Monday, December 17, 2012

അല്‍പ്പം ശബരിമല വിശേഷം.




ശബരീശനെ ദര്‍ശനം കണ്ടു്  പറഞ്ഞാല്‍ നമ്മുടെ പാപം എല്ലാം തീര്‍ന്ന് മോക്ഷം കിട്ടും എന്നാണ് പണ്ട് മുത്തശ്ശി പറഞ്ഞു തന്നിട്ടുള്ളത്. മനസ്സിലെ ആഗ്രഹവവും എനിയ്ക്കൊപ്പം വളര്‍ന്നു. പ്രത്യേകിച്ചും ഒരു സ്ത്രീയായി ജനിച്ചു പോയതു കൊണ്ട് അന്നു തുടങ്ങി  മനസ്സില്‍ കൊണ്ടു നടന്ന ആഗ്രഹം ഈ കഴിഞ്ഞ പതിമൂന്നാം തീയതി സഫലമായി.

 എനിയ്ക്കു മനസ്സിലായത് ഒരു പക്ഷേ കൂടുതല്‍ പാപം ചെയ്യുന്നവരേ ആയിരിക്കും അയ്യപ്പനങ്ങോട്ടു ക്ഷണിയ്ക്കുന്നതെന്നാണ്. അതുപോലെ കഠിനമായ മല കയറ്റം. കിഴുക്കാം തൂക്കായ ആ മലയില്‍ കൂടി തലയില്‍ ചെറുതെങ്കിലും ഇരുമുടിക്കെട്ടിനകത്തെ  നെയ്ത്തേങ്ങയുടേയും അല്ലാത്ത തേങ്ങയുടേയും  അരി കര്‍പ്പൂരം മറ്റുള്ള പൂജാ സാധനങ്ങളുടേയും ഒരു ഭാരം. തോളില്‍ സഞ്ചിയ്ക്കകത്തെ  ചെറിയൊരു  ഭാരം. ഈ കേറ്റം കേറുമ്പോളെല്ലാം ഒരു  കയ്യ് തലയില്‍  ഇരുമുടിക്കെട്ടില്‍..അതുതാഴെ വീഴാതെ നോക്കണം.

 കൃത്യം രാത്രി 11 മണിയായപ്പോള്‍ പമ്പയില്‍ സ്നാനം നടത്തി മല കയറാന്‍ ആരംഭിച്ച ഞങ്ങള്‍ ഇരുന്നും കയറിയും വെളുപ്പിന് നാലുമണി നട തുറന്നപ്പോള്‍ ശബരിമലയിലെ നടപ്പന്തലില്‍ എത്തി. ഈ മണിക്കൂര്‍ കണക്ക് ഞങ്ങള്‍ക്ക് ഒട്ടും ക്യൂ നില്‍ക്കാതെ അങ്ങു നടന്നെത്തുവാന്‍ എടുത്ത സമയം മാത്രമാണ്. ഞാനും എന്‍റെ സഹോദരിയും നാല്പത്തി രണ്ടു വര്‍ഷം ശബരിമല ദര്‍ശനം നടത്തിയ ഒരു പെരിയസ്വാമിയും ആയാണ് പോയത്. അദ്ദേഹത്തിന്  മലചവിട്ടാന്‍ ഒന്നര മണിക്കൂര്‍ മതിയെന്നാണ് പറഞ്ഞത്. ഏതായാലും അന്നു തിരക്കില്ലാതിരുന്നതിനാല്‍ പതിനെട്ടാം പടിക്കു താഴെ അരമണിക്കൂറെ നില്‍ക്കേണ്ടി വന്നുള്ളു. പതിനെട്ടാം പടിയില്‍ നമ്മുടെ പോലീസ് സേന എടുത്തു കയറ്റി മുകളിലെത്തിച്ചോളും. താഴത്തെ പടിതൊട്ട്  മുകളിലെ പടിവരെ അവര്‍ നില്‍ക്കുകയല്ലെ.
  അതുകഴിഞ്ഞ് ഫ്ലൈ ഓവര്‍ വഴി വലിയ തിരക്കില്ലാതെ അയ്യപ്പദര്‍ശനം നടത്തി.
  താഴെ എത്തിയപ്പോള്‍ വി . ഐ.പി മാരെ കൊണ്ടു പോകുന്ന വഴിയൊക്കെ കണ്ടു. അതു കണ്ടു കൊതിച്ചു നില്‍ക്കുമ്പോള്‍ അവിടെ  സന്നിധാനത്ത് ഭാഗവത പാരായണം നടത്തുന്ന ഒരു ഭക്ത മുഖാന്തിരം നേരെ പോയി മണിക്കൂറുകളോളം അയ്യപ്പന്‍റെനുഗ്രഹത്താല്‍  ദര്‍ശനം നടത്താനുള്ള ഭാഗ്യവും കിട്ടി.
 
