Monday, February 17, 2014

പറയാന്‍ മറന്നത് (അഞ്ചാം ഭാഗം)
 പിറ്റെന്ന് ഓഫീസിലെത്തിയപ്പോള്‍
അലക്‍സിന്‍റെ കസേര ഒഴിഞ്ഞു കിടക്കുന്നതാണു കണ്ടത്.മനസ്സാകെ അസ്വസ്ഥമായി.
എന്താണയാള്‍ വരാത്തത്. പിന്നീടു വിചാരിച്ചു ഞാനെന്തിനാണ്  അയാളുടെ കാര്യത്തിലിത്ര ആകാംക്ഷ എടുക്കുന്നത്. പക്ഷേ എങ്ങിനെയോ ഇത്രയും ദിവസം കൊണ്ട് അയാളെന്‍റെ അടുത്ത സുഹൃത്തായി മാറിക്കഴിഞ്ഞിരുന്നു..
 അയാളുടെ  മനസ്സിനേറ്റ ബാക്കി മുറിപ്പാടുകളും കൂടി അറിയാനെനിക്ക് ആകാംക്ഷയായി.
 പറഞ്ഞു വന്നിരുന്ന ഒരു ഒഴുക്കിലായിരുന്നെങ്കില്‍ അങ്ങു ചോദിച്ചു പോകാമായിരുന്നു.ഇതിപ്പോള്‍ സ്റ്റാര്‍ട്ടാകാതെ   എപ്പോഴോ  വഴിയിലിട്ടിട്ടു പോയ വണ്ടിയെ വീണ്ടും സ്റ്റാര്‍ട്ടാക്കുന്ന ഉദ്യമം ആണ്. അത് വിജയിക്കുമോ എന്ന് കണ്ടറിയണം. വിജയിച്ചില്ലെങ്കിലും അലക്‍സ്  മുഖം മുഷിഞ്ഞ് ഒന്നും പറയാതെ ഇരുന്നെങ്കില്‍  മതിയായിരുന്നു. എന്താണെങ്കിലും അയാള്‍  വരട്ടെ. അങ്ങിനെ ഇരുന്നപ്പോള്‍ അലക്‍സ്  വന്ന് സീറ്റിലിരുന്നു.

