Friday, August 29, 2014

വരുമെന്നുകരുതി കാത്തിരിക്കാം…..



.

ഒരെഴുത്തുകാരി അല്ലെങ്കില്‍ ഒരെഴുത്തുകാരന്‍ എങ്ങനെയുള്ള  ആള്‍  ആയിരിക്കണം. അങ്ങനെ വല്ലതുമുണ്ടൊ.
ഞാനതൊന്ന് വിശകലനം ചെയ്തു നോക്കി.ഒരിയ്ക്കലും സംശയദൃക്കാകാന്‍ പാടില്ല.മറ്റുള്ളവരോട് സഹാനുഭൂതി വേണോ? സ്വാര്‍ത്ഥമതിയാകാന്‍ പാടില്ല. കരുണയും സ്നേഹവും വേണോ?  അതോ അതെഴുത്തില്‍ കൂടി വാരിക്കോരി കൊടുത്താല്‍ മതിയോ? നിഷ് പക്ഷമതിയായിരിക്കണം. ഒരു പാര്‍ട്ടിയുടേയും ചട്ടുകം ആയിക്കൂടാ. ഇതൊക്കെയാണോ വലിയ എഴുത്തുകാര്‍ക്കുള്ള യോഗ്യത ? ആവോ..ആര്‍ക്കറിയാം.
എന്തായാലും മേല്‍പ്പറഞ്ഞ ഗുണങ്ങളില്‍ ചിലതൊന്നും എനിയ്ക്ക് ഇല്ലയെന്ന് എനിയ്ക്കു തന്നെ അറിയാം. പക്ഷെ എന്‍റെ കഥകളില്‍ ഞാന്‍ വായനക്കാരന് ഇതെല്ലാം നിര്‍ലോഭം കൊടുത്തിട്ടുണ്ട്. അതിന് ഒരു പിശുക്കും കാട്ടിയിട്ടില്ല
ഒന്നു കൂടി ഉണ്ടല്ലൊ.  മൊബൈല്‍ ടവറിലെ സിഗ്നല്‍ പോലെ   അവാര്‍ഡുകമ്മറ്റിക്കാരുമായിനിരന്തരം ബന്ധം പുലര്‍ത്തി ലൈവാക്കി നില്‍ക്കുന്ന ആളും ആയിരിക്കണം അവാര്‍ഡു മോഹിക്കുന്ന  ഒരെഴുത്തുകാരന്‍.
  .  അപ്പോള്‍എഴുത്തുകാരുടെ സ്വഭാവം അവരുടെ എഴുത്തില്‍ നിന്നും മനസ്സിലാക്കാമെന്നു കരുതുന്നത് ശുദ്ധ മണ്ടത്തരമാണ്.
ഏതോ ഒരു വലിയ എഴുത്തുകാരന്‍ഒരിയ്ക്കല്‍ പറഞ്ഞത്രെ അദ്ദേഹത്തിന്‍റെ കഥകളുടെ ആകെത്തുക എടുത്താല്‍ അദ്ദേഹത്തിന്‍റെ ജീവചരിത്രം ആകുമെന്ന്. എന്തോ എനിയ്ക്കങ്ങനെ തോന്നുന്നില്ലായേ..എന്‍റെ പൊന്നു തമ്പുരാനെ...
മറ്റുള്ളവരെ പോലെ    എന്തെങ്കിലും ഒക്കെ രഹസ്യങ്ങള്‍ ഓരോ എഴുത്തുകാരനും കാണും. അതൊന്നും എഴുതി വായനക്കാരനെ അറിയിച്ച്  തന്നിലേക്കുള്ള ആരാധന കുറയ്ക്കാന്‍ ആരും മുതിരുകയില്ല. എഴുത്തുകാരനല്ല ആരുംതന്നെ തന്നെ ചികഞ്ഞിട്ട് കൊത്തിപ്പെറുക്കി എടുക്കാന്‍ ആരേയും അനുവദിക്കുകയില്ല.

ഒരു ദിവസം അപ്രതീക്ഷിതമായിട്ടാണ് ഒരു വായനക്കാരന്‍ എനിയ്ക്കയച്ച ശില്‍പഭംഗിയുള്ള എഴുത്ത് പോസ്റ്റുമാന്‍ കൊണ്ടു തരുന്നത്.ഏതോ ഒരു ട്രെയിന്‍ യാത്രയിലെ വിരസതയകറ്റുവാന്‍ ഒരു വലിയ എഴുത്തുകാരന്‍റെ പുസ്തകത്തിനൊപ്പം വാങ്ങിയ എന്‍റെ കഥാപുസ്തകം.അതു കേട്ടപ്പോള്‍ തന്നെ എനിക്കു കുളിരു കോരി..കാരണം അത്ര വലിയഎഴുത്തുകാരന്‍റെ പുസ്തകത്തിനൊപ്പം എന്‍റെ പുസ്തകം അയാള്‍ വാങ്ങി അതിനെ തൊട്ടുരുമ്മി എന്‍റെ പുസ്തകം ഇരുന്നല്ലൊ എന്നോര്‍ത്തപ്പോള്‍. ആ ട്രെയിന്‍ യാത്രയിലയച്ച എഴുത്ത്.

