Monday, February 21, 2011

മിന്നാമിന്നി

മിന്നാമിന്നിപ്പെണ്ണേ നിന്നില്‍
മിന്നുന്നതെന്താണ്?
മിന്നുന്നതെന്താണ്?


മറ്റാരും കാണാതെ
മാളോരും കാണാതെ
മുത്താരം കുന്നില്‍ ചെന്നൊരു
മുത്തു വിഴുങ്ങി ഞാന്‍.
മുത്തു വിഴുങ്ങി ഞാന്‍.
മുത്തെന്‍റെ ഉള്ളില്‍ കിടന്നു
മുനിഞ്ഞു കത്തുമ്പോള്‍
മത്താപ്പിന്‍ വെട്ടംപോലൊരു
വെട്ടം വന്നല്ലോ.
രാവേറെ ചെല്ലുമ്പോള്‍
രാപ്പാടികള്‍ പാടുമ്പോള്‍
മത്താപ്പിന്‍ വെട്ടവുമായ് ഞാന്‍
മണ്ടി നടക്കുമ്പോള്‍
മണ്ടന്‍മാരാം മാളോരില്‍ ചിലര്‍
മിണ്ടാതെന്‍റ പിമ്പേ കൂടും
മത്താപ്പിന്‍ വെട്ടം ഞാന്‍
മിണ്ടാതെ കെടുത്തീടുമ്പോള്‍
വഴിയില്‍ നേര്‍വഴികാണാതെ
വലഞ്ഞു പോകുന്നയ്യോപാവങ്ങള്‍.
വലഞ്ഞു പോകുന്നയ്യോപാവങ്ങള്‍

Monday, February 7, 2011

പവര്‍കട്ട്

                                          

 പശുത്തൊഴുത്തിലെ ചാണകഗന്ധം ഇല്ലാത്ത, തയ്യല്‍ മെഷീന്‍റെ കട-കടാ-ശബ്ദം മുഴങ്ങാത്ത ദാരിദ്ര്യത്തിന്‍റ പേക്കോലങ്ങളില്ലാത്ത നാട്ടിലേയ്ക്കുള്ള യാത്രയില്‍ മനസ്സില്‍ കൂട്ടലിന്‍റയും കിഴിയ്ക്കലിന്‍റയും തിരക്കായിരുന്നു. ശമ്പളം പറഞ്ഞിരിയ്ക്കുന്നത് ലക്ഷങ്ങളിലാണ്. ആണ്ടില് മൂന്നരലക്ഷം.അപ്പോളൊരുമാസം മുപ്പതിനായിരം തികയില്ല.ബാങ്കിലെ ലോണും താമസവും ഭക്ഷണവും എല്ലാം കഴിച്ചുള്ള തുക വീട്ടിലക്കയച്ചാല്‍, അനുജന്‍റയും അനുജത്തിയുടെയും പഠിത്തത്തിന് ഉതകും.ട്രെയിന്‍ കയറ്റി യാത്രയാക്കുമ്പോള്‍ അചഛന്‍റ മുഖത്ത് വിഷമത്തിനേക്കാളും മുന്നിട്ടു നിന്നത് പ്രതീക്ഷയുടെ തിളക്കമായിരുന്നു. തയ്യല്‍ക്കാരന്‍ വാസൂന്‍റ മകള്‍  മള്‍ട്ടി നാഷണല്‍ കമ്പനിയിലെ സോഫ്റ്റുവെയര്‍ എന്‍ജിനീയറായതിന്‍റ തിളക്കം.

മുപ്പത്തി മുക്കോടി ദേവകളേയും മനസ്സില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടാണ് ട്രെയിന്‍ കയറിയത്. ട്രെയിനിംഗ് പീരീഡിലെ  മാനസികപീഡനം  സീനിയറായ  അരവിന്ദ്  പറഞ്ഞത്. പൊതുവേ ഒന്നിനു പത്തു പറയുന്ന കൂട്ടത്തിലായതിനാല്‍ അവന്‍ പറഞ്ഞതൊന്നും ആരും കാര്യമായിട്ടെടുത്തില്ല.പക്ഷേ അവിടെ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ടന്ന് വേറെയും കൂട്ടുകാര്‍ പറഞ്ഞറിഞ്ഞു. അതൊക്കെയോര്‍ക്കുമ്പോള്‍ ഇത്രയും പ്രശസ്തിയില്ലെങ്കിലും ആ ബിഗ്രേഡ് കംമ്പനിയില്‍ ജോയിന്‍ ചെയ്താല്‍ മതിയെന്നു തോന്നിയതാണ്.

