വിനോദ് പറയാനുള്ളത് എപ്പോഴും നേരിട്ടു തന്നെ പറയുന്ന കൂട്ടത്തിലാണ്. പണ്ടുതൊട്ടേ. ചിലപ്പോള്‍ വിചാരിക്കും അവനു തന്‍റെ സ്വഭാവം ആണെന്ന്. എന്തു കാര്യം ആണെങ്കിലും നേരിട്ടങ്ങു തുറന്നുപറഞ്ഞു കളയും. മൂന്നാമതൊരാളോടോ ഫോണില്‍കൂടിയോ പറയുന്നതിനെക്കാളും ഇതേപോലെയുള്ള കാര്യങ്ങള്‍ നേരിട്ടു പറയുകയാണ് നല്ലത്. തികച്ചും ഒരു വൈകാരിക പ്രതിസന്ധി നേരിടുന്ന കാര്യമാണെങ്കില്‍അല്‍പ്പം ആശ്വാസം പകരാനും കഴിയുമല്ലോ. ഏതായാലും ഇനി അധികം ദിവസം കാത്തിരിക്കേണ്ടല്ലോ.കൂടി വന്നാല്‍മൂന്നോ നാലോ ദിവസം. അവന്‍വരട്ടെ. അവന്‍റെ വായില്‍നിന്നു തന്നെ തനിക്കതു കേള്‍ക്കണം. ഒരു കാലത്ത് അത്രയധികം ഇഷ്ടപ്പെട്ടിരുന്ന അവളെ ഇന്ന് അവനെന്തിനാണ് ഇത്രയധികം തള്ളിപ്പറയുന്നത്. എങ്ങോട്ടെങ്കിലും ഒരു ടൂറുപോയാല്‍ അവള്‍ക്കായി മാത്രം എന്തെങ്കിലും ഒരു ചെറിയ സാധനം എങ്കിലും വാങ്ങിയിരിക്കും. തന്‍റെ മകളെപ്പോലെ മനസ്സില്‍പ്രതിഷ്ഠിച്ചതാണു താനവളെ. എന്നിട്ടിപ്പോള്‍..ഇങ്ങനെ ഒരു. മനം മാറ്റം.എന്തു പറ്റി എന്‍റെ കുട്ടികള്‍ക്ക്. അറിയാതെ വായില്‍നിന്നും വന്ന വാക്കുകള്‍കേട്ട് അദ്ദേഹം ചോദിച്ചു. “എന്തു പറ്റി? ആരോടാണ്.ആര്‍ക്കാണു പറ്റിയത്?” അവിടെ നിന്നും തടിതപ്പി അകത്തേക്കു പോയപ്പോള്‍ മനസ്സിലെ നെരിപ്പോടിന്‍റെ നേരീയ ചൂടുപോലും പുറത്തോട്ടു വമിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
ഇനി നാലു ദിവസം. ശനിയാഴ്ച ദിവസം അവനെത്തും. അവന്‍വന്നു കഴിഞ്ഞാല്‍പിന്നെ വീടുണരും. അവന്‍റെ മുറിയിലെ ഐപ്പോടിനു ജീവന്‍ വെക്കും. അവന്‍റെ ഇഷ്ടപ്പെട്ട സ്ഥിരം പാട്ടുകള്‍..ഹിന്ദിപ്പാട്ടുകള്‍പിന്നെ നൂറു വാട്ടുള്ള ആ സ്പീക്കറില്‍കൂടി അയല്‍പക്കങ്ങളില്‍അലയടിക്കും . അപ്പോളെല്ലാവര്‍ക്കും അറിയാം. അയല്‍പക്കക്കാര്‍ ക്കെല്ലാം അറിയാം. അവര്‍വഴിയില്‍വച്ചു കണ്ടാലുടനെ അന്വേഷിക്കും. “മോന്‍വന്നു അല്ലേ. എന്നു തിരികെ പോകും?” എങ്ങിനെയറിഞ്ഞു എന്നു ചോദിച്ചാലുടനെ അവര്‍പറയും “കോളാംമ്പിപ്പാട്ടുകേട്ടു. പിന്നെ നിന്‍റെ മുഖവും പറഞ്ഞു.” ശരിയാണ് മുഖം മനസ്സിന്‍റെ കണ്ണാടിയാണ് എന്നു പറയുന്നതെത്ര ശരിയാണ്. നമ്മുടെ സന്തോഷം സങ്കടം എല്ലാം പ്രതിഫലിക്കുന്നത് മുഖത്താണല്ലോ. ഒരാളിന്‍റെ മനസ്സിനെ മുഖത്തു കൂടി വായിച്ചെടുക്കാം എന്നാണ് പറയുന്നത്. ചിലരെ സംബന്ധിച്ച് അത് നൂറു ശതമാനം ശരിയാണ്.