Wednesday, October 12, 2011

കഥയുടെ ത്രെഡും തേടി....



സര്‍വ്വീസില്‍ നിന്നും പിരിഞ്ഞു പോന്നിട്ടാദ്യമായാണ് കഥയുടെ ത്രെഡ്ഡിനുവേണ്ടിയുള്ള ഈ യാത്ര-- ശങ്കരന്‍ മാഷോര്‍ത്തു.

സര്‍വ്വീസില്‍ നിന്നും പിരിഞ്ഞപ്പോള്‍ ശങ്കരന്‍ മാഷിന് ഒരു വിഷമം മാത്രമേ ഉണ്ടായിരുന്നുള്ളു.  30 വര്‍ഷത്തെ അദ്ധ്യാപകവൃത്തിയില്‍ നിന്നും വിരമിക്കുന്നതോ...അല്ലെങ്കില്‍ ഇഷ്ടപ്പെട്ട സഹപ്രവര്‍ത്തകരുമായി പിരിയേണ്ടി വരുന്നതോ...അതുമല്ലെങ്കില്‍പഠിപ്പിക്കുന്ന കുട്ടികളുമായി നര്‍മ്മ സല്ലാപത്തിലേര്‍ പ്പെടാന്‍ പറ്റാത്തതോ  ഒന്നുമല്ല. എന്നാല്‍ ഇതൊക്കെ ഉണ്ടായിരുന്നു എങ്കിലും ശങ്കരന്‍മാഷിനെ ഇതൊന്നും ആയിരുന്നില്ല ഏറെ അലട്ടിയിരുന്നത്.ദിവസവും രാവിലെയും വൈകിട്ടും സര്‍ക്കാരുബസ്സിന്‍റെ പുറകിലെ സീറ്റില്‍ അരികുപിടിച്ച് പുറത്തേക്കു  നോക്കി കാഴ്ചകളും കണ്ടുള്ള ആ ഇരിപ്പ്. ഓടുന്ന ബസ്സില്‍ പുറത്തെ കാഴ്ചകളും കണ്ടിരിക്കുമ്പോള്‍ മനസ്സിലേയ്ക്കോടിവന്നു കയറുന്ന കനല്‍ക്കാറ്റുകള്‍..... മനസ്സങ്ങനെ പാറിപ്പറക്കും.മനസ്സില്‍ കൂടി നൂറായിരം ചിന്തകളൊഴുകിവരും.കുട്ടിക്കാലത്തു കളിച്ചുനടന്ന തൊടിയിലെ തുമ്പപ്പൂക്കളും,കാക്കപ്പൂക്കളും കാശിത്തുമ്പയും എല്ലാം മനസ്സിലേയ്ക്കോടിയെത്തും.അതുവരെ അവരെവിടെപ്പോയി ഒളിച്ചിരുന്നുവെന്ന് ശങ്കരന്‍മാഷിന്  ഒരു നിശ്ചയവുമില്ല. പൂത്തുമ്പിതൊട്ട് വര്‍ണ്ണ ചിറകുള്ള പൊന്മാന്‍ വരെ മനസ്സില്‍ വന്ന് വട്ടമിട്ടുപറക്കും. മനസ്സു നിറഞ്ഞവരെല്ലാം നിരന്നു കഴിയുമ്പോളാണ് കഥയുടെ ത്രെഡു കിട്ടുക. അങ്ങോട്ടു പോകുമ്പോള്‍ നടയാര്‍ വെട്ടത്തും  തിരിച്ചു വരുമ്പോള്‍ കുറത്തിതോടെ..കുറത്തിതോടെ...എന്നു കേള്‍ക്കുമ്പോഴുമാണ്  മനസ്സില്‍ വന്ന് വട്ടം കൂടി തത്തിക്കളിച്ചവരെല്ലാം ഓടിയൊളിച്ചു കഴിഞ്ഞ് തിരികെ ശങ്കരന്‍മാഷായി ഈ ലോകത്തിലേയ്ക്കിറങ്ങി  വരുന്നത്.

