Monday, December 17, 2012

അല്‍പ്പം ശബരിമല വിശേഷം.
ശബരീശനെ ദര്‍ശനം കണ്ടു്  പറഞ്ഞാല്‍ നമ്മുടെ പാപം എല്ലാം തീര്‍ന്ന് മോക്ഷം കിട്ടും എന്നാണ് പണ്ട് മുത്തശ്ശി പറഞ്ഞു തന്നിട്ടുള്ളത്. മനസ്സിലെ ആഗ്രഹവവും എനിയ്ക്കൊപ്പം വളര്‍ന്നു. പ്രത്യേകിച്ചും ഒരു സ്ത്രീയായി ജനിച്ചു പോയതു കൊണ്ട് അന്നു തുടങ്ങി  മനസ്സില്‍ കൊണ്ടു നടന്ന ആഗ്രഹം ഈ കഴിഞ്ഞ പതിമൂന്നാം തീയതി സഫലമായി.

 എനിയ്ക്കു മനസ്സിലായത് ഒരു പക്ഷേ കൂടുതല്‍ പാപം ചെയ്യുന്നവരേ ആയിരിക്കും അയ്യപ്പനങ്ങോട്ടു ക്ഷണിയ്ക്കുന്നതെന്നാണ്. അതുപോലെ കഠിനമായ മല കയറ്റം. കിഴുക്കാം തൂക്കായ ആ മലയില്‍ കൂടി തലയില്‍ ചെറുതെങ്കിലും ഇരുമുടിക്കെട്ടിനകത്തെ  നെയ്ത്തേങ്ങയുടേയും അല്ലാത്ത തേങ്ങയുടേയും  അരി കര്‍പ്പൂരം മറ്റുള്ള പൂജാ സാധനങ്ങളുടേയും ഒരു ഭാരം. തോളില്‍ സഞ്ചിയ്ക്കകത്തെ  ചെറിയൊരു  ഭാരം. ഈ കേറ്റം കേറുമ്പോളെല്ലാം ഒരു  കയ്യ് തലയില്‍  ഇരുമുടിക്കെട്ടില്‍..അതുതാഴെ വീഴാതെ നോക്കണം.

 കൃത്യം രാത്രി 11 മണിയായപ്പോള്‍ പമ്പയില്‍ സ്നാനം നടത്തി മല കയറാന്‍ ആരംഭിച്ച ഞങ്ങള്‍ ഇരുന്നും കയറിയും വെളുപ്പിന് നാലുമണി നട തുറന്നപ്പോള്‍ ശബരിമലയിലെ നടപ്പന്തലില്‍ എത്തി. ഈ മണിക്കൂര്‍ കണക്ക് ഞങ്ങള്‍ക്ക് ഒട്ടും ക്യൂ നില്‍ക്കാതെ അങ്ങു നടന്നെത്തുവാന്‍ എടുത്ത സമയം മാത്രമാണ്. ഞാനും എന്‍റെ സഹോദരിയും നാല്പത്തി രണ്ടു വര്‍ഷം ശബരിമല ദര്‍ശനം നടത്തിയ ഒരു പെരിയസ്വാമിയും ആയാണ് പോയത്. അദ്ദേഹത്തിന്  മലചവിട്ടാന്‍ ഒന്നര മണിക്കൂര്‍ മതിയെന്നാണ് പറഞ്ഞത്. ഏതായാലും അന്നു തിരക്കില്ലാതിരുന്നതിനാല്‍ പതിനെട്ടാം പടിക്കു താഴെ അരമണിക്കൂറെ നില്‍ക്കേണ്ടി വന്നുള്ളു. പതിനെട്ടാം പടിയില്‍ നമ്മുടെ പോലീസ് സേന എടുത്തു കയറ്റി മുകളിലെത്തിച്ചോളും. താഴത്തെ പടിതൊട്ട്  മുകളിലെ പടിവരെ അവര്‍ നില്‍ക്കുകയല്ലെ.
  അതുകഴിഞ്ഞ് ഫ്ലൈ ഓവര്‍ വഴി വലിയ തിരക്കില്ലാതെ അയ്യപ്പദര്‍ശനം നടത്തി.
  താഴെ എത്തിയപ്പോള്‍ വി . ഐ.പി മാരെ കൊണ്ടു പോകുന്ന വഴിയൊക്കെ കണ്ടു. അതു കണ്ടു കൊതിച്ചു നില്‍ക്കുമ്പോള്‍ അവിടെ  സന്നിധാനത്ത് ഭാഗവത പാരായണം നടത്തുന്ന ഒരു ഭക്ത മുഖാന്തിരം നേരെ പോയി മണിക്കൂറുകളോളം അയ്യപ്പന്‍റെനുഗ്രഹത്താല്‍  ദര്‍ശനം നടത്താനുള്ള ഭാഗ്യവും കിട്ടി.
 
ഇനി അല്‍പ്പം കാര്യ വിചാരം.
നമ്മള്‍  കെട്ടു നിറയ്ക്കുന്നത് നെയ്ത്തേങ്ങ പുഴുക്കലരി, ഉണക്കലരി, കര്‍പ്പൂരം, ചന്ദനത്തിരി വാവര്‍ക്ക് അരി കുരുമുളക് തുടങ്ങിയ പൂജാ സാധനങ്ങളാണ്. അതില്‍ പുഴുക്കലരി എന്നു പറയുന്നത് നമ്മള്‍ ചോറു വെയ്ക്കുന്ന അരിയാണ്. അതിന് ഇപ്പോള്‍ 42 രൂപാ വിലയാണ്. നമ്മള്‍ ശബരിമലയില്‍  ഇതു നിക്ഷേപിക്കുന്നസ്ഥലത്ത് ടണ്‍ കണക്കിന് അരിയാണ് വന്നു നിറയുന്നത്. അത് വന്‍കിട കച്ചവടക്കാര്‍ക്ക് കിലോയ്ക്ക് 8രൂപ 50 പൈസയ്ക്ക്  കൊടുക്കുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്.സന്നിധാനത്ത് ക്ഷീണിച്ചു ചെല്ലുന്ന ഭക്ത ജനങ്ങള്‍ക്ക് വെറും പച്ചരി വെച്ചത് കുറച്ചു പയറും വേവിച്ചിട്ട കഞ്ഞി അയ്യപ്പ സേവാസംഘത്തിന്‍റ കൃപയാല്‍ കിട്ടുന്നു. അതു കഴിച്ചതു കൊണ്ടാണ് ഇതെഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത്. അവര്‍ക്കു പോലും ഈ അരി കൊടുക്കുന്നില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.

 ഇനി പച്ചരിയിലേയ്ക്കു വരാം നമ്മള്‍ കെട്ടിനകത്തു നിറയ്ക്കുന്ന പച്ചരി സന്നിധാനത്ത്  കൊടുക്കേണ്ടത് ഒരു കൌണ്ടറില്‍ കൊടുത്താല്‍ നമുക്ക് അപ്പോള്‍ തയ്യാറാക്കിയ കട്ടി പയസം കിട്ടും.  അതു നമുക്ക് ഭക്ഷിയ്ക്കാം.
ബാക്കി പച്ചരി നമ്മള്‍ മാളികപ്പുറത്തമ്മയ്ക്കായിട്ട് അവിടെ കൊണ്ടു കൊടുക്കും. അവിടെ ഒരു വലിയ ചെമ്പിലാണ് ഇതു നിക്ഷേപിക്കുന്നത്. അവിടെ ചെയ്യുന്നത് ടണ്‍ കണക്കിന് ഇത് വെറും നാലു രൂപ അറുപതു പൈസയ്ക്ക്  അരിപ്പൊടി തയ്യാറാക്കുന്ന കുത്തക കമ്പനിയിലേയ്ക്കാണ് പോകുന്നതെന്നാണ്  അവിടെയുള്ള ദേവസ്വം ജീവനക്കാര്‍ പറഞ്ഞത്.
 പിന്നെ നമ്മള്‍ കൊണ്ടു പോകുന്ന കര്‍പ്പൂരം ചന്ദനത്തിരി ബാക്കി സാധനങ്ങളെല്ലാം കൂടി ഒരൂ ഫര്‍ണസില്‍ വേയ്സ്റ്റ് ആയിട്ട് അങ്ങ് അകലെ കത്തിച്ച് പുക കുഴലിലൂടെ പുക വരുന്നതാണ് കാണാന്‍ കഴിഞ്ഞത്. നാട്ടില്‍ കടകളില്‍ കിടക്കുന്ന കര്‍പ്പൂരം ചന്ദനത്തിരിയും ഒക്കെ  ഭക്തിയോടെ ഇരുമുടി കെട്ടിനകത്തിട്ട് കൊണ്ടു ചെല്ലുന്നത് അല്‍പ്പം പോലും അവിടുത്തെ ആവശ്യത്തിന് എടുക്കുന്നില്ലല്ലോയെന്ന് ഓര്‍ത്ത് വിഷമിച്ചു.

പിന്നെ ഒന്നിനു പോകുന്നതും രണ്ടിനു പോകുന്നതും കുളിയും കച്ചവടല്‍ക്കരിക്കുന്നത്
 കുളിയ്ക്കുന്നതിന് പതിനഞ്ചു രൂപാ
 മൂത്രം ഒഴിക്കുന്നതിന് മൂന്നു രൂപാ
 ഇതാണ് റേറ്റ്. ഏതെങ്കിലും പ്രൈവറ്റു പാര്‍ട്ടിയുടേതാണെന്നു കരുതി പൈസവാങ്ങുന്നയാളിനോട് ചോദിച്ചപ്പോള്‍ ദേവസ്വം ബോര്‍ഡിന്‍റേതാണെന്നും അവരു ലേലത്തില്‍ പിടിച്ചിരിക്കുകയാണെന്നും ആണ് അറിയാന്‍ കഴിഞ്ഞത്.

ഇത് പമ്പ തുടങ്ങിയുള്ള ബിസ്സിനസ്സാണ് ഈ മൂത്രക്കച്ചവടം. എന്നു തന്നെ പറയാം അയ്യപ്പനെ കാണാന്‍ പോകുന്നഭക്തര്‍ക്ക് വേണ്ടി ഇത്രയും കോടി വരുമാനം കിട്ടുന്ന
ദേവസ്വം ബോര്‍ഡിന് ഫ്രീ ആയിട്ട് പ്രാധമിക ആവശ്യത്തിനുള്ള സൌകര്യം ഒരുക്കി കൊടുത്തു കൂടാത്തതെന്തുകൊണ്ടാണ്. വൃത്തിയുടേതായിരിയ്ക്കാം  പറയുന്ന ന്യായം.. പൈസയില്ലാതെ വന്ന ഒരു തമിഴ് മാളികപ്പുറത്തിനെ  നിര്‍ദ്ദയമായി മൂത്രമൊഴിക്കാന്‍ സമ്മതിയ്ക്കാത്തതു കണ്ടുനിന്നത് വളരെ വേദനയുണ്ടാക്കി. ഞാന്‍ മൂന്നുരൂപാ കൊടുത്തു് അവരെ മൂത്രമൊഴിക്കാന്‍ കടത്തി വിട്ടു.. അതു കണ്ടതു കൊണ്ടാണ് ഇതൊന്ന് എഴുതാമെന്ന് തീരുമാനിച്ചത്. വൃത്തിയായിട്ട് കുളിമുറിയും കക്കൂസും ഒക്കെ അതേ പോലെ ശംബളം കൊടുത്ത് മേല്‍ നോട്ടത്തിന് ആളെയും വെച്ചാല്‍  നടക്കും. വൃത്തിയുടെ കാര്യം പറഞ്ഞ് ഒഴിയുന്നത് ശരിയല്ല. ഇത് ഒരുമാതിരി അയ്യപ്പന്‍ മാരുടെ മൂത്രവും മലവും വിറ്റ് ദേവസ്വം ബോര്‍ഡ്  കൊള്ളയടിക്കുന്ന ഏര്‍പ്പാടായാണ് എനിയ്ക്ക് തോന്നിയത്.ഇതിനെതിരെ ഞാന്‍  ശക്തമായി പ്രതികരിയ്ക്കുന്നു

സന്നിധാനത്തെ സെക്യൂരിറ്റിസംവിധാനവും മറ്റും ഏറെ പ്രശംസ പിടിച്ചു പറ്റുന്നതാണ്. അതേപോലെ അവരുടെ പെരുമാറ്റവും.
നടപ്പന്തലൊക്കെ ഒന്നു കൂടി വൃത്തിയാക്കാനുള്ള സംവിധാനം എടുത്താല്‍ അയ്യപ്പന്‍മാര്‍ക്ക് അറയ്ക്കാതെ ഇരുന്നു വിശ്രമിയ്ക്കാമായിരുന്നു എന്നു തോന്നി.
 എന്താണേലും ഇത്രയും മലയുടെ മുകളിലിരിയ്ക്കുന്ന അയ്യപ്പനേയും തൊട്ടടുത്തിരിക്കുന്ന വാവരേയും  കണ്ടു വണങ്ങുന്ന ഏതൊരാളുടേയും മതഭ്രാന്ത് മനസ്സില്‍ നിന്നും മാറ്റിയാണ് മണികണ്ഠസ്വാമി മലയിറക്കി താഴോട്ടു വിടുന്നതെന്ന് നിസ്സശയം പറയാം.
വാവരുടെ നടയില്‍ കാണിയ്ക്കയിട്ട് അരിയും കുരുമുളകും അര്‍പ്പിച്ച് മുസ്ലീം പൂജാരി തലയില്‍ഭസ്മമിട്ട് പൂജാമന്ത്രങ്ങള്‍ ചൊല്ലി നമ്മളെ യാത്രയാക്കുമ്പോളാണ് അയ്യപ്പന്‍റെ അനുഗ്രഹം യാഥാര്‍ത്ഥ്യമാകുന്നതായി അനുഭവപ്പെട്ടത്.

