Tuesday, February 12, 2013

ലാഭം കൊയ്യുന്നവര്‍


ലാഭം കൊയ്യുന്നവര്‍
അത്താഴ പട്ടിണിക്കാരുണ്ടോ.............
ആ ചോദ്യം കേട്ടപ്പോള്‍ കോലാച്ചിമാവിന്‍റ ഉള്ളില്‍ ഒരു പരിഹാസച്ചിരി ഉയര്‍ന്നു വെങ്കിലും   ഇതിനി എത്ര നാള്‍ കേള്‍ക്കാന്‍പറ്റുമെന്ന ഒരു വിഷാദ ചിന്തയും ഉള്ളിലുണര്‍ന്നു.    പൊളിഞ്ഞു വീഴാറായ നാലുകെട്ടിലെ  കാര്‍ന്നവരുടെ പ്രായമുള്ള ആ വൃക്ഷത്തിന്‍റ ഹൃദയത്തിനുള്ളിലെ മര്‍മ്മരം  എന്താണെന്നു കേള്‍ക്കാം........    
വര്‍ഷങ്ങള്‍ക്കു മുമ്പ്  വളരെ    അര്‍ത്ഥവത്തായ ഈ ചോദ്യത്തിന് ഇന്നെന്തു പ്രസക്തി?
അന്ന് പടിപ്പുരക്കു വെളിയില്‍എത്രയോ പേര് കാത്തുനിന്ന് അത്താഴം കഴിച്ചിട്ട്
പോകുന്നത് താന്‍കണ്ടിട്ടുള്ളതാണ്. ഇന്നിപ്പോളീ ചോദ്യത്തിനു പ്രസക്തിയില്ലെങ്കിലും അന്നത്തെ പ്രതാപത്തിന്‍റെ നാളുകളയവിറക്കിക്കൊണ്ട് തന്നേപ്പോലെ തന്നെ ഉള്ള ഒരാള്‍ ഈപൊളിഞ്ഞു വീഴാറായ നാലുകെട്ടിനകത്ത് ഇരിപ്പുണ്ട്.
തൊണ്ണൂറ്റഞ്ചു വയസ്സായിട്ടും ഓര്‍മ്മകള്‍ ഓളം വെട്ടുന്ന ഹൃദയവുമായി നടക്കുന്ന  കുഞ്ഞിലക്ഷ്മിയമ്മ. പഴയ തലമുറയിലെ ഏക വ്യക്തി. അവരെ കാണുമ്പോളെല്ലാം തനിക്കു തോന്നിയിട്ടുണ്ട്  ഒരു പ്രായം കഴിഞ്ഞാല്‍ ഒന്നും ഓര്‍മ്മകളില്‍തങ്ങി നില്‍ക്കാതിരിക്കുന്നതാണേറെ നല്ലതെന്ന്.വലിയ വീട്ടില്‍തറവാട്ടിലെ  പടിപ്പുരയ്ക്കു പുറത്തോട്ടു നോക്കിയുള്ള    ഈ വിളിചോദ്യം കുഞ്ഞിലക്ഷ്മിയമ്മയുടെ ഒരേ ഒരാഗ്രഹമാണ് താന്‍മരിക്കുന്നതുവരെ ഈ വിളിചോദ്യം വേണം എന്നുള്ളത്. പേരക്കുട്ടിയുടെ മകളാണ്, ഇന്നത് വിളിച്ചു ചോദിക്കുന്നത്.പടിപ്പുര കൊട്ടിയടക്കുന്നതിനു മുമ്പായിട്ട്.  പണ്ട് പ്രതാപത്തിന്‍റയും ഐശ്വര്യത്തിന്‍റയും നാളുകളില്‍ ചോദിച്ചിരുന്ന ചോദ്യം. അതു മാത്രം ഇന്നും മുറതെറ്റാതെ ആചരിക്കുന്നു. കോലാച്ചിമാവു വിചാരിച്ചു...അടുക്കളയിലെ അരിക്കലം അതുകേട്ടിപ്പോളൊരു ചിരി ചിരിച്ചു കാണും.അതിനകത്ത് ഒറ്റ വറ്റു പോലുമില്ലെന്നുള്ള രഹസ്യം പുറത്തിതു കേള്‍ക്കുന്നവര്‍ക്കറിയില്ലല്ലൊ. കുഞ്ഞിലക്ഷ്മിയമ്മയുടെ ഒരേ ഒരാഗ്രഹം. ഈ വിളിച്ചോദ്യം.ചേതമില്ലാത്ത കാര്യമായതിനാല്‍ കുഞ്ഞിലക്ഷ്മിയമ്മയുടെ  കൊച്ചുമകളുടെ  മകളായ നന്ദിനിക്കുട്ടിയാണ് ആ ദൌത്യം ഏറ്റെടുത്തിരിക്കുന്നത്. പൊളിഞ്ഞു വീഴാറായ പടിപ്പുരയുടെ വാതുക്കല്‍ ചെന്നുനിന്ന് പടിപ്പുര അടയ്ക്കുന്നതിനു മുമ്പായി  അവള്‍ മെല്ലെ ചോദിക്കും.
    "അത്താഴപ്പട്ടിണിക്കാരുണ്ടോ..........................."
നാലുകെട്ടും പടിപ്പുരയുമുള്ള ഒരു പഴയ നായര്‍തറവാട്ടിന്‍റ പ്രതാപത്തിന്‍റെ ഓര്‍മ്മകളയവിറക്കികൊണ്ട്...തലയെടുപ്പോടെ ആ കോലാച്ചിമാവ് ഓര്‍മ്മകളില്‍തടഞ്ഞ മുത്തുകളെല്ലാം പെറുക്കിയെടുത്തു.
 കാര്‍ന്നവന്മാരും   അനന്തിരവരും   മക്കളും കൊച്ചുമക്കളും ഒക്കെയായി പത്തു നാല്‍പ്പതു പേരുണ്ടായിരുന്ന പേരുകേട്ട തറവാട്. നാനൂറു പറ പുഞ്ച നിലവും
