Wednesday, February 22, 2012

ഗതിമാറി ഒഴുകിയ പുഴ: ഭാഗം-7


അതു കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞപ്പോള്‍ നേരത്തേ നിശ്ചയിച്ചതുപോലെ വീണ്ടും       ഹൈദ്രബാദിലേയ്ക്ക്  കോണ്‍ഫെറന്‍സിനുള്ള  നോമിനിയായി തന്നെ തിരഞ്ഞെടുത്തു.
താനന്നത്തെപ്പോലെ ഗസ്റ്റ് ഹൌസിലെത്തി . അന്ന് അവധി ദിവസമായിരുന്നു. അര്‍ച്ചനയെ ഹോസ്റ്റലില്‍ പോയി കൂട്ടിക്കൊണ്ട് ബിര്‍ളാ മന്ദിരത്തിന്‍റടുത്തുള്ള
ഹുസൈന്‍ സാഗര്‍ തടാകക്കരയിലേയ്ക്കാണ് അത്തവണ പോയത്.  ലുംബിനി പാര്‍ക്കിലും അമ്യൂസ് മെന്‍റ് പാര്‍ക്കിലും ഒക്കെ കറങ്ങി നടന്ന് അവസാനം  ഹുസൈന്‍
സാഗറിന്‍റെ കരയിലൊരു കോണില്‍ പുല്‍ത്തകിടിയിലിരിപ്പുറപ്പിച്ച ഞങ്ങളോട് അതിന്‍റെ നടുക്കു നില്‍ക്കുന്ന ഗൌതമ ബുദ്ധന്‍റെ കൂറ്റന്‍ പ്രതിമ സമാധാനസന്ദേശം ഓതുന്നതുപോലെ തോന്നി.വെള്ളഗ്രാനൈറ്റില്‍ തടാകത്തിന്‍റെ നടുക്ക് പ്രശോഭിക്കുന്ന ആ പ്രതിമയില്‍ നിന്നും ശാന്തിയുടെയും സമാധാനത്തിന്‍റെയും കിരണങ്ങള്‍ പ്രവഹിച്ച് പവിത്രമായതുപോലെയുള്ള  അവാച്യമായ ഒരനുഭവമാണുണ്ടായത്അവിടെ ഇരുന്നപ്പോള്‍.
വിനോദറിയാതെ, അന്ന്  കോവളത്ത് കടല്‍ക്കരയിലുണ്ടായ സംഭാഷണം  മൊബൈലില്‍ റെക്കാര്‍ഡു ചെയ്തത് മുഴുവനും അര്‍ച്ചനയെ അവിടെ വെച്ചു കേള്‍പ്പിച്ചു. അവളുടെ മുഖത്തെ ഭാവ വ്യത്യാസം തനിയ്ക്കു വായിച്ചെടുക്കുവാന്‍ പറ്റി. കുറച്ചു നേരം ഞങ്ങള്‍ രണ്ടുപേരും ഒന്നും മിണ്ടിയില്ല. താനാണ് പിന്നീടു തുടക്കമിട്ടത്.
"അര്‍ച്ചനാ...ഇവിടെ ശ്രീരാമന്‍ അഹല്യക്കല്ല ശാപ മോക്ഷം കൊടുക്കേണ്ടത്. അര്‍ച്ചന വിനോദിനാണ് .അവനില്‍ നിന്നറിയാതെ വന്ന ഒരു പിശക്. നിന്നെയും കൂട്ടിക്കൊണ്ട് അര്‍ധ രാത്രിവരെ അവിടെയിരുന്നത്. അതുകൊണ്ടാണല്ലോ അതു് അങ്ങിനെ സംഭവിച്ചത്. ഇനി അര്‍ച്ചനയാണ് ഒരു തീരുമാനമെടുക്കേണ്ടത്. അവളൊന്നും അപ്പോള്‍ പറഞ്ഞില്ല. ഞങ്ങള്‍ വീണ്ടും അവിടെ കുറേ നേരം കൂടിയിരുന്നു . ആ  തടാകമദ്ധ്യത്തില്‍ നില്‍ക്കുന്ന ബുദ്ധവിഗ്രഹത്തിന്‍റെ മുഖത്ത് സ്ഫുരിക്കുന്ന ശാന്തിയുടെ നൈര്‍മ്മല്യം ഏറ്റുവാങ്ങി. തിരികെ അര്‍ച്ചനയെ ഹോസ്റ്റലിലാക്കി ഗസ്റ്റ് ഹൌസിലേയ്ക്കു പോകുമ്പോള്‍ തന്‍റെ മനസ്സിന്‍റെ  കോണിലിരിയ്ക്കുന്ന നിലവിളക്കിന്‍റെ തിരി കത്തി തുടങ്ങിയിരുന്നു .
തിരിച്ചു നാട്ടിലെത്തിയിട്ടാണ് മോനോട് ഹൈദ്രബാദിലെ കാര്യങ്ങളൊക്കെ വിശദീ കരിച്ചത്. അര്‍ച്ചനയ്ക്ക് വീണ്ടും മെയിലയച്ചുതുടങ്ങാന്‍ വിനോദിനോടു പറഞ്ഞു.  ദിവസങ്ങള്‍ വീണ്ടും പൊയ്ക്കൊണ്ടിരുന്നു. താന്‍ മിക്ക ദിവസങ്ങളിലും ടെറസ്സിന്‍റെ മുകളില്‍ കയറി അസ്തമയസൂര്യനെ കണ്ടു നില്‍ക്കും.അപ്പോഴെല്ലാം ആലോചിക്കും എന്തുകൊണ്ട് ഉദയസൂര്യനെ താന്‍ കാണാന്‍ശ്രമിക്കുന്നില്ല. ശരിക്കു പറഞ്ഞാല്‍ തെങ്ങോലകള്‍ കൊണ്ട് മൂടിയിരിക്കുന്നതിനാല്‍ ഉദിച്ചുയരുന്ന സൂര്യനെ കാണാന്‍ അല്‍പ്പം ബുദ്ധിമുട്ടായിരുന്നു. എന്നാലും രണ്ടാമത്തെ നിലയുടെ മുകളില്‍ കയറി നിന്നാല്‍ സൂര്യോദയം വേണമെങ്കില്‍ കാണാം. അങ്ങിനെ അന്നത്തെ അസ്തമയം കണ്ടു കൊണ്ട് ഞാനൊരു തീരുമാനമെടുത്തു. നാളെ തൊട്ട് അതിരാവലെ ടെറസ്സില്‍ കയറി ഉദയം കണ്ടു തുടങ്ങണം. ഇന്നത്തെ അസ്തമയത്തിലല്ല...നാളത്തെ ഉദയത്തിലാണെന്‍റെ പ്രതീക്ഷ മുഴുവനും.
പിറ്റേ ദിവസം നേരത്തെ എണീറ്റു. കുറച്ചു ജോലി തീര്‍ത്തു. എന്നിട്ട് ടെറസ്സിന്‍റെ മുകളിലേക്കു പോയി.  സൂര്യന്‍    ഉദിച്ചുയരാന്‍ പോകുന്നതേയുള്ളു .വെള്ളിമേഘങ്ങളുടെ ഇടയില്‍ കൂടി തീക്കനല്‍ പോലെ... സൂര്യതേജസ്സ്. അസ്തമയ സൂര്യന്‍റെ വിടവാങ്ങലുകളിലെ നൊമ്പരം ഏറ്റു വാങ്ങിയിരുന്ന തനിയ്ക്ക് ഒരാഹ്ലാദത്തിര മനസ്സിലേയ്ക്കിട്ട് അലയടിച്ചതുപോലുള്ള അനുഭൂതിയാണ് അന്നത്തെ ഉദയം കണ്ടപ്പോളുണ്ടായത്.

    മൊബൈലില്‍ രണ്ടു മെസ്സേജ്. ഒന്ന് അര്‍ച്ചനയുടേയും മറ്റേത് വിനോദിന്‍റെയും. എന്ത്. രണ്ടുപേരും ഒരുമിച്ചു മെസ്സേജയച്ചിരിക്കുന്നത്. മനസ്സിലൊരു വെപ്രാളം. ഇത്ര രാവിലെ. "ചെക്ക് യുവര്‍ മെയില്‍". രണ്ടുപേരുടെ മെസ്സേജിലും ഇതു തന്നെ എഴുതിയിരിക്കുന്നു. ഓടിച്ചെന്ന് ലാപ്പ് തുറന്നു. എന്തായിരിക്കും. മനസ്സു പിടച്ചു. വിന്‍ഡോസ്സ് ബൂട്ടു ചെയ്തുവരാനെടുത്ത നേരത്തിനെ പഴിച്ചു. സൈന്‍ ചെയ്ത്  ജിമെയില്‍ വിന്‍ഡോ തുറക്കുമ്പോള്‍ മനസ്സ് പെരുമ്പറ കൊട്ടുകയായിരുന്നു. ഇന്‍ ബോക്‍സില്‍ രണ്ടു മെയിലുകള്‍. ആദ്യത്തേത്  അര്‍ച്ചനയുടേയും, രണ്ടാമത്തേത് വിനോദിന്‍റെയും.  ആരുടേതാദ്യം തുറക്കണമെന്ന ചിന്തയായി. അവസാനം വിചാരിച്ചു  പ്രയോറിറ്റി മുറയ്ക്കു തന്നെ തുറക്കാം. അര്‍ച്ചനയുടേതു തന്നെ ആദ്യം. മാറ്ററൊന്നുമില്ല.ഒരു അറ്റാച്ച് ഫയല്‍. പടമാണ്. എന്തായിരിക്കും. വൈറസ് സ്കാന്‍ കഴിഞ്ഞ് പടം ഓപ്പണ്‍ ആയി. . വില്ലാളി വീരനായ അര്‍ജ്ജുനന്‍റെയും ദ്രൌപതിയുടേയും സ്വയം വരം കഴിഞ്ഞുള്ള  ചിത്രം. സര്‍വ്വാഭരണവിഭൂഷിതയായ ദ്രൌപതി അര്‍ജ്ജുനന്‍റെ കൈപിടിച്ച് നമ്രമുഖിയായി നില്‍ക്കുന്നു.കുറച്ചു നേരം അതില്‍ നോക്കിയിരുന്നു പോയി. അപ്പോള്‍ മനസ്സിലൂടെ മിന്നിമറഞ്ഞത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരുപാവാടക്കാരിയായി അര്‍ച്ചന അമ്മയുടെ കൂടെ നടന്നു പോയ ചിത്രമാണ്.
വിനോദിന്‍റെ മെയില്‍ ഇന്‍ ബോക്സില്‍ കിടന്നു പിടയ്ക്കുന്നതപ്പോളാണോര്‍ത്തത്. എളുപ്പം തന്നെ ഓപ്പണാക്കി. അതിലും ഒരു പടം . വൈറസ് സ്കാന്‍ കഴിഞ്ഞ് പടം ഓപ്പണ്‍ ആയി. അര്‍ച്ചനയുടെ മെയിലിലെ അതേ പടം തന്നെ. കൂട്ടത്തില്‍ കുറച്ചു വരികളും.
പ്രിയപ്പെട്ട അമ്മക്ക് ,
അമ്മയുടെ കഥയുടെ അവസാനം ആണ് ഇത്.    കുറച്ചു പൈസ മുടക്കിയാല്‍ അമ്മയ്ക്കിതൊരു സിനിമയാക്കാം. അമ്മയിലൊരു കഥാകാരിയെ മാത്രമല്ല. നല്ല ഇരുത്തം വന്ന    സംവിധായികയെയും എഡിറ്ററെയും കൂടി ഞാന്‍ കാണുന്നു.
അമ്മയുടെ പ്രിയപ്പെട്ട മോന്‍.
p.s. നാളെ അര്‍ച്ചനയുടെ അമ്മയും അച്ഛനും അങ്ങോട്ടു വരുന്ന വിവരവും ഇതോടൊപ്പം അറിയിക്കുന്നു.ഇതെല്ലാം കണ്ടു കൊണ്ട് പുറകില്‍ നിന്ന അദ്ദേഹത്തിന്
സര്‍വ്വജ്ഞനായ ഭഗവാന്‍ ശ്രീകൃഷ്ണന്‍റെ മുഖഭാവമായിരുന്നു.....സംഭവാമി യുഗേ...യുഗേ...എന്നുരുവിടുന്നപോലെ...

കുറിപ്പ്: ഈ കഥയിലെ കഥാപാത്രങ്ങളും സംഭവങ്ങളും സ്ഥലങ്ങളും വെറും സാങ്കല്‍പ്പികം മാത്രം.ഇതിന് പ്രത്യക്ഷമായോ പരോക്ഷമായോ ജീവിച്ചിരിക്കുന്ന ആരുമായും  ബന്ധമില്ല.

അടിക്കുറിപ്പ്


ഈ കഥയ്ക്ക് ഏഴു ഭാഗങ്ങളുണ്ട് ലിങ്കില്‍ ക്ലിക്കിയാല്‍ ഓരോ ഭാഗങ്ങളും വായിക്കാം

ഭാഗം 1
ഭാഗം 2
ഭാഗം 3
ഭാഗം 4
ഭാഗം 5
ഭാഗം 6
ഭാഗം 7   

ഗതിമാറി ഒഴുകിയ പുഴ: ഭാഗം-6


പിറ്റേ ദിവസം ഞങ്ങളു രണ്ടുപേരും ഒരേ പോലെ എന്‍ ഗേജ്ഡ് ആയിരുന്നതിനാല്‍ താനവളെ ഒന്നു വിളിക്കുക മാത്രമേ ചെയ്തുള്ളു. തന്‍റെ വിളിക്ക് അവള്‍ കാതോര്‍ത്തിരുന്ന പോലെ... അവളുടെ റെസ്പോണ്‍സ് കിട്ടിയപ്പോള്‍ മനസ്സിലായി. അങ്ങിനെ  കോണ്‍ ഫെറന്‍സു കഴിഞ്ഞ് പോരുന്നതിനു മുമ്പായി താനും അര്‍ച്ചനയും വീണ്ടും പലസ്ഥലങ്ങളില്‍ ഒത്തുകൂടി സമയം ചെലവഴിച്ചു. ഒരിയ്ക്കല്‍ പോലും അവള്‍ വിനോദിന്‍റെ കാര്യം ഒന്നും  പറഞ്ഞില്ലയെന്നുള്ളത് എന്‍റെയുള്ളിലൊരു
നീറ്റലുളവാക്കി.
 അത്തവണത്തെ കോണ്‍ ഫെറന്‍സ്  പിരിഞ്ഞത്മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പ് ആതിഥ്യം വഹിക്കുന്ന വേള്‍ഡ് കോണ്‍ ഫെറന്‍സ്    ഹൈദ്രബാദില്‍ വെച്ചു നടത്താമെന്നുള്ള തീരുമാനത്തിനു വേണ്ടിയുള്ള ഒരു പ്രൊപ്പോസല്‍ ഗവണ്മെന്‍റിലേയ്ക്ക്  കൊടുക്കാന്‍ ,പാസ്സാക്കി കൊണ്ടായിരുന്നു.
മനസ്സിലങ്ങനെ വീണ്ടും ഒന്നുകൂടി  ഹൈദ്രബാദു സിറ്റി...നമ്മുടെ സാംസ്ക്കാരിക പൈതൃകത്തിന്‍റെ മകുടം ചാര്‍ത്തി നില്‍ക്കുന്ന പള്ളികളും, മിനാരങ്ങളും, ബസ്സാറുകളും കൊണ്ട് പേരുകേട്ട...ഹൈദ്രബാദില്‍  ഒന്നുകൂടി വരാന്‍ വേണ്ടി ,ഞാന്‍ ട്രെയിന്‍ കയറി നാട്ടിലേയ്ക്ക് തിരിച്ചു. എന്നെ യാത്രയാക്കാന്‍ അര്‍ച്ചന വന്നിരുന്നത് എന്നിലൊരു പ്രതീക്ഷയുടെ നേര്‍ത്ത  വെളിച്ചം തന്നു.
  നാട്ടിലെത്തിയതുവരെ  വിനോദുമായി ഒരു  കോണ്‍ടാക്റ്റും നടത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നാട്ടിലെത്തിയ അന്നാണ് താന്‍ അവനെ ഒന്നു വിളിച്ചത്. ഭാഗ്യത്തിന് അവന്‍ പുതി പ്രോജക്റ്റിന്‍റെ ക്ലയ്ന്‍റ് മീറ്റിംഗിലും അവരെ  പ്ലീസു ചെയ്യാന്‍ കൊണ്ടു നടക്കുന്ന തിരക്കിലും ഒക്കെയായിരുന്നു. അവന്‍ വീണ്ടും നാട്ടിലേക്കു വരുന്ന ദിവസവും പാര്‍ത്തു  താനിരുന്നു. അങ്ങിനെ അടുത്തമാസം പകുതിയില്‍  ഒരു ദിവസത്തെ ഹോളിഡേയും ശനിയും ഞായറും കൂടിചേര്‍ന്ന് മൂന്നു ദിവസത്തെ അവധിക്ക് അവന്‍ വീട്ടിലേക്കു വരുന്നുണ്ടെന്നുപറഞ്ഞു. അങ്ങനെ അവനെ അടുത്തു കിട്ടുമ്പോള്‍ ചോദിക്കാനും പറയാനുമുള്ള കാര്യങ്ങള്‍ ചിക്കിചികഞ്ഞ് തൂത്തുകൂട്ടി മനസ്സില്‍ കൂട്ടിയിട്ടുകൊണ്ട് അവനുവേണ്ടി താന്‍ കാത്തിരുന്നു.