ഉച്ചയാകാനായി മനസ്സ് തിടുക്കം കൂട്ടി. അയാളെ  വന്നപ്പോള്‍ മുതല്‍ ഞാന്‍
 ശ്രദ്ധിക്കുകയാണ്. വന്നപാടെ ഒരേഇരുപ്പാണ്. ജോലിയും തുടങ്ങിയിട്ടില്ല. വിദൂരതയില്‍ കണ്ണും നട്ട്. അയാളുടെ മനസ്സിലെ കാറും കോളും എല്ലാം ആ മുഖത്തു മിന്നി മറഞ്ഞു കൊണ്ടിരുന്നു.ലഞ്ചു ബ്രേക്കിന്‍റെ സമയമായിട്ടും അയാള്‍ ഊണു കഴിക്കാന്‍  പോകാത്തതു കണ്ടിട്ടാണ് അയാളുടെ അടുത്തു ചെന്ന് ഞാന്‍ ചോദിച്ചത്. പക്ഷേ മറുപടിയായി അയാളുടെ കണ്ണുകളില്‍ പെയ്തൊഴിയാന്‍ നില്‍ക്കുന്ന കണ്ണുനീരാണ് കണ്ടത്. അന്ന് ഉപവാസത്തിന്‍റെ ദിനമാണെന്നു പറഞ്ഞു.
ഞാന്‍ ചോദിക്കാതെ തന്നെ അയാള്‍ പറയാന്‍ ബാക്കിവെച്ചത്... പറഞ്ഞു തുടങ്ങി.
ബെന്നിച്ചന്‍ ഒരു കരപറ്റേണ്ടത് തന്‍റെ കൂടി ആവശ്യമായിരുന്നു. ജീജോയുടെ ഉറ്റസ്നേഹിതന്‍ തന്‍റെ കുഞ്ഞനുത്തിയുടെ മനസ്സിലിടം പിടിച്ചത് താനൊഴിച്ച് ആരും അറിഞ്ഞിരുന്നില്ല. ജീജോയെപ്പോലെ പഠിത്തത്തിലവളും മിടുക്കിയായിരുന്നു. പത്താം ക്ലാസ്സുപോലും പാസ്സാകാത്ത അവനെക്കൊണ്ട് ഒരിയ്ക്കലും അപ്പച്ചന്‍ ജിന്‍സിമോളുടെകഴുത്തില്‍ മിന്നു കെട്ടിയ്ക്കത്തില്ലയെന്നുള്ളത് തനിക്കു നന്നായറിയാമായിരുന്നു.
അപ്പച്ചന്‍റെ പെട്ടിയില്‍നിന്നും ജീജോവിന്‍റെ പത്താം ക്ലാസ്സ് സര്‍ട്ടിഫിക്കറ്റു കൈക്കലാക്കി ബെന്നിച്ചന്‍റെ പപ്പാക്കു കൈമാറുമ്പോള്‍ ഒരേ ഒരു ചിന്ത മാത്രമേ തനിക്കുണ്ടായിരുന്നുള്ളു. ഏഴാം കടലിനക്കരെപ്പോയി മുത്തും പവിഴവും കൊണ്ടു വന്ന് കാഴ്ചവെച്ച് ഒരു രാജകുമാരിയെപ്പോലെ തന്‍റെ കുഞ്ഞു പെങ്ങളെ കൂട്ടിക്കൊണ്ടു പോകുമെന്ന ഒരേ ഒരാശ.
അലക്‍സ് ചോദിക്കാതെ തന്നെ കഥ പറഞ്ഞു തുടങ്ങിയത്  ഞാനന്നു വൈകിട്ടു ചെന്നപ്പോള്‍ ഹര്‍ഷയോടു പറഞ്ഞു.  അവള്‍ക്കും  അയാളുടെ മാനസ്സികാവസ്ഥ വല്ലാതെ പ്രയാസംഉണ്ടാക്കിയെന്നുള്ളത് അവളുടെ മറുപടിയില്‍ നിന്നും എനിക്കു മനസ്സിലായി.
ദുഃഖ പര്യവസായിയായ ഒരു സിനിമയുടെ അവസാനഭാഗങ്ങളിലേക്കാണ്
ഞങ്ങള്‍ പൊയ്ക്കൊണ്ടിരിക്കുന്നതെന്നു് തോന്നി. പിറ്റേ ദിവസം
