Thursday, February 21, 2013

അടുത്ത രാത്രിയിലും കെണിയൊരുക്കി ശാരദ കാത്തിരുന്നു........(2013ഫെബ്രുവരിമാസത്തെ കുങ്കുമം മാസികയില്‍വന്നത്.)


                                          






 ജോലി ചെയ്യുന്ന സ്ഥലം അതെവിടെയായിരുന്നാലും സ്വസ്ഥതയുള്ളതായിരിക്കണം. അവിടെ മറ്റൊരാളുടെ ഇടപെടലോ കടന്നുകയറ്റമോ ജോലിചെയ്യുന്നവര്‍ക്കൊരു തടസ്സമായിക്കൂടാ. അങ്ങിനെ ഒരു തടസ്സമുണ്ടായാല്‍ അവര്‍ക്കത് നിയമപരമായി ചോദ്യം ചെയ്യാനുള്ള അവകാശം  വരെ ഏതൊരു ഇന്‍ഡ്യന്‍ പൌരനും ഉണ്ട് എന്നത് ഒരു വാസ്തവമാണ്.

   ജോലിക്കാരിയെ ആശ്രയിക്കാത്ത  ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവള്‍ക്ക് വീട്ടിലെ ഏറ്റവും അവകാശവും സ്വാതന്ത്ര്യവും ഉള്ള സ്ഥലം എന്നു പറയുന്നത് അടുക്കളയാണല്ലോ. അവിടെ ആര് അതിക്രമിച്ചു കടന്നാലും അതവള്‍ക്ക് സഹിക്കുവാന്‍ പറ്റുകയില്ല. അങ്ങിനെയുള്ള ഒരു അതിക്രമിച്ചു കടക്കലാണ് ശാരദയുടെ അടുക്കളയില്‍ നടന്നത്.

 ജോലിക്കാരെ ആശ്രയിക്കുന്നവരെ സംബന്ധിച്ചോളം  കിടപ്പുമുറിപോലും സ്വന്തമല്ലെന്ന് എടുത്തു പറയട്ടെ.  ജോലിചെയ്യാനുള്ള വിമുഖത മൂലം എല്ലാത്തിനും  കണ്ണടച്ചുകൊടുക്കുന്ന വീട്ടുകാരിക്ക് ചിലപ്പോള്‍  അവര്‍    കിടക്ക മുറി  കൈയ്യടക്കിയാലും  കണ്ണടച്ചു കൊടുക്കേണ്ടിവരും.

ഇതങ്ങനെയല്ല , എല്ലാം കൊണ്ടും  വൈഭവശേഷിയുള്ള നല്ലൊരു വീട്ടുകാരിയാണ് ശാരദ. അത് കൃഷ്ണന്‍ കുട്ടി-- അവളുടെ ഭര്‍ത്താവും സമ്മതിച്ച കാര്യമാണ്.
 ആ വീട്ടിലാകെ ശാരദക്ക് രഹസ്യമായി  എന്തെങ്കിലും സൂക്ഷിക്കാനുള്ള ഒരു ഒരു  രഹസ്യസങ്കേതം കൂടിയായിരുന്നു അവളുടെ അടുക്കള.
ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ രഹസ്യ അറകളില്‍ മറഞ്ഞിരിക്കുന്ന സ്വര്‍ണ്ണത്തിനേയും മാണിക്യത്തിനേയും പോലെ ശാരദയുടെ  അടുക്കളയിലെ രഹസ്യ അറകളില്‍ പട്ടു സാരികള്‍ തൊട്ട് സ്വര്‍ണാഭരണങ്ങള്‍ വരെയുണ്ട്.
വീട്ടുചെലവിന് കൊടുക്കുന്ന പൈസയില്‍ നിന്നും മിച്ചം പിടിച്ച് വാങ്ങുന്നതാണ്  അതെല്ലാം..
ചിലരു ചിലപ്പോള്‍ പറയുന്ന കാര്യങ്ങള്‍ അവരുടെ കാലം കഴിഞ്ഞാലും ചില സന്ദര്‍ഭങ്ങളിലോര്‍ത്തുപോകും. അതു മനസ്സില്‍ നിന്നും മായാതെ പൂപ്പലുപോലെ പറ്റിപ്പിടിച്ചു കിടക്കും.
 അതേപോലെ ഒരു കാര്യമായിരുന്നു ആഹാരം പാകംചെയ്യുന്നതിനെപ്പറ്റി സഹോദരസ്ഥാനീയനായ തന്‍റ ഒരു ബന്ധു  ഒരു ദിവസം പ്രഭാതഭക്ഷണം ഉണ്ടാക്കുന്ന സമയത്ത് ഭാര്യക്ക് പറഞ്ഞു കൊടുക്കുന്നതു കേട്ടത്.