   ആ ദിവസം വന്നെത്തി. അന്നു കാലത്ത് 7മണിയ്ക്കുള്ള   ചെന്നൈ  ബാംഗ്ലൂര്‍  തിരുവനന്തപുരം ഫ്ലൈറ്റിന് അവനെത്തുന്നു. ഒരു പരീക്ഷണം നടത്തി, അതിന്‍റെ റിസള്‍ട്ട് അറിയുന്ന മനസ്സിന്‍റെ ഉദ്വേഗം...അതായിരുന്നു തന്നിലപ്പോള്‍. അവന്‍ മൂന്നു ദിവസത്തെ അവധിയ്ക്കല്ലേ. ഒരുദിവസം എപ്പോഴത്തേയും പോലെ എന്നെയും കൊണ്ട്   എല്ലാക്ഷേത്രങ്ങളിലും  പോകും. ഇത്തവണ ആ ദിവസമാണ് താനവനോട് പറഞ്ഞത്, എനിയ്ക്കിത്തവണ അമ്പലത്തില്‍ പോകണ്ട. ഞാനും നീയും കൂടി ആ സമയം  കോവളത്തെ കടല്‍ തീരത്താണ് ചെലവഴിയ്ക്കാന്‍ പോകുന്നതെന്ന്. അവന്‍ സമ്മതിച്ചു. അത് അവന് ഏറ്റവും  ഇഷ്ടമുള്ള കാര്യമായിരുന്നു. കടല്‍ തീരത്ത് തിരയെണ്ണി കാറ്റുകൊള്ളുകയെന്നുള്ളത്
  അങ്ങിനെ കോവളത്തെത്തി ഒരു ഒഴിഞ്ഞ സ്ഥലത്ത്  പാറപ്പുറത്തായി ഞങ്ങളിരുന്നു. ധാരാളം വിനോദസഞ്ചാരികള്‍ സമുദ്രസ്നാനത്തിന് എത്തിയിരിക്കുന്നു. സീസണ്‍ തുടങ്ങിയിട്ടില്ല. താനോര്‍ത്തു. അതിനുമുമ്പേ ഈ തിരക്ക്എത്ര മനോഹരമായ തീരം. മനസ്സില്‍ കവിത വിരിയുന്നപോലെയുള്ള കടല്‍. പ്രകൃതിയുടെ വികൃതിപോലെ. ചിലസ്ഥലങ്ങളില്‍ ഈ കടല്‍ തന്നെയല്ലേ..സംഹാര താണ്ഡവം ആടുന്നത്.എല്ലാത്തിനേയും   കടപുഴക്കിയെടുത്തെറിഞ്ഞു കൊണ്ടുള്ള തിരമാലകളുമായി....    പറഞ്ഞു കേട്ടിട്ടുണ്ട് കടല്‍ ഒരിടത്തു നിന്നെടുത്ത് വേറൊരിടത്തുകൊണ്ടിടുമെന്ന്. അതില്‍ നിന്നായിരിക്കാം മനുഷ്യനും ചില മൂല്യങ്ങള്‍ പഠിച്ചത്.        അവനാണ് തുടക്കമിട്ടത്"അമ്മയെന്തോ പറയാനാണ് ഇവിടെ വന്നതെന്നെനിയ്ക്കറിയാംഎന്താണെന്നു വെച്ചാല്‍ തുടങ്ങിക്കോളൂ...." താന്‍ വിചാരിച്ചു , വിനോദ് നീയിപ്പോള്‍ എന്‍റെ മനസ്സു റീഡു ചെയ്യുവാന്‍ എത്രമാത്രം പഠിച്ചിരിക്കുന്നു. താന്‍ പറഞ്ഞു തുടങ്ങി....
"  ഞാന്‍ പറയുന്നത് നീയൊരു അനാട്ടമി പഠിക്കുന്ന വിദ്യാര്‍ത്ഥിയുടെ മാനസ്സികാവസ്ഥയില്‍ വേണം കരുതാന്‍   അതേപോലെ വേണം എന്‍റ വാക്കുകളെ നീ ഉള്‍ ക്കൊള്ളാന്‍. കാരണം ഞാന്‍ നിന്‍റ അമ്മയാണ്. നമുക്കിടയിലുള്ള ആ ഗ്യാപ്പിനെ ഉള്‍ ക്കൊണ്ടുകൊണ്ട് , നമുക്കിടയിലെ ആ പവിത്രതയെ കാത്തു കൊണ്ട് എനിയ്ക്ക് നിന്നോടിതു പറയണം.. നിന്‍റെമുമ്പിലൊരു സ്ത്രീ ശരീരമാണ് കിടത്തിയിരിക്കുന്നത് എന്നു വേണം സങ്കല്‍പ്പിക്കാന്‍. അതിനെ കീറി മുറിച്ചു പഠിക്കുമ്പോളൊരിയ്ക്കലും  ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി  അതിന്‍റെ സ്ത്രൈണഭാവത്തിനെയോര്‍ക്കുകയില്ലല്ലോ . ഇല്ലെങ്കിലോര്‍ക്കാന്‍ പാടില്ല."
" അമ്മ കാര്യം പറയൂ.."
 താന്‍ വിനോദിന്  പറഞ്ഞു കൊടുത്തത്, വില്ലാളിവീരനായ അര്‍ജ്ജുനന്‍അതിസാഹസികമായി യന്ത്രക്കിളിയെ  എയ്തു വീഴ്ത്തി പാഞ്ചാലിയെ സ്വയംവരം ചെയ്തതും അവസാനം തനിയ്ക്കുമാത്രം അവകാശപ്പെട്ട പാഞ്ചാലിയെ, ജേഷ്ഠന്മാര്‍ രണ്ടുപേരും ആവശ്യാനുസരണം കാമാര്‍ത്തി തീര്‍ത്തിട്ട് ഉച്ഛിഷ്ടം ഭുജിക്കുന്നതുപോലെ പ്രാപിക്കാന്‍  വിധിക്കപ്പെട്ടതുമായ    അര്‍ജ്ജുനന്‍റെ മാനസിക അവസ്ഥയായിരുന്നു.
അതു പറയുമ്പോളവന്‍റെ മുഖത്തു മിന്നിമറഞ്ഞ ക്രൌര്യഭാവം താന്‍ ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നു. കഥ തീര്‍ന്നു കഴിഞ്ഞ് താന്‍ അര്‍ച്ചനയ്ക്കു കൊടുത്തപോലെ ഒരു ചോദ്യമാണ് അവനും കൊടുത്തത്.
താനിങ്ങനെ ചോദിച്ചു.
" മോനേ, അമ്മയുടെ ചോദ്യത്തിനു വ്യക്തമായ ഉത്തരം തരണംഅര്‍ജ്ജുനന്‍ പാഞ്ചാലിയെ മൂന്നാം ഊഴക്കാരനായി പ്രാപിക്കുമ്പോള്‍ അര്‍ജ്ജുനന്‍റെ മനസ്സിലെ വികാരം       മോന്‍റെ കാഴ്ചപ്പാടില്‍  പറയുന്നത് കേള്‍ക്കാന്‍... ഞാനാഗ്രഹിക്കുന്നു. അനാട്ടമി പഠിക്കുന്ന കുട്ടിയുടെ ഒരു മാനസിക അവസ്ഥയിലാണു ഞാനും ഇപ്പോള്‍. മോന്‍ ധൈര്യമായും, മനസ്സു തുറന്നു പറയണം.."
 അവന്‍റയുത്തരം തന്നെ അക്ഷരാര്‍ത്ഥത്തില്‍   അത്ഭുതപ്പെടുത്തിയെന്ന്  തന്നെ പറയാം.
 അവന്‍ പറഞ്ഞു. " . സ്വയംവരമണ്ഡപത്തില്‍ മനസ്സും ശരീരവും തനിയ്ക്കര്‍പ്പിച്ച പാഞ്ചാലി ആദ്യമായി മണിയറ പൂകിയ പ്രതീതിയില്‍...വ്രീളാവിവശയായി..  പരപുരഷനൊന്നും സ്പര്‍ശിയ്ക്കാതെ ...തനിയ്ക്കായി മാത്രം കാത്തുവച്ചിരുന്നതെല്ലാം തനിയ്ക്കു തന്നെ നല്‍കിയ  മനസ്സികാവസ്ഥയിലായിരിക്കണം പാഞ്ചാലിയെ  അര്‍ജ്ജുനന്‍  പ്രാപിച്ചത്. അര്‍ജ്ജുനന്‍ പാഞ്ചാലിയുടെ മനസ്സിലേയ്ക്കല്ലേ പ്രവേശിച്ചത്. തിരിച്ചു പാഞ്ചാലിയും. അര്‍ജ്ജുനനെ മനസ്സിലേറ്റിക്കൊണ്ടു സ്വയംവരം ചെയ്ത പാഞ്ചാലി. പാഞ്ചാലിയെ മനസ്സില്‍ പ്രതിഷ്ഠിച്ച അര്‍ജ്ജുനന്‍. മനസ്സു തമ്മിലടുത്തവര്‍ക്കിടയില്‍ ശരീരത്തിനെന്തു പ്രസക്തി!കട്ടെടുത്ത ഒരു രത്നമാല രണ്ടുദിവസം  ഉപയോഗിച്ചിട്ട് ഉടമസ്ഥനു തിരിച്ചു കിട്ടിയാലത്തെ സന്തോഷം .അതായിരിക്കണം അര്‍ജ്ജുനനു തോന്നിയത്. രത്നമാലയെ കുറ്റപ്പെടുത്താന്‍ പറ്റുകയില്ലല്ലോ. അതു മോഷ്ടിച്ചവനെയല്ലേ കുറ്റപ്പെടുത്തേണ്ടത്."

 തനിയ്ക്കവനോട് സത്യത്തില്‍ ബഹുമാനമാണ് തോന്നിയത്. ശരിക്കും ഒരു തത്ത്വചിന്തകനേപ്പോലെയുള്ള അവന്‍റെ മറുപടി. മനസ്സിലെന്തെന്നില്ലാത്ത സന്തോഷം തോന്നി. താന്‍ കേള്‍ക്കാനാഗ്രഹിച്ചതും അതു തന്നെയായിരുന്നു. ഒരു തെറ്റും അറിഞ്ഞു കൊണ്ടു ചെയ്യാത്ത അര്‍ച്ചന... അവളുടെ ജീവിതഗതി മാറ്റിയെടുക്കണം.   അടിയൊഴുക്കുകളുടെ  ഒരു സൂചനയും കിട്ടാത്ത അര്‍ച്ചനയുടെ പേരന്‍റസ്   ഇതിനോടകം രണ്ടു പ്രാവശ്യം   വീട്ടില്‍  വിളിച്ചിരുന്നു.ഞങ്ങളുടെ വീട്ടിലേക്കുവരാന്‍. പക്ഷേ ഓരോ ഒഴികഴിവു പറഞ്ഞ് അവന്‍ മാറ്റി വെയ്ക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. അപ്പോഴെല്ലാം താന്‍ കരുതിയത് വിനോദ് തെന്നിമാറുവാനുള്ള ലക്ഷണമായിരുന്നു എന്നാണ്.
 അത്തവണ അവന്‍ വന്നുപോയിക്കഴിഞ്ഞാണ് ഞാന്‍ അര്‍ച്ചനയ്ക്ക് പഴയതുപോലെ മെയിലയക്കാന്‍ തുടങ്ങിയത്. തന്‍റെ എല്ലാ മെയിലിനും അവള്‍ കൃത്യമായും മറുപടി അയച്ചിരുന്നു. പക്ഷേ ഒരിയ്ക്കല്‍ പോലും വിനോദിന്‍റെ കാര്യം  അവളൊന്നു സൂചിപ്പിക്കാത്തതുകൊണ്ട് തന്‍റെ മനസ്സില്‍ വീണ്ടും കരിമേഘങ്ങളുരുണ്ടു കൂടി. 