അയാള്‍ ചോറു കൊണ്ടു വരുകയായിരുന്നു. ഊണു കഴിഞ്ഞ് എന്‍റെ മേശയ്ക്കരികിലേക്കു വന്ന അലക്‍സിന്‍റെ മുഖം തലേ ദിവസത്തിനേക്കാളും അല്‍പ്പം ഉത്സാഹഭരിതമായിരുന്നു.
എനിക്കും അതു കണ്ടപ്പോളല്‍പ്പം ആശ്വാസമായി. നമ്മളെ ഇഷ്ടപ്പെടുന്ന... നമ്മള്‍ ഇഷ്ടപ്പെടുന്ന ഒരു സുഹൃത്തിന്‍റെ വേദന നമ്മളിലും ചലനങ്ങളുണ്ടാക്കും എന്ന് അയാളുമായി പരിചയപ്പെട്ടപ്പോളാണ് എനിക്കു മനസ്സിലായത്. കാടിന്‍റെ നിഴലു പോലെ ...കാട്ടാറിന്‍റെ ഗദ്ഗദം പോലെ.. അയാളുടെ വേദനകളെല്ലാം  താനും കൂടി ഏറ്റു വാങ്ങിയതുപോലെ...
. തിരമാലകളുടെ അലകള്‍ പോലെ
തീരത്തു വന്നടിയുന്നത് ഹര്‍ഷയിലും.
ആ ദിവസങ്ങളില്‍ ഞാന്‍  ഭാരം ഇറക്കിവെച്ചത് ഹര്‍ഷയിലായിരുന്നു
അയാള്‍ പറഞ്ഞു തുടങ്ങി...
ബന്നിച്ചന്‍ പോയി ആദ്യത്തെ കുറേ നാളുകളില്‍  .അവന്‍റെ വീട്ടിലയക്കുന്നതിനൊപ്പം രണ്ടാഴ്ചകൂടുമ്പോളൊരു കത്തു വെച്ച് തന്‍റെ പേര്‍ക്ക് അയച്ചിരുന്നു.ജിന്‍സിമോളുടെ വിശേഷങ്ങളെല്ലാം തിരക്കി കൊണ്ട്.
അറബിയുടെ സൂപ്പര്‍ മാര്‍ക്കറ്റിലെ നോട്ടക്കാരനായിട്ടായിരുന്നു തുടക്കം.
അങ്ങനെ ആദ്യത്തെ അവധിക്കു്  എല്ലാവര്‍ക്കും സമ്മാനപ്പൊതികളും ഒക്കെയായി  ബന്നിച്ചന്‍ വന്നു. ജിന്‍സിമോള്‍ക്കും ആരും കാണാതെ കുറെ പ്രത്യേകം സമ്മാനങ്ങളും ഒരു കുന്നോളം സ്വപ്നങ്ങളും ഒക്കെ കൈമാറി കടന്നുപോയി ബന്നിച്ചന്‍റെ ആ  അവധിക്കാലം.
എല്ലാവരും ഊണു കഴിഞ്ഞ് സീറ്റിലെത്തിയതിനാല്‍ അതവിടെ വെച്ച് മുറിഞ്ഞു. അലക്‍സ് സീറ്റിലേക്കു പോയി.
അന്നു വൈകിട്ട് ഞാന്‍ ഹര്‍ഷയുടെ അടുക്കല്‍ അലക്‍സിന്‍റെ തുടര്‍ക്കഥ പറഞ്ഞു കേള്‍പ്പിച്ചു.അവള്‍ അതിന്‍റെ പര്യവസാനം അങ്ങിനെ യായിരിക്കും ഇങ്ങനെയായിരിക്കും എന്നൊക്കെ അവളുടെ മനസ്സിലെ കുറെ കണക്കു കൂട്ടലുകള്‍ പറഞ്ഞു. ഞാന്‍ പറഞ്ഞു എന്തായാലും അലക്‍സ് പറയാന്‍ ബാക്കിവെച്ചതു പറഞ്ഞു തുടങ്ങി. അത്  പൂര്‍ത്തിയാക്കട്ടെ.അതുവരെ നമുക്ക് കാത്തിരിക്കാമെന്ന്.

