Tuesday, January 25, 2011

ഒരു പ്രേമലേഖനത്തിന്‍റ മധുരം


പെറ്റ വയറിന്‍റ  വേദന അല്ലാത്തവര്ക്ക് പറഞ്ഞാല്മനസ്സിലാകത്തില്ല.
ഇത് ഞങ്ങളുടെ നാട്ടില്പറയുന്ന ഒരു പറച്ചിലാണെ.
പെണ്മക്കള്പ്രായമായാല്‍ അച്ഛന്മാരെക്കായിലും  കൂടുതല്‍ അമ്മമാര്‍ക്കായിരിയ്ക്കും കെട്ടിച്ചുവിടാന്‍ തിരക്കു കൂടുതല്‍  എന്നാണ് എന്‍റ അഭിപ്രായം.തിരിച്ചും കാണുമായിരിയ്ക്കും.ഞാന്‍ തര്‍ക്കിയ്ക്കുന്നില്ല
പണ്ട് എന്‍റയൊക്കെ കല്യാണം നടക്കുമ്പോള്‍ അതിന്‍റ പിന്നില്‍ ഒരു ഏജന്‍റായിരുന്നു.അവരെ നാട്ടിന്‍ പുറങ്ങളില്‍ പച്ച മലയാളത്തില്‍ തരകന്‍മാരെന്നും ദല്ലാളന്‍മാരെന്നും ഒക്കെ പറയും.ഇപ്പോളിസ്ഥാനം കൈയ്യടക്കി വെച്ചിരിയ്ക്കുന്നത് മാര്യേജ് ബ്യൂറോക്കാരും അതിനൊപ്പം പേപ്പറുകാരുമാണ്.കുറഞ്ഞപക്ഷം ഒരു രണ്ടു പ്രാവശ്യമെങ്കിലും പേപ്പറില്‍ കൊടുക്കും.പിന്നെ ഈ നാട്ടില്‍ കാണുന്നഎല്ലാ ബ്യൂറോകളിലും പോയി രജി സ്ററരു ചെയ്യും.
  പിന്നെ അവരു വിളിയ്ക്കുന്നതും പ്രതീക്ഷിച്ചുള്ള ഒരു ഇരിപ്പാണു.ഈ പയറ്റെല്ലാം കഴിഞ്ഞാണ്  ഒരു സുഹൃത്തിന്‍റ നിര്‍ദ്ദേശപ്രകാരം എന്‍റ 
അതിയാന്‍   മോള്‍ക്കുവേണ്ടി കേരള മാട്രിമോണിയില്‍ പേരു     രജി സ്ററരു   ചെയ്തത്. ഒരു ദിവസം സിറ്റിയിലെ അവരുടെ ഓഫീസില്‍ പോയി രജി സ്ററരു   ചെയ്ത് ഐഡി നമ്പരും   ബാക്കി കാര്യങ്ങളും ഒക്കെ എനിയ്ക്കു കൈമാറി,അദ്ദേഹം എനിയ്ക്ക് ഒരു പുതിയജോലി കൂടി തന്നു.എന്നും വൈകിട്ട് വന്നാല്‍ ഒരു രണ്ടു മണിക്കുറോളം കേരളാ മാട്രിമോണില് ചെറുക്കനേ തപ്പല്.വയസ്സു കാലത്ത് ഞാനൊരു കംപ്യൂട്ടര്‍  ഡിപ്ലോമായെടുത്തതുകൊണ്ടു പറ്റിപ്പോയ കുരിശായിരുന്നു അത്.ഏതായാലും ഞാന്‍ പതുക്കെ അതുമായി അങ്ങ് അഡ്ജസ്റ്റായി. സാധാരണ ഞാനറിഞ്ഞടുത്തോളം കുട്ടികള്‍ തന്നെ കൈകാര്യം ചെയ്തിട്ട്  അവസാനമാകുമ്പോള്‍ രക്ഷകര്‍ത്താക്കളിലേയ്ക്ക് പന്ത് കൈമാറുന്നതാണ് പതിവ്. ഒന്നാമതായി ഈ നെറ്റു നോക്കാനും മറ്റും ഒരു ഒരു വിധപ്പെട്ട രക്ഷകര്‍ത്താക്കള്‍ക്ക് ഇപ്പോഴും അറിവില്ല.

