Saturday, May 30, 2015

ഗോളടിയ്ക്കാതെ ഫൌള്‍ ആകുന്നവര്‍





രാവിലെ എണീറ്റ് അടുക്കളയിലെത്തിയാല്‍ രേവതിയുടെ വിരലുകള്‍ അവള്‍ പോലുമറിയാതെയാണ് ഭിത്തിയിലെ റേഡിയോയുടെ സ്വിച്ചിലേയ്ക്ക്  അമരുന്നത്.
വര്‍ഷങ്ങളായുള്ള പതിവാണ്. വീടുവെച്ചപ്പോള്‍ ആകെ ആവശ്യപ്പെട്ടത് അടുക്കളയുടെ വലിപ്പവും പിന്നെ കറന്‍റു മുഖാന്തിരം പ്രവര്‍ത്തിക്കുന്ന റേഡിയോയ്ക്ക് ഒരു സ്വിച്ചും ആയിരുന്നു.
അതു രണ്ടും തന്‍റെ ഇഷ്ടത്തിനു കിട്ടിയതില്‍ അവള്‍ സന്തുഷ്ടയും ആയിരുന്നു.
ഭര്‍ത്താവും മക്കളും പോയിക്കഴിഞ്ഞാല്‍ അവളുടെ ആകെയുള്ള  കൂട്ട് ആ റേഡിയോയും ആയിരുന്നു. പഴയ സിനിമാഗാനങ്ങളും പഴയ കലാകാരന്മാരുടെ റെക്കാര്‍ഡുചെയ്ത ശബ്ദങ്ങളുടെ ഓര്‍മ്മച്ചെപ്പും  പ്രസിദ്ധരായ കഥാകാരന്മാരുടെ കഥകളും ഒക്കെ കേട്ട് രസിയ്ക്കുമ്പോള്‍ ചെറിയ ഒരു അടുക്കളത്തോട്ടമുള്ള അവള്‍ക്ക് കൃഷിപാഠത്തില്‍ കൂടി വിജ്ഞാനപ്രദമായ കൃഷിരീതികളും ഒക്കെ പകര്‍ന്നുകൊടുത്തിരുന്ന ആ പാട്ടുപെട്ടി അവള്‍ക്ക് ഒരു  പാട്ടുകേള്‍ക്കുന്ന യന്ത്രത്തിനേക്കാളുപരി ഒരു ജീവനുള്ള കൂട്ടുകാരനെപ്പോലെയാണ് അനുഭവപ്പെട്ടത്.
വീട്ടിലുള്ള അംഗങ്ങള്‍ അവരുടേതായലോകത്ത് വ്യാപരിക്കുമ്പോള്‍ രേവതിയോട് അവള്‍ക്കു വേണ്ടി മാത്രം സംസാരിക്കുന്ന ആ യന്ത്രംവിരസതയില്ലാതെ അടുക്കളപ്പണിചെയ്യുവാനുള്ള ഒരു പ്രൊമോട്ടറും കൂടിയായിരുന്നു.
ചായയ്ക്ക് കടുപ്പം കൂടിയാലും കൂട്ടാന് സ്വാദു കുറഞ്ഞാലും അരിയ്ക്ക് പാകത്തിനു വേവുകിട്ടിയില്ലേലും എല്ലാം ജീവനില്ലാത്ത ആ വസ്തു അടുക്കളയിലിരുന്ന് പ്രവര്‍ത്തിക്കുന്നതു കൊണ്ടാണെന്നുള്ള പഴിയും കേള്‍ക്കാറുണ്ട്.
 താന്‍ കേള്‍ക്കുന്ന പരിപാടിയുടെ അഭിപ്രായം  പറഞ്ഞ് ഒന്നു രസിക്കുവാന്‍ ആ വീട്ടിലാരേയും കിട്ടാത്തതും രേവതിയുടെ സ്വകാര്യദുഃഖങ്ങളിലൊന്നായിരുന്നു. മലക്കറിക്കാരി തങ്കി വീട്ടില്‍ വരുമ്പോള്‍  റേഡിയോയിലെ ഒരു പരിപാടിയും കേള്‍ക്കാത്ത തങ്കിയോട് അന്നു കേട്ട കഥയുടേയോ നിങ്ങളാവശ്യപ്പെട്ട ഗാനങ്ങളുടേയോ ഒക്കെ അഭിപ്രായം ചീരയും പച്ചമുളകും ഒക്കെ എടുത്തുവെയ്ക്കുമ്പോള്‍ പറയും.
ഉപഭോക്താവിന്‍റെ ശ്രദ്ധ തന്‍റെ വില്‍പ്പനച്ചരക്കില്‍ ഇല്ലെന്നു കാണുന്ന തങ്കി വളരെ ശ്രദ്ധയോടുകൂടി രേവതി പറയുന്നത് കേള്‍ക്കുന്നതായിട്ട് ഭാവിക്കുകയും മലക്കറിക്കുട്ടയിലെ ചീരയിലും പച്ചമുളകിലും ഒക്കെ തന്‍റെ വില്‍പ്പനതന്ത്രം വളരെ സമര്‍ത്ഥമായി പ്രയോഗിക്കുകയും ചെയ്യുന്നത് രേവതി അറിയുന്നില്ലായിരുന്നു.