Saturday, February 8, 2014

പറയാന്‍ മറന്നത് (നോവല്‍--കേരളകൌമുദിയില്‍ പ്രസിദ്ധീകരിച്ചത്)--ഭാഗം 4

4

ഊണു കഴിഞ്ഞ് കാന്‍റീനില്‍ നിന്നും ഒരുചോക്ക്ലേറ്റുമായി എന്‍റെ  എതിര്‍ വശത്തെ സീറ്റിലിരുന്ന അലക്‍സ് മിഠായി തന്നിട്ട് ഒരു തമാശകൂടി പറഞ്ഞു..
 ഏതായാലും ബിന്ദു എന്‍റെ കഥ കേള്‍ക്കാന്‍ ആകാംക്ഷയോടു കൂടി ഇരിക്കുന്ന ഒരു കൊച്ചു കുട്ടിയല്ലേ.. കൊച്ചു കുട്ടികള്‍ക്ക് മിഠായി ഏറെ ഇഷ്ടമായിരിക്കുമല്ലൊ . അതുകൊണ്ടു വാങ്ങിക്കൊണ്ടു വന്നതാണ്.
ഞാനൊരു തമാശ മറുപടി തന്നെ തിരികെ കൊടുത്തു.
ശരി അപ്പാപ്പ....എന്നിട്ട്..എന്നിട്ട്...എളുപ്പം പറ..
എന്‍റെ മറുപടി കേട്ട് അലക്‍സ് പൊട്ടിച്ചിരിച്ചു. ഞാന്‍ ചുറ്റിനും നോക്കി. ഭാഗ്യത്തിന് ആരും അവിടില്ലായിരുന്നു. ഇല്ലെങ്കില്‍ ഗോസ്സിപ്പുകാര്‍ക്ക് ആ പൊട്ടിച്ചിരി മതിയായിരുന്നു.

മൂങ്ങാ മൂളിയെപ്പോലെ ഇരുന്ന ഒരു മനുഷ്യനെ ഇപ്പരുവത്തിലാക്കി എടുത്ത എന്‍റെ കഴിവിനെ എരിവും പുളിയും ഒക്കെ കൊടുത്ത് വറുത്തു കോരിയേനെ.