സായിപ്പിന്‍റ ഭാഷയിലൊട്ടുമെ പ്രാവീണ്യം ഇല്ലാതിരുന്ന ഞാന്‍ പതുക്കെ പതുക്കെ അതില്‍ തെളിയാനും തുടങ്ങി.മോള് അച്ഛന്‍റടുക്കല്‍ എന്നെപ്പറ്റി കമന്‍റും പറഞ്ഞു."എന് കല്യാണം നടന്നില്ലെങ്കിലെന്തുവേണ്ടി അമ്മേടെ വൊക്കാബുലറി മെച്ചപ്പെട്ടല്ലോയെന്ന്.അതൊരു പച്ചപ്പരമാര്ത്ഥം ആയിരുന്നു.

ഇനിയാണ് സംഭവബഹുലം.
ഒരു ദിവസം ഒരു ചെറുക്കന്‍റ എക്സ് പ്രസ്സ്  ന്‍ററസ്റ്റ്  എന്‍റ മെയിലില്‍ വന്നു കിടക്കുന്നു.റഫറന്‍സിന് കൊടുത്ത മെയി ല്‍   ഐഡി.അത് ആരുടെയാണെന്ന് അയക്കുന്നയാളിന് അറിയില്ലല്ലോ. ഞാനതിനു ഒരു മറുപടിയും കൊടുത്തു.പിന്നെ അടുത്തപടി ജാതകം ചോദിക്കലും പാസ്സ് വേഡിട്ടു സൂക്ഷിച്ചു പൊതിഞ്ഞു വെച്ചിരിക്കുന്ന ഫോട്ടോ ചോദിക്കലും ഒക്കെയായിരുന്നു. ആ ചടങ്ങുകളുംകഴിഞ്ഞു. കാണാന്‍ വലിയ കുഴപ്പമില്ലാത്ത  പയ്യന്‍  . ഇത്രയും ആയപ്പോള്‍ മെയിലിന്‍റ മറ്റെ തുമ്പില്‍ പിടിച്ചിരിയ്ക്കുന്ന കക്ഷിക്ക്  കുറച്ചുകൂടി ഇങ്ങേ തുമ്പിലോട്ടുള്ള ദുരം കുറഞ്ഞതുപോലെയായി.വീണ്ടും ഒരു കുഞ്ഞുമെയിലയച്ചിരിക്കുന്നു.വിവരം അന്വേഷിച്ചുകൊണ്ട്.തിരിച്ചു മറുപടി കൊടുത്തു.ജാതകം നോക്കിയിട്ടറിയിക്കാം. വേണ്ടാന്നുണ്ടെങ്കില്‍ രക്ഷപ്പെടാനുള്ള ആകെ ഉപാധി ഇതുമാത്രമാണ്.
അങ്ങിനെ ജാതകംനോക്കാന്‍ പതിവുപോലെ ഒരു ഞായറാഴ്ച ഒരു നാലഞ്ചെണ്ണവുമായി അദ്ദേഹം യാത്ര തിരിച്ചു.ഭാഗ്യക്കുറിയുടെ റിസള്‍ട്ടറിയാനുള്ള ആകാംക്ഷയോടെ ഞാന്‍‍ കാത്തിരുന്നു.തിരിച്ചു വന്നപ്പോള്‍  മനസ്സിലായി കക്ഷിയുടെ ജാതകം ചേരുന്നില്ല.ഞാനങ്ങോട്ടു മെയിലയച്ചു.പയ്യന്‍ വേറെ പെണ്ണിനെ നോക്കട്ടെയെന്നു കരുതി.

