1a
എക്സ്റ്റീരിയര്
നേരം രാവിലെ.ഒരു ഗ്രാമപ്രദേശത്തെ ഗള്‍ഫുകാരന്‍റെ ധാടിയിലും മോടിയിലുള്ള,,. പറമ്പില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന വീട്.ഗള്‍ഫു പണത്തിന്‍റെ എല്ലാ മോടികളും ആവീട്ടിലും പരിസരത്തും കാണാം.
b
ഇന്റീരിയര്‍. രാവിലെ
വീടിന്‍റെ അടുക്കള ഭാഗം. വലിയ അടുക്കള. എല്ലാ ആധുനിക സജ്ജീകരണങ്ങളും.( ഗ്യാസ്, ഫ്രിഡ്ജ്, ഓവന്‍) .അടുക്കളയില്‍ വീട്ടുകാരി-മീര.സുന്ദരി
പ്രായം 35നും 40നും ഇടയില്‍. നല്ല വിലകൂടിയ നൈറ്റിയാണ് വേഷം.
അവരുടെ ഇളയ മകന്‍ .10നു12നും ഇടയില്‍പ്രായം.വീട്ടിലെ വേഷം.നിക്കര്‍ .അമ്മയുടെ പുറകിലായി അടുക്കളയില്‍ കറങ്ങി നടക്കുന്നു. മീര ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കുന്ന തിരക്കില്‍ .
ജോലി ചെയ്യുന്നതിനിടയില്‍ മീര
“മോന്‍ പോയി എളുപ്പം റെഡിയാക്.”
“പപ്പാ എപ്പം വരുമമ്മേ” മകന്‍
കുട്ടിയെ നോക്കാതെ ജോലിയുടെ ഇടയില്‍ മീര
“നിന്നോടെത്ര പ്രവശ്യം പറഞ്ഞിട്ടുണ്ട് അച്ഛാന്നു വിളിയ്ക്കണമെന്ന്.”
“റോണിന്‍റെച്ഛന്‍ ഗല്‍ഫിലാണല്ലോ.അവന്‍ പപ്പാന്നാ വിളിക്കുന്നത്.”മകന്‍
പയ്യന്‍ അവിടെ ചുറ്റിപ്പറ്റി നില്‍ക്കുന്നു.
മീര ഇത്തവണ തിരിഞ്ഞു നോക്കിക്കൊണ്ട്.അല്‍പ്പം ദേഷ്യത്തില്‍ .
“നീ വിളിയ്ക്കേണ്ട. അത്ര തന്നെ.നിന്റെച്ഛന് അതിഷ്ടവുമല്ല.”
പയ്യന്‍ അടുക്കളയില്‍ നിന്നും സിറ്റൌട്ടിലേയ്ക്ക് നടക്കുന്നു.നടക്കുന്നതിനിടയില്‍ .അല്‍പ്പം ഉറക്കെ
“വണ്ടീം കൊണ്ട് മാമന്‍ പോണില്ലെയമ്മേ.”
മീര തിരിഞ്ഞു നോക്കാതെ ജോലിയ്ക്കിടയില്‍ തന്നെ.
“അച്ഛന്‍ തനിയെ ടാക്സി പിടിച്ചോണ്ടു വരാമെന്നാണ് പറഞ്ഞത്.കൂടുതല്‍ പെട്ടി കാണുമായിരിയ്ക്കും”.
2.
കുട്ടി സിറ്റൌട്ടില്‍ എത്തി എക്സ്റ്റീരിയര്‍
തുറന്നിട്ടിരിയ്ക്കുന്ന ഗേറ്റ്.
. അപ്പോള്‍ ഗേറ്റു കടന്ന് മുറ്റത്തേയ്ക്ക് ഒരു ടാക്‍സി വന്നു നില്‍ക്കുന്നു.
അതില്‍ നിന്നും 40- 45 നും ഇടയ്ക്കുള്ള ഒരു സുമുഖന്‍ ഇറങ്ങി.ദേവന്‍.പാന്‍റും ഷര്‍ട്ടുമാണ് വേഷം.
പയ്യന്‍ സന്തോഷത്തോടെ ഉറക്കെ “അമ്മേ ,ദാ അച്ഛന്‍ വന്നു.”അതും പറഞ്ഞ് ഓടി ദേവന്‍റെടുക്കലേയ്ക്ക്.
“ഇത്ര പെട്ടെന്നോ.”മീര അതും പറഞ്ഞ് തിരക്കിട്ടു വെളിയിലേയ്ക്കു വരുന്നു.
ദേവന്‍ കുട്ടിയെ ഒന്നു തലോടി. ഡ്രൈവര്‍ തുറന്നു കൊടുത്ത ഡിക്കിയില്‍ നിന്നും രണ്ടു ഗള്‍ഫു പെട്ടികള്‍ പുറത്തെടുക്കുന്നു. ടാക്സികൂലി കൊടുത്ത് വണ്ടിക്കാരനെ വിടുന്നു.
ദേവന്‍റെ മുഖം വ്യക്തമാകുന്നു. മീരയും ദേവനും പരസ്പരം നോക്കുന്നു. ദേവന്‍റ മുഖത്ത് യാത്രയുടെ ക്ഷീണം. സന്തോഷമില്ലായ്മ.കുട്ടി പെട്ടിയെ ചുറ്റിപ്പറ്റി നില്‍ക്കുന്നു. ദേവന്‍ ഒരു പെട്ടി, മീര അടുത്ത പെട്ടി.എടുത്ത് സിറ്റൌട്ടില്‍ വെയ്ക്കുന്നു.
“മോനു സ്ക്കൂളില്‍ പോകണ്ടെ.എളുപ്പം റെഡിയാക്. പെട്ടി തുറന്നിട്ട് അച്ഛന്‍ മിഠായി എടുത്തു തരാം.” മോനോട് ദേവന്‍
കുട്ടി അകത്തേക്ക് ഓടിപ്പോകുന്നു.
3.a
ഇന്റീരിയര്‍. രാവിലെ.
ബെഡ് റൂം. വൃത്തിയും വെടിപ്പുമുള്ള കട്ടില്‍. വിരികള്‍.ചുവരലമാരകള്‍. ഒരു സൈഡില്‍ ഭിത്തിയില്‍ നല്ലൊരു പെയിന്‍റിംഗ്. സാമാന്യം വിസ്താരമുള്ള മുറി.അറ്റാച്ചഡ് ബാത്ത്റും.
വലിയ ജനാലകള്‍.വിലകൂടിയ കര്‍ട്ടന്‍ വാതിലിനും ജനലിനും.
മീര പെട്ടിയില്‍ നോക്കിയിട്ട്.നിരാശ സ്വരത്തില്‍
“പെട്ടി രണ്ടെണ്ണമെയുള്ളോ”
“അതെ”.ദേവന്‍ .
“എന്നാല്‍ പിന്നെ ഞാന്‍ അനിയനെ വിടുമായിരുന്നല്ലൊ. നമ്മുടെ വണ്ടിയും കൊടുത്ത്.” മീര.
“അതിന്‍റ ആവശ്യമുണ്ടെന്നു തോന്നിയില്ല.” അല്‍പ്പം വിഷമത്തോടെ ദേവന്‍ .
അവള്‍ അയാളുടെ മുഖത്ത് സൂക്ഷിച്ചു നോക്കി.ഒരു സംശയത്തില്‍ , അയാളുടെ കൈ പിടിച്ചു കൊണ്ട്..
“എന്താ..എന്തു പറ്റി ചേട്ടന്.ഒരു ക്ഷീണം പോലെ ...മുഖത്ത്.”
“ഒന്നുമില്ല. യാത്രയുടെ തായിരിയ്ക്കും.” ദേവന്‍ . അയാളുടെ സ്വരത്തിലൊരു പരുങ്ങല്‍ നിഴലിയ്ക്കുന്നുണ്ട്.
അയാള്‍ പതുക്കെ അവളുടെ കൈ വിടുവിച്ചു കൊണ്ട്
“നീ പോയി ചായയെടുക്ക്.ഞാനൊന്നു ഫ്രെഷാകട്ടെ.” ദേവന്‍ .
മീര അടുക്കളയിലേയ്ക്ക് പോകുന്നു.
കുട്ടി ഉത്സാഹത്തില്‍ കടന്നു വരുന്നു. സ്ക്കൂള്‍ യൂണിഫോം.വേഷം. .
“കണ്ണാ, ദാ അച്ഛന്‍ മോനു കൊണ്ടു വന്ന മിഠായി.”
ദേവന്‍ പെട്ടി തുറന്ന് മിഠായി പായ്ക്കറ്റ് എടുത്തു കൊടുക്കുന്നു. കുട്ടി റ്റാ റ്റാ പറഞ്ഞു കൊണ്ട് ഓടുന്നു.
ദേവന്‍ പാന്‍റും ഷര്‍ട്ടും മാറി. ഒരു ലുങ്കി ചുവരലമാരയില്‍ നിന്നും എടുത്തുടുക്കുന്നു. പാന്‍റും ഷര്ട്ടും കഴുകാനായി ഇടുന്ന കൂടയില്‍ നിക്ഷേപിക്കുന്നു.കുളിമുറിയില്‍ കയറുന്നു.
3b.
