Monday, January 10, 2011

ഒരു വിളിപ്പാടകലെ

കുടുംബയോഗത്തിനു കത്തു കിട്ടിയപ്പോള്‍ ഉണ്ണിമേനോനു വളരെ സന്തോഷമായി. എത്ര നാളായി ഈ ആഗ്രഹം മനസ്സില്‍ പേറി നടക്കുന്നു! ഒന്നു തറവാടു വരെ പോകണ മെന്നു്..കുട്ടിക്കാലത്ത് കൂത്താടി നടന്ന തൊടിയും ആമ്പല്‍ക്കുളവും കൊട്ടങ്ങക്കാടും ഒക്കെ വീണ്ടും ഒന്നുകൂടി കാണണമെന്നു്... പുല്ലാനിക്കാട്ടിലെ പൂവിന്റെ മണം നുകരണമെന്ന്..

ഉണ്ണിമേനോന്‍ മനസ്സിലുറച്ചു. ഇത്തവണ പോകുക തന്നെ. ഇനിയൊരവസരം ചിലപ്പോള്‍ ഒത്തെന്നു വരില്ല. ഈ യാന്ത്രിക ദിവസങ്ങളില്‍നിന്നും അല്പം മോചനവും.

ബസ്സിറങ്ങി നാട്ടു വഴിയിലൂടെ നടന്നു. വഴിയില്‍ കണ്ടതെല്ലാം പുതുമുഖങ്ങള്‍. പഴയ ആള്‍ക്കാരെല്ലാം പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോയതാവും.നാടിനു വലിയ മാറ്റമൊന്നും വന്നിട്ടില്ല.ഒക്കെ പഴയതു പോലെ തന്നെ.കുറെ പുതിയ കോണ്‍ക്രീറ്റു സൌധങ്ങള്‍  പ്രധാന റോഡിനിരുവശവും.പഴയ ഒറ്റയടിപ്പാതയും പൊന്തക്കാടിനും പകരം അല്പം വീതിയുള്ള റോഡെന്നു പറയാമോ-പറ്റില്ല.അവിടവിടെയായി  കുണ്ടും കുഴിയും. ഇതിലും ഭേദം പഴയ ഒറ്റയടിപ്പാത തന്നെയായിരുന്നുയെന്ന് മനസ്സില്‍ പറഞ്ഞുപോയി.

കുടുംബത്തിലെല്ലാവരും എത്തിയിട്ടുണ്ട്.ഭാഗം വെച്ചപ്പോള്‍ ചെറിയമ്മയ്ക്കായിരുന്നു തറവാട്.മക്കളൊക്കെ അകലെയാണെങ്കിലും ചെറിയമ്മ തറവാട്ടില്‍ തന്നെ താമസിയ്ക്കുന്നു.വലിയ നാലുകെട്ട്.വീടുപുതുക്കി പണിതെങ്കിലും ഒന്നും പൊളിച്ചു കളയാതെയാണ് പണിതത്.

ഉണ്ണിക്കുട്ടനെത്തിയോ, നിന്നെക്കാണാന്‍ എല്ലാവരും ദാ കാത്തിരിയ്ക്കുകാ..

ചെറിയമ്മേടെ സ്വതസ്സിദ്ധമായ ശൈലി.അതിനൊരു മാറ്റവുമില്ല.

പതുക്കെ  പൂമുഖത്തേയ്ക്കു കയറി. എല്ലാവരോടും കുശല പ്രശ്നങ്ങളൊക്കെ നടത്തി.

ഒന്നു കുളിയ്ക്കണം. ചെറിയമ്മേടടുക്കല്‍ നിന്നും തോര്‍ത്തു വാങ്ങി.കുളക്കടവിലേയ്ക്കു നടന്നു. വടക്കേമൂലയില്‍ കുളം പഴയതുപോലെ... നിറയെ ആമ്പല്‍,   ആമ്പല്‍ക്കുളത്തിലെ   വെള്ളത്തിനു നല്ലതണുപ്പായിരിയ്ക്കും --മുത്തശ്ശി പറയുമായിരുന്നു--ചില കാര്യങ്ങളങ്ങിനിയാ, ചിലതു കാണുമ്പോള്‍ ഓര്‍മ്മപൊന്തിവരും ചേറില്‍ നിന്നും വായു കുമിള പൊന്തി വെള്ളത്തിന്‍റെ മുകളില്‍ വന്നു പൊട്ടുന്നതു പോലെ,അപ്പോളൊരു കുഞ്ഞോളം അവിടമാകെ അലയടിയ്ക്കും.അതുപോലെയാണ് ഓര്‍മ്മകള്‍.മനസ്സിന്‍റെ അടിത്തട്ടില്‍ നിന്നും പൊന്തിവരും.

  അതാ, ആ കൊട്ടങ്ങക്കാട്,കരിഞ്ഞോട്ട ക്കാട് എല്ലാം പഴയതുപോലെ നില്‍ക്കുന്നു.ഒരു മാറ്റവുമില്ല.ഇല്ലെങ്കിലും മനുഷ്യനു മാത്രമല്ലേ മാറ്റം വരുന്നുള്ളു.ചെടികളും മരങ്ങളുമെല്ലാം ഒരു പ്രായമായിക്കഴിഞ്ഞാല്‍ അതേപോലെ തന്നെ എത്ര നാള്‍ വേണേലും നില്‍ക്കും, കരയില മൂടി മെത്തപോലെ കിടക്കുന്നു.വെറുതെ കാലിട്ടൊന്നു ചിക്കി ചിനക്കി നോക്കി.   അടിയില്‍ കിടന്ന് അഴുകിയവ മുകളിലെത്തി.ഒപ്പം ചില പഴയ ഓര്‍മ്മകളും .
    
കൊച്ചമ്പ്രാട്ട്യേ...

ഉണ്ണിക്കുട്ടന്‍ ചെവി വട്ടം പിടിച്ചു.

 വല്ല്യേട്ടാ,..ദാ വന്നു. ഉള്ളാടത്തി വന്നു. ഒറ്റയോട്ടം.അടുക്കളയുടെ വടക്കേപ്പുറത്ത്.

കുട്ടികളെല്ലാം ഒന്നിനു പുറകെ ഒന്നായി വടക്കേപ്പുറത്തേയ്ക്ക് ഓടിയെത്തി.ഏതോ വിചിത്ര ജീവിയെ കാണാനെന്നപോലെ... കയ്യിലുള്ള സ്ഥിരം വടിയുമായി മുത്തശ്ശി തിണ്ണയില്‍.

ഒരു വിളിപ്പാടകലേ.........