. എഴുത്തെങ്ങനെ ശില്‍പ്പ ഭംഗിയുള്ളതാക്കാം എന്ന് അന്നാണ്എനിയ്ക്കു മനസ്സിലാകുന്നത്.വടിവൊത്ത കൈയ്യക്ഷരത്തില്‍ വാക്കുകള്‍ കൊരുത്തെടുത്ത് വാചകങ്ങള്‍ വനമാലപോലെയാക്കി എന്‍റെ പുസ്തകത്തിലെ ഓരോ കഥകളേയും  കുറിച്ച് ശില്‍പ്പ ചാരുതയോടെ വര്‍ണ്ണിച്ച്
എഴുതിയ ആഎഴുത്ത് ഇന്നുവരെ ഒരു വായനക്കാരനില്‍ നിന്നും ലഭിയ്ക്കാത്ത ഒന്നായിരുന്നു.
അതുകൊണ്ടുതന്നെ ആ എഴുത്ത് ഞാന്‍ കീറിക്കളയാതെ വായിച്ചിട്ട് സൂക്ഷിച്ചു വെച്ചു.
വിരിഞ്ഞു വരുന്ന ഒരു പൂവ് കണ്ണിനാനന്ദം നല്‍കി കൊഴിഞ്ഞു പോകുന്നതു പോലെ
അല്‍പ്പനേരത്തെ കര്‍ണ്ണസുഖം നല്‍കി, കാറ്റിലലിഞ്ഞില്ലാതാകുന്ന അഭിനന്ദന പ്രവാഹം  മൊബൈലില്‍ കൂടി പലരും അറിയിക്കുമ്പോള്‍ അങ്ങനെയല്ലാതെ നോക്കും തോറും മനസ്സിന് കുളിര്‍മ്മനല്‍കി    നില്‍ക്കുന്ന വസന്തഋതുവിലെ ഒരു പൂന്തോട്ടം പോലെ പോലെ ....
ആഎഴുത്തിലെ വരികളില്‍ കൂടി കണ്ണോടിയ്ക്കുമ്പോള്‍ മനസ്സിലേയ്ക്ക് പകര്‍ന്നു കിട്ടുന്ന ഊര്‍ജ്ജം വീണ്ടും വീണ്ടും എഴുതുവാനുള്ള പ്രചോദനം തന്നു കൊണ്ടിരുന്നു.പേനത്തുമ്പില്‍ നിന്നും പെറ്റു വീണ കഥാപാത്രങ്ങളെ മാനസ പുത്രന്‍മാരായും പുത്രിമാരായും   വളര്‍ത്തി ഒരു പരുവത്തിലാക്കി വിടുമ്പോള്‍ മനസ്സിനു നല്‍കുന്ന സന്തോഷം അത് വര്‍ണ്ണനാതീതം  ആയിരുന്നു.
  അയാളുടെ വ്യക്തിപരമായ ഒരു വിവരവും നല്‍കാതെ കേവലം എന്‍റെ കഥകളുടെ മേന്മ മാത്രം എഴുതി അയച്ച് മടക്ക തപാലില്‍ മറുപടി അയയ്ക്കത്തക്കവണ്ണം അയാളുടെ അഡ്രസ്സെഴുതിയ കവറും പേപ്പറുമായി വന്ന കത്ത്. തിരക്കുള്ളതുകാരണം അടുത്ത കുറേ ദിവസങ്ങളില്‍  ആ എഴുത്തിന് മറുപടി അയയ്ക്കുന്ന കാര്യമേ മറന്നുപോയി. പിന്നീടെപ്പോഴോ ഒരുദിവസം  ഓടിക്കിതച്ചുവന്ന് ഔട്ടറില്‍ സ്റ്റേഷന്‍ പിടിയ്ക്കാന്‍ കിടക്കുന്ന തീവണ്ടിയെപ്പോലെ  ഒരു ജോലി തീര്‍ത്ത് അടുത്ത ജോലിയിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പായി അല്‍പ്പം വിശ്രമം കിട്ടിയ അവസരത്തിലാണ് ആ കത്തിനു മറുപടി എഴുതിയില്ലല്ലൊ എന്നോര്‍ത്തത്. അപ്പോഴും ഒരു സംശയം നീര്‍ക്കുമിളപോലെ ഉള്ളില്‍ നിന്നും വന്നു പൊട്ടിച്ചിതറി മനസ്സില്‍ വിഷപ്പുക നിറച്ചു.പുസ്തകത്തില്‍ ഫോണ്‍ നംമ്പര്‍
കൊടുത്തിട്ടുള്ളപ്പോഴും അയാളെന്തിനാണ് ഒരു കത്തയച്ചത്. ഇതേപോലെയുള്ള സംശയങ്ങളാണ് ഞാനാദ്യം  സൂചിപ്പിച്ചതുപോലെ എഴുത്തുകാരനു വേണ്ട യോഗ്യതയില്‍ഞാനെന്നെ പെടുത്താതെ കരിംപട്ടികയില്‍ ഇട്ടിരിക്കുന്നത്.