ദേവന്‍ കുളി കഴിഞ്ഞ്. ഡൈനിംഗ് ഹാളിലേയ്ക്കു വരുന്നു. ലുങ്കിയാണ് ഉടുത്തിരിയ്ക്കുന്നത്. തല തോര്‍ത്തു വെച്ച് തുടച്ചു കൊണ്ടാണു വരുന്നത്. മീര ചായയുമായി കടന്നു വരുന്നു. വലിയ ഡൈനിംഗ് ടേബിള്‍ . 6 കസേര ചുറ്റിനും ഇട്ട വലിയ റൌണ്ട് ടേബിള്‍ . രണ്ടു ചുവരിലും രണ്ടു പെയിന്‍റിംഗ്. ഒരു സൈഡില്‍ വാഷ് ബേസിന്‍ . സൈഡില്‍ വൃത്തിയുള്ള ചെറിയ ടവ്വല്‍ .ഒരു വശത്ത് ക്രോക്കറി ,ഷെല്‍ഫില്‍ ഡിന്നര്‍ സെറ്റ്. കപ്പും സാസറും തുടങ്ങിയവ.
ദേവന്‍ ചെയറിലിരിയ്ക്കുന്നു.മീര ചായ കൊടുക്കുന്നു.മീരയും തൊട്ടടുത്തിരിക്കുന്നു.
“ചേട്ടനെന്നാ പോണെ?എത്ര ദിവസത്തെ ലീവുണ്ട്?”
അയാളൊന്നു പരുങ്ങുന്നു.പതുക്കെപ്പറയുന്നു.
“ഇനി ഞാന്‍ പോണില്ല.”
മീര അരുതാത്തതു കേട്ടതുപോലുള്ള പരിഭ്രമത്തില്‍
“ങേ....അപ്പോള്‍ ജോലി..”
ദേവന്‍ അല്‍പ്പം നീരസത്തില്‍
“ഞാന്‍ നിന്നോടു പല പ്രാവശ്യം സൂചിപ്പിച്ചിട്ടില്ലേ,ആള്‍ക്കാരെ പിരിച്ചു വിട്ടു കൊണ്ടിരിക്കുകയാണെന്ന്.എന്നെയും അങ്ങിനെ....” ദേവന്‍ ഒന്നു നിര്‍ത്തി.
മീര ഒന്നു കൂടി പരിഭ്രമത്തില്‍
“പിരിച്ചു വിട്ടോ?”
“ആ..അതെ.” ദേവന്‍ വളരെ വിഷമത്തില്‍ പറഞ്ഞുനിര്‍ത്തി.
കുറച്ചു നേരത്തേയ്ക്ക് രണ്ടുപേരും ഒന്നും മിണ്ടുന്നില്ല.
മീര താടിയ്ക്ക് കൈയ്യും കൊടുത്ത് വിഷമിച്ചിരിക്കുന്നു. ദേവന്‍ ചായ കുടിച്ചു തീര്‍ന്നു.മീര സങ്കടവും ദേഷ്യവും കൂടി കലര്‍ന്ന ഒരു മാനസ്സികാവസ്ഥയില്‍, ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ക്കുന്നു.
“ദൈവമേ, ഞാനന്നേ പറഞ്ഞതാണ് ഇത്രയും വലിയ വീടു വെയ്ക്കേണ്ടാന്ന്. ആ മൂത്ത ചെറുക്കന്
ഇത്രയും പൈസേം കൊടുത്ത് admission ഉം വാങ്ങേണ്ടെന്ന്.നിങ്ങളോടെത്ര പ്രാവശ്യം പറഞ്ഞു.നിങ്ങളു കേട്ടോ?. ഇനിയെങ്ങനെ ഈ പട പണ്ടാരം വീടു വൃത്തിയാക്കും?.ജോലിക്കാരെയെങ്ങനെ നിര്‍ത്തും.”
ദേവന്‍ വിഷമിച്ച് താഴോട്ടു നോക്കിയിരിക്കുന്നു. ആത്മഗതമെന്നവണ്ണം വിഷമത്തില്‍ പറയുന്നു.
“ആ....ദൈവം ഒരു വഴി കാണിച്ചു തരും.”
രണ്ടു മൂന്നു സെക്കന്‍റെു കൂടി മീര ആ ഇരുപ്പിലിരുന്നിട്ട് ദേവന്‍ കുടിച്ചു വെച്ച ചായഗ്ലാസ്സുമായി അകത്തേയ്ക്കു പോകുന്നു.ദേവന്‍ വീണ്ടും രണ്ടു സെക്കന്‍റു കൂടി ഇരുന്നിട്ട് അല്‍പ്പം ഉറക്കെ അകത്തേയ്ക്കു നോക്കി പ്പറയുന്നു.
“മീരാ... ഞാന്‍ അച്ഛനേം അമ്മേം കണ്ടിട്ടു വരാം..”
അവള്‍ അകത്തു നിന്നും മറുപടി പറയുന്നു.
“ശരി ചേട്ടാ, പോയിട്ടു വരൂ.”
അവളുടെ പറച്ചിലില്‍ ഒരു കരച്ചിലിന്റെ അലകളടങ്ങിയിരുന്നു.
“കൊച്ചാത്തീടടുക്കലും കൂടി കേറീട്ടേ വരൂ.” ദേവന്‍
അതിനു മറുപടിയില്ല.
4
ദേവന്റെ bed room.വേറെ മുണ്ടും ഷര്‍ട്ടും എടുത്ത് ധരിയ്ക്കുന്നു.തലയെല്ലാം വൃത്തിയാക്കി,ഡ്രസ്സു ചെയ്ത് ദേവന്‍ പുറത്തേയ്ക്കു പോകുന്നു.
5
എക്സ്റ്റീരിയര്‍
ഗേറ്റു കടക്കുന്ന ദേവന്‍. മുണ്ടു മടക്കി കുത്തിക്കൊണ്ട് ഒരു നാട്ടുമ്പുറത്തുകാരന്റെ തനിമയില്‍ ഇടവഴിയില്‍ കൂടി മുന്നോട്ടു നടന്നു നീങ്ങുന്നു.
6.
നാട്ടുവഴി.എതിരേ ഒരു പരിചയക്കാരന്‍ .അല്പം പ്രായക്കൂടുതല്‍ . ദേവന്‍ ചിരിച്ചു കൊണ്ട് നില്ക്ക്കുന്നു. നാരായണേട്ടന്‍.
വയസ്സ് 65നു മുകളില്‍ ,വേഷം മുണ്ടും ഒരു തോര്ത്തും.
“അല്ലാ ദേവനെപ്പോളെത്തി,” നാരായണേട്ടന്‍.
“ഞാന്‍ രാവിലേ വന്നു.”ദേവന്‍
“അച്ഛനേം അമ്മേം കാണാനിറങ്ങിയതാ.അല്ലേ?” നാരായണേട്ടന്‍
“അതേ..പെങ്ങടടുക്കലും ഒന്നുകേറണം.” ദേവന്‍
“പെങ്ങളു വലിയ പറമ്പി തന്നെയോ താമസിയ്ക്കുന്നേ.” നാരായണേട്ടന്‍
“അതെയതെ... അതവരു വെച്ച വീടല്ലിയോ” ദേവന്‍
“എല്ലാവരും അടുത്തടുത്തായതു കൊള്ളാം.” നാരായണേട്ടന്‍
നിഷ്ക്കളങ്കമായ അടുത്തചോദ്യം.
“അച്ഛനുമമ്മയ്ക്കും ചെലവിനുള്ളതു വല്ലോം കൊടുക്കുന്നുണ്ടോ?..അല്ലാ വെറുതെ ചോദിച്ചതാണേ.ചേട്ടന്റെ കൂടെയല്ലിയോ നിക്കുന്നെ.അതുകൊണ്ടു ചോദിച്ചൂന്നെയുള്ളേ.” നാരായണേട്ടന്‍
“ഉണ്ടല്ലോ.നല്ലൊരു തുക അയച്ചു കൊടുക്കുന്നുണ്ട്. ചേട്ടന്റെ ഒരാളിന്റെ ശമ്പളമല്ലേ അവിടുള്ളൂ.” ദേവന്‍
“എങ്കി പിടീന്ന് ചെല്ല്.ഞാനാ വയലു വരെ പോകാനിറങ്ങീതാ..തെക്കെ കോട്ടിലെ കൃഷ്ണനേം കൂട്ടണം.പാടത്ത് വെള്ളം കേറ്റണം.” നാരായണേട്ടന്‍
7.
രണ്ടു പേരും രണ്ടു ദിശയിലേയ്ക്ക് നടന്നു നീങ്ങുന്നു
8.
സമയം രാവിലെ . എക്സ്റ്റീരിയര്‍
സാമാന്യം തരക്കേടില്ലാത്ത ഒരു ടെറസ്സു വീട്.വിശാലമായ മുറ്റം. മുറ്റത്തേയ്ക്കു കടക്കുന്ന ദേവന്‍.
