Saturday, October 14, 2017

കരം തീരുവയില്ലാത്തവര്‍



ആദ്യമാദ്യം ചെറിയ ഒരു നനവു മാത്രമേ ഉണ്ടായിരുന്നുള്ളു. വേനലായതു കൊണ്ട് പൊടി പിടിച്ചുകിടന്ന വീടിന്‍റെ മുന്‍വശം  .അല്‍പ്പം പൊടി ഒതുങ്ങി. ഞങ്ങള്‍ രണ്ടുപേരും പരസ്പരം നോക്കി. നമുക്കു പണിയായല്ലൊ എന്ന്  പറയാതെ പറയുകയായിരുന്നു.
ദിവസങ്ങള്‍ കഴിയും തോറും നനവിന്‍റെ തോത് കൂടിക്കൂടി വന്നു. വിളിയ്ക്കാനുള്ള സമയമായോഎന്ന് ഞാനദ്ദേഹത്തിനോടു ചോദിച്ചു. ഇല്ല. പുറത്തേയ്ക്കു വരട്ടെഎന്നിട്ടാകാം. ഇപ്പോഴേ വിളിച്ചാലല്ലേ പുറത്ത് എത്തി കുറച്ച് നല്ല ഒഴുക്കാകുമ്പോള്‍ എത്തുകയുള്ളുയെന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.
കുറച്ചു ദിവസം കൂടി കഴിഞ്ഞു. ഭൂമിയുടെ അടിയില്‍ നിന്നും ഒരു തെളി നീരുറവ വരുന്നതുപോലെ ഒരു ദിവസം, നോക്കിനില്‍ക്കേ പുറത്തേക്ക് വെള്ളം പൊട്ടി ഒഴുകി ത്തുടങ്ങി.
കൂടെക്കൂടെ ഉണ്ടാകാറുള്ള  കുടിവെള്ളപൈപ്പു പൊട്ടല്‍. ഇനിയുള്ള ദിവസങ്ങള്‍ ഫോണ്‍ വിളിയുടേതാണ്. ഞങ്ങള്‍ രണ്ടുപേരും കേറിയും മാറിയും രാവിലേയും ഉച്ചയ്ക്കും വൈകിട്ടും നിരന്തരം വിളിയായിരിക്കും.ഇന്നു വിടാം നാളെ വിടാം ഇപ്പോള്‍ വിടാം എന്നുള്ള മറുപടികളുടെ ഒരു ഘോഷയാത്രയായിരിക്കും .ഒറ്റപ്പെട്ട , കുത്തനെ താഴോട്ടുള്ള  ഇടവഴിയിലെ ആദ്യതാമസക്കാരായതിനാല്‍ മഴവെള്ളമാണെങ്കിലും പൈപ്പുപൊട്ടലാണെങ്കിലും തിരക്കിട്ട് ആദ്യമേ എത്തുന്നത് ഞങ്ങള്‍ക്കാണ്. അതു കഴിഞ്ഞേ അടുത്ത വീടുകളിലേയ്ക്ക് യാത്രയുള്ളു. മഴപെയ്യുന്ന ദിവസങ്ങളില്‍ മഴവെള്ളം ഒരരുവിപോലെ  ഒഴുകിവരുന്ന ആ കാഴ്ച കണ്‍കുളിര്‍ക്കെ കാണാന്‍ പട്ടണം ആണെങ്കിലും ഭാഗ്യം കിട്ടിയതില്‍ ഞാന്‍ ഈശ്വരനു നന്ദി പറയാറുണ്ട്.  കുട്ടിക്കാലത്ത് ഒഴുക്കുവെള്ളത്തില്‍ കടലാസ്സുവഞ്ചി ഒഴുക്കിവിട്ട് രസിച്ചതുപോലെ ഒന്ന് ഒഴുക്കിവിട്ടിരുന്നെങ്കിലെന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുമുണ്ട്.

