Sunday, August 10, 2014

തര്‍പ്പണം. ഇങ്ങനേയും.(ജനയുഗം പേപ്പറില്‍ പ്രസിദ്ധീകരിച്ചത്)
തര്‍പ്പണംഎന്നാല്‍ പിതൃയജ്ഞം, തൃപ്തിപ്പെടുത്തല്‍  എന്നൊക്കെ അര്‍ഥമുണ്ട്.അത്തരത്തിലുള്ള ഒരു തര്‍പ്പണമാണ് ഇത്. എങ്ങനെ വേണമെങ്കിലും നിര്‍വ്വചിക്കാം.
ഞങ്ങളുടെ കുടുംബ സുഹൃത്തായ മുസ്ലീം സഹോദരിയെ ഈ കര്‍ക്കിട വാവുബലിയുടെ തലേന്ന് ഞാന്‍ വിളിക്കുമ്പോള്‍ അവര്‍ വളരെ തിരക്കിലായിരുന്നു. സൌകര്യത്തിനായി അവളെ ഞാന്‍ ഷൈല എന്നു വിളിയ്ക്കട്ടെ.
കുടുംബ സുഹൃത്ത് എന്നു പറയുമ്പോള്‍ ഷൈലയുടെ കെട്ടിയോനും എന്‍റെ കെട്ടിയോനും ഒരേ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന രണ്ടു തൊഴിലാളി സ്നേഹികളാണ്. അതുകൊണ്ടായിരിക്കാം ഇത്ര അടുപ്പം ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ വന്നത്.  വ്യത്യസ്ത മതക്കാരാണെങ്കിലും ഞങ്ങള്‍ സഹോദരരെപ്പോലെയാണ് കഴിയുന്നതെന്നു പറഞ്ഞാല്‍ അതൊരു പൊളിപറച്ചിലല്ല എന്നു തീര്‍ത്തു പറയട്ടെ!
ഇനി ഞാന്‍ കാര്യത്തിലേയ്ക്കു കടക്കട്ടെ  .ചെറിയ പെരുന്നാള്‍ അടുത്തുവരുന്ന ദിവസങ്ങളായതിനാല്‍ ഇരുപത്തേഴാം നൊയമ്പിന്‍റെന്ന് ഷൈല തിരക്കിലാണെന്നു പറഞ്ഞപ്പോള്‍ സ്വാഭാവികമായും പെരുന്നാളിന്‍റെ തിരക്കായിരിക്കും എന്നാണ് ഞാന്‍ കരുതിയത്. പക്ഷെ  പിറ്റെന്ന് കര്‍ക്കിട വാവുബലിയാണെന്നും അതിന്‍റെ തിരക്കാണെന്നും  മറുപടി പറഞ്ഞപ്പോള്‍ ഞാനാകെ ഒരു കണ്‍ഫ്യൂഷനിലായി എന്നു പറയട്ടെ.
മുസ്ലീമായ ഇവള്‍ക്ക് എന്തോന്നു വാവുബലി. ഇനി ഹിന്ദുക്കളുടെ കൂടെ കൂടി ഇവളും ബലിയിടാന്‍ തുടങ്ങിയോ എന്നും മറ്റുമുള്ള കുറേ ചോദ്യങ്ങള്‍ എന്‍റെ മനസ്സില്‍ തലപൊക്കി.
അതെല്ലാം മനസ്സിലിട്ടുകൊണ്ട് ഞാന്‍ ചോദിച്ചു...എന്തോന്നു ഷൈല നിനക്കെന്തോന്ന് ബലി.  നിങ്ങക്കിപ്പോള്‍ നൊയമ്പല്ലേ. മറ്റെന്നാളല്ലെ പെരുന്നാള്.
പക്ഷെ എന്‍റെ ചോദ്യത്തിന് അവളുതന്ന മറുപടി കേട്ടപ്പോള്‍ എനിയ്ക്കതൊരു പുതിയ അറിവായിരുന്നു.
വാവിന് ഒരിയ്ക്കലു നോക്കി പിറ്റേന്ന് ബലിയിടാന്‍ പോണ എനിയ്ക്ക്  തിരക്കൊന്നും ഇല്ലല്ലൊ എന്നു പറഞ്ഞപ്പോള്‍ ഷൈല പറഞ്ഞത്  പിതൃ തര്‍പ്പണത്തിന് കടല്‍ക്കരയില്‍ വരുന്നവരെല്ലാം നേരെ കാണുന്ന അവരുടെ  വീട്ടിലേയക്കാണ്  ബലിയിട്ടു കുളിച്ചിട്ട് ഈറന്‍ മാറാന്‍ വരുന്നതെന്നും  തലേന്നേ ഒരിയ്ക്കലു നോക്കി വെളുപ്പിന്  വെള്ളം പോലും കുടിയ്ക്കാതെ വരുന്ന അവര്‍ക്ക്   ചായയും പലഹാരവും ഒക്കെ കഴിയ്ക്കാന്‍ കൊടുക്കണമെന്നും..
ഞാനതിശയിച്ചുപോയി. ഇത്രയും നാളും അവരുമായി ചങ്ങാത്തത്തിലായിട്ടും ഇങ്ങനെയൊരു കാര്യം ഷൈല പറഞ്ഞതേയില്ലല്ല്ലൊ എന്നോര്‍ത്തു....വലതു കൈകൊണ്ട് കൊടുക്കുന്നത് ഇടതു കൈ അറിയരുതെന്നു പഴമക്കാര്‍ പറയുന്ന പറച്ചില്‍ തികച്ചും അന്വര്‍ത്ഥമാക്കുന്ന ഒരു യഥാര്‍ത്ഥ മുസ്ലീമിനെയാണ്  അവരില്‍ ഞാന്‍ കണ്ടത്.
പകലു മുഴുവന്‍  ആഹാരവും കഴിയ്ക്കാതെ നൊയമ്പു പിടിച്ചു കൊണ്ട്   വാവു ബലിയിടാന്‍ കടല്‍ക്കരയില്‍ എത്തുന്ന   പരിചയക്കാര്‍ക്കും അല്ലാത്തവര്‍ക്കും ഒരേപോലെ      വീട്ടില്‍ സൌകര്യങ്ങള്‍  ഒരുക്കുകയും  അവര്‍ക്കുവേണ്ടി നിറഞ്ഞമനസ്സോടെ രാവിലെ  ചായയും പലഹാരവും കൊടുത്ത് അവരെ തൃപ്തിപ്പെടുത്തി വിടുന്ന ആ മുസ്ലീം കുടുംബത്തെ ഓര്‍ത്തപ്പോള്‍
മറ്റൊരു ചിത്രവും എന്‍റെ മനസ്സിലേക്ക് ഓടിയെത്തി. തലേന്ന് പത്ര മാധ്യമങ്ങളില്‍  നിറഞ്ഞു നിന്ന ആ വാര്‍ത്ത.   നോമ്പെടുത്ത കാന്‍റീന്‍ ജീവനക്കാരന്‍റെ വായില്‍ ഭക്ഷണം തിരുകിക്കയറ്റിയ ജനപ്രതിനിധികളുടെ  പ്രവൃത്തിയില്‍ പാര്‍ലമെന്‍റില്‍ ബഹളം.
 ഏകോദര സഹോദരരെപ്പോലെ സന്തോഷത്തോടെ കഴിയാന്‍ പറ്റുന്ന നമ്മള്‍ മതത്തിന്‍റെയും രാജ്യത്തിന്‍റെയും പേരില്‍ അന്യോന്യം കൊന്നൊടുക്കുന്ന ഇക്കാലത്തും ഇങ്ങനെ നല്ലമനസ്സുള്ള കുറച്ച് ആള്‍ക്കാര്‍  മരുപ്പച്ച പോലെ  ഭൂമിയില്‍ ഉണ്ടല്ലൊ എന്ന് നമുക്കാശ്വസിയ്ക്കാം. ഒരു ഇളം കാറ്റുപോലെ...ഒരു നറുമണംപോലെ...ഒരു ഈന്തപ്പഴത്തിന്‍രെ മധുരം പോലെ  നമുക്ക് അത് ആനന്ദം പകരുന്നു.
നിങ്ങള്‍ക്കും  റംലയുടെയും കുടുംബത്തിന്‍റെയും  സേവനം സ്വീകരിക്കാം. കൊല്ലം തിരുമുല്ലവാരം കടപ്പുറത്തെ ബലിത്തറയില്‍ നിന്നും നേരെ  നോക്കിയാല്‍ കാണുന്നതാണ് ആ സൌഹൃദ കൂടാരം.