 രാവിലത്തെ ഭക്ഷണത്തിലല്‍പ്പം ഉപ്പിന്‍റെ കുറവനുഭവപ്പെട്ട ഭാര്യയോട് ഭക്ഷണം ഉണ്ടാക്കുന്നത് ഭഗവാന് നേദ്യം സമര്‍പ്പിക്കുന്നതുപോലെ ശ്രദ്ധയോടെ വേണമെന്ന് പറഞ്ഞു കൊടുത്തപ്പോളവരു തിരിച്ചു പറയുന്നതുകേട്ടു എങ്കില്‍ നിങ്ങളിവിടെ വന്നിരുന്ന് നേദിച്ചോ..ഞാന്‍ വെളിയിലിറങ്ങിയേക്കാമെന്ന്. അതിനുത്തരം അദ്ദേഹത്തിന് പറയാനില്ലായിരുന്നു. ഞാന്‍ വിചാരിച്ചു അവര്‍ പറഞ്ഞത് എത്രയോ ശരിയാണ്. അല്‍പ്പം ഉപ്പും പുളിയും കുറഞ്ഞു പോയാല്‍... അടുക്കള ദര്‍ശിക്കാത്ത ഭര്‍ത്താക്കന്മാര്‍ വെളിയിലിരുന്നു ന്യായം പറയുമ്പോള്‍  ഓരോ നേരവും ഭക്ഷണം ഉണ്ടാക്കി  മുന്നിലെത്തിക്കുന്ന ഭാര്യ അതിനു വേണ്ടി തന്‍റെ കായികാധ്വാനം എത്രമാത്രം ചെലവഴിക്കുന്നുണ്ടെന്ന് അവരല്‍പ്പമെങ്കിലും ചിന്തിക്കുന്നില്ലല്ല്ലോ.

 അതേ പോലെ ആയിരുന്നു, ശാരദയുടെ ഭര്‍ത്താവും. ശാരദയുടെ ജോലിയുടെ പരിധിയില്‍ പെട്ട ഏരിയായിലേക്ക് ഒന്ന് എത്തിനോക്കുക പോലുമില്ലാതിരുന്നതു കൊണ്ട് ശാരദക്ക് ആശ്വാസമായിരുന്നു. തന്‍റെ നിധിനിക്ഷേപങ്ങളൊന്നും ഒരിക്കലും കണ്ടുപിടിക്കുകയില്ലല്ലോ എന്നുള്ള ആശ്വാസം.
പലപ്പോഴും ശാരദ വിചാരിക്കും എന്നെങ്കിലും ഇത് കണ്ടു പിടിക്കുകയാണെങ്കിലുണ്ടാകുന്ന പൊട്ടിത്തെറിക്കലിനേപ്പറ്റി. വിക്കി ലീക്സുകാരന്‍ കണ്ടു പിടിച്ച രഹസ്യങ്ങളേക്കാളും കോളിളക്കം പ്രതീക്ഷിക്കുന്നശാരദ അതിനുള്ള മറുപടിയും മനസ്സില്‍ രൂപപ്പെടുത്തിവച്ചിരുന്നു.
അറുത്ത കൈക്ക് ഉപ്പു തേയ്ക്കാത്ത സ്വന്തം സഹോദരന്‍റയോ അല്‍പ്പം സോഫ്റ്റു കോര്‍ണറുള്ള അനുജത്തിയുടേയോ ഒക്കെ പേരു പറഞ്ഞാണ് ഇതൊക്കെ ശാരദ ഒരോ പ്രാവശ്യവും  വീട്ടില്‍ പോയിവരുമ്പോള്‍ വെളിയിലിറക്കുന്നത്.

