Tuesday, March 29, 2011

വളപ്പിലെ കുളം



അവനെന്നും ആവഴിയെയാണ്സ്ക്കുളില്‍ പോകുന്നത്. കുറച്ചു ദൂരം വരെ അമ്മ കൂട്ടിനുണ്ടാകും.തിരിച്ചു വരുന്നത് വേറെ വഴിയെയാണ്.കൂട്ടുകാരുമായി.അങ്ങോട്ട് പോകുമ്പോള്‍ ആ വലിയ കുളത്തിന്നരികില്‍ വരുമ്പോളവനൊന്ന് നില്‍ക്കും.       അറിയാതെ  കൌതുകത്തോടെ  നോക്കി നില്‍ക്കും.ചുറ്റിനും കല്‍പ്പടവുകള്‍. പായല്‍ പിടിച്ചു കറുത്തു കിടക്കുന്നു .കരിങ്കല്ലിലാണ് കല്‍പ്പടവുകള്‍ പണിതിരിയ്ക്കുന്നത്. നടുക്ക് ശാന്ത സുന്ദരമായ വെള്ളം.നിറയെ താമര ഒരുവശത്ത്.ഒരുവശത്ത് ചെറുതും വലുതുമായ ആമ്പല്‍  പൂക്കള്‍.കല്‍പ്പടവുകളുടെ ഇടയിലെ വിള്ളലില്‍ കൂടി കുറ്റിച്ചെടികള്‍ തലനീട്ടി നില്‍ക്കുന്നു.ചെറിയ ചെമന്ന പൂക്കള്‍.നിറയെ പൂക്കളുമായി അതു നില്‍ക്കുന്ന കാഴ്ച ആരെയും മോഹിപ്പിക്കും. ഏതോ ഭൂതകാലത്തിന്‍റെ നഷ്ട പ്രതാപത്തെ ഓര്‍ത്തു  ദുഃഖിച്ചു  കിടക്കുന്ന   കുളക്കടവുകള്‍.ആരും കുളിക്കാനില്ലാതെ നിശ്ചലമായി കിടക്കുന്നു.
 വെള്ളത്തിലെ കുഞ്ഞുമീനുകള്‍.കൊച്ചു കൊച്ചു  തവളകള്‍.നിറയെ മുള്ളന്‍ പായലുകള്‍.എല്ലാം കൊണ്ടും പ്രതാപം നഷ്ടപ്പെട്ട ആ കുളം അവന്‍റ ചെറിയ  മനസ്സില്‍ പോലും ഒരു വേദനയുളവാക്കി.അവനമ്മയോടാ കുളത്തിനെപ്പറ്റി തിരക്കി.അമ്മ കുറെ കാര്യങ്ങളവനോടു പറഞ്ഞു. ആ കുളത്തിനെപ്പറ്റി.ഒരുകാലത്ത് നാടുവാഴി തമ്പ്രാന്‍റ കുളമായിരുന്നു അതെന്ന്.നാടു വാഴിയുടെ അന്തപുരത്തിലെ ആയമ്മമാര്‍ തേവാരത്തിനു വന്നിരുന്ന ഒരു
കാലമുണ്ടായിരുന്നു. മുക്കുറ്റിച്ചാന്തിന്‍റെയും തിരുതാളിയുടെയും മണം നുകര്‍ന്ന് എത്രയോ മേനിയഴകാസ്വദിച്ച കുളക്കടവ്.ഇന്ന് ആരും തിരിഞ്ഞു നോക്കാനില്ലാതെ  നഷ്ട പ്രതാപത്തെയോര്‍ത്ത് ദുഃഖിച്ചു കിടക്കുന്നു.
എല്ലാത്തിനും ഒരു കാലമുണ്ട് എന്നു പറഞ്ഞതുപോലെയായിരുന്നു ആ കുളത്തിന്‍റയും കാലം.
