Tuesday, May 31, 2011

ഒരു നിലാച്ചീന്ത് (ജൂണ്‍ 1 2011 ) ഇറങ്ങിയ ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ചത്.)




  അവളെന്നാണെന്റ മനസ്സിന്റെ കോണിലൊരിടത്ത് ഇടം പിടിച്ചത്. കൃത്യമായ ദിവസം ഓര്‍മ്മയില്ലെങ്കിലും,ആ ഒരു ദിവസം ഇന്നലത്തെപ്പോലെ ഓര്‍ക്കുന്നുണ്ട്. കരഞ്ഞു വിളിച്ച് അപ്പുപ്പന്റെ ചൂണ്ടു വിരലില്‍തൂങ്ങി,ആദ്യമായി അവള്‍എല്‍.കെ.ജി യില്‍ പോയ ദിവസം.ഓഫീസില്‍ പോകാനിറങ്ങിയ ഞാനാ കരച്ചില്‍ കേട്ടതു കൊണ്ടാണ് തിരിഞ്ഞു നോക്കിയത്. വഴി നീളെ കരഞ്ഞു വരുന്ന അവളെ കണ്ടപ്പോള്‍‍ മക്കളുടെ കുട്ടിക്കാലമാണ് മനസ്സിലേയ്ക്കോടിയെത്തിയത്.
       എന്നും   വഴിയരികിലെന്നെ കാത്തു നിന്നിരുന്ന മോന്‍. ഒരു അന്‍പതു   പൈസയുടെ മിഠായി. ഒരെണ്ണം മാത്രം. ഒരു ദിവസം പോലും അതു വാങ്ങാന്‍കൂട്ടാക്കാതിരുന്നാല്‍തള്ളി തള്ളി പതിവായി മിഠായി വാങ്ങുന്ന വല്യമ്മയുടെ കടയില്‍കൊണ്ടുക്കേറ്റും. അപ്പോള്‍പിന്നെ ഒന്നിനു രണ്ടെണ്ണം കൊടുക്കേണ്ടി വരും.

     അവളുടെ കരച്ചിലു മാറ്റാന്‍   ഞാനന്നെടുത്ത അടവും അതുതന്നെയായിരുന്നു. അടുത്ത കടയില്‍നിന്നും ഒരു മിഠായി വാങ്ങി അവള്‍ക്കു കൊടുത്തു. പെട്ടെന്നു തന്നെ കരഞ്ഞു കൊണ്ടിരുന്ന കണ്ണീരില്‍  കൂടി മുഖത്തൊരു പാല്‍ പുഞ്ചിരി വിടര്‍ന്നു. അപ്പുപ്പനു സമാധാനമായി. കൂടെ ഞാനൊരു വാഗ്ദാനവും നല്കി. നാളെ കരയാതെ വന്നാല്‍  വീണ്ടും മിഠായി കിട്ടും. പിറ്റെ ദിവസവും  അവള്‍ഒട്ടും കരയാതെ എന്നെ കാത്തു നില്‍ക്കയായിരുന്നു. ഞാന്‍തലേ ദിവസം വാങ്ങി ബാഗിലിട്ടിരുന്ന മിഠായി കണ്ട പാടേ അവള്‍ക്കു കൊടുത്തു. അങ്ങിനെ ആഴ്ചയിലെ അഞ്ചു സ്ക്കൂള്‍ദിവസവും എന്നെ കാത്ത് പതിവായി ബസ്സ്  സ്റ്റോപ്പിലവള്‍  നില്‍ക്കും.

പതുക്കെ പതുക്കെ അവള്‍, ജാനകി എന്‍റ ഹൃദയത്തിന്‍റ ഉള്ളറയിലെവിടെയോ ചെന്ന് തേനീച്ച കൂടുപോലെ തേനരക്കില്‍ഒരു കൂടു കൂട്ടിയിരിക്കുന്നു. ഞാന്‍  പോലു മറിയാതെ അവളാക്കൂട്ടില്‍കയറി പാര്‍ത്തു കഴിഞ്ഞു.വെള്ളിയാഴ്ച കഴിഞ്ഞുള്ള തിങ്കളാഴ്ച ദിവസത്തിനു വേണ്ടി അവള്‍കാത്തിരിയ്ക്കും എന്നെക്കണ്ടു മുട്ടാന്‍.ഞാന്‍അവളോടൊത്തു ചിലവഴിയ്ക്കുന്ന സമയത്തിന്‍റ ദൈര്‍ഘ്യം കൂട്ടി കൂട്ടി വന്നു.അവളെവിടെ  പാര്‍ക്കുന്നെന്നോഅച്ഛനുമമ്മയും ആരാണെന്നെന്നോ ഒന്നും എന്‍റ വിഷയമേ ആയിരുന്നില്ല. ജാനകി, ജാനകിയുടെ അപ്പുപ്പന്‍, ഞാന്‍. എന്‍റയും ജാനകിയുടെയും ലോകം മാത്രം. ആ ബസ്റ്റോപ്പ്. അതില്‍ശരിക്കും അവളുടെ അപ്പുപ്പനും ഒരു കഥാപാത്രം അല്ലായിരുന്നു. അവള്‍ക്കു പറയാന്‍ ഒരുപാടു കാര്യങ്ങള്‍. എനിയ്ക്കു കേള്‍ക്കാനും. സ്കൂളിലെ കൂട്ടു കാരു തമ്മില്‍വഴക്കടിച്ചത്, മിസ്സ് വന്ന് അവരെ അടിച്ചത്, സ്കൂളിലെ കറമ്പി പൂച്ചയ്ക്കു വെളുത്ത കുഞ്ഞുണ്ടായത്. അങ്ങിനെ ഒരുപാടു കാര്യങ്ങള്‍  എന്നും ജാനകിയ്ക്കെന്നോടു പറയാന്‍അവള്‍കരുതിയായിരിയ്ക്കും  വരുന്നത്.
   അങ്ങിനെ ഓണപ്പരീക്ഷയും ക്രിസ്തുമസ്സു പരീക്ഷയും കഴിഞ്ഞു. പരീക്ഷ കഴിഞ്ഞ് സ്കൂളടച്ചുകഴിഞ്ഞാല്‍ പിന്നീടുള്ള ദിവസങ്ങള്‍ബസ്റ്റോപ്പിലെത്തിയാല്‍എനിയ്ക്ക് എന്തെന്നില്ലാത്ത ഒരു ശൂന്യതയാണ്. സ്ക്കൂള്‍തുറക്കുന്ന ദിവസത്തിനായി ഞാന്‍   കാത്തിരിയ്ക്കും...അവളും. എണ്ണാന്‍ നല്ലവണ്ണം  അറിയാത്ത അവള്‍ അടച്ച അന്നുതൊട്ട് തുറക്കുന്ന അന്നുവരെയുള്ള മിഠായിയുടെ എണ്ണം കൃത്യമായി എണ്ണി എന്നില്‍  നിന്നും വാങ്ങിയിരിക്കും. ശരിക്കും ഞാനവളുടെ സ്ക്കൂളുതുറക്കുന്ന ദിവസത്തിനു വേണ്ടി കാത്തിരിക്കുകയായിരിക്കും.അത്രയും ദിവസത്തെ വീട്ടു വിശേഷങ്ങളും അവള്‍ഒറ്റ ശ്വാസത്തില്‍പറഞ്ഞു തീര്‍ക്കും.