മുപ്പത്തഞ്ചേക്കറോളം വരുന്ന തെങ്ങിന്‍പുരയിടവും ഉണ്ടായിരുന്ന തറവാട്. പുഞ്ച വയലിലെ പൊലി കൂട്ടി നാലുകെട്ടിന്‍റെ മുമ്പില്‍ ചിക്കു പായയില്‍കൂട്ടിയിട്ടിരുന്ന കാലം.തലപ്പുലയന്‍  തോളത്തെ തോര്‍ത്ത് കാലിന്‍റിടയില്‍തിരുകി ഓഛാനിച്ച്   കിഴക്കു വശത്തു വന്നു   നിന്നിരുന്നകാലം. പത്തായത്തില്‍കാര്യസ്ഥന്മാര്‍ പൊലി അളന്ന് കൂട്ടിയിടുമ്പോള്‍, ചാരുകസേരയില്‍    രണ്ടുകാലും നീട്ടിവെച്ച് കാര്‍ന്നവര് അതു നോക്കി കിടക്കും.
നാലു കെട്ടിന്‍റെ മുറ്റത്തും അകത്തളത്തിലും കൊണ്ടാടിയ ആഘോഷങ്ങള്‍.തിരണ്ടു കല്യാണം , കെട്ടു കല്യാണം,   ഷഷ്ഠിപൂര്‍ത്തി,  സപ്തതി,, ശതാഭിഷേകം.
ഓരോന്നു കഴിയുമ്പോളും നാനൂറു പറ പുഞ്ച നിലത്തിന്‍റെ ഓരോ കണ്ടം കുറഞ്ഞു കുറഞ്ഞു വന്നു.അതെല്ലാം തലപ്പുലയന്‍റെയും അടിയാന്‍റെയും കൈകളില്‍ എത്തിച്ചേര്‍ന്നു.
.അതേപോലെ തന്നെ മുപ്പത്തഞ്ചേക്കര്‍ തെങ്ങും പുരയിടത്തിലും. ഓണവും വിഷുവും, പുടവകൊടുക്കലും പുളികുടിയും  പേരിടീലും   ഒക്കെ കഴിഞ്ഞ് ശേഷിച്ചത്
അഞ്ചേക്കറോളം. അതും അടിയാന്മാരുടെ കൈകളിലെത്താന്‍അധികദിവസം വേണ്ടി വന്നില്ല.
  കാറ്റുവീഴ്ചയില്ലാത്ത  തെങ്ങുകള്‍  കടങ്കഥ പോലെയായി.  പഴയ പ്രതാപമെല്ലാം ഒന്നൊന്നായി ഓര്‍മ്മകള്‍മാത്രമായി. മിച്ചമുണ്ടായിരുന്നത് വീതം വെച്ചു. കിട്ടിയവര്‍...  കിട്ടിയവര്‍ വിറ്റു പെറുക്കി സ്ഥലം വിട്ടു. വലിയ വീട്ടിലെ ഏക്കറുകള്‍ അങ്ങിനെ അന്യരുടെ കൈകളിലെത്തിയത് വളരെ പെട്ടെന്നായിരുന്നു.
മിച്ചമുള്ള നാലുകെട്ടും പടിപ്പുരയും ആര്‍ക്കും വേണ്ടാതായി.നാലു കെട്ടു കെട്ടി മേയണമെങ്കില്‍ആയിരം മടലോലവേണം. കാറ്റു വീഴ്ച  വന്ന തെങ്ങില്‍നിന്നും  ആയിരം മടലോല   എങ്ങിനെ കിട്ടാന്‍. അങ്ങിനെ അവസാനം കുഞ്ഞുലക്ഷ്മിഅമ്മയുടെ ചുമലില്‍ഈ നാലുകെട്ടും പടിപ്പുരയും.മുപ്പത്തഞ്ചേക്കര്‍,  നാലു കെട്ടിനു ചുറ്റുമുള്ള നാല്‍പ്പതു സെന്‍റായിചുരുങ്ങി.കുഞ്ഞു ലക്ഷ്മിയമ്മക്കും  ഇളയ  മകനും കൂടി കിട്ടിയതാണ് ആ നാലുകെട്ടും പൊളിഞ്ഞു വീഴാറായ പടിപ്പുരയും അതിനു ചുറ്റുമുള്ള നാല്‍പ്പതു സെന്‍റും.മകന്‍ ഒരു സന്ധ്യക്ക് വീടു വിട്ടിറങ്ങി പോയിട്ട് തിരികെ വന്നില്ല.  മകന്‍റെ മകളും അവളുടെ ഭര്‍ത്താവും അവരുടെ ഒമ്പതാം ക്ലാസ്സില്‍പഠിക്കുന്ന മകളും ആയി, ആ നാലുകെട്ടിലെ നാല്‍പ്പതു പേരടങ്ങിയ അംഗ സംഖ്യ ചുരുങ്ങി നാലായി. കൊച്ചു മരുമകന്‍ നാരായണന്‍നായര്‍      നിവൃത്തികെട്ട് മരപ്പണിക്കു പോയി. പഴയ പ്രതാപമെല്ലാം, ഒരു തോര്‍ത്തുമുണ്ടിലുള്ള തലയില്‍ കെട്ടിലൊതുക്കി.
    പോകുമ്പോള്‍ വഴിയരികത്തു നില്‍ക്കുന്ന പുത്തന്‍മടിശ്ശീലക്കാര്‍  നാരായണന്‍നായരെ കേള്‍ക്കാതെ പറയും മരപ്പണിക്കാരന്‍നാണു പോകുന്നെന്ന്.ഒരു ദിവസം മരം വെട്ടി ഇറക്കാന്‍ കേറിയപ്പോള്‍ മരത്തിനേക്കാളും മുമ്പേ നാരായണന്‍നായരാണ് താഴെ വീണത്. അപ്പോള്‍തന്നെ മരിച്ചു.അതോടെ