ദേവനെക്കണ്ട് നല്ല സന്തോഷത്തോടു കൂടി സ്വീകരിയ്ക്കാന്‍ വരുന്ന അച്ഛനുമ്മയും.സിറ്റൌട്ടില്‍
നിന്നും മുറ്റത്തേയ്ക്ക് ഇറങ്ങി വരുന്നു.അച്ചന്.ഒരു75നും 80നുമിടയ്ക്ക് പ്രായം.അമ്മയ്ക്ക് 65നം 70നുമിടയ്ക്ക് പ്രായം.
അച്ചന്‍ വെള്ള മുണ്ടും പഴയ മുറിക്കയ്യന്‍ ബനിയനും വേഷം.അവര്ക്ക്. മകനെ കണ്ടതിലുള്ള അത്യധികം ആഹ്ളാദം മുഖത്തു കാണാം .ക്യാമറ മൂവ് ചെയ്ത് സിറ്റൌട്ടിലേയ്ക്ക്.
.മൂന്നുപേരും സിറ്റൌട്ടിലെ സെറ്റിയിലിരിക്കുന്നു.
അകത്തു നിന്നും 50 തിനോടടുത്ത പ്രായമുള്ള ദേവന്റെ ചേട്ടന്‍ ഒരു മുറിയില്‍ നിന്നും കടന്നു വരുന്നു.ഓഫീസില്‍ പോകാനുള്ളവേഷം. പാന്റും ഷര്‍ട്ടും.
കുശലപ്രശ്നങ്ങള്‍ ചെറുതായിട്ട് നടത്തുന്നു.അല്‍പ്പം തിരക്ക് ചേട്ടനുണ്ട്.
"ഇനിയെന്നാണ് തിരികെ"ചേട്ടന്‍.
വീണ്ടും ഒരു പരുങ്ങലില്‍ വിട്ടു വിട്ട് ഉത്തരം.
"ഇനി..ഇനി..പോകുന്നില്ല."
ചേട്ടന്‍റ മുഖം മ്ലാനമായി.അമ്മയുടെയും അച്ഛന്‍റയും മുഖം ഒന്നുകൂടി പ്രകാശമാനമായി.
"ഹാവൂ..സമാധാനമായി..." അമ്മ
"മരിച്ചാപ്പിന്നെ മോര്‍ച്ചറീ കിടക്കേണ്ടല്ലോ..." അച്ഛന്‍
ചേട്ടന്‍ തിരക്കിട്ട് അകത്തേയ്ക്കു പോകുന്നു.
അല്‍പ്പം കഴിഞ്ഞ് ചേട്ടത്തിയുമായി തിരികെ വരുന്നു.അവര്‍ സാരിയാണ് വേഷം.ജോലിയില്ലാത്ത വീട്ടമ്മ.സാമാന്യം സുന്ദരി.42-45വയസ്സു പ്രായം.കൈയ്യില്‍ ചായഗ്ലാസ്സ്.രണ്ടുപേരും കൂടി എന്തോ ആലോചിച്ചുറപ്പിച്ചപോലെയുള്ള മുഖഭാവം.
"ദേ, ചായകുടിയ്ക്ക്..അനിയാ.."ചേട്ടത്തി.
ദേവന്‍ ചായ വാങ്ങി കുടിയ്ക്കുന്നു.
"നിനക്കു ഞാന്‍ ഫോണ്‍ ചെയ്യാനിരിക്കയായിരുന്നു. നീ വന്നതു നന്നായി.എനിയ്ക്കു ചിലപ്പോളൊരു ട്രാന്‍സഫര്‍ കണ്ടേക്കും.അമ്മയുമച്ഛനും ഇനി കുറച്ചു നാള്‍ നിന്‍റ കൂടെ നില്‍ക്കട്ടെ."ചേട്ടന്‍ .
ദേവന്‍ ഒന്നും പറയുന്നില്ല. അര്‍ത്ഥഗര്‍ഭമായി ഒന്നു ചിരിയ്ക്കുക മാത്രം ചെയ്തൂ.
അച്ഛനുമമ്മയും മുഖത്തോടു മുഖം നോക്കുന്നു.പതിയെ എണീയ്ക്കുന്ന ദേവന്‍ .
"പിന്നെ വരാം.."ചേട്ടനോടായി പറഞ്ഞിട്ടു പതുക്കെ വിഷമത്തോടെ എണീയ്ക്കുന്നു. അച്ഛനെയും അമ്മയെയും ചേട്ടനെയും ചേട്ടത്തിയെയും നോക്കീട്ട് വെളിയിലേയ്ക് ഇറങ്ങുന്നു.നാലുപേരുടെയും മുഖത്ത് വിഷമം നിഴലിയ്ക്കുന്നുണ്ട്.
9
മുറ്റത്തിറങ്ങി നടവഴിയിലൂടെ നടന്നു നീങ്ങുന്ന ദേവന്‍ . നടവഴിയുടെ അങ്ങേയറ്റം വരെ ക്യാമറ.
10
സമയം രാവിലെ. ഇന്റീരിയര്‍
അടുത്ത ടെറസ്സു കെട്ടിടം.സിറ്റൌട്ടില്‍ നിന്നും അകത്തോട്ടുള്ള കതകെല്ലാം തുറന്നു കിടക്കുന്നു. ദേവന്‍ നേരെ അടുക്കളയില്‍ പ്രവേശിയ്ക്കുന്നു.അവിടെനിന്നും. നോക്കുമ്പോള്‍ പുറകിലെ
വിശാലമായ പറമ്പ്. ക്യാമറ അങ്ങോട്ട്. തേങ്ങയിട്ടുകോണ്ടിരിയ്ക്കുന്നതു കാണാം.പറമ്പിലൊരു മൂലയ്ക്ക് നില്‍ക്കുന്ന അനുജത്തി കൊച്ചാത്തി(ചെല്ലപ്പേര്). പ്രായം 30നും 35നും മധ്യേ. നൈറ്റിയാണ് വേഷം. അനുജത്തിയുടെ ഭര്‍ത്താവിന് 40തിനടുപ്പിച്ചു പ്രായം. വേഷം മുണ്ടും ഷര്ട്ടും. ഇസ്തിരിയിട്ടത്. പുറത്തു പോകാനുള്ള തയ്യാറെടുപ്പിലുള്ള വേഷം. കൊച്ചാത്തി തിരിഞ്ഞു നോക്കുമ്പോള്‍ ദേവനെ കാണുന്നു.
ഒരുപാടു സന്തോഷത്തില്‍ വീട്ടിലോട്ട് നടത്തവും ഓട്ടവും അല്ലാത്തപോലെ ചെല്ലുന്നു.അതിനിടയില്‍ തന്നെ ദേവന്‍റ അടുത്തെത്തുമ്പോള്‍ പറയുന്നു.
"ആഹാ...ആരോടും പറയാതെ ചേട്ടനിങ്ങെത്തിയോ?" കൊച്ചാത്തി.
പുറകെ അനുജത്തിയുടെ ഭര്‍ത്താവ് സുകുമാരനും കടന്നു വരുന്നു.
1 1
ഇന്റീരിയര്‍. രാവിലെ.
ഡ്രായിഗ് റൂം മൂന്നുപേരും കസേരകളില്‍ ഇരിയ്ക്കുന്നു.
"അളിയനെപ്പോയെത്തി.കടയിലോട്ടു പോകാനൊരുങ്ങുംമ്പം ദേ,തേങ്ങാവെട്ടാനാളു വന്നു.പിന്നേ അതും കൂടി കഴിഞ്ഞിട്ട് പോകാമെന്നു വെച്ചു."സുകുമാരന്‍
"രാവിലെയെത്തി.അച്ഛനേം അമ്മേം കാണാനിറങ്ങിയതാ.അപ്പം കരുതി നിങ്ങളേം കൂടി കണ്ടിട്ടു പോകാമെന്ന്."ദേവന്‍.
"ആ ...അപ്പം അനിയത്തിയോടു സ്നേഹം ഉണ്ട്..." തമാശയില്‍ സുകുമാരന്‍ പറയുന്നു. മൂവരും ചിരിയ്ക്കുന്നു.
"അതുപിന്നില്ലാതിരിയ്ക്കുമോ..അവളു ഞങ്ങടെ ഒരേയൊരു കൊച്ചാത്തിയല്ലിയോ.."ദേവന്‍ .വീണ്ടും മൂവരും കൂടിചിരിയ്ക്കുന്നു.
"കുട്ടികളൊക്കെ" ദേവന്‍ .
"അവരെപ്പൊഴേ പോയി." കൊച്ചാത്തി.
"എന്നാണു തിരികെ" സുകുമാരന്‍ .
ദേവന്‍റ മുഖത്ത് സന്തോഷം മാഞ്ഞ് മ്ലാനത പടര്‍ന്നു. ഒന്നു പരുങ്ങി, നിര്‍ത്തി നിര്‍ത്തി പതുക്കെപ്പറയുന്നു.
"ഒന്നും തീരുമാനിച്ചില്ല.ചിലപ്പൊഴേ പോകു."ദേവന്‍
"അതെന്താ ചേട്ടാ.."കൊച്ചാത്തി അല്‍പ്പം ഉത്കണ്ഠയോടെ
"അവിടിപ്പം പണ്ടത്തേപ്പോലൊന്നും അല്ല. എല്ലാരേം പറഞ്ഞു വിട്ടോണ്ടിരിക്കുവാ.."ദേവന്‍ വി,ഷമത്തോടെ പറഞ്ഞു നിര്‍ത്തി.
