Thursday, May 29, 2014

ഞങ്ങളേയും അമ്മയുടെ മുലപ്പാലു കുടിയ്ക്കുവാന്‍ അനുവദിക്കൂ സര്‍ക്കാരെ



മാതൃഭൂമിയിലെ

ആക്ഷേപങ്ങളും അഭിപ്രായങ്ങളും പ്രസിദ്ധീകരിച്ചത്

പ്രത്യേക നിയമങ്ങളുണ്ടാക്കിയിരിക്കുന്നതിനാല്‍ അവരുടെ പ്രതികരണശേഷി പുറത്തോട്ടെടുക്കാന്‍ അവര്‍ക്കു പറ്റുന്നില്ല. നമുക്കു പ്രതികരിക്കാം അവര്‍ക്കുവേണ്ടി.
അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്ന് അമ്മയുടെ മുലപ്പാല്‍ കുടിച്ചു വളര്‍ന്ന
നിങ്ങളോരോരുത്തരും ഇതു വായിച്ചുകഴിഞ്ഞ് അഞ്ചു രൂപാ മുടക്കി ഇതിന്‍റെ അഭിപ്രായം
എഴുതി അറിയിക്കുക.
പത്രാധിപര്‍
വായനക്കാരുടെ കത്തുകള്‍
മാതൃഭൂമി
വഞ്ചിയൂര്‍
തിരുവനന്തപുരം.
ഇതൊരു തരംഗമാകട്ടെ. അവര്‍ക്കും നീതി ലഭിക്കട്ടെ.





