Wednesday, January 8, 2014

വേരുകള്‍ തേടി








 തിരക്കില്ലാത്ത പ്രഭാതം. ഒരുപാട് ഓടി ത്തളര്‍ന്ന് എഞ്ചിന്‍ തണുക്കുന്ന ഒരു തീവണ്ടി പോലെ അയാള്‍ ...പ്രഭാകരവര്‍മ്മ. കട്ടിലില്‍ആശ്വാസത്തോടെ കിടന്നു. ചാര്‍ട്ടര്‍ ചെയ്ത  വിമാനത്തിലെ യാത്രകള്‍ . ഹോട്ടലില്‍ നിന്ന് ഹോട്ടലിലേക്ക് ഉള്ള താമസം.എന്നും പലമുഖങ്ങള്‍ . യൂണിവേഴ്സിറ്റികളില്‍ നിന്നും യൂണിവേഴ്സിറ്റികളിലേയ്ക്കും ക്ലാസ്സുമുറികളില്‍ നിന്നും ക്ലാസ്സു മുറികളിലേയ്ക്കും ക്ഷണിയ്ക്കപ്പെട്ട് പായുന്ന  മനഃശ്ശാസ്ത്ര അദ്ധ്യാപകന്‍.   വിസിറ്റിംഗ് പ്രൊഫസ്സറായി ഓരോ യൂണിവേഴ്സിറ്റിയില്‍ നിന്നും കൈപ്പറ്റുന്ന ഡോളറിന്‍റെ ഭാരത്തിനൊപ്പം മനസ്സില്‍ അശാന്തിയുടെ കനവും കൂടിവന്നു.

ന്യൂയോര്‍ക്ക് സിറ്റിയിലെഎട്ടു കോടി  ജനങ്ങളില്‍ ഒരുവനായി മനസ്സിലെ  ഉള്ളറകളിലെ അശാന്തിക്ക് ആശ്വാസംതേടി അപ്പാര്‍ട്ടുമെന്‍റിലെ കിടക്കയില്‍ കിടക്കുമ്പോള്‍ എല്ലാത്തിനോടും എന്നന്നേക്കുമായി വിടപറഞ്ഞ്. ശാന്തി തേടിയുള്ള ഒരു യാത്രയുടെ ഒരുക്കത്തിന് മനസ്സില്‍ കളം ഒരുക്കുകയായിരുന്നു.
ലോകത്തിലെ ഏറ്റവും ശക്തി കൂടിയ നഗരത്തിലെ ജനങ്ങളുടെ മാനസ്സിക അരാജകത്വം.ഏറ്റവും സമ്പന്നമായ രാജ്യത്തില്‍ മനസ്സമാധാനത്തിന്  ദാരിദ്ര്യം അനുഭവിക്കുന്ന ജനവിഭാഗം.
നൈജീരിയയില്‍  കോളേജ് അധ്യാപകനായിരുന്ന ദിനേശ് വര്‍മ്മയ്ക്ക് കൂടെ ജോലിചെയ്തിരുന്ന ഇറ്റാലിയന്‍ വനിത നൊറീന്‍ ഡിസ്സൂസ്സയെ തന്‍റെ ജീവിത പങ്കാളിയാക്കിയപ്പോള്‍  നഷ്ടമായത് മാമ്പള്ളി കൊട്ടാരത്തില്‍  വിഷ്ണുസഹസ്ര നാമവും ലളിതാ സഹസ്രനാമവും ഉരുവിട്ട പൂജാമുറിയും പഠിപ്പുരയുള്ള ഇല്ലത്തിന്‍റെ നടുത്തളത്തില്‍ കോസടിയില്‍ വിശ്രമിക്കുന്ന അച്ഛനായ    ദിനകര വര്‍മ്മയേയും. പുളിയിലക്കര നേര്യതും മന്‍മലു മുണ്ടിലും ശ്രീത്വം തുളുമ്പിനിന്ന  പ്രിയപ്പെട്ട അമ്മയേയും ഒക്കെയായിരുന്നു.
പിന്നീട് എപ്പോഴൊക്കെയോ നഷ്ടപ്പെട്ടു പോയതെല്ലാം തിരിച്ചു പിടിക്കുവാനുള്ള  മനസ്സിന്‍റെ  പിടച്ചില്‍.
 മകന്‍ ജനിച്ചപ്പോള്‍ പേരിടുന്നതിനുള്‍പ്പടെ വാശി പിടിച്ച  ദിനേശ് വര്‍മ്മ. മകന്‍ പ്രഭാകര വര്‍മ്മയോടൊത്ത് നൊറീനോട് വിടപറയുമ്പോള്‍ ആ മനസ്സില്‍ മുഴുവനും നഷ്ടപ്പെട്ടുപോയ ഗായത്രീ മന്ത്രങ്ങള്‍ വീണ്ടെടുക്കുന്ന ചിന്തയായിരുന്നു..
അന്യനാട്ടില്‍ മകന് ഉപനയനം നടത്തി പൂജാ മന്ത്രങ്ങള്‍ ഉരുവിട്ടു പഠിപ്പിച്ചെടുക്കുമ്പോള്‍
നൊറീന്‍ ഡിസൂസ്സ അടുത്ത കൂട്ടിനൊപ്പം കൂടു കൂട്ടി പാര്‍പ്പു തുടങ്ങിക്കഴിഞ്ഞിരുന്നു.