ഇനി അല്‍പ്പം കാര്യ വിചാരം.
നമ്മള്‍  കെട്ടു നിറയ്ക്കുന്നത് നെയ്ത്തേങ്ങ പുഴുക്കലരി, ഉണക്കലരി, കര്‍പ്പൂരം, ചന്ദനത്തിരി വാവര്‍ക്ക് അരി കുരുമുളക് തുടങ്ങിയ പൂജാ സാധനങ്ങളാണ്. അതില്‍ പുഴുക്കലരി എന്നു പറയുന്നത് നമ്മള്‍ ചോറു വെയ്ക്കുന്ന അരിയാണ്. അതിന് ഇപ്പോള്‍ 42 രൂപാ വിലയാണ്. നമ്മള്‍ ശബരിമലയില്‍  ഇതു നിക്ഷേപിക്കുന്നസ്ഥലത്ത് ടണ്‍ കണക്കിന് അരിയാണ് വന്നു നിറയുന്നത്. അത് വന്‍കിട കച്ചവടക്കാര്‍ക്ക് കിലോയ്ക്ക് 8രൂപ 50 പൈസയ്ക്ക്  കൊടുക്കുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്.സന്നിധാനത്ത് ക്ഷീണിച്ചു ചെല്ലുന്ന ഭക്ത ജനങ്ങള്‍ക്ക് വെറും പച്ചരി വെച്ചത് കുറച്ചു പയറും വേവിച്ചിട്ട കഞ്ഞി അയ്യപ്പ സേവാസംഘത്തിന്‍റ കൃപയാല്‍ കിട്ടുന്നു. അതു കഴിച്ചതു കൊണ്ടാണ് ഇതെഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത്. അവര്‍ക്കു പോലും ഈ അരി കൊടുക്കുന്നില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.

 ഇനി പച്ചരിയിലേയ്ക്കു വരാം നമ്മള്‍ കെട്ടിനകത്തു നിറയ്ക്കുന്ന പച്ചരി സന്നിധാനത്ത്  കൊടുക്കേണ്ടത് ഒരു കൌണ്ടറില്‍ കൊടുത്താല്‍ നമുക്ക് അപ്പോള്‍ തയ്യാറാക്കിയ കട്ടി പയസം കിട്ടും.  അതു നമുക്ക് ഭക്ഷിയ്ക്കാം.
ബാക്കി പച്ചരി നമ്മള്‍ മാളികപ്പുറത്തമ്മയ്ക്കായിട്ട് അവിടെ കൊണ്ടു കൊടുക്കും. അവിടെ ഒരു വലിയ ചെമ്പിലാണ് ഇതു നിക്ഷേപിക്കുന്നത്. അവിടെ ചെയ്യുന്നത് ടണ്‍ കണക്കിന് ഇത് വെറും നാലു രൂപ അറുപതു പൈസയ്ക്ക്  അരിപ്പൊടി തയ്യാറാക്കുന്ന കുത്തക കമ്പനിയിലേയ്ക്കാണ് പോകുന്നതെന്നാണ്  അവിടെയുള്ള ദേവസ്വം ജീവനക്കാര്‍ പറഞ്ഞത്.
 പിന്നെ നമ്മള്‍ കൊണ്ടു പോകുന്ന കര്‍പ്പൂരം ചന്ദനത്തിരി ബാക്കി സാധനങ്ങളെല്ലാം കൂടി ഒരൂ ഫര്‍ണസില്‍ വേയ്സ്റ്റ് ആയിട്ട് അങ്ങ് അകലെ കത്തിച്ച് പുക കുഴലിലൂടെ പുക വരുന്നതാണ് കാണാന്‍ കഴിഞ്ഞത്. നാട്ടില്‍ കടകളില്‍ കിടക്കുന്ന കര്‍പ്പൂരം ചന്ദനത്തിരിയും ഒക്കെ  ഭക്തിയോടെ ഇരുമുടി കെട്ടിനകത്തിട്ട് കൊണ്ടു ചെല്ലുന്നത് അല്‍പ്പം പോലും അവിടുത്തെ ആവശ്യത്തിന് എടുക്കുന്നില്ലല്ലോയെന്ന് ഓര്‍ത്ത് വിഷമിച്ചു.