ഇത് വായിക്കുന്നവര്‍ക്ക് ഒരു തമാശയായി തോന്നിയേക്കാം. എന്നാല്‍ കേരളത്തിനകത്തും പുറത്തും ഉള്ള പതിനായിര കണക്കിനു് ഐറ്റി പ്രൊഫഷണലുകളായ സ്ത്രീകളുടെ നവജാത ശിശുക്കളുടെ രോദനമാണ്  ഇത്.
നേരാം വണ്ണം പ്രസവാവധി  കൊടുക്കാത്ത കാരണം കൊണ്ട് ആ കുഞ്ഞുങ്ങള്‍ക്ക് അമ്മയുടെ മുലപ്പാല്‍ നിഷേധിച്ചിരിക്കുകയാണ്.
സര്‍ക്കാര്‍ വകുപ്പുകളിലുള്ള അമ്മമാരുടെകുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കുടിയ്ക്കുവാനുള്ള അവസരം കൊടുക്കുമ്പോള്‍ സര്‍ക്കാര്‍ ഈ കുഞ്ഞുങ്ങളോട് എന്തിനിങ്ങനെ ചിറ്റമ്മനയം കാണിക്കുന്നു?
ആ അമ്മമാര്‍ക്ക് ഇതു ശബ്ദിക്കുവാന്‍ അവര്‍ക്ക് സംഘടനാ സ്വാതന്ത്ര്യം ഇല്ല. അഥവാ ശബ്ദിച്ചാല്‍ പിറ്റെന്ന് ഔട്ട് സോര്‍സിംഗ് ജോലിയുടെ ലഭ്യത കുറവു നിമിത്തം എന്നു പറഞ്ഞുള്ള ഒരു പിരിച്ചു വിടലായിരിക്കും കിട്ടുന്നത്.
കേരളത്തിലെ തൊഴിലാളി ക്ഷേമ ബോര്‍ഡിലെ ഉന്നതാധികാരികള്‍ക്ക് നഗ്നമായ ഈ യാഥാര്‍ത്ഥ്യം അറിയാം. അവര്‍ ഇതിലിടപെട്ടാല്‍ ഐറ്റി വ്യവസായം തകര്‍ക്കുന്നു എന്ന്
പറഞ്ഞ് കമ്പനികള്‍ ബഹളം വെയ്ക്കും.
 കേരളത്തിലെ എന്‍ജിനീയറിംഗ് കോളേജുകളില്‍ നിന്നും കാംപസ് റിക്രൂട്ടുമെന്‍റു നടത്തി തിരഞ്ഞെടുത്ത് ഏറ്റവും നല്ല കഴിവുള്ള കുട്ടികളെയാണ് കംമ്പനികള്‍ ജോലിയ്ക്കായി കൊണ്ടുപോകുന്നത്. രാവിലെ എട്ടരയ്ക്കും ഒന്‍പതിനും തുടങ്ങുന്ന ജോലി  അവസാനിയ്ക്കുന്നത് രാത്രി എട്ടിനും ഒന്‍പതിനും ആയിരിക്കും.
കേരളത്തിലെ സര്‍ക്കാര്‍സര്‍വ്വീസുവെച്ചു നോക്കുമ്പോള്‍ ഇത്രയും മണിക്കൂറിനുള്ള പ്രതിഫലം അവര്‍ക്കു കിട്ടുന്നുണ്ടോ എന്നും സംശയിയ്ക്കേണ്ടിയിരിക്കുന്നു. അതെന്തും
ആകട്ടെ.
ഇതിനിടയില്‍ വളരെ പരിമിതമായ അവധിയില്‍ അവരുടെ കല്യാണവും മധുവിധുവും എല്ലാം ആഘോഷിക്കും. പിന്നീടാണ് മേല്‍പ്പറഞ്ഞ തലക്കെട്ടിന്‍റെ പ്രസക്തി.
 കുട്ടികള്‍ വേണമെന്ന് അവര്‍ ആഗ്രഹിച്ചാലും അവരുടെ ഈ ജോലി സമയവും, കൂടാതെ പ്രസവത്തിനു വേണ്ടി കംമ്പനി അനുവദിച്ചിരിക്കുന്ന വളരെ പരിമിതമായ  അവധിയും കാരണം മിക്കവരും സ്വയം വന്ധ്യരാകുവാന്‍ നിര്‍ബ്ബന്ധിതരാകുകയാണ്.
നമുക്ക് നഷ്ടമാകുന്നത് നല്ല കഴിവുള്ള അച്ഛനമ്മമാരുടെ ബുദ്ധിയുള്ള അടുത്ത തലമുറയെയാണ്.
 ഈ അടുത്ത ദിവസങ്ങളില്‍  കേരളത്തിനുവെളിയില്‍ ജോലിചെയ്യുന്ന ഒരുസോഫ്റ്റുവെയര്‍ എന്‍ജിനീയറായ പെണ്‍കുട്ടിയുടെ  നവജാത ശിശുവിനെ കാണുവാന്‍ പോയി. പ്രസവാവധിയുടെ കാര്യം തിരക്കിയപ്പോളാണ് ആകെ എണ്‍പത്തിനാലുദിവസമേ ഉള്ളുഎന്നും അതില്‍ മുപ്പതു ദിവസം പ്രസവത്തിനു മുന്‍പെടുത്തു കഴിഞ്ഞു എന്നും ബാക്കി അന്‍പത്തിനാലു ദിവസമേ ഇനി ഉള്ളു എന്നും വളരെ വിഷമത്തോടെ ആ പെണ്‍കുട്ടി പറഞ്ഞത്. അവളുടെ അടുക്കല്‍ ചൂടുപറ്റി കിടക്കുന്ന ആ പിഞ്ചു കുഞ്ഞിന്‍റെ ദയനീയ അവസ്ഥയാണ്  ഞാനപ്പോള്‍ ഓര്‍ത്തത്. സ്വന്തം അമ്മയുടെ പാല്‍ കമ്പനിയുടെ ടോയിലറ്റില്‍ ഇടവേളകളില്‍ പിഴിഞ്ഞ് കളയുമ്പോള്‍ ടിന്നില്‍ വരുന്ന ഏതെങ്കിലും പാല്‍പ്പൊടി രണ്ടുമാസത്തിനു മുന്‍പേ തന്നെ കലക്കി കുടിയ്ക്കേണ്ടിവരുന്ന ഹതഭാഗ്യയായ കുഞ്ഞ്.
കമ്പനിയ്ക്കകത്ത് കുഞ്ഞിനെ നോക്കുന്ന വല്ല സംവിധാനവും ഉണ്ടോയെന്നു ചോദിച്ചപ്പോള്‍
