Sunday, April 29, 2012

തനിയാവര്‍ത്തനം




"സതിയേട്ടാ ..മറക്കരുത്.. ഞാനെല്ലാം എടുത്ത് ടെറസ്സിനു മുകളിലൊരുക്കി വെച്ചിട്ടുണ്ട്. മോളെ വിളിച്ചുണര്‍ത്തി ഇന്നു തൊട്ട് തുടങ്ങണം.. എന്നെങ്കിലെ പതിനാറു ദിവസം ശുദ്ധമായി ചെയ്തു തീര്‍ക്കാന്‍പറ്റുകയുള്ളു. സതിയേട്ടനും കൂടി കുളിച്ചിട്ട് അവളെ സഹായിക്കണം. "
ട്രെയിന്‍വിടുന്നതിനു മുമ്പ് മീര ഒന്നു കൂടി ഓര്‍മ്മിപ്പിച്ചു.
ഉണക്കലരി വേവിക്കാനിട്ട അടുപ്പിലെ കത്തുന്ന തീയുടെ കനലുപോലെ മനസ്സിലൊരു കനല്‍കത്തിയെരിയുകയായിരുന്നു. അതിലെ തീനാളത്തിന്‍റെ ആക്കം കൂട്ടിയതുപോലെ മോള്‍ ഗൌരിയുടെ ചോദ്യം.
"ഈ ഇരുപതാം നൂറ്റാണ്ടിലും അച്ഛന്‍ അമ്മയുടെ അന്ധ വിശ്വാസത്തിന് എന്തിനു കൂട്ടു നിന്നു. അച്ഛന്‍പറഞ്ഞതു കൊണ്ടു മാത്രമാണ് ഞാനിതിനു സമ്മതിച്ചത്. കേട്ടോ."
 മനസ്സിലെ വിങ്ങല്‍മറക്കുടയ്ക്കുള്ളിലൊളിപ്പിച്ചുകൊണ്ട് പറഞ്ഞു.
"   മോളെ. ചിലവിശ്വാസങ്ങള്‍മനസ്സിന് ശാന്തത കൈവരുത്തുന്നതാണെങ്കില്‍, അത് ചെയ്യുന്നതില്‍അച്ഛന്‍ തെറ്റൊന്നും കാണുന്നില്ല."

 മുറിച്ചുവെച്ച നാക്കിലയിലേക്ക്       വറ്റിച്ചുവെച്ച ഉണക്കലരി ചോറ്        കോരിയിടുന്നതിനു മുമ്പായി മോളോടു പറഞ്ഞു .

" മോളുടെ ചേച്ചിക്കു വേണ്ടി എന്ന് മനസ്സില്‍സങ്കല്‍പ്പിച്ച്  കോരിയിട്ട്  കാക്കയ്ക്കു വേണ്ടി മാറ്റി വെച്ചേക്കു മോളെ."

  ഗൌരി സംശയ ഭാവത്തില്‍  നോക്കുന്നതു കണ്ടപ്പോള്‍ സതീഷ് വ്യാകരണപ്പിശകുപറ്റിയ വരികളൊന്നു കൂടി തിരുത്തി.

 " കുടുംബത്തില്‍   എന്നോ മരിച്ചു പോയ ഒരു കന്നിച്ചാവിനു വേണ്ടിയെന്നാണ് ജോത്സ്യരു പറഞ്ഞത്. അതിപ്പോള്‍ജീവിച്ചിരുന്നെങ്കില്‍ ഗൌരി മോളുടെ  ചേച്ചിയാകാനുള്ള പ്രായമുണ്ടായിരുന്നേനെയെന്ന്. അതുകൊണ്ടാണ് അച്ഛന്‍....."
 വിട്ടുപോയ  വാചകം പൂര്‍ത്തീകരിയ്ക്കുവാനുള്ള ഉചിതമായ പദപ്രയോഗം തപ്പുന്ന പരീക്ഷാ ഹാളിലെ വിദ്യാര്‍ത്ഥിയെപ്പോലെ മനസ്സു പതറി.
അങ്ങകലെ എവിടെയോ ഇരുന്നു കരയുന്ന ബലിക്കാക്കയ്ക്കു വേണ്ടി നാക്കിലയിലെ ചോറ് ടെറസ്സിലൊരിടത്തുകൊണ്ട് വെച്ചിട്ട് മോളോടൊപ്പം താഴേയ്ക്കു പോരുമ്പോള്‍

  മനസ്സിലെ ഭാരത്തിന് അല്‍പ്പം അയവു വന്നതുപോലെ.

 വൈകിട്ടുവന്ന മീര ആദ്യം തിരക്കിയത് കാക്കയ്ക്ക് ചോറു വറ്റിച്ചു കൊടുത്തോ എന്നായിരുന്നു.  
നിരന്തരമായി മോള്‍ക്കു നേരിട്ട ഭാഗ്യക്കേട്. ഒരു മാര്‍ക്കിന് ഇംഗ്ലീഷ് സാഹിത്യത്തിലെ ബിരുദത്തിന് റാങ്കു നഷ്ടപ്പെട്ടതും ഐ..എസ്സിന് പ്രിലിമിനറി കിട്ടി ഫൈനലും കിട്ടി ഇന്‍റെര്‍വ്യുവില്‍കിട്ടാതെ വീണ്ടും റിപ്പീറ്റു ചെയ്യേണ്ടി വന്നതുമുള്‍പ്പടെ മോളെ വേട്ടയാടിക്കൊണ്ടിരിക്കുന്ന നിര്‍ഭാഗ്യത്തിന് പരിഹാരം കാണാനാണ്   ആരോ പറഞ്ഞ് ആ ജോത്സ്യനെതേടി അവള്‍തന്നെയും കൂട്ടി പുറപ്പെട്ടത്. കവിടി വാരി  മന്ത്രശുദ്ധി വരുത്തി അയാള്‍ രാശിപ്പലകയിലെ രാശികളിലേയ്ക്ക്   നിരത്തുമ്പോള്‍ തമാശയാണ് തോന്നിയത്. പക്ഷെ പിന്നീട്   ലഗ്നാലും ചന്ദ്രാലും കൂട്ടലും കിഴിയ്ക്കലും നടത്തി  ഭൂതവും ഭാവിയും പ്രവിചിച്ചപ്പോള്‍ എവിടെയൊക്കെയോ സത്യം നിഴലിച്ചു. അയാളുപറഞ്ഞ പരിഹാരക്രിയകളില്‍മനസ്സഭയം തേടി. മീര ഒന്നു കൂടി ഉറപ്പിച്ചു ചോദിച്ചു. ഇതോടു കൂടി  മോളുടെ ഭാഗ്യദോഷം എല്ലാം മാറുമോ. കുളത്തിലെ പായലുപോലെ ഒഴുക്കി മാറ്റുമ്പോള്‍ഒഴുകി മാറും . അയാള്‍പ്രവചിച്ചു.

