത്സരം. പ്രതിഫലം ബഹുകേമം. പതിനായിരം രൂപയും പ്രശംസി പത്രവും. ഫലകം വേറെയും.

സാഹിത്യത്തിന്‍റെ അക്ഷരമാലകളിലെ ആദ്യക്ഷരം പോലും തൊട്ടു തീണ്ടിയിട്ടില്ലാത്ത കന്നുപൂട്ടുകാരനായ അപ്പുപ്പനെ കേട്ടു കേഴ്വിയില്ലെങ്കിലും അങ്ങനെയും ഒരാള്‍ ക്രിസ്തുവിന് മുമ്പ് ഇന്ന നൂറ്റാണ്ടില്‍ ജനിച്ചിരുന്നതായും മലയാള സാഹിത്യം ശ്രദ്ധിക്കപ്പെടാതെ പോയ മഹാകവിയുടെ പേരില്‍ നോവല്‍

മത്സരം നടത്തി വീണ്ടും മണ്‍മറഞ്ഞുപോയ കവിയെ പുനരുജ്ജീവിപ്പിച്ചു കൊണ്ടുവരാനുള്ള വിപണന തന്ത്രം കെ. പി. നല്ല വണ്ണം മനസ്സിലാക്കി.

പത്രത്തില്‍ പരസ്യം കൊടുത്തതിന്‍രെ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മുതല്‍

ഒരപ്പുരയുടെ മൂലയില്‍ സ്ഥാനം പിടിച്ചിരുന്ന കാലുപോയ മേശപ്പുറം മുഴുവനും നോവലുകളുടെ പ്രവാഹമായി. മേശ നിറഞ്ഞു കവിഞ്ഞ് ബാക്കിയുള്ളത് ചിതലരിച്ചു വികൃതമാക്കിയ മൂടിയില്ലാത്ത പഴയ അരിപ്പെട്ടിയിലേക്ക് വീണു നിറഞ്ഞു. കെ.പിയുടെ മനസ്സു നിറഞ്ഞു. ഒരു കാലത്ത് അപ്പനപ്പുപ്പന്‍മാരുടെ കാലത്ത് അരിനിറഞ്ഞു കവിഞ്ഞ അരിപ്പെട്ടി ഇപ്പോള്‍അരിവാങ്ങാനുള്ള ഉപാധിയായ പേപ്പര്‍ കവര്‍ കൊണ്ട് നിറഞ്ഞതില്‍. കെ.പിയുടെ മനസ്സില്‍ വര്‍ണ്ണങ്ങള്‍ ചാലിച്ച് വരച്ച മനോഹര രൂപങ്ങളായി നിറഞ്ഞു.

നോവല്‍ മത്സരത്തിന്‍രെ അവസാനദിവസവും കഴിഞ്ഞു. ഉരപ്പുരയിലെ ചിതലരിച്ച അരിപ്പട്ടി നിറ്ഞു കവിഞ്ഞ് മൂലയില്‍ സ്ഥാനം പിടിച്ചിരുന്ന പഴയ മുപ്പറക്കുട്ടയും നിറഞ്ഞു കവിഞ്ഞു.  കെ.പി.യുടെ ഉരപ്പുരയില്‍ വന്ന ആര്‍.പി.

സന്തോയം കൊണ്ടു തുള്ളിച്ചാടി.

 നോവലിന്‍രെ സ്ക്ക്രീനിംഗും വിധികര്‍ത്താക്കളും ഒക്കെ കെ.റ്റി. ആന്‍റ്ആര്‍.പി

സംയുക്ത കമ്മറ്റി നിര്‍ണ്ണയിച്ചു.

അപ്പോളാണ് മത്സരത്തിലെ വിജയിക്കുള്ള സമ്മാനദാനത്തിന്‍റെ കാര്യം കെ.റ്റി നെട്ടൂരിന്‍റെ മുന്നില്‍ പ്രശ്നമായത്.

 നോവല്‍ വ്യവസായത്തില്‍ തഴക്കവും പഴക്കവും വന്ന ആര്‍.പി. സുഹൃത്തിന്‍റെ ചെവിയിലോട്ട്  ഇട്ടുകൊടുത്ത രഹസ്യം ജിന്നുകേറിയ

ദേഹം പോലെ  കെറ്റിയെ ഉന്മാദത്തിലാക്കി.

ഈ ഒരു പുത്തി നേരത്തെ തോന്നാതിന് അവനവനെ തന്നെ പഴിച്ച കെ.റ്റി. പഴയ സാധനങ്ങള്‍ വില്‍ക്കുന്ന ആക്രിക്കടയില്‍ ചെന്ന് പിച്ചളവിലക്ക്  പഴയ ഫലകം തപ്പിയെടുത്ത് മൂശാരിയുടെ അടുക്കലെത്തിച്ചു. അച്ചടിയിലും പേരിലും വേണ്ടമാറ്റങ്ങളൊക്കെ വരുത്തി.തേച്ചു വെളുപ്പിച്ച് പൊതിയാക്കി. ഉരപ്പുരയില്‍ സൂക്ഷിച്ചു.

 അടുത്തപടിയായിട്ട് വിജയിക്ക് കൊടുക്കാനുള്ള സമ്മാന തുക കണ്ടെത്തലായിരുന്നു.  ഇന്‍ഡ്യയിലെ ഏറ്റവും വലിയബിസിനസ്സ് സ്ക്കൂളില്‍ പോലുംപഠിപ്പിക്കാത്ത ബിസിനസ്സ് തന്ത്രം പുറത്തെടുത്തപ്പോള്‍ ആര്‍.പി.യുടെ പഴയതന്ത്രം അതിനു മുന്നില്‍ തോറ്റു പോയി.

 ആദ്യത്തെ ദിവസം  സീരിയലു കച്ചവടക്കാരുടേതായിരുന്നു. പിറ്റെ ദിവസമാണ് പൈങ്കിളി വാരികക്കാരുടെ കൊട്ടേഷന്‍ പൊട്ടിച്ചത്.

അതിനടുത്ത ദിവസമായിരുന്നു സിനിമ വ്യവസായക്കാരുടെ ഊഴം.

കച്ചവടം പൊടിപൊടിച്ചു.

സമ്മാന ജേതാവുമായി ഒരു പരസ്പര ധാരണയിലെത്തി.കാഷ്പ്രൈസ് പത്തിലൊന്നാക്കി ചുരുക്കി. വലിയ മുടക്കു മുതലില്ലാതെ കിട്ടുന്ന പേരും പ്രശസ്തിയും മുന്‍ നിര്‍ത്തി കെ.റ്റി. ആര്‍.പി ജൂറി സമതി നിശ്ചയിച്ച എഴുത്തുകാരന് പഞ്ചായത്തു പ്രസിഡിന്‍റെയും സ്ഥലം എം.എല്‍.ഏയുടേയും അങ്ങനെ വ്യാകരണ തെറ്റില്‍ വാക്കുകളുടെ അര്‍ത്ഥം മാറ്റിയെടുക്കുന്ന പ്രമുഖരുടെ നിറഞ്ഞ സദസ്സില്‍ സമ്മാനദാനച്ചടങ്ങ് പ്രൌഢഗംഭീരമായി നടന്നു.

പിറ്റെന്ന് കുളംതപ്പി കെറ്റിയും ആശാന്‍ ആര്‍.പി.യും കൂടി  ലാഭ നഷ്ട ക്കണക്കെടുത്തു.

മുടക്കുമുതലും ചെലവും എല്ലാം കഴിഞ്ഞ്  മിച്ചം വന്നതുക മൂന്നില്‍ രണ്ടും മൂന്നിലൊന്നും ആയി ആശാനും ശിഷ്യനും തമ്മില്‍ പങ്കിട്ടെടുത്തു. അടുത്തവര്‍ഷം ഇതിലും ഗംഭീരമാക്കി വ്യവസായം പൊടി പൊടിക്കണമെന്ന്  ആര്‍.പി. പ്രഖ്യാപിച്ചപ്പോള്‍ എങ്ങനെ ആശാനെ തുരത്താം എന്നതായിരുന്ന കെറ്റിയുടെ

മനസ്സിലെ ചിന്ത.

പുതിയ വ്യവസായത്തിന്‍റെ വിപണന തന്ത്രം മനസ്സിലാക്കിയശിഷ്യനെ എങ്ങനെ ഒതുക്കാം എന്നതായിരുന്നു ആര്‍.പിയുടെ തലയില്‍.

