Thursday, November 8, 2012

അടുക്കളയില്‍ കൂടി അഭിസാരത്തിലേക്ക്.( ഒക്ടോബര്‍ രണ്ടിന് ദേശാഭിമാനി-സ്ത്രീയില്‍ പ്രസിദ്ധീകരിച്ചത്).   ബ്രിട്ടീഷ് കൈരളിയില്‍ ഈയിടെ ഒരു വാര്‍ത്ത  വന്നു. ---വേശ്യാ വൃത്തിയെ കുറിച്ച് പഠിക്കാന്‍
ഒരു മ്യൂസിയം  തുടങ്ങിയിരിക്കുന്നു. ഇവിടെയെങ്ങുമല്ല. ലോകത്തിലെ വന്‍കിട മുതലാളിത്ത രാഷ്ട്രമെന്ന് സ്വയം അവകാശപ്പെടുന്ന അമേരിക്കയിലെ നെവാഡയിലാണ് ഈ മ്യൂസിയം തുറന്നിരിക്കുന്നത്. നാല്‍പ്പതു വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരഭിച്ച ചെറി പാച്ച് എന്ന വേശ്യാലയമാണ് ഇപ്പോള്‍ മ്യൂസിയമാക്കി മാറ്റിയിരിക്കുന്നത്.
ഈ വാര്‍ത്ത വായിച്ചപ്പോള്‍അക്ഷരാര്‍ത്ഥത്തില്‍ സഹതാപമാണ് തോന്നിയത്.