വര്ഷാവസാന പ്പരീക്ഷ അടുത്തു വരുന്നു.എല്ലാകുട്ടികളെയും പോലെ ജാനകിയ്ക്കും  പരീക്ഷയുണ്ട്. അതു കഴിഞ്ഞാല്‍പിന്നീട് ജാനകിയ്ക്ക് സ്കൂളടപ്പാണ്. നീണ്ട രണ്ടു മാസങ്ങള്‍. അവളതെപ്പറ്റി ഒരുദിവസം എന്നോടു പറഞ്ഞു."ഇനി ജാനകിയ്ക്ക് ആന്‍റിയെ കാണാന്‍എത്ര ദിവസം കഴിയണം. " അതു പറയുമ്പോളവളുടെ കണ്ണുകള്‍രണ്ടും നിറയുന്നത് ഞാന്‍കണ്ടു, ഞാന്‍തിരിച്ചു പറഞ്ഞു. "അതിനെന്താ..തിരിച്ചു വരുമ്പോള്‍ജാനകിയ്ക്ക് കടം തീരണമെങ്കിലൊരു പാക്കറ്റു മിഠായി എങ്കിലും ഞാന്‍  കൊണ്ടു വരണമല്ലോ
അതു പറഞ്ഞപ്പോള്‍ജാനകിയുടെ മുഖത്ത് കാര്‍മേഘച്ചീന്തിന്നിടയിലെ    ചന്ദ്രികയെപ്പോലെ ഒരു ചിരി പ്രത്യക്ഷപ്പെട്ടു.ഞാനവള്‍ക്കു വേണ്ടി കൊണ്ടു  വന്ന ഒരു പൊതി മിഠായിയും കൊടുത്ത് അന്ന് യാത്ര പറഞ്ഞു. പിറ്റെ ദിവസം സ്ക്കൂളടച്ചു.
     കുട്ടികളില്ലാത്ത  റോഡിനോട് എനിയ്ക്ക് വെറുപ്പു തോന്നി.      അവളില്ലാത്ത ആ ബസ്റ്റോപ്പ് എനിയ്ക്കെന്തെന്നില്ലാത്ത ഒരു ഏകാന്തതയാണ് സമ്മാനിച്ചത്.ഞാന്‍ദിവസങ്ങളെണ്ണിയെണ്ണി  തള്ളി നീക്കി.അങ്ങിനെ സ്കൂളു തുറക്കാനുള്ള ദിവസം അടുത്തു വന്നു. ഞാന്‍തലേദിവസമേ അടുത്തുള്ള
ബേക്കറിയില്‍    പോയി ഒരു പാക്കറ്റ് ചോക്ക്ലേറ്റു വാങ്ങി എണ്ണി തിട്ടപ്പെടുത്തി വെച്ചു. അവളേ കാണാന്‍എന്‍റെ മനം കൊതിച്ചു. ഇതിനിടയില്‍പലപ്രാവശ്യം അവളുടെ വീട്ടിലൊന്നു ചോദിച്ചു പറഞ്ഞ് പോയാലോ എന്നാലോചിച്ചതാണ്.അങ്ങിനെ ആദിവസം എത്തി.സ്ക്കൂളു തുറക്കുന്ന ദിവസം. ഞാന്‍ പതിവിലും നേരത്തെജോലിയെല്ലാം തീര്‍ത്തു. ഒരുപാടു നേരത്തെ തന്നെ മിഠായി പാക്കറ്റുമായി ബസ്റ്റോപ്പിലെത്തി.
 പുത്തന്‍യൂണിഫോം ഇട്ട് പുതിയ വരും പഴയവരും ഒക്കെ എത്തി തുടങ്ങി. ഞാന്‍ജാനകി വരുന്ന വഴിയിലേക്ക് കണ്ണും നട്ട് നില്‍ക്കുമ്പോളാണ് ബസ്റ്റോപ്പില്‍പതിവായി സ്ക്കൂള്‍ബസ്സില്‍കയറാന്‍വരുന്ന അവന്‍ ഒരു തുണ്ടു കടലാസ്സു കൊണ്ട് എന്നെ ഏല്‍പ്പിച്ചത്. നാലായി മടക്കിയിരുന്ന ആ കടലാസ്സിലെ വരികളിലേയ്ക്ക് കണ്ണുകള്‍വീണ്ടും വീണ്ടും പരതി. അതിന്‍റെ ഏതെങ്കിലും കോണില്   പോയ സ്ഥലപ്പേരുണ്ടോയെന്നറിയാന്‍.ഇല്ല . ഒരിടവും കണ്ടില്ല. ഒരു വര്‍ഷം മുഴുവന്‍ എന്‍റ ജീവിതത്തിന് ഒരു നിലാച്ചീന്തുപോലെ കുളിര്‍മ നല്‍കിയ ജാനകി.അവള്‍ അവളുടെ അച്ഛനു ട്രാന്‍സഫര്‍ആയ സ്ഥലത്തിലേയ്ക്കു മാറിപ്പോയിരിക്കുന്നു. അവളുടെ അപ്പുപ്പന്‍എനിയ്ക്കായി ഏല്‍പ്പിച്ചിരുന്ന ആ കുറിമാനത്തിലെ  ഓരോ അക്ഷരങ്ങളും എന്നെ നോക്കി പരിഹസിയ്ക്കുന്നപോലെ എനിയ്ക്കു തോന്നിഅങ്ങകലെ ഏതോബസ്റ്റോപ്പില് എന്നെ തേടി രണ്ടു   കുഞ്ഞി കണ്ണുകള്‍‍ പ്രതീക്ഷയുടെ നിമിഷങ്ങളെണ്ണി  നില്ക്കുന്നുണ്ടാവുമോ ആവോ..