വീണ്ടും ഒരാഴ്ചയുടെ തുടക്കം ആയി.പതിവുപോലെ വൈകുന്നേരം വന്നു.ആദ്യത്തെ ജോലി.കംപ്യുട്ടര്‍ ഓണ്‍ ചെയ്തു. നെറ്റു കണക്‍ഷന് ഓണാക്കി.പെണ്ണു കാണാന്‍വരുന്ന ചെറുക്കനെ സ്വീകരിക്കാനുള്ള ആകാംക്ഷയോടെ മെയില്‍ ഇന്‍ബോക്‍സു തുറന്നു.അതാ കിടക്കുന്നു ഒരെണ്ണം.നോക്കിയപ്പോഴേ മനസ്സിലായി.ഇതു പഴയ കക്ഷിയുടെ  ആണെന്ന്. വായിച്ചു വന്നപ്പോള്‍ നല്ല മധുരം. വീണ്ടും വീണ്ടും വായിച്ചു.അപ്പോളാണ് മനസ്സിലായത് പ്രേമലേഖനത്തിനിത്രയും മധുരമുണ്ടെന്ന്.ആദ്യമായി വായിച്ച പ്രേമലേഖനത്തിന്‍റ മധുരം ഇപ്പോഴും നാവില് നിന്നും പോകുന്നില്ല.
 എന്‍റ നല്ല കാലത്ത്  മിക്‍സഡ് കോളേജില് പഠിക്കുമ്പോള്‍ ഇങ്ങനൊരെണ്ണം വായിക്കാന്‍ യോഗം വന്നില്ലല്ലോ എന്നുള്ള ഒരു നഷ്ടബോധം അപ്പോഴാണ് എനിയ്ക്കുണ്ടായത്.

തിരിച്ചു എന്‍റ  മറുപടി മെയിലു കിട്ടിയ  പാവം പയ്യന്........

Monday, January 10, 2011

ഒരു വിളിപ്പാടകലെ

കുടുംബയോഗത്തിനു കത്തു കിട്ടിയപ്പോള്‍ ഉണ്ണിമേനോനു വളരെ സന്തോഷമായി. എത്ര നാളായി ഈ ആഗ്രഹം മനസ്സില്‍ പേറി നടക്കുന്നു! ഒന്നു തറവാടു വരെ പോകണ മെന്നു്..കുട്ടിക്കാലത്ത് കൂത്താടി നടന്ന തൊടിയും ആമ്പല്‍ക്കുളവും കൊട്ടങ്ങക്കാടും ഒക്കെ വീണ്ടും ഒന്നുകൂടി കാണണമെന്നു്... പുല്ലാനിക്കാട്ടിലെ പൂവിന്റെ മണം നുകരണമെന്ന്..

ഉണ്ണിമേനോന്‍ മനസ്സിലുറച്ചു. ഇത്തവണ പോകുക തന്നെ. ഇനിയൊരവസരം ചിലപ്പോള്‍ ഒത്തെന്നു വരില്ല. ഈ യാന്ത്രിക ദിവസങ്ങളില്‍നിന്നും അല്പം മോചനവും.

ബസ്സിറങ്ങി നാട്ടു വഴിയിലൂടെ നടന്നു. വഴിയില്‍ കണ്ടതെല്ലാം പുതുമുഖങ്ങള്‍. പഴയ ആള്‍ക്കാരെല്ലാം പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോയതാവും.നാടിനു വലിയ മാറ്റമൊന്നും വന്നിട്ടില്ല.ഒക്കെ പഴയതു പോലെ തന്നെ.കുറെ പുതിയ കോണ്‍ക്രീറ്റു സൌധങ്ങള്‍  പ്രധാന റോഡിനിരുവശവും.പഴയ ഒറ്റയടിപ്പാതയും പൊന്തക്കാടിനും പകരം അല്പം വീതിയുള്ള റോഡെന്നു പറയാമോ-പറ്റില്ല.അവിടവിടെയായി  കുണ്ടും കുഴിയും. ഇതിലും ഭേദം പഴയ ഒറ്റയടിപ്പാത തന്നെയായിരുന്നുയെന്ന് മനസ്സില്‍ പറഞ്ഞുപോയി.