"ചെറുതിലേ മരിച്ചുപോയ ഒരു പെണ്‍കുട്ടിയുടെ ,കന്നിച്ചാവ്.. അതിന്‍റെ ആത്മാവ് നിങ്ങളുടെ മകളുടെ ഭാഗ്യത്തിനുമുകളിലൊരു പാടപോലെ നിഴലിയ്ക്കുന്നു.                പ്രായത്തിനനുസരിച്ചു വളര്‍ന്ന അനാഥപ്രേതം   ആശകളും     ആഗ്രഹങ്ങളും പൂര്‍ത്തികരിയ്ക്കാതെ   മകളുടെ ഉയര്‍ച്ചയില്‍തടസ്സം സൃഷ്ടിക്കുന്നു. "

 തിരികെ വീട്ടിലോട്ടു പോകുമ്പോള്‍  പിറ്റെ ദിവസം തൊട്ട് അയാളു പറഞ്ഞ പരിഹാര ക്രിയകള്‍ ചെയ്ത് ഗൌരി മോള്‍ക്കു നേരിട്ട നിര്‍ഭാഗ്യത്തിനെ തുടച്ചു മാറ്റാനുള്ള വെമ്പലിലായിരുന്നു മീരയുടെ മനസ്സ് .
അര്‍ത്ഥ സംപുഷ്ടമായ വരികള്‍ക്ക്   സംഭവിച്ചുപോയ ഒരു വ്യാകരണത്തെറ്റുപോലെ   വര്‍ഷങ്ങള്‍ക്കു മുമ്പു    ജീവിതത്തില്‍ സംഭവിച്ചുപോയ ഒരു തെറ്റ് മോളുടെ മേല്‍ നിര്‍ഭാഗ്യ  നിഴലായി വന്നതെങ്ങനെയെന്നു പിടികിട്ടാതെ  മനസ്സ് നീറിക്കൊണ്ടിരുന്ന താന്‍.
ഏഴര വെളുപ്പിനെണീറ്റ്          അതിവേഗത്തില്‍      വീട്ടിലെ എല്ലാജോലികളും തീര്‍ത്ത്
കാക്കയും പുള്ളും നിലത്തിറങ്ങുന്നതിനു മുമ്പ് അങ്ങകലെയുള്ള സര്‍ക്കാരാഫീസിലേയ്ക്ക് ജോലിയ്ക്കു പോകുമ്പോളും തന്‍റെയും മോളുടേയും എല്ലാക്കാര്യത്തിലും അവളുടെ  ശ്രദ്ധയുണ്ടായിരുന്നു. അങ്ങിനെയുള്ള അവളോട് തനിയ്ക്കൊരിയ്ക്കലും ആ സത്യം  പറയാന്‍ മനസ്സു തുറക്കാന്‍ തോന്നിയില്ല. അത് മണ്ണിനടിയില്‍കുഴിച്ചിട്ട ഒരു ചെപ്പിലെ ഭൂതത്തിനെപ്പോലെ എപ്പോഴും മനസ്സിലൊളിച്ചു വെച്ചിരുന്നു.

അന്നും പതിവു പോലെ അവളോര്‍മ്മിപ്പിച്ചു. ഇനി രണ്ടു ദിവസമേ ഉള്ളു. സതീഷേട്ടാ. മറക്കരുത്.

തിരിച്ചു വീട്ടിലോട്ട് വണ്ടിയോടിച്ചു വരുമ്പോളോര്‍ത്തു. ഇല്ല ഒരിയ്ക്കലും ഇതു താന്‍മറക്കുകയില്ല. എപ്പോഴും തന്‍റെ നെഞ്ചിലൊരു നീറ്റലായി കിടന്നിരുന്ന അവള്‍ക്കു വേണ്ടി ഇതു് മോളെക്കൊണ്ടു ചെയ്യിക്കുമ്പോള്‍ പിതൃ പിണ്ഡ സമര്‍പ്പണം നടത്തി കുളിച്ചു കേറിയ മനസ്സിന്‍റെ ആശ്വാസം അനുഭവിക്കുന്നത് മീരയ്ക്കറിയില്ലല്ല്ലോ.

. കൊതുമ്പു കീറി ചെറിയ  കഷ്ണങ്ങളാക്കി മോള്‍ക്കു കൊടുക്കുമ്പോള്‍ വീണ്ടും ബലിക്കാക്കയുടെ കരച്ചില്‍ .. അമ്മത്തൊട്ടിലില്‍   വര്‍ഷങ്ങള്‍ക്കു മുമ്പുകേട്ട  കരച്ചിലിന്‍റെ ദൈന്യം മനസ്സില്‍ പൊന്തി വന്നു....

 അനാഥനായ തന്‍റെ ഇഷ്ടവിനോദം ആയിരുന്നു ആ അനാഥാലയത്തിലെ കുട്ടികളെ സന്ദര്‍ശിക്കുന്നത്. പോകുമ്പോഴെല്ലാം അവര്‍ക്കുവേണ്ടി എന്തെങ്കിലും മധുര പലഹാരങ്ങളും കൊണ്ടു പോകുവാന്‍മറക്കുകയില്ല. മാമനായി.. ചേട്ടനായി അവരുടെ ഇടയില്‍നില്‍ക്കുമ്പോഴുള്ള സന്തോഷം. അവരോടൊപ്പം ചിലവഴിക്കുന്ന നിമിഷങ്ങള്‍      അത് നിര്‍വ്വചിക്കുവാനുള്ള വാക്ക് ഒരു നിഘണ്ടുവിലും ഇല്ലായിരുന്നു. വര്‍ഷമേഘങ്ങളുടെ ഇടയ്ക്കു കിട്ടുന്ന വെയിലുപോലെ   തനിയ്ക്കത്രക്ക് സന്തോഷം തരുന്ന നിമിഷങ്ങളായിരുന്നു അത്. 

വയനാട്ടിലെ പള്ളിമേടയില്‍നിന്നും ഫിലിപ്പോസച്ചനോടു യാത്ര ചോദിച്ചു പോരുമ്പോള്‍അച്ചന്‍പറഞ്ഞ വാചകം: "അനാഥാലയത്തിനടുത്തു താമസിയ്ക്കണം. അനാഥത്വം വേട്ടയാടുന്ന അവരുടെ മുഖങ്ങള്‍ ദിവസവും കാണുംതോറും   നന്മചെയ്യാന്‍ അതു പ്രേരണയുണ്ടാക്കും.."