Friday, May 13, 2011

ഒരു മോഷണത്തിന്‍റ കഥ

 
   
എല്ലാ ദിവസത്തേയും പോലെ അന്നും ഇറങ്ങിയതാണ്.ഒന്നും ഇതുവരെ കിട്ടിയില്ല. പിന്നെ ഇതല്ലാതെ വേറെ വഴിയൊന്നും കണ്ടില്ല .പകല്‍ ഒരു വട്ടം പര്യാമ്പുറത്തു കൂടി കറങ്ങി നോക്കി.കുറച്ചു നാളായതു കൊണ്ട്ഒന്നു കൂടി വഴിയുറപ്പിച്ചതാണ്.സന്ധ്യ മയങ്ങാനിനിയും  നാഴികയെടുക്കും.അതുവരെ ആരും കാണാതെ എവിടെയെങ്കിലും പതുങ്ങണം..

ത്രിസന്ധ്യ നേരം..പകലോന്‍റ ചോപ്പു നിറം കുരുതിക്കളം പോലെയാകാശത്ത് ചിതറി കിടക്കുന്നു.ഈ സമയം എല്ലാം നിശ്ചലമായിരിയ്ക്കും. കാറ്റിന്‍റെ അനക്കം പോലുമില്ല. അവിടവിടെയായി ചേക്കാറനുള്ള കാക്കയുടെ ഒറ്റപ്പെട്ട കരച്ചില്‍ മാത്രം.ചില ഇണക്കിളികള്‍ മരച്ചില്ലയില്‍ തൊട്ടുരുമ്മി ചേക്കേറിക്കഴിഞ്ഞു.

വീട്ടുകാരി വിളക്കു കത്തിച്ച് നാമം ജപിയ്ക്കാനുള്ള തിരക്കിലായിരുന്നു.പൂജാമുറിയില്‍.ഇതുതന്നെ തക്കം.പതുക്കെ സണ്‍  ഷെയിഡില്‍ കയറി പതുങ്ങിയിരുന്നു.ഒരു അദ്വൈതം മനസ്സിലുദിച്ചു. അതില്‍ മനസ്സിനെ പിടിച്ചു നിര്‍ത്തി. ഉള്ളവന്‍റ  കയ്യില്‍ നിന്നല്ലേ ഇല്ലാത്തവന് എടുക്കാന്‍ പറ്റൂ.മോഷണം ഒരു കലയാണെന്ന് എവിടെയോ കേട്ടിട്ടുണ്ട്.അടുക്കളയിലെ എക്സോസ്റ്റു ഫാനിന്‍റ ദ്വാരത്തില്‍ കൂടിയാണ് കേറേണ്ടത്.ഒന്നുകൂടി ഉറപ്പിച്ചു.അതു പഴയ സ്ഥാനത്തു തന്നെ.ലീഫ്  ഇപ്പോഴും ഇളകിതന്നേ കിടപ്പുണ്ട്. അന്നു കിട്ടിയ അടിയും കൊണ്ട് ഓടിയ ഓട്ടം ഇന്നും മനസ്സില്‍  തങ്ങി നില്‍ക്കുന്നു.  ഏതായാലും അന്നു പിടിക്കാന്‍ പറ്റിയില്ല.ഇത്തവണ അങ്ങിനത്തെ അബദ്ധം ഒന്നും പറ്റരുത്.എല്ലാ കാര്യവും വളരെ കരുതലോടെ വേണം.

ഇവിടെയിരുന്നാല്‍ എയര്‍  ഹോളില്‍കൂടി എല്ലാം കാണാം.തന്നെ ആരും കാണുകയും ഇല്ല.അതാ,
പൂജാമുറിയിലെ വിളക്കു കൊളുത്തലും പ്രാര്‍ത്ഥനയും എല്ലാം കഴിഞ്ഞെന്നു തോന്നുന്നു.വീട്ടുകാരി
അടുക്കളയിലോട്ടു വന്നല്ലൊ.അവര്‍ വൈകിട്ടത്തെ ആഹാരം പാത്രങ്ങളില്‍ പകര്‍ന്നു. ഭദ്രമായി
വെച്ചു. ടെലിവിഷനിരിയ്ക്കുന്ന മുറിയിലേയ്ക്കു പോകുന്നു. ഓണ്‍ ചെയ്തു.ചാനലുകള്‍ മാറ്റുന്നു.

വീട്ടുകാരന്‍ ഒന്‍പതു മണികഴിഞ്ഞേ എത്തുകയുള്ളു. പലദിവസവും  ഇടവഴിയില്‍ കൂടി അയാള്‍ വരുന്നത് താന്‍ കണ്ടിട്ടുണ്ട്. കടപൂട്ടി വരുന്ന വരവാണ്.

ഇന്ന് ഐഡിയ സ്റ്റാര്‍ സിംഗര്‍ ഗ്രാന്‍റ് ഫിനാലെയുടെ ദിവസമാണ്

നല്ല കൂരിരുട്ടായി.അമാവാസി ശ്രാദ്ധത്തിന് ഇനി അധികം ദിവസമില്ല.ചീവിടുകളുടെ കരച്ചില്‍.ആകെ ഒരു ഭയപ്പാടുണ്ടാക്കുന്ന അന്തരീക്ഷം.ഇല്ല  ധൈര്യം കൈവിടരുത്. ഒരു മോഷ്ടാവിനു വേണ്ടത് അതാണ്.ഇനി വളരെ ശ്രദ്ധിച്ച് പരിപാടി നടത്തണം.ഒട്ടും പിഴവു പറ്റരുത്.
ടിവിയില്‍  സംഗീതം ഉച്ഛസ്തായിയിലെത്തുമ്പോള്‍ഓപ്പറേഷന്‍ കഴിയണം.ഒരു പിഴവു പറ്റിയാല്‍
തീര്‍ന്നു.അതാ..സമയമായി.
പതുക്കെ എക്‍സ് ഹോസ്റ്റു ഫാനിന്‍റ  ഹോളില്‍ കൂടി കടന്നു.ലീഫിളകി കിടന്നതുകൊണ്ട്
സൌകര്യമായി.ഒറ്റ ചാട്ടത്തിന് അടുക്കളയിലെത്തി.പിന്നെയെല്ലാം മനസ്സില്‍ കുറിച്ചിട്ടതുപോലെ നടത്തി.തിരികെ അതേപോലെ സൈഡുറാക്കില്‍ ചവിട്ടി അകത്തോട്ടു കടന്ന വഴിയേ തന്നെ പുറത്തു കടന്നു.സണ്‍ ഷെയിഡിലിരുന്ന് അല്‍പം വിശ്രമിച്ചിട്ടു പോകാം.അകത്തു കടന്നതിന്‍റ
ഉള്‍ക്കിടുങ്ങല്‍ ഇപ്പോഴും നെഞ്ചിന്‍ കൂട്ടിനുള്ളിലുണ്ട്.ഏതായാലും വന്ന കാര്യം വിജയിച്ചല്ലോ.
 അകത്തേയ്ക്കു നോക്കി. അതാ മുന്‍ വശത്തെ വാതില്‍ തുറക്കുന്നു.വീട്ടുകാരനെത്തി.
വീട്ടുകാരി പിന്നെയും ടെലിവിഷന്‍റെ മുമ്പില്‍ തന്നെയിരിപ്പുറപ്പിച്ചു.