തൊണ്ണൂറ്റഞ്ചു വയസ്സുള്ള കുഞ്ഞിലക്ഷ്മിയമ്മയും  കൊച്ചുമകളുടെ  മകളായ നന്ദിനിയും അവളുടെ അമ്മ അമ്മുക്കുട്ടിയും  മാത്രമായി ഇടിഞ്ഞു വീഴാറായ നാലു കെട്ടിലെ അന്തേവാസികള്‍.
ആദ്യം   കാടുമൊയ്തീന്‍റ ഊഴമായിരുന്നു. പുഞ്ചപ്പാടവും ആറുമായി ചേരുന്ന ബണ്ടു ബലപ്പെടുത്താനുള്ള വൃക്ഷങ്ങളുടെ തൂപ്പ്...ഇലയോടു കൂടിയ ചെറിയ ശിഖരങ്ങള്‍.. അത്  കച്ചവടം ചെയ്താണ് മൊയ്തീന്‍ പണമുണ്ടാക്കിയത്.  കാടുമൊയ്തീനെന്ന ഓമനപ്പേരങ്ങനെ കിട്ടിയതാണ്. നശിച്ച നായര്‍ തറവാടിനെല്ലാം മൊയ്തീനെ കാണുന്നതൊരു ആശ്വാസമാണ്. വൃക്ഷത്തിന്‍റ ചുവട് അവിടെ നില്‍ക്കുകയും ചെയ്യും തൂപ്പിനു നല്ല വിലയും കിട്ടും. കുറച്ചു ദിവസം നിത്യചെലവു തള്ളി വിടുകയുമാവാം.     വലിയ വീട്ടില്‍ തറവാട്ടിലെയും വൃക്ഷങ്ങളുടെ തൂപ്പായിരുന്നു ആദ്യം വെട്ടി വിറ്റത്. പിന്നീടോരോ മരവും വെട്ടി വില്‍ക്കാന്‍ തുടങ്ങി.
   പിന്നീടു പെരുമര വാസുവിന്റെ ഊഴമായിരുന്നു.   പെരുമരവാസുവിനു    പ്രധാനമായും പെരുമരകച്ചവടമാണെങ്കിലും എല്ലാ വൃക്ഷങ്ങളും എടുക്കും.പെരുമരമെന്നു പറഞ്ഞാല്‍തീപ്പെട്ടിമരം. അത് തീപ്പെട്ടി കമ്പനിക്കുള്ളതാണ്. കൂടെ വട്ട, പൈന് തുടങ്ങിയ പാഴ്മരങ്ങളും എടുക്കും.വലിയ മാവ് പ്ലാവ് തുടങ്ങിയവ പലകയ്ക്കുള്ളതെടുത്തിട്ട് ബാക്കി വിറകായി വില്ക്കും.അതാണ് വാസുവിന്‍റ കച്ചവടരഹസ്യവും.എന്തായാലും വലിയ വീട്ടില്‍തറവാട്ടിലെ ആ മുത്തശ്ശി മാവിനെ വാസു നോട്ടമിട്ടിട്ട് നാളേറെയായി. ബാക്കിയുള്ള വൃക്ഷങ്ങളെല്ലാം തീര്‍ന്നു.
  ഇനിയുള്ളത്    കായ്ഫലമുള്ള  നാലു മൂടു  തെങ്ങും  ഇടിവെട്ടി തലപോയ രണ്ടു തെങ്ങും ഒരു ചീലാന്തി മരവും മാത്രമാണ്.ചീലാന്തിക്കു കാമ്പായില്ല. അതുകൊണ്ടതാരും വാങ്ങുകയില്ല. പിന്നെ തലപോയ തെങ്ങ് വാസുവിനു വേണ്ട. അതു കുറ്റി നീലാണ്ടന്‍വിലപറഞ്ഞു നിര്‍ത്തീരിക്കുകയാണ്. .പി.എല്‍കാര്‍ഡുള്ള  വലിയവീട്ടു തറവാട്ടിലെ രണ്ടാഴ്ചത്തെ റേഷനരിക്ക് തലപോയ തെങ്ങ് ഉതകും.അതു കഴിഞ്ഞാലെ കോലാച്ചി മാവിലോട്ട് തിരിയുകയുള്ളു.  എന്നല്ലാ, അതു കഴിഞ്ഞാലാകെയുള്ള ഒരാശ്രയം ആ കോലാച്ചിമാവാണ്.നാലു കെട്ടു കെട്ടി മേഞ്ഞിട്ട് രണ്ടു വര്‍ഷമായി.നനയാതെ  അന്തിയുറങ്ങുന്നത് നടുത്തളത്തിനു പടിഞ്ഞാറെ മുറിയുടെ മുകളില്‍എവിടെ നിന്നോ കിട്ടിയ പഴയോലയിട്ടു കെട്ടിയതിന്‍റ മുകളില്‍പ്ളാസ്റ്റിക്‍ടാര്‍പാള് കൊണ്ട് വലിച്ചു കുത്തിക്കെട്ടിയിട്ടിരിക്കുന്നതു കൊണ്ടാണ്.അതു കുറ്റി നീലാണ്ടന്‍റ സംഭാവനയാണ്.ബാക്കിയുള്ള ഭാഗങ്ങളെല്ലാം ചോര്‍ന്നൊലിക്കുകയാണ്.
