Thursday, February 21, 2013

അടുത്ത രാത്രിയിലും കെണിയൊരുക്കി ശാരദ കാത്തിരുന്നു........(2013ഫെബ്രുവരിമാസത്തെ കുങ്കുമം മാസികയില്‍വന്നത്.)


                                          


 ജോലി ചെയ്യുന്ന സ്ഥലം അതെവിടെയായിരുന്നാലും സ്വസ്ഥതയുള്ളതായിരിക്കണം. അവിടെ മറ്റൊരാളുടെ ഇടപെടലോ കടന്നുകയറ്റമോ ജോലിചെയ്യുന്നവര്‍ക്കൊരു തടസ്സമായിക്കൂടാ. അങ്ങിനെ ഒരു തടസ്സമുണ്ടായാല്‍ അവര്‍ക്കത് നിയമപരമായി ചോദ്യം ചെയ്യാനുള്ള അവകാശം  വരെ ഏതൊരു ഇന്‍ഡ്യന്‍ പൌരനും ഉണ്ട് എന്നത് ഒരു വാസ്തവമാണ്.

   ജോലിക്കാരിയെ ആശ്രയിക്കാത്ത  ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവള്‍ക്ക് വീട്ടിലെ ഏറ്റവും അവകാശവും സ്വാതന്ത്ര്യവും ഉള്ള സ്ഥലം എന്നു പറയുന്നത് അടുക്കളയാണല്ലോ. അവിടെ ആര് അതിക്രമിച്ചു കടന്നാലും അതവള്‍ക്ക് സഹിക്കുവാന്‍ പറ്റുകയില്ല. അങ്ങിനെയുള്ള ഒരു അതിക്രമിച്ചു കടക്കലാണ് ശാരദയുടെ അടുക്കളയില്‍ നടന്നത്.

 ജോലിക്കാരെ ആശ്രയിക്കുന്നവരെ സംബന്ധിച്ചോളം  കിടപ്പുമുറിപോലും സ്വന്തമല്ലെന്ന് എടുത്തു പറയട്ടെ.  ജോലിചെയ്യാനുള്ള വിമുഖത മൂലം എല്ലാത്തിനും  കണ്ണടച്ചുകൊടുക്കുന്ന വീട്ടുകാരിക്ക് ചിലപ്പോള്‍  അവര്‍    കിടക്ക മുറി  കൈയ്യടക്കിയാലും  കണ്ണടച്ചു കൊടുക്കേണ്ടിവരും.

ഇതങ്ങനെയല്ല , എല്ലാം കൊണ്ടും  വൈഭവശേഷിയുള്ള നല്ലൊരു വീട്ടുകാരിയാണ് ശാരദ. അത് കൃഷ്ണന്‍ കുട്ടി-- അവളുടെ ഭര്‍ത്താവും സമ്മതിച്ച കാര്യമാണ്.
 ആ വീട്ടിലാകെ ശാരദക്ക് രഹസ്യമായി  എന്തെങ്കിലും സൂക്ഷിക്കാനുള്ള ഒരു ഒരു  രഹസ്യസങ്കേതം കൂടിയായിരുന്നു അവളുടെ അടുക്കള.
ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ രഹസ്യ അറകളില്‍ മറഞ്ഞിരിക്കുന്ന സ്വര്‍ണ്ണത്തിനേയും മാണിക്യത്തിനേയും പോലെ ശാരദയുടെ  അടുക്കളയിലെ രഹസ്യ അറകളില്‍ പട്ടു സാരികള്‍ തൊട്ട് സ്വര്‍ണാഭരണങ്ങള്‍ വരെയുണ്ട്.
വീട്ടുചെലവിന് കൊടുക്കുന്ന പൈസയില്‍ നിന്നും മിച്ചം പിടിച്ച് വാങ്ങുന്നതാണ്  അതെല്ലാം..
ചിലരു ചിലപ്പോള്‍ പറയുന്ന കാര്യങ്ങള്‍ അവരുടെ കാലം കഴിഞ്ഞാലും ചില സന്ദര്‍ഭങ്ങളിലോര്‍ത്തുപോകും. അതു മനസ്സില്‍ നിന്നും മായാതെ പൂപ്പലുപോലെ പറ്റിപ്പിടിച്ചു കിടക്കും.
 അതേപോലെ ഒരു കാര്യമായിരുന്നു ആഹാരം പാകംചെയ്യുന്നതിനെപ്പറ്റി സഹോദരസ്ഥാനീയനായ തന്‍റ ഒരു ബന്ധു  ഒരു ദിവസം പ്രഭാതഭക്ഷണം ഉണ്ടാക്കുന്ന സമയത്ത് ഭാര്യക്ക് പറഞ്ഞു കൊടുക്കുന്നതു കേട്ടത്.

 രാവിലത്തെ ഭക്ഷണത്തിലല്‍പ്പം ഉപ്പിന്‍റെ കുറവനുഭവപ്പെട്ട ഭാര്യയോട് ഭക്ഷണം ഉണ്ടാക്കുന്നത് ഭഗവാന് നേദ്യം സമര്‍പ്പിക്കുന്നതുപോലെ ശ്രദ്ധയോടെ വേണമെന്ന് പറഞ്ഞു കൊടുത്തപ്പോളവരു തിരിച്ചു പറയുന്നതുകേട്ടു എങ്കില്‍ നിങ്ങളിവിടെ വന്നിരുന്ന് നേദിച്ചോ..ഞാന്‍ വെളിയിലിറങ്ങിയേക്കാമെന്ന്. അതിനുത്തരം അദ്ദേഹത്തിന് പറയാനില്ലായിരുന്നു. ഞാന്‍ വിചാരിച്ചു അവര്‍ പറഞ്ഞത് എത്രയോ ശരിയാണ്. അല്‍പ്പം ഉപ്പും പുളിയും കുറഞ്ഞു പോയാല്‍... അടുക്കള ദര്‍ശിക്കാത്ത ഭര്‍ത്താക്കന്മാര്‍ വെളിയിലിരുന്നു ന്യായം പറയുമ്പോള്‍  ഓരോ നേരവും ഭക്ഷണം ഉണ്ടാക്കി  മുന്നിലെത്തിക്കുന്ന ഭാര്യ അതിനു വേണ്ടി തന്‍റെ കായികാധ്വാനം എത്രമാത്രം ചെലവഴിക്കുന്നുണ്ടെന്ന് അവരല്‍പ്പമെങ്കിലും ചിന്തിക്കുന്നില്ലല്ല്ലോ.

 അതേ പോലെ ആയിരുന്നു, ശാരദയുടെ ഭര്‍ത്താവും. ശാരദയുടെ ജോലിയുടെ പരിധിയില്‍ പെട്ട ഏരിയായിലേക്ക് ഒന്ന് എത്തിനോക്കുക പോലുമില്ലാതിരുന്നതു കൊണ്ട് ശാരദക്ക് ആശ്വാസമായിരുന്നു. തന്‍റെ നിധിനിക്ഷേപങ്ങളൊന്നും ഒരിക്കലും കണ്ടുപിടിക്കുകയില്ലല്ലോ എന്നുള്ള ആശ്വാസം.
പലപ്പോഴും ശാരദ വിചാരിക്കും എന്നെങ്കിലും ഇത് കണ്ടു പിടിക്കുകയാണെങ്കിലുണ്ടാകുന്ന പൊട്ടിത്തെറിക്കലിനേപ്പറ്റി. വിക്കി ലീക്സുകാരന്‍ കണ്ടു പിടിച്ച രഹസ്യങ്ങളേക്കാളും കോളിളക്കം പ്രതീക്ഷിക്കുന്നശാരദ അതിനുള്ള മറുപടിയും മനസ്സില്‍ രൂപപ്പെടുത്തിവച്ചിരുന്നു.
അറുത്ത കൈക്ക് ഉപ്പു തേയ്ക്കാത്ത സ്വന്തം സഹോദരന്‍റയോ അല്‍പ്പം സോഫ്റ്റു കോര്‍ണറുള്ള അനുജത്തിയുടേയോ ഒക്കെ പേരു പറഞ്ഞാണ് ഇതൊക്കെ ശാരദ ഒരോ പ്രാവശ്യവും  വീട്ടില്‍ പോയിവരുമ്പോള്‍ വെളിയിലിറക്കുന്നത്.