ബെന്നിച്ചന്‍റെ  ജീവിതംകരുപ്പിടിപ്പിക്കുവാന്‍ റോബര്‍ട്ട് എടുത്ത തീരുമാനം എന്തു കൊണ്ടും നല്ലതാണെന്ന് അലക്‍സിനും തോന്നി.  എന്നാലൊരു പക്ഷേയുടെ അകമ്പടിയോടുകൂടി റോബര്‍ട്ട് അക്കാര്യം  പറഞ്ഞപ്പോള്‍ അലക്‍സിന്  ഒറ്റയടിക്ക് അതു നിരസിക്കാന്‍  തോന്നിയില്ല.
സാമാന്യം ഭേദപ്പെട്ട ഒരു ജോലിക്ക് ഒരു പത്താം ക്ലാസ്സ് ജയിച്ച സര്‍ട്ടിഫിക്കറ്റ് കൂടിയേ കഴിയൂ.. അയാള്‍ക്കും അതു ശരിയായി തോന്നിയെന്ന് അലക്‍സ് പറഞ്ഞു.
ഒരു ഗോള്‍കീപ്പറുടെ മുമ്പിലേക്കിട്ട പന്തുപോലെ അലക്‍സിന്‍റെ മുമ്പിലേക്ക് ആ നിര്‍ ദ്ദേശം എടുത്തിട്ടപ്പോള്‍ അങ്ങകലെ മാലാഖമാരുടെ ലോകത്ത് ബെന്നിച്ചന്‍റെസുഹൃത്ത് ജിജോ  അതിനു പരിഹാരം കണ്ടെത്തിയതുപോലെയാണ് അലക്സിന്‍റെ മനസ്സിലേക്ക്  അപ്പച്ചന്‍റെ പഴയ പട്ടാളപ്പെട്ടിയുടെ തുണികളുടെ ഏറ്റവും അടിയിലിരുന്ന പത്താം ക്ലാസ്സ് സര്‍ട്ടിഫിക്കറ്റിന്‍റെ പുറം ചട്ട തെളിഞ്ഞു വന്നത്.
ബെന്നിച്ചന്‍ രക്ഷപ്പെടേണ്ടത്  തന്‍റേയും കൂടി ഒരാവശ്യം ആയിരുന്നു. ജീജോയുടെ പത്താം ക്ലാസ്സ് സര്‍ട്ടിഫിക്കറ്റെടുത്തു  കൊടുക്കാന്‍  നിര്‍ബന്ധിതനായി.
 പിറ്റെ ഞായറാഴ്ച എല്ലാവരും പള്ളിയില്‍ പോയിക്കഴിഞ്ഞ് അപ്പച്ചന്‍റെ പട്ടാളപ്പെട്ടിയില്‍ നിന്നും  ജിജോയുടെ പത്താംക്ലാസ്സ് സര്‍ട്ടിഫിക്കറ്റ് ഒരു കള്ളന്‍റെ മാനസികാവസ്ഥയില്‍ കൈക്കലാക്കുമ്പോള്‍ മനസ്സില്‍ ബൈബിളിലെ  സദൃശ്യവാക്യങ്ങള്‍ ഓടിയെത്തി മനസ്സിനെ നൊമ്പരപ്പെടുത്തി.
ചിലപ്പോള്‍ ഒരു വഴി മനുഷ്യന് ചൊവ്വായ് തോന്നും. അതിന്‍റെ അവസാനമോ മരണ വഴികളത്രേ.
 പള്ളി സെമിത്തേരിയിലെ ജീജോവിന്‍റെ കല്ലറക്കു മുന്‍പില്‍ വെച്ച് താനതു റോബര്‍ട്ടിനു കൈമാറുമ്പോള്‍ ജീജോവിന്‍റെ ആത്മാവ് എവിടെ നിന്നോ ഒരിളം തെന്നലായി തങ്ങളെ തഴുകി കടന്നുപോയി.
മൊഴി മാറ്റം  നടത്തിയ ഒരു പുസ്തകം പോലെ ബെന്നിച്ചന്‍റെ രേഖകളിലെല്ലാം  ജീജോ ആന്‍റെണി പ്ലാക്കപറമ്പില്‍ ആയി മാറി.
 അധികം താമസിയാതെ  ബന്നിച്ചന്‍ ഈന്തപ്പനകളുടെ നാട്ടിലേക്ക് പറന്നകന്നു.
അപ്പോഴേക്കും താന്‍ പോസ്റ്റു ഗ്രാജൂവേറ്റ് ഡിഗ്രിയും കഴിഞ്ഞ് ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞിരുന്നു.
ആന്‍റെണി അപ്പച്ചന്‍റെ കൂടെ പലചരക്കു കടയില്‍ തന്നെ കൂടി. ജോമോള്‍ അമ്മച്ചിയെ വെല്ലുന്ന പാചകക്കാരി ആയി മാറി. ജോമോളെ ബോംബെയില്‍ ജോലിയുള്ള ഒരു മലബാറുകാരന്‍ കെട്ടിക്കൊണ്ടുപോയി.......
അന്നത്തെ  ലഞ്ചു ബ്രേക്കിലും അലക്‍സിന്‍റെ കഥ മുഴുവനും പറഞ്ഞില്ല. തങ്ങളുടെ കഥ പറച്ചില്‍ അവിടവിടെ സംസാര വിഷയമായി വരുന്നത് അന്നു വൈകിട്ട് ഹര്‍ഷ എന്നെ വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. അവള്‍ എന്നോട് പറഞ്ഞതിങ്ങനെയാണ്.
നമ്മുടെ പഴമക്കാര്‍ പറഞ്ഞ അതേ നീതിസാരം ഞാന്‍ നിനക്കു പറഞ്ഞു തരുന്നു. ആയിരം കുടത്തിന്‍റെ വായ മൂടിക്കെട്ടാം. പക്ഷെ ഒരു മനുഷ്യന്‍റെ വായ മൂടിക്കെട്ടുവാന്‍ പറ്റത്തില്ലെന്ന് നിനക്കറിയില്ലേ?   നീ നിന്‍റെ മനഃസാക്ഷിയെമാത്രം ആശ്രയിക്കുക.

