Friday, February 20, 2015

നിങ്ങളുടെ ഉപദേശത്തിനുവേണ്ടി...... ഞാനിനി എന്തു ചെയ്യണം.                                                                                

നിരന്തരമായി ഐറ്റി ജീവനക്കാരുടെ കഷ്ടപ്പാടുകള്‍ കേട്ടും അനുഭവിച്ചും പ്രത്യേകിച്ചും അവരുടെകുഞ്ഞുങ്ങളുടെ നിസ്സാഹായവസ്ഥ മനസ്സിലാക്കിയതുംകൊണ്ടാണ്  കുറച്ച് എഴുത്തും സാമൂഹ്യപ്രവര്‍ത്തനവുമായി നടന്ന ഞാന്‍ ഇതിലേക്ക് ഇറങ്ങിത്തിരിച്ചത്.  . സാമൂഹിക പ്രവര്‍ത്തനം എന്നു പറഞ്ഞു നടക്കുന്ന പലരേയും ഞാന്‍ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
എന്‍റെ ബന്ധുക്കളോ മക്കളോ ആരും  ഇപ്പോള്‍ ഐ.ടി.കമ്പനികളില്ല എന്നും എടുത്തുപറയട്ടെ.

മാതൃഭൂമി പത്രത്തില്‍ 30-5-2014ല്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ നിന്നായിരുന്നു തുടക്കം.
അതിന് വായനക്കാരുടെ നല്ലപ്രതികരണം ഉണ്ടാകുകയും അതും പേപ്പറില്‍ വരുകയും ചെയ്തു. അതില്‍ നിന്നു കിട്ടിയ ഊര്‍ജ്ജം മനുഷ്യാവകാശകമ്മീഷനില്‍ കൊടുക്കുവാന്‍ പ്രേരണയായി.
അവിടെനിന്നും എനിക്ക് അനുകൂലമായ ഒരു വിധി(16-7-2014) ലഭിക്കുകയും ചെയ്തു. കുറച്ചുനാള്‍ ആ തീര്‍പ്പിന് ഒരു നടപടിയും നടന്നില്ല. ആകാശവാണി പിന്നീട് മനോര ആഴ്ചപ്പതിപ്പ് കേരളകൌമുദി ആഴ്ചപ്പതിപ്പ്, ദേശാഭിമാനി പത്രം, കേരളകൌമുദി പത്രം, ജനയുഗം തുടങ്ങിയ പത്ര മാധ്യമങ്ങളും ,അമൃത ചാനല്‍, സൂര്യചാനല്‍,കൈരളി ടീവി തുടങ്ങിയ ദൃശ്യമാധ്യമങ്ങളും അതിന് വേണ്ട പബ്ളിസിറ്റി കൊടുത്തു.കൂടാതെ  സുഹൃത്തുക്കളും എല്ലാത്തിനും ഉപരിയായി വീട്ടില്‍ നിന്നും ഉള്ള പിന്‍തുണയും കിട്ടിയപ്പോള്‍ എനിക്ക്  ഇതിന്‍റെ പുറകേയുള്ള ഒരു അന്വേഷണത്തിന് ഉത്സാഹം കിട്ടി.
പിന്നീട് ഞാനും സമാന ചിന്താഗതിയുള്ള എന്‍റെ നാലു സുഹൃത്തുക്കളും ആയി മന്ത്രിയുടെയടുക്കല്‍ പോയി എല്ലാ വിവരങ്ങളും കാണിച്ച് ഒരു ഫയല്‍ ആക്കി 29 -10-2014 ല്‍ ഒരു നിവേദനം നല്‍കി.തൊഴില്‍ മന്ത്രി വ്യവസായവകുപ്പു മന്ത്രിയുമായി ആലോചിച്ച് വേണ്ടതു ചെയ്യാം എന്ന് ഉറപ്പു നല്‍കി.
നിയമസഭ കൂടിയപ്പോള്‍ ( DEC.18, 2014)1961ലെ ആക്റ്റ് അമെന്‍റു ചെയ്തു. അതില്‍  50  സ്ത്രീജീവനക്കാരില്‍ കൂടുതലുള്ള കമ്പനികളില്‍ ഹോസ്റ്റല്‍ സൌകര്യം ഉള്‍പ്പടെ  വേറെ കുറെ ആനുകൂല്യങ്ങളും കൊടുക്കണമെന്ന് നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്. 
ലേബര്‍ കമ്മീഷണര്‍ 1961ലെ മെറ്റേണിറ്റി ബനഫിറ്റ് ആക്ടിലെ ചട്ടം ഭേദഗതിചെയ്തു. അതില്‍ പറഞ്ഞിരിക്കുന്നതുപ്രകാരം കുഞ്ഞുങ്ങളെ കമ്പനിയുടെ അകത്ത് പരിരക്ഷിക്കാനുള്ളക്രഷ് കൂടാതെ എല്ലാകമ്പനികളിലും വിശ്രമമുറി,ടോയിലറ്റു സൌകര്യം. ഇത്രയും എത്രയുംപെട്ടെന്ന് നിലവില്‍ വരും എന്നറിഞ്ഞു (വിവരാവകാശപ്രകാരം കിട്ടിയ മറുപടി.). ഇതു കൂടാതെ ഇവര്‍ക്കും കൂടി ആറുമാസം പ്രസവാവധികൊടുക്കാനുള്ള ഒരു പ്രൊപ്പോസലും ലേബര്‍ കമ്മീഷണറുടെ ഓഫീസില്‍ നിന്നും മന്ത്രിക്ക് അയച്ചു.
കേന്ദ്രത്തില്‍ മനേകാ ഗാന്ധിക്കും ഇതു കാണിച്ച് ഒരു മെയില്‍നവംമ്പര്‍ രണ്ടിന്(2014) അയച്ചിട്ടുണ്ട്. കൂടാതെ കേന്ദ്ര തൊഴില്‍ വകുപ്പു മന്ത്രിക്കും ഇവിടെ വന്നപ്പോള്‍ ഒരു നിവേദനം  30-12-2014 കൊടുത്തിട്ടുണ്ട്.
 ഇതനുസരിച്ച് കേരളത്തിലെ കടകളില്‍ നില്‍ക്കുന്ന സ്തീജീവനക്കാര്‍ക്കും ആനുകൂല്യം ലഭിക്കും എന്നു പറയട്ടെ. എന്തെന്നാല്‍   ഐറ്റി ജീവനക്കാര്‍ക്ക് shops and establishment act പ്രകാരമുള്ള നിയമമാണ്. അത് കടകള്‍ക്കും ബാധകമാണ്.