വിവേകിന്‍റ ശബ്ദം കേട്ടപ്പോഴാണ് ട്രെയിന്‍ ഇത്രയും ദൂരം പിന്നിട്ടെന്നു മനസ്സിലായത്. അവനുള്ളതു കൊണ്ട് ഒരു സുരക്ഷിതത്വബോധം. ഇല്ലെങ്കില്‍ , വീടും കോളേജും മാത്രമായി നടന്ന തനിയ്ക്ക് ഇതൊരു മരീചിക ആയിരുന്നേനെ.

എന്നാണ് അവനുമായി അടുത്തത്.പൊതുവേ പ്രോഗ്രാമിങ്ങില്‍ പുറകോട്ടായ തനിയ്ക്ക് കംപ്യൂട്ടര്‍ ലാബിലെ ഡി ബഗ്ഗിംങ്ങിലാണ് അവന്‍ സഹായത്തിനെത്തിയത്.ക്ലാസ്സില്‍ ടോപ്പറായ തനിയ്ക്ക് അവന്‍റ സഹായം സ്വീകരിച്ചപ്പോള്‍ അല്‍പം കുണ്ഠിതം തോന്നാതിരുന്നില്ല. അങ്ങിനെ ഡിബഗ്ഗിംങ്ങിനും  സിന്‍റാക്സ് എററിനും ഇടയില്‍..എപ്പോഴോ മനസ്സുകള്‍ തമ്മിലൊരു ഡികോഡിംഗ്...അത് തിരുത്താനാകാത്തവിധം  അടുത്തു പോയെന്ന് വളരെ വൈകിയാണ് മനസ്സിലായത്.

ആ മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ട്രെയിനിംഗ് സെന്‍റര്‍     സീനിയേര്‍സ് പറഞ്ഞിട്ടുകൂടി ഇത്രയും ആര്‍ഭാടം നിറഞ്ഞതാണെന്ന് അവര്‍ കരുതിയിരുന്നില്ല. അവരുടെ കണക്കു കൂട്ടലുകള്‍ക്കും എത്രയോ അപ്പുറമായിരുന്നു. ആ ക്യാംപസ്സ്. ആരോ പറഞ്ഞതുപോലെ ഭൂമിയിലൊരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിതാണെന്ന് അവര്‍ രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും  പറഞ്ഞു. അവിടെ  എന്തു കിട്ടും എന്നതിനേക്കാള്‍  കിട്ടാത്തത് എന്താണെന്നു ചോദിയ്ക്കുന്നതായിരിയ്ക്കും  ഉത്തമം.ഓരോ ദേശക്കാരുടെ  രുചിയ്ക്കനുസരിച്ചുള്ള   പല പല ഫുഡ് കോര്‍ട്ടുകള്‍.സിനിമ തീയറ്ററുകള്‍.ഹെല്‍ത്ത് ക്ലബ്ബുകള്‍. .വിവിധ തരത്തിലുള്ള ഗെയിംസ് .അങ്ങിനെയെല്ലാം. അയ്യായിരം ഏക്കറോളമുള്ള ആ ട്രെയിനിംഗ് സെന്‍റില്‍ ഓരോരുത്തര്‍ക്കും താമസിയ്ക്കാനുള്ള മുറികള്‍  പോലും പഞ്ച നക്ഷത്ര ഹോട്ടലിനെ വെല്ലുന്നതായിരുന്നു.ബഹുനിലക്കെട്ടിടങ്ങള്‍. അവ തമ്മില്‍ തമ്മില്‍ യാതൊരു ബന്ധവുമില്ല. പല പല ബാച്ചുകളായി ട്രെയിനിംഗ്  നടന്നു കൊണ്ടേയിരിയ്ക്കുന്നു.