ഇതൊന്നും അറിയാതെ രാവി‍ന്‍റെ നിശ്ശബ്ദതയില്‍ ഏകാന്തതയിലിരുന്ന്  പാവം എഴുത്തുകാരന്‍ അടുത്ത മത്സരത്തിലേക്ക് ഇതുവരെ എങ്ങും പ്രസിദ്ധീകരിക്കാത്ത പുതിയസൃഷ്ടിയുടെ വേദനയില്‍ ഞെരിപിരികൊള്ളുകയായിരുന്നു.

 

 

Saturday, May 30, 2015

ഗോളടിയ്ക്കാതെ ഫൌള്‍ ആകുന്നവര്‍





രാവിലെ എണീറ്റ് അടുക്കളയിലെത്തിയാല്‍ രേവതിയുടെ വിരലുകള്‍ അവള്‍ പോലുമറിയാതെയാണ് ഭിത്തിയിലെ റേഡിയോയുടെ സ്വിച്ചിലേയ്ക്ക്  അമരുന്നത്.
വര്‍ഷങ്ങളായുള്ള പതിവാണ്. വീടുവെച്ചപ്പോള്‍ ആകെ ആവശ്യപ്പെട്ടത് അടുക്കളയുടെ വലിപ്പവും പിന്നെ കറന്‍റു മുഖാന്തിരം പ്രവര്‍ത്തിക്കുന്ന റേഡിയോയ്ക്ക് ഒരു സ്വിച്ചും ആയിരുന്നു.
അതു രണ്ടും തന്‍റെ ഇഷ്ടത്തിനു കിട്ടിയതില്‍ അവള്‍ സന്തുഷ്ടയും ആയിരുന്നു.
ഭര്‍ത്താവും മക്കളും പോയിക്കഴിഞ്ഞാല്‍ അവളുടെ ആകെയുള്ള  കൂട്ട് ആ റേഡിയോയും ആയിരുന്നു. പഴയ സിനിമാഗാനങ്ങളും പഴയ കലാകാരന്മാരുടെ റെക്കാര്‍ഡുചെയ്ത ശബ്ദങ്ങളുടെ ഓര്‍മ്മച്ചെപ്പും  പ്രസിദ്ധരായ കഥാകാരന്മാരുടെ കഥകളും ഒക്കെ കേട്ട് രസിയ്ക്കുമ്പോള്‍ ചെറിയ ഒരു അടുക്കളത്തോട്ടമുള്ള അവള്‍ക്ക് കൃഷിപാഠത്തില്‍ കൂടി വിജ്ഞാനപ്രദമായ കൃഷിരീതികളും ഒക്കെ പകര്‍ന്നുകൊടുത്തിരുന്ന ആ പാട്ടുപെട്ടി അവള്‍ക്ക് ഒരു  പാട്ടുകേള്‍ക്കുന്ന യന്ത്രത്തിനേക്കാളുപരി ഒരു ജീവനുള്ള കൂട്ടുകാരനെപ്പോലെയാണ് അനുഭവപ്പെട്ടത്.
വീട്ടിലുള്ള അംഗങ്ങള്‍ അവരുടേതായലോകത്ത് വ്യാപരിക്കുമ്പോള്‍ രേവതിയോട് അവള്‍ക്കു വേണ്ടി മാത്രം സംസാരിക്കുന്ന ആ യന്ത്രംവിരസതയില്ലാതെ അടുക്കളപ്പണിചെയ്യുവാനുള്ള ഒരു പ്രൊമോട്ടറും കൂടിയായിരുന്നു.
ചായയ്ക്ക് കടുപ്പം കൂടിയാലും കൂട്ടാന് സ്വാദു കുറഞ്ഞാലും അരിയ്ക്ക് പാകത്തിനു വേവുകിട്ടിയില്ലേലും എല്ലാം ജീവനില്ലാത്ത ആ വസ്തു അടുക്കളയിലിരുന്ന് പ്രവര്‍ത്തിക്കുന്നതു കൊണ്ടാണെന്നുള്ള പഴിയും കേള്‍ക്കാറുണ്ട്.
 താന്‍ കേള്‍ക്കുന്ന പരിപാടിയുടെ അഭിപ്രായം  പറഞ്ഞ് ഒന്നു രസിക്കുവാന്‍ ആ വീട്ടിലാരേയും കിട്ടാത്തതും രേവതിയുടെ സ്വകാര്യദുഃഖങ്ങളിലൊന്നായിരുന്നു. മലക്കറിക്കാരി തങ്കി വീട്ടില്‍ വരുമ്പോള്‍  റേഡിയോയിലെ ഒരു പരിപാടിയും കേള്‍ക്കാത്ത തങ്കിയോട് അന്നു കേട്ട കഥയുടേയോ നിങ്ങളാവശ്യപ്പെട്ട ഗാനങ്ങളുടേയോ ഒക്കെ അഭിപ്രായം ചീരയും പച്ചമുളകും ഒക്കെ എടുത്തുവെയ്ക്കുമ്പോള്‍ പറയും.
ഉപഭോക്താവിന്‍റെ ശ്രദ്ധ തന്‍റെ വില്‍പ്പനച്ചരക്കില്‍ ഇല്ലെന്നു കാണുന്ന തങ്കി വളരെ ശ്രദ്ധയോടുകൂടി രേവതി പറയുന്നത് കേള്‍ക്കുന്നതായിട്ട് ഭാവിക്കുകയും മലക്കറിക്കുട്ടയിലെ ചീരയിലും പച്ചമുളകിലും ഒക്കെ തന്‍റെ വില്‍പ്പനതന്ത്രം വളരെ സമര്‍ത്ഥമായി പ്രയോഗിക്കുകയും ചെയ്യുന്നത് രേവതി അറിയുന്നില്ലായിരുന്നു.

അന്ന് ഒട്ടും പിടിച്ചു നില്‍ക്കാന്‍ പറ്റാഞ്ഞിട്ടാണ് ഒരുനല്ല കഥ കേട്ട സന്തോഷത്തില്‍ ഭര്‍ത്താവ്  തീപ്പെട്ടിയെടുക്കാന്‍അടുക്കളയിലേയ്ക്കു   കയറിവന്നപ്പോള്‍  ഇടിയപ്പം സേവനാഴിയിലേയ്ക്ക് പിഴിയുന്നതിനിടയില്‍ അവളാക്കഥയുടെ കാര്യംപറഞ്ഞത്.
തനിയ്ക്കിങ്ങനെ കഥയും കേട്ട് ഇവിടിരുന്നാല്‍ മതിയല്ലൊ എന്നൊരു പറച്ചില്‍ പറഞ്ഞ് പുറത്തോട്ടിറങ്ങിയ അയാളോട് പറയേണ്ടിയില്ലായിരുന്നെന്നും അന്നു തങ്കി വരുമ്പോള്‍ പറഞ്ഞാല്‍ മതിയായിരുന്നെന്നും അവള് വിചാരിച്ചു. തൊട്ടുപുറകേ എട്ടാംക്ലാസ്സില്‍ പഠിയ്ക്കുന്ന മോന്‍ വന്ന് അവന്‍റെ സ്ക്കൂള്‍ യൂണിഫോം തേയ്ക്കാന്‍ കയ്യില്‍ പിടിച്ചു വലിച്ചുകൊണ്ട് പോകുമ്പോള്‍   എവിടെയോ നടക്കുന്ന ഫുട്ബാള്‍ കളി ടീവീയില്‍ കണ്ടുരസിയ്ക്കുന്ന അച്ഛനോട് മോന്‍റെ ചോദ്യം.
ആരാഅച്ഛാ ഗോളടിച്ചത്.
ഇതുവരെയൊന്നും ആയില്ല.
തുടര്‍ന്ന് രേവതിയോട് .
ഈ അമ്മ ഇതൊന്നും കാണാത്തതെന്താ.
അപ്പോള്‍ മനസ്സു പറഞ്ഞു. മറുപടിയില്ലാത്ത രണ്ടു ഗോള്‍ അച്ഛനും മകനും കൂടി നേടിയിരിക്കുന്നു.
വീണ്ടും അടുക്കളയാകുന്ന കോര്‍ട്ടിലേയ്ക്കിറങ്ങുമ്പോള്‍
ഗോളടിയ്ക്കാതെ കളിക്കളത്തില്‍ മനഃപ്പൂര്‍വ്വം ഫൌള്‍ ആകുന്നവരും ഉണ്ടെന്ന് ഉച്ചത്തില്‍  വിളിച്ചുപറയുവാന്‍ തോന്നി. പക്ഷെ കളിക്കളത്തില്‍ നിന്നും ആജീവനാന്ത വിലക്കേര്‍ പ്പടുത്തി പുറത്താക്കിയാലോ എന്നു ഭയന്ന് മനസ്സില്‍ നിറഞ്ഞത് തൊണ്ടയില്‍ കുരുക്കി നിര്‍ത്തി.