സുകുമാരന്‍ എല്ലാം കേട്ടു കൊണ്ട് വിദൂരതയില്‍ നോക്കിയിരിയ്ക്കുന്നു. മുഖത്ത് നിസ്സംഗഭാവം. "വരൂ..അകത്തേയ്ക്കു പോകാം. ചേട്ടന്‍ കാപ്പി കുടിച്ചില്ലെങ്കില്‍ കുടിയ്ക്കാം."കൊച്ചാത്തി.
മൂവരും എഴുന്നേറ്റു ഡൈനിംഗ് റൂമിലേയ്ക്ക് നടക്കുന്നു..
12
ഇന്റീരിയര്‍. രാവിലെ
ഡൈനിംഗ് റൂം. ദേവനൊറ്റയ്ക്ക് ബ്രേക്ക്ഫാസ്ററ് കഴിയ്ക്കുന്നു.എന്തോ ആലോചിച്ചു കൊണ്ടാണ് കഴിയ്ക്കുന്നത് മുഖം മ്ലാനമാണ്. .അടുത്തുള്ള മുറിയിലാണ് അനുജത്തിയും ഭര്‍ത്താവും.അവരുടെ സംഭാഷണ ശകലങ്ങള്‍ ദേവന്‍ കേള്‍ക്കുന്നു
"വലിയ സല്‍ക്കാരമൊന്നും വേണ്ട ആങ്ങളയ്ക്ക്. ജോലി നഷ്ടപ്പെട്ടിങ്ങു പോന്നതാ...."
ഇതുകേട്ട ദേവന്‍ പെട്ടെന്ന് കാപ്പി കുടി നിര്‍ത്തി വാഷ് ബെസിനില്‍ കൈകഴുകി പുറത്തേയ്ക്കിറങ്ങുന്നു.
13
എക്സ്റ്റീരിയര്‍ രാവിലെ.
സ്പീഡില്‍ ആ വീട്ടിലെ വേലി കടന്ന് വഴിയില്‍ കൂടി പോകുന്ന ദേവന്‍ .
14—A
ഇന്റീരിയര്‍. സമയം ഉച്ചയോടടുക്കാറായി.
ദേവന്‍റെ വീട്.സിറ്റൌട്ടിലോട്ടു കടക്കുന്ന ദേവന്‍ .മീര ദേവനെ പ്രതീക്ഷിച്ച് സിറ്റൌട്ടില്‍ തന്നെയിരിക്കുന്ന മീര.
"എല്ലാരേം കണ്ടോ ചേട്ടാ."മീര.അവളുടെ സംഭാഷണത്തില്‍ പതിവില്‍ കവിഞ്ഞ സ്നേഹം നിഴലിയ്ക്കുന്നുണ്ട്.
"കണ്ടു."ദേവന്‍ വിഷമത്തില്‍.
"എന്തുപറഞ്ഞെല്ലാരും." മീര ആകാംക്ഷയോടുകൂടി.
"എന്തു പറയാന്‍" ദേവന്‍ നിരാശയും വിഷമവും കലര്‍ന്ന ടോണില്‍ തുടരുന്നു
"എല്ലാവര്‍ക്കും അറിയേണ്ടത് ഒന്നുമാത്രം .എന്നാണ് തിരികെ പോകുന്നത്."
ദേവന്‍റ സംഭാഷണത്തില്‍ നിന്നും അയാള്‍ ആകെ തകര്‍ന്നിരിയ്ക്കുന്നു എന്നു മീര മനസ്സിലാക്കുന്നു. അവള്‍ അതില്‍ നിന്നും ഭര്‍ത്താവിനെ മാറ്റിയെടുക്കാനുള്ള ദൃഢ നിശ്ചയത്തോടെ,
ചാരി വെച്ചിരുന്ന കോസടി(ചാരു കസേര) നിവര്‍ത്തിയിടുന്നു.എന്നിട്ട് വളരെ സ്നഹത്തില്‍ കസേരയിലിരിയ്ക്കുന്ന ദേവന്‍റ കൈപിടിച്ച്
"വരൂ ചേട്ടാ..ചേട്ടന്‍ ദേ ഇവിടെ കിടന്ന് അല്‍പ്പം റെസ്റ്റെടുക്ക്. എല്ലാം ശരിയാകും.ഞാനില്ലേ കൂടെ..." വളരെ സ്നഹത്തില്‍ മീര
ആ വര്‍ത്തമാനത്തില്‍ ദേവന്‍റ മുഖം അല്‍പ്പം പ്രസന്നമാകുന്നു.അയാള് ഒന്നു ചിരിച്ചു.വന്ന് കോസടിയില്‍ കിടന്നു.
മീര അകത്തേയ്ക്കു പോയി.അല്‍പ്പം കഴിഞ്ഞ് ഒരു ഗ്ലാസ്സുമായി വന്നു. ദേവനു കൊടുക്കുന്നു.
“ദേ നാരങ്ങാവെള്ളം”മീര.
ദേവനതു വാങ്ങി കുടിയ്ക്കുന്നു.
മീര കിടക്കുന്ന ദേവന്‍റെ തലയില്‍ തലോടുന്നു. ഒരു സ്നഹ പ്രകടനം. വീണ്ടും ദേവന്‍കുടിച്ചു വെച്ച ഗ്ലാസ്സുമായി അകത്തേയ്ക്കു പോകുന്നു.ദേവന്‍
ഉറങ്ങുന്നില്ല. എന്നാല്‍ കണ്ണടച്ചു കിടക്കുന്നു.
B
ചിന്താധീനനായ ദേവന്‍ . എന്നാലും എന്തൊക്കെയോ തീരുമാനങ്ങളെടുത്തതിന്റെ ഒരു ആത്മവിശ്വാസം മുഖത്ത് നിഴലിയ്ക്കുന്നുണ്ട്. എന്തോ മനസ്സിലെ തീരുമാനങ്ങളില്‍ അറിയാതെ എന്തോ പറഞ്ഞു.
c
മീര കടന്നു വരുന്നു.
"ചേട്ടനാരോടാ.."മീര ആകാംക്ഷാപൂര്‍വ്വം.
"ഇവിടെയാരുമില്ലല്ലോ."ദേവനല്‍പ്പം സന്തോഷത്തില്‍. തലയാട്ടിക്കൊണ്ട് പറയുന്നു.
"ആ, ഞാന്‍ചില തീരുമാനങ്ങളൊക്കെയെടുത്തു."ദേവന്‍ .
"ഞാനും കൂടിയൊന്നു കേക്കട്ടെ..സാറെ"മീര തമാശമട്ടില്‍
“നീ പോലുമറിയാതെ ,ഹംസക്കാടെ ഉപദേശപ്രകാരം ഒരു അഞ്ചു ലക്ഷം NRI യില് ഇട്ടിട്ടുണ്ട്.അ
തു കൊണ്ടു മൂത്തവന്റെ പഠിപ്പു തീരും. പിന്നെ..” ദേവന്‍
“ പിന്നെ...” മീര
"നിന്‍റ പുഞ്ചവയലില്‍ ഞാന്‍ കൃഷിചെയ്യാന്‍ തീരുമാനിച്ചു".ദേവന്‍
"അയ്യയ്യോ....മാനം ഇടിഞ്ഞു വീഴുമോ...അതോ കാക്ക മലന്നു പറക്കുമോ.." മീര ഒരുപാടു സന്തോഷത്തില്‍ ചിരിച്ചോണ്ട്.
" ഇതു രണ്ടുമില്ലെങ്കിലും. ഞാനെടുത്ത ഉറച്ച തീരുമാനമാണെ." ദേവന്‍ തികഞ്ഞ ആത്മ വിശ്വാസത്തില്‍ .
"വരൂ! ഇപ്പം വന്നു ചോറുണ്ണ്.എന്നിട്ടാകട്ടെ കൃഷിയൊക്കെ." മീര കളിയാക്കിക്കൊണ്ട് സ്നേഹം കലര്‍ന്ന ശൃംഗാരത്തോടെ ദേവന്‍റ കൈയ്യും പിടിച്ചോണ്ടകത്തേയ്ക്കു പോകുന്നു
15
രാവിലെ പത്തു മണി. ദേവന്‍റ വീട്ടു വരാന്ത. .നാരായണേട്ടന്‍ കടന്നു വരുന്നു. 65നും 70നും ഇടയ്ക്കു പ്രായം. ഒന്നാന്തരം ഒരു കൃഷിക്കാരന്‍ വരാന്തയിലിരുന്ന മീരയും ദേവനും എഴുന്നേല്‍ക്കുന്നു.മൂന്നുപേരും വീണ്ടും ഇരിയ്ക്കുന്നു.
"നീ ചില തീരുമാനോക്കെ എടുത്തൂന്നറിഞ്ഞല്ലോ ദേവാ..." നാരായണേട്ടന്‍ സന്തോഷത്തില്‍ .
നാരായണേട്ടനും മീരയും അങ്ങോട്ടുമിങ്ങോട്ടും നോക്കി ചിരിയ്ക്കുന്നു.അവരുടെ ചിരിയില്‍ നിന്നും മീര നാരയണേട്ടനോട് എല്ലാം പറഞ്ഞതാണെന്നു മനസ്സിലാക്കിയ ദേവന്‍ .