അയാള്‍ ഡ്രസ്സൊക്കെ മാറി. ഭാര്യയോടായി.ഞാന്‍ വന്നതു കണ്ടില്ലാന്നുണ്ടോ..നീയവിടെ എന്തെടുക്കുവാ ?മണി എത്രയായീന്നാ നിന്‍റ  വിചാരം.?ഞാനിന്ന് അല്‍പ്പം ലേറ്റാ.. മണി പത്തു കഴിഞ്ഞു.എളുപ്പം അത്താഴം വിളമ്പ്.ഭയങ്കര ക്ഷീണം.

വീട്ടു കാരി ടിവിയില്‍ നിന്നും കണ്ണെടുക്കാതെ പറഞ്ഞു.
ചേട്ടനെളുപ്പം മേലു കഴുകി വന്നോളു. ദേ അഞ്ചു മിനിറ്റ് ഫല പ്രഖ്യാപനത്തിന്.ഇപ്പോള്‍ തീരും.
വീട്ടു കാരിയുടെ വലിയ ഒരു ആഹ്ലാദാരവം.
ഓ..ജയിച്ചു..ജയിച്ചു..ഞാനെസ്സമ്മസ്സുചെയ്ത ധന്യ തന്നെ ഫസ്റ്റടിച്ചു.ഇനി ചോറു വിളമ്പാം.
അടുക്കളയിലേയ്ക്കതാ വീട്ടുകാരി വരുന്നു.ചോറെടുത്തു ഡൈനിംഗ് ടേബിളില്‍ വെച്ചു.വീണ്ടും
അടുക്കളയിലേയ്ക്ക്.
അയ്യോ
എന്താ എന്തു പറ്റി?”
അയ്യോ ,ദേ ഈ മീന്‍ കറി മുഴുവനും ആ കള്ളന്‍ പൂച്ച തിന്നു കളഞ്ഞു.
ഇതെപ്പം കേറി..ഇനിയെങ്ങനെ..ഈ രാത്രീല്...ചോറിന് കറി...
വീട്ടു കാരന്‍റെ പല്ലവിയും അനുപല്ലവിയും ചരണവും എല്ലാം വീട്ടുകാരിയുടെമേല്‍ ചൊരിയുന്നു.

ഇനിയിരിയ്ക്കണ്ട.ഒറ്റച്ചാട്ടം.ഒരോട്ടം..




Monday, May 2, 2011

വര്‍ണ്ണങ്ങള്‍ ..... .ജീവിതങ്ങള്‍(ജൂലൈ 2011-മനോരമ ആഴ്ചപ്പതിപ്പ്)



                     
                                                        
