Wednesday, December 28, 2011

പുതു നാമ്പ്



വീണ്ടുമൊരു പുതുനാമ്പു
പൊട്ടിവിടരുവാന്‍
വെമ്പല്‍ പൂണ്ടു
നില്‍ക്കുന്നു കാലം.

എത്ര സമരങ്ങള്‍ക്കു സാക്ഷ്യം വഹിയ്ക്കണം
എത്ര പീഡനങ്ങള്‍ക്കു പശ്ചാത്തപിയ്ക്കണം
എത്ര നിഷ്ഠൂരമാം അറും കൊലകള്‍ക്കും
എത്ര  ദുരന്തങ്ങള്‍ക്കും കാതോര്‍ത്തിടേണം.

നല്ലൊരു പുതു നാമ്പു പൊട്ടിവിടര്‍ന്നിടട്ടെ!
നന്മയാകും മണം പരിലസിച്ചീടട്ടെ!
നല്ലൊരുദയമായ് മാറിടട്ടെയീവര്‍ഷം!
നല്ലതു മാത്രം ചിന്തിച്ചിടാം നമുക്കെന്നും.
  
എന്‍ പ്രിയ കൂട്ടുകാര്‍ക്കായ്

ആശംസതന്‍ പൂച്ചെണ്ടു  ഞാന്‍
ആത്മാര്‍ത്ഥമായ് അര്‍പ്പിച്ചിടട്ടെ!!