തുടര്‍ന്നു വായിക്കുവാന്‍ ഇവിടെ ക്ലിക്കുക
അടിക്കുറിപ്പ്


ഈ കഥയ്ക്ക് ഏഴു ഭാഗങ്ങളുണ്ട് ലിങ്കില്‍ ക്ലിക്കിയാല്‍ ഓരോ ഭാഗങ്ങളും വായിക്കാം

ഭാഗം 1
ഭാഗം 2
ഭാഗം 3
ഭാഗം 4
ഭാഗം 5
ഭാഗം 6
ഭാഗം 7   

ഗതിമാറി ഒഴുകിയ പുഴ: ഭാഗം-5


അന്ന് പ്രോജക്ടു ക്ലൈയ്ന്‍റിന് കൈമാറുന്നതോടു കൂടി ഒരു വര്‍ഷത്തെ അര്‍ച്ചനയുടെ കഠിനാദ്ധ്വാനത്തിന് അല്‍പ്പം  ശമനമായി. അടുത്തയാഴ്ചഞങ്ങള്‍ക്ക്  സാലറി ഹൈക്കിന്‍റെ സമയവുമായിരുന്നു. . പിറ്റേദ്ദിവസം പ്രോജക്ട് പാര്‍ട്ടി കംമ്പനി പ്ലാന്‍ചെയ്തിരുന്നത്   മദ്രാസ്സിലെ ഏറ്റവും വലിയ ഫൈവ്സ്റ്റാര്‍  ഹോട്ടലായ  ഹോട്ടല്‍ റോസ് ബൌളിലായിരുന്നു.അങ്ങിനെ എല്ലാം കൊണ്ടും   ഞങ്ങള്‍നല്ല ഹാപ്പി മൂഡിലായിരുന്നു.    പിറ്റേആഴ്ച  അര്‍ച്ചന  നാട്ടിലേക്കു വരാനുള്ള തയ്യാറെടുപ്പും ഉണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ ശരവണാ ടെക്‍സ്റ്റയിലില്‍കയറി കുറച്ചു ഡ്രസ്സുകളും വാങ്ങി.രാത്രി വൈകിയാണെങ്കിലും മറീനാ ബീച്ചിലെ കാറ്റിന്‍റെ കുളിരു് നുകര്‍ന്ന്  പ്രോജക്ടിന്‍റെ ഇടയില്‍പറ്റിയ അബദ്ധങ്ങളുടെ കഥകളും പറഞ്ഞ് മണിക്കുറുകളോളം അവിടെയിരുന്നു.കയ്യിലെ വാച്ചില്‍ നോക്കുമ്പോളാണ് നേരം വളരെ വൈകിയെന്നു മനസ്സിലായത്. എന്‍റെ ടൂവീലറില്‍അവളെ പേയിംഗ് ഗസ്റ്റ് വീട്ടില്‍ കൊണ്ട്    ആക്കിയിട്ട് എനിക്ക് എന്‍റെ ഫ്ലാറ്റിലെത്തണമായിരുന്നു. എളുപ്പം തന്നെ ഞങ്ങള്‍തിരികെ പോകുവാന്‍വണ്ടി സ്റ്റാര്‍ട്ടാക്കിയപ്പോളാണ് അത് കാണുന്നത്.ചുറ്റിനും പരിചയമില്ലാത്ത മൂന്നു നാലുപേര്‍. അവര്‍വളരെ നേരം കൊണ്ടേ ഞങ്ങളെ വാച്ചു ചെയ്തു കൊണ്ട് അങ്ങകലെ ബീച്ചിലിരുന്നതായിരിക്കണം.. ചുറ്റിനും നിന്ന അവര്‍തമിഴിലെന്തൊക്കെയോ ചോദിച്ചു. അവസാനം അര്‍ച്ചനയെ കടന്നു പിടിച്ചപ്പോളാണ് അവരുടെ ഉദ്ദേശ്യം മനസ്സിലായത്ചെറുത്തു നിന്ന എന്നെ അവര്‍നല്ലവണ്ണം പ്രഹരിച്ചു. നിസ്സാഹയനായ ഞാനവിടെ കിടന്ന് വിളിച്ചു കൂവി. അപ്പോഴേക്കും അര്‍ച്ചനയെ അവര്‍കാറില്‍കയറ്റി കൊണ്ടുപോയി കഴിഞ്ഞിരുന്നു. ഓടിയെത്തിയ ബീച്ച് പട്രോള്‍ പോലീസ് വന്ന് എന്നെ ചോദ്യം ചെയ്യുകയായിരുന്നു. കംമ്പനിയുടെ ഐഡന്‍റിറ്റി കാണിച്ച എന്നെ പൊയ്ക്കൊള്ളുവാന്‍പറഞ്ഞു. പുറത്തറിഞ്ഞാലുള്ള കഥയോര്‍ത്ത് എന്‍റെ അടുത്ത സ്നേഹിതന്‍കന്നടക്കാരന്‍  ഭാസ്ക്കറിനെ  വിളിച്ചു. ഞാനും അവനും കൂടി ആ ബീച്ചു മൊത്തം രാത്രിയിലരിച്ചു പെറുക്കി. അപ്പോളാണ് അവന്‍പറയുന്നത് അവിടെയുള്ള പോലീസുകാരും ഉന്നതന്‍മാരും ഒക്കെ അറിഞ്ഞു കൊണ്ടു ചെയ്യുന്ന കച്ചവടമാണിതെന്ന്കരിംതിരി കത്തി അണഞ്ഞ വിളക്കുപോലെ ഞാന്‍ രാവെളുക്കുവോളം ആ കടപ്പുറത്ത് കുത്തിയിരുന്നു. എനിക്കു കൂട്ടിന് ഭാസ്ക്കറും.അങ്ങിനെ വെളുപ്പാന്‍കാലമായപ്പോള്‍ അങ്ങകലെ എവിടെ നിന്നോ ഒരു ഞരക്കം കേട്ടു. ഞങ്ങളതിന്‍റെ ഉറവിടം തിരക്കി ചെന്നപ്പോളാണ് പിച്ചി ചീന്തിയ ചെമ്പരത്തിപ്പൂവായി എന്‍റ അര്‍ച്ചന ബോധമില്ലാതെ കടല്‍തീരത്ത്.!

എനിയ്കതെങ്ങനെ അമ്മയടുയടുക്കല്‍പറയണമെന്നറിഞ്ഞു കൂടാ...ഞാനും ഭാസ്ക്കറും കൂടി അവന്‍റെ ചേച്ചി ഡോക്‍ടറായി വര്‍ക്കു ചെയ്യുന്ന ഒരു ആശുപത്രിയില്‍അവന്‍റെ വണ്ടിയില്‍കൊണ്ടുപോയി. എത്രയും പവിത്രമായി അവള്‍അന്നുവരെ കാത്തു സൂക്ഷിച്ച അവളുടെ എല്ലാം ആ രാത്രിയില്‍രണ്ടോ അതില്‍കൂടുതലോ അധമന്‍മാര്‍പിച്ചിച്ചീന്തി...തീരെ അവശയായ അവളെ നോര്‍മലാക്കി എടുക്കാന്‍മരുന്നും ആശ്വാസവചനങ്ങളും പിന്നെ ഒരു സൈക്കിയാട്രിന്‍റെ സഹായവും എല്ലാം വേണ്ടിവന്നു. പതുക്കെ പതുക്കെ അവള്‍ സാധാരണനിലയിലേക്കു വന്നു.അത്രയും ദിവസം ഭാസ്ക്കറിന്‍റെ ചേച്ചിയുടെ വീട്ടിലായിരുന്നു അര്‍ച്ചന. സുഖമില്ലായെന്ന് പറഞ്ഞ് കംമ്പനിയില്‍ നിന്നും ലീവെടുത്തു. വീണ്ടും കംമ്പനിയില്‍ ജോയിന്‍ ചെയ്ത അവള്‍ എന്നില്‍നിന്നും കഴിയുന്നതും അകലാനുള്ള ശ്രമമായിരുന്നു. ഒരിയ്ക്കല്‍ പോലും പിന്നെയവള്‍  ബീച്ചില്‍വന്നിട്ടില്ല. കടലിന്‍റെ  തിരമാലകളുടെ  അലയടി കാണുന്നതു തന്നെ അവള്‍ക്കു ഭയമായിരുന്നു.

ഒഴുകിവന്ന പുഴയുടെ ഒഴുക്കു നിലച്ചതുപോലെയായി ഞങ്ങള്‍രണ്ടുപേരും. അടുത്ത പ്രോജക്ടുമായി  ഹൈദ്രബാദിലേക്കു പോകുന്ന അന്ന് വന്ന് അവളെന്നോടു യാത്ര പറഞ്ഞു. അവളുടെ മുഖത്തെ നിസ്സംഗഭാവം എന്നെ തളര്‍ത്തിക്കളഞ്ഞു. ഞാന്‍മൂന്നു നാലു ദിവസം ഓഫീസില്‍ പോകാതെ വീട്ടില്‍തന്നെ കഴിച്ചുകൂട്ടി. അപ്പോഴാണ് അമ്മയോട് ഇനി മേലില്‍അവളുടെ കാര്യം തിരക്കരുതെന്നു പറഞ്ഞത്. ഒരു പിടിവള്ളി കിട്ടാതെ ഞാന്‍ദിവസങ്ങള്‍തള്ളി നീക്കിയ സമയമായിരുന്നു അത്.
പിന്നീടു വന്ന അമ്മയുടെ കഥയും. എനിയ്ക്കാകെ ഭ്രാന്തു പിടിച്ചതുപോലെയായി.
ഇനി അമ്മ പറയൂ. എങ്ങിനെ വേണം അതിന്‍റെ അവസാന  ഭാഗം എഴുതി തീര്‍ക്കേണ്ടത്?,
എവിടെയൊക്കെയാണ് അതില്‍ വെട്ടി തിരുത്തേണ്ടത്?.

അവന്‍റെ മെയില്‍വായിച്ച്   കണ്ണിലിരുട്ടു കയറിയതു പോലെ ആയി. കുറച്ചു തണുത്ത വെള്ളവും കുടിച്ച് .കുറേ നേരം  അകത്ത് കട്ടിലില്‍ പോയി കിടന്നു. അറിയാതെ ഒന്നു മയങ്ങി...............
     ഹൈദ്രബാദിലെ റെയില്‍വേസ്റ്റേഷനിലൂടെ താന്‍ നടക്കുന്നു. ഓട്ടോക്കാരന്‍റടുക്കല്‍എങ്ങിനെയെങ്കിലും സ്ഥലം പറഞ്ഞു കൊടുത്തു..ഫാബ് സിറ്റി...ലാഡ് ബസ്സാറിനടുത്തുള്ള
......................................... അവന്‍ തന്നെ കൃത്യമായും ഒരു ബഹു നില കെട്ടിടത്തിന്‍റെ മുമ്പില്‍..............................പേരുള്ളത്. കൊണ്ടു നിര്‍ത്തി. ഓട്ടോ കൂലി കൊടുത്ത് അവനെ പറഞ്ഞയച്ചു കഴിഞ്ഞ്.റിസപ്ക്ഷനില്‍  ചെന്ന് പേരു പറഞ്ഞു..അര്‍ച്ചന വാര്യര്‍.....   എന്നോട് റിസപ്ഷനിസ്റ്റ് വെയിറ്റു ചെയ്യുവാന്‍പറഞ്ഞു. അല്‍പ്പസമയം കഴിഞ്ഞു. നനഞ്ഞൊട്ടിയ പീലികളുമായി...ചിറകുവിരിച്ചാടുവാന്‍കഴിയാത്ത ഒരു മയില്‍ പേട നടന്നടുക്കുന്നതുപോലെ അര്‍ച്ചന അടുത്തുവന്നു.
തന്നെക്കണ്ട അവള്‍ ഒരു പൊട്ടിക്കരച്ചിലോടെ തന്‍റെ മേലേക്കു ചാഞ്ഞു...ആരോ തന്നെ തട്ടി വിളിച്ചു. അതോ എന്തോ ശബ്ദം കേട്ടതോ... മയക്കത്തില്‍നിന്നും ഉണര്‍ ന്നെങ്കിലും  ആസ്വപ്ന കാഴ്ചകള്‍  മനസ്സില്‍തങ്ങിനിന്നു. അതിലൊരു മണ്‍ചിരാതിന്‍റെ വെളിച്ചം ....  ചെറിയ ഒരു ആശ. ചിലപ്പോളങ്ങനെയാണ്.ചില കാര്യങ്ങള്‍..ഒരിക്കലും സോള്‍വു ചെയ്യാന്‍പറ്റില്ല എന്നു വിചാരിക്കുന്ന കാര്യങ്ങളായിരിക്കും ഏതെങ്കിലും ഒരു മാര്‍ഗ്ഗം തെളിഞ്ഞു വരും. അതിലങ്ങു പരിഹരിച്ചു പോകും.ഇതും അതുപോലെ……..മനസ്സിലൊരു ആശയുടെ തിരി നാളം കത്തിത്തുടങ്ങി……
അത്തവണത്തെ ഓഫീസ് ടൂറ് ഹൈദ്രബാദിലുള്ളതിന് തന്‍റെ പേരെഴുതിയേക്കാന്‍ സെക്രട്ടറിയുടെ അടുക്കല്‍പറഞ്ഞു. അഡീഷണല്‍ സെക്രട്ടറി ബാല ഗംഗാധറിന്
വിസ്മയം.  എന്തുപറ്റി ഇത്തവണ ഇന്ദിര സാര്‍  ടൂറു പോകുവാന്‍സമ്മതിച്ചത്?


   ആദ്യമായല്ല ഹൈദ്രബാദിലേയ്ക്കു പോകുന്നത്വര്‍ഷങ്ങളുടെ മങ്ങിയ ഒരോര്‍മ്മയുണ്ട്. കല്യാണം കഴിഞ്ഞ നാളുകളില്‍ ഹൈദ്രബാദും സെക്കന്‍ഡ്രാബാദും .