മറക്കാതിരിക്കാന്‍ അപ്പോള്‍തന്നെ പോക്കറ്റില്‍ സൂക്ഷിച്ചിരിക്കുന്ന പേപ്പറിലേക്കു്  കോറിയിടും.രാത്രി ഏറെ വൈകിയാണെങ്കിലും അത്  ഡയറിയിലേക്കു പകര്‍ത്തിയൊരു ഡ്രാഫ്റ്റാക്കിയിടും.അതെപ്പോഴെങ്കിലും ഒരു കഥയായി രൂപാന്തരപ്പെടും. അതു വായിക്കുമ്പോള്‍ ശങ്കരന്‍മാഷനനുഭവിക്കുന്ന മാനസിക സംതൃപ്തി -അത് ഉപമിക്കുവാന്‍ മലയാള നിഘണ്ടുവിലൊന്നും വാക്കുകളില്ല. അതിനൊക്കെ അപ്പുറമായിരുന്നു. കണ്ടില്ലാപ്പെട്ട് നടന്ന് ,   പ്രതികരിക്കാനാകാതെ.., സമൂഹത്തിലെ തിന്മകളെ...  മനസ്സിലടിച്ചമര്‍ത്തിയിട്ടിരുന്ന്  തീതുപ്പുന്ന വാക്കുകളില്‍ കൂടി  കഥയുടെ രൂപത്തില്‍ പുറത്തേക്കു വരുത്തുമ്പോള്‍..ദഹിക്കാതെ വയറ്റില്‍ കിടക്കുന്നത് ഛര്‍ദ്ദിച്ചു വെളിയില്‍ കളയുന്നതിന്‍റെ ആശ്വാസമാണ് ശങ്കരന്‍ നായര്‍ എന്ന ശങ്കരന്‍ മാഷിന്  അനുഭവപ്പെടുക.
അതില്‍ സ്വന്തം അനുഭവവും മറ്റുള്ളവര്‍ ആശ്വാസത്തിനായി വന്നു പറയുന്നവയും ഒക്കെ പെടും. എല്ലാം മൂകമായി കേള്‍ക്കും. ' ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്' എന്ന ചിന്തയായിരിക്കും അപ്പോഴൊക്കെ.

ആ ഒരു അവസരമാണ് ശങ്കരന്‍ മാഷിന്  നഷ്ടമായിരിക്കുന്നത്.ഇനിയെങ്ങനെ കഥയെഴുതും. ശങ്കരന്‍ നായര്‍ വിചാരിച്ചു. ഇതാരോടെങ്കിലും പറയാന്‍ പറ്റുന്ന കാര്യമാണോ...ആള്‍ക്കാര്‍ വട്ടെന്നല്ലേപറയൂ.സാധാരണ ആള്‍ക്കാര്‍ പറയുന്നത് പ്രകൃതിരമണീയമായസ്ഥലങ്ങള്‍, കായലോരങ്ങള്‍,കടല്‍തീരങ്ങള്‍..,ആളും ഒച്ചയും അനക്കവും ഒന്നുമില്ലാത്ത ഗ്രാമാന്തരീക്ഷം ഒക്കെയാകുമ്പോള്‍ അനര്‍ഗ്ഗളമായി കവിതയും കഥയും മനസ്സില്‍ കൂടി ഒഴുകിയെത്തുമെന്നാണ്. അത് പേനയുടെ തുമ്പില്‍കൂടി ഒഴുകിയെത്തുമ്പോള്‍ കഥാകാരന്‍  അനുഭവിക്കുന്നത്   ഒരു അവാച്യമായ ആനന്ദ അനുഭൂതിയായിരിക്കുമെന്നാണ്. എന്നാല്‍ ശങ്കരന്‍ മാഷിന്റെ  കാര്യമോ..എത്ര തിരക്കുള്ള ബസ്സിലാണെങ്കിലും ബസ്സിന്‍റെ അരികിലുള്ള സീറ്റില്‍ പുറത്തോട്ടു നോക്കിയിരിക്കാനൊരു ഇരിപ്പടം കിട്ടിയാല്‍ പിന്നെ ഒരു മണിക്കൂര്‍ നേരത്തേക്ക് വേറൊരു ലോകത്തിലായിരിക്കും ശങ്കരന്‍ മാഷ്.  
                                         
 പെന്‍ഷന്‍ പറ്റി പിരിഞ്ഞതോടു കൂടി കഥയെഴുത്തൊക്കെ കുറഞ്ഞുപോയി.