  മത വിലക്കുകളൊന്നും ഇല്ലാത്ത....എല്ലാ മതവിഭാഗക്കാര്‍ക്കും  പോകാവുന്ന ശബരിമലയിലേയ്ക്ക് ആയുസ്സില്‍ ഒരിയ്ക്കലെങ്കിലും പോകുന്നത് ഒരു അനുഭവം തന്നെയാണ് എന്നെടുത്തു പറയട്ടെ!!!

Sunday, November 25, 2012

ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ മാതൃത്വം വില്‍പനയ്ക്കോ


കുസുമം

പ്രിയപ്പെട്ട സംവിധായകന്‍……….————–, അഭിനേത്രി.. നിങ്ങള്‍ക്കൊരു തുറന്ന കത്ത്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്‍റെ പേരു പറഞ്ഞ് ഭൂമിയിലേക്കു പിറന്നുവീണ കുഞ്ഞിനെ  അമ്മയുടെ സൂതിപ്രക്രിയ വരെ ഉള്‍പ്പെടുത്തി അഭ്രപാകളിലാക്കാന്‍ ചിത്രീകരിച്ചത് ആ കുഞ്ഞിനോടു ചെയ്ത ഏറ്റവും വലിയ ക്രൂരതയായിട്ടാണ് ഒരമ്മ എന്ന നിലയിലും ഒരു സ്ത്രീ എന്ന നിലയിലും എനിയ്ക്കു പറയുവാനുള്ളത്.
വര്‍ഷങ്ങള്‍ക്കുമുന്‍പു് അടച്ചിട്ട മുറിയില്‍ സൂതി കര്‍മ്മിണിയുടെ മാത്രം മേല്‍നോട്ടത്തില്‍ വളരെ പവിത്രമായി ചെയ്തിരുന്ന ഒരു കര്‍മ്മമായിരുന്നു ഇത്. കാലം പുരോഗമിച്ചതോടെ ..ശാസ്ത്രം പുരോഗമിക്കുകയും   കുഞ്ഞിനും അമ്മയ്ക്കും    കൂടുതല്‍ പരിരക്ഷ  കിട്ടുവാനായി ഇപ്പോള്‍ ആശുപത്രിയിലെ പ്രസവമുറിയിലേക്കു മാറ്റുകയും ചെയ്തു. അപ്പോഴും പ്രസവം ഒരു തുറസ്സായസ്ഥലത്തല്ല  നടത്തുന്നത്.
നാളെ ഒരു കാലത്ത് സംവിധായകനും നടിയും  പ്രതിക്കൂട്ടിലാകുകയില്ലെന്ന് നിങ്ങള്‍ക്ക് പറയുവാന്‍ പറ്റുമോ?
ആ കുഞ്ഞ്  വലുതായി വരുമ്പോള്‍ കൂടെയുള്ള സഹപാഠികള്‍—‘  പ്രസവം വിറ്റു കാശാക്കിയ അമ്മയുടെ മകള്‍’ എന്നു പറഞ്ഞ് ആക്ഷേപിക്കുകയില്ലയെന്ന് നിങ്ങള്‍ക്ക് ഉറപ്പു പറയുവാന്‍ പറ്റുമോ?
ഹേ..പ്രിയപ്പെട്ട അഭിനേത്രി നിങ്ങളോട് ഒരു ചോദ്യം.
അമ്മയെന്ന രണ്ടക്ഷരത്തിന്‍റെ  പവിത്രത, നൈര്‍മ്മല്യം അതിനേപ്പറ്റി താങ്കള്‍ അല്‍പ്പമെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഞാനെന്റെ കുഞ്ഞിന്റെ മനുഷ്യാവകാശം ലംഘിച്ചതായി തോന്നുന്നില്ല. ‘( നടി പറഞ്ഞതായി നവംമ്പര്‍ 23ന് ബ്രിട്ടീഷ് കൈരളിയില്‍ വന്ന വാര്‍ത്ത)
അതിനുത്തരം…. അതൊരു മിണ്ടാ പ്രാണി ആയി പോയില്ലേ… ആ കുഞ്ഞ് ഒന്നു വലുതാകട്ടെ. അപ്പോള്‍ ഇതിനുത്തരം കിട്ടും.
നമ്മള്‍ക്ക് ഭാരതീയര്‍ക്ക് ,പാശ്ചാത്യര്‍ പോലും ആദരിക്കുന്നതായ നമ്മുടേതായ ഒരു സംസ്ക്കാരമുണ്ടെന്നുള്ളത്   ഒരു പരമാര്‍ത്ഥമല്ലേ.നമ്മുടെ കുടുംബ ബന്ധങ്ങളെ അവര്‍ക്കു പോലും മതിപ്പായിട്ടാണ് കാണുന്നത്.അങ്ങനെയുള്ള ഒരു സംസ്ക്കാരത്തിന്‍റെ മൂല്യത്തകര്‍ച്ച ആണ് പ്രസവം കച്ചവടല്‍ക്കരിച്ചതിലൂടെ നിങ്ങള്‍ ചെയ്തിരിക്കുന്നത്.
ഒരു കുഞ്ഞ് ഏറ്റവും അധികം വിശ്വസിക്കുന്നത് അമ്മയെയാണ്. ഭ്രൂണമായി ഗര്‍ഭ പാത്രത്തില്‍ജനിയ്ക്കുമ്പോള്‍ തൊട്ട്. വളര്‍ന്നു്വലുതായി വരുമ്പോളും ആശ്രയിക്കുന്നത് അമ്മയിലാണ്. ആ വിശ്വാസം ആണ്  നഷ്ടപ്പെടുത്തിയിരിക്കുന്നത്. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും..ആ പരിതസ്ഥിതിയില്‍ നിന്നും ഭൂമിയിലേയ്ക്ക് ജാതയാകുമ്പോള്‍ പുതിയ പരിതസ്ഥിതിയിലേക്ക് പൊരുത്തപ്പെടുവാന്‍ യത്നിക്കുന്ന ഒരു പിഞ്ചുകുഞ്ഞിനെ ക്യാമറയുടെ വെളിച്ചവും കൂടി കൊടുത്ത് ഷൂട്ടിംഗ് വസ്തുവായി യോനീ മുഖത്തു വെച്ചുതന്നെ ഇരയാക്കിയത് ഒട്ടും ന്യായീകരിയ്ക്കുവാന്‍ തോന്നുന്നില്ല.
ഈ ലോകം തിരിച്ചറിയേണ്ട ഒന്നാണ് മാതൃത്വം. . ( നടി. പറഞ്ഞതായി നവംമ്പര്‍ 23ന് ബ്രിട്ടീഷ് കൈരളിയില്‍ വന്ന വാര്‍ത്ത)..   അതിനുത്തരം..  പ്രസവം കാണിച്ചാണോ മാതൃത്വം അറിയിക്കേണ്ടത്?
അങ്ങിനെയെങ്കില്‍ ദാമ്പത്യ ബന്ധത്തിന്‍റെ കെട്ടുറപ്പു കാണിയ്ക്കുവാന്‍ കിടപ്പറ രംഗങ്ങള്‍ പച്ചയായി ഷൂട്ട് ചെയ്തു കാണിയ്ക്കുമോ?

Thursday, November 8, 2012

അടുക്കളയില്‍ കൂടി അഭിസാരത്തിലേക്ക്.( ഒക്ടോബര്‍ രണ്ടിന് ദേശാഭിമാനി-സ്ത്രീയില്‍ പ്രസിദ്ധീകരിച്ചത്).   ബ്രിട്ടീഷ് കൈരളിയില്‍ ഈയിടെ ഒരു വാര്‍ത്ത  വന്നു. ---വേശ്യാ വൃത്തിയെ കുറിച്ച് പഠിക്കാന്‍
ഒരു മ്യൂസിയം  തുടങ്ങിയിരിക്കുന്നു. ഇവിടെയെങ്ങുമല്ല. ലോകത്തിലെ വന്‍കിട മുതലാളിത്ത രാഷ്ട്രമെന്ന് സ്വയം അവകാശപ്പെടുന്ന അമേരിക്കയിലെ നെവാഡയിലാണ് ഈ മ്യൂസിയം തുറന്നിരിക്കുന്നത്. നാല്‍പ്പതു വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരഭിച്ച ചെറി പാച്ച് എന്ന വേശ്യാലയമാണ് ഇപ്പോള്‍ മ്യൂസിയമാക്കി മാറ്റിയിരിക്കുന്നത്.
ഈ വാര്‍ത്ത വായിച്ചപ്പോള്‍അക്ഷരാര്‍ത്ഥത്തില്‍ സഹതാപമാണ് തോന്നിയത്.