 കമ്പനിയിലെ മാര്‍ക്കറ്റിംഗ് മാനേജരായി പ്രൊമോഷന്‍ലഭിച്ച് പുതിയ ബ്രാഞ്ചില്‍ ജോയിന്‍ ചെയ്ത അന്നാണ് ഗായത്രിയെ പരിചയപ്പെടുന്നത്. കമ്പനിയുടെ  എച്ച് ആര്‍ ഹെഡ്ഡിന്‍റെ ചുമതലയായിരുന്നു അവള്‍ക്ക്. വിദേശത്തു ജോലിയുള്ള അച്ഛനെയും അമ്മയെയും അകന്ന് , ചെറുതിലേ തന്നെ  കോണ്‍ വെന്‍റു സ്ക്കൂളില്‍പഠിച്ച  അവളും,
ആര്‍ക്കും വേണ്ടാത്ത...പൂജയ്ക്കെടുക്കാത്ത ഒരു കാട്ടുപൂവായി അമ്മയാലും അച്ഛനാലും ഉപേക്ഷിയ്ക്കപ്പെട്ട  അനാഥനായ താനും ചില കാര്യങ്ങളിലൊരേപോലെയായിരുന്നു. അച്ഛന്റയും അമ്മയുടേയും ചൂടും ചൂരും കിട്ടാതെ വളര്‍ന്ന കുഞ്ഞിക്കിളികള്‍.

അവളുടെ  തന്നിലേക്കുള്ള അടുപ്പം   അനാഥത്വത്തിന്‍റെ പേരിലുള്ള ഒരു അലിവായേ  താനത്  ആദ്യം കണക്കിലെടുത്തുള്ളു.പക്ഷേ പതുക്കെ പ്പതുക്കെ അവള്‍തന്നോട് കൂടുതലടുക്കുവാന്‍തുടങ്ങി.  അനാഥാലയത്തിലെ അന്തരീക്ഷത്തില്‍ നിന്നുള്ള  സഹാനുഭൂതിയും അലിവും മാത്രം പരിചയമുള്ള തനിയ്ക്ക്  അവളുടെ അനുരാഗചേഷ്ടകള്‍ സമ്മാനിച്ചത്  ആദ്യമായി സ്ത്രീ ശരീരത്തിനെ കണ്ട വിഭാണ്ഡക മുനിയുടെ  പുത്രന്‍ ഋഷ്യശൃംഗന്‍റെ മനോ നിലയായിരുന്നു.

നിമിഷങ്ങളുടെ ദൈര്‍ഘ്യത്തില്‍ മാഞ്ഞുപോകുന്ന കാര്‍ മേഘക്കീറിലെ മഴവില്ലു  കണ്ടപ്പോള്‍  തുള്ളിച്ചാടിയ  കുട്ടിയെപ്പോലെ സന്തോഷിച്ച ദിവസങ്ങള്‍...
വിലക്കപ്പെട്ട കനി തിന്നപ്പോള്‍അനാഥത്വം മറന്നു. ജീവിതം ആസ്വദിക്കാനും കൂടി ആണെന്നുള്ള ചിന്ത  മനസ്സില്‍നിറഞ്ഞു.   ഗായത്രിയുടെ രൂപത്തില്‍.  ദൈവം      തനിയ്ക്കുവേണ്ടി സൃഷ്ടിച്ച ഹവ്വാ. മനസ്സിലോര്‍ത്തു.
 പ്രണയം ദാമ്പത്യത്തിലേയ്ക്ക് കടന്ന ദിവസങ്ങളിലൊരു ദിവസം  ഗായത്രിയും കൂടി തന്‍റെ കൂടെ അനാഥാലയത്തില്‍ കുഞ്ഞുങ്ങളെ കാണാന്‍വന്നിരുന്നു. അപ്പോള്‍കുട്ടികളെ കാണുന്നതിലും താല്‍പ്പര്യത്തോടെ അമ്മത്തൊട്ടിലിന്‍റെ പ്രവര്‍ത്തനം അറിയാനാണ് അവള് ജിജ്ഞാസ കാട്ടിയത്.
"അമ്മ തൊട്ടില്‍ഡിസൈന്‍ ചെയ്ത ആളിനെ സമ്മതിയ്ക്കണം. സേഫ് ആയി കുട്ടിയെ ഉപേക്ഷിച്ചിട്ടു പോരാം. അകത്ത് അലാറം അടിയ്ക്കുമ്പോള്‍അവര്‍വന്ന് എടുത്തു കൊണ്ട് പൊയ്ക്കോളുകയും ചെയ്യും." ഗായത്രി പറഞ്ഞ സുരക്ഷിതമായി ഉപേക്ഷിയ്ക്കാം എന്നുള്ളതിന്‍റെ അര്‍ത്ഥം പിന്നീടാണ് മനസ്സിലായത്.
ഗംഗാദേവിക്കു കൊടുത്ത വരം പോലെ...താനൊരു ശന്തനുവായി മാറിയെന്നുള്ളതും മനസ്സിലാക്കാന്‍  വളരെ വൈകിപ്പോയിരുന്നു.   അനാഥാലയത്തിലെ അനുസരണയും വിധേയത്വവും ജീവിതത്തില്‍നടപ്പാക്കിയപ്പോള്‍ എന്തുചെയ്താലും തിരിച്ചു ചോദിയ്ക്കാന്‍ പറ്റാത്തവിധം അവള്‍ തന്നിലവളുടെ അധികാരത്തിന്‍റെ ചങ്ങല മുറുക്കുകയായിരുന്നു.

