Sunday, June 26, 2011

പേരില്ലാക്കഥയ്ക്കൊരു തിരക്കഥ



കഥയുടെ പേര് അത് വായനക്കാരന്‍ നല്‍കട്ടെ.!ഇതുവരെ ആരും നല്‍കാത്ത ഒരു സൌജന്യം, അവള്‍ അതു്  വായനക്കാരന്  നല്‍കാന്‍ പോകുകയാണ്.അവര്‍ക്കും ഒരവസരം കൊടുക്കണ്ടേ?.അവളുടെ കഥയ്ക്ക് വായനക്കാരന്‍ ഒരു പേരു നല്‍കട്ടെ.
അവളെന്നാണ് കഥയെഴുത്തു തുടങ്ങിയത്?എന്തായാലും ഇന്നലെയും മിനിഞ്ഞാന്നും ഒന്നുമല്ല.
"ഇനിയിപ്പം ഈ വയസ്സു കാലത്താണോ ഇതൊക്കെ.?.ഭര്‍ത്താവ്  അര്‍ത്ഥവത്തായി പറഞ്ഞു നിര്‍ത്തി.
  ആണോ, അവളവളോടുതന്നെ ചോദിച്ചു.അല്ലല്ലോ,അവളുത്തരവും കണ്ടെത്തി.അവളുടെ അടുക്കളയ്ക്കറിയാം. ആ സ്വകാര്യം.അവളുണ്ടാക്കിയ സാമ്പാറുകളില്‍..ആ അവിയലുകളില്‍..പുളിശ്ശേരിയില്‍ എല്ലാം കഥകളുണ്ടായിരുന്നു.കഥകളുറങ്ങിക്കിടന്നിരുന്നു.അതയാള്‍ക്ക് കണ്ടുപിടിക്കാനായില്ല.അതായിരുന്നു അവളുടെ വിജയവും.അല്ലെങ്കിലും അതു കണ്ടു പിടിയ്ക്കാനുള്ള കഴിവൊന്നും ഈ ആണുങ്ങള്‍ക്കില്ലല്ലൊ.
 അങ്ങിനെയെഴുതിയ കഥയിലൊരെണ്ണമാണ് ആ വാരികയ്ക്കു് പ്രസിദ്ധീകരിക്കാനയയച്ചു കൊടുത്തത്. മനസ്സ് വര്‍ണ്ണച്ചിറകേറി പറന്നു നടന്നു.
കൂട്ടിനകത്ത് ചൂടുകൊടുത്ത് മുട്ട വിരിയിക്കാനിരിക്കുന്ന കിളിയെപ്പോലെ  അവള്‍കാത്തിരുന്നു.എന്നാണുവിരിയുന്നത് ?.വിവര സാങ്കേതിക വിദ്യയുടെ ഈ അത്യന്താധുനിക യുഗത്തില്‍  പോസ്റ്റുമാന്റെ വരവില്‍ പ്രതീക്ഷയര്‍പ്പിച്ചിരിയ്ക്കുന്ന ഏക വ്യക്തി അവളായിരിക്കുമോ.ഏയ് ആയിരിയ്ക്കില്ല.തന്നെപ്പോലെ തന്നെ   വേറെ ആരെങ്കിലും ഒക്കെ കാണുമായിരിയ്ക്കാം.അവള്‍ സ്വയം ന്യായീകരിച്ചു.   കോംപ്ലിമെന്റ്  കോപ്പിയും പ്രതീക്ഷിച്ചിരിയ്ക്കുന്ന അവളോട്  അവള്‍ക്കുതന്നെ സഹതാപം തോന്നിയതിലത്ഭുതപ്പെടാനൊന്നുമില്ലായിരുന്നു.എന്നും പോസ്റ്റില്‍ വരുന്നത് അദ്ദേഹത്തിനുള്ള കുറച്ചു ബിസിനസ് എഴുത്തുകള്‍ മാത്രം.കഥയറിയാതെ കുറച്ചു രാവുകളും പകലുകളും  കടന്നുപോയി.ഇനിപ്രസിദ്ധീകരിയ്ക്കില്ലായിരിയ്ക്കും.ഒന്നു വിളിച്ചു ചോദിച്ചാലോ.എവിടുന്ന് നമ്പരു സംഘടിപ്പിയ്ക്കും.അദ്ദേഹത്തിനോട് സൂത്രത്തില്‍ പറഞ്ഞു,ആ വാരിക ഒരെണ്ണം വാങ്ങിക്കൊണ്ടു വരുവാന്‍.പുറത്ത് എപ്പോഴും പോകുന്ന ആളല്ലേ.