 കുറച്ചു മാസങ്ങള്‍ക്കു മുമ്പ് സിറ്റിയിലെ ഒരു അനാഥാലയത്തിന്‍റ വാതുക്കല്‍ ഓട്ടോ കാത്തു നില്‍ക്കുമ്പോഴാണ് എന്നെപ്പോലെ തന്നെ അനാഥാലയത്തില്‍  കുട്ടികള്‍ക്ക് മധുര പലഹാരങ്ങളുമായി വന്നിട്ട് പുറത്ത് ഓട്ടോ കാത്തു നില്‍ക്കുന്ന ആ സ്ത്രീയെ കാണാനിടയായത്. അവളെ ഞാന്‍ ലീന എന്നു വിളിക്കട്ടെ. ഒറ്റ നോട്ടത്തില്‍ തന്നെ അവളെ തിരിച്ചറിയുന്ന വിധമായിരുന്നു ലിനയുടെ വേഷ ഭൂഷങ്ങള്‍ . പെട്ടെന്ന് വന്ന ഓട്ടോയില്‍ ഞാന്‍ കൈകാണിക്കുകയും കേറാന്‍ തുടങ്ങിയപ്പോള്‍ കൂടെ കേറട്ടെ എന്ന് എന്നോടു ചോദിക്കുകയും ചെയ്തു. എനിക്കു പോകേണ്ട വഴിതന്നെ ആയതിനാല്‍  ഞാന്‍ സമ്മതിച്ചു. കൂടെയുള്ള സഹയാത്രികയെ തിരിച്ചറിഞ്ഞ ഓട്ടോക്കാരന്‍റെ കണ്ണാടിയില്‍ കൂടിയുള്ള നോട്ടം  അല്‍പ്പം പിശകായിരുന്നെങ്കിലും  ലീനയുടെ തറപ്പിച്ചുള്ള നോട്ടം അയാളെ മര്യാദക്കാരനാക്കി.
 ലീനയെയും കൂടി ഓട്ടോയില്‍ കയറ്റിയതിന്‍റെ ചാരിതാര്‍ത്ഥ്യം ആ മുഖത്തു നിഴലിച്ചു. സ്റ്റോപ്പെത്തുന്നതിനു മുമ്പ് അവളെ ഇറക്കിയാല്‍ മതിയെന്നും. ഇല്ലെങ്കിലവളുടെ കൂടെ ഞാനിറങ്ങിയാല്‍ എനിക്കതു നാണക്കേടാകുമെന്നും ലീന പറഞ്ഞു. കിട്ടുന്നതിന്‍റ ഓഹരി അനാഥാലയത്തിനുകൂടി കൊടുക്കുന്ന ആ നല്ല മനസ്സിനെ ഞാനൊരുപാടുബഹുമാനിച്ചു. ഏതാണേലും ഒരുമിച്ചു തന്നെ ഇറങ്ങിയ ഞാന്‍  അടുത്തു കണ്ട ചെറിയ പാര്‍ക്കിന്നരുകിലേക്ക് മാറി നില്‍ക്കാമെന്നു പറഞ്ഞതനുസരിച്ച്  ലീന എന്‍റെ കൂടെ വന്നു. ഞാനവിടെ കണ്ട ഒരു സിമന്‍റു ബഞ്ചിലിരുന്നു. ഒപ്പം അവളും.  വളരെ സ്നേഹത്തില്‍ തന്നെ ഞാന്‍ ചോദിച്ചു തുടങ്ങി. ഈ ജോലി ചെയ്യുന്നതിലെ അരുതായ്ക.  അവളുടെ മറുപടിയില്‍ ശരിക്കും പറഞ്ഞാലെന്‍റ ഉത്തരം മുട്ടിപ്പോയി എന്നു തന്നെ പറയാം.
ലീന എന്നോടു പറഞ്ഞത് ഇപ്രകാരമായിരുന്നു. ചേച്ചി ഞാനൊരു ലൈംഗിക തൊഴിലാളിയാണെന്ന് അഭിമാനത്തോടു കൂടി പറയുന്നു. അതിന്‍റ പങ്കാണ് ഇപ്പോള്‍ ആ അനാഥ കുട്ടികള്‍ക്കും കൂടി കൊടുത്തത്. അതാകണമെന്നു വെച്ചല്ല  ഞാന്‍ ജനിച്ചത്. പതിനഞ്ചാമത്തെ വയസ്സില്‍ കഴിക്കാനാഹാരത്തിനും ഉടുക്കാന്‍ വസ്ത്രത്തിനും വേണ്ടി ഒരു വലിയ വീട്ടിലെ അടുക്കളയിലെ അടുക്കള തൊഴിലാളിയായിട്ടായിരുന്നത്രേ തുടക്കം. അവിടുത്തെ  വീട്ടുകാരി ഇല്ലാത്ത സമയത്ത് വീട്ടുകാരനാണ് ബാല്യം മാറാത്ത അവളെ ആദ്യമായി ഇരയാക്കിയത്.  ആവര്‍ത്തനങ്ങള്‍ തുടര്‍ന്നതിനോടൊപ്പം വെളിയില്‍ പറഞ്ഞാല്‍ അവിടെ നിന്നും പറഞ്ഞു വിടുമെന്ന ഭീഷണിയും. കുറച്ചു നാള്‍ എല്ലാം സഹിച്ചു നിന്നു. എങ്ങനെയോ വീട്ടുകാരിക്ക് സംശയം തോന്നിയപ്പോള്‍
കൊണ്ടു വന്നാക്കിയ ഏജന്‍റിനെ വിളിച്ചു വരുത്തി പറഞ്ഞു വിട്ടു. വീട്ടിലെ പ്രാരാബ്ദം അടുത്ത വീട്ടിലേക്കുള്ള പ്രയാണത്തിന്  നിര്‍ബന്ധിതയാക്കി. അങ്ങനെ വീടു വീടാന്തരം കയറിയിറങ്ങി ജോലി ചെയ്യുന്നതിനൊപ്പം പലയിടത്തും അടുക്കളതൊഴിലിനുള്ള കൂലിയില്‍  ലൈംഗിക തൊഴിലും  കൂടി ചെയ്യേണ്ടി വന്നു. പിന്നീട് സ്വയം തന്നെ ഒരു തീരുമാനത്തിലെത്തിയതാണത്രേ  . അടുക്കള തൊഴിലിലെ കൂലിയില്‍ ലൈംഗിക  തൊഴിലും കൂടി ചെയ്യുന്നതിലും  ലാഭമായി  അവള്‍    കണ്ടത് ഒരു ലൈംഗിക തൊഴിലാളി ആയി സ്വയം മാറുകയെന്നതായിരുന്നു.
അങ്ങനെ ഒരു തീരുമാനം എടുത്തതിലെ ശരി എന്താണെന്നു ചോദിച്ചപ്പോളവള്‍ പറഞ്ഞത് ഒരു തെറ്റും ചെയ്യാത്ത അവളെ ചീത്തയാക്കിയിട്ട് ആ കുറ്റം മുഴുവനും അവളില്‍ മാത്രം ഒതുക്കിയെന്നാണ്. അതിലും ശരിയായിട്ട് അവള്‍ക്കു തോന്നിയത് പരസ്യമായ ശരീരം വില്‍പ്പനയാണെന്നാണ്.
അവള്‍ പറഞ്ഞതിലെ ശരിയും തെറ്റും ഞാനൊന്നു വിശകലനം ചെയ്തു. ശരിയാണ്  പലവീടുകളിലും വീട്ടു ജോലിക്കു വരുന്ന ജോലിക്കാരെ ഇതേപോലെ ലൈംഗിക ചൂഷണം ചെയ്യുകയും എന്നിട്ട് "ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ" എന്നു പറഞ്ഞു നടക്കുന്ന മാന്യന്‍മാരെയും  കാണാന്‍സാധിക്കും. "തൊണ്ട പഴുത്താല്‍ ഇറക്കുകയല്ലേ നിവൃത്തിയുള്ളു" എന്നു കരുതി ഒട്ടു മുക്കാലും വീട്ടുകാരികളിതു ക്ഷമിക്കുകയും ചെയ്യുന്നു.
വേശ്യാ വൃത്തിയെ കുറിച്ച് പഠിക്കാന്‍ ഇവിടേയും ഒരു മ്യൂസിയം തുടങ്ങിയാല്‍ ഇതൊക്കെ അതിലുള്‍പ്പെടുത്താമായിരുന്നു എന്ന്  ബ്രിട്ടീഷ് കൈരളിയിലെ ആ വാര്‍ത്ത വായിച്ചപ്പോള്‍   തോന്നി..

Wednesday, October 31, 2012

വിശ്വ മലയാള മഹോത്സവം ----- കഥ പറച്ചിലിന്‍റെ രസതന്ത്രം.


 


കഥയോടുള്ള അടങ്ങാത്ത ആവേശം ഒന്നുകൊണ്ടു മാത്രമാണ് കഥ പറച്ചിലിന്‍റെ രസതന്ത്രം അറിയാന്‍ വിശ്വ മലയാള മഹോത്സവത്തിന്‍റെ രണ്ടാം ദിവസം  തിരക്കിട്ട് ജോലിതീര്‍ത്ത്  അടുക്കളയോടു വിടപറഞ്ഞ് കൃത്യം പത്തരയ്ക്ക് തലസ്ഥാന നഗരിയിലെ വി.ജെ.ടി. ഹാളില്‍ എത്തിച്ചേര്‍ന്നത്.
പ്രശസ്ത കഥാകാരന്‍ അക്‍ബര്‍ കക്കട്ടിലിന്‍റെ സ്വാഗതം പറച്ചിലോടെയാണ് കഥപറച്ചിലിന്‍റെ രസതന്ത്രം  ഇന്ന് 31-10-12 ബുധനാഴ്ച  തുടങ്ങിയത്.
ഉത്ഘാടനം നടത്തിയത്   പ്രശസ്ത കഥാകൃത്ത് സേതു ആയിരുന്നു.
 കഥാകാരനായ അംബികസുതന്‍ മങ്ങാട് അദ്ദേഹത്തിന്‍റെ കഥ പറച്ചിലിന്‍റെ രസതന്ത്രം പറഞ്ഞു കൊണ്ട് തുടക്കം കുറിച്ചു.ഓരോ കഥയുടെ പിന്നിലും ഓരോ കഥയുണ്ടെന്നും കഥ ബോധ പൂര്‍വ്വവും യാദൃശ്ചികവുമായും സംഭവിയ്ക്കാമെന്നും അബോധത്തിന്‍റെ ഒറ്റപ്പെടല്‍എഴുത്തില്‍ നടക്കുന്നുവെന്നും പറഞ്ഞ് സമര്‍ത്ഥിച്ചു.
അതേ സമയം വി.ആര്‍.സുധീഷ് ഓര്‍മ്മയുടെ സംഗീതമായാണ്  കഥ എഴുത്ത് എന്നാണ് അഭിപ്രായപ്പെട്ടത്.വയലാറിന്‍റെ വരികളില്‍ കൂടിയും കഥ ജനിച്ച ഉദാഹരണം നിരത്തിക്കൊണ്ട്
അദ്ദേഹം പറഞ്ഞത് ഓരോ കഥയ്ക്കു പിന്നിലും ഓരോ സംഗീത അനുഭവമുണ്ടെന്നാണ്.
  തൊട്ടു പുറകേ പറഞ്ഞ  എം.രാജീവ് കുമാറിന്‍റെ അഭിപ്രായത്തില്‍ കഥയുടെ രസതന്ത്രം
ഒരു തയ്യല്‍ക്കാരന്‍റെ തുന്നലിനോടാണ്  സമാനപ്പെടുത്തിയത്. അതായത് ഒരു തയ്യല്‍ക്കാരന്‍
 പലഭാഗങ്ങള്‍ വെട്ടി തുന്നിച്ചേര്‍ത്ത് ആകൃതി വരുത്തുന്നതുപോലെ അദ്ദേഹം കഥയുടെ പല ഭാഗങ്ങള്‍
എഴുതി കൂട്ടി യോജിപ്പിക്കുന്ന രീതിയാണ് അവലംബിക്കുന്നതെന്നാണ് പറഞ്ഞത്.
 കഥ ഒരു നിര്‍മ്മിതിയാണെന്ന്  രാജീവ് കുമാര്‍ അഭിപ്രായപ്പെട്ടപ്പോള്‍ തൊട്ടു പുറകേ കഥയുടെ രസതന്ത്രം വിവരിച്ച സുഭാഷ് ചന്ദ്രന്‍റെ അഭിപ്രായം ഒരിയ്ക്കലും കഥ നിര്‍മ്മിതി അല്ലെന്നും  കഥ സ്വാഭാവികമായി പിറവി എടുക്കുന്നും എന്നാണ് അഭിപ്രായപ്പെട്ടത്.  കഥാകാരന്‍ സാംസ്ക്കാരിക വൃക്ഷത്തിന്‍റെ ഓരോ ചില്ലയാണെന്നും കഥകള്‍ ആ ഓരോ ചില്ലയിലെ പൂവായിട്ടും ആണ് അദ്ദേഹം ഉപമിച്ചത്.
തൊട്ടു പുറകേ  പ്രശസ്ത കഥാകാരന്‍ സന്തോഷ് എച്ചിക്കാനത്തിന്‍റെ ഊഴമായിരുന്നു. അദ്ദേഹത്തിന്‍റെ തന്നെ പന്തിഭോജനം എന്ന കഥയെഴുതാനുണ്ടായ കഥ പറഞ്ഞു കൊണ്ട്
ജാതീയതയെ കരിതേച്ച ആ കഥയിലെ രസതന്ത്രമാണ് വിവരിച്ചത്.
പിന്നീടു  രസതന്ത്രം വിവരിച്ചത് വത്സലന്‍ വാതുശ്ശേരി ആയിരുന്നു.അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ അനുഭവങ്ങളുടെ ചരിത്രവല്‍ക്കരണമാണ് കഥയെഴുത്ത് എന്നാണ്.കഥയെഴുതുമ്പോള്‍ സൂക്ഷ്മ അനുഭവങ്ങള്‍ ഒന്നിനു പുറകേ ഒന്നായി കടന്നു വരുന്നു എന്നാണ്  പറഞ്ഞത്.
അവസാനമായി സദസ്സിന്‍റെ അഭിപ്രായത്തെ മാനിച്ചുകൊണ്ട് ഉത്ഘാടനം നടത്തിയ കഥാകൃത്ത് സേതുവും അദ്ദേഹത്തിന്‍റെ കഥയുടെ രസതന്ത്രം വിവരിച്ചു. നേരനുഭവത്തില്‍ കൂടിയും കേട്ടനുഭവത്തില്‍ കൂടിയും കഥയെഴുതാമെന്നുള്ള രസതന്ത്രമാണ് അദ്ദേഹം വിവരിച്ചത്. കേട്ടനുഭവത്തില്‍ കൂടിയുള്ള അദ്ദേഹത്തിന്‍റെ പ്രശസ്ത കഥ ജലസമാധിയുടെ രസതന്ത്രംവിവരിച്ചു.
     ഒരു സ്ത്രീയുടെ കഥയെഴുത്തിന്‍റെ രസതന്ത്രം കേള്‍ക്കാനാവാത്ത നിരാശ്ശയില്‍ വീണ്ടും
അടുക്കള തുറന്ന് ജോലി ആരംഭിച്ചപ്പോള്‍ കഥയെഴുതുന്ന സ്ത്രീകളെല്ലാം അടുക്കളയിലൊതുങ്ങിയാല്‍ മതിയെന്നുള്ള പുരുഷാധിപത്യത്തിന്‍റെ രസതന്ത്രം ആണ് മനസ്സിലേയ്ക്കു കടന്നു വന്നത്. അതിനോടൊപ്പം വിശ്വ മലയാള മഹോത്സവം ഉത്ഘാടനം ചെയ്യാനെത്തിയ നമ്മുടെ രാഷ്ട്രപതി
ശ്രീ.പ്രണബ് കുമാര്‍ മുഖര്‍ജിയുടെ അഭിപ്രായവും----കേരളത്തില്‍ പൊതുരംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം കുറവാണെന്നുള്ളത്.
  എല്ലാ വേദിയില്‍ നിന്നും സ്ത്രീകളെ അകറ്റി നിര്‍ത്തുകയും, തരം കിട്ടുമ്പോള്‍ ഏതവസരത്തിലും
എവിടെ വെച്ചും എങ്ങിനെയും പീഡിപ്പിക്കുന്ന പ്രവണത കൂടി വരുന്ന ഒരു കാഴ്ചയും അല്ലെ കണ്ടുവരുന്നത്. അതിന്‍റെ ഏറ്റവും അടുത്ത ഉദാഹരണമല്ലെ തിരുവനന്തപുരം എയര്‍ പോര്‍ട്ടില്‍ പോലും കഴിഞ്ഞ ദിവസം  നമ്മള്‍ കണ്ടത്.