 മോള്‍ ജനിച്ചപ്പോള്‍ അനുവാദമില്ലാതെ കയറി വന്ന ഒരു അനാവശ്യ വസ്തുവായാണ് അവള്‍ അതിനെ കണ്ടത്.. പക്ഷേ തനിയാവര്‍ത്തനം വരാതെ സ്നേഹം കൊടുത്ത് അവളെ വളര്‍ത്താനാണു താന്‍ മാനസ്സികമായി തയ്യാറെടുത്തത് . തന്‍റെ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചു കൊണ്ടായിരുന്നു അവളുടെ തീരുമാനം......
    ചോറു പകര്‍ന്ന്  ഇലയിലിടുമ്പോഴുള്ള മോളുടെ ചോദ്യമാണ്ചിന്തയില്‍നിന്നും ഉണര്‍ത്തിയത്. "നാളേം കൂടി കഴിയുമ്പോളിനി അമ്മ അടുത്തതെന്താണാവോ കൊണ്ടു വരുന്നത്." മനസ്സിനെ അമ്മത്തൊട്ടിലിനരികെയുള്ള വീട്ടുവളപ്പില്‍നിര്‍ത്തിക്കൊണ്ട് മുഖത്തൊരു ചിരി വരുത്തി മോള്‍ക്കുത്തരം നല്‍കി..
ബലിക്കാക്കയുടെ വരവിന് കാത്തു നില്‍ക്കാതെ അവള്‍താഴേയ്ക്കു പോയി. തെങ്ങിന്‍തലപ്പിലിരുന്ന കാക്കവന്ന് താഴെ ഇലയിലിരുന്ന വറ്റ് ഒന്നൊന്നായി കൊത്തി തിന്നുമ്പോള്‍ അനാഥാലയത്തിന്‍റെ തിണ്ണയില്‍ മറ്റുള്ള കുട്ടികളോടൊപ്പം പാത്രത്തിലെ ചോറ് പെറുക്കിതിന്നുന്ന ഒരു കുഞ്ഞുമുഖം മനസ്സലേയ്ക്കോടിയെത്തി.
പ്രണയം ദാമ്പത്യത്തില്‍ നിന്നും പതുക്കെ പതുക്കെ വിടപറഞ്ഞു.
തേന്‍ നുകര്‍ന്നു കഴിഞ്ഞ് ഉപേക്ഷിച്ച പൂവുപോലെ വളരെ നിസ്സംഗയായി അവള്‍-- ഗായത്രീശ്രീനിവാസന്‍--   പറഞ്ഞത്. "അച്ഛനും അമ്മയും വിദേശത്തുള്ള കമ്പനിയില്‍ ജോലി ശരിയാക്കി വെച്ചിരിക്കുന്നു. നമ്മുടെ ഈ ഏര്‍പ്പാടൊന്നും  അവര്‍ക്കറിയില്ല. എനിയ്ക്ക് ഈ കുട്ടിയേയും കൊണ്ട് അങ്ങോട്ടു പോകുവാന്‍പറ്റുകയില്ല. എത്രയും പെട്ടെന്ന് ഒരു സൊല്യൂഷന്‍കണ്ടു പിടിയ്ക്കണം." കേട്ടപ്പോള്‍പുതിയൊരു മാര്‍ക്കറ്റിംഗ് തന്ത്രം കേട്ടപ്രതീതിയായിരുന്നു.ഉത്തരം കിട്ടാത്ത ചോദ്യം പോലെ...വിറ്റഴിയ്ക്കുവാന്‍പറ്റാത്ത പ്രോഡക്റ്റ്. അവള്‍ക്ക് അതായി മാറി സ്വന്തം കുട്ടി.
പിന്നീടവള്‍തന്നെയാണ് പരിഹാരം നിര്‍ദ്ദേശിച്ചത്.  സാമൂഹ്യ ക്ഷേമത്തില്‍എംബിഏ എടുത്ത ഗായത്രീ ശ്രീനിവാസന്‍കണ്ടു പിടിച്ച പരിഹാരം...വളരെ നിസ്സാരമായി... അമ്മതൊട്ടിലിലെ സുരക്ഷിതത്വം.പ്രസവിച്ച കുട്ടിയെ ശന്തനുവിന്‍റെ മുമ്പില്‍ വെച്ചുതന്നെ ആറ്റിലേയ്ക്കെറിഞ്ഞ ഗംഗാദേവിയെയാണ് ഓര്‍മ്മവന്നത്.അന്നുവരെ വിധേയനായി നിന്ന തന്റെ പൌരുഷത്തിനേറ്റ മുറിവ്.    മനസ്സിലേറ്റ ആഘാതം . അല്‍പ്പസമയം താന്‍പൌരുഷം വന്ന ശന്തനുവായി മാറി.എട്ടാമത്തെ പുത്രനെയും നദിയിലെറിയുന്നതില്‍ നിന്നും വിലക്കിയ ശന്തനു. പരിഹാരം കാണാമെന്ന്  തന്നെ  അവളോടു  തറപ്പിച്ചു പറഞ്ഞു.
കൂരിരുട്ടില്‍ പഥികനു കിട്ടിയ ചൂട്ടുകറ്റ. വഴിയില്‍ വെച്ചു കെട്ടുപോയ പ്രതീതി. ഇരുളില്‍വഴിയറിയാതെ നിന്ന വഴിയാത്രക്കാരന് ആകെ ആശ്രയം വയനാട്ടിലെ പള്ളിമേടയിലായിരുന്നു. ഒരു അവധി ദിവസം ഫിലിപ്പോസച്ഛന്‍റെടുക്കല്‍ പോയി. അച്ഛന്‍പറഞ്ഞ പരിഹാരത്തിന് മനസ്സു തയ്യാറെടുത്തു.പറക്കമുറ്റിയ കിളിയുടെ കൂട് ഒഴിഞ്ഞു കിടന്നിരുന്നതിലേയ്ക്ക് ചിറകു മുളയ്ക്കാത്ത കുഞ്ഞിക്കിളിയെ മാറ്റാമെന്നുള്ളത്.
തിരികെ വന്നപ്പോള്‍വീടൊഴിഞ്ഞു കിടന്നിരുന്നു. മേശമേലുള്ള വരികളിലേയ്ക്ക് കണ്ണുകള്‍പായിച്ചു. സതീഷ്..നിങ്ങളുടെ കുട്ടിയെ നിങ്ങള്‍ക്കെന്നും കാണാം. ഞാന്‍ പോകുന്നു.മുറികളിലെവിടെയെങ്കിലും കുട്ടികാണുമെന്നു പ്രതീക്ഷിച്ചു.  പക്ഷെ അവള്‍അവളുടെ തീരുമാനം നടപ്പാക്കി കഴിഞ്ഞു എന്നുള്ളത് പിറ്റെ ദിവസം അനാഥാലയത്തിലെത്തിയപ്പോള്‍ മനസ്സിലായി.
 രാത്രി വൈകി എവിടെയോ കേട്ട  ചോരക്കുഞ്ഞിന്‍റെ കരച്ചിലാണ് ഉറക്കത്തില്‍നിന്നും ഉണര്‍ത്തിയത്. പിറ്റെ ദിവസം ലീവെഴുതി കൊടുത്ത് കമ്പനിയില്‍നിന്നും പോകുമ്പോള്‍അവളോടൊപ്പം വിദേശത്ത് കുട്ടിയേയും കൊണ്ട് ആക്കിയിട്ടു വരുമെന്ന് ധരിച്ചസുഹൃത്തുക്കള്‍.