.അങ്ങിനെയിരുന്നിരുന്ന് ഒരു ദിവസം ശങ്കരന്‍ മാഷ് വിചാരിച്ചു ഒരു കഥയെഴുതണം.അതിനൊറ്റ വഴിയേയുള്ളു.കുറത്തിതോടിന്‍റെവിടെ  വന്ന് തിരിച്ചു പോകുന്ന ബസ്സിന്‍റെ സൈഡു സീറ്റിലിരുന്ന്  പഴയ സ്കൂളിന്‍റെവിടെ- നടയാര്‍ വെട്ടം വരെ-ഒന്ന് പോകുക.തിരിച്ച് ആബസ്സില്‍ തന്നെ തിരികെ വരിക.അങ്ങിനെയാണ് ആ ബസ്സില്‍ കയറി ഇരുപ്പുറപ്പിച്ചത്. പോക്കറ്റില്‍ പേനയും പേപ്പറും കരുതിയിരുന്നു.ഏറ്റവും പുറകില്‍ തന്നെ. സീറ്റുറപ്പിച്ചു. പുറത്തേക്കു നോക്കാന്‍ പരുവത്തില്‍. മനസ്സാകെ സന്തോഷത്തിലായിരുന്നു. എത്ര നാളായി ഒരു കഥയെഴുതിയിട്ട്. മാസങ്ങളായി. ഒരു കഥാകരനെ സംബന്ധിച്ചിടത്തോളം ഇതൊരു അപൂര്‍വ്വ സന്ദര്‍ഭമാണ്. മനസ്സിനു രുചിയാം വണ്ണം ഒരു കഥയെഴുതുകയെന്നുള്ളത്. ഒരു വിധത്തില്‍ പറഞ്ഞാലൊരു ആത്മ സാക്ഷാത്കാരമാണ്. അതിലനുഭവിക്കുന്ന നിര്‍വൃതി, സന്തോഷം അത് വേറൊന്നിലും ലഭിക്കുകയില്ല.ശങ്കരന്‍മാഷ് വിചാരിച്ചു. നല്ല കഥയെഴുതണമെങ്കില്‍......കവിതയെഴുതണമെങ്കില്‍... രണ്ടെണ്ണം പിടിക്കണം  എന്ന് ആധുനികന്മാര്‍ പറയുന്നത് ശുദ്ധ വങ്കത്തരമല്ലേ.... എന്തിന്? അവനവന്‍ ചെയ്യുന്നതിനെ ന്യായീകരിക്കുവാന്‍...ഇല്ലെങ്കിലും കഥയും കവിതയും എല്ലാം വരുമല്ലോ.. പിന്നെ അതിന്‍റെ മറവില്‍ നേരസ്ഥാന്മാരാകാന്‍ പൊളിവാക്കു പറഞ്ഞ് രക്ഷനേടാന്‍മാത്രം.

ബസ്സു പുറപ്പെട്ടു. ശങ്കരന്‍ മാഷ് പുറത്തേക്കു നോക്കിയിരുന്നു. മുഖത്തേയ്ക്കു കാറ്റടിക്കുന്നുണ്ട്.മനസ്സിലേക്കൊന്നും ഓടിവരുന്നില്ല. പൂതുമ്പിയും കാക്കപ്പൂവും കനല്‍ക്കാറ്റും ഒന്നും ഒന്നും. കുറേ നാളത്തെ ഇടവേള ആയതിനാലാകാം...ശങ്കരന്‍മാഷിന്‍റെ മനസ്സില്‍ നിന്നും അവയെല്ലാം അകന്നു പോയത്. ബസ്സില്‍ നല്ല തിരക്കും.ബസ്സിലെ തിരക്കു കണ്ട് ബസ്സിനുള്ളിലേയ്ക്കൊന്നു നോക്കിയപ്പോള്‍.........