Friday, February 20, 2015

നിങ്ങളുടെ ഉപദേശത്തിനുവേണ്ടി...... ഞാനിനി എന്തു ചെയ്യണം.



                                                                                

നിരന്തരമായി ഐറ്റി ജീവനക്കാരുടെ കഷ്ടപ്പാടുകള്‍ കേട്ടും അനുഭവിച്ചും പ്രത്യേകിച്ചും അവരുടെകുഞ്ഞുങ്ങളുടെ നിസ്സാഹായവസ്ഥ മനസ്സിലാക്കിയതുംകൊണ്ടാണ്  കുറച്ച് എഴുത്തും സാമൂഹ്യപ്രവര്‍ത്തനവുമായി നടന്ന ഞാന്‍ ഇതിലേക്ക് ഇറങ്ങിത്തിരിച്ചത്.  . സാമൂഹിക പ്രവര്‍ത്തനം എന്നു പറഞ്ഞു നടക്കുന്ന പലരേയും ഞാന്‍ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
എന്‍റെ ബന്ധുക്കളോ മക്കളോ ആരും  ഇപ്പോള്‍ ഐ.ടി.കമ്പനികളില്ല എന്നും എടുത്തുപറയട്ടെ.

മാതൃഭൂമി പത്രത്തില്‍ 30-5-2014ല്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ നിന്നായിരുന്നു തുടക്കം.
അതിന് വായനക്കാരുടെ നല്ലപ്രതികരണം ഉണ്ടാകുകയും അതും പേപ്പറില്‍ വരുകയും ചെയ്തു. അതില്‍ നിന്നു കിട്ടിയ ഊര്‍ജ്ജം മനുഷ്യാവകാശകമ്മീഷനില്‍ കൊടുക്കുവാന്‍ പ്രേരണയായി.
അവിടെനിന്നും എനിക്ക് അനുകൂലമായ ഒരു വിധി(16-7-2014) ലഭിക്കുകയും ചെയ്തു. കുറച്ചുനാള്‍ ആ തീര്‍പ്പിന് ഒരു നടപടിയും നടന്നില്ല. ആകാശവാണി പിന്നീട് മനോര ആഴ്ചപ്പതിപ്പ് കേരളകൌമുദി ആഴ്ചപ്പതിപ്പ്, ദേശാഭിമാനി പത്രം, കേരളകൌമുദി പത്രം, ജനയുഗം തുടങ്ങിയ പത്ര മാധ്യമങ്ങളും ,അമൃത ചാനല്‍, സൂര്യചാനല്‍,കൈരളി ടീവി തുടങ്ങിയ ദൃശ്യമാധ്യമങ്ങളും അതിന് വേണ്ട പബ്ളിസിറ്റി കൊടുത്തു.കൂടാതെ  സുഹൃത്തുക്കളും എല്ലാത്തിനും ഉപരിയായി വീട്ടില്‍ നിന്നും ഉള്ള പിന്‍തുണയും കിട്ടിയപ്പോള്‍ എനിക്ക്  ഇതിന്‍റെ പുറകേയുള്ള ഒരു അന്വേഷണത്തിന് ഉത്സാഹം കിട്ടി.
പിന്നീട് ഞാനും സമാന ചിന്താഗതിയുള്ള എന്‍റെ നാലു സുഹൃത്തുക്കളും ആയി മന്ത്രിയുടെയടുക്കല്‍ പോയി എല്ലാ വിവരങ്ങളും കാണിച്ച് ഒരു ഫയല്‍ ആക്കി 29 -10-2014 ല്‍ ഒരു നിവേദനം നല്‍കി.തൊഴില്‍ മന്ത്രി വ്യവസായവകുപ്പു മന്ത്രിയുമായി ആലോചിച്ച് വേണ്ടതു ചെയ്യാം എന്ന് ഉറപ്പു നല്‍കി.
നിയമസഭ കൂടിയപ്പോള്‍ ( DEC.18, 2014)1961ലെ ആക്റ്റ് അമെന്‍റു ചെയ്തു. അതില്‍  50  സ്ത്രീജീവനക്കാരില്‍ കൂടുതലുള്ള കമ്പനികളില്‍ ഹോസ്റ്റല്‍ സൌകര്യം ഉള്‍പ്പടെ  വേറെ കുറെ ആനുകൂല്യങ്ങളും കൊടുക്കണമെന്ന് നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്. 
ലേബര്‍ കമ്മീഷണര്‍ 1961ലെ മെറ്റേണിറ്റി ബനഫിറ്റ് ആക്ടിലെ ചട്ടം ഭേദഗതിചെയ്തു. അതില്‍ പറഞ്ഞിരിക്കുന്നതുപ്രകാരം കുഞ്ഞുങ്ങളെ കമ്പനിയുടെ അകത്ത് പരിരക്ഷിക്കാനുള്ളക്രഷ് കൂടാതെ എല്ലാകമ്പനികളിലും വിശ്രമമുറി,ടോയിലറ്റു സൌകര്യം. ഇത്രയും എത്രയുംപെട്ടെന്ന് നിലവില്‍ വരും എന്നറിഞ്ഞു (വിവരാവകാശപ്രകാരം കിട്ടിയ മറുപടി.). ഇതു കൂടാതെ ഇവര്‍ക്കും കൂടി ആറുമാസം പ്രസവാവധികൊടുക്കാനുള്ള ഒരു പ്രൊപ്പോസലും ലേബര്‍ കമ്മീഷണറുടെ ഓഫീസില്‍ നിന്നും മന്ത്രിക്ക് അയച്ചു.
കേന്ദ്രത്തില്‍ മനേകാ ഗാന്ധിക്കും ഇതു കാണിച്ച് ഒരു മെയില്‍നവംമ്പര്‍ രണ്ടിന്(2014) അയച്ചിട്ടുണ്ട്. കൂടാതെ കേന്ദ്ര തൊഴില്‍ വകുപ്പു മന്ത്രിക്കും ഇവിടെ വന്നപ്പോള്‍ ഒരു നിവേദനം  30-12-2014 കൊടുത്തിട്ടുണ്ട്.
 ഇതനുസരിച്ച് കേരളത്തിലെ കടകളില്‍ നില്‍ക്കുന്ന സ്തീജീവനക്കാര്‍ക്കും ആനുകൂല്യം ലഭിക്കും എന്നു പറയട്ടെ. എന്തെന്നാല്‍   ഐറ്റി ജീവനക്കാര്‍ക്ക് shops and establishment act പ്രകാരമുള്ള നിയമമാണ്. അത് കടകള്‍ക്കും ബാധകമാണ്.

