Monday, December 27, 2010

വെറുതെ വീണു കിളിര്‍ത്തവ(ഈ ആഴ്ചത്തെ ദേശാഭിമാനി വാരികയില്‍പ്രസിദ്ധീകരിച്ചത്)









എപ്പോഴൊക്കയോ വീണു തൂവികിടന്ന കുറെ വിത്തുകള്‍...
 കളിപ്രായത്തില്‍ പറമ്പില്‍ കിടക്കുന്നഅണ്ണാന്‍ പാതിയും കാക്കപാതിയും ഒന്നും മാവിന്‍റ ചുവട്ടില്‍ നിന്നും മാറ്റാന്‍ അമ്മ സമ്മതിയ്ക്കില്ല. അതവിടെ കിടന്നോട്ടെ. എപ്പോഴെങ്കിലും കിളിര്‍ത്താല്‍..നല്ല ചക്കരിച്ചി മാവായിവരും...

 ....തൂവികിടന്ന കുറെ വിത്തുകള്‍...നനവുതട്ടിയപ്പോള്‍.. ഓരോന്നോരോന്നായി കിളിര്‍ത്തു തുടങ്ങി..
 അതവിടെ നിന്നു. പതുക്കെ  പതുക്കെ ഇലകള്‍ വന്നു..ആരും ശ്രദ്ധ കൊടുത്തില്ല..എന്തിന്..
കാട്ടുചെടികളുടെ ഇടയില്‍.. ആരും കാണുന്നു പോലുമില്ല..നിറയെ കൊടിത്തൂവ ചെടികള്‍..ചുറ്റിപ്പിണഞ്ഞു കിടന്നു..ആരും നോക്കാന്‍ പോലും ധൈര്യപ്പെട്ടില്ല..അവിടേയ്ക്ക്..അങ്ങോട്ടടുത്താല്‍ പിന്നെ കൊടിത്തൂവയുടെ ഇലയില്‍ തട്ടും. പിന്നെയാചൊറിച്ചില്‍ ദിവസങ്ങളോളം നീണ്ടു നില്‍ക്കും... പതുക്കെ പതുക്കെ വളര്‍ന്നു തുടങ്ങി..ഒരു ശിശിരത്തില്‍  കാര്‍ത്തികമാസത്തില്‍ ഒരു      ദിവസം പൂവിട്ടു..ദൂരെ നിന്നവര്‍ പോലും കണ്ടു..

 അതാ ആ കാട്ടുചെടികള്‍ക്കിടയില്‍  ഒരു പുതിയ ചെടി പൂവിട്ടു നില്‍ക്കുന്നു.ഇതുവരെ ഇങ്ങനൊരെണ്ണം ആരും കണ്ടിട്ടില്ല, ഇതിനു മുമ്പ്.. മനോഹരമായ പൂക്കള്‍.എല്ലാവരും ദൂരെ നിന്നാസ്വദിച്ചു.
ഒരു തേനീച്ച  എവിടെ നിന്നോ പറന്നു വന്നു.പൂവിന്‍റടുത്തിരുന്നു.പതുക്കെ തേന്‍നുകരാനാഞ്ഞു.
പെട്ടെന്നു തന്നെ തലയൊന്നു കുടഞ്ഞു. പറന്നകന്നു.അല്പം കഴിഞ്ഞു. അതാ ഒരുപറ്റം കൂട്ടുകാരുമായി വീണ്ടും വന്നു.
 എല്ലാവരും പൂക്കുലയ്ക്കു ചുറ്റം വന്ന് നൃത്തം വെച്ചു.ആരും തേന്‍ കുടിയ്ക്കുവാന്‍ മുതിര്‍ന്നില്ല.അല്പം കഴിഞ്ഞു എല്ലാവരും പറന്നകന്നു.
 ദിവസങ്ങള്‍ കടന്നുപോയി പൂവു കൊഴിഞ്ഞു.ചെറിയ കായ്കള്‍ പ്രത്യക്ഷപ്പെട്ടു.അവിടവിടെയായി ,
 കാണാന്‍ നല്ല ചന്തമുള്ള കായ്കള്‍.മരത്തില്‍ തത്തിക്കളിച്ചു വരുകയായിരുന്നു അണ്ണാറക്കണ്ണന്‍.അവനപ്പോളാണ് അതുകണ്ടത്.അവനോര്‍ത്തു.ഇപ്പോഴെ ഇത്രചന്തം. പാകമാകുമ്പോള്‍ എന്തായിരിയ്ക്കും ഒരു ശേല്.തിന്നുമ്പോള്‍ അതിലുംരസമായിരിയ്ക്കും.അവന്‍ മനസ്സില്‍ കണക്കുകൂട്ടി.ഇങ്ങനെ ഇതുവരെഒരു ഫലം കണ്ടിട്ടേയില്ല. ഒരു ചെടിയിലും.
 ദിവസങ്ങള്‍ കടന്നു പോയി. പഴങ്ങള്‍ ഏകദേശം പാകമാകാറായി.അണ്ണാറക്കണ്ണന്‍റ ഒരു കണ്ണ്
എന്നും അതിലുണ്ട്.
ആ പച്ചപ്പനം തത്ത അറിയാതെ വന്നിരുന്നതാണ് അതിന്‍റ കൊമ്പില്‍.കാവലു പോലെ നിന്ന അണ്ണാറക്കണ്ണന്‍ ഓടി അവളുടെ അടുത്തു ചെന്നു.
ചോദിച്ചു..
എന്ത് എന്താണിവിടെ കാര്യം?”
 “നിനക്കോ
ഞാന്‍ എന്നു തൊട്ടേ കാവലാണ്. ഞാനാണാദ്യം കണ്ടത്.ഇതെന്‍റ  സ്വന്തം.
ആദ്യം കണ്ടതുകൊണ്ട് സ്വന്തമാകുമോ...ങാഹാ     നീയിതു മുഴുവനും ഭക്ഷിയ്ക്കുമോ?”
ഇല്ല ഓരോ ദിവസവും ഓരോന്ന്.”
ഞങ്ങള്‍ പറവകള്‍.ഞങ്ങളുടെ പാരമ്പര്യ സ്വത്ത് ഈ പഴങ്ങള്‍.ഇതുഞങ്ങള്‍ക്കും സ്വന്തം.
 വീണ്ടും ദിവസങ്ങള്‍ കടന്നുപോയി. അണ്ണാറക്കണ്ണനോര്‍ത്തു.ഇനി അധികം ദിവസം കാത്തിരിയ്ക്കേണ്ട.ഏറിയാല്‍ രണ്ടോ മൂന്നോ ദിവസം.പിന്നെ തിന്നു തുടങ്ങാം.

 നല്ല നിലാവുള്ള ഒരു രാത്രി.അതാ, ഒരു ചിറകടിയൊച്ച.അണ്ണാന്‍ നാലുപാടും നോക്കി.അവന്‍ തന്നെ. ആ കടവാതില്‍‍.അണ്ണാന്‍ പിറുപിറുത്തു.ഇവനും ഇവിടെ...
 “അതെ, ഞാനും ഇതിന്‍റ  അവകാശിയാണ്.ഞങ്ങള്‍ക്കും പറഞ്ഞിരിയ്ക്കുന്നത് പ്രകൃതിയിലെ
പഴവര്‍ഗ്ഗങ്ങള്‍ തിന്നു ജീവിയ്ക്കാനാണ്.
പക്ഷേ, ഞാനാണാദ്യം കണ്ടത്.അതുകൊണ്ടിതെന്‍റെ സ്വന്തം.അണ്ണാറക്കണ്ണന്‍ ബാലിശമായ
വാദഗതികള്‍ പറഞ്ഞ് അവകാശം സ്ഥാപിച്ചെടുക്കാന്‍ വീണ്ടും ഒരു  ശ്രമം ...
നീ വിഢിത്തം പറയരുത്.ആദ്യം കണ്ടതുകൊണ്ട് ഒന്നും ആരുടെയും സ്വന്ത മാകില്ല.
     ദിവസങ്ങള്‍ കഴിഞ്ഞു.
 ഒരു കുല അതാ പഴുത്തു പാകമായി.അണ്ണാറക്കണ്ണന്‍ പതുക്കെ ആരും കാണാതെ തത്തി തത്തി
പഴത്തിന്‍റടുത്ത് ചെന്നിരുന്നു.ആരെങ്കിലും കാണുന്നുണ്ടോന്ന്   ചുറ്റിനും നോക്കി.                ഒന്നുകൂടി ഉറപ്പു വരുത്തി.ഇല്ല ആരും ഇല്ല.ധൈര്യമായി.
 ഹാ, എത്ര സുന്ദരമായ പഴങ്ങള്‍.മനസ്സില്‍ പറഞ്ഞു,ചുവന്നുതുടുത്ത് രക്തവര്‍ണ്ണം.
 പതുക്കെ വളരെപതുക്കെ ഒന്നു കടിച്ചു.
   “…..ങേ……”
വന്നതുപോലെ പിന്നോട്ടു പോയി.
തത്തി തത്തി അടുത്ത മരക്കൊമ്പില്‍ പതുങ്ങി.തന്നെ ആരും കാണേണ്ട,മനസ്സില്‍ കരുതി.
അതാ , അവളെത്തി.പച്ചപ്പനംതത്ത.അവളും ഒളികണ്ണിട്ടു നോക്കി.
 ‘ആഹാ...പഴുത്തുതുടങ്ങി.അവളും ആത്മഗതം പറഞ്ഞു.
 ഇനി  ഉത്സവമാണ്.
ചുറ്റിനും പരതി.ആരെങ്കിലുമുണ്ടോ.
ഇല്ല. ആരുമില്ല.
ത ന്‍റെ ചുണ്ടു പോലെ ചുവന്നു തുടുത്ത പഴം.
പതുക്കെ ചുള്ളിക്കമ്പു പോലത്തെ കാലുകള്‍ നിരക്കി നിരക്കി അവള്‍ പഴത്തിന്‍റെടുത്തു ചെന്നു.
ചുറ്റും നോക്കി.ഒന്നുകൂടി ഉറപ്പു വരുത്തി.ഒന്നു കൊത്താം.ഒറ്റകൊത്തിനു പകുതിയകത്താക്കണം.ഉറച്ചു.
  ആഞ്ഞ് ഒറ്റകൊത്ത്.
ങേ,ഇങ്ങനെയോ,…..”
പറന്ന്      അടുത്ത മരത്തിലിരുന്ന്  പതുങ്ങി ഒളികണ്ണിട്ടു നോക്കിക്കൊണ്ടേയിരുന്നു.
സന്ധ്യ മയങ്ങി.ഇന്നിനി ഈ മരത്തില്‍ തങ്ങാം .അവള്‍ കണക്കു കൂട്ടി.
 അണ്ണാന്‍ രംഗനിരീക്ഷണം നടത്തിക്കൊണ്ടേയിരുന്നു.
 അതാ, ചിറകടിയൊച്ച.
അവനടുത്തു വന്നു.ചുറ്റിനും ഒന്നു പറന്നു.ആരുമില്ല.ഇല്ലെങ്കിലും ഇതെന്‍റെ യാമം.ആരിവിടെ വരാന്‍.അവനോര്‍ത്തു.
അതാ, പഴുത്തു ചുമന്നുകിടക്കുന്ന ഫലങ്ങള്‍.ഒറ്റ റാഞ്ച്, കാലുകളില്‍ ഒരെണ്ണം.അടുത്ത മക്കൊമ്പിലേയ്ക്ക്.ഒറ്റവായ്ക്കകത്താക്കണംവായിലോട്ട്
“  ങേ,..ഇങ്ങനെയോ…..?”
 ഞാനിവിടുണ്ടേ...
ഞാനും......
  പകലു രുചി    നോക്കിയവര്‍  രണ്ടുപേരും കടവാതിലിനടുത്തെത്തി.
മുഖത്തോടു മുഖം നോക്കി മൂവരും.ഒരുമിച്ചു പറഞ്ഞു.
എന്തായിത് , ഉപ്പുരസമുള്ള പഴമോ.ഇതാദ്യമായാണ് ഇങ്ങനെ...
 കൂട്ടത്തിലെ കാരണവര്‍      കടവാതില്‍
 ലോകം കണ്ടവന്‍ പ്രത്യയ ശാസ്ത്രമോതി.
“   അങ്ങിനെയും ഉണ്ട് കൂട്ടുകാരെ ചില ഫലങ്ങള്‍.വിത്തിനു നനവു കിട്ടിയത് കണ്ണുനീര്‍ തുള്ളിയില്‍
നിന്നായിരിയ്ക്കാം. അതില്‍ മുളച്ച ചെടിയായിരിയ്ക്കാം.ആ  ഫലങ്ങള്‍  ഉപ്പുള്ളതായിരിയ്ക്കും."
 അപ്പോഴാണ്ആതേനീച്ചയും   കൂടെ ചേര്‍ന്നത്.
അതെ പൂവിന്‍റെ തേനിനും ഉപ്പുരസമായിരുന്നു.