 ഉറങ്ങാന്‍ കിടക്കുമ്പോളെല്ലാം  നന്ദന്‍ മേനോന്‍റെ മനസ്സില്‍  തെളിഞ്ഞു വരുന്നത് ആ രൂപം മാത്രം.  തെളിനീരുപോലത്തെ  അവളുടെ കണ്ണുകളുടെ നിഷ്ക്കളങ്കത. വശ്യമായ ചിരി .അണ്ണായെന്നു വിളിച്ചുകൊണ്ടുള്ള അവളുടെ  വരവ് ഒരു പൂമ്പാറ്റയെ പ്പോലെയായിരുന്നു.ഉറങ്ങാനെത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല.കണ്ണടയ്ക്കുമ്പോളെല്ലാം തെളിഞ്ഞുവരുന്നത് ആ രംഗങ്ങളാണ്.
              പതിവു വിട്ട് ഗ്രാമപ്രദേശത്തു വന്ന് ചേക്കേറിയത് ഒരു വ്യത്യസ്തതയ്ക്കു വേണ്ടിയായിരുന്നു. ഫ്രീലാന്‍ഡ് ഫോട്ടോഗ്രാഫറായ തനിയ്ക്ക് വേണ്ട മെറ്റീരിയലൊക്കെ ഗ്രാമത്തില്‍ ധാരാളമുണ്ടായിരുന്നു.എന്നും ഓരോ വഴിയെ സഞ്ചരിയ്ക്കും. കിട്ടുന്നതൊക്കെ ക്യാമറയിലാക്കും. പ്രൊസസ്സ് ചെയ്യുന്നതിനു വേണ്ടി പട്ടണത്തില്‍ ആഴ്ചയിലൊരിയ്ക്കല്‍ പോകും.വിദേശത്തുള്ള ചില കസ്റ്റമേഴ്സ് നല്ല വിലതരും.എന്നാലും തന്‍റ ആവശ്യങ്ങളുടെ കണക്കു ബുക്കില്‍ എന്നും ബാലന്‍സ് വട്ടപ്പൂജ്യമായിരുന്നു.
      വീട്ടില്‍ ചെല്ലുമ്പോളെല്ലാം അമ്മയ്ക്കൊന്നേ പറയാനുള്ളു. അച്ഛന്‍ വരുത്തിവെച്ച കടം.      “പെണ്ണൊരുത്തി പ്രായമായിവരുന്നു. നീ ഈ ക്യാമറയും കൊണ്ട് നടന്നാലതിനെ കെട്ടിച്ചു വിടുന്നതെങ്ങിനെ. അതുകഴിഞ്ഞു വേണ്ടേ നിനക്കൊന്നിനെ...എനിയ്ക്കു  വയ്യാതായും വരുന്നു.
അച്ഛന്‍റ സ്ഥാനം കൂടി ചുമലിലേറ്റിയ തന്നിലുള്ള പ്രതീക്ഷ അമ്മയ്ക്ക് വളരെ ഉയരത്തിലായിരുന്നു.ക്യാമറയുടെ ഷട്ടറുകളില്‍ കണ്ണുടക്കി നിന്ന താന്‍.അതിന്‍റ സ്ക്രീനില്‍ തെളിഞ്ഞ വര്‍ണ്ണചിത്രങ്ങളേപ്പോലെയാകില്ല ജീവിതം എന്ന് മനസ്സിലാക്കാന്‍ വളരെ വൈകി.അമ്മ പറയുമ്പോളാണ് കാര്യത്തിന്‍റെ ഗൌരവം മനസ്സിലാക്കുന്നത്.പ്രിന്‍റൌട്ടെടുത്ത പടങ്ങളെപ്പോലെ ദിവസങ്ങളും മാസങ്ങളും. പൊയ്ക്കൊണ്ടിരുന്നു.മനസ്സിലെ മങ്ങല്‍  ക്യാമറയിലെ സ്ക്രീനിനും ബാധിച്ചുവോ? അല്പം മങ്ങലേറ്റതുപോലെ..എപ്പോഴും ഒരേചിന്ത മാത്രം.അമ്മയുടെ വാക്കുകളുടെ ഫ്ലാഷുകള്‍. എങ്ങിനെയും പണമുണ്ടാക്കണം.
 ആറ്റിന്‍തീരത്തു നിന്ന് സൂം ചെയ്ത്  ഫോട്ടോയെടുക്കുകയായിരുന്നു ഒരുദിവസം.അക്കരെ നില്‍ക്കുന്ന പൊന്നിന്‍വയലേലകളെ സ്ക്രീനിലാക്കിയപ്പോളറിയാതെ വന്നുപെട്ടതായിരുന്നു ആ പൂമ്പാറ്റ. ഞൊടിയിടയ്ക്കുള്ളില്‍  അങ്ങകലെ മിന്നിമറഞ്ഞു. ക്യാമറയിലെ ഫ്ലാഷു പോലെ അവള്‍. പിറ്റെദിവസം പട്ടണത്തില്‍ ഫോട്ടോഷോപ്പിലിട്ട് മിനുക്കു പണികള്‍ നടത്തുമ്പോളാണ് റിന്‍റോ  അതു ശ്രദ്ധിച്ചത്. വൈറ്റ് ബാലന്‍സ് അഡ്ജസ്റ്റുചെയ്യണ്ടാത്ത, ട്രൂകളറില്‍ വയലേലകളിലെ  കതിരിനിടയില്‍ കതിരു പോലുള്ള  പെണ്‍കുട്ടി. അവനാകാംക്ഷാപൂര്‍വ്വം തിരക്കി. ഇതേതാണീ പൂമ്പാറ്റ? അബദ്ധത്തില്‍ വന്നുപെട്ട കാര്യം അവനോടു പറഞ്ഞു. എടാ അളിയാ, നീയീ ക്യാമറയും കൊണ്ടു നടന്നാലുണ്ടാക്കുന്നതിന്‍റെ നാലിരട്ടി ഉണ്ടാക്കാം  ഈ പൂമ്പാറ്റയെ ക്കൊണ്ട്. കോടികള്‍ കൊയ്യാം നീ മനസ്സു വെച്ചാല്‍. അവന്‍റ  പരാധീനതകളറിയാവുന്ന കൂട്ടുകാരന് അവനെ വര്‍ണ്ണങ്ങള്‍ ചാലിച്ച ഒരു ചിത്രത്തിലൊതുക്കുവാന്‍  അധികം പാടു പെടേണ്ടി വന്നില്ല.
 തിരികെ ഗ്രാമത്തില്‍ വന്ന ഫ്രീലാന്‍ഡുകാരന്‍റ ക്യാമറയില്‍ ചിത്രങ്ങളൊന്നും ഒപ്പിയെടുക്കാനായില്ല. വര്‍ണ്ണച്ചിറകുള്ള  ആ പൂമ്പാറ്റയെ വലയിലാക്കി ലക്ഷങ്ങള്‍ കൊയ്തെടുക്കുന്ന ചിന്തയായിരുന്നു മനസ്സില്‍ . അക്കരെ വയല്‍ വരമ്പിലൂടെ ക്യാമറയും തൂക്കി അവളെ നോക്കി നോക്കി ഒരു ദിവസം മുഴുവനും അലഞ്ഞു.നിരാശനായി മടങ്ങി.
പിറ്റേന്ന്  വൈകുന്നേരം കടത്തുവഞ്ചിയില്‍ കയറി ക്യാമറയില്‍ സീനുകളൊപ്പി പോകുമ്പോള്‍ വഞ്ചിക്കാരന്  ആരാധനാഭാവം.അയാള്‍ വാചാലനായി. സാറിന് പരസ്യത്തിനു പടം എടുക്കാനാണേല്‍ അക്കരെ  ഒരമ്പോറ്റി കൊച്ചൊണ്ടു സാറെ. വയറു നിറയെ ഭക്ഷണം കൊടുത്താല്‍ മതി. അവളു പോസു ചെയ്യും.സാറിനെ ദൈവം അനുഗ്രഹിയ്ക്കും.  വഞ്ചിക്കാരന്‍റ  വള്ളിയില്‍ പിടിച്ചു മുകളില്‍ കയറി. അവളുടെ വീടു കണ്ടു പിടിച്ചു. അവള്‍ തന്നെ . ക്യാമറ കള്ളം പറഞ്ഞതു പോലെ തോന്നി.  ക്യാമറയിലെ സ്ക്രീനില്‍ കണ്ടതിനേക്കാള്‍ എത്രയോ സുന്ദരി. അടുത്തു കണ്ട പൂമ്പാറ്റ. വര്‍ണ്ണചിറകുകള്‍.ഇതുവരെ ഇത്ര ഭംഗിയുള്ള ഒരു സീനും ക്യാമറയിലൊപ്പിയെടുത്തിട്ടില്ല. അത്ര മനോഹരമായിരുന്നു.ഇടയ്ക്കിടയ്ക്ക് പട്ടണത്തില്‍ നിന്നും പരസ്യത്തിന് പടം എടുക്കാന്‍ ആള്‍ക്കാര്‍   തേടിപ്പിടിച്ചു ചെന്നിരുന്നുയെന്നും മറ്റും രണ്ടാനച്ഛന്‍ പറഞ്ഞു.അയാള്‍ പറഞ്ഞതൊന്നും കേട്ടില്ല. മനസ്സു നിറയെ  ലക്ഷങ്ങളായിരുന്നു.