കുടുംബത്തിലെല്ലാവരും എത്തിയിട്ടുണ്ട്.ഭാഗം വെച്ചപ്പോള്‍ ചെറിയമ്മയ്ക്കായിരുന്നു തറവാട്.മക്കളൊക്കെ അകലെയാണെങ്കിലും ചെറിയമ്മ തറവാട്ടില്‍ തന്നെ താമസിയ്ക്കുന്നു.വലിയ നാലുകെട്ട്.വീടുപുതുക്കി പണിതെങ്കിലും ഒന്നും പൊളിച്ചു കളയാതെയാണ് പണിതത്.

ഉണ്ണിക്കുട്ടനെത്തിയോ, നിന്നെക്കാണാന്‍ എല്ലാവരും ദാ കാത്തിരിയ്ക്കുകാ..

ചെറിയമ്മേടെ സ്വതസ്സിദ്ധമായ ശൈലി.അതിനൊരു മാറ്റവുമില്ല.

പതുക്കെ  പൂമുഖത്തേയ്ക്കു കയറി. എല്ലാവരോടും കുശല പ്രശ്നങ്ങളൊക്കെ നടത്തി.

ഒന്നു കുളിയ്ക്കണം. ചെറിയമ്മേടടുക്കല്‍ നിന്നും തോര്‍ത്തു വാങ്ങി.കുളക്കടവിലേയ്ക്കു നടന്നു. വടക്കേമൂലയില്‍ കുളം പഴയതുപോലെ... നിറയെ ആമ്പല്‍,   ആമ്പല്‍ക്കുളത്തിലെ   വെള്ളത്തിനു നല്ലതണുപ്പായിരിയ്ക്കും --മുത്തശ്ശി പറയുമായിരുന്നു--ചില കാര്യങ്ങളങ്ങിനിയാ, ചിലതു കാണുമ്പോള്‍ ഓര്‍മ്മപൊന്തിവരും ചേറില്‍ നിന്നും വായു കുമിള പൊന്തി വെള്ളത്തിന്‍റെ മുകളില്‍ വന്നു പൊട്ടുന്നതു പോലെ,അപ്പോളൊരു കുഞ്ഞോളം അവിടമാകെ അലയടിയ്ക്കും.അതുപോലെയാണ് ഓര്‍മ്മകള്‍.മനസ്സിന്‍റെ അടിത്തട്ടില്‍ നിന്നും പൊന്തിവരും.

  അതാ, ആ കൊട്ടങ്ങക്കാട്,കരിഞ്ഞോട്ട ക്കാട് എല്ലാം പഴയതുപോലെ നില്‍ക്കുന്നു.ഒരു മാറ്റവുമില്ല.ഇല്ലെങ്കിലും മനുഷ്യനു മാത്രമല്ലേ മാറ്റം വരുന്നുള്ളു.ചെടികളും മരങ്ങളുമെല്ലാം ഒരു പ്രായമായിക്കഴിഞ്ഞാല്‍ അതേപോലെ തന്നെ എത്ര നാള്‍ വേണേലും നില്‍ക്കും, കരയില മൂടി മെത്തപോലെ കിടക്കുന്നു.വെറുതെ കാലിട്ടൊന്നു ചിക്കി ചിനക്കി നോക്കി.   അടിയില്‍ കിടന്ന് അഴുകിയവ മുകളിലെത്തി.ഒപ്പം ചില പഴയ ഓര്‍മ്മകളും .
    
കൊച്ചമ്പ്രാട്ട്യേ...

ഉണ്ണിക്കുട്ടന്‍ ചെവി വട്ടം പിടിച്ചു.

 വല്ല്യേട്ടാ,..ദാ വന്നു. ഉള്ളാടത്തി വന്നു. ഒറ്റയോട്ടം.അടുക്കളയുടെ വടക്കേപ്പുറത്ത്.

കുട്ടികളെല്ലാം ഒന്നിനു പുറകെ ഒന്നായി വടക്കേപ്പുറത്തേയ്ക്ക് ഓടിയെത്തി.ഏതോ വിചിത്ര ജീവിയെ കാണാനെന്നപോലെ... കയ്യിലുള്ള സ്ഥിരം വടിയുമായി മുത്തശ്ശി തിണ്ണയില്‍.

ഒരു വിളിപ്പാടകലേ.........