 അങ്ങിനെ സര്‍വ്വവിധ സ്വാതന്ത്ര്യത്തോടെയുള്ള തന്‍റെ മാത്രം ലോകത്തിലേക്ക് അനുവാദമില്ലാതെ  ഒരു അപരിചിതന്‍ വന്നിരിക്കുന്നു എന്ന് ശാരദക്ക്  മനസ്സിലായി.
 ഒരു ഗന്ധര്‍വ്വന്‍റെ ആഗമനം പോലെ എന്തൊക്കെയോ എപ്പോഴൊക്കെയോ അരുതാത്തത് ആ അടുക്കളയില്‍ നടക്കുന്നുണ്ടെന്ന് ശാരദക്ക് മനസ്സിലായി. ഒരു കാറ്റായി... ഒരു  മണമായി ..വരുന്ന ഗന്ധര്‍വ്വനെ പോലെ..അവളുടെ  കണ്ണില്‍പ്പെടാതെ കടന്നുകയറ്റക്കാരന്‍ തന്‍റെ സാന്നിദ്ധ്യം   അറിയിച്ചു കൊണ്ടിരുന്നു.  ..

ശാരദ വിചാരിച്ചു . എന്നെങ്കിലും തന്‍റെ കണ്ണില്‍ പെടും. പെടാതിരിക്കില്ല.

പെട്രോളിനൊപ്പം അരി പലവ്യജ്ഞനം സാധനങ്ങളുടെ വില കുത്തനെ ഉയരുന്ന വാര്‍ത്തകള്‍ വരുമ്പോള്‍ ശാരദയുടെ കണക്കു ബുക്കുകളില്‍ കൂട്ടലിന്‍റെയും കിഴിക്കലിന്‍റെയും വെട്ടും തിരുത്തും കൂടിക്കൂടി വന്നു കൊണ്ടിരുന്നു. കൃഷ്ണന്‍ കുട്ടിക്ക് ക്ഷാമബത്ത വര്‍ദ്ധിക്കുന്നതു് അറിയാന്‍ ആ ദിവസങ്ങളില്‍ ശാരദ പതിവായി  വര്‍ത്തമാനപ്പത്രത്തിന്‍റെ പേജുകളും പരതിക്കൊണ്ടിരുന്നു. അങ്ങിനെ  തന്‍റെ സ്വന്തം സമ്പാദ്യക്കണക്കുകളില്‍  അത്യാവശ്യത്തിനു അല്‍പ്പം    മാറ്റങ്ങളും വരുത്തി സ്വസ്ഥമായി കഴിഞ്ഞിരുന്ന നാളുകളൊന്നിലാണ് രാവിലെ എണീറ്റ് അടുക്കളയില്‍ വന്നപ്പോള്‍  ആ കാഴ്ച കാണുന്നത്.

ശാരദയിലെ കണക്കപ്പിള്ളയെയാണ് ആദ്യം അതു ബാധപോലെ പിടി കൂടിയത്. പിന്നീടാണ് ശാരദയിലെ പ്രതികാരദുര്‍ഗ്ഗ സടകുടഞ്ഞെഴുന്നേറ്റത്. ഇനി ഒരു നിമിഷം പോലും വെച്ചു പൊറുപ്പിക്കാന്‍ പറ്റുകയില്ല. തന്‍റെ സമ്മതമില്ലാതെ ജോലിസ്ഥലത്ത് അതിക്രമിച്ചു കയറി നാശം വിതച്ചവന്‍ തന്‍റെ ശത്രു തന്നെയാണ്.  ഇനി ഒരു  വിട്ടു വീഴ്ചയുമില്ല.
 പെണ്ണൊരുംപെട്ടാല്‍ പലതും സാധിക്കും എന്ന ദൃഢനിശ്ചയമായിരുന്നു ശാരദയുടെ കണ്ണുകളില്‍.
ശരിയാണ്. അതില്‍ കാര്യമുണ്ട്. ആ പറച്ചിലില്‍.
പെണ്ണൊരുമ്പെട്ടാല്‍....

 രാമരാവണയുദ്ധത്തിനു തുടക്കം കുറിച്ച രാവണ ഭഗിനി...ശൂര്‍പ്പണഖ രക്തവും ഒലിപ്പിച്ച് രാവണ സദസ്സില്‍ ചെന്നതിന്‍റെ ഫലം..രാമ രാവണ യുദ്ധം.
 അതേപോലെ അഴിച്ചിട്ട മുടിയോടെ നടന്ന പാഞ്ചാലി ...വസുദേവകൃഷ്ണനെ എപ്പോഴും ഓര്‍മ്മപ്പെടുത്തിയത് ആ അഴിച്ചിട്ട മുടികാണിച്ചായിരുന്നല്ലോ. അതു കെട്ടിവെയ്ക്കണമെങ്കില്‍ ദുശാസ്സനന്‍റെ മാറു പിളര്‍ന്ന രക്തം പുരട്ടണം. അവസാനം ദൂതിനായി പോകുമ്പോളും പാഞ്ചാലിക്ക് ഓര്‍മ്മപ്പെടുത്തുവാന്‍ തന്‍റെ അഴിഞ്ഞ കാര്‍കൂന്തലായിരുന്നല്ലോ. പരിണഫലമോ...കുരുക്ഷേത്രയുദ്ധം.
 അതേപോലെ ഇവിടെ ശാരദ ഒരുമ്പെട്ടു കഴിഞ്ഞു.

തന്‍റെ അധിനിവേശപ്രദേശത്ത് വന്ന്   അവിടെ കൈയ്യടക്കിയ ശത്രുവിനെ ഉന്മൂലനം ചെയ്യണം.
 അവള്‍ മനസ്സില്‍ കണക്കു കൂട്ടി. ഇനിയും ഒളിച്ചുവെച്ചാല്‍ രക്ഷയില്ല. കൃഷ്ണന്‍ കുട്ടിയെ അവള്‍ വിവരം ധരിപ്പിച്ചു. രാവിലെ എണീറ്റു വന്നപ്പോള്‍ കണ്ട കാഴ്ചയും കാണിച്ചു കൊടുത്തു. ഒരു എഫ്. ഐ. ആര്‍ തയ്യാറാക്കുന്ന സൂക്ഷ്മതയോടെ കൃഷ്ണന്‍കുട്ടി കാര്യങ്ങളുടെ നിജസ്ഥിതി കാണാന്‍ അടുക്കളയിലെത്തി. പക്ഷേ തന്‍റെ രഹസ്യ  അറകളിലേക്ക് കൃഷ്ണന്‍ കുട്ടിയുടെ ശ്രദ്ധ തിരിയാതിരിക്കാന്‍ ഒരു രാഷ്ട്രീയക്കാരന്‍റെ തന്ത്രപൂര്‍വ്വമുള്ള നയചാതുര്യത്തോടെ ശാരദ  സ്ഥിതിഗതികള്‍   കൈകാര്യം ചെയ്തു.