 രണ്ടു മൂന്നു പടങ്ങള്‍  പല പോസുകളിലെടുത്തു.അഡ്വാന്‍ സെന്ന രീതിയില്‍ ഒരു ചെറിയ തുക കൊടുത്തു. പടവും കൊണ്ട്  പിറ്റേന്നു തന്നെ പട്ടണത്തില്‍ പോയി. പൂമ്പാറ്റയുടെ മലര്‍വാടി കണ്ടു പിടിച്ച വിവരവും ക്യാമറയിലെ പടങ്ങളും അവനു കാട്ടിക്കൊടുത്തു. നാടന്‍ തുമ്പികളെക്കൊണ്ട് കല്ലെടുപ്പിച്ചിരുന്ന അവന്‍ വര്‍ണ്ണശബളമായ പൂമ്പാറ്റയെ കണ്ടപ്പോള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി.
പഴക്കവും തഴക്കവും വന്ന ഒരു കളിക്കാരനെ പ്പോലെ എല്ലാ കളികളും അവന്‍ പഠിപ്പിച്ചു.
പിന്നീടുള്ള ഓരോ ചുവടുവെയ്പും റിന്‍റോയുടെ നിര്‍ദ്ദേശം അനുസരിച്ചായിരുന്നു.അവളുമായി കൂടുതലടുക്കുക.കൂടെക്കൂടെ അക്കരയ്ക്കു പോയി.ഉദ്യാനത്തിലെ പൂക്കളുടെ മണം നുകരാനും പതുക്കെ തേന്‍ നുകരാനും ശലഭത്തിനെ പഠിപ്പിച്ചെടുത്തു.ഇക്കരയ്ക്കുള്ള താവളവും അവളെ കാണിച്ചു കൊടുത്തു.മനസ്സിലെ ലക്ഷങ്ങള്‍ മറയിലൊതുക്കി.അവളോടു സ്നേഹമഭിനയിച്ചു. കാണാത്ത ഉദ്യാനങ്ങളുടെയും നുകരാത്ത തേനിന്‍റെയും കഥപറഞ്ഞു കൊതിപ്പിച്ചു. ഗ്രാമത്തിലെ നിഷ്കളങ്കയായ പാവാടക്കാരി അതെല്ലാം പാടെ വിശ്വസിച്ചു.അണ്ണാ യെന്നു വിളിച്ചു കൊണ്ട് പൂത്തുമ്പിയേപ്പോലെ ആടിപ്പാടി നടന്നു.
 കന്നിക്കൊയ്തിനു സമയമായപ്പോള്‍ റിന്‍റോ തന്ന ശക്തിയുള്ള മൂവി ക്യാമറ അവള്‍  കാണാതെ     മുറിയില്‍ ഫിറ്റു ചെയ്തു..... എല്ലാ ഷോട്ടുകളും നന്നായി കര്‍ത്തി. ശലഭം നുകര്‍ന്ന തേനിന്‍റ സ്വാഭാവികത മുഴുവനും ഭംഗിയായി ക്യാമറക്കണ്ണുകളൊപ്പിയെടുത്തു. പിറ്റേന്നു തന്നെ റിന്‍റോയുടെ  അടുക്കലേയ്ക്കോടി.  ക്യാമറയില്‍ നിന്നും  സിഡിയിലേയ്ക്ക്.അവിടെനിന്നും വിദേശത്തേയ്ക്ക്.തിരിച്ചു പകരം ഡോളറുകളൊഴുകി.
 പതുക്കെ പതുക്കെ കരകയറുവാന്‍ തുടങ്ങി.കണക്കുബുക്കിലെ പൂജ്യത്തിന്‍റെ സ്ഥാനത്ത് ബാലന്‍സു വന്നു തുടങ്ങി.ബിസ്സിനസ്സുകാരനായ അച്ഛന്‍ പോയപ്പോള്‍ വരുത്തിവെച്ച കടമെല്ലാം ഒന്നൊന്നായി വീട്ടി. അനുജത്തിയെ നല്ല നിലയില്‍ വിവാഹം കഴിപ്പിച്ചയച്ചു.ചെറിയ പടവുകള്‍ കയറി മുകളിലെത്തിയ പര്‍വ്വതാരോഹകന് പിന്നീടു മോഹം കൊടുമുടി കീഴടക്കാനായിരുന്നു.അതിനുള്ള വഴികളെല്ലാം സ്വന്തമായി തന്നെ കണ്ടെത്തി.റിന്‍റോയെ കൂട്ടു പിടിച്ചില്ല. കൊടുമുടി കയറുന്നതിന്‍റെ അവകാശം മറ്റൊരാള്‍ക്കും പങ്കിടാന്‍  ഒരിയ്ക്കലും  ആഗ്രഹിച്ചില്ല.
 അടുത്ത ലക്ഷ്യം അവളെ സ്വന്തമാക്കിയെടുക്കുകയായിരുന്നു. വര്‍ണ്ണശലഭത്തിനെ കൂടയ്ക്കുള്ളിലാക്കി കച്ചവടക്കണ്ണോടെ  കടത്തുക. അവളുടെ അച്ഛനു കൊടുത്ത പണം. ഒരു വിധത്തില്‍ പറഞ്ഞാല്‍ അഴകുള്ള അവളുടെ ചിറകിന്‍റ വിലയുടെ  ചെറിയ ഒരംശം.വെറുതെ  പേരിന്   ഒരു താലി. ഗ്രാമത്തിലെ  ദേവീക്ഷേത്രത്തില്‍ വെച്ച്. എട്ടും പൊട്ടും തിരിയാത്ത  നാട്ടുമ്പുറത്തെ പാവം പെണ്ണ്.എല്ലാം കണ്ണുമടച്ചു വിശ്വസിച്ചു.അണ്ണാ എന്നു നീട്ടി വിളിച്ചു കൊണ്ട് പൂച്ചക്കുട്ടിയെപ്പോലെ തൊട്ടുരുമ്മി പുറകെ. ഫ്രീലാന്‍റുകാരന്‍റ ക്യാമറയുടെ കണ്ണുകളില്‍ വന്യദൃശ്യങ്ങള്‍ മാത്രം.ഇപ്പോളവിടെ ചാരുതയാര്‍ന്ന പ്രകൃതി ദൃശ്യങ്ങള്‍ക്കു സ്ഥാനമില്ല. അതിലെ ഫ്ലാഷുകള്‍ക്ക് കത്തിജ്ജ്വലിയ്ക്കുന്ന  സൂര്യ താപം.
 ആദ്യമായി  പട്ടണം കണ്ടപ്പോഴുണ്ടായ  അവളുടെ അമ്പരപ്പ്.നന്ദന്‍ മേനോന്‍റ കൈകളിലിറുക്കിപ്പിടിച്ചുകൊണ്ട് അവള്‍നടന്നത്.
 എല്ലാം രഹസ്യമായിരുന്നു.പട്ടണത്തിലെ വാടകമുറിയില്‍ പാര്‍പ്പിച്ചു.    അവള്‍ക്കു വന്ന ഭാഗ്യത്തിലവള്‍ എന്നും   നാട്ടിലെ ദേവിയോട് നന്ദി പറയും.  ശീതീകരിച്ചമുറിയില്‍ അവളുമൊത്തു കഴിയുമ്പോള്‍ മനസ്സിലെ കണക്കു കൂട്ടലുകള്‍ പിഴയ്ക്കാതെയിരിക്കാന്‍ ശ്രദ്ധിച്ചു. പക്ഷേ മനസ്സിന്‍റ ഉള്ളറകളിലെവിടെയോ ഒരു നീറ്റല്‍.തോന്നലായിരിയ്ക്കാം.എന്നു സമാധാനിച്ചു.ബോംബെയിലുള്ള  കൂട്ടുകാരന്‍ മുഖാന്തിരമാണ് ഏജന്‍റു വിലയുറപ്പിച്ചത്.ലക്ഷങ്ങള്‍  .  ചുവന്ന തെരുവിലേയ്ക്ക്. ഹണിമൂണെന്നും പറഞ്ഞാണ് കൊണ്ടുപോയത്.
ഹോട്ടലില്‍ വന്നുകിടന്നു.പിറ്റെ ദിവസമാണ് തിരികെ നാട്ടിലോട്ടു ട്രെയിന്‍.  മനസ്സിലെ നീറ്റലിന്‍റ തീവ്രത കൂടിക്കൂടി വന്നു.ഒരു പാവം പെണ്‍കുട്ടിയെ കുരുതി കൊടുത്തതിന്‍റെ  ചോരക്കറ    കൈകളില്‍....തോന്നലായി വീണ്ടും  വീണ്ടും മനസ്സിനെ പറഞ്ഞു സമാധാനപ്പെടുത്തി.
 കിടന്നുറങ്ങുവാന്‍ കണ്ണടയ്ക്കുമ്പോള്‍  തെളിഞ്ഞു വരുന്നത്. ആ രൂപം മാത്രം.  തെളിനീരുപോലത്തെ  അവളുടെ കണ്ണുകളുടെ നിഷ്ക്കളങ്കത. വശ്യമായ ചിരി.അണ്ണായെന്നു വിളിച്ചു കൊണ്ടുള്ള അവളുടെ  വരവ്.ഉറങ്ങാനെത്ര ശ്രമിച്ചിട്ടും റ്റുന്നില്ല.കണ്ണടയ്ക്കുമ്പോളെല്ലാം തെളിഞ്ഞുവരുന്നത് ആരംഗങ്ങളാണ്.
എടാ,നീയെന്‍റെ മകന്‍ തന്നെയോ? നിന്നെയാണല്ലോ ഞാന്‍ പത്തുമാസം വയറ്റിലിട്ടു നൊന്തു പെറ്റത്....നിനക്കു പണമുണ്ടാക്കാനായി  കണ്ടു പിടിച്ച വഴി.ആ പാവം പെണ്‍കുട്ടിയെ നീ...