  ഞാന്‍ അതു നോക്കി  കുറച്ചുനേരം നിന്നു. പുറത്തുവന്ന വെള്ളം, കുത്തിയൊലിച്ചു വരാതിരിയ്ക്കാന്‍ കെട്ടിയിരിക്കുന്ന സിമന്‍റു തിട്ടയുടെ ഓരം ചേര്‍ന്ന് ഒഴുകി നിറഞ്ഞ് വീണ്ടും ഒരു കുഞ്ഞരുവിയായി താഴേയ്ക്ക്  ഒഴുകി പുതിയ ഒഴുക്കു ചാലുണ്ടാക്കി അടുത്ത പറമ്പിലേയ്ക്ക് ഒഴുകിപ്പരക്കുന്നു. എല്ലാം തന്നിലേയ്ക്ക് ഏറ്റുവാങ്ങിയ ഭൂമി  ഒഴുകിയിറങ്ങിയ വെള്ളം അവിടെ നിന്ന പുല്ലിനും പൂച്ചെടിക്കും ഒരേപോലെ തുല്യ അളവില്‍ പകുത്തുനല്‍കി. അപ്രതീക്ഷിതമായി കൊടിയ വേനലില്‍ കിട്ടിയ ദാഹജലം കുടിച്ച് പുല്ലിനും പൂച്ചെടിയ്ക്കും കുറുന്തോട്ടിയ്ക്കും മുക്കുറ്റിക്കും എല്ലാത്തിനും  ഒരുണര്‍വായി. വീണ്ടും ഞാന്‍ അദ്ദേഹത്തിന്‍റെ മുഖത്ത് നോക്കി .നന്നാക്കാന്‍ വിളിയ്ക്കാന്‍ സമയമായോ എന്നറിയുവാന്‍.
നാളെ രാവിലെ ആകട്ടെ. ഇനി എത്ര ദിവസം വിളിയ്ക്കണം. നാളെ തൊട്ട് വിളി തുടങ്ങാം. അടുത്തമാസത്തിലേ ബില്ലിലെ ചാര്‍ജ്ജ് വരുകയുള്ളു.
അതു ശരിയാ അങ്ങനെയാകട്ടെ. ഞാനും കൂടെ ചേര്‍ന്നു. എന്തിനും നമുക്കാണല്ലൊ പ്രശ്നമുള്ളത്. അതുകൊണ്ട് നമ്മള്‍ തന്നെ വേണ്ടേ  എപ്പോഴും വിളിയ്ക്കാന്‍.
നമ്മുടെ വീടിന്‍റെ മുന്‍പിലല്ലേ അതുകൊണ്ട് മറ്റുള്ളവര്‍ക്കെന്തു നഷ്ടം
പക്ഷേ വെള്ളം എല്ലാവര്‍ക്കും കൂടി ഉള്ളതല്ലേ.ഞാന്‍ ന്യായവാദം നിരത്തി ഒന്നു മുന്നേറുവാന്‍ നോക്കി.
പക്ഷേ അദ്ദേഹത്തിന്‍റെ മറുപടിയില്‍ ഞാന്‍ പരാജയപ്പെട്ടു കീഴടങ്ങി
നമ്മുടെനാട്ടിലെ പോലെയല്ല. ഇതു പട്ടണമാ. അവനവന് അവനവന്‍റെ കാര്യം..ഇല്ലെങ്കില്‍ താനൊന്നു പരീക്ഷിച്ചു നോക്കിയെ. ഒന്നു ചെന്നു പറഞ്ഞേ. ഏതവനെങ്കിലും വരുമോന്ന് നോക്കട്ടെ.
 തോറ്റു തുന്നം പാടേണ്ടെന്നു കരുതി ഞാന്‍ ഒന്നും മിണ്ടാതെ അടുക്കളയിലേയ്ക്കു പോയി.
 പിറ്റേന്നുകാലത്തെണീറ്റ് ആദ്യംനോക്കിയത് വെള്ളം എന്തുമാത്രം ഒഴുകി വരുന്നുണ്ടെന്നാണ്. വീടിനു മുന്നിലെ സിമന്‍റു തിട്ടയ്ക്ക് ഒരു ചരിവ് ഉള്ളതുകൊണ്ട് വെള്ളം ചെറിയ ഒരു തടാകമായിട്ട് അതു നിറഞ്ഞുകഴിഞ്ഞ് നല്ലൊരു അരുവിയായി ഒഴുക്കു തുടരുന്നുണ്ടായിരുന്നു.രാവിലെ ഈ കാഴ്ചകണ്ട് തിരിഞ്ഞപ്പോള്‍ എന്നോടു പറഞ്ഞു.   ആ ഇന്നു തൊട്ട് വിളി തുടങ്ങാം. രാവിലെ ഞാന്‍. ഉച്ചയ്ക്ക് താന്‍.
ഞാന്‍ മനസ്സില്‍ പറഞ്ഞു . അതിനുപോലും എനിയ്ക്കു മുന്‍ഗണന ഇല്ല.
അങ്ങനെ അദ്ദേഹം പത്തുമണിയായപ്പോള്‍ ആദ്യത്തെ വിളി തുടങ്ങി.
വാട്ടര്‍ അതോറിറ്റിയല്ലേ. ഇവിടെ പൈപ്പുപൊട്ടിയതു പറയാന്‍ വിളിച്ചതാ. ചാലക്കുഴി ലൈനില്‍.
 തിരിച്ചുള്ള മറുപടിയുടെ ആഘാതംകൊണ്ടായിരിക്കും അദ്ദേഹത്തിന്‍റെ മുഖം ഒരുമാതിരി കിരിയാത്തു കഷായംകുടിച്ചതുപോലെയായത്.
.
പന്തിയല്ലെന്നു കണ്ട ഞാന്‍ അങ്ങോട്ടു നോക്കാനേ പോയില്ല. ഉച്ചവരെ ആളു നന്നാക്കാന്‍ വന്നില്ലെങ്കില്‍ എന്‍റെ ഊഴമാകുമല്ലൊ. അപ്പോള്‍ പറയുന്നതു കേള്‍ക്കാം എന്നു കരുതി.