 ഹൈദ്രാബാദിന്‍റെ ' ഗ്ലോബല്‍ ഐക്കണ്‍ആയ   ചാര്‍മിനാര്‍ കോട്ടയും ഒക്കെ ഒരു നിമിഷം മനസ്സില്‍ കൂടി ഒരു മിന്നലാട്ടം നടത്തി. ഒരുകാലത്ത്   കോഹിനൂര്‍ രത്നത്തിന്‍റെ ഇരിപ്പിടമായിരുന്ന ഗോല്‍ഘണ്ട ഫോര്‍ട്ട് അന്ന് രണ്ടുപേരും കൂടി അനായാസം കയറി ,   അന്ന് പൊളിഞ്ഞ കോട്ടയുടെ  ഒരു കല്ലിലിരുന്ന് ജീവിതം കെട്ടി പൊക്കി കോട്ടയാക്കുന്നതിന്‍റെ അടിത്തറ പാകിയത് ഇന്നലത്തേപോലെ ഓര്‍ക്കുന്നു. പിന്നീട് യാഥാര്‍ത്ഥ്യങ്ങളോട് അടുക്കുമ്പോളാണ് കോട്ടകളെല്ലാം   തകര്‍ന്നടിയുന്ന വെറും ചീട്ടു കൊട്ടാരം മാത്രമാണെന്നറിയുന്നത്.
 വെണ്ണക്കല്ലില്‍ തീര്‍ത്ത ബിര്‍ളാ മന്ദിരവും , ഷാലാര്‍ ജംഗ് മ്യൂസിയവും ഒക്കെമനസ്സില്‍ മായാതെ കിടക്കുന്നു.
  ഹൈദ്രബാദ് റെയില്‍വേസ്റ്റേഷനില്‍ കോണ്‍ ഫെറന്‍സ് കോഡിനേറ്റര്‍ ധനുഷ്  റിസീവ് ചെയ്യാന്‍  വന്നിട്ടുണ്ടായിരുന്നു. ഗസ്റ്റ് ഹൌസ് വരെ അദ്ദേഹം കൂട്ടിനു വന്നു.പിറ്റേ ദിവസം രാവിലെ മീറ്റിംഗിനു വരുമ്പോള്‍ കാണാമെന്നും പറഞ്ഞ് ധനുഷ് പോയി. അന്നു ഞായറാഴ്ച ഒരു പകല്‍ മുഴുവനും തനിക്ക്  തന്‍റ ഉദ്ദേശ്യത്തിനു വേണ്ടി  വിനിയോഗിക്കാമായിരുന്നു. ഗസ്റ്റ്ഹൌസില്‍ നിന്നും ഒന്നു ഫ്രെഷപ്പാകാനുള്ള സമയം മാത്രമേ എടുത്തുള്ളു. അന്നത്തെ പകല്‍ തനിയ്ക്കുവേണ്ടി മാത്രം ഉള്ളതുപോലെ തോന്നി. താന്‍ വന്ന ഉദ്ദേശ്യം. അതാണു പ്രധാനം. എങ്ങിനെയും അര്‍ച്ചനയുമായി കണ്ടു മുട്ടണം. പുറത്തിറങ്ങി ഒരു ഓട്ടോ പിടിച്ചു. സ്ഥലം പറഞ്ഞു. ലാഡ് ബസ്സാറിന്    പിന്നിലുള്ള     ഹൈടെക്‍സിറ്റിക്കടുത്തുള്ള ഗംഗോത്രി.ഓട്ടോക്കാരന്‍ കൃത്യമായും തന്നെ ആ ബഹുനിലക്കെട്ടിടത്തിന്‍റ മുമ്പില്‍ കൊണ്ടുവന്നു നിര്‍ത്തി. ഗംഗോത്രി. ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. സ്വപ്നത്തില്‍ കണ്ട റിസപ്ഷനിസ്റ്റില്ലായിരുന്നു. പകരം ഒരു ഹിന്ദിക്കാരന്‍ സെക്യൂരിറ്റി. ആരെ കാണണമെന്നു തിരക്കി.
അര്‍ച്ചനാ വാര്യര്‍. അയാള്‍ പേരിന്‍റെ വാലുമാത്രം കോണിപ്പടിയില്‍ പകുതി വരെ കയറി നിന്നുകൊണ്ട് പറയുന്നതു കേട്ടു.
" വാര്യര്‍...   ജല്‍ദി  ആയിയെ ബേഠീ....ഏക്‍ വിസിറ്റര്‍‌ ഹെ".
ബാക്കിയെല്ലാം സ്വപ്നത്തിലേ പോലെ തന്നെയായിരുന്നു.
അല്‍പ്പസമയം കഴിഞ്ഞു. നനഞ്ഞൊട്ടിയ പീലികളുമായി...ചിറകുവിരിച്ചാടുവാന്‍കഴിയാത്ത ഒരു മയില്‍ പേട നടന്നടുക്കുന്നതുപോലെ അര്‍ച്ചന അടുത്തുവന്നു.തന്നെക്കണ്ട അവള്‍ ഒരു പൊട്ടിക്കരച്ചിലോടെ തന്‍റെ മേലേക്കു ചാഞ്ഞു...
അമ്മയെക്കണ്ട സന്തോഷമാണോയെന്ന് സെക്യൂരിറ്റിക്കാരന്‍ ഹിന്ദിയില്‍ ചോദിച്ചു. അതെയെന്നുത്തരവും പറഞ്ഞു.അല്‍പ്പം കഴിഞ്ഞപ്പോള്‍  ഒന്നു ശാന്തമായി. അവളോട് ഫ്രെഷായി തന്‍റ കൂടെ പുറത്തോട്ട് വരുവാനാവശ്യപ്പെട്ടു.അവളൊരു കൊച്ചു കുട്ടിയെ പോലെ അനുസരിച്ചു. അന്നു മുഴുവന്‍ താനും അവളുമായി  ഗോല്‍ഘണ്ട ഫോര്‍ട്ടും ചാര്‍മിനാര്‍ കോട്ടയും ഒക്കെയായി കറങ്ങി നടന്നു.പഴയ പ്രസരിപ്പൊന്നും അവളില്‍ കണ്ടില്ല. പഴയ അര്‍ച്ചനയുടെ ജീവസ്സറ്റ ഒരു പ്രതിബിംബം പോലെയാണ് തനിയ്ക്ക്  തോന്നിയത്. വിഷമം പുറത്തുകാട്ടാതെ വാതോരാതെ പലതിനെപ്പറ്റിയും താന്‍ സംസാരിച്ചു കൊണ്ടിരുന്നു. അങ്ങിനെ പണ്ട് ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്, ഞങ്ങള്‍..ഞാനും ഭര്‍ത്താവും കൂടി  സ്വപ്നങ്ങള്‍ നെയ്ത് കോട്ട കെട്ടിരസിച്ച് ഇരുന്ന ആ കല്ലില്‍... അത് കണ്ടുപിടിയ്ക്കുവാനൊരു പ്രയാസവും നേരിട്ടില്ല.... ആനയുടെ ആകൃതിയായിരുന്ന ആ പാറയെ ആനപ്പാറ എന്നാണു വിളിച്ചിരുന്നത്.അതില്‍ ചെന്നിരുന്നു. ആപൊട്ടിപ്പൊളിഞ്ഞ കോട്ട ഒരു മാറ്റവുമില്ലാതെ.. അതേപോലെ തന്നെ നിലനില്‍ക്കുന്നു. അതിലിരുന്ന തനിയ്ക്ക് വന്ന മാറ്റം കണ്ട് ആ കല്ലിന്‍റെയുള്ളിലൊരു നാവുണ്ടായിരുന്നെങ്കില്‍  ആ നാവില്‍നിന്നതറിയാമായിരുന്നല്ലോയെന്ന്  വെറുതെ ആശിച്ചുപോയിഅവിടെയിരുന്നാണ്. താന്‍ അര്‍ച്ചനയ്ക്ക് അഹല്യാമോക്ഷത്തിന്‍റ കഥ പറഞ്ഞു കൊടുത്തത്. ആസക്തി പൂണ്ട ഇന്ദ്രന്‍  ഗൌതമമുനിയുടെ വേഷം പൂണ്ട് വന്ന് അഹല്യയെ പ്രാപിച്ചതും. കുളിയ്ക്കാന്‍ പോയി തിരിച്ചു വന്ന മഹര്‍ഷിവര്യന്‍ നിരപരാധിയായ  അഹല്യയെ  പാഷാണമായി തീരാന്‍ ശപിച്ചതും അതു കഴിഞ്ഞ്  രാമപാദത്താല്‍   ശാപ മോക്ഷം കിട്ടിയ  അഹല്യ , വീണ്ടും മഹര്‍ഷിവര്യനുമായി ജീവിതത്തിലേയ്ക്ക് തിരിച്ചു പോയതും ഒക്കെ. ഞാന്‍ അര്‍ച്ചനയോട് ആ കഥ  തിരികെ തനിയ്ക്കു പറഞ്ഞു തരുവാനാവശ്യപ്പെട്ടുഅവളുടെ നാവില്‍ കൂടി അതു താന്‍ കേള്‍ക്കാനാഗ്രഹിച്ചു. അവളാക്കഥയെ എത്രമാത്രം ഉള്‍ ക്കൊണ്ടു എന്നറിയാന്‍.അവള്‍ വീണ്ടും കഥമുഴുവനും ഒട്ടും വിടാതെ ഒരു കൊച്ചു കുട്ടിയെപോലെ  പറഞ്ഞു. ഒരു വാരസ്യാര് കുട്ടിയ്ക്ക് അവളുടെ മുത്തശ്ശി പറഞ്ഞ് അതെല്ലാം ഹൃദിസ്ഥമാണെന്ന് തനിയ്ക്കറിയാവുന്ന സത്യം മറച്ചു വെച്ചാണ്, പുതിയതായി കേള്‍ക്കുന്ന പോലെ താനവള്‍ക്കാ കഥ പറഞ്ഞു കൊടുത്തതും. അവളെക്കൊണ്ട്  തിരിച്ച്  പറയിച്ചതും.
        കഥ പറഞ്ഞ് തന്നെ കേള്‍പ്പിച്ചു കഴിഞ്ഞ് താനവളോട് ചോദിച്ചതിതായിരുന്നു. ഇന്ദ്രന്‍ കള്ള വേഷം കെട്ടി വന്ന് അഹല്യയുടെ ചാരിത്ര്യം കവര്‍ന്നത് ആരുടെ കുറ്റമാണ്. അഹല്യ അതില്‍ പങ്കാളിയാണോ... ചോദ്യത്തിന്‍റ അര്‍ഥം മനസ്സിലാക്കിയ അവള്‍ വീണ്ടും ഒരു പൊട്ടിക്കരച്ചിലോടെയാണ് "ഒരിയ്ക്കലും അല്ലാ..." എന്നു് പറഞ്ഞത്. അവളുടെ ഹൃദയത്തിലെ ദുഃഖം മൊത്തമായി ആ കരച്ചിലില്‍ കൂടി പുറത്തേയ്ക്കൊഴുകിയ നിമിഷമായിരുന്നു അത്തിളച്ചു മറിഞ്ഞു കിടന്ന അവളുടെ മനസ്സിലെ വിഷമം മുഴുവന്‍ ലാവ പോലെ പുറത്തേയ്ക്കു ബഹിര്‍ഗമിച്ചു.    അന്ന്  അവളെ തിരികെ ഹോസ്റ്റലിലാക്കി ഗസ്റ്റ് ഹൌസിലേയ്ക്കു പോകുമ്പോള്‍, മനസ്സില്‍
നിന്നാ ചോദ്യം പുറത്തേക്കു വന്നു. ര്‍ച്ചനാ, നിനക്കുവേണ്ടി എന്റെ മനസ്സിലൊരുക്കിവെച്ചിരിക്കുന്ന നിലവിളക്കെന്നെങ്കിലും പുറത്തെടുത്ത് കത്തിയ്ക്കാനാകുമോ..... എന്റെ മനസ്സിലെ      കുഞ്ഞോട്ടുരുളിയില്‍ ഞാന്‍ കലക്കി വെച്ചിരിക്കുന്ന അരത്തവെള്ളം വെച്ച് എന്നെങ്കിലും നിന്നെ ഉഴിഞ്ഞകത്തു കേറ്റാനൊക്കുമോ...

തുടര്‍ന്നു വായിക്കുവാന്‍ ഇവിടെ ക്ലിക്കുക

അടിക്കുറിപ്പ്


ഈ കഥയ്ക്ക് ഏഴു ഭാഗങ്ങളുണ്ട് ലിങ്കില്‍ ക്ലിക്കിയാല്‍ ഓരോ ഭാഗങ്ങളും വായിക്കാം

ഭാഗം 1
ഭാഗം 2
ഭാഗം 3
ഭാഗം 4
ഭാഗം 5
ഭാഗം 6
ഭാഗം 7   

ഗതിമാറി ഒഴുകിയ പുഴ: ഭാഗം-4


എങ്ങിനെയോ ഓടി താഴെ എത്തിഎളുപ്പം തന്നെ ലാപ്പ് തുറന്നു. വിന്‍ഡോസ് ബൂട്ടു ചെയ്തു വരുവാനുള്ള സമയം അക്ഷമയോടെ ഇരുന്നു. ജിമെയില്‍  സൈന്‍ ചെയ്തു. പാസ്സ് വേര്‍ഡ് കറക്‍റ്റല്ലാ എന്നു പറഞ്ഞു മെസ്സേജു വന്നു. ധൃതിവെച്ചു കൊടുത്തതാണല്ലോ. ക്യാപ്സ് ലോക്ക് ഓണ്‍ആയി കിടക്കുന്നു. എന്തെങ്കിലും എളുപ്പം കാണാന്‍ശ്രമിച്ചാലിങ്ങനയാ നൂറു നൂറു തടസ്സങ്ങളാണ്.
അതാ അവന്‍റ മെയില്‍... കൂടെ  ഒരു അറ്റാച്ച് മെന്‍റ് ഫയല്‍. വൈറസ് സ്കാനിനെ പഴിച്ചു. എത്രയും പെട്ടെന്ന് ഫയല്‍ഓപ്പണ്‍ചെയ്യാന്‍മനസ്സു വെമ്പി. മഴകാത്തിരുന്ന വേഴാമ്പലിനെപ്പോലെ...എന്തായിരിക്കും. ഫയല്‍.. വേര്‍ഡില്‍ ഫയല്‍ ഓപ്പണായി വരുന്നു. തിരശ്ശീലക്കു പിന്നില്‍നിന്നും തെളിഞ്ഞു വരുന്ന തന്‍റെ കഥയുടെ തലക്കെട്ടാണാദ്യം കണ്ടത്....ഗതിമാറി ഒഴുകിയ പുഴ.. മനസ്സില്‍പഞ്ചവാദ്യത്തിന്‍റെ പടഹധ്വനി. അതേ താനയച്ച കഥ . പക്ഷെ  അതിന്‍റെ അവസാനമല്ലേ തനിക്കു വേണ്ടത്. മൌസ്   ക്ലിക്കി താഴോട്ടു വലിച്ചു. താനെഴുതിയ അവസാന വരി......
അവന്റെ ഒരു എഴുത്തും. ഒപ്പം ഉണ്ട്എഴുത്തിന്റെ വരികളില്‍ കൂടി കണ്ണോടിച്ചു.
പ്രിയപ്പെട്ട അമ്മക്ക്, അമ്മയുടെ എല്ലാ കഥയും പോലെ എനിക്ക് ഇത് വായിച്ചു തള്ളാന്‍പറ്റിയില്ല. ഇത് അമ്മയുടെ മോന്‍റെ ലൈഫ്  അമ്മ കഥയാക്കിയതാണല്ലോ.അതിന്‍റെ ഡിസ്ക്ക്ളോസു ചെയ്യാത്ത അവസാനഭാഗത്തിനു വേണ്ടിയല്ലേ അമ്മ എനിക്ക് ആ കഥ അയച്ചത്.വീണ്ടും  ഞാനാ ജോലി അമ്മക്ക്  തരുന്നു. അമ്മ തന്നെ  തീരുമാനിക്കുക, എങ്ങിനെയാകണം അതിന്‍റെ
അവസാന ഭാഗം വേണ്ടതെന്ന്.താഴെ എഴുതിയിരിക്കുന്നത് വായിച്ചു നോക്കിയിട്ട് തീരുമാനിക്കുക"

അതാ അടുത്ത പാരഗ്രാഫ് അതിന്‍റ  താഴെയായി തുടങ്ങിയിരിക്കുന്നു.
 അതിങ്ങനെ.
  ഞങ്ങളുടെ ആകാശത്തിന് അതിരുകളില്ലായിരുന്നു. ഞങ്ങളുടെ ഒഴുക്കിന് തടയണകളില്ലായിരുന്നു. അതിരുകളില്ലാത്ത  ആകാശത്തു കൂടി ഞങ്ങള്‍പാറിപ്പറന്നു.
 ഒരിക്കലും ചിറകുകള്‍കൂട്ടി മുട്ടാതിരിക്കുവാനും കൊക്കുകളുരുമ്മാതിരിക്കുവാനും ഞങ്ങള്‍പ്രത്യേകം ശ്രദ്ധിച്ചിരുന്നു.    
തടയണകളില്ലാത്ത ഒഴുക്ക് ഒരിക്കലും കൂലം കുത്തിയൊഴുകാതിരിക്കുവാനും  ഞങ്ങള്‍ശ്രദ്ധിച്ചിരുന്നു.തെളിനീരിന്‍റെ   അടിയില്‍കിടന്ന പാറച്ചീളുകളും മണ്‍തരികള്‍പോലും അതുകണ്ടത്ഭുതപ്പെട്ടു. എത്ര ശാന്തമായ ഒഴുക്ക്.
ഹൈദ്രാബാദില്‍നിന്നും അര്‍ച്ചനക്ക്  സ്ഥലം മാറ്റം കിട്ടി  മദ്രാസ്സിലേക്കു വന്ന വിവരം ഞാനമ്മയോടു പറഞ്ഞിരുന്നല്ലോ. അന്നല്ലേ അമ്മ എന്നോടു പറഞ്ഞത്. ..ഒന്നിലും അമിതമായി സന്തോഷിക്കുകയോ..അമിതമായി ദുഃഖിക്കുകയോ അരുതെന്ന്...എനിക്കതപ്പോളൊരു തമാശയായെ തോന്നിയുള്ളു. എപ്പോഴും എന്തിനും ഉപദേശം തരുന്ന  അമ്മയുടെ ഒരു പച്ച വാക്ക്.
 അര്‍ച്ചന മാസത്തിലൊരിക്കല്‍നാട്ടില്‍ പോകും. അവളില്ലാത്ത ദിവസങ്ങളെനിക്കു ബോറടി കൂടും. മദ്രാസിലെ മറീന ബീച്ചായിരിക്കും അപ്പോളെന്‍റെ അഭയം.
 വീട്ടില്‍ ചെന്നാലും അവള്‍ ദിവസം രണ്ടു പ്രാവശ്യം എന്നെ വിളിക്കുമായിരുന്നു. അവള്‍ക്ക് ആകെ എന്‍റെ കാര്യം പറയാവുന്ന ഒരേ ഒരാള്‍അവളുടെ അനിയന്‍ദാനവ് ആയിരുന്നു. വീട്ടിലെ വിശേഷങ്ങളും അവന്‍ ചേച്ചിക്ക് കൈമാറിയിരുന്നു. ഒരു തവണ നാട്ടില്‍ പോയി വന്നപ്പോള്‍,   അമേരിക്കയില്‍  മൈക്രോസോഫ്റ്റില്‍ ജോലിയുള്ള ശരത്തിന്‍റെ കാര്യം എന്നോടു പറഞ്ഞു. അവള്‍ ചെല്ലുന്ന ദിവസം കണക്കാക്കി അവര് ‍കാണാന്‍ ചെന്നിരുന്നു എന്നും പറഞ്ഞു. പക്ഷെ എം ടെക്‍കഴിഞ്ഞു കല്യാണം മതിയെന്ന് ഒറ്റവാശിയിലവള്‍പറഞ്ഞത്രെ. അങ്ങിനെ അത്തവണ  അവള്‍രക്ഷപ്പെട്ടു.