  പിറ്റെ ദിവസം തന്നെ ചുരുങ്ങിയ വാക്കുകളില്‍ മറുപടി ഇട്ടു. അയാളാരാണെന്നോ എന്തു ചെയ്യുന്നെന്നോ ഒന്നും തിരക്കിയില്ല.
കൂലിപ്പണിക്കാര്‍, ഓട്ടോ ഡ്രൈവര്‍,സര്‍ക്കാരുദ്യോഗസ്ഥര്‍, കോളേജ്  വിദ്യാര്‍ത്ഥികള്‍,
വേലേം കൂലീം ഒന്നുമില്ലാത്ത വായിനോക്കികള്‍, വെറുതെയിരിക്കുമ്പോള്‍ സമയം പോക്കാന്‍ പഞ്ചാരയടിക്കുന്നവര്‍ .... ഇവരെല്ലാം വായനക്കാരായുള്ള എന്‍റെ പട്ടികയിലാരായിരിക്കും അയാള്‍?  അറിയാന്‍ വെറുതെ ഒരാകാംക്ഷ.
വളരെ നാളുകള്‍ക്കുശേഷം ഒരു നൂതന ആശയം മനസ്സില്‍ പൊട്ടി വിടര്‍ന്നു.എന്‍റെ എല്ലാ വായനക്കാര്‍ക്കും ഓരോ കത്തെഴുതിക്കളയാം. പോസ്റ്റാഫീസില്‍ പോയി കുറെ കവറും സ്റ്റാമ്പും വാങ്ങി ഫോണ്‍ നമ്പര്‍ വിളിച്ച് അഡ്രസ്സും വാങ്ങി ഒരു ദിവസം കുത്തിയിരുന്ന് തേച്ചു മിനുക്കിയ വെള്ളോട്ടുരുളിപോലെ അക്ഷരക്കൂട്ടങ്ങളെ തേച്ചുമിനുക്കി  വര്‍ണ്ണങ്ങളില്‍ ചാലിച്ച് കടലാസ്സില്‍ പരത്തി അയച്ചു കൊടുത്തു. കൂടെ പുതിയ വായനക്കാരനും അയയ്കാന്‍ മറന്നില്ല.
   കെണിയൊരുക്കി കാത്തിരുന്ന എലിപിടുത്തക്കാരനേപോലെ കാത്തിരുന്നു.
 മാന്യ വായനക്കാരുടെയെല്ലാം( അങ്ങിനെ പറയാമോ എന്നറിയത്തില്ല. എല്ലാവരേയും അക്കൂട്ടത്തില്‍ പെടുത്തിയിട്ടില്ലല്ലൊ.)  മറുപടികള്‍ ഒന്നൊന്നായി വന്നു തുടങ്ങി.കാക്ക
ചികയുന്നതുപോലെ എല്ലാം ചികഞ്ഞ് അടുത്തകഥകള്‍ക്കുള്ള വിഷയങ്ങള്‍..... അതിലൊളിഞ്ഞിരുന്നതെല്ലാം കൊത്തിപ്പെറുക്കി എടുത്തു.
പക്ഷെ ഒരാളുടെ മാത്രം മറുപടി വന്നില്ല. വാക്കുകളെ ശില്‍പ്പമാക്കി മാറ്റാന്‍ കഴിവുള്ള പുതിയ വായനക്കാരന്‍റെ മാത്രം മറുപടി വന്നില്ല.