" ശ്ശെടാ..ഇതുകൊള്ളാമല്ലോ ഇത്രയെളുപ്പം അതു പത്ര വാര്‍ത്തയായോ." തമാശ്ശയായി ദേവന്‍
"നീ ഒട്ടും വിഷമിയ്ക്കെണ്ടടാ മോനെ, ഞങ്ങടെ കൂടെ കൂട്.വിവരങ്ങളൊക്കെ മീര പറഞ്ഞു.എല്ലാത്തിനും ചങ്കൂറ്റം വേണം.പിന്നെ ഇവളേപ്പോലൊരു ഭാര്യേം.നീയെന്തിനു പിന്നെപേടിയ്ക്കണം." നാരായണേട്ടന്‍ .
മൂന്നു പേരും ചിരിയ്ക്കുന്നു.
16
ഇന്റീരിയര്‍. രാവിലെ. .
ഒരു പൊതു മേഖലാ ബാങ്ക്.രാവിലെ 10 മണി. കസ്റ്റമേഴ്സ് ഒറ്റയ്ക്കും തെറ്റയ്ക്കും വന്നു തുടങ്ങുന്നതേയുള്ളു മാനേജരുടെ ക്യാബിന്‍ .മാനേജരുടെ എതിര്‍ വശത്തെ സീറ്റില്‍
ദേവനും നാരായണേട്ടനും ഇരിയ്ക്കുന്നു. മാനേജര്‍-- 50തിനു മുകളില്‍പ്രായം. എക്സിക്യൂട്ടീവ് ഡ്രസ്സ്.
കൃഷിയിറക്കാനുള്ള ലോണിനെപ്പറ്റിയാണ് സംസാരം.
"ഞങ്ങള്‍ പ്രവാസികള്‍ക്കു വേണ്ടി ഒരുപാടു പദ്ധതികള്‍ തുടങ്ങീട്ടുണ്ട്.ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്.മി;ദേവന്‍ ധൈര്യമായി തുടങ്ങിക്കോളു.എല്ലാവിധ സഹായങ്ങളും ലഭ്യമാക്കാം." മാനേജര്‍
"thank you sir" ദേവന്‍ മാനേജര്‍ക്ക് ഷേക്ക് ഹാന്‍ഡ് കൊടുത്ത് സന്തോഷത്തോടെ പിരിയുന്നു.
17
എക്‍സ്റ്റീരിയര്‍. സമയം വൈകുന്നേരം, നാലുമണികഴിഞ്ഞു.ദേവന്‍റ വീട്ടു മുറ്റം.മീരയുടെ ഉള്ളില്‍ ഉറങ്ങിക്കിടന്ന ഗ്രാമീണ ഭാവം ഉണര്‍ന്നു. ഇപ്പോള്‍ മീര അവളുടെ പാടത്തു കൃഷിചെയ്യാനുള്ള ദേവന്‍റ തീരുമാനത്തില്‍ അതീവ സന്തുഷ്ടയാണ്. അവളുടെ ബാല്യകാലം കൃഷിയിലധിഷ്ഠിതമായതായിരുന്നു. അതു തിരിച്ചു കൈവരുന്നതിന്‍റ ഉത്സാഹം മുഴുവനും അവള്‍ക്കിപ്പോഴുണ്ട്. മീര സാരിയും ബ്ലൌസും വേഷം. ദേവന്‍ മുണ്ടും ഷര്‍ട്ടും. . അവര്‍ കൃഷി വയല്‍ കാണാനുള്ള
പുറപ്പാടാണ്.
മീര ഒരുപാടുത്സാഹത്തില്‍ ദേവനോട്
"എന്നാ പോകാം ചേട്ടാ"മീര
"ഓ.. വലിയ ഉത്സാഹമാണല്ലോ ശ്രീമതിയ്ക്ക്."ദേവന്‍ മീരയെ കളിയാക്കിക്കൊണ്ട്.
"ആ..എന്‍റ ഉത്സാഹം ചേട്ടനറിയില്ലേ പണ്ടേ ആറും തോടും പുഞ്ചവയലു കാണാനും ഒക്കെ എനിയ്ക്കിഷ്ടമാണെന്നറിയാമല്ലോ."മീര
"അതെയതെ" ദേവന്‍ വീണ്ടും കളിയാക്കിക്കൊണ്ട്
"നിന്നെ ഞാന്‍ ആദ്യം കാണുന്നതു തന്നെ ആ പാടത്തെ വരമ്പത്തു വെച്ചല്ലെ.അച്ഛന്‍റ കൈയ്യില്‍ തൂങ്ങിക്കൊണ്ട്."ദേവന്‍
" അതൊന്നും മറന്നില്ല ഇപ്പഴും."മീര
" അതൊക്കെ എളുപ്പം മറക്കാന്‍ പറ്റുമോ "ദേവന്‍ . രണ്ടു പേരും പൊട്ടിച്ചിരിയ്ക്കുന്നു.
രണ്ടു പേരും ഉറക്കെ ചിരിച്ചു ചിരിച്ച് വീടിന്‍റ പുറത്തെ നടവഴിയിലേയ്ക്കിറങ്ങി നടന്നു തുടങ്ങുന്നു.കുറച്ചു ദൂരം അവരെ പിന്‍തുടരുന്ന ക്യാമറ.
വഴിയില്‍ പശുക്കളെ യൊക്കെ മേയാന്‍ കെട്ടിയിരിയ്ക്കുന്നതു കാണിയ്ക്കാം.വല്ലത്തില്‍ പുല്ലും ചുമന്നു പോകുന്ന ഒരാള്‍.
18
വൈകുന്നേരം. നീണ്ടു പരന്നു കിടക്കുന്ന പുഞ്ച വയല്‍. നോക്കെത്താ ദൂരത്തോളം. അകലെ അവിടവിടെ ആള്‍ക്കാരുടെ അവ്യക്ത രൂപങ്ങള്‍ കാണാം. അരികിലുള്ള വലിയ ചിറയില്‍ നിന്നു കൊണ്ട് വയല്‍ ദേവനും മീരയും വീക്ഷിയ്ക്കുന്നു.പതുക്കെ വയലിന്‍റ ഇട വരമ്പിലോട്ട് രണ്ടു പേരും ഇറങ്ങുന്നു. നടന്നു നടന്ന് കൃഷി ചെയ്യാതെ കളകേറി മൂടി കിടക്കുന്ന ഒരു വയലിന്‍റ അരികില്‍ രണ്ടുപേരും നില്‍ക്കുന്നു.ബാക്കിയുള്ള നിലങ്ങളെല്ലാം വൃത്തിയായി വിത്തു വിതയ്ക്കാന്‍ പരുവത്തില്‍ ഒരുക്കിയിട്ടിരിയ്ക്കുന്നു.അതിരു നിര്‍ണ്ണയിക്കുന്ന ദേവനും മീരയും.
മീര ആങ്ങളയുടെ ഒരുക്കിയിട്ടിരിയ്ക്കുന്ന നിലം കാണിച്ചു കൊടുക്കുന്നു.
മീര കൈ ചൂണ്ടിക്കൊണ്ട്.
"ദാ, നോക്കിയ്ക്കേ ഇതാണവന്‍റ വീതം. തൊട്ടടുത്ത് എന്‍റേതാ. "മീര സീരിയസ്സായി
"ദേ ചേട്ടാ, ഇതു തെക്കെയതിര്, "മീര
വീണ്ടും കൈ വടക്കോട്ടു ചൂണ്ടി
"ദേ ,അതു വടക്കേയതിരു്."മീര
"ഇനി കിഴക്കും പഠിഞ്ഞാറും ചേട്ടനു കണ്ടു പിടിയ്ക്കാമല്ലോ..." മീര ഒരു നീട്ടില്‍ പറഞ്ഞു നിര്‍ത്തുന്നു.
"ശരി മീരാ.. നോക്കട്ടെ."ദേവന്‍ സീരിയസ്സായി.
ഒന്നു കൂടി രണ്ടു പേരും വരമ്പത്തു കൂടി നടന്നു വയലു നോക്കീട്ട് തിരികെ പോകാനായി നടന്നു തുടങ്ങുന്നു. നേരം സന്ധ്യയോടടുക്കുന്നു. അങ്ങകലെയുള്ള വയല്‍ വരമ്പത്തെ വീടുകളില്‍ വിളക്കു കത്തിച്ചു തുടങ്ങി. ഒരുപറ്റം കിളികള്‍ ആകാശത്തിലൂടെ വേഗത്തില്‍ പറന്നു പോകുന്നു. കൂടണയാന്‍ .
19
സമയം രാവിലെ.
ദേവന്‍റെ വീട്. ഇന്‍റീരിയര്‍ . ദേവന്‍ രാവിലെ കുളിച്ചു റെഡിയായി.കൈലിയും ഷര്‍ട്ടുമാണ് വേഷം. തോളത്ത് ഒരു തോര്‍ത്തും. ഒന്നാം തരം ഒരു നാട്ടുമ്പുറ കൃഷിക്കാരന്‍റ ലുക്ക്. ഡൈനിംഗ് ടേബിള്‍. രാവിലത്തെ കാപ്പി കുടിയ്ക്കുന്നു. തൊട്ടരികില്‍ മോന്‍ സ്ക്കൂള്‍ യൂണിഫോമില്‍ .കാപ്പി കഴിയ്ക്കുന്നു. ദോശയാണ് പലഹാരം. മീര അകത്തു നിന്നും ചുട്ടു കൊണ്ടിടുന്നുണ്ട്. അത്ര വില കൂടിയതല്ലാത്ത ഒരു നൈറ്റിയാണു വേഷം.