എന്നും വഴിയില്‍ നിന്നും  അവന്‍ ഒരു കല്ലെടുക്കും. കുളത്തിനടുത്തെത്തുമ്പോള്‍ അവന്‍ വെറുതെ ഒരേറു കൊടുക്കും
കുളത്തിന്‍റെ മധ്യത്തിലെയ്ക്ക്..പിന്നെ കുറെ നേരം നോക്കി നില്‍ക്കും അതിന്‍റെ ഓളങ്ങള്‍ ആ ആ ആമ്പല്‍പൂക്കളെ തഴുകി, താമരയിതളുകളെ ഊഞ്ഞാലിലാടിച്ച്,കടന്നു പോകുന്നത് വെറുതെ നോക്കി നില്‍ക്കും.
വീണ്ടും നടക്കും.
 വീണ്ടും പിറ്റെ ദിവസത്തിനായ് കാത്തു നില്‍ക്കും.അടുത്ത കല്ലെടുക്കും.കുളത്തിനടുത്തെത്തുമ്പോളൊരേറു കൊടുക്കും.ആകുഞ്ഞോളങ്ങലലയടിച്ചവസാനിക്കുന്നതുവരെ നോക്കി നില്‍ക്കും.പിന്നീടു യാത്രയാകും.അങ്ങിനെ നിശ്ചലമായി കിടന്ന ആ കുളത്തിന് ഒരു ചെറിയ അനക്കം.ഒരു ചെറിയ ഓളം വന്ന് ആ കല്‍പ്പടവുകളില്‍
അലയടിച്ചു.അവനിടുന്ന കല്ലുകള്‍ ആമുള്ളന്‍പായലുകളെ കീറിമുറിച്ചുകൊണ്ട് അതിന്‍റെ ഗര്‍ഭഗൃഹത്തിലോട്ട് പൊയ് ക്കൊണ്ടിരുന്നു..
ഒരു ദിവസം അവന്‍റെ അമ്മ ഈ വികൃതി കണ്ടു. അവര്‍ അവനോടു പറഞ്ഞു. അരുത്. ഒരിയ്ക്കലും അരുത്.ഓരോദിവസവും എറിയുന്ന കല്ല് അതിന്‍റെ ഗര്‍ഭഗൃഹത്തിലടിഞ്ഞുകൂടും.ഒരു ദിവസം കുളം ഒരു വലിയ കല്ലു കൂമ്പാരമായി മാറും.അതിനെ നശിപ്പിക്കരുത്.അത് അതിന്‍റെ നഷ്ട പ്രതാപത്തിലെങ്കിലും അവിടെ നിലനില്‍ക്കട്ടെ.
പിറ്റെന്നാള്‍ കുട്ടി കല്ലെടുത്തില്ല. എറിഞ്ഞില്ല.വെറുതെ കുളക്കടവില്‍ ചെന്നു നിന്നു.താമരപ്പൂക്കളെ നോക്കി...ആമ്പല്‍പ്പൂക്കളെ നോക്കി..കല്‍പ്പടവുകളിലെ കാട്ടുചെടികളേ നോക്കി..കുഞ്ഞു മീനുകളെ നോക്കി. തിരിച്ചു പോകാനാഞ്ഞു.
അതാ ആ താമരയിലൊരെണ്ണം കുട്ടിയോടു ചോദിയ്ക്കുന്നു.എന്തേ, ഇന്നു നിനക്കെന്തുപറ്റി?”
അത്ഭുതം കൂറുന്ന കണ്ണുകളാല്‍ അവനാരാഞ്ഞു.എന്ത്,പൂവു സംസാരിക്കുന്നുവോ?”
അതെ നീയെറിഞ്ഞ കല്ല് ഓളങ്ങളുണ്ടാക്കി.ഞങ്ങളെ ഉണര്‍ത്തി.എന്തുകൊണ്ടു നീയത് അവസാനിപ്പിച്ചു.എന്തിനാണ് നീ കല്ലുകളെറിഞ്ഞ് നിശ്ചലമായി കിടന്ന ഞങ്ങടെ വികാര വിചാരങ്ങളെ  ഉണര്‍ത്തിയത്.