അതും ഇല്ലയെന്നാണ് ആ നവജാത ശിശുവിന്‍റെ അമ്മ  വളരെ സങ്കടത്തോടെ പറഞ്ഞത്.
നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വീസിലും സ്റ്റേറ്റ് സര്‍വ്വീസിലും ഉള്ള സ്ത്രീകള്‍ക്ക് ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ പ്രസവാവധി കൊടുത്ത്  നവജാത ശിശുക്കള്‍ക്ക് അമ്മയുടെ മുലപ്പാലൂട്ടി പരിലാളനം കിട്ടുമ്പോള്‍ , അമ്മ പ്രൈവറ്റു കമ്പനിയിലെ ഉദ്യോഗസ്ഥ ആയതിനാല്‍ മുലപ്പാല്‍ നിഷേധിക്കപ്പെടുന്നത് ആ പിഞ്ചു കുഞ്ഞുങ്ങളോടു ചെയ്യുന്ന  ഏറ്റവും വലിയ ക്രൂരതയാണ്.
കേന്ദ്ര ഗവണ്‍മെന്‍റ്  ജീവനക്കാര്‍ക്ക് കുട്ടിയുടെ പതിനെട്ടു വയസ്സിനുള്ളില്‍ എപ്പോള്‍
വേണമെങ്കിലും രണ്ടുവര്‍ഷം വരെ ചൈല്‍ഡ് കെയര്‍ ലീവും അമ്മയുടെ സര്‍വ്വീസില്‍ എടുക്കാന്‍ അനുവാദമുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഭാര്യയുടെ പ്രസവത്തിന്പതിനഞ്ചു  ദിവസത്തെ ലീവ് പുരുഷന്‍മാര്‍ക്കുവരെ അനുവദിച്ചു കൊടുത്തിട്ടുള്ള ഈ കാലഘട്ടത്തിലാണ് പ്രസവാവധി വേണ്ടപോലെ ലഭിയ്ക്കാത്ത കാരണത്താല്‍ ഒരു വിഭാഗം  കമ്പനി പ്രൊഫഷണലുകളായ സ്ത്രീകള്‍ കുട്ടികളെ  വേണ്ടെന്നു വരെ തീരുമാനം എടുക്കേണ്ടുന്ന ഗതികേടിലേയ്ക്ക്  ആണ് മാറിക്കൊണ്ടിരിക്കുന്നത്.
ടെക്‍നോപാര്‍ക്കില്‍ പ്രസവാവധി വെറും ഒരുമാസം മാത്രംകൊടുക്കുന്ന
കമ്പനികളും ഉണ്ടെന്നാണ്അറിയാന്‍ കഴിഞ്ഞത്.
1961ലെ മെറ്റേണിറ്റി ബെനിഫിറ്റ് ആക്റ്റ് പ്രകാരം  പ്രസവത്തിന് ആറ് ആഴ്ച മുന്‍പും പ്രസവത്തിനുശേഷം ആറാഴ്ചയും ആണ് കംമ്പനികളിലെ ജീവനക്കാര്‍ക്കുള്ള പ്രസവാവധി.
പ്രസവത്തിനുശേഷം ആറാഴ്ച എന്നു പറയുമ്പോള്‍ കുട്ടിക്ക് വെറും ഒന്നരമാസം പ്രായമേ ആകുകയുള്ളു.
മുലയൂട്ടല്‍ വാരം ആഘോഷിച്ച് അമ്മയുടെ മുലപ്പാലിന്‍റെ പ്രാധാന്യത്തെപ്പറ്റി പ്രസംഗിച്ചു നടക്കുന്നവരൊന്നും ഇതറിയുന്നില്ലേ?
 ഇങ്ങനെയുള്ള അവസ്ഥ വരുമ്പോളാണ് വനിതാ സംവരണ ബില്ല് പാസ്സാക്കത്തതിന്‍റെ നഷ്ടം നികത്താനാകാത്തതാണെന്നു തോന്നിപ്പോകുന്നത്.. ഒരുപക്ഷേ സ്ത്രീകളുടെ  ഇതേപോലുള്ള അവകാശങ്ങള്‍ കൂടുതല്‍ സംരക്ഷിക്കുവാന്‍ അതു പാസ്സാക്കിയെടുത്തിരുന്നെങ്കില്‍കഴിഞ്ഞേനെ.
 ഒട്ടു മിയ്ക്ക സോഫ്റ്റുവെയര്‍ കമ്പനികളിലേയും കല്യാണം കഴിച്ച പെണ്‍കുട്ടികളും മേല്‍പ്പറഞ്ഞ കാരണങ്ങള്‍കൊണ്ട് ,അതായത് അവരുടെ ജോലി സമയവും പ്രസവാവധിയുടെ പരിമിതിയും  കുട്ടികളെ വളര്‍ത്താനുള്ള ബുദ്ധിമുട്ടു കാരണം കുട്ടികള്‍ വേണ്ടയെന്നുള്ളഒരു രഹസ്യധാരണയില്‍ പോകുന്നവരാണ്.
 ദാമ്പത്യത്തിന്‍റെ കെട്ടുറപ്പില്‍ കുഞ്ഞുങ്ങളും ഒരുഘടകമാണ്. കുഞ്ഞുങ്ങളില്ലാത്ത ബന്ധം ദമ്പതികള്‍ക്ക് എളുപ്പം പൊട്ടിച്ചെറിയാനും സാധിയ്ക്കും. ഒട്ടുമുക്കാലും  ഐറ്റി പ്രൊഫഷണലുകളുടെ ബന്ധവും ശിഥിലമാവുന്നത് ഇങ്ങനെയുള്ള കുറച്ച് അറിയപ്പെടാത്ത കാരണങ്ങളും അതിനു പിന്നിലുള്ളതു കൊണ്ടാണ്.
ഇതിനെയെല്ലാം മറു കടന്നാണ് ചിലര്‍ പ്രസവിയ്ക്കാന്‍ രണ്ടും കല്‍പ്പിച്ച് തയ്യാറാകുന്നത്.
പ്രസവിച്ചു കഴിയുമ്പോളാണ് സമയ നിഷ്ടയില്ലാത്ത ജോലിയും പ്രസവാവധിയുടെ പരിമിതിയും മുലം   ചെകുത്താനും കടലിനും ഇടയിലകപ്പെട്ട അവസ്ഥ അവര്‍ക്ക് നേരിടേണ്ടി വരുന്നത്. അവരുടെ കുട്ടികളുടെ ദയനീയ അവസ്ഥ ഇങ്ങനെയും.