"എന്തു പറ്റി ഇനി ഈവയസ്സുകാലത്ത് ഈ പൈങ്കിളികളൊക്കെ വായിക്കാന്‍ മോഹം ?"
"അങ്ങിനെയൊന്നുമില്ലാ  വെറുതെ ഇരിയ്ക്കുകയല്ലെ അതുകൊണ്ട്."
വൈകിട്ടുവന്നപ്പോള്‍ ദാ കൈയ്യിലാമാസികയുമായി അദ്ദേഹം.സന്തോഷമായി. തന്നെ അപ്പോള്‍ പരിഗണിയ്ക്കുന്നുണ്ടല്ലോ.മനസ്സിലോര്‍ത്തു.ഇനി രാത്രി മുഴുവനും
തള്ളി നീക്കണമല്ലോ. അദ്ദേഹം രാവിലെ ഓഫീസില്‍ പോയപ്പോള്‍ പതുക്കെ മാസികയെടുത്തു.അതില്‍ കണ്ട നമ്പരിലേക്കു വിളിച്ചു.
ഏതു കഥ..പേരു് ..എന്നയച്ചത് ... തുടങ്ങി പോലീസ് സ്റ്റേഷനില്‍ ചോദിയ്ക്കുന്ന പോലെ കുറെ ചോദ്യങ്ങള്‍.എല്ലാത്തിനും ഉത്തരം കൊടുത്തു.
" ...അത് കമ്മറ്റിയ്ക്ക് വിട്ടിരിയ്ക്കുകയാ തിരിച്ചു വന്നില്ല."
"ഇത്രയും ദിവസമായിട്ടോ?മാസം ആറു കഴിഞ്ഞല്ലോ."
"നിങ്ങളു വിചാരിയ്ക്കുന്നപോലല്ല.ദിവസം എത്ര കഥയാ വന്നുതള്ളുന്നെ ഞങ്ങടെ മാസികയില്‍ പ്രസിദ്ധീകരിയ്ക്കുവാന്‍."
"എന്താണേലും പ്രസിദ്ധീകരിച്ചില്ലേല്‍ തിരിച്ചയച്ചുതരണേ  സാറെ...അതിനുള്ള കവറും വെച്ചാണയച്ചിരിയ്ക്കുന്നെ."
"ആ ശരി...ശരി." ഫോണ്‍ കട്ടു ചെയ്തു.
മനസ്സിലാകെയൊരു നിരാശ.ഇത്രയും നാളായിട്ടും ഒരു കഥപോലും പ്രസദ്ധീകരിയ്ക്കാനായില്ലല്ലോ.തന്‍റ കഥ നല്ലതാണെന്നല്ലെ അന്നൊരു വലിയ എഴുത്തുകാരനെ കാണിച്ചപ്പോള്‍ പറഞ്ഞത്.മേശപ്പുറത്തെ കടലാസ്സും പേനയിലെ മഷിയും തീര്‍ന്നു കൊണ്ടേയിരുന്നു  കൂടെ അദ്ദേഹത്തിന്‍റെ കളിയാക്കലിന് കുറവൊന്നുമില്ലതാനും..
ഒരുദിവസം അപ്രതീക്ഷിതമായിട്ടാണ് അദ്ദേഹം രണ്ടു ടിക്കറ്റുമായി വന്നത്.
"എളുപ്പം റെഡിയായിക്കോ.ഫസ്റ്റ് ഷോയുടെ ടിക്കറ്റാ.വൈകിട്ട് പുറത്തു നിന്നാഹാരവും.എന്താ ശ്രീമതിയ്ക്കു സന്തോഷമായോ?"