അവള്‍ പറഞ്ഞു." ഇന്നു തന്നെ ഇതിനൊരു തീരുമാനം വേണം.  ഞാനിന്നുവരെ ഇതുപോലൊന്നും ആവശ്യപ്പെട്ടിട്ടില്ല. " . ശരിയാണ് . കൃഷ്ണന്‍ കുട്ടി വിചാരിച്ചു. താനറിഞ്ഞ് അവള്‍ക്കും കുട്ടികള്‍ക്കും വല്ലതും  വാങ്ങി കൊടുക്കുന്നതല്ലാതെ ശാരദ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. അവളുടെ ആങ്ങളയും അനുജത്തിയും കൊടുക്കുന്നതൊക്കെ കൊണ്ട് അവള്‍ സംതൃപ്തയായിരുന്നു.
     ഇതിപ്പോളൊന്നും വാങ്ങിക്കൊടുക്കലല്ല.   ഇതൊരു കൊലപാതകമാണ്. അതിനാണ് കരുക്കളൊപ്പിക്കേണ്ടത്. താനിന്നു വരെ ഇങ്ങനെയൊരു കൃത്യം നടത്തിയിട്ടില്ല. അദ്ധ്യാപകനായ അച്ഛന്‍റെ ശിക്ഷണത്തില്‍  ശ്രീബുദ്ധ ചരിതവും  പഞ്ചതന്ത്ര കഥകളും ഒക്കെ കേട്ടു  വളര്‍ന്നതു കൊണ്ടായിരിക്കാം ചെറുപ്പത്തിലേ തന്നെ ഒന്നിനേയും കൊല്ലാനും ഉപദ്രവിക്കാനും ഉള്ള മനസ്സു വരാതിരുന്നത്. ഇതു പക്ഷേ കുടുംബപ്രശ്നമാണ്. ശത്രുവിനെ വകവരുത്തുവാനായി ശാരദ തീരുമാനിച്ചിറങ്ങിയിരിക്കുകയാണ്.
എന്തായാലും അര കൈ നോക്കുക തന്നെ. ഇങ്ങിനെയാണല്ലോ എല്ലാം പഠിക്കേണ്ടത്. ആദ്യത്തെ ഒരറപ്പേ കാണുകയുള്ളു. പിന്നെ ശീലമായിക്കൊള്ളും. അന്നൊരു കൊലപാതകി സിനിമയില്‍ പറഞ്ഞതും അങ്ങിനെയാണല്ലൊ.
കൃഷ്ണന്‍ കുട്ടി രണ്ടും കല്‍പ്പിച്ചാണ് അന്ന് ജോലിക്കു പോയത്.  ശാരദ പുറകേ ഓര്മ്മപ്പെടുത്താതിരുന്നില്ല.   അടുക്കളയിലെ കാര്യം. ചുറ്റിനും നോക്കി. അയല്‍പക്കക്കാര്  ആരെങ്കിലും കേള്‍ക്കുന്നുണ്ടോ എന്നു്.  ആ,  കേട്ടാല്‍  തന്നെ അടുക്കള സാമാനങ്ങളുടെ കാര്യം ആണെന്നു ധരിച്ചു കൊള്ളും. കൃഷ്ണന്‍കുട്ടി സമാധാനപ്പെട്ടു. അന്നുമൊത്തം കൃഷ്ണന്‍ കുട്ടി ഒരു ആരാച്ചാരുടെ മാനസ്സിക അവസ്ഥയെപ്പറ്റിയാണ് ചിന്തിച്ചത്..
 അയാള്‍  വിചാരിച്ചു. ഓരോരുത്തരേയും അന്‍പതും അറുപതും വെട്ടു വെട്ടി കൊല്ലുന്നെന്നു പറയുന്നു.  എങ്ങിനെയാണതു സാധിക്കുന്നത്! സ്വബോധത്തോടെ പറ്റുമോ. പച്ചജീവനെ വെട്ടിക്കൊല്ലാന്‍.
 ഇതും അതേപോലെ . എന്തുചെയ്യും? താനെങ്ങനെ ശാരദയുടെ ശത്രുവിനെ ഉന്മൂലനം ചെയ്യും?
 വൈകിട്ട് ഓഫീസില്‍ നിന്നും വരുന്നവഴി കൊല്ലാനുള്ള കെണിയും വാങ്ങിയാണ് വീട്ടിലെത്തിയത്.  
                     ശാരദക്കു സന്തോഷമായി.
രാത്രിയിലെ അത്താഴം കഴിഞ്ഞുവേണം കെണിയൊരുക്കാന്‍ . അന്ന് ഭക്ഷണം നേരത്തെ ആയിരുന്നു. കുട്ടികളേയും നേരത്തെ ഭക്ഷണം കൊടുത്ത് കിടന്നോളാന്‍ പറഞ്ഞു. കുഞ്ഞുങ്ങളു ക്രൂരത കണ്ടു പഠിക്കേണ്ട എന്നു കരുതി. വാങ്ങി ക്കൊണ്ടു വന്ന കെണി ഭംഗിയായി ഒരുക്കി വെച്ചിട്ട് കിടക്കയെ ശരണം പ്രാപിച്ച കൃഷ്ണന്‍ കുട്ടിയുടെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു.
 ഒരുവട്ടം പോലും കാണാത്ത ശത്രുവിനെ കൈയ്യോടെ പിടിക്കാന്‍ കെണിവെച്ച സന്തോഷത്താല്‍ ശാരദ വളരെ സന്തോഷത്തിലും.
.
രാവിലെ പതിവിലും നേരത്തെയെണീറ്റ ശാരദയുടെ ഉറക്കെയുള്ള വിളി കേട്ടാണ് കൃഷ്ണന്‍കുട്ടി യെണീറ്റത്. ഭാഗ്യക്കുറി അടിച്ച സന്തോഷം അവളുടെ മുഖത്ത്. കെണിയിലകപ്പെട്ട ശത്രു കുറ്റ ബോധത്തോടെ കെണിക്കകത്ത്. തന്നെ കൊല്ലരുതേയെന്ന് ആ ഒറ്റയാന്‍ തന്നെ നോക്കി കെഞ്ചുന്നതുപോലെ കൃഷ്ണന്‍കുട്ടിക്കു തോന്നി .
പിള്ളേരെണീക്കുന്നതിനു മുമ്പായിട്ട് കാര്യം കഴിക്കണം. ശാരദ പറഞ്ഞു. അവരിതു കാണേണ്ട. കണ്ടാല്‍ മനസ്സു ക്രൂരമാകും. കൃഷ്ണന്‍കുട്ടി വിചാരിച്ചു. തന്നെയും ഇങ്ങനെ വളര്‍ത്തിയതല്ലേ. നിവൃത്തിയില്ലാതല്ലേ ഇപ്പോള്‍ താനൊരു കൊലപാതകിയാകാന്‍ പോകുന്നത്. തനിക്കതിനു കഴിയുമോ. ശാരദ ബക്കറ്റില്‍ നിറയെ വെള്ളമെടുത്ത് മുറ്റത്തു വെച്ചു.
 ഇനി താമസിപ്പിക്കേണ്ട. ഇതിലോട്ട് മുക്കിപ്പിടിച്ച് പതുക്കെ തുറന്നാല്‍ മതി. തൂക്കിലേറ്റാനുള്ള കുറ്റവാളിയെ കറുത്ത തുണി മുഖത്തിട്ടു മൂടി കഴിഞ്ഞു. ഇനി കൊലക്കയര്‍ കഴുത്തിലിട്ട് ലിവര്‍ വലിക്കുകയേ വേണ്ടു.ആരാച്ചാരുടെ ജോലിയുടെ കൃത്യത നിരീക്ഷിക്കാന്‍   കൂടെ  നില്‍ക്കുന്ന   ജയിലുദ്യോഗസ്ഥനെപ്പോലെ  ശാരദ കൃഷ്ണന്‍കുട്ടിയുടെ  ജോലിയുടെ ഓരോ ചലനങ്ങളും നിരീക്ഷിച്ചുകൊണ്ട്.നില്‍ക്കുന്നു.
കൃഷ്ണന്‍കുട്ടി ശ്വാസം അടക്കിപ്പിടിച്ച്    കണ്ണുമടച്ചുകൊണ്ട്    പതുക്കെ വെള്ളത്തിലോട്ട് താഴ്ത്തി എലിപ്പെട്ടിയുടെ മൂടി തുറന്നതും  എങ്ങിനെയോ മുങ്ങിപ്പൊങ്ങിയ എലി നിമിഷ നേരം കൊണ്ട് ചാടി അപ്രത്യക്ഷമായതും ഒരുമിച്ചായിരുന്നു.
" അന്‍പത്തി മൂന്നു വെട്ടു വെട്ടി  മുട്ടനാമുട്ടനൊരാമ്പ്രന്നോനെ കൊല്ലാനെന്തെളുപ്പമായിട്ട് ആണുങ്ങളുചെയ്തു. ഒരെലിയെക്കൊല്ലാനറിയാത്ത നിങ്ങളൊരാണാണോന്നാ ഇപ്പോളെന്‍റെ സംശയം."
അടുക്കളയിലെ ഉരുളന്‍ കിഴങ്ങും സവാളയും  കരണ്ട് നഷ്ടപ്പെടുത്തിയ ദേഷ്യം മാത്രമായിരുന്നില്ല ശത്രുവിനോട്, അടുക്കളയിലൊളിച്ചു വെച്ചിരുന്ന പട്ടുസാരി നുറുക്കിയ ദേഷ്യമത്രയും ശാരദയുടെ ആ വാക്കുകളിലുണ്ടായിരുന്നു.
അതറിയാത്ത കൃഷ്ണന്‍ കുട്ടി മനസ്സില്‍ പറഞ്ഞു.
ആണാകണമെങ്കില് കൊല്ലണമെന്നുണ്ടോ. ഞങ്ങളു തമ്മില്‍ രാഷ്ട്രീയമായി ഒരു വൈരവും ഇല്ലല്ലോ ശാരദേ.....ജീവന്‍ കൊടുക്കാന്‍ കഴിവില്ലാത്തവന് ജീവനെടുക്കാനെന്തവകാശം.

