Wednesday, February 22, 2012

ഗതിമാറി ഒഴുകിയ പുഴ: ഭാഗം-4


എങ്ങിനെയോ ഓടി താഴെ എത്തിഎളുപ്പം തന്നെ ലാപ്പ് തുറന്നു. വിന്‍ഡോസ് ബൂട്ടു ചെയ്തു വരുവാനുള്ള സമയം അക്ഷമയോടെ ഇരുന്നു. ജിമെയില്‍  സൈന്‍ ചെയ്തു. പാസ്സ് വേര്‍ഡ് കറക്‍റ്റല്ലാ എന്നു പറഞ്ഞു മെസ്സേജു വന്നു. ധൃതിവെച്ചു കൊടുത്തതാണല്ലോ. ക്യാപ്സ് ലോക്ക് ഓണ്‍ആയി കിടക്കുന്നു. എന്തെങ്കിലും എളുപ്പം കാണാന്‍ശ്രമിച്ചാലിങ്ങനയാ നൂറു നൂറു തടസ്സങ്ങളാണ്.
അതാ അവന്‍റ മെയില്‍... കൂടെ  ഒരു അറ്റാച്ച് മെന്‍റ് ഫയല്‍. വൈറസ് സ്കാനിനെ പഴിച്ചു. എത്രയും പെട്ടെന്ന് ഫയല്‍ഓപ്പണ്‍ചെയ്യാന്‍മനസ്സു വെമ്പി. മഴകാത്തിരുന്ന വേഴാമ്പലിനെപ്പോലെ...എന്തായിരിക്കും. ഫയല്‍.. വേര്‍ഡില്‍ ഫയല്‍ ഓപ്പണായി വരുന്നു. തിരശ്ശീലക്കു പിന്നില്‍നിന്നും തെളിഞ്ഞു വരുന്ന തന്‍റെ കഥയുടെ തലക്കെട്ടാണാദ്യം കണ്ടത്....ഗതിമാറി ഒഴുകിയ പുഴ.. മനസ്സില്‍പഞ്ചവാദ്യത്തിന്‍റെ പടഹധ്വനി. അതേ താനയച്ച കഥ . പക്ഷെ  അതിന്‍റെ അവസാനമല്ലേ തനിക്കു വേണ്ടത്. മൌസ്   ക്ലിക്കി താഴോട്ടു വലിച്ചു. താനെഴുതിയ അവസാന വരി......
അവന്റെ ഒരു എഴുത്തും. ഒപ്പം ഉണ്ട്എഴുത്തിന്റെ വരികളില്‍ കൂടി കണ്ണോടിച്ചു.
പ്രിയപ്പെട്ട അമ്മക്ക്, അമ്മയുടെ എല്ലാ കഥയും പോലെ എനിക്ക് ഇത് വായിച്ചു തള്ളാന്‍പറ്റിയില്ല. ഇത് അമ്മയുടെ മോന്‍റെ ലൈഫ്  അമ്മ കഥയാക്കിയതാണല്ലോ.അതിന്‍റെ ഡിസ്ക്ക്ളോസു ചെയ്യാത്ത അവസാനഭാഗത്തിനു വേണ്ടിയല്ലേ അമ്മ എനിക്ക് ആ കഥ അയച്ചത്.വീണ്ടും  ഞാനാ ജോലി അമ്മക്ക്  തരുന്നു. അമ്മ തന്നെ  തീരുമാനിക്കുക, എങ്ങിനെയാകണം അതിന്‍റെ
അവസാന ഭാഗം വേണ്ടതെന്ന്.താഴെ എഴുതിയിരിക്കുന്നത് വായിച്ചു നോക്കിയിട്ട് തീരുമാനിക്കുക"