തലയില്‍ കൈതയോല കൊണ്ടു മെനഞ്ഞെടുത്ത വട്ടി, അതിന്‍റെ കൂടെയൊരു കൂര്‍ത്ത വടി.കള്ളിയുള്ള ഒറ്റമുണ്ടുടുത്ത്, ജംബറുമിട്ടഎണ്ണക്കറുപ്പുള്ള ഉള്ളാടത്തിയെ കാണാന്‍ ഉണ്ണിക്കുട്ടന് വലിയ ഇഷ്ടമാണ്.ഒരുദിവസം ആരും കാണാതെ ഉണ്ണിക്കുട്ടന്‍ തൊട്ടുനോക്കിയതാണ്.എണ്ണയുണ്ടോന്നറിയാന്‍... അല്പം കഴിഞ്ഞപ്പോള്‍ എല്ലാവരും മാഞ്ചോട്ടിലോട്ടു കളിയ്ക്കാന്‍ തിരികെയോടി.  ഉണ്ണിക്കുട്ടന്‍ മാത്രം അവിടെ നിന്നു. മുത്തശ്ശി പറഞ്ഞു,

ദാ, ആ വടക്കേവശത്ത് ഇരുന്നോളൂ.

ഉള്ളാടത്തി കഞ്ഞികുടിയ്ക്കുന്നതു കാണണം.അതൊരു രസം തന്നെയാണ് കാണാന്‍. ഉള്ളാടത്തി കയ്യിലിരുന്ന കത്തിയെടുത്ത് വട്ടത്തിലൊരു വര വരച്ചുമുറ്റത്തു മണലില്‍. പതുക്കെ വൃത്തത്തിനുള്ളിലെ മണ്ണ് മാറ്റി കുഴിയുണ്ടാക്കി..വാഴയില അതില്‍ താഴ്ത്തി. കമലാക്ഷിയമ്മ കൊണ്ടു വന്ന കഞ്ഞി അതിലേയ്ക്കൊഴിച്ചു.കൂടെ കൂട്ടാനും.പ്ലാവില കുത്തി കഞ്ഞി കോരി കുടിയ്ക്കുന്ന കാഴ്ച. ഉള്ളാടത്തിയ്ക്കു മാത്രമേ അങ്ങിനെ കഞ്ഞി കുടിയ്ക്കാന്‍ അറിയൂ.. എത്ര പ്രാവശ്യം ഉണ്ണിക്കുട്ടന്‍ശ്രമിച്ചിട്ടുണ്ട് അങ്ങിനെ കഞ്ഞി കുടിയ്ക്കാന്‍. അമ്മയുടെ കയ്യില്‍നിന്നും കഞ്ഞി വടക്കേപ്പുറത്തു കൊണ്ടു പോയതിന് അടിയും വാങ്ങീട്ടുണ്ട്. കഞ്ഞികുടിയ്ക്കുന്നതിനിടയില്‍ ഉള്ളാടത്തി.

കൊച്ചംമ്പ്രാ, ഉള്ളാടത്തിയ്ക്കിത്തിരി ഉപ്പ്.

ഓടി അടുക്കളേലേയ്ക്ക്.അമ്മ ഉപ്പു തന്നു.അതു കൊണ്ട് തൊടാതെ ഉള്ളാടത്തിയുടെ ഇലക്കുമ്പിളിലേയ്ക്കിട്ടു കൊടുത്തു.ഉള്ളാടത്തി കഞ്ഞി കുടിച്ചു കഴിഞ്ഞു.

മുത്തശ്ശി വിളിച്ചു പറഞ്ഞു.“ഇല അങ്ങകലെ ദൂരെ തെങ്ങിന്‍ ചോട്ടില്

കുഴി മൂടി..ഉള്ളാടത്തി പൊട്ടക്കുളത്തില്‍ പോയി കൈയും  വായും കഴുകി. കഞ്ഞി കുടിച്ചടം വെള്ളം കൊണ്ടു തളിച്ചു ശുദ്ധി വരുത്തി.വട്ടിയെടുത്തു. ഇനിയാണ് കാണേണ്ട കാഴ്ച.ഉണ്ണിക്കുട്ടന് ഉത്സാഹമായി.വട്ടിയിന്മേല്‍ തിരുകിവെച്ചിരുന്ന വടിയെടുത്തു.നേരെ കൊട്ടങ്ങ കാട്ടിലേയ്ക്ക്.

അമ്മ  പുറകേ വിളിച്ചു പറഞ്ഞു

ഉണ്ണ്യേ .... നീയാ ഉള്ളാടത്തീടെ കൂടെയാ..തൊടരുത്..വേറെങ്ങും പോകരുത്.

ആറുവയസ്സുകാരന്‍റെ കൌതുകം അമ്മയ്ക്കറിയാമായിരുന്നു.വടിയുടെ കൂര്‍ത്ത ഭാഗം താഴെയാക്കി ഉള്ളാടത്തി കരയിലയില്‍ കുത്തോടു കുത്ത്.വടികുത്തിയേടത്ത് പാറയില്‍ കൊണ്ടതു പോലെ ശബ്ദം. ഉള്ളാടത്തി കരയില നീക്കി.അതാ വലിയ ആമ! ഉള്ളാടത്തീടെ വൈദഗ്ധ്യത്തില്‍ ഉണ്ണിക്കുട്ടന്‍ അത്ഭുതം കൂറി.ഉള്ളാടത്തിയതിനെ കുഴിവുള്ളവട്ടിയിലോട്ടിട്ടു.അതിനിവട്ടിയ്ക്കുകത്ത്ഇഴഞ്ഞോളും.ഉണ്ണിക്കുട്ടന്‍താഴെയിരുന്ന് കുഞ്ഞു കമ്പെടുത്ത് വട്ടിയിലെ  ആമയുടെ തോടിലിട്ട് കുത്തിക്കൊണ്ടിരുന്നു. ഉള്ളാടത്തി അടുത്ത ആമയെ പിടിച്ചു.അങ്ങിനെ മൂന്നാലെണ്ണത്തിനെ കരിഞ്ഞോട്ടക്കാട്ടീന്നും, കൊട്ടങ്ങാക്കാട്ടീന്നും ഒക്കെയായി പിടിച്ചു വട്ടീലിട്ടു.

ഉണ്ണിക്കുട്ടാ..അമ്മയുടെ നീട്ടിയുള്ള വിളി.

ദാ, വന്നൂഓടി അമ്മയുടെ അടുത്തേയ്ക്കു്.

ഉള്ളാടത്തിയെവിടെ?”

അവിടെ..ആമയെ പിടിയ്ക്കുന്നു.