ദിവസങ്ങള്‍വീണ്ടും കടന്നു പൊയ്ക്കൊണ്ടിരുന്നു. ഞങ്ങള്‍ക്ക്   ഉദയവും അസ്തമയവും ഇല്ലായിരുന്നു.

 ഞങ്ങളു  രണ്ടുപേരും കമ്പനിയിലെ പ്രോജക്ടുകളില്‍മുഴുകി. കംപ്യൂട്ടറുമായി  ദിവസത്തിന്‍റെ ഏറിയ പങ്കും ചെലവഴിച്ച ഞങ്ങള്‍ക്ക് രാവും പകലും ഒരേ പോലെയായിരുന്നു. ഞങ്ങള്‍ക്കു തന്നെയല്ല..ഞങ്ങളെപ്പോലെ ഉള്ളവരായിരുന്നു ഒട്ടു മുക്കാലും പേരും.അവരിലേറിയ കൂറും രാത്രിഞ്ചരന്‍മാരായിരുന്നു. ഞങ്ങള്‍ക്കു വേണ്ടിമാത്രം ഭക്ഷണം തയ്യാറാക്കി രാത്രിയുടെ അര്‍ദ്ധ യാമത്തില്‍കച്ചവടം ചെയ്ത് ഉപജീവനം കഴിക്കുന്ന എത്രയോ കച്ചവടക്കാര്‍. ചെറുതിലേ  പഠിച്ച ദിനചര്യകളെല്ലാം തകിടം മറിഞ്ഞു.  രാത്രി പകലുകളാക്കി പ്രോജക്ടകളില്‍    മുഴുകുമ്പോള്‍ ഞങ്ങളുടെ ക്ലൈയന്‍റ്  അതിനെ വാച്ചു ചെയ്തു കൊണ്ട് ലോകത്തിന്‍റെ മറ്റൊരു കോണിലിരിക്കുകയാവും. പ്രോജക്ടു പാര്‍ട്ടിയും, ക്ലൈയന്‍റു മീറ്റിംഗും ഒക്കെയായി ഞങ്ങള്‍  
സീനിയേഴ്സിന്റെ പാതയില്‍ കൂടി യൌവ്വനം ഹോമിക്കുമ്പോള്‍ ഉടമസ്ഥരായ മള്‍ട്ടി നാഷണല്‍കമ്പനികള്‍തിന്നു കൊഴുക്കുകയായിരുന്നു.

പാതിരാത്രി വരെ കമ്പനിയിലെ ജോലികഴിഞ്ഞ്, ചിലര്‍ ഇണക്കുരുവികളുമായി വിശ്രമിക്കുന്നത്, പബ്ബുകളിലും ബാര്‍ ഹോട്ടലുകളിലും ആയിരിക്കും.നേരം ഉദിച്ചാല്‍ പാതിരായാകുവോളം കോഡിംഗും,ഡിബഗ്ഗിംഗും ആയി,  സി പ്ലസ്സിലും,ജാവയിലും ഒറാക്കിളിലും  ഒക്കെ പടവെട്ടി തളര്‍ന്ന എന്‍റ കൂട്ടുകാരെ കുറ്റം പറയാനൊരിയ്ക്കലും എനിയ്ക്കു തോന്നുകയില്ലായിരുന്നു അമ്മേ.. പക്ഷെ അമ്മയുടെ മോന്‍ അതില്‍ നിന്നെല്ലാം തെന്നിമാറി നടന്നിരുന്നു എന്ന് അമ്മയ്ക്ക് നൂറു ശതമാനവും വിശ്വസിക്കാം.ഞാനഭയം കണ്ടിരുന്നത് മറീനാ ബീച്ചിലെ കടല്‍ തീരമായിരുന്നു.അമ്മയ്ക്കറിയാവുന്നതാണല്ലോ,പണ്ടും മനസ്സ് ഫ്രെഷാകുവാന്‍  ഞാനഭയം തേടിയിരുന്നത് കോവളം ബീച്ചും,ശംഖുമുഖം കടപ്പുറവുമായിരുന്നുയെന്നത്.. മറീനാ ബീച്ചിലെ കടലിലെ തിരമാലകളെ തഴുകിയെത്തുന്ന കാറ്റു വന്നൊന്നു തലോടുമ്പോള്‍, എന്‍റ മനസ്സും ശരീരവും മസ്തിഷ്ക്കവും ഒരേപോലെ ഫ്രെഷാകുമായിരുന്നു.

അര്‍ച്ചനയുമായി വല്ലപ്പോഴും കണ്ടു മുട്ടുന്നതു തന്നെ രാത്രിയിലായിരുന്നു. രാത്രിയില്‍ബീച്ചില്‍വല്ലപ്പോഴും പോയിരുന്ന്  കടലിന്‍റെ തിരകളിലുതിരുന്ന സംഗീതവും കടല്‍ക്കാറ്റിന്‍റെ തലോടലും ഏറ്റുവാങ്ങി തിരികെ അവളെ അവളുടെ പി.ജി. വീട്ടിലാക്കി ഞാനെന്‍റെ മുറിയിലേക്കു പോകുകയായിരുന്നു പതിവ്കടലിലെ തിരമാലകള്‍ കരയില്‍വന്ന് തല്ലി തകരുന്നതു കാണുമ്പോളവള്‍ പറയുന്നത് ആശയടങ്ങാത്ത തിരകള്‍ തലതല്ലി ചാകുന്നു എന്നായിരുന്നു
വീട്ടില്‍അവളുടെ കാര്യം അവതരിപ്പിക്കുവാന്‍അവള്‍ ദാനവിനെ ശട്ടം കെട്ടി. അടുത്തമാസം അവള്‍  ചെല്ലുന്നതിനു മുമ്പായി എന്‍റെ കാര്യം അവളുടെ അച്ഛനോടും അമ്മയോടും പറയണമെന്ന്. ഇനി അവള്‍ക്കു വേണ്ടി വേറെ ആരേയും തിരക്കേണ്ട എന്ന് പറയാന്‍. അങ്ങിനെ ഒരു ദിവസം ദാനവ്  കാര്യങ്ങളെല്ലാം അവരോടു പറഞ്ഞു.പക്ഷേ അവര്‍ക്കത് ഉള്‍ ക്കൊള്ളുവാന്‍നന്നേ ബുദ്ധിമുട്ടായിരുന്നു.അതറിഞ്ഞ് അവളുടെ അച്ഛന്‍കമ്പനിയില്‍വരുകയും അവളെ നാട്ടിലേക്കു കൂട്ടിക്കൊണ്ടുപോകുവാനൊരു ശ്രമം നടത്തുകയും ചെയ്തു. പക്ഷേ അവളവളുടെ തീരുമാനത്തിലുറച്ചു നിന്നു. അവസാനം അവളുടെ അച്ഛനും അമ്മയും തോറ്റുകൊടുത്തു.
അങ്ങിനെ  വളരെ സന്തോഷത്തിലായ ഞങ്ങള്‍വീണ്ടും  സ്വപനങ്ങള്‍അളന്നുകൂട്ടി പൊലിയാക്കി. അതിനു മുകളില്‍ആകാശം നോക്കി കിടന്നു. പൊലി ഇടിഞ്ഞു നിലം പൊത്തിയത് വളരെ എളുപ്പമായിരുന്നു.
അമിതമായ പ്രതീക്ഷകള്‍ നെയ്തുകൂട്ടരുതെന്ന് അമ്മപറഞ്ഞപ്പോള്‍എനിയ്ക്കന്ന് അത് ഒരു തമാശയായേ തോന്നിയുള്ളു. അവളുടെ അച്ഛനും അമ്മയും നമ്മുടെ വീട്ടിലേക്കു വരാനുള്ള തയ്യാറെടുപ്പായിരുന്നു.
അര്‍ച്ചനയുടെ      പ്രോജക്ട്       ക്ലയന്‍റിന്    കൈമാറുന്ന ദിവസത്തിന്‍റെ അന്നായിരുന്നു അത് സംഭവിച്ചത്.

തുടര്‍ന്നു വായിക്കുവാന്‍ ഇവിടെ ക്ലിക്കുക

അടിക്കുറിപ്പ്


ഈ കഥയ്ക്ക് ഏഴു ഭാഗങ്ങളുണ്ട് ലിങ്കില്‍ ക്ലിക്കിയാല്‍ ഓരോ ഭാഗങ്ങളും വായിക്കാം

ഭാഗം 1
ഭാഗം 2
ഭാഗം 3
ഭാഗം 4
ഭാഗം 5
ഭാഗം 6
ഭാഗം 7   

ഗതിമാറി ഒഴുകിയ പുഴ: ഭാഗം-3

വിനോദ്  പറയാനുള്ളത് എപ്പോഴും  നേരിട്ടു തന്നെ പറയുന്ന കൂട്ടത്തിലാണ്. പണ്ടുതൊട്ടേ. ചിലപ്പോള്‍ വിചാരിക്കും അവനു തന്‍റെ  സ്വഭാവം ആണെന്ന്. എന്തു കാര്യം ആണെങ്കിലും നേരിട്ടങ്ങു തുറന്നുപറഞ്ഞു കളയും. മൂന്നാമതൊരാളോടോ ഫോണില്‍കൂടിയോ പറയുന്നതിനെക്കാളും ഇതേപോലെയുള്ള കാര്യങ്ങള്‍ നേരിട്ടു പറയുകയാണ് നല്ലത്. തികച്ചും ഒരു വൈകാരിക പ്രതിസന്ധി നേരിടുന്ന കാര്യമാണെങ്കില്‍അല്‍പ്പം ആശ്വാസം പകരാനും കഴിയുമല്ലോ. ഏതായാലും ഇനി അധികം ദിവസം കാത്തിരിക്കേണ്ടല്ലോ.കൂടി വന്നാല്‍മൂന്നോ നാലോ ദിവസം. അവന്‍വരട്ടെ. അവന്‍റെ വായില്‍നിന്നു തന്നെ തനിക്കതു കേള്‍ക്കണം. ഒരു കാലത്ത് അത്രയധികം ഇഷ്ടപ്പെട്ടിരുന്ന അവളെ  ഇന്ന് അവനെന്തിനാണ് ഇത്രയധികം തള്ളിപ്പറയുന്നത്.   എങ്ങോട്ടെങ്കിലും ഒരു ടൂറുപോയാല്‍ അവള്‍ക്കായി മാത്രം എന്തെങ്കിലും ഒരു ചെറിയ സാധനം എങ്കിലും വാങ്ങിയിരിക്കും. തന്‍റെ മകളെപ്പോലെ  മനസ്സില്‍പ്രതിഷ്ഠിച്ചതാണു താനവളെ. എന്നിട്ടിപ്പോള്‍..ഇങ്ങനെ ഒരു. മനം മാറ്റം.എന്തു പറ്റി എന്‍റെ കുട്ടികള്‍ക്ക്. അറിയാതെ വായില്‍നിന്നും വന്ന വാക്കുകള്‍കേട്ട് അദ്ദേഹം  ചോദിച്ചു. എന്തു പറ്റി? ആരോടാണ്.ആര്‍ക്കാണു പറ്റിയത്? അവിടെ നിന്നും തടിതപ്പി അകത്തേക്കു പോയപ്പോള്‍  മനസ്സിലെ നെരിപ്പോടിന്‍റെ നേരീയ ചൂടുപോലും പുറത്തോട്ടു  വമിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.

 ഇനി നാലു ദിവസം. ശനിയാഴ്ച ദിവസം അവനെത്തും. അവന്‍വന്നു കഴിഞ്ഞാല്‍പിന്നെ വീടുണരും. അവന്‍റെ മുറിയിലെ ഐപ്പോടിനു ജീവന്‍ വെക്കും. അവന്‍റെ ഇഷ്ടപ്പെട്ട സ്ഥിരം പാട്ടുകള്‍..ഹിന്ദിപ്പാട്ടുകള്‍പിന്നെ നൂറു വാട്ടുള്ള ആ സ്പീക്കറില്‍കൂടി അയല്‍പക്കങ്ങളില്‍അലയടിക്കും . അപ്പോളെല്ലാവര്‍ക്കും അറിയാംഅയല്‍പക്കക്കാര്‍ ക്കെല്ലാം അറിയാം. അവര്‍വഴിയില്‍വച്ചു കണ്ടാലുടനെ അന്വേഷിക്കും. മോന്‍വന്നു അല്ലേ. എന്നു തിരികെ പോകും? എങ്ങിനെയറിഞ്ഞു എന്നു ചോദിച്ചാലുടനെ അവര്‍പറയും  കോളാംമ്പിപ്പാട്ടുകേട്ടു. പിന്നെ   നിന്‍റെ  മുഖവും പറഞ്ഞു. ശരിയാണ് മുഖം മനസ്സിന്‍റെ കണ്ണാടിയാണ് എന്നു പറയുന്നതെത്ര ശരിയാണ്. നമ്മുടെ സന്തോഷം സങ്കടം എല്ലാം പ്രതിഫലിക്കുന്നത്  മുഖത്താണല്ലോ. ഒരാളിന്‍റെ മനസ്സിനെ മുഖത്തു കൂടി വായിച്ചെടുക്കാം എന്നാണ് പറയുന്നത്.  ചിലരെ സംബന്ധിച്ച് അത് നൂറു ശതമാനം ശരിയാണ്.എന്നാല്‍ മറ്റു ചിലരെ സംബന്ധിച്ച് അത് പത്തു ശതമാനം പോലും ശരി അര്‍ഹിക്കുന്നില്ല. മനസ്സ് ചുഴിയില്‍ പെട്ട് കലങ്ങി മറിയുമ്പോളും ചുണ്ടിലൊരു പുഞ്ചിരി വരുത്തി കൃത്രിമമായി ചിരിക്കുന്ന  എത്രയോ ഹത ഭാഗ്യര്‍. മനസ്സു തുറന്ന് ചിരിക്കാനോ കരയാനോ അവര്‍ക്ക് കഴിയില്ല. പൊള്ളയായ അഭിമാനത്തിന്‍റെ പുറം ചട്ടയില്‍ ജീവിക്കുന്നവര്‍. ഹൃദയത്തിലൊതുക്കിയ തീനാമ്പുകള്‍ആളിപ്പടര്‍ന്ന്  ഒരുദിവസം   കത്തി അവരതില്‍ദഹിച്ചു കഴിയുമ്പോളാണ് ഇന്നലെവരെ അവരുടെ നീറുന്ന ഹൃദയം കാണാന്‍ കഴിയാതെ   അവരില്‍നിന്നും പുഞ്ചിരി ഏറ്റു വാങ്ങിയവരുടെ ഉള്ളു കാളുന്നത്.