പിന്നെ ഒന്നിനു പോകുന്നതും രണ്ടിനു പോകുന്നതും കുളിയും കച്ചവടല്‍ക്കരിക്കുന്നത്
 കുളിയ്ക്കുന്നതിന് പതിനഞ്ചു രൂപാ
 മൂത്രം ഒഴിക്കുന്നതിന് മൂന്നു രൂപാ
 ഇതാണ് റേറ്റ്. ഏതെങ്കിലും പ്രൈവറ്റു പാര്‍ട്ടിയുടേതാണെന്നു കരുതി പൈസവാങ്ങുന്നയാളിനോട് ചോദിച്ചപ്പോള്‍ ദേവസ്വം ബോര്‍ഡിന്‍റേതാണെന്നും അവരു ലേലത്തില്‍ പിടിച്ചിരിക്കുകയാണെന്നും ആണ് അറിയാന്‍ കഴിഞ്ഞത്.

ഇത് പമ്പ തുടങ്ങിയുള്ള ബിസ്സിനസ്സാണ് ഈ മൂത്രക്കച്ചവടം. എന്നു തന്നെ പറയാം അയ്യപ്പനെ കാണാന്‍ പോകുന്നഭക്തര്‍ക്ക് വേണ്ടി ഇത്രയും കോടി വരുമാനം കിട്ടുന്ന
ദേവസ്വം ബോര്‍ഡിന് ഫ്രീ ആയിട്ട് പ്രാധമിക ആവശ്യത്തിനുള്ള സൌകര്യം ഒരുക്കി കൊടുത്തു കൂടാത്തതെന്തുകൊണ്ടാണ്. വൃത്തിയുടേതായിരിയ്ക്കാം  പറയുന്ന ന്യായം.. പൈസയില്ലാതെ വന്ന ഒരു തമിഴ് മാളികപ്പുറത്തിനെ  നിര്‍ദ്ദയമായി മൂത്രമൊഴിക്കാന്‍ സമ്മതിയ്ക്കാത്തതു കണ്ടുനിന്നത് വളരെ വേദനയുണ്ടാക്കി. ഞാന്‍ മൂന്നുരൂപാ കൊടുത്തു് അവരെ മൂത്രമൊഴിക്കാന്‍ കടത്തി വിട്ടു.. അതു കണ്ടതു കൊണ്ടാണ് ഇതൊന്ന് എഴുതാമെന്ന് തീരുമാനിച്ചത്. വൃത്തിയായിട്ട് കുളിമുറിയും കക്കൂസും ഒക്കെ അതേ പോലെ ശംബളം കൊടുത്ത് മേല്‍ നോട്ടത്തിന് ആളെയും വെച്ചാല്‍  നടക്കും. വൃത്തിയുടെ കാര്യം പറഞ്ഞ് ഒഴിയുന്നത് ശരിയല്ല. ഇത് ഒരുമാതിരി അയ്യപ്പന്‍ മാരുടെ മൂത്രവും മലവും വിറ്റ് ദേവസ്വം ബോര്‍ഡ്  കൊള്ളയടിക്കുന്ന ഏര്‍പ്പാടായാണ് എനിയ്ക്ക് തോന്നിയത്.ഇതിനെതിരെ ഞാന്‍  ശക്തമായി പ്രതികരിയ്ക്കുന്നു