ആദ്യത്തെ രണ്ടുമൂന്നു ദിവസങ്ങള്‍  വെറുതെ അവിടമൊക്കെ ചുറ്റി നടന്നു കാണാനുള്ളതായിരുന്നു.വിവേകും ശാരികയും അവടെയൊക്കെ പറന്നു നടന്നു.. അവര്‍ക്കായി മാത്രം ദൈവം ഒരുക്കിയ ഒരു സ്വര്‍ഗ്ഗരാജ്യം. പണ്ട് ആദാമും ഹവ്വയും നടന്നതു പോലെ ആ സ്വര്‍ഗ്ഗരാജ്യത്തില്‍ അവര്‍ മാത്രം....

ആദ്യത്തെ ആഴ്ചതന്നെ ട്രെയിനിംഗ്.അതിന്‍റെ എല്ലാവിധ രൌദ്രഭാവത്തോടെയും തുടങ്ങിക്കഴിഞ്ഞു.വിവേകും ശാരികയും വെവ്വേറെ ബാച്ചിലാണ്. രാവിലെ എട്ടരയ്ക്കുതുടങ്ങുന്ന ട്രെയിനിംഗ്  ഉച്ചയ്ക്ക് പന്ത്രണ്ടര ഒരുമണി വരെ കാണും. ഉച്ചകഴിഞ്ഞ് അസൈന്‍ മെന്‍റാണ്.അതു കഴിഞ്ഞു സെല്‍ഫ് അസ്സെസ്സ്മെന്‍റ് ടെസ്റ്റ്. ഭൂമിയിലെ സ്വര്‍ഗ്ഗം ഇപ്പോളവര്‍ക്ക്  ഏറ്റവും വലിയ നരകമായിട്ടാണ് അനുഭവപ്പെടുന്നത്.

പരസ്പരം കാണാന്‍ തന്നെ പറ്റുന്നില്ല. എന്നും ടെസ്റ്റും അസൈന്‍ മെന്‍റും തന്നെ. ഭക്ഷണം തന്നെ നേരെ ചൊവ്വേ കഴിച്ചിട്ട്  ദിവസങ്ങളായി.ദൂരെ നിന്നും ഫുഡ്  കോര്‍ട്ടിന്‍റ ഭംഗി ആസ്വദിയ്ക്കാം. അതേപോലെ തീയറ്ററിന്‍റെയും കാര്യം.തൊടുന്നതെല്ലാം പൊന്നാകാന്‍ വരം കിട്ടിയ രാജാവിന്‍റ അനുഭവമായിരുന്നു,അതിലകപ്പെട്ട ആ ട്രെയിനികളനുഭവിച്ചത്...

ദൂരെ നിന്നും എല്ലാം കാണാം. അടുത്തേയ്ക്കെത്താന്‍  സമയമില്ല. ക്ലാസ്സ്, അസൈന്‍മെന്‍റ്,മൊഡ്യൂള്‍ ടെസ്റ്റ്.. ഘട്ടം ഘട്ടം ആയിട്ടുള്ള ട്രെയിനിംഗ്. അവസാനം ഒരു ഇന്‍റണല്‍ അസ്സെസ്സ്മെന്‍റ്   പരീക്ഷയും. ബിടെക്കിന്‍റെ 54 പേപ്പര്‍ ഒരുമിച്ചെഴുതിയാലും ഇത്രയും പ്രയാസം കാണുകയില്ലെന്ന് കുട്ടികള്‍ പരസ്പരം പറയുന്നുണ്ട്.
    
 ഇന്‍റണല്‍ അസ്സെസ്സ് മെന്‍റ്   പരീക്ഷയ്ക്ക് ആകെയുള്ള ചാന്‍സ് രണ്ട്. രണ്ടാമത്തെ ചാന്‍സില്‍ പരീക്ഷ പാസ്സായില്ലെങ്കില്‍ കമ്പനിയില്‍ നിന്നും പറഞ്ഞുവിടും. വളരെനിസ്സാരമായി.എച്ച്.ആറിന്‍റെ മുറിയില്‍  വിളിച്ചു വരുത്തി സ്വമേധയാ പിരിഞ്ഞു പോകുന്നു എന്നു പറഞ്ഞ് ഒപ്പിട്ടുമേടിയ്ക്കും. പ്രതീക്ഷകള്‍ നെയ്തു കൂട്ടി വന്ന  പറവകളില്‍ ചിലര്‍ തിരികെ വീട്ടിലോട്ടു പോകാതെ  നഷ്ടസ്വപ്നങ്ങളില്‍    നിരാശ പൂണ്ട്  സ്വര്‍ഗ്ഗരാജ്യത്തെ വെല്ലുന്ന ആ ട്രെയിനിംഗ് സെന്‍റിലെ  ഒറ്റപ്പെട്ട ബഹുനിലക്കെട്ടിടങ്ങളുടെ മുകളില്‍ നിന്നും ചിറകു പറിച്ചെറിയും.പുറംലോകം അറിയില്ല.എപ്പോഴും പാറാവു നടക്കുന്ന സെക്യൂരിറ്റികളിലാരെങ്കിലും കാണും.എല്ലാം പരമഗോപ്യം. അങ്ങിനെയുള്ള ദിവസങ്ങളില്‍   രാത്രിയില്‍ ഒരു പവര്‍ കട്ട്.ആരും കാണാതെ ശവം പുറത്തേയ്ക്ക്.