1961ലെ പ്രസവാനുകൂല്യ നിയമപ്രകാരം അതില്‍ പല്ല നല്ല വകുപ്പുകളും ഉണ്ട്. ഏറ്റവും പ്രധാനമായിട്ടുള്ളത് അതിന്‍റെ 11-)ം വകുപ്പാണ്. അതു പ്രകാരം സാധാരണ വിശ്രമ സമയം കൂടാതെ രണ്ടു നേഴ്സിംഗ് ബ്രേക്കുകൂടി കൊടുക്കണമെന്നു പറഞ്ഞിട്ടുണ്ട്. അത് കുഞ്ഞിനെ മുലയൂട്ടാനുള്ള അവസരമാണ്.  സര്‍ക്കാര്‍ കമ്പനിയില്‍ ഇതേ നിയമപ്രകാരം  പ്രസവാനുകൂല്യം ലഭിച്ച എനിയ്ക്ക് അതുപ്രകാരം ക്രഷ് കമ്പനിയ്ക്കുള്ളില്‍ ലഭിയ്ക്കുകയും എന്നെപ്പോലെയുള്ള മറ്റു സ്ത്രീകളും കുഞ്ഞിനെ ക്രഷില്‍ കൊണ്ടു വന്ന് ആയമാരുടെ സഹായത്തോടുകൂടി വളര്‍ത്തി എടുത്തതും കൊണ്ടാണ് ഇത് സൌജന്യമായി അവര്‍ക്ക് കിട്ടേണ്ട അവകാശമാണ് എന്നു ഞാന്‍ വാദിച്ചത്.  
എന്തായാലും ഇതുവരെ ചട്ടം ഭേദഗതിയും ആക്‍റ്റ് അമെന്‍റുചെയ്തതും ഒന്നും ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ല എന്നു തന്നെയല്ല ടെക്‍നോപാര്‍ക്കിലെ ഏറ്റവും ടോപ്പ് ലവലില്‍ നില്‍ക്കുന്ന  വളരെ കുറച്ച് പെണ്ണുങ്ങളുടെ ഒരു ക്ലബ്ബിന്‍റെ ലേബലില്‍ കുടുംബശ്രീയുമായിചേര്‍ന്ന് ഒരു കുഞ്ഞിന് മാസം5000രൂപ ഫീസും വാങ്ങി ഈമാസം അവസാനം20 കുഞ്ഞുങ്ങളെ നോക്കാനുള്ള സൌകര്യവുമായി അവിടെ ഒരു ക്രഷ് വരുന്നു എന്ന് എല്ലാ പേപ്പറിലും വാര്‍ത്തയുണ്ടായിരുന്നു. അതും കൂടുതല്‍  കുഞ്ഞുങ്ങള്‍ ഉള്ളതുകൊണ്ട് നറുക്കിട്ടാണ് എടുക്കുന്നതെന്ന് അറിഞ്ഞത്. ഇത് ലേബര്‍ ഓഫീസില്‍ എന്‍ ഫോര്‍സുമെന്‍റ് വിഭാഗത്തില്‍ പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞത് ഗസറ്റില്‍ വരട്ടെ വന്നു കഴിയുമ്പോള്‍ നിയമമാകുമല്ലൊ അപ്പോള്‍ നമുക്കെന്തെങ്കിലും ചെയ്യാം. എന്നൊക്കെയാണ്.
19-02-2015 ല്‍ ഞാന്‍ വീണ്ടും മന്ത്രിയെക്കണ്ട് ഇതിനുവേണ്ട നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഇപ്പോള്‍ അത്യാവശ്യമായി ചെയ്യാനുള്ളത്.
1. ടെക്‍നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക് മറ്റുള്ള ഐ.റ്റി കമ്പനികളിലെ CEO യെ കണ്ട് ക്രഷ് സൌജന്യമാക്കുക. അത് അവരുടെ അവകാശമാണെന്നു പറയുക.
2. എത്ര കുഞ്ഞുങ്ങളുണ്ടോ അത്രയും പേര്‍ക്ക് ക്രഷ് സൌകര്യം കൊടുക്കുകയും അവരുടെ അമ്മമാര്‍ക്ക് അവരെചെന്ന് നോക്കി .നേഴ്സിംഗ് ബ്രേക്കില്‍ പരിപാലിയ്ക്കാനുള്ള സൌകര്യവും കൊടുക്കുക.

3.ഇവിടെ ചട്ടം ഭേദഗതി ചെയ്തതും ആക്റ്റ് അമെന്‍റുചെയ്തതും സ്ത്രീകളുടേയും പിഞ്ചുകുഞ്ഞുങ്ങളുടേയും കാര്യമായതിനാല്‍ കാലതാമസം കൂടാതെ യുദ്ധകാലടിസ്ഥാനത്തില്‍ നടപ്പാക്കാനും ലേബര്‍ എന്‍ ഫോര്‍സ് മെന്‍റ് വിഭാഗം പോയി ഐറ്റി കമ്പനികളില്‍ പരിശോധന നടത്തുക.( ഇപ്പോള്‍  അവരെങ്ങും ചെല്ലുന്നില്ലയെന്നാണ് എനിയ്ക്കു കിട്ടിയഅറിവ്..)
4. ആറുമാസം പ്രസവാവധികൊടുക്കുവാന്‍ ലേബര്‍ കമ്മീഷണര്‍ അയച്ച പ്രൊപ്പോസല്‍, സര്‍ക്കാരില്‍ നിന്നും റെക്കമെന്‍റു ചെയ്ത് 5-2-2015 തിങ്കളാഴ്ചത്തെ തപാലില്‍,(NO-- 31592 / E3 / 2014 / LBR ,DATE-- 29/1/2015 ) , secretary to govt of India ,ministry of labour and employment ലേക്ക് അയച്ചു എന്നാണ് തൊഴില്‍ വകുപ്പില്‍ നിന്നും പറഞ്ഞത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒരുപാടുപ്രാധാന്യം കൊടുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ MNCയുടെ ഭാഗത്തു നില്‍ക്കാതെ  ഇത് എത്രയും പെട്ടെന്ന് നടപ്പിലാക്കാനുള്ള ശ്രമം നടത്തുക.

Tuesday, November 11, 2014

കാണാമറയത്ത് കരുക്കള്‍ നീക്കുന്നവര്‍







      അകലെയുള്ള നിയന്ത്രണ മുറിയിലിരുന്ന്  കൈകാര്യം ചെയ്യാവുന്ന സംവിധാനത്തോടുകൂടിയ  മുറിയുടെ വാതിലുകള്‍ . പുറത്ത് മുറിയോടുചര്‍ന്നു്  മൂന്ന് കമ്പിവലകളാല്‍ സുരക്ഷിതമാക്കപ്പെട്ടിരിക്കുന്ന വിസ്താരം കുറഞ്ഞ ചെറിയ മുറ്റം . നടുക്കുള്ള കമ്പിവലയില്‍ കൂടി എപ്പോഴും വൈദ്യുതി പ്രവഹിച്ചു കൊണ്ടിരിക്കും.. മുറിയോടുചേര്‍ന്ന് വായനയ്ക്കും പഠനത്തിനും ഉള്ള പുസ്തകങ്ങളുടെ ഒരു നിര. പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സംവിധാനവും മുറിയോടു ചേര്‍ന്നുണ്ട്.
സൂപ്പര്‍മാക്‍സ് ഫെസിലിറ്റിയുള്ള       കൊളറോഡയിലെ    എ.ഡി .എക്‍സ്. ഫ്ലോറന്‍സ്. ജയിലിലെ  ഹോട്ട് ബോക്സ് എന്ന ഓമനപ്പേരിനാല്‍ അറിയപ്പെടുന്ന തടവുമുറി.
തടവുകാരില്‍ ഏറ്റവും അപകടകാരികളായവര്‍ക്ക് ഏര്‍പ്പെടുത്തുന്ന  സംവിധാനമാണ് സൂപ്പര്‍ മാക്സ് പ്രിസണ്‍ ഫെസിലിറ്റി.
ഇരുപത്തിനാലു മണിക്കൂറില്‍ ഒന്നര മണിക്കൂര്‍ പുറത്തെ  കമ്പിവേലിക്കുള്ളിലേക്ക്  ഇറങ്ങാന്‍ അകലെ നിയന്ത്രണമുറിയിലിരുന്ന് കതകു തുറന്നു കൊടുക്കും. കൂട്ടിനകത്തുള്ള വന്യജീവിയെ  നിരീക്ഷിച്ചുകൊണ്ട് എല്ലാ കോണുകളിലും തോക്കുധാരികളായ ജയില്‍ ഉദ്യോഗസ്ഥര്‍ കൂടാതെ നിയന്ത്രണമുറിയില്‍ കൂടി ക്യാമറ നിരീക്ഷണവും.
.ഹഡ്സണ്‍ നദിക്കരയിലുള്ള സിംഗ്സിംഗ് ജയിലില്‍ നിന്നും ലവല്‍ അഞ്ചിലുള്ള ഈ ജയിലിലക്ക് മാറ്റിയത്  കൂടുതല്‍ സുരക്ഷിതമാകാനാണ്. ഡെത്ത് റോയില്‍ കിടക്കുന്ന അതീവ അപകടകാരിയായ കുറ്റവാളി.

  ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമെന്ന് അവകാശപ്പെടുന്ന അമേരിക്കയിലെ ഒരുഏകാംഗതടവുകാരന്‍റെ മുറിയിലിരുന്ന് വികസ്വര രാജ്യത്തിന്‍റെ ഇങ്ങേയറ്റത്തുള്ള ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ പറകൊട്ടി പാട്ടുകാരനായിരുന്ന കുട്ടന്‍ വേലന്‍റെ മകന്‍ കൊച്ചു നാരായണന്‍ എന്ന ഡോക്ടര്‍ കെ.കെ നാരായണ്‍   ഇന്നലെകളിലെ വഴിത്താരയിലൂടെ    ജീവിതത്തിനെ നോക്കി കാണുകയായിരുന്നു.