കോലാച്ചിമാവ് ഓര്‍ത്തു. തന്‍റെയൂഴം അധികം താമസമില്ലാതെ എത്തും.  . നാലുകെട്ടിന്‍റെ ചുറ്റിനുമായി ഉണ്ടായിരുന്ന നാല്‍പ്പതുസെന്‍റ് പുരയിടത്തിലെ എല്ലാ വൃക്ഷങ്ങളും വിറ്റു തീര്‍ന്നു. നിത്യച്ചെലവിനില്ലാതെ വരുമ്പോളാണ് ഓരോന്നും വില്‍ക്കുന്നത്.എന്നാലും പടിപ്പുര കൊട്ടിയടക്കുമ്പോള്‍എന്നും   നന്ദിനിക്കുട്ടി വിളിച്ചു ചോദിക്കും  "അത്താഴപ്പട്ടിണിക്കാരുണ്ടോ............"പതിറ്റാണ്ടുകളായി ആ മുത്തശ്ശി മാവ് കേള്‍ക്കുന്ന ചോദ്യം.  ആ ചോദ്യത്തിനു മാത്രം ഒരു മങ്ങലും ഏറ്റിട്ടില്ല.              ഇനി എത്ര നാള്‍കൂടി ഇതു കേള്‍ക്കാന്‍പറ്റുമെന്നു് അറിഞ്ഞു കൂടാ.
കുഞ്ഞിലക്ഷ്മിയമ്മ  ആകെ പോകുന്നത് ആ പടിപ്പുരവരെ മാത്രം. കൊച്ചുമകള്‍നന്ദിനിക്കുട്ടി അടുത്തുള്ള സര്‍ക്കാര്‍സ്ക്കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്.മുത്തശ്ശിമാവിന്‍റെ ചുവട്ടില്‍തറവാട്ടിലെ കുട്ടികള്‍മാമ്പഴം പെറുക്കി രസിച്ചുനടന്ന കാലം കോലാച്ചിമാവ്  ഇന്നലത്തെപോലെ ഓര്‍ത്തു.
    കൂട ക്കൂടെ കോലാച്ചിമാവിന്‍റെ ചുവട്ടില്‍വന്ന് മുകളിലോട്ടു നോക്കി കുഞ്ഞിലക്ഷ്മിയമ്മ    ആരോടെന്നില്ലാതെ പറയും. 'മാങ്കറ പറ്റാനുള്ള സമയമായി. ആതെക്കോട്ടുള്ള  ഒറ്റ കമ്പു മാത്രം മതി എനിക്ക്. അതില്‍ദഹിക്കാനുള്ളതേയുള്ളു.'
കുഞ്ഞിലക്ഷ്മിയമ്മ പോയി കഴിയുമ്പോള്‍  അമ്മുക്കുട്ടിയും വന്ന് മുകളിലോട്ടു നോക്കും. എന്നിട്ട് ആത്മഗതം പറയും.' ഈ മാവു വിറ്റാല്‍കുറച്ചു ദിവസം തള്ളി നീക്കാം. നടുത്തളത്തിനു പടിഞ്ഞാറുള്ള കിടക്കമുറിയില്‍ അഞ്ചാറുപട്ടീലും    രണ്ടു ആസ്ബറ്റാസ് ഷീറ്റും കൂടി ഇട്ടാല്‍ നനയാതെ കിടക്കുകയും ചെയ്യാം.      ഇനി ഇതു മാത്രമേ ബാക്കിയുള്ളു. ബാക്കിയെല്ലാം വെട്ടി വിറ്റു തിന്നു. ഇതും കൂടി   . പക്ഷേ ഇതു  കഴിഞ്ഞാല്‍പിന്നെ എന്തു ചെയ്യും.?'
  രണ്ടുപേരുടേയും ആത്മഗതം കേള്‍ക്കുന്ന കോലാച്ചിമാവു വിചാരിക്കും. ഇതിലാരുടെ ആഗ്രഹമാണ് ആദ്യം നടക്കുന്നത്.രണ്ടാണേലും തന്‍റെ കാലമടുത്തു.
ആദ്യം  നടക്കുന്നത് കുഞ്ഞിലക്ഷ്മിയമ്മയുടെ ആഗ്രഹമാണെങ്കില്‍ അമ്മുക്കുട്ടിയുടെ ആഗ്രഹം  നടക്കാന്‍ പോകുന്നില്ല. കുഞ്ഞിലക്ഷ്മിയമ്മയുടെ 'മാങ്കറ പറ്റുന്ന ദിവസ'മെത്തിയാല്‍,   നല്ലശിഖരത്തേലൊന്നങ്ങു പോകും. ശവദാഹത്തിനുള്ള  ചിലവും എല്ലാം കൂടി മൊത്തം ഒരു തുകയാവും. ,   നല്ലശിഖരത്തേലൊന്നങ്ങു  പോയാല്‍
 പിന്നെ    പെരുമരം വാസു അവന് തോന്നുന്ന വിലയേ ഇടു..കുഞ്ഞിലക്ഷ്മിയമ്മ ഭാഗ്യവതിയാണെങ്കിലവരുടെ ആഗ്രഹമായിരിക്കും ആദ്യം നടക്കുക.
       കോലാച്ചിമാവ് ഓര്‍ത്തു.എന്തൊക്കെയാണേലും ജീവിച്ചിരിക്കുന്നവരുടെ വിശപ്പുമാറ്റുന്നതിനു കിട്ടുന്ന പുണ്യം മരിച്ചവരെ ദഹിപ്പിക്കുന്നതിനുതകുന്നതു കൊണ്ടു കിട്ടുകയില്ല. രണ്ടാണേലും തന്‍റ കാലമടുത്തു.
അന്നും പതിവു പോലെ നന്ദിനിക്കുട്ടി വിളിച്ചു ചൊല്ലി കൊട്ടിയമ്പലം അടച്ചിട്ടു പോയി. "അത്താഴപ്പട്ടിണിക്കാരുണ്ടോ....""