      ഞെട്ടിയുണര്‍ന്നു..മരിച്ചുപോയ അമ്മയുടെ സ്വരം.എപ്പോഴാണുറങ്ങിയത്? മനസ്സില്‍ കഠാര കുത്തിയിറക്കിയ വാക്കുകള്‍.എങ്ങിനെയോ നേരം വെളുപ്പിച്ചു.ബാഗിലിരുന്ന പണവുമായി നേരെ ഏജന്‍റിന്‍റെ അടുക്കലേയ്ക്കോടി. തിരികെ അവളെ വാങ്ങാന്‍.ജീവന്‍ വേണേല്‍ തിരികെ പൊയ്ക്കൊള്ളാന്‍ പറഞ്ഞു.
തിരികെ ട്രെയിന്‍ കയറി നാട്ടിലോട്ടു പോന്നു.ട്രെയിനിന്‍റെ ബോഗികള്‍ മുന്നോട്ടു കുതിയ്ക്കുമ്പോള്‍പിന്നോട്ടൊഴുകിയ ചിന്തകള്‍ . നസ്സിലെ നീറ്റലിന്‍റ തീവ്രത കുടിക്കൂടി വന്നു. ഒരു  പാവം പെണ്‍കുട്ടിയെ  കുരുതി കൊടുത്തതിന്‍റ ചോരക്കറ...   സാരമില്ല... വീണ്ടും വീണ്ടും മനസ്സിനെ പറഞ്ഞു സമാധാനപ്പെടുത്തി. 
പഴയ ഫ്രീലാന്‍ഡു ക്യാമറ സോണി 2200 പിടിച്ചിരുന്ന കൈകളിലിപ്പോള്‍ ഡിവിക്യാം ഹൈക്വാളിറ്റി സോണി പി.വി.177
ഫ്രീലാന്‍റുകാരന്‍റെ സിനിമയിലെ ക്യാമറാമാനായതിനു പിന്നിലുള്ള കുതിച്ചു കയറ്റം,പാവം എട്ടും പൊട്ടും തിരിയാത്ത നിഷ്കളങ്കയായ കുട്ടിയുടെ വിലയിലായിരുന്നു.അടിവെച്ചടിവെച്ചുള്ള കയറ്റം.ലോകം അറിയന്ന ക്യാമറാമാന്‍.കോടികള്‍ കൊയ്തെടുത്തപ്പോഴുംഉള്ളിന്‍റെയുള്ളില്‍   ഒരു പിടച്ചില്‍ അത് ഇടയ്ക്കിടയ്ക് കൂടി വന്നു. വലുതാകാതിരിയ്ക്കാന്‍ ശ്രമിച്ചു.പക്ഷേ  അതവിടെ കിടന്നു നീറി.പലപ്പോഴും പുകഞ്ഞു വെളിയില്‍ വന്നു തുടങ്ങി. മൂടല്‍മഞ്ഞിന്‍റെ ആവരണമാണെന്ന്  വൃഥാപറഞ്ഞു സ്വയം സമാധാനി പ്പിച്ചു.മനസ്സിനെ.
 ഒരുദിവസം ആത്മ സംഘര്‍ഷം       കടലിലെ  തിരമാലകള്‍ പോലെ ആഞ്ഞടിച്ചു    തീരത്തു വന്ന്    തല്ലിത്തകര്‍ന്നു.മനസ്സിന്‍റെ മണല്‍ത്തിട്ട പാടെ ഇടിഞ്ഞു തിരയെടുത്തു. അന്ന് പതിവിലും കൂടുതല്‍ മദ്യപിച്ചു.മനസ്സിലെ സുനാമിതിരയൊതുക്കാന്‍.
 പ്രശസ്ത ക്യാമറാമാന്‍റെ ക്യാമറായിലെ ജാലവിദ്യ ലോകം മുഴുവനും അറിഞ്ഞു തുടങ്ങി.നന്ദന്‍ മേനോന്‍റെ  ക്യാമറാഷട്ടറുകള്‍ക്ക് വിശ്രമമില്ലാത്ത ദിനങ്ങള്‍! ഒപ്പം ഫ്രീലാന്‍ഡുകാരന്‍റെ പണ്ടത്തെ ജാലവിദ്യ ക്യാമറ തുരുമ്പിച്ചു പൊടിഞ്ഞു മനസ്സിന്‍റ അടിയില്‍ ഒരു തീരാശാപം പോലെ നീറി..നീറി...
പുതിയ പടത്തിന്‍റെ ഷൂട്ടിംഗ് ലൊക്കേഷന്‍.ജുഹൂ കടപ്പുറത്ത്.ചിത്രീകരണം തുടങ്ങി.നായകനെയും നായികയെയും കാണുന്നതിനായിരുന്നില്ല,ആളുകള്‍ തടിച്ചു കൂടിയത്.ക്യാമറയില്‍ വര്‍ണ്ണപ്രപഞ്ചം സൃഷ്ടിച്ച്  അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ക്യാമറാ മാനെ കാണാന്‍.ഒരുവശത്തുകൂടി ഓട്ടോഗ്രാഫുമായി കോളേജു പറവകള്‍ കൂട്ടത്തോടെ.
ചിത്രീകരണവേളയില്‍........പി.വി.177 ക്യാമറയില്‍ പെട്ടെന്നു പതിഞ്ഞരൂപം.ആള്‍ക്കാരെ  തള്ളി മാറ്റി ലൊക്കേഷനിലേയ്ക്ക് തള്ളിക്കയറിയത്...പെട്ടെന്നു തന്നെ കട്ട് പറഞ്ഞു സംവിധായകന്‍.വിഭ്രാന്തിയില്‍ പ്പെട്ട് ക്യാമറാമാന്‍  അറിയാതെ അവളുടെ പേരു വിളിയ്ക്കുന്നു. നന്ദന..ചതിക്കുഴിയിലാക്കാന്‍  തിരഞ്ഞെടുത്ത തന്ത്രങ്ങളില്‍ഒന്ന്. അന്ന്  പുതിയ പേരിട്ടത്.നന്ദനുംനന്ദനയും. എന്താണു സാര്‍ എന്തുപറ്റി?”..എല്ലാവരും ഓടിയടുത്തു.ഒന്നുമില്ല…..ആഭ്രാന്തി.ആരൊക്കെയോ ഓടിച്ചു വിടുന്നതു കണ്ടു.പെട്ടെന്നു വന്ന ഷോക്ക്.അന്ന്  ചിത്രീകരണം തുടരാനായില്ല.മനസ്സിന്‍റെ ഷട്ടറുകള്‍  തുറന്നു തന്നെയിരുന്നു.  ചിത്രങ്ങള്‍  ഒന്നും പതിയുന്നില്ല. ലെന്‍സില്‍ എല്ലാം ബ്ളാങ്ക്  ഇമേജ് .ഏതോ അസിസ്റ്റന്‍റു പയ്യന്മാര്‍ പറയുന്നതുകേട്ടു.റെഡ്സ്ട്രീറ്റില്‍ നിന്നും ചാടിപ്പോന്നതാണ്.പക്ഷെ കൂടെ സഹവസിച്ചവരെ യൊക്കെ കണ്ടാല്‍ നല്ലവണ്ണം അറിയും.അപ്പോള്‍ തലയ്ക്കൊരു കുഴപ്പവുമില്ല.മലയാളവും ഹിന്ദിയും കലര്‍ത്തി അസഭ്യം പുലമ്പും.
ഹോട്ടലിലേയ്ക്ക് വിശ്രമത്തിനായി പോന്നു. മനസ്സു നീറിപ്പുകയുന്നു. കിടന്നുറങ്ങാന്‍ശ്രമിച്ചു.തെളിഞ്ഞു വരുന്നത് ആ രൂപത്തിന്‍റെ വിവിധഷോട്ടുകള്‍ മാത്രം. മാറി..മാറി..അഭ്രപാളികളില്‍  ....പാറിപ്പറന്ന മുടി..കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍....പടര്‍ന്ന എണ്ണഛായയിലെ വികൃതമാക്കപ്പെട്ട വര്‍ണ്ണച്ചിറകുകള്‍..നീരൂറ്റിയെടുത്ത ഉടല്‍..കുഴിഞ്ഞൊട്ടിയ കണ്ണുകള്‍..
ജൂഹുവില്‍ നിന്നും ലൊക്കേഷന്‍ ഗോവയിലേയ്ക്കു മാറ്റുവാന്‍ സംവിധായകനെ ശുപാര്‍ശ ചെയ്തു.ഷോട്ടെടുക്കുവാന്‍ പറ്റിയ ലൊക്കേഷനല്ലെന്നു കള്ളം പറഞ്ഞു.എത്രയും പെട്ടെന്ന് ഇവിടെ നിന്നും രക്ഷപ്പെടണം.ഇല്ലെങ്കില്‍ ലോക പ്രശസ്തനായ ക്യാമറാ മാന്‍റെ പൂര്‍വ്വ കഥയുടെ ഫ്ലാഷുകള്‍ മിന്നിമറഞ്ഞാലോ.?.....ആകപ്പാടെ മനസ്സിന്‍റെ താളം തെറ്റുന്നതു പോലെ...മനസ്സാക്ഷി  പറയുന്നു..ഇതിലാര്‍ക്കും പങ്കില്ല.നിനക്കുമാത്രം...നീയാണാ പൂമ്പാറ്റയുടെ വര്‍ണ്ണച്ചിറകുകള്‍ അരിഞ്ഞു തള്ളിയത്...നീ...നീമാത്രം...