മനസ്സില്‍ നൂറു നൂറു ചോദ്യങ്ങള്‍ പൊന്തി വന്നു.ഇന്നെന്തു പറ്റി ഇദ്ദേഹത്തിന്.മക്കള്‍ കൂടെയുണ്ടായിരുന്നപ്പോള്‍ ഇടയ്ക്കവര്‍ വഴക്കിട്ടാണേലും വല്ലപ്പോഴും ഇങ്ങനെയോക്കെപ്പോണത് ഒരു പതിവായിരുന്നു.ഇപ്പോളിതിന്ന് ഒരു വെളിപാടുപോലെ...
അത്ഭുതത്തോടെ നോക്കുന്നതു കണ്ടിട്ടാകാം..
"നല്ല ഒരു പടം ഓടുന്നെന്നു ജോര്‍ജ്ജു പറഞ്ഞു.അവനും ഫാമിലിയും ഉണ്ട്.അവനാണ് ടിക്കറ്റു സംഘടിപ്പിച്ചത്.എളുപ്പം റെഡിയാക്."
ഒരുപാടു സന്തോഷമായി.അപ്രതീക്ഷിതമായി വീണു കിട്ടിയ അവസരം.ഒട്ടും വൈകിയില്ല.പുറപ്പെടുകതന്നെ.
സിനിമ തുടങ്ങി.
ആദ്യം സംശയമേ തോന്നിയുള്ളു.കഥ മുന്നോട്ടു പോകുന്തോറും ഉറപ്പായി.
ആരും കാണാതെ മനസ്സിന്‍റ മറക്കുടയ്ക്കുള്ളില്‍ ഒളിപ്പിച്ചു വെച്ചിരുന്ന് പേനത്തുമ്പിലൂടെ  കടലാസ്സിലാക്കിയ കഥാപാത്രങ്ങള്‍ക്ക് ഓജസ്സും ജീവനും വെച്ച് അതാ വെള്ളിത്തിരയില്‍ . തന്നെനോക്കി അവര്‍  കൊഞ്ഞനം കുത്തുകയാണോ. അല്ല ഒരിയ്ക്കലും അല്ല. അവര്‍ക്കതിനു കഴിയില്ല. തന്‍റ മനസ്സിലെത്രയോ നാളവര്‍ തപസ്സു ചെയ്തതാണ്. തന്‍റ മനസ്സിന്‍റ ചൂടും ചൂരും ഏറ്റുവാങ്ങിയവരാണവര്‍.   അവര്‍ക്ക്   ഒരിയ്ക്കലും   അതിനു കഴിയില്ല. തന്റെ അനുവാദം ഇല്ലാതെയാണെങ്കിലും അവര്‍  കാണികളുടെ കൈയ്യടിയേറ്റു വാങ്ങുന്നതു   കണ്ടപ്പോളഭിമാനം തോന്നി.  മനസ്സ്  അവരുടെ കൂടെ വെള്ളിത്തിരയിലൊഴുകി നടന്നു.ഇടയ്ക്ക് കറക്‍റ്റു ചെയ്തു കൊണ്ട് എന്തൊക്കെയോ പുലമ്പി.അപ്പോളടുത്തിരുന്ന അദ്ദേഹം കൈയ്യില്‍ നുള്ളുന്നുണ്ടായിരുന്നു....പക്ഷേ, അതവഗണിക്കാനാണു തോന്നിയത്.പിന്നെന്തുണ്ടായി?ഓര്‍മ്മകള്‍ അവ്യക്തമാവുന്നു..............
അര്‍ദ്ധബോധത്തിലും ചുറ്റിനും നിന്നവരുടെ പരിതാപനങ്ങള്‍.
പ്രിയപ്പെട്ടവരുടെ അടക്കം പറച്ചിലുകള്‍ ഒന്നൊന്നായി ചെവിയില്‍ വന്നലച്ചു.