കുട്ടി ജിജ്ഞാസയോടെ  ചോദിച്ചു.എന്ത്,എന്തായിപ്പറയുന്നത്
അതെ, ഈ കുളത്തില്‍ ഒരു ചലനവുമില്ലാതെ നിര്‍വ്വികാരരായി  ഞങ്ങള്‍  വിടര്‍ന്നും  കൊഴിഞ്ഞും നില്‍ക്കുമ്പോളാണ്, ആ കല്ലുകള്‍     സൃഷ്ടിച്ച കുഞ്ഞോളത്തില്‍  ഞങ്ങള്‍ചാഞ്ചാടിയാടി തിമര്‍ക്കാന്‍ തുടങ്ങിയത്.
എന്തു രസമായിരുന്നു.എന്നും നിന്‍റെ വരവിനായി ഞങ്ങള്‍ കാത്തു നില്‍ക്കുമായിരുന്നു.ഞങ്ങളിലെ മൊട്ടുകളെല്ലാം
എത്ര ഉത്സാഹത്തോടെയാണ് വിരിഞ്ഞു പൂവായി മാറിയത്.ഇന്നിപ്പോള്‍ നീ..
അതു മുഴുമിപ്പിക്കാന്‍  സമ്മതിയ്ക്കാതെ കുട്ടി പറഞ്ഞു.അയ്യോ ,അങ്ങിനെയൊരിയ്ക്കലും  പറയരുതേ ചങ്ങാതി.അതിന്‍റ വരും വരായ്കയെ കുറിച്ച് ഞാന്‍ അജ്ഞാനിയായിരുന്നു.   ഇപ്പോഴാണ് ഞാനതു മനസ്സിലാക്കിയത്.
ഞാനിടുന്ന കല്ലുകള്‍ നിങ്ങളുടെ അസ്ഥി വാരത്തെ തകര്‍ക്കും.നിങ്ങള്‍ക്കു  പിന്നെ നില്‍ക്കാനിടമില്ലാതെ വരും.
ഇപ്പോള്‍ നിശ്ചലമെങ്കിലും നിങ്ങള്‍ക്കു നില്‍ക്കാനൊരിടമുണ്ടല്ലോ,നൈമിഷിക സുഖം തേടി നിങ്ങള്‍  എന്‍റെ
കല്ലുകളെ സ്വീകരിച്ചു് ഓളങ്ങളില്‍ ഉന്മാദമാടി നിന്നാല്‍ അത് നിങ്ങളുടെ നില നില്‍പ്പിനെയായിരിയ്ക്കും ബാധിയ്ക്കുക.
താമര പറഞ്ഞു.നീ ഇത്ര ചെറുപ്പത്തിലേ വേദാന്തം പറയുന്നുവോ.?”
വേദാന്തമല്ലാ...അനുഭവങ്ങളില്‍ കൂടി എന്‍റെ അമ്മയ്ക്ക് പല  അവസരങ്ങളിലും വീണു കിട്ടിയ അനുഭവ സമ്പത്ത്.
 എന്‍റെ അമ്മ,  അത് പകര്‍ന്നു തന്നതാണെനിയ്ക്ക്.അത് ഞാന്‍ വേദവാക്യമാക്കിയെന്നുമാത്രം. അമ്മയുടെ വാക്കുകളൊരിയ്ക്കലും പിഴയ്ക്കാറില്ല.അതുകൊണ്ട് ഞാന്‍ നിങ്ങളോട് മാപ്പു ചോദിച്ചു കൊണ്ട് വിടചൊല്ലുന്നു.
അടുത്ത ഏറിനായി ആരെങ്കിലും വരുമോയെന്നറിയാതെ  വീണ്ടും സൂര്യനെ നോക്കിയവ തപസ്സു ചെയ്തു കൊണ്ടേയിരുന്നു.........

