Saturday, August 4, 2012

അഭിനവ രാവണന്‍മാര്‍ (31-7-2012 ദേശാഭിമാനി പത്രത്തിന്‍റ സ്ത്രീഎന്നപംക്തിയില്‍ പ്രസിദ്ധീകരിച്ചത്)
 

 രാവണന്‍   സീതയെ      തോളത്ത്    എടുത്തിട്ടുകൊണ്ട്    പുഷ്പകവിമാനത്തില്‍കയറ്റി    ലങ്കയിലേക്കു കൊണ്ടുപോയ ചിത്രങ്ങള്‍കണ്ടിട്ടുണ്ട്.
 അതിനു സമാനമായ ഒരു സംഭവമാണ് കേരളത്തിന്‍റെ ഭരണ സിരാ കേന്ദ്രമായ തിരുവനന്തപുരത്ത് സിറ്റിയുടെ നടുക്ക്  കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ്  നടന്നത്.
 തലസ്ഥാന നഗരിയിലെ ഹൃദയഭാഗത്തുള്ള    ഒരു റോഡില്‍ കൂടി പട്ടാപ്പകല്‍ കൂട്ടുകാരികളുമായി ട്യൂഷനു പോയി തിരികെ വന്ന ഒരു സ്ക്കൂള്‍  വിദ്യാര്‍ത്ഥിനിയെ  ആണ്     ഒരു  അന്യസംസ്ഥാനക്കാരന്‍ തോളിലെടുത്തിട്ടുകൊണ്ട്  തട്ടിക്കൊണ്ടുപോകാന്‍ തുനിഞ്ഞത്.
ഇവിടെയുള്ളവരുടെ പീഡനം കണ്ടിട്ടായിരിക്കാം ഇപ്പോള്‍ അന്യസംസ്ഥാനക്കാരും കേരളത്തിലെ പെണ്‍കുട്ടികളെ ആക്രമിക്കാന്‍ തുനിയുന്നത്.
പതിമൂന്നര ലക്ഷത്തോളം അംഗസംഖ്യ ഉള്ള ഇവര്‍ എവിടെ നിന്നു വന്നെന്നോ എവിടേക്ക് പോകുന്നെന്നോ നമ്മുടെ ഭരണാധികാരികള്‍ ശ്രദ്ധിക്കാതെയിരിക്കുന്നത് ഗുരുതരമായ പ്രത്യാഘതങ്ങള്‍ക്ക് ഇടവരുത്തുമെന്ന് നിസ്സംശയം പറയട്ടെ.
 പണ്ടൊന്നുമില്ലാത്തവിധം സ്ത്രീകളുടെ നേരെയുള്ള അതിക്രമം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുകയാണല്ലോ. നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയില്‍ എന്തു കുറ്റം ചെയ്താലും ഊരി പുറത്തു വരുവാനുള്ള പഴുതുകളേറെയുണ്ടല്ലൊ.
ഞാനൊക്കെ വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ സ്ക്കൂളും കോളേജും ഒക്കെ കഴിഞ്ഞ് സന്ധ്യമയങ്ങി ബസ് സ്റ്റോപ്പില്‍ വന്നിറങ്ങിയാല്‍ ഒരു പേടിയും ഇല്ലാതെ  നടവഴിയില്‍ കൂടി വീട്ടില്‍ നടന്നെത്തുന്ന പതിവായിരുന്നു. അഥവാ അല്‍പ്പം കൂടി ഇരുട്ടായാല്‍ ചുറ്റിനും നോക്കും പരിചയമുള്ള  ഏതെങ്കിലും സഹോദരന്മാര്‍ റോഡിലെവിടെയെങ്കിലും ഉണ്ടോയെന്ന്. ഉണ്ടെങ്കില്‍ അവരോടു ചോദിക്കും ഒന്നു വീടുവരെ കൊണ്ടാക്കുമോ എന്ന്.  അമ്മ പെറ്റ ആങ്ങളമാരെക്കാളും സുരക്ഷിതമായിട്ട് അവര്‍ വീട്ടില്‍ കൊണ്ടുവന്നാക്കും. ഇതില്‍ അല്‍പ്പം പോലും അതിശയോക്തിയില്ല. തികച്ചും സത്യമാണ്. പക്ഷെ ഇന്നത്തെ ഈ മാറിയ പരിതസ്ഥിതിയില്‍  ഒരാളിനേയും വിശ്വസിക്കുവാന്‍ പറ്റാതെയായിരിക്കുന്നു.
 പഴയ നാടും സ്ഥലങ്ങളും ഒക്കെ തന്നെയാണ് ഇപ്പോഴും ഉള്ളത്. എന്നാല്‍ മനുഷ്യരുടെ മനസ്സാണ് മാറിപ്പോയത്. ഇപ്പോഴത്തെ വാര്‍ത്താ മാധ്യമങ്ങളുടെയും ടീവി ചാനലിന്‍റയും  അതിപ്രസരവും  മനുഷ്യ മനസ്സിനെ വല്ലാതെ സ്വാധീനിച്ചിരിക്കുന്നു. ടീവിയില്‍ ഒരു സെന്‍സര്‍ഷിപ്പും ഇല്ലാതെ   സ്ത്രീ ശരീരത്തിനെ വെച്ചുള്ള പരസ്യങ്ങളും മറ്റുള്ള സീരിയലുകളും സിനിമയും ഒക്കെ ഇതിനൊരു നിര്‍ണ്ണായക ഘടകങ്ങളാണെന്ന് എടുത്തു പറയട്ടെ. അതേപോലെ തന്നെ വെട്ടും കുത്തും ഒക്കെയുള്ള സിനിമയുടെ അതിപ്രസരവും.
പെണ്‍കുട്ടികള്‍ക്ക് സ്വയരക്ഷയ്ക്കായി സ്ക്കൂളുകളില്‍ കരാട്ടെ ക്ലാസ്സുകളോ അടിതടയോ ഒക്കെ പാഠ്യ പദ്ധതിയില്‍ ഉള്‍ പ്പെടുത്തിയാല്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഒരുപരിധിവരെ രക്ഷനേടാനാകുമായിരിയ്ക്കാം.
സൌമ്യാ വധക്കേസിലെ ഗോവിന്ദചാമിമാരെ രക്ഷിക്കാന്‍ വന്നതുപോലെ      ഈ അഭിനവ രാവണന്മാരെയും  രക്ഷപ്പെടുത്തിയെടുക്കുവാന്‍  പിന്നണിയില്‍ ഏറെ ആള്‍ക്കാര്‍ ഉണ്ടാകും എന്ന് എടുത്തു പറയട്ടെ.
 ഇങ്ങനെ പോകുകയാണെങ്കില്‍   നമ്മുടെ പെണ്‍കുട്ടികള്‍ക്ക് കേരളത്തിലെ നടവഴിയും റോഡും ഒക്കെ അന്യമാകുവാന്‍ പോകുന്ന കാലം അതി വിദൂരമല്ല.     അവര്‍ ഒരുകാലത്ത് പറയുമായിരിക്കും നമ്മുടെ അമ്മയും അമ്മുമ്മയും ഒക്കെ ഇതുവഴി ഒറ്റക്കു നടന്നു പോയ ഒരു കാലമുണ്ടായിരുന്നു എന്ന്.             അങ്ങനെ  ഭാവിയില്‍ പറയാന്‍  ഇടവരാതിരിക്കട്ടെ!!