Thursday, December 1, 2011

നൂറ്റിയെട്ട്

              
അലറിവിളിച്ചുകൊണ്ടുള്ള അവന്‍റെ  പോക്ക് ആദ്യമാദ്യം  പരമേശ്വരമേനോനെ തെല്ല് അസ്വസ്ഥനാക്കാതിരുന്നില്ല.ഒന്നും രണ്ടുമല്ല.അഞ്ചെണ്ണമാണ്,തലങ്ങനേം വിലങ്ങനേം കിടന്നോടുന്നത്.സിറ്റിയുടെ ഹൃദയാന്തര്‍ഭാഗത്തായതിനാല്‍ എല്ലാചലനങ്ങള്‍ക്കും  ദൃക്സാക്ഷിയാകേണ്ടിവരുന്നു.ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള നൂല്‍  പാലത്തിന്കുറുകെ അക്കരെ എത്താനായി പണിപ്പെട്ടോടുന്നവര്‍. ചിലപ്പോളവന്‍റ കരാളഹസ്തത്തില്‍‍‍നിന്നും രക്ഷപ്പെട്ടു എന്നുവരില്ല.തിരികെ വരുമ്പോളിത്രയും ആര്‍ഭാടം കാണില്ല.ശരം കുത്തിയില്‍വന്നു തിരിച്ചുപോകുന്ന മാളികപ്പുറത്തിനെപ്പോലെ.കൂക്കു വിളിയില്ല  ..മിന്നുന്ന വെട്ടമില്ലാതെ... ശോകമുകം.
   ആംബുലന്‍സ് 108 എന്ന മഹാപ്രസ്ഥാനം.മരണത്തിന്‍‍റ മണിമുഴക്കിയുള്ള അവന്‍റ പോക്ക് ആദ്യമാദ്യം  പരമേശര മേനോനെന്ന മേനോന്‍ ചേട്ടന് ഉള്ളിലൊരു ഭയം ജനിപ്പിക്കുമായിരുന്നു.പിന്നീടങ്ങോട്ട് ഒരിയ്ക്കലെങ്കിലും  ആ വിളി കേട്ടില്ലെങ്കിലാകെ ഒരസ്വസ്ഥത മേനോന്‍ ചേട്ടനനുഭവപ്പെട്ടു.തന്നെ രക്ഷിക്കാനുള്ള ഒരു രക്ഷകന്‍  ഇതുവഴിയെല്ലാം ജാഗരൂകനായ് ഓടുന്നതുപോലെ....
 ഭിത്തിയിലിരുന്ന ഭാര്യയുടെഫോട്ടോ മേനോന്‍  ചേട്ടനെ നോക്കി ഒന്നു ചിരിച്ചുവോ?എപ്പോഴും പറയാറുള്ള വാചകം കാതില്‍കിടന്നു മുഴങ്ങുന്നു.." മക്കളൊക്കെ അകലെ. അവര്‍ക്ക് നമ്മളൊരു ശല്യമാകരുത്... അവരവിടെ സുഖമായി ജീവിക്കട്ടെ. ഞാന്‍ പോയിക്കഴിഞ്ഞാല്‍ഇവിടെ തനിച്ചാകും...   അപ്പോളൊരു കൂട്ടു കണ്ടെത്തിയ്ക്കോണെ. മേനോന്‍ചേട്ടനു മനസ്സിലാകുന്നുണ്ടോ ഞാന്‍ പറയുന്നത്. ഒരു പുരുഷന് ഒരു കൂട്ടുവേണം. മരിക്കുന്നിടം വരെ."  പതിനഞ്ചു വര്‍ഷങ്ങള്‍.സരസു ഇല്ലാതെ കടന്നുപോയി.ആദ്യനാളുകളിലെ അങ്കലാപ്പ് ദിവസങ്ങള്‍ ചെന്നപ്പോള്‍  നേര്‍ത്തു നേര്‍ത്തു വന്നു.പിന്നെയതൊരുശീലമായി.അരിവെപ്പും തൂക്കലും വാരലും എല്ലാം.ഈ പട്ടണത്തിനെ വിട്ടു പോകുവാന്‍  മനസ്സു വന്നില്ല. ഇതിലെ ഓരോ മുടുക്കുകളും തന്റെ ജീവിതത്തിന്റെ
ഓരോ  ഓര്‍മ്മയുടെ  വഴിത്താരകളാണ്. താനും സരസുവുമായി  താണ്ടിയ വഴികളാണ്. ജീവിക്കുവാന്‍ വേണ്ടി...ജീവിപ്പിക്കുവാന്‍  വേണ്ടി...
മക്കളുടെ കൈയ്യ് പിടിച്ച് അവരെ സ്ക്കൂളിലാക്കിയ വഴികള്‍. അവര്‍ ശാഠ്യം പിടിക്കുമ്പോള്‍