അതാ അടുത്ത പാരഗ്രാഫ് അതിന്‍റ  താഴെയായി തുടങ്ങിയിരിക്കുന്നു.
 അതിങ്ങനെ.
  ഞങ്ങളുടെ ആകാശത്തിന് അതിരുകളില്ലായിരുന്നു. ഞങ്ങളുടെ ഒഴുക്കിന് തടയണകളില്ലായിരുന്നു. അതിരുകളില്ലാത്ത  ആകാശത്തു കൂടി ഞങ്ങള്‍പാറിപ്പറന്നു.
 ഒരിക്കലും ചിറകുകള്‍കൂട്ടി മുട്ടാതിരിക്കുവാനും കൊക്കുകളുരുമ്മാതിരിക്കുവാനും ഞങ്ങള്‍പ്രത്യേകം ശ്രദ്ധിച്ചിരുന്നു.    
തടയണകളില്ലാത്ത ഒഴുക്ക് ഒരിക്കലും കൂലം കുത്തിയൊഴുകാതിരിക്കുവാനും  ഞങ്ങള്‍ശ്രദ്ധിച്ചിരുന്നു.തെളിനീരിന്‍റെ   അടിയില്‍കിടന്ന പാറച്ചീളുകളും മണ്‍തരികള്‍പോലും അതുകണ്ടത്ഭുതപ്പെട്ടു. എത്ര ശാന്തമായ ഒഴുക്ക്.
ഹൈദ്രാബാദില്‍നിന്നും അര്‍ച്ചനക്ക്  സ്ഥലം മാറ്റം കിട്ടി  മദ്രാസ്സിലേക്കു വന്ന വിവരം ഞാനമ്മയോടു പറഞ്ഞിരുന്നല്ലോ. അന്നല്ലേ അമ്മ എന്നോടു പറഞ്ഞത്. ..ഒന്നിലും അമിതമായി സന്തോഷിക്കുകയോ..അമിതമായി ദുഃഖിക്കുകയോ അരുതെന്ന്...എനിക്കതപ്പോളൊരു തമാശയായെ തോന്നിയുള്ളു. എപ്പോഴും എന്തിനും ഉപദേശം തരുന്ന  അമ്മയുടെ ഒരു പച്ച വാക്ക്.
 അര്‍ച്ചന മാസത്തിലൊരിക്കല്‍നാട്ടില്‍ പോകും. അവളില്ലാത്ത ദിവസങ്ങളെനിക്കു ബോറടി കൂടും. മദ്രാസിലെ മറീന ബീച്ചായിരിക്കും അപ്പോളെന്‍റെ അഭയം.
 വീട്ടില്‍ ചെന്നാലും അവള്‍ ദിവസം രണ്ടു പ്രാവശ്യം എന്നെ വിളിക്കുമായിരുന്നു. അവള്‍ക്ക് ആകെ എന്‍റെ കാര്യം പറയാവുന്ന ഒരേ ഒരാള്‍അവളുടെ അനിയന്‍ദാനവ് ആയിരുന്നു. വീട്ടിലെ വിശേഷങ്ങളും അവന്‍ ചേച്ചിക്ക് കൈമാറിയിരുന്നു. ഒരു തവണ നാട്ടില്‍ പോയി വന്നപ്പോള്‍,   അമേരിക്കയില്‍  മൈക്രോസോഫ്റ്റില്‍ ജോലിയുള്ള ശരത്തിന്‍റെ കാര്യം എന്നോടു പറഞ്ഞു. അവള്‍ ചെല്ലുന്ന ദിവസം കണക്കാക്കി അവര് ‍കാണാന്‍ ചെന്നിരുന്നു എന്നും പറഞ്ഞു. പക്ഷെ എം ടെക്‍കഴിഞ്ഞു കല്യാണം മതിയെന്ന് ഒറ്റവാശിയിലവള്‍പറഞ്ഞത്രെ. അങ്ങിനെ അത്തവണ  അവള്‍രക്ഷപ്പെട്ടു.

ദിവസങ്ങള്‍വീണ്ടും കടന്നു പൊയ്ക്കൊണ്ടിരുന്നു. ഞങ്ങള്‍ക്ക്   ഉദയവും അസ്തമയവും ഇല്ലായിരുന്നു.

