Thursday, July 24, 2014

നേശമ്മ

വീണ്ടും കുടിപ്പള്ളീക്കൂടത്തിന്‍റെ വാതുക്കല്‍ എത്തിനില്‍ക്കുന്നതുപോലെയാണ് അവരതു പറഞ്ഞു നീങ്ങിയപ്പോളെനിയ്ക്കനുഭവപ്പെട്ടത്.. അവര്‍ നടന്നു നീങ്ങുന്നതും നോക്കി  നിന്നപ്പോള്‍  ഞാന്‍ ചെറുതായി .ചുരുങ്ങി ഉള്‍ വലിഞ്ഞ  ആമയുടെ പുറംതോടായതുപോലെ... ഇനിയും എത്രയോ പഠിക്കാനുണ്ട്. മരണം വരെ നമ്മള്‍ പഠിച്ചുകൊണ്ടേയിരിക്കും എന്നുള്ളത് ആരോ പറയുന്ന തത്ത്വജ്ഞാനമല്ല എന്നെനിയ്ക്കുതോന്നി.കണ്ടും കേട്ടും അനുഭവിച്ചും ജീവിതയാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടും മറ്റുള്ളവരില്‍ നിന്നും എല്ലാം നമ്മള്‍ പഠിച്ചുകൊണ്ടേയിരിക്കുന്നു. മരണത്തിന്‍റെ  മണിയടി കേള്‍ക്കുന്നതുവരെ .....
   മനസ്സിനേറ്റ ആഘാതം ...എന്നതിനെ   നിര്‍വ്വചിക്കുവാന്‍ പറ്റുകയില്ല. പക്ഷെ എന്തെങ്കിലും ഒരു പേര്  എന്‍റെ മനസ്സിന്‍റെ അപ്പോഴത്തെ അവസ്ഥക്ക് കൊടുത്തേ പറ്റു. അതുകൊണ്ട് ഞാനതിന് അസ്ക്കിത എന്നാണ് പറയുവാന്‍ പോകുന്നത്. മനസ്സിനേറ്റ ആ അസ്ക്കിത അനായാസം മനസ്സില്‍ നിന്നും മായ്ചു കളയാന്‍ പറ്റുകയില്ല.
 വര്‍ഷങ്ങള്‍ക്കു മുന്‍പ്   നഗരത്തിലെ വീടുപണിയുമ്പോള്‍ പണിക്കാരുടെ ഇടയിലെ  ഒരു വ്യത്യസ്ത കഥാപാത്രമായാണ് ഞാനവരെ അന്നു കണ്ടത്.ഇടിഞ്ഞു തൂങ്ങി പ്രതാപം നഷ്ടപ്പെട്ട മാറിടത്തിന്‍റെ നടുവര കാണും വിധം ജംബറിട്ട്   മുട്ടിനുതാഴെ അടിയിലെപ്പാവാട കാട്ടും വിധം പേശയുടുത്ത് പേശയുടെ  നീട്ടിയിട്ട കോന്തലയെടുത്ത് ജംബറിന്‍റെ മുകളറ്റത്തു കുത്തി വെള്ളിയിഴകെട്ടിയ തലമുടിയെ തോല്‍പ്പിക്കാനെന്നവണ്ണം  കറുത്ത  വെപ്പുമുടിവെച്ച് തലയേക്കാളും വലിയ ഒരു കുഴവിക്കെട്ടും കെട്ടി അതിനെതാങ്ങിനിര്‍ത്താന്‍പ്രയാസപ്പെടുന്നതലയും പേറി പൃഷ്ഠഭാഗത്തിനെ സ്വതന്ത്രമായി വിട്ടുകൊണ്ട്   കരിങ്കല്ലു ചുമക്കുന്ന  നേശമ്മയുടെ ....  ആ മധ്യവയസ്ക്കയുടെ തൊഴിലിലുള്ള ആത്മാര്‍ത്ഥത എന്നെ അന്ന് അതിശയിപ്പിച്ചു. ജോലിക്കുമേടിക്കുന്നകൂലിക്കു തക്കവണ്ണം ജോലിചെയ്യണമെന്ന് എല്ലാവരേയും കാണിച്ചു കൊടുക്കുന്ന വിധമായിരുന്നു അത്. ഇടയ്ക്ക് ക്ഷീണിക്കുമ്പോള്‍ അല്‍പ്പം അകലെയുള്ള മരച്ചുവട്ടില്‍ പോയി നിമിഷങ്ങള്‍ക്കകം തിരികെ വരുന്നതും കാണാമായിരുന്നു.
