Wednesday, January 22, 2014

പറയാന്‍ മറന്നത് (രണ്ടാംഭാഗം)--കേരളകൌമുദിയില്‍പ്രസിദ്ധീകരിച്ചു വരുന്നത്







2
പിറ്റേന്ന് അല്‍പ്പം നേരത്തെ ഊണു കഴിച്ച്  കാന്‍റീനില്‍ നിന്നും ഊണു കഴിഞ്ഞെത്തുന്ന അലക്സിനെ  പ്രതീക്ഷിച്ച് ഞാനിരിക്കുകയായിരുന്നു. അങ്ങനെ അയാള്‍ ആ പൊതികള്‍  ഒന്നൊന്നായി  പതുക്കെ അഴിച്ചു തുടങ്ങി.

പത്തു നാല്‍പ്പതു വര്‍ഷത്തിനു മുമ്പുള്ള   മധ്യ തിരുവതാം കൂറിലെ ഒരു സത്യക്രിസ്ത്യാനി     കുടുംബത്തിലേക്കാണ് അയാള്‍ എന്നെ കൂട്ടിക്കൊണ്ടു പോയത്. പട്ടാള ജീവിതത്തിനു ശേഷം പലചരക്കു കച്ചവടം ഉപജീവനമാര്‍ഗ്ഗമാക്കിയ അവറാനും  അന്നമ്മയ്ക്കും  അഞ്ചു മക്കള്‍. ഏറ്റവും മൂത്തതായിരുന്നു അലക്‍സ്സ് .മിടുക്കനായിരുന്നു.  അലക്സിന്‍റെ ഇളയവരായി  നാലു പേരായിരുന്നു.ആന്‍റണി-ജിജോ-ജോമോള്‍--ജിന്‍സി.

മൂന്നാമനായിരുന്ന  ജിജോ പഠിത്തത്തില്‍ മാത്രമല്ല ഒന്നാമനായിരുന്നത്. പള്ളി ക്വയര്‍ ഗ്രൂപ്പിലെ മികച്ചൊരു പാട്ടുകാരനും കൂടിയായിരുന്നു.
 ജിജോയും തൊട്ടടുത്ത വീട്ടിലെ  റോബര്‍ട്ടിന്‍റെ മകന്‍ ബന്നിച്ചനും ഉറ്റ സുഹൃത്തുക്കളാ യിരുന്നു. അവരുടെ ജനനത്തീയതിപോലും ഒരേ ദിവസമായിരുന്നു എന്നതും രണ്ടുപേരേയും കൂടുതല്‍ അടുപ്പിച്ചു..