 ഞങ്ങളു  രണ്ടുപേരും കമ്പനിയിലെ പ്രോജക്ടുകളില്‍മുഴുകി. കംപ്യൂട്ടറുമായി  ദിവസത്തിന്‍റെ ഏറിയ പങ്കും ചെലവഴിച്ച ഞങ്ങള്‍ക്ക് രാവും പകലും ഒരേ പോലെയായിരുന്നു. ഞങ്ങള്‍ക്കു തന്നെയല്ല..ഞങ്ങളെപ്പോലെ ഉള്ളവരായിരുന്നു ഒട്ടു മുക്കാലും പേരും.അവരിലേറിയ കൂറും രാത്രിഞ്ചരന്‍മാരായിരുന്നു. ഞങ്ങള്‍ക്കു വേണ്ടിമാത്രം ഭക്ഷണം തയ്യാറാക്കി രാത്രിയുടെ അര്‍ദ്ധ യാമത്തില്‍കച്ചവടം ചെയ്ത് ഉപജീവനം കഴിക്കുന്ന എത്രയോ കച്ചവടക്കാര്‍. ചെറുതിലേ  പഠിച്ച ദിനചര്യകളെല്ലാം തകിടം മറിഞ്ഞു.  രാത്രി പകലുകളാക്കി പ്രോജക്ടകളില്‍    മുഴുകുമ്പോള്‍ ഞങ്ങളുടെ ക്ലൈയന്‍റ്  അതിനെ വാച്ചു ചെയ്തു കൊണ്ട് ലോകത്തിന്‍റെ മറ്റൊരു കോണിലിരിക്കുകയാവും. പ്രോജക്ടു പാര്‍ട്ടിയും, ക്ലൈയന്‍റു മീറ്റിംഗും ഒക്കെയായി ഞങ്ങള്‍  
സീനിയേഴ്സിന്റെ പാതയില്‍ കൂടി യൌവ്വനം ഹോമിക്കുമ്പോള്‍ ഉടമസ്ഥരായ മള്‍ട്ടി നാഷണല്‍കമ്പനികള്‍തിന്നു കൊഴുക്കുകയായിരുന്നു.

പാതിരാത്രി വരെ കമ്പനിയിലെ ജോലികഴിഞ്ഞ്, ചിലര്‍ ഇണക്കുരുവികളുമായി വിശ്രമിക്കുന്നത്, പബ്ബുകളിലും ബാര്‍ ഹോട്ടലുകളിലും ആയിരിക്കും.നേരം ഉദിച്ചാല്‍ പാതിരായാകുവോളം കോഡിംഗും,ഡിബഗ്ഗിംഗും ആയി,  സി പ്ലസ്സിലും,ജാവയിലും ഒറാക്കിളിലും  ഒക്കെ പടവെട്ടി തളര്‍ന്ന എന്‍റ കൂട്ടുകാരെ കുറ്റം പറയാനൊരിയ്ക്കലും എനിയ്ക്കു തോന്നുകയില്ലായിരുന്നു അമ്മേ.. പക്ഷെ അമ്മയുടെ മോന്‍ അതില്‍ നിന്നെല്ലാം തെന്നിമാറി നടന്നിരുന്നു എന്ന് അമ്മയ്ക്ക് നൂറു ശതമാനവും വിശ്വസിക്കാം.ഞാനഭയം കണ്ടിരുന്നത് മറീനാ ബീച്ചിലെ കടല്‍ തീരമായിരുന്നു.അമ്മയ്ക്കറിയാവുന്നതാണല്ലോ,പണ്ടും മനസ്സ് ഫ്രെഷാകുവാന്‍  ഞാനഭയം തേടിയിരുന്നത് കോവളം ബീച്ചും,ശംഖുമുഖം കടപ്പുറവുമായിരുന്നുയെന്നത്.. മറീനാ ബീച്ചിലെ കടലിലെ തിരമാലകളെ തഴുകിയെത്തുന്ന കാറ്റു വന്നൊന്നു തലോടുമ്പോള്‍, എന്‍റ മനസ്സും ശരീരവും മസ്തിഷ്ക്കവും ഒരേപോലെ ഫ്രെഷാകുമായിരുന്നു.