വേറെങ്ങും പോകല്ലേ..ഉള്ളാടത്തി പോകുമ്പും മോനിങ്ങു പോരണം

തെക്കേ ചായ്പിന്‍റെ മുറ്റത്ത്  വലിയച്ഛന്‍ അങ്ങോട്ടുമിങ്ങോട്ടും  ഉലാത്തുന്നതു കണ്ടു. വലിയച്ഛന്‍ കാണാതെ ഉള്ളാടത്തീടെ അടുത്തേയ്ക്കോടി. ഉള്ളാടത്തി മൂന്നു കല്ലു കൂട്ടി അടുപ്പാക്കി കല്ലിന്‍റെ മുകളില്‍ ആമയെ മലര്‍ത്തി കിടത്തി. കരയിലയിട്ട്  അടിയില്‍   തീയിട്ടു.

ഉള്ളാടത്തി യെന്തായിക്കാട്ടുന്നെ?” ഉണ്ണിക്കുട്ടന് സംശയം

അത് ചെറിയമ്പ്രാ ഇപ്പം നോക്കിയ്ക്കോ

ആമേടെ തല പതുക്കെ പതുക്കെ വേളിയിലോട്ടു വരുന്നു.

അതെന്താ ഉള്ളാടത്ത്യേ ഇങ്ങനെ

ചൂട് അകത്തോട്ടു ചെല്ലമ്പം ഇവറ്റേടെ തല വെളിലോട്ടു വരും.

തല മുഴുവനും വെളിയില്‍ വന്നപ്പോള്‍ ഉള്ളാടത്തി തലപിടിച്ചൊരു തിരി തിരിച്ചു .വീണ്ടും വട്ടിയില്‍ നിക്ഷേപിച്ചു.കൂടെയൊരു പറച്ചിലും,

" ഇനി ഇവറ്റ അനങ്ങില്ല തമ്പ്രാ.

മാഞ്ചോട്ടില്‍ നല്ല ബഹളം..നല്ല കാറ്റുവന്നപ്പോള്‍ മാമ്പഴം പൊഴിഞ്ഞു. അതു പെറുക്കുന്നതിന്‍റെ കോലാഹലമാണ്. വല്യേട്ടന്‍ ഉണ്ണിയേയും വിളിച്ചു. ഓടി മാഞ്ചോട്ടില്‍ പോയി. അല്പം കഴിഞ്ഞു തിരികെ വന്നപ്പോള്‍  ഉള്ളാടത്തി അവിടെങ്ങും ഇല്ല. കൊട്ടക്കാട്ടില്‍ നോക്കി.വട്ടിയിരിയ്ക്കുന്നു.

പിന്നേം ആമേ പിടിയ്ക്കാന്‍ പോയോ? ഉണ്ണിക്കുട്ടന്‍ സംശയിച്ചു.

പുല്ലാനിക്കാട്ടില്‍ പോയിരിയ്ക്കും.തിരികെ മാഞ്ചോട്ടിലോട്ടു പോന്നു. തെക്കേ ചായ്പിന്‍റെ മുറ്റത്ത് വല്യച്ഛനെയും കാണാനില്ല.

ഉണ്ണിക്കുട്ടാ, മേലു കഴുകി വന്നോളൂ അമ്മയാണ്

ബാക്കിയെല്ലാരും മേലു കഴുകാന്‍ പോയിക്കഴിഞ്ഞിരിയ്ക്കുന്നു.

അമ്മ വീണ്ടും ചോദിച്ചു.ഉള്ളാടത്തിയെന്ത്യേ

ഉണ്ണി മാഞ്ചോട്ടി പോയി വന്നപ്പം ഉള്ളാടത്തിയെ കണ്ടില്ല.വട്ടി മാത്രം കൊട്ടങ്ങാക്കാട്ടില്.

അമ്മ ചെറിയമ്മേടടുത്ത് എന്തോ രഹസ്യം പറയുന്നു.

കേള്‍ക്കാന്‍ ചെന്ന ഉണ്ണിക്കുട്ടനെ ഓടിച്ചു വിട്ടു....

കിളിച്ചുണ്ടന്‍ മാവിലെ മാങ്ങയെല്ലാം തീര്‍ന്നു. മഴക്കാലം വന്നു. എല്ലാവരുടേയും മാഞ്ചോട്ടിലെ   കളിയും തീര്‍ന്നു.ഇപ്പോള്‍ കളി പുരയ്ക്കകത്താണ്. ഒളിച്ചു കളി.

ഇടവപ്പാതി  പോയി. കര്‍ക്കിടകവും ചിങ്ങവും വന്നു. ഓണവും വന്നു. ഉള്ളാടത്തിയെ കണ്ടില്ല. ഉണ്ണിക്കുട്ടനു സങ്കടമായി. ഉള്ളാടത്തി ഓണത്തിനും വന്നില്ലല്ല്ലോ.കാര്‍ത്തിക വിളക്കും കഴിഞ്ഞു. തിരുവാതിരയായി. ഉണ്ണിക്കുട്ടനോര്‍ത്തു. എന്തായാലും തിരുവാതിര പുഴുക്കും  ഗോതമ്പു കഞ്ഞിയും കഴിയ്ക്കാന്‍ ഉള്ളാടത്തി വരാതിരിയ്ക്കില്ല.

വല്യച്ഛന് ദീനം ബാധിച്ചു. വൈദ്യരെ വരുത്തി.ഒരു ദിവസം വല്യച്ഛന്‍ മരിച്ചുവെന്ന് എല്ലാവരും പറഞ്ഞു.ഉണ്ണിയും കണ്ടു.വെള്ളയില്‍ മൂടിപ്പുതച്ച് വല്യച്ഛന്‍ കിടക്കുന്നത്.

പതിനാറടിയന്ത്രം കെങ്കേമമായിരുന്നു. കല്യാണം കഴിയ്ക്കാത്ത വല്യച്ഛന്‍റെ ശേഷക്രിയകള്‍ വല്യേട്ടനാണു ചെയ്തത്.പതിനാറടിയന്ത്രത്തിന് വാര്‍പ്പിന്‍റെ വട്ടമുള്ള വലിയ   മാനസപപ്പടം കമ്പില്‍ കെട്ടി കിണറിന്‍റെ വടക്കേപ്പുറത്ത് നാട്ടി നിര്‍ത്തിയിരുന്നു. അത്രേം വലിയ പപ്പടം ഉണ്ണിക്കുട്ടന്‍ആദ്യായിട്ടാണു കണ്ടത്. പപ്പട പണ്ടാരത്തിനെക്കൊണ്ട് പ്രത്യേകം പറഞ്ഞ് ഉണ്ടാക്കീ ന്നാണ് അമ്മപറഞ്ഞത്. കാക്ക കൊത്തിപ്പറിച്ച് എല്ലാം തിന്നു. മോക്ഷം കിട്ടാന്‍ വേണ്ടിയാണത്രേ. പിന്നീടു മുത്തശ്ശീടെ അടിയന്ത്രത്തിനും അത്രേം വലിപ്പമുള്ള പപ്പടം കണ്ടില്ല.

എല്ലാം കഴിഞ്ഞു.