പിറ്റെന്നു കാലത്തു തന്നെ പെരുമര വാസു പടിപ്പുര കടന്ന് അകത്തോട്ടുപോകന്നത് കോലാച്ചിമാവു കണ്ടു.പെരുമര വാസു തന്നെ നോട്ടമിട്ടു കഴിഞ്ഞു. അവന്‍ നോട്ടമിട്ടാല്‍  പിന്നെ കൊമ്പേറിയെ പോലെയാണ്. ' പൊക കണ്ടെ അടങ്ങൂ' എന്നു പറഞ്ഞ പോലെ.  നോട്ടമിട്ടാപിന്നെ വെട്ടിമാറ്റുന്നതു വരെ കേറിയിറങ്ങി നടക്കും.അമ്മുക്കുട്ടിയുമായി  അടുക്കളപ്പുറത്തു നിന്ന് വാസു പറയുന്നു. "എനിയ്ക്കത്യാവശ്യമൊന്നുമുണ്ടായിട്ടല്ല. പിന്നെ ഇവിടുത്തെ വിഷമം കണ്ടോണ്ടാ. അരി മേടിക്കാനുതകുന്നെങ്കിലായിക്കോട്ടെ എന്നു കരുതി." കോലാച്ചിമാവു വിചാരിച്ചു. അവനെന്തു  ഉദാരമനസ്ക്കന്‍.
റേഷനരി വാങ്ങാന്‍അമ്പതുരൂപാ കടം ചോദിച്ചപ്പോളാണ് അവനീ ആശയം അവതരിപ്പിച്ചത് തന്നെ.
കുഞ്ഞിലക്ഷ്മിയമ്മ അപ്പോഴാണങ്ങോട്ടു വന്നത്. അപ്പോള്‍  വാസു സംഭാഷണം നിര്‍ത്തി.കുഞ്ഞിലക്ഷ്മിയമ്മ വാസൂനോട് പറയുന്നത് കോലാച്ചി മാവു കേട്ടു."  "വാസുവേ....നീ അതിനു നോട്ടമിടണ്ടാടാ.അതിന്‍റ തെക്കോട്ടുള്ള ആ വലിയ കൊമ്പ്  എന്‍റാവശ്യത്തിനു നിര്‍ത്തിയേക്കുവാ.എനിയ്ക്കിനി  മാങ്കറപറ്റാനധിക ദിവസമില്ല."
പിറ്റെ ദിവസവും പെരുമര വാസു വന്നു. വാസൂനെ പടിപ്പുരയുടെ വെളിയില്‍കണ്ടപാടെ അമ്മുക്കുട്ടി  വെളിയിലോട്ടു ചെന്നു.കോലാച്ചി മാവു വിചാരിച്ചു. കുഞ്ഞിലക്ഷ്മിയമ്മ എത്ര ദിവസം പിടിച്ചു നില്‍ക്കും. വയറ്റില്‍കഞ്ഞി വെള്ളം ചെല്ലാതിരിക്കുമ്പോള്‍താനെ സമ്മതിക്കും.ഇതു താന്‍എത്ര പ്രാവശ്യം കണ്ടതാ.തെക്കുവശത്തു നിന്ന തേക്ക്,അക്കേഷ്യ,കശുമാവ്, തമ്പകം എന്നുവേണ്ട ഒന്നാംതരമൊരു തേന്‍വരിക്ക പ്ലാവു വരെ വിശപ്പകറ്റാന്‍ഈ  വാസൂനു തന്നെയാണ് വിറ്റത്. അപ്പോഴൊക്കെ കുഞ്ഞുലക്ഷ്മിയമ്മ എതിര്‍ത്തിട്ടും ഉണ്ട്. അതിനു കാരണം പറയുന്നതിതാണ്.
ഒന്നുമില്ലേലും ആണ്ടില്‍ഒരു പ്രാവശ്യം നിറയെ നല്ല മധുരമുള്ള  നാടന്‍മാമ്പഴം തരുന്ന മാവ്. ആമാമ്പഴവും  രണ്ടു കാന്താരീം ഉണ്ടെങ്കില്‍ അറിയാതെയാണ്  ഉരുള വയറ്റിലോട്ടു പോകുന്നത്. നൂറ്റൊന്നു കൂട്ടം കറികളും കൂട്ടി സദ്യ ഉണ്ണുന്നതിലും തൃപ്തിയായിട്ടാണ് ആ ഊണുണ്ണുന്നത്.
എല്ലാത്തിലും ഉപരിയായിട്ട് ഒരു വൈകാരിക അടുപ്പമാണ് കുഞ്ഞുലക്ഷ്മിയമ്മക്ക് ആ മാവുമായിട്ട്.   ആ കോലാച്ചി മാവു കാണുമ്പോളെല്ലാം,  അതിന്‍റ കിഴക്കോട്ടുള്ള കൊമ്പില്‍ കെട്ടിയ ഊഞ്ഞാലില്‍പണ്ട് ഓണ നാളുകളില്‍ കുഞ്ഞുലക്ഷ്മിഅമ്മയും അവരുടെ ഭര്‍ത്താവ് പ്രഭാകരന്‍നായരുമായി ഊഞ്ഞാലാടിയ     മധുരിക്കുന്ന  ഓര്‍മ്മകള്‍ഓടിയെത്തും   . ഒരു നിമിഷം എല്ലാം മറന്ന്...... തന്‍റ പ്രായവും കാലവും എല്ലാം മറന്ന്  കുറച്ചുസമയം  പ്രഭാകരന്‍ ചേട്ടനുമായി   ചേട്ടന്‍റെ പഴയ 'കുഞ്ഞു' ആ മാഞ്ചോട്ടില്‍കിന്നാരം പറഞ്ഞു നിന്ന കാലത്തിലേക്കു പോകും. ഈ മാവിന്‍റെ സാന്നിദ്ധ്യം  അതെല്ലാമാണ് തൊണ്ണൂറ്റഞ്ചു വയസ്സു കഴിഞ്ഞ ആ മുതു മുത്തശ്ശിക്കു നല്‍കുന്നത്.
 കുഞ്ഞിലക്ഷ്മിയമ്മ ചോദിക്കുന്നതിലും   കാര്യമുണ്ട്.ഇതും കൂടി തീര്‍ന്നു കഴിഞ്ഞാലെന്തു ചെയ്യും.? ഇതു കൂടി വെട്ടി വിറ്റു തിന്നു കഴിഞ്ഞ് നമ്മളെങ്ങോട്ടു പോകും.? 