വീടു വീടാന്തരം കയറിയിറങ്ങി നാവു ദോഷവും കണ്ണുദോഷവും ശത്രുദോഷവും പറകൊട്ടിയകറ്റിയ കുട്ടന്‍ വേലന്‍റെ മകന്‍ കൊച്ചു നാരായണന് പൂര്‍വ്വികരുടെ  ഒടി വിദ്യ പഠിച്ചെടുക്കാഞ്ഞ ദുഃഖം ഇപ്പോഴാണ് അനുഭവപ്പെട്ടത്.
കുട്ടിയായിരിക്കുമ്പോള്‍  അത്ഭുതം കൂറിയ കണ്ണുകളുമായി മുറ്റത്തെ ഇലഞ്ഞിമരച്ചുവട്ടില്‍ അച്ഛമ്മ പറഞ്ഞ ഒടിയന്മാരുടെ കഥകള്‍ കേട്ടിരിക്കുമ്പോള്‍ ഇങ്ങനെയൊരു ദുരന്തം ഭാവിയില്‍ തന്നെ തേടിയെത്തുമെന്ന് ഒരിയ്ക്കലും വിചാരിച്ചിരുന്നില്ല. കൂത്താടി വേലന്‍റെ മകന്‍ കൂത്താടിയായി പറകൊട്ടി പാട്ടുകാരനായി  നാട്ടാരുടെ   നാവു ദോഷവും ശത്രുദോഷവും മാറ്റി നടക്കേണ്ടവനാകുമ്പോള്‍ ഒടിയനായി അപ്രത്യക്ഷനാകേണ്ട കാര്യമില്ലല്ലൊ.
 വിധി മറിച്ചാണു നിശ്ചയിച്ചത്.
ശാസ്ത്രത്തിന്‍റെ  ഏറ്റവും ആധുനികശാഖയായ  ജെനറ്റിക്‍എഞ്ചിനീയറിംഗിലെ  ഗവേഷണ പ്രമുഖനായിരുന്നിട്ടുംതാന്‍ രക്ഷപ്പെടാനുള്ള പഴുതിനുവേണ്ടി പൂര്‍വ്വികരുടെ മന്ത്രവിദ്യയിലും മായ വിദ്യയിലും ഒരു നിമിഷം മുങ്ങിതാന്നു. വെള്ളം കുടിച്ചു ചാകാന്‍ കൈകാലിട്ടടിയ്ക്കുന്നവന്‍ കച്ചി തുരുമ്പില്‍ പിടിക്കുന്നതുപോലെ....
ഇല്ല. തനിയ്ക്കിവിടുന്ന് രക്ഷപ്പെടാനാകില്ല...മനസ്സ് മസ്തിഷ്ക്കത്തോട് ഉറപ്പിച്ചു പറഞ്ഞു.
താനത്രയ്ക്ക വലിയ കുറ്റമാണോ ചെയ്തത്.?   അല്ല ഒരിയ്ക്കലുമല്ല .താന്‍ ചെയ്തതാണ് ശരി..അതുമാത്രമാണ് ശരി.
    ജെനിറ്റിക്‍ എഞ്ചിനീയറിംഗിലുള്ള അടങ്ങാത്ത ആവേശമാണല്ലൊ തന്നെ  ഇവിടെവരെയെത്തിച്ചത്.
 ഉത്പത്തിയെ സംബന്ധിച്ച ആദ്യത്തെ സംശയം തന്നില്‍ നിന്നു തന്നെയാണ് തുടങ്ങിയത്.

കറുത്ത വേലന്‍റെയും കറുത്തവേലത്തിയുടേയും മൂത്തമകന്‍ നാരായണന്‍ വെളുത്തതും ഇളയമകന്‍
കണ്ണന്‍ കറുത്തതും. അതില്‍ നിന്നായിരുന്നു തുടക്കം. എല്ലാം തിരിച്ചറിവായി തുടങ്ങിയ കാലത്ത് വേലകിടാത്തന്‍റെ മനസ്സില്‍ പൊട്ടിമുളച്ച ആദ്യത്തെ സംശയം. അതിന്‍റെ ഉത്തരം തെരയുകയാണ്ആദ്യംചെയ്തത്.   എല്ലാ  സംശയങ്ങളും ചോദിക്കുന്നതുപോലെ   അച്ഛമ്മയോടും അമ്മമ്മയോടും  അമ്മയോടുംഒക്കെയാണ്  മനസ്സില്‍ കുരുത്ത സംശയത്തിന് ഉത്തരം തേടിയത്.. പറകൊട്ടുന്ന കോലിട്ട് അച്ഛന്‍ തന്ന അടിയും അമ്മയുടെ  പരുഷം പറച്ചിലും കൂടിയായപ്പോള്‍ സംശയങ്ങളെല്ലാം ഇലഞ്ഞിമരച്ചുവട്ടില്‍ കുഴിച്ചിട്ട കുഴിപ്പാറപോലെ മനസ്സിലൊരിടത്ത് കുഴിച്ചിട്ടു.

സ്ലേറ്റും  കല്ലു പെന്‍സിലുമായി സര്‍ക്കാരു സ്ക്കൂളിലെ പടിയ്ക്കലെത്തുന്നതുവരെ വഴിയില്‍ കാണുന്നതെന്തും കൌതുകമായി തോന്നിയ നാരായണന്‍റെ മനസ്സെപ്പോഴും  പ്രകൃതിയിലലിഞ്ഞു നടക്കുകയായിരുന്നു.
കണ്ണില്‍ പെടുന്നതെല്ലാം.... പൂവും പുല്‍ച്ചാടിയും  മരവും   മരംചാടിയും... എല്ലാത്തിന്‍റെയും ജനിതക  രഹസ്യം അറിയാനുള്ള  അടങ്ങാത്ത ആകാംക്ഷ അവനോടൊപ്പം വളര്‍ന്നു വന്നു.

കറുത്ത വേലനും കറുത്ത വേലത്തിക്കും ജനിച്ച വെളുത്ത കുഞ്ഞിന്‍റെ  ജനിതക രഹസ്യം കണ്ടെടുക്കാന്‍   വര്‍ഷങ്ങള്‍ വേണ്ടി വന്നു.

ഭഗവാന്‍റെ തിരുസന്നിധിയില്‍ ഓത്തും മുറോത്തും പാടാന്‍ ചെന്ന കൂത്താടികള്‍. മുറോത്തു പാടിയ വേലത്തിയോട് ഏതോ തമ്പ്രാനു തോന്നിയ കമ്പം. പാണതൂപ്പില്‍  ഓതിയാല്‍ തീരാത്ത ശത്രുദോഷമായി വേലത്തിയുടെ വയറ്റില്‍ കുരുത്ത  കുഞ്ഞ് പാണപ്പഴം പോലെ ആരെയും മോഹിപ്പിച്ചു.
   