Thursday, October 18, 2012

വിഷുപ്പുലരിയിലെ ഓണപ്പൂവ് (ഈ ആഴ്ചത്തെ മാധ്യമം ആഴ്ചപ്പതിപ്പില്‍ -- 15-10-12ല്‍ പ്രസിദ്ധീകരിച്ചത്)
അത്തവണയും പതിവു പോലെ ഓണത്തിരക്കിനിടയിലാണ് ഓണക്കോടി എടുക്കുവാന്‍ ജൌളിക്കടയില്‍ പോയത്. എല്ലാവര്‍ഷവും തിരക്കു തുടങ്ങുന്നതിനു മുന്‍പ് പോകണമെന്നു വിചാരിക്കുമെങ്കിലും അത് പ്രാവര്‍ത്തികമാക്കുവാന്‍ ഇന്നു വരെ പറ്റിയിട്ടില്ല. നഗരത്തിലെ വര്‍ണ്ണ മനോഹരമായ തുണിക്കടകളിലൂടെ കയറിയിറങ്ങി  പോകുന്നത് വേറൊരു രസം തന്നെയാണ്. ഒരു മായാലോകത്ത് അകപ്പെട്ടതുപോലെ.....
 ബോണസ്സോ അഡ്വാന്‍ സ്സോ കിട്ടുന്ന തുകയത്രയും തുണിക്കടകളുടേയും പലവ്യജ്ഞനക്കടകളുടേയും പച്ചക്കറിവ്യാപാരികളുടേയും പണപ്പെട്ടിയിലാക്കി കടന്നുപോകുന്ന ഓണക്കാലം.
  പൂവിളിയില്ലാതെ..തുമ്പപ്പൂവില്ലാതെ..മുക്കുറ്റിയും വയല്‍പ്പൂവുമില്ലാതെ...കണ്ണാന്തളിപ്പൂവിന്‍റെ കവിളില്‍ തലോടാത്ത നഗരത്തിലെ അത്തപ്പൂക്കളങ്ങള്‍..   ..നാടും നഗരവും കണ്ട് അടുത്ത ദേശത്തുനിന്നും എത്തുന്ന ബന്തിപ്പൂവും അരളിപ്പൂവും ജമന്തിയും കൊണ്ട് പൂക്കളം തീര്‍ക്കുന്ന നഗരത്തിലെ ഓണം.. . 

 മറവിയുടെ ഏതോ കോണില്‍ നിന്ന് ഒരു തേങ്ങലോടെ തലപൊക്കിയ ഒരോര്‍മ്മ.
ചാണകം മെഴുകിയ  പൂക്കളത്തില്‍  വായ്ക്കുരവയുടെ  അകമ്പടിയോടെ ഇടുന്ന  അത്തപ്പൂക്കളം..മുത്തശ്ശിയുടെ മധുര മന്ത്രധ്വനി..അത്തം തുടങ്ങിയുള്ള ഒരുക്കം.. തിരുവോണ പുലരിയിലേക്ക്... മുപ്പറക്കുട്ടയില്‍  ചെത്തിയും മന്ദാരവും കോളാമ്പിയും ചെമ്പരത്തിയും നിറച്ച് കൊണ്ടുവന്ന് ഈര്‍ക്കിലിയില്‍ കോര്‍ത്ത്  വാഴപ്പിണ്ടിയലങ്കരിച്ച് പൂവട പിണ്ടിച്ചുവട്ടിലൊളിപ്പിച്ച് .. തിരുവോണം  പുലരുന്നതിനു മുന്‍പ് പൂമാറ്റുവാന്‍ ചെണ്ട ചേങ്കില മേളത്തോടെ വന്ന് , വില്ലും ശരവുമായി പൂവട കുത്തി ആര്‍പ്പു വിളിയോടെ എറിയുമ്പോള്‍  അതു് എത്തിപ്പിടിക്കുന്ന കൈകള്‍...
 എല്ലാം  ഓര്‍മ്മ ചെപ്പിലാക്കിയ മധുരസ്മരണകള്‍.

നഗരത്തിലെ ഏറ്റവും നല്ല തുണിക്കടയില്‍ തന്നെയാണ് അത്തവണയും കേറിയത്.  കുടുംബത്തിലെ എല്ലാവര്‍ക്കും ഓണക്കോടി എടുത്തു. ഇനി ചിന്നുമോള്‍ക്കാണ് ഒരു ഉടുപ്പെടുക്കാനുള്ളത്. മകളുടെ മകള്‍ക്കാണ്. എല്ലാവര്‍ഷവും തിരുവോണപ്പിറ്റന്നേ അവരെത്തുകയുള്ളു.ഞങ്ങള്‍ക്ക് ഓണം വരുന്നതും അപ്പോഴാണ്. ചിന്നുമോള്‍ക്ക് ഉടുപ്പെടുക്കുവാന്‍ എന്നെയാണ് അദ്ദേഹം ഏല്‍പ്പിച്ചത്.  ഇഷ്ടം ഉള്ളത് എടുക്കത്തക്കവണ്ണം കടയിലെ ഹാംഗറുകളില്‍ തൂക്കിയിട്ടിരിക്കുന്ന ഉടുപ്പുകള്‍ നോക്കി നോക്കി ചെന്നപ്പോളാണ് അവളെ ഞാന്‍ കാണുന്നത്. എന്നെപ്പോലെ തന്നെ ഉടുപ്പെടുക്കുവാന്‍ എത്തിയതാണവളും അച്ഛനും അമ്മയും .  ഏകദേശം ചിന്നുമോളുടെ അതേപ്രായം.
 ഒറ്റ നോട്ടത്തിലാരേയും വശീകരിക്കുന്ന കുരുന്ന്.  പേരു പറഞ്ഞു.മായക്കുട്ടി.

.  ഉടുപ്പുകളോരോന്നും എടുത്ത് ദേഹത്തു വെച്ചു നോക്കും  ഇഷ്ടപ്പെടാതെ തിരികെ ഇടും.
വീണ്ടും അടുത്തതില്‍ കയറിപിടിക്കും. പലപ്പോഴും ഞാനെടുക്കുന്ന ഉടുപ്പുകളിലെല്ലാം അവളുടെയും പിടുത്തം വീഴും. അതിഷ്ടപ്പെടാതെ അവളുടെ അച്ഛന്‍ ഇടക്കിടക്ക് ദേഷ്യപ്പെടുന്നും ഉണ്ട്. ഏഴെട്ടു വയസ്സുള്ള അവളുടെ ആ തിരച്ചില്‍  എനിക്കു നല്ല വണ്ണം ഇഷ്ടപ്പെട്ടു.
അവസാനം എന്‍റെ തിരച്ചില്‍ മാറ്റി വെച്ച് ഞാനവള്‍ക്കും കൂടി ഉടുപ്പു തിരഞ്ഞെടുക്കുവാന്‍ നിര്‍ബന്ധിതയായി.

അങ്ങനെ  വര്‍ണ്ണപ്പകിട്ടാര്‍ന്ന പൂമ്പാറ്റച്ചിറകിന്‍റെ ഭംഗിയുള്ള ആ ഉടുപ്പ് തുണിക്കൂമ്പാരത്തിനിടയില്‍ നിന്നും മായക്കുട്ടി തപ്പിയെടുത്തു. അവളുടെ അച്ഛനും അമ്മക്കും അത് അത്രക്കങ്ങ് ഇഷ്ടപ്പെട്ടില്ലെങ്കിലും കുട്ടികളുടെ ഇഷ്ടത്തിന് വിലകല്‍പ്പിക്കണമെന്ന് ഞാനും കൂടി മായക്കുട്ടിക്കു വേണ്ടി റെക്കമന്‍റു ചെയ്തു.  വാക്കുകളിലൊതുക്കാന്‍ പറ്റാത്ത സന്തോഷം മായക്കുട്ടിയുടെ മുഖത്ത്  നിറഞ്ഞു നിന്നു.
  ആ ഓണക്കോടിയും ഇട്ട്  അങ്ങകലെയുള്ള അമ്മ വീട്ടിലേക്കോ അച്ഛന്‍ വീട്ടിലേക്കോ പോയി അപ്പുപ്പനേയും അമ്മുമ്മയേയും ഒക്കെ  പുത്തനുടപ്പു കാണിക്കുന്നതായിരിക്കാം അപ്പോള്‍  ആ കുരുന്നു
 മനസ്സിലോടിയെത്തിയത്.
അധികം താമസിയാതെ ഞാന്‍ ചിന്നുമോള്‍ക്കും ഒരുടുപ്പെടുത്തു. ബില്ലടച്ചു കഴിഞ്ഞ് സാധനം വാങ്ങുവാന്‍ കുറേ സമയം  കാത്തിരിക്കേണ്ടിയും വന്നു. അപ്പോഴും മായക്കുട്ടിയുടെ സാമീപ്യം വിരസതയില്ലാതെ സമയം പോക്കുവാന്‍ ഉപകരിച്ചു. കടയില്‍ നിന്നും സാധനം വാങ്ങി   തിരികെ   പോരുമ്പോള്‍ അത്രയും സമയം പാറിക്കളിച്ച ആ പൂമ്പാറ്റയെ വിട്ടു പോരുവാന്‍ മനസ്സ് വിസമ്മതിച്ചു,.
 ഉത്രാടത്തിന്‍റെന്ന് രാവിലെ  ഓണക്കോടി  എടുത്ത് ഒന്നു നോക്കാമെന്നു വിചാരിച്ചു. തുണികളൊന്നൊന്നായി പകല്‍ വെളിച്ചത്തില്‍ കാണുമ്പോഴെ അതിന്‍റെ ശരിക്കുള്ള നിറവും ഭംഗിയും ഒക്കെ  ആസ്വദിക്കാനാവു.  എല്ലാം നോക്കി കഴിഞ്ഞു. ഇനി ചിന്നുക്കുട്ടിയുടെ ഉടുപ്പ് ഒന്നു നോക്കാം. പൊതിഞ്ഞിരുന്ന കവര്‍ പതുക്കെ പൊട്ടിച്ചു . ഉടുപ്പു പുറത്തെടുത്തു.

