Friday, November 11, 2011

ഒരു കാക്കപ്പുരാണം
 വാഹനങ്ങളുടെ ഹോണടിയില്ല. പക്ഷെ എല്ലാം നിര നിരയായി കിടക്കുന്നതുകാണാം. എന്തു ചിട്ടയോടെ. എന്താണേലും ഈ സ്ഥലം തിരഞ്ഞെടുത്തത് എന്തു കൊണ്ടും നല്ലതായി. ആണ്‍ കാക്ക പെണ്‍കാക്കയുടെ ബുദ്ധിയെ പ്രശംസിച്ചു. പെണ്‍ കാക്ക ആദ്യം പറഞ്ഞപ്പോള്‍ തനിക്ക് ഒട്ടും ഇഷ്ടപ്പെട്ടതല്ല ഈ സ്ഥലം. പക്ഷെ അതുകഴിഞ്ഞാണ് അതിന്‍റ പ്രായോഗിക വശത്തെപ്പറ്റി താന്‍ ചിന്തിച്ചത്. രാപകലില്ലാതെ പോലീസ് കാവലുണ്ട്. കള്ളനെ പേടിയ്ക്കേണ്ട. സിറ്റിയുടെ കണ്ണായ ഭാഗം. ഹോട്ടലുകളുടെ നടുക്കായതിനാല്‍  ആഹാരം ഇഷ്ടം പോലെ. മരങ്ങളുടെ ചില്ലയിലും അല്ലഅതുകൊണ്ടു മരം വെട്ടുമ്പോള്‍ കിടക്കേടം നഷ്ടപ്പെടുമെന്ന ഭീതിയും വേണ്ട.  മഴ വന്നാലൊട്ടു നനയത്തും ഇല്ല. കറന്‍റു പോകുമെന്ന പേടി വേണ്ട. സന്ധ്യയായാല്‍ നല്ല പകലുപോലെയുള്ള വെട്ടം. കുഞ്ഞുവാവകളുണ്ടായാല്‍   മറ്റുള്ള പക്ഷികളുടെ ഒരു ശല്യവുമില്ല.

എന്തെല്ലാം കാണാം. മനുഷ്യരുടെ വിവിധ മുഖങ്ങള്‍.

  നഷ്ട സ്വപ്നങ്ങളും പേറി ചിലരു പോകുന്നതു കാണുമ്പോള്‍  ചെന്നാ തലയിലിട്ടൊരു ഞോണ്ടു ഞോണ്ടാന്‍ തോന്നും. എന്തിനിത്ര ദുഃഖിച്ചിവര്‍ നടക്കുന്നു.ചില പിള്ളേര്‍ അടിച്ചു പൊളിച്ചു നടക്കുമ്പോള്‍ തോന്നും അവര്‍ മാത്രമേയുള്ളു ഈ ലോകത്തിലെന്ന്. ഏറ്റവും രസം മധ്യവയസ്സായ ഭാര്യയും ഭര്‍ത്താവും കൂടി പോകുന്നതു കാണുമ്പോളാണേ..ഭര്‍ത്താവ് ഒരു മൈല്‍ ദൂരെയും ഭാര്യ അതിനു  പുറകേയും. അപ്പോളായിരിക്കും അതിനു തൊട്ടു പുറകേ ഒരു യുവ മിഥുനങ്ങള്‍ പരിസരം പോലും നോക്കാതെ കെട്ടിപ്പിടിച്ചോണ്ടു പോകുന്നത്. അപ്പോള്‍ ഞാനെന്‍റ കോങ്കണ്ണു വെച്ചൊന്നു ചെരിച്ചു നോക്കും. എന്നിട്ടു വിചാരിക്കും ഇടയ്ക്കുവെച്ച് തമ്മിതല്ലിപ്പിരിഞ്ഞില്ലെങ്കില് പത്തിരുപത്തഞ്ചു വര്‍ഷം കഴിയുമ്പം ഇങ്ങനെ ഒരു മൈല്‍ ദൂരത്തേലും നടക്കുമല്ലോയെന്ന് അങ്ങിനെ യിരിക്കുമ്പോള്‍ ചില കഥാപാത്രങ്ങളെ കാണാം.നല്ല ഡീസന്‍റായി  കോട്ടും സൂട്ടും ഒക്കെയിട്ട്  ആ ഹോട്ടലിനകത്തേക്കു കേറുന്നതു കാണാം. തിരിച്ചുവരുമ്പം നാലുകാലേല് ആടിയാടി. ചിലത് ആ റോഡരികത്തെ ഓടേല് ചത്തതുപോലെ കെടക്കുന്ന കാണാം. ഒന്നു കെട്ടറിങ്ങിക്കഴിയുമ്പോള്‍ തപ്പിപിടിച്ചെണീറ്റു പോകുന്നതും കാണാം. ചില കഥാപാത്രങ്ങളീ വകുപ്പില്‍ തന്നെയുള്ളത് ആ കാണുന്ന മാടക്കടേക്കേറി ആരും കാണാതെ അതിന്‍റ പുറകുവശത്തിരിക്കുന്ന തള്ളേടെ കൈയ്യീന്ന് ഒരു പുഴുങ്ങിയ മുട്ടേം വാങ്ങി കടിച്ചു കടിച്ച് മാടക്കടേലെ ഗ്ലാസ്സു മൊത്തുന്നതു കാണാം. ആ കക്ഷികളു നല്ല പൂസായി നിക്കുമ്പം കൈയ്യിലെ മൊട്ടേടെ ബാക്കി റാഞ്ചിക്കൊണ്ടു ഞാനൊരു പോക്കു പോകും.