മകനോ മകള്‍ക്കോ  ഒരു പ്രേമനൈരാശ്യം .വീട്ടുകാര്‍ അഭ്യുഹങ്ങളില്‍ പരതും. ട്രെയിനികളെല്ലാം ഇന്‍ഡ്യയിലെ പല സ്ഥലങ്ങളില്‍ നിന്നും വന്നവര്‍. ആദ്യത്തെ ഇരുപതാഴ്ചകള്‍ അവരെ സംബന്ധിച്ച് എവറസ്റ്റു കീഴടക്കുന്ന പ്രതീതിയാണ്. അതിനിടയ്ക്ക് അവരവരുടെ ദുഃഖങ്ങള്‍ കൈമാറാന്‍ പോലും  സമയമില്ല.

ശാരികയും വിവേകും പരസ്പരം കാണുന്നതേയില്ല, മൊബൈലിന്‍റെ സ്പന്ദനങ്ങളില്‍ കൂടി അവര്‍ പരസ്പരം വല്ലപ്പോഴും സ്വപ്നങ്ങള്‍ കൈമാറി. ദുഃഖങ്ങള്‍ പങ്കുവെച്ചു.ശാരികയ്ക്ക് മൊഡ്യൂള്‍ ടെസ്റ്റില്‍  രണ്ട് ഡെഡ് മൊഡ്യൂളായിക്കഴിഞ്ഞു.അവളവനെ വിളിയ്ക്കുമ്പോള്‍ പറയും ..എടാ നീ എനിയ്ക്കുവേണ്ടി പ്രാര്‍ത്ഥിയ്ക്കണേയെന്ന്.അവളുടെ അത്രയും    മിടുക്കനല്ലായിരുന്നുവെങ്കിലും വിവേക്‍ ഒരുവിധം തട്ടി മുട്ടി എല്ലാം ജയിച്ചു കേറുന്നുണ്ടായിരുന്നു. വല്ലപ്പോഴും ഒരു ഞായറാഴ്ച തെക്കേഇന്‍ഡ്യക്കാരുടെ  ഫുഡ് കോര്‍ട്ടിലാണ് അവരുടെ സംഗമസ്ഥാനം.

ഇതുവരെ അവരുടെ ട്രെയിനിംഗ് തുടങ്ങിക്കഴിഞ്ഞ്   രണ്ടു പ്രാവശ്യം അവിടെ പവര്‍ കട്ട് ആയി.ശാരിക അതിന്‍റ കിറുകൃത്യം കണക്കെടുത്തു. ഒന്ന് അവളുടെ അടുത്ത ഫ്ലാറ്റില്‍ താമസിച്ചിരുന്ന മധുലിക -വടക്കേ ഇന്‍ഡ്യക്കാരി  അവള്‍എന്‍.ഐ.റ്റി പാസ്സ് ഔട്ട് ആയിരുന്നു. ആദ്യമേ  തന്നെ അവള്‍ ശാരികയോട് സൂചിപ്പിച്ചിരുന്നു.അവള്‍ രണ്ടാമത്തെ ബാച്ചുകാരിയായിരുന്നു.മൊഡ്യുള്‍ ടെസ്റ്റില്‍ തോറ്റതാണ്. മൂന്നാമത്തെ ഡെഡ് മൊഡ്യൂളിലാണ് കമ്പനിയില്‍ നിന്നും പുറത്താക്കിയത്.അങ്ങിനെയും പുറത്താക്കലുണ്ടത്രെ. അന്നു രാത്രി ആ ബഹുനിലകെട്ടിടത്തിന്‍റെ മുകളില്‍ നിന്നും അവളെടുത്തു ചാടി. നെയ്തു കൂട്ടിയ സ്വപ്നങ്ങളെല്ലാം നിമിഷനേരം കൊണ്ട് അസ്തമിച്ചു.വീണ്ടും പവര്‍ കട്ട് വേണ്ടിവന്നത് നൂറ്റിപ്പതിന്നാലാം നമ്പര്‍ ഫ്ലാറ്റിലെ ഒരു  ഒറിസ്സാക്കാരന്‍ ട്രെയിനിയ്ക്കു വേണ്ടിയായിരുന്നത്രേ. അച്ഛന്‍റെയും അമ്മയുടെയും ഏകമകന്‍.അവന്‍ ആദ്യത്തെ ബാച്ചു കാരനായിരുന്നു.അവന്‍   തോറ്റത്  ഇന്‍റണല്‍ അസ്സെസ്സ്മെന്‍റ്   ടെസ്റ്റിലായിരുന്നു.ഐ.ഐ.റ്റി ക്കാരനായ അവന് ഇമേജ് നഷ്ടപ്പെട്ട വിഷമം താങ്ങാനായില്ല.