"മോന്‍ വയറു നിറച്ച് കഴിയ്ക്ക്."ദേവന്‍
കുട്ടി ഒരു പാടു വിഷമത്തില്‍
"അച്ഛനിനി തിരികെ ദുബായിപ്പോകുന്നില്ലേ..മോന് കളിപ്പാട്ടോം ഫോറിന്‍ മുട്ടായീം ഒന്നും കിട്ടില്ലേ ഇനിം." കണ്ണന്‍.
"അച്ചനിവിടാണേലും മോനിതെല്ലാം കിട്ടും."ദേവനല്‍പ്പം വിഷമത്തില്‍ .
കുട്ടി സന്തോഷത്തില്‍
"എങ്കി അച്ഛനിനി ഒരിയ്ക്കലും പോവണ്ട. എനിയ്ക്കതാണിഷ്ടം."കണ്ണന്‍ .
മീര കടന്നു വരുന്നു. ഒരു കെയ്യില്‍ ചട്ടുകത്തില്‍ ദോശ ദേവന്റെ പാത്രത്തിലിടുന്നു.
കുട്ടി കൈ കഴുകി പോകുന്നു. പുറത്ത് സ്കൂള്‍ വാനിന്‍റ ഹോണടി.
"ഇന്നല്ലേ പാടത്ത് പണി തുടങ്ങുന്നത്"മീര ദേവനോടായി
ദേവന്‍ കൈ കഴുകി തോര്‍ത്തില്‍ തുടച്ചുകൊണ്ട്
" അതെയല്ലോ, എന്താ കൂടെ വരുന്നോ"ദേവന്‍ കളിയാക്കുന്ന സ്വരത്തില്‍, തല ആട്ടിക്കൊണ്ട്.
.
"അല്ലാ ഞാന്‍ ചോദിച്ചെന്നേയുള്ളേ.കാവിഭഗോതിയ്ക് ഇന്നു നാഴിയരിപ്പായസ്സം കഴിപ്പിയ്ക്കുന്നുണ്ടേ."മീര
"എന്നാ ഞാനിറങ്ങട്ടെ മീരാ" ദേവന്‍ .
"ശരിയേട്ടാ, പോയിവരൂ"മീര
മീര ദേവനെ അനുഗമിച്ചു കൊണ്ട് ഡൈനിംഗ് ഹാളില്‍ നിന്നും വരാന്ത വരെ. ദേവന്‍ പോകുന്നതും നോക്കി നില്‍ക്കുന്നു.
20-a
എക്‍സ്റ്റീരിയര്‍ .സമയം രാവിലെ. വീണ്ടും പുഞ്ച വയല്‍ .നിലം ഉഴുതു മറിയ്ക്കുന്നു. ട്രാക്‍റ്റര്‍ .ദേവനും നാരായണേട്ടനും കൃഷ്ണേട്ടനും ( . 65നും 70നും ഇടയ്ക്കു പ്രായം. ഒന്നാന്തരം ഒരു കൃഷിക്കാരന്‍ ) വരമ്പത്തുണ്ട്. വേറെ കുറച്ചു കാണികളും.
വേഷം. ദേവന്‍ കൈലി,ഷര്‍ട്ട് , തലേല്‍ തോര്‍ത്ത് കെട്ടിയിരിയ്ക്കുന്നു. നാരായണേട്ടനും കൃഷ്ണേട്ടനും മുണ്ടും ബനിയനും തോര്‍ത്തും. തോര്‍ത്തു തോളത്താണ്. രണ്ടുപേരുടെയും.
"മണ്ണിനും പെണ്ണിനും എപ്പഴാ ഭാഗ്യം വന്നു കേറുന്നേന്നു പറയാന്‍ പറ്റുമോ."കൃഷ്ണേട്ടന്‍ .
" അതേയതേ... ദേ, ഇപ്പതന്നെ നോക്കിയ്ക്കേ.ഈവയലിന്‍റ കാര്യമെടുത്തേ എത്ര നാളു കെട്ടു കഴിയാത്ത പെണ്ണിനെ പോലെ കിടന്നതാ. ഇപ്പഴാ ഇതിനു യോഗം തെളിഞ്ഞത്." നാരായണേട്ടന്‍ .പറഞ്ഞു ചിരിയ്ക്കുന്നു. മറ്റവരും ചിരിയുടെ കൂടെ ചേരുന്നു.
b
എക്‍സ്റ്റീരിയര്‍ . അടുത്ത ദിവസം രാവിലെ. വയലില്‍ വിത്തിടുന്നു. ചെറിയ വട്ടിയില്‍ എല്ലാ പണിക്കാരുടെയും ദേവന്‍റെ കൈയ്യിലും മുളച്ച വിത്ത്. പാടത്ത് വിതയ്ക്കുന്നു. വയലില്‍ നാല് ആണാള്‍ .അവരുടെ വേഷം വെറും കയിലി.തലയില്‍ എല്ലാവരും തോര്‍ത്തു കെട്ടിയിട്ടുണ്ട്.അവരുടെ കൂടെ ദേവനും .വയലിലെ ചെളി വെള്ളത്തില്‍. വിത്തിനു നനവുകിട്ടാന്‍ മാത്രം അല്‍പ്പം വെള്ളം വയലില്‍ .നാരായണേട്ടനും കൃഷ്ണേട്ടനും ഉപദേശങ്ങളും കൊടുത്തോണ്ട് കരയില്‍ . വെയിലുകൊള്ളാതിരിയ്ക്കാന്‍ രണ്ടുപേരും കുട പിടിച്ചിട്ടുണ്ട്. അവരു വരമ്പത്തു നിന്നു പറയുന്നതിനൊക്കെ ഉത്തരം. ജോലിചെയ്തുകൊണ്ടു തന്നെ പാടത്തുള്ളവര്‍ പറയുന്നു.
കൃഷ്ണേട്ടന്‍ പണിക്കാരോടായി
"വിത്തെല്ലാം മുളച്ചു തുടങ്ങീട്ടാണോ"
"ആ..അതെല്ലോ."ഒരു പണിക്കാരന്‍ .
"മുളച്ച വിത്ത് മൂന്നാം പക്കം. ഞാറാകൂന്നാ.."നാരായണേട്ടന്‍ .
"ചാലു കീറി വെള്ളം വീത്തണം."കൃഷ്ണേട്ടന്‍ .
"വളമൊക്കെ ജൈവവളം മതി.കേട്ടോ." കൃഷ്ണേട്ടന്‍ .
"നല്ല ചാണോപ്പൊടീം ചാമ്പലും ഒക്കെയായി." നാരായണേട്ടന്‍ .
"അതെയതെ.ഞങ്ങളു ചെയ്യുമ്പോലെയൊക്കെ നീയും ചെയ്താ മതി." നാരായണേട്ടന്‍.
" ഇപ്പഴത്തെ ഈ പരിഷ്ക്കാരോന്നും നമുക്കുവേണ്ടേ..വേണ്ട.രാസോളോം,വെഷമരുന്നും."ഒരു പണിക്കാരന്‍ .
"നല്ല പുകേല കഷായോണ്ടെങ്കി നല്ല ഒന്നാം തരം കീടനാശിനിയായി."മറ്റൊരു പണിക്കാരന്‍.
"എല്ലാം നിങ്ങളു പറേമ്പോലെ.നമുക്കതൊക്കെതന്നെ ചെയ്യാം.നിങ്ങളാണെന്‍റ ഗുരുക്കന്മാര്‍.വേണ്ടതെല്ലാം എനിയ്ക്കുപറഞ്ഞു തരണം.ഏസീടെ തണുപ്പും കൊണ്ടോണ്ടുള്ള പണിയെ ഇതുവരെ എനിയ്ക്കു വശോണ്ടാരുന്നുള്ളു.ഇനിയാണിതൊക്കെ പഠിയ്ക്കേണ്ടത്." ദേവന്‍ . എല്ലാരും അതു കേട്ടു പൊട്ടിച്ചിരിയ്ക്കുന്നു
C
ഒരു ചാറ്റല്‍മഴ. അതിനോടൊപ്പം ഒരു ഞാറു നടീല്‍ പാട്ടിന്റെ ഈരടികള്‍. മഴ വലിയ മഴയില്‍ തീരുന്നതിനോടൊപ്പം പാട്ടിന്റെ ഈരടികളവസാനിയ്ക്കുകയും, ഞാറ് വലുതായി
കതിരു വരാറാകുന്ന നെല്‍ ചെടിയായി വളര്‍ന്നതും കാണിയ്ക്കുന്നു.