ഛെ...താനെന്താണീ കാണുന്നത്.അതെങ്ങനെ പറയും..ആരോട് പറയും..  ശങ്കരന്‍ മാഷ് പിറുപിറുത്തു. ബസ്സിന്‍റെ പുറകിലത്തെ സീറ്റിന്‍റെ തൊട്ടു മുമ്പിലുള്ള സീറ്റിലിരിക്കുകയാണവള്‍. കഷ്ടിച്ച് ഒരു പന്ത്രണ്ടു പതിമൂന്നു വയസ്സു പ്രായം.ഏതോസ്ക്കൂളില്‍ പഠിക്കുന്നത്. യൂണിഫോമിലാണ്. തലമുടി പകുത്തു കെട്ടിവെച്ചിരിക്കുന്നു.തൊട്ടടുത്തിരിക്കുന്ന കൂട്ടുകാരുമായി വര്‍ത്തമാനം പറഞ്ഞു രസിച്ചിരിക്കുകയാണ്. അതിന്‍റെ തൊട്ടു പിന്നില്‍ ഏകദേശം  മധ്യവയസ്ക്കാനായൊരാള്‍...കുട്ടിയുടെ മുതുകിനോടു ചേര്‍ന്നു നിന്നുകൊണ്ട്.....കുട്ടി ഇടയ്ക്ക് അയാളെ നോക്കി എന്തോ പറഞ്ഞു.   ശങ്കരന്‍ മാഷിന്‍റെ മനസ്സില്‍ കൂടി ഒരു കനല്‍ക്കാറ്റു ചീറിയടിച്ചുഅടുത്ത നിമിഷം  മനസ്സു പറഞ്ഞു ശങ്കരന്‍മാഷേ..... വേണ്ടാ..വേണ്ടാ.. മുണ്ടുമടക്കിക്കുത്തണ്ടാ....പഴയ തിളയ്ക്കുന്ന   19-20  പ്രായമല്ലായിപ്പോള്‍. ഇപ്പോള്‍ വയസ്സ് അറുപതു കഴിഞ്ഞു. പണ്ടത്തെ പേരുകേട്ട കോളേജു വരാന്തയുമല്ല.ഇത് സര്‍ക്കാരു ബസ്സാണ്.മര്യാദയ്ക്ക് കണ്ടില്ലാപ്പെട്ടവടിരുന്നോ.അതാ നല്ലത്. കാഴ്ചയില്‍ മാന്യനെന്നു തോന്നുന്ന അയാള്‍ കൊച്ചുമോളുടെ പ്രായമുള്ള പെങ്കൊച്ചിന്‍റെ മുതുകത്ത് എന്തേലും ചെയ്തു രസിച്ചു നില്കട്ടെ.

ഒരു നിമിഷം....ശങ്കരന്‍മാഷ് പഴയ ശങ്കര്‍- നാല്പതു വര്‍ഷത്തിനു മുന്‍പുള്ള ശങ്കര്‍.സി.ആയി മാറിപ്പോയി...
പണ്ട് ബി.എ.മലയാളം വിഭാഗത്തിലെ ശങ്കര്‍.സി....പ്രിഡിഗ്രിക്ക് കൂടെപ്പഠിച്ച ലതികയെ തൊട്ടടുത്ത് സര്‍ക്കാരു മെഡിക്കല്‍ കോളേജില്‍ റാഗിംങ്ങെന്ന ഓമനപ്പേരില്‍ തലമുടി മുറിച്ചുവിട്ടപ്പോള്‍,കൂട്ടുകാരെയും കൂട്ടി മെഡിക്കല്‍ കോളേജു വളപ്പില്‍ കയറി റാഗിംങ്ങ് വീരന്മാരെഅടിച്ചു നിലംപരിശാക്കിയ വീറുള്ള ശങ്കര്‍.സി ആയി മാറിപ്പോയി.ചാടിയെണീറ്റ ശങ്കര്‍.സി.അയാളുടെ ചെകിട്ടത്തടിച്ച ശബ്ദം കേട്ട് സര്‍ക്കാരു ബസ്സിന്‍റ വീലുകള്‍, എ.ബി.എസ്സ് എഞ്ചിന്‍  ഘടിപ്പിച്ച മാരുതി സ്വിഫ്റ്റിന്‍റെ വീലു പോലെ  ഝടുതിയില്‍ നിന്നു.