അമ്മുക്കുട്ടിക്ക് അതിനുത്തരമില്ലായിരുന്നു. ഒന്നുമാത്രമറിയാം മൂന്നു വയറിന്‍റ കാളലു മാറ്റാന്‍  വേറെ വഴിയൊന്നുമില്ല. ആ കോലാച്ചിമാവിന് നല്ല വിലതരാമെന്നാണ് പെരുമര വാസു പറഞ്ഞത്. അതിനു സമ്മതിക്കണമെന്ന് അമ്മുക്കുട്ടി     കുഞ്ഞിലക്ഷ്മിയമ്മയോട്  ആയിടക്ക് നിരന്തരം പറയുന്നത് കോലാച്ചി മാവ് കേള്‍ക്കുന്നുണ്ട്.അതെന്നാണെന്നു മാത്രമേ ഇനി കോലാച്ചി മാവിനറിയേണ്ടതുള്ളു.ഒരു ദിവസം അതു നടക്കും.  അമ്മുക്കുട്ടിയുടെ തീരുമാനം.   കുഞ്ഞിലക്ഷ്മിയമ്മയുടെ ആശ, അതു നടക്കുവാന്‍പോകുന്നില്ല. ഇല്ലെങ്കിലതിനു മുമ്പെന്തേലും സംഭവിക്കണം.
                  അങ്ങിനെ ഇടവപ്പാതി കനത്തു. മഴയല്‍പ്പം തോര്‍ന്നു നിന്ന ഒരു ദിവസം പെരുമര വാസു വീണ്ടും വന്നു. മഴയും ദാരിദ്ര്യവും ഒരുപോലെ ഗ്രസിച്ചു കഴിയുമ്പോള്‍ഏതു പിടിവാശിയും ആരുടെ പിടിവാശിയും മലവെള്ള പാച്ചിലുപോലെ ഒലിച്ചു പോകുമെന്ന് വാസുവിന് നല്ല നിശ്ചയമുണ്ട്. അതു കൊണ്ടാണ് ആ മഴയുടെ ഇടക്കുള്ള ദിവസം തന്നെ വാസു വന്നത്.ഇതേ പോലെ എത്രയോ കേസുകള്‍വാസു കണ്ടിരിക്കുന്നു.വാസുവിനെ കണ്ടതും  കുഞ്ഞിലക്ഷ്മിയമ്മ തന്നെയാണ്  വിലപറയാന്‍  വന്നത്. പെരുമര വാസുവിന് ആശ്വാസമായി. പാത്തും പതുങ്ങിയും വന്ന് അമ്മുക്കുട്ടിയോട് വില പറയേണ്ടല്ലോ.നല്ലൊരു വിലയ്ക്ക്   വാസു  കച്ചവടമുറപ്പിച്ചു.പിറ്റെന്നു കാലത്ത് വന്ന്   തുക മുഴുവനായി കൊടുക്കാമെന്ന് പറഞ്ഞ് വാസു പോയി. അമ്മുക്കുട്ടി അടുത്ത മഴയ്ക്കു മുമ്പ്
ചോരുന്ന സുഷിരങ്ങളുടെ താഴെ പഴയ അലൂമിനിയ പാത്രങ്ങള്‍വിന്യസിക്കുന്ന ജോലിയിലായിരുന്നു. വാസു വന്ന വിവരവും  കോലാച്ചി മാവിന് വിലയുറപ്പിച്ച വിവരവും കുഞ്ഞിലക്ഷ്മിയമ്മ അമ്മുക്കുട്ടിയോടു പറഞ്ഞു.അമ്മുക്കുട്ടി ആരോടെന്നില്ലാതെ പറഞ്ഞു. "കുറച്ചു പട്ടിയലും രണ്ടു ഷീറ്റും വാങ്ങി കിടക്കുന്ന മുറി ആദ്യം ശരിയാക്കണം."
അന്നു വൈകിട്ടുംപടിപ്പുര വാതിലില്‍വന്ന് നന്ദിനിക്കുട്ടി         ആ വിളിചോദ്യം    നീട്ടി വിളിച്ചു  ."അത്താഴപ്പട്ടിണിക്കാരുണ്ടോ..........................."
കോലാച്ചി മാവിന് ഇന്നതു കേട്ടപ്പോള്‍ചിരി വന്നില്ല. ആ മുത്തശ്ശി മാവു ചിന്തിച്ചു. ഇങ്ങനെ പല പല വീടുകളും ഉണ്ട്.പഴയ പ്രതാപവും ആഢ്യത്തവും ഒക്കെ വെച്ച് മുറുകെ പിടിച്ചോണ്ടിരിക്കുന്നവര്‍..എന്തുകൊണ്ട് അവര്‍ക്ക് ഈ പടിപ്പുരയ്ക്കു പുറത്തോട്ടിറങ്ങി കൂടാ.....നശിച്ചു നാറാണക്കല്ലെടുത്ത  തറവാടുകള്‍. ഇപ്പോഴും വയറു വിശക്കുമ്പോള്‍മുണ്ടും മുറുക്കിയുടുത്ത്     വ്യര്‍ത്ഥമായ ആത്മാഭിമാനം മുറുകെ പിടിച്ചോണ്ടിരിക്കുന്നു. തന്‍റ ഊഴമായി. എന്താണേലും കുഞ്ഞിലക്ഷ്മിയമ്മ തന്നെ അതിനൊരു തീരുമാനമെടുത്തത് എന്തു കൊണ്ടും നന്നായി.
 കാറ്റും കോളും കൊണ്ടു കഴിഞ്ഞു. അമ്മുക്കുട്ടി  മകളോട് വിളിച്ചു പറഞ്ഞു."നന്ദിനിക്കുട്ടിയേ.....എളുപ്പം അകത്തു കേറിയ്ക്കോ....ഇന്നു കാറ്റടിച്ചായിരിയ്ക്കും മഴപെയ്യുന്നത്."
പിറ്റെ ദിവസം കാലത്ത് കയറും കോടാലിയും വെട്ടുകാരനുമൊക്കെയായി വന്ന പെരുമരവാസുവാണാദ്യം അതു കണ്ടത്. കോലാച്ചിമാവു മറിഞ്ഞു.ഉള്ളു പൊള്ളയായിരുന്നു.വാസുവിന് സമാധാനമായി.അഡ്വാന്‍സ് കൊടുത്തില്ല. അടിവശമേ പൊള്ളയുള്ളു. മുകളിലേക്ക് നല്ലകാതലുണ്ട്. വാസു വിചാരിച്ചു..
വെട്ടു കൂലി ലാഭമായി. വേരോടെ മറിഞ്ഞതിനാല്‍  വേരു മാന്തിയെടുക്കുന്ന കൂലിയും ലാഭിക്കാം. എല്ലാം കൊണ്ടും ഇന്നത്തെ കണി കൊള്ളാം.
പതുക്കെ മാവു മറിഞ്ഞതെങ്ങോട്ടാണെന്നു നോക്കി.വാസൂന്‍റ ഉള്ളൊന്നു കാളി.
കുഞ്ഞിലക്ഷ്മിയമ്മയുടെ ആഗ്രഹം  പോലെ  സംഭവിച്ചിരിക്കുന്നു......
മൂന്നുപേര്‍ക്കും കോലാച്ചി മാവിന്‍റ ഓരോ ശിഖരം എടുക്കാം....
ശവസംസ്ക്കാരത്തിനെത്തിയ സമുദായ പ്രമാണിയുടെ  വാക്കുകള്‍.. ഇത്തവണ     തൊണ്ണൂറ്റഞ്ചു തികഞ്ഞ വന്ദ്യ വയോധികയായ കുഞ്ഞുലക്ഷ്മിയമ്മക്ക് പൊന്നാട കൊടുത്ത് ആദരിക്കാനിരിയ്ക്കുകയായിരുന്നു. അപ്പോഴാണ് ഈ അത്യാഹിതം.