 കുറച്ചു മാസങ്ങള്‍ക്കു മുമ്പ് സിറ്റിയിലെ ഒരു അനാഥാലയത്തിന്‍റ വാതുക്കല്‍ ഓട്ടോ കാത്തു നില്‍ക്കുമ്പോഴാണ് എന്നെപ്പോലെ തന്നെ അനാഥാലയത്തില്‍  കുട്ടികള്‍ക്ക് മധുര പലഹാരങ്ങളുമായി വന്നിട്ട് പുറത്ത് ഓട്ടോ കാത്തു നില്‍ക്കുന്ന ആ സ്ത്രീയെ കാണാനിടയായത്. അവളെ ഞാന്‍ ലീന എന്നു വിളിക്കട്ടെ. ഒറ്റ നോട്ടത്തില്‍ തന്നെ അവളെ തിരിച്ചറിയുന്ന വിധമായിരുന്നു ലിനയുടെ വേഷ ഭൂഷങ്ങള്‍ . പെട്ടെന്ന് വന്ന ഓട്ടോയില്‍ ഞാന്‍ കൈകാണിക്കുകയും കേറാന്‍ തുടങ്ങിയപ്പോള്‍ കൂടെ കേറട്ടെ എന്ന് എന്നോടു ചോദിക്കുകയും ചെയ്തു. എനിക്കു പോകേണ്ട വഴിതന്നെ ആയതിനാല്‍  ഞാന്‍ സമ്മതിച്ചു. കൂടെയുള്ള സഹയാത്രികയെ തിരിച്ചറിഞ്ഞ ഓട്ടോക്കാരന്‍റെ കണ്ണാടിയില്‍ കൂടിയുള്ള നോട്ടം  അല്‍പ്പം പിശകായിരുന്നെങ്കിലും  ലീനയുടെ തറപ്പിച്ചുള്ള നോട്ടം അയാളെ മര്യാദക്കാരനാക്കി.
 ലീനയെയും കൂടി ഓട്ടോയില്‍ കയറ്റിയതിന്‍റെ ചാരിതാര്‍ത്ഥ്യം ആ മുഖത്തു നിഴലിച്ചു. സ്റ്റോപ്പെത്തുന്നതിനു മുമ്പ് അവളെ ഇറക്കിയാല്‍ മതിയെന്നും. ഇല്ലെങ്കിലവളുടെ കൂടെ ഞാനിറങ്ങിയാല്‍ എനിക്കതു നാണക്കേടാകുമെന്നും ലീന പറഞ്ഞു. കിട്ടുന്നതിന്‍റ ഓഹരി അനാഥാലയത്തിനുകൂടി കൊടുക്കുന്ന ആ നല്ല മനസ്സിനെ ഞാനൊരുപാടുബഹുമാനിച്ചു. ഏതാണേലും ഒരുമിച്ചു തന്നെ ഇറങ്ങിയ ഞാന്‍  അടുത്തു കണ്ട ചെറിയ പാര്‍ക്കിന്നരുകിലേക്ക് മാറി നില്‍ക്കാമെന്നു പറഞ്ഞതനുസരിച്ച്  ലീന എന്‍റെ കൂടെ വന്നു. ഞാനവിടെ കണ്ട ഒരു സിമന്‍റു ബഞ്ചിലിരുന്നു. ഒപ്പം അവളും.  വളരെ സ്നേഹത്തില്‍ തന്നെ ഞാന്‍ ചോദിച്ചു തുടങ്ങി. ഈ ജോലി ചെയ്യുന്നതിലെ അരുതായ്ക.  അവളുടെ മറുപടിയില്‍ ശരിക്കും പറഞ്ഞാലെന്‍റ ഉത്തരം മുട്ടിപ്പോയി എന്നു തന്നെ പറയാം.
ലീന എന്നോടു പറഞ്ഞത് ഇപ്രകാരമായിരുന്നു. ചേച്ചി ഞാനൊരു ലൈംഗിക തൊഴിലാളിയാണെന്ന് അഭിമാനത്തോടു കൂടി പറയുന്നു. അതിന്‍റ പങ്കാണ് ഇപ്പോള്‍ ആ അനാഥ കുട്ടികള്‍ക്കും കൂടി കൊടുത്തത്. അതാകണമെന്നു വെച്ചല്ല  ഞാന്‍ ജനിച്ചത്. പതിനഞ്ചാമത്തെ വയസ്സില്‍ കഴിക്കാനാഹാരത്തിനും ഉടുക്കാന്‍ വസ്ത്രത്തിനും വേണ്ടി ഒരു വലിയ വീട്ടിലെ അടുക്കളയിലെ അടുക്കള തൊഴിലാളിയായിട്ടായിരുന്നത്രേ തുടക്കം. അവിടുത്തെ  വീട്ടുകാരി ഇല്ലാത്ത സമയത്ത് വീട്ടുകാരനാണ് ബാല്യം മാറാത്ത അവളെ ആദ്യമായി ഇരയാക്കിയത്.  ആവര്‍ത്തനങ്ങള്‍ തുടര്‍ന്നതിനോടൊപ്പം വെളിയില്‍ പറഞ്ഞാല്‍ അവിടെ നിന്നും പറഞ്ഞു വിടുമെന്ന ഭീഷണിയും. കുറച്ചു നാള്‍ എല്ലാം സഹിച്ചു നിന്നു. എങ്ങനെയോ വീട്ടുകാരിക്ക് സംശയം തോന്നിയപ്പോള്‍
കൊണ്ടു വന്നാക്കിയ ഏജന്‍റിനെ വിളിച്ചു വരുത്തി പറഞ്ഞു വിട്ടു. വീട്ടിലെ പ്രാരാബ്ദം അടുത്ത വീട്ടിലേക്കുള്ള പ്രയാണത്തിന്  നിര്‍ബന്ധിതയാക്കി. അങ്ങനെ വീടു വീടാന്തരം കയറിയിറങ്ങി ജോലി ചെയ്യുന്നതിനൊപ്പം പലയിടത്തും അടുക്കളതൊഴിലിനുള്ള കൂലിയില്‍  ലൈംഗിക തൊഴിലും  കൂടി ചെയ്യേണ്ടി വന്നു. പിന്നീട് സ്വയം തന്നെ ഒരു തീരുമാനത്തിലെത്തിയതാണത്രേ  . അടുക്കള തൊഴിലിലെ കൂലിയില്‍ ലൈംഗിക  തൊഴിലും കൂടി ചെയ്യുന്നതിലും  ലാഭമായി  അവള്‍    കണ്ടത് ഒരു ലൈംഗിക തൊഴിലാളി ആയി സ്വയം മാറുകയെന്നതായിരുന്നു.
അങ്ങനെ ഒരു തീരുമാനം എടുത്തതിലെ ശരി എന്താണെന്നു ചോദിച്ചപ്പോളവള്‍ പറഞ്ഞത് ഒരു തെറ്റും ചെയ്യാത്ത അവളെ ചീത്തയാക്കിയിട്ട് ആ കുറ്റം മുഴുവനും അവളില്‍ മാത്രം ഒതുക്കിയെന്നാണ്. അതിലും ശരിയായിട്ട് അവള്‍ക്കു തോന്നിയത് പരസ്യമായ ശരീരം വില്‍പ്പനയാണെന്നാണ്.
അവള്‍ പറഞ്ഞതിലെ ശരിയും തെറ്റും ഞാനൊന്നു വിശകലനം ചെയ്തു. ശരിയാണ്  പലവീടുകളിലും വീട്ടു ജോലിക്കു വരുന്ന ജോലിക്കാരെ ഇതേപോലെ ലൈംഗിക ചൂഷണം ചെയ്യുകയും എന്നിട്ട് "ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ" എന്നു പറഞ്ഞു നടക്കുന്ന മാന്യന്‍മാരെയും  കാണാന്‍സാധിക്കും. "തൊണ്ട പഴുത്താല്‍ ഇറക്കുകയല്ലേ നിവൃത്തിയുള്ളു" എന്നു കരുതി ഒട്ടു മുക്കാലും വീട്ടുകാരികളിതു ക്ഷമിക്കുകയും ചെയ്യുന്നു.
വേശ്യാ വൃത്തിയെ കുറിച്ച് പഠിക്കാന്‍ ഇവിടേയും ഒരു മ്യൂസിയം തുടങ്ങിയാല്‍ ഇതൊക്കെ അതിലുള്‍പ്പെടുത്താമായിരുന്നു എന്ന്  ബ്രിട്ടീഷ് കൈരളിയിലെ ആ വാര്‍ത്ത വായിച്ചപ്പോള്‍   തോന്നി..