പിറ്റെ ദിവസം വല്ല്യച്ഛനെ ദഹിപ്പിച്ച സ്ഥലത്ത് വെറുതെ പോയി .

അതാ, ഉള്ളാടത്തി. അവിടെ നില്‍ക്കുന്നു.പറമ്പിന്‍റെ ഈ  തെക്കേ മൂലയ്ക്ക് കൊട്ടക്കാടും  കരിഞ്ഞോട്ടക്കാടും ഒന്നുമില്ലല്ലോ. പിന്നെ ഉള്ളാടത്തിയിവിടെ എന്തിനു വന്നു? ഉണ്ണിക്കുട്ടന് സംശയമായി. ഉള്ളാടത്തീടെ തലയില് വട്ടിയില്ലാ.ഒക്കത്ത് ഒരു നല്ല ചന്തമുള്ള വെളുത്ത കുഞ്ഞ്.

ഉണ്ണിക്കുട്ടന്‍ ചോദിച്ചു.

കറുത്ത ഉള്ളാടത്തീടെ വെളുത്ത കുട്ട്യാ? ഉള്ളാടത്ത്യേ ഇന്ന് ആമേ കുത്തുന്നില്ലേഒക്കത്തെ കുട്ടിയെ അവിടെയിരുത്തീട്ട് ആമേക്കുത്ത്.ഒരു കുഴികുഴിച്ച്ഇലയിട്ടിരുത്തിയ്ക്കോ. ഉണ്ണി നോക്കിയ്ക്കോളാം.

അകത്തു ചൂടു തട്ടിയപ്പോള്‍ ആമയുടെതല പതുക്കെ പതുക്കെ വെളിയിലോട്ടു വന്നതുപോലെ ഉള്ളാടത്തീടെ കണ്ണില്‍ നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ പതുക്കെ പതുക്കെ  കവിളിലൂടെ ഒലിച്ചിറങ്ങി. അതിനര്‍ത്ഥം എത്ര നാളുകഴിഞ്ഞാണ് ഉണ്ണിയ്ക്കു മനസ്സിലായത്.

ചെറിയമ്മേടെ വിളി കേട്ടാണ് ..ചിക്കി ചികഞ്ഞ ഓര്‍മ്മയിലാണെന്ന ബോധം വന്നത്.

കരിഞ്ഞോട്ടക്കാടിനോടു വിട പറയുമ്പോള്‍ അറിയാതെയൊരു നൊമ്പരം....ഉള്ളാടത്തിയുടെ കുട്ടിയെപ്പറ്റി........

64 comments:

  1. കുട്ടികളെല്ലാം ഒന്നിനു പുറകെ ഒന്നായി വടക്കേപ്പുറത്തേയ്ക്ക് ഓടിയെത്തി.ഏതോ വിചിത്ര ജീവിയെ കാണാനെന്നപോലെ...

    കയ്യിലുള്ള സ്ഥിരം വടിയുമായി മുത്തശ്ശി തിണ്ണയില്‍.

    “ഒരു വിളിപ്പാടകലേ.........”

    ReplyDelete
  2. കഥ നന്നായിരിക്കുന്നു. ഉള്ളാടത്തി ഒരു വേദന..

    ReplyDelete
  3. ഉള്ളാടത്തിയുടെ ഉള്ള്.
    ആമയുടെ തല.........

    നന്നായി കഥ.

    ReplyDelete
  4. ലളിതമായി പറഞ്ഞു തീര്‍ത്ത നല്ല കഥ.

    ReplyDelete
  5. മുകില്‍,

    Echmukutty

    ആളവന്‍താന്‍

    ഒക്കത്തെ കുട്ടിയൊഴിച്ച്...കൂടുതലും ഈ കഥയില്‍..ആത്മാംശം അടങ്ങിയിരിയ്ക്കുന്നു...ഇപ്പോള്‍ ഉള്ളാടത്തികള്‍..വരാറില്ല..ആമെ കുത്താന്‍.
    ഒരുപാടു മാമൂലുകള്‍ കാത്തു സൂക്ഷിച്ച മുത്തശ്ശി..എപ്പോഴും ഒരുവടിയുമായി. ഒരു വിളിപ്പാടകലെ താഴ്ന്ന ജാതിക്കാരെ നിര്‍ത്തിയിരുന്ന മുത്തശ്ശി..എല്ലാം വേദനയായി മനസ്സില്‍..

    ReplyDelete
  6. കുസുമം,
    എന്നെ ഒരു അമ്പതു വര്ഷം പിറകോട്ടു വിളിച്ചു!
    അവതരണം എനിക്കിഷ്ടപ്പെട്ടു.
    മാത്രമല്ല, എന്റെ ബാല്യകാലം ഓര്‍മ്മ വന്നു.
    പ്ലാവില കുത്തിയിട്ട്, അതുകൊണ്ടു കഞ്ഞി കൊരിക്കുടിക്കുംപോള്‍,പ്ലവിലയുടെ ചെറിയ ഒരു രുചിയും, മണവും, കഞ്ഞിയുടെ കൂട്ടത്തില്‍ കൂടും. അതിന്റെ ഒരു സ്വാദ്, ഒരു രസം, ഇന്നത്തെ തലമുറയ്ക്ക് അന്യമല്ലേ!? അഭിനന്ദനങ്ങള്‍!

    ReplyDelete
  7. ഒരു കുട്ടിക്കാലം തിരിച്ചുപിടിക്കുന്നു!!

    ReplyDelete
  8. പരിചയമുള്ള ആരെയൊക്കെയോ കണ്ടു , കഥയിലൂടെ. ഇഷ്ടപ്പെട്ടു .

    ReplyDelete
  9. കഥ വളരെ നന്നായി ടീച്ചര്‍
    ലളിതമായ അവതരണം ,കഥയുടെ മാറ്റ് കൂട്ടി
    കുഴി കുഴിച്ചു ഇലയിട്ടു കഞ്ഞി കുടിക്കുന്ന ഉള്ളടത്തി മനസ്സില്‍ നിന്ന് മായുന്നില്ല

    ReplyDelete
  10. പഴയ ഓര്‍മ്മകള്‍ ..
    അതില്‍ വേദനയും ഒപ്പം സന്തോഷവും കലര്‍ന്നതായിരിക്കും.
    മുറ്റത്ത്‌ കുഴിയില്‍ കഞ്ഞി വിളമ്പിയ കാലം,
    തീണ്ടായ്മയും അയിത്തവും നിലനിന്ന കാലം ..
    എന്നാല്‍ ഇന്നും മനസ്സില്‍ പലരും ഇവ നിലനിര്‍ത്തുന്നു എന്നതും സത്യം .
    വളരെ നന്നായി എഴുതി.

    ReplyDelete
  11. പഴങ്കാല ഓര്‍മ്മകള്‍ , കൊച്ചു കൊച്ചു നൊമ്പരങ്ങള്‍ ..കെങ്കേമമായി തന്നെ നടക്കട്ടെ ..