തലയില്‍ കൈതയോല കൊണ്ടു മെനഞ്ഞെടുത്ത വട്ടി, അതിന്‍റെ കൂടെയൊരു കൂര്‍ത്ത വടി.കള്ളിയുള്ള ഒറ്റമുണ്ടുടുത്ത്, ജംബറുമിട്ടഎണ്ണക്കറുപ്പുള്ള ഉള്ളാടത്തിയെ കാണാന്‍ ഉണ്ണിക്കുട്ടന് വലിയ ഇഷ്ടമാണ്.ഒരുദിവസം ആരും കാണാതെ ഉണ്ണിക്കുട്ടന്‍ തൊട്ടുനോക്കിയതാണ്.എണ്ണയുണ്ടോന്നറിയാന്‍... അല്പം കഴിഞ്ഞപ്പോള്‍ എല്ലാവരും മാഞ്ചോട്ടിലോട്ടു കളിയ്ക്കാന്‍ തിരികെയോടി.  ഉണ്ണിക്കുട്ടന്‍ മാത്രം അവിടെ നിന്നു. മുത്തശ്ശി പറഞ്ഞു,

ദാ, ആ വടക്കേവശത്ത് ഇരുന്നോളൂ.

ഉള്ളാടത്തി കഞ്ഞികുടിയ്ക്കുന്നതു കാണണം.അതൊരു രസം തന്നെയാണ് കാണാന്‍. ഉള്ളാടത്തി കയ്യിലിരുന്ന കത്തിയെടുത്ത് വട്ടത്തിലൊരു വര വരച്ചുമുറ്റത്തു മണലില്‍. പതുക്കെ വൃത്തത്തിനുള്ളിലെ മണ്ണ് മാറ്റി കുഴിയുണ്ടാക്കി..വാഴയില അതില്‍ താഴ്ത്തി. കമലാക്ഷിയമ്മ കൊണ്ടു വന്ന കഞ്ഞി അതിലേയ്ക്കൊഴിച്ചു.കൂടെ കൂട്ടാനും.പ്ലാവില കുത്തി കഞ്ഞി കോരി കുടിയ്ക്കുന്ന കാഴ്ച. ഉള്ളാടത്തിയ്ക്കു മാത്രമേ അങ്ങിനെ കഞ്ഞി കുടിയ്ക്കാന്‍ അറിയൂ.. എത്ര പ്രാവശ്യം ഉണ്ണിക്കുട്ടന്‍ശ്രമിച്ചിട്ടുണ്ട് അങ്ങിനെ കഞ്ഞി കുടിയ്ക്കാന്‍. അമ്മയുടെ കയ്യില്‍നിന്നും കഞ്ഞി വടക്കേപ്പുറത്തു കൊണ്ടു പോയതിന് അടിയും വാങ്ങീട്ടുണ്ട്. കഞ്ഞികുടിയ്ക്കുന്നതിനിടയില്‍ ഉള്ളാടത്തി.

കൊച്ചംമ്പ്രാ, ഉള്ളാടത്തിയ്ക്കിത്തിരി ഉപ്പ്.

ഓടി അടുക്കളേലേയ്ക്ക്.അമ്മ ഉപ്പു തന്നു.അതു കൊണ്ട് തൊടാതെ ഉള്ളാടത്തിയുടെ ഇലക്കുമ്പിളിലേയ്ക്കിട്ടു കൊടുത്തു.ഉള്ളാടത്തി കഞ്ഞി കുടിച്ചു കഴിഞ്ഞു.

മുത്തശ്ശി വിളിച്ചു പറഞ്ഞു.“ഇല അങ്ങകലെ ദൂരെ തെങ്ങിന്‍ ചോട്ടില്

കുഴി മൂടി..ഉള്ളാടത്തി പൊട്ടക്കുളത്തില്‍ പോയി കൈയും  വായും കഴുകി. കഞ്ഞി കുടിച്ചടം വെള്ളം കൊണ്ടു തളിച്ചു ശുദ്ധി വരുത്തി.വട്ടിയെടുത്തു. ഇനിയാണ് കാണേണ്ട കാഴ്ച.ഉണ്ണിക്കുട്ടന് ഉത്സാഹമായി.വട്ടിയിന്മേല്‍ തിരുകിവെച്ചിരുന്ന വടിയെടുത്തു.നേരെ കൊട്ടങ്ങ കാട്ടിലേയ്ക്ക്.