ഒരു പക്ഷേ ആ എഴുത്ത് അയാള്‍ക്ക് കിട്ടികാണില്ലായിരിക്കുമോ?   അതോ ആ ട്രെയിന്‍ യാത്രയില്‍ എഴുത്ത് തപാല്‍ പെട്ടിയില്‍ ഇട്ടു കഴിഞ്ഞ് അയാള്‍ക്കെന്തെങ്കിലും...ഛെ..മനസ്സെന്തൊക്കെയാണ് മിനഞ്ഞെടുക്കുന്നത്...
വരുമെന്നു കരുതി കാത്തിരിയ്ക്കാം............

Sunday, August 10, 2014

തര്‍പ്പണം. ഇങ്ങനേയും.(ജനയുഗം പേപ്പറില്‍ പ്രസിദ്ധീകരിച്ചത്)




തര്‍പ്പണംഎന്നാല്‍ പിതൃയജ്ഞം, തൃപ്തിപ്പെടുത്തല്‍  എന്നൊക്കെ അര്‍ഥമുണ്ട്.അത്തരത്തിലുള്ള ഒരു തര്‍പ്പണമാണ് ഇത്. എങ്ങനെ വേണമെങ്കിലും നിര്‍വ്വചിക്കാം.
ഞങ്ങളുടെ കുടുംബ സുഹൃത്തായ മുസ്ലീം സഹോദരിയെ ഈ കര്‍ക്കിട വാവുബലിയുടെ തലേന്ന് ഞാന്‍ വിളിക്കുമ്പോള്‍ അവര്‍ വളരെ തിരക്കിലായിരുന്നു. സൌകര്യത്തിനായി അവളെ ഞാന്‍ ഷൈല എന്നു വിളിയ്ക്കട്ടെ.
കുടുംബ സുഹൃത്ത് എന്നു പറയുമ്പോള്‍ ഷൈലയുടെ കെട്ടിയോനും എന്‍റെ കെട്ടിയോനും ഒരേ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന രണ്ടു തൊഴിലാളി സ്നേഹികളാണ്. അതുകൊണ്ടായിരിക്കാം ഇത്ര അടുപ്പം ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ വന്നത്.  വ്യത്യസ്ത മതക്കാരാണെങ്കിലും ഞങ്ങള്‍ സഹോദരരെപ്പോലെയാണ് കഴിയുന്നതെന്നു പറഞ്ഞാല്‍ അതൊരു പൊളിപറച്ചിലല്ല എന്നു തീര്‍ത്തു പറയട്ടെ!
ഇനി ഞാന്‍ കാര്യത്തിലേയ്ക്കു കടക്കട്ടെ  .ചെറിയ പെരുന്നാള്‍ അടുത്തുവരുന്ന ദിവസങ്ങളായതിനാല്‍ ഇരുപത്തേഴാം നൊയമ്പിന്‍റെന്ന് ഷൈല തിരക്കിലാണെന്നു പറഞ്ഞപ്പോള്‍ സ്വാഭാവികമായും പെരുന്നാളിന്‍റെ തിരക്കായിരിക്കും എന്നാണ് ഞാന്‍ കരുതിയത്. പക്ഷെ  പിറ്റെന്ന് കര്‍ക്കിട വാവുബലിയാണെന്നും അതിന്‍റെ തിരക്കാണെന്നും  മറുപടി പറഞ്ഞപ്പോള്‍ ഞാനാകെ ഒരു കണ്‍ഫ്യൂഷനിലായി എന്നു പറയട്ടെ.
മുസ്ലീമായ ഇവള്‍ക്ക് എന്തോന്നു വാവുബലി. ഇനി ഹിന്ദുക്കളുടെ കൂടെ കൂടി ഇവളും ബലിയിടാന്‍ തുടങ്ങിയോ എന്നും മറ്റുമുള്ള കുറേ ചോദ്യങ്ങള്‍ എന്‍റെ മനസ്സില്‍ തലപൊക്കി.
അതെല്ലാം മനസ്സിലിട്ടുകൊണ്ട് ഞാന്‍ ചോദിച്ചു...എന്തോന്നു ഷൈല നിനക്കെന്തോന്ന് ബലി.  നിങ്ങക്കിപ്പോള്‍ നൊയമ്പല്ലേ. മറ്റെന്നാളല്ലെ പെരുന്നാള്.
പക്ഷെ എന്‍റെ ചോദ്യത്തിന് അവളുതന്ന മറുപടി കേട്ടപ്പോള്‍ എനിയ്ക്കതൊരു പുതിയ അറിവായിരുന്നു.