17 comments:

 1. യാതൊരു സംശയവും ഇല്ലാതെ ഇങ്ങനെ തുറന്നു വിടുന്നത് വളരെ അപകടം തന്നെ.
  ഞാന്‍ കഴിഞ്ഞ തവണ നാട്ടില്‍ ചെന്നപ്പോള്‍ അവിടെ(ഗ്രാമമാണ്) മുഴുവന്‍ നേപ്പാളികള്‍ ആണ്. ആ പ്രദേശത്തെ ഓരോ ചെറുപ്പക്കാരും, പരിചയമില്ലാത്ത ആരെക്കണ്ടാലും അന്ന് അവരെ വിളിച്ച് അവരുടെ വിവരങ്ങള്‍ തിരക്കുകയും വിശദവിവരങ്ങള്‍ അന്വേഷിക്കുകയും കൂടാതെ രാത്രിയില്‍ കൂടുതല്‍ കറങ്ങി നടക്കരുത്‌ എന്ന താക്കീതും നല്‍കുന്നത് കണ്ടപ്പോള്‍ എനിക്ക് തോന്നിയത്‌ അത് ശരിയല്ല എന്നായിരുന്നു. പിന്നീട് ആലോചിച്ചപ്പോള്‍ അതാണ്‌ ശരി എന്നും തോന്നി. ഇത്തരം ചില സൂക്ഷിക്കലുകള്‍ നമുക്ക്‌ ചെയ്യാം എന്നത് നമ്മള്‍ ചെയ്യുക (സദാചാര പോലീസ്‌ ചമയുക എന്നല്ല ഉദേശിച്ചത്. ഏതു കാര്യത്തിനും രണ്ടു വശം ഉണ്ടല്ലോ. കക്കാനും കയ്യിട്ടു വാരാനുമാല്ലാതെ നാട് നന്നായി കാണാന്‍ ഭരണാധികാരികള്‍ ഇല്ലല്ലോ!