    ReplyDelete
  12. കുസുമം ....നല്ല കഥ .പഴയ കഥ ... ..നന്നായിരിക്കുന്നു

    ReplyDelete
  13. നമ്മുടെ നാട്ടില്‍ പണ്ട് നിലനിന്നിരുന്ന അയിത്തത്തിന്റെ ചെറിയ ഓര്‍മ്മപ്പെടുത്തലോടൊപ്പം അന്നും ആയിത്തമില്ലാത്ത ഒന്നായ്‌ കുഞ്ഞ് പിറന്നതും കൊച്ചബ്രാന്റെ നിഷ്ക്കളങ്കമായ ചോദ്യവും എല്ലാം ലളിതമായി പറഞ്ഞു.
    ഇപ്പോഴും വടക്കെ ഇന്ത്യയിലെ യുപിയിലോക്കെ ചായക്കടകളില്‍ പോലും മുസ്ലീമിനും ഹിന്ദുവിനും പ്രത്യേകം പ്രത്യേകം ഗ്ലാസുകലിലാണ് ചായ കൊടുക്കുക എന്ന് കൂടെയുള്ള യുപിക്കാര്‍ പറഞ്ഞപ്പോള്‍ അത്ഭുതം തോന്നി.

    ReplyDelete
  14. നല്ല കഥ .. നല്ല ഒഴുക്കോടെ പറഞ്ഞു ..
    ഉണ്ണിയിലൂടെ പഴയകാല ഓര്‍മകള്‍ വെള്ളിത്തിരയില്‍ കാണും പോലെ കാണാന്‍ പറ്റി.....

    ശരിക്കും ഇഷ്ടമായ കഥ..

    ReplyDelete
  15. മനുഷ്യനെ മനുഷ്യൻ ഐത്തത്തോടെ വീക്ഷിച്ചിരുന്ന പിന്തിരിപ്പൻ കാലത്തിന്റെ അവശേഷിപ്പുകൾ മുഴുവൻ ഒപ്പിയെടുത്തിരിക്കുന്നു....
    നന്നായി അവതരിപ്പിച്ചിരിക്കുന്നു കേട്ടൊ കുസുമംജി.

    അന്നും ഇന്നും എല്ലാതമ്പുരാക്കന്മാർക്കും അറപ്പില്ലാത്താത് പെണ്ണിനോട് മാത്രമാണല്ലോ !

    ReplyDelete
  16. ചേച്ചി ,കഥ കൊള്ളാം ,ഞാന്‍ അദ്യമായ ആമയെ പിടിക്കുന്ന കാര്യം കേള്‍ക്കുന്നത് .. ഉള്ളാടത്തിയുടെ മനസ്സ് ശരിക്കും അറിഞ്ഞു ..

    ReplyDelete
  17. ഉള്ളാടത്തിയുടെ കഥ ഉള്ളില്‍ തട്ടി. ചില നിയമങ്ങള്‍ ഉണ്ടാക്കി വെച്ച അയിത്തം, പക്ഷെ ആ അയിത്തം സ്വകാര്യ ശയനതിനു തടസമാവതിരിക്കുന്നതിലെ കാപട്യം, എല്ലാം ഒരു വേദനയായി പറഞ്ഞു വെച്ചു. അതെ ചില ഓര്‍മ്മകള്‍ ചേറില്‍ നിന്ന് കുമിള പോലെ പൊങ്ങി വരും.

    ReplyDelete
  18. പഴയകാലത്തിന്റെ ഒരു വാങ്ങ്മയ ചിത്രം ലളിത രീതിയില്‍ നന്നായി അവതരിപ്പിച്ചു . ഇത്തരം കാര്യങ്ങള്‍ പുതിയ തലമുറയ്ക്കു പുത്തന്‍ അറിവും പ്രായമായവര്‍ക്ക് ഓര്‍മ്മ പുതുക്കലുമാണ് . നന്നായിരിക്കുന്നു

    ReplyDelete
  19. തുടക്കത്തിൽ തറവാടു നൊസ്റ്റാൾജിയയാണെന്നു തോന്നിപ്പോകും, പിന്നെയല്ലേ, കഥ ഉള്ളാടത്തിയുടെ ഉള്ളൂരുകിയ കഥയാ യി മാറുന്നത്. ആ‍ണാളെ തീണ്ട്യാ കുളിക്കണ തമ്പ്രാൻ, പെണ്ണാളെ തീണ്ട്യാ കുളിക്കാത്ത തമ്പ്രാൻ ന്ന പാട്ടോർത്തു. ഒരിക്കലും മറക്കാൻ പാടില്ലാത്തത്. ഒന്നാം തരം കഥ, അഭിനന്ദനം!

    ReplyDelete
  20. കഥ പറച്ചിൽ ഇഷ്ടപ്പെട്ടു.
    എനിക്കു കേട്ടു പരിചയം കൂടിയില്ലാത്ത ചിലതൊക്കെയുണ്ട്‌ കഥയിൽ.

    ചിലതു വായിച്ചു രക്തം തിളയ്ക്കുകയും ചെയ്തു. ഇന്നും ചിലതിനൊന്നും വലിയ മാറ്റം ഇല്ല എന്നതാണു കഷ്ടം...കഷ്ടമല്ല.. ചിലരുടെ മനസ്സിലെ കുഷ്ടം.. അതെന്നാവോ മാറുക..?

    ReplyDelete
  21. പണ്ടത്തെ കാലത്തെ ആചാരങ്ങളും അനാചരങ്ങളും വളരെ മനോഹരമായി എഴുതിയിരിക്കുന്നു. കഥയുടെ അവസാന ഭാഗം ഗംഭീരമായി. വായിച്ചു തീര്‍ന്നിട്ടും കഥയും കഥാപാത്രങ്ങളും മനസ്സില്‍ തങ്ങി നില്‍ക്കുന്നു. ചേച്ചിക്കെന്റെ അഭിനന്ദനം.

    ReplyDelete
  22. നാടന്‍ കഥ എനിക്ക് വളരെ ഇഷ്ടമായി ആന്റി, എന്നെ അറിയിച്ചതിനു ശുക്രിയ.

    ReplyDelete
  23. ചേച്ചിയുടെ വരികളില്‍ ഗ്രാമം, തറവാട്, ബാല്യം തുടങ്ങിയ വികാരങ്ങള്‍ തെളിഞ്ഞു കാണുന്നു. 'കിണര്‍' എനൊക്കെ എഴുതിയപ്പോള്‍ ശരിക്കും ഫീല്‍ ചെയ്തു. ആത്മാംശം അടങ്ങിയ ഈ കഥ പ്രിന്റ്‌ മീഡിയയ്ക്ക് അയച്ചുകൊടുക്കൂ. ചില പ്രയോഗങ്ങള്‍-ഉള്ളാടത്തി-നൊമ്പരമായി.