 ചില പാതിരാത്രിക്കാണു രസം ചില ആശാന്മാരു വീട്ടില് പെമ്പറന്നോത്തികളേം ഇട്ടേം വെച്ച് ചില നാറ്റക്കേസുകളേം കൊണ്ട് മുടുക്കിലോട്ടു കേറുന്നതുകാണാം. അപ്പോ ഞാന്‍ വിചാരിക്കും എവറ്റയൊക്കെ മനുഷനായിട്ടെന്തിനാ ജനിച്ചതെന്ന്. ഞങ്ങളു പക്ഷികളാണേലും ചില നിബന്ധനകളൊക്കെ ഞങ്ങക്കും ഉണ്ടേ.ഇങ്ങനെ തോന്നിവാസം നടക്കാന്‍ ഞങ്ങളു പോകത്തില്ല. ആ അതൊക്കെ പോട്ടെ. ഞാനെവിടാണെന്നിതുവരെ പറഞ്ഞില്ലാല്ലൊ നിങ്ങളോട്. ഞാന്‍ സിറ്റിയുടെ നടുക്ക്. എന്നു പറഞ്ഞാല്‍ കേരള സംസ്ഥാനത്തിന്‍റ തലസ്ഥാന നഗരിയിലെത്രയും പ്രധാനപ്പെട്ട ഒരു ട്രാഫിക്ക് സിഗ്നലിന്‍റ സോളാര്‍ പാനലിന്‍റ അടിയിലാണേ താമസം. ഇവിടെ നിര നിര ആയി കിടക്കുന്ന ഈ വണ്ടികളെല്ലാം കണ്ടിട്ട് എന്‍റ പ്രിയതമ എന്നോടു ചോദിക്കുവാണേ ചേട്ടാ മനുഷേര് എത്ര നന്നായിട്ട് ഈ ട്രാഫിക്ക് സിഗ്നലിന്‍റ നിയമങ്ങളനുസരിക്കുന്നെന്ന്. അപ്പോള്‍ ഞാനവളോടു പറഞ്ഞു. ഇല്ലെങ്കിപ്പെണ്ണേ അവരു വിവരമറിയും. കൂട്ടിമുട്ടി ചോരക്കളമാകുമെന്ന്. ജീവന്‍ പോണകേസായതുകൊണ്ട് എല്ലാം ഇങ്ങനെ അച്ചടക്കത്തോടെ കിടക്കുവാണെന്ന്. അപ്പോളവളെന്നോടൊരു മറു ചോദ്യം എല്ലാ നിയമങ്ങളും ഇതേപോലെ പാലിക്കാതിരുന്നാ ജീവനെടുക്കുന്നതാണേല് ഈ മനുഷേമ്മാര് അനുസരിക്കുമോയെന്ന്. എന്‍റ മാളോരെ എനിക്കതിനവള്‍ക്കു  കൊടുക്കാനുത്തരമില്ലാരെന്നേ.. നിങ്ങളുതന്നെ പറഞ്ഞ് കൊടുക്ക്.


Related Posts Plugin for WordPress, Blogger...