Sunday, December 19, 2010

നവവര്‍ഷപ്പുലരി


      
ഒരു നവ പുലരിക്കായ് കാത്തിരിയ്ക്കുന്നു
ഒരു നൂറു കൂട്ടലും കിഴിയ്ക്കലും പേറി .
ഒരു കൂട്ടം ചതിയുടെ ഛന്ദസ്സുകളോ?
ഒരു സുന്ദര സ്വച്ഛന്ദ നാളുകളോ?
ഇനിയുള്ള നാളുകളില്‍ കാത്തിരിപ്പൂ.
നമുക്കായ്
ഇനിയുള്ള നാളുകളില്‍ കാത്തിരുപ്പൂ.

ഇന്നലെ നീ തന്ന ദുഃഖങ്ങളേ വിട
ഇന്നലെക്കണ്ട പേസ്വപ്നങ്ങളേ വിട
ഇന്നലെ നീ തന്ന വഞ്ചനകള്‍ക്കും വിട
ഇന്നലെയെന്‍ മിഴിയില്‍പ്പെട്ട
നീല നിഴലുകള്‍ക്കും.. വിട

നാളത്തെപ്പുലരിയില്‍
നാംകാണും സ്വപ്നങ്ങള്‍
നാടാടെയുള്ളവ ആയിടട്ടെ.!
നാം കാണും കാഴ്ചകള്‍
നന്മ നിറഞ്ഞവയായിടട്ടെ
നാം കേള്‍ക്കും വാര്‍ത്തകള്‍
ഇമ്പം നിറഞ്ഞവയായിടട്ടെ!
  നമ്മുടെ ചിന്തകള്‍
  നാടിന്‍റെ നന്മയ്ക്കായ് ആയിടട്ടെ.
  നമ്മുടെ കര്‍മ്മങ്ങള്‍
   നാലാള്‍ക്കുനേട്ടം വരുത്തുമാറാ..കട്ടെ.
   നല്ലൊരു ഉദയത്തിനായ്, കാത്തിരിയ്ക്കാം. 
   നവ വര്‍ഷപ്പുലരിക്കായ് കാത്തിരിയ്ക്കാം.

Monday, December 6, 2010

ആവര്‍ത്തനത്തിന്‍റ മുഖങ്ങള്‍


                                                                          

       ഒബ്സര്‍ വേഷന്‍ ഹോമിന്റെ ഓഫീസ് മുറി.സിദ്ധാര്‍ത്ഥ് ആകെ ഒരു വിഹഗവീക്ഷണം നടത്തി.ഗേറ്റും പരിസരവും എല്ലാം പഴയതുപോലെ.ഒരുമാറ്റവുമില്ല. ആ വലിയകോട്ടുകോണം മാവ് തന്നെ നോക്കി ഒന്ന് പല്ലിളിച്ചോ?..ഒരു നിമിഷം...ഇവിടം തനിക്ക് ഒരു കറുത്ത അദ്ധ്യായം..
ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത..കുഴിച്ചു മൂടപ്പെട്ട ഭൂതകാലം..പല്ലിളിച്ചുകൊണ്ട്..തന്‍റ
ചുറ്റും വേതാളനൃത്തം ചവിട്ടുന്നു.

  നീണ്ട മുപ്പതുവര്‍ഷങ്ങള്‍‍‍..ഇവിടെ വീണ്ടും ഇങ്ങനെ വരുമെന്ന് ഒരിയ്കലും വിചാരിച്ചിരുന്നതല്ല. ആഗ്രഹിച്ചില്ല എന്നു പറയുന്നതാവും കൂടുതല്‍ ശരി. അഛനില്ലാത്ത തന്നെ  എത്ര സ്നേഹത്തോടെയാണ്   അമ്മ വളര്‍ത്തിയത്. ഒരു കുറവുമില്ലായിരുന്നു.   എന്നിട്ടും താനെങ്ങനയോ ആ വലയിലകപ്പെട്ടു.  എട്ടാം ക്ലാസ്സില്‍ പഠിയ്ക്കുമ്പോളാണ്. അന്ന് തനിയ്ക്ക് കഷ്ടിച്ചു 12 വയസ്സ്.അമ്മ പറയാറുണ്ടായിരുന്നു.ഒരുവയസ്സ് കൂട്ടിയാണു ചേര്‍ത്തതെന്ന്.പഠിയ്ക്കാന്‍ മിടുക്കനായിരുന്നുയെന്നും.

     ആ കൂട്ടുകെട്ടാണ് എല്ലാം കുഴപ്പത്തിലാക്കിയത്. തനിയ്ക്ക് അതൊരു തമാശപോലെയെ തോന്നിയിരുന്നുള്ളു.സണ്ണിയും സന്തോഷും എത്ര സ്നേഹത്തോടെയാണ് തന്നെ സമീപിച്ചത്.

  സ്ക്കൂളിനു വെളിയിലുള്ള  സ്റ്റേഷനറി കടയില്‍ നിന്നാണ്  ഹരി ശ്രീ കുറിച്ചത്.തന്നെ എത്ര നിര്‍ബന്ധിച്ചാണ്  കൂട്ടിക്കൊണ്ടു പോയത്. കടയില്‍ നിന്നും  കപ്പലണ്ടി വാങ്ങാമെന്നുപറഞ്ഞു. കടയില്‍ വില ചോദിക്കലായിരുന്നു തന്റെ ദൌത്യം. ആ സമയം കൊണ്ട്  പെന്‍സിലും പേനയും അടിച്ചുമാറ്റലായിരുന്നു കൂട്ടുകാര്‍.നല്ല തന്ത്രപൂര്‍വ്വം. പകുത്തു  വരുമ്പോള്‍ തനിയ്ക്കൊരു പേന അല്ലെങ്കില്‍ ഒരു പെന്‍സില്‍.ജോലിയ്ക്കനുസരിച്ചുള്ള കൂലി. സോഷ്യലിസം ആദ്യമായനുഭവിച്ച നാളുകള്‍‍.
      വീട്ടിലെത്തുമ്പോള്‍ അമ്മ അന്വേഷിയ്ക്കും.ഇതെവിടെ നിന്ന്.ഒരു ചെറിയ കള്ളത്തിലൊതുക്കും.
സണ്ണിയുടച്ഛന്‍  വന്നിട്ടുണ്ട്. അവനു കൊണ്ടു വന്നപ്പോളൊരെണ്ണം എനിയ്ക്കും തന്നു.  പാവം അമ്മ അതങ്ങു വിശ്വസിയ്ക്കും.     ഇനി വാങ്ങരുത്. കൂടെയൊരുപദേശവും... അര്‍ഹതപ്പെടാത്തതു വാങ്ങിയാല്‍ ആപത്താണ്. മോനു വേണ്ടതെല്ലാം അമ്മ വാങ്ങിത്തരും.

        വീണ്ടും അവരുടെ പരിപാടികള്‍ ആവര്‍ത്തിച്ചു.അല്പം കൂടി സ്റ്റാന്‍ഡേര്‍ഡ് കൂട്ടി.ചെല്ലാതിരുന്നാല്‍ ഭീഷണിപ്പെടുത്തും.വാദിപ്രതിയാകുമെന്നോര്‍ത്ത് കൂടെ ചെല്ലും. ഇപ്പോഴും സാങ്കേതിക വിദ്യ പഴയതു തന്നെ.തന്റെ  ജോലിയുള്‍പ്പടെ. ഇപ്പോള്‍ നോട്ടുബുക്കും കളിപ്പാട്ടങ്ങള്‍വരെ അടിച്ചുമാറ്റും. കടകള്‍ മാറി കളംമാറ്റിച്ചവിട്ടി. ചെറിയപങ്കു തനിയ്ക്കും.വേണ്ടയെന്നുപറയാന്‍ പറ്റില്ല. കഴിയുന്നതും അമ്മകാണാതെ ഒളിച്ചുവെയ്ക്കും.

              ആ നശിച്ചദിവസം ഇപ്പോഴും സിദ്ധാര്‍ത്ഥിന് ഓര്‍ക്കുമ്പോള്‍  മനസ്സില്‍ ഒരു വിങ്ങലാണ്.

അടുത്തടുത്ത കടകളില്‍ നിന്നുള്ള മോഷണം കടക്കാര്‍ ചര്‍ച്ച ചെയ്തു തുടങ്ങി. അവര്‍ തക്കം പാര്‍ത്തിരുന്നു.ഇതൊന്നുമറിയാതെ  മൂവര്‍ സംഘം വീണ്ടും അടുത്ത കടയിലേയ്ക്ക്...ഇത്തവണ സണ്ണിയും സന്തോഷും ലക്ഷ്യമിട്ടത് പണപ്പെട്ടിയായിരുന്നു.തന്‍റ ജോലി കടക്കാരനെ പണപ്പെട്ടിയുടെ അടുത്തു നിന്നും തെല്ലകലെ തൂക്കിയിരുന്ന  സ്ക്കൂള്‍ ബാഗിലേയ്ക്ക് അയാളുടെ ശ്രദ്ധ
തിരിയ്ക്കുകയായിരുന്നു. അതില്‍ താന്‍ നൂറുശതമാനവും വിജയിച്ചെന്ന്  ആ, പത്തിന്‍റ കെട്ട് സുഹൃത്തുകളുടെ  കയ്യില്‍ ആയപ്പോള്‍ മനസ്സിലായി.

   അതുപോക്കറ്റിലിട്ടുകൊണ്ട് മൂവര്‍ സംഘം അടുത്തകുറ്റിക്കാട്ടിലേയ്ക്ക് നീങ്ങി. ഇത്തവണ പൈസ ആയതിനാല്‍  ഭയം ഏറെ ഉണ്ടായിരുന്നു. എങ്ങിനെ ചിലവാക്കും. ആകുന്നത് രക്ഷപ്പെടാന്‍ നോക്കി. നടന്നില്ല.പഴയഭീഷണി. എണ്ണുന്നതിനിടയിലാണ്  പോലീസ് പൊക്കിയത്.
പിന്നെ ജുവൈനല്‍ കോര്‍ട്ട്,ഒബ്സര്‍ വേഷന്‍ ഹോം.

ജുവൈനല്‍ കോര്‍ട്ടിന്റെ വെളിയില്‍ നിന്ന അമ്മ ,ഒബ്സര്‍ വേഷന്‍ ഹോമിലേയ്ക്കു  യാത്ര യാക്കിയത്, ആ കണ്ണില്‍ നിന്നും അടര്‍ന്നുവീണ കണ്ണുനീര്‍തുള്ളിയില്‍ നിന്നും വമിച്ച ചൂട് ഇന്നും ഹൃദയത്തെ  ചുട്ടു പൊള്ളിച്ചുകൊണ്ടിരിയ്ക്കുന്നു.

നിസ്സഹായയായി ഒബ്സര്‍വേഷന്‍ ഹോമിലെ വിസിറ്റേഷ്സ് ഹാളില്‍ ഒന്നും മിണ്ടാതെ നില്‍ക്കുന്ന അമ്മ. കുറ്റബോധത്താല്‍ തലയും കുമ്പിട്ടു നില്‍ക്കുന്ന പന്ത്രണ്ടു കാരന് ആ മൌനത്തിന്‍റ അര്‍ത്ഥം  മനസ്സിലാക്കി യെടുക്കാന്‍ ഒരുപാടുമില്ലായിരുന്നു.