    ReplyDelete
  24. ചേച്ചി വളരെ നന്നായിട്ടുണ്ട് ഇതിലെ ഉള്ളാടത്തി കഥാപാത്രം കേമം ആയി ...എല്ലാ ഭാവുകങ്ങളും നേരുന്നു ,,,,!!

    ReplyDelete
  25. ഉള്ളാടത്തി ഒരു വേദനയായി ഉള്ളിൽ പടരുന്നു...
    മനസ്സിൽ തങ്ങി നിൽക്കുന്ന കഥയും കഥാപാത്രങ്ങളും, വളരെ മനോഹരമായും ലളിതമായും പറഞ്ഞത് ഏറെ ഇഷ്ടമായി!

    ReplyDelete
  26. appachanozhakkal..സന്തോഷം
    അപ്പച്ചന്‍ ഞാനും ചെറുതിലേ പ്ലാവിലയില്‍ കഞ്ഞി കോറി കുടിച്ചിട്ടുണ്ട്.
    അതിന്‍റ രുചിയൊന്നു വേറെ തന്നെയായിരുന്നു.
    nikukechery.. കുട്ടിക്കാലത്തെ ചില കാര്യങ്ങള്‍ പച്ചയായി എപ്പോഴും മനസ്സില്‍ നില്‍ക്കും

    sreee..എല്ലായിടവും ഇങ്ങനെയുള്ള കഥാപാത്രങ്ങള്‍ ഉണ്ടായിരിയ്ക്കുമല്ലോ


    ismail chemmad..സന്തോഷമുണ്ട്. അത് അവര്‍ക്കു മാത്രമേ അങ്ങിനെ ഇല മണ്ണില്‍ കുഴിച്ചു വെച്ച് പാത്രം പോലെയാക്കാന്‍ പറ്റു.
    ഇസ്മായില്‍ കുറുമ്പടി (തണല്‍)...ശരിയാണ് ഇസ്മയിലെ...ഇപ്പോഴും നമ്മളുള്‍ പ്പെടുന്ന സമൂഹത്തില്‍ ഇത്രയും ഇല്ലെങ്കിലും കുറച്ചൊക്കെ അയിത്തവും അനാചാരവും നിലനില്‍ക്കുന്നുണ്ട്
    സിദ്ധീക്ക...ശരിയാണ് സിദ്ധിക്ക് പഴയ ഓര്‍മ്മകള്‍.കൊച്ചു കൊച്ചു സന്തോഷങ്ങള്‍ തരുന്നതിനോടൊപ്പം ദുഃഖവും നല്‍കുന്നു.

    MyDreams..സന്തോഷം ഡ്രീംസ്..

    പട്ടേപ്പാടം റാംജി..ശരിയാണ് റാംജീ കേരളത്തിനേക്കായിലും വടക്കേ ഇന്‍ഡ്യയില്‍
    ഇപ്പോഴും അയിത്തം കൂടുതലുള്ള സ്ഥലങ്ങളാണെന്നാണ് ഞാനും അറിഞ്ഞിരിയ്ക്കുന്നത്.

    Biju George..ബിജു എന്‍റ ബ്ലോഗില്‍ ആദ്യമായാണ്. സന്തോഷം

    ReplyDelete
  27. ഹംസ..വളരെ സന്തോഷം ഹംസ

    മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.

    മുരളീ..ശരിയാണ്.അയിത്തമില്ലാത്തത്.ഒന്നു മാത്രമേയുള്ളു. സ്ത്രീ ശരീരം..പണ്ടും..ഇന്നും
    pournami..ആ അങ്ങിനെയും ഒരു കാലമുണ്ടായിരുന്നു. ഞങ്ങളുടെ നാട്ടില്‍

    salam pottengal

    അതെ സലാം ചിലകാര്യങ്ങള്‍ ഉള്ളില്‍ തട്ടുന്നവയായിരിയ്ക്കും. പുറത്തു പറയാന്‍ കൊച്ചു കുട്ടികളായിരിയ്ക്കുമ്പോള്‍ പറ്റുകയില്ല.


    kusumam..സന്തോഷം കുസുമം

    Abdulkader kodungallur
    ഖാദേര്‍ജി..പുതിയ തലമുറയ്ക്ക് ഇതൊന്നും അറിയില്ല.

    ReplyDelete
  28. ശ്രീനാഥന്‍

    “ആ‍ണാളെ തീണ്ട്യാ കുളിക്കണ തമ്പ്രാൻ, പെണ്ണാളെ തീണ്ട്യാ കുളിക്കാത്ത തമ്പ്രാൻ ന്ന പാട്ടോർത്തു. ഒരിക്കലും മറക്കാൻ പാടില്ലാത്തത്. ഒന്നാം തരം കഥ, അഭിനന്ദനം!”
    ശ്രീനാഥന്‍ മാഷേ..ഒരുപാടു സന്തോഷം

    Sabu M H....ചില കാര്യങ്ങള്‍ മനസ്സില്‍ കിടന്നു തിളയ്ക്കും .എന്നാല്‍ നമുക്കൊന്നും ചെയ്യാന്‍ പറ്റില്ല. ഇപ്പോഴും നമുക്കു ചുറ്റും കാണുന്നില്ലേ?

    Vayady.. ഒത്തിരി സന്തോഷത്തോടെ സ്വീകരിച്ചിരിയ്ക്കുന്നു

    നേന സിദ്ധീഖ്..ഓ മോളു.. മോളു വരുന്നത് ആന്‍റിയ്ക്ക് ഒരുപാടു സന്തോഷമാ..

    കണ്ണൂരാന്‍ / K@nnooraan...കണ്ണൂരാന്‍ വന്നതോടു കൂടി എന്‍റ ബ്ലോഗിനൊരു തെളിച്ചം വന്നു.
    സന്തോഷമായി കേട്ടോ.. കമന്‍റിന്..പിന്നെ ഈ കഥ ഇവിടെ സ്ത്രീകളുടെ ഒരു മാഗസിന് അയച്ചു കൊടുത്തു. സ്ത്രീശബ്ദം എന്നാണു പേര്.


    •ღ°♥ Fasal♥°ღ•..സന്തോഷം ഫാസല്‍..ഉള്ളാടത്തി എന്‍റെയും ഹൃദയം കീഴടക്കിയ കഥാപാത്രമാണ്.

    കുഞ്ഞൂസ് (Kunjuss)...ഉള്ളാടത്തി ഉള്ളില്‍പ്പടരുന്ന വേദനയായി .ആ കഥാപാത്രങ്ങള്‍ എനിയ്ക്കും അന്ന് വേദനയായിരുന്നു.