വീണ്ടും അടുത്ത രാത്രിയിലും  കെണിയൊരുക്കി ശാരദ കാത്തിരുന്നു........

Tuesday, February 12, 2013

ലാഭം കൊയ്യുന്നവര്‍


ലാഭം കൊയ്യുന്നവര്‍
അത്താഴ പട്ടിണിക്കാരുണ്ടോ.............
ആ ചോദ്യം കേട്ടപ്പോള്‍ കോലാച്ചിമാവിന്‍റ ഉള്ളില്‍ ഒരു പരിഹാസച്ചിരി ഉയര്‍ന്നു വെങ്കിലും   ഇതിനി എത്ര നാള്‍ കേള്‍ക്കാന്‍പറ്റുമെന്ന ഒരു വിഷാദ ചിന്തയും ഉള്ളിലുണര്‍ന്നു.    പൊളിഞ്ഞു വീഴാറായ നാലുകെട്ടിലെ  കാര്‍ന്നവരുടെ പ്രായമുള്ള ആ വൃക്ഷത്തിന്‍റ ഹൃദയത്തിനുള്ളിലെ മര്‍മ്മരം  എന്താണെന്നു കേള്‍ക്കാം........    
വര്‍ഷങ്ങള്‍ക്കു മുമ്പ്  വളരെ    അര്‍ത്ഥവത്തായ ഈ ചോദ്യത്തിന് ഇന്നെന്തു പ്രസക്തി?
അന്ന് പടിപ്പുരക്കു വെളിയില്‍എത്രയോ പേര് കാത്തുനിന്ന് അത്താഴം കഴിച്ചിട്ട്
പോകുന്നത് താന്‍കണ്ടിട്ടുള്ളതാണ്. ഇന്നിപ്പോളീ ചോദ്യത്തിനു പ്രസക്തിയില്ലെങ്കിലും അന്നത്തെ പ്രതാപത്തിന്‍റെ നാളുകളയവിറക്കിക്കൊണ്ട് തന്നേപ്പോലെ തന്നെ ഉള്ള ഒരാള്‍ ഈപൊളിഞ്ഞു വീഴാറായ നാലുകെട്ടിനകത്ത് ഇരിപ്പുണ്ട്.
തൊണ്ണൂറ്റഞ്ചു വയസ്സായിട്ടും ഓര്‍മ്മകള്‍ ഓളം വെട്ടുന്ന ഹൃദയവുമായി നടക്കുന്ന  കുഞ്ഞിലക്ഷ്മിയമ്മ. പഴയ തലമുറയിലെ ഏക വ്യക്തി. അവരെ കാണുമ്പോളെല്ലാം തനിക്കു തോന്നിയിട്ടുണ്ട്  ഒരു പ്രായം കഴിഞ്ഞാല്‍ ഒന്നും ഓര്‍മ്മകളില്‍തങ്ങി നില്‍ക്കാതിരിക്കുന്നതാണേറെ നല്ലതെന്ന്.വലിയ വീട്ടില്‍തറവാട്ടിലെ  പടിപ്പുരയ്ക്കു പുറത്തോട്ടു നോക്കിയുള്ള    ഈ വിളിചോദ്യം കുഞ്ഞിലക്ഷ്മിയമ്മയുടെ ഒരേ ഒരാഗ്രഹമാണ് താന്‍മരിക്കുന്നതുവരെ ഈ വിളിചോദ്യം വേണം എന്നുള്ളത്. പേരക്കുട്ടിയുടെ മകളാണ്, ഇന്നത് വിളിച്ചു ചോദിക്കുന്നത്.പടിപ്പുര കൊട്ടിയടക്കുന്നതിനു മുമ്പായിട്ട്.  പണ്ട് പ്രതാപത്തിന്‍റയും ഐശ്വര്യത്തിന്‍റയും നാളുകളില്‍ ചോദിച്ചിരുന്ന ചോദ്യം. അതു മാത്രം ഇന്നും മുറതെറ്റാതെ ആചരിക്കുന്നു. കോലാച്ചിമാവു വിചാരിച്ചു...അടുക്കളയിലെ അരിക്കലം അതുകേട്ടിപ്പോളൊരു ചിരി ചിരിച്ചു കാണും.അതിനകത്ത് ഒറ്റ വറ്റു പോലുമില്ലെന്നുള്ള രഹസ്യം പുറത്തിതു കേള്‍ക്കുന്നവര്‍ക്കറിയില്ലല്ലൊ. കുഞ്ഞിലക്ഷ്മിയമ്മയുടെ ഒരേ ഒരാഗ്രഹം. ഈ വിളിച്ചോദ്യം.ചേതമില്ലാത്ത കാര്യമായതിനാല്‍ കുഞ്ഞിലക്ഷ്മിയമ്മയുടെ  കൊച്ചുമകളുടെ  മകളായ നന്ദിനിക്കുട്ടിയാണ് ആ ദൌത്യം ഏറ്റെടുത്തിരിക്കുന്നത്. പൊളിഞ്ഞു വീഴാറായ പടിപ്പുരയുടെ വാതുക്കല്‍ ചെന്നുനിന്ന് പടിപ്പുര അടയ്ക്കുന്നതിനു മുമ്പായി  അവള്‍ മെല്ലെ ചോദിക്കും.
    "അത്താഴപ്പട്ടിണിക്കാരുണ്ടോ..........................."
നാലുകെട്ടും പടിപ്പുരയുമുള്ള ഒരു പഴയ നായര്‍തറവാട്ടിന്‍റ പ്രതാപത്തിന്‍റെ ഓര്‍മ്മകളയവിറക്കികൊണ്ട്...തലയെടുപ്പോടെ ആ കോലാച്ചിമാവ് ഓര്‍മ്മകളില്‍തടഞ്ഞ മുത്തുകളെല്ലാം പെറുക്കിയെടുത്തു.
 കാര്‍ന്നവന്മാരും   അനന്തിരവരും   മക്കളും കൊച്ചുമക്കളും ഒക്കെയായി പത്തു നാല്‍പ്പതു പേരുണ്ടായിരുന്ന പേരുകേട്ട തറവാട്. നാനൂറു പറ പുഞ്ച നിലവും
മുപ്പത്തഞ്ചേക്കറോളം വരുന്ന തെങ്ങിന്‍പുരയിടവും ഉണ്ടായിരുന്ന തറവാട്. പുഞ്ച വയലിലെ പൊലി കൂട്ടി നാലുകെട്ടിന്‍റെ മുമ്പില്‍ ചിക്കു പായയില്‍കൂട്ടിയിട്ടിരുന്ന കാലം.തലപ്പുലയന്‍  തോളത്തെ തോര്‍ത്ത് കാലിന്‍റിടയില്‍തിരുകി ഓഛാനിച്ച്   കിഴക്കു വശത്തു വന്നു   നിന്നിരുന്നകാലം. പത്തായത്തില്‍കാര്യസ്ഥന്മാര്‍ പൊലി അളന്ന് കൂട്ടിയിടുമ്പോള്‍, ചാരുകസേരയില്‍    രണ്ടുകാലും നീട്ടിവെച്ച് കാര്‍ന്നവര് അതു നോക്കി കിടക്കും.
നാലു കെട്ടിന്‍റെ മുറ്റത്തും അകത്തളത്തിലും കൊണ്ടാടിയ ആഘോഷങ്ങള്‍.തിരണ്ടു കല്യാണം , കെട്ടു കല്യാണം,   ഷഷ്ഠിപൂര്‍ത്തി,  സപ്തതി,, ശതാഭിഷേകം.