കുഞ്ഞുങ്ങളെ പാലൂട്ടി വളര്‍ത്താന്‍ പ്രോത്സാഹിപ്പിക്കുന്ന ആരോഗ്യ വകുപ്പും നമ്മുടെ ഭരണാധികാരികളും ഇതൊന്നും അറിയുന്നില്ലേ. അതോ അറിഞ്ഞിട്ടും കമ്പനികളോട് കാണിയ്ക്കുന്ന ഔദാര്യമാണോ. എന്തുകൊണ്ട് നേരാം വണ്ണം പ്രസവാവധി കൊടുക്കാനുള്ള സംവിധാനം അവര്‍ക്കും കൂടി അനുവദിപ്പിച്ചു കൊടുക്കാത്തത്.
വെറുതെ സമയം പോകാന്‍ മാത്രം ജോലിക്കു പോകുന്നവരല്ല ഈ കുട്ടര്‍.
ജോലി അവര്‍ക്കും ജീവനോപാധി ആണ്. മിക്കവരും  വിദ്യാഭ്യാസ ചെലവിനായിബാങ്കു ലോണും മറ്റും എടുത്തവരും ആയിരിക്കും. ആ കടം വീട്ടേണ്ട ബാദ്ധ്യതയും അവരുടെ അധിക ഭാരമാണ്.