 അങ്ങിനെ സര്‍വ്വവിധ സ്വാതന്ത്ര്യത്തോടെയുള്ള തന്‍റെ മാത്രം ലോകത്തിലേക്ക് അനുവാദമില്ലാതെ  ഒരു അപരിചിതന്‍ വന്നിരിക്കുന്നു എന്ന് ശാരദക്ക്  മനസ്സിലായി.
 ഒരു ഗന്ധര്‍വ്വന്‍റെ ആഗമനം പോലെ എന്തൊക്കെയോ എപ്പോഴൊക്കെയോ അരുതാത്തത് ആ അടുക്കളയില്‍ നടക്കുന്നുണ്ടെന്ന് ശാരദക്ക് മനസ്സിലായി. ഒരു കാറ്റായി... ഒരു  മണമായി ..വരുന്ന ഗന്ധര്‍വ്വനെ പോലെ..അവളുടെ  കണ്ണില്‍പ്പെടാതെ കടന്നുകയറ്റക്കാരന്‍ തന്‍റെ സാന്നിദ്ധ്യം   അറിയിച്ചു കൊണ്ടിരുന്നു.  ..

ശാരദ വിചാരിച്ചു . എന്നെങ്കിലും തന്‍റെ കണ്ണില്‍ പെടും. പെടാതിരിക്കില്ല.

പെട്രോളിനൊപ്പം അരി പലവ്യജ്ഞനം സാധനങ്ങളുടെ വില കുത്തനെ ഉയരുന്ന വാര്‍ത്തകള്‍ വരുമ്പോള്‍ ശാരദയുടെ കണക്കു ബുക്കുകളില്‍ കൂട്ടലിന്‍റെയും കിഴിക്കലിന്‍റെയും വെട്ടും തിരുത്തും കൂടിക്കൂടി വന്നു കൊണ്ടിരുന്നു. കൃഷ്ണന്‍ കുട്ടിക്ക് ക്ഷാമബത്ത വര്‍ദ്ധിക്കുന്നതു് അറിയാന്‍ ആ ദിവസങ്ങളില്‍ ശാരദ പതിവായി  വര്‍ത്തമാനപ്പത്രത്തിന്‍റെ പേജുകളും പരതിക്കൊണ്ടിരുന്നു. അങ്ങിനെ  തന്‍റെ സ്വന്തം സമ്പാദ്യക്കണക്കുകളില്‍  അത്യാവശ്യത്തിനു അല്‍പ്പം    മാറ്റങ്ങളും വരുത്തി സ്വസ്ഥമായി കഴിഞ്ഞിരുന്ന നാളുകളൊന്നിലാണ് രാവിലെ എണീറ്റ് അടുക്കളയില്‍ വന്നപ്പോള്‍  ആ കാഴ്ച കാണുന്നത്.

ശാരദയിലെ കണക്കപ്പിള്ളയെയാണ് ആദ്യം അതു ബാധപോലെ പിടി കൂടിയത്. പിന്നീടാണ് ശാരദയിലെ പ്രതികാരദുര്‍ഗ്ഗ സടകുടഞ്ഞെഴുന്നേറ്റത്. ഇനി ഒരു നിമിഷം പോലും വെച്ചു പൊറുപ്പിക്കാന്‍ പറ്റുകയില്ല. തന്‍റെ സമ്മതമില്ലാതെ ജോലിസ്ഥലത്ത് അതിക്രമിച്ചു കയറി നാശം വിതച്ചവന്‍ തന്‍റെ ശത്രു തന്നെയാണ്.  ഇനി ഒരു  വിട്ടു വീഴ്ചയുമില്ല.
 പെണ്ണൊരുംപെട്ടാല്‍ പലതും സാധിക്കും എന്ന ദൃഢനിശ്ചയമായിരുന്നു ശാരദയുടെ കണ്ണുകളില്‍.
ശരിയാണ്. അതില്‍ കാര്യമുണ്ട്. ആ പറച്ചിലില്‍.
പെണ്ണൊരുമ്പെട്ടാല്‍....