പല്ലും നാക്കും വായിലുള്ളത് മുറുക്കാന്‍ചവയ്ക്കാനുള്ളതു മാത്രമായിരുന്നു നേശമ്മയ്ക്ക്. മറ്റുള്ളവരോട്  വര്‍ത്തമാനം പറയാനുള്ളതല്ല നമ്മുടെ വായെന്ന തോന്നലുണ്ടാക്കും വിധം ആരോടും അനാവശ്യമായി ഒരു വാക്കുപോലും പറയുന്നതും കണ്ടിട്ടില്ല. തീരെ നിവൃത്തിയില്ലാതെ മനസ്സില്‍ വിഷമം വരുമ്പോള്‍ മാത്രമേ നേശമ്മ വാ തുറക്കുകയുള്ളു.
 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും എന്‍റെ വീട്ടിലെ സഹായിയായി വന്നപ്പോളാണ് ഇടയ്ക്കിടയ്ക്ക് ക്ഷീണം മാറ്റുന്നതെങ്ങിനെയെന്നതിന്‍റെ ഗുട്ടന്‍സ് എനിയ്ക്കു പിടികിട്ടിയത്.  തെറുപ്പുബീഡിയുടെ പുകയില്‍ ക്ഷീണമകറ്റുന്ന നേശമ്മയുടെ മറ്റൊരു പ്രത്യേകത.
ചുരുക്കിപ്പറഞ്ഞാല്‍ പരിപ്പുവടയും കട്ടന്‍ചായയും കുടിച്ച് ബീഡിപ്പുകയില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യാത്ത നല്ലൊരു തൊഴിലാളി നേതാവിനേയും കൂടിയാണ് നേശമ്മയിലെനിക്കു കാണാന്‍ കഴിഞ്ഞത്.
ഏകദേശം ഇരുപതു് ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കുശേഷമാണ്  വീണ്ടും ഞാന്‍ അവരെകാണുന്നത്. അപ്പോഴും തലയിലെ ചുമ്മാടു പോലത്തെ കേശലങ്കാരത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല.
ഒരു വ്യത്യാസം മാത്രം കയ്യിലൊരു തുണിസഞ്ചിയും അതു നിറയെ എന്തൊക്കെയോ. മഴയായലും വെയിലായാലും ഒരു പഴയ കുട കക്ഷത്തില്‍. വെളുത്ത സെറ്റും മുണ്ടും.പണിവേഷം പഴയതുപോലെ പേശയും ബ്ലൌസും.
 പേശ വീട്ടുകാരു കൊടുക്കണം.
കരിങ്കല്ലു ചുമക്കാനുള്ള ആരോഗ്യം നഷ്ടപ്പെട്ടപ്പോളാണ് അവര്‍ വീട്ടുവേലയ്ക്കായി ഇറങ്ങിപുറപ്പെട്ടത്.
എന്നുവെച്ചാല്‍ പുറം പണിമാത്രം.
നേശമ്മയുടെ വാക്കുകളില്‍ പറഞ്ഞാല്‍
  യെന്തരു മനുഷേര്.  ത്യേങ്ങാതിരുമ്മി, പാത്രോം മോറി തുണിംതിരുമ്മി അക്കണ്ട മെറ്റം മുഴുവനും അടിച്ചുവാരി  കുറുക്കൊടിഞ്ഞ് മണ്ടപൊളക്കുന്നവരെ ജ്യോലി ചയ്യിച്ചാ ഒരു തുള്ളി വെള്ളം പോലും ങേഹേ..വേണോന്ന് കേക്കത്തില്ല. തുഷ്ട കൂട്ടങ്ങള്.