ഉച്ചയ്ക്കുള്ള എന്‍റെ ഊഴമായി,
 അങ്ങേത്തലയ്ക്കല്‍ നിന്നുള്ള പ്രതികരണം നേരിടാന്‍ തയ്യാറായി വിളിച്ചു. വളരെ ഭയഭക്തി ബഹുമാനത്തോടെ....
വാട്ടര്‍ അതോറിറ്റിയല്ലേ.
അതെ . എന്തുവേണം.
ഒന്നും വേണ്ടാ... ചാലക്കുഴി ലൈനില്‍ പൈപ്പു പൊട്ടിയ കാര്യം പറയാന്‍ വിളിച്ചതാ.
ഈ നംമ്പരില്‍ നിന്നല്ലെ രാവിലെയും വിളിച്ചത്.
അതെ പക്ഷെ ഇതുവരെ നന്നാക്കാന്‍ വന്നില്ല. അതുകൊണ്ടാ വീണ്ടും വിളിച്ചത്.
അവിടെ ഇതു തന്നെയാണല്ലൊ പണി. ഇതിപ്പോളെത്രാം പ്രാവശ്യമാ  അവിടെയീ പൈപ്പുപൊട്ടല്‍.
എപ്പോള്‍ വരുമെന്നൊന്നും പറഞ്ഞില്ല. അയാള്‍ ഫോണ്‍ കട്ടുചെയ്തു.