ആ ഞായറാഴ്ച ഫുഡ് കോര്‍ട്ടില്‍  കണ്ടു മുട്ടിയപ്പോള്‍ ശാരിക ആകെ വിഷാദമൂകയായിരുന്നു. അവള്‍   വിവേകിനോടു പറഞ്ഞു: “നാളെ തിങ്കളാഴ്ച മൊഡ്യൂള്‍ ടെസ്റ്റാണ് .ഇപ്പോള്‍ തന്നെ ഡെഡ് മോഡ്യൂള്‍   രണ്ടായിക്കഴിഞ്ഞു. നാളത്തെ കിട്ടിയില്ലെങ്കില്‍ കമ്പനിയ്ക്കു പുറത്താകും.പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ല.   നാളത്തെ പവര്‍ കട്ട്  എടാ എനിയ്ക്കുവേണ്ടിയായിരിയ്ക്കും. മരിച്ചു കഴിഞ്ഞാല്‍ ഇന്‍ഷുറന്‍സില്‍ ബാങ്കുലോണടയും. ജോലിയില്ലാതെ വീട്ടിലോട്ടു ചെന്നാലോ ?”

അവളുടെ വാക്കിലെ സിന്‍റാക്‍സ് എറര്‍ കണ്ടുപിടിയ്ക്കാന്‍ വിവേകിനായില്ല. അവനവളുടെ കണ്ണുനീര്‍ കര്‍ചീഫിലൊപ്പിയെടുത്തു. അവള്‍ക്കു ധൈര്യം കൊടുത്തു. എന്നാല്‍ ഒരു ഇരുപത്തി രണ്ടുകാരന്‍റെ ധൈര്യത്തില്‍ ബാങ്കിലെ ലോണടയുകയില്ലയെന്ന് ശാരികയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു.

ഏതോ സിനിമപ്പാട്ടിലെ  ഈരടിയെ ഓര്‍മ്മിപ്പിക്കുമാറ്  രാത്രി പകലിനോടെന്നപോലെ..അവള്‍ അവനോട് യാത്ര ചോദിച്ചു പിരിഞ്ഞു. അവന്‍ മനസ്സില്‍ കണക്കു കൂട്ടി.അവളില്ലാതെ ഒരു നിമിഷം പോലും അവന് ജീവിയ്ക്കുവാന്‍ സാധ്യമല്ല.അവള്‍ക്കു വേണ്ടി അങ്ങിനെയൊരു പവര്‍ കട്ട് ഉണ്ടാകുകയാണെങ്കില്‍ താന്‍   അഭയം തേടുന്നത്  അകലെയുള്ള സൂയിസൈഡ് പോയിന്‍റിലായിരിയ്ക്കും . നാളത്തെ പ്രഭാതത്തില്‍   നല്ലതു മാത്രം വരാന്‍ അവന്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.ഒന്നും അറിയാത്തതുപ്പോലെ..അല്ലെങ്കില്‍ എല്ലാം അറിഞ്ഞുകൊണ്ട് പ്രഭാതസൂര്യന്‍   പ്രസന്നവദനനായി  ഉദിച്ചുയര്‍ന്നു. അന്നത്തെ  പ്രഭാതരശ്മികള്‍ക്കുപോലും ചുട്ടുപൊള്ളുന്ന ചൂടായിട്ടാണ് വിവേകിനു തോന്നിയത്. അവന് ക്ലാസ്സിലിരുന്നിട്ട് ഒന്നും ശ്രദ്ധിയ്ക്കുവാന്‍ പറ്റുന്നില്ല.ശാരികയും അവളുടെ  പരീക്ഷയും മാത്രമായിരുന്നു അവന്‍റെ മനസ്സില്‍ .