 രാമരാവണയുദ്ധത്തിനു തുടക്കം കുറിച്ച രാവണ ഭഗിനി...ശൂര്‍പ്പണഖ രക്തവും ഒലിപ്പിച്ച് രാവണ സദസ്സില്‍ ചെന്നതിന്‍റെ ഫലം..രാമ രാവണ യുദ്ധം.
 അതേപോലെ അഴിച്ചിട്ട മുടിയോടെ നടന്ന പാഞ്ചാലി ...വസുദേവകൃഷ്ണനെ എപ്പോഴും ഓര്‍മ്മപ്പെടുത്തിയത് ആ അഴിച്ചിട്ട മുടികാണിച്ചായിരുന്നല്ലോ. അതു കെട്ടിവെയ്ക്കണമെങ്കില്‍ ദുശാസ്സനന്‍റെ മാറു പിളര്‍ന്ന രക്തം പുരട്ടണം. അവസാനം ദൂതിനായി പോകുമ്പോളും പാഞ്ചാലിക്ക് ഓര്‍മ്മപ്പെടുത്തുവാന്‍ തന്‍റെ അഴിഞ്ഞ കാര്‍കൂന്തലായിരുന്നല്ലോ. പരിണഫലമോ...കുരുക്ഷേത്രയുദ്ധം.
 അതേപോലെ ഇവിടെ ശാരദ ഒരുമ്പെട്ടു കഴിഞ്ഞു.

തന്‍റെ അധിനിവേശപ്രദേശത്ത് വന്ന്   അവിടെ കൈയ്യടക്കിയ ശത്രുവിനെ ഉന്മൂലനം ചെയ്യണം.
 അവള്‍ മനസ്സില്‍ കണക്കു കൂട്ടി. ഇനിയും ഒളിച്ചുവെച്ചാല്‍ രക്ഷയില്ല. കൃഷ്ണന്‍ കുട്ടിയെ അവള്‍ വിവരം ധരിപ്പിച്ചു. രാവിലെ എണീറ്റു വന്നപ്പോള്‍ കണ്ട കാഴ്ചയും കാണിച്ചു കൊടുത്തു. ഒരു എഫ്. ഐ. ആര്‍ തയ്യാറാക്കുന്ന സൂക്ഷ്മതയോടെ കൃഷ്ണന്‍കുട്ടി കാര്യങ്ങളുടെ നിജസ്ഥിതി കാണാന്‍ അടുക്കളയിലെത്തി. പക്ഷേ തന്‍റെ രഹസ്യ  അറകളിലേക്ക് കൃഷ്ണന്‍ കുട്ടിയുടെ ശ്രദ്ധ തിരിയാതിരിക്കാന്‍ ഒരു രാഷ്ട്രീയക്കാരന്‍റെ തന്ത്രപൂര്‍വ്വമുള്ള നയചാതുര്യത്തോടെ ശാരദ  സ്ഥിതിഗതികള്‍   കൈകാര്യം ചെയ്തു.