അവനവന്‍റെ മനസ്സാക്ഷിയെ വഞ്ചിച്ച് നീ ഒന്നും ചെയ്യാത്തിടത്തോളം നിനക്കൊന്നും പേടിക്കുവാനില്ല. എന്തായാലും അലക്‍സിന്‍റെ കഥ, അല്ല ജീവിതം, മുഴുവനും നീ കേള്‍ക്കണം. ഞാന്‍ മനസ്സിലാക്കിയടത്തോളം അലക്‍സ് ഇപ്പോള്‍ ശരിക്കും മനസ്സാലെ ആശ്വസിക്കുന്നുണ്ടായിരിക്കണം.

ഹര്‍ഷ അപ്പറഞ്ഞത് വാസ്തവമായിരുന്നു.അലക്‍സിന്‍റെ മനസ്സിലെ പിരിമുറക്കം മാറിക്കൊണ്ടിരിക്കുന്നത് എനിക്കനുഭവപ്പെടുന്നുണ്ടായിരുന്നു. അയാളുടെ സ്വഭാവത്തില്‍ പ്രത്യക്ഷമായ മാറ്റങ്ങള്‍ കാണാമായിരുന്നു. ഒരിയ്ക്കല്‍ അതയാള്‍ എന്നോട് തുറന്നു സമ്മതിക്കുക കൂടി ചെയ്തു.
ബിന്ദുവിനെപ്പോലെയുള്ള ഒരു നല്ല സുഹൃത്തിനെ  എനിക്കാദ്യമായിട്ടാണ് കിട്ടുന്നത്. സ്ത്രീകളെപ്പറ്റിയുള്ള എന്‍റെ കാഴ്ചപ്പാട് തന്നെ ബിന്ദു മാറ്റി മറിച്ചു.