നീണ്ട പതിനൊന്നു മാസങ്ങള്‍‍.എന്തെല്ലാം അനുഭവങ്ങള്‍‍.തന്നെപ്പോലെ എത്ര നിരപരാധിക‍ള്‍.വെറുതെ കൌതുകത്തിനു ചെയ്യുന്ന സമ്പന്നരുടെ മക്കള്‍  തൊട്ട്.
വഴിയോരത്തെ അനാഥ കുട്ടികള്‍ വരെ.മോഷണം പിടിച്ചുപറി തൊട്ട് കത്തിക്കുത്തുവരെ.
എത്ര പേരെ പരിചയപ്പെട്ടു.

സണ്ണിയ്ക്കും സന്തോഷിനും ഒരു കൂസലുമില്ല.താന്‍ എന്നും ഒറ്റപ്പെട്ടു നടക്കാന്‍ ആഗ്രഹിച്ചു.
ഇടയ്ക്കിടയ്ക്ക് വാര്‍ഡന്‍ വലിയ ചൂരലുമായി കടന്നു വരും. രണ്ടു പെട പെടച്ചിട്ടു ചോദിയ്ക്കും മോഷണത്തിലെത്ര ഡിഗ്രിയെടുത്തെന്ന്.തന്റെ നിരപരാധിത്വം ആരറിയാന്‍ .താന്‍ നിരപരാധിയായിരുന്നോ.താന്‍ പെട്ടുപോയതാണെന്ന് ഒരുദിവസം അമ്മയോടു തുറന്നു പറഞ്ഞു.
              ഒരു കുമ്പസാരത്തിനേക്കാള്‍ പവിത്രത അതിലനുഭവപ്പെട്ടു.

    അമ്മയുടെ സാന്ത്വന വചനങ്ങള്‍ക്ക് ഒരു കുമ്പസാരക്കൂട്ടിനേക്കാള്‍ സുരക്ഷിതത്വം അനുഭവപ്പെട്ടു.

ഇടയ്ക്കുവെച്ച്  സണ്ണിയും സന്തോഷും   ഒബ്സര്‍ വേഷന്‍ ഹോമിന്‍റ  മതിലു ചാടി രക്ഷപ്പടുവാന്‍ നോക്കി. വീണ്ടും പിടിച്ചുകൊണ്ടു വന്ന അവര്‍ക്കു കൊടുത്ത ശിക്ഷ   മറ്റുള്ളവര്‍ക്കു കൂടി പാഠമാകത്തക്കതായിരുന്നു.

ജുവൈനല്‍ കോടതിയുടെ തീരുമാനപ്രകാരമാണ് ഒരുമാസം മുമ്പേ ,തന്നെ മോചിതനാക്കിയത്.
തന്നെ കൂട്ടികൊണ്ടുപോകാന്‍ നേരത്തെ തന്നെ ഒബ്സര്‍ വേഷന്‍ ഹോമിലെത്തിയ അമ്മ.
  വെളിയിലിറങ്ങി അവസാനമായി അകത്തേ   അന്തേവാസികളെ     ഒന്നുകൂടി നോക്കി. സണ്ണിയും സന്തോഷും വെളിയില്‍ വരുമ്പോള്‍ കാണാമെന്നു പറഞ്ഞാണ് യാത്രയാക്കിയത്.

 അമ്മയുടെ  കയ്യിലിരുന്ന   പെട്ടി ശ്രദ്ധയില്‍  പ്പെട്ടു.ഒന്നും ചോദിച്ചില്ല.കുറ്റബോധം തന്നെ തളര്‍ത്തിക്കളഞ്ഞു.നേരെ റെയില്‍ വേ  സ്റ്റേഷനിലേയ്ക്ക്...

ഒന്നും മിണ്ടിയില്ല....അമ്മ ഒന്നും പറഞ്ഞുമില്ല..ട്രെയിന്‍ കയറി.പിറ്റെ ദിവസമാണ് ആസ്ഥലത്തെത്തിയത്.

ഒരു ഓലപ്പുര.അവിടെ നിന്നും രണ്ടു ഫര്‍ലോങ്ങുമാറി ഒരു സര്‍ക്കാരു സ്ക്കൂള്.പഴയ സ്ക്കൂളിലില്‍  നിന്നും ടി.സി. വാങ്ങി അമ്മ എല്ലാം റെഡിയാക്കിയിരുന്നു..വീണ്ടും എട്ടാം ക്ലാസ്സില്‍ തന്നെ.
അടുത്തുള്ള ആശുപത്രിയില്‍ ഒരു ചെറിയ ജോലി അമ്മയ്ക്ക്.
എല്ലാം ശരിയാക്കി കൊടുത്തത് അമ്മയുടെ അകന്ന ബന്ധത്തിലുള്ള ഒരു  കസിന്‍ ആയിരുന്നു.
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അമ്മയെല്ലാം വിശദീകരിച്ചു. വീണ്ടും തന്നെയൊരു കുറ്റവാളി ആക്കാതിരിയ്ക്കാന്‍മനശ്ശാസ്ത്രത്തില്‍ ബിരുദം ഒന്നും എടുക്കാത്ത തന്‍റ പ്രിയപ്പെട്ട അമ്മ  അന്ന് എടുത്ത മുന്‍കരുതലുക‍ള്‍ .. നാട്ടിലുണ്ടായിരുന്ന ഒരു തെങ്ങിന്‍ പുരയിടവും ചെറിയ വീടും കിട്ടിയ
വിലയ്ക്കു വിറ്റു.അവിടെ നിന്നും ഒക്കെ അകന്ന്, തന്റെ ഭൂതകാലം ചികഞ്ഞെടുക്കാതിരിയ്ക്കാന്‍
ഇത്രയും ദൂരെ വന്ന് ശിഷ്ട ജീവിതം കഴിച്ചുകൂട്ടി.

      പിന്നീടു വാശിയായിരുന്നു.   എന്നും ക്ലാസ്സില്‍ ഒന്നാമ ന്‍ ‍. അമ്മയുടെ നീറുന്ന ഹൃദയം പതുക്കെ പതുക്കെ  തണുത്തു. ഐ.എ.സ്സ് എഴുതാന്‍ അമ്മ തന്നെയാണ് പ്രേരിപ്പിച്ചത്.കിട്ടിയത് ഐ.പി.എസ്സ്. അങ്ങിനെ  ഇന്നീ നിലയില്‍.വീണ്ടും തന്റെ
 ജന്മ നാട്ടിലേയ്കു വരണമെന്ന് വിചാരിച്ചതല്ല. നീണ്ട മുപ്പതു വര്‍ഷങ്ങള്‍ ‍.

മിനിസ്ടറുടെ പ്രത്യേക നിര്‍ ദ്ദേശം.ഒബ്സര്‍ വേഷന്‍ ഹോമിലെ പുതിയ അന്തേ വാസിയുടെ കേസന്വേഷണം  സ്റ്റടി ചെയ്യാനും വേണ്ട ഭരണ പരിഷ്ക്കാരങ്ങള്‍ വരുത്താനും.

  സാര്‍ വന്നിട്ടുണ്ട്.

ഓ, താനിവിടെ യെത്തിയിട്ട് കുറച്ചുനേരമായല്ലൊ.
 കൊണ്ടു വരൂ..

ഏകദേശം അതേ പ്രായം പന്ത്രണ്ടു വയസ്സ്.
മോന്റെ പേര്
ജോണ്‍
എന്താണു മോന്‍ ചെയ്ത കുറ്റം.
ഞാന്‍ അയാളെ വെടിവെച്ചു കൊന്നു.എന്‍റ അഛനെ!”
ഒറ്റ ശ്വാസത്തിന്  അവന്‍ ബാക്കികൂടി പറഞ്ഞു..
ന്റെ അമ്മയെ അയാള്‍ എന്നും തല്ലും,മദ്യപിക്കും,വേറെ പെണ്ണുങ്ങളെ അയാള്‍ വീട്ടില്‍ കൊണ്ടുവരും.ഒരുദിവസം..ഞാന്‍ അയാളുടെ തോക്കെടുത്ത് പതുങ്ങി നിന്നു..വാതിലിന്‍റ പുറകില്‍ .
വന്നപാടെ  ഒറ്റ വെടി.അതയാളുടെ തലയില്‍ തന്നെ കൊണ്ടു.അയാള്‍ മരിച്ചു.

അടുത്തു നിന്ന കോണ്‍സ്റ്റബിള്‍ പറഞ്ഞു.
സര്‍ ഇവന്റെ  അഛനും ഇവിടുത്തെ അന്തേ വാസിയായിരുന്നു. ഇവന്റെ  അതേപ്രായത്തില്‍
    അവന്‍ അഛന്റെ മോന്‍ തന്നെയാണ്.
 മോന്റെന്റെ പേര്
സണ്ണി”.
ന്റെ  മനസ്സില്‍ കൂടി ഒരു കൊള്ളിയാന്‍ മിന്നി. അതിന്‍റ വെളിച്ചം പുറത്തേയ്ക്കു പടരാതിരിയ്ക്കാന്‍
കര്‍ചീഫുവെച്ച് മുഖമൊന്നാഞ്ഞു തുടച്ചു.
അങ്ങകലെ ഏറ്റവും മുന്തിയ സ്ക്കൂളില്‍ പഠിയ്ക്കുന്ന തന്റെ മകനെ ആവര്‍ത്തനത്തി ന്റെ
മുഖത്തില്‍ നിന്നും രക്ഷിച്ച ,   മണ്‍മറഞ്ഞു പോയ  അവന്റെ മുത്തശ്ശിയിലെ മനശ്ശാസ്ത്ര ജ്ഞയെ  ഒന്നുകൂടി മനസ്സില്‍ അഭിനന്ദിച്ചു.!

Saturday, November 27, 2010

സഹനം

                     
    
      കണ്ണുകളാല്‍   കാണുന്ന സത്യം
         കള്ളമാണെന്നു നടിച്ചീടുക സഖേ!
      കാതുകളാല്‍ കേള്‍ക്കുന്ന സത്യം
        കാറ്റില്‍ തൂറ്റിയെറിഞ്ഞീടുക  നാം
        മനസ്സിന്‍റ മരീചികയില്‍
        മനുവിനെ തളച്ചീടാതിരിയ്ക്കുക.
        സഹയാത്രയില്‍ നാം കണ്ട കാഴ്ചകള്‍
        സഹനം കൊണ്ടു മായ്ച്ചിടേണം.
        സത്യം ജയിച്ചീടുന്ന നാള്‍ വരുവോളം
        സഹയാത്രികാ,സന്തോഷമായ്
        സംതൃപ്തിയായ് വാണീടുക നീണാള്‍!!

Tuesday, November 16, 2010

പെട്ടുപോകുന്നവര്‍



ഒരു ജോലി. അതൊരു സ്വപ്നമാണ്. അതും സര്‍ക്കാരു ജോലി. ഇപ്പോഴത്തെ പ്രൊഫഷണല്‍സു കളെ യല്ല ഈ ഉദ്ദേശിച്ചത്.
ഒരു ആര്‍ട്ട്സ് സയന്‍സ് വിദ്യാര്‍ത്ഥിയെ സംബന്ധിച്ചടത്തോളം  പതിനെട്ടു വയസ്സു പൂര്ത്തിയായാല്‍ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍നടത്തുന്ന ടെസ്റ്റെഴുതി ഒരു ജോലി കിട്ടുകയെന്നു പറഞ്ഞാല്‍ ഇപ്പോഴും ഭാഗ്യക്കുറി അടിയ്ക്കുന്ന പോലെ തന്നെയാണ്.
ഇവിടെയതല്ല കഥ..ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പിന്നെ ഓരോ ട്രേഡ്  യൂണിയന്‍ കാരും അവനവന്‍റ അംഗത്വ ബലം കിട്ടാന്‍ വേണ്ടി ഓടിനടന്ന് മംബര്‍ഷിപ്പെടുപ്പിയ്ക്കലാണ്.
                      ജയദേവന്‍ വന്നപ്പോഴാണ് വാസുക്കുട്ടനു മനസ്സു തുറക്കാന്‍ പറ്റിയത്. തന്‍റ സഹപാഠി.
എത്ര വര്‍ഷത്തിനു ശേഷമാണൊന്നു മനസ്സു തുറക്കാനവനെ അടുത്തു കിട്ടുന്നത്. പഠിത്തം കഴിഞ്ഞപ്പഴേ അവനെ അവന്‍റ ചേട്ടന്‍  ഗള്‍ഫിലേയ്ക്കു കൊണ്ടുപോയി.