വേലനും വേലത്തിയും നാട്ടാരുടെദോഷങ്ങളകറ്റി അരപ്പട്ടിണയും മുഴുപ്പട്ടിണിയുമായി മണ്‍മറഞ്ഞു.
കൂടെപ്പിറപ്പ് അച്ഛന്‍റെ തൊഴിലേറ്റെടുത്തു.
എല്ലാ ക്ലാസ്സിലും ഒന്നാമനായ  വേലന്‍ കൊച്ചുനാരായണന്‍.
 പഠിത്തത്തിലുള്ള കഴിവുകണ്ടാണ്  ക്ഷേത്രദര്‍ശനത്തിനു വന്ന ഒരു വല്യമ്പ്രാന്‍ പഠിപ്പിക്കാനുള്ള ചുമതലയേറ്റെടുത്തത് അതോ മുറോത്തുശിലുകള്‍ മനസ്സില്‍  മായാതെ കിടന്നിട്ടോ....
 മനസ്സിലെ അത്ഭുതം.... പ്രകൃതിയുടെ രഹസ്യം.... ജീവന്‍റെ രഹസ്യം, ചെടിയുടേയും മരങ്ങളുടേയും രഹസ്യം...,ജീനുകളുടെ  രഹസ്യം അറിയാനാണ് ജനറ്റിക്‍ എഞ്ചിനീയറിംഗിലേയ്ക്ക് തിരിഞ്ഞത്.
പന്ത്രണ്ടാം ക്ലാസ്സിലും   പ്രവേശന പരീക്ഷയിലും  തിളക്കമാര്‍ന്ന വിജയം    കരസ്ഥമാക്കിയ നാരായണന് ഐ.ഐ.റ്റി ഖരക്ക്പൂരില്‍ ഇഷ്ടവിഷയമായ ജനറ്റിക്‍ എന്‍ജിനീയറിംഗ് കിട്ടാന്‍ ഒരു പ്രയാസവും നേരിടേണ്ടി വന്നില്ല. അങ്ങനെ പറകൊട്ടി പാടി നടക്കേണ്ടവേലച്ചെറുക്കന്‍ ജനിതക രഹസ്യം തേടിയുള്ള യാത്രയിലായത് നാട്ടുകാരെയെല്ലാം അത്ഭുതപ്പെടുത്തി.
 അവസാന വര്‍ഷ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ വന്ന ബഹുരാഷ്ട്ര കമ്പനിയായ സിഗ്മാ
കോര്‍പ്പറേഷന്‍റെ ഗവേഷണ വിഭാഗത്തിലേക്ക് തിരഞ്ഞെടുത്ത നാരായണന് പിന്നീടുള്ള ഓരോ ചുവടു വെയ്പും നേട്ടത്തിന്‍റേതായിരന്നു. നാല്‍പ്പതു രാജ്യങ്ങളില്‍ ശാഖകളുള്ള  കമ്പനിയുടെ
ഗവേഷണ ലാബില്‍ കോശങ്ങളുടെയും ജീനുകളുടേയും ലോകത്ത് ചെലവിട്ട രാവുകളും പകലുകളും.
 ജീവന്‍റെ മാന്ത്രികകൊട്ടാരം കണ്ട് വിസ്മയപ്പെട്ട പകലുകളും രാത്രികളും.  ഒറ്റ കോശ ജീവി തൊട്ട് ഏകദേശം മൂന്നൂറുകോടി കോശങ്ങളുടെ ഉടമയായ മനുഷ്യന്‍റെ വരെ കോശ രഹസ്യം. അറിഞ്ഞ്  അത്ഭുതം പൂണ്ട നിമിഷങ്ങള്‍!  കോശത്തിന്‍റെ ഉത്തരവു കേന്ദ്രമായ ന്യുക്ലിയസ്സിന്‍റെകത്ത് അതി സൂഷ്മതയോടെ  പൈതൃകം സൂക്ഷിച്ചു കുറിച്ചു വെച്ചിരിക്കുന്ന ക്രോമോ സോമുകള്‍ . എത്ര സൂഷ്മതയോടെ അടുത്ത തലമുറകളിലേയ്ക്കു കൈമാറുവാനുള്ള രേഖകള്‍ പ്രകൃതി ഭദ്രമായി  കരുതി വെച്ചിരിക്കുന്നു.....
നാരായമുനയാല്‍ എഴുത്തോലയില്‍ പൂര്‍വ്വികര്‍ എഴുതിവെച്ചിരുന്ന പുരാരേഖകളേപ്പോലെ സുരക്ഷിതമായി !
 പരീക്ഷണശാലയിലെ  സൂക്ഷ്മദര്‍ശിനിയില്‍  കണ്ണുനട്ട്   പരീക്ഷണം നടത്തി കിട്ടുന്ന  ഓരോ കണ്ടെത്തലുകളില്‍ നിന്നും ഗവേഷണ വിദ്യാര്‍ത്ഥിയുടെ കഴിവുകള്‍ മനസ്സിലാക്കിയകമ്പനി
പ്രോത്സാഹനമായി  കണക്കില്ലാതെ നല്‍കിക്കൊണ്ടിരുന്ന ഡോളറുകള്‍.
ഗവേഷണത്തിനുള്ള പ്രബന്ധം അവതരിപ്പിച്ച്  ഡോക്ടറേറ്റ് നേടിയതിനൊപ്പം  വാരിക്കൂട്ടിയ അവാര്‍ഡുകളും അംഗീകാരങ്ങളും. അമേരിക്കന്‍ നാഷണല്‍ ഫൌണ്ടേഷനലില്‍ നിന്നും നാലു ലക്ഷം യു.എസ്സ്. ഡോളറിന്‍റെ കരിയര്‍ അവാര്‍ഡു ലഭിച്ച ആദ്യത്തെ മലയാളി.
കിട്ടിയ അവാര്‍ഡു തുകയെല്ലാം നാട്ടില്‍ പാവപ്പെട്ട നാട്ടിന്‍പുറത്തുകാരുടെ സാമൂഹിക വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ചെലവാക്കിയപ്പോള്‍ വേലക്കിടാത്തന്‍റെ വെന്തു നീറിയ  മനസ്സില്‍ മകരക്കുളിരിലെ  തണുത്ത കാറ്റിന്‍റെ തലോടലേറ്റുവാങ്ങുകയായിരുന്നു.
ആദ്യമാദ്യം കമ്പനിയുടെ ആവശ്യം അനുസരിച്ച് ജീന്‍ തെറാപ്പി പ്രകാരം  മരുന്നുകള്‍ ഉണ്ടാക്കിയെടുക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കലായിരുന്നു .

പിന്നീട് ഗവേഷണത്തിന്‍റെഗതിമാറി. അതിനു കൂട്ടു നില്‍ക്കുവാന്‍ വിസമ്മതം പറഞ്ഞപ്പോളാണ് രക്ഷപ്പെടാനാകാത്ത  കെണിയിലാണ് അകപ്പെട്ടിരിക്കുന്നതെന്നു മനസ്സിലായത്.

പറകൊട്ടി പാടി നടക്കുന്നവേലന്  ശബ്ദം നഷ്ടപ്പെടുമ്പോളുണ്ടാകുന്ന  മാനസികാവസ്ഥ.

 രോഗമില്ലാതെ മരുന്നുണ്ടാക്കി. മരുന്നു ചെലവാകാന്‍ രോഗം ഉണ്ടാകണമല്ലൊ.അങ്ങനെയാണു പിന്നെ രോഗം വിതയ്ക്കുവാന്‍ ജീന്‍ തെറാപ്പിയെ അടിസ്ഥാനപ്പെടുത്തി പുതിയപുതിയ വൈറസിനെ സൃഷ്ടിച്ചെടുക്കുവാന്‍ നിര്‍ബന്ധിതനായത്.
കമ്പനിയുടെ  ഏജന്‍സികള്‍ ഭരണസംവിധാനത്തിന്‍റെ ഒത്താശയോടെ  ലോകത്താകമാനമുള്ള വികസ്വര രാജ്യങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള  പുതിയ ബിസിനസ്സ് തന്ത്രം.

വികസ്വര രാജ്യങ്ങളിലെ ആദിവാസികളേയും ഗ്രാമീണരേയും കുട്ടികളേയും ഗിനിപ്പന്നികളാക്കി പരീക്ഷണം വിജയകരമാക്കുന്നതിന്‍റെ പിന്നില്‍ ഫെഡറല്‍ സര്‍ക്കാരിന്‍റെ ഒത്താശയും മരുന്നു കമ്പനിയ്ക്ക് ലഭിക്കുന്നുണ്ടെന്നുള്ള വിവരം കൂടെയുള്ള നീഗ്രോ സഹപ്രവര്‍ത്തകയാണ് ചോര്‍ത്തി തന്നത്. എമെല്‍ഡാ. അവളായിരുന്നു ആകെ ആശ്വാസവും.
മനസ്സ് കുറ്റ ബോധത്താല്‍ ആടി ഉലഞ്ഞു.. എപ്പോള്‍ വേണമെങ്കിലും പായ്മരം പൊട്ടിനടുക്കടലിലകപ്പെടുമെന്നുള്ള പായ്ക്കപ്പലിന്‍റെ  അവസ്ഥ. എങ്ങനേയും രക്ഷപ്പെടണമെന്നുള്ള ചിന്ത മനസ്സില്‍ വേരുറച്ചു.  ഇലഞ്ഞിമരച്ചുവട്ടില്‍ കുഴിച്ചിട്ട കുഴിപ്പാറ കിളിര്‍ത്തുവരാന്‍ കുട്ടിക്കാലത്ത് കാത്തിരുന്നതുപോലെ വൃഥാ കാത്തിരുന്നു .
സൂക്ഷ്മദര്‍ശിനിയുടെ കണ്ണുകളില്‍ കൂടി നോക്കി കണ്ടെത്തിയ കോശഘടനപോലെ....
എമെള്‍ഡായുടെ മനസ്സില്‍ പ്രതിഷ്ഠിച്ച രൂപം തന്‍റേതാണെന്നു കണ്ടെത്തിയപ്പോള്‍
ഇടയ്ക്കു കിട്ടുന്ന വിശ്രമവേളകള്‍  അവളോട്  മനസ്സിന്‍റെ പിരിമുറുക്കം പങ്കുവെച്ചു. എമെള്‍ഡാ തന്ന ധൈര്യത്തില്‍ പിടിച്ചു നിന്നു.
പരീക്ഷണശാലയില്‍ നിന്നും ലഭിയ്ക്കാത്ത പാഠം....എത്ര വലിയ ഗവേഷകനും മനസ്സു പങ്കുവെയ്ക്കാനാളില്ലെങ്കില്‍ വേരറ്റമഹാവൃക്ഷം കടപുഴകിവീഴുംപോലെ വീഴുമെന്നുള്ള  അവസാന പാഠവും പഠിച്ചു.
കണ്ടുപിടിത്തങ്ങളുടെ രേഖകള്‍ അപ്പോഴപ്പോള്‍ തന്നെ തന്നില്‍ നിന്നും മാറ്റിക്കൊണ്ടിരുന്നു. ഓരോ കണ്ടു പിടിത്തം കഴിയുമ്പോഴും  തനിയ്ക്കു തന്നിരുന്ന ലാബിലെ ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളായ യുസ്ബിയും മൊബൈലും വരെ മാറ്റിക്കൊണ്ടിരുന്നു.
പുതിയ പ്രോജക്റ്റു തരുമ്പോള്‍  അത്യന്താധുനിക സൌകര്യമുള്ള ലാബില്‍ സ്വന്തം മസ്തിഷ്കത്തിന്‍റെ മെമ്മെറി വരെ അനലൈസ് ചെയ്ത് രഹസ്യങ്ങളില്ല എന്ന് ഉറപ്പു വരുത്തി ! ലാബില്‍ നിന്നു വെളിയിലേയ്ക്കിറങ്ങുമ്പോഴും എല്ലാവിധമായ  കര്‍ക്കശമായ പരിശോധനകളും.