എന്നാല്‍ മറ്റു ചിലരെ സംബന്ധിച്ച് അത് പത്തു ശതമാനം പോലും ശരി അര്‍ഹിക്കുന്നില്ല. മനസ്സ് ചുഴിയില്‍ പെട്ട് കലങ്ങി മറിയുമ്പോളും ചുണ്ടിലൊരു പുഞ്ചിരി വരുത്തി കൃത്രിമമായി ചിരിക്കുന്ന എത്രയോ ഹത ഭാഗ്യര്‍. മനസ്സു തുറന്ന് ചിരിക്കാനോ കരയാനോ അവര്‍ക്ക് കഴിയില്ല. പൊള്ളയായ അഭിമാനത്തിന്‍റെ പുറം ചട്ടയില്‍ ജീവിക്കുന്നവര്‍. ഹൃദയത്തിലൊതുക്കിയ തീനാമ്പുകള്‍ആളിപ്പടര്‍ന്ന് ഒരുദിവസം കത്തി അവരതില്‍ദഹിച്ചു കഴിയുമ്പോളാണ് ഇന്നലെവരെ അവരുടെ നീറുന്ന ഹൃദയം കാണാന്‍ കഴിയാതെ അവരില്‍നിന്നും പുഞ്ചിരി ഏറ്റു വാങ്ങിയവരുടെ ഉള്ളു കാളുന്നത്.
വെള്ളിയാഴ്ച ദിവസം മാര്‍ക്കറ്റില്‍ പോയി. കുറച്ചു പച്ചക്കറിയും മീനും ഒക്കെ വാങ്ങി.തിരികെ വരുമ്പോളാണ് അര്‍ച്ചനയുടെ അനിയന്‍ ദാനവും അച്ഛനും അമ്മയും കൂടി ഷോപ്പിംഗ് കഴിഞ്ഞ് തിരിച്ചു പോകുന്നത് കണ്ടത്. അച്ഛനെയും അമ്മയെയും അറിയില്ലെങ്കിലും അവളുടെ അനിയനെ നല്ല പരിചയമാണ്. എത്രയോ പ്രാവശ്യം അവനെ കണ്ടിട്ടുണ്ട്. അവനെ ആദ്യമായിട്ടു പരിചയപ്പെടുത്തിയത് താനിപ്പോഴും ഓര്‍ക്കുന്നു . അവളെ അമ്മയുമായി കാണുന്നതിനു മുമ്പാണത്. മ്യൂസിയത്തിലെ ഐസ്ക്രീം പാര്‍ലറിന്‍റെ മുമ്പില്‍ വെച്ച് ഒരു ചോക്കലേറ്റ് ബാര്‍തിന്നു കഴിഞ്ഞ് വീണ്ടും ഒന്നിനും കൂടി അര്‍ച്ചനയുമായി വഴക്കടിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍,വൈകുന്നേരത്തെ നടത്തക്കു വേണ്ടി താനും മോനും കൂടി പോകുമ്പോള്‍കണ്ടതാണ്. അവനന്നു തന്നോടു പറഞ്ഞത്. ചെറിയ പരിചയം എന്നാണ്. പിന്നീടാണ് അവന്‍ കൂടുതല്‍ വിവരങ്ങള്‍ പറഞ്ഞത്. അങ്ങകലെ ഏതോ കോളേജില്‍പഠിക്കുകയാണെന്നും. അവളുടെ കുഞ്ഞനിയനായ ദാനവിന്‍റെ കാര്യവും എല്ലാം. അതെല്ലാം കേട്ട അവന്‍റെടുക്കല്‍ അന്നു തന്നെ മറുപടി കൊടുത്തതാണ്. ഏഴാം കടലിനക്കരെയുള്ള രാജകുമാരിയെ മോഹിച്ച കുഴലൂത്തുകാരനെപ്പോലെ ആകരുതെന്ന്. എന്നിട്ടാണിപ്പോള്‍...ഇങ്ങനെയൊക്കെ ആയത്..
അച്ഛന്‍റെയും അമ്മയുടെയും മുന്‍പില്‍ കണ്ടപ്പോള്‍ ദാനവ് ആലുവാ മണപ്പുറത്തു വെച്ചു കണ്ട പരിചയം പോലും നടിച്ചില്ല. പക്ഷേ അവര്‍കാണാതെ തിരിഞ്ഞു നോക്കി തനിക്ക് ഒരു പുഞ്ചിരി സമ്മാനിച്ചപ്പോള്‍ഒരായിരം ചോദ്യങ്ങളും തന്‍റെ മനസ്സില്‍തലപൊക്കി.മനസ്സില്‍പറഞ്ഞു " ദാനവ് നീ അതറിഞ്ഞില്ലായെന്നുണ്ടോ, പൊട്ടിമാറിയ രണ്ടു സ്ഫടികക്കഷ്ണങ്ങളുടെ നടക്കുള്ള രണ്ട് കുപ്പിച്ചില്ലുകളാണ് നമ്മളെന്ന്."