അയ്യോ!  എന്താണീ  കാണുന്നത് ?

അഗാധമായ ഒരു കൊക്കയിലേക്ക്  എടുത്തെറിയപ്പെട്ടതുപോലെതോന്നി. ഒരു പാടു പ്രതീക്ഷയോടെ..സന്തോഷത്തോടെ....ആയിരം പൂത്തിരികത്തിച്ച മുഖ പ്രസാദത്തോടെ..മായക്കുട്ടി തിരഞ്ഞെടുത്ത ആ കുഞ്ഞുടുപ്പ് തന്‍റെ തുണികളുടെ കൂട്ടത്തില്‍ ! ചിന്നുക്കുട്ടിക്കു മേടിച്ച ഉടുപ്പു കാണാനും ഇല്ല. അതു തമ്മില്‍ മാറിപ്പോയെന്ന്  മനസ്സിലായി.

അധികം താമസിയാതെ ആ ഉടുപ്പുമായി ഒരു ഓട്ടോ പിടിച്ച് വാങ്ങിയ കടയില്‍ പോയെങ്കിലും വല്ലപ്പോഴും തുണി മേടിക്കുവാന്‍ വരുമെന്നല്ലാതെ അവരുടെ ബാക്കി കാര്യങ്ങളൊന്നും ആ കടക്കാര്‍ക്കും അറിയില്ലായിരുന്നു.
കുറേ നേരം ഒഴുക്കു നഷ്ടപ്പെട്ട അരുവിപോലെ നിന്നു. പിന്നെ ഒരു തീരുമാനത്തിലെത്തി.
 ചിന്നു ക്കുട്ടിക്കു  വേറൊരു ഉടുപ്പു വാങ്ങി.  എന്‍റ ഫോണ്‍ നംമ്പരിനൊപ്പം മായക്കുട്ടിയുടെ ഉടുപ്പും കടയിലേല്‍പ്പിച്ചിട്ട്  വീട്ടിലേക്കു പോരുമ്പോള്‍ നിരാശയിലുള്ള ഒരു കുഞ്ഞു ഹൃദയത്തിന്‍റെ തേങ്ങലെവിടെ നിന്നോ എന്‍റെ കാതുകളില്‍ വന്നടിയുന്നതുപോലെ തോന്നി.
 പ്രതീക്ഷകളും സന്തോഷങ്ങളും ഒക്കെ സമ്മാനിച്ച് ഓണം കടന്നുപോയി. ഓണദിവസങ്ങളില്‍ വന്ന ഫോണ്‍ വിളികളിലൊന്നെങ്കിലും മായക്കുട്ടിയുടേതാകുമെന്ന എന്‍റെ പ്രതീക്ഷ വെള്ളത്തില്‍ വരച്ച വരപോലെ ആയിരുന്നു. ചിങ്ങം കഴിഞ്ഞു. കന്നിയും തുലാമും എല്ലാം ഒന്നിനു പുറകേ ഒന്നായി കടന്നുപോയി. ഇടക്കെപ്പോഴോ സിറ്റിയില്‍ പോയപ്പോള്‍ ആ കടയില്‍ വെറുതെ കേറി. പഴയ ഉടുപ്പിന്‍റെ പരിചയം പുതുക്കി. കടക്കാരന്‍ പറഞ്ഞു. അവര്‍ പിന്നീടു വന്നില്ലെന്നം ആ ഉടുപ്പു തിരികെ കൊണ്ടു പോയ്ക്കൊള്ളാനും. അതു തിരികെ വാങ്ങി കൊണ്ടു പോരുവാന്‍ എന്‍റെ മനസ്സനുവദിച്ചില്ല. ഒരുപക്ഷേ ചിന്നു മോള്‍ക്ക് അതു പാകമായേക്കാം അടുത്ത വിഷുവിനാണ് ഇനി ചിന്നുമോള്‍ ഞങ്ങളെ കാണാന്‍ വരുന്നത്. അപ്പോഴും അവള്‍ക്ക് പുത്തനുടുപ്പും വിഷുക്കൈ നീട്ടവും ഒക്കെ കൊടുക്കണം. എന്നിരുന്നാലും മായക്കുട്ടിക്കു വാങ്ങിയ ആ ഉടുപ്പ് അവിടെ തന്നെ ഇരിക്കട്ടെ എന്ന് ഞാനവരോടുപറഞ്ഞു.
 മാസങ്ങള്‍ കടന്നുപോയി.  സമൃദ്ധിയുടെ നിറവാര്‍ന്ന കണിക്കൊന്നകള്‍ മേട വിഷുവിന്‍റെ വരവേല്‍പ്പിനായി പൂത്തു തുടങ്ങി. മനസ്സിലും കണിക്കൊന്നപൂത്ത നിറവുണര്‍ന്നു. ചിന്നുക്കുട്ടി വരും. അവള്‍ക്കു വേണ്ടി കണിയൊരുക്കുന്നതിന്‍റെയും പുത്തനുടുപ്പെടുക്കുന്നതിന്‍റേയും ഒരുക്കങ്ങള്‍ മനസ്സിന് ഉണര്‍ വേകി. മുറ്റത്തെ കൊന്ന നിറയെ മൊട്ടായി. അവിടവിടെയായി ഒന്നു രണ്ടു കുല പൂത്തു.ഒരു വണ്ണാത്തിക്കിളി വന്ന് കൊന്നയുടെ ചില്ലയിലെല്ലാം ചാടിക്കളിച്ച് പറന്നു പോയി. ചിന്നുക്കുട്ടി വന്നാലവള്‍ക്ക്  വണ്ണാത്തിക്കിളിയെ കാണിച്ചു കൊടുക്കാമെന്നാശിച്ചു..വിഷുവിന് ഇനി  ഒരാഴ്ചയേയുള്ളു. മനസ്സില്‍ കണക്കു കൂട്ടി. ചിന്നുക്കുട്ടിക്ക് ഉടുപ്പെടുക്കണം. ഇത്തവണ  ഓണത്തെപ്പോലെ അബദ്ധം പറ്റരുത്.. ഉടുപ്പെടുക്കുവാന്‍ പോകാനൊരുങ്ങിയ അന്നു കാലത്താണ് മകളുടെ ഫോണ്‍ വന്നത്. ഇത്തവണ വിഷുവിന് വരാന്‍ പറ്റുകയില്ല.
മുറ്റത്തെ കണിക്കൊന്നപ്പൂവെല്ലാം ഒന്നോടെ കരിഞ്ഞു പോയതുപോലെ..... സമൃദ്ധിയുടെ നിറവുകളില്‍ നിഴലു വീണിരിക്കുന്നു. ആശയെല്ലാം അസ്തമിച്ചു.
വിഷുപ്പുലരി പിറന്നു വീണു. കണിയൊരുക്കുവാന്‍ കണിക്കൊന്ന പറിച്ചില്ല. വണ്ണാത്തിക്കിളി വന്ന് തത്തിക്കളിച്ചു പറന്നുപോയി. ചിന്നുക്കുട്ടിക്കുവേണ്ടി പറന്നു വന്നതുപോലെ. രാവിലെ കാപ്പികുടി കഴിഞ്ഞു. രണ്ടുപേരും വിഷമിച്ചിരിക്കുമ്പോളാണ് ഒരു ഫോണ്‍ വന്നത്. ഒരു വിരുന്നുകാരാണെന്നു പറഞ്ഞു. വീട്ടിലേക്കുള്ള വഴിയും ചോദിച്ചറിഞ്ഞു.
ആരായിരിക്കും പറയാതെ വരുന്ന     ഈ വിരുന്നുകാര്‍ ?      അറിയാനാകാംക്ഷയായി. ആരായിരുന്നാലും  വിരുന്നുകാര്‍ക്ക് കൊടുക്കുവാനല്‍പ്പം പായസമുണ്ടാക്കാമെന്നു വിചാരിച്ചു. വിഷുവുമായി വരുന്നതല്ലേ..  .  പായസം ഉണ്ടാക്കുന്നതിരക്കിലേര്‍പ്പെട്ടു. ചെയ്യാനൊരു ഉത്സാഹവുമായി. നല്ലോരു ദിവസമായിട്ട് ആരെങ്കിലും വരാനുണ്ടല്ലോയെന്നത്. .

സിറ്റൌട്ടിലിരുന്ന് അദ്ദേഹം വിളിച്ചു. ഓടിച്ചെന്നപ്പോള്‍ കണ്ട കാഴ്ച!

ആറുമാസത്തിനു മുമ്പ്  ഗര്‍ത്തത്തില്‍ വീണ മനസ്സ് ഇതാ കൊടു മുടിയിലെത്തിയിരിക്കുന്നു.
ഒരു പൂമ്പാറ്റ വിഷുക്കണിയായി തന്‍റെ കൊന്നച്ചുവട്ടില്‍...മുഖത്ത് നിറഞ്ഞ പാല്‍പുഞ്ചിരിയുമായി മായക്കുട്ടിയും അച്ഛനും അമ്മയും മുറ്റത്ത്. വര്‍ണ്ണരാജികളുടെ ആ ഉടുപ്പും ഇട്ടുകൊണ്ട്.. ..ഒരു കണിക്കൊന്നപ്പൂവിന്‍റെ നിറവാര്‍ന്ന പുഞ്ചിരി തനിക്കു സമ്മാനിച്ചുകൊണ്ട്...

Sunday, September 23, 2012

പുസ്തക പ്രകാശനം


  
അങ്ങനെ എന്‍റെ ആഗ്രഹം സഫലമാകുവാന്‍ പോകുന്നു. എന്‍റെ ആദ്യത്തെ കഥാ സമാഹാരം ഈ മാസം 27ന് പ്രകാശനം ചെയ്യുവാന്‍ പോകുന്നു.
ഏകദേശം ഒന്നര വര്‍ഷം കൊണ്ട് ബുക്ക് പ്രസ്സില്‍ ആയിരുന്നു.. പെരുമ്പടവം ശ്രീധരന്‍ സാറാണ് അവതാരിക എഴുതിയിരിക്കുന്നത്.
പ്രഭാത് ബുക്ക് ഹൌസ് ആണ് പ്രസാധകര്‍. 27ന് പ്രസ്സ് ക്ലബ്ബില്‍ നടക്കുന്ന പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കുന്നത് പ്രൊ; ചന്ദ്രമതി,  ബി.മുരളിക്ക് നല്‍കി കൊണ്ടാണ്.

 നിങ്ങളുടെ ഒക്കെ  നിര്‍ ല്ലോഭമായ പ്രോത്സാഹനം ആണ് എന്നിലെ എഴുത്തുകാരിയുടെ ജീവാത്മാവ്.
 എന്നാല്‍ ഇപ്പോള്‍ നമ്മുടെ ബ്ലോഗു ലോകത്തില്‍ ധാരാളം ചെറിയ ചെറിയ കൂട്ടായ്മകള്‍
വരുകയും അതില്‍ ഒതുങ്ങി നില്‍ക്കുന്നതും ആണ് കണ്ടു വരുന്നത്. പണ്ടു വന്ന് പ്രോത്സാഹിപ്പിച്ചിരുന്നവരെ ഒന്നും ഇപ്പോള്‍ കാണുന്നും ഇല്ല.
  അതെന്തെങ്കിലും ആകട്ടെ.
 നിങ്ങളെ ഏവരേയും ഞാനീ വിവരം അറിയിക്കട്ടെ. പിന്നെ നാട്ടിലുള്ള സുഹൃത്തുക്കള്‍ ഉണ്ടെങ്കില്‍ പങ്കെടുക്കുക.
വീണ്ടും നിങ്ങളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

Thursday, August 16, 2012

ഓണം വന്നേ...ഓണത്തപ്പന്‍വരവുണ്ടേ
ഓണം കേറാ മൂലയിലെല്ലാം
ഓണക്കിളിയുടെ വരവുണ്ടേ..
ഓണപ്പൂവിന്‍പരിമണംമുണ്ടേ...

കണ്ണുപൊത്തിക്കളി  സാറ്റുകളി
തുമ്പിതുള്ളിക്കളി ഊഞ്ഞാലാട്ടം
അടിച്ചോടിപ്പിടുത്തം  അരങ്ങു തകര്‍ക്കും
 തലപ്പന്തു കളിയുടെ തരികിടയുണ്ടേ.