ഞങ്ങളൊത്ത് സായാഹ്നത്തില്‍  അവരെ പാര്‍ക്കില്‍ കൊണ്ടുപോയ വഴികള്‍. അവരെ ഓണാഘോഷത്തിന് പ്ലോട്ടു കാണിക്കാന്‍ കൊണ്ടുപോയ വഴികള്‍. അവര്‍ക്ക് സുഖമില്ലാതെ വന്നപ്പോള്‍ ഡാക്ടറെ കാണിക്കാന്‍ കൊണ്ടുപോയ വഴികള്‍.വിരസമായ
വാര്‍ദ്ധക്യത്തില്‍ താനും സരസുവുമായി ചെറിയ ചെറിയ തമാശകള്‍ പറഞ്ഞ് രസിച്ചു നടന്ന വഴികള്‍.അങ്ങിനെ അങ്ങിനെ...
ജനിച്ച നാടിനെപോലെ തന്നെഇവിടെയും ഒരു ആത്മ ബന്ധമായി. ഇവിടം വിട്ട് തനിക്കു പോകുവാന്‍ കഴിയുകയില്ല. വിരസത തോന്നുന്നുമ്പോള്‍ ആ വഴികളിലേതിലെങ്കിലും കൂടെ താന്‍ നടക്കും. അപ്പോളാ ഓര്‍മ്മകള്‍ തന്നെ തഴുകി തലോടി കടന്നു പോകും.അതില്‍ കിട്ടുന്ന സുഖം ഇതെല്ലാം വിറ്റു പെറുക്കി അങ്ങു നാട്ടില്‍ ചെല്ലാന്‍ പറയുന്നവര്‍ക്കറിയില്ലല്ലോ.
ഇല്ലെങ്കില്‍   അകലെ കിടക്കുന്ന ബന്ധുക്കള്‍  നിര്‍ബന്ധിച്ചതാണ്.സരസുവിന്‍റ മരണത്തിനുശേഷം. പോകാന്‍  മനസ്സു വന്നില്ല.ഈ വീട്..അവളുടെ..ചിരികള്‍ക്കു ചിലമ്പണിഞ്ഞ വീട്, ദുഃഖങ്ങള്‍ക്കു സ്വാന്തനമേകിയ കൂട്....അവളുടെ നിശ്വാസങ്ങള്‍ക്കു  നിശബ്ദത നല്‍കിയ ഏട്..വിട്ടു പോകുവാന്‍  മനസ്സുവന്നില്ല.മരിയ്ക്കുന്നതു വരെ ഇവിടെ തന്നെ കൂടാനങ്ങു തീരുമാനിച്ചു.പട്ടണത്തിന്‍റ ഹൃദയഭാഗത്തുള്ള വീടായതിനാല്‍ എല്ലാത്തിനും സൌകര്യമുണ്ടായിരുന്നു.
അപ്രതീക്ഷിതമായിട്ടാണ് ആ തമിഴന്‍പയ്യനെ കണ്ടുമുട്ടിയത്. ഒരു പത്തു പതിനഞ്ചു വയസ്സ് കഷ്ടിച്ച്.  മാര്‍ക്കറ്റില്‍നിന്നു സാധനങ്ങളുമായി വീട്ടിലോട്ടുപോരുമ്പോള്‍ കൂടെ കൂടിയതാണ്. കൈയ്യിലിരുന്ന സഞ്ചിക്കു നല്ല ഭാരമുണ്ടായിരുന്നു.ഒരു സഹായം കിട്ടിയപ്പോളല്പം ആശ്വാസമായി.അവനു മലയാളം നല്ല വശമുണ്ടായിരുന്നു.അവനെ കണ്ടു മുട്ടിയപ്പോള്‍മുതല്‍ പരമേശ്വരമേനന് ഏകാന്തതയ്ക്ക് അല്‍പ്പം വിരാമമായതു പോലെ.നൂറ്റിയെട്ടിനോടു തോന്നിയ ഒരു പ്രതിപത്തി, അവനോടും തോന്നി തുടങ്ങി.ഒരു ദിവസം നൂറ്റിയെട്ടിന്‍റ മുഴങ്ങുന്ന കരച്ചില്‍ കേള്‍ക്കാതെ ഉറങ്ങിയാല്‍അന്നു മേനോന് ഒരു മനസ്വസ്ഥതയും ഉണ്ടാകില്ല. അതേപോലെ തന്നെ ആ തമിഴനെ കണ്ടില്ലേലും.മനസ്സിലവന്‍  കുടിയേറിയത് മേനോന്‍   പോലും അറിയാതെയായിരുന്നു.
വീട്ടിലെ അല്ലറ ചില്ലറ പണിയെല്ലാം തമിഴന്‍ ചെയ്തു തുടങ്ങി. പരമശ്വര മേനോന്‍റ മനം  കവരാന്‍  ചെറുക്കന്  അധികദിവസം വേണ്ടി വന്നില്ല. ശല്യമില്ലാത്ത..നീരൂറ്റാത്ത ആ ഇത്തിള്‍ക്കണ്ണി എന്നും മേനോനൊരാശ്വാസവുമായിരുന്നു. അവന്‍റ ഊരോ പേരോ അന്നു വരെ മേനോന്‍അന്വേഷിച്ചില്ല.എന്നാലന്ന്  അതു  തിരക്കാതിരിയ്ക്കാന്‍  മേനോന് കഴിഞ്ഞില്ല.