അമ്മ  പുറകേ വിളിച്ചു പറഞ്ഞു

ഉണ്ണ്യേ .... നീയാ ഉള്ളാടത്തീടെ കൂടെയാ..തൊടരുത്..വേറെങ്ങും പോകരുത്.

ആറുവയസ്സുകാരന്‍റെ കൌതുകം അമ്മയ്ക്കറിയാമായിരുന്നു.വടിയുടെ കൂര്‍ത്ത ഭാഗം താഴെയാക്കി ഉള്ളാടത്തി കരയിലയില്‍ കുത്തോടു കുത്ത്.വടികുത്തിയേടത്ത് പാറയില്‍ കൊണ്ടതു പോലെ ശബ്ദം. ഉള്ളാടത്തി കരയില നീക്കി.അതാ വലിയ ആമ! ഉള്ളാടത്തീടെ വൈദഗ്ധ്യത്തില്‍ ഉണ്ണിക്കുട്ടന്‍ അത്ഭുതം കൂറി.ഉള്ളാടത്തിയതിനെ കുഴിവുള്ളവട്ടിയിലോട്ടിട്ടു.അതിനിവട്ടിയ്ക്കുകത്ത്ഇഴഞ്ഞോളും.ഉണ്ണിക്കുട്ടന്‍താഴെയിരുന്ന് കുഞ്ഞു കമ്പെടുത്ത് വട്ടിയിലെ  ആമയുടെ തോടിലിട്ട് കുത്തിക്കൊണ്ടിരുന്നു. ഉള്ളാടത്തി അടുത്ത ആമയെ പിടിച്ചു.അങ്ങിനെ മൂന്നാലെണ്ണത്തിനെ കരിഞ്ഞോട്ടക്കാട്ടീന്നും, കൊട്ടങ്ങാക്കാട്ടീന്നും ഒക്കെയായി പിടിച്ചു വട്ടീലിട്ടു.

ഉണ്ണിക്കുട്ടാ..അമ്മയുടെ നീട്ടിയുള്ള വിളി.

ദാ, വന്നൂഓടി അമ്മയുടെ അടുത്തേയ്ക്കു്.

ഉള്ളാടത്തിയെവിടെ?”

അവിടെ..ആമയെ പിടിയ്ക്കുന്നു.

വേറെങ്ങും പോകല്ലേ..ഉള്ളാടത്തി പോകുമ്പും മോനിങ്ങു പോരണം

തെക്കേ ചായ്പിന്‍റെ മുറ്റത്ത്  വലിയച്ഛന്‍ അങ്ങോട്ടുമിങ്ങോട്ടും  ഉലാത്തുന്നതു കണ്ടു. വലിയച്ഛന്‍ കാണാതെ ഉള്ളാടത്തീടെ അടുത്തേയ്ക്കോടി. ഉള്ളാടത്തി മൂന്നു കല്ലു കൂട്ടി അടുപ്പാക്കി കല്ലിന്‍റെ മുകളില്‍ ആമയെ മലര്‍ത്തി കിടത്തി. കരയിലയിട്ട്  അടിയില്‍   തീയിട്ടു.

ഉള്ളാടത്തി യെന്തായിക്കാട്ടുന്നെ?” ഉണ്ണിക്കുട്ടന് സംശയം

അത് ചെറിയമ്പ്രാ ഇപ്പം നോക്കിയ്ക്കോ

ആമേടെ തല പതുക്കെ പതുക്കെ വേളിയിലോട്ടു വരുന്നു.

അതെന്താ ഉള്ളാടത്ത്യേ ഇങ്ങനെ

ചൂട് അകത്തോട്ടു ചെല്ലമ്പം ഇവറ്റേടെ തല വെളിലോട്ടു വരും.