ഇങ്ങനെ പറയിക്കരുതല്ലോന്നു കരുതി വീടു വൃത്തിയാക്കുന്ന ജോലി മാത്രം നേശമ്മയെ ഏല്‍പ്പിച്ചു.
എല്ലാ ദിവസവും വേണ്ട. ആഴ്ചയിലൊരു ഞായറാഴ്ച. അവധി ദിവസം മാത്രം. അഥവാ അന്ന് വരാന്‍ പറ്റിയില്ലെങ്കി അതിനു തലേന്നോ പിറ്റേന്നോ എന്‍റെ സൌകര്യം കണക്കാക്കി വരും.
വരുന്ന ദിവസം രാവിലത്തെ കാപ്പിയും . പോകാന്നേരം തലയില്‍ ഒരുപൊത്തെണ്ണയും .പുറത്തെ കുളിമുറിയില്‍ കുളിയ്ക്കാനുള്ള അനുവാദം നേരത്തെതന്നെ മുന്‍കൂറായി വാങ്ങിയിരുന്നു. വല്ലപ്പോഴും ഒരു വാസനസോപ്പും.
എന്നിലെ ബൂര്‍ഷാ ചിന്താഗതി നേരത്തെ തന്നെ ഉണര്‍ന്നു പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി, വരുന്ന ദിവസത്തെ കൂലി അപ്പോള്‍ തന്നെ കൊടുത്ത് ഇടപാടു തീര്‍ക്കുകയായിരുന്നു പതിവ്.
-
നേശമ്മ വന്നിട്ട് വീണ്ടും ഇരുപതു വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞു.ഋതുഭേദങ്ങള്‍ മാറിവരും പോലെ വീട്ടിലും പലമാറ്റങ്ങളും സംഭവിച്ചു. പഴയതറയെല്ലാം മാറ്റി പുതിയ ടൈല്‍സിട്ട് തറക്ക് മേനി വരുത്തിയത് നേശമ്മയെ സംബന്ധിച്ചേടത്തോളം ജോലിഭാരം കൂട്ടി. ചൊറിപിടിച്ച മൊസൈക്കു തറയായിരുന്നപ്പോള്‍ അഴുക്കായാലും  പൊടിയായലും ആരും അത്ര കാര്യമാക്കാറില്ലായിരുന്നു. ജോലിയിലെ ആത്മാര്‍ത്ഥത മനസ്സിനുണ്ടെങ്കിലും ശരീരം മനസ്സിനു വഴിപ്പെടാത്ത അവസ്ഥയിലേക്ക് നേശമ്മയുടെ ആരോഗ്യം പിന്നിലായി .കണ്ണിനു കാഴ്ച കുറഞ്ഞ നേശമ്മയുടെ കണ്ണില്‍  പെടാതെ ചപ്പും ചവറും കസേരയുടെയും മേശയുടെയും ഒക്കെ അടിയില്‍ ഒളിച്ചിരുന്നു. അവരുടെ ജോലിയിലുള്ള അപാകത മനസ്സിലാക്കിയാല്‍ അവരുടെ മനസ്സിനുണ്ടാകുന്ന വേദന
അറിയാമായിരുന്നതുകൊണ്ട് നേശമ്മ പോയി കഴിയുമ്പോള്‍ എന്‍റെ ജോലി ഒളിച്ചിരിക്കുന്ന ചപ്പും ചവറും മാറ്റി വീട് വെടിപ്പാക്കുകയായിരുന്നു.

.
 അരിയ്ക്ക് പത്തുരൂപ കിലോയ്ക്ക് വിലയുള്ളപ്പോള്‍  മൂന്നു കിലോ അരിയുടെ വിലയ്ക്ക് ജോലിയ്ക്കു പ്രവേശിച്ച നേശമ്മയ്ക്ക് എന്നിലെ ബൂര്‍ഷാമണം ചുവയ്ക്കുന്ന തൊഴിലാളി സ്നേഹി അവര്‍ ചോദിയ്ക്കാതെ തന്നെ കാലാകാലങ്ങളില്‍ കൂലി കൂട്ടി. അങ്ങനെ അരിയ്ക്കു കിലോവിന് നാല്‍പ്പതായി.