അടുത്ത പ്രോജക്‍റ്റ് കൈമാറുന്നതിനു മുന്‍പായി എമെള്‍ഡ ആ ഞെട്ടിപ്പിക്കുന്ന രഹസ്യംതന്നോടു പറഞ്ഞു. ഇന്‍ഡ്യയിലെ ഗ്രാമീണരെ പ്രത്യേകിച്ചും കേരളീയരെ  ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് അതെന്ന്.   ജനിതക പ്രക്രിയയുടെ താളക്രമം തെറ്റിക്കാനായി തന്നെക്കൊണ്ടുതന്നെപരീക്ഷണങ്ങള്‍ നടത്തി വികസിപ്പിച്ചെടുത്ത പുതിയ വൈറസ്.
ഏതു കാലാവസ്ഥയും തരണം ചെയ്ത് ലോകത്തിന്‍റെ മുക്കിലും മൂലയിലും ദേശാടനപ്പക്ഷികളെപ്പോലെ എത്തപ്പെടുന്ന  കേരളീയന്‍റെ  ജനിതക പ്രക്രിയയില്‍ വിസ്മയം പൂണ്ട് അതിനെ താളം തെറ്റിക്കാനുള്ള   പരീക്ഷണം.
വൈറസിനെ പ്രതിരോധിക്കാനുള്ള മരുന്നും ഗവേഷണം നടത്തി കണ്ടുപിടിച്ചു കഴിഞ്ഞു.
തന്‍റെ തന്നെ പേരിനെ ലോഭിപ്പിച്ച് പേരുകൊടുത്തു.നയേന്‍ .  നയേന്‍ വൈറസിനെ വിതയ്ക്കാനായി കണ്ടു പിടിച്ച പ്രദേശം. താന്‍ പൂത്തുമ്പിയേയും പുല്‍ച്ചാടിയേയും ഓലേഞ്ഞാലി പക്ഷിയേയും  ഓമനിച്ചു നടന്ന തന്‍റെ  കൊച്ചു ഗ്രാമം തന്നെ. തന്‍റെ അമ്മമ്മയും അച്ഛമ്മയും  ജീവിച്ചു മരിച്ച മണ്ണ്. നാവു ദോഷവും കണ്ണുദോഷവും ശത്രു ദോഷവും പറകൊട്ടിയകറ്റിയ തന്‍റെ അച്ഛന്‍റെ ശബ്ദ വീചികള്‍  അന്തരീക്ഷത്തില്‍ അലയടിച്ച നാട്. എല്ലാത്തിനും ഉപരിയായി പന്ത്രണ്ടു കളഭവവും പള്ളിപ്പാനയും  ഏറ്റ് നാടിനെ കാത്തു രക്ഷിക്കുന്ന ഭഗവാന്‍ പള്ളികൊള്ളുന്ന നാട്.

ദൌത്യംനിറവേറ്റാനായി തന്നെ തന്നെയാണ് നിയോഗിച്ചത്. പ്രതിഫലമോ കോടിക്കണക്കിനു ഡോളറും. അമേരിക്കന്‍ പൌരത്വം എടുത്ത ഡോ.കെ.കെ. നാരായണന്  പ്രത്യേകിച്ച്  ഇന്‍ഡ്യന്‍ ഗ്രാമത്തിനോട് പ്രതിപത്തി തോന്നേണ്ട ഒരു കാര്യവും ഉണ്ടെന്ന് സിഗ്മാ കോര്‍പ്പറേഷനെന്ന ബഹുരാഷ്ട്ര കമ്പനി സംശയിച്ചില്ല. പൈസയ്ക്കു വേണ്ടി എന്തും ചെയ്യുമെന്നു  ധരിച്ചിരിക്കുന്ന ദരിദ്ര നാരായണന്‍മാരുടെ നാട്ടില്‍ നിന്നു വന്ന  കീഴാളന് കോടികളുടെ ഡോളര്‍ പ്രതിഫലമായി കിട്ടുമ്പോള്‍ പെറ്റ നാടിനെ ഒറ്റിക്കൊടുക്കുന്ന യൂദാസ്സായി മാറുമെന്നു വിചാരിച്ച കമ്പനി മേലധികാരികള്‍.
ഓരോ തിരമാലയുടെ പിന്നിലുംസമുദ്രത്തിന്‍റെ സമ്പൂര്‍ണ സാന്നിധ്യമുണ്ടെന്നു പറഞ്ഞ സ്വാമി വിവേകാനന്ദന്‍റെ  വാക്കുകള്‍ കാതില്‍ മുഴങ്ങി.
ജന്മ സിദ്ധമായ ഒരു സംസ്കൃതിയുടെ ഉടമയായ താന്‍...മഹത്തായ വംശ പരമ്പരകളുടെ ഒരു കണ്ണിയാണെന്ന്  ഉറക്കെ വിളിച്ചു പറയാന്‍ തോന്നി..
നാടിന്  ദോഷം ചെയ്ത മകന്‍റെ മയ്യത്തു കാണാന്‍ പോലും  കൂട്ടാക്കാത്ത പെറ്റമ്മമാരുടെ ദേശസ്നേഹത്തിന്‍റെ കഥകളറിയാത്ത സായിപ്പിന്‍റെ കണക്കു കൂട്ടലുകളില്‍  പാരമ്പര്യത്തിനും
പൌരാണികത്വത്തിനും സ്ഥാനം ആകാശത്തെ അമ്പിളിക്കല പോലെ അങ്ങകലെ എവിടെയോ ആയിരുന്നു.
സംയമനം പാലിച്ച്  കരാറില്‍ ഒപ്പു വെയ്ക്കുമ്പോള്‍ കൈ വിറയ്ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
ചോദിയ്ക്കാതെ തന്നെ സ്വിസ്ബാങ്കിലേക്ക് വന്‍ തുക നിക്ഷേപം.
നാട്ടിലേക്ക്  വിമാന ടിക്കെറ്റുടുത്ത് എല്ലാം ഭദ്രമാക്കി തന്ന കമ്പനി മേലധികാരികള്‍ .കൂടെ  സഹായിയായി കമ്പനിയില്‍ നിന്നും മറ്റു രണ്ടുപേരും. വൈറസടങ്ങിയ ബാഗ് അതീവ സുരക്ഷിതമായി പെട്ടിയിലിട്ടു സീലു ചെയ്തു. കുടിവെള്ളത്തില്‍ കൂടിയും വായുവില്‍ കൂടിയും മനുഷ്യ ശരീരത്തിലെത്തപ്പെടുന്ന വൈറസ്.
മൈക്രോ ഗുളികകളായി അവിടവിടെയായി ചിതറിയാല്‍ മതി. അതിനുള്ള ആള്‍ക്കാരെ നേരത്തെ തന്നെ  ഡോളറെറിഞ്ഞ്  സിഗ്മാ കോര്‍പ്പറേഷന്‍റെ  കേരളത്തിലെ ചാരന്മാര്‍ സജ്ജമാക്കി നിര്‍ത്തിയിരുന്നു. കഥയറിയാതെ ആട്ടം കാണുന്ന കുറെ മരപ്പാവകളെ.