  വെള്ളിയാഴ്ച ദിവസം മാര്‍ക്കറ്റില്‍ പോയി. കുറച്ചു പച്ചക്കറിയും മീനും ഒക്കെ വാങ്ങി.തിരികെ വരുമ്പോളാണ് അര്‍ച്ചനയുടെ അനിയന്‍ ദാനവും  അച്ഛനും അമ്മയും കൂടി ഷോപ്പിംഗ് കഴിഞ്ഞ് തിരിച്ചു പോകുന്നത്  കണ്ടത്. അച്ഛനെയും അമ്മയെയും അറിയില്ലെങ്കിലും അവളുടെ അനിയനെ നല്ല പരിചയമാണ്. എത്രയോ  പ്രാവശ്യം അവനെ കണ്ടിട്ടുണ്ട്അവനെ ആദ്യമായിട്ടു പരിചയപ്പെടുത്തിയത് താനിപ്പോഴും ഓര്‍ക്കുന്നു . അവളെ അമ്മയുമായി കാണുന്നതിനു മുമ്പാണത്. മ്യൂസിയത്തിലെ ഐസ്ക്രീം പാര്‍ലറിന്‍റെ മുമ്പില്‍ വെച്ച് ഒരു ചോക്കലേറ്റ് ബാര്‍തിന്നു കഴിഞ്ഞ് വീണ്ടും ഒന്നിനും കൂടി അര്‍ച്ചനയുമായി വഴക്കടിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍,വൈകുന്നേരത്തെ നടത്തക്കു വേണ്ടി താനും മോനും കൂടി പോകുമ്പോള്‍കണ്ടതാണ്. അവനന്നു തന്നോടു പറഞ്ഞത്ചെറിയ പരിചയം എന്നാണ്.   പിന്നീടാണ് അവന്‍ കൂടുതല്‍ വിവരങ്ങള്‍ പറഞ്ഞത്. അങ്ങകലെ ഏതോ കോളേജില്‍പഠിക്കുകയാണെന്നും. അവളുടെ കുഞ്ഞനിയനായ ദാനവിന്‍റെ കാര്യവും എല്ലാം. അതെല്ലാം കേട്ട അവന്‍റെടുക്കല്‍ അന്നു തന്നെ മറുപടി കൊടുത്തതാണ്. ഏഴാം കടലിനക്കരെയുള്ള രാജകുമാരിയെ മോഹിച്ച കുഴലൂത്തുകാരനെപ്പോലെ  ആകരുതെന്ന്. എന്നിട്ടാണിപ്പോള്‍...ഇങ്ങനെയൊക്കെ ആയത്..

അച്ഛന്‍റെയും അമ്മയുടെയും മുന്‍പില്‍ കണ്ടപ്പോള്‍    ദാനവ് ആലുവാ മണപ്പുറത്തു വെച്ചു കണ്ട പരിചയം പോലും നടിച്ചില്ല. പക്ഷേ അവര്‍കാണാതെ തിരിഞ്ഞു നോക്കി തനിക്ക് ഒരു പുഞ്ചിരി സമ്മാനിച്ചപ്പോള്‍ഒരായിരം ചോദ്യങ്ങളും തന്‍റെ മനസ്സില്‍തലപൊക്കി.മനസ്സില്‍പറഞ്ഞു " ദാനവ് നീ  അതറിഞ്ഞില്ലായെന്നുണ്ടോ, പൊട്ടിമാറിയ രണ്ടു സ്ഫടികക്കഷ്ണങ്ങളുടെ നടക്കുള്ള  രണ്ട് കുപ്പിച്ചില്ലുകളാണ് നമ്മളെന്ന്."
 പിറ്റെ ദിവസം നല്ല ഉത്സാഹമായിരുന്നു എഴുന്നേല്‍ക്കാന്‍. കിഴക്കു പെരുവനുദിക്കുന്നതിനു മുമ്പുതന്നെ എണീറ്റു. അടുക്കളപ്പണി തുടങ്ങിക്കഴിഞ്ഞു. രാവിലെ ട്രെയിനെത്തും.ഇന്നലെയേ കേറിയതല്ലേ.രാവിലെ വന്നാല്‍ആദ്യം കട്ടന്‍കാപ്പിയാണ് അവനു വേണ്ടത്. പണ്ടുതൊട്ടേ ഒരു ശീലമാണ്. അതിപ്പോഴും തുടരുന്നു. എവിടെപ്പോയാലും ചില ശീലങ്ങള്‍മാറുകയില്ല. ആ ശീലങ്ങളിലായിരിക്കും ആ ജീവിതത്തിന്‍റെ താളക്രമം. അതിനെ മറുകടന്നാല്‍ചിലപ്പോള്‍ആ ജീവിതത്തിന്‍റ
താളമാകെ തെറ്റിയെന്നിരിക്കും.  
പ്രധാന വാതില്‍അടച്ചിരിക്കുകയാണ്. അവനെത്തിയാല്‍  ബെല്ലടിക്കുമായിരിക്കും. മനസ്സിനെ കടിഞ്ഞാണില്ലാതെ അഴിച്ചു വിട്ടു കൊണ്ട് അടുക്കളജോലിയില്‍മുഴുകിയിരിക്കുമ്പോളാണ് പുറത്തു നിന്നും അമ്മായെന്നുള്ള അവന്‍റെ  നീട്ടിയ വിളി  കേട്ടത്. ഓടിച്ചെന്നു കതകു തുറന്നു .ഒന്നു കൂടി മെലിഞ്ഞു സുന്ദരനായിരിക്കുന്നു. പണ്ടത്തെ  പൊണ്ണത്തടിയനില്‍നിന്നും ഇപ്പോഴത്തെ രൂപത്തിലേക്കുള്ള അവന്‍റെ മാറ്റം തന്നെ തെല്ലൊന്നമ്പരിപ്പിക്കാതെയിരുന്നില്ല. അവനെ തന്നെ സൂക്ഷിച്ചു നോക്കി നിന്നപ്പോള്‍ മുട്ടുകാലിലിഴഞ്ഞു നടന്ന കാലം തൊട്ട് ഇപ്പോള്‍വളര്‍ന്നു പക്വതയേറിയ പുരുഷനിലേക്കുള്ള വഴി മൊത്തമായി മനസ്സില്‍കൂടി കടന്നു പോയി. നിര്‍ന്നിമേഷയായി നിന്ന തന്നെ അവന്‍റെ വാക്കുകളാണുണര്‍ത്തിയത്. "അമ്മയെന്താണെന്നെയിങ്ങനെ നോക്കുന്നത്. ഇതുവരെ കാണാത്തപോലെ.".  മക്കളെ ഓരോ നോക്കു കാണുമ്പോളും അമ്മമാര്‍ക്ക് ആദ്യം കാണുന്നതുപോലെ തോന്നും. അവരിലോരോദിവസവും വന്ന മാറ്റങ്ങള്‍കാണുകയായിരിക്കും. അത് മക്കളറിയുന്നതെങ്ങിനെ.
 പതിവുപോലെ അവന്‍ അവന്‍റെ മുറിയിലേക്കുപോയി. അവിടെ പതിവു പരിപാടികളെല്ലാം ചെയ്ത് മുറി സജീവമാക്കി.   ഫ്രെഷായി വന്ന് കാപ്പികുടിയും കഴിഞ്ഞ് പുറത്ത് കൂട്ടുകാരെ കാണാനായി പോയ അവന്‍ തിരികെ  വന്നത്  രാത്രയിലാണ്നാലു ദിവസം കഴിഞ്ഞ് അവന്‍യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ മനസ്സിലെ കണക്കു കൂട്ടലുകളെല്ലാം തെറ്റിപ്പോയി. ഇത്തവണയും അവന്‍ഒന്നും പറഞ്ഞില്ല.പലപ്രാവശ്യം ചോദിക്കാന്‍  മുതിര്‍ന്നതാണ്. അപ്പോഴെല്ലാം അവന്‍ തന്നെ സുഖിപ്പിക്കുവാന്‍...അവന്‍റ പതിവുശൈലിയില്‍പറയുന്ന വിഡ്ഢിത്തങ്ങള്‍ കേട്ട് കൂടെ ചിരിച്ച് പറയാന്‍വന്നതിനെ മനഃപ്പൂര്‍വ്വം കുഴിച്ചു മൂടി. എന്തിന് ഇത്രയും നല്ലൊരു തെളിഞ്ഞ ആകാശത്ത് കാര്‍മേഘം വരുത്തണം എന്നു വിചാരിച്ചു.

വീണ്ടും ആ എഴുതിതീരാത്ത കഥയെടുത്ത് ഒന്നു കൂടി വായിച്ചുതന്‍റെ ചില നിഗമനങ്ങളില്‍കൂടി ഈ കഥക്ക് ഒരവസാനം കൊടുത്താലോ... മനസ്സു  പറഞ്ഞു. ഇതൊരു കഥയല്ലല്ലോ.. കഥയായിരുന്നെങ്കില്‍ അതിനെ എങ്ങിനേയും അവസാനിപ്പിക്കാമായിരുന്നു. കഥാകാരന്‍റെ ആവിഷ്ക്കാര സ്വാതന്ത്ര്യം ആണത്. അവനു തോന്നുന്നപോലെ.... വായനക്കാരനില്‍ ഉദ്വേഗം  ജനിപ്പിക്കുമാറ് അവസാനിപ്പിക്കാം അല്ലെങ്കില്‍ അവനെ കണ്ണീര്‍കയത്തിലാക്കാം. അതുമല്ലെങ്കിലവനെ ചിരിപ്പിച്ച്  ചിരിപ്പിച്ച് ചിന്തിപ്പിക്കാം.
ഇതൊന്നുമല്ലെങ്കില്‍  വായിച്ചൊരു പരുവമാകുമ്പോള്‍    വായനക്കാരനെ നടുക്കടലിലിടുകയുമാകാം...
ഒന്നുമൊന്നും ചെയ്യാതെ  തിരിച്ച്    അത് കവറിലിട്ടു ഭദ്രമാക്കി ഫയലില്‍ വെച്ചു. ഒന്നു കൂടി കാത്തിരിയ്ക്കാം എന്നു മനസ്സു പറഞ്ഞു.
വീണ്ടും ശ്രാവണമാസവും ,കാര്‍ത്തികമാസവും  എല്ലാം കടന്നു പോയി. വിരസങ്ങളായ ദിവസങ്ങള്‍  മാസങ്ങള്‍ക്ക് വഴിമാറിഅവന്    കഥയയച്ചിട്ടിപ്പോള്‍ രണ്ടുവര്‍ഷം തികയാന്‍  പോകുന്നു. ഒരുവിഷു ദിവസം ആണ് അതെഴുതിയത്. ആരോരുമില്ലാതെ കടന്നുപോയ ഒരു വിഷുവിനെ വരവേറ്റത് ആ കഥയെഴുതിയാണ്. മക്കളകലെ. ഭര്‍ത്താവ് ഓഫീസ് കാര്യത്തിനായി അകലെ... അങ്ങിനെയിരുന്നപ്പോള്‍ തോന്നിയ ഒരു കൌതുകമായിരുന്നു ആ കഥ.അല്ല സത്യം കണ്ടു പിടിക്കുവാനുള്ള ഒരു തിരച്ചില്‍.
ഭൂമിയുടെ മേല്‍ മേലാപ്പു വലിച്ചിട്ടുകൊണ്ട് സന്ധ്യ കടന്നുവരാനുള്ള തയ്യാറെടുപ്പ്. സൂര്യന്‍റെ അവസാനത്തെ രശ്മിയെയും  തിരമാലകള്‍വിഴുങ്ങിക്കഴിഞ്ഞു. ടെറസ്സിന്‍റെ മുകളില്‍നിന്നാല്‍എല്ലാ കാഴ്ചയും കാണാം. അസ്തമയവും ഉദയവും എല്ലാം. ചില  ദിവസങ്ങളില്‍അസ്തമയം കാണണമെന്നു തോന്നുമ്പോള്‍സന്ധ്യാ വന്ദനം കഴിഞ്ഞ് ടെറസ്സില്‍കയറി നില്‍ക്കും. ചിലപ്പോള്‍ നി്രാശയായിരിക്കും ഫലം. കാര്‍മേഘം എവിടെ നിന്നില്ലാതെ വന്ന് മൂടിക്കളയും. അങ്ങിനെ ഇരിക്കുമ്പോളാണ് മൊബൈലില്‍ അവന്‍റെ  മെസ്സേജ് വന്നത്." ചെക്ക് യുവര്‍ മെയില്‍". എന്തായിരിക്കും