ഒരു നേര്‍ത്ത തിരശ്ശീലയുടെ മറവില്‍ നിന്നെണ്ണവണ്ണംഅച്ഛന്‍റെ വീടും പരിസരവും മനസ്സിലെവിടെയോ പറ്റിപ്പിടിച്ചു കിടക്കുന്നു. ചെറുതിലേ മുത്തച്ഛനേയും മുത്തശ്ശിയേയും കാണിയ്ക്കാന്‍ കൊണ്ടുപോയ ഒരോര്‍മ്മ. മുത്തച്ഛനേക്കാളും ഒരുപാട് വയസ്സിനിളപ്പമുള്ള മുത്തച്ഛന്‍റെ പെങ്ങള്‍. ചെറിയമ്മ എന്ന് അച്ഛന്‍ വിളിക്കുന്നതു കേട്ടാണ് താനും അതേറ്റു വിളിച്ചത്. പാര്‍വ്വതി ചെറിയമ്മ. വിരിഞ്ഞു വരുന്ന നന്ത്യാര്‍വട്ടപ്പൂവിനെപ്പോലെ നിന്നത് ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു. ഇല്ലത്തിന്‍റെ വടക്കേ മൂലയ്ക്കു നിന്ന കുളത്തില്‍ നിന്നും പറിച്ചു തന്ന ആമ്പല്‍ പൂവിന്‍റെ നിറം മനസ്സില്‍ മായാതെ കിടക്കുന്നതു പോലെ.മുറ്റത്തും പറമ്പിലുമായി  ഓടി നടന്ന പട്ടു പാവാടക്കാരി.പാര്‍വ്വതി ചെറിയമ്മ. പൂ തുമ്പിയേയും പൂമ്പാറ്റയേയും പിടിച്ചുതന്ന്,  തൊട്ടപ്പോള്‍ നാണിച്ചു കൂമ്പുന്ന തൊട്ടാവാടിയിലയുടെ നാണം കാട്ടിതന്ന്..കദളിക്കായയുടെ കരിനീല നിറം വായിലാക്കി നാക്കുനീട്ടി കരിനീലിയക്ഷിയായി തന്നെ പേടിപ്പിച്ചു പൊട്ടിച്ചിരിച്ച പാര്‍വ്വതി ചെറിയമ്മ.
അടുക്കളയിലെ പാചകക്കാരന്‍ നീഗ്രൊ വംശജനായ അഡേര്‍ സമയം ഓര്‍മ്മപ്പെടുത്തിയപ്പോളാണ്. നേരം വെളുത്തിട്ടും  പതിവു നടത്തത്തിനു പോയില്ലല്ലോ എന്നോര്‍ത്തത്.ഒരു ദിവസം എല്ലാത്തിനും അവധികൊടുത്ത് അലസ്സമായി കിടന്നു.ചിന്തകളെ കടിഞ്ഞാണില്ലാതെ തുറന്നു വിട്ടുകൊണ്ട്.
മകനെ മനശ്ശാസ്ത്രജ്ഞനാക്കാന്‍ അച്ഛന്‍ തന്നെയാണ് മുന്‍ കൈ  എടുത്തത്. അശാന്തി തേടിയുള്ള  മനസ്സിന് സ്വാന്തനം ഏകി ഡോളറുകള്‍ എണ്ണി വാങ്ങാന്‍ പറ്റിയ ജോലി.പഠിത്തം കഴിഞ്ഞ് ജീവിത പങ്കാളിയുമായിതിരികെ എത്തിയ മകനോട് ഒന്നും ചോദിക്കുവാന്‍അച്ഛന്‍റെ  നാക്കു ചലിയ്ക്കാതിരുന്നത് വര്‍ഷങ്ങള്‍ക്കു മുമ്പ് അച്ഛന്‍ ചെയ്ത തെറ്റ് മകന്‍ആവര്‍ത്തിച്ചതില്‍ മനസ്സിലെ കൊടുങ്കാറ്റിന്‍റെ തീവ്രത പുറത്തു കാട്ടാതിരിക്കാനും  കൂടിയായിരുന്നു.
 ശേഷിപ്പുകളൊന്നും ബാക്കിയില്ലാതെ  അപകടമരണത്തില്‍  ക്രിസ്റ്റീന തന്നെ വിട്ടു പോകുമ്പോള്‍ പുത്രന്‍റെ പുത്രന്‍ ശേഷക്രിയ ചെയ്യാനില്ലല്ലോ എന്ന ദുഃഖം  അച്ഛനെ ഏറെ അലട്ടിയിരുന്നു.
ഗായത്രീ മന്ത്രവും വിഷ്ണു സഹസ്ര നാമവും ഒക്കെ വലിച്ചെറിഞ്ഞ് മനസ്സിന്‍റെ ഉള്ളറകളിലെ ഉന്മാദത്തിന്‍റെ ഉറവയിലടിഞ്ഞു കൂടിയ പരലുകളെ വിശകലനം ചെയ്യുമ്പോള്‍ മറ്റൊന്നും ചിന്തിക്കാനില്ലായിരന്നു. മുത്തച്ഛന്‍റെ മരണത്തിനു പോയ അച്ഛന്‍ തിരികെ വരാതിരുന്നപ്പോള്‍ ഒന്നു കൂടി സൌകര്യമായതു പോലെ തോന്നി.
പകലു ക്ലാസ്സുമുറിയിലെ മനഃശ്ശാസ്ത്ര അദ്ധ്യാപകന്‍ രാത്രിയില്‍ സ്വന്തം മനസ്സിന്‍റെ സമാധാനത്തിന് പബ്ബുകളിലഭയം തേടി.