പിറ്റെ ദിവസം നല്ല ഉത്സാഹമായിരുന്നു എഴുന്നേല്‍ക്കാന്‍. കിഴക്കു പെരുവനുദിക്കുന്നതിനു മുമ്പുതന്നെ എണീറ്റു. അടുക്കളപ്പണി തുടങ്ങിക്കഴിഞ്ഞു. രാവിലെ ട്രെയിനെത്തും.ഇന്നലെയേ കേറിയതല്ലേ.രാവിലെ വന്നാല്‍ആദ്യം കട്ടന്‍കാപ്പിയാണ് അവനു വേണ്ടത്. പണ്ടുതൊട്ടേ ഒരു ശീലമാണ്. അതിപ്പോഴും തുടരുന്നു. എവിടെപ്പോയാലും ചില ശീലങ്ങള്‍മാറുകയില്ല. ആ ശീലങ്ങളിലായിരിക്കും ആ ജീവിതത്തിന്‍റെ താളക്രമം. അതിനെ മറുകടന്നാല്‍ചിലപ്പോള്‍ആ ജീവിതത്തിന്‍റ
താളമാകെ തെറ്റിയെന്നിരിക്കും.
പ്രധാന വാതില്‍അടച്ചിരിക്കുകയാണ്. അവനെത്തിയാല്‍ ബെല്ലടിക്കുമായിരിക്കും. മനസ്സിനെ കടിഞ്ഞാണില്ലാതെ അഴിച്ചു വിട്ടു കൊണ്ട് അടുക്കളജോലിയില്‍മുഴുകിയിരിക്കുമ്പോളാണ് പുറത്തു നിന്നും അമ്മായെന്നുള്ള അവന്‍റെ നീട്ടിയ വിളി കേട്ടത്. ഓടിച്ചെന്നു കതകു തുറന്നു .ഒന്നു കൂടി മെലിഞ്ഞു സുന്ദരനായിരിക്കുന്നു. പണ്ടത്തെ പൊണ്ണത്തടിയനില്‍നിന്നും ഇപ്പോഴത്തെ രൂപത്തിലേക്കുള്ള അവന്‍റെ മാറ്റം തന്നെ തെല്ലൊന്നമ്പരിപ്പിക്കാതെയിരുന്നില്ല. അവനെ തന്നെ സൂക്ഷിച്ചു നോക്കി നിന്നപ്പോള്‍ മുട്ടുകാലിലിഴഞ്ഞു നടന്ന കാലം തൊട്ട് ഇപ്പോള്‍വളര്‍ന്നു പക്വതയേറിയ പുരുഷനിലേക്കുള്ള വഴി മൊത്തമായി മനസ്സില്‍കൂടി കടന്നു പോയി. നിര്‍ന്നിമേഷയായി നിന്ന തന്നെ അവന്‍റെ വാക്കുകളാണുണര്‍ത്തിയത്. "അമ്മയെന്താണെന്നെയിങ്ങനെ നോക്കുന്നത്. ഇതുവരെ കാണാത്തപോലെ.". മക്കളെ ഓരോ നോക്കു കാണുമ്പോളും അമ്മമാര്‍ക്ക് ആദ്യം കാണുന്നതുപോലെ തോന്നും. അവരിലോരോദിവസവും വന്ന മാറ്റങ്ങള്‍കാണുകയായിരിക്കും. അത് മക്കളറിയുന്നതെങ്ങിനെ.
പതിവുപോലെ അവന്‍ അവന്‍റെ മുറിയിലേക്കുപോയി. അവിടെ പതിവു പരിപാടികളെല്ലാം ചെയ്ത് മുറി സജീവമാക്കി. ഫ്രെഷായി വന്ന് കാപ്പികുടിയും കഴിഞ്ഞ് പുറത്ത് കൂട്ടുകാരെ കാണാനായി പോയ അവന്‍ തിരികെ വന്നത് രാത്രയിലാണ്. നാലു ദിവസം കഴിഞ്ഞ് അവന്‍യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ മനസ്സിലെ കണക്കു കൂട്ടലുകളെല്ലാം തെറ്റിപ്പോയി. ഇത്തവണയും അവന്‍ഒന്നും പറഞ്ഞില്ല.പലപ്രാവശ്യം ചോദിക്കാന്‍ മുതിര്‍ന്നതാണ്. അപ്പോഴെല്ലാം അവന്‍ തന്നെ സുഖിപ്പിക്കുവാന്‍...അവന്‍റ പതിവുശൈലിയില്‍പറയുന്ന വിഡ്ഢിത്തങ്ങള്‍ കേട്ട് കൂടെ ചിരിച്ച് പറയാന്‍വന്നതിനെ മനഃപ്പൂര്‍വ്വം കുഴിച്ചു മൂടി. എന്തിന് ഇത്രയും നല്ലൊരു തെളിഞ്ഞ ആകാശത്ത് കാര്‍മേഘം വരുത്തണം എന്നു വിചാരിച്ചു.