അന്നും നുറ്റിയെട്ടു പതിവു പോലെ ഏതോ ജീവനെ  മരണ വക്ത്രത്തില്‍നിന്നും രക്ഷപ്പെടുത്താനുള്ള വ്യഗ്രതയോടെ ഓടുകയായിരുന്നു.
അവന്‍റെ കീറിയ ഉടുപ്പുമാറ്റാനാണ് മേനോന്‍പഴയ ഉടുപ്പൊരെണ്ണം അവന് കൊടുത്തത്.അപ്പോഴാണ് അവന്‍റ കഴുത്തില്‍കറുത്ത ചരടില്‍ കെട്ടിയിട്ടിരുന്ന ആ ലോഹക്കഷണം മേനോന്‍റ ശ്രദ്ധയില്‍ പെട്ടത്.
കേരളത്തിലെ വടക്കന്‍ജില്ലയില്‍നിന്നുള്ള അമ്മ. തമിഴ് നാട്ടില്‍നിന്നുള്ള അച്ഛന്‍..വര്‍ഷങ്ങള്‍ക്കു മുമ്പ്  ശ്രീലങ്കയിലേയ്ക്ക് കുടിയേറിയത് . അവിടെ വേലുപ്പിള്ള പ്രഭാകരന്‍റ ശിഷ്യഗണത്തില്‍ പെട്ടത്.അവസാനം പുലിമടയെല്ലാം ശ്രീലങ്കന്‍ഗവണ്‍ മെന്‍റ് ബോംബിട്ടു തകര്‍ത്തപ്പോള്‍അവിടെ നിന്നും മത്സ്യബന്ധന ബോട്ടില്‍കുറച്ചു പുലിക്കുഞ്ഞുങ്ങള്‍, രക്ഷപ്പെട്ടപ്പോള്‍അതില്‍ പെട്ട ഒരെണ്ണം ഒറ്റപ്പെട്ടു.തള്ളയും തന്തയും നഷ്ടപ്പെട്ട പുലിക്കുഞ്ഞ്. കടത്തിണ്ണയില്‍അഭയം.കൂട്ടത്തില്‍കൂട്ടാതെ കൊത്തിയോടിയ്ക്കുന്ന തെരുവോരകാക്കകള്‍.പച്ചവെള്ളം കുടിച്ച് വിശപ്പുമാറ്റി നടക്കുമ്പോള്‍ ആണ്   പരമേശ്വര മേനോനെ കണ്ടുമുട്ടിയത്. പേര് സെന്തില്‍
.അവന്‍റെ കഴുത്തിലെ ആലോഹക്കഷണത്തില്‍  മേനോന്‍റ കണ്ണുകളുടക്കി.അയാളതിലൊരാഗ്രഹം പ്രകടിപ്പിച്ചു.വെറുതെ വേണ്ട  ചെറിയ.ഒരു തുക കൈപ്പറ്റിക്കൊണ്ട്.പുലിക്കുഞ്ഞിന് അതിശയം.അവനത് കൈമാറാന്‍തീരുമാനിച്ചു. ഒന്നും പകരംവേണ്ട.മേനോന്‍നല്ല സമയം നോക്കി.തിഥിയും കരണവും നോക്കി.പുലിക്കുഞ്ഞിന്‍റ കഴുത്തില്‍നിന്നും അത് ഊരിവാങ്ങി.ഭദ്രമായി വെച്ചു.സരസുവിന്റെ കുങ്കുമച്ചെപ്പില്‍.. ....          ഇപ്പോള്‍ മേനോനെന്തെന്നില്ലാത്ത സന്തോഷമായി.അയാള്‍നൂറ്റിയെട്ടിനെപ്പോലെ അതിനെയും സ്നേഹിച്ചു തുടങ്ങി.
സെന്തിലെന്നും  രാവിലെയെത്തും വൈകുന്നേരം വരെ അവിടെയൊക്കെ ചുറ്റിപ്പറ്റി നില്‍ക്കും.ചെറിയ ജോലികള്‍ ചെയ്ത് മേനോനെ സഹായിക്കും.വൈകിട്ടത്തെ വരെ ഭക്ഷണം കഴിച്ച്,പതിവു കടത്തിണ്ണയിലഭയം തേടും.
അകലെയുള്ള മക്കള്‍ അച്ഛന്റെ ആരോഗ്യകാര്യവും മറ്റു വിവരങ്ങളും ഫോണില്‍ കൂടി തിരക്കുന്നതില്‍  മത്സരംപോലെയാണ്. മാറി മാറി വിളിക്കും.