സന്നിധാനത്തെ സെക്യൂരിറ്റിസംവിധാനവും മറ്റും ഏറെ പ്രശംസ പിടിച്ചു പറ്റുന്നതാണ്. അതേപോലെ അവരുടെ പെരുമാറ്റവും.
നടപ്പന്തലൊക്കെ ഒന്നു കൂടി വൃത്തിയാക്കാനുള്ള സംവിധാനം എടുത്താല്‍ അയ്യപ്പന്‍മാര്‍ക്ക് അറയ്ക്കാതെ ഇരുന്നു വിശ്രമിയ്ക്കാമായിരുന്നു എന്നു തോന്നി.
 എന്താണേലും ഇത്രയും മലയുടെ മുകളിലിരിയ്ക്കുന്ന അയ്യപ്പനേയും തൊട്ടടുത്തിരിക്കുന്ന വാവരേയും  കണ്ടു വണങ്ങുന്ന ഏതൊരാളുടേയും മതഭ്രാന്ത് മനസ്സില്‍ നിന്നും മാറ്റിയാണ് മണികണ്ഠസ്വാമി മലയിറക്കി താഴോട്ടു വിടുന്നതെന്ന് നിസ്സശയം പറയാം.
വാവരുടെ നടയില്‍ കാണിയ്ക്കയിട്ട് അരിയും കുരുമുളകും അര്‍പ്പിച്ച് മുസ്ലീം പൂജാരി തലയില്‍ഭസ്മമിട്ട് പൂജാമന്ത്രങ്ങള്‍ ചൊല്ലി നമ്മളെ യാത്രയാക്കുമ്പോളാണ് അയ്യപ്പന്‍റെ അനുഗ്രഹം യാഥാര്‍ത്ഥ്യമാകുന്നതായി അനുഭവപ്പെട്ടത്.

  മത വിലക്കുകളൊന്നും ഇല്ലാത്ത....എല്ലാ മതവിഭാഗക്കാര്‍ക്കും  പോകാവുന്ന ശബരിമലയിലേയ്ക്ക് ആയുസ്സില്‍ ഒരിയ്ക്കലെങ്കിലും പോകുന്നത് ഒരു അനുഭവം തന്നെയാണ് എന്നെടുത്തു പറയട്ടെ!!!

15 comments:

  1. ദീപസ്തഭം മഹാശ്ചര്യം
    എന്തിനും കൊടുക്കണം പണം.

    നവം. 24നു കയറി 25നു ഞാനുമുണ്ടായിരുന്നു മലയിൽ.

    ReplyDelete
  2. ഈശാ വാസ്യം ഇധം സര്‍വ്വം എന്ന് വിശ്വസിക്കുന്ന ഒരു വിശ്വാസം ഉള്ളിലുള്ള നാം എന്തിന് ഇശ്വരനെ കച്ചവടം ചെയ്യുന്ന ഇത്തരം കേന്ദ്രങ്ങളില്‍ പോകണം?

    ReplyDelete
  3. ചേച്ചി പറഞ്ഞതിലും എത്രയോ അധികമാണ് ശബരിമലയിലെ കച്ചവടതന്ത്രങ്ങൾ.