ഇരുത്തം വന്നൊരു ഇട്ടൂലിക്കളിയും
ഇനിയെങ്ങും കാണാത്ത കുടമൂത്തുകളിയും.
പഴമക്കാരുടെ പകിടകളിയും
ഓണക്കളികളിലൊന്നാമതാണേ.

ഓണത്തപ്പനെ വരവേല്‍ക്കാന്‍
തച്ചനൊരുക്കും വള്ളത്തേലൊരു
വള്ളംകളിയുടെ ആര്‍പ്പുണ്ടേ.
വള്ള സദ്യക്കൊരു വിളിയുണ്ടേ.

ഓണക്കോടിയുടുത്തു  കുട്ടികള്‍
മുറ്റം നിറയെപ്പൂക്കളമിട്ടേ.
മുത്തശ്ശി കച്ച മുറുക്കിയുടുത്തു
 നടുമുറ്റത്തൊരു  വിളക്കുവെച്ചു.

വിളക്കുചുറ്റി വളകിലുക്കി
വടക്കം പാട്ടിന്റെ ഈരടിപാടി.
ചുവടുവെച്ചൊരു  കളിതുടങ്ങി.
കുമ്മിയടിപ്പാട്ടു പാടിക്കൊണ്ട്

തിരുവാതിരക്കളി തിരുവോണത്തിന്
തനതായൊരു കളിയാണല്ലോ..
തത്തിമി തകതിമി തത്തൈയ്യം പാടി
പാടിക്കളിക്കു കൂട്ടുകാരെ.

Saturday, August 4, 2012

അഭിനവ രാവണന്‍മാര്‍ (31-7-2012 ദേശാഭിമാനി പത്രത്തിന്‍റ സ്ത്രീഎന്നപംക്തിയില്‍ പ്രസിദ്ധീകരിച്ചത്)
 

 രാവണന്‍   സീതയെ      തോളത്ത്    എടുത്തിട്ടുകൊണ്ട്    പുഷ്പകവിമാനത്തില്‍കയറ്റി    ലങ്കയിലേക്കു കൊണ്ടുപോയ ചിത്രങ്ങള്‍കണ്ടിട്ടുണ്ട്.
 അതിനു സമാനമായ ഒരു സംഭവമാണ് കേരളത്തിന്‍റെ ഭരണ സിരാ കേന്ദ്രമായ തിരുവനന്തപുരത്ത് സിറ്റിയുടെ നടുക്ക്  കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ്  നടന്നത്.
 തലസ്ഥാന നഗരിയിലെ ഹൃദയഭാഗത്തുള്ള    ഒരു റോഡില്‍ കൂടി പട്ടാപ്പകല്‍ കൂട്ടുകാരികളുമായി ട്യൂഷനു പോയി തിരികെ വന്ന ഒരു സ്ക്കൂള്‍  വിദ്യാര്‍ത്ഥിനിയെ  ആണ്     ഒരു  അന്യസംസ്ഥാനക്കാരന്‍ തോളിലെടുത്തിട്ടുകൊണ്ട്  തട്ടിക്കൊണ്ടുപോകാന്‍ തുനിഞ്ഞത്.
ഇവിടെയുള്ളവരുടെ പീഡനം കണ്ടിട്ടായിരിക്കാം ഇപ്പോള്‍ അന്യസംസ്ഥാനക്കാരും കേരളത്തിലെ പെണ്‍കുട്ടികളെ ആക്രമിക്കാന്‍ തുനിയുന്നത്.
പതിമൂന്നര ലക്ഷത്തോളം അംഗസംഖ്യ ഉള്ള ഇവര്‍ എവിടെ നിന്നു വന്നെന്നോ എവിടേക്ക് പോകുന്നെന്നോ നമ്മുടെ ഭരണാധികാരികള്‍ ശ്രദ്ധിക്കാതെയിരിക്കുന്നത് ഗുരുതരമായ പ്രത്യാഘതങ്ങള്‍ക്ക് ഇടവരുത്തുമെന്ന് നിസ്സംശയം പറയട്ടെ.
 പണ്ടൊന്നുമില്ലാത്തവിധം സ്ത്രീകളുടെ നേരെയുള്ള അതിക്രമം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുകയാണല്ലോ. നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയില്‍ എന്തു കുറ്റം ചെയ്താലും ഊരി പുറത്തു വരുവാനുള്ള പഴുതുകളേറെയുണ്ടല്ലൊ.
ഞാനൊക്കെ വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ സ്ക്കൂളും കോളേജും ഒക്കെ കഴിഞ്ഞ് സന്ധ്യമയങ്ങി ബസ് സ്റ്റോപ്പില്‍ വന്നിറങ്ങിയാല്‍ ഒരു പേടിയും ഇല്ലാതെ  നടവഴിയില്‍ കൂടി വീട്ടില്‍ നടന്നെത്തുന്ന പതിവായിരുന്നു. അഥവാ അല്‍പ്പം കൂടി ഇരുട്ടായാല്‍ ചുറ്റിനും നോക്കും പരിചയമുള്ള  ഏതെങ്കിലും സഹോദരന്മാര്‍ റോഡിലെവിടെയെങ്കിലും ഉണ്ടോയെന്ന്. ഉണ്ടെങ്കില്‍ അവരോടു ചോദിക്കും ഒന്നു വീടുവരെ കൊണ്ടാക്കുമോ എന്ന്.  അമ്മ പെറ്റ ആങ്ങളമാരെക്കാളും സുരക്ഷിതമായിട്ട് അവര്‍ വീട്ടില്‍ കൊണ്ടുവന്നാക്കും. ഇതില്‍ അല്‍പ്പം പോലും അതിശയോക്തിയില്ല. തികച്ചും സത്യമാണ്. പക്ഷെ ഇന്നത്തെ ഈ മാറിയ പരിതസ്ഥിതിയില്‍  ഒരാളിനേയും വിശ്വസിക്കുവാന്‍ പറ്റാതെയായിരിക്കുന്നു.
 പഴയ നാടും സ്ഥലങ്ങളും ഒക്കെ തന്നെയാണ് ഇപ്പോഴും ഉള്ളത്. എന്നാല്‍ മനുഷ്യരുടെ മനസ്സാണ് മാറിപ്പോയത്. ഇപ്പോഴത്തെ വാര്‍ത്താ മാധ്യമങ്ങളുടെയും ടീവി ചാനലിന്‍റയും  അതിപ്രസരവും  മനുഷ്യ മനസ്സിനെ വല്ലാതെ സ്വാധീനിച്ചിരിക്കുന്നു. ടീവിയില്‍ ഒരു സെന്‍സര്‍ഷിപ്പും ഇല്ലാതെ   സ്ത്രീ ശരീരത്തിനെ വെച്ചുള്ള പരസ്യങ്ങളും മറ്റുള്ള സീരിയലുകളും സിനിമയും ഒക്കെ ഇതിനൊരു നിര്‍ണ്ണായക ഘടകങ്ങളാണെന്ന് എടുത്തു പറയട്ടെ. അതേപോലെ തന്നെ വെട്ടും കുത്തും ഒക്കെയുള്ള സിനിമയുടെ അതിപ്രസരവും.
പെണ്‍കുട്ടികള്‍ക്ക് സ്വയരക്ഷയ്ക്കായി സ്ക്കൂളുകളില്‍ കരാട്ടെ ക്ലാസ്സുകളോ അടിതടയോ ഒക്കെ പാഠ്യ പദ്ധതിയില്‍ ഉള്‍ പ്പെടുത്തിയാല്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഒരുപരിധിവരെ രക്ഷനേടാനാകുമായിരിയ്ക്കാം.
സൌമ്യാ വധക്കേസിലെ ഗോവിന്ദചാമിമാരെ രക്ഷിക്കാന്‍ വന്നതുപോലെ      ഈ അഭിനവ രാവണന്മാരെയും  രക്ഷപ്പെടുത്തിയെടുക്കുവാന്‍  പിന്നണിയില്‍ ഏറെ ആള്‍ക്കാര്‍ ഉണ്ടാകും എന്ന് എടുത്തു പറയട്ടെ.
 ഇങ്ങനെ പോകുകയാണെങ്കില്‍   നമ്മുടെ പെണ്‍കുട്ടികള്‍ക്ക് കേരളത്തിലെ നടവഴിയും റോഡും ഒക്കെ അന്യമാകുവാന്‍ പോകുന്ന കാലം അതി വിദൂരമല്ല.     അവര്‍ ഒരുകാലത്ത് പറയുമായിരിക്കും നമ്മുടെ അമ്മയും അമ്മുമ്മയും ഒക്കെ ഇതുവഴി ഒറ്റക്കു നടന്നു പോയ ഒരു കാലമുണ്ടായിരുന്നു എന്ന്.             അങ്ങനെ  ഭാവിയില്‍ പറയാന്‍  ഇടവരാതിരിക്കട്ടെ!!

Thursday, July 5, 2012

തുടക്കം. ഡിസിപ്ലിനോടെ............

സൂചി താഴെ വീണാല്‍ കേള്‍ക്കുന്ന നിശ്ശബ്ദത. നൂലുകെട്ടിയതുപോലെ വരി വരിയായുള്ള നില്‍പ്പ്. ഉന്തും തള്ളും ഒന്നുമില്ല.. എന്തു നല്ല ഡിസിപ്ലിന്‍ .ആരു കണ്ടാലും അവിടേക്ക് ഒന്നു നോക്കിപ്പോവും ഒരുപക്ഷേ മറ്റൊരിടത്തും കാണാത്ത അച്ചടക്കം.   ജാതിമതചിന്തയൊന്നുമില്ലാതെ. പരസ്പര സാഹോദര്യത്തോടെ  . അന്നുവരെ  ഞാന്‍ കണ്ടതിലേക്കും വെച്ച് ഏറ്റവും മാന്യമായ ഒരു ക്യൂവായിരുന്നു അത്.

 
അതിനടുത്തുള്ള ഒരു തയ്യല്‍ക്കടയിലെ  കൂടെക്കൂടെയുള്ള സന്ദര്‍ശകയായ എന്നെ അത് അലോസരപ്പെടുത്താതിരുന്നില്ല. എനിക്ക് മിക്കപ്പോഴും  ആ തയ്യല്‍ക്കടയുടെ സേവനം ആവശ്യമായി വരും. ഒന്നുകിലൊരു ബ്ലൌസ് അല്ലെങ്കില്‍ സാരിയുടെ വിളുമ്പടിപ്പിക്കുവാന്‍ അതുമല്ലെങ്കില്‍ മോള്‍ക്ക് ഒരു ചൂരിദാറ് തയ്പ്പിക്കുവാന്‍ ഇല്ലെങ്കിലദ്ദേഹത്തിന്‍റ പാന്‍റു കീറിയത് തയ്പ്പിക്കുവാന്‍..എപ്പോഴും വിചാരിക്കും ഈ വിദ്യ ഒന്നു പഠിച്ചെടുക്കണമെന്ന്. പിന്നെ വിചാരിക്കും എന്നെപ്പോലെ എല്ലാവരും ഇതു പഠിച്ചെടുത്താലവരുടെ കഞ്ഞികുടി മുട്ടിപ്പോവില്ലേയെന്ന്.