Tuesday, March 15, 2011

കാണാമറയത്ത്

സംഭവത്തിനുശേഷം ആദ്യമായി ബോട്ടു സവാരി തുടങ്ങിയത് ആറുമാസത്തിനു മുമ്പായിരുന്നു. .മുത്തശ്ശിയുടെ കൈപിടിച്ച് ബോട്ടിലിരുന്ന കൊച്ചുമകന് ഒരുപാടു കാര്യങ്ങള്‍ ചോദിക്കാനുണ്ടായിരുന്നു.ബോട്ടു ഡ്രൈവര്‍ ഇടയ്ക്കിടയ്ക്ക് മുന്പിലുള്ള കംപ്യൂട്ടര്‍ സ്ക്രീനില്‍ നോക്കുന്നുണ്ട്. വഴിതെറ്റാതിരിയ്ക്കാന്‍. ജിയോഗ്രാഫിക്കല്‍ മാപ്പിനെ ആശ്രയിച്ചാണല്ലോ  ബോട്ടോടിയ്ക്കുന്നത്.കുറച്ചുകൂടി ടൂറിസം വികസിച്ചു. അവിടവിടെയായി ബോട്ടുകള്‍ വേറെയും ഉണ്ട്.

അനന്ത നീലാകാശം പോലെ പരന്നു കിടക്കുന്ന ജലപ്പരപ്പ്.കായലും കടലും എല്ലാം ഒന്നായി തീര്‍ന്ന ജലപ്പരപ്പ്.മുത്തശ്ശിയുടെ കണ്ണില്‍ക്കൂടി ഒഴുകിയ കണ്ണീരിന്‍റെ കാരണം പിടികിട്ടാതെ കൊച്ചുമോന്‍ വിഷമിച്ചിരുന്നു.കൈയ്യിലിരുന്ന ഭൂപടം എടുത്തു പരതിക്കൊണ്ട് അവര്‍ ആരോടെന്നില്ലാതെ പറഞ്ഞു. ഇവിടെ എവിടെയെങ്കിലും ആയിരിക്കണം.പേരക്കുട്ടി കഥയറിയാതെ മിഴിച്ചിരുന്നു.

അവന് ആകാംക്ഷ അടക്കാന്‍ കഴിയാതിരുന്ന ഒരു നിമിഷം അവന്‍ മുത്തശ്ശിയോടു തിരക്കി. “മുത്തശ്ശി എന്തിനാണു കരയുന്നത്?”
മുത്തശ്ശി മുത്തശ്ശിക്കഥപോലെ ആ കഥ പറഞ്ഞു കൊച്ചു മകനെ കേള്‍പ്പിച്ചു.
മുത്തശ്ശിയുടെ മുത്തേ, ഒരു കാലത്ത് ഇവിടെയൊരു ഗ്രാമമുണ്ടായിരുന്നു.പുഴയും വയലും തെങ്ങിന്‍  തോപ്പുമുണ്ടായിരുന്ന ഒരു ഗ്രാമം.പള്ളിയും അമ്പലവും മോസ്ക്കും ഉണ്ടായിരുന്ന ഗ്രാമം.കുറച്ചു നല്ല മനുഷേമ്മാരും.കുറച്ചകലെ മാറി ഒരു പട്ടണവും. അതിനെ കിഴക്കിന്‍റെ വെനീസെന്നായിരുന്നു വിളിച്ചിരുന്നത്.”
“മുത്തശ്ശിയെന്തായിപ്പറയുന്നത്.കുട്ടനൊന്നും മനസ്സിലാകുന്നില്ല.”
“അതെ മോനതൊന്നും മനസ്സിലാകില്ല. സായിപ്പിന്‍റെ  നാട്ടില്‍ ജനിച്ചുവളര്‍ന്ന മോന് അതൊന്നും മനസ്സിലാകത്തില്ല.”
ബോട്ട് സ്പീടു കുറച്ച് പതുക്കെ മുത്തശ്ശിയുടെ നിര്‍ദ്ദേശാനുസരണം കറങ്ങിക്കൊണ്ടേയിരുന്ന.
അവിചാരിതമായാണ് അതു കണ്ടത്. അവര്‍ അലറിക്കൊണ്ട്  ബോധമില്ലാതെ പുലമ്പുന്നതുപോലെ  പറഞ്ഞു.
“അതെ, ഇവിടെ തന്നെ.ഇവിടെ തന്നെയാണ് ആ സ്ഥലം.
ഈ അന്തരീക്ഷത്തിലെന്‍റെ നാടിന്‍റ മണം.പുഞ്ചവയലിന്‍റെ മണം.പൂക്കൈതയാറിന്‍റ മണം.എല്ലാം ഈ വായുവിലുണ്ട്.ഉണ്ണിക്കണ്ണന്‍റെ അമ്പലമണിമുഴക്കം ഇവിടെ കേള്‍ക്കുന്നു.അതേ
ഇവിടെ തന്നെയാണാസ്ഥലം. അതേ മുത്തശ്ശി ഓടിക്കളിച്ച സ്ഥലം എല്ലാം കാണാന്‍
കഴിയുന്നുണ്ട്.ഈ മുത്തശ്ശിക്ക്. കുട്ടാ.മുത്തശ്ശിയുടെ അകക്കണ്ണുകൊണ്ട്. എല്ലാം കാണുന്നു.