  ReplyDelete
 2. പെണ്ണുങ്ങള്‍ ജാകരൂകരാവുക. അതേയുള്ളൂ ഒരു വഴി. പിന്നെ എന്തിനും തയാറാണ് എന്ന മനസ്ഥിതി ഒഴിവാക്കുകയും.

  ReplyDelete
 3. പുരോഗതിയിലേക്ക് മുന്നേറുന്നുവെന്ന് നാം ധരിക്കുമ്പോഴും മനസ്സുകള്‍ ഇടുങ്ങിയതായി മാറിക്കൊണ്ടിരിക്കുന്നു.... തനിക്കോ തന്റെ കുടുംബത്തില്‍ ഉള്ളവര്‍ക്കോ ഒന്നും സംഭവിക്കില്ലെന്ന മിഥ്യാധാരണയും ആ ധാരണ മാറുമ്പോള്‍ മാത്രം സമൂഹത്തിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. സമൂഹം എന്നത് തങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് എന്നോര്‍മിക്കാതെ വിലപിചിട്ടെന്ത്...?

  സ്കൂളുകളില്‍ സ്വരക്ഷാപദ്ധതികള്‍ പഠനത്തില്‍ ഉള്‍പ്പെടുത്തേണ്ടതിനെപ്പറ്റി ആലോചിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു...!

  ReplyDelete
 4. രാവണന്മാരുടെ ഈ കാലത്ത്‌ നാം പുരോഗതിയെപ്പറ്റി പ്രതിനിമിഷം പ്രസംഗിക്കുമെങ്കിലും, ഗതി ശരിക്കെങ്ങോട്ടെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.
  കാലികം, ചിന്താദീപ്തം ഈ ലേഖനം.ഭീതിയുളവാക്കുന്നതും.

  ReplyDelete
 5. സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ കൂടിയിരിക്കുന്നു എന്നതില്‍ യാതൊരു തര്‍ക്കവുമില്ല. പക്ഷെ അത് അന്യസംസ്ഥാനക്കാര്‍,നമ്മുടെ നാട്ടുകാര്‍ എന്നിങ്ങനെ ഫോക്കസ് ചെയ്യേണ്ട കാര്യമുണ്ടോ? ഇക്കാര്യത്തില്‍ മലയാളികള്‍ ഒട്ടും മോശമല്ല. നീതി നടപ്പാക്കേണ്ട പോലീസുകാരും,സംരക്ഷിക്കേണ്ട മാതാപിതാക്കളും ഒക്കെ പല കേസിലും പ്രതിസ്ഥാനത്താണ്. അതുകൊണ്ട് എല്ലാ പോലീസുകാരും, അച്ഛന്മാരും മോശമാണെന്ന് പറയാന്‍ പറ്റില്ലല്ലോ. പിന്നെ അന്യസംസ്ഥാനത്തുനിന്ന് നിസ്സാരകൂലിക്ക് ഇറക്കുമതി ചെയ്യുന്ന തൊഴിലാളികളെ മലയാളി മുതലാളിമാര്‍ ദ്രോഹിക്കുന്ന വാര്‍ത്തകളാണ് കൂടുതല്‍ കേട്ടിരിക്കുന്നത്. അതെന്തായാലും വരുംകാലങ്ങളില്‍ നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ കൂടുതല്‍ ധൈര്യമായി,സ്വയംസംരക്ഷകരായെ പറ്റു എന്ന നിലയാണ് വന്നിരിക്കുന്നത്. പ്രസക്തമായ ലേഖനം കുസുമം.

  ReplyDelete
 6. ഇതൊരു സാമൂഹിക പ്രശ്നമാണ്. സ്ത്രീ മാത്രമായിട്ട് ഇതിനെ നേരിടാന്‍ പറ്റില്ല. മൊത്തം സമൂഹത്തിനും നമ്മുടെ നിയമപാലകര്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും എല്ലാം ഇക്കാര്യത്തില്‍ വലിയ വലിയ ചുമതലകളുണ്ട്. അതു കൃത്യമായി നിര്‍ വഹിക്കപ്പെടാതെ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയില്ല.അവരെ അതിനു പ്രേരിപ്പിക്കാന്‍ നമുക്ക് എന്തു ചെയ്യാനാവും എന്നതാണു നമ്മുടെ യഥാര്‍ഥ വെല്ലുവിളി.