ഇന്നെന്‍റ  ജോലിയില്‍ നിന്നും വിരമിയ്ക്കുന്ന ദിവസം

     ഇന്നവന്‍ എനിയ്ക്കുവേണ്ടി മാത്രം നീക്കിവെച്ച ദിവസം. ആരോടെങ്കിലും മനസ്സു തുറന്നിട്ടെത്ര നാളായി.
പഴയ  പുഴക്കരയിലേയ്ക്കു പോകാമെന്ന് അവന്‍ തന്നെയാണ് പറഞ്ഞത്. കൈതപ്പൂവിന്‍റ മണവും പുഴയിലെ കുഞ്ഞോളങ്ങളോട് കഥപറഞ്ഞു  വരുന്ന കാറ്റും. ഇവിടെയല്ലാതെ  വേറെയെവിടെ കിട്ടും ഇത്ര സുന്ദരമായ
ഒരു കാഴ്ച. അവനാരോടെന്നില്ലാതെ പിറുപിറുത്തു.
വാസുവെ നീ എന്താണു പറയുന്നത്. എന്നോടു നിനക്ക് എന്തോ പറയാനുള്ളത്...
  അതോ... അതൊരു വഞ്ചനയുടെ കഥ.
നീയാരെ വഞ്ചിച്ചു. നിന്‍റ ഭാര്യയെ വഞ്ചിച്ചോ? വീട്ടുകാരെ വഞ്ചിച്ചോ? നിന്‍റ കൂട്ടുകാരെ
വഞ്ചിച്ചോ?ഞാന്‍ പോയപ്പോള്‍ നിനക്കു പിന്നെ വേറെയാരും കൂട്ടായിട്ടില്ലായിരുന്നുയെന്നല്ലെ നീപറഞ്ഞത്. പിന്നെ പൊതുവെ പെണ്ണുങ്ങളുടെ മുഖത്തു നോക്കാത്ത നീ  ഒരു പെ ണ്ണിനെ വഞ്ചിച്ചെന്നു തോന്നുന്നില്ല. പറ്റുമോ?

ഇത്രയും നാള്‍ എന്‍റ മനസ്സാക്ഷിയെ വഞ്ചിച്ചു.

 ആ നേതാവ് വളരെ തന്ത്രപൂര്‍വ്വമാണ് തന്നെ സമീപിച്ചത്.
ഞാന്‍ ജോയിന്‍ ചെയ്ത തിന്‍റ പിറ്റേന്ന്. ഓഫീസിന്‍റ  ഇടനാഴിയില്‍ വെച്ച് ആരും കാണാതെ എന്‍റ കൈയ്യില്‍ മംബര്‍ഷിപ്പ് ഫോം തന്നു.
എളുപ്പം തന്നെ പൂരിപ്പിച്ചു മേടിയ്ക്കുകയും ചെയ്തു. കോളേജു കാമ്പിസിലെ  രാഷ്ട്ര്രീയ ചുവകളുടെ രുചിയൊട്ടും അറിയാത്ത തനിയ്ക്ക്  അതില്‍ വലിയ കാര്യം ഉണ്ടെന്ന്  ആദ്യം തോന്നിയില്ല.
    ആഴത്തിലോട്ടിറങ്ങുമ്പോഴെ വെള്ളത്തിന്‍റ തണുപ്പറിയൂയെന്നു പറഞ്ഞതുപോലെ..വര്‍ഷങ്ങള്‍         കഴിഞ്ഞപ്പോളതിന്‍റ  പ്രാധാന്യവും പ്രസക്തിയും രുചിയും അറിഞ്ഞുതുടങ്ങി. ചെന്നായയുടെ വായിലകപ്പെട്ട കൊക്കിന്‍റ   തലപോലെ  ഇനിയെടുക്കാന്‍ നിവൃത്തിയില്ല. 
നീണ്ട മുപ്പതു വര്‍ഷങ്ങള്‍...ഒന്നും രണ്ടുമല്ലാ...മനസ്സാക്ഷിയെ വഞ്ചിച്ച്...

നിനക്കു മാറാമായിരുന്നില്ലേഅവനവന്‍റ  മനസ്സാക്ഷിയെ വഞ്ചിച്ചു കൊണ്ടെന്തിനങ്ങനെ...

മാറിയേനെ.മാറിയവരുടെ ഗതികണ്ടപ്പോള്‍ ...
ഒന്നുകൂടി ഉറച്ചു നിന്നു.
നേരെ ഒരു സ്ഥലം മാറ്റം..വയ്യാത്ത അമ്മ.രണ്ടു കുട്ടികള്‍..സ്ഥലം മാറ്റമില്ലാത്ത ഭാര്യയുടെ ജോലി.
അതുകൊണ്ട് ഒന്നു കൂടി ഉറച്ചു നിന്നു.
മാനസികമായി..അവനവന്‍റ   പ്രത്യയ ശാസ്ത്രത്തിനോട് യോജിപ്പില്ലാത്ത യൂണിയനില്‍ നില്‍ക്കുകയെന്നു പറഞ്ഞാല്‍ആത്മഹത്യക്കു തുല്യമാണ്.

പക്ഷെ നിലനില്‍പ്പ് അതാണല്ലൊ എല്ലാത്തിലും പ്രധാനം..
കണ്ണുമടച്ചു  നിന്നു..അവസാനം വരെ..
പക്ഷേ, യാത്രയയപ്പു ദിവസം  .. മറുപടി പ്രസംഗത്തിന്‍റ
അവസരം ഒത്തുകിട്ടി. ഒന്നു പതറി..മനസ്സ്..  ഞാനതു തുറന്നു പറയണമോയെന്ന് ഒന്നുകൂടി വിശകലനം ചെയ്തു.അവസാനം തീരുമാനിച്ചു വേണ്ട..പറഞ്ഞാല്‍‍.....അപ്പോള്‍ ഇത്രയും നാളും  യൂണിറ്റിന്‍റ
എക്സിക്യൂട്ടീവ് പോസ്റ്റിലിരുന്നത്....????

മനസ്സു പറഞ്ഞു..ഇവിടെ കുറച്ചു വിഢികളായ പാവങ്ങള്‍... അണികള്‍... അവരുടെ മനോനില തകര്‍ക്കരുത്.
വേണ്ടാ, ഇതു  തന്നോടൊപ്പം വിരമിയ്ക്കട്ടെ ഈ ചതി..ഈവഞ്ചന..ഈപെട്ടുപോകല്‍.ആര്ക്കും വരാതിരിയ്ക്കട്ടെ.!
      പുഴയിലെ   ഓളങ്ങളെ       കീറിമുറിച്ചുകൊണ്ട്  കഴുക്കോലു നീങ്ങയപ്പോളാണ് ചിന്തയില്‍ നിന്നും ഉണര്‍ന്നത്.
അപ്പോള്‍ എന്‍റ   ചങ്ങാതിഎവിടെ താനിപ്പോളെവിടെ?
ഈ സ്ഥലം.
എപ്പോഴാണിവിടെത്തിയത്....
സഹപ്രവര്‍ത്തകര്‍  അനുഗമിയ്കാന്‍  തുനിഞ്ഞപ്പോള്‍  നിരസിച്ച്  ബസ് സ്റ്റാന്‍ഡിലേയ്ക്ക് പോയതാണല്ലോ.
എന്നിട്ടിവിടെ...ഒന്നും ഓര്‍ക്കാന്‍ പറ്റുന്നി ല്ലല്ലോ..
അതാ കഴുക്കോലു നഷ്ടപ്പെട്ട്  ആ  വള്ളം  ദിശയില്ലാതെ പുഴയുടെ അനന്തതയിലേയ്ക്ക്.
അങ്ങകലെ വീട്ടില്‍  വിരമിയ്ക്കലിന്‍റെ വ്യഥയും പേറിവരുന്ന ഭര്‍ത്താവിനെ കാത്തിരിയ്ക്കുന്ന ഭാര്യ.



Saturday, November 6, 2010

മടങ്ങിപ്പോക്ക്

മോന്‍ പോയി എളുപ്പം റെഡിയാക്.
പപ്പാ എപ്പം വരുമമ്മേ 
നിന്നോടെത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട്.അച്ഛാന്നു വിളിയ്ക്കണമെന്ന്.
റോണിന്‍റച്ഛന്‍ ഗള്‍ഫിലാണല്ലോ,അവന്‍ പപ്പാന്നാ വിളിയ്ക്കുന്നത്.
നീ വിളിയ്ക്കേണ്ട.അത്ര തന്നെ.നിന്‍റച്ഛന് അതിഷ്ടവുമല്ല.
വണ്ടീം കൊണ്ട് മാമന്‍ പോണില്ലേയമ്മേ
അച്ഛന്‍ തനിയെ ടാക്സി പിടിച്ചോണ്ടു വരാമെന്നാണു പറഞ്ഞത്. കൂടുതല്‍ പെട്ടി
കാണുമായിരിയ്ക്കും. "
അമ്മാ....ദാ..അച്ഛന്‍ വന്നു...
ഇത്ര പെട്ടെന്നോ
    ദേവന്‍ വണ്ടിയില്‍ നിന്നും ഇറങ്ങി. ടാക്സിക്കാരനെ പറഞ്ഞുവിട്ടു. പൂമുഖത്തേയ്ക്കു  കയറി.
പെട്ടി രണ്ടെണ്ണമെയുള്ളോ.”
അതെ
എന്നാല്‍ പിന്നെ ഞാന്‍ അനിയനെ വിടുമായിരുന്നല്ലൊ നമ്മുടെ വണ്ടിയും കൊടുത്ത്
അതിന്‍റ ആവശ്യമുണ്ടെന്നു തോന്നിയില്ല.
എന്താ,എന്തു പറ്റി ചേട്ടന്.ഒരു ക്ഷീണം പോലെ ..മുഖത്ത്.
ഒന്നുമില്ല. യാത്രയുടെതായിരിയ്ക്കാം.”
നീ പോയി ചായ എടുക്ക്, ഞാനൊന്നു ഫ്രെഷാകട്ടെ.


ദേവന്‍ കുളിമുറിയിലോട്ടു പോയി...  മീര അടുക്കളയിലേയ്ക്കും.


അല്‍പം കഴിഞ്ഞ്, മീര ചായുയുമായി.


ദാ ചായ. ചേട്ടനെന്നാ പോണെ?എത്ര ദിവസത്തെ ലീവുണ്ട്?”


അയാളൊന്നു പരുങ്ങി.


ഇനി ഞാന്‍ പോകുന്നില്ല.
അവളുടെ ഹൃദയത്തില്‍ നിന്നും ഒരു ഏങ്ങല്‍..അവളറിയാതെ പുറത്തേയ്ക്കൊഴുകി
ങേ....... അപ്പോള്‍ ജോലി
ഞാന്‍ പറഞ്ഞില്ലേ, നിന്നോടു പലപ്രാവശ്യം.അവിടെ ആള്‍ക്കാരെ പിരിച്ചു വിട്ടു കൊണ്ടിരിയ്ക്കുകയാണെന്ന്. എന്നെയും അങ്ങിനെ...”  അയാള്‍ അര്‍ത്ഥവിരാമത്തില്‍ നിര്‍ത്തി.
പിരിച്ചു വിട്ടോ…? “
ആ..അതെ..

ദൈവമേ, ഞാനന്നേ പറഞ്ഞില്ലേ ഇത്രയും വലിയ വീടു വെയ്ക്കേണ്ട യെന്ന്  . ആ മൂത്ത ചെറുക്കനെ ഇത്രയും പൈസയും കൊടുത്ത് അഡ്മിഷനും വാങ്ങണ്ടായെന്ന് നിങ്ങളോടെത്ര പ്രാവശ്യം പറഞ്ഞു, നിങ്ങളു കേട്ടോ...ഇനിയെങ്ങനെ ഈവീടു വൃത്തിയാക്കും ജോലിക്കാരെയെങ്ങനെ നിര്‍ത്തും


ഒറ്റ ശ്വാസത്തില്‍  മീര അവളുടെ ആവലാതി മൊത്തമായി ഇറക്കി വെച്ചു.