കോലാച്ചിമാവിന്‍റ അടിവശംപോലെ...സമുദായ പ്രമാണിയുടെ വാക്കുകള്‍.

...മറ്റൊരു കണക്കു കൂട്ടലപ്പോള്‍ വാസുവിന്റ മനസ്സില്‍ നടക്കുകയായിരുന്നു.  ഓരോ ശിഖരവും കഴിഞ്ഞ് ബാക്കിയുള്ളത് ലാഭം. വെട്ടാന്‍ വന്നതിന് തെളിവുണ്ട്. വിലയുറപ്പിച്ചത് ആരും അറിഞ്ഞിട്ടില്ല. പക്ഷെ വില നല്കാതെ ആരും വെട്ടാനായി വരത്തില്ലല്ലൊ.

 (മധ്യതിരുവിതാം കൂറിലെ നായര്‍ തറവാടുകളില്‍ സംഭവിച്ചിരുന്ന യാഥാര്‍ത്ഥ്യത്തിനോട് കടപ്പാട്.)


28 comments:

  1. ഇങ്ങനെ എത്രയെത്ര കുടുംബങ്ങള്‍.
    കഥ നന്നായി

    ReplyDelete
    Replies
    1. റോസ്ലി ഈവരവില്‍ സന്തോഷിക്കുന്നു.

      Delete
  2. അരിയില്ലാഞ്ഞിട്ട്‌ എന്ന് പറഞ്ഞപോലെ.

    ചേച്ചി പറയുന്ന അവസ്ഥയില്‍ നിന്നും പലരും വിദേശത്തും സ്വദേശത്തും പല ജോലികളിലും കയറിക്കൂടി കാലത്തിനനുസരിച്ചു മാറി കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ തോന്നല്‍. ഈ കഥ മുപ്പതു വര്ഷം മുന്‍പുള്ള ഒരു അവസ്ഥയെ സൂചിപ്പിക്കുന്നു.

    ReplyDelete
    Replies
    1. ഭാനുവിനു തെറ്റി. ഇപ്പോള്‍ തൊഴിലുറപ്പിന് പോകുന്നതിനാല്‍ കുറച്ചു നായര് സ്ത്രീകള്‍ വീടു പോറ്റുന്നു.

      Delete
  3. ഒരു കാലഘട്ടത്തിന്റെ നേർക്കാഴ്ച.
    എന്റെ കുട്ടിക്കാലത്ത് കണ്ടിട്ടുണ്ട് ഇത്തരം കുടുംബങ്ങൾ.
    (ഇന്നിപ്പോ ഇങ്ങനെയുള്ള തറവാടുകൾ ഇല്ലാതായി. ഇപ്പൊഴത്തെ തലമുര അധ്വാനിച്ചു ജീവിക്കാൻ ശീലിച്ചു - ആണായാലും പെണ്ണായാലും!)