കേരളത്തിലെ തലസ്ഥാനനഗരിയുടെ പ്രാന്തപ്രദേശത്തുള്ള ഒരു പഴയ തയ്യല്‍ക്കട.
തയ്യല്‍ മെഷീന്‍റെ കട..കടാ ശബ്ദത്തിനേപ്പോലെ രാധാ ടെയിലറിംഗ് ഷോപ്പിന്‍റെ ഉടമസ്ഥ രാധയുടെ ജീവിതത്തിന്‍റെ താളത്തില്‍ അലോസരമുണ്ടാക്കിക്കൊണ്ടാണ്  അതേ കെട്ടിടത്തിലെ ഒരു മുറിയിലേക്ക്  സര്‍ക്കാരിന്‍റെ വിദേശ മദ്യഷാപ്പ്  മറ്റൊരിടത്തു നിന്ന് പറിച്ചു നട്ടത്.
വര്‍ഷങ്ങളായി നടത്തിവരുന്ന കട. രാധയുടെ ഭര്‍ത്താവ്  തങ്കപ്പന്‍ രാധയേയും കുട്ടികളേയും  ജീവിതത്തിന്‍റെ പാതി വഴിയില്‍ ഇട്ടിട്ടു്  ട്യൂമറു ബാധിച്ച്   വിധിക്കു കീഴടങ്ങിയപ്പോള്‍  പിടിച്ചു നിന്നത് ഈ തയ്യല്‍ക്കടയുടെ  തണലിലാണ്.
മദ്യഷാപ്പ്  തുടങ്ങാന്‍ പോകുന്നു എന്നു കേട്ടപ്പോഴെ പഞ്ചായത്ത് മെമ്പറേയും പ്രസിഡന്‍റിനേയും ഒക്കെ പോയി  രാധ കണ്ടു. പക്ഷെ അവരു പറഞ്ഞ ന്യായവാദങ്ങളുടെ മുമ്പില്‍ രാധയുടെ പരിദേവനങ്ങളെല്ലാം കാറ്റത്തെ കരീല പോലെ ആയിപ്പോയി.  സ്ക്കൂള്‍ കുട്ടികളുടെ ഭാവി നോക്കുന്ന പൊതു പ്രവര്‍ത്തകര്‍ക്ക് എത്രയും പെട്ടെന്ന് സ്ക്കൂളിന്‍റെ നൂറു മീറ്ററിനുള്ളില്‍ നിന്നും മദ്യഷാപ്പ് രാധാ ടെയിലറിംഗിന്‍റെ അടുത്തുള്ള ഒഴിഞ്ഞ മുറിയിലേക്ക് കൊണ്ടുവരുവാനുള്ള ഔത്സുക്യത്തിനു പിന്നില്‍   മറ്റൊരു ലക്ഷ്യം കൂടി  ഉണ്ടായിരുന്നു. വല്ലപ്പോഴും മദ്യഷാപ്പിന്‍റെ സേവനം ലഭ്യമാകുവാനുള്ള ദൂര പരിധി അവരെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന കീറാ മുട്ടിയായിരുന്നു. ഇതാകുമ്പോള്‍ ഒരു പൈന്‍റടിക്കാന്‍  വരിയില്‍ മുന്നില്‍ നില്‍ക്കുന്ന പരിചയക്കാരിലാരെയെങ്കിലും ദൂരെ നിന്നൊന്ന് കൈയ്യും കടാക്ഷവും കാണിച്ചാല്‍ സാധനം  വീട്ടിലെത്തിക്കുകയും ചെയ്യും.
 .

അങ്ങനെ പഞ്ചായത്തു പ്രസിഡന്‍റും മെമ്പറും എല്ലാം രാധാ ടെയിലറിംഗിനെ കൈവിട്ടു.
 ഒരു ദിവസം വൈകുന്നേരം  താന്‍ അമ്മയുടെ മുണ്ടിന്‍റെ വക്കടിപ്പിക്കുവാന്‍ ആണ് അതുവഴി കയറിയത്.
മാനസികമായി  അവളുടെ ദുഃഖങ്ങള് പങ്കുവെയ്ക്കാനുള്ള ഒരു അത്താണിയായതിനാലാകാം
 തന്നെക്കണ്ടതും കെട്ടി നിര്‍ത്തിയിരുന്ന വെള്ളം പൊട്ടിയൊഴുകുംപോലെ എല്ലാ പരിദേവനങ്ങളും  തന്‍റ മുമ്പില്‍ നിരത്തിയ രാധയുടെ മനസ്സിലെ  ഉരുള്‍ പൊട്ടലിന്‍റെ പ്രകമ്പനം കേട്ട് അതിനു   സ്വാന്തനമേകാനാണ്  നാണിയമ്മ  വന്നത്.


----   അടുത്ത് വീഞ്ഞപ്പെട്ടിപ്പലകയുടെ മുകളില്‍  മദ്യഷാപ്പിലെ സന്ദര്‍ശകര്‍ക്കു വേണ്ട അത്യാവശ്യംചില ചില്ലറ സാധനങ്ങള്‍ വില്‍ക്കുന്ന  നാണിയമ്മ രാധയുടെ ഒരു രക്ഷാ കവചമായിരുന്നു.
 
 നാണിയമ്മ പറഞ്ഞു തുടങ്ങിടീച്ചറമ്മാ  യെവളോട് ഞാനെത്തറ പറഞ്ഞു നോക്കി. നീയെന്തിരിനെടീ  നീ  ഇത്ര പേടിക്കണതെന്ന്. യിത്ര ഡെസ്സിപ്പിയായി ഇപ്രദേശത്ത് ഒരു  സ്സാപനവും ഞാങ്കണ്ടിട്ടില്ലേയ്. ദാ കണ്ടാ  ഇത്തറേം ആണാപ്പെറന്നവമ്മാരു നിന്നിറ്റ്     ഒരുന്തില്ല..തള്ളില്ല.   ഒരു വെഹളിയില്ല. "
 മക്കളു് തമാശയായി വിളിക്കുന്ന വിളിപ്പേര് നാട്ടുകാരേറ്റെടുത്തതു കൊണ്ടാണ് . താനെല്ലാവരുടേയും ടീച്ചറമ്മയായത്.
 
സ്വന്തം   കച്ചവടസ്ഥാപനത്തിന്‍റെ വിറ്റു വരവിലുള്ള ലാഭം മുന്‍നിര്‍ത്തിയാണ് നാണിയമ്മ മദ്യഷാപ്പിന് അനുകൂല നിലപാടെടുത്തതെന്ന് തനിക്കു തോന്നി.  
നല്ല ഡിസ്സിപ്ലിനോടുകൂടിയുള്ള നില്‍പ്പ്. ആരു കണ്ടാലും ഒന്നു നോക്കി നിന്നു പോകും.
 തന്റെ മൌനത്തിന്റെ ധൈര്യത്തിലാണ് നാണിയമ്മ ബാക്കി കൂടി പറഞ്ഞു തുടങ്ങിയത്.


"   ഞാമ്പറഞ്ഞ്  ടീച്ചറമ്മാ... യെടി രാതേ നീയ്യ് ഓണച്ചന്തേയ്  പേയി നോക്കീം....ഒന്നും വേണ്ട വേലാന്‍പിള്ളേരെ  റേഷങ്കടയില് ഒരുരൂപയ്ക്കരി വാങ്ങിക്കാന്‍ ഒന്ന് ചെന്നു നോക്കീം..... ഇവത്തുങ്ങളെ ഇടികൊണ്ടേയ  പിന്നെ പിറ്റെ തിവസം കുറുക്കു വേതന കൊണ്ട് കെടക്കപ്പായീന്ന് നടു നൊവരേയില്ല. ഇതങ്ങിനെയൊന്നുമില്ലാതെ  നല്ല വരി വരിയായി ഒര്  ഒച്ചേം  അനക്കോം ഒന്നുമില്ലാതെ ....അവുത്തങ്ങള് മായിച്ച് കുടിക്കെട്ടും.  "
ഒരു ഫുള്‍ .... ക്വാര്‍ട്ടര്‍ ..പൈന്‍റ്...വോഡ്ക്ക..റം ..വിസ്ക്കി...

മദ്യഷാപ്പിലെ  വിലവിവരവും കൊടുക്കലുവാങ്ങലിന്‍റെയും ഒച്ച ഒരു ചെവിയിലും  നാണിയമ്മയുടെ ന്യായം പറച്ചിലു മറു ചെവിയിലുമായി   തയ്യല്‍ക്കടയിലെ സ്റ്റൂളിലിരുന്ന എന്‍റെ സാമീപ്യം രാധക്ക് പുതിയൊരു ധൈര്യം കൊടുത്തതുപോലെ ...അവളുടെ തയ്യല്‍ മെഷീന്‍റെ കട കട ശബ്ദത്തില്‍ അതു നിഴലിച്ചു.
 നാണിയമ്മ പറഞ്ഞു തുടങ്ങി.
  
" അല്ലെങ്കിത്തന്നെ ടീച്ചറമ്മോ   നുമ്മളു വിജാരിച്ചാലിവിടെ യെന്തെരെങ്കിലും നടക്കുവോ. ഈ രാതേം ടീച്ചറമ്മേം ഞാനും ഒന്നും വിജാരിച്ചാ ഇവിടെ  കമന്നു കെടക്കണ പ്ലാവില എടുത്ത് നൂത്തു വയ്ക്കാന്‍ പറ്റ്വോ...   എന്‍റ മണിക്കുട്ടനു പറ്റിയത് ടീച്ചറമ്മ ഒന്നോര്‍ത്തു നോക്കിം....വെഷച്ചാരായോം കുടിച്ചൊണ്ടു മരപ്പണിക്കു പോയത്..."
  കുറച്ചു നേരത്തേക്ക് നാണിയമ്മയ്ക്ക് തൊണ്ടയില്‍ കുരുങ്ങിയ വാക്കുകള്‍ പുറത്തോട്ടു വന്നില്ല. കണ്ണുകളില്‍ കൂടി അത് അലിഞ്ഞ് പുറത്തോട്ടു വന്നപ്പോള്‍ തനിയ്ക്കതെങ്ങനെ തടഞ്ഞു നിര്‍ത്താന്‍ പറ്റും എന്നറിയാതെ തരിച്ചിരുന്നുപോയി.
അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ കരച്ചിലില്‍ നിന്നും കിട്ടിയ ഊര്‍ജ്ജസ്രോതസ്സ്  എടുത്ത് നാവിനു കൊടുത്ത നാണിയമ്മ ബാക്കി കൂടി പറഞ്ഞു തീര്‍ത്തു. ഒറ്റ ശ്വാസത്തിന്.
"   പകവാന്‍ ശ്രീപപ്പനാവനാണെ യെവമ്മാരക്ക് ഇതിനൊക്കെ പലിശീം മൊതലും കിട്ടീറ്റേ കൊരവളേലെ സ്വാസം നേരാം വണ്ണം പൊവ്വൊള്ളു."
" വെഷച്ചാരായം വിറ്റവന്‍  കോടീശ്വറന്‍ . രാവിലെ  പഷ്ടിലെ  നൂരെ ചെന്ന് കുടിച്ചത് എന്‍റെ മണിക്കുട്ടന്‍.  മരത്തി ക്കേറണതിനു മുന്നേ അവന്‍ ചത്തു മലച്ചു.  അതറിഞ്ഞോണ്ട് ബാക്കിയെടുത്ത് ഓടേലോട്ടു  വീത്തി.   പോസ്സുമാര്‍ട്ടത്തില് മരത്തീന്നു വീഴുന്നതാക്കി. നുമ്മക്ക് പെറകേ പൂവ്വാനാളില്ലല്ല്. അവന്‍റെ കൊച്ചുങ്ങളെ  വളത്തി ഒരു കര പറ്റിക്കണ്ടേ.. അതിനാണീ വീഞ്ഞപ്പെട്ടീ കച്ചോടം കൊണ്ട് ഈ കള്ളുഷാപ്പിന്‍റെ വാതിയ്ക്കലിരിക്കണത്.  വേറെ ഒരു നെവര്‍ത്തീം ഇല്ല. ദേഹത്തിന് സുകോമില്ല. കുറുക്കു വേദന. കാലു തരിപ്പും മണ്ട പൊളപ്പും എല്ലാ അസുകോം ഒണ്ട്."
   