പിറ്റേന്നും അതിന്‍റെ പിറ്റെന്നും ഇതു തന്നെ ആവര്‍ത്തിച്ചു.
അടുത്ത ദിവസം അല്‍പ്പം കൂടി കടുപ്പിച്ച ഭാഷയിലാണ് ഞാന്‍ പറഞ്ഞത്.
കുടിവെള്ളമാണെന്നും ആളുകള്‍ വെള്ളം കുടിയ്ക്കാനില്ലാതെ വിഷമിയ്ക്കുമ്പോള്‍ ഇങ്ങനെ വെള്ളം ഒഴുക്കി കളയുന്നത് നല്ലതല്ല എന്നും മറ്റും പറഞ്ഞ് അവരെ ഒന്ന് ഉത് ബോധിപ്പിയ്ക്കാനൊരു ശ്രമം നടത്തി. അന്ന് ഉച്ചയ്ക്ക് എവിടെയോ പോയിവന്ന ഞങ്ങള്‍ കണ്ടത് വെള്ളം ഒലിപ്പു നിന്നിരിയ്ക്കുന്ന കാഴ്ചയാണ്. പക്ഷേ പണിചെയ്ത ഒരു ലക്ഷണവുംഅവിടെങ്ങും കണ്ടില്ല. അകത്തുകയറി ഒന്നു നോക്കാമെന്നു കരുതിപൈപ്പു തിരിച്ചു. വെള്ളമില്ല. അദ്ദേഹം അവിടെ നിന്നുപറയുന്നതുകേട്ടുലൈന്‍ തുടങ്ങുന്നിടം വെച്ച് വാല്‍വ് പൂട്ടിക്കാണുമെന്നു്.. അന്നു മുഴുവനും പിറ്റേന്നും അതു തന്നെയായിരുന്നു സ്ഥിതി. മറ്റുള്ള ഉപഭോക്താക്കളാരും അതറിഞ്ഞ ഭാവമില്ലാതെ ഉള്ളവെള്ളം കൊണ്ട്  ഉള്ളതുപോലെ കഴിച്ചുകൂട്ടി. അങ്ങനെയിരുന്നപ്പോള്‍ മൂന്നാംപക്കം രാവിലെ വെള്ളം വന്നു. ഒഴുക്കും ശക്തിയായിത്തുടങ്ങി.ഞാനദ്ദേഹത്തിനെ വീണ്ടും നോക്കി.
അദ്ദേഹം പറഞ്ഞു ഇനി മൂന്നാലു ദിവസം കഴിയട്ടെ. വിളിച്ചു തുടങ്ങാം. ഞാന്‍ മിണ്ടാതെ അകത്തേയ്ക്കു പോന്നു. ഞാന്‍ വിചാരിച്ചു ശരിയാണ്. ഇനിയും വിളിച്ചുപറഞ്ഞ് വാല്‍വ് അടപ്പിയ്ക്കണ്ട എന്നു് .
 ടെറസ്സിനു മുകളില്‍ വക്കുപൊട്ടിയ ഒരു മണ്‍കലത്തില്‍ പക്ഷികള്‍ക്ക് കുടിയ്ക്കാന്‍ വെയ്ക്കുന്നവെള്ളം അതേപോലെ ഇരിക്കുന്നു.പതിവായി ഒരു കാക്കയും ഒരു മൈനയുമാണ് വെള്ളം കുടിയ്ക്കാറ്. അന്ന്അടുക്കളപ്പണി കഴിഞ്ഞ് സിറ്റൌട്ടില്‍ വന്നിരുന്നപ്പോഴാണ് ആ കാഴ്ച കണ്ടത്. സ്ഥിരമായി വരുന്ന കാവതിക്കാക്ക വെള്ളം കുടി കഴിഞ്ഞ് സുഖമായി ആ സിമന്‍റുതിട്ടയിലെ ചെറിയ തടാകത്തില്‍ ചിറകൊക്കെ വിടര്‍ത്തി കുളിയ്ക്കുന്നു.തൊട്ട് കരയില്‍ തന്‍റെ ഊഴം കാത്ത് മൈനഇണകളും ഇരിപ്പുണ്ട്. ഞാന്‍ ആ കാഴ്ച കൌതുകത്തോടെ നോക്കിയിരുന്നു. മനുഷ്യനില്ലാത്ത ക്ഷമ ആ പക്ഷികളില്‍ കണ്ടത്. കുളികഴിഞ്ഞ് കാക്ക തൊട്ടടുത്ത മരത്തിലിരുന്ന് ചിറകെല്ലാം ചുണ്ടുവെച്ച് കോതി മിനുക്കുന്നു. ഇടയ്ക്ക്   ആ കോങ്കണ്ണുവെച്ച് ഗര്‍വ്വോടെ എന്നെ ഒന്ന്  നോക്കിയതിലൊരര്‍ഥം ധ്വനിപ്പിക്കുന്നുണ്ടായിരുന്നു. ഇനി ആ  പൊട്ടക്കലത്തിലെ വെള്ളമൊന്നും എനിയ്ക്കാവശ്യമില്ല.പ്രകൃതിതന്നെ നല്ല സ്ഫടികസമാനമായ വെള്ളം ഞങ്ങള്‍ക്കുവേണ്ടി ഒഴുക്കിവിടുന്നു. നിങ്ങളൊക്കെ അതിനെ കുഴലിലും ടാങ്കിലും ഒക്കെ സംഭരിച്ച് അവകാശം സ്ഥാപിക്കുകയല്ലേയെന്ന്. അടുത്ത ഊഴം ഇണകളായ മൈനകളുടെതായിരുന്നു. അവരും വേണ്ടുവോളം രണ്ടുപേരും കൂടിആസ്വദിച്ചു കുളിച്ചു. പറന്നുപോയി.