 അതാ ആ അമ്പലത്തിന്‍റ ഗോപുരം. ശരിയാണ്.അതിന്‍റെ അറ്റം അതാണീകാണുന്നത്. അതു മാത്രം തകര്‍ന്നില്ല. പറഞ്ഞു കേട്ടിട്ടുണ. നാരായണത്തു ഭ്രാന്തന്‍ ഉറപ്പിച്ച വിഗ്രഹമാണെന്ന്. അത്രയും പഴക്കമുള്ള ഗോപുരവും. കരിങ്കല്ലിലാണ് തീര്‍ത്തിരിയ്ക്കുന്നത്. അന്നേ, കുട്ടിക്കാലത്തേ അതൊരു വിസ്മയമായി തന്‍റ മനസ്സിലിടം പിടിച്ചിരുന്നതാണല്ലോ.”
അത്രയും ഉയരത്തിലുള്ള ഗോപുരം വേറെ വടക്കെവിടെയോ ഉണ്ടെന്ന് അമ്മയുടെ കൈയ്യില്‍  തൂങ്ങി അമ്പലനടയില്‍ കൂടി നടക്കുമ്പോള്‍ അമ്മ പറഞ്ഞിട്ടുണ്ട്.
വീണ്ടും ഭ്രാന്തിയെപ്പോലെ ആ വൃദ്ധ വിതുമ്പിക്കൊണ്ട് പറഞ്ഞു.
മോന്‍റെ മുത്തശ്ശന്‍, മുത്തശ്ശന്‍റെ ബന്ധുക്കളെല്ലാം, മുത്തശ്ശിയുടെ ബന്ധുക്കളെല്ലാം, ഈ ജലപ്പരപ്പിന്‍റെ അടിയിലെവിടെയൊക്കെയോ..അവര്‍ ശ്വാസം മുട്ടി നിലവെള്ളത്തില്‍
കൈകാലിട്ടടിച്ച് ലക്ഷങ്ങളോടൊപ്പം മരിച്ചു പൊന്തി.മുത്തശ്ശി ആശിച്ചു മോഹിച്ചു വെച്ച വീട്...
മുത്തശ്ശനുമായി ബന്ധുക്കളോടൊപ്പം വയസ്സു കാലത്ത് പാര്‍ക്കാന്‍ വെച്ച വീട്,എല്ലാം ഈ
വെള്ളത്തിന്‍റടിയിലെവിടെയോ...
വീണ്ടും കുട്ടി മുത്തശ്ശിയോട്.” മുത്തശ്ശീ, കടങ്കഥ പറയാതെ, കരയാതെ , കാര്യം പറയൂ.”
വീണ്ടും  ആ കുരുന്ന് മുത്തശ്ശിയെ നിര്‍ബന്ധിച്ചു.
പറയാം എല്ലാം മുത്തശ്ശി കുട്ടനോടു പറയാം.
 ഇവിടെപ്പണ്ട് തൂണിപ്പെരിയാറെന്നൊരു അണക്കെട്ടുണ്ടായിരുന്നു.നമ്മുടെ കൊച്ചു കേരളത്തിന്‍റയും അയല്‍സംസ്ഥാനമായ തമിഴ്നാടിന്‍റെയും അതിര്‍ത്തിയില്‍.കേരളവും തമിഴ് നാടും ഇതിനെ  ചൊല്ലി ,ഇതിന്‍റെ വെള്ളത്തിനെ  ചൊല്ലി വാദ പ്രതിവാദങ്ങളുമായിമുന്നോട്ടുപോയി.വര്‍ഷങ്ങള്‍
കടന്നുപോയി.ഒന്നും അറിയാത്ത അണക്കെട്ടിലൂടെ വെള്ളം ചോര്‍ന്നു പൊയ്ക്കൊണ്ടെയിരുന്നു.വാദം
കോടതിയിലായി.അതുവെച്ച് രാഷ്ട്രീയം കളിച്ചുകുറച്ചുപേര്‍.കേസു സുപ്രീം കോടതിയിലായി.രാ ഷ്ട്രീയ നേതൃത്വങ്ങള്‍ നടത്തിയമുതലെടുപ്പും വിഴുപ്പക്കലും വറെ.
“ഈ പറയുന്നതൊന്നും കുട്ടനു മനസ്സിലാകുന്നില്ല.”
കുട്ടനു മനസ്സിലാകും.ഒരുകാലത്ത്.കുട്ടനച്ഛനോളമാകുമ്പോള്‍ മനസ്സിലാകും.
“എന്നാലും മുത്തശ്ശി പറയൂ.”ആ കുട്ടി ആകാംക്ഷാപൂര്‍വ്വം പറഞ്ഞു.
അങ്ങിനെ രാഷ്ട്രീയ തീരുമാനങ്ങള്‍ക്കും കോടതി വിധിക്കും മുന്നെ പ്രകൃതി തന്നെ വിധിയെഴുതി.
തൂണിപ്പെരിയാര്‍ ഡാം പൊട്ടി.ഒരു കനത്ത ഭൂചലനത്തില്‍.അതിന്‍റെ പ്രത്യാഘാതത്താല്‍,
വേറെ നാല് അണക്കെട്ടുകളും തകര്‍ന്നു.വെള്ളം സംഹാര താണ്ഡവമാടി.എല്ലാം നക്കിതുടച്ചുകൊണ്ട് അറബിക്കടലിലോട്ട്  കുതിച്ചു. അങ്ങിനെ ഈ കുഞ്ഞു സംസ്ഥാനത്തിന്‍റെ
മധ്യഭാഗം ഇല്ലാതായി.അപ്പുറവും ഇപ്പുറവും ഓരോ കുഞ്ഞു തുരുത്തായി ശേഷിച്ചു.
അന്ന് ആ ആഗസ്റ്റു മാസത്തില്‍ മുത്തശ്ശിയെ യാത്രയാക്കി,നിങ്ങളുടെ അടുക്കല്‍ സായിപ്പിന്‍റെ
നാട്ടിലോട്ടു വിട്ടിട്ട്   തലസ്ഥാന നഗരിയിലെ വീട്ടില്‍ നിന്നും മുത്തശ്ശന്‍ ബന്ധുക്കളുടെ അടുക്കലോട്ടു പോന്നു.മുത്തശ്ശി തിരികെ വരുന്ന ദിവസം കണക്കാക്കി വരാമെന്നും പറഞ്ഞ്. അതിന്‍റെ പിറ്റെന്നല്ലെ എല്ലാം സംഭവിച്ചത്.
“ഇപ്പോള്‍ കുട്ടനെല്ലാം മനസ്സിലായി.”ഒരു നിശ്വാസമുതിര്‍ത്തു കൊണ്ട് അവന്‍ പറഞ്ഞു.