തന്‍റെ കുഞ്ഞിന്‍റെ കരച്ചില്‍   വേട്ടയാടിക്കൊണ്ടിരുന്നു.  . പതുക്കെ അനാഥാലയത്തിന്‍റെ പരിസരത്തുനിന്നും താമസം മാറി. മനസ്സിലെ കാറും കോളും കൊടുങ്കാറ്റായി മാറി. അപ്പോളാണ് അവളെ വീണ്ടും കാണുവാന്‍ വെമ്പല്‍ പൂണ്ടത്.        പിന്നീടു കാണുമ്പോള്‍ അനാഥത്വം വേട്ടയാടുന്ന തികഞ്ഞ ഒരു അനാഥക്കുട്ടിയായി അവള്‍ മാറിക്കഴിഞ്ഞിരുന്നു.   നെറ്റിയിലെ മറുകാണ് തിരിച്ചറിയുവാന്‍സഹായിച്ചത്.കുറച്ചു മുതിര്‍ന്ന കുട്ടികള്‍ പേരു വിളിക്കുന്നതു കേട്ടാണ് അവളുടെ പേര് നന്ദിത എന്നാണെന്നു മനസ്സിലായത്. താനിട്ട പേര്  ബിന്ദു.  എന്നിലലിഞ്ഞുചേര്‍ന്നു.   വീണ്ടും പതിവു സന്ദര്‍ശകനായി. നന്ദിതയ്ക്കു വേണ്ടി പുതിയ ഉടുപ്പെടുക്കുമ്പോള്‍അതേ പ്രായത്തിലുള്ള എല്ലാക്കുട്ടികള്‍ക്കും ഒരേപോലെ എടുത്തു. അച്ഛാ എന്നു വിളിയ്ക്കേണ്ട അവള്‍മറ്റുള്ള കുട്ടികളെപ്പോലെ മാമാ എന്നു വിളിയക്കുമ്പോളുണ്ടാകുന്ന നൊമ്പരം മനസ്സിലൊതുക്കി.
എല്ലാവര്‍ഷവും അവളുടെ പിറന്നാളു ദിവസം കുട്ടികള്‍ക്കു സദ്യ നടത്താന്‍ ബിന്ദുവിന്‍റെ പേരില്‍ പൈസ അടയ്ക്കുമ്പോള്‍   കഥയറിയാതെ ആട്ടം കാണുന്ന      സൂപ്രണ്ട് ,വിദേശത്തുള്ള തന്‍റെ മോള്‍ക്ക്  പിറന്നാളാശംസകള്‍ നേരും. ആ ദിവസം കമ്പനിയിലെ തിരക്കു മാറ്റിവെച്ച് അവരോടൊപ്പം പിറന്നാളുണ്ണുവാന്‍ ചെല്ലുമ്പോള്‍ ലഭിക്കുന്ന സ്വീകരണം...  നാക്കിലയുടെ മുമ്പിലെ വിഭവ സമൃദ്ധമായ സദ്യക്കു മുമ്പില്‍    പിറന്നാളാശംസകള്‍ നേരാന്‍ പഠിപ്പിച്ചു വെച്ചിരിക്കുന്ന അനാഥക്കുഞ്ഞുങ്ങളോടൊപ്പം  മാമന്‍റെ ബിന്ദുമോള്‍ക്ക്    ഹാപ്പി ബര്‍ത്തഡേ ഉരുവിടുന്ന  നന്ദിത...വാക്കുകള്‍കൂട്ടിപ്പറയാനറിയാത്ത തന്‍റെ മകള്‍... 
 അനാഥാലയത്തിലെ  ബിന്ദുമോളുടെ സുഖ വിവരവും തിരക്കിക്കൊണ്ട്    ഇടയ്ക്കെപ്പോഴോ ഗായത്രിയുടെ ഒരു മെയില്‍. . സാമൂഹ്യ ക്ഷേമത്തില്‍ഉന്നത വിദ്യാഭ്യാസം നേടിയ  എച്ച്. ആര്‍മാനേജരുടെ മനോ നില. വിശ്വാമിത്രന്‍റെ തപം മുടക്കിപ്രസവിച്ച കുഞ്ഞിനെ നിഷ്ക്കരുണം മാലിനീതീരത്ത് ഉപേക്ഷിച്ച് ദേവലോകത്തേയ്ക്കു പോയ അപ്സര കന്യകയുടെ പിന്‍ഗാമികളിലൊരുവള്‍.

പിന്നീടെപ്പോഴോ മാനസാന്തരം വന്ന മേനക .. മറ്റൊരുവന്‍റെ ഭാര്യയായിക്കഴിഞ്ഞ്, സ്വന്തം കുഞ്ഞിനെ കാണുവാന്‍..........  ഉര്‍വ്വരത നഷ്ടപ്പെട്ട സ്വന്തം ഗര്‍ഭപാത്രത്തിലിനി ഒന്നും കുരുത്തു വരുകയില്ലയെന്ന് മനസ്സിലായ ദിവസം ചെയ്ത തെറ്റിന് പ്രായശ്ചിത്തമെന്നവണ്ണം ബിന്ദുമോളെ കാണാന്‍അനാഥാലയത്തിലേയ്ക്ക്  സമ്മാനപ്പൊതികളുമായി എത്തി.
വാതുക്കല്‍  അവളെ പ്രതീക്ഷിച്ചു നിന്ന തന്‍റെ പുറകേ യാന്ത്രികമായി ചലിച്ച അവളുടെ കാലുകള്‍നടന്നു ചെന്നത് തൊട്ടടുത്ത ശ്മശാനത്തിലേയ്ക്കായിരുന്ന. ഒരു മണ്‍കൂനയുടെ മുകളിലെ ശവം നാറിച്ചെടിയുടെ പൂക്കളുടെ തണലില്‍അനാഥത്വം വേട്ടയാടുന്ന രണ്ടു  കണ്ണുകള്‍ തങ്ങളെ ദൈന്യതയോടെ നോക്കുന്നതുപോലെ തോന്നി.

ഗൌരി മോളുടെ ശബ്ദമാണ് പരിസരബോധം ഉണര്‍ത്തിയത്.
 " നോക്കൂ അച്ഛാ...ഇന്നു ബലിക്കാക്ക ഇവിടെ കാത്തിരിക്കുകയായിരുന്നു. "
മനസ്സിനു കിട്ടിയ ഈ സമാധാനം പതിനാറു ദിവസവും ...  ബിന്ദു മോളുടെ ഓര്‍മ്മകള്‍...ഓരോ അന്ധ വിശ്വാസവും ഓരോ ഓര്‍മ്മകള്‍ നല്‍കാനാണെങ്കില്‍ അതൊരു വിശ്വാസമായി മാറുമോ?

ഉത്തരം നല്‍കാനാര്‍ക്കു കഴിയും? ....

Monday, April 23, 2012

സദ്യ ഒരു സങ്കല്‍പ്പം



കഞ്ഞിക്കലത്തിലെ വറ്റിലേയ്ക്കമ്മയുടെ
കണ്ണുനീര്‍ത്തുള്ളികള്‍ ഉപ്പായിമാറി.

ഉണ്ണുവാന്‍ വന്നൊരുണ്ണിക്കിടാവിന്‍റ
കുഞ്ഞിളംകൈയ്യിലെ നാക്കില
ജന്മനാളിനെ ആഘോഷമാക്കുവാന്‍
സദ്യക്കു പപ്പടം പാല്‍പ്രഥമനും
കൂട്ടിക്കുഴച്ചുരുള...അമ്മയോടൊപ്പം
അച്ചാറുമായ് പിന്നെ മോരതില്‍ കൂട്ടി
അവസാനമായ് ഇരുന്നുണ്ണന്ന സങ്കല്‍പ്പം
സന്ദേഹമില്ലാതെ വാരി നിറയ്ക്കുവാനാണീയില
സംശയമേതുമേ വേണ്ട വേണ്ടോതുന്നു
ഞാനെന്ന വാക്ക് കുരുന്നിന്‍റ
വായീന്നു കേട്ടൊരമ്മതന്‍
നെഞ്ചിനകത്തെ കാട്ടാറുപൊട്ടി
കഞ്ഞിക്കലത്തിലെ വറ്റിലേയ്ക്കമ്മയുടെ
കണ്ണു നീര്‍ത്തുള്ളികള്‍ ഉപ്പായിമാറി.

Tuesday, April 3, 2012

അതാര്‍ക്കു വേണ്ടി.......എനിയ്ക്കുവേണ്ടിയോ....നിനക്കുവേണ്ടിയോ....