    ഞാനൊരിക്കൽ ഒരു ടൂർ ഓപ്പറേറ്റിങ്ങ് ഗ്രൂപ്പിനോടൊപ്പം ശബരിമലയിൽ ചെന്നപ്പോൾ ആ ഗ്രൂപ്പിന്റെ വണ്ടിയിൽ ചെന്നവർക്കായി പ്രത്യേക താമസസൗകര്യം, ക്യൂ നിൽക്കാതെ അഭിഷേക സൗകര്യം, അപ്പം അരവണ വാങ്ങാനുള്ള സൗകര്യം...!!!

    സംഘത്തിലെ അംഗങ്ങളെ പ്രത്യേകം വരിയായി മേൽശാന്തിയുടെ തിരുമുമ്പിൽ കൊണ്ട് ചെന്ന് നൂറുരൂപയിൽ കുറയാത്ത തുക ദക്ഷിണവെപ്പിച്ച് കാൽതൊട്ടുവണങ്ങിപ്പിക്കുന്നതിലും ട്രാവൽ ഗ്രൂപ്പുകാർ പ്രത്യേകം ശ്രദ്ധിച്ചു. മനുഷ്യൻ മനുഷ്യന്റെ കാൽ പിടിക്കുന്നതിനോട് യോജിക്കാനാവാത്ത എനിക്കും എന്റെ കൂട്ടുകാരനും ട്രാവൽ ഏജൻസിയുടെ ഗൈഡിനോട് പിണങ്ങേണ്ടിയും വന്നു....

    ആത്മീയതയെ ചോർത്തിയെടുത്ത് കച്ചവടമാക്കി കീശവീർപ്പിക്കുന്ന കൊള്ളയടി എതിർക്കപ്പെടേണ്ടതു തന്നെ.... ഇതൊടൊപ്പം ശബരിമലയിൽ സാധാരണക്കാരായ പോലീസുകാരും മറ്റും ചെയ്യുന്ന നല്ല പ്രവർത്തനങ്ങൾ പ്രംശസനീയമാണ്....

    ReplyDelete
  4. എല്ലാം കച്ചവടം മാത്രം. ഭക്തിമാര്‍ഗ്ഗം കച്ചവടം നടത്തിയാല്‍ എളുപ്പമാണ്. ആരും ചോദിക്കാന്‍ വരില്ല. വന്നാല്‍ അവരെ കൈകാര്യം ചെയ്യാന്‍ എളുപ്പമാണ്.

    ReplyDelete
  5. സ്വാമിയേ.............ശരണമയ്യപ്പാ.........അറിവില്ലാ‍ പൈതങ്ങളാണേ....കാത്ത്കൊള്ളണം ഭഗവാനേ.......ഞാൻ ഇനിയും വരും..ജാഗ്രതൈ................

    ReplyDelete
  6. അമ്പലങ്ങളിലെ കച്ചവടം കണ്ട് അന്തം വിട്ടിട്ടുണ്ട്. പേടിച്ചിട്ടുണ്ട്.. ..........

    ഞാനീ കുറിപ്പ് നേരത്തെ വായിച്ചിരുന്നു. നെറ്റ് ഓഫായിപ്പോയതുകൊണ്ടാണു ഒന്നും പറയാതെ പോയത്.

    ReplyDelete
  7. നാല്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് മല ചവിട്ടിയ ഓര്‍മ്മ തിരികെ കൊണ്ട് തന്നു ഈ പോസ്റ്റ്‌. അന്ന് പക്ഷെ ഭക്തി കച്ചവടം ആയിട്ടില്ലായിരുന്നു..ഇപ്പോള്‍ നടവരവിന്റെ കണക്ക്‌ മാത്രം അല്ലേ കേള്‍ക്കാനുള്ളൂ.. എന്തായാലും ഒരിക്കല്‍ എങ്കിലും അയ്യപ്പ സന്നിധിയില്‍ ചെല്ലുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെ.. അത് അനുഭവിച്ചു തന്നെ അറിയണം.. സ്വാമിയെ .. ശരണം അയ്യപ്പാ...