മനശ്ശാസ്ത്രത്തില്‍‍ തന്‍റേതായ ചികിത്സാ രീതികള്‍ പരീക്ഷിച്ച് വിജയത്തിലേക്കുള്ള നെട്ടോട്ടം ഓടുമ്പോള്‍ അങ്ങകലെ മാമ്പള്ളിക്കൊട്ടാരത്തിലെ വെളിച്ചം കേറാത്ത അകത്തളങ്ങളില്‍ അച്ഛന്‍റെ അന്ത്യശ്വാസം ലയിച്ചുകഴിഞ്ഞിരുന്നു.എപ്പോഴും കണ്ണില്‍ ദാരിദ്ര്യത്തിന്‍റെ പേക്കോലങ്ങളുടെനാടായിമാത്രം കണ്ട തനിയ്ക്ക് ശേഷക്രിയയിലും ബലിയിലുമുള്ള വിശ്വാസം പഴയ  പുസ്തകങ്ങള്‍ കരണ്ടു തിന്ന വെണ്‍ചിതലുപോലെ മാറിപ്പോയിരുന്നു.ജനിച്ച നാട്ടില്‍ അച്ഛന്‍റെ ശരീരം പഞ്ചഭൂതങ്ങളില്‍ വിലയം പ്രാപിക്കുമ്പോള്‍ ചേതനയറ്റ ജഡം ഒരു നോക്കു കാണാന്‍  വരാതിരുന്ന  മകന്‍‍‍റ മനഃശ്ശാസ്ത്രം തിരഞ്ഞ് ഒരു ആത്മാവ് അനന്തതയിലലഞ്ഞു നടന്നു.
സിഗ്മെന്‍റെ് ഫ്രഡ്ഡിന്‍റെ സൈക്കോ അനാലിസിസ് കീറി മുറിച്ചു ക്ലാസ്സെടുക്കുമ്പോളാണ് പ്രതീക്ഷിച്ചിരിക്കാതെ ആ ചോദ്യം കൊളംബിയാ യൂണിവേഴ്സിറ്റി സൈക്കോ അനാലിസിസ്  ഗവേഷണ സ്ഥാപനത്തിലെ  ഗ്ല്ലാഡിസ്സ് എന്ന വിദ്യാര്‍ത്ഥിയില്‍ നിന്നും
നേരിടേണ്ടിവന്നത്.