“മുത്തശ്ശിയെന്തായിക്കാട്ടുന്നത്?ഈ അരിയും എള്ളും പൂവും വെള്ളത്തിലോട്ട് .ആര്‍ക്കു വേണ്ടി?”

മുത്തശ്ശിയുടെ ഒരാഗ്രഹം.അവസാനമായി..മുത്തശ്ശനു വേണ്ടി,മുത്തശ്ശന്‍റെ ബന്ധുക്കള്‍ക്കു
വേണ്ടി,മുത്തശ്ശിയുടെ ബന്ധുക്കള്‍ക്കു വേണ്ടി...ഈ നാട്ടാര്‍ക്കു വേണ്ടി.ഈ ഒരുപിടി അരിയും എള്ളും പൂവുംകൊണ്ട് ഒരു പിതൃ തര്‍പ്പണം.
അപ്പോള്‍ നമുക്കിനി തിരിച്ചു പോകാം അല്ലേ മുത്തശ്ശി...ഡ്രൈവറോടു പറയട്ടെ,മുത്തശ്ശിയുടെ ആഗ്രഹം നിറവേറ്റിയല്ലോ.ഇനിയെന്തെങ്കിലും ആഗ്രഹമുണ്ടോ മുത്തശ്ശിക്ക്.തിരിച്ചു പോകുന്നതിനു മുമ്പായി.പറയൂ..
ഉണ്ട്. കുട്ടനു സാധിച്ചു തരുവാന്‍ പറ്റുമോ ഈ മുത്തശ്ശിക്ക്.. മുത്തശ്ശിയുടെ ജന്മ നാടിനെ ദൈവത്തിന്‍റെ സ്വന്തം നാടിനെ പഴയതുപോലെ ആക്കിത്തരുവാന്‍..ഉത്തരം കിട്ടാത്ത ചോദ്യമായി,  ജലപ്പരപ്പില്‍ ആ ചോദ്യത്തിന്‍റ അലകള്‍ അമ്മാനമാടി....

Wednesday, March 2, 2011

പൊന്നുവിളയിക്കുന്ന വിദ്യ






ചന്ദനത്തോപ്പു ഗ്രാമത്തിലെ അങ്കവാലന്‍ പൂങ്കോഴിയും അവന്‍റെ പുറത്തിരുന്നു കൂട്ടുകാരന്‍ ഡുഡുവും വയല്‍ വരമ്പത്തുകൂടി പോകുന്ന കാഴ്ച നോക്കി കിങ്ങണിക്കുട്ടന്‍ കാളക്കുഞ്ഞന്‍ ചോദിച്ചു.