കണ്ടക്ടറും ഡ്രൈവറും എല്ലാം ചാടിയിറങ്ങി.മാന്യനും ചാടി താഴെയിറങ്ങി. ആള്‍ക്കാരന്തം വിട്ട് തിക്കിത്തിരക്കി  താഴോട്ടിറങ്ങുന്നു.

കണ്ടക്ടര്‍ ആക്രോശിച്ചു." എന്താ..എന്തുപറ്റി.എന്താണിവിടെ പിടീം വലീം അടീമൊക്കെ."

ഓഫീസില്‍ പോകേണ്ടവരും,ആശുപത്രീലെത്തേണ്ടവരും കോളേജില്‍ പോകേണ്ട കുട്ടികളും സ്കൂള്‍കുട്ടികളും,ചന്തയ്ക്കു പോകേണ്ടവരും എല്ലാം ഒന്നുപോലെ മുറുമുറുത്തുകൊണ്ട്
ശങ്കരന്‍ മാഷിന്‍റെ നേരേ തിരിഞ്ഞു.പേപിടിച്ച ഒരു തെരുവുപട്ടിയുടെ നേരെ കല്ലെറിയാന്‍ നില്‍ക്കുന്നതുപോലെ ശങ്കരന്‍ മാഷിന്‍റെ നേരെ അത്രയും ക്രോധം പൂണ്ട കണ്ണുകള്‍ ഒരുമിച്ച്.

എവിടുന്നൊക്കെയോ ഒരേ ശബ്ദം വന്നാ കാതുകളിലലയടിച്ചു.

"ഓരോന്നു  രാവിലെ വലിഞ്ഞു കേറും മനുഷനെ മിനക്കെടുത്താന്‍."

കണ്ടക്ടര്‍ രണ്ടുപേരേയും വിളിച്ചു."എന്താണു സംഭവം?"

"അത്..അത്..ഞാനെങ്ങനെ സാറിനോടു പറയും.ഇയാള്‍...ഈ മാന്യന്‍....ആ കൊച്ചുകുട്ടിയെ..."ശങ്കരന്‍ മാഷ് വസ്തു നിഷ്ഠമായി കാര്യം ധരിപ്പിക്കുവാന്‍ തുനിഞ്ഞു.

"കൊച്ചു കുട്ടിയെ ഞാനെന്തു ചെയ്തെന്നാ താന്‍ പറയുന്നത്." മാന്യന്‍.

"അതെ എന്തുചെയ്തെന്നാ.." തങ്ങള്‍ക്കുണ്ടായ അസൌകര്യത്തില്‍ ദേഷ്യം പൂണ്ട് കുറേപ്പേരും കൂടി മാന്യന് ഒത്താശ പിടിച്ചു.

ഒറ്റപ്പെട്ട പറവയെ കൊത്തിയോടിക്കാന്‍ കൂട്ടം കൂടി ഞോണ്ടുന്ന കാക്കകൂട്ടത്തിനെ പോലെ അവിട വിടെ നിന്ന് ശങ്കരന്‍ മാഷിനെ നോക്കി യാത്രക്കാര്‍ ചീത്ത വിളിക്കുന്നു. തിരക്കേറെയുള്ള കുറച്ചുപേര്‍ അതുവഴിവന്ന ഓട്ടോയ്ക്ക് കൈകാണിച്ചു കയറി രക്ഷപ്പെട്ടു.