.
രണ്ടു പേരും ഒരേ സ്ക്കൂളിലായിരുന്നു പഠിത്തവും. എപ്പോഴും ക്ലാസ്സിലൊന്നാം സ്ഥാനക്കാരനായി ജിജോ പാസ്സാകുമ്പോള്‍ ബെന്നി    തട്ടിമുട്ടി      പാസ്സാകുന്നതു തന്നെ ജിജോയുടെ അത്യധ്വാനം കൊണ്ടായിരുന്നു. അവന്‍റെ പഠിത്തം കഴിഞ്ഞുള്ള ബാക്കി സമയമത്രയും ബെന്നിയെ പഠിപ്പെച്ചെടുക്കുന്നതിലായിരുന്നു ശ്രദ്ധ.
തന്നെപ്പോലെ തന്‍റെ അയല്‍ക്കാരനേയും സ്നേഹിക്കുക എന്ന് യേശുദേവന്‍ പറഞ്ഞത്
അക്ഷരം പ്രതി അനുസരിച്ചതു പോലെയായിരുന്നു അവരുടെ ജീവിതം.
 ഇംഗ്ലണ്ടിലെ പൂര്‍വ്വികരുടെ കഥ അയവിറക്കി കഴിഞ്ഞിരുന്ന റോബര്‍ട്ടിന്‍റെ മനസ്സെപ്പോഴും ലണ്ടനിലെത്താനുള്ള വെമ്പലിലായിരുന്നു. എങ്ങിനേയും മോനെ പത്താം തരം പാസ്സാക്കി എടുക്കണം. തിരിച്ചെല്ലാം വിറ്റു പെറുക്കി ഭാര്യ ക്ലാരയും ആയി തെംയിസിന്‍റെ തീരത്തെവിടെയോ വേരറ്റു പോയ ബന്ധുക്കളുടെ അടുത്തേക്ക് പലായനം ചെയ്യണം.
പപ്പായുടെ ആഗ്രഹം ഇടയ്ക്കിടയ്ക്ക് ബന്നിച്ചന്‍ ജിജോയുടെ അടുക്കല്‍ പറയുമ്പോളെല്ലാം അവന്‍റെ കണ്ണില്‍ നിന്നും ഉരുണ്ടു വീഴുന്ന കണ്ണീര്‍ തുള്ളികള്‍ അവരു തമ്മിലുള്ള സ്നേഹ ബന്ധത്തിന്‍റെ നിദര്‍ശനമായിരുന്നു.
 കുരുത്തോല പെരുന്നാളും ഈസ്റ്ററും ക്രിസ്തുമസ്സും കടന്നു പോയതിനൊപ്പം അവറാച്ചന്‍റെ മക്കളും ബന്നിയും വലുതായിക്കൊണ്ടിരുന്നു.
 മാലാഖയെവെല്ലുന്ന സൌന്ദര്യം ഏറ്റവും ഇളയവളായ ജിന്‍സിമോള്‍ക്കായിരുന്നു.
ജോമോളാകട്ടെ അത്രയും സുന്ദരി അല്ലായിരുന്നുവെങ്കിലും അമ്മച്ചിയുടെ കൂടെ അടുക്കളപ്പണിക്കു സഹായിക്കുന്ന നല്ല ഒന്നാംതരം ഒരു പാചകക്കാരിയായിരുന്നു.
ബെന്നിച്ചനുള്‍പ്പടെ അവറാച്ചന് ആറു മക്കളാണെന്നായിരുന്നു നാട്ടുകാരുടേയും പറച്ചില്‍.
പത്താം ക്ലാസ്സു പരീക്ഷക്ക്  ജിജോയം ബന്നിച്ചനും ഒരുക്കം തുടങ്ങി.  റോബര്‍ട്ടിനൊപ്പം അലക്‍സിനും  ടെന്‍ഷനായി. ബെന്നിച്ചന്‍ പത്താം തരം ജയിക്കുമോ എന്നുള്ളതിലായിരുന്നു. അത്. അങ്ങനെ പരീക്ഷയുടെ ദിവസവും വന്നെത്തി. ഒന്നൊന്നായി പരീക്ഷയെല്ലാം കഴിഞ്ഞു. റോബര്‍ട്ട്സ്വപ്നങ്ങള്‍ നെയ്തെടുത്തു.
  മകന്‍ പാസ്സായി ലണ്ടനിലെത്തുന്നതും അവിടെ തന്‍റെ ബന്ധുക്കളുടെ കൂടെ ഒരു ഇംഗ്ലണ്ടുകാരനായി ശിഷ്ടജീവിതം കഴിയുന്നതും ഒക്കെ. പക്ഷെ ബന്നിച്ചന്‍റെ മനസ്സ് ജിജോയ്ക്കൊപ്പം തന്നെയായിരുന്നു