ഓരോന്നു കഴിയുമ്പോളും നാനൂറു പറ പുഞ്ച നിലത്തിന്‍റെ ഓരോ കണ്ടം കുറഞ്ഞു കുറഞ്ഞു വന്നു.അതെല്ലാം തലപ്പുലയന്‍റെയും അടിയാന്‍റെയും കൈകളില്‍ എത്തിച്ചേര്‍ന്നു.
.അതേപോലെ തന്നെ മുപ്പത്തഞ്ചേക്കര്‍ തെങ്ങും പുരയിടത്തിലും. ഓണവും വിഷുവും, പുടവകൊടുക്കലും പുളികുടിയും  പേരിടീലും   ഒക്കെ കഴിഞ്ഞ് ശേഷിച്ചത്
അഞ്ചേക്കറോളം. അതും അടിയാന്മാരുടെ കൈകളിലെത്താന്‍അധികദിവസം വേണ്ടി വന്നില്ല.
  കാറ്റുവീഴ്ചയില്ലാത്ത  തെങ്ങുകള്‍  കടങ്കഥ പോലെയായി.  പഴയ പ്രതാപമെല്ലാം ഒന്നൊന്നായി ഓര്‍മ്മകള്‍മാത്രമായി. മിച്ചമുണ്ടായിരുന്നത് വീതം വെച്ചു. കിട്ടിയവര്‍...  കിട്ടിയവര്‍ വിറ്റു പെറുക്കി സ്ഥലം വിട്ടു. വലിയ വീട്ടിലെ ഏക്കറുകള്‍ അങ്ങിനെ അന്യരുടെ കൈകളിലെത്തിയത് വളരെ പെട്ടെന്നായിരുന്നു.
മിച്ചമുള്ള നാലുകെട്ടും പടിപ്പുരയും ആര്‍ക്കും വേണ്ടാതായി.നാലു കെട്ടു കെട്ടി മേയണമെങ്കില്‍ആയിരം മടലോലവേണം. കാറ്റു വീഴ്ച  വന്ന തെങ്ങില്‍നിന്നും  ആയിരം മടലോല   എങ്ങിനെ കിട്ടാന്‍. അങ്ങിനെ അവസാനം കുഞ്ഞുലക്ഷ്മിഅമ്മയുടെ ചുമലില്‍ഈ നാലുകെട്ടും പടിപ്പുരയും.മുപ്പത്തഞ്ചേക്കര്‍,  നാലു കെട്ടിനു ചുറ്റുമുള്ള നാല്‍പ്പതു സെന്‍റായിചുരുങ്ങി.കുഞ്ഞു ലക്ഷ്മിയമ്മക്കും  ഇളയ  മകനും കൂടി കിട്ടിയതാണ് ആ നാലുകെട്ടും പൊളിഞ്ഞു വീഴാറായ പടിപ്പുരയും അതിനു ചുറ്റുമുള്ള നാല്‍പ്പതു സെന്‍റും.മകന്‍ ഒരു സന്ധ്യക്ക് വീടു വിട്ടിറങ്ങി പോയിട്ട് തിരികെ വന്നില്ല.  മകന്‍റെ മകളും അവളുടെ ഭര്‍ത്താവും അവരുടെ ഒമ്പതാം ക്ലാസ്സില്‍പഠിക്കുന്ന മകളും ആയി, ആ നാലുകെട്ടിലെ നാല്‍പ്പതു പേരടങ്ങിയ അംഗ സംഖ്യ ചുരുങ്ങി നാലായി. കൊച്ചു മരുമകന്‍ നാരായണന്‍നായര്‍      നിവൃത്തികെട്ട് മരപ്പണിക്കു പോയി. പഴയ പ്രതാപമെല്ലാം, ഒരു തോര്‍ത്തുമുണ്ടിലുള്ള തലയില്‍ കെട്ടിലൊതുക്കി.
    പോകുമ്പോള്‍ വഴിയരികത്തു നില്‍ക്കുന്ന പുത്തന്‍മടിശ്ശീലക്കാര്‍  നാരായണന്‍നായരെ കേള്‍ക്കാതെ പറയും മരപ്പണിക്കാരന്‍നാണു പോകുന്നെന്ന്.ഒരു ദിവസം മരം വെട്ടി ഇറക്കാന്‍ കേറിയപ്പോള്‍ മരത്തിനേക്കാളും മുമ്പേ നാരായണന്‍നായരാണ് താഴെ വീണത്. അപ്പോള്‍തന്നെ മരിച്ചു.അതോടെ
തൊണ്ണൂറ്റഞ്ചു വയസ്സുള്ള കുഞ്ഞിലക്ഷ്മിയമ്മയും  കൊച്ചുമകളുടെ  മകളായ നന്ദിനിയും അവളുടെ അമ്മ അമ്മുക്കുട്ടിയും  മാത്രമായി ഇടിഞ്ഞു വീഴാറായ നാലു കെട്ടിലെ അന്തേവാസികള്‍.
ആദ്യം   കാടുമൊയ്തീന്‍റ ഊഴമായിരുന്നു. പുഞ്ചപ്പാടവും ആറുമായി ചേരുന്ന ബണ്ടു ബലപ്പെടുത്താനുള്ള വൃക്ഷങ്ങളുടെ തൂപ്പ്...ഇലയോടു കൂടിയ ചെറിയ ശിഖരങ്ങള്‍.. അത്  കച്ചവടം ചെയ്താണ് മൊയ്തീന്‍ പണമുണ്ടാക്കിയത്.  കാടുമൊയ്തീനെന്ന ഓമനപ്പേരങ്ങനെ കിട്ടിയതാണ്. നശിച്ച നായര്‍ തറവാടിനെല്ലാം മൊയ്തീനെ കാണുന്നതൊരു ആശ്വാസമാണ്. വൃക്ഷത്തിന്‍റ ചുവട് അവിടെ നില്‍ക്കുകയും ചെയ്യും തൂപ്പിനു നല്ല വിലയും കിട്ടും. കുറച്ചു ദിവസം നിത്യചെലവു തള്ളി വിടുകയുമാവാം.     വലിയ വീട്ടില്‍ തറവാട്ടിലെയും വൃക്ഷങ്ങളുടെ തൂപ്പായിരുന്നു ആദ്യം വെട്ടി വിറ്റത്. പിന്നീടോരോ മരവും വെട്ടി വില്‍ക്കാന്‍ തുടങ്ങി.
   പിന്നീടു പെരുമര വാസുവിന്റെ ഊഴമായിരുന്നു.   പെരുമരവാസുവിനു    പ്രധാനമായും പെരുമരകച്ചവടമാണെങ്കിലും എല്ലാ വൃക്ഷങ്ങളും എടുക്കും.പെരുമരമെന്നു പറഞ്ഞാല്‍തീപ്പെട്ടിമരം. അത് തീപ്പെട്ടി കമ്പനിക്കുള്ളതാണ്. കൂടെ വട്ട, പൈന് തുടങ്ങിയ പാഴ്മരങ്ങളും എടുക്കും.വലിയ മാവ് പ്ലാവ് തുടങ്ങിയവ പലകയ്ക്കുള്ളതെടുത്തിട്ട് ബാക്കി വിറകായി വില്ക്കും.അതാണ് വാസുവിന്‍റ കച്ചവടരഹസ്യവും.എന്തായാലും വലിയ വീട്ടില്‍തറവാട്ടിലെ ആ മുത്തശ്ശി മാവിനെ വാസു നോട്ടമിട്ടിട്ട് നാളേറെയായി. ബാക്കിയുള്ള വൃക്ഷങ്ങളെല്ലാം തീര്‍ന്നു.