    ReplyDelete
  29. കഥ നന്നായിരിക്കുന്നു

    ReplyDelete
  30. വീണ്ടും ഗൃഹാതുരത്വമോ എന്നു തോന്നിപ്പിക്കുന്ന തുടക്കത്തില്‍ നിന്നും ആമയുടെ പിടച്ചിലിലേക്കും ഉള്ളാടത്തിയുടെ ഉള്ളിലേക്കും കഥ വികസിച്ചപ്പോള്‍ കഥക്കു പുതിയ മാനം കൈവന്നു. അഭിനന്ദനങ്ങള്‍ ചേച്ചി.

    ReplyDelete
  31. നല്ല കഥ ..ഇഷ്ടമായി ...ആശംസകള്‍

    ReplyDelete
  32. പറമ്പിലെ പണിക്കാരിയെ തൊട്ടതിനു ചാണകനീര് തളിച്ച് കുളത്തില്‍ കുളിപ്പിച്ചിട്ടും 10 വയസ്സുള്ള കുട്ടിയോടുള്ള ദേഷ്യം മാറാതെ ഒരു ദിവസം ഭക്ഷണം കൊടുത്തില്ല എന്റെ മുത്തശ്ശിക്ക്. ഈ കഥ പണ്ട് കേട്ടപ്പോള്‍ ഒന്നും മനസ്സിലായില്ല. മുത്തശ്ശി എന്നെ മറ്റൊരു കള്ളക്കഥ പറഞ്ഞു പറ്റിക്കുകയാണ് എന്നാണ്‌ കരുതിയത്‌. ആ കാലത്തൊന്നും ജനിക്കാതെ പോയത് ഭാഗ്യം

    കഥ വളരെ നന്നായി ചേച്ചി.

    ReplyDelete
  33. Jishad Cronic

    ഭാനു കളരിക്കല്‍
    ധനലക്ഷ്മി
    Diya Kannan

    നല്ല അഭിപ്രായങ്ങള്‍ തന്ന് എന്നെ പ്രോത്സാഹിപ്പിക്കുന്നതിന് ഒരുപാടു സന്തോഷം

    ReplyDelete
  34. കഥ ഒഴുക്കോടെ,മുഴുകി വായിച്ചു..
    കൊട്ടക്കാട്ടിലും കരിന്ജോട്ടക്കാട്ടിലും ഞാനും കേറിയിറങ്ങി..
    അയ്ത്തവും തൊട്ടുകൂടായ്കയും നിലനില്‍ക്കുമ്പോഴും
    പെണ്ണിന്‍റെ വിഷയത്തില്‍ അതൊക്കെ മറന്നുപോകുന്ന
    പഴയകാലം..
    ഇപ്പോഴും ഇതൊക്കെ നിലവിലുണ്ടോ..
    മാനസപ്പപ്പടം ആദ്യായിട്ടാ കേള്‍ക്കുന്നത്,,

    ReplyDelete
  35. പഴയ ആ കാലം എനിക്കും ഓർമ്മയുണ്ട്. കീഴ്ജാതിക്കാരോട് തൊട്ടു മുകളിലുള്ള ജാതിക്കാർ അങ്ങനെയാണ് ചെയ്തിരുന്നത്.. ആമയെ മാത്രമല്ല എലിയും പാമ്പും ഒക്കെ അവരുടെ ഇഷ്ട ഭക്ഷണമായിരുന്നു.വാസ്തവത്തിൽ അന്നവർക്ക് പട്ടിണിയില്ലായിരുന്നു...!

    ReplyDelete
  36. നല്ല കഥ, ഓര്‍മകളെ വളരെ സമര്‍ത്ഥമായി
    കോര്‍ത്തിണക്കിയിരിക്കുന്നു.
    എനിക്ക് ഇപ്പോള്‍തന്നെ
    എന്റെ ഗ്രാമത്തിലേക്ക് പോകണമെന്ന് തോന്നുന്നു.

    ReplyDelete
  37. നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം.....ആദ്യ വായനയാണ് ഇവിടെ...വളരെ നന്നായിട്ടുണ്ട്........

    ReplyDelete
  38. ~ex-pravasini* സന്തോഷം.. അങ്ങിനെയുണ്ട് ഒരു പപ്പടം..
    ഒത്തിരി വലുതാണ്..
    വീ കെ

    thabarakrahman

    ഹാഷിക്ക്
    വിലപ്പെട്ട അഭിപ്രായങ്ങള്‍ തന്നതില്‍ സന്തോഷം..ഒരു കാലഘട്ടത്തിന്‍റ ഓര്‍മ്മകള്‍..ഒരു കഥയാക്കി..അതിഷ്ടപ്പെട്ടന്നറിഞ്ഞതില്‍ ഒരുപാടു സന്തോഷം

    ReplyDelete
  39. എത്തിപ്പെടാന്‍ ഇത്തിരി വൈകിയ ബ്ലോഗ്‌. എങ്ങിനെ സംഭവിച്ചു...?

    കഥയിലേക്ക്‌ വരാം. പിടിച്ചിരുത്തിയ വായന. ഭംഗിയുള്ള അവതരണം.

    ഇനിയും കാണാം.
    ആശംസകള്‍

    ReplyDelete
  40. യാന്ത്രികമല്ലാത്ത, നൊമ്പരങ്ങളും
    ഉച്ചനീചത്വങ്ങളുമുണ്ടെങ്കിലും വര്‍ണ്ണ
    പ്രപഞ്ചത്തിന്റെതായ ആ ലോകത്തെ
    മനസ്സില്‍ തട്ടും വിധം വരച്ചു കാട്ടി
    വാങ്മയ ചിത്രങ്ങള്‍ക്കു അഭിനന്ദനം.

    ReplyDelete
  41. കുട്ടിക്കാലത്തേക്ക് തിരിച്ചു കൊണ്ട് പോയ ഒരു നല്ല കഥ.

    ReplyDelete
  42. നാട്ടു വഴിയിലൂടെ നടക്കാന്‍ ഞാന്‍ വീണ്ടും വന്നു...

    ReplyDelete
  43. ഒരു നല്ല കഥ... നല്ല ഒഴുക്കോടെ പറഞ്ഞു

    ReplyDelete
  44. അതെ ഇതിങ്ങനെ..തുടര്‍ന്നുകൊണ്ടേയിരിയ്ക്കും..

    ആശംസകള്‍!!

    ReplyDelete
  45. ചെറുവാടി..താമസിച്ചാണെങ്കിലും വന്നതില്‍ സന്തോഷം
    ജയിംസ് സണ്ണി പാറ്റൂര്‍..മാഷേ..സന്തോഷം..പ്രോത്സാഹനത്തിന്
    Shukoor ..വല്ലപ്പോഴും കുട്ടിക്കാലത്തേയ്ക്കും പോകുക.അതൊരു സുഖമാണ്.