1961ലെ പ്രസവാനുകൂല്യ നിയമപ്രകാരം അതില്‍ പല്ല നല്ല വകുപ്പുകളും ഉണ്ട്. ഏറ്റവും പ്രധാനമായിട്ടുള്ളത് അതിന്‍റെ 11-)ം വകുപ്പാണ്. അതു പ്രകാരം സാധാരണ വിശ്രമ സമയം കൂടാതെ രണ്ടു നേഴ്സിംഗ് ബ്രേക്കുകൂടി കൊടുക്കണമെന്നു പറഞ്ഞിട്ടുണ്ട്. അത് കുഞ്ഞിനെ മുലയൂട്ടാനുള്ള അവസരമാണ്.  സര്‍ക്കാര്‍ കമ്പനിയില്‍ ഇതേ നിയമപ്രകാരം  പ്രസവാനുകൂല്യം ലഭിച്ച എനിയ്ക്ക് അതുപ്രകാരം ക്രഷ് കമ്പനിയ്ക്കുള്ളില്‍ ലഭിയ്ക്കുകയും എന്നെപ്പോലെയുള്ള മറ്റു സ്ത്രീകളും കുഞ്ഞിനെ ക്രഷില്‍ കൊണ്ടു വന്ന് ആയമാരുടെ സഹായത്തോടുകൂടി വളര്‍ത്തി എടുത്തതും കൊണ്ടാണ് ഇത് സൌജന്യമായി അവര്‍ക്ക് കിട്ടേണ്ട അവകാശമാണ് എന്നു ഞാന്‍ വാദിച്ചത്.  
എന്തായാലും ഇതുവരെ ചട്ടം ഭേദഗതിയും ആക്‍റ്റ് അമെന്‍റുചെയ്തതും ഒന്നും ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ല എന്നു തന്നെയല്ല ടെക്‍നോപാര്‍ക്കിലെ ഏറ്റവും ടോപ്പ് ലവലില്‍ നില്‍ക്കുന്ന  വളരെ കുറച്ച് പെണ്ണുങ്ങളുടെ ഒരു ക്ലബ്ബിന്‍റെ ലേബലില്‍ കുടുംബശ്രീയുമായിചേര്‍ന്ന് ഒരു കുഞ്ഞിന് മാസം5000രൂപ ഫീസും വാങ്ങി ഈമാസം അവസാനം20 കുഞ്ഞുങ്ങളെ നോക്കാനുള്ള സൌകര്യവുമായി അവിടെ ഒരു ക്രഷ് വരുന്നു എന്ന് എല്ലാ പേപ്പറിലും വാര്‍ത്തയുണ്ടായിരുന്നു. അതും കൂടുതല്‍  കുഞ്ഞുങ്ങള്‍ ഉള്ളതുകൊണ്ട് നറുക്കിട്ടാണ് എടുക്കുന്നതെന്ന് അറിഞ്ഞത്. ഇത് ലേബര്‍ ഓഫീസില്‍ എന്‍ ഫോര്‍സുമെന്‍റ് വിഭാഗത്തില്‍ പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞത് ഗസറ്റില്‍ വരട്ടെ വന്നു കഴിയുമ്പോള്‍ നിയമമാകുമല്ലൊ അപ്പോള്‍ നമുക്കെന്തെങ്കിലും ചെയ്യാം. എന്നൊക്കെയാണ്.
19-02-2015 ല്‍ ഞാന്‍ വീണ്ടും മന്ത്രിയെക്കണ്ട് ഇതിനുവേണ്ട നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഇപ്പോള്‍ അത്യാവശ്യമായി ചെയ്യാനുള്ളത്.
1. ടെക്‍നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക് മറ്റുള്ള ഐ.റ്റി കമ്പനികളിലെ CEO യെ കണ്ട് ക്രഷ് സൌജന്യമാക്കുക. അത് അവരുടെ അവകാശമാണെന്നു പറയുക.
2. എത്ര കുഞ്ഞുങ്ങളുണ്ടോ അത്രയും പേര്‍ക്ക് ക്രഷ് സൌകര്യം കൊടുക്കുകയും അവരുടെ അമ്മമാര്‍ക്ക് അവരെചെന്ന് നോക്കി .നേഴ്സിംഗ് ബ്രേക്കില്‍ പരിപാലിയ്ക്കാനുള്ള സൌകര്യവും കൊടുക്കുക.