വാതിലില്‍ ആരോ മുട്ടുന്നു..ആകെ പരിഭ്രമം..തുറക്കണോ വേണ്ടയോ? ആരായിരിയ്ക്കും?
വീണ്ടും മുട്ടുന്നു...ശരീരത്തിനു ഭാരം നഷ്ടപ്പെടുന്നതുപോലെ.കണ്ണില്‍ ഇരുട്ടു കയറുന്നു.
റൂം ബോയ് കൊണ്ടു വെച്ചിരുന്ന വെള്ളം ഒറ്റവലിയ്ക്കകത്താക്കി. അല്പം കൂടി ശക്തിയില്‍
കതകില്‍ മുട്ടുന്നു.പതുക്ക ധൈര്യം സംഭരിച്ച് കതകു തുറന്നു..അതാ മുന്നില്‍..
ചിറകു നഷ്ടപ്പെട്ട ശലഭം..പുഴുവായി..മുന്നില്‍ കിടന്നു പിടയ്ക്കുന്നു....ആര്‍ത്തലച്ച് തന്നെ വിഴുങ്ങാന്‍ ഇരമ്പി വരുന്ന തിരമാല....ഷേക്കായ ചിത്രം പോലെ നന്ദന്‍ മേനോന്‍റെ തലച്ചോറിലൊരു
മിന്നല്‍പ്പിണര്‍... എഡിറ്റു ചെയ്യാന്‍ പറ്റാത്ത ചിത്രം ക്യാമറയില്‍ പതിഞ്ഞിരിയ്ക്കുന്നു......
Related Posts Plugin for WordPress, Blogger...