വൈകുന്നേരമായി. അവന്‍ അവളെ വിളിച്ചു. അങ്ങേതലയ്ക്കല്‍ നിന്നും മറുപടി വന്നു. എല്ലാം ഈശ്വരന്‍റ കൈയ്യിലാണ്. ചിലപ്പോള്‍ കിട്ടിയേക്കും  എന്നാണവള്‍ പറഞ്ഞത്.ഏതായാലും  മൂന്നു നാലു മണിക്കൂറിനകം അറിയാം.അവള്‍ കിടന്ന് ഒന്നുറങ്ങാന്‍ പോകുകയാണെന്നും  ഫോണ്‍ ചെയ്യരുതെന്നും അവനോടു പ്രത്യേകം പറഞ്ഞു. ഓരോ മണിക്കൂറിനും കടന്നു പോകുവാന്‍ ഓരോ യുഗത്തിന്‍റ ദൈര്‍ഘ്യം അനുഭവപ്പെട്ടു വിവേകിന്. അവന്‍റ മനസ്സു കിടന്നുപിടയ്ക്കാന്‍ തുടങ്ങി. അവള്‍, എന്‍റെ ശാരിക, പരീക്ഷയില്‍ ജയിക്കുമോ? ഞാനീ അഗ്നി പരീക്ഷണത്തില്‍ വിജയിക്കുമോ?സമയം രാത്രി ഒമ്പതിനോടടുക്കുന്നു. അവളുടെ ഫോണ്‍വിളി പ്രതീക്ഷിച്ചിരുന്ന വിവേക്‌ നിരാശനായി. അവനോര്‍ത്തു. അവളൊരുപക്ഷേ പരീക്ഷ പാസ്സായിക്കാണില്ലേ.. . അവള്‍ പറഞ്ഞതുപോലെ തന്നെപ്പറ്റിയ്ക്കുമോ?അവന് തലയ്ക്കകത്ത് കടന്നല്‍  കൂടിളകിയതുപോലെ. ഒന്നു കിടക്കാമെന്നു കരുതി കട്ടിലിലേയ്ക്ക് ചരിഞ്ഞു.

എപ്പോഴാണ് ഉറങ്ങിയത്? മുറിയിലെ ഏ.സിയുടെ മൂളല്‍ നിന്നപ്പോഴാണ് ചാടിയെണീറ്റത്..

അതെ--പവര്‍കട്ട്! അവന്നറിയാതെ നിലവിളിച്ചു: “അയ്യോ എന്‍റ ശാരിക.”ആരോടു പറയും? അവനതു ചിന്തിക്കാന്‍ പോലുമുള്ള കരുത്തില്ലായിരുന്നു.അവന്‍റ ഹൃദയം ഇതളുകള്‍ കൊഴിഞ്ഞ പൂവുപോലെയായി.. പതുക്കെ മുറിയ്ക്കു പുറത്തു കടന്നു. വന്യമായ ആവേശത്തോടെ  വെളിയില്‍ കടന്നു.ഇനിയുള്ള നീക്കങ്ങള്‍ വളരെ ശ്രദ്ധിച്ചു വേണം . അവളെ അവസാനമായി കാണണം.ഗേറ്റിനരികില്‍ കാണുന്ന മരത്തിന്‍റ ചുവട്ടിലേയ്ക്ക് . ആരും അറിയാതെ ..രാത്രിയുടെ വിജനതയില്‍ ഒരു തേങ്ങുന്ന ഹൃദയം..