ആത്മഗതമെന്നവണ്ണം ദേവന്‍ പറഞ്ഞു
ദൈവം ഒരു വഴി കാണിച്ചു തരും
അവളകത്തേയ്ക്കു പോയി..

അല്പം കഴിഞ്ഞു .
മീരാ, ഞാന്‍ അമ്മയെയും അച്ഛനെയും കണ്ടിട്ടു വരാം.

ശരി ചേട്ടാ , പോയിട്ടു വരൂ..”  അവളുടെ പറച്ചിലില്‍ ഒരു കരച്ചിലിന്‍റ അലകളടങ്ങിയിരുന്നു.ദേവനോര്‍ത്തു. ജോലിയില്ലാതെ രണ്ടു മാസം നന്നേ പണിപ്പെട്ടു. ഒന്നു തപ്പി പിടിയ്ക്കാന്‍ .നടന്നില്ല.അറ്റകൈയ്ക്കാണ് തിരികെ പോരാമെന്നു വെച്ചത്. അച്ഛനും അമ്മയും വര്‍ഷങ്ങളായി ചേട്ടന്‍റ  കൂടെയാണ് .താനും അനുജത്തിയും ചേട്ടനും. തന്‍റ വരുമാനത്തില്‍ നിന്നും ഒരു വിഹിതം ചേട്ടന്‍റ  പേരിലയയ്ക്കും. ഗവണ്മെന്‍റുദ്യോഗസ്ഥനായ ചേട്ടന്‍റ  ചിലവില്‍ അച്ഛനുമ്മയും കഴിയുകയും വേണ്ടയെന്ന ഉദ്ദേശവും അതിലുണ്ടായിരുന്നു.അവരുടെ മക്കളും പഠിയ്ക്കുകയല്ലേ.

നാലു പറമ്പിട കഴിഞ്ഞാല്‍ ചേട്ടന്‍റ  വീടായി. അവിടെ നിന്നും അര ഫര്‍ ലോങ്ങു  മാറി അനുജത്തിയും. എല്ലാവരും അടുത്തടുത്തായതിനാല്‍ അച്ഛനുമമ്മയ്ക്കും സന്തോഷമാണ്.

മുറ്റത്തെത്തിയപ്പോഴേ അമ്മയും അച്ഛനും തന്നെ സ്വീകരിയ്ക്കാന്‍ വന്നു കഴിഞ്ഞു.
ചേട്ടന്‍ ഓഫീസില്‍ പോകാനൊരുങ്ങുകയായിരുന്നു. കുശല പ്രശ്നങ്ങള്‍..ഒക്കെ കഴിഞ്ഞു.
പ്രതീക്ഷിച്ചതുപോലെ ചേട്ടന്‍റ  ചോദ്യവും
ഇനിയെന്നാണ് തിരികെ പോകുന്നത്
 
  വീണ്ടും പരുങ്ങല്‍
ഇനി... ഇനി...പോകുന്നില്ല.
  ചേട്ടന്‍റെ മുഖം വ്യക്തമായി കാണാന്‍ പറ്റുന്നില്ല.
അമ്മയുടെയും അച്ഛന്‍െറയും മുഖം ഒന്നു കൂടി പ്രകാശമാനമായി.
ഹാവൂ. സമാധാനമായി….”  അമ്മ
മരിച്ചു കഴിഞ്ഞാല്‍  മോര്‍ച്ചറിയില്‍ കിടക്കേണ്ടല്ലോ അച്ഛന്‍
ചേട്ടന്‍ അകത്തേയ്ക്കു പോയി. അല്പം കഴിഞ്ഞ് ചേട്ടത്തിയുമായി തിരികെ വന്നു.
ദേ ചായകുടിയ്ക്കു. ചേട്ടത്തി.
നിന്നെ ഞാന്‍  ഫോണ്‍ ചെയ്യാനിരിയ്ക്കുകയായിരുന്നു.എനിയ്ക്കു ചിലപ്പോള്‍ ട്രാന്‍സഫര്‍  കാണും. അമ്മയും അച്ഛനും ഇനി നിന്‍റ   കൂടെ നില്‍ക്കട്ടെ കുറച്ചുനാള്‍
     ഒന്നും പറഞ്ഞില്ല.
  അച്ഛനുമമ്മയും മുഖത്തോടു മുഖം നോക്കി..
പിന്നെ വരാമെന്നു പറഞ്ഞിറങ്ങി.
അളിയന്‍ പോകുന്നതിനു മുന്‍പ്  എത്തണം. അല്പം വേഗത്തില്‍നടന്നു. അളിയന് ടൌണില്‍ ജൌളിക്കടയാണ്. അയാളോര്‍ത്തു. അവിടുത്തെ സ്വീകരണം എങ്ങിനെയാവുമോ ആവോ..
പൂമുഖത്താരേം കണ്ടില്ല. കതകു തുറന്നു കിടക്കുന്നു..പതുക്കെ അകത്തു കയറി.
അവളെവിടെ. ഓ..അതാ, രണ്ടു പേരുമുണ്ട്. പറമ്പില്. തേങ്ങയിടുകയാണെന്നു തോന്നുന്നു.


ങാഹാ , ആരോടും പറയാതെ ചേട്ടനിങ്ങെത്തിയോ?”
അളിയനെപ്പൊ എത്തി, കടയിലോട്ടു പോകാനൊരുങ്ങുമ്പോളാണ് തേങ്ങാവെട്ടാനാളു വന്നത്.
രാവിലെയെത്തി. അച്ഛനെയും അമ്മയേയും കാണാനിറങ്ങിയപ്പോള്‍ വിചാരിച്ചു. ഇവിടേം കൂടി കേറിയിട്ടു തിരികെ പോകാമെന്ന്.
എന്നാണ് തിരികെ
വീണ്ടും അടുത്ത പരുങ്ങല്‍.
ഇനി ചിലപ്പോഴെ പോകൂ
അതെന്താ ചേട്ടാ
അവിടെ ഇപ്പോള്‍ എല്ലാവരെയും പറഞ്ഞു വിട്ടു കൊണ്ടിരിയ്ക്കുകയാണ്.”.
വരൂ. അകത്തേയ്ക്കു പോകാം.ചേട്ടന്‍ കാപ്പി കുടിച്ചില്ലെങ്കില്‍ കുടിയ്ക്കാം.
ബ്രേക്ക്ഫാസ്റ്റ് കഴിയ്ക്കുന്നതിനിടയിലാണ് അകത്തെ സംഭാഷണം കേട്ടത്.
വലിയ സല്‍ക്കാരമൊന്നും വേണ്ട ആങ്ങളയ്ക്ക്.ജോലി നഷ്ടപ്പെട്ടിങ്ങു പോന്നതാ..

മുഴുവനും കഴിയ്ക്കാന്‍ നിന്നില്ല.കൈ കഴുകി. എളുപ്പം വീട്ടിലോട്ടു തിരിച്ചു.
ഭാര്യയുടെ ചോദ്യം. എല്ലാവരെയും കണ്ടോ?”
കണ്ടു.
എന്തു പറഞ്ഞു.
എന്തു പറയാന്‍
എല്ലാവര്‍ക്കും അറിയേണ്ടത് ഒരു കാര്യം മാത്രം..എന്നാണ് തിരികെ പോകേണ്ടത്
മരുഭൂമിയിലെ മണലു പോലെ മനസ്സ് ഊഷരമായിരിയ്ക്കുന്നുവെന്ന് അവള്‍ക്കു മനസ്സിലായി.

ചേട്ടന്‍  അല്പം വിശ്രമിയ്ക്കൂഅവള്‍  കോസടി നിവര്‍ത്തിയിട്ടു. അതില്‍ ചാരി കിടന്നപ്പോള്‍ അല്പം ആശ്വാസം തോന്നി..മീര അടുത്തു വന്നു.അവളുടെ സാന്ത്വന വചനങ്ങള്‍ പുതിയ ഒരു കുളിര്‍കാറ്റു വീശിയതുപോലെ....മനസ്സു നല്ലവണ്ണം തണുത്തു.
ഞാനില്ലേ  കൂടെ”   അതില്‍ നിന്നും കിട്ടിയ ധൈര്യത്തിന് അളവില്ലായിരുന്നു.

അവളു പോലുമറിയാതെ N.R‍.I അക്കൌണ്ടില്‍ ഒരു നാലു ലക്ഷം രൂപ ഇട്ടിട്ടുണ്ടായിരുന്നു. അടുത്ത സുഹൃത്തായ    ഹംസക്കുട്ടിയുടെ ഉപദേശമായിരുന്നു അതിനു പിന്നില്‍.അതിപ്പോളൊരാശ്വാസമായി. ദേവന്‍ മനസ്സില്‍ കണക്കു കൂട്ടി. മകന്‍റ  പഠിത്തം അതില്‍ തീരുമായിരിയ്ക്കും. ഇളയവന്‍ ചെറുതാണല്ലോ.അത്ര കണ്ട് ആശ്വാസം.

ഭാര്യയുടെ സ്വത്തു വേണ്ടായെന്നും പറഞ്ഞ്  നോക്കാതെ കളകേറികിടക്കുന്ന ഒരേക്കര്‍ പുഞ്ചവയല്‍കിടപ്പുണ്ട്..ഒരുറച്ച തീരുമാനം എടുത്തു.
അടുത്ത വീട്ടിലെ നാരായണേട്ടനാണ് ധൈര്യം പകര്‍ന്നു തന്നത്.
നീ വിഷമിയ്ക്കെണ്ടേടാ മോനെ,  ഞങ്ങടെ കൂടെ കൂട്.
പിറ്റെ ദിവസം തന്നെ അടുത്തുള്ള  പൊതുമേഖലാ ബാങ്കില്‍ പോയി..മാനേജരെ ക്കണ്ടു.
സാറു  തുടങ്ങിയ്ക്കോ. മാനേജര്‍.
ഞങ്ങള്‍ , പ്രവാസികള്‍ക്കു വേണ്ടി   പ്രത്യേക പല  പദ്ധതികളും  തുടങ്ങിയിട്ടുണ്ട്. എല്ലാവിധ സഹായങ്ങളും ലഭ്യമാക്കാം.
അന്നുവരെ കണ്ടിട്ടില്ലാത്ത പുഞ്ചപ്പാടം. മീരയെയും കൂട്ടിയാണ് പോയത്. അവള്‍ക്ക് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു..എപ്പോഴും പുഞ്ചപ്പാടവും തോടും ആറും ഒക്കെ അവള്‍ക്ക് ഹരമായിരുന്നല്ലോ.
കുട്ടിക്കാലത്തെ കൊയ്തു  കഥകള്‍ പറഞ്ഞ് അവള്‍  കൂടെ നടന്നപ്പോള്‍  വയലെത്തിയതറിഞ്ഞില്ല.
അവളുടെ ആങ്ങളയുടെ വയലിനോടു ചേര്‍ന്നായതിനാല്‍ അതിരു തിരക്കി നടക്കേണ്ടി വന്നില്ല.
ആരെയും കൂട്ടു പിടിച്ചില്ല. തനിയെ തന്നെ എല്ലാം.. കൃഷ്ണേട്ടനും നാരായണേട്ടനും  വേണ്ട ഉപദേശങ്ങള്‍ തന്നു. ബാങ്കു തന്ന വായ്പാ സഹായവും.
എല്ലാത്തിനും കൂടെ നിന്നു..
നിലം ഉഴുതുമറിച്ചു. വിത്തിട്ടു.കള പറിച്ചു.  വളമിട്ടു. എല്ലാത്തിനും കൂടെ കൂടി..
മണ്ണിനോടു മല്ലിട്ടു.മണ്ണിന്‍റ മണമറിഞ്ഞു. മണ്‍ വെട്ടീടെ കരുത്തറിഞ്ഞു. നെല്ലു കതിരിട്ടപ്പോള്‍
മനസ്സില്‍ ഞാറ്റടിപ്പാട്ടിന്‍റ   ഈണം മുഴങ്ങി.