  കുറിപ്പ് നന്നായി. അഭിനന്ദനങ്ങള്‍.

  ReplyDelete
 7. കാലികപ്രസക്തമായ ലേഖനം..അന്യ സംസ്ഥാനക്കാരും നമ്മെ നോക്കിയല്ലേ പഠിക്കുന്നത്.. ഇവിടെ പീഡനം ഒരു കല ആയിട്ട് കാലം ഏറെ ആയില്ലേ??? ഇന്ന് വരെ അതൊന്നു നിയന്ത്രിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ലല്ലോ.. എല്ലാ സ്ത്രീകളും സ്വയം രക്ഷക്കുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടു പിടിക്കുക.. അതേ വഴിയുള്ളൂ.. ഭരണകൂടം.. മണ്ണാങ്കട്ട.. അവിടെ കൊള്ള മുതല്‍ വീതം വെയ്പ്പിനെ ചൊല്ലിയുള്ള തര്‍ക്കം മാത്രം..

  ReplyDelete
 8. ഇക്കാര്യത്തിലുള്ള നമ്മുടെ നിർവ്വികാരത കണ്ടല്ലെ അന്യസംസ്ഥാനക്കാരും പഠിക്കുന്നത്. ഇത് സ്ത്രീകളുടെ മാത്രം പ്രശ്നമായി കാണാതെ സമൂഹത്തിനേറ്റ ഈ പുഴുക്കുത്ത് ഒറ്റക്കെട്ടായി നിന്നെതിർക്കാനുള്ള ശക്തിയാണ് വേണ്ടത്.. അതെങ്ങനെ നേടാമെന്നു അന്വേഷിക്കേണ്ടിയിരിക്കുന്നു.
  ആശംസകൾ...

  ReplyDelete
 9. വാസ്തവം, മൂല്യമുള്ള ഒന്നിനോടും ഏറിയ പേര്‍ക്കും ഒരു കമ്മിറ്റ്മെന്റും ഇല്ലാത്ത ഒരു കാലം വന്നിരിക്കുന്നു.
  ആകെ ജീവിത വീക്ഷണം തന്നെ മാറേണ്ടതുണ്ട്. നിയമം മാത്രം മതിയാവില്ല.
  എഴുത്ത് വളരെ നന്നായി

  ReplyDelete
  Replies
  1. നമ്മള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ട സമയമായിരിക്കുന്നു.... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... കൊല്ലാം............ പക്ഷെ തോല്‍പ്പിക്കാനാവില്ല ............... വായിക്കണേ.............

   Delete
 10. സ്ത്രീകളോട് മാത്രമല്ല ,എല്ലാ അക്രമങ്ങളും അപലപിക്കപെടെണ്ടാതാണ് ,എന്നാല്‍ ഇന്ന് അക്രമങ്ങള്‍ എല്ലാം വളരെ നിസംഗതയോടെ നോക്കി കാണുന്ന സമൂഹം ഒരു ചാനല്‍ വാര്‍ത്തയില്‍ കൂടുതല്‍ പ്രാധാന്യം ഒന്നും കാണുനില്ല എന്നത് വളരെ പരിതാപകരമാണ്

  ReplyDelete
 11. ഇത് സ്ത്രീകള്‍ക്ക് മാത്രം വിട്ടു കൊടുത്തു അവരോടു സ്വയം രക്ഷനേടാന്‍ പറഞ്ഞു.. പുരുഷന്‍ തടിയെടുക്കേണ്ട കേസല്ല....
  സ്ത്രീയും പുരുഷനും അടങ്ങുന്ന കുടുംബത്തില്‍ നിന്ന് മക്കളെ അമ്മയെയും പെങ്ങളെയും ആങ്ങളയും തിരിച്ചറിയാന്‍ പഠിപ്പിച്ചു തുടങ്ങണം... അവരാണ് നാളെ സമൂഹത്തിലിരങ്ങേണ്ടാവര്‍ ... അല്ലാതെ അമ്മയും അച്ഛനും റോഡില്‍ പീടനങ്ങല്‍ക്കെതിരെ കരഞ്ഞത് കൊണ്ടും രാഷ്ട്രത്തിന്റെ പൊക്കിള്‍ ആവലാതി കൊണ്ടത്‌ കൊണ്ടും സമൂഹം നന്നാവില്ല....
  മുളയിലെ നുള്ളേണ്ട കളകള്‍ കുഞ്ഞു മനസ്സുകളില്‍ വളരാന്‍ വിട്ടു കൊടുക്കാതിരിക്കുക....കുഞ്ഞു മനസ്സുകള്‍ ആണായാലും പെണ്ണായാലും അച്ഛനമ്മമാരുടെ കൈവെള്ളയില്‍ വളരട്ടെ...
  കുറ്റ കൃത്യങ്ങള്‍ കുറയാതിരിക്കില്ല....
  ഇങ്ങനെയൊക്കെ പറയാമെങ്കിലും ഇതിനൊന്നും സമയം കാണില്ല അഭിനവ മിഥുനങ്ങള്‍ക്ക് ..:(