അദ്ദേഹം അങ്ങിനെയാണ് ...
വിധിക്ക് ഇനിയും തന്നെ തോല്പിക്കാനാവില്ലെന്ന ഉറച്ച വിശ്വാസത്തോടെ, ഇടതുവശത്തെ കൃത്രിമക്കാലിന് താങ്ങായ വളഞ്ഞ പിടിയുള്ള ഊന്നുവടിയുമായി, ലക്ഷ്യസ്ഥാനത്തെത്താന്‍ അദ്ദേഹം വേഗത്തില്‍ നടന്നു..


ഇരമ്പിപ്പാഞ്ഞുപോകുന്ന വാഹനങ്ങളേയും, തന്നെനോക്കി വിനയപൂര്‍വ്വം കൈകൂപ്പി നടന്നുനീങ്ങുന്നവരേയും, തണുപ്പുപുതച്ച് നമ്രശിരസ്കരായ വൃക്ഷശിഖരങ്ങളിലിരുന്ന് പാടുന്ന പക്ഷികളേയും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. കാണുന്നതൊക്കെയും എല്ലാ പ്രവൃത്തിയുടേയും ശുഭസൂചകമാണെന്ന ആത്മവിശ്വാസമുള്ള അദ്ദേഹം, എന്നിട്ടും  ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന മകള്‍ ഇന്നു വീട്ടിലെത്താന്‍ വൈകുന്നതെന്തെന്നുകൂടി ഒരുനിമിഷം ചിന്തിച്ചത് സ്വാഭാവികം .

നല്ല ബലിഷ്ഠമായ ഉയരമുള്ള ശരീരം, തിളങ്ങുന്ന കണ്ണുകള്‍,ആവശ്യത്തിനുമാത്രം സംഭാഷണം.... ഇതുപോലെയൊരു വ്യക്തി ആ ഗ്രാമത്തില്‍ വേറേയില്ലെന്ന് പലരും പറയാറുണ്ട്. പ്രത്യേകിച്ച്, ഒരു കാല് ഇല്ലെന്ന കാരണം അത് സത്യമാക്കുന്നുണ്ടല്ലൊ...............



 " ബാലന്‍ മാഷ്  നടത്തത്തിനിറങ്ങിയതായിരിക്കും അല്ലേ.. രവികുമാറാണ്.
"അല്ലാ, ഇന്ന് ഒരാളെ കാണാന്‍ പോകുകയാണ്. അതിന്‍റ കൂടെ  നടത്തവും ആകും.
  നടത്തത്തിന്‍റ വേഗത അല്‍പ്പം കുറച്ചുകൊണ്ടാണ്. രവികുമാര്‍
ബാലന്‍നായരുടെ അടുത്തെത്തിയപ്പോള്‍  ചോദിച്ചത്.  ബാലന്‍മാഷിനെ കടന്ന് മുന്നോട്ടു പോയപ്പോള്‍ രവികുമാര്‍  കൂടെയുള്ള  ജോയിയോട് പറഞ്ഞു.
"രണ്ടുകാലും ഉണ്ടായിരുന്നപ്പോള്‍ ബാലന്‍മാഷിന്‍റ കൂടെ നടക്കാനൊരുപാടു പേരുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ ഒറ്റക്കാലായപ്പോള്‍ ആരുമില്ലാതായിപ്പോയി. കൂട്ടു നടക്കാന്‍. പക്ഷെ ഇപ്പോഴും ബാലന്‍മാഷ് ആ നടത്തം നിര്‍ത്തിയില്ല. അതു തുടര്‍ന്നു  കൊണ്ടേയിരിക്കുന്നു. നമ്മളെപ്പോലെയുള്ള സാധാരണക്കാരായിരുന്നെങ്കില്‍ വീട്ടിലൊതുങ്ങിയേനെ.അതാണു ബാലന്‍മാഷ്. അതാണു  ബാങ്കു ജീവനക്കാരുടെ നെടുംതൂണായ  ബാലന്‍ സഖാവിന്‍റ പ്രത്യേകത."
പുതിയതായി ഗ്രാമത്തില്‍ വന്ന കൃഷി വകുപ്പുദ്യോഗസ്ഥനായ ജോയി  ഒന്നും മനസ്സിലാകത്തവനേപ്പോലെ രവികുമാറിന്‍റ മുഖത്തോടു നോക്കി.
"ജോയിയോടതെങ്ങനെ പറഞ്ഞു മനസ്സിലാക്കണമെന്നെനിയ്ക്കറിഞ്ഞുകൂടാ.  ആഗോളവല്‍ക്കരണത്തിന്‍റ ഭാഗമായാണ് വീണ്ടും പൊതു മേഖലാ ബാങ്കുകളെ  സ്വകാര്യവല്‍ക്കരിക്കുവാനായി കേന്ദ്ര ഗവണ്മെന്‍റ്  നീക്കം തുടങ്ങിയത്. നീ വിചാരിക്കുന്നുണ്ടായിരിക്കും അതും ബാലന്‍മാഷിന്‍റ ഒറ്റക്കാലും തമ്മിലെന്തു ബന്ധമെന്ന്. അതാണു പറഞ്ഞു വരുന്നത്. പൊതു മേഖലാ ബാങ്കുകളുടെ പ്രധാന ട്രേയ്ഡുയൂണിയനായ നാഷണൈല്സ് ബാങ്ക് എംപ്ലോയീസ്  ഫ്രെണ്ട്സിന്‍റ ---എന്‍.ബി .ഇ.എഫ്--- ന്‍റ നെടും തൂണായ ബാലന്‍മാഷും കൂട്ടരും നടത്തിയ  പണി മുടക്കിലും ചെറുത്തു നില്‍പ്പിലും ഗവണ്‍മെന്‍റ് മുട്ടു മടക്കി.പിന്നീട് ഗവണ്മെന്‍റ് കളം മാറ്റി ചവിട്ടി.ബാങ്കിംഗ് റിക്രൂട്ട്മെന്‍റ് ബോര്‍ഡ് പിരിച്ചു വിട്ടു.  തുഛമായ വേതനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിച്ച് തൊഴിലാളി യൂണിയനെ ദുര്‍ബലപ്പെടുത്താനായി അടുത്തശ്രമം. പിരിഞ്ഞുപോകുന്ന ജീവനക്കാര്‍ക്കു പകരമായി സ്ഥിരം ജീവനക്കാരെ എടുക്കാതിരിക്കുന്നത് എന്‍.ബി. ഇ. എഫിന്‍റ  നട്ടെല്ലൊടിക്കാമെന്നു വിചാരിച്ചായിരുന്നു. പക്ഷെ താല്‍ക്കാലിക ജീവനക്കാരും ബാലന്‍ സഖാവി‍ന്‍റ പുറകിലണി നിരന്നത് മാനേജുമെന്‍റിന്
വലിയ തിരിച്ചടിയായി."
 വീടെത്തിയതറിയാതെ രവികുമാര്‍ തുടര്‍ന്നു.
വീടെത്തി രവിയണ്ണാ. ഇനി നാളെയാകാം.ജോയ് ഓര്‍മ്മിപ്പിച്ചു.