ശങ്കരന്‍ മാഷ് വീണ്ടും കണ്ടക്ടറെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു.

"അതു സാര്‍..ഇയാള്‍ ആ കൊച്ചുകുട്ടിയുടെ ചുമലില്‍ ഇയാളുടെ .....കൊണ്ടു വെച്ച് ...നിന്നു."

അതു കേട്ട് കണ്ടക്ടര്‍ തെളിവെടുപ്പിനായി  അടുത്ത തീരുമാനമെടുത്തു.

"കുട്ടിയോടു ചോദിക്കാം."

"കുട്ടി ഇങ്ങുവരൂ."

അടുത്ത നിന്ന അല്‍പ്പം മുതിര്‍ന്ന കുട്ടി അവളെ മാറ്റി നിര്‍ത്തി എന്തോ അടക്കം പറഞ്ഞു.

കുട്ടി   പന്തം കണ്ട പെരുച്ചാഴിയെപ്പോലെ  വന്നു   നിന്നു.

"മോളെ  ഈ അങ്കിള്‍  എന്തെങ്കിലും  ചെയ്തോ" കണ്ടക്ടര്‍.

മനസ്സിലുള്ളതു പുറത്തു പറയാന്‍പറ്റാത്ത വിഷമത്തില്‍ കുട്ടി വിക്കി വിക്കിപ്പറഞ്ഞു.

"ഇ...ല്ല..ഒന്നും ചെയ്തില്ല. ബല്ലടിയ്ക്കാന്‍ സമയമായി.സ്ക്കൂളില്‍ പ്പോണം."

"ദേ...സാറു കണ്ടോ..ഇയാളെന്നെ മനഃപ്പൂര്‍വ്വം നാറ്റിക്കാന്‍.....ആള്‍ക്കാരുടെ മധ്യത്തില്‍....ഇയാളെ ഞാന്‍..."   

അവിടെ ഉന്തും തള്ളുമായി. വിജയശ്രീലാളിതനായ മാന്യന്‍ നിരപരാധിത്തം തെളിയിക്കാന്‍ വീറോടെ  ഒന്നു പൊരുതി. പാവം ശങ്കരന്‍ മാഷ് അറിയാതെ കിട്ടിയ തള്ളില്‍ പിടച്ചു താഴെ വീണു.

" ആ...എല്ലാവരും കേറ്..കേറ്."കണ്ടക്ടര്‍ പറഞ്ഞു.

എല്ലാവരും ലക്ഷ്യസ്ഥാനത്തെത്താനുള്ള തിടുക്കത്തില്‍ ചാടിക്കയറി.

കണ്ടക്ടര്‍ ഡബിള്‍ ബല്ലടിച്ചു..വണ്ടി പോലീസ് സ്റ്റേഷനിലേക്കു പോകട്ടെയെന്ന്   ഉറക്കെയൊരു പറച്ചിലും.മാന്യന്‍റെ ശരിക്കുള്ള പിടിപാട് അപ്പോഴാണ് ശങ്കരന്‍ മാഷ് മനസ്സിലാക്കിയത്.അയാള്‍ മാറി നിന്ന് ഫോണ്‍ ചെയ്തതിന്‍റെ  പൊരുളപ്പോഴാണറിഞ്ഞത്.

ബസ്സ് പോലീസ് സ്റ്റേഷന്‍റെ വാതുക്കല്‍ കൊണ്ടു നിറുത്തി. കണ്ടക്ടര്‍ മുമ്പെയും ശങ്കരന്‍ മാഷുംമാന്യനും പിന്നിലുമായി  ഇറങ്ങി. ബാക്കി കുറേപ്പേര്‍ അകത്തും പുറത്തുമായി നിന്നു.കണ്ടക്ടര്‍ അകത്തു കയറി കാര്യം പറഞ്ഞു.എസ്സ്.ഐ വെളിയിലിറങ്ങി ചോദിച്ചു.