ഞാനപ്പോളാലോചിക്കുകയായിരുന്നു. സ്ത്രീകളെപ്പറ്റി എന്തു കാഴ്ചപ്പാടാണ് അലക്‍സിന്‍റെ മനസ്സില്‍ ഇതുവരെ ഉണ്ടായിരുന്നത്? സ്ത്രീ എന്നു പറയുന്നത് വെറും ഗോസ്സിപ്പു കഥകളുടെ ഉപജ്ഞാതാക്കളോ. അതോ  വീട്ടു പണിയും പിള്ളേരെ വളര്‍ത്തലും മാത്രം തൊഴിലാക്കി അടുക്കള മൂലയ്ക്ക് ഒതുങ്ങേണ്ടവളോ?.
ഓരോ പുരുഷനും കാഴ്ചപ്പാടുകളില്‍ വരുന്ന മാറ്റം ഓരോ രീതിയിലായിരിക്കാം.ചിലര്‍ക്ക് അവളുടെ സൌന്ദര്യം ആസ്വദിക്കുന്നതിലായിരിക്കും.ചിലര്‍ക്ക് അവളുടെ വീട്ടു പരിപാലനത്തിലായിരിക്കാം ചിലര്‍ അവളുടെ പാചകത്തിന്‍റെ കൈപ്പുണ്യം ആയിരിക്കും ഇഷ്ടപ്പെടുന്നത്. അപൂര്‍വ്വം ചിലര്‍ക്കു മാത്രം സ്ത്രീ ഒരു  ഭോഗ വസ്തുവും ആയിരിക്കാം.
എന്തായാലും അലക്‍സിന്‍റെ കാഴ്ചപ്പാട് ഞാന്‍ മാറ്റി മറിച്ചതില്‍ എനിക്കു സ്വയം ഒരു മതിപ്പു തോന്നി.
അടുത്തയാഴ്ച മൊത്തം ആഡിറ്റിംഗിന്‍റെ തിരക്കായതിനാല്‍  സ്റ്റേഷനറിയുടെ ചുമതലയുള്ള ഞാനും  സീനിയര്‍ അക്കൌണ്ടന്‍റൊയ അലക്‍സും ഒരേ പോലെ അതില്‍ വ്യാപൃതരായിരുന്നു.
വൈകുന്നേരം ചെല്ലുമ്പോള്‍ ഹര്‍ഷ ബാക്കി കൂടി അറിയുവാന്‍  എന്നും വിളിക്കുമായിരുന്നു.
അവള്‍ സഹികെട്ട് എന്നോടു പറഞ്ഞു അവള്‍ അലക്‍സിനെ കാണുവാന്‍ ഓഫീസിലേക്ക് വരുന്നു എന്ന്.അയാളുടെ ബാക്കി കാര്യങ്ങള്‍ അവള്‍ നേരിട്ട് ചോദിച്ചു കൊള്ളാമെന്നും.
വീണ്ടും രണ്ടാഴ്ച കഴിഞ്ഞു ഞങ്ങള്‍ക്കു തിരക്കെല്ലാം മാറി സാധാരണ പോലെ ഉച്ചസമയത്തെ ഒഴിവു സമയം വീണ്ടെടുക്കുവാന്‍.
അന്നുച്ചക്ക് അപ്രതീക്ഷിതമായാണ് പരീക്ഷാഭവനില്‍ പോയ ഹര്‍ഷ  ഓഫീസിലേക്ക്  കയറി വന്നത് . ഇവള്‍ പറഞ്ഞതു പോലെ പറ്റിച്ചല്ലൊ എന്ന് ഞാന്‍ വിചാരിച്ചു.  . ഞാന്‍ അവളെ അലക്‍സിനു പരിചയപ്പെടുത്തി. മൂവരും കൂടിസംസാരിച്ചു കൊണ്ടിരുന്നപ്പോളാണ് എന്‍റെ മൊബൈലിലൊരു കാളു വന്നത്.  ഹര്‍ഷയെ ഇരുത്തിയിട്ട്  ഫോണില്‍ സംസാരിച്ച് തിരികെ വന്നപ്പോഴേക്കും അലക്‍സ് അവളോടു കുശലപ്രശ്നം ചെയ്യുന്നതാണ് കണ്ടത്.അതെന്നിലൊരുപാടു സന്തോഷം ഉണ്ടാക്കി.. ആഗ്രഹിച്ചതുപോലെ അയാള്‍ തികച്ചും മാറിയിരിക്കുന്നു എന്ന് എനിക്കു മനസ്സിലായി.
ശിശിരത്തില്‍ ഇലകൊഴിഞ്ഞു നിന്ന ഒരു മരം വസന്തത്തില്‍ തളിരിട്ടതു  പോലെ..