അന്ന് ഒട്ടും പിടിച്ചു നില്‍ക്കാന്‍ പറ്റാഞ്ഞിട്ടാണ് ഒരുനല്ല കഥ കേട്ട സന്തോഷത്തില്‍ ഭര്‍ത്താവ്  തീപ്പെട്ടിയെടുക്കാന്‍അടുക്കളയിലേയ്ക്കു   കയറിവന്നപ്പോള്‍  ഇടിയപ്പം സേവനാഴിയിലേയ്ക്ക് പിഴിയുന്നതിനിടയില്‍ അവളാക്കഥയുടെ കാര്യംപറഞ്ഞത്.
തനിയ്ക്കിങ്ങനെ കഥയും കേട്ട് ഇവിടിരുന്നാല്‍ മതിയല്ലൊ എന്നൊരു പറച്ചില്‍ പറഞ്ഞ് പുറത്തോട്ടിറങ്ങിയ അയാളോട് പറയേണ്ടിയില്ലായിരുന്നെന്നും അന്നു തങ്കി വരുമ്പോള്‍ പറഞ്ഞാല്‍ മതിയായിരുന്നെന്നും അവള് വിചാരിച്ചു. തൊട്ടുപുറകേ എട്ടാംക്ലാസ്സില്‍ പഠിയ്ക്കുന്ന മോന്‍ വന്ന് അവന്‍റെ സ്ക്കൂള്‍ യൂണിഫോം തേയ്ക്കാന്‍ കയ്യില്‍ പിടിച്ചു വലിച്ചുകൊണ്ട് പോകുമ്പോള്‍   എവിടെയോ നടക്കുന്ന ഫുട്ബാള്‍ കളി ടീവീയില്‍ കണ്ടുരസിയ്ക്കുന്ന അച്ഛനോട് മോന്‍റെ ചോദ്യം.
ആരാഅച്ഛാ ഗോളടിച്ചത്.
ഇതുവരെയൊന്നും ആയില്ല.
തുടര്‍ന്ന് രേവതിയോട് .
ഈ അമ്മ ഇതൊന്നും കാണാത്തതെന്താ.
അപ്പോള്‍ മനസ്സു പറഞ്ഞു. മറുപടിയില്ലാത്ത രണ്ടു ഗോള്‍ അച്ഛനും മകനും കൂടി നേടിയിരിക്കുന്നു.
വീണ്ടും അടുക്കളയാകുന്ന കോര്‍ട്ടിലേയ്ക്കിറങ്ങുമ്പോള്‍
ഗോളടിയ്ക്കാതെ കളിക്കളത്തില്‍ മനഃപ്പൂര്‍വ്വം ഫൌള്‍ ആകുന്നവരും ഉണ്ടെന്ന് ഉച്ചത്തില്‍  വിളിച്ചുപറയുവാന്‍ തോന്നി. പക്ഷെ കളിക്കളത്തില്‍ നിന്നും ആജീവനാന്ത വിലക്കേര്‍ പ്പടുത്തി പുറത്താക്കിയാലോ എന്നു ഭയന്ന് മനസ്സില്‍ നിറഞ്ഞത് തൊണ്ടയില്‍ കുരുക്കി നിര്‍ത്തി.
Related Posts Plugin for WordPress, Blogger...