  ഇന്‍‍ന്ത്യന്‍ വംശജനെ സൂചിപ്പിക്കുന്ന പേര്. തെറ്റിദ്ധരിച്ച വിദേശി വിദ്യാര്‍ത്ഥി.  കുരുക്ഷേത്രയുദ്ധത്തില്‍ ആയുധം വെച്ചു കീഴടങ്ങിയ അര്‍ജ്ജുനനെ വീണ്ടും യുദ്ധസന്നദ്ധനാക്കാന്‍ കൃഷ്ണന്‍ പ്രയോഗിച്ച മനഃശ്ശാസ്ത്രം ഏതു വിഭാഗത്തില്‍ പെടുത്താം എന്നുള്ളത്.
ബോസ്റ്റണ്‍ ഗ്രാജേറ്റ് സ്ക്കൂള്‍‍ ഓഫ് സൈക്കോ അനാലിസിസില്‍ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ ദിനേശ് വര്‍മ്മയ്ക്ക് ഏറ്റ കനത്ത ആഘാതം. കുരുക്ഷേത്രവും  കൃഷ്ണനും അര്‍ജ്ജുനനും ദരിദ്ര നാരായണന്മാരുടെ രാജ്യത്തെ ഇതിഹാസത്തിന്‍റെ ഏടുകളിലെ അപരിചിതര്‍. കുരുക്ഷേത്രവും ഗന്ധമാദനവും കൈലാസവും എല്ലാം  അപരിചിതത്വം. ആര്‍ക്കും വേണ്ടാത്ത സംസ്ക്കൃത ശ്ലോകങ്ങളിലെ കഥാപാത്രങ്ങള്‍.ഇവിടെ ഗ്ലാഡിസ്സ് എന്ന മദാമ്മക്കുട്ടിയ്ക്ക്സംശയനിവാരണം.
ആയുധം വെച്ചു കീഴടങ്ങിയയോദ്ധാവിനെപ്പോലെ ഗ്ലാഡിസ്സിന്‍റെ മുമ്പില്‍ കീഴടങ്ങുകയായിരുന്നു. ഇന്‍ന്ത്യന്‍‍ പുരാണവും ഇതിഹാസത്തിന്‍റെയും ബാല പാഠങ്ങള്‍ പോലും അറിയാത്ത  വംശജന്‍.അന്നാദ്യമായി തന്നോടു തന്നെ തോറ്റുപോയതായി അറിഞ്ഞു. പരിണാമ സിദ്ധാന്തം അറിയാത്ത ജീവശാസ്ത്രജ്ഞനെപ്പോലെ...ഇരുള്‍ മൂടിയ വനസ്തലിയിലൊറ്റപ്പെട്ടതുപോലെ.  ഇന്‍ഡ്യന്‍ വേദാന്തത്തിന്‍റ ബാല പാഠങ്ങള്‍ മനസ്സിലാക്കിയത് ഗ്ലാഡിസ്സില്‍ നിന്നായിരുന്നു.

എല്ലാം ഇട്ടെറിഞ്ഞിട്ടുള്ള  യാത്ര.മനസ്സിലൊരു ലക്ഷ്യം മാത്രം.തന്‍റെ ജീനിന്‍റെ ഉറവിടം തേടിയുള്ള യാത്ര.അച്ഛന്‍റെ പഴയഫയലുകളില്‍ നിന്നുമുള്ള റൂട്ടുമാപ്പും ആയി യാത്രതിരിച്ചു. എയര്‍പോര്‍ട്ടില്‍ നിന്നും ടാക്‍സിയില്‍ നേരെ പോയത് അകവൂരില്ലത്തെ വേദാന്ത പഠന ക്ലാസ്സിലേയ്ക്കായിരുന്നു. ഒരു വിധത്തില്‍ ഇന്‍ഡ്യയെ കണ്ടെത്തലു തന്നെയായിരുന്നു.വേദസാരാംശവും പുരാണേതിഹാസങ്ങളിലും മനസ്സ് സഞ്ചരിച്ചപ്പോള്‍ സമ്പന്നമായ ഇന്‍ഡ്യന്‍ പൈതൃകത്തിലഭിമാനം ഉണ്ടായി.
സരസ്വതീയാമത്തില്‍ അഷ്ടോത്തരിയുടേയും അഘമര്‍ഷണ മന്ത്രത്തിന്‍റെയും പൊരുളറിഞ്ഞ ദിനങ്ങള്‍. പുരുഷാര്‍ത്ഥങ്ങളുടെ അര്‍ഥ വ്യാപ്തി വിശകലനം ചെയ്ത നാളുകള്‍....
ദരിദ്ര നാരായണന്‍മാരുടെ സമ്പന്നത ഒളിഞ്ഞു കിടക്കുന്ന ഖനി. വേദവും പുരാണവും ഇതിഹാസവും.മറ്റൊരിടത്തും ഇല്ലാത്ത ഈ ഖനി.ഖനനം ചെയ്യാനറിയാത്തഖനിതൊഴിലാളികളെപ്പോളെ ഉറങ്ങുന്ന ജനം.അവരിലെ അജ്ഞതയില്‍ മനം നൊന്തു.
എവിടേയും കൊടി തോരണങ്ങളിലെ നിഴലുതേടി പരക്കംപായുന്ന മനുഷക്കോമരങ്ങള്‍.ഇതുവരെ പഠിച്ചമഃനശ്ശാസ്ത്രത്തിലൊന്നും തളച്ചിടാന്‍ പറ്റാത്ത
മനുഷ്യ മനസ്സുകള്‍.ഫ്രാഡ്സിന്‍റെ അനാലിസിസിനെപ്പോലും കടത്തി വെട്ടുന്ന ഉന്മാദാവസ്ഥയില്‍ പരക്കം പായുന്ന മനുഷ്യര്‍.