നടന്നു നടന്നിവിടെത്തിയതേയുള്ളു.ബാലന്‍ നായരോര്‍ത്തു. അവിടെ ചെന്ന് അവനെയും കൂടി കണ്ടിട്ടുവേണം തിരികെ വീട്ടിലെത്തി മോളെ തിരക്കി പോകാന്‍. അവളെന്തായിരിക്കും ഇന്നിത്ര വൈകുന്നത്. ചിലപ്പോള്‍ സ്കൂളിലെ കരാട്ടെ ക്ലാസ്സിന്‍റ പ്രാക്ടീസിനു നിന്നു കാണുമായിരിക്കും. താന്‍ തന്നെയാണ് സ്ക്കൂളില്‍ പെണ്‍കുട്ടികള്‍ക്കായിട്ട് കരാട്ടെ ക്ലാസ്സ് നടത്തുവാന്‍ മുന്‍കൈയ്യെടുത്തത്.അദ്ധ്യാപക രക്ഷാകര്‍ത്തൃ മീറ്റിംഗിലാണ് അക്കാര്യം പാസാക്കിയെടുത്തത്.  എല്ലാ അമ്മമാരും അതിന് പിന്തുണപ്രഖ്യാപിച്ചപ്പോള്‍ ആത്മ വിശ്വാസം കൂടി. തനിയ്ക്ക് അങ്ങിനെയൊരു  ശാരീരിക ചെറുത്തു നില്‍പ്പിന്‍റ കുറവാണ് ഇന്നീ നിലയില്‍ എത്തിച്ചതെന്ന് ഇപ്പോള്‍ തോന്നുന്നു. ഇല്ലെങ്കില്‍ ... ബാലന്‍ നായരുടെ ഉള്ളില്‍ നിന്നും വന്ന നിശ്വാസം ഒരു തീക്കാറ്റായി പുറത്തോട്ടു വന്നതിനെ ഇളംകാറ്റടിച്ചു കൊണ്ടുപോയി ..  ദഹിക്കാത്ത ഓര്‍മ്മകളയവിറക്കിയപ്പോള്‍   ഊന്നു വടിയുടെ  പിടി മുറുകി ഞെരിഞ്ഞമര്‍ന്നു.താല്‍ക്കാലിക ജീവനക്കാരും കൂടി  എന്‍.ബി.ഇ.എഫിന്‍റ പിടിയിലായതോടെ പിന്നെ മാനേജ്മെന്‍റ് അടുത്തതായി ചെയ്തത് , യൂണിയനില്‍ വിള്ളലുണ്ടാക്കുകയായിരുന്നു.അതിനുപയോഗിച്ചത് വളരെ തന്ത്രപൂര്‍വ്വമുള്ള കരുക്കളായിരുന്നു. കോര്‍ബാങ്കിംഗ് സംവിധാനത്തില്‍ വന്ന പിഴവുകളിലൂടെ ഗോവിന്ദപുരത്തെ ഒരു പൊതുമേഖലാ ബാങ്കില്‍ വന്ന വെട്ടിപ്പിന്‍റ പൂര്‍ണ്ണ ഉത്തരവാദിത്വം ഒരു  കാഷ്യറുടെ മേല്‍ കെട്ടിവെച്ച് അയാള്‍ ആത്മഹത്യ ചെയ്തത്.. അതോടുകൂടി കുറച്ചു സഖാക്കള്‍ യൂണിയന്‍ വിട്ടു പോയത്.. പുതിയ യൂണിയനുണ്ടാക്കിയത്. മാനേജു മെന്‍റിന്‍റ കളിപ്പാവയായി പുതിയ യൂണിയന്‍ കൂട്ടു നിന്നു. അവിടെ നിന്നായിരുന്നു തുടക്കം. താല്‍ക്കാലിക ജീവനക്കാരെയെല്ലാം പിരിച്ചു വിട്ടു. അതിനു മുന്നോടിയായി പുതിയ  റിക്രൂട്ട്മെന്‍റ് നടത്തി. ടെസ്റ്റു നടത്തിയ എക്‍സ്റ്റേണല്‍ ഏജന്‍സിയുടെ നീക്കങ്ങള്‍ തൊട്ട് താനും കൂട്ടരും സശ്രദ്ധം വീക്ഷിച്ചിരുന്നതുകൊണ്ട് എതിര്‍ യൂണിയന്‍കാര്‍ക്ക് അവരുടെ കളികളൊന്നും നടത്തുവാനവസരം ലഭിച്ചില്ല.
ഇന്‍റര്‍വ്യൂ സമയത്ത് താനും കൂട്ടരും ശ്രദ്ധയോടെ നിന്നതു കൊണ്ട്   പുതിയ പോസ്റ്റിങ്ങിലെ എണ്‍പതു ശതമാനത്തിനേയും ക്യാന്‍വാസ് ചെയ്യാന്‍ പറ്റി. പോസ്റ്റിംഗിന്‍റ വിവരവും കാണിച്ച് വീടു വീടാന്തരം കയറിയിറങ്ങിയ സഖാക്കളെല്ലാം പുതിയ യൂണിയന്‍റയും മാനേജുമെന്‍റി്‍റയും നോട്ടപ്പുള്ളികളായി. പുതിയ ഉദ്യോഗാര്‍ത്ഥികള്‍ജോയിന്‍ചെയ്ത അന്നുതന്നെ എന്‍.ബി..എഫിന്‍റ  മെംമ്പര്‍ഷിപ്പ് ഫോമില്‍ഒപ്പിട്ടു മേടിച്ചു.. എങ്ങിനെയാണ്       താനും കൂട്ടരും കൂടി ഇത്രയും പേരെ ക്യാന്‍വാസ് ചെയ്തതെന്നറിയില്ല.അവസാനത്തെ നാലു കുട്ടികളില്‍ രണ്ടെണ്ണം എതിര്‍ യൂണിയന്‍റ പാര്‍ട്ടിയിലെ എം.എല്‍.എയുടെ ബന്ധുക്കളായിരുന്നു. അതറിഞ്ഞു കൊണ്ടു തന്നെയാണ് താനും കൂട്ടരും അവിടേക്ക് പോയത്.
പക്ഷെ ഒളിച്ചിരുന്നു തലയില്‍ കിട്ടിയ അടി. ബോധം വന്നപ്പോള്‍ ആശുപത്രിയിലായിരുന്നു. കൂടെ യുണ്ടായിരുന്ന രാഘവനും സമീറിനും കാര്യമായി ഒന്നും പറ്റിയില്ല. ഇല്ലെങ്കിലും അവരുടെ നോട്ടം തന്നെയായിരുന്നല്ലോ.
   മംമ്പര്‍ഷിപ്പു ഫോം ഒപ്പിട്ടുകൊണ്ട് ആ രണ്ടുകുട്ടികളും ആശുപത്രി കിടക്കയില്‍  തന്നെ കാണാന്‍ വന്നപ്പോള്‍ മുറിച്ചുമാറ്റിയ കാലിലെ വേദന ..മനസ്സിലേല്‍പ്പിച്ച ആഘാതം എല്ലാം എവിടെയോ പോയി ഒളിച്ചു. പിന്നീടുള്ള ദിവസങ്ങള്‍ ഒന്നു കൂടി കരുത്താര്‍ജ്ജിച്ചതായിരുന്ന. ഇടത്തെക്കാലിനു പകരം കിട്ടിയ അണികള്‍. ട്രേയ്ഡു യൂണിയനു കിട്ടിയ പുതിയ അണികളെ കണ്ടപ്പോള്‍ മാനേജുമെന്‍റ് അക്ഷരാര്‍ത്ഥത്തില്‍ തല കുനിച്ചു. പുതിയ മെംമ്പേഴ്സിന്‍റ  ആദ്യത്തെ മീറ്റിംഗില്‍
സോണല്‍ മാനേജര്‍ റംഗറാവുവിന്റ പ്രസംഗത്തിലതിന്‍റ സൂചനയുണ്ടായിരുന്നു.