അവള്‍ പറഞ്ഞു." ഇന്നു തന്നെ ഇതിനൊരു തീരുമാനം വേണം.  ഞാനിന്നുവരെ ഇതുപോലൊന്നും ആവശ്യപ്പെട്ടിട്ടില്ല. " . ശരിയാണ് . കൃഷ്ണന്‍ കുട്ടി വിചാരിച്ചു. താനറിഞ്ഞ് അവള്‍ക്കും കുട്ടികള്‍ക്കും വല്ലതും  വാങ്ങി കൊടുക്കുന്നതല്ലാതെ ശാരദ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. അവളുടെ ആങ്ങളയും അനുജത്തിയും കൊടുക്കുന്നതൊക്കെ കൊണ്ട് അവള്‍ സംതൃപ്തയായിരുന്നു.
     ഇതിപ്പോളൊന്നും വാങ്ങിക്കൊടുക്കലല്ല.   ഇതൊരു കൊലപാതകമാണ്. അതിനാണ് കരുക്കളൊപ്പിക്കേണ്ടത്. താനിന്നു വരെ ഇങ്ങനെയൊരു കൃത്യം നടത്തിയിട്ടില്ല. അദ്ധ്യാപകനായ അച്ഛന്‍റെ ശിക്ഷണത്തില്‍  ശ്രീബുദ്ധ ചരിതവും  പഞ്ചതന്ത്ര കഥകളും ഒക്കെ കേട്ടു  വളര്‍ന്നതു കൊണ്ടായിരിക്കാം ചെറുപ്പത്തിലേ തന്നെ ഒന്നിനേയും കൊല്ലാനും ഉപദ്രവിക്കാനും ഉള്ള മനസ്സു വരാതിരുന്നത്. ഇതു പക്ഷേ കുടുംബപ്രശ്നമാണ്. ശത്രുവിനെ വകവരുത്തുവാനായി ശാരദ തീരുമാനിച്ചിറങ്ങിയിരിക്കുകയാണ്.
എന്തായാലും അര കൈ നോക്കുക തന്നെ. ഇങ്ങിനെയാണല്ലോ എല്ലാം പഠിക്കേണ്ടത്. ആദ്യത്തെ ഒരറപ്പേ കാണുകയുള്ളു. പിന്നെ ശീലമായിക്കൊള്ളും. അന്നൊരു കൊലപാതകി സിനിമയില്‍ പറഞ്ഞതും അങ്ങിനെയാണല്ലൊ.
കൃഷ്ണന്‍ കുട്ടി രണ്ടും കല്‍പ്പിച്ചാണ് അന്ന് ജോലിക്കു പോയത്.  ശാരദ പുറകേ ഓര്മ്മപ്പെടുത്താതിരുന്നില്ല.   അടുക്കളയിലെ കാര്യം. ചുറ്റിനും നോക്കി. അയല്‍പക്കക്കാര്  ആരെങ്കിലും കേള്‍ക്കുന്നുണ്ടോ എന്നു്.  ആ,  കേട്ടാല്‍  തന്നെ അടുക്കള സാമാനങ്ങളുടെ കാര്യം ആണെന്നു ധരിച്ചു കൊള്ളും. കൃഷ്ണന്‍കുട്ടി സമാധാനപ്പെട്ടു. അന്നുമൊത്തം കൃഷ്ണന്‍ കുട്ടി ഒരു ആരാച്ചാരുടെ മാനസ്സിക അവസ്ഥയെപ്പറ്റിയാണ് ചിന്തിച്ചത്..
 അയാള്‍  വിചാരിച്ചു. ഓരോരുത്തരേയും അന്‍പതും അറുപതും വെട്ടു വെട്ടി കൊല്ലുന്നെന്നു പറയുന്നു.  എങ്ങിനെയാണതു സാധിക്കുന്നത്! സ്വബോധത്തോടെ പറ്റുമോ. പച്ചജീവനെ വെട്ടിക്കൊല്ലാന്‍.
 ഇതും അതേപോലെ . എന്തുചെയ്യും? താനെങ്ങനെ ശാരദയുടെ ശത്രുവിനെ ഉന്മൂലനം ചെയ്യും?
 വൈകിട്ട് ഓഫീസില്‍ നിന്നും വരുന്നവഴി കൊല്ലാനുള്ള കെണിയും വാങ്ങിയാണ് വീട്ടിലെത്തിയത്.  
                     ശാരദക്കു സന്തോഷമായി.
രാത്രിയിലെ അത്താഴം കഴിഞ്ഞുവേണം കെണിയൊരുക്കാന്‍ . അന്ന് ഭക്ഷണം നേരത്തെ ആയിരുന്നു. കുട്ടികളേയും നേരത്തെ ഭക്ഷണം കൊടുത്ത് കിടന്നോളാന്‍ പറഞ്ഞു. കുഞ്ഞുങ്ങളു ക്രൂരത കണ്ടു പഠിക്കേണ്ട എന്നു കരുതി. വാങ്ങി ക്കൊണ്ടു വന്ന കെണി ഭംഗിയായി ഒരുക്കി വെച്ചിട്ട് കിടക്കയെ ശരണം പ്രാപിച്ച കൃഷ്ണന്‍ കുട്ടിയുടെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു.