സെന്തിലിന്റെ കാര്യം അവരോടും പറഞ്ഞിട്ടുണ്ട്. വിളിക്കുമ്പോഴെല്ലാം രണ്ടു പേരും പറയുന്നത് ഒരേ കാര്യം. എത്രയും പെട്ടെന്ന് അവനെ    പറഞ്ഞു വിടണം. ഇന്നത്തെ കാലത്ത് ഒന്നിനെയും വിശ്വസിക്കാന്‍ കൊള്ളത്തില്ല. അതു കൊണ്ട് എത്രയും പെട്ടെന്നു തന്നെ പറഞ്ഞു വിടണം.
വര്‍ഷങ്ങള്‍കടന്നുപോയി.നൂറ്റിയെട്ടിന്‍റ ഓട്ടത്തിനു മാത്രം ഒരു വ്യത്യാസവുമില്ല.അവന്‍തലങ്ങനേം വിലങ്ങനേം ഓടി നിരവധി ജീവനുകളെ വീണ്ടും ജീവിതത്തിലേയ്ക്ക് കൊണ്ടു വന്നു.പലതും ഈലോകത്തോടു വിടപറഞ്ഞു.മേനോന്‍റ ജീവിതത്തിനും പലമാറ്റങ്ങളും വന്നു.ഇപ്പോള്‍ പുലിക്കുഞ്ഞിന്‍റ സഹായമില്ലാതെ മേനോന് ജീവിതം തള്ളി നീക്കാന്‍പറ്റാത്ത അവസ്ഥയായി.മേനോന് കണ്ണിന്റെ കാഴ്ചയും നന്നെക്കുറഞ്ഞു.ഇനിയും ഇങ്ങനെ എത്ര നാള്‍ഇപ്പോള് വീട്ടിലെ പണി മുഴുവനും  സെന്തിലാണ് ചെയ്യുന്നത്. അവന്‍ മേനോന്റെ രുചിക്കനുസരിച്ച് ഭക്ഷണം പാകം ചെയ്യും.
തുണിയലക്കി കൊടുക്കും. വീടു വൃത്തിയാക്കും. മേനോന് മേലുകഴുകാനുള്ള വെള്ളം വരെ ചൂടാക്കി കുളിമുറിയില്  കൊണ്ടു വെച്ചിട്ടേ പോകുകയുള്ളു. മറ്റുള്ളവരെ ആശ്രയിക്കാന്‍  പൊതുവെ മടിയുള്ള മേനോന്    ഒരു തോന്നലുണ്ടായി.തനിയ്ക്കു നൂറ്റിയെട്ടിന്‍റ സേവനത്തിന്റെ ആവശ്യം   അടുത്തു വരുന്നതു പോലെ.. മേനോന്‍  വക്കീലിനെയും കൂട്ടിയാണ്   രജിസ്ട്രാറാഫീസിലോട്ട് പോയത്.. ബാങ്കിലും....
എല്ലാം ഭദ്രമാക്കി.തിരികെ വന്നു.പുലിക്കുഞ്ഞു മേനോനെയും കാത്ത് വഴിയിലോട്ട് കണ്ണുംനട്ട് നില്‍ക്കുന്ന കാഴ്ച മേനോന്‍റ കരളിലെവിടെയൊക്കെയോ ഒന്നുടക്കി.  നാളെത്തൊട്ട് വൈകിട്ട് കടത്തിണ്ണയില്‍കിടക്കാന്‍ പോകേണ്ടയെന്ന് അവനോടുപറഞ്ഞു.അതിന്റെര്‍ത്ഥം മനസ്സിലാക്കാനവന്‍പാടുപെടുന്നതു കണ്ടു.
സന്ധ്യ മയങ്ങി. മേനോന്‍അന്നാദ്യമായി ഭാര്യയുടെ ഫോട്ടോയില്‍ തൊട്ടുതൊഴുതു. നിമിഷങ്ങള്‍ക്ക് ദൈര്‍ഘ്യം കൂടുന്നതുപോലെ..മേനോന്‍ ഫോണിന്‍റ അടുക്കലേയ്ക്കു ചെന്നു.  ആ  കൈ വിറക്കുന്നുണ്ടായിരുന്നു...  പതുക്കെ ഡയല്‍ ചെയ്തു..നൂ....റ്റി......യെട്ട്..........................
അതാ അവന്‍അലറിവിളിച്ചുകൊണ്ട് അടുക്കുന്നു...മേനോന്‍റ വീട്ടിനെ ലക്ഷ്യമാക്കി.....
  ഒഴിഞ്ഞ   കുങ്കുമച്ചെപ്പ്  നിലത്തു  കിടന്നുരുണ്ടു......
 108 അലറിവിളിച്ചു കൊണ്ട് പാഞ്ഞു.... ആത്മാവൊഴിഞ്ഞ കൂടും കൊണ്ട്   മക്കള്‍ വരുന്നതുവരെ ഭദ്രമായി     സൂക്ഷിക്കാനൊരിടം  തേടി......




Related Posts Plugin for WordPress, Blogger...