അര്‍ച്ചനയുമായി വല്ലപ്പോഴും കണ്ടു മുട്ടുന്നതു തന്നെ രാത്രിയിലായിരുന്നു. രാത്രിയില്‍ബീച്ചില്‍വല്ലപ്പോഴും പോയിരുന്ന്  കടലിന്‍റെ തിരകളിലുതിരുന്ന സംഗീതവും കടല്‍ക്കാറ്റിന്‍റെ തലോടലും ഏറ്റുവാങ്ങി തിരികെ അവളെ അവളുടെ പി.ജി. വീട്ടിലാക്കി ഞാനെന്‍റെ മുറിയിലേക്കു പോകുകയായിരുന്നു പതിവ്കടലിലെ തിരമാലകള്‍ കരയില്‍വന്ന് തല്ലി തകരുന്നതു കാണുമ്പോളവള്‍ പറയുന്നത് ആശയടങ്ങാത്ത തിരകള്‍ തലതല്ലി ചാകുന്നു എന്നായിരുന്നു
വീട്ടില്‍അവളുടെ കാര്യം അവതരിപ്പിക്കുവാന്‍അവള്‍ ദാനവിനെ ശട്ടം കെട്ടി. അടുത്തമാസം അവള്‍  ചെല്ലുന്നതിനു മുമ്പായി എന്‍റെ കാര്യം അവളുടെ അച്ഛനോടും അമ്മയോടും പറയണമെന്ന്. ഇനി അവള്‍ക്കു വേണ്ടി വേറെ ആരേയും തിരക്കേണ്ട എന്ന് പറയാന്‍. അങ്ങിനെ ഒരു ദിവസം ദാനവ്  കാര്യങ്ങളെല്ലാം അവരോടു പറഞ്ഞു.പക്ഷേ അവര്‍ക്കത് ഉള്‍ ക്കൊള്ളുവാന്‍നന്നേ ബുദ്ധിമുട്ടായിരുന്നു.അതറിഞ്ഞ് അവളുടെ അച്ഛന്‍കമ്പനിയില്‍വരുകയും അവളെ നാട്ടിലേക്കു കൂട്ടിക്കൊണ്ടുപോകുവാനൊരു ശ്രമം നടത്തുകയും ചെയ്തു. പക്ഷേ അവളവളുടെ തീരുമാനത്തിലുറച്ചു നിന്നു. അവസാനം അവളുടെ അച്ഛനും അമ്മയും തോറ്റുകൊടുത്തു.
അങ്ങിനെ  വളരെ സന്തോഷത്തിലായ ഞങ്ങള്‍വീണ്ടും  സ്വപനങ്ങള്‍അളന്നുകൂട്ടി പൊലിയാക്കി. അതിനു മുകളില്‍ആകാശം നോക്കി കിടന്നു. പൊലി ഇടിഞ്ഞു നിലം പൊത്തിയത് വളരെ എളുപ്പമായിരുന്നു.
അമിതമായ പ്രതീക്ഷകള്‍ നെയ്തുകൂട്ടരുതെന്ന് അമ്മപറഞ്ഞപ്പോള്‍എനിയ്ക്കന്ന് അത് ഒരു തമാശയായേ തോന്നിയുള്ളു. അവളുടെ അച്ഛനും അമ്മയും നമ്മുടെ വീട്ടിലേക്കു വരാനുള്ള തയ്യാറെടുപ്പായിരുന്നു.
അര്‍ച്ചനയുടെ      പ്രോജക്ട്       ക്ലയന്‍റിന്    കൈമാറുന്ന ദിവസത്തിന്‍റെ അന്നായിരുന്നു അത് സംഭവിച്ചത്.

തുടര്‍ന്നു വായിക്കുവാന്‍ ഇവിടെ ക്ലിക്കുക

അടിക്കുറിപ്പ്


ഈ കഥയ്ക്ക് ഏഴു ഭാഗങ്ങളുണ്ട് ലിങ്കില്‍ ക്ലിക്കിയാല്‍ ഓരോ ഭാഗങ്ങളും വായിക്കാം

ഭാഗം 1
ഭാഗം 2
ഭാഗം 3
ഭാഗം 4
ഭാഗം 5
ഭാഗം 6
ഭാഗം 7   

No comments:

Post a Comment

Related Posts Plugin for WordPress, Blogger...