 ഒരുവട്ടം പോലും കാണാത്ത ശത്രുവിനെ കൈയ്യോടെ പിടിക്കാന്‍ കെണിവെച്ച സന്തോഷത്താല്‍ ശാരദ വളരെ സന്തോഷത്തിലും.
.
രാവിലെ പതിവിലും നേരത്തെയെണീറ്റ ശാരദയുടെ ഉറക്കെയുള്ള വിളി കേട്ടാണ് കൃഷ്ണന്‍കുട്ടി യെണീറ്റത്. ഭാഗ്യക്കുറി അടിച്ച സന്തോഷം അവളുടെ മുഖത്ത്. കെണിയിലകപ്പെട്ട ശത്രു കുറ്റ ബോധത്തോടെ കെണിക്കകത്ത്. തന്നെ കൊല്ലരുതേയെന്ന് ആ ഒറ്റയാന്‍ തന്നെ നോക്കി കെഞ്ചുന്നതുപോലെ കൃഷ്ണന്‍കുട്ടിക്കു തോന്നി .
പിള്ളേരെണീക്കുന്നതിനു മുമ്പായിട്ട് കാര്യം കഴിക്കണം. ശാരദ പറഞ്ഞു. അവരിതു കാണേണ്ട. കണ്ടാല്‍ മനസ്സു ക്രൂരമാകും. കൃഷ്ണന്‍കുട്ടി വിചാരിച്ചു. തന്നെയും ഇങ്ങനെ വളര്‍ത്തിയതല്ലേ. നിവൃത്തിയില്ലാതല്ലേ ഇപ്പോള്‍ താനൊരു കൊലപാതകിയാകാന്‍ പോകുന്നത്. തനിക്കതിനു കഴിയുമോ. ശാരദ ബക്കറ്റില്‍ നിറയെ വെള്ളമെടുത്ത് മുറ്റത്തു വെച്ചു.
 ഇനി താമസിപ്പിക്കേണ്ട. ഇതിലോട്ട് മുക്കിപ്പിടിച്ച് പതുക്കെ തുറന്നാല്‍ മതി. തൂക്കിലേറ്റാനുള്ള കുറ്റവാളിയെ കറുത്ത തുണി മുഖത്തിട്ടു മൂടി കഴിഞ്ഞു. ഇനി കൊലക്കയര്‍ കഴുത്തിലിട്ട് ലിവര്‍ വലിക്കുകയേ വേണ്ടു.ആരാച്ചാരുടെ ജോലിയുടെ കൃത്യത നിരീക്ഷിക്കാന്‍   കൂടെ  നില്‍ക്കുന്ന   ജയിലുദ്യോഗസ്ഥനെപ്പോലെ  ശാരദ കൃഷ്ണന്‍കുട്ടിയുടെ  ജോലിയുടെ ഓരോ ചലനങ്ങളും നിരീക്ഷിച്ചുകൊണ്ട്.നില്‍ക്കുന്നു.
കൃഷ്ണന്‍കുട്ടി ശ്വാസം അടക്കിപ്പിടിച്ച്    കണ്ണുമടച്ചുകൊണ്ട്    പതുക്കെ വെള്ളത്തിലോട്ട് താഴ്ത്തി എലിപ്പെട്ടിയുടെ മൂടി തുറന്നതും  എങ്ങിനെയോ മുങ്ങിപ്പൊങ്ങിയ എലി നിമിഷ നേരം കൊണ്ട് ചാടി അപ്രത്യക്ഷമായതും ഒരുമിച്ചായിരുന്നു.
" അന്‍പത്തി മൂന്നു വെട്ടു വെട്ടി  മുട്ടനാമുട്ടനൊരാമ്പ്രന്നോനെ കൊല്ലാനെന്തെളുപ്പമായിട്ട് ആണുങ്ങളുചെയ്തു. ഒരെലിയെക്കൊല്ലാനറിയാത്ത നിങ്ങളൊരാണാണോന്നാ ഇപ്പോളെന്‍റെ സംശയം."
അടുക്കളയിലെ ഉരുളന്‍ കിഴങ്ങും സവാളയും  കരണ്ട് നഷ്ടപ്പെടുത്തിയ ദേഷ്യം മാത്രമായിരുന്നില്ല ശത്രുവിനോട്, അടുക്കളയിലൊളിച്ചു വെച്ചിരുന്ന പട്ടുസാരി നുറുക്കിയ ദേഷ്യമത്രയും ശാരദയുടെ ആ വാക്കുകളിലുണ്ടായിരുന്നു.
അതറിയാത്ത കൃഷ്ണന്‍ കുട്ടി മനസ്സില്‍ പറഞ്ഞു.
ആണാകണമെങ്കില് കൊല്ലണമെന്നുണ്ടോ. ഞങ്ങളു തമ്മില്‍ രാഷ്ട്രീയമായി ഒരു വൈരവും ഇല്ലല്ലോ ശാരദേ.....ജീവന്‍ കൊടുക്കാന്‍ കഴിവില്ലാത്തവന് ജീവനെടുക്കാനെന്തവകാശം.