    ReplyDelete
    Replies
    1. സന്തോഷം . ജയന്‍ ഈ അഭിപ്രായത്തിന്

      Delete
  4. പൊലിഞ്ഞു തീരാറായ ഇല്ലത്തിന്റെ ബാക്കി പത്രം കൂടി ഈ കഥയില്‍ പക്ഷെ ഒരുപാട് കേട്ട കഥ യായെങ്കിലും അവതരണത്തില്‍ പുതുമ കൊണ്ട് വരാമായിരുന്നു ..

    ReplyDelete
    Replies
    1. ഈ അഭിപ്രായത്തിനെ മാനിക്കുന്നു.

      Delete

  5. oru maavinte chinthakalum kaazhchakalum oru kathaye kaalakhatathe munnottu neekkunnu.. nannayi

    ReplyDelete
  6. കോലാച്ചിമാവ്‌ പറഞ്ഞ കഥ കേട്ടു. നാല്പത് പേരുള്ള കുടുംബം ചുരുങ്ങി വന്നത് ഒരു വലിയ കഥയായി വായിച്ചു. മരം വീഴുമെന്ന് വായന തുടങ്ങിയപ്പോഴേ എനിക്ക് തോന്നിയിരുന്നു.
    കടന്നു വന്ന ഒരു കാലഘട്ടത്തിന്റെ അവശേഷിപ്പുകള്‍ ഇനിയും എവിടെയെങ്കിലും പൊള്ളയായ ദുരഭിമാനവുമായി കഴിയുന്നുണ്ടോ ആവോ.

    ReplyDelete
    Replies
    1. റാംജി ഒരു നല്ല കഥാകാരനായതിനാല്‍ മുന്‍കൂട്ടികണ്ടു.സന്തോഷം

      Delete
  7. ഇത് മധ്യതിരുവിതാംകൂറിന്റെ മാത്രം അനുഭവമല്ല ചേച്ചി, പ്രതാപകാലം അസ്തമിച്ച് ക്ഷയിച്ചുപോയ തറവാടുകളുടെയൊക്കെ സ്ഥിതി കേരളത്തിൽ അങ്ങോളം ഇങ്ങോളം ഇങ്ങിനെ തന്നെയാണ്. മാവ് എന്ന പ്രതീകത്തിലൂടെ,കഥ പറഞ്ഞ് ഒരു സാമൂഹികയാഥാർത്ഥ്യത്തിലേക്കാണ് വിരൽ ചൂണ്ടിയത്.

    ReplyDelete
  8. enikku muzhuvan vaayikkaan manassu varunnilla... ithu njangalude randu thalamura mumpulla chilarude anubhavangal thanne... (kure okke maatti ezhuthiyaal)
    sharikkum sankadam vannu.... (Kottayam -- Kurichy, Pallam, Channanikkadu, Kuzhimattom)

    ReplyDelete
    Replies
    1. ഇതു് മുംബൈയില്‍ നിന്നും ഇറങ്ങുന്ന ഒരു മാസികപ്രസിദ്ധീകരിച്ചതാണ്.അപ്പോള്‍ ചിലര്‍ ഫോണില്‍ കൂടി വിളിച്ച് ഇതേ അഭിപ്രായംഎന്നോട് പറഞ്ഞു. ഈ അഭിപ്രായത്തിനും വരവിനും നന്ദി.

      Delete
  9. ഒരു കാലഘട്ടത്തിന്റെ നേർക്കാഴ്ച, ഇപ്പോൾ മാവല്ല ഭൂമി തന്നെ കയ്യടക്കുന്നവരാണുള്ളത്‌.

    ReplyDelete
    Replies
    1. അതെയതേ.. എവിടെയാണ് അന്യന്‍റെ മുതല് ചുളിവിന് കിട്ടുന്നതെന്നുവെച്ചാല്‍ അവിടെകമന്നു വീഴും

      Delete
  10. "നായർ" എന്നത് പേരിനു വലാക്കാൻ മാത്രമുള്ളതായി....തറവാടുകൾ മിക്കതും നശിച്ചൂ....ഇപ്പോഴും ഇത്തരം അവസ്ഥകൾ നേരിടുന്ന നായന്മാർ എന്റെ ഗ്രാമത്തിലും ഉണ്ട്...ചിലർ കിളക്കാനും മറ്റുമായി പോകുന്നു.ഇപ്പോൾ പെണ്ണുങ്ങ്ങളിൽ പലരും തൊഴിലുറപ്പ് പദ്ധതിയുമായി നടക്കുന്നൂ....... കുസുമത്തിന്റെ ഈ കഥ എന്നെ കുറേ ചിന്തിപ്പിച്ചൂ....എല്ലാ ആശംസകളും

    ReplyDelete
    Replies
    1. അതെ മാഷേ..ഈ വാലു കൊണ്ട് ഒരു പ്രയോജനവുമില്ല. ദോഷമല്ലാതെ.

      Delete
  11. പഴയകാലത്തിന്റെ ഒരോര്‍മ്മ ...ആശംസകള്‍ ചേച്ചി

    ReplyDelete
  12. നഷ്ടപ്പെട്ടുപോയി എന്നു സംശയിക്കപ്പെടുന്ന, ആകുലപ്പെടുന്ന ഒരു കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന കഥ...!
    ആശംസകള്‍...

    ReplyDelete
  13. ഈ വരവിനും അഭിപ്രായത്തിനും സന്തോഷം.

    ReplyDelete
  14. ജീവിതം മണക്കുന്ന കഥ. അഭിനന്ദനങ്ങൾ..

    ReplyDelete
  15. കഥ ആദ്യമേ വായിച്ചിരുന്നു. ഇതുമാതിരിയുള്ള അനവധി വീടുകള്‍ കാണാനിട വന്നിട്ടുണ്ട്...... നന്നായി എഴുതി അഭിനന്ദനങ്ങള്‍.

    ReplyDelete
  16. പഴയകാല പ്രതാപങ്ങളുടെ നഷ്ട്ടം...!

    ReplyDelete

Related Posts Plugin for WordPress, Blogger...