    ReplyDelete
  46. Anees Hassan..നാട്ടു വഴിയിലൂടെ നടന്നാല്‍ നാടന്‍ കാഴ്ചകള്‍ കാണാം
    lekshmi. lachu..സന്തോഷം
    Joy Palakkal ജോയ്‌ പാലക്കല്‍..ശരിയാണ് ആ പറഞ്ഞത്..

    ReplyDelete
  47. സതെര്‍ണ്‍ റയില്‍വേക്ക് ശേഷം കുസുമം എഴുതിയ മികച്ച ഈ കഥ
    വളരെ ഹൃദയ സ്പര്‍ശിയായി .ഈ കഥയുടെ പശ്ചാത്തലം എനിക്കും ചിര പരിചിതമായ ഒന്നായി തോന്നി .. കഥതന്നെയാണ് കുസുമത്തിന്റെ തട്ടകം എന്ന് ഉറപ്പിച്ചു പറയാവുന്ന ഈ രചനയ്ക്ക് അഭിനന്ദനങ്ങള്‍ !!

    ReplyDelete
  48. നല്ല കഥ.
    ഇഷ്ടപ്പെട്ടു ചേച്ചീ...
    ഒരു പക്ഷെ ഇന്നത്തെ കുട്ടികൾക്ക് ഒട്ടും പരിചിതമല്ലാത്ത കാലം...!

    ReplyDelete
  49. ചേച്ചി ഞാന്‍ വരാന്‍ വൈകിയോ?
    എന്റെ ഓരോ പോസ്റ്റിനും ആദ്യമെത്തുന്ന ചേച്ചിയാ...
    sorrrrrrrrryyyyyyyy.....

    ReplyDelete
  50. രമേശ്‌അരൂര്‍...രമേശേ പഴയ കഥയുടെ പേരുപോലും ഓര്‍ത്തിരിയ്ക്കുന്നല്ലോ രമേശ്..എനിയ്ക്ക് ഒരുപാടു സന്തോഷമായി.
    jayanEvoor..ശരിയാണു ജയന്‍ നമ്മുടെ കുട്ടികള്‍ക്ക് അന്യം നിന്നുപോയ ഒരുപാടു കാര്യങ്ങളുണ്ട്.പട്ടണത്തില്‍ വളരുന്ന കുട്ടികള്‍ക്ക് ഇതിനേപ്പറ്റി ഒന്നും അറിയില്ല.
    താന്തോന്നി/Thanthonni..പ്രവീണെ ഇങ്ങനെ സോറിയൊന്നും വേണ്ട. ഞാനും ചിലപ്പോള്‍ ചിലരുടെ പോസ്റ്റ് വിട്ടു പോകും.മെയിലയക്കുകയാണെങ്കില്‍
    പെട്ടെന്ന് ചെല്ലും. അതുകൊണ്ടാണ് ഞാന്‍ എല്ലാവരോടും പോസ്റ്റിട്ടാല്‍
    അറിയിക്കണമെന്നു പറയുന്നത്

    ReplyDelete
  51. പഴമയിലേക്ക് മനസ്സിനെ കൊണ്ടുപോയ നല്ലൊരു കഥ. ഉള്ളിൽ തട്ടും‌പടി എഴുതി. ഉള്ളാടത്തി ഒരു വേദനയായി ഉള്ളിൽ.

    ആശംസകൾ

    ReplyDelete
  52. അറിയാത്ത വിവരങ്ങള്‍..
    മനസ്സ് നൊന്തു പോയി..

    ReplyDelete
  53. നന്നായിരിക്കുന്നു

    ReplyDelete
  54. അമ്പമ്പോ ഇപ്പോഴാണെ കണ്ടത്.., ക്യാമ്പില്‍ പരിചയപ്പെട്ടതു ഭാഗ്യം..:)

    ReplyDelete
  55. അക്ഷരങ്ങാള്‍ വരച്ച ചിത്രങ്ങള്‍ പോലെ കഥ..
    ഇഷ്ടമായി, ശ്രീനാഥന്‍ മാഷിന്റെ കമന്റിലെ പാട്ട്.. :)

    ReplyDelete
  56. പള്ളിക്കരയില്‍..മാഷേ ഒരുപാടു സന്തോഷം
    mayflowers..ചില സ്ഥലങ്ങളില്‍ നടന്ന ചില കാര്യങ്ങള്‍ അവിടെ മാത്രം ഒതുങ്ങി നില്‍ക്കും
    Raghunath.O..നന്ദി മാഷേ

    കല|kala ..ഓ എന്‍റ കൂട്ടുകാരീ..ഇവിടെയെത്തിയോ

    നിശാസുരഭി..നല്ല അഭിനന്ദനത്തില്‍ സന്തോഷിയ്ക്കുന്നു.

    ReplyDelete
  57. അറിയാതെയൊരു നൊമ്പരം..

    ReplyDelete
  58. ബാല്യകാലത്തെ ഓര്‍മ്മിപ്പിക്കും വിധം ഉള്ള എഴുത്ത്. മനോഹരമായിരിക്കുന്നു. ഞാന്‍ ചിലപ്പോള്‍ എന്റെ ബാല്യം എഴുതാറുണ്ട്. ഗ്രീറ്റിങ്ങ്സ് ഫ്രം തൃശ്ശിവപേരൂര്‍

    ReplyDelete
  59. നല്ല കഥ.ഉള്ലാടത്തിയുടെ ഒക്കത്ത് ഇരിക്കുന്ന വെളുത്ത കുഞ്ഞു..അയിത്തത്തിന്റെ പേരില്‍ തീണ്ടാപ്പാട് അകലെ നില്‍ക്കണം അവള്‍.പക്ഷെ ഇതൊക്കെ ആവാം.അവിടെ അയിത്തമില്ല.

    "ഇല്ലെങ്കിലും മനുഷ്യനു മാത്രമല്ലേ മാറ്റം വരുന്നുള്ളു.ചെടികളും മരങ്ങളുമെല്ലാം

    ഒരു പ്രായമായിക്കഴിഞ്ഞാല്‍ അതേപോലെ തന്നെ എത്ര നാള്‍ വേണേലും നില്‍ക്കും"
    നിമിഷങ്ങള്‍ കൊണ്ട് രൂപ ഭാവങ്ങള്‍ മാറാന്‍ മനുഷ്യനോളം കഴിവ് ആര്‍ക്കുണ്ട് ..

    ReplyDelete
  60. khader patteppadam

    ജെ പി വെട്ടിയാട്ടില്‍
    sreedevi

    വിലയേറിയ അഭിപ്രാങ്ങള്‍ തന്നതിന് നന്ദി

    ReplyDelete
  61. amme, nice story, othiri istamayi :)...

    ReplyDelete

Related Posts Plugin for WordPress, Blogger...