കൂടാതെ എല്ലാത്തിനും ഉപരിയായി നാടിന്‍റെ അഭിമാനമായി തിരിച്ചെത്തുന്ന കൂത്താടി കുട്ടന്‍ വേലന്‍റെ   മകന്‍ ...അമേരിക്കന്‍ നാഷണല്‍ ഫൌണ്ടേഷനലില്‍ നിന്നും കരിയര്‍ അവാര്‍ഡു വാങ്ങിയ ആദ്യത്തെ മലയാളി. കൊച്ചു നാരായണന്‍ എന്ന ഡോക്ടര്‍. കെ.കെ. നാരായണിന് നാടിന്‍റെ വക ഗംഭീര സ്വികരണവും. അനിയന്‍ കണ്ണന്‍ എല്ലാം  അപ്പോഴപ്പോള്‍ അറിയിച്ചു കൊണ്ടിരുന്നു. നാടിനെ ഒറ്റു കൊടുക്കുന്നതിന് മരുന്നു കമ്പനി തന്നെ സ്വീകരണവും ഒരുക്കിയിരിക്കുന്നു. ഒന്നും അറിയാത്ത അനിയന്‍റെ ആഹ്ളാദം ഫോണിന്‍റെ അങ്ങേ തലയ്ക്കല്‍ പ്രതിധ്വനിച്ചപ്പോള്‍
മറ്റൊരുഗവേഷണ പ്രബന്ധത്തിന്‍റെ അവസാന പേജുകളെഴുതി  തീര്‍ത്ത് പ്രബന്ധം അവതരിപ്പിക്കുവാന്‍ മനസ്സു തയ്യാറെടുക്കുകയായിരുന്നു.
അറിയാതെ മനസ്സില്‍ നിന്നും പണ്ട് അച്ഛമ്മ പാടിതന്ന  വായ്താരി പുറത്തേയ്ക്കു വന്നു.

ഏനിന്നലെ ....ചൊപ്പനം കണ്ടേ
കൂനനുറുമ്പണി  ചേര്‍ ന്നൊരാനയെ കൊന്നെന്ന്
ഏരേരീ ഏരേരി രക രേരീരേരോ....

കമ്പനിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എയര്‍ പോര്‍ട്ടില്‍ വന്ന് മംഗളം നേര്‍ന്ന് യാത്രയയ്ക്കുമ്പോള്‍
മനസ്സ്ജനിച്ച നാടിനെയും പിറന്നു വീണ ഓലക്കുടിലിനേയും വലം വെച്ച് ന്യൂയോര്‍ക്കിലെ  അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരികെയെത്തി.
വിമാനം പൊങ്ങുവാന്‍ നിമിഷങ്ങള്‍ മാത്രമെയുള്ളു. മനസ്സ് ഒന്നു കൂടി തയ്യാറെടുത്തു. സീലു ചെയ്ത പെട്ടി
കൂടെ  അയച്ചസഹയാത്രികന്‍റെ കൈയ്യില്‍ ഭദ്രമാണ്.
എമെള്‍ഡയാണ് വിദഗ്ധമായി പൊതി തന്‍റെ പെട്ടിയിലേക്കു മാറ്റുവാന്‍ സഹായിച്ചത്. അമേരിക്കന്‍ ചാര സംഘടനയായ  സി.ഐ.എയുടെ  കൂടെ ജോലി ചെയ്ത പരിചയത്തില്‍ നിന്നു കിട്ടിയ പ്രായോഗിക ബുദ്ധി. വിമാനം വിടാന്‍ നിമിഷങ്ങള്‍ മാത്രം.അവസാനത്തെ യാത്രക്കാരനു വേണ്ടി തുടര്‍ച്ചയായ അനൌണ്‍സ്മന്‍റ്.
വിമാനത്താവളത്തിലെ ക്യാമറക്കണ്ണുകളില്‍ നിഴല്‍ പതിയാതിരിക്കുവാന്‍ കഴിവതും ശ്രമിച്ചു.
ടോയിലറ്റിലേക്കു പോയ നാരാണന്‍റെ ബാഗില്‍ നിന്നും പുറത്തേക്കുള്ള ജനല്‍വഴി വലിച്ചെറിഞ്ഞു പറത്തിയ വൈറസ്. അന്തക വൈറസ് ജനിച്ച  നാട്ടിലെ വായുവില്‍ തന്നെ പറന്നകന്നു.
എല്ലാം നിമിഷങ്ങള്‍ കൊണ്ട്  തീര്‍ത്തു. ദ്രുത വേഗത്തിലുള്ള കൈയ്യുടെ ചലനം. ചുണ്ടിലെ വന്ദേമാതരത്തിന്‍റെ ഈരടികള്‍ മനസ്സിനു കരുത്തു പകര്‍ന്നു
ചാരക്കണ്ണുകള്‍ പിന്‍തുടരുമെന്ന് എമെള്‍ഡാ സൂചിപ്പിച്ചിരുന്നു.പിടിച്ചു കഴിഞ്ഞാല്‍ കിട്ടാവുന്ന ശിക്ഷയുടെ ഏകദേശരൂപം മനസ്സില്‍ കണക്കു കൂട്ടിയിരുന്നു.
 വിമാനത്തില്‍ നിന്നും കൈയ്യാമം വെച്ച്.. വെളിയില്‍ വരുമ്പോഴേക്കും സി. എന്‍ എന്നില്‍ നിന്നും ന്യൂസ്  പുറപ്പെട്ട് എല്ലായിടവും വൈറസ് പോലെ പറന്നു........

ലോക പ്രശസ്ത മരുന്നു കമ്പനിയായ സിഗ്മ കോര്‍പ്പറേഷനിലെ  ഗവേഷണവിഭാഗത്തിന്‍റെ തലവനായ     ഡോ.കെകെ. നാരായണിനെ ഗവേ,ണ രഹസ്യങ്ങള്‍ വന്‍തുകയ്ക്ക് വില്‍ക്കുന്നതിനുവേണ്ടി  ഇന്‍ഡ്യയിലേക്ക്  കടക്കുവാന്‍ ശ്രമിക്കവേ  ന്യൂയോര്‍ക്ക് എയര്‍പോര്‍ട്ടില്‍ വെച്ച് അറസ്റ്റു ചെയ്തു..........
വധശിക്ഷ തന്നെ ലഭിയ്ക്കത്തക്കവണ്ണം ചെയ്യാത്ത കുറ്റങ്ങള്‍ കുറേക്കൂടി തന്നിലേയ്ക്കാരോപിച്ചു.

പുറത്തെ കൂട്ടില്‍ നിന്നും ജയിലഴിക്കുള്ളിലേക്ക് കയറാനുള്ള അലാറം കേട്ടാണ് ചിന്തയില്‍ നിന്നും ഉണര്‍ന്നത്. ഗവേഷണ ലാബിലെ  മറക്കാനാവാത്ത ഓര്‍മ്മയായി എമെള്‍ഡാ...... അവതരിപ്പിക്കാനാകാത്ത പ്രബന്ധതാളുകളായി മനസ്സില്‍ പറന്നു നടന്നു.......
നയതന്ത്ര പരിരക്ഷലഭിയ്ക്കാത്ത ഗവേഷകന്‍. പാരമ്പര്യത്തിന്‍റെ രഹസ്യം തേടിപ്പോയ വേലക്കിടാത്തന്‍.    രോഗം മുളയ്ക്കാന്‍ വിത്തു വിതയ്ക്കുന്ന അദൃശ്യ കരങ്ങളെ തുറന്നു കാട്ടാനാകാതെ....
ഒരപസര്‍പ്പക കഥയിലെ നീരാളിയെപോലെ കാണാമറയത്ത് കരുക്കള്‍ നീക്കുന്ന കരങ്ങളുടെ  കപടത വിളിച്ചു പറയാനാകാതെ..... കുളിച്ചീറനായി പാനപ്പന്തലിനു മുമ്പില്‍പുറക്കളം കുരുതിക്കു കാത്തുകിടക്കുന്നപുറനാടിയെപ്പോലെ  ജയിലറയ്ക്കുള്ളില്‍ വിങ്ങുന്ന ഹൃദയത്തോടെ കാത്തു കിടന്നു.

Related Posts Plugin for WordPress, Blogger...