21
ദേവന്‍റെ വീട്. രാവിലെ. എക്‍സ്റ്റീരിയര്‍. പുറകു വശം. ഒരു പുതിയ പശുത്തൊഴുത്ത്. കോഴിക്കൂട്, എല്ലാം കാണാം.തൊഴുത്തില്‍രണ്ടു കറവപ്പശുക്കളും ക്ടാക്കളും. കോഴിക്കൂടില്‍
നിറയെ കോഴികള്‍.മീര--വീട്ടിലിടുന്ന നൈറ്റി വേഷം. ദേവന്‍ കൈലി മാത്രം.മീര കാലിത്തൊഴുത്തില്‍ പശൂന് തീറ്റയും വെള്ളവും ഒക്കെ കൊടുക്കുന്നു. ദേവന്‍ തൊഴുത്തിന്‍റ അടുക്കലേയ്ക്ക് കടന്നു ചെല്ലുന്നു.സ്നേഹത്തോടെ പറയുന്നു.
"അണ്ണാറക്കണ്ണനും തന്നാലായത്." ദേവന്‍ പറഞ്ഞിട്ട് ചിരിച്ചുകൊണ്ട് തുടരുന്നു.
"നീ ആളു കേമിതന്നെ. ഞാന്‍ സമ്മതിച്ചു തന്നിരിയ്ക്കുന്നു.ആ മാനേജരുടെ പരിചയത്തില്‍, ബാങ്കിലെ ലോണീന്ന് എന്തെല്ലാം ഒപ്പിച്ചു.കോഴി പശു…."ദേവന്‍
"എന്താ കണ്ട്ട്ട് കുശുമ്പു വരുന്നോ. ഞാന്‍ കിറു കൃത്യമായി ലോണടയ്ക്കുന്നുണ്ടേ.."മീര തമാശമട്ടില്‍ പറയുന്നു.
"ദേ ഇതു കണ്ടോണ്ട് തെക്കേപ്പുരയ്ക്കലെ ശാന്തേം പോയി മുട്ടീട്ടൊണ്ടേ ബാങ്കില്." മീര.
"അതെയോ...കൊള്ളാമല്ലോ..അങ്ങിനെ പെണ്ണുങ്ങക്കെല്ലാം നീയിപ്പൊ മോഡലായി അല്ലേ..കൊള്ളാമല്ലൊ ശ്രീമതി.."ദേവന്‍. രണ്ടുപേരും. ഉറക്കെ ചിരിച്ചു രസിയ്ക്കുന്നു.
അച്ഛനുമമ്മയും മോനും അങ്ങോട്ടു വരുന്നു. മൂവരും വീട്ടില്‍ നില്‍ക്കുന്ന വേഷം.അമ്മ സെറ്റും മുണ്ടും. അച്ഛന്‍ ഡബിളും തോര്‍ത്തും. കൈ ചെറിയ ബനിയനും.മോന്‍ നിക്കറ്.അച്ഛനുമമ്മയും ഒരുപാടു സന്തോഷത്തില്‍
"മോനെ, നമ്മുടെ വീടിന് ആ പഴയ കുടുംബത്തിന്‍റെ പ്രതാപമെല്ലാം തിരിച്ചു കിട്ടിയതുപോലെ" അച്ഛന്‍
“ശരിയാണച്ഛാ,".ദേവന്‍
"അച്ഛന്‍ പ്രതാപി കുട്ടന്‍പിള്ളയായി."ദേവന്‍ .
എല്ലാവരും ചിരിയ്ക്കുന്നു.
22
എക്‍സ്റ്റീരിയര്‍. വീണ്ടും പുഞ്ച വയല്‍.സമയം രാവിലെ.ഞാറു് വലുതായി. കതിരിടാറായ നെല്‍ ചെടി. ദേവനും,കൃഷ്ണേട്ടനും നാരായണേട്ടനും കൂടിവരമ്പു ചുറ്റി നടന്ന്
കൃഷി നോക്കി കാണുന്നു.എല്ലാപാടത്തിന്‍റയും ഒരു ദൂരകാഴ്ച ക്യാമറയില്‍ കാണിയ്ക്കുന്നു.എല്ലാം പച്ച പരവതാനി വിരിച്ചതുപോലെ കിടക്കുന്നു,
വേഷം. ദേവന്‍- കയിലിയും. ഷര്‍ട്ടും തോര്‍ത്തും.
നാരായണേട്ടനും, കൃഷ്ണേട്ടനും കയ്യ് അല്‍പ്പമുള്ള ബനിയനും, മുണ്ടും തോര്‍ത്തും.
"രണ്ടാം വളോം കൂടി അധികം താമസിയാണ്ട് ചേറണം കേട്ടോ ദേവാ.."നാരായണേട്ടന്‍ .
"ശരി നാരായണേട്ടാ." ദേവന്‍.
"എന്നിട്ട് ആ കളേം കൂടങ്ങു പറിപ്പിച്ചു കള."നാരായണേട്ടന്‍
"രണ്ടാഴ്ചയ്ക്കകം കൊടം വരേണ്ട നെല്ലാണേ."കൃഷ്ണേട്ടന്‍,
"അതെ യതെ.." നാരായണേട്ടന്‍
വീണ്ടും കുറച്ചു നേരം കൂടി നിന്ന ശേഷം പിരിയുന്നു. എല്ലാവരും തിരികെ പോകുന്നു.
23
ദേവന്‍റ വീട്. ഇന്‍റീരിയര്‍ . അച്ഛനും അമ്മയും ദേവനും സിറ്റൌട്ടിലിരിയ്ക്കുന്നു. അച്ഛന്‍ കോസടിയിലാണ്. അച്ഛന്റെ വേഷം മുണ്ടും. തോര്ത്തും.
അമ്മ സെറ്റും മുണ്ടും.വീട്ടിലിടുന്നത്. ദേവന്‍ കൈലിയും ഒരു തോര്ത്തും.
" പാടത്തു വളമൊക്കെയിട്ടോ ദേവാ.."അച്ഛന്‍ .
"ഇട്ടച്ഛാ... നാരായണേട്ടനും കൃഷ്ണേട്ടനും ഉള്ളതുകൊണ്ട് അതൊക്കെ സമയാ സമയങ്ങളില്‍ അങ്ങു നടക്കുന്നുണ്ടേ."ദേവന്‍
"എന്തുചെയ്യാം. ഇതൊക്കെ അറിഞ്ഞോണ്ടിവിടിരിക്കാമെന്നല്ലാതെ വന്നു സഹായിക്കാനൊട്ടും പറ്റുന്നില്ലല്ലോ യെന്‍റ മോനെ, നിനക്കാവശ്യം വന്നപ്പോള്‍ ...എത്ര കേറിയിറങ്ങിയ പാടമാ.."ദേവന്‍റച്ഛന്‍ വിഷമത്തില്‍
"അതിനെന്താ അച്ഛാ..അച്ഛനെപ്പോലെ തന്നെ എല്ലാ ഉപദേശോം തന്ന് അവരെല്ലാം എന്റെ കൂടെയുണ്ടേ"ദേവന്‍
24
ദിവസങ്ങള്‍ കുറച്ചു കഴിഞ്ഞു. കലണ്ടറില്‍ . പേജുകള്‍ മറിയുന്നത് കാണിയ്ക്കാം.എക്‍സ്റ്റീരിയര്‍ . പുഞ്ചപ്പാടം.സമയം വൈകുന്നേരം. മൊത്തത്തില്‍ എല്ലാ വയലിന്‍റയും ഒരു ഷോട്ടു കാണിയ്ക്കുന്നു.നെല്ല് വിളഞ്ഞു പാകമായി. മുഴുവനും പൊന്നിന്‍ കതിര്‍മണികള്‍ കൊണ്ട് നിറഞ്ഞ വയല്‍ . നല്ല വിളവുള്ള പാടം. കൊയ്ത് അടുക്കാറായത്. മൂന്നുപേരും പാടത്തിന്‍റ വരമ്പത്തുണ്ട്. അങ്ങകലെ പാടത്തെ വരമ്പുകളില്‍ ഒറ്റയ്ക്കും തെറ്റയ്ക്കും വിളവു നോക്കാന്‍ വന്നു നില്‍ക്കുന്നവരെ ലോംഗ്ഷോട്ടില്‍ കാണിയ്ക്കാം.
ദേവന്‍ കൈലിയും ഷര്‍ട്ടും വേഷം. നാരായണേട്ടനും കൃഷ്ണേട്ടനും പതിവു വേഷം-ബനിയനും തോര്‍ത്തും.
"ചിങ്ങത്തി പുത്തരിച്ചോറുണ്ണാം അല്ലേ ദേവാ.." നാരായണേട്ടന്‍ .
ദേവന്‍റ മുഖത്ത് നിറഞ്ഞ സംതൃപ്തി. മറുപടിയായി ഒരു ചിരി മാത്രം.
"ഇത്തവണ ദേവാ...നീ തന്നെ ഒന്നാമന്‍."കൃഷ്ണേട്ടന്‍.
"നൂറ്റിക്കു നൂറു മേനി" കൃഷ്ണേട്ടന്‍.
ദേവന്‍ അതിന്‍റ അര്‍ത്ഥം കിട്ടാതെ വായും പൊളിച്ച് അവരെ നോക്കിക്കൊണ്ടു നില്‍ക്കുന്നു.