  ഇനിയുള്ളത്    കായ്ഫലമുള്ള  നാലു മൂടു  തെങ്ങും  ഇടിവെട്ടി തലപോയ രണ്ടു തെങ്ങും ഒരു ചീലാന്തി മരവും മാത്രമാണ്.ചീലാന്തിക്കു കാമ്പായില്ല. അതുകൊണ്ടതാരും വാങ്ങുകയില്ല. പിന്നെ തലപോയ തെങ്ങ് വാസുവിനു വേണ്ട. അതു കുറ്റി നീലാണ്ടന്‍വിലപറഞ്ഞു നിര്‍ത്തീരിക്കുകയാണ്. .പി.എല്‍കാര്‍ഡുള്ള  വലിയവീട്ടു തറവാട്ടിലെ രണ്ടാഴ്ചത്തെ റേഷനരിക്ക് തലപോയ തെങ്ങ് ഉതകും.അതു കഴിഞ്ഞാലെ കോലാച്ചി മാവിലോട്ട് തിരിയുകയുള്ളു.  എന്നല്ലാ, അതു കഴിഞ്ഞാലാകെയുള്ള ഒരാശ്രയം ആ കോലാച്ചിമാവാണ്.നാലു കെട്ടു കെട്ടി മേഞ്ഞിട്ട് രണ്ടു വര്‍ഷമായി.നനയാതെ  അന്തിയുറങ്ങുന്നത് നടുത്തളത്തിനു പടിഞ്ഞാറെ മുറിയുടെ മുകളില്‍എവിടെ നിന്നോ കിട്ടിയ പഴയോലയിട്ടു കെട്ടിയതിന്‍റ മുകളില്‍പ്ളാസ്റ്റിക്‍ടാര്‍പാള് കൊണ്ട് വലിച്ചു കുത്തിക്കെട്ടിയിട്ടിരിക്കുന്നതു കൊണ്ടാണ്.അതു കുറ്റി നീലാണ്ടന്‍റ സംഭാവനയാണ്.ബാക്കിയുള്ള ഭാഗങ്ങളെല്ലാം ചോര്‍ന്നൊലിക്കുകയാണ്.
കോലാച്ചിമാവ് ഓര്‍ത്തു. തന്‍റെയൂഴം അധികം താമസമില്ലാതെ എത്തും.  . നാലുകെട്ടിന്‍റെ ചുറ്റിനുമായി ഉണ്ടായിരുന്ന നാല്‍പ്പതുസെന്‍റ് പുരയിടത്തിലെ എല്ലാ വൃക്ഷങ്ങളും വിറ്റു തീര്‍ന്നു. നിത്യച്ചെലവിനില്ലാതെ വരുമ്പോളാണ് ഓരോന്നും വില്‍ക്കുന്നത്.എന്നാലും പടിപ്പുര കൊട്ടിയടക്കുമ്പോള്‍എന്നും   നന്ദിനിക്കുട്ടി വിളിച്ചു ചോദിക്കും  "അത്താഴപ്പട്ടിണിക്കാരുണ്ടോ............"പതിറ്റാണ്ടുകളായി ആ മുത്തശ്ശി മാവ് കേള്‍ക്കുന്ന ചോദ്യം.  ആ ചോദ്യത്തിനു മാത്രം ഒരു മങ്ങലും ഏറ്റിട്ടില്ല.              ഇനി എത്ര നാള്‍കൂടി ഇതു കേള്‍ക്കാന്‍പറ്റുമെന്നു് അറിഞ്ഞു കൂടാ.
കുഞ്ഞിലക്ഷ്മിയമ്മ  ആകെ പോകുന്നത് ആ പടിപ്പുരവരെ മാത്രം. കൊച്ചുമകള്‍നന്ദിനിക്കുട്ടി അടുത്തുള്ള സര്‍ക്കാര്‍സ്ക്കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്.മുത്തശ്ശിമാവിന്‍റെ ചുവട്ടില്‍തറവാട്ടിലെ കുട്ടികള്‍മാമ്പഴം പെറുക്കി രസിച്ചുനടന്ന കാലം കോലാച്ചിമാവ്  ഇന്നലത്തെപോലെ ഓര്‍ത്തു.
    കൂട ക്കൂടെ കോലാച്ചിമാവിന്‍റെ ചുവട്ടില്‍വന്ന് മുകളിലോട്ടു നോക്കി കുഞ്ഞിലക്ഷ്മിയമ്മ    ആരോടെന്നില്ലാതെ പറയും. 'മാങ്കറ പറ്റാനുള്ള സമയമായി. ആതെക്കോട്ടുള്ള  ഒറ്റ കമ്പു മാത്രം മതി എനിക്ക്. അതില്‍ദഹിക്കാനുള്ളതേയുള്ളു.'
കുഞ്ഞിലക്ഷ്മിയമ്മ പോയി കഴിയുമ്പോള്‍  അമ്മുക്കുട്ടിയും വന്ന് മുകളിലോട്ടു നോക്കും. എന്നിട്ട് ആത്മഗതം പറയും.' ഈ മാവു വിറ്റാല്‍കുറച്ചു ദിവസം തള്ളി നീക്കാം. നടുത്തളത്തിനു പടിഞ്ഞാറുള്ള കിടക്കമുറിയില്‍ അഞ്ചാറുപട്ടീലും    രണ്ടു ആസ്ബറ്റാസ് ഷീറ്റും കൂടി ഇട്ടാല്‍ നനയാതെ കിടക്കുകയും ചെയ്യാം.      ഇനി ഇതു മാത്രമേ ബാക്കിയുള്ളു. ബാക്കിയെല്ലാം വെട്ടി വിറ്റു തിന്നു. ഇതും കൂടി   . പക്ഷേ ഇതു  കഴിഞ്ഞാല്‍പിന്നെ എന്തു ചെയ്യും.?'
  രണ്ടുപേരുടേയും ആത്മഗതം കേള്‍ക്കുന്ന കോലാച്ചിമാവു വിചാരിക്കും. ഇതിലാരുടെ ആഗ്രഹമാണ് ആദ്യം നടക്കുന്നത്.രണ്ടാണേലും തന്‍റെ കാലമടുത്തു.
ആദ്യം  നടക്കുന്നത് കുഞ്ഞിലക്ഷ്മിയമ്മയുടെ ആഗ്രഹമാണെങ്കില്‍ അമ്മുക്കുട്ടിയുടെ ആഗ്രഹം  നടക്കാന്‍ പോകുന്നില്ല. കുഞ്ഞിലക്ഷ്മിയമ്മയുടെ 'മാങ്കറ പറ്റുന്ന ദിവസ'മെത്തിയാല്‍,   നല്ലശിഖരത്തേലൊന്നങ്ങു പോകും. ശവദാഹത്തിനുള്ള  ചിലവും എല്ലാം കൂടി മൊത്തം ഒരു തുകയാവും. ,   നല്ലശിഖരത്തേലൊന്നങ്ങു  പോയാല്‍