അതാ രണ്ടു മൂന്നു പേര്‍ താങ്ങിയെടുത്തു കൊണ്ട്  പുറത്തെ വണ്ടിയിലേയ്ക്.മണ്‍ ചിരട്ടയില്‍ ചുട്ട കളിയപ്പം പോലെ അവന്‍റ  സ്വപ്നങ്ങളുടെ മാലാഖ പുറത്തേയ്ക്ക്. അവന് അവിടെ കിടന്ന് ആര്‍ത്തട്ടഹസിയ്ക്കണമെന്നു തോന്നി.ഈലോകത്തോട്...എന്തിനവളെ വര്‍ണ്ണത്തേരിലേറ്റി കൊണ്ടുവന്ന് ഈ ചക്രവ്യൂഹത്തില്‍ പെടുത്തി...  പക്ഷെ തെളിവുകള്‍?  സാക്ഷികള്‍? തെളിവുകളില്ലാത്ത ലോകത്തിലേയ്ക്കു പോയവര്‍ മാത്രം --സാക്ഷികള്‍..തെളിവുകളും അവരോടെപ്പം ആ വ്യൂഹത്തിനുള്ളില്‍ ചുറ്റിക്കറങ്ങി നിലയില്ലാക്കയത്തിലേയ്ക്ക് മറഞ്ഞു.ബാക്കിയുള്ളത് തെളിവുകളില്ലാത്ത,പ്രതികരണ ശേഷിയില്ലാത്ത കുറെ സ്നേഹിയ്ക്കുന്ന ഹൃദയങ്ങള്‍ മാത്രം..  എന്തിനുവേണ്ടി? 

അവന്‍റെ കാലുകളറിയാതെ മുന്നോട്ടു നീങ്ങി. അപ്പുപ്പന്‍ താടിപോലെ   നീങ്ങിയ അവന്‍  അതാ അവിടെത്തി. അവന്‍  കണക്കു കൂട്ടി ഇനി നിമിഷങ്ങള്‍ മാത്രം മതി അവന് അവന്‍റ ശാരികയുടെ  അടുക്കലേയ്ക്ക് എത്തിച്ചേരാന്‍.അകലെയെവിടെയോ ഇരുന്ന് ഒരു രാപ്പാടി കരയുന്നു.ഉദിച്ചുയരാന്‍ പോകുന്ന പ്രഭാതത്തിനുള്ള മുന്നോടിയായി നീലാകാശത്ത് പെരുവനുദിച്ചു കഴിഞ്ഞു.

അവന്‍ കണ്ണടച്ചു പ്രാര്‍ത്ഥിച്ചു..അടുത്ത ജന്മത്തിലെങ്കിലും ഒരേ കൂട്ടിലെ പക്ഷികളായി, കുഞ്ഞിച്ചിറകുള്ള കുഞ്ഞാറ്റ കിളികളുമായി പാറിപ്പറന്ന്   നടക്കാന്‍ ഈശ്വരന്‍ കനിയണേയെന്ന്.  അതാ..അതാ..അവന്‍റ കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ട് മൊബൈല്‍ സ്പന്ദിയ്ക്കുന്നു...അവനത് വിശ്വസിക്കാന്‍ കഴിയുന്നില്ല.

ശാരികയുടെ ശബ്ദം “ഹലോ വി‍വേക്‍! ഞാന്‍ ഉറങ്ങിയെണീറ്റതിപ്പോ‍ള്‍ ,  ഈ പവര്‍കട്ട് എനിയ്ക്കുള്ളതല്ലാ”...

ആയിരം ചന്ദ്രന്മാരുടെ  നിലാവിന്‍റ   കുളിര്‍മ നല്കി  അവനില്‍ ആ പവര്‍ക്കട്ടിലൊരു വെളിച്ചം വിതറി. ഉത്തരം  കിട്ടാത്ത ഒരു ചോദ്യവും അവശേഷിപ്പിച്ചുകൊണ്ട് .... അപ്പോള്‍ അത്, ആ പവര്‍കട്ട് ആര്‍ക്കുവേണ്ടിയായീരുന്നു???
------------------------------------------------------------------------------------------------------------------
**ഈ കഥയിലെ കഥാപാത്രങ്ങളും സംഭവങ്ങളും സ്ഥലങ്ങളും വെറും സാങ്കല്‍പ്പികം മാത്രം.ഇതിന് പ്രത്യക്ഷമായോ പരോക്ഷമായോ ജീവിച്ചിരിക്കുന്ന ആരുമായും  ബന്ധമില്ല.

Related Posts Plugin for WordPress, Blogger...