4 comments:

 1. അല്പമെങ്കിലും നന്മ ഇപ്പോഴും അവശേഷിക്കുന്നു എന്നറിയുമ്പോള്‍ സന്തോഷത്തോടോപ്പം ആശ്വാസവും തോന്നുന്നു.

  ReplyDelete
 2. അടിസ്ഥാനപരമായി പരസ്പരസ്നേഹവും, ആദരവും വച്ചുപുലർത്തിയവരാണ് നമ്മൾ മലയാളികൾ. വിഭിന്ന മതങ്ങളിൽ വിശ്വസിച്ചിരുന്നവർ പരസ്പരം ബഹുമാനിക്കുകയും, സഹവർത്തിത്വത്തോടെ ജീവിക്കുകയും ചെയ്ത നമ്മുടെ സംസ്കാരത്തിനുമേൽ പരസ്പരവിദ്വേഷത്തിന്റെ വിത്ത് വിതക്കുന്ന ചില ശക്തികളുണ്ട്. വ്യക്തിപരമായ ലാഭത്തിലാണ് അവരുടെ കണ്ണ്....

  ReplyDelete
 3. കേരളത്തിൽ ഇത് ഒക്കെ പുതിയതാണ് അല്ലെ ?
  രാജ്യത്തിന്‌ പുറത്തു ഇത് ഒക്കെ നിത്യ കാഴ്ചയാണ് ...

  റംസാൻ കാലത്ത് നോമ്പ് എടുക്കുനത് മതം നോക്കിട്ടില്ല ഇവിടെ ഒക്കെ ...

  ReplyDelete

Related Posts Plugin for WordPress, Blogger...