സൊസൈറ്റി രജിസ്ട്രേഷന്‍ ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏതെങ്കിലും വോളന്‍റെറി സംഘടനകള്‍ മുന്നോട്ടു വന്ന് ഇതിനു വേണ്ടി പ്രവര്‍ത്തിച്ചാല്‍
നമ്മുടെ പ്രസിഡന്‍റിന് ഈ നിയമം ലിഫ്റ്റ് ചെയ്യാവുന്നതേ ഉള്ളു എന്നാണ്
ഇതിനെപ്പറ്റി അറിവുള്ളവര്‍ പറഞ്ഞു തന്നത്.

വീട്ടുകാരും ബന്ധുക്കളും ഒക്കെ അനുഗ്രഹിച്ച് കല്യാണം കഴിപ്പിച്ചു വിടുന്ന
അവര്‍ക്കും കൂടി പ്രസവിയ്ക്കാനും കുഞ്ഞുങ്ങളെ കുറഞ്ഞപക്ഷം ഒരു വയസ്സുവരെയെങ്കിലും
പാലൂട്ടി വളര്‍ത്തുവാനും ഉള്ള ഒരവസരം കൊടുക്കുവാന്‍ ദയയുണ്ടാകണമെന്ന് സര്‍ക്കാരിനോട് അപേക്ഷിക്കുന്നു.



6 comments:

  1. ചര്‍ച്ച ചെയ്യേണ്ട വിഷയം.

    ReplyDelete
  2. itapetalukal vendunna charcha cheyyenda mekhala

    ReplyDelete
  3. ഇന്നു രാവിളെ മാഭൂമിയിൽ വായിച്ചിരുന്നു............ കാലികമായ വിഷയം.... എല്ലാ ആശംസകളും

    ReplyDelete
  4. ഇത് നിയമവിരുദ്ധമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത് . ILO യുടെ നിബന്ധനകൾക്ക് വിധേയമായി ഇന്ത്യൻ പാർലമെന്റ് 1961 ൽ പാസാക്കിയ THE MATERNITY BENEFIT ACT, 1961 കർശനാമായി പറയുന്ന നിബന്ധനകളെ കാറ്റിൽ പറത്തുകയാണ് ഈ സ്ഥാപനങ്ങൾ ചെയ്യുന്നത്. ഇന്ത്യ ILO യിൽ അംഗമായതുകൊണ്ട് നിയമപരമായി ചോദ്യം ചെയ്യാവുന്നതാണ് ഈ വിഷയം എന്നാണ് എനിക്കു തോന്നുന്നത് .....

    പക്ഷേഐ.ടി വമ്പൻ സ്രാവുകളെ തൊടാൻ ആരാണ് തയ്യാറാവുക ....
    ജോലി ചെയ്യുന്നവന്റെ പ്രശ്നം എന്ന രീതിയിൽ ഇത് ഏറ്റെടുക്കാൻ ആരാണ് തയ്യാറാവുക....

    തൊഴിൽ സംഘടനകൾ പോലുമില്ലാതെ അരാഷ്ട്രീയവൽക്കരിക്കപ്പെട്ട ഇത്തരം മേഖലകളിൽ ചൂഷണം അതിന്റെ പരമകോടിയിൽ നടക്കുന്നു. ...

    ReplyDelete
  5. meternity leave oru sthree aavashya ppedunnathe anusariche parigana kodukkanam ennu jnan paraunnu. athu one year mathram pora. according to the child's health and mother's need kooduthal leave anuvadikkanam.

    ReplyDelete
  6. ഒരു വായിൽ മുലപ്പാൽ മാഹാല്മ്യവും മറു
    വായിൽ ഇതും.എല്ലായിടത്തും വിവേചനം.
    ഇവിടെയൊക്കെ (ഗൾഫ്‌) പ്രസവാവധി ആറു മാസത്തേക്ക്
    കൊടുക്കും കുറഞ്ഞ പക്ഷം ഇവിടുത് കാർക്ക് എങ്കിലും.
    യൂറോപ്യൻ രാജ്യങ്ങളിൽ കൂടെ ശുശ്രൂഷിക്കാൻ അച്ഛന്മാർക്ക്
    കൂടി അവധി കൊടുക്കുന്നുണ്ട്.(Like maternity it is called paternity
    leave)..ഇതിപ്പോ മുലപ്പാലും ജോലിയും കമ്പനികൾ ഊറ്റി
    എടുക്കുക ആണ്.

    പക്ഷേ IT സെക്ടർ സമയാധിഷ്ടിത പ്രോജെക്ട്കളിൽ ഊന്നിയവ
    ആയതിനാൽ പകരം ജോലിക്കാരെ വെച്ചു മാനേജ് ചെയ്യാൻ
    കമ്പനികൾ തയ്യാറാവണം.

    ReplyDelete

Related Posts Plugin for WordPress, Blogger...