"എടാ, കൊയ്തു പൊലിയാകട്ടെ അപ്പം നിനക്കു മനസ്സിലാവും അപ്പറഞ്ഞതിന്‍റ അര്‍ത്ഥം."നാരായണേട്ടന്‍.
"ഏനുണ്ടോ വെയം തീണ്ടി പരിശയം എന്ന് പണ്ടാരോ പറഞ്ഞപോലാ ഇത്. ഗള്‍ഫുകാര്‍ക്ക് വിളവിന്‍റ മേനി പറഞ്ഞാ എങ്ങട്ടു മനസ്സിലാകാനാ."കൃഷ്ണേട്ടന്‍ .
അതും പറഞ്ഞ് ഉറക്കെ ചിരിയ്ക്കുന്നു.ദേവനും നാരായണേട്ടനും ചിരിയില്‍ കൂടെ ചേരുന്നു. മൂവരും തിരികെ വീട്ടിലോട്ടു നടക്കുന്നു.
25
സമയം വൈകുന്നേരം. ദേവന്‍റ വീട്. ഇന്‍റീരിയര്‍.വീടിന്‍റ സിറ്റൌട്ടില്‍ കോസടിയില്‍ ദേവന്‍റ അച്ഛന്‍ കിടക്കുന്നു.അമ്മ അടുത്ത് കസേരയിലിരിയ്ക്കുന്നു. അരപ്ലേസു പോലുള്ള സ്ഥലത്ത് ദേവനും ഇളയകുട്ടിയും മീരയും ഇരിയ്ക്കുന്നു. അച്ഛന്‍ മുണ്ടും ബനിയനും, അമ്മ സെറ്റ്, ദേവന്‍ -കൈലി , തോര്‍ത്ത്. മീര-നൈറ്റി.
മോന്‍ -ബര്‍മൂടാ നിക്കറ്.
"നൂറ്റിക്കു നൂറു മേനീന്നാ കൃഷ്ണേട്ടന്‍ പറഞ്ഞത്.ഇത്തവണ ഞാനാണത്രേ ഫസ്റ്റടിക്കാന്‍ പോണത്. എനിയ്ക്കായിരിക്കും ഏറ്റവും നല്ല കര്‍ഷകനുള്ള കര്‍ഷക മിത്ര അവാര്‍ഡ് എന്നാണവരു പറയുന്നത്." എല്ലാവരോടുമായി ദേവന്‍.
" ഹാവൂ എന്‍റ കാവിഭഗോതീ...രക്ഷിച്ചു."അമ്മ.
" നീ ആദ്യായി കൃഷിയിറക്കീട്ട് നല്ല വിളവു കിട്ടീല്ലോ.അതുതതന്നെ ഭാഗ്യം."അച്ഛന്‍ .
"എനിയ്ക്കും ഒന്നു കണ്ടാക്കൊള്ളാമെന്നുണ്ട്. വിളഞ്ഞു കിടക്കുന്ന നെല്‍പ്പാടം.നമ്മുടെ വയലിങ്ങനെയൊന്ന് കാണണമെന്ന് എന്തൂരം ആഗ്രഹിച്ചു ഞാന്‍, ഭഗോതി അതിനു കാത്തല്ലോ." മീര.
"ഞാനും വരും " കുട്ടി ഒരുപാടുത്സാഹത്തില്‍ .
"അതിനെന്താ, എല്ലാരേം കൊണ്ടുപോം.മോനിപ്പം പോയി പഠിയ്ക്ക്.ഓണപ്പരീക്ഷ വരികല്ലേ."ദേവന്‍.
26-a
വീണ്ടും പുഞ്ച വയല്‍ .സമയം വൈകുന്നേരം.മീരയും ദേവനുംമാത്രം വയല്‍ വരമ്പത്ത്. ദേവന്‍ മുണ്ടും ഷര്‍ട്ടും. മടക്കി കുത്തിയ മുണ്ട്.മീര ചൂരിദാര്‍ .
"ഇതെത്ര മേനീന്നാ കൃഷ്ണേട്ടന്‍ പറഞ്ഞത്"മീര നെല്‍പ്പാടത്തു നോക്കി സന്തോഷവും അത്ഭുതവും കലര്‍ന്ന സ്വരത്തില്‍ ദേവനോടായി.
“അതോ, അത്..അത്..” ദേവന്‍ .അവളുടെ കൈ പിടിച്ച് അടുക്കലേയ്ക്കു ചേര്‍ത്തു നിര്‍ത്തി.
. “കൃഷ്ണേട്ടന്‍ പറഞ്ഞത് വയലില്‍ നൂറ്റിക്കു നൂറുമേനിയെന്ന് പക്ഷേ ഇവിടെ നൂറുക്കു നൂറ്റൊന്നു മേനീന്ന് ഞാന്‍ പറയുന്നു. നിന്റെ ആ നിറഞ്ഞ മനസ്സ്. ആ മനസ്സാണ് ഈ കാണുന്നത്." ദേവന്‍ അവളോട് ഒരുപാടു സ്നേഹത്തില്‍
“ എന്നെ വീണ്ടും ജീവിതത്തിന്റെ പച്ചപ്പിലേയ്ക്കു കൊണ്ടു വന്ന നിന്റെ മനസ്സ്.അവിടെയാണ്
നൂറ്റിക്കു നൂറു മേനി വിളഞ്ഞിരിയ്ക്കുന്നത്.” ദേവന്‍ വീണ്ടും അവളോട്.
"നിന്റെ വട്ടി നിറയെ ഞാന്‍ ആദ്യത്തെ പതം....ഇതാ നിനക്കു മാത്രമായി...” ദേവന്‍ പതുക്കെ
പരിസരം വീക്ഷിച്ച ശേഷം അവളുടെ കവിളില്‍ തന്റെ ചുണ്ടുകള്‍ ചേര്‍ത്തു.
അവര്‍ ചിറയിലേയ്ക്കു നടന്നു കയറി.
26-b
വീണ്ടും ചിറയില്‍ നിന്നു കൊണ്ട് എല്ലാ വയലും ഒരു വിഹഗ വീക്ഷണം നടത്തുന്നു.മീര നാണിച്ച് ദേവനില്‍ ഒരു കള്ള നോട്ടം എറിയുന്നു. ചിറയുടെ അങ്ങേയറ്റത്തു നിന്നും നടന്നടുക്കുന്ന ദേവന്‍റ പഴയ ചങ്ങാതി സുബൈര്‍ .ദേവന്‍റ അതേ പ്രായം. ഇടത്തോട്ടുടുത്തിരിക്കുന്ന മുണ്ട്. വെള്ള ജുബ്ബ. തലയില്‍ തൊപ്പി. താടി. നെറ്റിയില്‍ നിസ്ക്കാര തഴമ്പ്.പഴയ ചങ്ങാതിയെ ഒരുപാടു നാളു കൂടി കണ്ട സന്തോഷം മൊത്തം മുഖത്തു കാണാം. അടുത്തെത്തുന്നതിനു മുമ്പുതന്നെ വര്‍ത്തമാനം പറഞ്ഞു തുടങ്ങുന്നു.
"ഇതാരാ ഈ നിക്കുന്നെ.കെട്ടിയോനും കെട്ടിയോളും കൂടി ഈ വരമ്പത്തെന്തു ചെയ്യുന്നപ്പാ..നീയെന്നാ വന്നെ ദേവാ, ഞാനറിഞ്ഞീല്ലല്ലോ..." സുബൈര്‍ .
മൂവരും ചിരിയ്ക്കുന്നു.
"ഞാന്‍ വന്നിട്ട് കുറച്ചു നാളായല്ലോ സുബൈറെ" ദേവന്‍ .ചങ്ങാതിയെ കണ്ട സന്തോഷം മുഖത്തുണ്ട്.
" ഇനിയെന്നാ മടക്കം." സുബൈര്‍ .
"ഞാന്‍ മടങ്ങിയല്ലോ സുബൈറെ...." ദേവന്‍ ചിരിച്ചു കൊണ്ട്.
" പടച്ചോനെ..ഇതെന്താപ്പാ.. നിനക്കു പിരാന്തു പിടിച്ചോ.." സുബൈര്‍ .
മൂന്നു പേരും ഉറക്കെ ചിരിയ്ക്കുന്നു.
"ഇല്ല,സുബൈറേ...ഞാന്‍ മടങ്ങി. എന്‍റെ മണ്ണിലേയ്ക്ക്,എന്‍റ പാരമ്പര്യത്തിലേയ്ക്ക് ഞാന്‍ മടങ്ങിയെത്തി." ദേവന്‍ ഗൌരവത്തില്‍.
മീരയും ദേവനും സുബൈറും വിളഞ്ഞ നെല്‍പ്പാടത്തിനെ നോക്കി സന്തോഷത്തോടെ നില്‍ക്കുന്നു. അകലെ ഒരു കൊയ്തു പാട്ടിന്‍റ ഈരടികള്‍ .
പാട്ടവസാനിയ്ക്കുന്നതോടുകൂടി ദേവന്‍റ വീടിന്റെ ഉമ്മറത്ത് കെട്ടിതൂക്കിയിട്ടിരിക്കുന്നൊരു നല്ല കതിര്‍മാടത്തിന്റെ closeup ല്‍ ടൈറ്റില്‍ കാണിച്ച് അവസാനിപ്പിക്കുന്നു.