തല മുഴുവനും വെളിയില്‍ വന്നപ്പോള്‍ ഉള്ളാടത്തി തലപിടിച്ചൊരു തിരി തിരിച്ചു .വീണ്ടും വട്ടിയില്‍ നിക്ഷേപിച്ചു.കൂടെയൊരു പറച്ചിലും,

" ഇനി ഇവറ്റ അനങ്ങില്ല തമ്പ്രാ.

മാഞ്ചോട്ടില്‍ നല്ല ബഹളം..നല്ല കാറ്റുവന്നപ്പോള്‍ മാമ്പഴം പൊഴിഞ്ഞു. അതു പെറുക്കുന്നതിന്‍റെ കോലാഹലമാണ്. വല്യേട്ടന്‍ ഉണ്ണിയേയും വിളിച്ചു. ഓടി മാഞ്ചോട്ടില്‍ പോയി. അല്പം കഴിഞ്ഞു തിരികെ വന്നപ്പോള്‍  ഉള്ളാടത്തി അവിടെങ്ങും ഇല്ല. കൊട്ടക്കാട്ടില്‍ നോക്കി.വട്ടിയിരിയ്ക്കുന്നു.

പിന്നേം ആമേ പിടിയ്ക്കാന്‍ പോയോ? ഉണ്ണിക്കുട്ടന്‍ സംശയിച്ചു.

പുല്ലാനിക്കാട്ടില്‍ പോയിരിയ്ക്കും.തിരികെ മാഞ്ചോട്ടിലോട്ടു പോന്നു. തെക്കേ ചായ്പിന്‍റെ മുറ്റത്ത് വല്യച്ഛനെയും കാണാനില്ല.

ഉണ്ണിക്കുട്ടാ, മേലു കഴുകി വന്നോളൂ അമ്മയാണ്

ബാക്കിയെല്ലാരും മേലു കഴുകാന്‍ പോയിക്കഴിഞ്ഞിരിയ്ക്കുന്നു.

അമ്മ വീണ്ടും ചോദിച്ചു.ഉള്ളാടത്തിയെന്ത്യേ

ഉണ്ണി മാഞ്ചോട്ടി പോയി വന്നപ്പം ഉള്ളാടത്തിയെ കണ്ടില്ല.വട്ടി മാത്രം കൊട്ടങ്ങാക്കാട്ടില്.

അമ്മ ചെറിയമ്മേടടുത്ത് എന്തോ രഹസ്യം പറയുന്നു.

കേള്‍ക്കാന്‍ ചെന്ന ഉണ്ണിക്കുട്ടനെ ഓടിച്ചു വിട്ടു....

കിളിച്ചുണ്ടന്‍ മാവിലെ മാങ്ങയെല്ലാം തീര്‍ന്നു. മഴക്കാലം വന്നു. എല്ലാവരുടേയും മാഞ്ചോട്ടിലെ   കളിയും തീര്‍ന്നു.ഇപ്പോള്‍ കളി പുരയ്ക്കകത്താണ്. ഒളിച്ചു കളി.

ഇടവപ്പാതി  പോയി. കര്‍ക്കിടകവും ചിങ്ങവും വന്നു. ഓണവും വന്നു. ഉള്ളാടത്തിയെ കണ്ടില്ല. ഉണ്ണിക്കുട്ടനു സങ്കടമായി. ഉള്ളാടത്തി ഓണത്തിനും വന്നില്ലല്ല്ലോ.കാര്‍ത്തിക വിളക്കും കഴിഞ്ഞു. തിരുവാതിരയായി. ഉണ്ണിക്കുട്ടനോര്‍ത്തു. എന്തായാലും തിരുവാതിര പുഴുക്കും  ഗോതമ്പു കഞ്ഞിയും കഴിയ്ക്കാന്‍ ഉള്ളാടത്തി വരാതിരിയ്ക്കില്ല.

വല്യച്ഛന് ദീനം ബാധിച്ചു. വൈദ്യരെ വരുത്തി.ഒരു ദിവസം വല്യച്ഛന്‍ മരിച്ചുവെന്ന് എല്ലാവരും പറഞ്ഞു.ഉണ്ണിയും കണ്ടു.വെള്ളയില്‍ മൂടിപ്പുതച്ച് വല്യച്ഛന്‍ കിടക്കുന്നത്.