വീണ്ടും ആ എഴുതിതീരാത്ത കഥയെടുത്ത് ഒന്നു കൂടി വായിച്ചു. തന്‍റെ ചില നിഗമനങ്ങളില്‍കൂടി ഈ കഥക്ക് ഒരവസാനം കൊടുത്താലോ... മനസ്സു പറഞ്ഞു. ഇതൊരു കഥയല്ലല്ലോ.. കഥയായിരുന്നെങ്കില്‍ അതിനെ എങ്ങിനേയും അവസാനിപ്പിക്കാമായിരുന്നു. കഥാകാരന്‍റെ ആവിഷ്ക്കാര സ്വാതന്ത്ര്യം ആണത്. അവനു തോന്നുന്നപോലെ.... വായനക്കാരനില്‍ ഉദ്വേഗം ജനിപ്പിക്കുമാറ് അവസാനിപ്പിക്കാം അല്ലെങ്കില്‍ അവനെ കണ്ണീര്‍കയത്തിലാക്കാം. അതുമല്ലെങ്കിലവനെ ചിരിപ്പിച്ച് ചിരിപ്പിച്ച് ചിന്തിപ്പിക്കാം.
ഇതൊന്നുമല്ലെങ്കില്‍ വായിച്ചൊരു പരുവമാകുമ്പോള്‍ വായനക്കാരനെ നടുക്കടലിലിടുകയുമാകാം...
ഒന്നുമൊന്നും ചെയ്യാതെ തിരിച്ച് അത് കവറിലിട്ടു ഭദ്രമാക്കി ഫയലില്‍ വെച്ചു. ഒന്നു കൂടി കാത്തിരിയ്ക്കാം എന്നു മനസ്സു പറഞ്ഞു.
വീണ്ടും ശ്രാവണമാസവും ,കാര്‍ത്തികമാസവും എല്ലാം കടന്നു പോയി. വിരസങ്ങളായ ദിവസങ്ങള്‍ മാസങ്ങള്‍ക്ക് വഴിമാറി. അവന് കഥയയച്ചിട്ടിപ്പോള്‍ രണ്ടുവര്‍ഷം തികയാന്‍ പോകുന്നു. ഒരുവിഷു ദിവസം ആണ് അതെഴുതിയത്. ആരോരുമില്ലാതെ കടന്നുപോയ ഒരു വിഷുവിനെ വരവേറ്റത് ആ കഥയെഴുതിയാണ്. മക്കളകലെ. ഭര്‍ത്താവ് ഓഫീസ് കാര്യത്തിനായി അകലെ... അങ്ങിനെയിരുന്നപ്പോള്‍ തോന്നിയ ഒരു കൌതുകമായിരുന്നു ആ കഥ.അല്ല സത്യം കണ്ടു പിടിക്കുവാനുള്ള ഒരു തിരച്ചില്‍.
ഭൂമിയുടെ മേല്‍ മേലാപ്പു വലിച്ചിട്ടുകൊണ്ട് സന്ധ്യ കടന്നുവരാനുള്ള തയ്യാറെടുപ്പ്. സൂര്യന്‍റെ അവസാനത്തെ രശ്മിയെയും തിരമാലകള്‍വിഴുങ്ങിക്കഴിഞ്ഞു. ടെറസ്സിന്‍റെ മുകളില്‍നിന്നാല്‍എല്ലാ കാഴ്ചയും കാണാം. അസ്തമയവും ഉദയവും എല്ലാം. ചില ദിവസങ്ങളില്‍അസ്തമയം കാണണമെന്നു തോന്നുമ്പോള്‍സന്ധ്യാ വന്ദനം കഴിഞ്ഞ് ടെറസ്സില്‍കയറി നില്‍ക്കും. ചിലപ്പോള്‍ നി്രാശയായിരിക്കും ഫലം. കാര്‍മേഘം എവിടെ നിന്നില്ലാതെ വന്ന് മൂടിക്കളയും. അങ്ങിനെ ഇരിക്കുമ്പോളാണ് മൊബൈലില്‍ അവന്‍റെ മെസ്സേജ് വന്നത്." ചെക്ക് യുവര്‍ മെയില്‍". എന്തായിരിക്കും?
No comments:
Post a Comment