വീണ്ടും അടുത്ത രാത്രിയിലും  കെണിയൊരുക്കി ശാരദ കാത്തിരുന്നു........

29 comments:

  1. അമ്പടാ! ശാരദേ......
    വരമാനമില്ലാത്ത വീട്ടമ്മമാര്‍ പലരും ഇങ്ങനെ സാരിയും പാത്രങ്ങളും പണ്ടങ്ങളും വാങ്ങുന്നതും കഥ പറയുന്നതും കണ്ടിട്ടുണ്ട്. പരിഭ്രമം കാണുമ്പോഴേ അതു കഥയാണെന്ന് അറിയുകയും ചെയ്യും.
    കഥ ഇഷ്ടപ്പെട്ടു, അഭിനന്ദനങ്ങള്‍.

    ReplyDelete
  2. എവിടെയും എലികളുടെ നുഴഞ്ഞുകയറ്റം.........കൊല്ലാതെ വയ്യല്ലോ വിലപിടിപ്പുള്ളതൊക്കെ കൊത്തി നുറുക്കും..ഇനിയും കെണിവച്ച് കാത്തിരിക്കാം....വീഴും വീഴാതിരിക്കില്ലാ.........ആശംസകൾ

    ReplyDelete
  3. നല്ല കഥ ,നന്നായി പറഞ്ഞു

    ReplyDelete
  4. ആദ്യത്തെ ഒരറപ്പേ കാണുകയുള്ളൂ. പിന്നെ ശീലമായിക്കോളും.
    കടന്നുകയറ്റം വലിയ പ്രശ്നമാണ്.
    കഥ നന്നായി അവതരിപ്പിച്ചു.

    ReplyDelete
    Replies
    1. അതെയതെ റാംജി ആദ്യത്തെ ഒരറപ്പേകാണു.

      Delete
  5. കെണിയിലകപ്പെട്ട എലിയുടെ മുഖം എന്ത് പഞ്ചപാവമാണ്...!!
    കഥ കൊള്ളാം കേട്ടോ

    ReplyDelete
    Replies
    1. മാഷേ ഈ വരവിനും അഭിപ്രായത്തിനും സന്തോഷം

      Delete
  6. കൃഷ്ണൻകുട്ടി മനസ്സിൽ പറഞ്ഞത് ഉച്ചത്തിൽ വിളിച്ചുപറഞ്ഞിരുന്നെങ്കിൽ....
    കഥ ഇഷ്ടമായി ചേച്ചി. ലളിതം! സുന്ദരം!!

    ReplyDelete
    Replies
    1. പ്രദീപെ ഉച്ചത്തില്‍ പറയണം. എന്നാലെ ശരിയാകു.

      Delete
  7. കൊള്ളാം, കഥ!
    രസകരമായി എഴുതി.
    അഭിനന്ദനങ്ങൾ!