"അതു കണ്ടവരാരെങ്കിലും ഉണ്ടോ"

ആരും ശങ്കരന്‍മാഷിന്‍റെ കാഴ്ചക്ക് സാക്ഷ്യം പറയാന്‍ മുന്നോട്ടു വന്നില്ല. ഇരയായ കുട്ടിപോലും.

"അടിച്ചതു കണ്ടവര്‍" വീണ്ടും ഇന്‍ സ്പെക്ടരുടെ ചോദ്യം.

അടുത്തു നിന്നവരെല്ലാം കണ്ടു. ഇയാള്‍ അയാളെ തല്ലുന്നത്.

ശങ്കരന്‍ മാഷ് പതറിയില്ല...  മനസ്സിലെ കനല്‍ക്കാറ്റ് ആഞ്ഞടിച്ചു. തീപ്പൊരി പാറുന്ന കാറ്റ് . മുഖം തുടുത്തു ചുമന്നു. ശങ്കരന്‍മാഷ്   ഗര്‍ജ്ജിച്ചു.

"ശരിയാണ് തല്ലി, ഇനിയും ഇങ്ങനെ ആരെങ്കിലും കുട്ടികളോട് വേണ്ടാതീനം കാണിച്ചാല്‍ ഇനിയും തല്ലും. .അതെന്‍റെ കടമയാണ്. ഞാനെന്‍റെ കടമചെയ്യും. അവസാന ശ്വാസംവരെയും..."

"ഇയാള്‍ക്കെന്താ ഭ്രാന്താണോ" ഇന്‍സ്പെക്ടര്‍.

ഹെഡ് കോണ്‍സ്റ്റബിള്‍  എഫ്.ഐ.ആര്‍ തയ്യാറാക്കി. മുന്നൂറ്റി ഇരുപത്തി മൂന്നാം വകുപ്പു പ്രകാരം കൈയ്യേറ്റം ചെയ്തതിനും  ഇരുന്നൂറ്റി തൊണ്ണൂറാം വകുപ്പു പ്രകാരം പൊതുജനശല്യത്തിനും ശങ്കരന്‍ മാഷുടെ പേരില്‍ കേസ്സു ഫയല്‍ ചെയ്തു.അച്ഛന്‍ പോലീസ് സ്റ്റേഷനിലായ വിവരമറിഞ്ഞ് ഗസറ്റഡ് ഉദ്യോഗസ്ഥരായ മകള്‍ രാധികയും മരുമകന്‍ രാജൂനായരും എത്തിച്ചേര്‍ന്നു.

പരിസര ബോധം പോലുമില്ലാതെ രാജൂനായര്‍ പൊട്ടിത്തെറിച്ചു.

"അച്ഛനിതെന്തിന്‍റെ കേടായിരുന്നു.രാവിലെ ബസ്സില്‍ വലിഞ്ഞു കേറി...എവിടേലും പോണേല്‍ ഞങ്ങളോടു പറയരുതായിരുന്നോ...എവിടാണെന്നു വെച്ചാല്‍ ഞങ്ങള്‍ കാറില്‍ കൊണ്ടു പോകില്ലേ...മനുഷേരെ നാണം കെടുത്താന്‍ ഓരോരോ ജോലി വയസ്സു കാലത്ത്.."

നാണമില്ലാത്ത മാന്യന്‍ ഒരു കുഴപ്പവുമില്ലാതെ രക്ഷപ്പെട്ടു പോയ കടംകഥയോര്‍ത്ത് ശങ്കരന്‍ മാഷുടെ ചുണ്ടിലൊരു പുഞ്ചിരി തത്തിക്കളിച്ചു.

അതു കേട്ടു കൊണ്ടു നിന്ന മകളുടെ മുഖം വിവര്‍ണ്ണമാകുന്നത് ശങ്കരന്‍ മാഷ് കണ്ടു.രാജുനായര്‍ വെളിയിലോട്ടിറങ്ങി.