“നിങ്ങള്‍ രണ്ടാളും കൂടി എങ്ങോട്ടാ കൂട്ടുകാരെ?”

അങ്കവാലന്‍റെ പുറത്തിരുന്ന ഡുഡുവാണ് മറുപടി പറഞ്ഞത്.

“ഞങ്ങള്‍ക്ക് ഇനിയുള്ള ആറുമാസം ശിങ്കാരതോപ്പു ഗ്രാമത്തിലാണു പണി.”

“അതെന്താ അങ്ങോട്ടൊരു പോക്ക്”.

“അത് അവിടെയുള്ള മടിയന്മാരുടെ മടി മാറ്റാന്‍ പോകുവാ”.



“ഓഹോ അങ്ങിനെയോ”.

“ആ ചുണ്ടത്തെ സഞ്ചിയിലെന്താ?”

“ അതോ, അത് പൊന്നു വിളയുന്ന വിത്താ”.

അങ്കവാലനും ഡുഡുവും കൂടി ശിങ്കാരത്തോപ്പിലേയ്ക്ക് നടന്നു വിട്ടു.

അവരവിടെ ചെന്നു.ഗ്രാമത്തലവനെക്കണ്ടു. അദ്ദേഹം അവര്‍ക്ക് താമസിയ്ക്കാന്‍ വയല്‍

വരമ്പത്ത് ഒരു വീടും കൊടുത്തു.

പുതിയ അതിഥികളെ കണ്ടപ്പോള്‍ മടിയന്‍മാര്‍ എല്ലാവരും ചുറ്റിനും കൂടി.അവര്‍ അങ്കവാലന്‍റെ വാലിലും.ചുണ്ടിന്‍റ മേലുള്ള പൂവിലും,താടയിലും ഒക്കെ കൌതുകത്തോടെ നോക്കി.പിന്നെ സഞ്ചിയിലെ പൊന്നു വിളയുന്ന വിത്തും അവര്‍ അതിശയത്തോടെ നോക്കിക്കണ്ടു.അങ്ങിനെയൊരെണ്ണം ആ മടിയന്മാര്‍ ആദ്യമായി കാണുകയായിരുന്നു.

അവര്‍ എല്ലാ സാധനങ്ങളും അടുത്ത ഗ്രാമത്തില്‍ നിന്നും വരുത്തി കഴിയ്ക്കുന്നവരായിരുന്നു.



പിറ്റെദിവസം വെളുപ്പാന്‍ രാവിലെ അങ്കവാലന്‍ ചന്ദനത്തോപ്പിലെ ഗ്രാമീണരെ

കൂവി ഉണര്‍ത്തുന്നതുപോലെ മൂന്നു പ്രാവശ്യം കൂവി.

“ കൊക്കരക്കോ......”

“ കൊക്കരക്കോ......”

“ കൊക്കരക്കോ......”

ശിങ്കാരത്തോപ്പിലെ മടിയന്മാര്‍ ഇങ്ങനെയൊരു ശബ്ദം ആദ്യമായാണ് കേള്‍ക്കുന്നത്. ആദ്യത്തെ കൂവിനു തന്നെ ഒട്ടു മുക്കാലും പേര്‍ ഉണര്‍ന്നു കഴിഞ്ഞു.

മൂന്നാമത്തെ കൂവോടുകൂടി എല്ലാഗ്രാമവാസികളും ഉണര്‍ന്നു കഴിഞ്ഞു. കുഴിമടിയന്മാരായ അവര്‍ തലേന്നുവരെ ഉച്ചവരെ കിടന്നുറങ്ങുന്ന ശീലമായിരുന്നു.