അലക്സിന്‍റെ ജീവിതത്തിന്‍റെ ഏടുകളൊന്നൊന്നായി മറിക്കുമ്പോള്‍   കേശവദേവിന്‍റെയോ പാറപ്പുറത്തിന്‍റെയോ ജീവിത ഗന്ധിയായ ഒരു കഥയിലൂടെ ഞാന്‍ സഞ്ചരിക്കുകയാണോ എന്നു തോന്നിപ്പോകുമായിരുന്നു.. ഓരോ ദിവസവും ലഞ്ചു ബ്രേക്കിന്‍റെ വിശ്രമസമയവും അവസാനിക്കുമ്പോള്‍ എനിക്ക് വിഷമമായിരുന്നു. അയാളുടെ ജീവിതത്തിലെ ചുഴിയും നുരയും എന്താണെന്നറിയാനുള്ള വെമ്പലായിരുന്നു മനസ്സിന്.
തങ്ങളുടെ   ഈ സംസാരം ദൂരെ നിന്നു വീക്ഷിച്ചിരുന്ന സഹപ്രവര്‍ത്തകര്‍ക്ക്  ഡൈനിംഗ്  ടേബിളിലെ ഗോസ്സിപ്പു ക്ലബ്ബില്‍ വിളമ്പാന്‍ ധാരാളം വിഷയമുണ്ടായിരുന്നു എന്നത് തനിക്കറിയാമായിരുന്നു. ദുഷ്ടന്‍റെ വായ അപരാധം വിഴുങ്ങുമെന്ന ബൈബിള്‍ വചനങ്ങളോര്‍ത്തു കൊണ്ട് സ്വയം സമാധാനിച്ചു. മറ്റൊരാളിനോട്  പറഞ്ഞപ്പോള്‍ അലക്‍സിന്‍റെ മനസ്സിലെ വിഷമം കുറച്ചു കുറഞ്ഞതായി തോന്നി.. ഓരോ പൊതിയും അഴിച്ച് മുന്നില്‍ നിരത്തുമ്പോള്‍  അലക്സിന്‍റെ മനസ്സ് ആശ്വസിക്കുക തന്നെയായിരുന്നു. എന്നെ പ്പോലെ തന്നെ അലക്‍സും ഓരോ ലഞ്ചു ബ്രേക്കിലെ ഇടവേളകള്‍ക്കായി കാത്തിരിക്കുന്നു എന്ന് അയാളുടെ സംസാരത്തില്‍ നിന്നും മനസ്സിലായി. തന്‍റെ ദുഃഖം പങ്കു വെയ്ക്കാനുള്ള ഒരു അത്താണിയായി അയാള്‍ എന്നെ കണ്ടിരിക്കാം. ഉറകെട്ട ഉപ്പു പോലെ  ആയിരുന്ന അലക്സിന്‍റെ ഹൃദയത്തിനുണ്ടായ മാറ്റം എന്നെ വളരെയധികം സന്തോഷിപ്പിച്ചു.
എന്നും വൈകിട്ട് അന്നന്നത്തെ പുരോഗമനം ഞാന്‍ കൃത്യമായി ഹര്‍ഷയെ അറിയിച്ചു കൊണ്ടിരുന്നു.
അവള്‍ക്കും അലക്സിന്‍റെ ജീവിതത്തിനേറ്റ ആ ആഘാതം അറിയുവാന്‍ വെമ്പലുണ്ടെന്ന് എനിക്കു മനസ്സിലായി. ഒരു ദിവസം ഞാനവളോടു പറഞ്ഞു.
കണ്ണീര്‍പ്പാടത്തെ നനവു കണ്ട് മനസ്സലിയല്ലേയെന്ന്. അന്നവള്‍ മൌനം പൂണ്ടപ്പോള്‍  മനസ്സിലായി അവളുടെ ഹൃദയത്തിലും അലക്സ് ചലനങ്ങള്‍  സൃഷ്ടിച്ചിരിക്കുന്നു എന്ന്.
രസകരമായ ഞങ്ങളുടെ ഉച്ച സമയത്തെ കഥാ വേളകളായിരുന്നു  നഷ്ടപ്പെട്ടു കൊണ്ടിരുന്നതെങ്കിലും അലക്സിന്‍റെ മനസ്സിന് ഞാനെന്ന ശ്രോതാവിന്‍റെ സാമീപ്യം ഒരു പാടു സാന്ത്വനമേകി.
. ഉള്ളു നിറയെ കനല്‍ കടഞ്ഞെടുത്ത അനുഭവം  നീറി പുകയുമ്പോള്‍ മനുഷ്യന്‍ മറ്റൊരാളായി മാറുന്നു. അലക്‍സിനു പറ്റിയതും അതു തന്നെയായിരുന്നു.   അയാളുടെ പരുക്കന്‍ സ്വഭാവത്തിന്‍റെ അടിവേര് പതുക്കെ പതുക്കെ പിഴുതെറിയപ്പെടുകയായിരുന്നു.
അടുത്തുള്ള രണ്ടു ദിവസങ്ങളും അവധി ദിനങ്ങളായിരുന്നതിനാല്‍  രണ്ടു ദിവസത്തെ ലീവും കൂടി എടുത്ത് ഞങ്ങളുടെ കുടുംബം ഒരു പിക്‍നിക്കിന് പരിപാടി ഇട്ടു. ഞാനത് അലക്‍സിനോടു സൂചിപ്പിച്ചു. അലക്‍സ് എനിക്ക് ശുഭയാത്ര ആശംസിച്ചാണ് അന്നു വൈകുന്നേരം യാത്രയാക്കിയത്.

3 comments:

Related Posts Plugin for WordPress, Blogger...