      അണ്ണാറക്കണ്ണനും   തന്നാലായത് എന്നു പറഞ്ഞതു പോലെയായിരുന്നു  അവള്‍ തന്‍റ പ്രിയതമ. ബാങ്കിലെ ലോണില്‍ ഒരു കറവ പശു. പാല്‍ കച്ചവടം തകൃതിയായി.കൂടെ കുറെ കോഴികളും. എല്ലാം കൊണ്ടും തന്‍റ  വീട് സമ്പന്നമായതു പോലെ തോന്നി.
അച്ഛനുമമ്മയും വന്നു. അവര്‍ക്കിതില്‍പരം സന്തോഷമില്ല.
അച്ഛനറിയാതെ പറഞ്ഞു പോയി.മോനെ ,നമ്മുടെ വീടിന്  ആ പഴയ കുടുംബത്തിന്‍റ   പ്രതാപമെല്ലാം തിരിച്ചു കിട്ടിയതുപോലെ
നെല്ലു വിളഞ്ഞു. കൊയ്തടുക്കാറായി. കൃഷ്ണേട്ടനും നാരായണേട്ടനും വരമ്പത്തു വന്നു.
ഇത്തവണ നീ തന്നെ ഒന്നാമന്‍ “  നാരായണേട്ടന്‍
നൂറ്റിക്കു നൂറു മേനി. കൃഷ്ണേട്ടന്‍
അതിന്നര്‍ത്ഥം പിടികിട്ടാതെ ദേവന്‍ വാ പൊളിച്ചു നിന്നു.
അത് നീയ്യ് കൊയ്തു പൊലിയിടുമ്പോള്‍ മനസ്സിലാകും.എല്ലാ അര്‍ത്ഥം അവിടെ കാണാം.കൃഷ്ണേട്ടന്‍
മീരയ്ക്കും കാണണം വിളഞ്ഞ നെല്‍പ്പാടം. ഒരു ദിവസം അവളെയും കൂട്ടി വരമ്പത്ത്.
ഇതെത്ര മേനീന്നാ കൃഷ്ണേട്ടന്‍ പറഞ്ഞത്മീര
അതോ, അത്..അത്..  ദേവന്‍  അവളുടെ കവിളുകള്‍  കൈ കുമ്പിളിലൊതുക്കി. പതുക്കെ ആകവിളില്‍ തന്‍റ  ചുണ്ടുകള്‍ ചേര്‍ത്തു. പതുക്കെ പ്പറഞ്ഞു. ഇവിടെ നൂറുക്കു നൂറ്റൊന്നു മേനീന്ന് ഞാന്‍
പറയുന്നു. നിന്‍റ   മനസ്സ്. നിന്‍റ   മനസ്സാണ് ഈകാണുന്നത്. നിന്‍റ വട്ടി നിറയെ ഞാന്‍
ആദ്യത്തെ പതം....ഇതാ നിനക്കു മാത്രമായി...
എന്നെ വീണ്ടും ജീവിതത്തിന്‍റ പച്ചപ്പിലേയ്ക്കു കൊണ്ടു വന്ന നിന്‍റ  മനസ്സ്.അവിടെയാണ്
നൂറ്റിക്കു നൂറു മേനി വിളഞ്ഞിരിയ്ക്കുന്നത്."
വരമ്പത്തു കൂടി നടന്നു വന്ന പഴയ ചങ്ങാതി സുബൈര്‍
ഇതാരാ, ഈ നില്‍ക്കുന്നത്. കെട്ടിയോനും കെട്ടിയോളും കൂടി ഈ വരമ്പത്ത് എന്തെടുക്കുന്നു. നീയെന്നാ വന്നത് ദേവാ, ഞാനറിഞ്ഞില്ലല്ലോ.....

ഞാന്‍ വന്നിട്ട് കുറച്ചു നാളായി.
ഇനിയെന്നാ മടക്കം
ഞാന്‍ മടങ്ങിപ്പോയല്ലോ
ഇതെന്താപ്പാ നിനക്ക് ഭ്രാന്തു പിടിച്ചോ..

ഇല്ല സുബൈറെ ഞാന്‍ മടങ്ങപ്പോയി. എന്‍റ മണ്ണിലേയ്ക്ക്, എന്‍റ പാരമ്പര്യത്തിലേയ്ക്ക്
ഞാന്‍ മടങ്ങി പ്പോയി…..!!”

Thursday, October 28, 2010

തലയെണ്ണം

                 
                   എണ്ണമെടുക്കാനതാ പോലീസു വന്നേ
              എത്തി നോക്കിക്കൊണ്ടോടുന്നു കുഞ്ഞുങ്ങള്‍
              കാക്കിയുടുപ്പിട്ട പോലീസിനെക്കണ്ടു
              കാഷ്ടിച്ച നിക്കറിട്ടോടി ചിലരതാ..
              വട്ടം പിടിച്ചു ചിലര്‍ സാറിന്‍റ മുണ്ടിന്മേല്‍
              കൂട്ടിപ്പിടിച്ചു ചിലര്‍ ടീച്ചറിന്‍ സാരിയില്‍
              ബഞ്ചിന്‍റ കീഴെപ്പതുങ്ങി ചിലരതാ,
              വാതിലിന്‍ പുറകിലൊളിച്ചു ചിലര്‍ മുന്നേ.
              നിക്കറില്‍ മുള്ളിയ കുഞ്ഞുങ്ങളെക്കണ്ടു
              നിന്ന നില്പില്‍ തന്നെ നിന്നുപോയ് പോലീസും
              പണ്ടു കംസനോടോതിയ വാക്കു ഞാന്‍
              വീണ്ടുമൊന്നിവിടെ വീറോടെ ഓതട്ടെ
     
            “ ഈ പരാക്രമം പിഞ്ചു കുഞ്ഞുങ്ങളോടല്ല വേണ്ടു
         

Friday, October 22, 2010

അയ്യപ്പന് ഒരു അന്ത്യോപചാരം



ഹൃത്തടത്തില്‍ നിന്നാപൂവെടുത്ത് മാറ്റുമോ മാലോകരെ

കവിയുടെ ഹൃത്തടത്തില്‍ നിന്നാപൂവെടുത്ത് മാറ്റുമോ

ഹരിതമായ്, നിത്യഹരിതമായ് നിര്‍ത്തിടേണം നമുക്കതിനെ

മരണദേവത പുല്‍കിടുംനാളു മുന്നില്‍ക്കണ്ടൊരാ  കവി
കരുതിവെച്ചിരുന്നതാണാ മലര്‍  മാലോകരെ.
ഒന്നുചുംബിച്ചിടാത്തതാണാ മലര്‍ മാലോകരെ.
ഒരു സുഗന്ധം വീശിടാനായ് നമുക്കിനിയും
ഹൃത്തടത്തില്‍ കരുതി വെച്ചുകവിയാ പൂവിത്രനാളും.
നറുമണം വിതറുമിനിയാ മലര്‍നമുക്കുചുറ്റും
മറന്നിടേണ്ട നമുക്കീരഹസ്യമിനിയുള്ള നാള്‍.

ഹൃത്തടത്തില്‍ നിന്നാപൂവെടുത്ത് മാറ്റുമോ മാലോകരെ
കവിയുടെ ഹൃത്തടത്തില്‍ നിന്നാപൂവെടുത്ത് മാറ്റുമോ!

Sunday, October 3, 2010

“ഹാപ്പി ജേണി ഈസ്റ്റേണ്‍ റെയില്‍ വേ...!”

         
                

പെട്ടിയുടെ അടിയില്‍ വെച്ചിരുന്ന ആചെറിയ ഡപ്പയില്‍  തന്‍റ കണ്ണുകള്‍      ഉടക്കി .പതുക്കെ അതു തുറന്നു.ആ മഞ്ഞ നൂലില്‍ നോക്കിയിരുന്നപ്പോള്‍ മനസ്സ്  പുറകോട്ടു  പറന്നു.....

       തിരുവനന്തപുരം സെന്‍ട്രല്‍  റെയില്‍ വേസ്റ്റേഷന്‍. വെളുപ്പിനു നാലു മണി. ഗുരുവായൂര്‍ ചെന്നൈ എക്സപ്രസ്സ് ട്രെയിന്‍ വന്നു നിന്നു. സ്റ്റേഷന്‍റ പുറത്തോട്ടിറങ്ങി. എപ്പോഴും  ഡിസ്പ്ളേയില്‍   ആ ചുവന്ന അക്ഷരങ്ങള്‍യാത്രാമംഗളം- തെന്നി മാറുന്നത്  തന്‍റ ഒരു കൌതുക കാഴ്ചയാണ്.

ഹാപ്പി ജേര്‍ണി സതേണ്‍ റെയില്‍ വേ..

പരിസരം മൊത്തം ആട്ടിന്‍പറ്റം പോലെ മനുഷ്യര്‍.കൂട്ടം കൂട്ടമായി കുത്തിയിരിക്കുന്നു. വെറും തറയില്‍.
കൂടെയുണ്ടായിരുന്ന ഭര്‍ത്താവിനോടു
ചോദിച്ചു ,സംശയനിവാരണത്തിനായി.
എവിടെ നിന്നാണ് ഇത്രയും ആള്‍ക്കാര്‍?”

അതോ, അത് ബീഹാറികളാണ്.ഇവിടെ റോഡുപണിക്കു കൊണ്ടിറക്കിയിരിക്കുകയാണ്.

   അദ്ദേഹം  തന്‍െറ  സംശയരൂപത്തിലുള്ള  നോട്ടം കണ്ടിട്ട് ബാക്കി കൂടി  ചോദിക്കാതെ തന്നെ       വിശദീകരിച്ചു.
അവര്‍ക്കിവിടെ ഗള്‍ഫു പോലെയാണ്. കൂലിയുടെ പകുതി ഇടത്തട്ടുകാരായ  ഏജന്‍റുമാര്‍ എടുത്താലും ബാക്കി കിട്ടുന്ന തുക അവിടെ കിട്ടുന്നതിന്‍റ മൂന്നിരട്ടി കിട്ടും.ഇപ്പോഴും വടക്കേ
ഇന്‍ഡ്യയിലൊക്കെ തുച്ഛമായ  കൂലിയല്ലെ കൊടുക്കുന്നത്.അദ്ദേഹത്തിന്‍റ വാക്കുകളില്‍
അതിന്‍റ പ്രതിഷേധം നിഴലിക്കുന്നതുപോലെ എനിക്കു തോന്നി.

തന്നെയവിടെ നിര്‍ത്തിയിട്ട് അദ്ദേഹം വണ്ടിയെടുക്കാന്‍  പോയി.

തന്‍റ ശ്രദ്ധ വീണ്ടും  അവരിലേക്കു തിരിഞ്ഞു. കൂട്ടത്തില്‍ ഒരെണ്ണം മാത്രം ഒറ്റപ്പെട്ടു് മാറിയിരിക്കുന്നു.പാറിപ്പറന്ന മുടി. വെള്ളം കണ്ടിട്ടില്ലാത്ത ഉടുതുണി. എന്‍റ  ശ്രദ്ധ മുഴുവന്‍
അവനിലേക്കു  തിരിഞ്ഞു..
ഒരു പതിനേഴു വയസ്സ് കഷ്ടിച്ചു പ്രായം. നിഷ്ക്കളങ്കമായ മുഖം. നോട്ടം ദയനീയം. പതുക്കെ അവന്‍റ അടുത്തുചെന്നിരുന്നു.
അദ്ദേഹത്തിന്‍റ ഭാഷയില്‍ പറഞ്ഞാല്‍ ഏതലവലാതിയെ കണ്ടാലും കുശലം തിരക്കും.

ശരിയാണ്. പണ്ടുതൊട്ടേ    തന്‍െറ യൊരു  ബലഹീനതയാണ് .  ഭിക്ഷക്കാരു വന്നാലും അവരുടെ ഊരും പേരും എല്ലാം ചോദിക്കും.എന്നിട്ടേ ഭിക്ഷ കൊടുക്കുകയുള്ളു.

ഇതങ്ങനെയല്ല... അവന്‍റ കണ്ണുകള്‍ , ...അതിലെ ദയനീയത...   എന്നെ  മാടിവിളിച്ചതാണ്.
ഹിന്ദിയില്‍ ചോദിച്ചു.
        ആപ് കാ നാം ക്യാഹെ   ജീ..     ?
         (പേരെന്ത്)
        “  പങ്കജ്  സിന്‍ഹാ..