വൈകുന്നേരം,  ഉണങ്ങാനിട്ട തുണി പെറുക്കാന്‍ പോയഞാന്‍ ആ പൊട്ടക്കലം എടുത്ത് ദൂരെ എറിഞ്ഞു.
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വാട്ടര്‍ അതോറിറ്റിയില്‍ ഇടയ്ക്കിടയ്ക്ക് ഒന്നു വിളി തുടങ്ങിയ്ക്കോളാന്‍ അദ്ദേഹം പറഞ്ഞു.
തുടര്‍ച്ചയായി മണ്ണിനടിയില്‍നിന്നും വരുന്നവെള്ളം സിമന്‍റു തിട്ടയില്‍ ചെങ്കല്ലരിച്ചിട്ട്   ഒഴുകിയതുകൊണ്ടാകാം ചെങ്കല്ല് ഒരു പാടയായി ചുവപ്പു പരവതാനിപോലെ തെളിഞ്ഞ വെള്ളത്തിനടിയില്‍ കാണപ്പെട്ടു. അന്ന് ഉച്ചയ്ക്ക് ഒരു തെരുവുപട്ടി ആരോ പറഞ്ഞു വിട്ടതുപോലെ ഓടിവന്ന് വെള്ളം കുടിച്ചിട്ട്
ഉള്ള വെള്ളത്തിലൊരു കുളിനടത്താനുള്ള ശ്രമം ദയനീയമായി പരാജയപ്പെട്ടു. ആ ചെങ്കല്ലുപാടമുഴുവനും അതിന്‍റെ പൃഷ്ഠഭാഗത്ത് പറ്റിച്ചുകൊണ്ട് ചാപ്പ കുത്തിയതുപോലെ ഒരു പോക്കുപോയി.അതോടൊപ്പം തന്നെ സിമന്‍റു തിട്ടയിലെ കുഞ്ഞുതടാകം ആനകുളിച്ച വെള്ളംപോലെ കലങ്ങിമറിഞ്ഞുകിടന്നു. വൈകുന്നേരം വരുന്ന കുളിക്കാര്‍ക്കുവേണ്ടി ഞാന്‍ ചൂലെടുത്ത് അഴുക്കെല്ലാം കലക്കിവിട്ട് ആ കുഞ്ഞുതടാകം വൃത്തിയാക്കിയിട്ടു.
അന്നു വൈകുന്നേരം കാക്കയും മൈനയും കൂടാതെ വേറെ പുതിയ   നീരാട്ടുകാരും കൂടി അവിടെ വന്നുചേര്‍ന്നു. .അതിലൊരാള് ഒരു തുത്തു കുലുക്കി പക്ഷിയും ഒന്ന് ഒരു തിത്തിരപ്പക്ഷിയും ആയിരുന്നു.
സ്ത്രീകളുടെ കുളക്കടവില്‍ പൊന്തക്കാട്ടിലൊളിച്ചിരുന്ന് കുളി കണ്ടു രസിക്കുന്ന ഒരു വിരുതനെപ്പോലെ ഞാന്‍ സിറ്റൌട്ടിലെ തൂണിന്‍റെ മറവിലിരുന്ന് വീട്ടുവാതുക്കലെ പുതിയ തടാകത്തിലെ കുളിക്കാരുടെ കുളി കണ്ടു രസിക്കുന്നത് പതിവാക്കി. ഒരു ശല്യവുമില്ലാതെ വീട്ടുപടിയ്ക്കലൂടെ ഒഴുകി അടുത്തപറമ്പില്‍ ചെന്നവസാനിയ്ക്കുന്നആകുഞ്ഞരുവി നിര്‍ബ്ബാധം ഒഴുകിയ്ക്കോട്ടെ എന്നുകരുതി ഞാനും കുളിക്കാരുമായി ഒരു പരസ്പരധാരണയുണ്ടാക്കി. അദ്ദേഹം ചോദിയ്ക്കുമ്പോളെല്ലാം ആപക്ഷിക്കൂട്ടങ്ങള്‍ക്കുവേണ്ടി ഞാന്‍ കള്ളവും പറഞ്ഞു തുടങ്ങി. വെള്ളംകുടി കഴിഞ്ഞ് അവരുടെ കണ്ണുകളില്‍ നോക്കുമ്പോള്‍ അതിന്‍റെ നന്ദി ആ കണ്ണുകളില്‍ സ്ഫുരിക്കുന്നതുപോലെ തോന്നി.