പതിനാറടിയന്ത്രം കെങ്കേമമായിരുന്നു. കല്യാണം കഴിയ്ക്കാത്ത വല്യച്ഛന്‍റെ ശേഷക്രിയകള്‍ വല്യേട്ടനാണു ചെയ്തത്.പതിനാറടിയന്ത്രത്തിന് വാര്‍പ്പിന്‍റെ വട്ടമുള്ള വലിയ   മാനസപപ്പടം കമ്പില്‍ കെട്ടി കിണറിന്‍റെ വടക്കേപ്പുറത്ത് നാട്ടി നിര്‍ത്തിയിരുന്നു. അത്രേം വലിയ പപ്പടം ഉണ്ണിക്കുട്ടന്‍ആദ്യായിട്ടാണു കണ്ടത്. പപ്പട പണ്ടാരത്തിനെക്കൊണ്ട് പ്രത്യേകം പറഞ്ഞ് ഉണ്ടാക്കീ ന്നാണ് അമ്മപറഞ്ഞത്. കാക്ക കൊത്തിപ്പറിച്ച് എല്ലാം തിന്നു. മോക്ഷം കിട്ടാന്‍ വേണ്ടിയാണത്രേ. പിന്നീടു മുത്തശ്ശീടെ അടിയന്ത്രത്തിനും അത്രേം വലിപ്പമുള്ള പപ്പടം കണ്ടില്ല.

എല്ലാം കഴിഞ്ഞു.

പിറ്റെ ദിവസം വല്ല്യച്ഛനെ ദഹിപ്പിച്ച സ്ഥലത്ത് വെറുതെ പോയി .

അതാ, ഉള്ളാടത്തി. അവിടെ നില്‍ക്കുന്നു.പറമ്പിന്‍റെ ഈ  തെക്കേ മൂലയ്ക്ക് കൊട്ടക്കാടും  കരിഞ്ഞോട്ടക്കാടും ഒന്നുമില്ലല്ലോ. പിന്നെ ഉള്ളാടത്തിയിവിടെ എന്തിനു വന്നു? ഉണ്ണിക്കുട്ടന് സംശയമായി. ഉള്ളാടത്തീടെ തലയില് വട്ടിയില്ലാ.ഒക്കത്ത് ഒരു നല്ല ചന്തമുള്ള വെളുത്ത കുഞ്ഞ്.

ഉണ്ണിക്കുട്ടന്‍ ചോദിച്ചു.

കറുത്ത ഉള്ളാടത്തീടെ വെളുത്ത കുട്ട്യാ? ഉള്ളാടത്ത്യേ ഇന്ന് ആമേ കുത്തുന്നില്ലേഒക്കത്തെ കുട്ടിയെ അവിടെയിരുത്തീട്ട് ആമേക്കുത്ത്.ഒരു കുഴികുഴിച്ച്ഇലയിട്ടിരുത്തിയ്ക്കോ. ഉണ്ണി നോക്കിയ്ക്കോളാം.

അകത്തു ചൂടു തട്ടിയപ്പോള്‍ ആമയുടെതല പതുക്കെ പതുക്കെ വെളിയിലോട്ടു വന്നതുപോലെ ഉള്ളാടത്തീടെ കണ്ണില്‍ നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ പതുക്കെ പതുക്കെ  കവിളിലൂടെ ഒലിച്ചിറങ്ങി. അതിനര്‍ത്ഥം എത്ര നാളുകഴിഞ്ഞാണ് ഉണ്ണിയ്ക്കു മനസ്സിലായത്.

ചെറിയമ്മേടെ വിളി കേട്ടാണ് ..ചിക്കി ചികഞ്ഞ ഓര്‍മ്മയിലാണെന്ന ബോധം വന്നത്.

കരിഞ്ഞോട്ടക്കാടിനോടു വിട പറയുമ്പോള്‍ അറിയാതെയൊരു നൊമ്പരം....ഉള്ളാടത്തിയുടെ കുട്ടിയെപ്പറ്റി........

Related Posts Plugin for WordPress, Blogger...