3.ഇവിടെ ചട്ടം ഭേദഗതി ചെയ്തതും ആക്റ്റ് അമെന്‍റുചെയ്തതും സ്ത്രീകളുടേയും പിഞ്ചുകുഞ്ഞുങ്ങളുടേയും കാര്യമായതിനാല്‍ കാലതാമസം കൂടാതെ യുദ്ധകാലടിസ്ഥാനത്തില്‍ നടപ്പാക്കാനും ലേബര്‍ എന്‍ ഫോര്‍സ് മെന്‍റ് വിഭാഗം പോയി ഐറ്റി കമ്പനികളില്‍ പരിശോധന നടത്തുക.( ഇപ്പോള്‍  അവരെങ്ങും ചെല്ലുന്നില്ലയെന്നാണ് എനിയ്ക്കു കിട്ടിയഅറിവ്..)
4. ആറുമാസം പ്രസവാവധികൊടുക്കുവാന്‍ ലേബര്‍ കമ്മീഷണര്‍ അയച്ച പ്രൊപ്പോസല്‍, സര്‍ക്കാരില്‍ നിന്നും റെക്കമെന്‍റു ചെയ്ത് 5-2-2015 തിങ്കളാഴ്ചത്തെ തപാലില്‍,(NO-- 31592 / E3 / 2014 / LBR ,DATE-- 29/1/2015 ) , secretary to govt of India ,ministry of labour and employment ലേക്ക് അയച്ചു എന്നാണ് തൊഴില്‍ വകുപ്പില്‍ നിന്നും പറഞ്ഞത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒരുപാടുപ്രാധാന്യം കൊടുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ MNCയുടെ ഭാഗത്തു നില്‍ക്കാതെ  ഇത് എത്രയും പെട്ടെന്ന് നടപ്പിലാക്കാനുള്ള ശ്രമം നടത്തുക.

Related Posts Plugin for WordPress, Blogger...