 പിന്നെ    പെരുമരം വാസു അവന് തോന്നുന്ന വിലയേ ഇടു..കുഞ്ഞിലക്ഷ്മിയമ്മ ഭാഗ്യവതിയാണെങ്കിലവരുടെ ആഗ്രഹമായിരിക്കും ആദ്യം നടക്കുക.
       കോലാച്ചിമാവ് ഓര്‍ത്തു.എന്തൊക്കെയാണേലും ജീവിച്ചിരിക്കുന്നവരുടെ വിശപ്പുമാറ്റുന്നതിനു കിട്ടുന്ന പുണ്യം മരിച്ചവരെ ദഹിപ്പിക്കുന്നതിനുതകുന്നതു കൊണ്ടു കിട്ടുകയില്ല. രണ്ടാണേലും തന്‍റ കാലമടുത്തു.
അന്നും പതിവു പോലെ നന്ദിനിക്കുട്ടി വിളിച്ചു ചൊല്ലി കൊട്ടിയമ്പലം അടച്ചിട്ടു പോയി. "അത്താഴപ്പട്ടിണിക്കാരുണ്ടോ....""
പിറ്റെന്നു കാലത്തു തന്നെ പെരുമര വാസു പടിപ്പുര കടന്ന് അകത്തോട്ടുപോകന്നത് കോലാച്ചിമാവു കണ്ടു.പെരുമര വാസു തന്നെ നോട്ടമിട്ടു കഴിഞ്ഞു. അവന്‍ നോട്ടമിട്ടാല്‍  പിന്നെ കൊമ്പേറിയെ പോലെയാണ്. ' പൊക കണ്ടെ അടങ്ങൂ' എന്നു പറഞ്ഞ പോലെ.  നോട്ടമിട്ടാപിന്നെ വെട്ടിമാറ്റുന്നതു വരെ കേറിയിറങ്ങി നടക്കും.അമ്മുക്കുട്ടിയുമായി  അടുക്കളപ്പുറത്തു നിന്ന് വാസു പറയുന്നു. "എനിയ്ക്കത്യാവശ്യമൊന്നുമുണ്ടായിട്ടല്ല. പിന്നെ ഇവിടുത്തെ വിഷമം കണ്ടോണ്ടാ. അരി മേടിക്കാനുതകുന്നെങ്കിലായിക്കോട്ടെ എന്നു കരുതി." കോലാച്ചിമാവു വിചാരിച്ചു. അവനെന്തു  ഉദാരമനസ്ക്കന്‍.
റേഷനരി വാങ്ങാന്‍അമ്പതുരൂപാ കടം ചോദിച്ചപ്പോളാണ് അവനീ ആശയം അവതരിപ്പിച്ചത് തന്നെ.
കുഞ്ഞിലക്ഷ്മിയമ്മ അപ്പോഴാണങ്ങോട്ടു വന്നത്. അപ്പോള്‍  വാസു സംഭാഷണം നിര്‍ത്തി.കുഞ്ഞിലക്ഷ്മിയമ്മ വാസൂനോട് പറയുന്നത് കോലാച്ചി മാവു കേട്ടു."  "വാസുവേ....നീ അതിനു നോട്ടമിടണ്ടാടാ.അതിന്‍റ തെക്കോട്ടുള്ള ആ വലിയ കൊമ്പ്  എന്‍റാവശ്യത്തിനു നിര്‍ത്തിയേക്കുവാ.എനിയ്ക്കിനി  മാങ്കറപറ്റാനധിക ദിവസമില്ല."
പിറ്റെ ദിവസവും പെരുമര വാസു വന്നു. വാസൂനെ പടിപ്പുരയുടെ വെളിയില്‍കണ്ടപാടെ അമ്മുക്കുട്ടി  വെളിയിലോട്ടു ചെന്നു.കോലാച്ചി മാവു വിചാരിച്ചു. കുഞ്ഞിലക്ഷ്മിയമ്മ എത്ര ദിവസം പിടിച്ചു നില്‍ക്കും. വയറ്റില്‍കഞ്ഞി വെള്ളം ചെല്ലാതിരിക്കുമ്പോള്‍താനെ സമ്മതിക്കും.ഇതു താന്‍എത്ര പ്രാവശ്യം കണ്ടതാ.തെക്കുവശത്തു നിന്ന തേക്ക്,അക്കേഷ്യ,കശുമാവ്, തമ്പകം എന്നുവേണ്ട ഒന്നാംതരമൊരു തേന്‍വരിക്ക പ്ലാവു വരെ വിശപ്പകറ്റാന്‍ഈ  വാസൂനു തന്നെയാണ് വിറ്റത്. അപ്പോഴൊക്കെ കുഞ്ഞുലക്ഷ്മിയമ്മ എതിര്‍ത്തിട്ടും ഉണ്ട്. അതിനു കാരണം പറയുന്നതിതാണ്.
ഒന്നുമില്ലേലും ആണ്ടില്‍ഒരു പ്രാവശ്യം നിറയെ നല്ല മധുരമുള്ള  നാടന്‍മാമ്പഴം തരുന്ന മാവ്. ആമാമ്പഴവും  രണ്ടു കാന്താരീം ഉണ്ടെങ്കില്‍ അറിയാതെയാണ്  ഉരുള വയറ്റിലോട്ടു പോകുന്നത്. നൂറ്റൊന്നു കൂട്ടം കറികളും കൂട്ടി സദ്യ ഉണ്ണുന്നതിലും തൃപ്തിയായിട്ടാണ് ആ ഊണുണ്ണുന്നത്.
എല്ലാത്തിലും ഉപരിയായിട്ട് ഒരു വൈകാരിക അടുപ്പമാണ് കുഞ്ഞുലക്ഷ്മിയമ്മക്ക് ആ മാവുമായിട്ട്.   ആ കോലാച്ചി മാവു കാണുമ്പോളെല്ലാം,  അതിന്‍റ കിഴക്കോട്ടുള്ള കൊമ്പില്‍ കെട്ടിയ ഊഞ്ഞാലില്‍പണ്ട് ഓണ നാളുകളില്‍ കുഞ്ഞുലക്ഷ്മിഅമ്മയും അവരുടെ ഭര്‍ത്താവ് പ്രഭാകരന്‍നായരുമായി ഊഞ്ഞാലാടിയ     മധുരിക്കുന്ന  ഓര്‍മ്മകള്‍ഓടിയെത്തും   . ഒരു നിമിഷം എല്ലാം മറന്ന്...... തന്‍റ പ്രായവും കാലവും എല്ലാം മറന്ന്  കുറച്ചുസമയം  പ്രഭാകരന്‍ ചേട്ടനുമായി   ചേട്ടന്‍റെ പഴയ 'കുഞ്ഞു' ആ മാഞ്ചോട്ടില്‍കിന്നാരം പറഞ്ഞു നിന്ന കാലത്തിലേക്കു പോകും. ഈ മാവിന്‍റെ സാന്നിദ്ധ്യം  അതെല്ലാമാണ് തൊണ്ണൂറ്റഞ്ചു വയസ്സു കഴിഞ്ഞ ആ മുതു മുത്തശ്ശിക്കു നല്‍കുന്നത്.
 കുഞ്ഞിലക്ഷ്മിയമ്മ ചോദിക്കുന്നതിലും   കാര്യമുണ്ട്.ഇതും കൂടി തീര്‍ന്നു കഴിഞ്ഞാലെന്തു ചെയ്യും.? ഇതു കൂടി വെട്ടി വിറ്റു തിന്നു കഴിഞ്ഞ് നമ്മളെങ്ങോട്ടു പോകും.? 