രാധിക അച്ഛന്‍റെടുക്കല്‍ ചെന്നു."അച്ഛാ.. അമ്മയെ കല്യാണം കഴിച്ചിട്ടിന്നുവരെ അച്ഛന്‍  ഒരു അടിപിടിക്കേസിനും പോയിട്ടില്ലെന്നാണെന്‍റെ അറിവ്.ഇന്നച്ഛനെന്താ സംഭവിച്ചത്.എന്നോടു പറയൂ....അച്ഛനെ സ്നേഹിക്കുന്ന അച്ഛന്‍റെ മോളോട്..." രാധികയ്ക്ക് വാക്കുകള്‍ മുഴുമിപ്പിക്കുവാനായില്ല. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

ശങ്കരന്‍ മാഷിന്റെ മുഖം കാര്‍ മേഘം കൊണ്ടു മൂടിയ നീലാകാശം പോലെയായി   മാഷ്   പറഞ്ഞു.

"അതു ഞാനെങ്ങിനെ മോളോടു പറയും.അത്രയും പേരും എനിയ്ക്കെതിരായിരുന്നു.ആ കുട്ടിയുള്‍പ്പടെ.മോളോര്‍ക്കുന്നുവോ മോളു സ്ക്കൂളില്‍ പഠിച്ചിരുന്ന സമയത്ത് ഒരു ദിവസം   ബസ്സില്‍ കയറി വന്നിട്ട് മോള്‍ അമ്മയോടു രഹസ്യം പറഞ്ഞതും പിറ്റെ ദിവസം അമ്മ മോള്‍ക്ക് ഒരു സൂചി തന്നു വിട്ടതും...ഒരു നിമിഷം ഞാന്‍ ആ കുട്ടിയില്‍ നിന്നെ ക്കണ്ടുപോയി...എന്‍റെ രാധികക്കുട്ടിയെ....പിന്നെയച്ഛന്‍ ഒന്നും ഓര്‍ത്തില്ല.അതാണ്  അച്ഛന്‍ അയാളെ......."

ധീരനായ ശങ്കരന്‍മാഷിന്‍റകണ്ണില്‍ നിന്നും അന്നുവരെ ......അമ്മ മരിച്ചിട്ടു പോലും കാണാത്ത കണ്ണുനീരു് രാധികക്കുട്ടി കണ്ടു.അണമുറിയാത്തപ്രവാഹം.

രാധികയോര്‍ത്തു ---അമ്മയോട് അന്നു താന്‍ പറഞ്ഞ സ്വകാര്യം അമ്മ അച്ഛനു കൈമാറിയത് ഇന്നാണല്ലോ താനറിയുന്നത്..അറിയേണ്ട കാര്യം അമ്മ അച്ഛനെ അറിയച്ചതു കൊണ്ടാണല്ലോ അച്ഛനിലെ ഇന്നത്തെ ശരി തനിയ്ക്കു മനസ്സിലാക്കാന്‍ സാധിച്ചത്...

ജാമ്യമെടുക്കാന്‍ വക്കീലുമായി രാജുനായര്‍ വന്നത് ,അച്ഛന്‍റെ ശരി മനസ്സിലാക്കിയ മകള്‍ പറയുന്നത്  കേട്ടു കൊണ്ടാണ് .

"വകുപ്പു 323-- പ്രകാരം ഒരു വര്‍ഷത്തെ കഠിന തടവിനു ശിക്ഷിച്ചാലും ഈ മോള്‍ക്കച്ഛന്റെ പേരിലഭിമാനമേയുള്ളു അച്ഛാ...അച്ഛന്‍റെ മോളായി ജനിച്ചതില്‍."

അതുകേട്ട  രാജു നായരും വക്കീലും  മുഖത്തോടു മുഖം നോക്കി  നിന്നുപോയി.

അങ്ങിനെ ശങ്കരന്‍ മാഷിന് ഒരു പുതിയ ത്രെഡ്..അടുത്ത സമെന്‍സുവരെ.....


Related Posts Plugin for WordPress, Blogger...