12 comments:

 1. ശരിയാണ് വ്യേശ്യാ വൃത്തിയെക്കുറിച്ച് പഠിക്കാൻ നമ്മുടെ നാട്ടിലും ഒരു മ്യൂസിയം തുടങ്ങേണ്ടത് അത്യാവശ്യമാണ്. കൌമരക്കാര്‍ക്കും, യുവാക്കൾക്കും പലതിനും പരിശീലനക്കളരി ആവശ്യമാണ്.കടകളിൽ പാന്മസാല കിട്ടാതെ വരുമ്പോൾ എവിടെ നിന്നെങ്കിലും അത് സംഘടിപ്പിക്കാൻ നെട്ടോട്ട മോടുന്ന പലരേയും ഞാനിപ്പോൾ കാണുന്നു...അമിത വില കൊടുത്ത് അത് അവർ വാങ്ങുന്നൂ. അശ്ലീല സൈറ്റുകളും,മഞ്ഞപ്പുസ്തകങ്ങളും, സെക്സ് സിനിമകളും കണ്ട് വളരുന്ന കുട്ടികൾക്കും(ചില മുതിർന്നവർക്കും)'സുഖം' തേടിയുഌഅ അലച്ചിലിൽ ഒന്നും കിട്ടാതെ വരുമ്പോൾ അടുക്കളക്കാരിയിലും,അല്ലാഥ പക്ഷം പീഡ്അനങ്ങളിലൂടെയും അത് നേടിയെടുക്കാൻ അവർ ശ്രമിക്കും.. മുംബയിലെ ചുവന്ന തെരുവുകളെപ്പോലെ.കേരളത്തിലും ഇത് ആവശ്യമായി വന്നിരിക്കുന്നൂ..നല്ല ലേഖനം...ആശാംസകൾ