വീണ്ടും ഹിന്ദിയില്‍ ചോദ്യങ്ങള്‍ .---മറുപടികള്‍.

വീട്ടില്‍  ആരൊക്കെ, സ്ഥലം എവിടെ.?”
അമ്മ,രണ്ടു കുഞ്ഞനുജത്തിമാര്‍
    എല്ലാം ഒന്നൊന്നായി അവന്‍ പറഞ്ഞു. അങ്ങകലെ  ബീഹാറിലെ ബഗുസാരി ജില്ലയിലെ മട്ടിഹാണി  ഗ്രാമത്തില്‍.അഛന്‍ നേരത്തെ മരിച്ചു.പഠിത്തം ഏഴാംക്ലാസ്സായപ്പോള്‍ നിര്‍ ത്തേണ്ടി വന്നു. പിന്നീട് അമ്മയെയും രണ്ടു കുഞ്ഞുപെങ്ങന്മാരെയും നോക്കാനുള്ള ചുമതല  അവന്‍റ ചുമലിലായി.

ഗോതമ്പു വയലുകളില്‍ കാളയ്ക്കു പകരം കലപ്പ പിടിക്കലായിരുന്നു ജോലി. കലപ്പ പിടിച്ചതിന്‍റ
തഴമ്പ് ആകൊച്ചു ചുമലുകളില്‍.
ഏജന്‍റു കൊടുത്ത ചെറിയ   അഡ്വാന്‍സ് തുക അമ്മയെ ഏല്പിച്ചിട്ട് ഇങ്ങോട്ടു തിരിച്ചത്രെ!  അനുജത്തിമാര്‍ഏഴിലും നാലിലും അവിടെ അടുത്തുള്ളസര്‍ക്കാര് സ്ക്കൂളില്‍ പഠിക്കുന്നു.
വണ്ടിയുടെ ഉച്ചത്തിലുള്ള ഹോണടി കേട്ടാണ്, അദ്ദേഹം വണ്ടിയും കൊണ്ട് നില്പു തുടങ്ങിയിട്ട്
സമയം ഇത്തിരിയായെന്ന് മനസ്സിലായത്.അവന് ഒരു ബൈ പറഞ്ഞ് ഓടി വണ്ടിയില്‍ കയറി.

             എല്ലാം ചോദിച്ചറിഞ്ഞോ?” അദ്ദേഹത്തിന്‍റ കമെന്‍റ്.

ഒരു ചിരിയില്‍ മറുപടി ഒതുക്കി. വണ്ടിയില്‍ ഇരുന്നപ്പോള്‍ മനസ്സ്   അറിയാതെ പിറുപിറുത്തു
ക ഷ്ടം.എന്തൊരു വിധി.പഠിച്ചു നടക്കേണ്ട കുട്ടി.

ദിവസങ്ങള്‍ കടന്നു പോയി.യാന്ത്രികമായ ജീവിതം.മക്കള്‍ അകലെ...ഓഫീസ് .വീട്.ഒരുദിവസം
ഓഫീസ് വണ്ടി കിട്ടാതെ വന്നപ്പോള്‍ ഓട്ടോ പിടിച്ച് സിറ്റി ബസ് പിടിക്കാന്‍  പോയതാണ്. വഴിയരികില്‍  കുഴിയെടുക്കുന്ന ജീവികളെ ഓട്ടോയിലിരുന്ന് വെറുതെ പരതി.പെട്ടെന്നാണ് ആ        ദൈന്യതയാര്‍ന്ന കണ്ണുകളില്‍ തന്‍റ കണ്ണുകള്‍ ഉടക്കിയത്.   യാദൃശ്ചികം എന്നേ പറയേണ്ടു.. സംശയിച്ചതുപോലെ  അവന്‍ തന്നെ. പിക്കാസും മണ്ണുമായി മല്‍പ്പിടുത്തം നടത്തുന്നു
                 ഓട്ടോ നിര്‍ത്തിച്ചു..മനസ്സിലോര്‍ത്തു
ഏതായാലും താമസിച്ചു.ഇനി പതുക്കെ പോകാം.

.
പങ്കജ്..വിളിച്ചു. അവന്‍ തലപൊക്കി.അടുത്തുചെന്നു. നിനക്കെന്നെ മനസ്സിലായോയെന്ന് അവന്‍റ ഭാഷയില്‍ ചോദിച്ചു.
ഭയ്യാ, ആപ് ഹംകോ പഹചാന്‍താഹെ  ക്യാ?”

അവന്‍റ കണ്ണിലൊരു തിളക്കം.മാനത്തെ അമ്പിളിക്കലപോലെ ഒരു വിടര്‍ന്ന ചിരി.

ജീഹാം ദീദീ.
(ആ ചേച്ചീ)

അതെ. അവന്‍ എന്നെ അംഗീകരിച്ചു. അവന്‍റ ദീദീ.
ശരിയാണ്. അവന്‍   കുഞ്ഞനിയനെപ്പോലെ തന്‍റ മനസ്സ് കവര്‍ന്നവനാണ്.അറിയാതെ  ഒരു വാത്സല്യം മനസ്സില്‍ നിറഞ്ഞു.അവന്‍റ കണ്ണുകള്‍ അവിടെയൊക്കെ പരതുന്നു. ഏജന്‍റ് അവിടെ എവിടെയെങ്കിലും കാണും.ഞാന്‍ മനസ്സിലാക്കി.
എവിടെ താമസിക്കുന്നെന്നും ,ബാക്കി കാര്യങ്ങളൊക്കെ തിരക്കി.ഒരു ടെന്‍റ് ദൂരെ ഒരു വെളിമ്പ്രദേശത്ത്  അവന്‍ കാട്ടിത്തന്നു. കുറെ ടെന്‍റുകള്‍ വേറെയും.എനിക്ക് ഒരുപാടു സന്തോഷമായി അവന്‍റ താമസ സ്ഥലം കണ്ടു പിടിച്ചതില്‍. അകലെ നിന്ന് അതാ ഏജന്‍റ് നടന്നു വരുന്നു. അയാള്‍ തന്നെ ഓടിക്കാനുള്ള  പുറപ്പാടിലാണ്. ജോലിയ്ക്ക് തടസ്സം സൃഷ്ടിച്ചതില്‍.ഞാനവനോട് പിന്നീടു കാണാമെന്ന്  പറഞ്ഞ് എളുപ്പം സ്ഥലം വിട്ടു.

         വീണ്ടും പകലുകള്‍ രാത്രികള്‍ക്ക് വഴിമാറി   കടന്നുപൊയ്ക്കൊണ്ടിരുന്നു.അവനിപ്പോള്‍

കുഴിയെടുക്കുന്നത് സിറ്റിയില്‍ നിന്നും കുറച്ചകലെയാണ്.താമസ സ്ഥലം പഴയതു തന്നെ.ഞാന്‍ ഓഫീസു വിട്ടാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഭയ്യായെ കാണാന്‍, അവന്‍റ കൂടാരത്തില്‍ പോകുക പതിവാക്കി.   എന്നും എന്‍റ കയ്യില്‍ അവനു തിന്നാന്‍ കൊടുക്കാന്‍ ഒരു പൊതി ഞാന്‍ കരുതിയിരിക്കും.   ചിലപ്പോള്‍  സൂര്യന്‍  അസ്തമിച്ചു കഴിഞ്ഞായിരിക്കും അവന്‍റ വരവ്. തന്നെ കാണുമ്പോള്‍ അകലെ നിന്നുതന്നെ ദീദീ യെന്നു വിളിച്ച്   ഓടിയെത്തും. തനിക്കറിയാവുന്ന ഹിന്ദിയില്‍ ഞാന്‍ അവനുമായി ആശയവിനിമയം നടത്തി.

അവന് എഴുതാനും വായിക്കാനും അറിയാം. വീട്ടിലെ വിവരങ്ങള്‍ അറിയാന്‍  അവന് അതിയായ ആഗ്രഹമുണ്ടെന്ന്  മനസ്സിലായി.  ഒരുദിവസം  ഒരു പേനയും കുറച്ചു പേപ്പറും കവറും ഒക്കെയായിട്ടാണ്  ചെന്നത്. അവന് അമ്പിളി മാമനെ കിട്ടിയ സന്തോഷമായിരുന്നു. കത്തെഴുതി  കൈയ്യില്‍  തന്നു.അഡ്രസ്സും പറഞ്ഞു തന്നു.മറുപടിക്കായി സ്വന്തം അഡ്രസ്സും അകത്തു വെച്ചു.താന്‍ തന്നെ കത്തു പോസ്റ്റു ചെയ്തു.

           ഒരാഴ്ച കഴിഞ്ഞപ്പോള്‍ അവന്‍റ വീട്ടില്‍ നിന്നും അനുജത്തി എഴുതിയ മറുപടി വന്നു.. അതുവായിച്ച് അവന്‍ ഒരുപാടു സന്തോഷിച്ചു.
ആ എഴുത്തു കുത്തുകള്‍ അങ്ങനെ  തുടര്‍ന്നുകൊണ്ടേയിരുന്നു.ഒപ്പം താനും അവനും അവന്‍റ കുടുംബാംഗങ്ങളും തമ്മിലുള്ള ബന്ധവും.എഴുത്തില്‍ എപ്പോഴും ഒരുവരി  ഹിന്ദിയില്‍          എനിക്കും കാണും.    ദീദിക്കു സുഖമാണോ?”

അവന്‍റ അമ്മയും അനുജത്തിമാരുമായിപ്പോലും താന്‍ മാനസ്സികമായി ഒരുപാടടുത്തുകഴിഞ്ഞു.
അവന്‍ കുറെശ്ശേ  തന്നില്‍ നിന്നും മലയാളം  വശത്താക്കി ത്തുടങ്ങി.
                       ഒരു ദിവസം അദ്ദേഹം ഒഫീഷ്യല്‍  ടൂറു പോയ ദിവസം, ജോലികഴിഞ്ഞ് അവനെയും കൂട്ടി ഞാന്‍ വീട്ടിലെത്തി.ഗേറ്റില്‍ നിന്നും അകത്തോട്ട് വിളിച്ചിട്ട് അവന്‍ കയറുന്നില്ല.ആകെ പരിഭ്രമം.
   വേണ്ടാ ദീദീ ഞാന്‍ ഇവിടെ നിന്നോലാം.അവന്‍ മലയാളത്തില്‍ പറഞ്ഞൊപ്പിച്ചു.

താന്‍ അവന്‍റ കൈയ്യില്‍ ബലമായി പിടിച്ചു വലിച്ചു വീട്ടില്‍ കൊണ്ടുവന്നിരുത്തി. സോഫായില്‍ പകുതി ഇരുന്നു ഇരുന്നില്ല എന്ന പരുവത്തില്‍. അവന്‍   പറഞ്ഞു, അവന്‍റ നാട്ടില്‍ ജന്മികള്‍ക്കാണ് ടെറസ്സു വീടെന്നും, അതിന്‍റ മുറ്റത്തേ  അവരെ നിര്‍ത്തുകയുള്ളു എന്നും അകത്തേക്കു കേറുവാന്‍ അനുവാദമില്ലായെന്നും മറ്റും.

 അവന് ഇഷ്ടം പോലെ ഭക്ഷണം കൊടുത്തു.അവനായി വാങ്ങി വെച്ചിരുന്ന ഒരു പാന്‍റും ഷര്‍ട്ടു കൊടുത്തു. അവന്‍റ കണ്ണില്‍ ആയിരം തിരിയുള്ള കല്‍വിളക്കു തെളിച്ച വെളിച്ചം. അതിന്‍റ
പ്രകാശം തന്‍െറ മനസ്സില്‍ നിറഞ്ഞു. അവന്‍ പറഞ്ഞു...
        