വീട്ടുവാതുക്കലെ കുളിക്കാരുടെ എണ്ണം ദവസം പ്രതി കൂടി. അവരു തമ്മിലൊരു പരസ്പരധാരണയിലും ആയി.സമയം പകുത്ത്. രാവിലെയും ഉച്ചയ്ക്കും. വൈകിട്ടും ഞാന്‍ എല്ലാവരുടേയും കുളി കഴിയുമ്പോള്‍ ചൂലടിച്ച് വെള്ളവും അഴുക്കും എല്ലാം ഒന്ന് കഴുകി.വിട്ടു. വാട്ടര്‍ അതോറിറ്റിക്കാരെ അദ്ദേഹം എന്നും പള്ളു വിളിച്ചു തുടങ്ങി.  എനിയ്ക്ക് എന്തോ കള്ളം ചെയ്തതുപോലെ മനസ്സിലൊരു കുറ്റ ബോധം. അതു പുറത്തുവരുത്താതെ ഞാനതിനൊരു സമാധാനം കണ്ടെത്തി. ഈ ഭൂമിയിലെ വെള്ളം ആ കുഞ്ഞു പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ഒക്കെ  കൂടി  ഉള്ളതാണ്. അവര്‍ക്കു കുടിയ്ക്കാനുള്ള തണ്ണീര്‍തടാകങ്ങളും കുളങ്ങളും പാടവുംഎല്ലാം നികത്തി. ഭൂമിയിലുള്ള വെള്ളം സംഭരിച്ച് കുഴലിലാക്കി വിട്ട് സ്വാര്‍ത്ഥനായ മനുഷ്യന്‍ തന്‍റെ ആവശ്യത്തിനുമാത്രം ഉപയോഗിക്കുന്നത് ഒരിയ്ക്കലും ന്യായീകരിയ്ക്കാനാവില്ല.. അതുകൊണ്ട് ഞാന്‍ ചെയ്തതാണ് ശരി. ഞാനെന്‍റെ വാദഗതിയിലുറച്ചുതന്നെ നിന്നു.
 ഒരു ദിവസം അടുത്തവീട്ടിലെ ഒരു ഉപഭോക്താവ് എന്തോ കാര്യത്തിനായി വീട്ടില്‍ വന്നു.  പുറത്ത് പൈപ്പു പൊട്ടി ഒലിയ്ക്കുന്ന കാഴ്ചകണ്ട് അയാള്‍ ചോദിച്ചു. ഇതെത്ര ദിവസമായി. കൃത്യമായി കണക്കെടുത്തില്ലെന്ന് അദ്ദേഹം മറുപടി പറഞ്ഞു.
ഞാന്‍ തിടുക്കത്തിലോടിവന്നു പറഞ്ഞു. :എന്നും വിളിയ്ക്കുന്നുണ്ട്. രണ്ടു ദിവസത്തിനകം വരുമെന്നാ പറഞ്ഞെ.
ഞാനൊന്നു നോക്കട്ടെ. എന്‍റെ ഒരു പരിചയക്കാരന്‍ ആ ഡിപ്പാര്‍ട്ടുമെന്‍റിലുണ്ട്.അയാള്‍ വിടുന്ന ലക്ഷണമില്ല.
 പിറ്റന്നു കാലത്ത് നാട്ടിലൊരു ബന്ധുവി‍ന്‍റെ കല്യാണത്തിനു പോകാനായി വീട്ടില്‍ നിന്നും ഇറങ്ങി. അപ്പോളാദ്യത്തെ കുളിക്കാരുടെ ഊഴമായിരുന്നു.
എന്നും വരാറുള്ള കാവതിക്കാക്കകള്‍. കാക്ക കുളിയ്ക്കുന്നതു കണ്ടു കൊണ്ട് യാത്ര പോകരുതെന്ന് പഴമക്കാര്‍ പറയുന്നത് കേട്ടിട്ടുണ്ട്.
വിവാഹസ്ഥലത്തും തിരികെ വീട്ടിലോട്ടുള്ള യാത്രയിലും ഒക്കെ ഒരേ ഒരു ചിന്തയായിരുന്നു.അയല്‍പക്കത്തെ ഉപഭോക്താവ് വാട്ടര്‍ അതോറിറ്റിയില്‍ പൈപ്പു പൊട്ടിയത് വിളിച്ചു പറഞ്ഞു കാണുമോ? ആ കുഞ്ഞുതടാകത്തിലെ കുളിക്കാരുടെ കുളിമുട്ടിക്കാണുമോ? ഭൂമിയിലെ ഓരോതുള്ളിവെള്ളത്തിനും എല്ലാ ജീവജാലങ്ങള്‍ക്കും ഒരേപോലെ അവകാശമില്ലേ..?.