അങ്കവാലന്‍ ഡുഡുവുമായി നേരെ അടുത്ത വയലിലേയ്ക്കിറങ്ങി. ബലമുള്ള കാലുകളിലെ കൂര്‍ത്ത നഖം കൊണ്ട് വയലു മുഴുവനും ചിക്കി ചികഞ്ഞു. ഗ്രാമത്തലവന്‍ കൊടുത്ത ചെറിയ മണ്‍ വെട്ടി കൊണ്ട് ഡുഡു ചിക്കി ചികഞ്ഞ വയലെല്ലാം നിരപ്പാക്കി.ചുണ്ടത്തു തൂക്കിക്കൊണ്ടു വന്ന സഞ്ചിയില്‍ നിന്നും വിത്തുമണികള്‍ രണ്ടുപേരും കൂടി വയലില്‍ വിതച്ചു.അടുത്ത തോട്ടില്‍ നിന്നും വെള്ളം ഒരു ചാലുവഴി കൊണ്ടുവന്ന് വിത്തിനു നനവു കൊടുത്തു.അങ്ങനെ മൂന്നാം ദിവസം വിത്തെല്ലാം മുളച്ചു. എന്നും ഈ കാഴ്ചകളൊക്കെ കാണാന്‍ മടിയന്‍മാര്‍, അങ്കവാലന്‍ ഉണര്‍ത്തുന്നതു കൊണ്ട് വെളുപ്പിനെ തൊട്ട് വയല്‍ വരമ്പത്ത് നോക്കിയിരിയ്ക്കും. അങ്ങിനെ ചെടി വലുതായി വലുതായി വന്നു.ഇടയ്ക്കിടയ്ക്ക് അങ്കവാലനും ഡുഡുവും കൂടി ചാണകവും ചാമ്പലും ചെടിയ്ക്ക് വളവുമായി ഇട്ടു കൊടുത്തു. മാസം ആറായപ്പോള്‍ പൊന്നിന്‍ നിറമുള്ള കതിര്‍കുലകള്‍

കൊണ്ട് ചെടി മുഴുവനും നിറഞ്ഞു.

എല്ലാ മടിയന്‍മാരും ഒത്തു കൂടി. അവര്‍ അതുകണ്ടിട്ട് അതിശയത്തോടു കൂടി പറഞ്ഞു.

“ ഇതുകൊള്ളാമല്ലോ..ഈ വിദ്യ..കാണാനും നല്ല ചേല്.”

അവര്‍ അങ്കവാലന്‍റെയും ഡുഡുവിന്‍റയും വീട്ടില്‍ ചെന്നു പറഞ്ഞു.

“കൂട്ടുകാരെ ഈ വിദ്യ ഞങ്ങളെ കൂടി പഠിപ്പിച്ചു തരണം.ഞങ്ങള്‍ വെളുപ്പിനെ തൊട്ട്

ഇവിടൊക്കെ വെറുതെ ഇരിയ്ക്കുകയല്ലെ?”

അങ്ക വാലനും ഡുഡുവിനും സന്തോഷമായി.അവര്‍ കൃഷിചെയ്യുന്ന എല്ലാ രീതികളും

ഗ്രാമവാസികളായ മടിയന്മാര്‍ക്ക് പറഞ്ഞു കൊടുത്തു.എന്നിട്ടു പറഞ്ഞു.

ഇതെല്ലാം നല്ല ഒന്നാം തരം നെന്മണികളാണ്. ഇതില്‍ നിന്നാണ് നമുക്ക് ഭക്ഷിയ്ക്കാനുള്ള അരി കിട്ടുന്നത്.ഇന്നു തൊട്ട് നിങ്ങള്‍ ഇവിടെയുള്ള ബാക്കി വയലുകളില്‍ കൃഷിചെയ്യുക. അങ്ങിനെ നിങ്ങള്‍ക്ക് ആഹാരത്തിനായി അടുത്ത ഗ്രാമക്കാരെ ആശ്രയിക്കാതെയിരിയ്ക്കുക.

അന്നു തൊട്ട് ഗ്രാമത്തിലെ മടിയന്മാരെല്ലാവരം ചേര്‍ന്ന് കൃഷി ചെയ്യുവാനാരംഭിച്ചു.

അങ്ങിനെ ആ ഗ്രാമം സമ്പല്‍ സമൃദ്ധിയായി.ഗ്രാമത്തലവന് സന്തോഷമായി.

ഗ്രാമത്തിലെ മടിയന്മാരെ വെളുപ്പിനെ കൂവിയുണര്‍ത്തി നല്ല അദ്ധ്വാനശീലരാക്കി മാറ്റിയ അങ്കവാലനെയും ഡുഡുവിനെയും ഗ്രാമത്തലവന്‍ ഒരുപാടു സമ്മാനങ്ങള്‍ നല്‍കി അവരുടെ ഗ്രാമത്തിലേയ്ക്ക് യാത്രയാക്കി.

Related Posts Plugin for WordPress, Blogger...