                                       
  ഏജന്‍റു നല്‍കുന്ന ശമ്പളം പകുതിമാത്രം.പകുതി ഇടനിലക്കാര്‍ക്കുള്ളതാണ്. അത് ആഴ്ചയിലൊരിയ്ക്കല്‍ വീട്ടില്‍ എത്തിക്കും.അമ്മ  മട്ടിഹാണിയില്‍ ഒരു  കൂര തട്ടികൂട്ടുകയാണ്.
. അടുത്ത പൂജയ്ക്ക് നാട്ടില്‍ പോകണമെന്നും പറഞ്ഞു.
ദീദി കൂടെ വരുമോ?” അവന്‍റ നിഷ്ക്കളങ്കമായ ചോദ്യം.താന്‍ നിരാശപ്പെടുത്തിയില്ല.
   ഒരു ദിവസം വരും. നിന്‍റയമ്മ ബസന്തിയെ കാണാന്‍. നിന്‍റ സഹോദരിമാര്‍  കാജലിനെയും
ബാദലിനെയും കാണാന്‍..    ഒരുദിവസം ദീദീ വരും....   അവനെ യാത്രയാക്കി.
            വീണ്ടും ദിവസങ്ങള്‍ കടന്നുപോയി. താന്‍ ഏജന്‍റിന്‍റ നോട്ടപ്പുള്ളിയായി.
അവനുമായിട്ടുള്ള കൂടിക്കാഴ്ച അയാള്‍ക്ക് ഒട്ടും ഇഷ്ടപ്പെടുന്നില്ലയെന്ന്  തനിക്കു മനസ്സിലായി. അതുകൊണ്ട് അവന്‍റ അടുത്തേക്കുള്ള പോക്കുവരവിന്‍റ കാലയളവു കൂട്ടി..  അങ്ങിനെയിരിക്കെ    ഒരു ദിവസം  വീണഅടും  അവന്‍റ ടെന്‍റില്‍  ചെന്നു.അന്നവന് അത്യധികം ഉത്സാഹം ആയിരുന്നു.തന്നെ അകത്തു കൊണ്ടുപോയി ഒരു പായില്‍ ഇരുത്തി..

ദീദീ കണ്ണടയ്ക്കാന്‍  അവന്‍  പറഞ്ഞു.  പറഞ്ഞതുപോലെ ഞാന്‍ കണ്ണടച്ചു. തന്‍റ വലതുകൈയില്‍
എന്തോ അവന്‍ കെട്ടുന്നു.ഞാന്‍ പതുക്കെ കണ്ണുതുറന്നു.അതെ , അവന്‍ അവന്‍റ ദീദിക്ക് സാഹോദര്യത്തിന്‍റ പ്രതീകം,.ഒരു മഞ്ഞച്ചരട്....കെട്ടുകയായിരുന്നു.   അവന്  അത്  സ്വര്‍ണ്ണ നൂലിനെക്കാള്‍വിലപിടിപ്പുള്ളതാണെന്ന് അവന്‍റ മുഖം വിളിച്ചോതുന്നുണ്ടായിരുന്നു.അന്ന്

രക്ഷാബന്ധന്‍ദിനമായിരുന്നു.”. താന്‍ അവന് പതിവായി കൊടുക്കാറുള്ള മധുരപലഹാരങ്ങള്‍‍.
കൊടുത്തു. അന്ന് ഞങ്ങള്‍ രണ്ടുപേരും കൂടി അതുപങ്കിട്ടു.
     ദിവസങ്ങള്‍ വീണ്ടും കടന്നുപോയി.കാലവര്‍ഷം തകര്‍ത്തു പെയ്യുന്നു.ജപ്പാന്‍കുടിവെള്ളത്തിന്‍റ
കുഴിയെടുക്കല്‍ ഏകദേശം തീരാറായി. കുഴിയെടുക്കുന്നിടത്തൊന്നും  കാണാഞ്ഞിട്ടാണ് ഞാന്‍ അവന്‍റ     ടെന്‍റിലേക്ക്  പോയത്.അതിനകത്തേക്ക് നോക്കി.അതാ അവിടെ മൂടിപ്പുതച്ച് അവന്‍ കിടക്കുന്നു. താന്‍ അകത്തു കയറി വിളിച്ചു.

                                                    “പങ്കജ്.
    ..ദീദീ...ദീദീ..” അവന്‍െറ അവശതയാര്‍ന്ന സ്വരം

       അടുത്തു ചെന്നു.തൊട്ടു നോക്കി.പൊള്ളുന്ന ചൂട്.  എനിക്കു മനസ്സിലായി . ഡങ്കിപ്പനി സിറ്റിയില്‍ പടര്‍ന്നു പിടിച്ചിട്ടുണ്ട്. ഉടനെ എന്തെങ്കിലും ചെയ്യണം തനിയ്ക്ക്
ഉത്തരവാദിത്തം എടുക്കാന്‍ പറ്റില്ലല്ലൊ. കൂട്ടു തൊഴിലാളികളുടെ അടുക്കലേക്ക്
 ചെന്നു.അവര്‍ ഏജന്‍റിന്‍റടുക്കല്‍   അന്നു കാലത്തു തന്നെ പറഞ്ഞിരുന്നു  എന്നാണ് അറിയാന്‍ കഴിഞ്ഞത്.അയാള്‍ അല്പം അകലെ മാറി നില്ക്കുന്നുണ്ടായിരുന്നു. താന്‍ ചെന്ന്
അയാളോട്  കാര്യം പറഞ്ഞു.

 നിങ്ങളുടെ ആരാ അവന്‍”  അയാളുടെ  ചോദ്യം    ഒരു കൊടുങ്കാറ്റുപോലെ..എന്‍റ മനസ്സില്‍
വീണ്ടും..വീണ്ടും ..  ആഞ്ഞടിച്ചു ഞാനൊരാത്മ  പരിശോധന നടത്തി . ശരിയാണ്.തന്‍റ ആരാ അവന്‍.
ഞാന്‍ അവന്‍റ ദീദീ എന്നു പറയാമോ ? പറ്റില്ല. തന്‍െറയും  അവന്‍റേയും മാത്രം ബന്ധം.
പണ്ട് സ്ക്കൂളില്‍, പ്രാര്‍ത്ഥന കഴിഞ്ഞു ചൊല്ലുന്ന  പ്രതിജ്ഞയിലെ ഒരു വരി മനസ്സില്‍  കിടന്നു
പിടയ്ക്കുന്നു.
എല്ലാ ഇന്‍ഡ്യാക്കാരും എന്‍റ സഹോദരീ സഹോദരന്‍മാരാണ്.
എന്‍റ മനസ്സിലൊരു ചോദ്യം പൊന്തി. അതിവിടെ ഇയാളോടു പറയാമോ?  
താന്‍ പറഞ്ഞു അവന് നല്ല പനിയുണ്ട്.എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കണം. ഇല്ലെങ്കില്‍..

തനിക്കത് പൂരിപ്പിക്കുവാന്‍ വാക്കുകള്‍ കിട്ടിയില്ല.
അയാളതു പൂരിപ്പിച്ചു.വളരെ നിസ്സാരമായി.
കൂടിവന്നാല്‍  അവനങ്ങു ചാകുമായിരിക്കും.


അയാള്‍എത്ര  ലാഘവത്തോടെ പറഞ്ഞു.
  “ചത്താല്‍”.താ ന്‍‍.  ചോദിച്ചു.

മെഡിക്കല്‍  കോളേജിലെ പിള്ളേര്‍ക്ക്.   അയാളൊന്നു നിര്‍ത്തി വീണ്ടും തുടര്‍ന്നു...
അനാഥ ശവം, അല്ലാതെ ഇതിനെയൊക്കെ പിടിച്ചോണ്ടു വന്നിടത്ത് ശവമെത്തിക്കാന്‍ പറ്റുമോ
എന്‍റ പെങ്ങളേ.  അയാളുടെ സംസാരത്തിന്‍റ  പരിഹാസച്ചുവ എന്നെ തളര്‍ത്തി.നല്ലവണ്ണം മദ്യപിച്ചിരുന്ന അയാള്‍    ദേഷ്യത്തോടെ പറഞ്ഞു നിര്‍ത്തി.
നിങ്ങളു തനിയെ പോകുമോ ,അതോ ഞാനോടിയ്ക്കണോ..

താന്‍ അടുത്തുള്ള മെഡിക്കല്‍ സ്റ്റോറില്‍ നിന്നും പനിക്കുള്ള ഗുളികകളും ഒരു കുപ്പി വെള്ളവും വാങ്ങി വീണ്ടും അവന്‍റ കൂടാരത്തിലേക്കു ചെന്നു. ആളനക്കം കേട്ടപ്പോള്‍ അവനു മനസ്സിലായി താന്‍ വീണ്ടും ചെന്നു എന്ന്.
അവന്‍റടുത്തിരുന്നു.. അവന്‍ വെള്ളം ചോദിച്ചു.  ഞാന്‍ കുപ്പിയുടെ അടപ്പു തുറന്ന് പതുക്കെ വെള്ളം അവന്‍റ വായിലേയ്ക്ക് ഒഴിച്ചു കൊടുത്തു.
അവന്‍     ദീദീ....എന്നു വിളിച്ചുകൊണ്ട്   തന്‍റ കൈകളിറുകെ  പിടിച്ചു.
ഭയ്യാ..താന്‍ മറ്റെ കൈകൊണ്ട് അവന്‍റ തലയില്‍ പതുക്കെ തലോടി..നിമിഷങ്ങള്‍ കടന്നുപോയി...
തന്‍റ കണ്ണുകളില്‍ നിന്നും വീണ ബാഷ്പ കണങ്ങള്‍
അവന്‍റ  മുഖത്ത് ചിന്നിചിതറി.അതവന്‍റ മനസ്സില്‍ കുളിരേകിയോ..?                 ..
  പതുക്കെയെണീറ്റു.  വഴിനീളെ ജോലിയ്ക്കു പറ്റാത്ത മാടുകളെ   കൂട്ടം കൂട്ടമായി അറക്കാന്‍ കൊണ്ടു പോകുന്ന കാഴ്ച കണ്ടു...

അസുഖം കൂടുതലായ അവനെ തിരിച്ചവന്‍റ നാട്ടിലോട്ട് വിടുകയാണെന്ന് ഞാനറിഞ്ഞു.

പിറ്റേന്ന്  കാലത്ത് റെയില്‍ വേ സ്റ്റേഷനില്‍  അവന്‍റ കണ്ണുകള്‍ തനിയ്ക്കവേണ്ടി പരതുന്നു. താന്‍
ഓടി എത്തി. ഇനി നിമിഷങ്ങള്‍ മാത്രം.. അവന്‍ കംപാര്‍ട്ടുമെന്‍റിലെ അഴികള്‍ക്കിടയിലൂടെ തന്നെ വിളിച്ചു...ദീദീ.....അവസാനമായി..താനവന്‍റ അടുത്തുചെന്നു. ആകൈകള്‍ എന്‍റടുത്തേയ്ക്കു
നീണ്ടു. രാഖിയുടെ നുലിഴകളില്‍ അതുപരതി...ഞാനാവിരലുകളില്‍..എന്‍റ കുഞ്ഞനിയനോ..അതോ..എന്‍റ മോനോ..ഒരു മുത്തം..ഒരു ചക്കരമുത്തം..

     ദൈന്യതയാര്‍ന്ന് ക്ഷീണിച്ച  അവന്‍റ കണ്ണുകളില്‍ ജ്വലിച്ച പ്രകാശത്തിന് ആയിരം

സൂര്യന്‍മാരെ തോല്പിക്കുവാനുള്ള തേജസ്സു  താന്‍ കണ്ടു..      


അവനെയും വഹിച്ചുകൊണ്ടു തീവണ്ടി മുന്നോട്ടു നീങ്ങി..അപ്പോഴും  ഞാനാ ചെമന്ന അക്ഷരങ്ങളോര്‍ത്തു.
 ..       

"ഹാപ്പി ജേണി ഈസ്റ്റേണ്‍ റെയില്‍ വേ !"

തിരിച്ചു വീട്ടിലേയ്ക്കു നടക്കുമ്പോള്‍ മനസ്സില്‍ പണ്ട് പറഞ്ഞു പതിഞ്ഞ വാചകം
തികട്ടി വന്നു

 “എല്ലാ ഇന്‍ഡ്യാക്കാരും എന്‍റ സഹോദരീ സഹോദരന്‍മാരാണ്.




                                              
                                       


Related Posts Plugin for WordPress, Blogger...