അപ്പച്ചന് നേരിട്ട പക്ഷാഘാതത്തിന്‍റെ കാര്യവും അതുമൂലം കട മുഴുവനും ആയി ആന്‍റെണിയെ ഏല്‍പ്പിച്ച കാര്യവും പിറ്റെന്ന് ഉച്ചക്ക് പറയുമ്പോള്‍ അയാളാകെ വിഷമിച്ചിരിക്കുന്നതു കണ്ടു.
അലക്‍സിന്‍റെ ആത്മ കഥയിലെ  വരികളുടെ ഇടയിലെന്തെങ്കിലും അക്ഷരപ്പിശകു വന്നാലുടനെ എനിയ്ക്കത് മനസ്സിലാകുമായിരുന്നു. അതുകൊണ്ടാണ്
അയാളുടെ മുഖത്തെ ഭാവ വ്യത്യാസത്തില്‍ ആന്‍റെണിയെ സംബന്ധിച്ച എന്തോ ഒന്ന് അലക്‍സിനെ അലട്ടുന്നു എന്ന് ഞാന്‍  വായിച്ചെടുത്തത്.
കുറേ നേരത്തെ മൌനത്തിനു ശേഷം അതയാള്‍ എന്നോടു പറയുമ്പോള്‍ അയാളുടെ മനസ്സിലുണ്ടായ വേലിയേറ്റം പ്രകടമായി.
കടയില്‍ സാധനം വാങ്ങുവാന്‍  പതിവായി വന്നിരുന്ന ഒരു മുസ്ലീം കുട്ടിയുമായി ആന്‍റെണി അടുത്തതും അപ്പച്ചന്‍റെയും അമ്മച്ചിയുടേയും സമ്മതമില്ലാതെ അതിനെ മിന്നു കെട്ടി കൊണ്ടു വന്ന്  വീടിനടുത്തു തന്നെ ഒരു വാടകവീടെടുത്ത് താമസം ആക്കിയതും ഒക്കെ.
അലക്‍സിന്റ വിഷമം കണ്ടിട്ട് അന്ന് ഞാന്‍ തന്നെ വേറെ വിഷയം എടുത്തിടുകയായിരുന്നു.. അങ്ങനെ അന്നത്തെ ഉച്ച സമയത്തെ ഇടവേളയും കഴിഞ്ഞു.
അന്നു വൈകിട്ട് ഹര്‍ഷയുടെ അടുക്കല്‍ ഞാനിതു പറയുമ്പോള്‍ അവള്‍ കുറേ സമയത്തേക്ക് അനക്കമില്ലാതെ നിശ്ശബ്ദയായി നില്‍ക്കുന്നുണ്ടായിരുന്നു.
പിറ്റെന്ന് പെസഹ വ്യാഴവും ഗുഡ് ഫ്രൈഡെയും ആയതിനാല്‍ ഓഫീസ് അവധിയായിരുന്നു.
 പിന്നീടുള്ള കുറേ ദിവസങ്ങളില്‍ അലക്‍സ് അയാളുടെ ആത്മ കഥാ കഥനം  ഒന്നും നടത്തിയില്ല.
പക്ഷേ ഹര്‍ഷ പതിവു തെറ്റാതെ എന്നും വിളിക്കുന്നും ഉണ്ടായിരുന്നു. ഇപ്പോള്‍
 എന്നെക്കാളും അവള്‍ക്കാണ് അയാളുടെ ജീവിതത്തിന്‍റെ ബാക്കി ഏടുകളും കൂടി അറിയാനുള്ള ആകാംക്ഷ.

ഞാന്‍ വിചാരിച്ചു. അതയാള്‍ പറയാന്‍ മറന്നു പോയതായിരിക്കാമെന്ന്. പക്ഷേ പിന്നീടാണു മനസ്സിലായത് അതയാള്‍ മനഃപ്പൂര്‍വ്വം പറയാതിരിക്കുകയാണെന്ന്.

അയാളത് പറയാതെ ഒഴിഞ്ഞു മാറുകയാണെന്ന് എനിക്കു നല്ലവണ്ണം മനസ്സിലായി. അറിയേണ്ടത് ഇനി ജിന്‍സി മോളുടെ കാര്യമാണ്. അവള്‍ ക്കെന്തു സംഭവിച്ചു. മാലാഖയെപ്പോലുള്ള ആ സുന്ദരിക്കുട്ടിക്ക്.  എന്താണേലും ഇത്രയും പറഞ്ഞ് മനസ്സിലെ ഭാരം ഇറക്കിയ അലക്‍സ് അതു പറയുക തന്നെ ചെയ്യുമെന്ന് എനിക്കു നല്ല ഉറപ്പുണ്ടായിരുന്നു.

. ഞാനത് അന്ന് ഹര്‍ഷയോടു പറയുകയും ചെയ്തു.
അലക്‍സ് ഏറ്റവും അധികം ഇഷ്ടപ്പെട്ട കൊച്ചനുജത്തി ജിന്‍സിമോള്‍ക്ക് എന്തു സംഭവിച്ചെന്ന് അറിയാന്‍ എന്നെപ്പോലെ തന്നെ അവളും ആഗ്രഹിക്കുന്നുണ്ടെന്ന്
എനിക്കു മനസ്സിലായി..

Related Posts Plugin for WordPress, Blogger...