    ReplyDelete
  8. കഥ ഇഷ്ട്ടപ്പെട്ടു ,ഒരു കുഞ്ഞിന്റെ കൌതകത്തോടെ ആണ് കഥയെ സപീമിച്ചിരിക്കുന്നു ,പക്ഷെ കഥയുടെ മധ്യത്തില്‍ ഇത്തിരി പരത്തി പറഞ്ഞു അത് പോലെ കഥ വായിക്കുന്നതിനു മുന്‍പേ ആരാണ് ശത്രു വന്നു മനസിലാവുനുമുണ്ട് പക്ഷെ മൂഷികനെ കൊല്ലാന് സാധിക്കാതെ പോകുന്ന ക്ലൈമാക്സ്‌ ഇഷ്ട്ടപ്പെട്ടു

    ശാരദ കാത്തിരിക്കുന്നു വീണ്ടും

    ReplyDelete
    Replies
    1. കെണിയില്‍ എലി വീഴട്ടെ.അഭിപ്രായത്തിന് സന്തോഷം

      Delete
  9. ചേച്ചീ, കഥയും നല്‍കുന്ന സന്ദേശവും ഇഷ്ടമായി ...

    ReplyDelete
  10. അടുക്കള കഥ ഇഷ്ട്ടമായി. എനിക്കും വീട്ടില്‍ ഏറ്റവും ഇഷ്ട്ടപ്പെട്ട ഇടം അടുക്കളയാണ്‌. ഒരാളുടെ മനസ്സില്‍ കയറുവാന്‍ ഏറ്റവും എളുപ്പമുള്ള വഴി, അയാളുടെ വയര്‍ ആണെന്ന് അമ്മ പറയുമായിരുന്നു. ഇഷ്ട്ടപ്പെട്ടവളുടെ ചുംബനം പോലെ മധുരം തന്നെ മനസ്സ് നിറയുന്ന ഭക്ഷണവും. വീട്ടമ്മമാരുടെ സ്വകാര്യ അഹങ്കാരമാണ് അവരുടെ അടുക്കള. എന്റെ പ്രിയതമ അടുക്കളയെ അവളുടെ കുഞ്ഞിനെപ്പോലെ നോക്കി നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അപ്പോള്‍ അടുക്കളയിലെ കടന്നു കയറ്റങ്ങള്‍ നിസ്സാരമല്ല.

    ReplyDelete
    Replies
    1. ഭാനുവെ അതു ഞങ്ങളുടെ സ്വന്തം.

      Delete
  11. ഹ.. ഹ..

    ഒരെലിയെ കൊല്ലാന്‍ അറിയാത്ത നിങ്ങള്‍ ..!!!

    അതിനു എനിക്ക് രാഷ്ട്രീയ വൈര്യമോ ...
    (കൊട്ടെഷന്‍ പണിയും ..!!)
    ഒന്നുമില്ലല്ലോ എലിയും ആയി അല്ലെ ??

    രണ്ടു പേരുടെയും വികാരങ്ങള്‍ വളരെ നന്നായി
    പ്രതിഫലിപ്പിച്ചു കേട്ടോ....

    അടുക്കള ക്കാരിയുടെ വിഷമം ഉണ്ടോ പുള്ളിക്കാരനു
    മനസ്സിലാവുന്നു അല്ലെ ??

    ReplyDelete
    Replies
    1. സന്തോഷം.ഈ വരവിനും അിപ്രായത്തിനും

      Delete
  12. കഥ കൊള്ളാം എലിയായിരുന്നു വില്ലന്‍ അല്ലേ .. പിന്നെ ഭര്‍ത്താവ് കസ്ടപെട്ടുണ്ടാക്കുന്ന കാശിന് ആടയാഭരണങ്ങള്‍ വാങ്ങിയിട്ട് , ക്രഡിറ്റ്‌ മുഴുവന്‍ സഹോദരനും ,സഹോദരിക്കും വീതിച്ചു നല്‍കുന്നവര്‍ എന്റെ അറിവില്‍ തന്നെയുണ്ട് ഒത്തിരി പേര്‍ .

    ReplyDelete
    Replies
    1. കഥയിഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്

      Delete

Related Posts Plugin for WordPress, Blogger...