  ReplyDelete
 12. Shaleer Ali യുടെ അഭിപ്രായത്തോട് യോജിക്കുന്നു,
  ഇതു നാം തന്നെ വളര്തിയെടുക്കണ്ട ഒന്നത്രേ!
  സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്നു എന്ന് വീമ്പിളക്കി
  നാം നടന്നിട്ട് ഒരു കാര്യവുമില്ല, ഇതെപ്പറ്റി ഒരു സര്‍വ്വേ
  നടത്തിയാല്‍ അതിലും നാം തന്നെ മുന്നില്‍ എന്ന് കണ്ടെത്താം.
  നമ്മുടെ ഭവനങ്ങളും സ്കൂള്‍ കോളേജു തലങ്ങളിലും ഇതെപ്പറ്റി
  ഒരു awareness നമുക്ക് വരുത്തുവാന്‍ കഴിഞ്ഞാല്‍ നാം കുറെയെങ്കിലും
  വിജയിക്കും, നമ്മുടെ മാധ്യമങ്ങള്‍ക്കും ഇതില്‍ ഒരു പ്രധാന പങ്കു വഹിക്കാന്‍ കഴിയും
  കുസുമം കാലിക പ്രസക്തവും ചിന്തോദ്വീപകവുമായ ഒരു കുറിപ്പ്. ഇവിടെ വന്ന്നു പോയതായിട്ടാണ് ഞാന്‍ കരുതിയത്‌
  പക്ഷെ പേജുകള്‍ ചുറ്റി നടന്നപ്പോള്‍ കാര്യം പിടി കിട്ടി, എന്റെ ബ്ലോഗില്‍ വന്നതിലും അഭിപ്രായം പറഞ്ഞതിലും വീണ്ടം നന്ദി

  ReplyDelete
 13. നല്ല ലേഖനം..കാലിക പ്രാധാന്യമുള്ളതെന്ന് സംശയമില്ല.
  സ്നേഹത്തോടെ
  മനു..

  ReplyDelete
 14. എന്താ ചെയ്ക, ഞങ്ങളുടെ നാട്ടിലും സമാനമായ സംഭവം ഉണ്ടായി, ഒരു ലോറിക്കാരൻ...

  സ്വയരക്ഷക്കാവശ്യമായതും കൂടി സ്കൂളുകളിൽ പഠിപ്പിക്കേണ്ടതത്യാവശ്യം ഇപ്പോൾ

  ReplyDelete
 15. ഇതിലഭിപ്രായമിട്ട സുഹൃത്തുക്കളെ സന്തോഷം അറിയിക്കുന്നു.

  ReplyDelete
 16. കുസുമം അതിപ്രസക്തമായ പോസ്റ്റ്‌ ...വായിച്ചപ്പോള്‍ പേടിതോന്നുന്നു ..നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌((( പട്ടാപകല്‍ പോലും ദൈര്യമായിയാത്ര ചെയ്യാന്‍ നമ്മുടെ സമൂഹം നമ്മളടങ്ങുന്ന സമൂഹം അനുവദിക്കുന്നില്ല എന്നുവേണം കരുതാന്‍ .ഇവിടെ ഞാന്‍ വി .കെ യുടെയും ,ഷാനവാസ് സാറിന്റെയും അഭിപ്രായം തന്നെയാണ് പറയാനുദ്ദേശിച്ചത്..

  പിന്നെ നമ്മുടെ കുട്ടികള്‍ക്ക് സ്കൂള്‍ ,കോളേജു തലങ്ങളില്‍ ഇന്നത്തെ സാഹചര്യങ്ങളെ അതിജീവിക്കാന്‍ സ്വയം രക്ഷാ പഠനം ( കളരി ,കരാട്ടേ ക്ലാസുകള്‍ )അനിവാര്യമാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

  ReplyDelete

Related Posts Plugin for WordPress, Blogger...