പണ്ടെന്നോ മനസ്സിനേറ്റൊരു ചാഞ്ചല്യം.അതിന്‍റെ പരിണാമ പ്രക്രിയയായിട്ട് വിധിയെഴുതി എല്ലാവരും...
ആസിനിമ കണ്ടെണീറ്റതിപ്പിന്നീടാണെന്നാണ് കൃഷ്ണന്‍ കുട്ടിയേട്ടന്‍ പറഞ്ഞത്.
ചാടിയെണീറ്റു കൊണ്ടു് ഉച്ചത്തില്‍ വിളിച്ചു ചോദിച്ചത്രേ,
   ഈ തിരക്കഥയെഴുതിയതാരു്?. അതിന്‍റ അവസാനം അങ്ങിനെ അല്ലായിരുന്നല്ലോ....
അപ്പോഴും ചുണ്ടുകള്‍ മന്ത്രിച്ചു കൊണ്ടിരുന്നു....
തിരക്കഥ എഴുതിയതാര്,......അതിന്റെ പേരെന്തായിരുന്നു.?

Monday, June 20, 2011

വി ഡ്ഢികള്‍


            
                                             
വണ്ടി കവാടത്തില്‍ നിന്നു നീ കൈവീശിയകന്നപ്പോള്‍
വിങ്ങുമെന്‍ ഹൃദയത്തെ വിതുമ്പലിലൊതുക്കി ഞാന്‍
കണ്ണുകള്‍ നിറഞ്ഞതറിഞ്ഞില്ലാ, ഞാനപ്പോള്‍
കാണികളേയും  കണ്ടതില്ലാമകനേ
എന്‍റ ലോകത്തില്‍ നീയും ഞാനും മാത്രമായ്
                                        നിറഞ്ഞപ്പോള്‍.
മിന്നി മറഞ്ഞു പൊയ് പോയകാലമെല്ലാം.
എന്‍റ പിറകിലെ നിഴലായ് നീ നടന്നെന്നും
അമ്മയെന്ന രണ്ടക്ഷരം നീട്ടിവിളിച്ചെപ്പോഴും
കൊച്ചു കൊച്ചു വിശേഷങ്ങള്‍ നീ പറഞ്ഞതെല്ലാംകേട്ടു
കൊച്ചുകുട്ടിയെപ്പോലെ കളിച്ചു രസിച്ചു നിന്നോടൊപ്പം
സ്വപ്നലോകത്തിലെപ്പോലെ നടന്നു നമ്മളപ്പോള്‍
ഇത്ര നീവലുതായതറിഞ്ഞില്ലാ,യെന്‍‍മകനെ ..
 അമ്മയ്ക്കു നീയെന്നുമെന്‍റ കുഞ്ഞുമോനായിരുന്നല്ലോ.
നിന്നെയെന്നരികിലെന്നും കിട്ടുമെന്നുധരിച്ച വിഡ് ഢിഞാന്‍
വി ഡ് ഢികള്‍ നമ്മളെല്ലാം വിധിതന്‍ പ്രപഞ്ചത്തിലെ
സ്വന്തമില്ലാ നമ്മള്‍ക്കാരും നമ്മളാരുടെ സ്വന്തവുമല്ലാ
ജനിയ്ക്കുമ്പോളുമൊറ്റയ്ക്ക്,മരിയ്ക്കുമ്പോളുമൊറ്റയ്ക്ക്.
കണ്ടു മുട്ടുന്നു നമ്മള്‍ ഈയാത്രയ്ക്കിടയിലാരെയൊക്കെയോ
പറഞ്ഞാശ്വസിച്ചിടട്ടെ ഞാന്‍ എന്നിരുന്നാലും
അമ്മമാര്‍ ക്കെന്നും മക്കള്‍ കുഞ്ഞുങ്ങളല്ലോ
പറക്കമുറ്റുമ്പോള്‍ പറന്നകന്നിടട്ടെയവര്‍!!!

Related Posts Plugin for WordPress, Blogger...