അര്‍ജ്ജുനനെ വിഷാദ രോഗത്തില്‍ നിന്നും നല്ലൊരു കൌണ്‍സിലറായി സൈക്കോ അനാലിസിസ് ചെയത് തിരിച്ച് യുദ്ധ സന്നദ്ധനാക്കിയതിന്‍റെ മനഃശ്ശാസ്ത്രം വിവരിക്കുന്ന ഭഗവത് ഗീതയില്‍ക്കൂടി മനസ്സ് മുങ്ങാംകുഴിയിട്ട് നീന്തി തുടിച്ചപ്പോളാണ്
ബോസ്റ്റണ്‍ ഗ്രാജൂവേറ്റ് സ്ക്കൂളില്‍ നിന്നും പഠിയ്ക്കാത്ത എത്രയോ മനഃശ്ശാസ്ത്ര വിഷയങ്ങളാണ് ഈ ദരിദ്ര രാജ്യത്ത് സമ്പന്നമായആദ്ധ്യാത്മിക ഗ്രന്ഥങ്ങളില്‍ ഒളിഞ്ഞിരിക്കുന്നു എന്നു മനസ്സിലായത്.
എടുത്താലും എടുത്താലും തീരാത്തത്ര മുത്തുകളും രത്നങ്ങളും കൊണ്ട്സമ്പന്നമായ ഖനിപോലെയുള്ള പുരാണേതിഹാസങ്ങള്‍‍. മനസ്സില്‍ ആദ്യമായിപശ്ചാത്താപം തോന്നിയനിമിഷങ്ങള്‍.
 അവിടെ നിന്നും തിരിക്കുമ്പോള്‍  മനസ്സില്‍ കുറിച്ച അടുത്ത ലക്ഷ്യം..
വേരുകള്‍ തേടിയുള്ള യാത്ര.
ഭൂമിക്കുവന്ന മാറ്റങ്ങള്‍‍ . എവിടേയും കോണ്‍ക്രീറ്റു സൌധങ്ങള്‍ .
മൂടല്‍ മഞ്ഞു മൂടിയ ഭൂപ്രദേശം കണക്ക് ഓര്‍മ്മകളുടെ താഴ്വാരത്ത് ചിതറി കിടക്കുന്ന
കുറച്ച് ഓര്‍മ്മകള്‍ മാത്രം ..... കല്‍പ്പടവു കെട്ടിയ  ആമ്പല്‍ക്കുളവും പറമ്പും.പശുത്തൊഴുത്തും കിളിച്ചുണ്ടന്‍മാവും വൈയ്ക്കോല്‍ തുറുവും ഒക്കെയുള്ള ഭൂപ്രദേശം തേടിയുള്ള തീര്‍ത്ഥ യാത്ര.എല്ലാം വൃഥാവിലായ വ്യര്‍ത്ഥചിന്തയും പേറി  ആ വലിയ ഫ്ലാറ്റു സമുച്ചയത്തിന്‍റെ മുമ്പില്‍ നിരാശ്ശനായി  വഴിയമ്പലത്തിലെ വഴിയാത്രക്കാരനെപ്പോലെ നില്‍ക്കുമ്പോളാണ് ദൈവദൂതനെപ്പോലെ അയാള്‍ പ്രത്യക്ഷപ്പെടുന്നത്. അപരിചിതത്വം നിഴലിച്ച നോട്ടത്തിലെറിഞ്ഞ ചൂണ്ടയില്‍ കൊരുത്ത ഇരപോലെ. വീട്ടുപേരും ആളിന്‍റെ പേരും പറഞ്ഞപ്പോള്‍ അയാളുടെ പുറകേ ചെല്ലുവാനായി പറഞ്ഞു.നടന്നു നടന്ന്  ഒരു പൊളിഞ്ഞു വീഴാറായ ഓലപ്പുരയുടെ മുമ്പില്‍ കൊണ്ടുവന്നു നിര്‍ത്തി. അകത്തോട്ടു നോക്കി ഉറക്കെ വിളിച്ചു പാറൂച്ച്യേ. ദാ ഒരാള്.