അമ്മുക്കുട്ടിക്ക് അതിനുത്തരമില്ലായിരുന്നു. ഒന്നുമാത്രമറിയാം മൂന്നു വയറിന്‍റ കാളലു മാറ്റാന്‍  വേറെ വഴിയൊന്നുമില്ല. ആ കോലാച്ചിമാവിന് നല്ല വിലതരാമെന്നാണ് പെരുമര വാസു പറഞ്ഞത്. അതിനു സമ്മതിക്കണമെന്ന് അമ്മുക്കുട്ടി     കുഞ്ഞിലക്ഷ്മിയമ്മയോട്  ആയിടക്ക് നിരന്തരം പറയുന്നത് കോലാച്ചി മാവ് കേള്‍ക്കുന്നുണ്ട്.അതെന്നാണെന്നു മാത്രമേ ഇനി കോലാച്ചി മാവിനറിയേണ്ടതുള്ളു.ഒരു ദിവസം അതു നടക്കും.  അമ്മുക്കുട്ടിയുടെ തീരുമാനം.   കുഞ്ഞിലക്ഷ്മിയമ്മയുടെ ആശ, അതു നടക്കുവാന്‍പോകുന്നില്ല. ഇല്ലെങ്കിലതിനു മുമ്പെന്തേലും സംഭവിക്കണം.
                  അങ്ങിനെ ഇടവപ്പാതി കനത്തു. മഴയല്‍പ്പം തോര്‍ന്നു നിന്ന ഒരു ദിവസം പെരുമര വാസു വീണ്ടും വന്നു. മഴയും ദാരിദ്ര്യവും ഒരുപോലെ ഗ്രസിച്ചു കഴിയുമ്പോള്‍ഏതു പിടിവാശിയും ആരുടെ പിടിവാശിയും മലവെള്ള പാച്ചിലുപോലെ ഒലിച്ചു പോകുമെന്ന് വാസുവിന് നല്ല നിശ്ചയമുണ്ട്. അതു കൊണ്ടാണ് ആ മഴയുടെ ഇടക്കുള്ള ദിവസം തന്നെ വാസു വന്നത്.ഇതേ പോലെ എത്രയോ കേസുകള്‍വാസു കണ്ടിരിക്കുന്നു.വാസുവിനെ കണ്ടതും  കുഞ്ഞിലക്ഷ്മിയമ്മ തന്നെയാണ്  വിലപറയാന്‍  വന്നത്. പെരുമര വാസുവിന് ആശ്വാസമായി. പാത്തും പതുങ്ങിയും വന്ന് അമ്മുക്കുട്ടിയോട് വില പറയേണ്ടല്ലോ.നല്ലൊരു വിലയ്ക്ക്   വാസു  കച്ചവടമുറപ്പിച്ചു.പിറ്റെന്നു കാലത്ത് വന്ന്   തുക മുഴുവനായി കൊടുക്കാമെന്ന് പറഞ്ഞ് വാസു പോയി. അമ്മുക്കുട്ടി അടുത്ത മഴയ്ക്കു മുമ്പ്
ചോരുന്ന സുഷിരങ്ങളുടെ താഴെ പഴയ അലൂമിനിയ പാത്രങ്ങള്‍വിന്യസിക്കുന്ന ജോലിയിലായിരുന്നു. വാസു വന്ന വിവരവും  കോലാച്ചി മാവിന് വിലയുറപ്പിച്ച വിവരവും കുഞ്ഞിലക്ഷ്മിയമ്മ അമ്മുക്കുട്ടിയോടു പറഞ്ഞു.അമ്മുക്കുട്ടി ആരോടെന്നില്ലാതെ പറഞ്ഞു. "കുറച്ചു പട്ടിയലും രണ്ടു ഷീറ്റും വാങ്ങി കിടക്കുന്ന മുറി ആദ്യം ശരിയാക്കണം."
അന്നു വൈകിട്ടുംപടിപ്പുര വാതിലില്‍വന്ന് നന്ദിനിക്കുട്ടി         ആ വിളിചോദ്യം    നീട്ടി വിളിച്ചു  ."അത്താഴപ്പട്ടിണിക്കാരുണ്ടോ..........................."
കോലാച്ചി മാവിന് ഇന്നതു കേട്ടപ്പോള്‍ചിരി വന്നില്ല. ആ മുത്തശ്ശി മാവു ചിന്തിച്ചു. ഇങ്ങനെ പല പല വീടുകളും ഉണ്ട്.പഴയ പ്രതാപവും ആഢ്യത്തവും ഒക്കെ വെച്ച് മുറുകെ പിടിച്ചോണ്ടിരിക്കുന്നവര്‍..എന്തുകൊണ്ട് അവര്‍ക്ക് ഈ പടിപ്പുരയ്ക്കു പുറത്തോട്ടിറങ്ങി കൂടാ.....നശിച്ചു നാറാണക്കല്ലെടുത്ത  തറവാടുകള്‍. ഇപ്പോഴും വയറു വിശക്കുമ്പോള്‍മുണ്ടും മുറുക്കിയുടുത്ത്     വ്യര്‍ത്ഥമായ ആത്മാഭിമാനം മുറുകെ പിടിച്ചോണ്ടിരിക്കുന്നു. തന്‍റ ഊഴമായി. എന്താണേലും കുഞ്ഞിലക്ഷ്മിയമ്മ തന്നെ അതിനൊരു തീരുമാനമെടുത്തത് എന്തു കൊണ്ടും നന്നായി.
 കാറ്റും കോളും കൊണ്ടു കഴിഞ്ഞു. അമ്മുക്കുട്ടി  മകളോട് വിളിച്ചു പറഞ്ഞു."നന്ദിനിക്കുട്ടിയേ.....എളുപ്പം അകത്തു കേറിയ്ക്കോ....ഇന്നു കാറ്റടിച്ചായിരിയ്ക്കും മഴപെയ്യുന്നത്."
പിറ്റെ ദിവസം കാലത്ത് കയറും കോടാലിയും വെട്ടുകാരനുമൊക്കെയായി വന്ന പെരുമരവാസുവാണാദ്യം അതു കണ്ടത്. കോലാച്ചിമാവു മറിഞ്ഞു.ഉള്ളു പൊള്ളയായിരുന്നു.വാസുവിന് സമാധാനമായി.അഡ്വാന്‍സ് കൊടുത്തില്ല. അടിവശമേ പൊള്ളയുള്ളു. മുകളിലേക്ക് നല്ലകാതലുണ്ട്. വാസു വിചാരിച്ചു..
വെട്ടു കൂലി ലാഭമായി. വേരോടെ മറിഞ്ഞതിനാല്‍  വേരു മാന്തിയെടുക്കുന്ന കൂലിയും ലാഭിക്കാം. എല്ലാം കൊണ്ടും ഇന്നത്തെ കണി കൊള്ളാം.
പതുക്കെ മാവു മറിഞ്ഞതെങ്ങോട്ടാണെന്നു നോക്കി.വാസൂന്‍റ ഉള്ളൊന്നു കാളി.
കുഞ്ഞിലക്ഷ്മിയമ്മയുടെ ആഗ്രഹം  പോലെ  സംഭവിച്ചിരിക്കുന്നു......
മൂന്നുപേര്‍ക്കും കോലാച്ചി മാവിന്‍റ ഓരോ ശിഖരം എടുക്കാം....
ശവസംസ്ക്കാരത്തിനെത്തിയ സമുദായ പ്രമാണിയുടെ  വാക്കുകള്‍.. ഇത്തവണ     തൊണ്ണൂറ്റഞ്ചു തികഞ്ഞ വന്ദ്യ വയോധികയായ കുഞ്ഞുലക്ഷ്മിയമ്മക്ക് പൊന്നാട കൊടുത്ത് ആദരിക്കാനിരിയ്ക്കുകയായിരുന്നു. അപ്പോഴാണ് ഈ അത്യാഹിതം.

കോലാച്ചിമാവിന്‍റ അടിവശംപോലെ...സമുദായ പ്രമാണിയുടെ വാക്കുകള്‍.

...മറ്റൊരു കണക്കു കൂട്ടലപ്പോള്‍ വാസുവിന്റ മനസ്സില്‍ നടക്കുകയായിരുന്നു.  ഓരോ ശിഖരവും കഴിഞ്ഞ് ബാക്കിയുള്ളത് ലാഭം. വെട്ടാന്‍ വന്നതിന് തെളിവുണ്ട്. വിലയുറപ്പിച്ചത് ആരും അറിഞ്ഞിട്ടില്ല. പക്ഷെ വില നല്കാതെ ആരും വെട്ടാനായി വരത്തില്ലല്ലൊ.

 (മധ്യതിരുവിതാം കൂറിലെ നായര്‍ തറവാടുകളില്‍ സംഭവിച്ചിരുന്ന യാഥാര്‍ത്ഥ്യത്തിനോട് കടപ്പാട്.)


Related Posts Plugin for WordPress, Blogger...