  ReplyDelete
 2. വഴിവിട്ടു സഞ്ചരിക്കുന്ന (അത് തന്നെ) സ്ത്രീകളെ വേശ്യ എന്ന് വിളിക്കുന്നതിനോട് യോജിക്കുന്നില്ല.
  സ്വന്തം ശരീരം വിറ്റ് അവരുണ്ടാക്കുന്ന പണം ഏതാനും പേരുടെ വയറ്റിലേക്ക് അന്നമായി എത്തുന്നുണ്ട്.
  അതിനെ കുറ്റം പറയരുത്.
  അതേ സമയം സുഖത്തിനു വേണ്ടി ശരീരം സമര്‍പ്പിക്കുന്ന സ്ത്രീകളുമായി ഇവരെ താരതമ്യം ചെയ്യരുത്.

  ലേഖനം നന്നായിരിക്കുന്നു.

  ReplyDelete
 3. ലേഖനം നന്നായി.

  ReplyDelete
 4. തൊണ്ട പഴുക്കുന്നവർക്ക്‌ നല്ല മരുന്ന് കരുതി വയ്ക്കണം.

  ReplyDelete
 5. ആ സ്ത്രീ തിരഞ്ഞെടുത്ത മാർഗത്തിൽ നമുക്കു കുറ്റം കാണാൻ ആവില്ല. വീട്ടുജോലിക്കെത്തുന്ന പെൺകുട്ടികളെ ദുരുപയോഗം ചെയ്യുന്നവർക്ക് കീവ്പ്പെടുന്നതിലും എത്രയോ ഭേദമാണ് സ്വന്തം നിലക്ക് ആ തൊഴിൽ ചെയ്യുന്നത്. തന്റെ വരുമാനത്തിന്റെ പങ്ക് അനാഥർക്കായി നീക്കിവെക്കുന്ന ആ മനോഭാവത്തോട് ആദരവും തോന്നുന്നു....

  ReplyDelete
 6. വിഷയം അല്‍പ്പം കടുപ്പമായത് ആണ് .-പണ്ടായിരുന്നെങ്കില്‍ .
  ഇന്ന് വേശ്യാവൃത്തി ഒരു അസാധാരണ തൊഴിലല്ല .

  ReplyDelete
 7. തൊഴിലിടങ്ങളിലെ ലൈംഗീക ചൂഷണം .അതാണ്‌ പ്രശ്നം .

  ReplyDelete
 8. വാക്കുകളുടെ അര്‍ത്ഥ വ്യാപതിയെ വിശകലനം ചെയ്യുന്ന ലേഘനം .ഒരുപാട് തവണ ചര്‍ച്ച ചെയ്ത വിഷയം ആണ് എങ്കിലും ഇപ്പോഴും പ്രസക്തമായ വിഷയമായത് കൊണ്ടാണ് ജമീലയുടെ നോവല്‍ ഇത്രമാത്രം വായിക്കപ്പെടുന്നത്

  ReplyDelete
 9. സാഹചര്യങ്ങളുടെ സൃഷ്ടിയാണ് മനുഷ്യന്‍.
  ഒരു സ്ത്രീയും വേശ്യ ആയോ? ഒരു പുരുഷനും കള്ളനോ കൂട്ടി കൊടുപ്പുകാരനോ ആയോ ജനിക്കുന്നില്ലല്ലോ.

  ReplyDelete
 10. ലോകത്ത് ഏറ്റവും വലിയ
  ഒരു തൊഴിൽ മേഖല ഇതാണെന്ന് പറയപ്പെടുന്നൂ...!

  ReplyDelete

Related Posts Plugin for WordPress, Blogger...