തുടര്‍ന്നു വായിക്കുവാന്‍ ഇവിടെ ക്ലിക്കുക

അടിക്കുറിപ്പ്


ഈ കഥകയ്ക്ക് ഏഴു ഭാഗങ്ങളുണ്ട് ലിങ്കില്‍ ക്ലിക്കിയാല്‍ ഓരോ ഭാഗങ്ങളും വായിക്കാം

ഭാഗം 1
ഭാഗം 2
ഭാഗം 3
ഭാഗം 4
ഭാഗം 5
ഭാഗം 6
ഭാഗം 7   
 

ഗതിമാറി ഒഴുകിയ പുഴ: ഭാഗം-2


അങ്ങിനെയിരുന്നൊരുനാള്‍  ഒരു സര്‍ പ്രൈസാകട്ടെ എന്നും പറഞ്ഞ്, ഒരു ഞായറാഴ്ച കാലത്തെ അവന്‍വീട്ടിലെത്തി.അന്നു വൈകുന്നേരം  അവന്‍റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരന്‍ നിശാന്ത്  വീട്ടില്‍വന്നു. അവന്‍കാണാതെ  താന്‍ നിശാന്തിനോട് അര്‍ച്ചനയെപ്പറ്റി തിരക്കി.അവനോടും  വിനോദ് തന്‍റെടുക്കല്‍ പറഞ്ഞ അതേ കാര്യങ്ങള്‍തന്നെയാണ് പറഞ്ഞിരിക്കുന്നത്.അത്രമാത്രം. അതവിടെ നില്‍ക്കട്ടെ! ഇനിയാണ് നമ്മള്‍പൂര്‍ത്തീകരിക്കാത്ത കഥയിലേക്കുവരുന്നത്.കഥയുടെ ത്രെഡ് മാത്രം ഇതാ  ചുരുക്കി പ്പറയാം...
സോഫറ്റുവെയര്‍  എന്‍ജിനീയറായ ഗായത്രിയും അവളുടെ കാമുകന്‍, ക്ലാസ്സ്മേറ്റായ രാകേഷും.അവളുടെ എല്ലാം എല്ലാമായ രാകേഷ്. രണ്ടുപേരും ആടിപ്പാടി ക്യാംപസ്സില്‍നിന്നും സെലക്‍ഷന്‍കിട്ടിയ കംമ്പനിയിലേക്ക്.ട്രെയിനിംഗ് കഴിഞ്ഞ ഇണപ്രാവുകളെ കമ്പനിയുടെ രണ്ടു ബ്രാഞ്ചുകളിലേക്കാണ് പറത്തി വിട്ടത്. ഗായത്രിക്ക് ഹൈദ്രാബാദും,രാകേഷിന് ബാംഗ്ലൂരും.രണ്ടുപേരും രണ്ടു സ്ഥലത്ത്. നായകനില്ലാത്ത വിരഹവേദന ഉള്ളപ്പോള്‍തന്നെ നായിക പ്രോജക്ടിലെ ടീം ലീഡറുമായി പരിചയത്തിലാകുന്നു.പരിചയം പ്രണയമായി മാറുന്നു.പ്രണയവല്ലരി പൂത്തുലഞ്ഞ് സുഗന്ധം പരത്തി തുടങ്ങി. നായകന്‍ഇടയ്ക്കിടയക്ക് നായികയെ കാണാനും വരുന്നുണ്ട്നായിക ആകെ ധര്‍മ്മ സങ്കടത്തിലാണ്നായികയേയും കഥാ നായകനേയും ഞാന്‍
നടുക്കടലിലാക്കിയിരിക്കുകയാണ്... അവസാനം ടീം ലീഡറാണോ...നായകനാണോ...നായികയുടെ കഴുത്തില്‍മിന്നു കെട്ടുന്നത്.   അതു തനിക്കറിയില്ല.   അതാണ് തനിക്കു് അറിയേണ്ടത്.അതു തീരുമാനിക്കുന്ന ജോലിയാണ് താന്‍ വിനോദിനു കൊടുത്തിരിക്കുന്നത്.ഇനി അവനാണ് അത് എഴുതി പൂര്‍ത്തിയാക്കേണ്ടത്.
കഥയുടെ പി.ഡി.എഫ് ഫയല്‍അയച്ചു  കഴിഞ്ഞ് പിന്നീടുള്ള രണ്ടു ദിവസങ്ങളില്‍അടുപ്പിച്ച് അവന്‍  ഫോണ്‍ ചെയ്തു. പക്ഷേ ഇങ്ങനെയൊരു മെയില്‍ അവനു കിട്ടിയതായിട്ട് അവന്‍പറഞ്ഞതേയില്ല.താനൊട്ടു ചോദിക്കാനും പോയില്ല.എന്നും വെറുതെ മെയില്‍ഐഡിയില്‍  സൈന്‍ ചെയ്ത് കയറുംഎന്നെങ്കിലും ആ പി.ഡി.എഫ് ഫയല്‍അതിന്‍റെ അവസാന ഭാഗങ്ങളുമായി   മെയില്‍ ബോക്‍സില്‍  തന്നെയും കാത്ത് കിടക്കും എന്നു പ്രതീക്ഷിച്ച് . ചെന്ന് മെയില്‍ ബോക്‍സു പരതും. എന്നും നിരാശയായിരുന്നു ഫലം. ജിമെയില്‍   വിന്‍ ഡോ തന്നെ നോക്കി പരിഹസിക്കുന്ന പോലെ തോന്നി.അങ്ങിനെ ദിവസങ്ങളും മാസങ്ങളും കടന്നു പൊയ്ക്കൊണ്ടിരുന്നു.വിനോദ് ഇതിനിടയില്‍  പല പ്രാവശ്യം വന്നും പോയും ഇരുന്നു.ഇങ്ങനെ ഒരു അറ്റാച്ച് ഫയല്‍കിട്ടിയതായിപ്പോലും അവന്‍പറഞ്ഞില്ല.

  മനസ്സ് അസ്വസ്ഥമായി ഓരോന്നു ചിന്തിച്ചു കൂട്ടിക്കൊണ്ടിരുന്നു.അപ്രതീക്ഷിതമായാണ് ഒരു സുഹൃത്തില്‍ നിന്നും ആ വാര്‍ത്ത കേട്ടത്.ജോലി സംബന്ധമായി കോഴിക്കോട് ഒരു മീറ്റിംഗിനു പോയപ്പോളാണ് പഴയ കോളേജ് മേറ്റ് ബിന്ദുവിനെ അവിടെ വെച്ചു കണ്ടുമുട്ടിയത്.അവളും തന്നെപ്പോലെതന്നെ ഒറ്റപ്പെടലിന്‍റ തുരുത്തിലാണെന്നു പറഞ്ഞു.മക്കളു രണ്ടുപേരും വിദേശത്തായി.അവളും ഭര്‍ത്താവും മാത്രം.ഭര്‍ത്താവ്  അറിയപ്പെടുന്ന ബിസിനസ്സുകാരന്‍.എപ്പോഴും ബിസിനസ്സാവശ്യത്തിനായി ടൂറിലായിരിക്കും.തന്നെക്കണ്ടപ്പോളവള്‍ പഴയ കോളേജുജീവിതത്തിന്‍റ പൊതികളെല്ലാം  അഴിച്ചു.ഒന്നൊന്നായി  രണ്ടുപേരുംകൂടി ഒന്നുകൂടി അയവിറക്കി.അന്നത്തെ കുട്ടികളുടെ ലൈഫും ഇപ്പോഴുള്ള  കുട്ടികളുടേതുമായി അവള്‍ താരതമ്യം ചെയ്തു. ഇന്നത്തെ തലമുറ ഒന്നു കൂടി പ്രാക്‍ടിയ്ക്കലാണെന്നവള്‍ പറഞ്ഞു. അവളുടെ വായില്‍ നിന്നാണ് താനാ വാര്‍ത്ത കേട്ടത്. പണ്ടും അവള്‍ എക്‍സ് ക്ലൂസീവ് വാര്‍ത്തകള്‍ കൊണ്ടുവരാന്‍ മിടുക്കിയായിരുന്നു.അന്ന് ഞങ്ങള്‍ കൂട്ടുകാര്‍ പറഞ്ഞത് അമേരിക്കന്‍ ചാരസംഘടനയായ സി.ഐ. എ യില്‍  ജോലി കിട്ടിയാല്‍ അവള്‍ നല്ലവണ്ണം ശോഭിക്കുമെന്നാണ്.അത്രയ്ക്കാണ് ന്യൂസു ചോര്‍ത്താനുള്ള അവളുടെ കഴിവ്..
ഇപ്പോളീവാര്‍ത്തകേട്ടപ്പോള്‍ തനിയ്ക്കു മനസ്സിലായി അവളുടെ ആ സ്വഭാവം ഒന്നുകൂടി കൂടിയിട്ടല്ലാതെ കുറഞ്ഞിട്ടില്ലെന്ന്.അന്നവള്‍ പറഞ്ഞ വാര്‍ത്ത കേട്ടു താന്‍ സ്തബ്ധയായിപ്പോയി. കുറേ നേരത്തേയ്ക്ക്. നമ്മുടെ സംസ്ക്കാരവും മൂല്യങ്ങളും ഇത്രയും തകര്‍ച്ചയിലേയ്ക്കെത്തിയല്ലോയെന്നു വിചാരിച്ചു. ഒപ്പം നമ്മുടെ കുട്ടികളും. അവളുപറഞ്ഞ ആ വാര്‍ത്ത തനിയ്ക്കു വിശ്വസിക്കുവാന്‍ പറ്റിയില്ലെന്നു തന്നെ പറയാം.

അതായത്  കേരളത്തിലെ ഒരു സോഫ്റ്റുവെയര്‍കമ്പനിയുടെ പരിസരത്തു നിന്നും എണ്ണിത്തിട്ടപ്പെടുത്തുവാന്‍കഴിയാത്തത്ര ഗര്‍ഭ നിരോധന ഉറകളാണത്രേ കണ്ടെത്തിയത്.  ബ്ലോക്കായ ഡ്രെയിനേജ് നന്നാക്കാന്‍  ചെന്ന പ്ലംബറുടെ പക്കല്‍ നിന്നും അവള്,ബിന്ദു    ചോര്‍ത്തിയെടുത്ത  വാര്‍ത്തയായിരുന്നു അത്. രാപകലില്ലാതെ കംപ്യൂട്ടര്‍ ലോകത്തിരുന്ന് പണിയെടുക്കുന്ന യുവമിഥുനങ്ങള്‍. കടിഞ്ഞാണില്ലാത്ത പടക്കുതിരയെപ്പോലെയുള്ള  മനസ്സിലെ  വികാരത്തള്ളലിലും അവര്‍ക്ക്  മുന്‍കരുതലുണ്ട്. അതില്‍നമുക്കാശ്വാസം കണ്ടെത്താം.ഒരു വിധത്തിലവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ലല്ലോ.പാറിപ്പറന്നാസ്വദിക്കേണ്ട ജീവിതത്തിന്‍റെ നല്ല നാളുകളില്‍ ശീതീകരിച്ച മുറിയില്‍ തൊട്ടടുത്ത് കണ്ണില്‍ നോക്കി കഥ പറയുന്ന ടീം മേറ്റ്. പലപ്പോഴും സംയമനം  പാലിച്ചാല്‍തന്നെ പടക്കുതിരയെപ്പോലെ പായുന്ന മനസ്സില്‍എപ്പോഴെങ്കിലും ഒരു ചാഞ്ചാട്ടം തോന്നാതിരിക്കുമോ വീട്ടിലിരിക്കുന്ന ഇണപ്പക്ഷിയുടെ തൂവലിനടിയിലെ ചൂട് മിസ്സ് ചെയ്യുമ്പോള്‍കൂടെയുള്ള പക്ഷിയുടെ ചിറകിനടിയിലെ ചൂടു പങ്കിടുന്നതിന്‍റെ തെറ്റും ശരിയും വിശകലനം ചെയ്യുമ്പോള്‍എപ്പോഴും ശരി കണ്ടെത്തി സമാധാനിക്കുന്നവര്‍. അതേ പോലെ എന്തെങ്കിലും..........................
മനസ്സ്  അസ്വസ്ഥമായി  കാടു കേറി ചിന്തിക്കുകയാണ്. വിനോദിന്‍റെ മറുപടി കിട്ടാത്തിടത്തോളം ഫൈനലൈസേഷനില്ലാതെ റൈറ്റു ചെയ്ത ഒരു ഡിവിഡി , ഒരിക്കലും  പ്ലെയറിലിട്ടു കാണാന്‍പറ്റാത്തതുപോലെ തന്‍റ ഈ കഥ പൊടി പിടിച്ചിരിക്കുകയേ ഉള്ളു.. മെയിലില്‍കൂടി അന്നതയച്ചപ്പോള്‍  കുറേ ദിവസങ്ങള്‍ കഴിഞ്ഞ്   അത് കിട്ടിയെന്ന ഒരു മറുപടി മാത്രം.അതും കുറെയേറെദിവസം കഴിഞ്ഞ്.   അല്ലാതെ ഇന്നുവരെ അതിനെപ്പറ്റി ഒരിക്കല്‍  പോലും  അവന്‍ഒന്നും
പറഞ്ഞിട്ടില്ല. അതിന്‍റെ അവസാനത്തെ ഒരു പാരഗ്രാഫ് മാത്രം മതിയായിരുന്നു ആ കഥ പൂര്‍ത്തിയാക്കാന്‍. കഥയല്ല, അവന്‍റെ  ജീവിതത്തിന്‍റെ ഗതിയറിയാനുള്ള ഒരു ചാലു തന്നെയാണത്അത് എന്നെങ്കിലും കിട്ടുമോ ആവോ..

പെട്ടെന്ന്  വന്ന മൊബൈലിലെ കാള്‍. ആരുടെതാണെന്നു നോക്കാന്‍എടുക്കുന്നതിനു മുമ്പുതന്നെ കട്ടായി.ആരാണെന്നു നോക്കി. മോന്‍തന്നെ. കാള്‍കട്ടു ചെയ്ത് മെസ്സേജയച്ചിരിക്കുന്നു.    അവന്‍ അടുത്തയാഴ്ച വീട്ടിലേക്കു വരുന്നു എന്നു പറയാന്‍വിളിച്ചതാണ്.
എന്തിനായിരിക്കാം. ഇപ്പോള്‍ വരുന്നത്. കഴിഞ്ഞ ആഴ്ച വിളിച്ചപ്പോളൊന്നും സൂചിപ്പിച്ചില്ലല്ലോ...ഇങ്ങനെയൊരു വരവിനെപ്പറ്റി.   കഥയുടെ ബാക്കിഭാഗം നേരിട്ടു കണ്ട് പറയാനായിരിക്കുമോ. അങ്ങനെയും ആകാം

തുടര്‍ന്നു വായിക്കുവാന്‍ ഇവിടെ ക്ലിക്കുക

അടിക്കുറിപ്പ്


ഈ കഥകയ്ക്ക് ഏഴു ഭാഗങ്ങളുണ്ട് ലിങ്കില്‍ ക്ലിക്കിയാല്‍ ഓരോ ഭാഗങ്ങളും വായിക്കാം

ഭാഗം 1
ഭാഗം 2
ഭാഗം 3
ഭാഗം 4
ഭാഗം 5
ഭാഗം 6
ഭാഗം 7   

ഗതിമാറി ഒഴുകിയ പുഴ: ഭാഗം-1(2012 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ കേരള കൌമുദി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)