നാണിയമ്മ ആരോ തൊട്ടു കൂട്ടാനച്ചാറിനു വന്നപ്പോള്‍  അങ്ങോട്ടു പോയി.
താന്‍ വെറുതെ ഒരു രംഗനിരീക്ഷണം നടത്തി.
  നാണിയമ്മയെ കൂടാതെ ആ പരിസരത്തായി വേറെയും രണ്ടു മൂന്ന് വെച്ചു വാണിഭക്കാരും കൂടിയുണ്ട്. ഒരുത്തന്‍റെ കൈവശം ചുട്ടു തല്ലിയ കുറച്ച് അണ്ടിപ്പരിപ്പ്. കുറച്ചു സിഗരറ്റും.  നാണിയമ്മയെപ്പോലെ തന്നെ ഒരു  വയസ്സായ സ്ത്രീയുടെ കൈയ്യില്‍ ഉപ്പിലിട്ട മുളകും കുറച്ചു മുളകു ബജിയും . ഒരു പെട്ടിക്കടക്കാരന്‍റെടുക്കല്‍ കുറച്ചു സോഡായും പ്ലാസ്റ്റിക്‍ ഗ്ലാസ്സും.
ഇതിനു മുമ്പ്  ഇവരെയൊന്നും അവിടെ കണ്ടിട്ടില്ല. ഈ വിദേശ മദ്യഷാപ്പു വന്നപ്പോള്‍ മുളച്ചു വന്ന പെട്ടിക്കച്ചവടക്കാരാണിതെല്ലാം.
  കൈയ്യിലൊരു കുപ്പിയുമായി രണ്ടുമൂന്നു  ചെറുപ്പക്കാര്‍ സോഡാക്കാരന്‍റെടുക്കല്‍ നിന്നും സോഡായും ഗ്ലാസ്സും  നാണിയമ്മയുടെ പുഴുങ്ങിയ മുട്ടയും നാരങ്ങാ അച്ചാറും അങ്ങിനെ ഒന്നു മിനുങ്ങാന്‍   വേണ്ട അനുസാരികളെല്ലാം വാങ്ങി തൊട്ടടുത്ത ആളില്ലാത്ത വീട്ടു വളപ്പിലേക്കു കയറുന്നു.
 നാണിയമ്മ  മനസ്സിലിട്ടു വെച്ചിരുന്ന  ബാക്കി കാര്യങ്ങള്‍  രാധ കേള്‍ക്കാതെ തന്നോടു മാത്രം പറഞ്ഞു.
എന്റെ ടീച്ചറമ്മാ  കടേം പൂട്ടിക്കെട്ടി ലവള് --രാതയേ --പോകാതിരിക്കാനെക്കൊണ്ട് ഞാനെടുത്ത പുത്തിയാണത്.  ഈ യെന്തരിവനൊക്കെ കുടിച്ചു പൂസായാ പിന്നെ സ്വപോതം ഇല്ലാതെ...പോരാത്തതിന്. അവളൊരു ചെറുപ്പക്കാറി. തുണി മുറിക്കണ കത്തിരി എപ്പഴും മൂര്‍ച്ചകൂട്ടി വെച്ചിരക്കണമെന്നു   ഉപതേശിച്ചിറ്റൊണ്ട്.  കട പൂട്ടിക്കെട്ടിപോയാലെക്കൊണ്ട്  അവളെ അടുപ്പി തീ പൊയൂല്ല.  അതിനായി കൊടുത്ത തൈര്യം
 മനസ്സാലെ നാണിയമ്മയെ നമിച്ചു.
 നാണിയമ്മേടെ വീഞ്ഞപ്പെട്ടിയുടെ മുകളില്‍ കണ്ണും മിഴിച്ചിരിക്കുന്ന അച്ചാറേല്‍ കുറച്ചു വാങ്ങി വൈകിട്ടത്തെ കഞ്ഞിക്ക് മേമ്പൊടിയാക്കാമെന്നു കരുതിയാണ് അതില് ഒരു പൊതി തരുവാന്‍ പറഞ്ഞത്. പക്ഷെ നിരാശയായിരുന്നു ഫലം.
 "  എന്‍റെ ടീച്ചറമ്മാ   ആറ്റുകാലമ്മച്ചിയാണെ ഇതു ഞാന്‍ ടീച്ചറമ്മയ്ക്കു തരൂല്ല. എന്‍റൂടി മുഷിപ്പൊന്നും തോന്നല്ലും.. ഇതാ സിറ്റീലെ ബോഞ്ചിക്കടേന്ന് റോഡി ചവറിക്കൊണ്ടു കളഞ്ഞ നാരങ്ങാത്തോടെടുത്ത് കുറച്ച് മിന്നാകിരീം മൊളു പൊടീം ചേര്‍ത്ത്  ഈ കുടിയമ്മാര്‍ക്കു വേണ്ടി മാത്രം അഴകൊഴേന്ന് ഒണ്ടാക്കി കൊണ്ടുവന്നതല്ലീ...."
തനിക്ക് അതു കേട്ടപ്പോള്‍ അത്ര ശരിയായി ദഹിച്ചില്ല . അതുകൊണ്ടാണ്  നാണിയമ്മ ഈ കാണിക്കുന്നത് ശരിയാണോ എന്നു ചോദിച്ചത്.
 അപ്പോള്‍ നാണിയമ്മ നിരത്തിയ വാദ ഗതികളില്‍ എനിക്ക് തിരിച്ചൊന്നും പറയാനില്ലായിരുന്നു.
"  അതെന്തരു  പറച്ചില് ടീച്ചറമ്മാ. ഇവിടെ യ്യേതു ശരി യെന്തിരു തെറ്റ്. നുമ്മളുതന്നെ ശരിയും തെറ്റും ഉണ്ടാക്കണത്. ലവമ്മാരു ഒരു ഫുള്ളും ഇവിടുന്നു മേംപൊടീം കൊണ്ടുപോയതേ...ഒന്നു പാളി നോക്കീം. യെന്തിരു പരുവമെന്ന്."
 ശരിയാണ് ഒച്ചയും ബഹളവും  കേട്ടു തുടങ്ങി. അങ്ങോട്ടുമിങ്ങോട്ടും വാക്കേറ്റം കഴിഞ്ഞ് കയ്യാങ്കളി വരെയായി. അല്‍പ്പം മുമ്പ് ഏകോദര സഹോദര ഭാവത്തോടെ വരിവരിയായി നിന്നവര്‍.. ശരിയാണ്  നാണിയമ്മ പറഞ്ഞത്. ശരിയും തെറ്റും നമ്മളുണ്ടാക്കുന്നു. തലക്കു  ലഹരി പിടിച്ചവര്‍ ശരിയും തെറ്റും അറിയാതെ തല്ലുണ്ടാക്കുന്ന കാഴ്ച.
 അപ്പോഴാണ് തൊട്ടടുത്ത് വന്നു നിന്ന് ഒരുത്തനൊറ്റക്ക്  ഒരു കുപ്പിയിലെ മൊത്തം അണ്ണാക്കിലോട്ടൊഴിക്കുന്നതു കണ്ടത്. അയാള്‍ നാണിയമ്മേടെ പുഴുങ്ങിയ മുട്ടയിലൊരെണ്ണം ആവശ്യപ്പെട്ടുകൊണ്ട് നില്‍ക്കുന്നു. താനല്‍പ്പം ഒതുങ്ങിനിന്നു. നേരത്തെ കണ്ട ഡിസിപ്ലിന്‍ മദ്യം ചെന്ന ലഹരിയില്‍  നഷ്ടപ്പെട്ടതു പോലെ .ആ നോട്ടത്തിലതു നിഴലിച്ചു. നാണിയമ്മ വീഞ്ഞപ്പെട്ടിയുടെ അടിയില്‍ കൈയ്യിട്ട് ഒരു കടലാസ്സില്‍ ഒരു മുട്ടയെടുത്ത് കുറച്ചു മുളകുപൊടിയും മുകളില്‍ വിതറി കൊടുക്കുന്നു. അയാളതു കടിച്ചു തിന്നുകൊണ്ട് അല്‍പ്പം മാറി നില്‍ക്കുന്നു.
നാണിയമ്മയുടെ  ആ കച്ചവടത്തിലെ കളളക്കളിയില്‍ കണ്ണു നട്ടിരുന്ന എന്നോട്  ചോദിക്കാതെ തന്നെ വിശദീകരിച്ചു.
അതു ടീച്ചറമ്മാ ...ഇത്തിപ്പോരം കെട്ടതും ഒക്കെ ഒണ്ടേ. തലക്കു പിടിച്ചു വരുന്നവന് ചീക്കയായലെന്തരു്.. നല്ലതായാലെന്തരു്. എല്ലാം ഒരേപോലെ തോന്നും. ഇത്തിപ്പോരം മൊളകുപൊടി മോളി തൂവുമ്പം നല്ല നെറോം കിട്ടും.  കെട്ട  നെറോം പൂവും. അല്ലെങ്കിത്തന്നെ അവന്‍ ... താ ഇപ്പം  വന്ന് കുപ്പിയോടെ അണ്ണാക്കി കമത്തിയോന്‍റെ പെറകേ ഒന്നു പോയി നോക്കീം. നൂരെപേയി കെട്ടിയോളെ  നേരെ പള്ളും  പറഞ്ഞ് ചെന്നു കേറണത്    കാണേണ്ട  കായ്ച തന്നെ.  കുപ്പി വാങ്ങാനെക്കൊണ്ട് കണ്ട ഡിസ്സിപ്പി ഒന്നും അവിടെയില്ലേ എന്‍റ ശ്രീ പപ്പനാവാ ... അവളാ അപ്പികളെ വളത്താന്‍ പെടണ പാട്. വല്ല വീട്ടിലും പേയി പാത്രോം തേച്ചുമെഴക്കി  വീട്ടുവേലേം ചെയ്ത്..."

 അതു മുഴുമിപ്പിക്കുന്നതിനു മുമ്പ് അടുത്ത കസ്റ്റമറു വന്നു. അയാള് കുപ്പി പൊതിഞ്ഞ് സഞ്ചിയിലാക്കി മാന്യതയോടെ കുടിക്കാനുള്ള തയ്യാറെടുപ്പാണ്. നാലു മുട്ടയും കുറച്ച് അച്ചാറും വാങ്ങി സഞ്ചീലിട്ടുകൊണ്ട് നടന്നു പോകുന്ന  അയാളുടെ നടത്തത്തിനു പുറമേ നാണിയമ്മേടെ പറച്ചിലും അനുഗമിച്ചു.

" വോ...കാല്‍സ്രായും ഇട്ട് പോണ പോക്കു കണ്ടാ  യെന്തിരു മാന്യന്‍ ....     യെന്തിരു മാന്യന്‍ ....         പോകുന്ന പോക്കി മച്ചമ്പീരടുത്ത് കേറി കുപ്പീം തീര്‍ത്ത് പാതിരാവരെ പിന്നെ ഓടേരെ സൈഡീ കാണും. കള്ളു്  വയറ്റിച്ചെന്നാപ്പിന്നെ  യെന്തിരു ജോഗ്യത. ഉപ്പില്ലാത്തത് ചപ്പെന്നു പറയുമ്പോലെ സ്വപോതമില്ലാത്തോനെ യെന്തിരിനു കൊള്ളാം.  പെംമ്പറന്നോത്തി അത്താഴം ഒരുക്കി വെച്ച് വീട്ടിലും. ഭൂ.....യെവന്‍റെയൊക്കെ കള്ളു വാങ് ക്കാനൊള്ള ഡിസ്സിപ്പി ."

നേരം അന്തി മയങ്ങി. ഞാന്‍രാധയുടെ കടയിലേക്കെത്തി നോക്കി. അവളും കൂടി കട പൂട്ടിയിട്ട് വരാമെന്നു പറഞ്ഞതു കൊണ്ടാണ് കുറച്ചു നേരം കൂടി നിന്നത്. മദ്യഷാപ്പിലെ ക്യൂവിന്‍റെ നീളം കൂടി. ജോലി സമയം കഴിഞ്ഞെത്തിയവരാണ് കൂടുതലും. അത്രയും പേരുണ്ടായിട്ടും ഒരൊച്ചയോ ബഹളമോ ഒന്നും ഇല്ല

നാണിയമ്മയുടെ മുട്ടയും അച്ചാറുമെല്ലാം പാത്രത്തിനോടു വിട പറഞ്ഞ് മദ്യപന്‍മാരുടെ വയറ്റിലും സഞ്ചിയിലും ഒക്കെയായി. അന്നത്തെ  വിറ്റു വരവും നുള്ളി പെറുക്കി നാണിയമ്മയും ഞങ്ങളോടൊപ്പം വീട്ടിലേക്കു തിരിച്ചു.
  ഡിസ്സിപ്ലിനോട് തുടങ്ങിയവരെ  വഴിനീളെ റോഡളന്നും ,  ഓടയുടെ സ്ലാബിലും  ഒഴിഞ്ഞ കടത്തിണ്ണയിലും  ഒക്കെ  കണ്ടിട്ട് മനസ്സു പറഞ്ഞു.............. നാളെ വൈകുന്നേരം എല്ലാവരും  വീണ്ടും  മദ്യഷാപ്പിന്‍റെ മുമ്പില്‍ ഡിസ്സിപ്ലിനോടെ തുടങ്ങും

Related Posts Plugin for WordPress, Blogger...