വാവിന് ഒരിയ്ക്കലു നോക്കി പിറ്റേന്ന് ബലിയിടാന്‍ പോണ എനിയ്ക്ക്  തിരക്കൊന്നും ഇല്ലല്ലൊ എന്നു പറഞ്ഞപ്പോള്‍ ഷൈല പറഞ്ഞത്  പിതൃ തര്‍പ്പണത്തിന് കടല്‍ക്കരയില്‍ വരുന്നവരെല്ലാം നേരെ കാണുന്ന അവരുടെ  വീട്ടിലേയക്കാണ്  ബലിയിട്ടു കുളിച്ചിട്ട് ഈറന്‍ മാറാന്‍ വരുന്നതെന്നും  തലേന്നേ ഒരിയ്ക്കലു നോക്കി വെളുപ്പിന്  വെള്ളം പോലും കുടിയ്ക്കാതെ വരുന്ന അവര്‍ക്ക്   ചായയും പലഹാരവും ഒക്കെ കഴിയ്ക്കാന്‍ കൊടുക്കണമെന്നും..
ഞാനതിശയിച്ചുപോയി. ഇത്രയും നാളും അവരുമായി ചങ്ങാത്തത്തിലായിട്ടും ഇങ്ങനെയൊരു കാര്യം ഷൈല പറഞ്ഞതേയില്ലല്ല്ലൊ എന്നോര്‍ത്തു....വലതു കൈകൊണ്ട് കൊടുക്കുന്നത് ഇടതു കൈ അറിയരുതെന്നു പഴമക്കാര്‍ പറയുന്ന പറച്ചില്‍ തികച്ചും അന്വര്‍ത്ഥമാക്കുന്ന ഒരു യഥാര്‍ത്ഥ മുസ്ലീമിനെയാണ്  അവരില്‍ ഞാന്‍ കണ്ടത്.
പകലു മുഴുവന്‍  ആഹാരവും കഴിയ്ക്കാതെ നൊയമ്പു പിടിച്ചു കൊണ്ട്   വാവു ബലിയിടാന്‍ കടല്‍ക്കരയില്‍ എത്തുന്ന   പരിചയക്കാര്‍ക്കും അല്ലാത്തവര്‍ക്കും ഒരേപോലെ      വീട്ടില്‍ സൌകര്യങ്ങള്‍  ഒരുക്കുകയും  അവര്‍ക്കുവേണ്ടി നിറഞ്ഞമനസ്സോടെ രാവിലെ  ചായയും പലഹാരവും കൊടുത്ത് അവരെ തൃപ്തിപ്പെടുത്തി വിടുന്ന ആ മുസ്ലീം കുടുംബത്തെ ഓര്‍ത്തപ്പോള്‍
മറ്റൊരു ചിത്രവും എന്‍റെ മനസ്സിലേക്ക് ഓടിയെത്തി. തലേന്ന് പത്ര മാധ്യമങ്ങളില്‍  നിറഞ്ഞു നിന്ന ആ വാര്‍ത്ത.   നോമ്പെടുത്ത കാന്‍റീന്‍ ജീവനക്കാരന്‍റെ വായില്‍ ഭക്ഷണം തിരുകിക്കയറ്റിയ ജനപ്രതിനിധികളുടെ  പ്രവൃത്തിയില്‍ പാര്‍ലമെന്‍റില്‍ ബഹളം.
 ഏകോദര സഹോദരരെപ്പോലെ സന്തോഷത്തോടെ കഴിയാന്‍ പറ്റുന്ന നമ്മള്‍ മതത്തിന്‍റെയും രാജ്യത്തിന്‍റെയും പേരില്‍ അന്യോന്യം കൊന്നൊടുക്കുന്ന ഇക്കാലത്തും ഇങ്ങനെ നല്ലമനസ്സുള്ള കുറച്ച് ആള്‍ക്കാര്‍  മരുപ്പച്ച പോലെ  ഭൂമിയില്‍ ഉണ്ടല്ലൊ എന്ന് നമുക്കാശ്വസിയ്ക്കാം. ഒരു ഇളം കാറ്റുപോലെ...ഒരു നറുമണംപോലെ...ഒരു ഈന്തപ്പഴത്തിന്‍രെ മധുരം പോലെ  നമുക്ക് അത് ആനന്ദം പകരുന്നു.
നിങ്ങള്‍ക്കും  റംലയുടെയും കുടുംബത്തിന്‍റെയും  സേവനം സ്വീകരിക്കാം. കൊല്ലം തിരുമുല്ലവാരം കടപ്പുറത്തെ ബലിത്തറയില്‍ നിന്നും നേരെ  നോക്കിയാല്‍ കാണുന്നതാണ് ആ സൌഹൃദ കൂടാരം.
Related Posts Plugin for WordPress, Blogger...