കഥയുടെ അവസാന ഭാഗം എഴുതി തീര്‍ത്തില്ല. അതുവരെ എഴുതിയ  ഭാഗം പിഡിഎഫ് ഫയലാക്കി അവന് അയച്ചു കൊടുക്കുമ്പോള്‍  ഒരു സ്നേഹബന്ധത്തിന്‍റെ  പൊട്ടിപ്പോയ കാണാച്ചരടുകള്‍എവിടെ നിന്നെങ്കിലും കിട്ടുമെന്ന വ്യാമോഹമായിരുന്നു ഉള്ളില്‍നിറയെ.ആ കഥയുടെ അവസാനഭാഗം മാത്രമേ ഇനി പൂര്‍ത്തിയാക്കാനുള്ളു. അതവനു വിട്ടു കൊടുത്തു. അവനിവിടെ ഉള്ളപ്പോഴും കഥയുടെ ഡ്രാഫറ്റുള്‍പ്പടെ അവനെ കാണിച്ചായിരുന്നല്ലോ അഭിപ്രായം ആരാഞ്ഞിരുന്നത്. നല്ലൊരു ക്രിട്ടിക്കനെപോലെ  അവനഭിപ്രായം തരുമായിരുന്നു.താനെപ്പോഴും ആലോചിച്ചിട്ടുണ്ട്...ഇവന്‍സ്വന്തമായിട്ടൊന്നും എഴുതാത്തതെന്തേ?.
  ഈ കഥ അങ്ങനെയല്ല...അവന്‍റെ പക്കല്‍നിന്നും തനിയ്ക്കതറിയണം.ഈ കഥയുടെ പരിണാമം എങ്ങിനെയായിരുന്നെന്ന്.ഇല്ലെങ്കിലെങ്ങിനെ ആകണമെന്ന്.
അതിനു താന്‍ തിരഞ്ഞെടുത്ത മാര്‍ഗ്ഗമായിരുന്നു ആ കഥ. അവന്‍ തന്നെ അതിന്‍റെ പരിണാമം എഴുതട്ടെ.അതാണു തനിക്കു വേണ്ടത്. തന്‍റെ പല കഥകളുടെയും അവസാനഭാഗങ്ങള്‍ അവന്‍തിരുത്തി എഴുതിത്തന്നിട്ടുണ്ട്. ഇതിലും അതുപോലെ ഒരു വെട്ടിത്തിരുത്ത് വേണമെങ്കിലായിക്കോട്ടെ.അതിനുവേണ്ടി എത്ര ദിവസം വേണമെങ്കിലും താന്‍കാത്തിരിക്കും.
  നിങ്ങള്‍ വായനക്കാര്‍ആകെ കണ്‍ഫ്യൂഷനിലായെന്നെറിയാം.ഒരു കഥയാകുമ്പോളങ്ങിനെയാണ്.വായനക്കാരെ ഇട്ടു വട്ടം ചുറ്റിക്കുക. അതാണല്ലോ കഥയുടെ ഒരിത്.തിരക്കു കൂട്ടേണ്ട. ഇതാ  അതു പറയാന്‍  പോകുകയാണ്നിങ്ങളോടതു പറയാന്‍  എന്റെ മനസ്സു തുടിക്കുന്നു. അതിനു മുമ്പ് അല്‍പ്പം കാര്യം........ആദ്യമായി ഈ അവന്‍ ആരാണെന്നറിയണ്ടേ..എന്റെ മകന്‍  വിനോദ്.
വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ  അവന്‍ തനിക്കു   പരിചയപ്പെടുത്തിയതാണവളെ. ഒരു സായാഹ്നത്തില്‍ മ്യൂസിയത്തിലെ റേഡിയോപാര്‍ക്കിലവനുമായി വെറുതെ കാറ്റു കൊള്ളുവാന്‍ പോയതാണ്. റേഡിയോവില്‍കൂടെ ഒഴുകി വന്ന പഴയ ഒരു സിനിമാഗാനം....കദളി..ചെങ്കദളി ..പൂവേണോ..അതില്‍ലയിച്ച് ഇരുന്നപ്പോളാണ് തന്നെ തോണ്ടിവിളിച്ചിട്ട് അവളെ നോക്കാന്‍പറഞ്ഞത്. തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി. അമ്മയുടെ കൂടെ പോകുന്ന ഒരു പാവാടക്കാരി.മുഖത്തു വിരിഞ്ഞ നാട്ടുമുല്ലപ്പൂവു പോലുള്ള അവളുടെ ചിരി തന്‍റെ മനസ്സിലും പൂത്തുലഞ്ഞു.കൂടെ പഠിച്ചതാണോ...അതോ...ട്യൂഷനു പോയപ്പോളുള്ള കൂട്ടാണോ...അല്ല..ബസ് സ്റ്റോപ്പില്‍വെച്ചു കണ്ട പരിചയം..?  പിന്നെ.... തീയറ്ററില്‍  വെച്ചു കണ്ട പരിചയം.?  അല്ലാ..അമ്മയെന്തൊക്കെയാണീ ചോദിക്കുന്നത്.കൂടെ പ്പഠിക്കാനെന്താ ഞാന്‍ ബോയ്സിന്റെ മാത്രം  സ്ക്കൂളിലല്ലേ പഠിച്ചത്?" തന്‍റ ക്രോസ്സു വിസ്താരം കൂടിയപ്പോളാണ് അവനതോര്‍മ്മിപ്പിച്ചത്.തനിക്കു വീണ്ടുവിചാരം ഇത്തിരി കുറവാണെന്നല്ലേ അച്ഛനും മക്കളും പറയുന്നത്. ശരിയാണ്. താനും അതു ചിലപ്പോഴൊക്കെ സമ്മതിക്കും അതു കൊണ്ട് കൂടെ പഠിച്ചതാണോ എന്നുള്ള ചോദ്യം അപ്രസക്തം. പിന്നെ ട്യൂഷനു പോയപ്പോള്‍കണ്ടിട്ടുള്ളതാണ് പെമ്പിള്ളേരുമായിട്ടൊരു സൊള്ളല്‍. കൊണ്ടാക്കാനും വിളിക്കാനും ചെല്ലുമ്പോള്‍കാണും ചില കൂട്ടുകാരികളെ.. നിര്‍ ദ്ദോഷമായിട്ടുള്ള സൊള്ളലായതു കൊണ്ട് താനതങ്ങ് കണ്ണടച്ചു കൊടുക്കും. പക്ഷെ അപ്പോഴൊന്നും ഈ പാവാടക്കാരിയെ കണ്ടിട്ടേയില്ല.പിന്നെ എവിടെ വെച്ച് എപ്പോള്‍അവളുമായി അടുത്തു? ഉത്തരം കിട്ടാഞ്ഞിട്ട് മനസ്സില്‍ ആ ചോദ്യം കിടന്നു പിടച്ചു. അതെന്തുമാകട്ടെ . അന്നവള്‍എന്‍ജിനീയറിംഗിന് ഒന്നാം വര്‍ഷം.

അവനവളുമായി അടുത്തു.ഒരു വാര്യത്തിക്കുട്ടി. നല്ല ചന്തമുള്ള വാര്യത്തിക്കുട്ടി. അര്‍ച്ചന. തനിയ്കിഷ്ടമായി. അറിയപ്പെടുന്ന ഒരു  സര്‍ക്കാരുദ്യോഗസ്ഥന്‍റെ മകള്‍.അമ്മ കലാസ്നേഹിയായ ഒരു നല്ല വാരസ്യാര് വീട്ടമ്മ. വീട്ടില്‍ഒരു സംഗീതക്ലാസ്സ് നടത്തുന്നു.    കൂടപ്പിറപ്പ് ഒരേ ഒരു അനിയന്‍മാത്രം.ഒരു മിടുക്കന്‍പയ്യന്‍. അവളെക്കാളും രണ്ടു വയസ്സിനിളയവന്‍. ദാനവ്.
എല്ലാം കൊണ്ടും കൊള്ളാം. ഒരു നായരു ചെറുക്കന് ഒരു വാര്യത്തിക്കുട്ടി ചേരും. ജാതിയിലല്‍പ്പം കൂടിയതാണെങ്കിലും എങ്ങിനെയെങ്കിലും അഡ്ജസ്റ്റു ചെയ്യാം.
മനസ്സില്‍കണക്കു കൂട്ടി.   മനസ്സില്‍സമാധാനം കണ്ടെത്തി. മുത്തശ്ശിയെ സംബന്ധം കൂടിയത്  ഒരു നമ്പൂതിരി മുത്തശ്ശനല്ലേ. അപ്പോള്‍ഇതും ആകാം.അവനെപ്പോലെ തന്നെ താനും അവളുമായി ചങ്ങാത്തത്തിലായി. വല്ലപ്പോഴും തന്നെയും അവള്‍വിളിക്കും. ഒരു ദിവസം സൂത്രത്തിലവളുടെ നാളു ചോദിച്ചു. അവള്‍നാളു പറഞ്ഞു. കാര്‍ത്തിക. അല്‍പ്പ സ്വല്‍പ്പം നാളും പക്കവും ഒക്കെ കൂട്ടിക്കിഴിച്ച് നോക്കാനറിയാവുന്ന താന്‍അവന്‍റെ നാളുമായി വെറുതെ ഒന്നു ഒത്തു  നോക്കി. നാളു തമ്മില്‍ ചേരും. മനസ്സിനൊന്നു കൂടി സമാധാനമായി.അവന്‍ഇതിനിടയില്‍  പെങ്ങള്‍ക്കും അവളെ  പരിചയപ്പെടുത്തി കഴിഞ്ഞിരുന്നു.
ഒരു ദിവസം അവന്‍ ചോദിച്ചു അമ്മയെന്തു പറയുന്നു എന്ന്. അവളെ  സ്വീകരിക്കാ‌നായി, വലുതുകാലുവെച്ച് അവള്‍അകത്തോട്ടു കേറുമ്പോള്‍  കൊടുക്കുവാനായി    കത്തിച്ച നിലവിളക്കും ,അവളെ ഉഴിഞ്ഞകത്തു കേറ്റുവാന്‍ കുഞ്ഞോട്ടുരുളിയില്‍ കലക്കിയ  അരത്ത വെള്ളവും മനസ്സിന്റെ ഒരു  കോണില്‍ഒരുക്കി വെച്ചിരിക്കുന്നത് അവനുണ്ടോ അറിയുന്നു. അതു പുറത്തു കാട്ടാതെ ഞാനവനോടു പറഞ്ഞു." എന്തു പറയാന്‍...അച്ഛനെന്തു പറയുമെന്നാണു നിന്റെ വിചാരം?"
അപ്പോള്‍ അവന്‍തിരിച്ച് തന്നോട് അതു തന്നെ ചോദിച്ചു. "അമ്മയെന്തു പറയുന്നു.?"

താനവനോടു പറഞ്ഞു..."ഞാനെന്തു പറയാന്‍. എല്ലാം വിധിയാണ്. വിധിപോലെയേ വരൂ...ഇപ്പോളതൊന്നും ആലോചിക്കാന്‍സമയം ആയില്ല. ആകുമ്പോളാകട്ടെ......"  താനൊരു അര്‍ദ്ധവിരാമം കൊടുത്തു.അവന്‍റെ കൂട്ടുകാര്‍ പോലും
 അവനോടു പറയുമായിരുന്നു....ഇങ്ങനെയൊരു അമ്മയെ നിനക്കു കിട്ടിയല്ലോ..ഞങ്ങള്‍ക്കസൂയ തോന്നുന്നു എന്നൊക്കെ.കുട്ടികളെ കൂടുതല്‍ നിയന്ത്രിക്കാന്‍ പോയാല്‍ അത് വിപരീതഫലമേ ചെയ്യൂ എന്നുള്ള ഒരു മനശ്ശാസ്ത്രമാണ്   താനാ സമീപനത്തില്‍ പ്രയോഗിച്ചത്. രണ്ടു മനസ്സുകള്‍ തമ്മില്‍ യോജിച്ച് ഒരു ജീവിതം കെട്ടിപ്പടുക്കുവാനെടുക്കുന്ന തീരുമാനം ഒരിക്കലും തെറ്റായി കാണുവാന്‍ പാടില്ല. പക്ഷേ അത് അവരവര്‍ ജനിച്ചു വളര്‍ന്ന ചുറ്റുപാടുകള്‍ക്കും കുടുംബ പശ്ചാത്തലത്തിനും യോജിച്ചതും കൂടി ആയില്ലെങ്കില്‍ ഭാവിയില്‍   ഒരിക്കലും വിളക്കി യോജിപ്പിക്കാനാകാത്ത വിധം  കണ്ണികളറ്റുപോകാനിടയുള്ളതുകൊണ്ട് നേരത്തെ തന്നെ മക്കള്‍ക്ക് ഒരു മുന്‍കരുതലെന്നവണ്ണം ഉദാഹരണസഹിതം പറഞ്ഞു കൊടുത്തിരുന്നു.

പകലുകള്‍രാത്രികള്‍ക്ക് വഴിമാറിപ്പൊയ്ക്കൊണ്ടിരുന്നു. കേരളത്തിലെ പ്രശസ്തമായ രണ്ടെന്‍ജിനീയറിംഗ് കോളേജില്‍നിന്നും രണ്ടുപേരും പാസ്സ് ഔട്ട് ആയി.  അവസാന സെമസ്റ്റര്‍പരീക്ഷക്കു മുമ്പുതന്നെ    ക്യാംപസ് സെലക്‍ഷന്‍കിട്ടി. ലോകത്തിലെ മുന്‍നിരയില്‍നില്‍ക്കുന്ന രണ്ടു മള്‍ട്ടി നാഷണല്‍കമ്പനികളില്‍.   വിനോദിന് ചെന്നൈയിലും അര്‍ച്ചനക്ക് ഹൈദ്രബാദിലും. രണ്ടുപേരും ജോയിന്‍  ചെയ്തു.മെയിലില്‍കൂടിയും മൊബൈലില്‍കൂടിയും മക്കളുടെ സാമീപ്യം അനുഭവിച്ചുകൊണ്ടിരുന്നു.വല്ലപ്പോഴും ചാറ്റിംഗ് ചെയ്യുന്ന കൂട്ടത്തില്‍അര്‍ച്ചനക്കും ഒരു ഹായ് പറഞ്ഞു പോകുമായിരുന്നു. പുതിയ സ്ഥലങ്ങളിലെ വിശേഷങ്ങളെല്ലാം അര്‍ച്ചന തന്നോടു പറഞ്ഞു. ഒറ്റപ്പെട്ടതു പോലെ തോന്നുന്നു എന്നും   ട്രെയിനിംഗ് കഴിഞ്ഞാലുടനെ    ചെന്നൈയിലേക്ക്  ട്രാന്‍സഫറിന് കൊടുക്കുവാന്‍  പോകുകയാണെന്നും പറഞ്ഞു.
ഓണവും വിഷുവും ദീപാവലിയും കടന്നുപോയി. വിനോദ് വന്നും പോയും ഇരുന്നു. ചിലപ്പോള്‍ചില അവധിക്ക് അവര്‍രണ്ടുപേരും അഡ്ജസ്റ്റുചെയ്തായിരിക്കും വരുന്നത്.അതാരും അറിയുക പോലുമില്ല.അങ്ങിനെ വന്ന ഒരു ദീപാവലി അവധിക്കാണ്   വേഷം മാറി കറുത്ത കണ്ണടയും ഓവര്‍ കോട്ടുമൊക്കെയിട്ട്  അവളുടെ വീടിന്‍റെ ഇടവഴിയിലിട്ട്പടക്കം പൊട്ടിക്കാന്‍ പോയത്.വീട്ടില്‍നിന്നും ജാക്കിച്ചാന്‍റെ വേഷത്തില്‍ പോകുന്നതെങ്ങോട്ടാണെന്നു ചോദിച്ചപ്പോളാണ് ആളറിയാതെ അവളുടെ വീടിന്‍റെ ഇടവഴിയില്‍സന്ധ്യക്ക് അവളുടെ അനിയനുമായി ദീപാവലി ആഘോഷിക്കാനുള്ള പുറപ്പാടാണെന്നറിഞ്ഞത്. പത്തു കൂടു പൂത്തിരി കത്തിച്ചതിനു തുല്യമായിരുന്നു .താനും അവനും കൂടി അന്ന് ചിരിച്ച ചിരി.


മുറ്റത്തെ തൈമാവ് ഒരു പ്രാവശ്യം കൂടി പൂത്തു തളിര്‍ത്തു. അങ്ങിനെയിരിക്കെ ഒരു ദിവസം അവന്‍വിളിച്ച കൂട്ടത്തില്‍പറഞ്ഞു. "അമ്മേ...അമ്മയോട് ഞാനൊരു കാര്യം പറയാന്‍  പോകുകയാണ്ഇനി മേലില്‍അമ്മ അര്‍ച്ചനയുമായി  ഒരു കമ്മ്യൂണിക്കേഷനും  പോകരുത്.ഞാനും അവളുമായും ഇനി ഒരു ബന്ധവുമില്ല." വെള്ളിടി വെട്ടാന്‍ പോകുന്നതുപോലെ ഒരു കൊള്ളിയാന്‍ മനസ്സില്‍കൂടി    മിന്നി മറഞ്ഞു.അത് തലച്ചോറിലെവിടെയൊക്കെയോ ചെന്ന് അഞ്ചാറു കുടുക്കം ഉണ്ടാക്കി .ഇതെന്തു സംഭവിച്ചു, ഇവനിങ്ങനെ പറയാന്‍?. തിരിച്ച് അങ്ങോട്ടു ചോദിക്കുന്നതിനു മുമ്പുതന്നെ അടുത്ത വാചകം തന്‍റെ കാതില്‍വന്നലച്ചു."ഇതിന്‍റെ കാരണമൊന്നും ഇനി അമ്മ എന്നോടു തിരക്കേണ്ട. ഇതിവിടെവച്ചവസാനിപ്പിച്ചു എന്നു മാത്രം."
  പൊതുവേ  അവന്‍റെ തീരുമാനങ്ങള്‍  പാറപോലെ ഉറച്ചതായതിനാല്‍ ഇതിന്‍റെ കാര്യവും അങ്ങിനെ തന്നെയാകുമോ എന്നൊരു ഭയം  വേട്ടയാടാന്‍ തുടങ്ങി.താനവന്‍റെ അടുത്ത വരവിനായി കാത്തിരുന്നു.  

തുടര്‍ന്നു വായിക്കുവാന്‍ ഇവിടെ ക്ലിക്കുക

അടിക്കുറിപ്പ്

ഈ കഥകയ്ക്ക് ഏഴു ഭാഗങ്ങളുണ്ട് ലിങ്കില്‍ ക്ലിക്കിയാല്‍ ഓരോ ഭാഗങ്ങളും വായിക്കാം

ഭാഗം 1
ഭാഗം 2
ഭാഗം 3
ഭാഗം 4
ഭാഗം 5
ഭാഗം 6
ഭാഗം 7   

Related Posts Plugin for WordPress, Blogger...