കൂനിക്കൂടിയ മനുഷരൂപം. മുഖത്ത് സൂക്ഷിച്ചു നോക്കി. പഴയരൂപത്തിന്‍റെ നിഴല്‍‍ .നേരെ നില്‍ക്കാനായി വടിയുടെ സഹായം. പഴയ പാവാടക്കാരിയുടെ കൊലുസ്സിട്ട കാലില്‍ നിറയെനീരു വന്നു വീര്‍ത്ത്. കാലിലേയ്ക്കു നോക്കുന്നതു കണ്ടപ്പോള്‍ വാതനീരിന് കഷായം കുടിയ്ക്കുന്ന കാര്യം പറഞ്ഞു. ആളിനെ തിരിച്ചറിയാനായി മുഖത്തു സൂക്ഷിച്ചു നോക്കിയപ്പോളാണ് കൊച്ചൊടപ്പറന്നവന്‍റെ മകന്‍ ഉണ്ണിക്കുട്ടനാണെന്നു പറഞ്ഞത്.വിശ്വസിയ്ക്കാനാകാതെ പകച്ചു നിന്നു.പിന്നെ ഒരു തേങ്ങലായിരുന്നു.
ഏതോ സാമൂഹ്യ സംഘടനവഴി വെളിരാജ്യത്തുള്ള ആരിലോ നിന്ന് മാസംതോറും വരുന്ന സഹായധനത്തില്‍ ജീവിതം തള്ളി നീക്കുന്നവൃത്താന്തം ഒരു കഥപോലെ പറഞ്ഞു തീര്‍ത്തു.  അതിന്‍റെ പങ്കുപറ്റി ജീവിക്കുന്ന മറ്റൊരു അഗതിയും. അകത്തെ പുകയടുപ്പ് ഊതി കലങ്ങിയ കണ്ണമായി വന്ന  പെണ്‍കുട്ടി. അതിഥിയെഇരുത്താനായി കൊണ്ടുവന്ന പ്ലാസ്റ്റിക്‍സ്റ്റൂളിലിരിക്കുമ്പോള്‍  ഇങ്ങോട്ടു പോരുമ്പോള്‍ അലസ്സമായി ബാഗിലിട്ടിരുന്ന കവറില്‍ നിന്നും തപ്പിയെടുത്ത മലയാളി ഫ്രണ്ട്സ് ഗ്രൂപ്പിന്‍റെ സ്പോണ്‍സര്‍ വിവരങ്ങളില്‍ കണ്ണോടിയ്ക്കുകയായിരുന്നു. പാര്‍വ്വതിയമ്മ..എണ്‍പത്തൊന്നു വയസ്സ്.പോത്തച്ചേരില്‍ വീട്.കിഴക്കേ കല്ലട..കേരള..
സ്പോണ്‍സര്‍ --അനോനിമസ്.

3 comments:

  1. നല്ല കഥ................ നമ്മളെ വിട്ട് നമ്മൾ അകന്നു നിൽകുമ്പോഴും നമ്മുടെ പൈതൃകത്തെ നമുക്കു മറക്കാൻ പറ്റില്ലാലോ...ആശംസകൾ

    ReplyDelete
  2. അര്‍ജുനവിഷാദയോഗം

    ReplyDelete
  3. ഈ പാശ്ചാത്യ രാജ്യത്ത് കിട്ടാത്ത പല
    മണിമുത്തുകളും നമ്മുടെ മിത്തുകളിലുണ്ടല്ലോ അല്ലെ
    നന്നായി അവതരിപ്പിച്ചിരിക്കുന്നു കേട്ടൊ മേം

    ReplyDelete

Related Posts Plugin for WordPress, Blogger...