 അന്നാദ്യമായാണ് നേശമ്മഎനിയ്ക്കൊരു സൂചന തന്നത്.
യെവിടെ പിന്നെ കേക്കാതെതന്നെ തരുന്നോണ്ടാ. മരുമോക്കൊക്കെ അവളു വേലയ്ക്കു പോകുന്നിടത്ത് വേലക്കൂലി കൂട്ടി. ഇപ്പം സാമാനത്തിനെല്ലാം നല്ല വെലയല്ലീ.
വീണ്ടും ഞാന്‍ പിറ്റെ  മാസം തൊട്ട് നേശമ്മയ്ക്ക് ഒരു കിലോ അരിയുടെ വില കൂടി കൂലിയുടെ  കൂടെ കൂട്ടി കൊടുത്തു.

നാള്‍ക്കു നാള്‍ ആരോഗ്യം കുറഞ്ഞു വന്ന നേശമ്മ വീടു വൃത്തിയാക്കുന്നതിനിടയില്‍
പലപ്പോഴും വെര്‍ട്ടിഫൈഡ് ടൈലില്‍ തെന്നി വീഴാതെ തപ്പിതടഞ്ഞ് രക്ഷപ്പെട്ടു.
  വീട്ടിനുള്ളില്‍ വെച്ച് താഴെ വീണ് ഒരു ദുരന്തം സംഭവിയ്ക്കാതിരിക്കാനുള്ള മാര്‍ഗ്ഗമെന്തെന്ന് ഞാന്‍ കൂലം കഷമായി ചിന്തിച്ചു തുടങ്ങി.

  നേശമ്മയ്ക്കു സന്തോഷമായിക്കൊള്ളട്ടെ എന്നു കരുതിയാണ് വീട്ടുകാരനുമായി ആലോചിച്ച് അങ്ങനെയൊരു തീരുമാനമെടുത്തത്. ഇത്രയും നാളും പണിയ്ക്കു വന്നവരല്ലെ. ചുമ്മാ പറഞ്ഞു വിടുന്നതു ശരിയല്ല്ലൊ.
പിറ്റെ ആഴ്ച പതിവുപോലെ വീടു വൃത്തിയാക്കല്‍ കഴിഞ്ഞ് കാപ്പികുടിയും കുളിയും എല്ലാം കഴിഞ്ഞു.  നടന്നു തുടങ്ങിയപ്പോളാണ് നേശമ്മയെ ഞാന്‍ അടുത്തു വിളിച്ച് മുഖവുരയിട്ടു പറഞ്ഞത്.
നേശമ്മ  ഇവിടെ ജോലിയ്ക്കു വന്നിട്ട് ഏറെ നാളായല്ലൊ. ഇത്രയും വയസ്സായില്ലേ.ജോലി ചെയ്യുവാനുള്ള ആരോഗ്യവും കുറഞ്ഞിരിക്കുന്നു. ഇവിടെ ജോലി ചെയ്താല്‍ കിട്ടുന്ന കൂലി എല്ലാ മാസവും വന്ന് ഇവിടെനിന്നും  വന്ന് വാങ്ങിക്കൊള്ളുക.വീടു വൃത്തിയാക്കാന്‍ ഞാന്‍ വേറൊരാളിനെ ഏര്‍പ്പെടുത്തി..

മുഖം വിവര്‍ണ്ണമായ ആ വയോധിക തിരിച്ചു പറഞ്ഞ മറുപടി.
വേലചെയ്യാത്ത കൂലി എനിയ്ക്കുവേണ്ട. വേല ചെയ്ത കൂലി കൊണ്ട്  വാങ്ങുന്ന അരിയ്ക്കേ രുചി വരത്തൊള്ളു.
ഓരോ ചുവട്ടടിയിലും  ഓരോ പുതിയ പാഠങ്ങള്‍ മണ്‍തരിയിലൊപ്പിയിട്ടു കൊണ്ട് അകലേയ്ക്കു നടന്നു നീങ്ങിയ നേശമ്മയെ ഇമവെട്ടാതെ ഞാന്‍ നോക്കി നിന്നു....!!
Related Posts Plugin for WordPress, Blogger...