5 comments:

  1. ഒരു കഥ പോസ്റ്റിയിട്ടു കുറേ നാളായി. ആരെങ്കിലും വായിക്കുമോന്ന് അറിയില്ല. ഉറങ്ങിക്കിടന്ന ബ്ലോഗിനെ ഒന്നുണര്‍ത്താന്‍.

    ReplyDelete
  2. നല്ല കഥ...ഇഷ്ടമായി.

    അനുഭവമാണോ???

    ReplyDelete
    Replies
    1. ഇപ്പോഴാണ് കണ്ടത്. പകുതി അനുഭവമാണ്

      Delete
  3. ആദ്യമായിട്ടാണ് ഇവിടെ ..നല്ല രസമുണ്ട് വായിക്കാൻ ..ഈ ലോകത്ത്‌ ഓരോതുള്ളി വെള്ളത്തിനും അവകാശികൾ നാം മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കും ... നല്ല ചിന്തകൾ നല്ല എഴുത്ത് ..ആശംസകൾ

    ReplyDelete
  4. ആദ്യമായിട്ടാണ് ഇവിടെ ..നല്ല രസമുണ്ട് വായിക്കാൻ ..ഈ ലോകത്ത്‌ ഓരോതുള്ളി വെള്ളത്തിനും അവകാശികൾ നാം മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കും ... നല്ല ചിന്തകൾ നല്ല എഴുത്ത് ..ആശംസകൾ

    ReplyDelete

Related Posts Plugin for WordPress, Blogger...