നടന്നു നടന്ന് ലക്ഷ്യ സ്ഥാനത്തെത്തിയതറിഞ്ഞില്ല. ഈ പടികളും കൂടി ചവിട്ടിക്കയറിയാല്‍ ദാമോദരന്‍റ വീട്ടു നടയായി. അവനവിടെ കാണുമായിരിക്കും.
എവിടെ പോകാന്‍..  പാര്‍ട്ടി പ്രവര്‍ത്തകരുടെ ഗുണ്ടയായിട്ടാണല്ലോ അവന്‍റ പുതിയജോലി.നല്ല ഒരു തൊഴിലാളി നേതാവായിരുന്ന അവനെ അങ്ങിനെ പാര്‍ട്ടി തന്നെയാണ് ആക്കിയെടുത്ത്. പാര്‍ട്ടിക്കു വേണ്ടി ജീവിതം ഹോമിച്ച് അവസാനം പാര്‍ട്ടി തന്നെ പുറം തള്ളി. ഇപ്പോളേതു പാര്‍ട്ടിക്കാരനുവേണ്ടിയും തല്ലാനും കൊല്ലാനും അവന്‍ റെഡി.  പൈസ കിട്ടിയാല്‍ മതി. ഭാര്യയും രണ്ടു കുട്ടികളേയും പോറ്റിയെടുക്കാന്‍ ..അവന്‍ ചെയ്യുന്നതിലവന്‍ ശരി കണ്ടെത്തുന്നു.      ഏതുപാര്‍ട്ടിക്കു വേണ്ടിയാണോ ചെയ്യുന്നത് അവരുതന്നെ പോലീസു പിടിയ്ക്കുമ്പോള്‍ ജാമ്യത്തിലിറക്കി കൊണ്ടുപോരും.ഭരണം മാറി മാറി വരുന്നതുകൊണ്ട് ദാമോദരന്‍ പട്ടിണിയില്ലാതെ കഴിയുന്നു. രണ്ടു കൂട്ടര്‍ക്കും ജാഥയുള്ളപ്പോള്‍ അതും കോണ്‍ട്രാക്‍റ്റു കിട്ടുന്നതും ദാമോദരനുതന്നെ.

വീടിന്‍റ നടയില്‍ ദാമോദരന്‍ തന്നെ കാത്തു നില്‍ക്കുന്നതുപോലെ...
 തന്‍റ കാല്‍ക്കല്‍...ഒറ്റക്കാലില്‍ പിടിച്ച് വിതുമ്പിക്കരച്ചിലിനിടയില്‍ പറഞ്ഞ വാക്കുകള്‍.
" എന്നോടു ക്ഷമിക്കു ബാലന്‍മാഷേ..."
"എനിയ്ക്കു നിന്നോടൊരു പിണക്കവും ഇല്ലാ.. അതുകൊണ്ടല്ലേ ബാക്കി രണ്ടുപേരേയും കൂടി എന്‍.ബി..എഫിന്‍റ മെംമ്പറായി കിട്ടിയത്. അതിനു ഞാന്‍ നിന്നോട് നന്ദി പറയാന്‍ കൂടി വന്നതാണ്."
  ഒരു കാലു പോയിട്ടും തളരാത്ത ബാലന്‍ മാഷിന് പിന്നീട് ദാമോദരന്‍ പറഞ്ഞതു കേട്ടപ്പോള്‍  ഊന്നു വടിയുടെ പിടിവിട്ട് അര്‍ഥ ബോധാവസ്ഥയിലായതുപോലെയായി.
കുടിയ്ക്കാനായി കൊടുത്ത വെള്ളത്തിനൊപ്പം കേട്ട വാക്കുകള്‍ .....
ഒന്നും ഞാന്‍ മനഃപൂര്‍വ്വമല്ല ചെയ്തത്. ആ ജോലി കൂടെയുള്ള സനലിനെയും ഒറ്റക്കണ്ണന്‍ നൂഹുവിനെയും ആണ് ഏല്‍പ്പിച്ചത്. ബാലന്‍ മാഷിന്‍റ മോളാണെന്ന് ഞാനവസാനമാണറിഞ്ഞത്.പകതീര്‍ക്കാനായി എതിര്‍ യൂണിയന്‍കാര് എന്നെക്കൊണ്ട് ചെയ്യിച്ചതാണ്. പക്ഷെ കരാട്ടെയിലവരെ  അടിയറവു പറയിച്ച്      ആ കുട്ടി രക്ഷപ്പെട്ടപ്പോളാണ് അവന്മാര് പറയുന്നത്
 ആ ഒറ്റക്കാലന്‍റ മോളല്ലേ...അവളു നമ്മളെ തോല്‍പ്പിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളു. അയാളങ്ങനെയല്ലേ മോളെ വളര്‍ത്തുന്നതെന്ന്. മോളു രക്ഷപ്പെട്ട സന്തോഷത്തോടൊപ്പം,
ഇനിയൊരിക്കലും ആരുടേയും കൂലിതല്ലിന് പോകില്ലെന്ന് മുറ്റത്തിരുന്ന തൂമ്പായില്‍...പഴയ പണിയായുധത്തില്‍.... തൊട്ട് സത്യം ചെയ്ത ദാമോദരന്‍റ വാക്കുകള്‍ കാതില്‍ വന്നലച്ചപ്പോള്‍  സ്വകാര്യവല്‍ക്കരണത്തിനെതിരെ അഖിലേന്‍ഡ്യ പണി മുടക്കു നടത്തിയപ്പോള്‍ കിട്ടിയ മനസംതൃപ്തിക്കും മേലേയായിരുന്നു ബാലന്മാഷിന്റ മനസ്സപ്പോള്‍.

Related Posts Plugin for WordPress, Blogger...