    ReplyDelete
  8. നമുക്കുള്ളിലെ ചൈതന്യത്തെ തിരിച്ചറിയാന്‍ കഴിയാതെ എവിടെയൊക്കെയോ ചുറ്റിത്തിരിയുന്നു നാം....

    ReplyDelete
  9. Ellaam kachavadamayam thanne. Laabhakkothiyanmaar vaazhunnidathu pinnenthaa nadakkaathathu. ee kittunna panam muzhuvan Devaswom Board enthu cheyyunnu?

    ReplyDelete
  10. ശബരിമല വിശേഷങ്ങള്‍ വായിച്ചു .ഇത്രയും വരുമാനമുണ്ടായിട്ടും എന്തുകൊണ്ട് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ അധികൃതര്‍ എന്തുകൊണ്ട് ശ്രമിക്കുന്നില്ല ???

    ReplyDelete
    Replies
    1. ശബരീശനെ ദർശിക്കാൻ എന്തിനാ കൈമടക്ക് കൊടുക്കുന്നേ...?
      അകലെ നിന്നും കണ്ടാലും അദ്ദേഹം അനുഗ്രഹിക്കും...!
      അതല്ലെ ദൈവ വിശ്വാസം....!!?
      അടുത്തു ചെന്നു കണ്ടാലെ അനുഗ്രഹിക്കൂയെന്നത് ദൈവ വിശ്വാസമല്ല.
      അതിനെ ചുറ്റിപ്പറ്റി നിൽക്കുന്നവരുടെ വയറ്റുപ്പിഴപ്പിന്റെ വിശ്വാസം മാത്രമാണ്...!!

      ദൈവത്തെ വച്ച് കാശുണ്ടാക്കുകയെന്നല്ലാതെ, ഭക്തജനങ്ങളുടെ ഉന്നമനം ഒരു നേരിയ അംശമെങ്കിലും മനസ്സിലുണ്ടെങ്കിൽ ഇതിനകം ശബരിമല ശരിക്കും ഒരു പൂങ്കാവനമായേനെ....!!!

      Delete
  11. ഒന്നിനും രണ്ടിനും മാത്രമല്ല...!
    ഇന്ന് എല്ലാദൈവ സന്നിദ്ധികളും എല്ലാം
    വിൽക്കുന്ന കച്ചവട കേന്ദ്രങ്ങളായി മാറിയിരിക്കുകയാണല്ലോ ആല്ലെ

    എല്ലാം നന്നായി പറഞ്ഞിരിക്കുന്നൂ..കേട്ടൊ മേം

    ReplyDelete
  12. യഥാര്‍ത്ഥ ദൈവവിശ്വാസമെന്തെന്നു തിരിച്ചറിഞ്ഞു അതനുസരിച്ചു പ്രവര്‍ത്തിച്ചാല്‍ മനോവിഷമവും നിരാശയുമുണ്ടാവില്ല. വെറും കാട്ടിക്കൂട്ടലുകളാവുമ്പോഴാണീ പ്രശ്നങ്ങളുണ്ടാവുന്നത്.
    വിശ്വാസം അതല്ലേ എല്ലാം... ! അല്ലേ?

    ReplyDelete
  13. ആത്മീയതയാണ് ഏറ്റവും ലാഭമുള്ള കച്ചവടം .... അതിനോട് ചുറ്റി പറ്റി നിക്കുന്നവരും കൊയ്യുന്നു ലാഭം........

    ReplyDelete
  14. ആത്മീയത സംഘടിതമാഉമ്പോള്‍ അതിലേക്ക് കച്ചവടം കടന്നുവരികയായി. ദേവസ്വം എന്ന സര്‍ക്കാര്‍ വകുപ്പ് തന്നെ ഉള്ളപ്പോള്‍ ഇതൊക്കെ ഒന്ന് നേരെയാക്കിയെടുക്കാന്‍ കഴിയേണ്ടതാണ്‌.

    ReplyDelete

Related Posts Plugin for WordPress, Blogger...